ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഉത്കൃഷ്ട രീതി
ഡോ. യൂസുഫുല്‍ ഖറദാവി
VII അവതരണ കാരണങ്ങള്‍ പരിഗണിക്കുക
രണ്ടു രീതിയിലാണ് ഖുര്‍ആന്റെ അവതരണം: 1. സ്വമേധയാ ഇറങ്ങിയവ. അവയാണ് ഏറ്റവും കൂടുതല്‍. 2. ഏതെങ്കിലും സംഭവത്തെയോ അന്വേഷണത്തെയോ തുടര്‍ന്ന് അവതരിച്ചത്. ഈ ഇനത്തിലാണ് അവതരണ കാരണങ്ങള്‍ അന്വേഷിക്കുന്നത്. അതറിഞ്ഞാല്‍ ആശയം കൂടുതല്‍ വ്യക്തമാകും. ഇബ്നുദഖീഖില്‍ ഈദും ഇബ്നു തൈമിയ്യയും ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ഉദാഹരണമായി സൂറതുല്‍ മുംതഹിനയിലെ 10-ാം സൂക്തമെടുക്കാം:
يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّۖ اللَّهُ أَعْلَمُ بِإِيمَانِهِنَّۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّۖ وَآتُوهُم مَّا أَنفَقُواۚ
(സത്യവിശ്വാസികളേ! വിശ്വാസിനികള്‍ പലായനം ചെയ്ത് നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസ വിശുദ്ധി അല്ലാഹുവിനാണ് നന്നായറിയുക. അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് ബോധ്യമായാല്‍ അവരെ പിന്നെ അവിശ്വാസികള്‍ക്ക് തിരിച്ചേല്പിക്കരുത്. ആ വിശ്വാസിനികള്‍ അവര്‍ക്ക് അനുവദനീയമല്ല, അവര്‍ വിശ്വാസിനികള്‍ക്കും അനുവദനീയമല്ല. അവര്‍ വ്യയം ചെയ്തത് നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക). തുടര്‍ന്ന് പറയുന്നു:
وَإِن فَاتَكُمْ شَيْءٌ مِّنْ أَزْوَاجِكُمْ إِلَى الْكُفَّارِ فَعَاقَبْتُمْ فَآتُوا الَّذِينَ ذَهَبَتْ أَزْوَاجُهُم مِّثْلَ مَا أَنفَقُواۚ
(സത്യനിഷേധികളിലേക്ക് പോയ നിങ്ങളുടെ ഭാര്യമാര്‍ക്ക് നല്കിയ വിവാഹമൂല്യം നിങ്ങള്‍ക്ക് തിരിച്ചു കിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്കിയ വിവാഹമൂല്യത്തിന് തുല്യമായ തുക അവര്‍ക്ക് നല്‍കുക). ഈ ആയത്തുകള്‍ പാരായണം ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ അവതരണകാരണം അറിഞ്ഞില്ലെങ്കില്‍ ഉദ്ദേശ്യം മനസ്സിലാകില്ല. ഹുദൈബിയാ സന്ധിയെ തുടര്‍ന്നാണ് ഈ സൂക്തം അവതരിച്ചത്. അതിലെ ഉപാധികള്‍ പ്രകാരം വിശ്വാസികളായി മദീനയിലേക്ക് വന്നാല്‍ അവരെ ഖുറൈശികള്‍ക്ക് തന്നെ തിരിച്ചേല്‍പ്പിക്കണം. എന്നാല്‍ ഈ നിയമം സ്ത്രീകള്‍ക്കും ബാധകമാകുമോ? ഈ രണ്ട് ആയത്തുകളും അതിനുള്ള മറുപടിയാണ്.
ഇമാം ശാത്വിബി ഇക്കാര്യം തന്റെ 'മുവാഫഖാതില്‍' വിവരിക്കുന്നത് ഇങ്ങനെ: ''ഖുര്‍ആന്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂക്തങ്ങളുടെ അവതരണ കാരണം അറിയല്‍ നിര്‍ബന്ധമാണ്. സാഹിത്യഭംഗിയും(علم المعاني) അലങ്കാരവും (علم البيان)നിലകൊള്ളുന്നത് സന്ദര്‍ഭത്തിന്റെ താല്പര്യങ്ങളനുസരിച്ച് സംസാരിക്കുമ്പോഴാണ്. സംബോധകന്‍, സംബോധിതന്, സംബോധനാ ശൈലി എന്നിവയുടെ മാറ്റമനുസരിച്ച് അര്‍ഥം മാറും. ആജ്ഞാ ശൈലിയുടെ പ്രയോഗം അനുവദനീയം, ആക്ഷേപം, അസാധ്യമെന്ന് വ്യക്തമാക്കുക(تعجيز) എന്നീ അര്‍ഥങ്ങളില്‍ വരും. സന്ദര്‍ഭങ്ങളാണ് ഇവിടെ ഏതാണുദ്ദേശ്യമെന്ന് നിര്‍ണയിക്കുന്നത്. അതറിയാത്തവര്‍ അബദ്ധത്തില്‍ ചാടും.
അബൂഉബൈദ്, ഇബ്റാഹീം അത്തൈമിയ്യയില് നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ ഉമര്‍ ഒറ്റക്കിരുന്ന് ചിന്തിച്ചു, ഒരേ പ്രവാചകനെയും ഖിബ്ലയെയും പിന്തുടരുന്ന ഈ സമുദായം പിന്നെയെങ്ങനെ ഭിന്നിക്കും? അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍! നമുക്കാണ് ഖുര്‍ആന്‍ അവതരിച്ചത്. നാമത് പാരായണം ചെയ്യുന്നു. ഏത് വിഷയത്തിലാണ് അത് അവതരിച്ചതെന്നെല്ലാം നമുക്കറിയാം. എന്നാല്‍ നമുക്ക് ശേഷം വരുന്ന ജനം ഖുര്‍ആന്‍ പാരായണം ചെയ്യുമെങ്കിലും ഏതു വിഷയകമായാണ് അത് അവതരിച്ചതെന്ന് അവര്‍ക്കറിയില്ല. അപ്പോളവര്‍ സ്വന്തം അഭിപ്രായമനുസരിച്ച് വ്യാഖ്യാനിക്കും. പലരും പലവിധം. അങ്ങനെയവര്‍ ഭിന്നിക്കും.''
അവതരണകാരണം എങ്ങനെ അറിയും?
അവതരണ കാരണം അറിയുന്നത് ഒന്നുകില്‍ നിവേദനത്തിലൂടെയോ അല്ലെങ്കില്‍ അവതരണത്തിന് സാക്ഷികളായവരുടെ വിവരണങ്ങളിലൂടെയോ ആയിരിക്കണം. പശ്ചാത്തല തെളിവുകളിലൂടെ സ്വഹാബിമാര്‍ക്ക് അത് തിരിച്ചറിയാം. ചിലപ്പോള്‍ തദ്വിഷയകമായാണ് അത് ഇറങ്ങിയതെന്ന് അവര്‍ ഉറപ്പിച്ചു പറയാതെ,
ഇക്കാര്യത്തെക്കുറിച്ചാണ് ആയത്തിലെ പരാമര്‍ശമെന്ന് ഞാന്‍ കരുതുന്നു എന്നായിരിക്കും പറയുക. ഉദാഹരണം സുബൈറും ഒരു അന്‍സ്വാരിയുമായി കൃഷി നനക്കുന്നതിനെക്കുറിച്ച് തര്‍ക്കമായി. നബിയുടെ അടുത്ത് കേസെത്തിയപ്പോള്‍ നബി സുബൈറിനോട് പറഞ്ഞു: 'നിന്റെ നന കഴിഞ്ഞ ഉടനെ അയല്ക്കാരന് വെള്ളം വിട്ടുകൊടുക്കുക.' അപ്പോള്‍ അന്‍സ്വാരി പറഞ്ഞു: 'പ്രവാചകരേ, അദ്ദേഹം നിങ്ങളുടെ അമ്മായിയുടെ മകനായതിനാലാണോ ആദ്യം നനക്കാന്‍ സമ്മതിച്ചത്?' ഇതു കേട്ട് നബിയുടെ മുഖം വിവര്‍ണമായി. അപ്പോള്‍ നബി സുബൈറിനോട് പറഞ്ഞു: 'നീ നല്ലവണ്ണം വെള്ളം കെട്ടിനിര്‍ത്തി നനച്ച ശേഷം വിട്ടുകൊടുത്താല്‍ മതി' (അഥവാ, നിന്റെ അവകാശം പൂര്‍ണമായി എടുത്ത ശേഷം അപരന് കൊടുത്താല്‍ മതി). സുബൈര്‍ പറയുന്നു: ഈ സംഭവത്തെക്കുറിച്ചാണ് താഴെ സൂക്തം അവതരിച്ചത്:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا
('നിന്റെ നാഥനാണ് സത്യം, തര്‍ക്കവിഷയങ്ങളില്‍ നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുകയും പിന്നീട് നിന്റെ തീരുമാനത്തില്‍ യാതൊരു മനഃക്ലേശവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യാത്തേടത്തോളം അവര്‍ വിശ്വാസികളാവുകയില്ല' - അന്നിസാഅ് 65).
ജാബിറില്‍നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: ജൂതന്മാര് പറയാറുണ്ടായിരുന്നു; ഒരാള്‍ പിന്‍ഭാഗത്തുകൂടി തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സന്താനത്തിന് കോങ്കണ്ണുണ്ടാകും. അപ്പോഴാണ് താഴെ സൂക്തം അവതരിച്ചത്
نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْۖ
(നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ്. നിങ്ങളുടെ കൃഷിയിടത്തെ നിങ്ങളിഛിക്കുന്ന രീതിയില്‍ സമീപിക്കുക- അല്‍ബഖറ: 223). ഇബ്നു തൈമിയ്യ പറയുന്നു: ഈ സൂക്തം ഇന്ന വിഷയത്തില്‍ ഇറങ്ങിയെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അത് അവതരണ കാരണം തന്നെയാകാം. ചിലപ്പോള്‍ പ്രസ്തുത സംഭവം ഈ ആയത്തില്‍ പരാമര്‍ശിച്ച വിഷയവുമായി ബന്ധമുള്ളതാണ് എന്നുമാകാം. അഥവാ പ്രസ്തുത സംഭവത്തിന്റെ വിധി ഇതില്‍ കാണാമെന്ന്.
പ്രത്യേക കാരണവും പൊതുവായ നിയമ വിധിയും
عموم الألفاظ
ആയത്തുകള്‍ക്ക് പ്രത്യേക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഖുര്‍ആന്റെ പൊതുവായ പദപ്രയോഗങ്ങളെ അതേ രീതിയില്‍ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. നിദാന ശാസ്ത്രകാരന്മാരായ പണ്ഡിതന്മാര് സിദ്ധാന്തിക്കുന്നത്
إنّ العبرة بعموم الّلفظ لا بخصوص السبب
(പദത്തിന്റെ പൊതുവായ അര്‍ഥമാണ് പരിഗണിക്കുക, പ്രത്യേക കാരണമുണ്ടോ എന്നല്ല). പല സൂക്തങ്ങളും പ്രത്യേക സംഭവത്തെ തുടര്‍ന്ന് ഇറങ്ങിയതാകും. പക്ഷേ, അതിലെ നിയമം പൊതുവായിരിക്കും. سلمة بن صخر-ന്റെ വിഷയത്തില്‍ ظهار-ന്റെ ആയത്തും هلال بن أمينة-യുടെ വിഷയത്തില്‍لعان -ന്റെ ആയത്തും ആഇശക്കെതിരെ ആരോപണമുന്നയിച്ചവരെകുറിച്ച് ആരോപണത്തിന്റെ ഹദ്ദും ഇറങ്ങിയതു പോലെ.
ഇബ്നുതൈമിയ്യ പറയുന്നു: ''ഈ സൂക്തം ഇന്ന സംഭവത്തില്‍ ഇറങ്ങിയെന്ന് പലരും പലപ്പോഴും പറയാറുണ്ട്. ഉദാഹരണമായി ظهار-ന്റെ ആയത്ത് സാബിതുബ്നു ഖൈസിന്റെ ഭാര്യയുടെ സംഭവത്തിലും, കലാലഃയുടെ ആയത്ത് ജാബിറിന്റെ വിഷയത്തിലുമാണ് അവതരിച്ചതെന്ന് പറയും: മാഇദയിലെ 49-ാം സൂക്തം (നീ അവര്‍ക്കിടയില്‍ തീരുമാനമെടുക്കുക) ബനൂഖുറൈളയുടെയും ബനുന്നദീറിന്റെയും വിഷയത്തിലിറങ്ങി..... ഈ പറയുന്നവരൊന്നും സൂക്തത്തിന്റെ വിധി അവര്‍ക്ക് മാത്രം ബാധകമാണെന്ന് ഉദ്ദേശിക്കുന്നവരല്ല. ബുദ്ധിയുള്ള ഒരാളും ഇപ്രകാരം പറയില്ല. ഖുര്‍ആനിലും സുന്നത്തിലുമുള്ള പൊതുവായ വിധികള്‍ ഒരു നിര്‍ണിത വ്യക്തിക്ക് മാത്രമുള്ളതാണെന്ന് ആരും പറഞ്ഞിട്ടില്ല. നന്നെക്കവിഞ്ഞാല്‍ അത്തരക്കാരായ ആളുകള്‍ക്കാണ് അത് ബാധകമെന്നേ പറയൂ.''
അവതരണ കാരണങ്ങള്‍ പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് വാദിക്കുന്നവരോട് അതിന്റെ പ്രയോജനങ്ങള്‍ ഇമാം സുയൂത്തി വിശദീകരിക്കുന്നു:
1. നിയമം ഉണ്ടാകുന്നതിന് നിമിത്തമായ കാരണമറിയുക.
2. ആശയം വ്യക്തമാകും, അവ്യക്തത നീങ്ങും. ഖുദാമതുബ്നു മള്ഊനും അംറുബ്നു മഅദീ കരിബയും അല്‍മാഇദ 93-ല്‍നിന്ന് മനസ്സിലാക്കിയത്, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സൂക്ഷ്മതയും വിശ്വാസവും മുറുകെ പിടിക്കുന്നുവെങ്കില്‍ എന്ത് ആഹരിക്കുന്നതിനും വിരോധമില്ല എന്നും തദടിസ്ഥാനത്തില്‍ മദ്യപാനം ആകാമെന്നുമായിരുന്നു. എന്നാല്‍ അതിന്റെ അവതരണ കാരണം അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. അഥവാ, മദ്യം നിഷിദ്ധമാക്കിയപ്പോള്‍ ചിലര്‍ പറഞ്ഞു. മദ്യപാനികളായിരിക്കെ രണാങ്കണത്തില്‍ രക്തസാക്ഷികളായവരുടെ അവസ്ഥ എത്ര കഷ്ടമാണ്. അപ്പോഴാണ് മദ്യം നിരോധിക്കുന്നതിനു മുമ്പ് അങ്ങനെ ചെയ്തവര്‍ക്ക് ഇത് ബാധകമല്ലെന്നുള്ള ഈ നിയമം അവതരിച്ചത്.
അതുപോലെ 'നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്റെ മുഖമുണ്ട്' (അല്‍ബഖറ 115) എന്ന ആയത്ത് പ്രത്യക്ഷത്തിലെടുത്താല് യാത്രയിലാകട്ടെ, സ്വദേശത്താകട്ടെ ആര്‍ക്കും എങ്ങോട്ടും തിരിഞ്ഞു നമസ്കരിക്കാമെന്ന് തോന്നും. അത് ശരിയല്ലെന്ന് സര്‍വാംഗീകൃതമാണ്. സുന്നത്ത് നമസ്കാരങ്ങള്‍, ഖിബ് ലയറിയാതെ തെറ്റായി നമസ്കരിച്ചുപോയത് എന്നിവയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് അവതരണകാരണം വ്യക്തമാക്കും.
അവതരണ കാരണമായി പറയുന്നതില്‍ അധികവും ശരിയായി നിവേദനം ചെയ്യപ്പെട്ടവയല്ല. അവയില്‍ മിക്കതും വൈജ്ഞാനികമായ തുലാസില്‍ അസ്വീകാര്യമാണ് എന്നുകൂടി നാം മനസ്സിലാക്കണം.
VIII ഖുര്‍ആനെ അടിസ്ഥാനമാക്കുക
ഖുര്‍ആന്‍ ഗ്രഹിക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നവര്‍ തന്റെ മുന്വിചാരങ്ങളും ധാരണകളും മാറ്റിവെക്കണം. ഖുര്‍ആനില്‍ തന്റെ ആശയാദര്‍ശങ്ങള്‍ അടിച്ചേല്പിക്കാന് ശ്രമിക്കരുത്. തന്റെ ചിന്തയും വീക്ഷണഗതികളും പിന്തുണക്കാന്‍ ഖുര്‍ആനെ വളച്ചൊടിക്കുകയും ചെയ്യരുത്. ഖുര്‍ആനില്‍നിന്ന് സന്മാര്ഗമുള്ക്കൊള്ളണം, അതാണ് അടിസ്ഥാനം, അതില്‍നിന്നാണ് കാര്യം ഗ്രഹിക്കേണ്ടത്. ഏത് തര്‍ക്ക പ്രശ്നത്തിലും അതിന്റെ വിധിയാണ് പിന്തുടരേണ്ടത്, അതാണ് അസ്സല്.
മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥങ്ങളനുസരിച്ച് ഖുര്‍ആനില്‍ തീര്‍പ്പ് കല്പിക്കരുത്. ഉദാഹരണമായി, സൂറത്തുന്നിസാഇല്‍ 'ഒരേ ഒരു ശരീരത്തില്‍നിന്നാണ് അവന് നിങ്ങളെ സൃഷ്ടിച്ചത് അതില്‍നിന്നാണ് അവന്റെ ഇണയെയും സൃഷ്ടിച്ചത്' എന്നും സൂറതുല്‍ അഅ്റാഫില്‍ 'ഒരേ ഒരു ശരീരത്തില്‍നിന്നാണ് നിങ്ങളെയവന്‍ സൃഷ്ടിച്ചതും അതില്‍ നിന്നുതന്നെയാണ് അവന്റെ ഇണയെ ഉണ്ടാക്കിയതും' എന്നും പറഞ്ഞു.ആദമിന്റെ വാരിയെല്ലില്‍നിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു മുന്‍ധാരണ ഒരാള്ക്കില്ലായെങ്കില് പ്രസ്തുത സൂക്തങ്ങളില്‍നിന്ന് ആ ആശയം തോന്നുകയില്ല. സൂറതുര്‍റൂമിലെ 'നിങ്ങളുടെ ഗണത്തില്‍ നിന്നുതന്നെ നിങ്ങളുടെ ഇണകളെയും സൃഷ്ടിച്ചുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്'(21) എന്നും 'നിങ്ങളില്‍നിന്നുതന്നെ ഇണകളെയുണ്ടാക്കി' (അന്നഹ്ല് 71) എന്നും പറഞ്ഞപോലെയുള്ള ഒരു പരാമര്‍ശം മാത്രമാണ് ആദ്യത്തേതും. ഈ ആയത്തുകളുടെ വിവക്ഷ അല്ലാഹു ഓരോരുത്തരുടെ ഇണകളെയും അവരുടെ വാരിയെല്ലുകളില്നിന്ന് പടച്ചു എന്നല്ലല്ലോ.
സ്വാദ് അധ്യായത്തില്‍ ഇങ്ങനെ കാണാം:
وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ ﴿٢١﴾ إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْۖ قَالُوا لَا تَخَفْۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ ﴿٢٢﴾ إِنَّ هَٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ ﴿٢٣﴾ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۖ وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا
''ചുമര് ചാടിമറിഞ്ഞെത്തിയ രണ്ടു കക്ഷികളുടെ വിവരം നീയറിഞ്ഞോ? അവര്‍ ദാവൂദിന്റെ അടുത്ത് കടന്നുചെന്നപ്പോള്‍ അദ്ദേഹം ഭയന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ പരസ്പരം അതിക്രമം കാണിച്ച രണ്ടു കക്ഷികളാണ്. ഞങ്ങള്‍ക്കിടയില്‍ നീ സത്യസന്ധമായി വിധിക്കുക. അന്യായം പ്രവര്‍ത്തിക്കരുത്. നേര്‍വഴിയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുക. എന്റെ ഈ സഹോദരന് തൊണ്ണൂറ്റിഒമ്പത് ആടുകളുണ്ട്. എനിക്കാണെങ്കില്‍ ഒരൊറ്റ ആടും. എന്നാലിവന് പറയുന്നു. അതുകൂടി എനിക്കേല്പിച്ചു തരിക. സംസാരത്തില്‍ അവന് എന്നെ തോല്പിക്കുകയും ചെയ്യുന്നു.' ദാവൂദ് പറഞ്ഞു. 'തന്റെ ആടുകളിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെട്ട അവന് നിന്നോട് അക്രമമാണ് ചെയ്തത്. അധിക ഇടപാടുകാരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. വിശ്വസിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും ഒഴികെ. അത്തരക്കാര്‍ വളരെ കുറവാണ്.' അതോടെ ദാവൂദിന് മനസ്സിലായി, നാം അവനെ പരീക്ഷിച്ചതാണെന്ന്. അപ്പോളവന് തന്റെ നാഥനോട് മാപ്പിരക്കുകയും റുകൂഇല്‍ വീണ് മടങ്ങുകയും ചെയ്തു.''
ഈ സൂക്തങ്ങള്‍ മുന്‍വിധിയില്ലാതെ പാരായണം ചെയ്യുന്നവര്‍ക്ക് വ്യക്തമാകുക, ഇവിടെ ദാവൂദിന് സംഭവിച്ച പിഴവ് അദ്ദേഹം കേസ് കേട്ടപാടെ എതിരാളിയുടെ ഭാഗം അന്വേഷിക്കാതെ ധൃതിപ്പെട്ട് വിധി പ്രസ്താവിച്ചു എന്നതാണെന്ന്. കണ്ണ് അടിച്ചു പൊട്ടിച്ച ഒരാള്‍ വന്ന് കേസ് പറഞ്ഞാലും അപരന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ. ഒരുപക്ഷേ, അപരന്റെ രണ്ടു കണ്ണുകളും ഇയാള്‍ അടിച്ചു പൊട്ടിച്ചിരിക്കും.
ഏതെങ്കിലും ഒരു ചിന്താധാരയെയോ കര്‍മശാസ്ത്ര സരണിയേയോ പിന്തുണക്കാന്‍ ഖുര്‍ആനെ വലിച്ചിഴക്കുന്നത് ശരിയല്ല. അതോടെ യാഥാര്‍ഥ്യം കീഴ്മേല്‍ മറിയും. വിധികര്‍ത്താവ് വിധി ഏറ്റുവാങ്ങേണ്ടവനും പിന്പറ്റപ്പെടേണ്ടവന് അനുകര്‍ത്താവും. വ്യതിചലിക്കാനും മാര്‍ഗഭ്രംശം സംഭവിക്കാനുമുള്ള ഏറ്റവും വലിയ കാരണമിതാണ്. ചിലര്‍ പലതരം ചിന്തകളും സങ്കല്പങ്ങളും തലയില്‍ കുത്തിനിറച്ചാണ് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനൊരുങ്ങുന്നത്. അവന് വളര്‍ന്നതും അഭ്യസിച്ചതും ശൈശവം മുതലേ വളര്‍ന്നതും യൗവനം പിന്നിട്ടതും പ്രസ്തുത ചിന്തകളിലായിരിക്കും. അവന് ഖുര്‍ആന്‍ വായിക്കുന്നത് ഈ മുന്ധാരണകളോടെയാകും. അതുമായി ഒത്തുപോകുന്നത് സ്വീകരിക്കും, അല്ലാത്തത് തള്ളിക്കളയും. അതിന് എതിരായത് തള്ളുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യും.
തത്ത്വശാസ്ത്രജ്ഞരുടെ ഖുര്‍ആന്‍ വായന
തത്ത്വശാസ്ത്രജ്ഞരുടെ ഖുര്‍ആന്‍ വായന നാം കാണുന്നു. അരിസ്റ്റോട്ടിലിന പിന്തുടരുന്ന മുസ്ലിം ചിന്തകര്‍ അതിന്റെ മകുടോദാഹരണം. അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ക്കനുസൃതമായി ഖുര്‍ആനെ അവര്‍ വ്യാഖ്യാനിച്ചു. മരണാനന്തര ജീവിതം, പുനര്ജന്മം, സ്വര്‍ഗനരകങ്ങള്‍, പ്രവാചകത്വം, ആകാശഭൂമികളുടെ സൃഷ്ടിപ്പ്, അല്ലാഹുവിന്റെ അനന്തമായ ജ്ഞാനം എന്നിവയെല്ലാം ഖുര്‍ആനിലെ ഖണ്ഡിതമായ സൂക്തങ്ങള്‍ക്ക് വിപരീതമായവര് വ്യാഖ്യാനിച്ചു. അക്കാരണത്താല്‍ ഇമാം ഗസ്സാലി തന്റെ المنقد فيه الضلال എന്ന കൃതിയില്‍ അവരെ കാഫിറാക്കി. അരിസ്റ്റോട്ടിലിന്റെ ചിന്തകളില്‍ ആകൃഷ്ടരായ ഫാറാബിയുടെയും ഇബ്നുസീനയുടെയും കാലഘട്ടങ്ങള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പ്രപഞ്ചത്തെയും ജീവിതത്തെയും മനുഷ്യരെയും കുറിച്ച അവരുടെ ചിന്തകളെല്ലാം ബാലിശങ്ങളായിരുന്നുവെന്നു വ്യക്തമായി. പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥാനം, അടിസ്ഥാന മൂലകങ്ങള്‍ വെള്ളം, വായു, തീ, മണ്ണ് എന്നീ നാലെണ്ണമാണെന്ന വാദം, ഗോളങ്ങള്‍ ഖരവസ്തുക്കളാണെന്ന സങ്കല്പം മുതലായവ അബദ്ധമാണെന്ന് ഇന്ന് പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പോലുമറിയാം.
മുഅ്തസിലികളുടെ ഖുര്‍ആന്‍ വായന
മുഅ്തസിലികള്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചത് അവരുടെ സിദ്ധാന്തങ്ങള്ക്കനുസൃതമായാണ്. മനുഷ്യര്‍ തന്നെയാണ് അവന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത്, അല്ലാഹു തെറ്റു ചെയ്യാന്‍ സഹായിക്കുകയില്ല, അവന് സ്ഥിരമായ ഗുണവിശേഷങ്ങളില്ല, ഖുര്‍ആന്‍ സൃഷ്ടിയാണ്, അല്ലാഹുവിനെ പരലോകത്ത് കാണാന്‍ കഴിയില്ല, വന്‍ദോഷം ചെയ്യുന്നവന് രണ്ട് പദവികള്ക്കിടയിലാണ്, അമ്പിയാക്കള്‍, മലക്കുകള്‍, മുഅ്മിനുകള് എന്നിവര്‍ ശിപാര്‍ശ ചെയ്യില്ല- തുടങ്ങിയവ അവരുടെ അഭിപ്രായങ്ങളാണ്.
സമഖ്ശരിയുടെ 'അല്‍ കശ്ശാഫ്' പോലുള്ള തഫ്സീറുകള്‍ വായിക്കുന്നവര്‍ക്ക് മഹാപണ്ഡിതനായ അദ്ദേഹം പോലും തന്റെ ചിന്താസരണിക്കൊപ്പിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ എത്ര സാഹസപ്പെടുന്നുവെന്ന് കാണാം. 'അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കുകയില്ല, അതല്ലാത്ത പാപങ്ങള്‍ അവനുദ്ദേശിക്കന്നവര്ക്ക് പൊറുക്കും' എന്ന സൂക്തത്തിലെ ശിര്‍ക്കിനെയും മറ്റു പാപങ്ങളെയുമെല്ലാം അദ്ദേഹം ഒരുപോലെ കാണുന്നു. അതുപോലെ അല്ലാഹുവിന്റെ അനുവാദത്തോടെ തൗഹീദ് അംഗീകരിക്കുന്നവര്‍ക്ക് ശിപാര്‍ശ ലഭിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് (അല്‍ബഖറ 55, അല്‍ അമ്പിയാഅ് 28) അദ്ദേഹം നിഷേധിക്കുന്നു. അതുപോലെ 'ചില മുഖങ്ങള്‍ അന്ന് പ്രസന്നമായിരിക്കും. അവരുടെ നാഥനെ നോക്കിക്കൊണ്ട്' (അല്‍ഖിയാമ 22,23) എന്ന സൂക്തവും മറ്റു നിരവധി ഹദീസുകളും വ്യക്തമാക്കിയത് പോലും അദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്തു.
ഖാദിയാനികളും ഖുര്‍ആനും
ഖാദിയാനികളാണ് മറ്റൊരുദാഹരണം. അവര്‍ ശരിയെന്ന് വിശ്വസിക്കുന്ന കുറേ ചിന്തകളുണ്ട്. ജനങ്ങളെ അതിലേക്ക് ആവേശപൂര്‍വം ക്ഷണിക്കുകയും ചെയ്യുന്നു. അവര്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും അവരുടെ വിശ്വാസാദര്‍ശങ്ങള്‍ക്കൊത്ത് ഖുര്‍ആന്‍ പരിഭാഷകള്‍ അനേകം ഭാഷകളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 'മുഹമ്മദ് നബി ദൈവദൂതനും അന്ത്യപ്രവാചകനുമാണ്' എന്ന ഖുര്‍ആന്റെ പ്രസ്താവനയിലെ 'ഖാത്തമുന്നബിയ്യീന്‍' എന്നതിന് 'പ്രവാചകമുദ്ര' അല്ലെങ്കില്‍ 'അലങ്കാരം' എന്നര്‍ഥം നല്കി, അദ്ദേഹം അന്ത്യപ്രവാചകനാണെന്ന വസ്തുത നിഷേധിക്കുന്നു. യഥാര്‍ഥത്തില്‍ ഇവിടെ 'ഖാതിം' (വിരാമമിട്ടവന്‍) എന്നൊരു പാഠഭേദം തന്നെയുണ്ട്. മാത്രമല്ല നിരവധി പ്രവാചക മൊഴികളില്‍ 'എനിക്ക് ശേഷം പ്രവാചകനില്ല' എന്നും 'പ്രവാചകത്വത്തിന്റെ കെട്ടിടത്തിലെ അവസാനത്തെ കല്ലാണ് ഞാനൊന്നുമെല്ലാം മുഹമ്മദ് നബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ഉമ്മത്ത് ഒന്നടങ്കം അതംഗീകരിക്കുകയും ദീനിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
പ്രവാചകന്മാര്ക്ക് മൂര്‍ത്തമായ അമാനുഷിക കര്‍മങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവരുടെ മറ്റൊരു വാദം. അവരുടെ പ്രവാചകനോടും ജനങ്ങള്‍ അതാവശ്യപ്പെടുമോ എന്ന ഭയമായിരിക്കും ഇതിനു പിന്നില്‍. ഖുര്‍ആനിലെ നിരവധി സൂക്തങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മൂസായുടെ വടി, കൈവെളിച്ചമാകല്, സമുദ്രം പിളരല്‍, പാറക്കല്ലിനെ അടിച്ച് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകല്‍ തുടങ്ങിയതെല്ലാം അവര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. അതുപോലെ ഈസാ നബിയുടെ മുഅ്ജിസത്തുകള്‍ - കളിമണ്ണ് കൊണ്ട് പക്ഷിരൂപമുണ്ടാക്കി അതിലൂതുമ്പോള് ജീവനുള്ളതാവുക, ജന്മനാ അന്ധനായവരെയും പാണ്ഡുരോഗികകളെയും സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക തുടങ്ങിയവ, സുലൈമാന്‍ നബിയുടെ മുഅ്ജിസത്തുകള്‍- കാറ്റിനെയും ജിന്നിനെയും കീഴ്പ്പെടുത്തുക, പക്ഷിയുടെയും ഉറുമ്പിന്റെയും സംസാരം ഗ്രഹിക്കുക, മുഹമ്മദ് നബിയുടെ ഇസ്റാഅ് മിഅ്റാജ്.... എന്നിവക്കെല്ലാം ഖാദിയാനികള്‍ അവരുടെ യഥാര്‍ഥ വിവക്ഷ തെറ്റിച്ച് കൃത്രിമമായ വ്യാഖ്യാനം നല്കുന്നു.
'വിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുവിന്‍' എന്ന സൂക്തമുദ്ധരിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആധിപത്യമുറപ്പിച്ച സാമ്രാജ്യത്വശക്തികളെ, പ്രത്യേകിച്ചും ബ്രിട്ടീഷുകാരെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നവര്‍ വാദിച്ചു. വിശ്വാസികളെ വിളിച്ച് നിങ്ങളിലെ കൈകാര്യകര്‍ത്താക്കള്‍ എന്നു പറയുന്നത് വിശ്വാസികളിലെ തന്നെ ഒരു ഭാഗമാണെന്നും ഏത് അവിശ്വാസിയെയും അതുള്‍ക്കൊള്ളുമെന്ന് വാദിക്കുന്നത് ഖുര്‍ആന്‍ വിരുദ്ധമാണെന്നും അവര്‍ മറച്ചുപിടിച്ചു. അതുപോലെ 'ജിഹാദ്' ദുര്‍ബലപ്പെടുത്തപ്പെട്ടു എന്നുമവര്‍ വാദിച്ചു. അതോടെ ശത്രുവോടുള്ള പ്രതിരോധ ശേഷി തകര്‍ന്നടിയുകയും അവര്‍ക്ക് കീഴടങ്ങുകയും ചെയ്യുകയായിരുന്നു ഫലം. ദീന് അപമാനിക്കപ്പെട്ടു, സമുദായത്തിന്റെ അന്തസ്സ് ചവിട്ടി മെതിക്കുകയും പ്രബോധകര്‍ മര്‍ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ പോലും കൈതളര്‍ന്ന് തലകുനിച്ച് വിധേയത്വം ഊട്ടിയുറപ്പിച്ച് കഴിയുകയാണവര്‍.
ദുര്‍വ്യാഖ്യാനങ്ങളുടെ കാരണങ്ങള്‍
മുന്‍കാലങ്ങളിലും ഇന്നും നടക്കുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ പൊതുവെ രണ്ടു കാരണങ്ങളാണ് അവക്കു പിന്നിലെന്ന് കാണാം: 1) വൈജ്ഞാനികവും ചിന്താപരവുമായ പിന്നാക്കാവസ്ഥ. 2) ദുരുദ്ദേശ്യവും ഗൂഢശ്രമങ്ങളും. ചിലപ്പോള്‍ ഒരേ വ്യക്തിയിലും വിഭാഗത്തിലും ഇവ രണ്ടും ഒരുമിച്ചുകൂടാം. വിവരക്കേടാണ് കാരണമെങ്കില്‍ സത്യം വെളിപ്പെടുമ്പോള്‍ അവര്‍ പിന്മാറിയെന്നു വരാം. എന്നാല്‍ ദുരുദ്ദേശ്യമാണെങ്കില് അവര്‍ തിരിച്ചുവരാന്‍ സാധ്യതയില്ല.
സംഗ്രഹ വിവര്‍ത്തനം: വി.കെ അലി