ഖുര്‍ആനിലെ പദകൗതുകങ്ങള്‍

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

نُكْر ............. مُنْكَر
نَفِدَ ................ نَفَذَ
ഒരേ അടിസ്ഥാന ധാതുവില്‍നിന്ന് ഉത്ഭവിച്ച രണ്ട് സമാന പദങ്ങളാണ് نكر-ഉം منكر-ഉം. രണ്ടു പദങ്ങളുടെയും അടിസ്ഥാനാക്ഷരങ്ങള്‍ മൂന്നാണ്. അതായത്  نكرഎന്ന്. 
ഇമാം റാഗിബുല്‍ അസ്വ്ഫഹാനി نكر എന്നതിനെ പറ്റി തന്റെ അല്‍ മുഫ്‌റദാത്തില്‍ എഴുതുന്നു:إنكار  എന്നതിന്റെ അര്‍ഥം അപരിചിതത്വം എന്നാണ്. പരിചിതത്വം (عِرْفَان) എന്നതിന്റെ വിപരീതം.  
نَكِرْتُ ، أَنْكَرْتُ كذا
എന്നിവയുടെ അര്‍ഥം, ഭാവനയില്‍ സങ്കല്‍പിക്കാത്തത് ഹൃദയത്തില്‍ വരിക അഥവാ, നേരത്തേ പരിചയമില്ലാത്ത ഒരു കാര്യം കാണുമ്പോള്‍ അപരിചിതമായി അനുഭവപ്പെടുക എന്നാണ്. നാവുകൊണ്ട് നിഷേധിക്കപ്പെടുന്നതിനും അതുപയോഗിക്കും.
ശരിയായ മനുഷ്യബുദ്ധി ചീത്തയെന്നോ മോശമെന്നോ വിധിക്കുന്ന അഥവാ, നല്ലതെന്നോ ചീത്തയെന്നോ തീരുമാനം പറയാതെ ബുദ്ധി മാറ്റിവെക്കുകയും എന്നാല്‍ ശരീഅത്ത് ചീത്തയെന്ന് വിധി കല്‍പിക്കുന്നതുമായ കാര്യമാണ് 'മുന്‍കര്‍.' النُّكر എന്നാല്‍ നൈപുണി, സാമര്‍ഥ്യം, അജ്ഞാതവും ബുദ്ധിമുട്ടുമുള്ളതുമായ കാര്യം എന്നൊക്കെയാണ് അര്‍ഥം.1 نُكْرًا എന്ന് മൂന്നു തവണയും نُكُر ഒരു തവണയുമാണ് ഖുര്‍ആനില്‍ വന്നിരിക്കുന്നത്. مُنْكر എന്നത് പതിനാറു തവണയും.
مُنْكر ، نُكْر  എന്നീ പദങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

വ്യത്യാസം
النُّكر എന്നാല്‍ തനിക്കറിയാത്തതിനാലും മനസ്സിലാക്കാന്‍ കഴിയാത്തതിനാലും മനുഷ്യര്‍ അസാധാരണമായും അപരിചിതമായും ധരിക്കുകയും അതിനാല്‍ തന്നെ നിഷേധിക്കുകയും ചെയ്യുന്നത് എന്നാണര്‍ഥം. മനുഷ്യന്റെ അജ്ഞതയാവാം ഇങ്ങനെ പ്രതികരിക്കുന്നതിന് കാരണം. അതുവഴി അയാള്‍ക്ക് തെറ്റുപറ്റിയെന്നിരിക്കാം. അയാള്‍ക്ക് അറിയാതെയോ മനസ്സിലാക്കാന്‍ കഴിയാതെയോ പോയ കാര്യം വാസ്തവത്തില്‍ ഉള്ളതാവാം.

المُنكر എന്നാല്‍ മൗലികമായും യഥാര്‍ഥമായും ചീത്തയായ കാര്യം എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ശരീഅത്ത് അതിനെ നിരാകരിക്കുകയും അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതിനെ നിരാകരിക്കാനും അതിനെതിരില്‍ സമരം ചെയ്യാനും അത് നമ്മോട് ആവശ്യപ്പെടുന്നു. ചിലയാളുകള്‍ അത് സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും തൃപ്തിപ്പെടുകയും ചെയ്താലും അത് മിഥ്യയും അതുകൊണ്ടുതന്നെ പരിത്യക്തവുമാണ്.

النُّكر ഖുര്‍ആനില്‍
A) അല്‍ കഹ്ഫ് അധ്യായത്തില്‍, മൂസാ നബിയും ഖിദ്‌റും നടത്തിയ യാത്ര വിവരിക്കവെ, ഖിദ്ര്‍ ഒരു കൊച്ചു കുട്ടിയെ വധിച്ച സംഭവം വിവരിക്കുന്നുണ്ടല്ലോ.
حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرًا
''..... അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം (ഖിദ്ര്‍) അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്ക് പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും താങ്കള്‍ അപരിചിതമായ കാര്യമാണ് ചെയ്തിരിക്കുന്നത്.2

ഖിദ്ര്‍ കുട്ടിയെ വധിച്ചത് അസാധാരണമായ നടപടിയാണെന്ന് മൂസാ നബി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവൃത്തിയെ നിരാകരിക്കുകയും തെറ്റെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പക്ഷേ, തന്റെ നടപടി ശരിയാണെന്ന നിലപാടായിരുന്നു ഖിദ്‌റിന്റേത്. താഴെ കൊടുത്ത സൂക്തം അത് വ്യക്തമാക്കുന്നുണ്ട്:
وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ﴿٨٠﴾ فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا
''എന്നാല്‍ ആ ബാലനാവട്ടെ, അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കോള്‍ സ്വഭാവ ശുദ്ധിയില്‍ മെച്ചപ്പെട്ടവനും കുടുംബത്തോട് കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.''3

'കുട്ടിയെ വധിച്ചത്' ബാഹ്യവീക്ഷണത്തില്‍ തെറ്റും അതുകൊണ്ടുതന്നെ അപലപനീയവുമായ നടപടിയാണ്. എങ്കിലും വധിച്ചത് യഥാര്‍ഥത്തില്‍ സാധുവും ശരിയുമായ നടപടിയായിരുന്നു. അതുകൊണ്ടാണ് വധത്തെ مُنْكر (നിഷിദ്ധം) എന്ന് വിശേഷിപ്പിക്കാതെ نُكر (അസാധാരണവും അപരിചിതവുമായ നടപടി) എന്ന് വിശേഷിപ്പിച്ചത്.

B) ദുല്‍ഖര്‍നൈന്‍ ചക്രവര്‍ത്തി തന്റെ ദിഗ്വിജയ യാത്രയില്‍ പടിഞ്ഞാറോട്ട് പോകവെ, സൂര്യാസ്തമന സ്ഥാനത്തെത്തിയപ്പോള്‍ അവിടെ ഒരു ജനവിഭാഗത്തെ കാണുകയുണ്ടായി.
حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًاۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾ قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا
''അങ്ങനെ അദ്ദേഹം സൂര്യാസ്തമന സ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെ അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോട് നാം പറഞ്ഞു: 'ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്മയുണ്ടാക്കാം.' അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: എന്നാല്‍ ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്. പിന്നീട് അവന്‍ തന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയും അപ്പോള്‍ അവന്‍ അസാധാരണമായ ശിക്ഷ അവന് നല്‍കുകയും ചെയ്യുന്നതാണ്.''4

ഇവിടെ ദുല്‍ഖര്‍നൈന്‍, അല്ലാഹു അന്ത്യനാളില്‍ സത്യനിഷേധികളെ ശിക്ഷിക്കുന്നതിനെ النُّكْر എന്ന് വിശേഷിപ്പിച്ചു. സത്യനിഷേധി മേല്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ? അല്ലാഹു അയാളെ അക്രമപരമായി ശിക്ഷിക്കുകയാണോ? ഈ നടപടി നിരാകരിക്കേണ്ടതാണോ?
ഇതിന്റെ ഉത്തരം, സത്യനിഷേധി ശിക്ഷയര്‍ഹിക്കുന്നു. അല്ലാഹു അയാളുടെ കാര്യത്തില്‍ നീതിനിഷ്ഠമായ നിലപാടു മാത്രമേ സ്വീകരിക്കുകയുള്ളൂ.
എങ്കില്‍ മേല്‍ സൂക്തത്തില്‍ ശിക്ഷയെ نُكْر എന്ന് എന്തുകൊണ്ടായിരിക്കണം വിശേഷിപ്പിച്ചത്?

ഉത്തരം: ഭൗതിക ലോകത്ത് ഈ ശിക്ഷയെ പറ്റി കേള്‍ക്കുന്ന മാത്രയില്‍ സത്യനിഷേധി നിരാകരിക്കുകയും അത് കഠിനവും ക്രൂരവുമാണെന്ന് വിധിയെഴുതുകയും ചെയ്യും എന്നതുകൊണ്ടാണ്.

പക്ഷേ, സത്യനിഷേധിയുടെ അറിയായ്കയും നിരാകരണവും ശരിയല്ല. കാരണം അല്ലാഹു സത്യനിഷേധിയെ ശിക്ഷിക്കുന്ന വിഷയത്തില്‍ കണിശവും കൃത്യവുമായ നീതി പാലിക്കുന്നതായിരിക്കും.

സത്യനിഷേധിയെ ശിക്ഷിക്കുന്നത് സത്യനിഷേധിയുടെ ദൃഷ്ടിയില്‍ നിരാകരിക്കാവുന്ന തെറ്റാണ്. പക്ഷേ, അത് യഥാര്‍ഥത്തില്‍ സാധുവും ശരിയുമാണ്. അതുകൊണ്ടാണ് അല്ലാഹു അതിനെ نُكْر എന്ന് വിശേഷിപ്പിച്ചത്. അത് مُنْكر (നിഷിദ്ധം) അല്ല.

C) അല്ലാഹു ദുന്‍യാവില്‍ സത്യനിഷേധികളായ ജനതകളെ ശിക്ഷിച്ചിരിക്കുന്നു. ദൈവിക വിധികളെയും ദീനിനെയും ധിക്കരിച്ചതാണ് കാരണം.
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا ﴿٨﴾ فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا ﴿٩﴾
''എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം അസാധാരണമാം വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അവരുടെ നിലപാടിന്റെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിന്റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.''5

മേല്‍ സൂക്തത്തില്‍ അല്ലാഹു സത്യനിഷേധത്തിലധിഷ്ഠിതമായ രാജ്യത്തിന് നല്‍കിയ ശിക്ഷയെ نُكْر എന്ന് വിശേഷിപ്പിച്ചു. കാരണം, ചില സത്യനിഷേധികള്‍ ശിക്ഷയെ അസാധാരണ നടപടിയായും അക്രമമായും ക്രൂരതയായും മനസ്സിലാക്കും. അതേസമയം, അല്ലാഹുവാകട്ടെ അവരെ ശിക്ഷിക്കുമ്പോഴും കണിശവും കൃത്യവുമായ നീതി പാലിച്ചിരിക്കും. അതിനാല്‍ അല്ലാഹുവിന്റെ ശിക്ഷാനടപടി സാധുവും ശരിയുമാണ്.
ഇത്രയും പറഞ്ഞതില്‍നിന്ന് നാം കണ്ടെത്തുന്ന തത്ത്വം ഇതാണ്: അതായത്, نُكْر എന്ന പദം ഖുര്‍ആനില്‍ മൂന്നു തവണ ഉപയോഗിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ തെറ്റെന്ന് തോന്നുന്നതും അതുകൊണ്ടുതന്നെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ പ്രവൃത്തികള്‍ക്കാണ് ഈ മൂന്നിടങ്ങളിലും മേല്‍ പദം പ്രയോഗിച്ചിരിക്കുന്നത്. പക്ഷേ, അവ യഥാര്‍ഥത്തില്‍ സത്യവും സാധുവും ശരിയുമാണ്.

ഖുര്‍ആനില്‍ 'മുന്‍കര്‍' എന്നതിന്റെ വിവക്ഷ
مُنْكر എന്ന പദം ഖുര്‍ആനില്‍ പതിനാറു തവണ ഉപയോഗിച്ചിരിക്കുന്നു. വഷളായ കാര്യം, ചീത്ത പെരുമാറ്റം, നിഷിദ്ധമായ പ്രവൃത്തി, ഫലശൂന്യമായ കാര്യം എന്നെല്ലാമാണ് അതിന്റെ വിവക്ഷ.
ഉദാഹരണം: 
وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًاۚ
''തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്.''6 നിഷിദ്ധമായ ഏതു കാര്യത്തെയും നിരാകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഖുര്‍ആന്‍ പറയുന്നു:
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
''നിങ്ങളില്‍നിന്ന് നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും നിഷിദ്ധമായത് നിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടായിത്തീരണം. അവരത്രെ വിജയികള്‍.''7
ചുരുക്കത്തില്‍, ഖുര്‍ആന്‍ نُكْر-നെയും مُنْكر-നെയും വേര്‍തിരിച്ചിരിക്കുന്നു.
نُكر എന്നാല്‍, മനുഷ്യന്‍ തനിക്ക് അപരിചിതമോ അസാധാരണമോ ആയി തോന്നി തെറ്റെന്ന് മനസ്സിലാക്കി നിരാകരിക്കുന്ന കാര്യമാണ്. യഥാര്‍ഥത്തില്‍ അത് സത്യമായിരിക്കും.8
مُنْكر എന്നാല്‍, ഇസ്‌ലാമിക ശരീഅത്ത് നിരാകരിക്കുകയും വെറുക്കുകയും നിഷിദ്ധമായി പ്രഖ്യാപിക്കുകയും എതിരെ സമരം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്യുന്ന കാര്യമാണ്. കാരണം, അത് തെറ്റാണ്, അസാധുവാണ്. ചിലയാളുകള്‍ അത് തൃപ്തിപ്പെടുകയും സ്വീകരിക്കുകയും ചെയ്താലും.9 ആയതിനാല്‍ എല്ലാ نُكْر-കളും അല്ലാഹുവിങ്കല്‍ ത്രാസില്‍ ശരിയാണ്; ചില മനുഷ്യര്‍ അതിനെ നിരാകരിച്ചാലും. എല്ലാ مُنْكر-കളും അല്ലാഹുവിന്റെ ത്രാസില്‍ തെറ്റാണ്; ചില ജനങ്ങള്‍ അതിനെ സ്വീകരിച്ചാലും.
ഏതൊരു കാര്യവും സ്വീകാര്യമോ അസ്വീകാര്യമോ ആവുന്നത് ജനങ്ങളുടെ നടപ്പുശീലങ്ങളോ നിയമസംഹിതകളോ രീതിശാസ്ത്രങ്ങളോ അനുസരിച്ചല്ല. കാരണം, ജനങ്ങള്‍ നിഷിദ്ധം സ്വീകരിച്ചെന്നു വരും, സത്യത്തെ നിരാകരിച്ചുവെന്നു വരും. സര്‍വജ്ഞനായ അല്ലാഹുവിന്റെ മാനദണ്ഡവും ശരീഅത്തുമായിരിക്കും. ഏതു കാര്യത്തിലും അന്തിമ വിധികര്‍ത്താവ്.
قل أأنتم أعلم أم الله
''നബിയെ! താങ്കള്‍ പറയുക. നിങ്ങളാണോ ഏറ്റവും നന്നായറിയുന്നവന്‍, അതോ അല്ലാഹുവോ?''
*****
نَفِدَ ................ نَفَذَ
 نَفِدَഎന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ അഞ്ചു തവണ ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു.
ما عندكم ينفد وما عند الله باق
''നിങ്ങളുടെ വശമുള്ളത് തീര്‍ന്നുപോവും. അല്ലാഹുവിങ്കലുള്ളത് ബാക്കിയാവും.''10
قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا
''സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ എഴുതാനുള്ള മഷിയാണെങ്കില്‍ എന്റെ നാഥന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതിനുമുമ്പ് സമുദ്രം തീര്‍ന്നുപോകും; അതിനു പോഷകമായി അതുപോലുള്ളത് നാം കൊണ്ടുവന്നാലും.''11
وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِۗ
''ഭൂമിയിലുള്ള മരങ്ങളൊക്കെ പേനകളാവുകയും സമുദ്രത്തെ ഏഴു സമുദ്രങ്ങള്‍ സഹായിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ തീര്‍ന്നുപോവുകയില്ല.''12
إِنَّ هَٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ
''തീര്‍ച്ചയായും ഇത് നമ്മുടെ വിഭവമാണ്. അത് തീര്‍ന്നുപോവുകയില്ല.''13 മുകളിലെ അഞ്ചു സ്ഥലങ്ങളിലും نَفِدَ എന്നതിന്റെ അര്‍ഥം അവസാനിച്ചു, തീര്‍ന്നു, ഒന്നും ബാക്കിയായില്ല എന്നെല്ലാമാണ്.

അക്ഷരങ്ങളിലും ഘടനയിലും نَفِدَ -യോട് സദൃശവും എന്നാല്‍ അര്‍ഥവ്യത്യാസവുമുള്ള മറ്റൊരു പദമാണ് نَفَذَ . ഇത് ഖുര്‍ആനിലെ ഒരു സൂക്തത്തില്‍ മൂന്നു തവണ ഉപയോഗിച്ചിരിക്കുന്നു:
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُواۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ
''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍നിന്ന് പുറത്തു കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നുപോകുകയില്ല.''14
ഇതിലെ نَفَذَ എന്ന പദത്തിന്റെ അര്‍ഥം, ഒരു ഭാഗത്തുനിന്ന് മറുവശത്തേക്ക് തുളച്ചു കടക്കുക എന്നത്രെ.

نَفَذَ  , نَفِدَ എന്നീ രണ്ടു പദങ്ങളുടെ അര്‍ഥങ്ങള്‍ക്കിടയില്‍ ബന്ധമുണ്ട്. ഒരു വസ്തു ഒരു സ്ഥലത്തുനിന്ന് അവിടം തുളച്ച് മറ്റൊന്നിലേക്ക് കടന്നുപോവുമ്പോള്‍ ആ വസ്തു കടന്നുപോയി എന്നു പറയും. കടന്നുപോകുന്നതോടെ അത് ആദ്യ സ്ഥാനത്തുനിന്ന് അവസാനിച്ച് പുതിയ സ്ഥാനത്തേക്ക് കടന്നുപോയി എന്നത്രെ.
രണ്ടു പദങ്ങളുടെയും ഘടന സമാനമായ ആശയം പ്രദാനം ചെയ്യുന്നു.
 نَفَذَ  എന്ന പദത്തിലെ دال-നു മുകളിലെ പുള്ളി അഥവാ കുത്ത് نَفِدَ-യില്‍ അവസാനിച്ച് ഇല്ലാതായി. 

കുറിപ്പുകള്‍
1. അല്‍ മുഫ്‌റദാത്ത്, പേ: 505
2. അല്‍ കഹ്ഫ് 74
3. അല്‍ കഹ്ഫ്: 80, 81
4. അല്‍ കഹ്ഫ് 86, 87
5. അത്ത്വലാഖ് 8, 9
6. അല്‍ മുജാദില 2
7. ആലു ഇംറാന്‍: 104
8. النّكر: هو الأمر الّذي قد يستغربه الإنسان وينكره لأنّه يظنّه خطأً مع أنه في حقيقته صدق وصواب
9. المنكر: فهو الأمر الذي ينكره الشرع ويرفضه ويحرّمه و يدعونا إلى محاربته وإنكاره لأنّه باطل وخطأ ولو رضي به بعض النّاس وقبِلَهُ
10. അന്നഹ്ല്‍: 96
11. അല്‍ കഹ്ഫ് : 109
12. ലുഖ്മാന്‍: 27
13. സ്വാദ്: 54
14. അര്‍റഹ്‌മാന്‍: 33

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top