ഖുര്‍ആനിലെ ചില അധ്യായങ്ങളില്‍ അസ്മാഉല്‍ ഹുസ്‌നാ ഇല്ലാത്തത് എന്തുകൊണ്ട്? അല്‍കാഫിറൂന്‍ അധ്യായത്തിന്റെ വെളിച്ചത്തില്‍ ഒരു നിരീക്ഷണം

ഡോ. ഇബ്‌റാഹീം സ്വലാഹുല്‍ ഹുദ്ഹുദ് (അസ്ഹര്‍ യൂനിവേഴ്‌സിറ്റി)‌‌
img

വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍, അല്‍ഖാരിഅഃ, അല്‍ അസ്വ്ര്‍, അല്‍ മാഊന്‍, അല്‍ കാഫിറൂന്‍, അല്‍ മസദ് എന്നീ അധ്യായങ്ങളില്‍ അസ്മാഉല്‍ ഹുസ്‌നാ (അല്ലാഹുവിന്റെ വിശിഷ്ട ഗുണനാമങ്ങള്‍)യിലെ ഒന്നുപോലും നേരിട്ടോ, സാങ്കല്‍പികമായോ, അവയിലേതെങ്കിലും സൂചിപ്പിക്കുന്ന സര്‍വനാമമായോ വന്നിട്ടില്ല. അതിനു പിന്നില്‍ ചില രഹസ്യങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം വിശുദ്ധ ഖുര്‍ആനില്‍ അസ്മാഉല്‍ ഹുസ്‌നാ സമൃദ്ധമായി വന്നിട്ടുണ്ട്. നൂറ്റൊമ്പത് അധ്യായങ്ങളിലായി ഏതാണ്ട് നാലായിരത്തോളം സ്ഥലങ്ങളില്‍.
ذوالفضل العظيم ، مليك مقتدر ، ملك النّاس ، علاّم الغيوب ، إله ، ربّ
 എന്നിവ ഒഴികെ.
ഇമാം തുര്‍മുദിയുടെ 'അല്‍ജാമിഉസ്സ്വഹീഹി'ല്‍ ഉദ്ധരിച്ചു വന്ന 'അസ്മാഉല്‍ ഹുസ്‌നാ'യാണ് ഞാന്‍ ഇവിടെ പരിഗണിച്ചിരിക്കുന്നത്.
വിഷയം പരിശോധിച്ചപ്പോള്‍ അധ്യായം അവതരിച്ച പശ്ചാത്തലം സവിശേഷം ശ്രദ്ധിച്ചിട്ടുണ്ട്. മേല്‍ അധ്യായങ്ങളിലെയും 'ബിസ്മി' ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവതരണ പരമ്പരയില്‍ അധ്യായത്തിന്റെ സ്ഥാനം, അതിലെ സൂചന, ഖുര്‍ആനില്‍ അധ്യായത്തിന്റെ സ്ഥാനം, അതിലെ സൂചന, അവതരണ പശ്ചാത്തലം, അധ്യായത്തിന്റെ മൊത്തം ഊന്നല്‍, അവതരണാവസ്ഥ പരിഗണിക്കുമ്പോള്‍ അധ്യായത്തിന്റെ ഘടന, അധ്യായത്തില്‍ അസ്മാഉല്‍ ഹുസ്‌നാ ഇല്ലാതിരുന്നതും അതിന്റെ ഔചിത്യവും, എല്ലാ കാലങ്ങള്‍ക്കും അനുയോജ്യമായ അധ്യായത്തിന്റെ ഘടനകള്‍ മുതലായവ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ വിഷയകമായ എന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും സുബദ്ധമാണെങ്കില്‍ അത് അല്ലാഹുവിങ്കല്‍നിന്നുള്ള ദാനമാണ്, തെറ്റെങ്കില്‍ അത് എന്റെ ഭാഗത്തോളമുള്ള വീഴ്ചയാണ് എന്ന് സമ്മതിച്ച് വിഷയത്തിലേക്ക് കടക്കാം.
അവതരണ പശ്ചാത്തലം
'അല്‍കാഫിറൂന്‍' അധ്യായം മക്കയില്‍ അവതരിച്ച പതിനെട്ടാമത്തെ അധ്യായമാണ് (അല്‍ അലഖ് - അല്‍ഖലം- അല്‍ മുസ്സമ്മില്‍- അല്‍മുദ്ദസിര്‍- അല്‍ ഫാതിഹ- അല്‍ മസദ്- അത്തക്‌വീര്‍- അല്‍ അഅ്‌ലാ- അല്ലൈല്‍- അല്‍ ഫജ്ര്‍- അദ്ദുഹാ- അശ്ശര്‍ഹ്- അല്‍ അസ്വ്ര്‍- അല്‍ ആദിയാത്ത്- അല്‍ കൗസര്‍- അത്തകാസുര്‍- അല്‍ മാഊന്‍- അല്‍ കാഫിറൂന്‍).
അസ്മാഉല്‍ ഹുസ്‌നായിലെ ഒരു നാമവും പരാമര്‍ശിക്കപ്പെടാത്ത 'മാഊന്‍' അധ്യായത്തിനു ശേഷമാണ് 'അല്‍കാഫിറൂന്‍' അവതരിച്ചിരിക്കുന്നത്. മാഊനിനു മുമ്പായി അവതരിച്ച 'അത്തകാസുര്‍' അധ്യായത്തില്‍ 'അല്ലാഹു' എന്ന നാമം വ്യക്തമായി വന്നിട്ടില്ല. لترونഎന്നതിനു മുമ്പ് കളഞ്ഞുപോയ والله എന്ന നാമം മാത്രമേ പറയാനുള്ളൂ.
രണ്ടധ്യായങ്ങളിലും ശത്രുക്കള്‍ക്ക് കനത്ത താക്കീതു നല്‍കുന്നുണ്ട്.
كَلَّا سَوْفَ تَعْلَمُونَ ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾
'വേണ്ട, നിങ്ങള്‍ പിറകെ അറിയുക തന്നെ ചെയ്യും, വീണ്ടും വേണ്ട നിങ്ങള്‍ അറിയുക തന്നെ ചെയ്യും' (അത്തകാസുര്‍: 3,4). മാഊന്‍ അധ്യായത്തിലാവട്ടെ, ദീനിനെ കളവാക്കുന്നവരെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മക്കയിലെ മുഖ്യന്മാരെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഖുര്‍ആന്റെ മുഖ്യ അഭിസംബോധന. അതുകൊണ്ടുതന്നെ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഭീഷണി കടുത്ത സ്വരത്തിലായിരുന്നു. മാഊനു ശേഷം അവതരിച്ച 'അല്‍ഫീല്‍' അധ്യായത്തിലാവട്ടെ, ആര്‍ക്കും അജ്ഞാതമല്ലാത്തവിധം പ്രചാരത്തിലുള്ള കഅ്ബാ ധ്വംസനത്തിനു ശ്രമിച്ച് സ്വയം നാശമേറ്റുവാങ്ങിയ അബ്‌റഹത്തിന്റെയും സൈന്യത്തിന്റെയും ചരിത്രം വിവരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശക്തിയുടെയും ശത്രുക്കളുടെ പരാജയത്തിന്റെയും ചരിത്ര സംഭവമാണ് അതിലെ പ്രമേയം. മാഊന്‍ അധ്യായത്തിലെ ഭീഷണി വാചികമായിരുന്നുവെങ്കില്‍ അല്‍ഫീല്‍ അധ്യായത്തിലെ ഭീഷണി പ്രായോഗികമായി നടപ്പിലാക്കിക്കൊണ്ടായിരുന്നു. അബ്‌സീനിയയിലേക്കുള്ള പലായനത്തിന്റെ മുമ്പ്, അതീവ ദുഷ്‌കരമായ പ്രതിസന്ധി ഘട്ടത്തിലാണ് അല്‍ഫീല്‍ അധ്യായം അവതരിച്ചത്.

ഖുര്‍ആനില്‍ അല്‍ കാഫിറൂന്‍ അധ്യായത്തിന്റെ സ്ഥാനം
'അല്‍കാഫിറൂന്‍' അധ്യായം മുസ്വ്ഹഫില്‍ അല്‍കൗസറിനു ശേഷവും അന്നസ്വ്‌റിനു മുമ്പുമായി നൂറ്റി ഒമ്പതാം അധ്യായമായാണ് ക്രോഡീകരിച്ചിരിക്കുന്നത്. 'തീര്‍ച്ചയായും നിന്റെ ശത്രുവാണ് വാലറ്റവന്‍' (കൗസര്‍: 3) സൂക്തത്തോടെയാണ് കൗസര്‍ അധ്യായം അവസാനിച്ചിരിക്കുന്നത്. അതിനു ശേഷമുള്ള 'അല്‍കാഫിറൂന്‍' അധ്യായമാവട്ടെ, നബിയുടെ ശത്രുക്കളെ കഠിനമായി പ്രയാസപ്പെടുത്തുന്ന രീതിയിലും ശൈലിയിലുമാണ്. അതിനുശേഷമുള്ള അന്നസ്വ്ര്‍ അധ്യായം അല്ലാഹുവിന്റെ ആത്മമിത്രങ്ങള്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് വാചാലമാവുന്നു. പ്രതിയോഗികളെ നിരാശപ്പെടുത്തുന്നു. ഖുര്‍ആനിലെ അധ്യായങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചകളെ സംബന്ധിച്ച്  പഠനം നടത്തുന്ന പണ്ഡിതന്മാര്‍ ഖുര്‍ആന്റെ മൊത്തം സന്ദര്‍ഭം വിലയിരുത്തി അല്‍കാഫിറൂന്‍ അധ്യായത്തിന് ഇതേക്കാള്‍ വിശാലമായ അര്‍ഥതലങ്ങളും ആശയ സമൃദ്ധിയുമുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഖുര്‍ആന്റെ ആമുഖം (ഫാതിഹതുല്‍ കിതാബ്) ഖുര്‍ആന്റെ മൂലം (മാതാവ്, ഉമ്മുല്‍ ഖുര്‍ആന്‍), എന്നീ പേരുകളുള്ള സൂറത്തുല്‍ ഫാതിഹയെ സംബന്ധിച്ച് ഇബ്‌നുസ്സുബൈര്‍ എഴുതുന്നു: 'ഖുര്‍ആനില്‍ ആദ്യന്തം രണ്ടു വിഭാഗങ്ങളെയും അവരുടെ പദവികളെയും സംബന്ധിച്ച് ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണമായി, 
فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ 
  (ഒരു വിഭാഗം സ്വര്‍ഗത്തില്‍, ഒരു വിഭാഗം നരകത്തില്‍- ശൂറാ 7). ഇവരില്‍ ഒന്നാം വിഭാഗത്തെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ചവരെന്നും രണ്ടാം വിഭാഗത്തെ കോപത്തിന് വിധേയരെന്നുമാണ് ഫാതിഹയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌۚ
  (നിങ്ങളില്‍ -മനുഷ്യരില്‍- സത്യനിഷേധിയുണ്ട്. നിങ്ങളില്‍ തന്നെ സത്യവിശ്വാസിയുമുണ്ട് - തഗാബുന്‍: 2).
സമാധാന ഗേഹത്തില്‍ പ്രവേശനം ലഭിച്ചവര്‍ പലപദവികളില്‍ ഉപവിഷ്ഠരായിരിക്കും. സച്ചരിതരായ ദാസന്മാരും കര്‍മോത്സുകരായ പണ്ഡിതന്മാരും മറ്റും നബിമാരുടെ പദവിയുടെ തൊട്ടടുത്ത പദവിക്കര്‍ഹരായിരിക്കും. ശേഷം തൊട്ടടുത്ത പദവികൡലുള്ളവര്‍- സന്മാര്‍ഗത്തില്‍നിന്ന് വഴിതെറ്റി സഞ്ചരിച്ചവര്‍- ദുര്‍മാര്‍ഗത്തിന്റെ തോതനുസരിച്ച് നരകത്തിലും വ്യത്യസ്ത പദവികളിലുമായിരിക്കും. സൂറത്തുല്‍ ഫാതിഹയുടെ ശേഷം ബഖറ 2-ല്‍ 
هُدًىلِّلْمُتَّقِينَ 
 (ദൈവഭക്തര്‍ക്ക് സന്മാര്‍ഗം) എന്ന് വിശേഷിപ്പിച്ചു തുടങ്ങിയ ഖുര്‍ആന്‍, കൗസര്‍ 3-ലെ 
إِنَّ شَانِئَكَ هُوَ الْأَبْتَرُ

 (നിന്റെ ശത്രുവാണ് വേരറ്റവന്‍) എന്ന സൂക്തത്തിലെത്തുമ്പോഴേക്ക് എല്ലാത്തരം മനുഷ്യരുടെയും മുമ്പില്‍ സന്മാര്‍ഗത്തെയും ദുര്‍മാര്‍ഗത്തെയും നൂറുകണക്കിന് രീതികളില്‍ വിശദീകരിച്ച ശേഷമാണ് സൂറത്തുല്‍ കാഫിറൂനില്‍, ദുര്‍മാര്‍ഗികളേ (സത്യനിഷേധികളേ!) എന്ന് വിളിക്കുന്നത്.1 'അല്‍ കാഫിറൂന്‍' അധ്യായത്തെ സൂറത്തുല്‍ ഫാതിഹയുമായാണ് ഇവിടെ ബന്ധിച്ചിരിക്കുന്നത്. അവിടം മുതല്‍ അല്‍ കാഫിറൂന്‍ അധ്യായം വരെ സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും വിരുദ്ധാവസ്ഥകളെയും ഭിന്നപരിണതികളെയും പലതരത്തില്‍ മാറിമാറി അവതരിപ്പിക്കുന്നുണ്ട്.
لَكُمْ دِينُكُمْ وَلِيَ دِينِ
 (നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്ക് എന്റെ ദീന്‍) എന്ന് അന്തിമമായി പ്രഖ്യാപിച്ചതോടെ, രണ്ടു വിഭാഗങ്ങളും പരസ്പരം മുക്തരായി, സംശയങ്ങള്‍ തീര്‍ന്നു ഓരോ വിഭാഗവും തങ്ങളുടേതായ പാതയിലൂടെ മുന്നോട്ടു പോകാമെന്നായി.
فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍۚ
  (നിങ്ങളുടെ മനസ്സ് അവരെച്ചൊല്ലി കൊടും ഖേദം നിമിത്തം നിന്റെ പ്രാണന്‍ പോകാതിരിക്കട്ടെ! - ഫാത്വിര്‍ 8).
إِنْ عَلَيْكَ إِلَّا الْبَلَاغُۗ
 (നിങ്ങള്‍ക്ക് സന്ദേശം എത്തിച്ചു നല്‍കേണ്ട ബാധ്യതയേയുള്ളൂ. ശൂറാ: 48). കാഫിറൂന്‍ അധ്യായത്തെ ഖുര്‍ആനിലെ ഏറ്റവും അവസാന ഭാഗത്തായി വിന്യസിച്ചതിന്റെ ഉദ്ദേശ്യം, ഈയൊരു ലക്ഷ്യത്തോടെയാവാം.'2
സത്യനിഷേധികളുമായി ആദര്‍ശപരമായി ഒരു വിട്ടുവീഴ്ചക്കും തയാറില്ലെന്ന കൃത്യമായ സന്ദേശം നല്‍കുന്ന തരത്തിലുള്ള പദഘടനയും അര്‍ഥ സമ്പുഷ്ടതയും ആശയസമ്പന്നതയും അല്‍കാഫിറൂന്‍ അധ്യായത്തിനുണ്ട്.
അബ്ദുല്‍ മുതആല്‍ സ്വഈദി എഴുതുന്നു: 'സത്യനിഷേധികളെ പല രീതികളിലും ക്ഷണിച്ച ഖുര്‍ആന്‍ അവരുമായി ആദര്‍ശപരമായി പൂര്‍ണമായും വിട്ടുനില്‍ക്കാനുള്ള ആഹ്വാനമാണ് കാഫിറൂന്‍ അധ്യായത്തിലൂടെ നടത്തുന്നത്. മുന്‍ അധ്യായങ്ങളുടെ സമാപനം എന്ന നിലയിലാണ് അതിന്റെ സ്ഥാനം. ഇത്രയുമാണ് മേല്‍ അധ്യായത്തിന്റെ ഔചിത്യം എന്നു പറയാം.'

അല്ലാമാ ആലൂസി എഴുതുന്നു: അല്‍കാഫിറൂന്‍ അധ്യായം അല്ലാഹുവിനു മാത്രമായിരിക്കണം ഇബാദത്ത് ചെയ്യുന്നത് എന്ന് ആഹ്വാനം ചെയ്യുന്ന അല്‍കൗസര്‍ 2-ാം സൂക്തത്തിനു ശേഷമാണെന്ന് മനസ്സിലാക്കാം.'4 മേല്‍ സൂക്തത്തിന്റെ പ്രായോഗികമായ വശമാണ് 
لَا أَعْبُدُ مَا تَعْبُدُون
 (നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിനെ ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ലാ) എന്ന സൂക്തം. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ബിഖാഈയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്: 'കൗസര്‍ അധ്യായത്തിലെ അല്ലാഹുവിന്റെ ഏകത്വം എന്ന ആശയത്തെ ശക്തമായി പ്രതിഫലിക്കുകയാണ് അല്‍ കാഫിറൂന്‍ അധ്യായം.'5 'കൗസര്‍' എന്നതിന്റെ വിവക്ഷ 'ഉണ്ടാവാന്‍ സാധ്യതയുള്ളയത്രയും നന്മ' എന്നെത്ര.6 അതായത്, നബിക്ക് ലഭിക്കാനിരിക്കുന്ന വര്‍ധിതമായ അനുഗ്രഹം യഥാര്‍ഥത്തില്‍ ആരാധ്യതയും അടിമത്തവും അര്‍ഹിക്കുന്ന അല്ലാഹുവില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.

അവതരണ പശ്ചാത്തലം, കൗതുകകരമായ ഔചിത്യം
അബ്‌സീനിയയിലേക്കുള്ള പലായനത്തിന്റെ മുമ്പായാണ് അല്‍കാഫിറൂന്‍ അധ്യായത്തിന്റെ അവതരണം. നബിയെയും സ്വഹാബികളെയും സംബന്ധിച്ചേടത്തോളം അത്യന്തം സങ്കീര്‍മായിരുന്നു അപ്പോഴത്തെ സാഹചര്യം. വാഹിദിയും നൈസാബൂരിയും ഉദ്ധരിച്ചതനുസരിച്ച് ഇങ്ങനെ വായിക്കാം: ''ഒരിക്കല്‍ നബി(സ) കഅ്ബയില്‍ ത്വവാഫ് ചെയ്യുകയായിരുന്നു. അസ്‌വദുബ്‌നു അബ്ദില്‍ മുത്ത്വലിബു ബ്‌നു അസദും വലീദുബ്‌നു മുഗീറയും ഉമയ്യത്തുബ്‌നു ഖലഫും ആസ്വുബ്‌നു വാഇലും ത്വവാഫ് തടസ്സപ്പെടുത്തിക്കൊണ്ടു പറഞ്ഞു: 'മുഹമ്മദ്! നീ ആരാധിക്കുന്ന ദൈവത്തെ ഞങ്ങള്‍ ഒരു വര്‍ഷം ആരാധിക്കാം. ഞങ്ങളുടെ ദൈവത്തെ നീ ഒരു വര്‍ഷവും ആരാധിക്കുക. അതോടെ നീയും ഞങ്ങളും പങ്കാളികളാവും. നിന്റെ ദൈവം ഞങ്ങളുടെ ദൈവത്തേക്കാള്‍ ഉത്തമനാണെങ്കില്‍ അതിന്റെ ഗുണം ഞങ്ങള്‍ക്ക് നേടിയെടുക്കാമല്ലോ. ഞങ്ങള്‍ ആരാധിക്കുന്നത് നീ ആരാധിക്കുന്നതിനേക്കാള്‍ ഉത്തമമാണെങ്കില്‍ ആ ഗുണം നിനക്കും എടുക്കാമല്ലോ.' അപ്പോള്‍ നബി (സ) പ്രതികരിച്ചു: 'അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ശരണം!' തുടര്‍ന്ന് 'അല്‍കാഫിറൂന്‍' അധ്യായം അവതരിച്ചു. അവിടുന്ന് മസ്ജിദുല്‍ ഹറാമില്‍ ചെന്ന് മേല്‍ അധ്യായം ഖുറൈശി പ്രമുഖരുള്‍പ്പെടുന്ന സദസ്സില്‍ കേള്‍പ്പിച്ചു. അതോടെ അവര്‍ നിരാശരായി.''7 മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:
يا محمّد، هلُمّ فلنعبد ما تعبد و تعبد ما نعبد......
(മുഹമ്മദേ, വരൂ, നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കാം, ഞങ്ങള്‍ ആരാധിക്കുന്നതിനെ നീ ആരാധിക്കാം.....)8
പ്രതിയോഗികള്‍ ഉപയോഗിച്ച വാക്യഘടനയില്‍ തന്നെയാണ് അല്‍കാഫിറൂന്‍ അധ്യായം അവതരിച്ചതെന്നത് ശ്രദ്ധേയമാണ്. അവരുടെ ആവശ്യം തള്ളിക്കളയുന്നതാണ് അതിന്റെ ശൈലി.

അവരുടെ സംസാരത്തില്‍ നബിയോട് ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പദങ്ങള്‍ നാലുതവണ ആവര്‍ത്തിച്ചതായി കാണാം. അതുകൊണ്ടുതന്നെ കാഫിറൂന്‍ അധ്യായത്തില്‍ അവരുടെ ഇബാദത്ത് ആവശ്യം നിരാകരിച്ചുകൊണ്ട് നാലു തവണ അതേ വാക്ക് ആവര്‍ത്തിച്ചിരിക്കുന്നു. അധ്യായം ആദ്യന്തം സത്യനിഷേധികളുടെ ആവശ്യം നിരാകരിക്കുന്നു. ഭൂതകാലത്തെന്നപോലെ, വര്‍ത്തമാന ഭാവികാലങ്ങളിലൊന്നും ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് പ്രഖ്യാപിക്കുന്നു.

അധ്യായത്തിന്റെ സമഗ്ര ചിത്രം
അധ്യായത്തിലെ മൊത്തം പദങ്ങളെ രണ്ട് ഭാഗങ്ങളായി വിഭജിക്കാം: ഒന്ന്, قُل (താങ്കള്‍ പറയൂ!) എന്ന ഭാഗം. രണ്ടാമത്തേത്, പറയാനായി നബി(സ)യോട് അല്ലാഹു പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍. അഥവാ, قل എന്നതിനുശേഷമുള്ള മൊത്തം സൂക്തങ്ങള്‍. ഇവയത്രയും ഒരേ ആശയത്തില്‍ കേന്ദ്രീകരിച്ചാണിരിക്കുന്നത്. അതായത്, ഖുറൈശികളുടെ ആരാധ്യന്മാരെ ഭൂതകാലത്തെന്നപോലെ വര്‍ത്തമാന- ഭാവികാലങ്ങളിലൊന്നുപോലും പൂജ്യരായി അംഗീകരിക്കില്ലെന്ന ഖണ്ഡിതമായ തീര്‍പ്പ്. നബി(സ) അവരുടെയോ, അവര്‍ നബിയുടെയോ ആദര്‍ശം സ്വീകരിക്കുകയില്ലെന്ന പ്രഖ്യാപനം!

അവതരണ പശ്ചാത്തലത്തില്‍ അധ്യായത്തിന്റെ ഘടന
അധ്യായം 'പറയുക' എന്ന ആഹ്വാനവും ആഹ്വാനപ്രകാരം പ്രഖ്യാപിച്ച കാര്യങ്ങളുമാണെന്ന് നേരത്തേ നാം കണ്ടുകഴിഞ്ഞു. അഥവാ, അധ്യായം വലിയൊരു വാചകമാണെന്നു പറയാം. വ്യാകരണപരമായി പറഞ്ഞാല്‍, قُل എന്ന ക്രിയയും അതില്‍ മറഞ്ഞിരിക്കുന്ന 'നീ' എന്ന കര്‍ത്താവായ അവ്യയവും അതുകഴിച്ചുള്ളതൊക്കെയും കര്‍മവുമായി(مفعول به) പരിഗണിക്കാം. ഈ കര്‍മം (مفعول) ആറു വാചകങ്ങളായി തരംതിരിക്കാം.
വിശകലനം
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾
ഇവയോരോന്നും വെവ്വേറെ വിശകലനം ചെയ്യാം

قُل (നീ പറയുക) എന്ന കല്‍പനയോടെ തുടങ്ങിയതിന്റെ പൊരുള്‍
ഇബ്‌നു ആശൂര്‍ എഴുതുന്നു: 'നീ പറയുക!' എന്ന വാക്കോടെ തുടങ്ങാന്‍ കാരണം, ജനങ്ങള്‍ക്ക് സവിശേഷമായി എത്തിച്ചുകൊടുക്കാന്‍ നബി ബാധ്യസ്ഥനായ ദൈവിക വചനങ്ങളാണ് ഖുര്‍ആന്‍ എന്നതത്രെ.9
ഇമാം റാസി 'നീ പറയുക!' എന്നതിന് നാല്‍പത്തിമൂന്ന് പ്രയോജന സാധ്യതകള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അവയില്‍ സന്ദര്‍ഭോചിതമായത് ഇവിടെ ഉദ്ധരിക്കാം:
1. പറയാന്‍ ചുമതലപ്പെടുത്തിയ കാര്യം പറയാന്‍ താന്‍ അല്ലാഹുവിനാല്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന പരസ്യമായ പ്രഖ്യാപനം, പ്രതിയോഗികളോട് മൃദുവായും സൗമ്യമായും സംസാരിക്കുക എന്ന നബിയുടെ സ്വതസിദ്ധമായ ശൈലിയില്‍നിന്ന് മാറിയുള്ള തുറന്നു പറച്ചിലാണ്. ഏറ്റവും അടുത്ത ബന്ധുക്കള്‍ എന്ന നിലയില്‍ നബി സ്വാഭാവികമായും സ്‌നേഹമസൃണമായാണല്ലോ സംസാരിക്കുക. ഈ അധ്യായത്തില്‍ സൗമ്യതക്കു പകരം പരുഷതയാണ് ആദ്യന്തം കാണാന്‍ കഴിയുക.

2. ഈ അധ്യായവും അധ്യായത്തിലെ ഉള്ളടക്കവും അല്ലാഹുവിങ്കല്‍നിന്നാണ്, നബിയില്‍നിന്നല്ല. തന്നെയുമല്ല, അധ്യായം നബിയോടുള്ള ബഹുമാനം പ്രകാശിപ്പിക്കുന്നുമുണ്ട്. സന്ദേശം എത്തിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടുള്ള ശാസന യഥാര്‍ഥത്തില്‍ സന്ദേശവാഹകന്‍ എന്ന നിലയിലുള്ള നബിയുടെ സ്ഥാനമഹിമയെ പൊലിപ്പിച്ചു കാണിക്കുന്നുണ്ട്.10

അധ്യായത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഭീഷണിയും താക്കീതും ഖുറൈശികളുടെ വിഗ്രഹാരാധനാ ഭ്രമത്തെ കേന്ദ്രീകരിച്ചും സന്മാര്‍ഗം സ്വീകരിക്കാതെ സത്യനിഷേധത്തോടെ മരിച്ചുപോകാനിടയാകുന്നതിനെക്കുറിച്ച് അവരെ ആശങ്ക അറിയിച്ചുകൊണ്ടുമാണ്. അത്തഹ്‌രീം അധ്യായത്തില്‍ 7-ാം സൂക്തത്തില്‍ قُل എന്നു പറയാതെ,     
يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
  (സത്യനിഷേധികളേ! നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയരുത്. നിങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാത്രമാണ് നിങ്ങള്‍ പ്രതിഫലം നല്‍കപ്പെടുന്നത്) എന്നാണ്. ഇവിടെ, 'സത്യനിഷേധികളേ!' എന്നുമാത്രം പറഞ്ഞത് എന്തുകൊണ്ടായിരിക്കും?
മറുപടി ഇതാണ്: ഇത് അന്ത്യനാളില്‍ അല്ലാഹു സത്യനിഷേധികളോട് പറയുന്നതാണ്. അപ്പോള്‍ നബി അവിടെ അവരുടെ ദൂതനായി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ദുന്‍യാവില്‍ അവസാനിച്ചുവല്ലോ. അതുകൊണ്ടുതന്നെ അല്ലാഹുവിനും അവര്‍ക്കും ഇടയില്‍ നബി(സ) മധ്യവര്‍ത്തിയല്ല. സത്യനിഷേധികള്‍ പരലോകത്ത് വിധേയരായിരിക്കും, നിഷേധികളായിരിക്കില്ല. അതുകൊണ്ടാണ് 'സത്യത്തെ നിഷേധിച്ചവര്‍' എന്ന് ഭൂതകാല ക്രിയ പ്രയോഗിച്ചത്. അതേസമയം, 'അല്‍കാഫിറൂന്‍' അധ്യായം അവതരിച്ചപ്പോള്‍ അവര്‍ സത്യനിഷേധികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവരും നബി(സ) അവരിലേക്കുള്ള ദൂതനുമായിരുന്നു. 'സത്യനിഷേധികള്‍' എന്ന വിളി അതിനാല്‍ തന്നെ അന്വര്‍ഥമായി.11

അവരെ 'സത്യനിഷേധികളേ!' എന്നു വിളിച്ചതിന്റെ രഹസ്യങ്ങള്‍
'സത്യനിഷേധികളേ!' എന്ന സംബോധന ചെയ്തുകൊണ്ട് അധ്യായം ആരംഭിച്ചത് പറയാന്‍ പോവുന്ന കാര്യത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാനാണ്.12 അതിനുശേഷം അവര്‍ ഇഷ്ടപ്പെടാത്തതോ വെറുക്കുന്നതോ ആയ കാര്യം പറഞ്ഞാല്‍ അതവര്‍ക്ക് ഏറ്റവും വേദനാജനകമായും ഭീതിദമായും അനുഭവപ്പെടും. കാരണം, നബി ഒന്നും ഭയക്കാതെ തുറന്നുപറയുകയാണിവിടെ. അധ്യായം അവതരിക്കുന്ന സന്ദര്‍ഭത്തിലെ അവസ്ഥ വീണ്ടും പുനരാവിഷ്‌കരിച്ചാല്‍ ഇത് നമുക്ക് ബോധ്യപ്പെടും. മക്കക്കാരുടെ വീക്ഷണത്തില്‍ നബി(സ) ദുര്‍ബലനായിരുന്നു. ദുര്‍ബലനായൊരാള്‍ ഇത്ര ശക്തിയില്‍ സംസാരിക്കുമ്പോള്‍ അഭിസംബോധിതര്‍ പരിഭ്രമിക്കും. സംസാരത്തിന്റെയും തങ്ങളെ പരിഗണിക്കാതിരിക്കുന്നതിന്റെയും പിന്നില്‍ മറ്റൊരു ശക്തിയുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടും.

ഇത് അവരെ നിരാശപ്പെടുത്തും. 'അല്‍കാഫിറൂന്‍' എന്നതിലെ ലാമ് لام العهد ആണെന്നാണ് ഖുര്‍ആന്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്.13 (ശ്രോതാക്കള്‍ക്ക് അനുഭവ പരിചയത്താല്‍ കേള്‍ക്കുന്ന മാത്രയില്‍ മനസ്സിലാവുന്നത്. അതായത്, അല്‍കാഫിറൂന്‍ എന്നതിലെ 'അല്‍' അന്നത്തെ ജനങ്ങള്‍ക്ക് ശ്രവണ മാത്രയില്‍ മനസ്സിലാവുന്ന മക്കയിലെ കാഫിറുകളെ ഉദ്ദേശിച്ചാണ് എന്നര്‍ഥം). ശൈഖ് സാദഃ എഴുതുന്നു: 'അല്‍ കാഫിറൂന്‍' എന്നതിലെ അലിഫും ലാമും പ്രത്യക്ഷത്തില്‍ ഏത് സത്യനിഷേധിയെയും ഉള്‍ക്കൊള്ളുന്നതാണെങ്കിലും ഇവിടെ അത് അധ്യായം അവതരിച്ചപ്പോഴുള്ള മക്കയിലെ സത്യനിഷേധികളെ പ്രത്യേകം ഉദ്ദേശിച്ചാണ്.14

അവരെ 'അല്‍കാഫിറൂന്‍' എന്ന് വിശേഷിപ്പിച്ചതിനു പിന്നില്‍ പണ്ഡിതന്മാര്‍ ചില കൗതുകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉദാഹരണമായി, ഇമാം റാസി എഴുതുന്നു: 1) അവരെ 'അല്‍ജാഹിലൂന്‍' (അജ്ഞര്‍) എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ കടുത്ത പ്രയോഗമാണ് 'അല്‍ കാഫിറൂന്‍' എന്നത്. അധ്യായത്തിന് ആ പേര് എത്രയും അനുയോജ്യമാണ്. കാരണം, അധ്യായം പൂര്‍ണമായും അവരെ പശ്ചാത്തലമാക്കി അവതരിപ്പിച്ചതാണ്. 'അല്‍കാഫിര്‍' (സത്യം ബോധ്യപ്പെട്ട ശേഷവും നിഷേധിച്ചു തള്ളിയവന്‍) എന്നതിനേക്കാള്‍ വഷളായ മറ്റൊരു പദമില്ല. അതാകട്ടെ, സോപാധികമായും നിരുപാധികമായും പ്രയോഗിക്കുമ്പോള്‍ എല്ലാവരും അത് അങ്ങനെത്തന്നെയാണ് കാണുന്നത്. എന്നാല്‍, 'ജഹ്ല്‍' (അജ്ഞത) എന്ന പദം സോപാധികമായി പ്രയോഗിക്കുന്നത് ആക്ഷേപകരമല്ല. നബി(സ) വംശവിജ്ഞാനീയത്തെപ്പറ്റി പറഞ്ഞത്,
علم لا ينفع وجهل لا يضرّ
  - 'ഉപകാരമില്ലാത്ത വിജ്ഞാനം, ഉപദ്രവം ചെയ്യാത്ത അജ്ഞത' എന്നാണല്ലോ.15 മുഹമ്മദ് നബിയെ തങ്ങളുടെ ദൈവങ്ങളെ ഇബാദത്ത് ചെയ്യാന്‍ ക്ഷണിച്ചതുവഴി അവരുന്നയിക്കുന്ന വിഡ്ഢിത്തപരമായ നിലപാടിനെ ഏറ്റവും മോശമായ പദത്തിലൂടെ അധഃകരിച്ചുകൊണ്ടാണ് ഖുര്‍ആന്‍ നേരിട്ടത്.
2) 'ബഹുദൈവവിശ്വാസികളേ!' എന്നതിനു പകരം 'സത്യനിഷേധികളേ!' എന്നു വിളിച്ചതിലൂടെ, മുഹമ്മദ് നബി തങ്ങളുടെ ദൈവങ്ങളെ ആരാധിക്കും എന്ന പ്രതീക്ഷ അവസാനിപ്പിക്കാനുള്ള വ്യക്തമായ സൂചനയാണ്.16
3) 'സത്യനിഷേധികള്‍' എന്ന വിളി അവരെ നിന്ദിക്കുന്നതിനു തുല്യമാണ്. താന്‍ ഒഴിഞ്ഞുമാറാനുണ്ടായ ന്യായത്തെ ബലപ്പെടുത്തുന്നു. കൂടാതെ, നബി അവരെ ഒട്ടും ഭയക്കുന്നില്ല എന്ന പ്രഖ്യാപനവുമാണത്. അല്ലാഹു അവരുടെ പീഡനങ്ങളില്‍നിന്ന് അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിരിക്കുന്നു.17
ബഹുദൈവ വിശ്വാസികളായ ഒരു വിഭാഗത്തെ സത്യനിഷേധികള്‍ എന്നു വിളിക്കുന്നത് ആ വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടാക്കും; ഭീഷണി ഉയര്‍ത്തും.
4) كفروا (സത്യനിഷേധികളായി) എന്നതിനു പകരം كافرون (സത്യനിഷേധികള്‍) എന്നു പ്രയോഗിച്ചതില്‍നിന്ന് അവര്‍ സത്യനിഷേധത്തില്‍ മൂടുറച്ചവരാണെന്ന് വ്യക്തം.كافرون   എന്ന് جمع القلّة (പത്തംഗ സംഖ്യയുള്ള കാഫിറുകളെ മാത്രം സൂചിപ്പിക്കാനുള്ള പദം) ഉപയോഗിച്ചത് അവരെ നിന്ദ്യരാക്കുന്ന പ്രയോഗമാണ്. അന്നത്തെ പ്രബോധിതരായ അറബികളില്‍ ഒരു കാരണവശാലും ഇസ്‌ലാം സ്വീകരിക്കാന്‍ ഇടയില്ലാത്തവര്‍ ന്യൂനപക്ഷം മാത്രമായിരിക്കുമെന്നും സത്യനിഷേധി മൂല്യരഹിതനാണെന്നും ഇത് സൂചിപ്പിക്കുന്നു.18
അക്കാലത്തെ അവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള പദങ്ങളാണ് അധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നബിയെ ബലപ്പെടുത്തുകയും ശത്രുവെ ഭയപ്പെടുത്തുകയും നബിയുടെ സഹായികളെ പിന്തുണക്കുകയും ചെയ്യുന്ന ശൈലിയായിരുന്നു അത്. മക്കയിലെ സത്യനിഷേധികളെക്കുറിച്ച് ഖുര്‍ആനില്‍ ധാരാളമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇവ്വിധമുള്ള ഒരു സംഭാഷണം ഖുര്‍ആനില്‍ ഇതല്ലാതെ മറ്റൊന്നില്ല. ചുരുക്കത്തില്‍, ഈ അധ്യായത്തിലെ 'സത്യനിഷേധികളേ!' എന്ന അഭിസംബോധന എല്ലാ അര്‍ഥത്തിലും അവരെ ഏറെ വഷളാക്കുന്ന രീതിയിലാണ്.

സത്യനിഷേധികളില്‍നിന്ന് പൂര്‍ണമുക്തി പ്രഖ്യാപിക്കുന്നു
لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾

(അല്‍കാഫിറൂന്‍ 2-5)
ഖുര്‍ആനില്‍ ഇതിനു സമാനമായി മറ്റു സൂക്തങ്ങളില്ല. ഖുര്‍ആനില്‍ ബഹുദൈവ വിശ്വാസത്തെ നിരാകരിക്കുന്ന ധാരാളം സൂക്തങ്ങളുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത ശൈലീപ്രയോഗങ്ങളാണ് ഈ അധ്യായത്തിലേത്. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അല്ലാഹുവെ ആരാധിക്കുകയില്ലെന്ന്, കാഫിറൂന്‍ അധ്യായത്തില്‍നിന്ന് ഭിന്നമായി, ഖുര്‍ആനില്‍ എവിടെയും പരാമര്‍ശമില്ല. ഉദാഹരണം:
قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِن دُونِ اللَّهِۚ قُل لَّا أَتَّبِعُ أَهْوَاءَكُمْۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ ﴿٥٦﴾
'നബിയേ താങ്കള്‍ പറയുക! അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ പ്രാര്‍ഥിക്കുന്നവരെ ഇബാദത്ത് ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. നബിയേ, താങ്കള്‍ പറയുക! ഞാന്‍ നിങ്ങളുടെ ഇഛകളെ പിന്‍പറ്റുകയില്ല. അങ്ങനെയായാല്‍ ഞാന്‍ വഴിതെറ്റിയതുതന്നെ. ഞാന്‍ സന്മാര്‍ഗികളില്‍ പെട്ടവനുമാവുകയില്ല' (അല്‍അന്‍ആം: 56)
قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ ﴿١٠٤﴾
'(നബിയേ,) താങ്കള്‍ പറയുക! നിങ്ങള്‍ക്ക് എന്റെ ദീനിന്റെ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുന്നില്ല. എന്നാല്‍, ഞാന്‍ ആരാധിക്കുന്നത് നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെയാണ്. സത്യവിശ്വാസികളില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ശാസിക്കപ്പെട്ടിരിക്കുന്നു' (യൂനുസ്: 104)
قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ
'(നബിയേ!) താങ്കള്‍ പറയുക: അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാനും അവനില്‍ പങ്കുചേര്‍ക്കാതിരിക്കാനും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവങ്കലേക്കാണ് മടക്കം' (റഅ്ദ്: 36).
قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ ﴿٦٤﴾
'(നബിയേ!) താങ്കള്‍ പറയുക: വിവരമില്ലാത്തവരേ, അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യാനാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?' (സുമര്‍; 64). ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളിലൊന്നും, 'കാഫിറൂന്‍' അധ്യായത്തിലേതുപോലെ മക്കയിലെ മുശ്‌രിക്കുകള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നില്ലെന്നോ ചെയ്യുകയില്ലെന്നോ പരാമര്‍ശമില്ല.
അവതരണ പശ്ചാത്തലം പരിശോധിച്ചാല്‍ ശത്രുക്കള്‍ ഉപയോഗിച്ച വാക്കുകളും ഖുര്‍ആന്‍ ഉപയോഗിച്ച വാക്കുകളും സാമ്യമമാണെന്നു കാണാം.
يا محمّد هلمّ فلنعبد ما تعبد و نعبد ما نعبد
 'മുഹമ്മദ്, വരൂ! നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കാം, ഞങ്ങള്‍ ആരാധിക്കുന്നതിനെ നീ ആരാധിക്കാം' എന്നായിരുന്നു. ഇതില്‍ ഇബാദത്ത് എന്ന പദം ആവര്‍ത്തിച്ചത് ശ്രദ്ധേയമാണല്ലോ. വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന് നബിയെ ബോധ്യപ്പെടുത്താനാണല്ലോ അവര്‍ 'ഞങ്ങളുടെ ദൈവത്തെ നിങ്ങള്‍ ആരാധിക്കുക' എന്നു പറയുന്നതിനു പകരം 'നിന്റെ ദൈവത്തെ ഞങ്ങള്‍ ആരാധിക്കാം' എന്ന് പറഞ്ഞത്. 'ഞങ്ങളുടെ ദൈവത്തെ നീ ആരാധിക്കുക' എന്ന ഡിമാന്റ് അവര്‍ രണ്ടാമതായി മാത്രമാണ് ഉന്നയിക്കുന്നത്. ഈ പരിഗണനക്കെല്ലാം അവര്‍ തയാറായിട്ടും ഭൂത-വര്‍ത്തമാന-ഭാവി ഭേദമില്ലാതെ എല്ലാ തരത്തിലുള്ള ബഹുദൈവാരാധനകളെയും അധ്യായം നിരാകരിച്ചു. ഈ നിരാകരണ ശൈലി അവരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു.
'അല്‍കാഫിറൂന്‍' അധ്യായത്തിലെ സൂക്തങ്ങളുടെ ഘടനയെ സംബന്ധിച്ച് പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ കാണാം. ചില പണ്ഡിതന്മാര്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ചതാണെന്ന് അഭിപ്രായപ്പെടുന്നു. മറ്റു ചിലര്‍ ആവര്‍ത്തനമല്ലെന്ന് അഭിപ്രായപ്പെടുന്നു. രണ്ടു വിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട്.
1. ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല. ഓരോ സൂക്തത്തിനും ഇതര സൂക്തത്തില്‍നിന്ന് ഭിന്നമായ ആശയമുണ്ട്.

(എ) لَا أَعْبُدُ مَا تَعْبُدُونَ
 (നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിനെ ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല). مَا എന്നത് വര്‍ത്തമാന കാല അര്‍ഥത്തിലുള്ള ക്രിയയിലാണ് വരിക. അതായത്, 'ഞാന്‍ ആരാധിക്കുന്നില്ല' എന്നര്‍ഥം. ഇതുപോലെ لا എന്നത് ഭാവികാല അര്‍ഥമുള്ള ക്രിയയിലാണ് വരിക. അതായത്, 'ഞാന്‍ ആരാധിക്കുകയില്ല' എന്ന്.  لاഎന്നതിലൂടെ നിഷേധിക്കുന്നതിനേക്കാള്‍ ശക്തമായി നിഷേധിക്കുകയാണ്  لنഎന്നതിന്റെ ധര്‍മം. ചുരുക്കത്തില്‍, നിങ്ങളുടെ ദൈവങ്ങളെ ഇബാദത്ത് ചെയ്യാനുള്ള നിങ്ങളുടെ ആവശ്യം ഞാന്‍ പൂര്‍ണമായി നിരാകരിക്കുന്നു. ഭാവിയില്‍ അങ്ങനെയൊരു സാധ്യത പോലും ഞാന്‍ തള്ളിപ്പറയുന്നു എന്നു സാരം.
എന്റെ ദൈവത്തെ ആരാധിക്കണമെന്ന് നിങ്ങളോട് ഞാന്‍ ആവശ്യപ്പെട്ടാലും നിങ്ങള്‍ അത് ചെയ്യില്ല എന്നു സാരം.
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ 
 എന്ന സൂക്തം ഭൂതകാലത്ത് ആ രീതിയില്‍ ഞാന്‍ ഇബാദത്ത് ചെയ്തിട്ടില്ലെന്ന് നിരാകരിച്ചു പറയുന്നു. അതായത്, ഞാന്‍ ഭൂതകാലത്ത് നിങ്ങള്‍ ആരാധിച്ചവയെ ആരാധിച്ചിട്ടില്ല. ഞാന്‍ ജാഹിലിയ്യാ കാലത്ത് ഒരു വിഗ്രഹത്തെയും ആരാധിച്ചിട്ടുമില്ല. അന്ന് വിഗ്രഹാരാധന നടത്താത്ത ഞാന്‍ എങ്ങനെയാണ് ഇസ്‌ലാമിലായിരിക്കെ അവക്ക് ഇബാദത്ത് ചെയ്യുക? അതായത് لا എന്നുപയോഗിച്ചത് ഭാവിയെ എടുത്തുപറയാനാണ്.  
لَا أَنَا عَابِدٌ
എന്ന നാമവാചകം ഭൂതകാലത്ത് അങ്ങനെയുണ്ടായിട്ടില്ലെന്ന് സമര്‍ഥിക്കാനാണ്. അതുകൊണ്ടുതന്നെ, സൂക്തങ്ങളില്‍ ആവര്‍ത്തനമില്ല.19

(ബി) ആദ്യ രണ്ടു വാചകങ്ങളും വര്‍ത്തമാന കാലത്ത് ഇബാദത്ത് ചെയ്യുന്നില്ലെന്ന് സ്ഥാപിക്കുന്നു. ഒടുവിലെ രണ്ടു വാചകങ്ങളും ഭാവിയില്‍ ഇബാദത്ത് ചെയ്യുകയില്ലെന്ന് നിരാകരിക്കുന്നു (സഅ്ലബിന്റെയും സജ്ജാജിന്റെയും അഭിപ്രായം ഇതാണ്).20 ഇതു പ്രകാരം ഭൂതകാലമല്ല വിവക്ഷ.

(സി) സത്യനിഷേധികള്‍ നിര്‍ദേശിച്ച പരിഗണനകളെ നിരാകരിക്കുന്നതാണ് ആദ്യ രണ്ടു സൂക്തങ്ങള്‍. അതിനുശേഷമുള്ള രണ്ടു സൂക്തങ്ങള്‍ പൊതുവെയുള്ള നിഷേധമാണ്. അതായത്, 'നിങ്ങള്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യും എന്ന പ്രതീക്ഷയില്‍ നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുകയില്ല. ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കും എന്ന പ്രതീക്ഷയില്‍ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുന്നവരുമല്ല' എന്നു സാരം. ഏതെങ്കിലും താല്‍പര്യത്തിനു വേണ്ടി ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുകയില്ല, അതുപോലെ, എന്തെങ്കിലും താല്‍പര്യത്തിനുവേണ്ടി നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയുമില്ല.21
(ഡി)  
لَا أَعْبُدُ مَا تَعْبُدُونَ
എന്നതിന്റെ വിവക്ഷ വിഗ്രഹാരാധനയെ നിരാകരിക്കുന്നു എന്നതാവാം. 
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
 എന്നത് അല്ലാഹുവിനെ ഖുറൈശികള്‍ ആരാധിക്കുന്നില്ല എന്നുമാവാം. അതിലുപരി മറ്റ് അര്‍ഥസൂചനകളൊന്നും അതിലില്ല.
(2) രണ്ടാമത്തെ വീക്ഷണം ഇങ്ങനെയാണ്: അല്‍കാഫിറൂന്‍ അധ്യായത്തിലെ സൂക്തങ്ങള്‍ ആവര്‍ത്തനമാണ്. ആദ്യത്തേതിനേക്കാള്‍ ശക്തവും പ്രബലവും അറബി ഭാഷാ ശൈലിയോട് അടുത്ത് നില്‍ക്കുന്നതുമാണ് ഈ വീക്ഷണം. അധ്യായത്തിന്റെ അവതരണ പശ്ചാത്തലമാണ് ഈ വീക്ഷണത്തിനാധാരം. ഇതനുസരിച്ച്, മൂന്നാം സൂക്തമായ 
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
 എന്നത് لا أعبد مَا تَعبُدُون എന്നതിലെ ആശയത്തെ ഊന്നിപ്പറയുന്നു. നാലാം സൂക്തമായ 
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
  എന്നത് അഞ്ചാം സൂക്തമായ  
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
  എന്നതിനെ ശക്തിപ്പെടുത്തുന്നു. ഒരു സാഹചര്യത്തിലും ബഹുദൈവത്വവുമായി രാജിയാവാന്‍ കഴിയില്ല എന്ന ശക്തമായ ആശയമാണ് സൂക്തത്തിന്റെ ഉള്ളടക്കം. സത്യനിഷേധികളുടെ മോഹം നടക്കില്ലെന്നും അവര്‍ അതേ നിലപാടില്‍ മാറ്റമില്ലാതെ തുടരുമെന്നും അധ്യായം തീര്‍പ്പു പറയുന്നു. അറബികളുടെ സാഹിത്യശൈലിയില്‍ വ്യാപകമായി കണ്ടുവരുന്നതാണ് ഈ ശൈലി.
نعق الغراب ببين ليلى غدوة        كم كم وكم بفراق ليلى ينعق
(ലൈലായുടെ വേര്‍പാടറിയിച്ചുകൊ് പ്രഭാതവേളയില്‍ കാക്ക കരഞ്ഞു. അവളുടെ വേര്‍പാട് വിളംബരം ചെയ്ത് എത്രയെത്രയാണ് കാക്ക കരഞ്ഞുകൊിരിക്കുന്നത്).
ഇതില്‍ كم എന്നത് മൂന്നു തവണ ആവര്‍ത്തിച്ചു.
هلّا سألت جموع كذ        دة يوم ولّوا أين أينا
'കിന്‍ദ ഗോത്രത്തിലെ സംഘങ്ങളോട്, അവര്‍ പിന്തിരിഞ്ഞോടിയത് എങ്ങോട്ട്, എങ്ങോട്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് ചോദിക്കരുതോ?'
ഇതില്‍ أين രണ്ടു തവണ ഉപയോഗിച്ചു.
അത്തകാസുര്‍ അധ്യായത്തില്‍ 
كَلَّا سَوْفَ تَعْلَمُونَ ، ثُمَّ كَلَّا سَوْفَ تَعْلَمُونَ
-ഉം മുര്‍സലാത്ത് അധ്യായത്തില്‍ 
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
 എന്ന സൂക്തവും അര്‍റഹ്‌മാന്‍ എന്ന അധ്യായത്തില്‍ 
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
-ഉം ഒന്നിലധികം തവണ ആവര്‍ത്തിച്ചിരിക്കുന്നു. ഒരു കാര്യം ഊന്നിപ്പറയാന്‍ ഉദ്ദേശിച്ചാല്‍ നബി(സ) മൂന്നു തവണ ആവര്‍ത്തിക്കുമായിരുന്നു എന്ന് ഹദീസില്‍ കാണാം.22 ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുക ഖുര്‍ആന്റെയും ഹദീസിന്റെയും രീതിയാണെന്നു സാരം.

കിര്‍മാനിയുടെ അഭിപ്രായത്തില്‍ ഈ ആവര്‍ത്തനം സംഗ്രഹമാണ്. മനുഷ്യസാധ്യമല്ലാത്ത സംഗ്രഹം. തന്റെ ഭൂതകാലത്ത് നബി(സ)ക്ക് വിഗ്രഹാരാധനയുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ല. വര്‍ത്തമാനകാലത്ത് അതേ അവസ്ഥ തുടരുന്നു. ഭാവികാലത്തും അതേ നിലപാട് തുടരും. അതുകൊണ്ടുതന്നെ പദം ആറു തവണ ആവര്‍ത്തിച്ചു. വര്‍ത്തമാനകാലത്തെ ദ്യോതിപ്പിക്കുന്ന പദവും (أعبد، تعبدون) കര്‍ത്താവിനെ സൂചിപ്പിക്കുന്ന പദവും (عابد) അന്ന് നിലനിന്ന സാഹചര്യം അനാവരണം ചെയ്യുന്നു.  عبَدتُّم എന്ന ഭൂതകാല ക്രിയാരൂപം സത്യനിഷേധികളെ മാത്രമേ പ്രതിനിധീകരിച്ചിട്ടുള്ളൂ. عابد എന്ന കര്‍ത്താവ് കൂഫക്കാരുടെ വീക്ഷണമനുസരിച്ച് ഭൂതകാല ആശയമാണ് പ്രദാനം ചെയ്യുന്നത്. وَلَا أنتُم عَابدون എന്നതിലെ عَابِدُون എന്നതും ഭാവിസൂചകമാണ്.23

ഇമാം റാസിയുടെ വീക്ഷണത്തില്‍, ആവര്‍ത്തനം വിഷയത്തെ ഊന്നി ഉണര്‍ത്തുകയാണ്. ശക്തിയായി ഊന്നിപ്പറയേണ്ടി വരുമ്പോള്‍ ആവര്‍ത്തനം ആവശ്യമായി വരും. ഇതിനേക്കാള്‍ ആവര്‍ത്തനം പ്രസക്തമായ മറ്റൊരു ഇടമില്ല. കാരണം, ഇതേ ആവശ്യം ശത്രുക്കള്‍ പലപ്പോഴും നബിയുടെ മുമ്പാകെ സമര്‍പ്പിച്ചതാണ് 
تعبد آلهتنا شهرًا ونعبد الهك شهرًا ، وتعبد آلهتنا سنة ونعبد الهك سنة
എന്നായിരുന്നുവല്ലോ അവര്‍ നബിയോട് പറഞ്ഞത്. അതിനുള്ള അല്ലാഹുവിന്റെ മറുപടിയും അതേവിധം ആവര്‍ത്തനമായി. യഥാര്‍ഥത്തില്‍ പരിഹാസദ്യോതകമാണ് ആ ശൈലി. ദുഷിച്ച ലക്ഷ്യത്തിനുവേണ്ടി വാക്കുകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് അതേവിധം തന്നെയാണ് മറുപടി ലഭിക്കുക. നിന്ദയാണ് അതിന്റെ ഉദ്ദേശ്യം.24 അവതരണ പശ്ചാത്തലം മുമ്പില്‍ വെച്ചുകൊണ്ടാണീ വ്യാഖ്യാനം. സന്ദര്‍ഭോചിതമായാണ് വാക്കുകളുടെ പ്രയോഗം എന്നര്‍ഥം.

ഖുര്‍ആന്‍ സൂക്തങ്ങളിലെ ആവര്‍ത്തന നിഷേധികളെ ഇമാം ശൗകാനി ഖണ്ഡിക്കുകയും അവര്‍ സൂക്തങ്ങള്‍ക്കു നല്‍കിയ വ്യാഖ്യാനത്തെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വ്യാഖ്യാനത്തെ ഖണ്ഡിച്ച് അദ്ദേഹം പറഞ്ഞു: പ്രസ്തുത വ്യാഖ്യാനങ്ങളിലടങ്ങിയ കൃത്രിമത്വവും വസ്തുനിഷ്ഠതയുടെ അഭാവവും ആര്‍ക്കും ഗോപ്യമല്ലാത്തവിധം സുതാര്യമാണ്.
لَا أَعْبُدُ مَا تَعْبُدُونَ
  എന്ന വചനം ഭാവികാല സൂചകമാവുന്നത് ഭാഷാപ്രയോഗമനുസരിച്ച് സാധുവാണെങ്കിലും 
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
  എന്നതിനെ ഭാവികാലാര്‍ഥത്തില്‍ പരിഗണിക്കാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍, അത് നാമാധിഷ്ഠിത വാചക(جملة اسميَة)മാണ്. നിത്യതയെയും മുഴുസമയ സ്ഥായീഭാവത്തെയുമാണത് സൂചിപ്പിക്കുന്നത്. അതിന്റെ ഭാവികാല പരികല്‍പന സാധുവാണെന്നുവെച്ചാല്‍ 
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
 എന്ന അതേ പരികല്‍പന  
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
 എന്ന വചനത്തിനും നല്‍കേണ്ടിവരും. അതിനാല്‍, മൂന്നും നാലും സൂക്തങ്ങളെ വര്‍ത്തമാനകാല വചനങ്ങളായി പരിഗണിച്ചുള്ള വ്യാഖ്യാനം തിരസ്‌കൃതമാകുന്നു. ഇതിനു നേര്‍വിപരീതമായി നല്‍കപ്പെട്ട വ്യാഖ്യാനവും തദനുസാരം തിരസ്‌കൃതമാവും. കാരണം, രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സൂക്തങ്ങള്‍ നാമാധിഷ്ഠിതങ്ങളാണ്. സര്‍വനാമങ്ങള്‍ (ضمائر) കൊണ്ട് തുടങ്ങുന്ന വാചകങ്ങളാണവ. ഈ സര്‍വനാമങ്ങള്‍ പ്രസ്തുത വാചകങ്ങളുടെ ആഖ്യ(مبتدأ)യും ശേഷമുള്ള കര്‍തൃവചനങ്ങള്‍(اسم الفائل)  ആഖ്യാന(خبر)വുമാണ്. ഈ കര്‍തൃ വചനങ്ങള്‍ അവക്കു ശേഷം വരുന്ന പദങ്ങളുടെ കാരക(عامل)ങ്ങളുമാണ്. നിഷേധ സൂചക പ്രത്യയമായ  لاചേര്‍ത്ത് നിഷേധ രൂപത്തില്‍ വന്നിട്ടുള്ള വാചകങ്ങളാണ് അവയത്രയും. എന്നിരിക്കെ അവയില്‍ ചിലതിനെ ഭാവികാല സൂചകമായും മറ്റേതിനെ വര്‍ത്തമാനകാല സൂചകമായും പരിഗണിക്കുന്നതിന്റെ സാധൂകരണമെന്താണ്? തല്‍വാചകങ്ങളില്‍ ഓരോന്നും ഭാവികാലത്തിനും വര്‍ത്തമാനകാലത്തിനും പറ്റുമെന്നു പറയുന്നവരാകട്ടെ, ആവര്‍ത്തനത്തെ ഭംഗ്യന്തരേണ സമ്മതിക്കുകയാണ് ചെയ്യുന്നത്. കാരണം, ഏകീകൃത രൂപമുള്ള വാചകങ്ങളിലൊന്നിന് ഒരര്‍ഥവും മറ്റേതിന് മറ്റൊരര്‍ഥവും നല്‍കുന്ന വ്യാഖ്യാനം ന്യായീകരണമര്‍ഹിക്കാത്ത ജല്‍പനമാകുന്നു.25

ഇമാം ശൗകാനിയുടെ വാദം തൃപ്തികരമാണ്, അറബി ഭാഷയുടെ ചൈതന്യത്തിന് നിരക്കുന്നതാണ്, സന്ദര്‍ഭോചിതമാണ്. ആവര്‍ത്തനം എന്നതിന്റെ വിവക്ഷ നിര്‍ണയിക്കുന്നതു സംബന്ധിച്ച് പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. എത്രത്തോളമെന്നാല്‍, അല്‍മുര്‍സലാത്ത്, അര്‍റഹ്‌മാന്‍ എന്നിവയില്‍ ആവര്‍ത്തിച്ചുവരുന്ന സൂക്തങ്ങള്‍ ആവര്‍ത്തനമല്ല എന്നുപോലും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യത്തില്‍, ആവര്‍ത്തനങ്ങളുടെ ആന്തരിക യാഥാര്‍ഥ്യം മഹാനിപുണന്മാരായ പണ്ഡിത ശിരോമണികള്‍ക്കേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.26

ഇടവാചകം
സൂക്തങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മൂന്നും അഞ്ചും സൂക്തങ്ങള്‍ ആവര്‍ത്തനമാണെന്നു കാണാം. രണ്ടിലും ഒരേ പദഘടന തന്നെ. അതുകൊണ്ട് ആവര്‍ത്തനം എന്നുപറയാം. സന്ദര്‍ഭാനുസരണം പരിഗണിക്കുമ്പോള്‍ വര്‍ത്തമാന-ഭാവികാലങ്ങള്‍ ഉദ്ദേശ്യമാവാം. കാരണം, സത്യനിഷേധികള്‍ ഭൂതകാലത്ത് അല്ലാഹുവിന് ഇബാദത്ത് ചെയ്തിട്ടില്ലെന്നത് നിഷേധിക്കത്തക്കവിധം സംശയമുള്ള കാര്യമേയല്ല. സൂക്തം ആവര്‍ത്തിച്ചത് ആ അര്‍ഥത്തില്‍ ആക്ഷേപസൂചകമാണ്, ഇസ്‌ലാമിന്റെ ശക്തിയും പ്രതാപവും വെളിവാക്കുന്നതാണ്. അതുകൊണ്ടുതന്നെ, മേല്‍ രണ്ടു സൂക്തങ്ങള്‍ ആവര്‍ത്തനമല്ലെന്നു വാദിക്കുന്നതിന് ഭാഷാപരമോ ശൈലീപരമോ ഔചിത്യപരമോ ആയ ന്യായങ്ങളില്ല.
لَا أَعْبُدُ مَا تَعْبُدُونَ ، وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
അതേസമയം,  എന്നീ രണ്ടും നാലും സൂക്തങ്ങള്‍ ആവര്‍ത്തനമാണെന്നു പറയാന്‍ കഴിയില്ല. കാരണം, അവയുടെ പദഘടന വ്യത്യസ്തമാണ്. രണ്ടാം സൂക്തം ക്രിയാവാചകമാണ്, അതിന്റെ കര്‍മം  (مفعول) വര്‍ത്തമാന-ഭാവികാല ക്രിയാരൂപ(مُضارع)മുള്ള ക്രിയാവാചകമാണ്. നാലാമത്തെ സൂക്തം നാമവാചകമാണ്. അതിലെ കര്‍മം ഭൂതകാലവാചകമാണ്. ഘടനയിലെ വ്യത്യാസം സ്വാഭാവികമായും അര്‍ഥവ്യത്യാസത്തിന് കാരണമാകും. രണ്ടാം സൂക്തത്തിലെ ما تعبدون എന്നത് വര്‍ത്തമാന-ഭാവികാലങ്ങളില്‍ അവര്‍ ആരാധിക്കുന്ന ആരാധ്യവസ്തുവിനെ, അഥവാ വസ്തുക്കളെ സൂചിപ്പിക്കുന്നു. ما عبدتُّم എന്നത് അവര്‍ ഇതുവരെ ആരാധിച്ച വസ്തുക്കളെ സൂചിപ്പിക്കുന്നു. അവരുടെ ആരാധ്യവസ്തുക്കളെ വര്‍ത്തമാന-ഭാവികാലങ്ങളില്‍ നബി(സ) ആരാധിക്കുന്ന പ്രശ്‌നമില്ലെന്ന് അധ്യായ സന്ദര്‍ഭം സൂചിപ്പിക്കുന്നു. 'ഞാന്‍ ആരാധിക്കുകയില്ല', 'ഞാന്‍ ആരാധിക്കുന്നവനല്ല' എന്നിങ്ങനെ നബി(സ) ഒഴിഞ്ഞുമാറിയതിലൂടെ തന്റെ ഭാഗത്തുനിന്നുള്ള ഒഴിഞ്ഞുമാറ്റമാണ് പ്രധാനമെന്ന് അവിടുന്ന് സ്ഥാപിച്ചു.27 വര്‍ത്തമാന-ഭാവികാലങ്ങളെ സൂചിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിച്ചതില്‍നിന്ന് ഭൂതകാലമല്ല വിവക്ഷ എന്ന് ബോധ്യമായി. നവത്വവും സംഭവ്യതയും സൂചിപ്പിക്കുന്ന ക്രിയാവാചകത്തിനു മുമ്പില്‍ 'ലാ' എന്ന് ചേര്‍ന്നതിലൂടെ അതിനെ നിഷേധിക്കുന്നതായും മനസ്സിലാക്കാം. ഇതുപോലെ, സ്ഥിരതയെ സൂചിപ്പിക്കുന്ന നാമവാചകത്തിനു മുമ്പില്‍ നിഷേധം ചേര്‍ത്തതിലൂടെ അതിനെയും നിരാകരിക്കുന്നതായി മനസ്സിലാക്കാം.

ما أَعْبُدُ എന്നതിലെ مَأ
 مَن എന്ന സംബന്ധികാ സര്‍വനാമം (موصول)  മനുഷ്യനെയും مَا എന്നത് മനുഷ്യരല്ലാത്തവയെയും സൂചിപ്പിക്കാനുള്ളതാണെന്ന ധാരണയില്‍നിന്ന് ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയാണ് കൂടുതല്‍ പ്രയോഗങ്ങളുമെന്ന് വാദമുണ്ടെങ്കില്‍ നമുക്ക് വ്യാഖ്യാനത്തിന്റെ ആവശ്യമുണ്ടാവുകയോ സംശയമുണ്ടാവുകയോ ഇല്ലായിരുന്നു. مَا الموصوليّة മനുഷ്യേതര വസ്തുക്കള്‍ക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന വാദം മിതമായി പറഞ്ഞാല്‍ തോന്നിയത് പറയലാണ്.

അവരുടെ വാദങ്ങള്‍: (1)  مَأഎന്നത് വിശേഷണമാണ്. അതായത്, 'മഹത്വവും വലുപ്പവും ഔന്നത്യവും കണക്കാക്കാന്‍ കഴിയാത്തത്രയും മഹാനാണ് ഞാന്‍ ആരാധിക്കുന്ന ദൈവം'.28 ഈ വാദം സന്ദര്‍ഭത്തിന് ചേര്‍ന്നതല്ല. കാരണം, അവരെ സംബന്ധിച്ചേടത്തോളം അവരുടെ ദൈവവും അവര്‍ക്ക് മഹാന്മാര്‍ തന്നെയാണല്ലോ. അവയെ തീര്‍ത്തും നിരാകരിക്കുന്ന അധ്യായ പശ്ചാത്തലത്തില്‍ ഈ വാദം നിലനില്‍ക്കത്തക്കതല്ല.

(2) ما എന്നത് ക്രിയാധാതു(مصدرية)വാണ്. അതായത് എന്റെ ആരാധന നിങ്ങളോ, നിങ്ങളുടെ ആരാധന ഞാനോ നടത്തുന്നില്ല.29 ഇതും സന്ദര്‍ഭവുമായി യോജിക്കുന്നില്ല. കാരണം, ആരാധനയിലായിരുന്നില്ല, നബിയും പ്രതിയോഗികളും തമ്മിലെ തര്‍ക്കം, ആരാധ്യനെക്കുറിച്ചായിരുന്നു.

(3) രണ്ടും മൂന്നും സൂക്തങ്ങളിലെ ما എന്നത്, الذي (യാതൊരാള്‍, യാതൊന്നാണോ അത്) എന്ന അര്‍ഥത്തില്‍ സംബന്ധികാ സര്‍വനാമമാണെന്നും, നാലും അഞ്ചും സൂക്തങ്ങളിലെ ما ക്രിയാധാതുവായാണ് പരിഗണിക്കേണ്ടതെന്നുമാണ് മറ്റൊരു വാദം.30 ഈ വാദത്തെ ഉപജീവിച്ച് ഇമാം മുഹമ്മദ് അബ്ദു, രണ്ടും മൂന്നും സൂക്തങ്ങളിലെ ما ആരാധ്യരെയും നാലും അഞ്ചും സൂക്തങ്ങളിലെ  ماആരാധനയെയുമാണ് സൂചിപ്പിക്കുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, നമ്മുടെ ആരാധ്യന്‍ ഒന്നല്ല, നമ്മുടെ ആരാധനയും ഒന്നല്ല.'31 ഇതും തെളിവിന്റെ പിന്‍ബലമില്ലാത്ത വാദമാണ്. ഭാഷാ ശൈലിയും അത് ശരിവെക്കുന്നില്ല. അഞ്ചാമത്തെ സൂക്തത്തിലെ പദഘടനയും മൂന്നാമത്തേതിലേതുപോലെ തന്നെയാണ്. എന്നിരിക്കെ, മൂന്നാമത്തേതിലെ ما സംബന്ധികാ സര്‍വനാമവും(موصولة) അഞ്ചാമത്തേതിലെ  ماക്രിയാധാതുവുമാകുന്നതെങ്ങനെ?
(4) ما എന്നത് ഇവിടെ الذي എന്ന അര്‍ഥത്തിലാണ്. ഈ വാദത്തിന് ഭാഷാപ്രയോഗത്തില്‍ പിന്‍ബലമില്ല.32

സൂറയിലെ അന്തിമസൂക്തം രണ്ടു വാചകങ്ങളുടെ സംഘാതമാണ്. സൂറയുടെ വാക്യഘടനാ സവിശേഷതകളില്‍ ഒന്നാണത്. രണ്ടു വാചകങ്ങളുടെയും വാചികമായ അര്‍ഥസൂചന പരിമിതോക്തി(قصر)യാണ്.

സൂറത്തിന്റെ അവതരണ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ഏകാര്‍ഥ പരിമിതി  (قصر إفراد)ആണിത്. പരിമിതപ്പെടുത്തലിന്റെ ഉദ്ദേശ്യം വിശകലനം ചെയ്യവെ അല്ലാമാ അബുസ്സുഊദ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'ഒരു വര്‍ഷം ഞങ്ങളുടെ ദൈവത്തെ നീ ആരാധിക്കണം. അടുത്ത വര്‍ഷം നിന്റെ ദൈവത്തെ ഞങ്ങള്‍ ആരാധിക്കാം' എന്ന ബഹുദൈവാരാധകരുടെ നിര്‍ദേശം ഇബാദത്തുകളില്‍ ഇരുകൂട്ടരുടെയും പങ്കാളിത്തത്തെ ഊന്നിപ്പറയുന്നു.

അതിനാല്‍, ആഖ്യാതത്തെ ആദ്യം പറയുക വഴി ലഭിച്ച 'ഖസ്വ്‌റ് (പരിമിതപ്പെടുത്തല്‍) അനിവാര്യമായും ഖസ്വ്‌റ് ഇഫ്‌റാദാകുന്നു. അഥവാ ഇബാദത്തിലെ പങ്കാളിത്തത്തെ നിരാകരിക്കുന്നതോടൊപ്പം ഓരോ വിഭാഗത്തിന്റെയും ആരാധന അവരവരുടെ ഇലാഹിന് മാത്രമാകുന്ന ഖസ്വ്‌റാണിത്. അവതരണ പശ്ചാത്തലത്തിന് അനുരൂപമായി വാചകങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ സൂക്ഷ്മമായ മാതൃക നമുക്ക് ഇതില്‍ കാണാവുന്നതാണ്.

രണ്ടു വാചകങ്ങള്‍ക്കും പശ്ചാത്തലബന്ധിതമായ അര്‍ഥസൂചനയുമുണ്ട്. പണ്ഡിതന്മാര്‍ സൂചിപ്പിച്ചപോലെ ഒടുവിലെ സൂക്തത്തിന്റെ തുടക്കം لكم എന്നായത് ഇതില്‍പെടുന്നു.
ബിഖാഈ പറയുന്നു: 'അതൊക്കെ സംഭവിക്കുകയും വിഗ്രഹാരാധനയില്‍നിന്നുള്ള വിമുക്തി പ്രഖ്യാപനത്തിന്റെ ആദ്യവാചകങ്ങളുടെ തുടക്കം തിരുദൂതനുമായി ബന്ധപ്പെടുത്തിയാവുകയും ചെയ്തപ്പോള്‍ അതിന്റെ അനിവാര്യഫലമെന്നോണം അന്തിമ സൂക്തത്തിന്റെ തുടക്കം (لكم) അവരുമായി ബന്ധപ്പെട്ടതായിത്തീര്‍ന്നു. ആദ്യവാചകങ്ങളിലൂടെ പ്രകാശിതമായ തിരുദൂതരുടെ വിഗ്രഹാരാധനാ നിരാകരണത്തെ ദൃഢീകരിക്കാനാണിത്.

ഈ പദഘടനകളെല്ലാം തന്നെ ബഹുദൈവവിശ്വാസികളുടെ മുഴു ആരാധ്യരെയും പൂര്‍ണമായി നിരാകരിക്കുന്നവയാണ്. പദങ്ങളിലെ എല്ലാ ആശയങ്ങളും സംശയത്തിന്റെ മുരടറുക്കാന്‍ പര്യാപ്തവുമാണ്.

അധ്യായത്തിന്റെ അവസാന സൂക്തവും അതിന്റെ വാചികവും സാന്ദര്‍ഭികവുമായ ആശയവും
لَكُمْ دِينُكُمْ وَلِيَ دِينِ
 എന്ന അവസാന ഭാഗം അധ്യായത്തിലെ ഇതര സൂക്തങ്ങളെപോലെ തന്നെ സവിശേഷ ഘടനയുള്ള രണ്ടു വാചകങ്ങളുള്ളവയാണ്. രണ്ടു വാചകങ്ങളും 'എനിക്ക് എന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍' എന്ന് സംക്ഷേപിക്കുന്നു. അല്ലാമാ അബുസ്സുഊദ് വിശദീകരിക്കുന്നത് കാണുക: 'നീ ഞങ്ങളുടെ ദൈവങ്ങളെ ഒരു വര്‍ഷം ആരാധിക്കുക, നിന്റെ ദൈവത്തെ ഞങ്ങള്‍ ഒരു വര്‍ഷം ആരാധിക്കാം' എന്നായിരുന്നുവല്ലോ ശത്രുക്കളുടെ പങ്കാളിത്തപരമായ ആരാധനാവാദം.33

الدّين എന്നാല്‍ വിചാരണ, പ്രതിഫലം എന്നാണര്‍ഥം. الدّعاء എന്നാല്‍ ഇബാദത്ത് എന്നും.34 യഥാര്‍ഥത്തില്‍ അതിന്റെ വിവക്ഷالعقيدة الملّة   (ആദര്‍ശം, മതധര്‍മം) എന്നത്രെ. ഈ അര്‍ഥം മനുഷ്യന്റെ വിശ്വാസ നിലപാടുമായി ബന്ധപ്പെട്ടതാണ്. ഇത് 'ദീന്‍' എന്ന ഒറ്റപദത്തിലായി സംക്ഷേപിച്ചതും ശത്രുക്കളുടെ നേരെ ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നതാണ്.35
അതായത്, നബി(സ) തങ്ങളെ പിന്‍പറ്റുമെന്ന സത്യനിഷേധികളുടെ മോഹത്തെ പൂര്‍ണമായും തള്ളിക്കളയുമെന്ന വിധത്തിലാണ് 'നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്ക് എന്റെ ദീന്‍' എന്ന പ്രഖ്യാപനം. ആദ്യം അവരെ അവരുടെ മതത്തില്‍ ഒതുക്കിക്കളഞ്ഞു. സമീനുല്‍ ഹലബിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു: ''നിഷേധമുള്‍ക്കൊള്ളുന്ന വാചകങ്ങള്‍(2,3,4,5 സൂക്തങ്ങള്‍)ക്ക് ശേഷമാണ് അനിഷേധ്യമായ ഈ രണ്ടു വാചകങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. സത്യനിഷേധികളുടെ ദീനുമായി അകലം പാലിക്കുക എന്നതാണ് ഉദ്ദേശ്യമെന്നതിനാല്‍ മുന്‍വാചകങ്ങളില്‍ നിഷേധം വന്നു. അതും നാലു തവണ. നിഷേധം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ ശേഷമാണ് 'ലകും ദീനുകും വലിയ ദീന്‍' എന്നു ഉടമ്പടിയിലെത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ശത്രുക്കളോട് യുദ്ധം ചെയ്യാനുള്ള കല്‍പന വന്നതോടെ ഉടമ്പടി അവസാനിച്ചു.''36
യഥാര്‍ഥത്തില്‍ അത് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ഉടമ്പടിയോ വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയതോ അല്ല. പ്രത്യുത, സത്യനിഷേധത്തിലും ദുര്‍മാര്‍ഗത്തിലും മൂടുറച്ചുപോയ നിഷേധികള്‍ക്കുള്ള കടുത്ത താക്കീതാണ്.37
പശ്ചാത്തലത്തില്‍നിന്ന് വായിച്ചെടുക്കാവുന്ന മറ്റൊരു കാര്യം, ഒടുവിലെ സൂക്തം അതിനുമുമ്പുള്ള നാലു സൂക്തങ്ങളുടെ മൊത്തം ആശയത്തെ ഊന്നിപ്പറയുന്നു എന്നതാണ്.36 പ്രമുഖ മുഫസ്സിറുകളെല്ലാം രണ്ടും നാലും സൂക്തങ്ങളുടെ സ്ഥിരീകരണമാണ് لكم دِينُكم എന്നത്രെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുപോലെ, മൂന്നാം സൂക്തത്തിന്റെ സ്ഥിരീകരണമാണ് وَلِيَ دِين എന്ന സൂക്തഭാഗം.39 ഒരേ അധ്യായത്തിലെ സൂക്തങ്ങളുടെ ഘടനകള്‍ക്കിടയിലെ മനോഹരമായ ഈ പൊരുത്തം ശ്രദ്ധേയമാണ്. ഓരോ വാചക ഘടനയും സത്യനിഷേധികളെ കൂടുതല്‍ കൂടുതല്‍ നിരാശപ്പെടുത്തുംവിധമാണ്. അതുകൊണ്ടാണ് ഗര്‍നാത്വീ ആറാം സൂക്തം വിശദീകരിച്ചുകൊണ്ട്, 'നബി (സ) സത്യനിഷേധികളില്‍നിന്ന് മുക്തി പ്രഖ്യാപിക്കുകയും അതിന്റെ മുന്നോടിയായി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു' എന്ന് രേഖപ്പെടുത്തിയത്.40

വിശുദ്ധ ഖുര്‍ആനില്‍ ഇത്തരമൊരു ഘടനയുള്ള മറ്റൊരു അധ്യായമില്ല. സത്യനിഷേധത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എന്ന വിശേഷണത്തോടെയാണല്ലോ അധ്യായത്തിന്റെ തുടക്കം തന്നെ. ശേഷം എന്താണ് പറയാന്‍ പോകുന്നത് എന്ന് തുടക്കത്തിലേ ബോധ്യപ്പെടുത്തുന്ന തരം പദശൈലി.

ബിഖാഈ എഴുതുന്നു: ''അല്‍ കാഫിറൂന്‍ അധ്യായത്തിലെ എല്ലാ സൂക്തങ്ങളും തീര്‍ച്ചയും ഉറപ്പും സ്ഥാപിക്കുന്ന തരം പദങ്ങള്‍ ഉപയോഗിച്ചല്ല വിന്യസിച്ചിരിക്കുന്നത്. പരാമര്‍ശിച്ച കാര്യങ്ങള്‍ അത്രയും വ്യക്തമാണെന്നു സാരം. 'എനിക്ക് എന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍' എന്ന അവസാന സൂക്തത്തിലെ ആശയം തന്നെയാണ് നബി(സ) അവരുടെ ആരാധ്യരെയോ, അവര്‍ നബിയുടെ ആരാധ്യനെയോ ആരാധിക്കുകയില്ല എന്ന മുന്‍ സൂക്തങ്ങളിലെയും ആശയം. ഇതനുസരിച്ച് ഒടുവില്‍ പറഞ്ഞത് ആദ്യവും ആദ്യം പറഞ്ഞത് ഒടുവിലും ഒരു പോലെ ചേരും വിധമായി. ഒരു കാലത്തും അല്ലാഹുവിന്റെ വിഷയത്തില്‍ ഒരു തരത്തിലുള്ള ഭേദഗതികള്‍ക്കും താന്‍ വിധേയനാവുകയില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് അധ്യായത്തിന്റെ മൊത്തം ഉള്ളടക്കം.''41

അസ്മാഉല്‍ ഹുസ്‌നായുടെ അഭാവവും സന്ദര്‍ഭൗചിത്യവും
അവതരണ പശ്ചാത്തലത്തിന്റെ വെളിച്ചത്തില്‍ അല്‍കാഫിറൂന്‍ അധ്യായം വിശകലനം ചെയ്യുമ്പോള്‍, അധ്യായത്തിന്റെ ഘടന ബഹുദൈവ വിശ്വാസികളുടെ ദൈവങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതാണെന്നതും അതുകൊണ്ടുതന്നെ അസ്മാഉല്‍ ഹുസ്‌നായിലെ ഒന്നുപോലും ബഹുദൈവ വിശ്വാസത്തിലേക്കുള്ള വഴി അടക്കുന്നതിന്റെ ഭാഗമായി അധ്യായത്തില്‍ വന്നില്ല എന്നതും ശ്രദ്ധേയമാണ്. അസ്മാഉല്‍ ഹുസ്‌നായിലെ ഏതെങ്കിലുമൊന്ന് പരാമര്‍ശിച്ചിരുന്നുവെങ്കില്‍ അവരുടെ ദൈവങ്ങളുടെ പേരുകള്‍ എടുത്തു പറയേണ്ടി വരുമായിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ അലി (റ) 'ബിസ്മില്ലാഹിര്‍റഹ് മാനിര്‍റഹീം' എന്ന് എഴുതിയപ്പോള്‍ ശത്രുക്കള്‍ അത് നിരാകരിക്കുകയും 'ബിസ്മികല്ലാഹുമ്മ' എന്നെഴുതാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 'അല്ലാഹുവിന്റെ ദൂതന്‍ കരാര്‍ ചെയ്തത്' എന്നെഴുതിയപ്പോള്‍ 'നീ ദൈവദൂതനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍ ഞങ്ങള്‍ നിന്നോട് യുദ്ധം ചെയ്യുമായിരുന്നില്ലല്ലോ' എന്നായിരുന്നുവല്ലോ അവരുടെ പ്രതികരണം.42 അത് മാനിച്ചുകൊണ്ട് എഴുതിയത് മായ്ക്കാന്‍ നബി(സ) കല്‍പിക്കുകയുണ്ടായി. ഈയടിസ്ഥാനത്തില്‍, ബഹുദൈവ വിശ്വാസികളുടെ ദൈവങ്ങളെ സൂചിപ്പിക്കാന്‍ ما എന്നുപയോഗിച്ചു. നബി(സ)യുടെ ആരാധ്യനായ അല്ലാഹുവെ സൂചിപ്പിക്കാനും  എന്നുതന്നെ ഉപയോഗിച്ചു. لَا أعبد ما تعبدون എന്നതിനു പകരം لا أعبد اللّات  എന്നായിരുന്നുവെങ്കില്‍ ഹുബ്ല്‍, ഉസ്സാ മുതലായ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ നിലപാട് എന്തായിരിക്കും? അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ലല്ലോ (എല്ലാ ഗോത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വിഗ്രഹങ്ങളുണ്ടായിരുന്നുവല്ലോ).

അധ്യായത്തിലെ വാക്യഘടന എല്ലാ കാലങ്ങള്‍ക്കും യോജിച്ചത്
സൂക്തങ്ങളെ അവതരണ കാരണവുമായോ കാലവുമായോ മാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഏതു കാലത്തും സംഭവിക്കാവുന്ന ഇത്തരം അനുഭവങ്ങളുമായി ഇത് ബന്ധിപ്പിച്ച് മനസ്സിലാക്കണം. ഖുര്‍ആനില്‍ ശത്രുക്കളുമായി അല്ലാഹു നടത്തുന്ന ഏറ്റവും അവസാനത്തെ സംഭാഷണമാണ് അല്‍കാഫിറൂന്‍ അധ്യായം. ഇതിനുശേഷം മുസ്വ്ഹഫ് അവസാനിക്കാന്‍ അഞ്ചു അധ്യായങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഖുര്‍ആനില്‍ അല്ലാഹു ശത്രുക്കളുമായി നടത്തിയ മൊത്തം സംഭാഷണങ്ങളുടെ സംഗ്രഹമായി അധ്യായത്തെ മനസ്സിലാക്കാം. അല്ലാഹു അല്ലാത്ത വ്യാജദൈവങ്ങളിലേക്ക് ക്ഷണിക്കുന്നവരെ തീര്‍ത്തും നിരാശരാക്കുകയാണ് അധ്യായം. മുന്‍കാല പണ്ഡിതന്മാര്‍ക്ക് ഈ ആശയം അവ്യക്തമായിരുന്നില്ല. 'സത്യനിഷേധികളേ' എന്ന വിളിയില്‍ ഭൂമുഖത്തെ എല്ലാ സത്യനിഷേധികളും പെടും. എന്നാല്‍, അധ്യായം അവതരിച്ചപ്പോള്‍ അഭിസംബോധിതര്‍ ഖുറൈശികളിലെ നിഷേധികളാണ്.43 ബിഖാഈ എഴുതുന്നു: അല്‍ കാഫിറൂന്‍ എന്നതിലെ 'അലിഫ് ലാം' എല്ലാ കാലത്തെയും എല്ലാ സത്യനിഷേധികളെയും ഉള്‍ക്കൊള്ളുന്നതാണ്.44 നബി(സ)യെയും മുസ്‌ലിംകളെയും ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ സാര്‍വകാലികമായ പ്രതിഭാസമായിരിക്കുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പു തന്നിട്ടുണ്ട്.
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّۖ
''നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്)'' (ബഖറ 109).
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰۗ 
''യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നതുവരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം'' (ബഖറ 120).

وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُواۚ 
''അവര്‍ക്കു സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നതുവരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും'' (ബഖറ 217).
വേദവിശ്വാസികളും സത്യനിഷേധികളും ഉള്‍പ്പെടെയുള്ള എല്ലാ പ്രതിയോഗികളുടെയും ഭാഗത്തുനിന്ന് എല്ലാ കാലങ്ങളിലും ഇത്തരം നീക്കങ്ങളുണ്ടാകുമെന്ന് മേല്‍ 
يردونكم ، ترضى ، حَتَّىٰ يَرُدُّوكُمْ
സൂക്തങ്ങളിലെ  എന്ന വര്‍ത്തമാന-ഭാവികാല ക്രിയാരൂപങ്ങള്‍ വ്യക്തമാക്കുന്നു.
'അല്‍കാഫിറൂന്‍' അധ്യായത്തിലെ മറ്റൊരു കൗതുകവും ശ്രദ്ധേയമാണ്. സംബന്ധികാ സര്‍വനാമങ്ങളില്‍ ഏറ്റവും ഗോപ്യമായി ആശയം സന്നിവേശിപ്പിക്കാന്‍ യോഗ്യമായ  ماഉപയോഗിച്ചതുവഴി അതിലൂടെ പുരുഷനെയും സ്ത്രീയെയും മനുഷ്യനെയും മറ്റുള്ളവയെയും ഏകവചനവും ബഹുവചനവുമെല്ലാം ഒരുപോലെ ഉദ്ദേശിക്കാന്‍ പറ്റും. ബഹുദൈവ വിശ്വാസരംഗത്ത് ലോകാവസാനം വരെ ഓരോ ദിവസവും പുതുതായി ഉണ്ടാവുന്ന ഏതുതരം ദൈവങ്ങളെയും ഉള്‍ക്കൊള്ളാന്‍ ما എന്ന പദത്തിന് കഴിയും എന്നു സാരം. ഇസ്‌ലാമിന്റെയും നബിയുടെയും സാര്‍വലൗകികതയെയും സാര്‍വകാലികതയെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തിലുള്ള ഘടനയാണ് അധ്യായത്തിന്റേത്. നബിയുടെ കാലത്തെ ബഹുദൈവ വിശ്വാസത്തിന് സമാനമായ ഏതു സാഹചര്യത്തിനും ഫിറ്റാക്കാവുന്ന വിധം ഏതു തരത്തിലും രൂപത്തിലുമുള്ള വ്യാജദൈവങ്ങളെയെല്ലാം അധ്യായം ഉള്ളടങ്ങിയിരിക്കുന്നു. ഇത് ഖുര്‍ആന്റെ അത്യത്ഭുതകരമായ അമാനുഷികതയാണ്.

അധ്യായത്തില്‍ ആലങ്കാരിക പദപ്രയോഗങ്ങളില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വശം. എല്ലാതരം വ്യാജദൈവങ്ങളില്‍നിന്നും മുക്തി പ്രഖ്യാപിക്കുന്ന അധ്യായമായതിനാല്‍ പറയുന്ന കാര്യം വ്യക്തമാണ്, കൃത്യമാണ്. ഇത്തരമൊരു വചന സന്ദര്‍ഭത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കാവുന്ന പദപ്രയോഗങ്ങള്‍ ആശാസ്യമല്ല. മുക്തിപ്രഖ്യാപനം ആത്മാര്‍ഥമാണെന്ന് തെളിയിക്കാവുന്നവിധം എല്ലാ പഴുതുകളും അടക്കുന്നവിധമാവണം പദ-വാക്യ ഘടനകള്‍. മുസ്വ്ഹഫില്‍ അധ്യായത്തിന്റെ സ്ഥാനം വിലയിരുത്തിയ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ദഅ്‌വത്തിന്റെ സുപ്രധാനമായൊരു ഘട്ടമാണ് അത് പ്രതിനിധീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. പണ്ഡിതവര്യനായ ബിഖാഈയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: 'അല്‍കൗസര്‍ അധ്യായത്തിന്റെ ഉദ്ദേശ്യം ദൃക്‌സാക്ഷ്യമെന്ന നിലയില്‍ സ്ഥാപിക്കുകയാണ് അല്‍കാഫിറൂന്‍ അധ്യായത്തിന്റെ ലക്ഷ്യം.'45 

കുറിപ്പുകള്‍
1. البرهان 244،243
2. البرهان 245، 244
3. النظم الفني 369
4. روح المعاني 484/15
5. نَظْم الدرر 553/8
6. نَظْم الدّرر 545

7. التحرير والتنوير 280/30، السيرة النبويّة لإبن إسحاق، جامع 
البيان للطّبري 214/30
8. الجامع لإحكام القرآن 7115/10، روح المعاني 485/15
9. التحرير والتنوير 580/30
10. مفاتيح الغيب 715: 704/16
11. مفاتيح الغيب 716/16
12. التحرير والتنوير 581/30
13. الكشاف 292/4، مفاتيح الغيب 717/16، الجامع لأحكام القرآن 7115/1، تفسير ابن كثير 560/4، أنوار التنزيل 579/2، نظم الدّرر 554/8، إرشاد العقل السليم 206/9، فتح القدير 506/5
14. حاشية محي الدّين شيخ زاده على البيضاوي 706/4
15. مفاتيح الغيب 716/16
16. روح المعاني: 486/15
17. التحرير والتنوير 581/30
18. نظم الدّرر 554/8، الشهاب على البيضاوى 404/8
19. الكشاف 4/292,293، مفاتيح الغيب 717/16، اَنوار التنزيل 579/2، التحرير والتنوير: 583-581/3
20. الجامع لأحكام القرآن 7318/10، مسائل الرّازي: 553 الشهاب على البيضاوي 405/8
21. روح المعاني 487/15
22. جامع البيان للطبري 214/30 الجامع لأحكام القرآن 7116/10، مسائل الرّازي 553، فتح القدير 507/5، روح المعاني 486/15
23. البرهان فى توجيه متشابه القرآن 307
24. مفاتيح الغيب 719/16، الفتوحات الأ لهيّة 597/4
25. فتح القدير: 507,506/5
26. انظر: كتاب الدّكتور ابراهيم الخولي- التكرار بلاغة، من ص: 100-80
27. نظم الدّرر 555/8
28. الكشاف 207/4، مفاتيح الغيب 719/16، روح المعاني487/15
29. الكشاف 207/4، أنوار التنزيل 579/2، مسائل الرّازي 553، الشهاب على البيضاوى 405/8، روح المعاني 487/15
30. الكشاف 27/4
31. تفسير جزءعمّ 139
32. 
33. إرشاد العقل السليم 207/9، التحرير والتنوير 584/30، الشهاب 406/8
34. مفاتيح الغيب 721/16، الجامع لأحكام القرآن للقرطي 7319/10

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top