ആരാണ് ഇജ്തിഹാദിന്റെ കവാടം അടച്ചത്?

വി.കെ അലി‌‌
img

ഹിജ്‌റ നാലാം നൂറ്റാണ്ടോടുകൂടി ഇജ്തിഹാദിന്റെ കവാടം അടഞ്ഞുവെന്നും ഇനി മുജ്തഹിദുകള്‍ ഉണ്ടാകില്ലായെന്നും തഖ്‌ലീദ് (അനുകരണം) നിര്‍ബന്ധമാണെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം മുസ്‌ലിം സമൂഹത്തിലുണ്ട്. നാലു മദ്ഹബുകളുടെ ഇമാമുമാര്‍ ഇജ്തിഹാദിന്റെ എല്ലാ നിബന്ധനകളും ഒത്തിണങ്ങിയവരായിരുന്നുവെന്നും അവര്‍ക്കു ശേഷം ഈ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ വരിക സാധ്യമല്ലെന്നുമാണ് അവരുടെ അഭിപ്രായം. എന്നാല്‍ ലോകാവസാനം വരെയുള്ള പ്രശ്‌നങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പരിഹാരങ്ങള്‍ കാണാനും മനുഷ്യരാശിയുടെ വികാസ പരിണാമങ്ങളും പരിവര്‍ത്തനങ്ങളും മുന്‍കൂട്ടി പ്രവചിക്കുവാനുമുള്ള അദൃശ്യ ജ്ഞാനം ഈ നാലു ഇമാമുകള്‍ക്ക് ഉണ്ടായിരുന്നോ? ഇജ്തിഹാദ് ചെയ്യാനുള്ള അവകാശം ഇവര്‍ക്ക് മാത്രം എവിടെനിന്ന് കിട്ടി? ഇവര്‍ക്കു ശേഷം ഇനി മുജ്തഹിദുകള്‍ ഉണ്ടാകില്ല എന്ന് ആരാണ് പഠിപ്പിച്ചത്? പ്രസ്തുത ഇമാമുകള്‍ ഇങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? മറുപടി അര്‍ഹിക്കുന്ന ചോദ്യങ്ങളാണിവ.    

എന്താണ് ഇജ്തിഹാദ്?
ഇജ്തിഹാദ് എന്ന അറബി പദത്തിന്റെ അര്‍ഥം പരിശ്രമം എന്നാണ്. ഒരു സാങ്കേതിക പദമായി മാറിയപ്പോള്‍ അത് നിര്‍വചിക്കപ്പെട്ടത് 
بذل الوسع في نيل حكم شرعي عملي بطريق الاستنباط   
 (ഗവേഷണത്തിലൂടെ ഒരു കര്‍മത്തെക്കുറിച്ച മതവിധി കണ്ടെത്തുന്നതിന് കഠിനാധ്വാനം ചെയ്യുക - ഇര്‍ശാദുല്‍ ഫുഹൂല്‍) എന്നാണ്. ഏറ്റക്കുറച്ചിലോടെ മറ്റു നിര്‍വചനങ്ങളും കാണാം. ചിലര്‍ استفراغ الوسع  (അശേഷം കലവറയില്ലാതെ മുഴുവന്‍ കഴിവും വിനിയോഗിച്ചുള്ള അധ്വാനശ്രമം) എന്നാണ് പ്രയോഗിക്കുന്നത്. ബുദ്ധിപരമായ കഠിനപ്രയത്‌നം ഇതിനനിവാര്യമാണെന്ന് സൂചിപ്പിക്കുകയാണ് ഈ പദമാറ്റത്തിലൂടെ. 
ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി പരാമര്‍ശമില്ലാത്ത വിഷയങ്ങളിലാണ് ഇജ്തിഹാദ്. അതുകൊണ്ടാണ് വ്യക്തമായ പ്രമാണങ്ങള്‍(نصوص)  ഉള്ളേടത്ത് ഇജ്തിഹാദിന് പ്രസക്തിയില്ല എന്ന് പണ്ഡിതര്‍ ഏകോപിച്ചു പറയുന്നത്. ഖുര്‍ആനില്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്: 
 وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ 
(ഒരു വിശ്വാസിക്കോ വിശ്വാസിനിക്കോ അല്ലാഹുവും റസൂലും ഒരു കാര്യത്തിന്റെ വിധിപറഞ്ഞാല്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ അവകാശമില്ല). 
മുആദിനെ യമനിലേക്ക് ഗവര്‍ണറായി നിയമിച്ചപ്പോഴും ഈ അടിസ്ഥാനങ്ങള്‍ നബി(സ) ഊട്ടിയുറപ്പിക്കുകയുണ്ടായി. നിയമത്തിന്റെ സ്രോതസ്സുകളായി ഖുര്‍ആന്‍, സുന്നത്ത്, ഇജ്തിഹാദ് (ഇജ്മാഉം ഖിയാസും ഇതില്‍പെടും) എന്ന ക്രമത്തിലാണ് മുആദ് മനസ്സിലാക്കിയതും തിരുമേനി അംഗീകരിച്ചതും.** 
പ്രവാചക വിയോഗത്തിനുശേഷം അനുചരന്മാര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഖുര്‍ആനിലും സുന്നത്തിലും പരതും. അതില്‍ കണ്ടില്ലെങ്കില്‍ സമാന സ്വഭാവമുള്ള സംഭവങ്ങള്‍ മുന്‍കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുകയും ന്യായാധികരണം (ഖിയാസ്) നടത്തുകയും ചെയ്യും. ഇതറിയുന്നതിന് അബൂബക്ര്‍ (റ) സ്വഹാബിമാരെ വിളിച്ചുകൂട്ടി അഭിപ്രായം തേടുമായിരുന്നു. ശുറൈഹിനെ കൂഫയിലേക്ക് ജഡ്ജിയായി നിയമിച്ചപ്പോള്‍ അബൂബക്ര്‍ നിര്‍ദേശിച്ചു. വിശുദ്ധ ഖുര്‍ആനില്‍ വിഷയകമായി വല്ലതുമുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ മറ്റാരോടും ചോദിക്കേണ്ടതില്ല. ഖുര്‍ആനിലില്ലാത്ത കാര്യങ്ങള്‍ സുന്നത്തില്‍ പരിശോധിക്കുക. സുന്നത്തിലും കാണാത്ത വിഷയമാണെങ്കില്‍ അതേപ്പറ്റി ഇജ്തിഹാദ് നടത്തുക. 
(تاريخ التشريع الاسلامي   75 )  

നബി(സ)യുടെ മരണശേഷം ജനങ്ങള്‍ മതവിധികള്‍ക്ക് ആശ്രയിച്ചിരുന്നത് ആദ്യകാല സ്വഹാബിവര്യന്മാരെയായിരുന്നു. ഇക്കൂട്ടത്തില്‍ നാലു ഖലീഫമാരും അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂമുസല്‍ അശ്അരി, മുആദുബ്‌നു ജബല്‍, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു സാബിത് എന്നിവര്‍ പ്രത്യേകം സ്മരണീയമാണ്. ഖുലഫാഉര്‍റാശിദുകളുടെ കാലത്തോടെ ഇസ്‌ലാമികരാഷ്ട്രം വികസിക്കുകയും നിരവധി ജനസമൂഹങ്ങള്‍ കൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിക്കുകയും ചെയ്തു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിവിധ പട്ടണങ്ങളിലേക്ക് സ്വഹാബിവര്യന്മാരുടെ കുടിയേറ്റമുണ്ടായി. സമൂഹത്തില്‍ ഉടലെടുത്ത പുതിയപുതിയ പ്രശ്‌നങ്ങള്‍ക്ക് മതവിധി കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതോടൊപ്പം ഖവാരിജുകളും ശീഈകളുമെല്ലാം വിചിത്രങ്ങളായ ചിന്താഗതികള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുയും ആശയസംഘട്ടനങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇക്കാലത്ത് താബിഉകള്‍ക്കിടയിലും പണ്ഡിത പ്രതിഭകള്‍ ഉയര്‍ന്നുവന്നു. നബിയുടെ കാലത്ത് ചെറുപ്പക്കാര്‍ ആയിരുന്ന സ്വഹാബികളും താബിഉകളിലെ പണ്ഡിത ശ്രേഷ്ഠരുമാണ് ഈ ഘട്ടത്തില്‍ സമൂഹത്തിന്റെ മാര്‍ഗദര്‍ശനം ഏറ്റെടുത്തത്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, ആഇശ, അബൂഹുറൈറ, അനസുബ്‌നു മാലിക്, സഈദുബ്‌നുല്‍ മുസയ്യബ്, ഉര്‍വതുബ്‌നു സുബൈര്‍, നാഫിഅ്, ഇബ്‌നുശിഹാബ് അസ്സുഹ്‌രി, മുജാഹിദുബ്‌നു ജബ്ര്‍, ഇക്‌രിമ, അത്വാഉബ്‌നു അബീ റബാഹ്, അല്‍ഖമ, മസ്‌റൂഖ്, ശുറൈഹ്, ഇബ്‌റാഹീമുന്നഖഈ, സഈദുബ്‌നു ജുബൈര്‍, ആമിറുശ്ശഅ്ബി, മുഹമ്മദു ബ്‌നു സിരീന്‍, അബുല്‍ ആലിയ, ത്വാവൂസു ബ്‌നു കൈസാന്‍ തുടങ്ങിയവര്‍ ഈ കാലഘട്ടത്തിലെ വൈജ്ഞാനിക ജ്യോതിര്‍ഗോളങ്ങളായിരുന്നു. 

മദ്ഹബുകളുടെ പിറവി
ഹിജ്‌റ രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ഇജ്തിഹാദും ഇസ്‌ലാമിക കര്‍മശാസ്ത്രവും കൂടുതല്‍ വികസിക്കുന്നത്. മഹാന്മാരായ മദ്ഹബിന്റെ ഇമാമുകള്‍ ഈ കാലഘട്ടത്തിലാണ് രംഗപ്രവേശം ചെയ്തത്. കൂഫയില്‍ ജനിച്ച ഇമാം അബൂഹനീഫ(ഹി:80-150)യാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍. ഖുര്‍ആനും സുന്നത്തും പുറമെ പ്രമുഖ സ്വഹാബികളുടെ അഭിപ്രായങ്ങളും  അദ്ദേഹം ആദരിച്ചു. എന്നാല്‍ ആരെയും കണ്ണടച്ചനുകരിക്കുന്ന നിലപാട് ഉണ്ടായിരുന്നില്ല. ഇമാം അബൂഹനീഫ തന്റെ നിലപാട് വ്യക്തമാക്കുന്നു:
'ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവലംബിക്കുന്നു. അതില്‍ വിഷയം കണ്ടില്ലെങ്കില്‍ ദൈവദൂതന്റെ ചര്യ സ്വീകരിക്കും. കിതാബിലും സുന്നത്തിലുമില്ലെങ്കില്‍  സ്വഹാബികളുടെ അഭിപ്രായങ്ങള്‍ വിവേചനബുദ്ധിയോടെ പരിഗണിക്കും. മറ്റാരുടെയും അഭിപ്രായം ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇബ്‌റാഹീം, ശഅ്ബി, ഹസന്‍, ഇബ്‌നുസിരീന്‍, സഈദുബ്‌നു മുസ്വയ്യബ് എന്നിവരുടെ അഭിപ്രായങ്ങളിലേക്കെത്തിയാല്‍ അവരെപ്പോലെ എനിക്കും ഇജ്തിഹാദ് ചെയ്യാമല്ലോ' (ചില റിപ്പോര്‍ട്ടുകളില്‍ അവരെപ്പോലെ നാമും മനുഷ്യരല്ലേ? هم رجال ونحن رجال എന്നാണുള്ളത് 144 تاريخ التشريع -).

ഗവേഷണ പ്രക്രിയയെ സജീവമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇമാം അബൂഹനീഫയുടെ ഈ നിലപാട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനുശേഷം ഇസ്‌ലാമിക സമൂഹത്തില്‍ ഉദയംകൊണ്ട പണ്ഡിതപ്രവരന്മാരണ് ഇമാം മാലിക് (ഹി:93179), ഇമാം ശാഫിഈ (ഹി: 150204), ഇമാം അഹ്‌മദ് (ഹി:164241) എന്നിവര്‍. ഇതില്‍ ഇമാം മാലികിന്റെ ശിഷ്യത്വം ഇമാം ശാഫിഈക്കും ഇമാം ശാഫിഈയുടെ ശിഷ്യത്വം ഇമാം അഹ്‌മദിനും ലഭ്യമായിട്ടുണ്ട്. 

ഇസ്‌ലാമിക ചിന്തയെ വികസിപ്പിക്കുന്നതില്‍ ഈ മഹാന്മാര്‍ നിസ്തുലമായ സേവനങ്ങളാണ് ചെയ്തത്. ഖുര്‍ആനിനും ഹദീസിനും പുറമെ മദീനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ (عمل أهل المدينة)ക്ക്, വിശിഷ്യാ അബൂബക്‌റിന്റെയും ഉമറിന്റെയും നിലപാടുകള്‍ക്ക് ഇമാം മാലിക് പ്രാമാണികത കല്‍പിച്ചിരുന്നു. നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തിന് നേര്‍സാക്ഷികളായവര്‍ എന്ന നിലക്കാണിത്. അതുപോലെ വിശ്വാസി സമൂഹത്തിന്റെ പൊതുനന്മയും(مصلحة مرسلة)  അദ്ദേഹം പരിഗണിച്ചിരുന്നു. ഇതാണ് ഇക്കാലത്ത് ഏറ്റം പ്രചാരം സിദ്ധിച്ച مقاصد الشريعة-യുടെ ആദിരൂപം. ഇമാം ശാഫിഈയാകട്ടെ ഹദീസുകള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയത്.  ناصر السنة(സുന്നത്തിന്റെ സംരക്ഷകന്‍) എന്ന അപരാഭിധാനം പോലും അദ്ദേഹത്തിന് ലഭിച്ചത് അത്‌കൊണ്ടാണ്. അതുപോലെ ഇജ്മാഅ് ഒരു പ്രമാണമായി സമര്‍ഥിച്ചതും അദ്ദേഹം തന്നെ. എതിരഭിപ്രായം അറിയപ്പെടാത്തതിനെയെല്ലാം നിശ്ശബ്ദ അഭിപ്രായൈക്യമായി (اجماع سكوتي) അദ്ദേഹം അംഗീകരിച്ചു. ശാഫിഈ മദ്ഹബുമായി ഏറെ സാദൃശ്യമുണ്ട് ഹമ്പലീ മദ്ഹബിന്. ഹദീസ് പണ്ഡിതന്‍ കൂടിയായ അദ്ദേഹത്തില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. 

തഖ്‌ലീദിന്റെ തള്ളിക്കയറ്റം
ഈ നാലു ഇമാമുകളുടെയും അഭിപ്രായങ്ങള്‍ക്ക് പിന്നീട് മുസ്‌ലിം ലോകത്ത് പ്രചുരപ്രചാരം സിദ്ധിച്ചു. പ്രസ്തുത ഇമാമുകളുടെ മദ്ഹബ് പ്രചരിപ്പിക്കാന്‍ പ്രഗത്ഭരായ ശിഷ്യന്മാരുണ്ടായതും, ഭരണാധികാരികള്‍ ഔദ്യോഗിക മദ്ഹബുകളെന്ന പരിഗണന ചിലതിന് നല്‍കിയതും, ഇമാമുമാരുടെ അഭിപ്രായങ്ങള്‍ ഗ്രന്ഥ രൂപത്തില്‍ ക്രോഡീകൃതമായതും, വിവിധ ദേശങ്ങളില്‍ സഞ്ചരിച്ച് സ്വന്തം വീക്ഷണങ്ങള്‍ക്ക് പൊതുജനാംഗീകാരം നേടിയെടുക്കാന്‍ ഇമാമുകള്‍ക്ക് സാധിച്ചതുമെല്ലാം മദ്ഹബുകളുടെ പ്രചാരത്തിന് കാരണമായിട്ടുണ്ട്. ഈ ഇമാമുകളോടുള്ള അനുയായികളുടെ വീരാരാധന മറ്റൊന്നും ചിന്തിക്കാന്‍ ഇടം നല്‍കാതെ അവരെ അനുകരിക്കുന്നതില്‍ പൊതുജനങ്ങളെ തളച്ചിടാന്‍ നിമിത്തമാവുകയും ചെയ്തു. 

നാലു ഇമാമുകളുടെയും മദ്ഹബുകള്‍ക്ക് ജനമനസ്സില്‍ സ്വാധീനമുണ്ടാവുകയും ഭരണകൂടത്തിന്റെ അംഗീകാരം സിദ്ധിക്കുകയും ചെയ്തതോടെ മദ്ഹബ് ഗ്രന്ഥങ്ങള്‍ പഠിക്കുകയും അതില്‍ പ്രാവീണ്യം നേടുകയും ചെയ്യുക എന്നതായി ഉന്നതികളിലേക്ക് കയറിപ്പോകാനുള്ള ചവിട്ടുപടികള്‍. മദ്ഹബിലെ വിധികള്‍ക്കു മാത്രമേ ജനങ്ങളില്‍ സ്വീകാര്യതയുള്ളൂവെന്ന് വന്നപ്പോള്‍ ഇജ്തിഹാദിന് കഴിവുകളുള്ള മഹാപണ്ഡിതന്മാര്‍പോലും മദ്ഹബുകളുടെ വക്താക്കളായി മാറി. അങ്ങനെ ഇമാം ഗസ്സാലി, ഇസ്സുബ്‌നു അബ്ദിസ്സലാം, ഇബ്‌നു ദഖീഖില്‍ ഈദ്, ഇബ്‌നുഹജരില്‍ അസ്ഖലാനി, നവവി, ഇമാമുല്‍ ഹറമൈനി തുടങ്ങിയവരെല്ലാം ഇജ്തിഹാദിനു പുറത്ത് മുഖല്ലിദുകളായി മാറി. ഒരുവേള അവര്‍തന്നെ മുജ്തഹിദുകളെന്ന് പറയാന്‍ ധൈര്യപ്പെട്ടില്ല. അഥവാ ആരെങ്കിലും ധൈര്യപ്പെട്ടുവെങ്കില്‍ അവര്‍ ജനരോഷത്തിനു മുന്നില്‍ പത്തിമടക്കേണ്ടി വന്നു. 

ഇമാം ഗസ്സാലി പറഞ്ഞു: قد خلا العصر من المجتهد المستقل  (ഈ കാലഘട്ടത്തില്‍ സ്വതന്ത്രനായ മുജ്തഹിദുതന്നെയില്ല). ഇമാം നവവി പറഞ്ഞു: നാലാം നൂറ്റാണ്ടു മുതല്‍ സ്വതന്ത്രമായ ഇജ്തിഹാദ് ഉണ്ടായിട്ടില്ല. ഇമാം റാഫിഈ: ഇക്കാലത്ത് മുജ്തഹിദ് ഇല്ലാ എന്ന കാര്യത്തില്‍ എല്ലാവരും ഏകോപിക്കുന്നു. ഇമാം സര്‍കശി പറഞ്ഞു: ഈ കാലഘട്ടത്തില്‍ സ്വതന്ത്രമായ മുജ്തഹിദ് ഇല്ലാ എന്നതാണ് സത്യം. നാലു മദ്ഹബുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇജ്തിഹാദ് ചെയ്യാമെന്നു മാത്രം. ഈ മദ്ഹബുകളില്‍ മാത്രമാണ് സത്യം എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ യോജിപ്പുണ്ട്. അവ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ല (ഇര്‍ശാദുല്‍ ഫുഹൂല്‍).

ആ കവാടം അടക്കാവതല്ല
ഇസ്‌ലാം ശാശ്വതമായ ദൈവിക ജീവിതവ്യവസ്ഥയാണെങ്കില്‍ ഇജ്തിഹാദിന്റെ കവാടം ലോകാവസാനം വരെ തുറന്നുകിടക്കണം. ജീവിതമണ്ഡലങ്ങളില്‍ സദാ സംഭവിക്കുന്ന വികാസ പരിണാമങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്. ഇതു മുഖേന സംഭവിക്കുന്ന പ്രശ്‌ന സങ്കീര്‍ണതകളും സംശയങ്ങളും ലീഗലൈസ് ചെയ്യുന്നതിനുള്ള മെക്കാനിസമാണ് ഇജ്തിഹാദ്. നബിയുടെയും സ്വഹാബിമാരുടെയും കാലഘട്ടത്തിനു ശേഷം മനുഷ്യജീവിതത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളും വികാസങ്ങളുമാണ് മദ്ഹബിന്റെ ഇമാമുകള്‍ രംഗത്തു വരാന്‍ ഇടവരുത്തിയത്. അവര്‍ക്ക് ഇജ്തിഹാദ് ചെയ്യാമെങ്കില്‍ അവരുടെ പിന്‍തലമുറകള്‍ക്കും ഇജ്തിഹാദ് ചെയ്യാം. എന്ത് പ്രമാണങ്ങളാണോ അവരുടെ ഇജ്തിഹാദുകള്‍ക്ക് ന്യായീകരണമാകുന്നത് അതേ പ്രമാണങ്ങള്‍ അനന്തരഗാമികള്‍ക്കും അവലംബിക്കാം. ഇജ്തിഹാദിനെ തടയിടാന്‍ ആരും ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. അതുകൊണ്ടാണ് സ്വതന്ത്രമായ ഇജ്തിഹാദുമായി പ്രതിഭാശാലികളായ ചില പണ്ഡിതന്മാര്‍ ഇടക്കിടെ രംഗപ്രവേശം ചെയ്തത്. 

ഇമാം ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവര്‍ മദ്ഹബുകളുടെ അതിര്‍വരമ്പുകള്‍ പരിഗണിക്കാതെ പല വിഷയങ്ങളിലും സ്വതന്ത്രാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം എഴുതി: 'ഒരാളുടെ ഇജ്തിഹാദ് പ്രകാരം ഖുര്‍ആനിനും സുന്നത്തിനും അനുസൃതമായ ഒരഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുകയും അതേസമയം നിങ്ങള്‍ അനുകരിക്കുന്നവരുടെ അഭിപ്രായങ്ങള്‍ തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പറയുന്നവരെ സമുദായം തഖ്‌ലീദ് ചെയ്യണമെന്നും മറ്റാരെയും പിന്തുടരരുതെന്നും നിങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഖുര്‍ആനിലോ സുന്നത്തിലോ ഇജ്മാഇലോ ഖിയാസിലോ സ്വഹാബികളുടെ അഭിപ്രായത്തിലോ സാധുതയില്ലാത്ത ഈ വീക്ഷണം തെരഞ്ഞെടുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്? (ഇഅ്മാമുല്‍ മുവഖിഈന്‍).

ഇമാം സുയൂത്വി ഒരുപടികൂടി മുന്‍കടന്നു താന്‍ സ്വതന്ത്രനായ മുജ്തഹിദും ഒമ്പതാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും (മുജദ്ദിദ്) ആണെന്ന് വാദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'ഇജ്തിഹാദിന്റെ പദവി അല്ലാഹു നമുക്ക് നല്‍കിയിരിക്കുന്നു. നമ്മുടെ ഇജ്തിഹാദ് പ്രകാരമുള്ള അഭിപ്രായങ്ങള്‍ നാം ജനങ്ങള്‍ക്ക് വിശദീകരിക്കുന്നു. ദീനിന്റെ നവോത്ഥാനത്തിനു വേണ്ടിയാണിങ്ങനെ ചെയ്യുന്നത്.' മാത്രമല്ല 
   الرد على من أخلد الي الأرض ، وجهل أن الاجتهاد في كل عصر فرض
(ഭൂമിയിലേക്ക് ആണ്ടുപോവുകയും എല്ലാ കാലത്തും ഇജ്തിഹാദ് നിര്‍ബന്ധമാണെന്ന് അറിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടി) എന്നൊരു കൃതിതന്നെ അദ്ദേഹം രചിച്ചു. ഇമാം സുയൂത്വിയുടെ അഭിപ്രായങ്ങള്‍ അക്കാലത്ത് കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. എങ്കിലും പണ്ഡിത സമൂഹത്തില്‍ ക്രമേണയായി ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മദ്ഹബുകളില്‍ ശുദ്ധീകരണം വരുത്താനും അഭിപ്രായങ്ങളുടെ പ്രാമാണികത പുനഃപരിശോധിക്കാനും അത് പ്രചോദനമായി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഔറംഗസീബിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട الفتاوى الهندية -യും حاشية ابن عابدين എന്നറിയപ്പെടുന്ന رد المحتمار على الدر المختار  എന്ന ഗ്രന്ഥവും. പിന്നീട് വന്ന ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(മരണം 1176)യും ഇമാം ശൗക്കാനി(1225)യുമെല്ലാം ഇജ്തിഹാദിന്റെ പക്ഷത്ത് ഉറച്ചുനിന്നവരാണ്. ഇമാം ശൗക്കാനി പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹം ചില സൃഷ്ടികളില്‍ പരിമിതപ്പെടുത്തുകയും പൂര്‍വികര്‍ക്ക് മാത്രമേ പരിശുദ്ധ ശരീഅത്തിനെക്കുറിച്ച വിവരമുള്ളൂ എന്ന് വാദിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിനെയും എല്ലാ സൃഷ്ടികള്‍ക്കുമായി നല്‍കിയ അവന്റെ ശരീഅത്തിനെയും ധിക്കരിക്കുന്നവരാണ് (ഇര്‍ശാദുല്‍ ഫുഹൂല്‍). 

ഇജ്തിഹാദ് പുതിയ കാലത്ത്
നാം ജീവിക്കുന്ന കാലഘട്ടം സങ്കീര്‍ണത നിറഞ്ഞതും അടിമുടി പരിവര്‍ത്തനങ്ങള്‍ സംഭവിച്ചതും ആയതിനാലും കഴിഞ്ഞ നൂറ്റാണ്ടുകളിലെ അന്വേഷണങ്ങളും ഗവേഷണങ്ങളും അവക്ക് പരിഹാരം നിര്‍ദേശിക്കുന്നതിന് പര്യാപ്തമല്ലാത്തതിനാലും ഇജ്തിഹാദിന്റെ പ്രസക്തിയും അനിവാര്യതയും കൂടുതല്‍ ബോധ്യമായിവരുന്നു. സമകാലീന സമൂഹത്തില്‍ എങ്ങനെയാണോ ഇജ്തിഹാദ് എന്നതിനെക്കുറിച്ച് അനുഗൃഹീത പണ്ഡിതന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി ഇപ്രകാരം എഴുതുന്നു: 'ഇജ്തിഹാദ് എല്ലാകാലത്തും ആവശ്യമാണെങ്കിലും, കഴിഞ്ഞ കാലഘട്ടങ്ങളേക്കാളെല്ലാം ഇക്കാലത്ത് ഇജ്തിഹാദ് അത്യാവശ്യമായിരിക്കുന്നു. കാരണം, കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ജീവിത രീതികളിലെല്ലാം മാറ്റം സംഭവിച്ചു. വ്യവസായിക വിപ്ലവത്തിനുശേഷം ജനസമൂഹങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനങ്ങളുണ്ടായി. അതിനാല്‍ ഇജ്തിഹാദിന്റെ കവാടങ്ങള്‍ വീണ്ടും തുറക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറി. ഈ വാതില്‍ പ്രവാചകന്‍ തിരുമേനി തുറന്നുവെച്ചതാണ്. തിരുമേനിക്കു ശേഷം അത് അടച്ചുപൂട്ടാന്‍ ആര്‍ക്കും അവകാശമില്ല. ഇജ്തിഹാദ് പുനരാരംഭിക്കണമെന്ന് നാം പറയുമ്പോള്‍ നാമുദ്ദേശിക്കുന്നത് കേവലം പ്രഖ്യാപനമല്ല, പ്രായോഗികതലത്തില്‍ തന്നെ അത് നടപ്പില്‍ വരണമെന്നാണ്. 

നമ്മുടെ ഈ കാലഘട്ടത്തിലെ ഇജ്തിഹാദ് സംഘടിതമായിരിക്കണം. ഉന്നതമായ കര്‍മ ശാസ്ത്രയോഗ്യതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളുന്ന അക്കാദമി സ്വഭാവത്തില്‍, ധീരമായി വിധികള്‍ പുറപ്പെടുവിക്കാന്‍ അതിന് സാധിക്കണം. സാമൂഹികമോ രാഷ്ട്രീയമോ ആയ സമ്മര്‍ദങ്ങള്‍ക്ക് ഒരിക്കലും വഴങ്ങരുത്. ഇതോടൊപ്പം വ്യക്തിപരമായ ഇജ്തിഹാദും സമാന്തരമായി നടക്കണം. കൂട്ടായ ഇജ്തിഹാദിന് വഴിയൊരുങ്ങുന്നത് വ്യക്തിപരമായ ഇജ്തിഹാദിലൂടെയാണ്. ആഴമുള്ളതും മൗലികമായതുമായ പഠനങ്ങള്‍ അങ്ങനെയാണ് പുറത്തുവരുന്നത്' . (الإجتهاد في الشريعة الإسلامية 99)

പതിറ്റാണ്ടുകളായി ഇത്തരം ആഹ്വാനങ്ങള്‍ സമുദായത്തില്‍ പ്രതിധ്വനി സൃഷ്ടിച്ചതിന്റെ ഫലമായി ഇന്ന് ലോകത്ത് ഇസ്‌ലാമിക ശരീഅത്തില്‍ ഗവേഷണവേദികള്‍ പലയിടത്തും ഉദയം കൊണ്ടിട്ടുണ്ട്. ഫിഖ്ഹ് അക്കാദമികള്‍, യൂറോപ്യന്‍ ഉലമാ കൗണ്‍സില്‍, ലോകപണ്ഡിതവേദി, അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മജ്‌ലിസു ബുഹൂസ് എല്ലാം ഇതിന് ഉദാഹരണമാണ്. പുതിയ പുതിയ സംരംഭങ്ങള്‍ ഇനിയും ധാരാളമായി ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. 

**കുറിപ്പ്:
മുആദിന്റെ ഹദീസിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിലെ ഉസ്വൂലികളും ഫുഖഹാക്കളും സര്‍വാത്മനാ അംഗീകരിച്ച ഒരു ഹദീസാണത്. ഇബ്‌നു അബ്ദില്‍ബര്‍റ്, ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ദഹബി, ഇബ്‌നു കസീര്‍ തുടങ്ങിയവര്‍ അത് പ്രബലമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം ശൗക്കാനി ഹസന്‍ ആയ ഹദീസാണെന്നും വിവിധ സരണികളിലൂടെ സ്വീകാര്യതയുടെ നിലവാരത്തിലെത്തുമെന്നും അഭിപ്രായപ്പെടുന്നു. 

അല്ലെങ്കിലും സാമാന്യബുദ്ധിയുടെ താല്‍പര്യമാണ്, ഒരു പ്രശ്‌നമുണ്ടായാല്‍ അതിന്റെ വിധി ആദ്യം പരതേണ്ടത് ഖുര്‍ആനിലാണെന്നത്. ഖുര്‍ആനും ഹദീസും പരസ്പരം വിരുദ്ധമായി വരുമ്പോള്‍ ഖുര്‍ആനിനാണ് മുന്‍ഗണന. ഖുര്‍ആന്‍ قطعي الدلالة (ഖണ്ഡിതമായ തെളിവ്)-ഉം ഹദീസ്  ظني الدلالة (അംഗീകാര സാധ്യതയുള്ള തെളിവ്)-ഉം ആണ് എന്നതാണതിന്റെ കാരണം. ഇതിനര്‍ഥം ഖുര്‍ആനില്‍ ഒരു ആയത്ത് കണ്ടാല്‍ പിന്നെ മറ്റൊന്നും നോക്കാതെ കണ്ണുംചിമ്മി അതനുസരിച്ച് വിധി പറയണമെന്നല്ല. ഒരു വിധികര്‍ത്താവും (ഖാദി) മുജ്തഹിദും തദ്വിഷയകമായി വന്ന ആയത്തുകളും ഹദീസുകളുമെല്ലാം പരിചിന്തനം ചെയ്ത ശേഷമേ വിധി പ്രസ്താവിക്കാവൂ. ഇതു തന്നെയാണ് മുആദിന്റെ ഹദീസിന്റെ താല്‍പര്യവും.
وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ
(അത് -പ്രശ്‌നങ്ങള്‍- അവര്‍ പ്രവാചകന്നും അവരിലെ കൈകാര്യകര്‍ത്താക്കള്‍ക്കും വിട്ടുകൊടുത്തിരുന്നെങ്കില്‍ അവരിലെ അന്വേഷണകുതുകികള്‍ അത് മനസ്സിലാക്കുമായിരുന്നു).

ഈ ആയത്തും ഇതേ വസ്തുതയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇനി ഈ വിഷയകമായ നിവേദനങ്ങളെല്ലാം ദുര്‍ബലമാണെന്നു വന്നാലും പ്രസിദ്ധമായ ഒരു ചരിത്രസംഭവമെന്ന നിലക്ക് പ്രസ്തുത നിവേദനത്തിന് പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ്  فقهاء الأمة പ്രസ്തുത ഹദീസ് സ്വീകാര്യമായി പരിഗണിച്ചുവരുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top