കമ്മിറ്റികളെ സകാത്ത് ഏല്‍പിക്കാമോ?

ഇല്‍യാസ് മൗലവി‌‌
img

സകാത്ത് കമ്മിറ്റികള്‍ തെറ്റോ ശരിയോ? ഒരു കാര്യത്തെ പറ്റി വിധി പറയണമെങ്കില്‍ എന്താണത് എന്ന കാര്യം അറിഞ്ഞിരിക്കണം. അതിനാല്‍ ആദ്യം സകാത്ത് കമ്മിറ്റി എന്താണെന്നു നോക്കാം.

സകാത്ത് കമ്മിറ്റി
സകാത്ത് ദായകര്‍ തങ്ങളുടെ സകാത്ത് അര്‍ഹരായവര്‍ക്ക് ഏറ്റവും ഗുണകരമായ വിധത്തില്‍ എത്തിക്കാനായി ഏല്‍പ്പിക്കുന്ന വക്കീലാണ് സകാത്ത് കമ്മിറ്റികള്‍.
രാജ്യത്തെ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത, കൃത്യമായ വരവു ചെലവുകള്‍ കാണിക്കുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന, ബാങ്ക് അക്കൗണ്ടുള്ള, ഭാരവാഹികളും മെമ്പര്‍മാരും ആരൊക്കെയാണെന്ന് രേഖയുളള, കൃത്യമായ ചിട്ടയും വ്യവസ്ഥയുമുള്ള ഒരു നിയമാനുസൃത സംവിധാനമാണ് സകാത്ത് കമ്മിറ്റികള്‍.

പ്രവര്‍ത്തനങ്ങള്‍
കമ്മിറ്റിക്ക് ലഭിക്കുന്ന സകാത്ത് ഫണ്ട് കൃത്യമായ ഉപാധികള്‍ക്ക് വിധേയമായി സകാത്തിന്റെ അവകാശികളില്‍ അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് ഏറ്റവും ഉചിതമായ രൂപത്തില്‍ എത്തിക്കുന്നു. ഗുണഭോക്താക്കളുടെ ആവശ്യവും താല്‍പ്പര്യവുമാണ് മുഖ്യമായും പരിഗണിക്കുക.
ഇങ്ങനെ പരിഗണിക്കപ്പെടുന്നവയില്‍ പ്രധാനപ്പെട്ട ചിലത് മാത്രം ഉദാഹരണത്തിന് പറയാം:
1. ഭവന നിര്‍മാണം
2. വീട് റിപ്പയര്‍
3. തൊഴിലുപകരണങ്ങളുടെ വിതരണം
4. ചികിത്സാ സഹായം
5. വിദ്യാഭ്യാസ സഹായം
6. വാഹനം, പശു, തുടങ്ങിയ ഉപജീവന മാര്‍ഗങ്ങള്‍
7. കടബാധ്യതകള്‍ തീര്‍ക്കല്‍
ഇതുപോലുള്ള സകാത്തിന്റെ വകുപ്പില്‍പെടുന്ന മേഖലയില്‍ വളരെ കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെ പദ്ധതികള്‍ തയാറാക്കി സുതാര്യമായ രൂപത്തില്‍ സകാത്ത് കൈകാര്യം ചെയ്യുന്നു. ഇതാണ് ഇത്തരം കമ്മിറ്റികള്‍ ചെയ്യുന്നത്.

ഗുണവും മേന്മയും
ഓരോരുത്തരും വ്യക്തിനിഷ്ഠമായി സകാത്ത് നല്‍കുമ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഫലപ്രദവും, സകാത്തിന്റെ ലക്ഷ്യമായ പാവപ്പെട്ടവരെ സ്വയംപര്യാപ്തരും ഐശ്വര്യവാന്മാരും ആക്കിത്തീര്‍ക്കാനും, എല്ലാ വര്‍ഷവും സകാത്ത് വാങ്ങുന്നവര്‍ എന്ന അവസ്ഥയില്‍ നിന്ന് സമ്പന്നനാക്കാനൊന്നും പറ്റിയില്ലെങ്കിലും നന്നെ ചുരുങ്ങിയത് സകാത്ത് വാങ്ങുന്നവര്‍ എന്ന അവസ്ഥയില്‍നിന്ന് വാങ്ങാതിരിക്കുന്ന അവസ്ഥയിലാക്കാനെങ്കിലും സാധിക്കുമല്ലോ. തീര്‍ച്ചയായും അങ്ങനെ സാധിക്കുന്നുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ഇത് ശരിയാവില്ലെന്ന് പറയുന്നവരുടെ ന്യായങ്ങള്‍
സകാത്ത് നല്‍കാനായി ഇങ്ങനെ വക്കീലിനെ (എജന്റ്) ചുമതലപ്പെടുത്താമോ?
തീര്‍ച്ചയായും ചുമതലപ്പെടുത്താം. ഇമാം നവവി പറയുന്നു:
وَقَالَ الإِمَامُ النَّوَوِيُّ: لَهُ أَنْ يُوَكِّلَ فِي صَرْفِ الزَّكَاةِ الَّتِي لَهُ تَفْرِيقُهَا بِنَفْسِهِ، فَإِنْ شَاءَ وَكَّلَ فِي الدَّفْعِ إلَى الْإِمَامِ وَالسَّاعِي، وَإِنْ شَاءَ فِي التَّفْرِقَةِ عَلَى الْأَصْنَافِ. وَكِلَاهُمَا جَائِزٌ بِلاَ خِلَافٍ. وَإِنَّمَا جَازَ التَّوْكِيلُ فِي ذَلِكَ مَعَ أَنَّهَا عِبَادَةٌ لِأَنَّهَا تُشْبِهُ قَضَاءِ الدُّيُونِ، وَلِأَنَّهُ قَدْ تَدْعُوَا الْحَاجَةُ إلَى الْوَكَالَةِ لِغَيْبَةِ الْمَالِ، وَغَيْرِ ذَلِكَ. قَالَ أَصْحَابُنَا: سَوَاءٌ وَكَّلَهُ فِي دَفْعِهَا مِنْ مَالِ الْمُوَكِّلِ، أَوْ مِنْ مَالِ الْوَكِيلِ، فَهُمَا جَائِزَانِ بِلَا خِلَافٍ. -شَرْحُ الْمُهَذَّبِ: بَابُ قِسْمِ الصَّدَقَاتِ.
ഇമാം നവവി പറഞ്ഞു: സക്കാത്ത് വിതരണം ചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തി ആവുന്നതാണ് സ്വന്തം നിലക്ക് വിതരണം ചെയ്യാവുന്നത് പോലെ തന്നെ ഒരാള്‍ക്ക് തന്റെ സകാത്ത് സ്വന്തം നിലക്ക് വിതരണം ചെയ്യാവുന്നത് പോലെ തന്നെ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതുമാണ്. അതുപോലെ സകാത്ത് നല്‍കുന്ന വിഷയത്തില്‍ ഭരണാധികാരിയെയോ, അദ്ദേഹം നിശ്ചയിച്ച ഉദ്യോഗസ്ഥരെയോ ഏല്‍പ്പിക്കുകയാണെങ്കില്‍ അങ്ങനെയും ചെയ്യാം. ഇനി അവകാശികള്‍ക്ക് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതും അനുവദനീയമാണ് എന്നതിലും തര്‍ക്കമില്ല . സാകാത്ത് ഒരു ഇബാദത്ത് ആയിരിക്കെ അതില്‍ വക്കാലത്ത് അനുവദനീയമായത് അത് കടം വീട്ടുന്നതിനോട് സാമ്യമുള്ളതുകൊണ്ടാണ്. മുതല്‍ കയ്യിലില്ലാത്തതിനാല്‍  വക്കാലത്ത് ഏല്‍പ്പിക്കേണ്ട  ആവശ്യവും ഉണ്ടായേക്കാം. നമ്മുടെ മദ്ഹബിനെ ആചാര്യന്മാര്‍ പറഞ്ഞു : ഏല്‍പ്പിക്കുന്ന വ്യക്തി തന്റെ മുതലില്‍ നിന്ന് തന്നെ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെങ്കിലും അതല്ല, വക്കീലിന്റെ മുതലില്‍ നിന്ന് നല്‍കാന്‍ അയാളെ ഏല്‍പ്പിക്കുക  യാണെങ്കിലും രണ്ടായാലും അനുവദനീയമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. -(ശറഹുല്‍ മുഹദ്ദബ്: സകാത്ത് വിതരണം എന്ന അധ്യായം).

വക്കീല്‍ നിയ്യത്ത് ചെയ്തില്ലെങ്കിലും സാധുവാകും
സകാത്ത് ശരിയാവണമെങ്കില്‍ നിയ്യത്ത് ശര്‍ത്വാണെന്നും കമ്മിറ്റി എങ്ങനെയാണ് നിയ്യത്ത് വെക്കുക എന്നുമാണ് മറ്റൊരു ചോദ്യം. യഥാര്‍ഥത്തില്‍ ശാഫിഈ മദ്ഹബനുസരിച്ചു തന്നെ സകാത്ത് നല്‍കുന്നയാള്‍ നിയ്യത്ത് ചെയ്താല്‍ മതിയാവും. അങ്ങനെ ഒരാള്‍ക്ക് വക്കാലത്ത് ഏല്‍പ്പിക്കുമ്പോള്‍ ദായകന്‍ നിയ്യത്ത് ചെയ്താല്‍ പിന്നെ ഏല്‍പ്പിക്കപ്പെട്ട വക്കീല്‍ നിയ്യത്ത് ചെയ്തില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. എങ്കിലും വക്കീല്‍ കൂടി നിയ്യത്ത് ചെയ്താല്‍ അതാണുത്തമം. അക്കാര്യം ഇമാം നവവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നവവി തന്നെ പറയട്ടെ:
وَقَال َالإِمَامُ النَّوَوِيُّ: وَتَكْفِي نِيَّةُ الْمُوَكِّلِ عِنْدَ الصَّرْفِ إلَى الْوَكِيلِ فِي الْأَصَحِّ، وَالْأَفْضَلُ أَنْ يَنْوِيَ الْوَكِيلُ عِنْدَ التَّفْرِيقِ أَيْضًا. - مِنْهَاجُ الطَّالِبِينَ.
ഇമാം നവവി പറഞ്ഞു: ഏറ്റവും പ്രബലമായ അഭിപ്രായനുസരിച്ച് ഒരാള്‍ തന്റെ സകാത്ത് വക്കീലിനെ ഏല്‍പ്പിക്കുമ്പോള്‍ അയാളുടെ നിയ്യത്ത് മതിയാവും, എങ്കിലും സകാത് വിതരണം ചെയ്യുമ്പോള്‍ വക്കീലും നിയ്യത്ത് ചെയ്യുന്നതാണുത്തമം. - (മിന്‍ഹാജ്).
സകാത്ത് കമ്മിറ്റിയില്‍ ഈ കാര്യം നിര്‍വഹിക്കുമ്പോള്‍ സോദ്ദേശ്യം (നിയ്യത്തോടു കൂടി) തന്നെയാണ് ഇതൊക്കെ ചെയ്യാറുള്ളത്. ചുരുക്കത്തില്‍ നിയ്യത്തിന്റെ കാര്യം പറഞ്ഞുകൊണ്ടുള്ള ആരോപണത്തില്‍ കഴമ്പില്ല.

ഇനി അങ്ങനെ ചുമതലപ്പെടുത്തുന്നത് ഒരു ശുദ്ധ കാഫിറിനെ തന്നെയായാലും ഒരു പ്രശ്‌നവുമില്ല. അക്കാര്യം ഇമാം ബഗവി പറഞ്ഞത് ഇമാം നവവി ഉദ്ധരിച്ചത് ഇങ്ങനെ വായിക്കാം:
قَالَ الْبَغَوِيُّ فِي أَوَّلِ بَابِ نِيَّةِ الزَّكَاةِ: وَيَجُوزُ أَنْ يُوَكِّلَ عَبْدًا أَوْ كَافِرًا فِي إخْرَاجِ الزَّكَاةِ، كَمَا يَجُوزُ تَوْكِيلُهُ فِي ذَبْحِ الْأُضْحِيَّةِ.-شَرْحُ الْمُهَذَّبِ: بَابُ قِسْمِ الصَّدَقَاتِ.
സകാത്തിന്റെ നിയ്യത്തിന്റെ അധ്യായത്തിന്റെ തുടക്കത്തില്‍ ഇമാം ബഗവി പറയുന്നു: സകാത്ത് വിതരണം ചെയ്യാനായി കാഫിറിനെയോ അടിമയെയോ വക്കീലാക്കാവുന്നതാണ്. ഉദ്ഹിയ്യത്ത് അറുക്കുവാന്‍ ചുമതലപ്പെടുത്തുന്നപോലെ.- (ശര്‍ഹുല്‍ മുഹദ്ദബ്: സകാത്ത് വിതരണം എന്ന അധ്യായം).

കമ്മിറ്റി വ്യക്തിയല്ല, ആശയമാണ്
എന്നാല്‍ കമ്മിറ്റി വ്യക്തിയല്ല, ആശയമാണെന്നും ആശയത്തെ വക്കാലത്താക്കാന്‍ പറ്റില്ല എന്നും, ശാഫിഈ മദ്ഹബ് പ്രകാരം വ്യക്തി തന്നെ ആയിരിക്കല്‍ നിര്‍ബന്ധമാണെന്നും അങ്ങനെയല്ലാത്തതിനാല്‍ കമ്മിറ്റികള്‍ക്ക് സകാത്ത് കൊടുത്താല്‍ വീടുകയില്ല എന്നുമാണ് യാഥാസ്ഥിതികരുടെ വാദം.

ഈ വാദം പക്ഷേ സകാത്ത് കമ്മിറ്റികള്‍ക്കു മാത്രമേ ഇവര്‍ ബാധകമാക്കുകയുള്ളൂ എന്നതാണ് കൗതുകം. കച്ചവടം, വാടക, കടം, പണയം എന്ന് തുടങ്ങി എല്ലാതരം സാമ്പത്തിക ഇടപാടുകളും (العُقُود) നടത്തുമ്പോള്‍ ഇടപാടുകാര്‍(العَاقِدَانِ)  പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമൊക്കെയുള്ള വ്യക്തിയായിരിക്കണമെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ഈ നിബന്ധന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവര്‍ ബാധകമാക്കാറുണ്ടോ? കമ്പനികള്‍ തമ്മില്‍ ഇടപാടുകള്‍ നടത്താറില്ലേ? അതൊക്കെ ബാത്വിലാണ് എന്നാണോ ഇവരുടെ വീക്ഷണം? എങ്കിലത് തുറന്നു പറഞ്ഞ് സമുദായത്തെ ബോധവല്‍ക്കരിക്കാത്തതെന്ത്?
ബിസിനസ്സ് ഇടപാടുകള്‍ നടത്തുമ്പോള്‍ ക്രേതാവും വിക്രേതാവും  (البَائِع ، المُشْتَرِي) കമ്പനികളായിരിക്കും. അല്ലെങ്കില്‍ ട്രസ്റ്റും കമ്പനിയുമായിരിക്കും. ആ ഇടപാട് ബാത്വിലാണോ?
കരാറില്‍ ഒപ്പുവെക്കുന്നത് വ്യക്തികളാണല്ലോ എന്നാണ് ഉത്തരമെങ്കില്‍ സകാത്ത് കമ്മിറ്റികളിലും മജ്ജയും മാംസവുമുള്ള വ്യക്തികളാണ്, അല്ലാതെ റോബോട്ടുകളല്ല എന്നാണ് പറയാനുള്ളത്.

അപ്പോള്‍ ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത് ശാഫിഈ മദ്ഹബ് മുറുകെ പിടിക്കാനുള്ള താല്‍പര്യമൊന്നുമല്ല, വ്യവസ്ഥാപിതമായ സകാത്ത് സംവിധാനം നടപ്പില്‍ വരുമ്പോള്‍ ഒരുപാട് സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വിഘ്‌നം സംഭവിക്കുന്നു എന്നതാണ്.

വക്കീലിനെ നിജപ്പെടുത്തല്‍
വക്കീലിനെ നിജപ്പെടുത്തണം എന്നാലേ വക്കാലത്ത് ശരിയാവൂ എന്നും കമ്മിറ്റി വ്യക്തിയല്ലാത്തതിനാല്‍ നിജപ്പെടുത്തല്‍ സാധ്യമല്ലെന്നും അതിനാല്‍ വക്കാലത്ത് സാധുവാകില്ലെന്നുമാണ് മറ്റൊരു വാദം.
ഇവിടെ നിജപ്പെടുത്തണമെന്ന് പറഞ്ഞതില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന്‍ തന്നെയാവണമെന്നുണ്ടോ? ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നത് ഇങ്ങനെയാണ്:
وَقَالَ شَيْخُ الْإِسْلَامِ زَكَرِيَّا الْأَنْصَارِيُّ: وَيُشْتَرَطُ في الْوَكِيلِ مُطْلَقًا أَنْ يَكُونَ مُعَيَّنًا فَلَوْ قال أَذِنْت لِكُلِّ من أَرَادَ بَيْعَ دَارِي أَنْ يَبِيعَهَا أو قال لِرَجُلَيْنِ وَكَّلْت أَحَدَكُمَا بِبَيْعِ دَارِي لم يَصِحَّ.-أَسْنَى الْمَطَالِبِ: 2/265.
ശൈഖുല്‍ ഇസ്ലാം സകരിയ്യ ല്‍ അന്‍സ്വാരി പറയുന്നു: വക്കീല്‍ നിജപ്പെടുത്തണം എന്നത് നിരുപാധികം ശര്‍ത്വാ ക്കപ്പെടും. അതിനാല്‍ എന്റെ വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരാള്‍ക്കും അത് വില്‍ക്കാനുള്ള അനുമതി ഞാന്‍ നല്‍കിയിരിക്കുന്നു എന്നോ, അല്ലെങ്കില്‍ രണ്ടു പേരോട് ഞാന്‍ നിങ്ങളില്‍ ആരെങ്കിലും ഒരാളെ എന്റെ വീട് വില്‍ക്കാന്‍ ചുമതലപ്പെടുത്തി എന്നോ പറഞ്ഞാല്‍  അത് സാധുവാകുകയില്ല.- (അസ്‌നല്‍ മത്വാലിബ്: 2 /265).

ഇതിലെവിടെയാണ് വ്യക്തിയാവണമെന്നുള്ളത്?
വക്കീല്‍ വ്യക്തിയാവണം എന്ന് ഇവരുടെ ശാഠ്യം പക്ഷേ എല്ലാ ഇടപാടുകളിലും കാണിക്കാറില്ല. കച്ചവടത്തില്‍ ക്രേതാവും വിക്രേതാവും എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്ന് പറയുന്നത് കമ്പനിക്ക് ബാധകമാണോ എന്നു ചോദിച്ചാല്‍ ഇവര്‍ക്ക് ഉത്തരം മുട്ടും. കാരണം കച്ചവടം, വാടക പണയം എന്നു തുടങ്ങിയ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന ഇടപാടുകാര്‍ ബുദ്ധിയും വിവേകവുമുള്ള വ്യക്തികളായിരിക്കണമെന്ന ഉപാധി (شرط) പ്രത്യേകം പറഞ്ഞതു കാണാം.
وَقَالَ الإِمَامُ النَّوَوِيُّ: وَشَرْطُ الْعَاقِدِ الرُّشْدُ.- مِنْهَاج الطَّالِبِين. قَالَ الْعَلَّامَةُ مُحَمَّدٌ الشِّرْبِينِيُّ الْخَطِيبُ: وَشَرْطُ الْعَاقِدِ بَائِعًا أَوْ مُشْتَرِيًا الرُّشْدُ وَهُوَ أَنْ يَتَّصِفَ بِالْبُلُوغِ وَالصَّلَاحِ لِدِينِهِ وَمَالِهِ.-مُغْنِي الْمُحْتَاجِ: كِتَابُ البَيعِ.
ഇമാം നവവി പറഞ്ഞു: ഇടപാടുകാരന്‍ കാര്യബോധമുള്ളവനായിരിക്കുക എന്നത് ഉപാധിയാണ്.- (മിന്‍ഹാജ്). ഖത്വീബു ശ്ശിര്‍ബീനി പറയുന്നു: ക്രേതാവായാലും വിക്രേതാവായാലും ഇടപാടുകാരന്‍  കാര്യബോധമുള്ളവനായിരിക്കുക എന്നത് ഉപാധിയാണ്. എന്നു വച്ചാല്‍ പ്രായപൂര്‍ത്തി, ദീനീ നിഷ്ഠയിലും, സമ്പത്ത് കൈകാര്യം ചെയ്യുന്നതിലും യോഗ്യത എന്നീ ഗുണങ്ങളുണ്ടായിരിക്കണം എന്നര്‍ഥം. - (മുഗ്‌നില്‍ മുഹ്താജ്: കച്ചവടത്തിന്റെ അധ്യായം).
എന്നാല്‍ ഇന്ന് മുസ്‌ലിംകള്‍ പല കമ്പനികളും നടത്തുന്നുണ്ട്. ആ കമ്പനികള്‍ ഒക്കെയും പലവിധ ഇടപാടുകളിലും ഏര്‍പ്പെടുന്നുമുണ്ട്. അപ്പോഴൊക്കെ കമ്പനിയാണ് ഇടപാടുകാരനായിട്ടുണ്ടാവുക. അത് ശാഫിഈ മദ്ഹബനുസരിച്ച് ശരിയാകുമോ? കമ്പനി  ഇടപാടുകാരനാവാന്‍ പറ്റുമോ? 

പറ്റില്ലെങ്കില്‍ കമ്പനികള്‍ (العَاقِد) ആയി നടത്തുന്ന ഇടപാടുകള്‍ ബാത്വിലാണോ? ഹജ്ജ് ഉംറ വരെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന ഇടപാടുകള്‍ ബാത്വിലാണോ?
അതോ ഇപ്പറഞ്ഞ ശാഫിഈ മദ്ഹബ് പ്രേമം സകാത്ത് കമ്മിറ്റിയുടെ വിഷയത്തില്‍ മാത്രമാണോ ബാധകം?

യഥാര്‍ഥത്തില്‍ സകാത്ത് കമ്മിറ്റിയിലുള്ളത് എന്നു പറയുന്നത് ജിന്നുകളോ മലക്കുകളോ അല്ല, പ്രത്യുത വിശ്വസ്തരും സത്യസന്ധരുമായ മനുഷ്യരാണ്. ആ വ്യക്തികളെയാണ് ഈ സകാത്ത് ഏല്‍പ്പിക്കുന്നത്. അങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ അതിലുള്ള ഏത് വ്യക്തിയെയാണോ ഏല്‍പ്പിക്കുന്നത് ആ വ്യക്തിയെ നിജപ്പെടുത്തിയാല്‍ മതി, അദ്ദേഹത്തോടൊപ്പം ഏത് മുസ്ലിം കൂടെ കൂടിയാലും വക്കാലത്തിനെ അതു ബാധിക്കുകയില്ല. അക്കാര്യം ശാഫിഈ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാം.

ഖത്വീബ്, ബുജൈരിമി, ജമല്‍ തുടങ്ങിയവരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  (وعلَيْهِمَاالعَمَلُ)(അതാണ് പ്രാബല്യത്തിലുള്ളത്) എന്നു കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
قَالَ الْعَلَّامَةُ مُحَمَّدٌ الشِّرْبِينِيُّ الْخَطِيبُ: لَوْ قَالَ: وَكَّلْتُك فِي بَيْعِ كَذَا مَثَلًا وَكُلَّ مُسْلِمٍ صَحَّ كَمَا بَحَثَهُ شَيْخُنَا. قَالَ: وَعَلَيْهِ الْعَمَلُ. مُغْنِي الْمُحْتَاجِ: كِتَابُ الْوَكَالَةِ.
അല്ലാമാ മുഹമ്മദുശ്ശിര്‍ബീനില്‍ ഖത്വീബ് പറയുന്നു: 'ഒരാള്‍ ഒരാളോട് ഞാന്‍ നിന്നെ ഇന്ന ഇടപാടില്‍ വക്കീലാക്കിയിരിക്കുന്നു; എല്ലാ മുസ്‌ലിംകളെയും എന്നു പറഞ്ഞാല്‍, നമ്മുടെ ശൈഖ് ചര്‍ച്ച ചെയ്തതുപോലെ, സാധുവാകും. അതാണ് പ്രാബല്യത്തിലുള്ളത്.'
قَالَ الشيْخ عُثْمَانُ ابْنُ الْعَلَّامَةِ سُلَيْمَانِ السُّوَيْفِيِّ: لَوْ قَالَ : وَكَّلْتُك فِي بَيْعِ كَذَا مَثَلًا وَكُلُّ مُسْلِمٍ صَحَّ كَمَا بَحَثَهُ بَعْضُ الْمُتَأَخِّرِينَ وَعَلَيْهِ الْعَمَلُ . - تُحْفَةُ الْحَبِيبِ عَلَى شَرْحِ الْخَطِيبِ.
ശൈഖ് ഉസ്മാനുബ്‌നുല്‍ അല്ലാമ സുലൈമാനിസ്സുവൈഫീ പറയുന്നു: 'ഒരാള്‍ ഒരാളോട് ഇന്ന ഇടപാടില്‍ നിന്നെ ഞാന്‍ വക്കീലാക്കിയിരിക്കുന്നു; എല്ലാ മുസ്‌ലിംകളെയും എന്നു പറഞ്ഞാല്‍ അത് സാധുവാകും. പില്‍ക്കാല പണ്ഡിതന്മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതാണ് പ്രാബല്യത്തിലുള്ളതും.'
ഇവരെല്ലാം ഇക്കാര്യം പറഞ്ഞ ശേഷം, അതാണ് പ്രാബല്യത്തിലുള്ളതെന്നും പ്രത്യേകം സൂചിപ്പിക്കുന്നു:
وَشَرَطَ فِيهِ تَعْيِينَهُ فَلَوْ قَالَ لِاثْنَيْنِ وَكَّلْتُ أَحَدَكُمَا فِي كَذَا لَمْ يَصِحَّ، وَهَذَا مِنْ زِيَادَتِي نَعَمْ لَوْ قَالَ وَكَّلْتُك فِي بَيْعِ كَذَا مَثَلًا وَكُلَّ مُسْلِمٍ صَحَّ فِيمَا يَظْهَرُ، وَعَلَيْهِ الْعَمَلُ.-حَاشِيَةُ الْجَمَلِ: كِتَابُ الْوَكَالَةِ.
വക്കാലത്താക്കുമ്പോള്‍ വക്കീലിനെ നിജപ്പെടുത്തല്‍ ശര്‍ത്വാണ്. അതിനാല്‍ രണ്ടു പേരോട് നിങ്ങളിലൊരാളെ ഇന്ന കാര്യത്തില്‍ ഞാന്‍ വക്കീലാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് സാധുവാകില്ല. ഇതെന്റെ വിശദീകരണമാണ്. ശരിയാണ്, ഇന്നത് വില്‍ക്കുന്ന കാര്യത്തില്‍ ഞാന്‍ നിന്നെയും, അതുപോലെ ഏതൊരു മുസ്‌ലിമിനെയും വക്കീലാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് സാധുവാണ്  എന്നാണ് ബോധ്യമാകുന്നത്. ആ വീക്ഷണമാണ് പ്രാബല്യത്തിലുള്ളതും.- (ഹാശിയതുല്‍ ജമല്‍: വക്കാലത്തിന്റെ അധ്യായം).

ദ ലീഗല്‍ പേഴ്‌സണാലിറ്റി
ഇവിടെയാണ് പൗരാണിക ഫുഖഹാക്കള്‍ നേര്‍ക്കു നേരെ കൈകാര്യം ചെയ്തിട്ടില്ലാത്തതും, എന്നാല്‍ ആധുനിക ഫുഖഹാക്കള്‍ അംഗീകരിച്ചതുമായ ഒരു സാങ്കേതിക സംജ്ഞയുടെ പ്രസക്തി.

അതാണ്.  الشَّخْصِيَّة الإعتِبارِيَّة അഥവാ ( The legal personality ), അഥവാ നിയമപരമായ വ്യക്തിത്വം. കമ്പനികള്‍, ട്രസ്റ്റുകള്‍, കമ്മിറ്റികള്‍, ഏജന്‍സികള്‍, സംഘടനകള്‍ തുടങ്ങിയവയെയൊക്കെ ആധുനിക ഫുഖഹാക്കള്‍ ഇതിലാണ് പെടുത്തിയിട്ടുള്ളത്. ആധുനിക കാലത്തെ പ്രമുഖ ഫഖീഹും, 11 വാള്യങ്ങളുള്ള ഫിഖ്ഹ് വിജ്ഞാന കോശത്തിന്റെ കര്‍ത്താവുമായ ഡോ. അല്ലാമാ വഹബഃ സുഹൈലി പറയുന്നു:
يَقُولُ الدُّكْتُورُ وَهَبَةُ الزُّحَيْلِي رَحِمَهُ اللَّهُ:
وَيُقِرُّ الْفِقْهُ الْإِسْلَامِيُّ مَا يُسَمَّى قَانُوناً: الشَّخْصِيَّةُ الِاعْتِبَارِيَّةُ، أَوِ الْمَعْنَوِيَّةُ أَوْ الشَّخْصِيَّةُ الْمُجَرَّدَةِ عَنْ طَرِيقِ الِاعْتِرَاف لِبَعْضِ الْجِهَاتِ الْعَامَّة ِكَالْمُؤَسَّسَاتِ وَالْجَمْعِيَّاتِ وَالشَّرِكَاتِ وَالْمَسَاجِدِ، بِوُجُودِ شَخْصِيَّةٍ تُشْبِهُ شَخْصِيَّةَ الْأَفْرَادِ الطَّبِيعِيِّينَ فِي أَهْلِيَّةِ التَّمَلُّكِ وَثُبُوتِ الْحُقُوقِ، وَالِالْتِزَامِ بِالْوَاجِبَاتِ. وَافْتِرَاضُ وُجُودِ ذِمَّةٍ مُسْتَقِلَّةٍ لِلْجِهَةِ الْعَامَّةِ بِقَطْعِ النَّظَرِ عَنْ ذِمَمِ الْأَفْرَادِ التَّابِعِينَ لَهَا، أَوِ الْمُكَوَّنِينَ لَهَا.

ഡോ. വഹബ അല്‍ സുഹൈലി (റഹിമഹുല്ലാഹ്) പറയുന്നു: നിയമത്തിന്റെ ഭാഷയില്‍ വിളിക്കപ്പെടുന്ന 'നൈയാമിക വ്യക്തിത്വം' (The legal personality) നിയമാധിഷ്ഠിത  വ്യക്തിത്വം, അല്ലെങ്കില്‍ വേറിട്ട വ്യക്തിത്വം  എന്നത് ഫിഖ്ഹ് അംഗീകരിക്കുന്നുണ്ട്. അംഗീകൃതമായ  ചില പൊതുസ്ഥാപനങ്ങള്‍,  ഉദാഹരണത്തിന് സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, പള്ളികള്‍ തുടങ്ങിയവ. കാരണം പ്രകൃത്യായുള്ള വ്യക്തികള്‍ക്കുള്ളതിനോട് സാദൃശ്യമുള്ള വ്യക്തിത്വം ഇവക്കുണ്ട്. ഇത്തരം സ്ഥാപനങ്ങളമായി ബന്ധപ്പെട്ടവരോ അതിന്റെ സ്ഥാപക ഘടകങ്ങളോ ആയ വ്യക്തികളില്‍നിന്നും വിഭിന്നമായി  സ്വതന്ത്രമായ സാങ്കല്‍പിക അസ്തിത്വം ഉള്ളതിനാല്‍   ഇവക്ക് ഉടമപ്പെടുത്താനും അവകാശങ്ങള്‍ സ്ഥാപിക്കാനും ബാധ്യതകള്‍ ഏല്‍ക്കാനും സാധിക്കും.
وَقَدْ جَاءَ تَعْرِيفُ الشَّخْصِيَّةِ الِاعْتِبَارِيَّةِ فِي كِتَابِ: الْمَدْخَلِ إلَى فِقْهِ الْمُعَامَلَات الْمَالِيَّة لِلْأُسْتَاذ دُكْتُور مُحَمَّدٍ عُثْمَانُ شبير، كَمَا يَلِي:
الشَّخْصِيَّةُ الِاعْتِبَارِيَّةُ تَعْنِي اعْتِبَارَ الْمُنْشَأَةِ الَّتِي تَرْمِي إلَى هَدَفٍ مُعَيَّنٍ شَخْصاً مُسْتَقِلاًّ عَنْ أَشْخَاصِ الْمُكَوِّنِينَ لَهَا أَوْ الْقَائِمِينَ عَلَيْهَا. بِحَيْثُ تَكُونُ لَهَا ذِمَّةٌ مَالِيَّةٌ خَاصَّةً وَمُسْتَقِلَّةً عَنْ هَؤُلَاءِ الْأَشْخَاصِ، تَسْتَطِيع بِوَاسِطَتِهَا أَن تَتَمَلَّكَ وَتَتَعَاقَدَ، وَأَنْ تَكُونَ دَائِنَةً وَمَدِينَةً، وَأَنْ تَلْتَزِم بِالْحُقُوقِ، وَتَلْتَزِمَ بِالْوَاجِبَاتِ مِثْلُ الشَّخْصِ الطَّبِيعِيِّ. -الْمُفَصَّلُ فِي أَحْكَامِ الرِّبَا.

നിയമദത്ത വ്യക്തിത്വം (legal personality/ judicial person)
'ആധുനിക സാമ്പത്തിക ഇടപാടുകള്‍ക്കൊരു പ്രവേശിക' എന്ന ഗ്രന്ഥത്തില്‍ ഡോ. മുഹമ്മദ് ഉസ്മാന്‍ ശുബൈര്‍ 'നിയമദത്ത വ്യക്തിത്വം' (Lega personality) എന്നതിനെ താഴെ പറയും പ്രകാരമാണ് നിര്‍വചിച്ചിട്ടുള്ളത്: 'നടത്തിപ്പുകാര്‍ക്ക് പകരം, ഒരു നിശ്ചിത ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തന്നെ സ്വതന്ത്രമായ വ്യക്തിയായി പരിഗണിക്കുന്നതിനെയാണ് ലീഗല്‍ പേഴ്‌സണ്‍ എന്നു പറയുന്നത്. ഈ കല്‍പിത നിയമദത്ത വ്യക്തിക്ക് (സ്ഥാപനത്തിന്), സ്ഥാപകരോ നടത്തിപ്പുകാരോ ആയവരില്‍നിന്ന് വേറിട്ട സ്വതന്ത്രവും സവിശേഷവുമായ സാമ്പത്തികാധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ടാകും. ഒരു സാധാരണ വ്യക്തിക്കെന്ന പോലെ, ഈ കല്‍പിത (Deemed) വ്യക്തി മുഖേന വസ്തുവഹകള്‍ സ്വായത്തമാക്കാനും ഇടപാടുകളില്‍ ഏര്‍പ്പെടാനും കഴിയും. കടം നല്‍കാനും കടം വാങ്ങാനും, അവകാശങ്ങള്‍ സിദ്ധിക്കാനും ബാധ്യതകളേറ്റെടുക്കാനുമാകും.'

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top