അഭിമാനരോഷം സത്യവിശ്വാസിയുടെ വീരഗുണം

കെ.എ.എല്‍‌‌

ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് അഭിമാന സംരക്ഷണം (ദീന്‍, ബുദ്ധി, ശരീരം അഥവാ മനുഷ്യാത്മാവ്, വംശം എന്നിവയുടെ സംരക്ഷണമാണ് മറ്റു നാലെണ്ണം). അഭിമാനം സംരക്ഷിക്കപ്പെടുക എന്നതിന്റെ വിവക്ഷ അതിന് മറ്റുള്ളവരാല്‍ ക്ഷതമേല്‍ക്കുന്നത് ഒഴിവാക്കുക എന്നതു മാത്രമല്ല, ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉത്തിഷ്ഠമായ ആര്‍ജവത്തോടെ പ്രതികരിക്കുക എന്നതുകൂടിയാണ്. അത് ദൈവികമായ ഒരു ഗുണമാണ്. നബി(സ) പറയുന്നു:
إِنّ الله تَعَالى يغار ، وان المؤمِن يغار وغيرة الله أن يأتي المؤمن ما حرّم عليه
'നിശ്ചയം, അല്ലാഹു അഭിമാനരോഷം കൊള്ളുന്നു, നിശ്ചയം, സത്യവിശ്വാസിയും രോഷം കൊള്ളുന്നു, അല്ലാഹു രോഷം കൊള്ളുന്നത് സത്യവിശ്വാസി തനിക്ക് അല്ലാഹു നിഷിദ്ധമാക്കിയത് ചെയ്യുമ്പോഴാണ്.'1

തനിക്ക് മാത്രം അവകാശപ്പെട്ടത് മറ്റാരെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കാണുകയോ ഏതെങ്കിലും രീതിയില്‍ മനസ്സിലാക്കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ക്കുണ്ടാവുന്ന രോഷത്തെയാണ് അഭിമാനരോഷം എന്നു പറയുന്നത്. ചേര്‍ന്നുനില്‍ക്കുന്ന രണ്ടാളുകള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ അന്യായമായി കടന്നുവരുമ്പോഴുണ്ടാവുന്ന സംഘര്‍ഷങ്ങളാണ് ലോകത്തെ പല ബന്ധങ്ങളെയും അറുത്തുകളയുന്നത്. മറ്റൊരാള്‍ക്കോ മറ്റൊന്നിനോ ഇടം നല്‍കാത്ത വിധം രണ്ടാളുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സ്‌നേഹബന്ധത്തിനാണ് അറബിയില്‍ വലാ, യലീ, വലാഅ് എന്നു പറയുക.2 ഈ ആത്മബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടിയായതുകൊണ്ട് അതിനെതിരെ രോഷമുയരുകയെന്നത് സത്യവിശ്വാസത്തിന്റെ മാനദണ്ഡമായി ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് അഭിമാനസംരക്ഷണമാണ്. തനിക്ക് വിലപ്പെട്ടതും തനിക്കു മാത്രം അവകാശപ്പെട്ടതുമായ ഒരു വസ്തുവില്‍, വ്യക്തിയില്‍ മറ്റൊരാള്‍ അനര്‍ഹമായി ഇടപെടുമ്പോള്‍ നിസ്സംഗവും നിര്‍വികാരവുമായ നിലപാട് സ്വീകരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. തന്നെയുമല്ല, അത് മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകവുമാണ്. ഈമാന്‍ വര്‍ധിക്കുന്നതിനനുസരിച്ച് അഭിമാനരോഷം വര്‍ധിക്കും. കുറയുന്നതിനനുസരിച്ച് ക്ഷയിക്കും. അഭിമാനരോഷമില്ലായ്മ കാപട്യമായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. തന്റെ കീഴിലെ അടിമ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്ന മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂലിന്റെ നീച നിലപാടിനെ ഖുര്‍ആന്‍ വിമര്‍ശിച്ചത് കാണാം. (അന്നൂര്‍: 33).

ഒരിക്കല്‍ നബിയനുചരന്‍ സഅ്ദുബ്‌നു ഉബാദ തിരുസവിധത്തില്‍ വെച്ചു പറഞ്ഞു: 'എന്റെ ഭാര്യയുടെ കൂടെ ഒരു പുരുഷനെ ഞാന്‍ കണ്ടാല്‍, വിട്ടുവീഴ്ചക്ക് നില്‍ക്കാതെ ഞാന്‍ അയാളെ വാളിന്നിരയാക്കും.' ഇതേ പറ്റി പ്രതികരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു:
أتعجبون من غيرة سعد فو الله لأنا أغير منه ، والله أغير منّي
'സഅ്ദിന്റെ അഭിമാനരോഷം കണ്ട് നിങ്ങള്‍ അത്ഭുതപ്പെടുകയോ? അല്ലാഹുവാണ, ഞാന്‍ സഅ്ദിനേക്കാള്‍ അഭിമാനരോഷമുള്ളവനാണ്. അല്ലാഹുവാകട്ടെ, എന്നേക്കാള്‍ അഭിമാനരോഷമുള്ളവനാണ്.'3

നബിയുടെ അഭിമാനരോഷം
അബ്ദുല്ലാഹിബ്‌നു ഉമര്‍ നബിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉദ്ധരിക്കുന്നത് കാണുക: നബി(സ) ഒരിക്കല്‍ പത്‌നി മാരിയത്തുല്‍ ഖിബ്ത്വിയ്യയെ സമീപിച്ചു. അവര്‍ ഇബ്‌റാഹീമിനെ ഗര്‍ഭം ചുമന്ന സമയമായിരുന്നു അത്. അപ്പോള്‍ അവരുടെ അടുത്ത് ഈജിപ്തില്‍നിന്ന് വന്ന്, ഇസ്‌ലാം സ്വീകരിച്ച മാരിയയുടെ ഒരു അടുത്ത ബന്ധു ഉണ്ടായിരുന്നു. ഇദ്ദേഹം പലപ്പോഴായി അവരുടെ അടുത്ത് വരാറുണ്ടായിരുന്നു. അദ്ദേഹം നേരത്തെ ലിംഗം മുറിച്ചു മാറ്റിയിരുന്നു.

മാരിയയുടെ ബന്ധുവിന്റെ അപ്പോഴത്തെ സാന്നിധ്യം നബിക്ക് ഇഷ്ടപ്പെട്ടില്ല. അവിടുന്ന് വിവര്‍ണമുഖനായി അവിടെനിന്ന് തിരിച്ചുപോന്നു. ഉമര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ മുഖം വിവര്‍ണമായിരിക്കുന്നുവല്ലോ.' നബി(സ) മനസ്സിലുള്ള കാര്യം ഉമറുമായി പങ്കുവെച്ചു. ഉമര്‍ ഉടനെ തന്നെ തന്റെ വാളുമെടുത്ത് മാരിയയുടെ അടുത്തേക്ക് പോയി. ചെന്നപ്പോള്‍ ബന്ധു അവിടെയുണ്ടായിരുന്നു. ഉമര്‍ വാള്‍കൊണ്ട് അയാളെ വെട്ടാനാഞ്ഞു. അയാള്‍ തനിക്ക് തെറ്റായ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് ഉമറിനെ ധരിപ്പിച്ചു. ഉമര്‍ തിരികെ നബിയെ സമീപിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു:
إن جبريل أتاني فأخبرني أن الله سبحانه وتعالى قد برأها وقريبها ممّا وقع في نفسي وبشّرني أن فى بطنها غلاما وأنه أشبه الخلق بي وأمرني أن أسميه إبراهيم
'ജിബ്‌രീല്‍ എന്നെ സമീപിച്ച്, മാരിയയും അവളുടെ ബന്ധുവും നിരപരാധികളാണെന്ന് അല്ലാഹു തന്നെ അറിയിച്ചതായി എന്നോട് പറഞ്ഞിരിക്കുന്നു. അവളുടെ ഗര്‍ഭാശയത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും അവന് എന്റെ രൂപസാദൃശ്യമായിരിക്കുമെന്നും അവന് ഇബ്‌റാഹീം എന്ന് പേരിടണമെന്നും എന്നോട് നിര്‍ദേശിച്ചിരിക്കുന്നു.'4 നബിയുടെ അഭിമാനരോഷം വ്യക്തിതലത്തില്‍ മാത്രമായിരുന്നില്ല, ഇസ്‌ലാമിക സമൂഹത്തെയാകെ ചൂഴ്ന്നു നില്‍ക്കുന്നതായിരുന്നു.

ഉമറിന്റെ അഭിമാനരോഷം
നബി(സ) പറയുന്നു:
بينا أنا نائم رأيتني في الجنّة فاذا امرأة تتوضّأ الى جانب قصر فقلت لمن هذ القصر؟ فقالوا: لعمربن الخطّاب فذكرت غَيْرته فولّيت مدبرا فبكى عمر وقال: اعليك أغار يا رسول الله
ഞാന്‍ ഉറങ്ങുന്നതിനിടെ, എന്നെ ഞാന്‍ സ്വര്‍ഗത്തില്‍ കാണുകയുണ്ടായി. അപ്പോള്‍ അവിടെ ഒരു സ്ത്രീ ഒരു കൊട്ടാരത്തിനു ചാരെ വുദൂ ചെയ്യുന്നത് കണ്ടു. ഞാന്‍ ചോദിച്ചു: 'ഈ കൊട്ടാരം ആരുടേതാണ്?' അപ്പോള്‍ അവിടെയുണ്ടായിരുന്ന ചിലര്‍ പറഞ്ഞു: 'ഉമറുബ്‌നുല്‍ ഖത്ത്വാബിന്റേതാണ്.' ഞാനപ്പോള്‍ ഉമറിന്റെ അഭിമാനരോഷത്തെക്കുറിച്ചോര്‍ത്തു. അങ്ങനെ ഞാന്‍ അവിടെനിന്ന് പിന്തിരിഞ്ഞു. ഇതുകേട്ട് ഉമര്‍ കരഞ്ഞു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ താങ്കളോട് അഭിമാനരോഷം പ്രകടിപ്പിക്കുകയോ?'5

ഇസ്‌ലാം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
ഇബ്‌നു ഉമര്‍, മുആദുബ്‌നു ജബല്‍, സഅ്ദുബ്‌നു ഉബാദ മുതലായ സ്വഹാബികള്‍ തങ്ങളുടെ ഭാര്യമാരുടെ വിഷയത്തില്‍ അഭിമാനരോഷം പുലര്‍ത്തിയവരായിരുന്നു.
ജാഹിലീ കവി അന്‍തറ പാടിയത് ശ്രദ്ധേയമാണ്:
وأغضّ طرفي ما بدت لي جاريتي    حتى تواري جارتي مأواها
'എന്റെ അയല്‍ക്കാരി പുറത്തേക്ക് വരുമ്പോള്‍ ഞാന്‍ കണ്ണുകള്‍ അടക്കുന്നു. അവള്‍ അഭയസങ്കേതത്തില്‍ എത്തുവോളം ഞാന്‍ കണ്ണുകള്‍ തുറക്കാറില്ല.'

സ്ത്രീകളുടെ സുരക്ഷയെ ചൊല്ലിയുള്ള അഭിമാനബോധം യുദ്ധങ്ങള്‍ക്ക് വരെ കാരണമായ സംഭവങ്ങളുണ്ട്. കിനാന ഗോത്രത്തിലെ ഒരു യുവാവ് ഉകാള് ചന്തയില്‍ വെച്ച് ഒരു യുവതിയോട് മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടതും യുവതി വിസമ്മതിച്ചതും വിവിധ ഗോത്രങ്ങള്‍ തമ്മില്‍ ഇതേചൊല്ലി കക്ഷി തിരിഞ്ഞ് യുദ്ധത്തിലേര്‍പ്പെട്ടതും അറബ് ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്.'

ഭര്‍ത്താവ് സുബൈറുബ്‌നുല്‍ അവ്വാമിന്റെ അഭിമാന രോഷത്തെപ്പറ്റി ഭാര്യ അസ്മാഅ് പറയുന്നത് കാണുക: സുബൈര്‍ എന്നെ വിവാഹം ചെയ്തപ്പോള്‍ അദ്ദേഹത്തിന് സമ്പത്തോ അടിമകളോ ഒന്നുമുണ്ടായിരുന്നില്ല. ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ഒരു ഒട്ടകവും കുതിരയുമായിരുന്നു അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. കുതിരക്കാവശ്യമായ തീറ്റയും വെള്ളവും ഞാനായിരുന്നു ശേഖരിച്ചു നല്‍കിയിരുന്നത്. ഭര്‍ത്താവിന്റെ കൃഷിയിടത്തില്‍നിന്ന് കുതിരക്കാവശ്യമായ ഈത്തപ്പഴക്കുരു തലയിലേറ്റി കൊണ്ടുവന്നിരുന്നത് ഞാനായിരുന്നു.

ഒരു ദിവസം ഇങ്ങനെ വരവെ, വഴിക്കു വെച്ച് നബിയെയും ഏതാനും അന്‍സ്വാരി സ്വഹാബികളെയും കണ്ടു. നബി(സ) തന്റെ ഒട്ടകത്തിന്റെ പിറകിലിരുന്ന് കൂടെ പോന്നുകൊള്ളാന്‍ എന്നെ ക്ഷണിച്ചു. പുരുഷന്മാര്‍ക്കൊപ്പം പോകാന്‍ എനിക്ക് ലജ്ജയായി. തന്നെയുമല്ല, ഭര്‍ത്താവ് സുബൈറിന്റെ അഭിമാനരോഷവും എന്നെ പിന്തിരിപ്പിച്ചു. അദ്ദേഹം വല്ലാതെ അഭിമാനരോഷമുള്ളയാളായിരുന്നു. എന്റെ ലജ്ജ മനസ്സിലാക്കിയ നബി തിരുമേനി കടന്നുപോയി. വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ സുബൈറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'നീ നബിയുടെ കൂടെ യാത്ര ചെയ്യുന്നതിനേക്കാള്‍ ഈത്തപ്പനക്കുരു തലയിലേറ്റി നീ നടക്കുന്നതാണ് എനിക്ക് പ്രയാസമുണ്ടാക്കിയത്.'
സമൂഹത്തില്‍ സദാചാര വിശുദ്ധി നിലനില്‍ക്കാനായി ഇസ്‌ലാം ചില നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വനിതകള്‍ തങ്ങളുടെ ശരീരത്തിലെ ആകര്‍ഷക ഭാഗങ്ങള്‍ മറയ്ക്കണം (അന്നൂര്‍: 30, അഹ്‌സാബ്: 33), വിവാഹം നിഷിദ്ധമല്ലാത്ത പുരുഷന്മാരും സ്ത്രീകളും സ്വതന്ത്രമായി ഇടപഴകരുത്, സ്ത്രീകള്‍ വിവാഹം നിഷിദ്ധമായ പുരുഷന്മാരുടെ കൂടെ മാത്രമേ യാത്ര ചെയ്യാവൂ, ലജ്ജാശീലം മഹദ് ഗുണമായി വാഴ്ത്തപ്പെടണം, സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം ഒഴിവാക്കണം മുതലായവ ഉദാഹരണം.

ജാഹിലിയ്യാ അറബികളുടെ അഭിമാനരോഷം
ആധുനിക ജാഹിലിയ്യത്തില്‍നിന്ന് ഭിന്നമായി, നബിയുടെ ആഗമനത്തിനു മുമ്പുള്ള അറബികള്‍ തങ്ങളുടെ സ്ത്രീകളുടെ വിഷയത്തില്‍ ഏറെ അഭിമാനരോഷമുള്ളവരായിരുന്നു. തങ്ങളുടെ അഭാവത്തില്‍ സ്ത്രീകളും കുട്ടികളും അക്രമങ്ങള്‍ക്ക് വിധേയരാവരുതെന്നതിനാല്‍ അവരെ തങ്ങളുടെ കൂടെ കൊണ്ടുപോവുക എന്നത് യുദ്ധവേളയില്‍ പോലും അവരുടെ രീതിയായിരുന്നു.

ജലസ്രോതസ്സുകളിലെത്തിയാല്‍ ആദ്യം പുരുഷന്മാരും പിന്നീട് ഇടയന്മാരും ശേഷം സ്ത്രീകളും വെള്ളം ശേഖരിക്കുക എന്ന ക്രമമായിരുന്നു സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ക്ക് നിര്‍ഭയവും സ്വതന്ത്രവുമായി കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമായിരുന്നു ഈ രീതി സ്വീകരിച്ചിരുന്നത്. സ്ത്രീകളുള്ളപ്പോള്‍ അങ്ങോട്ട് വരുന്നത് വളരെ മോശമായാണ് അവര്‍ പരിഗണിച്ചിരുന്നത്.
അഭിമാനത്തെ ഏതെങ്കിലും തരത്തില്‍ ക്ഷതമേല്‍പിക്കുന്നത് അറബികള്‍ക്ക് അസഹനീയമായിരുന്നു. ഒരു അന്യപുരുഷന്‍ നോക്കിയപ്പോള്‍ അപ്രിയം കാണിക്കാതിരുന്ന ഭാര്യയെ മൊഴിചൊല്ലിയ സംഭവങ്ങള്‍ വരെ അന്നുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ചിലര്‍ ആക്ഷേപിച്ചപ്പോള്‍ അതിനു മറുപടിയായി ഭര്‍ത്താവ് ഇങ്ങനെ പാടി:
وَأَتْرُكُ حبّها من غير بُغْض      وذاك لكثرة الشركاء فيه
إذا وقع الذّباب على طعام      رفعْت يدي ونفسي تشتهيه
وتجتنب الأسود ورودماء      اذا كان الكلاب ولَغْن فيه

'എന്റെ ഭാര്യയെ പലരും സ്‌നേഹിക്കുന്നതിനാല്‍, അവളെ വെറുക്കാതെ തന്നെ അവളോടുള്ള സ്‌നേഹം ഞാന്‍ ഉപേക്ഷിക്കുന്നു. ഭക്ഷണത്തില്‍ ഈച്ച വീണാല്‍ എനിക്ക് കൊതിയുണ്ടെങ്കിലും ഞാന്‍ അതില്‍ കൈവെക്കില്ല, നായകള്‍ മുഖമിട്ട വെള്ളത്തിനടുത്തേക്ക് പോകുന്നത് സിംഹങ്ങള്‍ ഒഴിവാക്കും.'6
ജാഹിലിയ്യാ കാലത്ത് നിലനിന്ന ചില മൂല്യങ്ങളെ ഇസ്‌ലാം തുടര്‍ന്നും നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നാണ് അഭിമാനരോഷം. മനുഷ്യരില്‍ മാത്രമല്ല, ഇതര ജീവികളിലും നിലനില്‍ക്കുന്ന വികാരമാണ് ഇത്. മറ്റൊരു ആള്‍ക്കുരങ്ങുമായി ഇണചേര്‍ന്ന പെണ്‍കുരങ്ങിനെ ഒരു കൂട്ടം കുരങ്ങന്മാര്‍ എറിഞ്ഞു കൊല്ലുന്നത് ജാഹിലിയ്യാ കാലത്ത് കണ്ട താനും അവയോടൊപ്പം എറിഞ്ഞതായി അംറുബ്‌നു മയ്മൂന്‍ പറഞ്ഞത് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.

ആധുനികതയില്‍ നഷ്ടപ്പെടുന്ന അഭിമാനരോഷം
അമേരിക്കയിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ പഠിതാവായ ഒരു വിദ്യാര്‍ഥി തന്റെ കോളേജില്‍ വെച്ച് പരിചയപ്പെട്ട ഒരു ജനറലിന്റെ കൂടെ അദ്ദേഹത്തിന്റെ വീടിന്റെ സിറ്റൗട്ടില്‍ വെച്ച് ചെസ്സ് കളിക്കുന്നു. പെട്ടെന്ന് വീടിന്റെ വാതില്‍ തുറന്ന് ജനറലിന്റെ മകള്‍ കടന്നുവരുന്നു. അലസ വേഷം. അവളുടെ പിന്നില്‍ കഷണ്ടിത്തലയനായ ഒരു യുവാവ്. പെണ്‍കുട്ടി രണ്ടു പേരെയും അഭിവാദ്യം ചെയ്ത് കടന്നുപോയി. യുവാവും ഇതേപോലെ അഭിവാദ്യം ചെയ്ത് അവളുടെ റൂമിലേക്ക് പ്രവേശിച്ചു. വിദ്യാര്‍ഥി ജനറലിനോട് ചോദിച്ചു: 'നിങ്ങളുടെ ജീവിത രീതിയെ ഞാന്‍ എതിര്‍ക്കുന്നില്ല. എങ്കിലും രണ്ടുപേരും ഒന്നിച്ച് ഉറക്കറയിലേക്ക് പോയത് നിങ്ങളുടെ നിലവാരത്തിന് യോജിച്ചതല്ല.'
അത് ശ്രദ്ധിക്കാതെ ജനറല്‍ പറഞ്ഞു: 'നിങ്ങള്‍ കളി പൂര്‍ത്തിയാക്കൂ.' കരുക്കള്‍ നീക്കുന്നതിനിടയില്‍ ജനറലിന്റെ വിരലുകള്‍ വിറക്കുന്നത് വിദ്യാര്‍ഥി ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ യുവാവും യുവതിയും റൂമില്‍നിന്ന് പുറത്തുവന്ന് എവിടേക്കോ പോയി. പോകുന്നതിനിടയില്‍ ഇരുവരും രണ്ടു പേരുടെയും നേരെ നോക്കി അഭിവാദ്യം ചെയ്തു.
വീട്ടില്‍ മൗനം തളംകെട്ടിനിന്നു. ജനറല്‍ കരുക്കള്‍ കൈകളിലെടുത്ത് നിരത്തിയിട്ട് പറഞ്ഞു: 'ലോകത്തെ ഏറ്റവും വലിയ ഒരു രാജ്യത്തെ ഒരു ജനറലാണ് ഞാന്‍- എന്റെ കീഴില്‍ ഓഫീസര്‍മാരുള്‍പ്പെടെ പതിനായിരം പട്ടാളക്കാരുണ്ട്. ഇവരെ നിയന്ത്രിക്കുന്ന എനിക്ക് എന്റെ വീട് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മകളെ നിയന്ത്രിക്കാന്‍ ഞാന്‍ തുനിഞ്ഞാല്‍ അവള്‍ പോലീസിനെ കൊണ്ടുവരും. ഞാന്‍ വിചാരണ നേരിടുകയും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. മുസ്‌ലിം നാടുകളിലെ നിങ്ങള്‍ ഏറെ ഭാഗ്യവാന്മാരാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകള്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഭാര്യമാരുടെയും മക്കളുടെയും മേല്‍ നിങ്ങള്‍ക്ക് നിയമപരമായ മേല്‍കൈയുണ്ട്. അവര്‍ നിങ്ങളെ ചതിക്കില്ല, പാശ്ചാത്യനാടുകളില്‍നിന്ന് ഭിന്നമായി ഇസ്‌ലാമിക സമൂഹങ്ങള്‍ അനുഭവിക്കുന്ന സ്വാസ്ഥ്യം വരച്ചുകാണിക്കുന്നതാണ് മേല്‍ സംഭവം.

സഹജഗുണം
തനിക്ക് വേണ്ടപ്പെട്ടവയെ സംരക്ഷിക്കാനും അവയ്ക്കായി പോരാടാനുമുള്ള പ്രവണത മനുഷ്യനിലെ സഹജഗുണമാണ്. സത്യവിശ്വാസിയാകുമ്പോള്‍ അത് കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണവും പ്രതിഫലാര്‍ഹവുമായി മാറും എന്നുമാത്രം. നബി(സ) പറയുന്നു:
من قتل دون ماله فهو شهيد ومن دون أهله او دون دمه أو دون دينه فهو شهيد
'ആരെങ്കിലും തന്റെ സമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമത്തില്‍ വധിക്കപ്പെട്ടാല്‍ അയാള്‍ രക്തസാക്ഷിയാണ്, ആരെങ്കിലും തന്റെ ഭാര്യയുടെ അഥവാ കുടുംബത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍ വധിക്കപ്പെട്ടാല്‍ അയാള്‍ രക്തസാക്ഷിയാണ്. ആരെങ്കിലും തന്റെ ദീന്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ വധിക്കപ്പെട്ടാല്‍ അയാള്‍ രക്തസാക്ഷിയാണ്.'6 ഒരാള്‍ക്ക് തന്റെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം ആത്മാര്‍ഥമോ അല്ലയോ എന്നു മനസ്സിലാക്കാനുള്ള മുഖ്യമായ മാനദണ്ഡം അവരെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഇഛാപൂര്‍ണമായ നിലപാടുണ്ടാവുക എന്നതാണ്.

ഇബ്‌നുഹസം, ഇമാം ഗസ്സാലി
പ്രമുഖ പണ്ഡിതന്‍ ഇബ്‌നു ഹസം (ഹി. 456) അഭിമാനരോഷത്തെ വിശദീകരിച്ചെഴുതുന്നു: 
الغيرة خلق فاضل متركّب من النجدة والعدل لأنّ من عدل كره أن يتعدّى الى حرمة غيره وان يتعدّى غيره الى حرمته. ومن كانت النجدة طبعا له حدثت فيه عزّه - ومن العزّة تحدث الأنفة من الإهتضام
'നീതിബോധത്തിന്റെയും ഉല്‍ക്കര്‍ഷ ചിന്തയുടെയും മിശ്രിതാവസ്ഥയാണ് അഭിമാനരോഷം. നീതിബോധമുള്ളവര്‍ അന്യരുടെ പവിത്രതയെ ഹനിക്കുകയില്ല. താന്‍ പവിത്രമായി കാണുന്നതിനെ അന്യര്‍ ഹനിക്കുന്നതും അയാള്‍ക്ക് ഇഷ്ടപ്പെടില്ല. ഉല്‍ക്കര്‍ഷ ചിന്ത സഹജമായുള്ളവരില്‍ ഔന്നത്യബോധമുണ്ടാവും. ഇത്തരമാളുകളില്‍ അവകാശധ്വംസനത്തിനെതിരെ നിരാകരണ മനസ്സുണ്ടായിരിക്കും.'8
ഇമാം ഗസ്സാലി:
إنّما خلقت الغيرة لحفظ الإنسان ولو تسامح النّاس بذلك لاختلطت الأنساب ولذلك قيل: كلّ أمّة وضعت الغيرة في رجالها وضعت الصّيانة في نسائها
'അവിഹിത ബന്ധങ്ങള്‍ക്കിടം നല്‍കാതെ വംശ വിശുദ്ധി കാത്തു സംരക്ഷിക്കുകയാണ് അഭിമാനരോഷത്തിന്റെ ലക്ഷ്യം. ഇതില്‍ ജനങ്ങള്‍ വിട്ടുവീഴ്ച ചെയ്താല്‍ വംശങ്ങള്‍ ഇടകലര്‍ന്നുപോവും. അഥവാ വംശാവലി സംശയാസ്പദമാവും. അഭിമാനരോഷം കാത്തു സൂക്ഷിക്കുന്ന പുരുഷന്മാരുള്ള എല്ലാ സമൂഹങ്ങളിലെയും സ്ത്രീകള്‍ സുരക്ഷിതരായിരിക്കും.'9

അഭിമാനരോഷം ഹിതകരവും അഹിതകരവും
ഏതൊരു മനുഷ്യനിലെയും സഹജഗുണമാണ് അഭിമാനരോഷം എന്നിരിക്കെ അതിന്റെ സ്വാഭാവികമായ പ്രകാശനത്തെ ഇസ്‌ലാം അംഗീകരിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേസമയം അത് സംശയരോഗമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു. നബി(സ) പറയുന്നു:
إن من الغيرة ما يحبّ الله ومنها ما يبغض الله وان من الخيلاء ما يحب الله ومنها ما يبغض الله فامّا الغيرة الّتى يحبّها الله فالغيره في الرّيبة وأمّا الغيرة التى يبغض الله فا لغيرة في غير الرّيبة وإمّا الخيلاء التي يحبّها الله فاختيال الرّجل فى القتال واختياله عند الصّدقة واما الخيلاء التي يبغض الله فاختيال الرّجل في البغي والفخر.
'അഭിമാനരോഷം രണ്ടു തരമുണ്ട്. അല്ലാഹു ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും. അഹങ്കാരവും രു തരമു്. അല്ലാഹു ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും. അല്ലാഹു ഇഷ്ടപ്പെടുന്ന അഭിമാനരോഷം: ഒരാള്‍ക്ക് താന്‍ സ്‌നേഹിക്കുന്നവരുടെ കാര്യത്തില്‍ സംശയകരമായ സാഹചര്യത്തിലുണ്ടാകുന്ന അഭിമാനരോഷത്തെ അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു വെറുക്കുന്ന അഭിമാനരോഷം: സംശയിക്കേതില്ലാത്ത സന്ദര്‍ഭത്തിലെ അഭിമാനരോഷമാണ്. യുദ്ധവേളയില്‍ ശത്രുവിനു മുമ്പാകെ ഒരാള്‍ക്കുണ്ടാവുന്ന അഹങ്കാരമാണ് അല്ലാഹു ഇഷ്ടപ്പെടുന്ന അഹങ്കാരം. സ്വദഖ നല്‍കുമ്പോള്‍ ഒരാള്‍ക്കുള്ള അഹങ്കാരവും അല്ലാഹുവിന് ഇഷ്ടമാണ്. അല്ലാഹു വെറുക്കുന്ന അഹങ്കാരം അക്രമവും ദുരഭിമാനവും പ്രദര്‍ശിപ്പിക്കാനുള്ള അഹങ്കാരമാണ്.'10

പരിധിവിട്ട അഭിമാനരോഷം സംശയരോഗത്തിനു കാരണമാവും. അത് ബന്ധങ്ങളെ ശിഥിലമാക്കും. അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നബി(സ) താക്കീത് നല്‍കിയിട്ടുണ്ട്:
نهى النبيّ (ص) أن يطرق الرّجل أهله ليلا يتخوّنهم ويطلب عثراتهم
'വീട്ടുകാരുടെ കുറ്റങ്ങളും കുറവുകളും തേടാനും അവരെ വഞ്ചകരായി ചിത്രീകരിക്കാന്‍ പഴുതുകളുണ്ടോ എന്നന്വേഷിക്കാനുമായി കുടുംബനാഥന്‍ (പകല്‍ പോകാതെ) രാത്രി വീടിന്റെ വാതിലില്‍ മുട്ടുന്നത് നബി(സ) വിലക്കിയിരിക്കുന്നു.'10 ഭാര്യ ഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും എല്ലാ ചലന-നിശ്ചലനങ്ങളും നിരീക്ഷിക്കാനും അതിലൂടെ ധാരണകളിലെത്താനും ശ്രമിച്ചാല്‍ അത് കുഴപ്പങ്ങള്‍ മാത്രമേ വരുത്തിവെക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, മറ്റെല്ലാറ്റിലും എന്ന പോലെ ഇതിലും സന്തുലിത നിലപാടേ ശരിയാവുകയുള്ളൂ. അതേസമയം, വീട്ടില്‍ ആര്‍ക്കും എപ്പോഴും കടന്നുവരാം എന്ന അവസ്ഥയുണ്ടാകുന്നതും ശരിയല്ല.
നബി(സ) പറയുന്നു:
ثلاثة لا يدخلون الجنّة ابدًا - الدَّيُّوث والرّجلة من النساء ومدمن الخمر قالوا: يا رسول الله: أمّامد من الخمر فقد عرفناه - فما الدّيوث؟ قال: الذي لا يبالي من دخله أهله - قلنا: فما الرّجلة من النّساء؟ قال: التي تشبه بالرّجال
മൂന്നു പേര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അദ്ദയ്യൂസും അര്‍റജലത്തുമിനന്നിസാഉം മുദ്മിനുല്‍ ഖംറും. സ്വഹാബികള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, മുദ്മിനുല്‍ ഖംറ് (മുഴുക്കുടിയന്‍) എന്നാല്‍ ആരാണെന്നു ഞങ്ങള്‍ക്കറിയാം. ദയ്യൂസ് എന്നാല്‍ ആരാണ്? നബി(സ): 'തന്റെ ഭാര്യയുടെ അടുത്ത് ആര് വന്നുപോയാലും പ്രശ്‌നമാക്കാത്തവന്‍.' ഞങ്ങള്‍: 'അര്‍റജലത്തുമിനന്നിസാഅ് എന്നാല്‍ ആരാണ്?' നബി(സ): 'ആണുങ്ങളെപോലെ പെരുമാറുന്ന സ്ത്രീകള്‍.'11

നബിപത്‌നി ആഇശക്ക് നബിയുടെ കാര്യത്തില്‍ വല്ലാതെ അഭിമാനരോഷമുണ്ടായിരുന്നു. ഒരിക്കല്‍ അവിടുന്ന് ചോദിച്ചു: 'നിനക്ക് എന്റെ കാര്യത്തില്‍ അഭിമാന രോഷമുണ്ടോ?' അവര്‍ പറഞ്ഞു:
ومالي أن لا يغار مثلي على مثلك
'എന്നെ പോലുള്ളവര്‍ക്ക് നിങ്ങളെ പോലുള്ളവരെച്ചൊല്ലി എങ്ങനെയാണ് രോഷമുണ്ടാകാതിരിക്കുക?12

ഒരിക്കല്‍ തന്റെ വീട്ടിലായിരുന്ന നബിക്ക് സഹപത്‌നി ഭക്ഷണം കൊടുത്തയച്ചപ്പോള്‍ അഭിമാനരോഷമുണ്ടായതും ആഇശ പാത്രം വലിച്ചെറിഞ്ഞതും നബി (സ) പൊട്ടിയ പാത്രം വാരിയെടുത്തതും പ്രസിദ്ധമാണല്ലോ.13

ചില സംഭവങ്ങള്‍
ഹാഫിള് ഇബ്‌നുകസീര്‍ തന്റെ 'അല്‍ബിദായ വന്നിഹായ' എന്ന കൃതിയില്‍, ഹി. ഇരുനൂറ്റി എണ്‍പത്തിയാറില്‍, ഇറാനിലെ റയ്യ് നഗരത്തിലെ ന്യായാധിപന്റെ മുമ്പില്‍ പരാതിയുമായെത്തിയ ഒരു വനിതയുടെ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഭര്‍ത്താവ് തനിക്ക് അഞ്ഞൂറ് ദീനാര്‍ മഹ്‌റ് തരാനുണ്ടെന്നായിരുന്നു പരാതി. ഭര്‍ത്താവ് നിഷേധിച്ചു. തനിക്ക് തെളിവുണ്ടെന്നായി ഭാര്യ. കോടതിയിലുണ്ടായിരുന്നവര്‍, അവര്‍ ഭാര്യയാണോ അല്ലേ എന്നറിയാന്‍, മുഖം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ന്യായാധിപന്‍ മുഖം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഇടപെട്ടുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു: 'മുഖം വെളിപ്പെടുത്തരുത്. അവള്‍ പറഞ്ഞത് ശരിയാണ്.' തന്റെ ഭാര്യയുടെ മുഖത്തേക്ക് ആരും നോക്കരുത് എന്ന വാശിയുണ്ടായിരുന്ന ഭര്‍ത്താവ് ഭാര്യയുടെ വാദം അംഗീകരിച്ചു. തന്റെ കാര്യത്തില്‍ ഭര്‍ത്താവിനുള്ള അഭിമാനത്തില്‍ തൃപ്തയായ ഭാര്യ പറഞ്ഞു: 'എന്റെ മഹ്ര്‍ ദുന്‍യാവിലും പരലോകത്തിലും ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു.' ഇരുവരും അന്യോന്യം പുലര്‍ത്തിയ അഭിമാനരോഷത്തില്‍ സംതൃപ്തനായ ന്യായാധിപന്‍ പറഞ്ഞു: 'ഈ നിലപാട് ശ്രേഷ്ഠ സ്വഭാവങ്ങളുടെ ഭാഗമാണ്.'

ഇന്ത്യയില്‍ ബന്ദിയായ ഒരു മുസ്‌ലിം വനിത ഹജ്ജാജിനോട് സഹായമാവശ്യപ്പെട്ടു. 'വാ ഹജ്ജാജാ!' എന്ന സഹായാര്‍ഥനക്ക് 'ലബ്ബൈക്' എന്ന് പ്രതികരിച്ച ഹജ്ജാജ് ഏഴ് ദശലക്ഷം ദിര്‍ഹം നല്‍കി അവരെ മോചിപ്പിച്ചു.
മുഅ്തസ്വിം ബില്ലായുടെ കാലത്ത് അമൂരിയ ഭരണാധികാരിയുടെ പീഡനത്തിനിരയായ ഒരു മുസ് ലിം വനിതയുടെ വിമോചനം എക്കാലത്തെയും രോമാഞ്ചജനകമായ സംഭവമാണ്. അവരുടെ വിമോചനാഭ്യര്‍ഥന കേട്ട മുഅ്തസ്വിം പട്ടാളത്തെയുമായി അവരെ മോചിപ്പിക്കാനായി പുറപ്പെട്ടു. കോട്ടകള്‍ കീഴടക്കി ബന്ദിയായ യുവതിയെ കണ്ടെത്തി മോചിപ്പിച്ചു. മുഅ്തസ്വിം യുവതിയോട് പറഞ്ഞു: 'നിന്നെ രക്ഷിക്കാനായി ഞാന്‍ വന്നതായി നിന്റെ പിതാമഹന്‍ നബി(സ)യോട് എനിക്ക് വേണ്ടി നീ സാക്ഷ്യം പറയണം.'

മറ്റൊരു സംഭവം: ഹി. ഏഴാം നൂറ്റാണ്ട്. ഐക്യം നഷ്ടപ്പെട്ട മുസ്‌ലിംലോകം ശത്രുക്കളുടെ നാനാവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. ഏതാനും മുസ്‌ലിം നാടുകള്‍ കൈയടക്കിയ കുരിശുസേനകള്‍ കൂടുതല്‍ രാജ്യങ്ങള്‍ കീഴടക്കാനായി അനുകൂല ശക്തികളില്‍നിന്ന് സഹായം തേടി. ഈജിപ്ത് കീഴടക്കുന്ന അവസ്ഥയായി. അല്‍ആദിലുലി ദീനില്ലാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന ഫാത്വിമീ ഭരണാധികാരി ശാമിലെ ഭരണാധികാരിയായ നൂറുദ്ദീന്‍ സന്‍കിയോട് സഹായം തേടാന്‍ തീരുമാനിച്ചു. ഈജിപ്തിലെ ഭരണാധികാരിയെ അംഗീകരിക്കുകയോ, ഭരണം നിയമാനുസൃതമായി സമ്മതിച്ചുകൊടുക്കുകയോ ചെയ്യാതിരുന്ന നൂറുദ്ദീന്‍ സന്‍കി ബഗ്ദാദിലെ അബ്ബാസീ ഖിലാഫത്തിനാണ് ഈജിപ്തിലെ അധികാരം എന്ന പക്ഷക്കാരനായിരുന്നു.

സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനായി ഉടന്‍ ഇടപെടേണ്ടുന്നതിന്റെ പ്രാധാന്യം ശ്രദ്ധയില്‍പെടുത്തനായി ആദില്‍, നൂറുദ്ദീന്‍ സന്‍കിക്ക് ഹൃദയാകര്‍ഷകമായ ഒരു കത്തയച്ചു. കത്തിനൊപ്പം കൈറോയിലെ ഭരണസിരാകേന്ദ്രത്തിലെ ഏതാനും സ്ത്രീകളുടെ തലമുടി കുറച്ച് വെട്ടിയെടുത്ത് കവറിലാക്കി കൂടെ കൊടുത്തയച്ചു. സഹായം അഭ്യര്‍ഥിച്ചുള്ള കത്തിനൊപ്പം സ്ത്രീകളുടെ മുടികൂടി കണ്ടതോടെ നൂറുദ്ദീന്‍ സന്‍കിയുടെ അഭിമാനരോഷമുയര്‍ന്നു. അദ്ദേഹത്തില്‍നിന്ന് അത് പട്ടാളത്തിലേക്കും ശാം ജനതയിലേക്കും പകര്‍ന്നു. ഈജിപ്തിനെ കുരിശുസേനകളില്‍നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിലേക്ക് അത് വഴിതെളിയിച്ചു. അസദുദ്ദീന്‍ ശേര്‍കൂ, സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവരുടെ നേതൃത്വത്തില്‍ കുരിശുസേനയെ തളച്ചു. അഭിമാന രോഷം ചരിത്രം രചിച്ച അത്യപൂര്‍വ സംഭവങ്ങളിലൊന്നായി ഇതിനെ ചരിത്രം വിലയിരുത്തുന്നു. പെണ്‍കേശം ചരിത്രത്തിന്റെ ഗതിമാറ്റിയ സംഭവം! ഹിത്ത്വീന്‍ യുദ്ധത്തില്‍ ബൈത്തുല്‍ മുഖദ്ദസിനെ കുരിശുസേനയില്‍നിന്ന് വിമോചിപ്പിക്കുന്നതിലും നിയാമകമായത് ഇതേ അഭിമാനരോഷം തന്നെ.

ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും ഖുര്‍ആനിനും സുന്നത്തിനും എന്നുവേ, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന പല മൂല്യങ്ങളെയും പലരീതികളില്‍ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ രചനാത്മകമായ അഭിമാനരോഷത്തിന്റെ പ്രസക്തി ഏറെയാണ്. 

കുറിപ്പുകള്‍
1. البخاري ومسلم
2. المفردات في غريب القرآن - الرّاغب الأصفهاني
3. بخاري، كتاب الحدود 6340، مسلم، كتاب اللعان 2755
4. روضة المحبّين 1/294
5. البخاري، كتاب بدء الخلق باب ماجاء في صفة الجنة (3003)، مسلم كتاب فضائل الصحابة باب من فضائل عمر (4408)

6. تفسير البحر المحيط 4/496
7. ابوداود، صححه الألباني
8. مداواة النفو
9. احياء علوم الدّين 3/168
10. أحمد وغيره وحسنه الألباني
11. مسلم
12. مسلم 
13. بخاري

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top