സംഘടിത ഇജ്തിഹാദ്

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

മതപരമായ വിഷയങ്ങളില്‍ ഫത്‌വ നല്‍കുക എന്നത് വളരെ ഗൗരവതരമായ വിഷയമാണ്. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ജനങ്ങളുമായി നിരന്തരമായും സമയം നഷ്ടപ്പെടാതെയും നേരിട്ടും ബന്ധപ്പെടാന്‍ അവസരം നല്‍കുന്നു. അതുകൊണ്ടുതന്നെ അയോഗ്യരായവര്‍പോലും ഫത്‌വാ രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യമുണ്ടായിരിക്കുന്നു. സമൂഹത്തെ ആഴത്തിലും സമഗ്രമായും ബാധിക്കുന്ന മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ യോഗ്യതകളില്ലാത്തവര്‍ ധൃഷ്ടരാവുന്ന അനുഭവങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നുണ്ട്.

ഈ സാഹചര്യവും ധാരാളം പുത്തന്‍ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നതും പരിഗണിച്ച് ഫത്‌വ നല്‍കുന്ന രീതികൡലും മാര്‍ഗങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണ്.

ഇജ്തിഹാദ്
'ഇജ്തിഹാദ്' എന്നതിലെ 'ത' എന്നത് കഠിനമായ അധ്വാനത്തോടെ ഒരു കാര്യം സാധ്യമാക്കുക എന്നാണ് സൂചിപ്പിക്കുന്നത്. ഉദാഹരണമായി, اجتهد في حمل الرحا (അയാള്‍ ആസുകല്ല് പൊക്കാന്‍ അത്യധ്വാനം ചെയ്തു) എന്നു പ്രയോഗിക്കും. എന്നാല്‍,  اجتهد فى حمل النّواة (അയാള്‍ കുരു (അണ്ടി) പൊക്കാന്‍ അത്യധ്വാനം ചെയ്തു) എന്നു പ്രയോഗിക്കില്ല.1

സംഘടിത ഇജ്തിഹാദ്, നിര്‍വചനങ്ങള്‍
സംഘടിത ഇജ്തിഹാദ് എന്നത് ആധുനിക സാങ്കേതിക പ്രയോഗമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്തരം ഇജ്തിഹാദുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പേരില്‍ അന്ന് അതറിയപ്പെട്ടിരുന്നില്ല. ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ 'ഇജ്മാഅ്' എന്നറിയപ്പെടുന്ന ഏകോപിതാഭിപ്രായം സംഘടിത ഇജ്തിഹാദായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

'ഭൂരിപക്ഷം വരുന്ന ജനങ്ങളെ ബാധിക്കുന്നതും അവര്‍ താല്‍പര്യപൂര്‍വം അന്വേഷിക്കുന്നതുമായ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്ന സംഘടിത ഗവേഷണം', 'ഒരു ശര്‍ഈ വിധികണ്ടെത്തുന്നതിന് കൂടിയാലോചനകള്‍ക്ക് ശേഷം ഫുഖഹാക്കള്‍ ഒന്നിച്ചോ, ഭൂരിപക്ഷം പേരോ ത്യാഗപൂര്‍വം ചെയ്യുന്ന വൈജ്ഞാനിക പ്രവര്‍ത്തനം.'
استفراغ أغلب الفقهاء الجهد لتحصيل ظن بحكم شرعيّ بطريق الاستنباط واتفاقهم جميعا او أغلبهم على الحكم بعد التشاور
'ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി രൂപം നല്‍കുന്ന ശര്‍ഈ സ്ഥാപനം അഥവാ അക്കാദമി ഖണ്ഡിതമായ വിധി നിലവിലില്ലാത്ത വിഷയത്തില്‍ കൂടിയാലോചനയിലൂടെ വിധി ആവിഷ്‌കരിക്കുന്നതിന് നടത്തുന്ന ശ്രമം', 'അതതു കാലത്തുണ്ടാകുന്ന പൊതുസ്വഭാവമുള്ള പ്രശ്‌നങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ ഏറ്റവും നല്ല രീതിയില്‍ പ്രാപ്യമാക്കുന്നതിനായി ഗവേഷണ യോഗ്യരായ മഹദ് വ്യക്തികളുടെ കൂട്ടായ്മ നടത്തുന്ന വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിശാസ്ത്രത്തിലൂന്നിയ പ്രക്രിയ' മുതലായവയാണ് ഇതിന് നല്‍കുന്ന നിര്‍വചനങ്ങള്‍. ഇതെല്ലാം ചുരുക്കിയെടുത്താല്‍, ശര്‍ഈ വിധി ആവിഷ്‌കരിക്കുന്നതിനായി പണ്ഡിതന്മാര്‍ സംഘടിതമായി നടത്തുന്ന ശ്രമം എന്ന് സംഗ്രഹിച്ചു പറയാം.

'ഇജ്തിഹാദ്' എന്ന സാങ്കേതിക പദം ഒന്നാം ഇസ് ലാമിക കാലം മുതല്‍ക്കേ പരിചയമുള്ളതാണെങ്കിലും 'സംഘടിതമായ ഇജ്തിഹാദ്' എന്ന പ്രയോഗം ആധുനികമാണ്. ഗവേഷണം ചെയ്യപ്പെടുന്ന വിഷയത്തെപ്പറ്റി, ഗവേഷണയോഗ്യരായ പണ്ഡിതന്മാര്‍ ചര്‍ച്ചയും കൂടിയാലോചനയും നടത്തി കൂട്ടായ ഒരു തീരുമാനത്തിലെത്തുക എന്നതാണ് സംഘടിത ഇജ്തിഹാദ് എന്നതിന്റെ വിവക്ഷ. ഏതെങ്കിലും ഒരു വിഷയത്തില്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കാതെ ഏതാനും പണ്ഡിതന്മാര്‍ ധാരണയിലെത്തിയാല്‍ അത് സംഘടി ഇജ്തിഹാദായി പരിഗണിക്കില്ല. 'സംഘടിത', 'പരസ്പര ചര്‍ച്ച' എന്നീ രണ്ട് അടിസ്ഥാന ഘടകങ്ങളാണ് സംഘടിത ഇജ്തിഹാദിന് ആ സവിശേഷത നല്‍കുന്നത്.

സംഘടിത ഇജ്തിഹാദ്: നിയമസാധുത,മുന്‍ഗണന
സംഘടിത ഇജ്തിഹാദിന്റെ നിയമസാധുതയും മുന്‍ഗണനയും ഒരിക്കലും വിവാദവിധേയമായിട്ടില്ല. മുന്‍ഗാമികളായ ഫുഖഹാക്കളും നിദാനശാസ്ത്രകാരന്മാരും ഇന്നത്തെ പോലെ സ്വതന്ത്രമായ വിഷയമായോ സവിശേഷ സാങ്കേതിക പദമായോ ഇതിനെ കണ്ടിരുന്നില്ല എന്നുമാത്രം. അവരുടെ ഗ്രന്ഥങ്ങളില്‍ ഇതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കാണാം:
നബിയുടെയും സ്വഹാബികളുടെയും കാലം മുതല്‍ സംഘടിത ഇജ്തിഹാദ് വിവിധ രീതികളില്‍ വ്യത്യസ്ത മേഖലകളില്‍ നടന്നിരുന്നു. അന്ന് 'ശൂറാ' (കൂടിയാലോചന) എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് മൂന്നു മേഖലകളിലാണ് ഊന്നിയിരുന്നത്:
1. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങളില്‍
2. ഖണ്ഡിതമായ പ്രമാണമില്ലാത്ത ശര്‍ഈ വിഷയങ്ങളില്‍
3. ന്യായവിധികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
മേല്‍ മൂന്നു മേഖലകളിലും നടന്നിരുന്ന കൂടിയാലോചനകള്‍ ഇങ്ങനെ സംഘടിത ഇജ്തിഹാദിന്റെ സ്ഥാനത്തായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന്  ചില ഉദാഹരണങ്ങള്‍

ഇബ്‌നു അബ്ദില്‍ ബര്‍റ് നബിയില്‍നിന്ന് അലിയ്യുബ്‌നു അബീത്വാലിബ് വഴി ഉദ്ധരിക്കുന്നു:
قلت يا رسول الله: الأمر ينزل بنالم ينزل فيه قرآن ولم تمض منك سنّة؟ قال: اجمعوا له العالمين - أو قال العابدين- من المؤمنين اجعلوه شورى بينكم ولا تقضوا فيه برأي واحد- 1
'ഞാന്‍ നബി(സ) യോട് ചോദിച്ചു: ഖുര്‍ആന്‍ അവതരിക്കുകയോ താങ്കളില്‍നിന്ന് ചര്യയുണ്ടാവുകയോ ചെയ്തിട്ടില്ലാത്ത ചില വിഷയങ്ങളുണ്ടാവും.' നബി(സ): 'അത്തരം കാര്യങ്ങള്‍ക്കായി നിങ്ങള്‍ സത്യവിശ്വാസികളിലെ പണ്ഡിതന്മാരെ അഥവാ, ഭക്തരെ ഒരുമിച്ചുകൂട്ടുക. അത് നിങ്ങള്‍ക്കിടയിലെ കൂടിയാലോചനയാക്കി മാറ്റുക. ഒരാളുടെ അഭിപ്രായമനുസരിച്ചു മാത്രം നിങ്ങള്‍ വിധി പ്രഖ്യാപിക്കാതിരിക്കുക.'2
ഖണ്ഡിതമായ വിധിയില്ലാത്ത വിഷയങ്ങളില്‍ സംഘടിത ഇജ്തിഹാദ് സ്വീകരിക്കാനുള്ള നബിയുടെ നിര്‍ദേശം അവിടുത്തെ കാലശേഷം മാത്രമല്ല. മറുപടിയിലുള്ളപോലെ പൊതുവാണ്. നബി സ്വഹാബികളുമായി പല വിഷയങ്ങളും കൂടിയാലോചിച്ചിരുന്നു എന്നത് അവിതര്‍ക്കിതമാണല്ലോ.

നമസ്‌കാരത്തിന്റെ സമയം അറിയിക്കാനായി വിവിധ മാര്‍ഗങ്ങള്‍ ചിലര്‍ നിര്‍ദേശിച്ചതും ചര്‍ച്ചയായതും ഒടുവില്‍ ബാങ്ക് വിളിക്കാന്‍ തീരുമാനമായതും ഉദാഹരണം.3
ഖാദി അബൂബക്‌റുബ്‌നുല്‍ അറബി എഴുതുന്നു:
'ഖിയാസിന്റെയും ഇജ്തിഹാദിന്റെയും അടിസ്ഥാനത്തില്‍ മതവിധികള്‍ കണ്ടെത്തണമെന്നതിന്റെ വലിയൊരു അടിസ്ഥാനമാണ് ബാങ്ക് സംഭവം. അതുമായി ബന്ധപ്പെട്ട് നബി അല്ലാഹുവിന്റെ വഹ്‌യ് കാത്തുനിന്നില്ല. അവനോട് വിശദീകരണം തേടിയില്ല. സ്വഹാബികളോട് കൂടിയാലോചിക്കുകയായിരുന്നു.'4
മതവിധികളില്‍ നബി സ്വഹാബികളുമായി കൂടിയാലോചിച്ചു എന്ന വാദം, അത്തരം കാര്യങ്ങളില്‍ അദ്ദേഹം അവരുമായി കൂടിയാലോചിച്ചിരുന്നില്ല എന്ന് ഏകാഭിപ്രായമുള്ളതിനാല്‍ തെറ്റാണെന്ന ദാവൂദിയുടെ വാദം ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജര്‍ എഴുതുന്നു: അലി(റ)യില്‍നിന്ന് തിര്‍മിദി ഉദ്ധരിച്ചതും ഇബ്‌നു ഹിബ്ബാന്‍ സ്വഹീഹാക്കിയതുമായ ഹദീസ് ദാവൂദിയുടെ അഭിപ്രായത്തെ ഖണ്ഡിക്കുന്നു.
لما نزلت (يا ايّها الّذين آموا اذا ناجيتم الرّسول) قال لي النّبيّ (ص) ما ترى؟ دينار؟ قلت: شعيرة قال: إنك زهيد. فنزلت: أأشفقتم) قال: فبي خفّف الله عن هذه الأمّة.
'സത്യവിശ്വാസികളേ, നിങ്ങള്‍ (അല്ലാഹുവിന്റെ) ദൂതനുമായി അഭിമുഖ സംഭാഷണം നടത്തുമ്പോള്‍' എന്ന സൂക്തം അവതരിച്ചപ്പോള്‍, നബി(സ) എന്നോട് ചോദിച്ചു: 'എന്താണ് നിന്റെ അഭിപ്രായം?' 'ഒരു ദീനാറോ?' ഞാന്‍: 'ഒരു ബാര്‍ലി മണി'. നബി (സ): 'തീര്‍ച്ചയായും നീ വല്ലാതെ കുറച്ചു കാണുന്നവനാണ്.' അപ്പോള്‍ 'നിങ്ങള്‍ ആശങ്കിച്ചുവോ?' എന്ന സൂക്തം അവതരിച്ചു. അലി പറഞ്ഞു: 'ഞാന്‍ കാരണം ഈ സമുദായത്തിന് അല്ലാഹു ലഘൂകരിച്ചു തന്നു.' ഇബ്‌നു ഹജര്‍ എഴുതുന്നു: 'ചില വിധികളില്‍ കൂടിയാലോചനയാവാം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.'5
ഇബ്‌നു സഅ്ദ് ത്വബഖാത്തില്‍, അബൂഹുറൈറയില്‍നിന്ന് ഉദ്ധരിക്കുന്നു:
إن النّبيّ كان يخطب وهو مستند الى جذع فقال: ان القيام قد شقّ عليّ فقال له تميم الدّاري - الا اعمل لك منبرا كما رأيت يصنع بالشام؟ فشاور النّبي المسلمين فى ذلك فرأوا أن يتخذوه....
'നബി (സ) ഒരു ഈത്തപ്പനത്തടിയില്‍ ചാരിയായിരുന്നു പ്രസംഗിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു: 'എനിക്ക് അങ്ങനെ നില്‍ക്കാന്‍ പ്രയാസമുണ്ട്.' അപ്പോള്‍ തമീമുദ്ദാരി പറഞ്ഞു: 'ശാമില്‍ ഉണ്ടാക്കുന്നതു കണ്ടതുപോലെ ഞാന്‍ നിങ്ങള്‍ക്ക് ഒരു മിമ്പറുണ്ടാക്കിത്തരാം.' നബി(സ) അതേപറ്റി മുസ്‌ലിംകളുമായി കൂടിയാലോചിച്ചു; അതുപ്രകാരം അതുണ്ടാക്കാമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.6

യഥാവസരം വഹ്‌യ് ഇറങ്ങിക്കൊണ്ടിരുന്നതിനാല്‍ നബിക്ക് വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ സ്വഹാബികളുമായി കൂടുതലായി കൂടിയാലോചിക്കേണ്ടി വന്നിരുന്നില്ല. തന്റെ കാലശേഷം വരുന്നവര്‍ക്ക് മാതൃകയാക്കാന്‍ ഒരു നടപടി എന്ന നിലയിലായിരുന്നു അദ്ദേഹം കൂടിയാലോചിച്ചിരുന്നത്. അവിടുത്തെ കാലശേഷമാണല്ലോ യഥാര്‍ഥത്തില്‍ കൂടിയാലോചന വേണ്ടിവരുന്നത്.

അബൂബക്ര്‍ ജസ്സ്വാസ്വ് എഴുതുന്നു: 'ഖണ്ഡിതമായ വിധിയില്ലാത്ത ദീനിയോ ദുന്‍യവിയോ ആയ വിഷയങ്ങളില്‍ കൂടിയാലോചന വേണം.' നബി(സ) ദുന്‍യവീ വിഷയത്തില്‍ മാത്രമാണ് കൂടിയാലോചിച്ചതെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു; 'അല്ലാഹുവില്‍നിന്ന് തീര്‍പ്പു ലഭിച്ചിട്ടില്ലാത്ത മതപരമായ വിഷയത്തില്‍ കൂടിയാലോചിക്കാന്‍ നബി(സ) നിര്‍ദേശിക്കപ്പെട്ടിരുന്നു; അഭിപ്രായവും മികച്ച ധാരണയും ആധാരമാക്കുന്ന ഭൗതിക വിഷയങ്ങളും ബദ്‌റിലെ ബന്ദികളുടെ മോചന വിഷയവും ഉദാഹരണം.7 ഭൗതിക കാര്യങ്ങളെയും ദീനീകാര്യങ്ങളെയും വിവേചിച്ചു കാണാത്തതിനാല്‍ കൂടിയാലോചന രണ്ടു രംഗങ്ങളിലും നിര്‍ബന്ധമായും വേണമെന്ന് ഗ്രാഹ്യമായി.'8

ഉമറി(റ)ന്റെ ഭരണകാലത്ത് കുളി നിര്‍ബന്ധമാകുന്നതായി പരിഗണിക്കുന്ന ലൈംഗിക ബന്ധത്തിന്റെ നിര്‍വചനം സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇന്ദ്രിയം സ്ഖലിച്ചാലാണോ കുളി നിര്‍ബന്ധമാവുക? അതോ, സ്ഖലനമില്ലാതെ പുരുഷ-സ്ത്രീ ലിംഗങ്ങള്‍ സംഗമിച്ചാല്‍ മതിയോ? ഇരുവിഭാഗത്തിനും അവരുടേതായ തെളിവുകളുണ്ടായിരുന്നു. വിഷയത്തില്‍ കൂടിയാലോചന വേണ്ടിവന്നു. ചര്‍ച്ചയുടെ സംഗ്രഹം ഇബ്‌നുല്‍ഖയ്യിം സമാഹരിച്ചത് താഴെ:
ഉബൈദുബ്‌നു രിഫാഅ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു: ഞാന്‍ ഉമറിന്റെ സന്നിധിയിലായിരുന്നപ്പോള്‍ ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍! സൈദുബ്‌നു സാബിത്ത് സ്വാഭിപ്രായമനുസരിച്ച് വലിയ അശുദ്ധിക്ക് കാരണമായ കുളിയെ പറ്റി പള്ളിയില്‍വെച്ച് ജനങ്ങള്‍ക്ക് ഫത്‌വ നല്‍കുന്നു. ഉമര്‍: 'അദ്ദേഹത്തോട് വരാന്‍ പറയൂ?' സൈദ് വന്നു. കണ്ടപാടെ ഉമര്‍ പറഞ്ഞു: 'തന്നോട് തന്നെ ശത്രുത പുലര്‍ത്തുന്നവനേ? നിങ്ങള്‍ സ്വാഭിപ്രായമനുസരിച്ച് ഫത്‌വ പറയുന്നതായി കേള്‍ക്കുന്നു? ശരിയാണോ?' സൈദ്: 'അമീറുല്‍ മുഅ്മിനീന്‍! അല്ലാഹുവാണ, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. അബൂഅയ്യൂബ്, ഉബയ്യുബ്‌നു കഅ്ബ്, രിഫാഅത്തുബ്‌നു റാഫിഅ് എന്നിവരില്‍നിന്ന് കേട്ട ഹദീസാണ് ഞാന്‍ അടിസ്ഥാനമാക്കിയത്.' ഉമര്‍: 'രിഫാഅയോട് ഹാജരാവാന്‍ പറയൂ!' ഉമര്‍ രിഫാഅയോട്: 'ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ഖലിച്ചില്ലെങ്കിലും നിങ്ങള്‍ കുളിക്കാറുണ്ടായിരുന്നോ?' രിഫാഅ: 'നബി(സ)യുടെ കാലത്ത് ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു.' ഉമര്‍: 'നബി(സ) അത് അറിഞ്ഞിരുന്നോ?' രിഫാഅ: 'എനിക്കറിയില്ല.' ഉമര്‍ മുഹാജിറുകളെയും അന്‍സ്വാറുകളെയും വിളിച്ചുകൂട്ടി, കൂടിയാലോചിച്ചു. മുആദും അലിയുമൊഴികെയുള്ളവര്‍ കുളി നിര്‍ബന്ധമില്ലെന്ന് അഭിപ്രായപ്പെട്ടു. ലിംഗം യോനിയില്‍ പ്രവേശിച്ചാല്‍ കുളി നിര്‍ബന്ധമാണെന്നായിരുന്നു മുആദിന്റെയും അലിയുടെയും അഭിപ്രായം. ഉമര്‍: 'ബദ്‌റില്‍ പങ്കെടുത്ത നിങ്ങള്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയാല്‍ നിങ്ങള്‍ക്കു ശേഷമുള്ളവര്‍ കൂടുതല്‍ ഭിന്നിക്കും.' അലി: 'അമീറുല്‍ മുഅ്മിനീന്‍! ഇതേപറ്റി നബിയുടെ ഭാര്യമാര്‍ക്കാണ് ഏറ്റവും നന്നായി അറിയുക.' ഇതുപ്രകാരം ഹഫ്‌സ്വയോട് ആരാഞ്ഞു. തനിക്കറിയില്ല എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് ആഇശയോട് ചോദിച്ചു. അവര്‍ പറഞ്ഞു: 'ലിംഗം യോനിയില്‍ പ്രവേശിച്ചാല്‍ (സ്ഖലനമുായില്ലെങ്കിലും) കുളി നിര്‍ബന്ധമായി.'9
കേസുകളില്‍ വിധിപറയാന്‍ ഖലീഫമാര്‍ ആശ്രയിച്ചിരുന്നത് കൂടിയാലോചനയായിരുന്നു. ആദ്യം ഖുര്‍ആന്‍. അതിലില്ലെങ്കില്‍ നബിചര്യ, അതിലും കണ്ടില്ലെങ്കില്‍ മുസ്‌ലിം നേതാക്കളെയും പണ്ഡിതന്മാരെയും വിളിച്ചുകൂട്ടി കൂടിയാലോചിച്ച് തീരുമാനമെടുക്കുക എന്നതായിരുന്നു അബൂബക്‌റിന്റെ രീതി.10
'കുറ്റമറ്റ വിധിന്യായം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഉമറിന്റെ വിധിയെ അവലംബിക്കുക. കാരണം, അദ്ദേഹം കൂടിയാലോചിക്കുമായിരുന്നു' എന്ന് ഇമാം ശഅബി പറയാറുായിരുന്നു.11
മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ വിധിപ്രസ്താവത്തിന് തയാറെടുക്കുമ്പോള്‍ നാല് സ്വഹാബികളെ വിളിച്ചുവരുത്തി അവരുമായി കൂടിയാലോചിക്കുകയും അവര്‍ അഭിപ്രായപ്പെടുന്നതിനനുസരിച്ച് വിധിക്കുകയും ചെയ്തിരുന്നു. അലി, ത്വല്‍ഹതുബ്‌നു ഉബൈദില്ല, സുബൈര്‍, അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് എന്നിവരായിരുന്നു അവര്‍. വാദിയോടും പ്രതിയോടും 'ഞാനല്ല വിധിച്ചത്, ഇവരാണ് വിധിച്ചത്' എന്ന് പറയുകയും ചെയ്യുമായിരുന്നു.12
നാലു ഖലീഫമാരുടെയും ഈ വിധിയാവിഷ്‌കാര രീതി സംഘടിത ഇജ്തിഹാദിന്റെ അടിത്തറയായി പരിഗണിക്കാം. പ്രഫസര്‍ അല്ലാലുല്‍ ഫാസി എഴുതുന്നു: 'വിധിപറയുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്താനായി അന്തിലേഷ്യയിലെയും മൊറോക്കോയിലെയും ന്യായാധിപന്മാര്‍ മുഫ്തിമാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യം ഇംഗ്ലീഷുകാരും പിന്നീട് യൂറോപ്യരും സ്വീകരിച്ചുവന്ന ജൂറിമാരുടെ സേവനം ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് ഖലീഫമാരുടെ രീതി.'13

ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സംഘടിത ഇജ്തിഹാദ് സംരംഭങ്ങള്‍:
1. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഇസ്‌ലാമിക സരണികളിലെ നിര്‍ണിതമായ ഗവേഷക പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന സമിതി വിവിധ വിഷയങ്ങള്‍ പഠിച്ച് ഏകകണ്ഠമായോ ഭൂരിപക്ഷമനുസരിച്ചോ വിധി നല്‍കുന്നു. മക്കയിലെ മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ജിദ്ദയിലെ മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, അസ്ഹറിലെ മജ്മഉല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ, നോര്‍ത്ത് അമേരിക്കയിലെ ഫിഖ്ഹ് അക്കാദമി, യൂറോപ്യന്‍ കൗണ്‍സില്‍ മുതലായവ ഉദാഹരണം.
2. ഒരു രാജ്യത്തെയോ ഒരു മദ്ഹബ് കേന്ദ്രീകരിച്ചോ മാത്രമുള്ള വേദികള്‍. ഖത്ത്വറിലെ ഫിഖ്ഹ് അക്കാദമി ഉദാഹരണം. ഈ രീതിയിലുള്ളവ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു.
3. ഒന്നോ അതിലധികമോ രാജ്യങ്ങളിലെ ഏതാനും പണ്ഡിതന്മാര്‍ (ഉദാ: പത്തു പേര്‍) നിയതമായ ഘടനയില്ലാതെ, ഏതെങ്കിലും വിഷയത്തെപ്പറ്റി പഠിക്കുകയും തദ്വിഷയകമായി തങ്ങളുടെ കൂട്ടായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നു. യൂനിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സെമിനാറുകളിലും മറ്റും അവതരിപ്പിക്കുന്ന പഠനങ്ങള്‍ ഉദാഹരണം.

ഫിഖ്ഹി അക്കാദമികളുടെ തുടക്കം
ഹി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ധാരാളം പണ്ഡിതന്മാരും ഗവേഷകരും സംഘടിത ഇജ്തിഹാദിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയുണ്ടായി. ഇവരില്‍ പ്രധാനി അല്ലാമ മുഹമ്മദുത്ത്വാഹിര്‍ ഇബ്‌നു ആശൂറാണ്. ഇതു സംബന്ധമായി അദ്ദേഹം എഴുതി: 'ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു ബാധ്യതയാണ് ഇജ്തിഹാദ്. ഓരോ രാജ്യത്തും അതത് രാജ്യത്തിന്റെ അവസ്ഥയും ആവശ്യവും പരിഗണിച്ചുള്ള ഇജ്തിഹാദ് നടക്കണം. അതിനുള്ള കഴിവും സാധ്യതയും മാധ്യമങ്ങളും ഉണ്ടായിട്ടും അത് നിര്‍വഹിച്ചില്ലെങ്കില്‍ സമുദായം കുറ്റക്കാരാവും. ആയതിനാല്‍ ഈ ലക്ഷ്യത്തോടെ ഓരോ രാജ്യത്തെയും വ്യത്യസ്ത മദ്ഹബുകളെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭരായ ഇസ്‌ലാമിക പണ്ഡിതന്മാരുള്‍ക്കൊള്ളുന്ന സമിതികള്‍ രൂപവല്‍കൃതമാവണം. സമുദായത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി, സമുദായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തിനെയെല്ലാം ആശ്രയിച്ചാവണമെന്ന് ഏകകണ്ഠമായി പറഞ്ഞുകൊടുക്കാന്‍ സമിതിക്ക് കഴിയണം. ഇത് സാധ്യമായാല്‍ എല്ലാവരും അത് അംഗീകരിക്കും എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. തങ്ങള്‍ക്കിടയിലെ ഏറ്റവും യോഗ്യരെ മുന്നോട്ടു കൊണ്ടുവരാന്‍ പണ്ഡിതന്മാര്‍ ശ്രദ്ധിക്കണം. പാണ്ഡിത്യത്തോടൊപ്പം നീതിബോധവും ശരീഅത്തിനെ പിന്‍പറ്റാനുള്ള താല്‍പര്യവും വിജ്ഞാനത്തെ അമാനത്തായി കാണാനുള്ള മനസ്സും അവരില്‍ സജീവമായിരിക്കണം. സമുദായത്തോടുളള ഗുണകാംക്ഷയില്‍ അവരെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവരുത്.' അറബ് ലോകത്തെ ശ്രദ്ധേയമായ അറബിഭാഷാ അക്കാദമി പോലെ ഫിഖ്ഹ് അക്കാദമി ആവശ്യമാണെന്ന് ഡോ. മുഹമ്മദ് യൂസുഫ് മൂസാ അഭിപ്രായപ്പെടുകയുണ്ടായി. പ്രമുഖ പണ്ഡിതനായ മുസ്വ്ത്വഫസ്സര്‍ഖാ എഴുതുന്നു:

'ഇസ്‌ലാമിക ശരീഅത്തിനും ഫിഖ്ഹിനും ഫര്‍ദ് കിഫായയായ ഇജ്തിഹാദിലൂടെ അവയുടെ ആത്മാവും സജീവതയും തിരികെ നല്‍കണമെന്നുണ്ടെങ്കില്‍ അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തണം. ധാരാളം കാലികമായ പ്രശ്‌നങ്ങളെ ധീരമായും ആഴത്തിലും ഭദ്രമായ തെളിവുകളുടെ ബലത്തിലും പഠിക്കാന്‍ കഴിയണം. നിഷേധബുദ്ധികളെയും ജഡ ധിഷണകളെയും തോല്‍പിക്കാന്‍ സാധ്യമാവണം. ഇത് പ്രാപ്യമാവണമെങ്കില്‍ ഇജ്തിഹാദ് ഘടനാപരവും വൈജ്ഞാനികവുമായ അടിസ്ഥാനങ്ങളില്‍ കേന്ദ്രീകൃതമാവണം. ഘടനാപരമായ അടിസ്ഥാനം എന്നതിന്റെ വിവക്ഷ, സംഘടിത ഇജ്തിഹാദിനുള്ള സംവിധാനങ്ങള്‍, ഭാഷാമേഖലയിലെ അക്കാദമികള്‍ പോലെ കാര്യക്ഷമമാവണമെന്നാണ്.

ഈ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ചില അക്കാദമികള്‍
1. അസ്ഹര്‍ കേന്ദ്രീകരിച്ചുള്ള 'മജ്മഉല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ.' ഹി. 1381-ല്‍ നിലവില്‍ വന്നു. വിവിധ ഇസ്‌ലാമിക സരണികളെ പ്രതിനിധീകരിക്കുന്ന അമ്പത് അംഗങ്ങളുള്ള സമിതിയുടെ തലവന്‍ ശൈഖുല്‍ അസ്ഹര്‍ ആയിരിക്കും. സമിതിയില്‍ ഇരുപതില്‍ കൂടാത്ത ഈജിപ്തുകാരുണ്ടാവും. അമ്പതു പേരില്‍ ഇരുപതുപേര്‍ മുഴുസമയ ഗവേഷകരായിരിക്കും. ഹി. 1383 കൈറോയില്‍ ഒന്നാം സമ്മേളനം നടന്നു. ഹി. 1403 വരെയുള്ള സമിതിയുടെ ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
2. സുഊദി അറേബ്യയിലെ 'ഹൈഅത്തു കിബാരില്‍ ഉലമാ'. ഹി. 1391ല്‍ രാജശാസന പ്രകാരം രൂപീകൃതമായ ഇത് ശര്‍ഈ പ്രമാണങ്ങള്‍ക്കനുസൃതമായ തീരുമാനങ്ങളെടുക്കാന്‍ അധികാരികളെ സഹായിക്കുന്നു. സുഊദി മുഫ്തിയുടെ അധ്യക്ഷതയില്‍ ആറുമാസം കൂടുമ്പോള്‍ സമ്മേളിച്ച് നിലപാടുകളെടുക്കുന്നു. വര്‍ഷത്തില്‍ മൂന്നു ലക്കങ്ങള്‍ എന്ന തോതില്‍ 'മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ' എന്ന പേരില്‍ ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നു. സമിതിയുടെയും ജനറല്‍ മുഫ്തിയുടെയും ഫത്‌വകളും ചില ശര്‍ഈ ഗവേഷണ പഠനങ്ങളും പ്രസിദ്ധീകരിക്കുന്നു.
3. സുഊദിയിലെ തന്നെ മറ്റൊരു ഫത്‌വാ വേദിയാണ് 'അല്ലജ്‌നത്തുദ്ദാഇമ ലില്‍ ബുഹൂസില്‍ ഇല്‍മിയ്യ വല്‍ ഇഫ്താ' രാജാവിന്റെ നിര്‍ദേശപ്രകാരമാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഗവേഷണ പഠനങ്ങള്‍ തയാറാക്കി ചര്‍ച്ചക്ക് വിധേയമാക്കുക, വ്യക്തികളില്‍ നിന്നുണ്ടാവുന്ന ചോദ്യങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യേക മദ്ഹബ് കേന്ദ്രീകരിക്കാതെ ഉത്തരം നല്‍കുക എന്നിവയാണ് സമിതിയുടെ ലക്ഷ്യം. ഇവ പ്രത്യേക വാള്യങ്ങളായി സമാഹരിച്ചിട്ടുണ്ട്.
4. മക്കയിലെ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി കേന്ദ്രീകരിച്ചുള്ള 'അല്‍ മജ്മഉല്‍ ഫിഖ്ഹി അല്‍ ഇസ്‌ലാമി.' ഹി. 1398-ല്‍ സ്ഥാപിതമായ ഇത് മുസ്‌ലിംകളുടെ മതപരവും ഫിഖ്ഹിയുമായ കാര്യങ്ങള്‍ പഠിച്ചും ആനുകാലിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കിയും പ്രവര്‍ത്തിക്കുന്നു. ഒരു അധ്യക്ഷനും ഉപാധ്യക്ഷനും നിദാനശാസ്ത്ര, ഫിഖ്ഹീ മേഖലകളില്‍ പ്രഗത്ഭരായ ഇരുപതംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സമിതി. ഹി. 1398 ശഅ്ബാനില്‍ ഇതിന്റെ ഒന്നാം സമ്മേളനം നടന്നു. ഏതാനും വര്‍ഷങ്ങളിലെ ഫത്‌വകളും പഠനങ്ങളും ഉള്‍പ്പെടുത്തി ഹി. 1422-ല്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
5. മുനള്ളമത്തുല്‍ മുഅ്തമരില്‍ ഇസ്‌ലാമിയുടെ കീഴിലുള്ള അന്താരാഷ്ട്ര ഇസ്‌ലാമിക ഫിഖ്ഹീ അക്കാദമി. മുസ്‌ലിം രാഷ്ട്രങ്ങള്‍ നിയമിക്കുന്ന ഓരോ പണ്ഡിത പ്രതിനിധിയടങ്ങുന്ന സമിതിയാണ് ഇത്. ഹി. 1403-ല്‍ രൂപവല്‍ക്കരണം നടന്ന ഇതിന്റെ ഒന്നാം സമ്മേളനം ഹി. 1405 സ്വഫര്‍ മാസത്തില്‍ മക്കയില്‍ നടന്നു. ജിദ്ദയിലാണ് പ്രധാന കാര്യാലയം. ഇതിന്റെയും ഫത്‌വകളും പഠന ഫലങ്ങളും ലഭ്യമാണ്.
6. 1988-ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ 'മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി.' ആധുനികകാല പ്രശ്‌നങ്ങളെ ഇസ്‌ലാമിക ചട്ടക്കൂടില്‍ പരിചിന്തനം ചെയ്യാനുള്ള വേദിയാണ്. ഇന്ത്യക്കാരായ അറുനൂറിലധികം പണ്ഡിതന്മാര്‍ അംഗങ്ങളാണ്. 1989-ല്‍ ഒന്നാം സമ്മേളനം ന്യൂദല്‍ഹിയില്‍ നടന്നു. ഹി. 1420-ല്‍ 'ഖദായാമുആസ്വിറ' എന്ന പേരില്‍ ഫത്‌വകളും തീരുമാനങ്ങളും പുസ്തകമായി പ്രസിദ്ധീകരിച്ചു.
7. സുഡാനിലെ 'മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി.' ഹി. 1419-ല്‍ നിലവില്‍ വന്നു. സുഡാനികളായ നാല്‍പതംഗ പണ്ഡിതന്മാരാണ് വേദിയിലുള്ളത്. സുഡാനു പുറത്തുനിന്നുള്ള പ്രഗത്ഭരടങ്ങുന്ന സംഘം ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുന്നു. ഹി. 1422-ല്‍ പ്രഥമ സമ്മേളനം നടന്നു. അതേ വര്‍ഷം തന്നെ മാസികയുടെ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു.
8. മൊറോക്കോവിലെ റാബിത്വത്തുല്‍ ഉലമാ.
മൊറോക്കോവിലെ മൊത്തം പണ്ഡിതന്മാരെ ഉള്‍ക്കൊള്ളുന്ന ഈ വേദിയുടെ ആസ്ഥാനം റബാത്വാണ്. 'മജല്ലത്തുര്‍റബാത്വ്' എന്ന മാസിക പ്രസിദ്ധീകരിക്കുന്നു.
9. കുവൈത്തിലെ വഖ്ഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫത്‌വാ വേദി മൂന്നു വാള്യങ്ങളിലായി ഫത്‌വാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
10. അയര്‍ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'അല്‍ മജ്‌ലിസുല്‍ ഔറുബി ലില്‍ ഇഫ്താ വല്‍ ബുഹൂസ്' ഒരു സ്വതന്ത്ര വൈജ്ഞാനിക പഠന വേദിയാണ്. യൂറോപ്പിലെ ഇസ്‌ലാമിക സംഘടനകളുടെ ഐക്യവേദിയുടെ ആഹ്വാനപ്രകാരം ഹി. 1417-ല്‍ ലണ്ടനിലാണ് ഇത് രൂപീകൃതമായത്. യൂറോപ്പിലെ പണ്ഡിതന്മാരെ കൂടുതല്‍ അടുപ്പിക്കുക, ഫിഖ്ഹീ അഭിപ്രായങ്ങളില്‍ യോജിപ്പുണ്ടാക്കുക, യൂറോപ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുംവിധം സംഘടിത ഫത്‌വകള്‍ സമാഹരിക്കുക, ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുക മുതലായവയാണ് ലക്ഷ്യങ്ങള്‍.
11. 'മജ്മഉ ഫുഖഹാഇശ്ശരീഅ' വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പണ്ഡിത വേദിയാണ്.
12. IUMSالإتحاد العالمي لعلماء المسلمين (international Union of Muslims scholars)
ഇസ്‌ലാമിക നാടുകളിലെയും മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെയും പണ്ഡിതന്മാരെ ഉള്‍ക്കൊള്ളുകയും ഇസ്‌ലാമിക സ്വത്വവും സംസ്‌കാരവും ഊട്ടിയുറപ്പിക്കുകയും രാഷ്ട്രങ്ങള്‍ക്കതീതമായി അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമികമായ പരിഹാരം നിര്‍ദേശിക്കുകയുമാണ് ലക്ഷ്യം.

ഉത്ഭവം, രൂപവത്കരണം
മേല്‍ ലക്ഷ്യത്തോടെയുള്ള ഒരു പണ്ഡിത വേദിയുടെ പ്രസക്തിയും പ്രാധാന്യവും ആദ്യമായി മുന്നോട്ടു വെച്ചത് ഡോ. യൂസുഫുല്‍ ഖറദാവിയാണ്. അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത ശേഷം ബ്രിട്ടനിലെ ലണ്ടനില്‍ 2004 ജൂലൈ 11-ന് (ഹി. 1426 ജുമാദുല്‍ ആഖിറ 23-ന്) ചേര്‍ന്ന സമ്മേളനത്തോടെ ഈ ആശയം യാഥാര്‍ഥ്യമായി. വിവിധ രാജ്യങ്ങളില്‍നിന്നായി പങ്കെടുത്ത മുന്നൂറ് പണ്ഡിതന്മാര്‍ വേദിയിലെ അംഗങ്ങളായി.

ഇതര പണ്ഡിത വേദികളില്‍നിന്ന് വ്യത്യസ്തമായി ഐ.യു.എം.എസിന്റെ സവിശേഷതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. ഇസ്‌ലാമികത: മുസ്‌ലിം പണ്ഡിതന്മാര്‍ മാത്രമുള്ള വേദി മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതും അവരിലെ വ്യത്യസ്ത വിഭാഗങ്ങളെ സേവിക്കുന്നതുമായിരിക്കും.
2. സാര്‍വലൗകികത: അറബി, അനറബി, പ്രാദേശിക, മേഖലാ വ്യത്യാസമില്ലാതെ ലോകത്തെ എല്ലാ മുസ്‌ലിംകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വേദി.
3. ജനകീയത: ഇത് ഏതെങ്കിലും ഗവണ്‍മെന്റിന്റെ കീഴിലെ ഔദ്യോഗിക സംവിധാനമല്ല. മുസ്‌ലിം ജനസമൂഹങ്ങളുടെ വിശ്വാസത്തില്‍നിന്നാണ് അത് ശക്തി സംഭരിക്കുന്നത്. അതേസമയം, ഗവണ്‍മെന്റുകളുമായി സംഘട്ടനത്തിലേര്‍പ്പെടാതെ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മക്കും ക്ഷേമത്തിനുമായി അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായിരിക്കും.
4. സ്വാതന്ത്ര്യം: വേദി ഏതെങ്കിലും രാഷ്ട്രത്തിന്റെയോ സംഘടനയുടെയോ വിഭാഗത്തിന്റെയോ അനുബന്ധ ഘടകമായല്ല പ്രവര്‍ത്തിക്കുക. ഇസ്‌ലാമും ഇസ്‌ലാമിക സമൂഹവുമായിട്ടായിരിക്കും അത് അഭിമാനം കൊള്ളുക.
5. വൈജ്ഞാനികം: പണ്ഡിതന്മാരുടെ വേദി എന്ന നിലയില്‍ വിജ്ഞാനാഭ്യസനത്തിലും അധ്യയനത്തിലുമായിരിക്കും വേദിയുടെ ശ്രദ്ധയത്രയും. നമ്മുടെ വൈജ്ഞാനിക പൈതൃകവും അതിന്റെ പുനരുജ്ജീവനവും സാക്ഷാത്കാരവും പ്രചാരണവും ലക്ഷ്യമായിരിക്കും.
6. പ്രബോധനപരത: പേനയും നാവും ഉപയോഗിച്ചുള്ള ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമായിരിക്കും. കൂടാതെ, ശരീഅത്ത് അംഗീകരിക്കുന്ന എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും അതിന്നായി ഉപയോഗപ്പെടുത്തും. ഖുര്‍ആനിക രീതിശാസ്ത്രമായിരിക്കും അവലംബം.
7. മധ്യമ നിലപാട്: യാഥാസ്ഥിതികമോ തീവ്രമോ ആയ രീതികള്‍ സ്വീകരിക്കില്ല. മധ്യമസമുദായമായ മുസ്‌ലിംകള്‍ക്ക് യോജിച്ച മധ്യമ സമീപനമായിരിക്കും വേദിയുടേത്.
8. ജൈവികത: കര്‍മവും നിര്‍മാണാത്മകതയും മുഖമുദ്രയായിരിക്കും. വൈജ്ഞാനിക യോഗ്യത വളര്‍ത്താനും കര്‍മശേഷികള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുണ്ടാവും. ഇസ്‌ലാമിക വിജ്ഞാനത്തില്‍ അവഗാഹവും നിലപാടുകളില്‍ സ്ഥിരതയും വ്യക്തതയും സത്യം പറയാനുള്ള ധീരതയും സ്വതന്ത്ര നിലപാടും ഭൂരിപക്ഷ മുസ്‌ലിംകളുടെ സ്വീകാര്യതയും നേടിയവരായിരിക്കും വേദിയിലെ പണ്ഡിതന്മാര്‍.
9. ആസ്ഥാനം: 2004-ല്‍ ഒന്നാമതായി രജിസ്റ്റര്‍ ചെയ്ത, അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനായിരിക്കും വേദിയുടെ ഔദ്യോഗിക ആസ്ഥാന കാര്യാലയം. ഖത്ത്വറിന്റെ തലസ്ഥാനമായ ദോഹയില്‍ ഭാരവാഹികളുടെ സംഗമങ്ങള്‍ക്കായി വര്‍ക്കിംഗ് ഓഫീസ് ഉണ്ടായിരിക്കും. കൂടാതെ, ഈജിപ്തിലും തുനീഷ്യയിലും രണ്ടു ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.

ലക്ഷ്യങ്ങള്‍
ജനങ്ങള്‍ക്ക് സാക്ഷിയായി എന്നെന്നും പ്രവര്‍ത്തിക്കുന്ന മധ്യമസമുദായമായി ഇസ്‌ലാമിക സമൂഹത്തെ നിലനിര്‍ത്താന്‍ കഴിയുമാറ് അവരുടെ ഇസ്‌ലാമിക സ്വത്വം കാത്തുസൂക്ഷിക്കുക, ഇസ്‌ലാമിന് ഭീഷണി ഉയര്‍ത്തുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളെ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടുക, സമുദായത്തിലെ വ്യത്യസ്ത ചിന്താസരണികളെ ഏകീകരിക്കുക, പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും വൈജ്ഞാനിക ശ്രമങ്ങളെ സമുദായത്തിലെ മുഖ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി തിരിച്ചുവിടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
മതപരമായ തീവ്രതയെ ചെറുക്കുക, പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുന്നതിലെ പാകപ്പിഴവുകള്‍ തിരുത്തുക, വ്യക്തി-സമൂഹതലങ്ങളിലെ വ്യക്തിത്വങ്ങളിലെ ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്തുക, ആധുനിക ഗവേഷണങ്ങളിലൂടെ ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവത്കരണത്തിനായുള്ള അടിസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക, അതുവഴി സാര്‍വകാലികവും സാര്‍വദേശീയവുമായ ഇസ്‌ലാമിന്റെ ക്ഷമത ജനങ്ങളെ ബോധ്യപ്പെടുത്തുക.

ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി അനുവദനീയവും ലഭ്യവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കനുസൃതമായി ആശയധാരകളും നിലപാടുകളും രൂപപ്പെടുത്താന്‍ മുസ്‌ലിംകളുമായി സംവദിക്കുന്നു. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ നിരന്തരമായി ബോധവല്‍ക്കരണം നടത്താനും മുസ്‌ലിം നേതൃത്വങ്ങള്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഇതര വിഭാഗങ്ങള്‍ക്ക് യുക്തിജ്ഞതയോടെയും ദയാപൂര്‍വമായും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും പണ്ഡിതവേദി ശ്രമിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളെയും ഇസ്‌ലാമിനു വേണ്ടി നിലകൊള്ളാനായി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുമായും സഹകരിക്കുക, ഇസ്‌ലാമിക മണ്ഡലത്തിലെ എല്ലാ സാംസ്‌കാരിക-രാഷ്ട്രീയ-ചിന്താധാരകളുമായും മുന്‍വിധിയില്ലാതെ ചര്‍ച്ചകള്‍ നടത്തുക, അന്താരാഷ്ട്ര സംഘടനകളുമായും സര്‍ക്കാറേതര വേദികളുമായും സഹകരിച്ച് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിഷയങ്ങളില്‍ ഇടപെടുക, വൈജ്ഞാനിക കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്.

അംഗത്വം
ഇതിനകം ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്കും വിവിധ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളില്‍നിന്ന് ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്കും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും സംസ്‌കാരത്തിലും തല്‍പരരായവര്‍ക്ക് പണ്ഡിത സമിതിയില്‍ അംഗത്വം നല്‍കുന്നതാണ്. പരിശോധക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാവും അംഗത്വം നല്‍കുക.
അംഗങ്ങളില്‍നിന്നുള്ള വാര്‍ഷിക വരിസംഖ്യ, സംഭാവനകള്‍, ദാനങ്ങള്‍, വഖ്ഫുകള്‍, വസ്വിയ്യത്തുകള്‍, വേദി അംഗീകരിക്കുന്ന ശരീഅത്തു വിധേയമായ വരുമാനങ്ങള്‍ മുതലായവയാണ് പണ്ഡിതവേദിയുടെ സാമ്പത്തിക സ്രോതസ്സ്. 

 

കുറിപ്പുകള്‍
1. تيسير التحرير الأمير ياوشاه (4/178)
2. مقاصد الشريعة الإسلامية محمّد الطّاهربن عاشور، ص: 408،409
3. الاجتهاد الجماعي ودور الفقه في حلّ المشكلات مصطفي أحمد 
الزّرقا  ص: 49،50
Ref. iumsonline.org
Ref.iepedia.com – arab 2010/01  الإجتهاد الجامعي
تعريف الإجتهاد الجماعي Ref. www.islam.web
2. جامع بيان العلم 7/2 (مضمون الحديث مشهود له بالصحّة والتسلم)
3. صحيح البخاري، كتاب الأذان، الترمذي، أبواب الصّلاة
4. القبس في شرح موطا مالك بن أنس 1/194-195
5. فتح الباري 284/15
6. فتح الباري 60/3
7. أحكام القرآن 92/4
8. فتح الباري 50/15
9. أعلام الموقعين 56/1
10. موسوعة فقه أبي بكر ص: 55
11. فتح الباري 5/15
12. تاريخ القضاة في الأندلس ص: 321
13. مدخل في النظرية العامّة لدراسة الفقه العامّة

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top