ഇജ്തിഹാദ്: ഒരു ആമുഖം
ഡോ. എ.എ ഹലീം
മുഴുലോകത്തെയും സകല മനുഷ്യര്‍ക്കും വേണ്ടി എല്ലാ കാലത്തേക്കുമുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിക ജീവിത വ്യവസ്ഥ മുന്നോട്ടുവെക്കുന്ന മൗലികമായ ആശയമാണത്. മുഹമ്മദ് നബി അന്ത്യദൂതനും പരിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ സാന്മാര്‍ഗിക ഗ്രന്ഥവുമാണ് എന്നതാണതിന്റെ കാതല്‍. കാലദേശങ്ങളെ അതിജീവിച്ച് നിത്യനൂതനമായി നിലനില്‍ക്കുകയെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ സവിശേഷതയായത് അങ്ങനെയാണ്.
താത്ത്വികവും പ്രായോഗികവുമായ തലങ്ങളില്‍ ഈ സവിശേഷത നിലനിര്‍ത്താന്‍ ഇസ്‌ലാമിക വ്യവസ്ഥക്ക് പിന്‍ബലം നല്‍കുന്ന സംവിധാനമാണ് തജ്ദീദ് അതായത് നവോത്ഥാനം. തജ്ദീദിനെ സാധ്യമാക്കുന്ന മുഖ്യഘടകമത്രെ 'അല്‍ ഇജ്തിഹാദു ഫിദ്ദീന്‍' അഥവാ മതവിഷയങ്ങളിലെ ഗവേഷണം.
സവിശേഷമായ ഈദൃശ ഗുണങ്ങളോടു കൂടിയാണ് ലോകജനതക്ക് മാര്‍ഗദര്‍ശനമായി ഇസ്‌ലാമിനെ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത്.
ജീവിതം വികസ്വരം
മനുഷ്യജീവിതം പ്രതിനിമിഷം വികസ്വരവും ചലനാത്മകവുമാണെന്നത് വളരെ പ്രാഥമികമായ തത്ത്വമാണ്. വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് അത് ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് നീങ്ങുകയും നിരന്തരം വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവാഹ നൈരന്തര്യം ഉറപ്പുവരുത്തി ജീവിത നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. മാനവരാശിയുടെ ജീവിതത്തക്കുറിച്ച് പറയാന്‍ കഴിയുന്ന ഈ യാഥാര്‍ഥ്യം ഇസ്‌ലാമിനും ബാധകമാണ്. അചഞ്ചലവും സ്ഥിരപ്രതിഷ്ഠവുമായ ചില അടിത്തറ(അഖീദഃ)കളിലാണ് ഇസ്‌ലാം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതെങ്കിലും,
എല്ലാ കാലത്തും എല്ലായിടങ്ങളിലും ഇസ്‌ലാമിനെ നിത്യനൂതനമാക്കുന്ന സവിശേഷതകളും അത് ഉള്‍ക്കൊള്ളുന്നു. നവംനവങ്ങളായ വിഷയങ്ങളില്‍ ഇസ്‌ലാം ഫലവത്തായ ഇടപെടലുകള്‍ നടത്തുന്നു. സമകാലിക പ്രശ്‌നങ്ങളില്‍ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. ദൈവനിര്‍ദേശിതവും ദൈവദൂതനാല്‍ വിശദീകരിക്കപ്പെട്ടതുമായ ജീവിത ദര്‍ശനത്തിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയത്രെ ഇത്.
ജീവിതം മുമ്പോട്ട് നീങ്ങുന്നതിനനുസൃതമായി രൂപപ്പെടുന്ന നൂതനമായ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമികമായ പരിഹാരങ്ങള്‍ സമര്‍പ്പിക്കുക, പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നിയമനിര്‍ധാരണം സാധ്യമാക്കുക, അതോടൊപ്പം ദീനിന്റെ അടിസ്ഥാനങ്ങളോടും ലക്ഷ്യങ്ങളോടും നിലപാടുകളോടും പൊരുത്തപ്പെടുന്ന പ്രയോജനകരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുംവിധം മതവിധികളുടെ ചട്ടക്കൂട് വികസ്വരമാക്കുക തുടങ്ങിയ ധര്‍മങ്ങളാണ് ഇജ്തിഹാദിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
കാലപ്രവാഹത്താല്‍ മാറ്റം സംഭവിക്കാത്ത അടിസ്ഥാന തത്ത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ സമകാലിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രയോജനകരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുമുള്ള വികാസക്ഷമതയാണ് അതില്‍ ഏറ്റവും പ്രധാനം. ദീനിന്റെ നവജാഗരണത്തെ പ്രതിഫലിപ്പിക്കുന്ന ഫലപ്രദമായ സംവിധാനമാണത്. സമൂഹത്തിന്റെ സമുദ്ധാരണാര്‍ഥം ഖുര്‍ആനിലും സുന്നത്തിലും ഊന്നിനിന്നുകൊണ്ട് സ്വന്തം ധിഷണയിലൂടെ നിലവിലുള്ള ശരീഅത്തിന്റെ വികാസക്ഷമത ഉറപ്പുവരുത്തുകയാണ് മുജ്തഹിദ് ചെയ്യുന്നത്.
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന മൗലിക പ്രമേയങ്ങളില്‍ പ്രധാനമാണ് ഇജ്തിഹാദ് എന്ന് സൂചിപ്പിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക വ്യവസ്ഥയെ കാലാതിവര്‍ത്തിയായി നിലനിര്‍ത്തുന്ന ചലനതത്ത്വമാണ് ഇജ്തിഹാദ്. ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രകൃതത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചൈതന്യ പ്രവാഹം. പരിവര്‍ത്തനോന്മുഖമായ കാലത്തിന്റെ ദശാസന്ധികള്‍ തരണം ചെയ്യാതെ ഒരു സമുദായത്തിനും മുമ്പോട്ട് ചരിക്കാന്‍ സാധ്യമല്ല. മുസ്‌ലിം സമുദായത്തിന് കാലത്തിന്റെ പ്രശ്‌ന സങ്കീര്‍ണതകളും വെല്ലുവിളികളും നേരിടാന്‍ കരുത്താര്‍ജിച്ചുകൊടുക്കുന്നതും ഇസ്‌ലാമിന്റെ ശാശ്വത സ്വഭാവം നിലനിര്‍ത്തിപ്പോരുന്നതും ജീവിക്കാന്‍ അര്‍ഹത നേടിക്കൊടുക്കുന്നതും ഇജ്തിഹാദിന്റെ ഈ ചൈതന്യപ്രസരണമത്രെ. ജീവിത പ്രവാഹത്തെ ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് നയിക്കുന്നതിനുള്ള സര്‍ഗാത്മക ചിന്ത ഇജ്തിഹാദിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.
മാനവ സമൂഹം ദര്‍ശിച്ച വിവിധ ദര്‍ശനങ്ങളുടെയും ആശയധാരകളുടെയും വര്‍ണരാജിയില്‍ ഇസ്‌ലാമിക ആദര്‍ശത്തിന് മേല്‍ക്കൈ നേടാനായതും യുഗദീര്‍ഘമായ കാലം നേതൃത്വം ലഭ്യമായയതും ഈ സര്‍ഗാത്മക ഭാവം പ്രയോഗക്ഷമമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. എന്നാല്‍, അതിനെ അവഗണിച്ചുകൊണ്ട് അവര്‍ അന്ധമായ അനുകരണ(തഖ്‌ലീദ്)ത്തിലേക്ക് കൂപ്പുകുത്തിയതോടെ ഇസ്‌ലാമിക ചിന്തയുടെയും വിജ്ഞാനത്തിന്റെയും വളര്‍ച്ച മുരടിക്കുകയും തദ്വാരാ ഇസ്‌ലാമിക സമൂഹത്തിന്റെ ചിന്താപരവും ധാര്‍മികവുമായ അപചയത്തിന് അത് കാരണമാവുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ അധഃപതനത്തിനുള്ള പ്രധാന കാരണമായി ഈ അവഗണനയെ നവോത്ഥാന നായകര്‍ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ഇജ്തിഹാദിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഇജ്തിഹാദ്: ഭാഷാര്‍ഥം, നിര്‍വചനങ്ങള്‍
ജഹ്ദ് അഥവാ ജുഹ്ദ് എന്ന ക്രിയാധാതുവില്‍നിന്ന് നിഷ്പന്നമായ അറബി പദമാണ് ഇജ്തിഹാദ്. ജുഹ്ദിന് ശക്തിയെന്നും ജഹ്ദിന് അധ്വാനമെന്നുമാണ് അര്‍ഥം. ഇജ്തിഹാദ് എന്നാല്‍ പ്രയാസപ്പെട്ട് അധ്വാനിക്കുക എന്നര്‍ഥം. അധ്വാനം ശാരീരികമോ ബുദ്ധിപരമോ ആവാം. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഗവേഷണമാണുദ്ദേശ്യം.
ശരീഅത്ത് വിധികള്‍ കണ്ടെത്താന്‍ പരമാവധി അധ്വാനം വിനിയോഗിക്കുക (ബൈദാവി -ശര്‍ഹുല്‍ ഇസ്നവി 3/191), നിര്‍ധാരണത്തിലൂടെ കര്‍മപരമായ ഒരു ശരീഅത്ത് വിധി ലഭിക്കാന്‍ പരമാവധി പരിശ്രമിക്കുക (സര്‍കശി- അല്‍ബഹ്‌റു ല്‍ മുഹീത്വ് 3/79), ശരീഅത്ത് വിധികളെക്കുറിച്ച ജ്ഞാനം ലഭിക്കാന്‍ പരമാവധി അധ്വാനം വിനിയോഗിക്കുക (ഇബ്നുഖുദാമഃ- റൗദതുന്നാളിര്‍ പേ: 401), ശരീഅത്ത് വിധികളെക്കുറിച്ച് ജ്ഞാനം ലഭിക്കാന്‍ പരമാവധി അധ്വാനം വിനിയോഗിക്കുക (അലാഉദ്ദീനില്‍ ബുഖാരി-കശ്ഫുല്‍ അസ്റാര്‍ 4/14), ശരീഅത്ത് വിധിയെക്കുറിച്ച് നിഗമനം ലഭിക്കുന്നതിന് പരമാവധി അധ്വാനിക്കുക (ഇബ്നുല്‍ ഹാജിബ്- മുഖ്ത്വസ്വറുല്‍ മുന്‍തഹാ 2/289), ഒരു വിധി സംബന്ധിച്ച നിഗമനം ലഭിക്കുന്നതിന് കര്‍മശാസ്ത്ര പണ്ഡിതന്‍ കഴിവിന്റെ പരമാവധി വിനിയോഗിക്കുക (ഇബ്നുസ്സുബ്കി- ജംഉല്‍ ജവാമിഅ് 2/279), ഒരു ശരീഅത്ത് വിധി ചിന്തിച്ചു കണ്ടെത്തുന്നതിന് കൂടുതല്‍ സാധ്യമല്ലാത്ത വിധം പരിശ്രമിക്കുക (ആമിദി- അല്‍ഇഹ്കാം 3/204) തുടങ്ങിയവ ഇജ്തിഹാദിന് നല്‍കപ്പെട്ട വിവിധ നിര്‍വചനങ്ങളാണ്.
ഈ നിര്‍വചനങ്ങളില്‍ സര്‍കശിയുടേതാണ് ഏറക്കുറെ ഭദ്രവും സമഗ്രവും. ഇമാം ശൗകാനി അതിന്റെ ആദ്യത്തില്‍ 'കര്‍മശാസ്ത്ര പണ്ഡിതന്‍' എന്നു കൂട്ടിച്ചേര്‍ത്തിരിക്കുന്നു. തോന്നിയവര്‍ക്കെല്ലാം ഇജ്തിഹാദ് ചെയ്യാന്‍ പറ്റുകയില്ലെന്നാണ് അതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത് (ഇര്‍ശാദുല്‍ ഫുഹൂല്‍ പേ. 250). ദൈവശാസ്ത്രത്തിലോ അറബി ഭാഷാ ശാസ്ത്രത്തിലോ സാഹിത്യത്തിലോ ചരിത്രത്തിലോ പ്രാവീണ്യമുള്ളവര്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ അപക്വമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഒഴിവാക്കാനും പ്രസ്തുത നിബന്ധന ആവശ്യമാണ്. കര്‍മശാസ്ത്രത്തില്‍ ചില പ്രത്യേക ചിന്താ സരണികളിലെ പ്രശ്നങ്ങളും വീക്ഷണങ്ങളും ഹൃദിസ്ഥമാക്കിയവര്‍ ഫഖീഹ് (കര്‍മശാസ്ത്ര പണ്ഡിതന്‍) അല്ലാത്തതിനാല്‍ ഇജ്തിഹാദിനു യോഗ്യനല്ലെന്നും അതുകൊണ്ട് സിദ്ധിക്കുന്നു (ഇസ്‌ലാമിക വിജ്ഞാനകോശം 4/131).
ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായ വിധി വന്നിട്ടില്ലാത്ത ഏതെങ്കിലും ഒരു പ്രശ്‌നത്തെക്കുറിച്ച് ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനുള്ള മതപണ്ഡിതന്മാരുടെ പരിശ്രമത്തിനാണ് സാമാന്യേന ഇജ്തിഹാദ് എന്ന സാങ്കേതിക സംജ്ഞ പ്രയോഗിക്കുന്നത് എന്ന് ഉപരിസൂചിത നിര്‍വചനങ്ങളില്‍നിന്ന് വ്യക്തമാവുന്നു. ഇത്തരം പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ മുജ്തഹിദുകളെന്നും അതിനൊന്നും മുതിരാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അനുകരിക്കുന്നവരെ മുഖല്ലിദുകളെന്നും വിളിക്കുന്നു. മുഖല്ലിദുകളല്ലാത്തവരെല്ലാം മുജ്തഹിദുകളാവണമെന്നില്ലെന്ന് ഈ നിര്‍വചനങ്ങളില്‍നിന്ന് വ്യക്തമാവും. സ്വന്തം മനന-ഗവേഷണങ്ങളിലൂടെ ഓരോ പണ്ഡിതനും എത്തിച്ചേരുന്ന അഭിപ്രായങ്ങളില്‍, തെളിവുകളുടെയും ന്യായങ്ങളുടെയും സ്വഭാവം മനസ്സിലാക്കി അവ സ്വീകരിക്കുന്നതില്‍ ഒരു മിത നിലപാട് സ്വീകരിക്കുന്നവരുമുണ്ട്.
മുജ്തഹിദിന്റെ യോഗ്യതകള്‍
ഒരാളെ ഇജ്തിഹാദ് നിര്‍വഹിക്കുന്നതിന് പ്രാപ്തമാക്കുന്ന യോഗ്യതകളും മാനദണ്ഡങ്ങളും കര്‍മനിയമ-നിദാനശാസ്ത്ര പണ്ഡിതന്മാര്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും എപ്പോഴും നിര്‍വഹിക്കാവുന്ന ഒരു ലളിത കര്‍മമല്ല അത്. ഇസ്‌ലാമിക ശരീഅത്തിന്റെ ആധാരങ്ങളായ ഖുര്‍ആനിലും സുന്നത്തിലും അവഗാഹം നേടിയവനായിരിക്കുകയെന്നതാണ് മുജ്തഹിദിന്റെ പ്രഥമ യോഗ്യത. ശരീഅത്തിന്റെ ഒന്നാമത്തെ അടിസ്ഥാനമാണ് ഖുര്‍ആന്‍. ഖുര്‍ആനില്‍ പാണ്ഡിത്യമില്ലെങ്കില്‍ ശരീഅത്ത് അറിയുക സാധ്യമല്ല. മുജ്തഹിദാവാന്‍ ചുരുങ്ങിയത് ഖുര്‍ആനിലെ വിധിവിലക്കുകളുമായി ബന്ധപ്പെട്ട സൂക്തങ്ങളെക്കുറിച്ചെങ്കിലുമുള്ള അവഗാഹം അനിവാര്യമാണ്. അപ്രകാരം തന്നെ സൂക്തങ്ങളുടെ അവതരണ കാരണം വ്യക്തമാക്കുന്ന വിജ്ഞാനശാഖയിലും നാസിഖ്-മന്‍സൂഖ്(പ്രഥമ ഘട്ടത്തില്‍ നല്‍കിയ ചില നിര്‍ദേശങ്ങള്‍ പിന്നീട് ദുര്‍ബലപ്പെടുത്തുകയോ ഭേദഗതി വരുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട് എന്ന് വിവരിക്കുന്ന വിജ്ഞാന ശാഖ)ലുമുള്ള അറിവും അനിവാര്യമാണ്.
പല ഖുര്‍ആനിക സൂക്തങ്ങളും ചില സംഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അവതരിച്ചത്. എങ്കിലും, അവ നിര്‍ദേശിക്കുന്ന വിധികള്‍ ഏതെങ്കിലും കാലത്തേക്ക് മാത്രമുള്ളതല്ല. എന്നാല്‍, അവയുടെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കുന്നതിന് അവ ഏത് പശ്ചാത്തലത്തിലാണ് അവതരിച്ചതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവതരണ പശ്ചാത്തലം അറിഞ്ഞാല്‍ മാത്രം ശരിയായ താല്‍പര്യം മനസ്സിലാക്കാന്‍ കഴിയുന്ന അനേകം സൂക്തങ്ങളുണ്ട്. മുജ്തഹിദ് അനിവാര്യമായും അവ അറിഞ്ഞിരിക്കണം.
നബിചര്യയെ സംബന്ധിച്ച ജ്ഞാനമാണ് രണ്ടാമത്തേത്. അതില്‍ മുജ്തഹിദ് അനിവാര്യമായും അറിഞ്ഞിരിക്കേണ്ടത് ഏതെല്ലാമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വിധിവിലക്കുകളുമായി ബന്ധപ്പെട്ടതെല്ലാം അറിഞ്ഞിരിക്കണമെന്നാണ് ഒരു പക്ഷം. പ്രഥമമായി വേണ്ടത് മൊത്തം ഹദീസുകള്‍ സംബന്ധിച്ച അവഗാഹമാണ്. അതായത്, മുമ്പില്‍ വരുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് ഏതെല്ലാം ഹദീസുകള്‍ വന്നിട്ടുണ്ടെന്ന് അറിയണം. ഹദീസ് നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിനേക്കാള്‍ പ്രധാനം. അതായത്, ഒരു ഹദീസ് തെളിവിനു പറ്റുമാറ് സ്വീകാര്യമാവുന്നതിനാവശ്യമായ നിബന്ധനകളെന്തൊക്കെയാണെന്നും ആ നിബന്ധനകള്‍ പ്രസ്തുത ഹദീസില്‍ ഒത്തിണങ്ങിയിട്ടുണ്ടോ എന്നും പരിശോധിച്ചറിയാനുള്ള കഴിവ്. ഹദീസിലെ നാസിഖ്-മന്‍സൂഖ് സംബന്ധിച്ച വിവരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നാസിഖ്-മന്‍സൂഖ് അറിയാത്തവര്‍ക്ക് ഇജ്തിഹാദിന് അര്‍ഹതയില്ല.
അറബി ഭാഷയില്‍ വ്യുല്‍പത്തി നേടിയവര്‍ക്കേ ഖുര്‍ആന്റെയും സുന്നത്തിന്റെയും സൂക്ഷ്മ തലത്തിലുള്ള അര്‍ഥങ്ങളും ആശയങ്ങളും വേണ്ടവിധം മനസ്സിലാകൂ. ശരീഅത്തിന്റെ അടിസ്ഥാനങ്ങളായ ഖുര്‍ആനും സുന്നത്തും അറബി ഭാഷയിലാണ്. അറബി ഭാഷയുടെ പ്രയോഗങ്ങള്‍, ശൈലികള്‍, വ്യാകരണ ശാസ്ത്രം, അലങ്കാരശാസ്ത്രം എന്നിവയെക്കുറിച്ച് വിവരമില്ലാത്തവര്‍ക്ക് അവയുടെ പ്രയോഗങ്ങളിലെ മര്‍മം കണ്ടെത്താന്‍ കഴിയില്ല. ന്യായാധികരണത്തിലും മറ്റും ശരിയായ വിധിയിലെത്തിച്ചേരാന്‍ ഇത് തടസ്സമാവുമെന്ന് പറയേണ്ടതില്ല. ഇജ്മാഅ് ഉണ്ടെന്ന് വാദിക്കപ്പെടുന്ന പല പ്രശ്നങ്ങളും കര്‍മശാസ്ത്ര വിധികളില്‍ വന്നിട്ടുള്ളതിനാല്‍, അവയുടെ യഥാര്‍ഥ നിലപാടെന്തെന്ന് മനസ്സിലാക്കുക അനിവാര്യമാണ്. ആയതിനാല്‍ ഇജ്മാഅ് സംബന്ധിച്ച ജ്ഞാനവും മുജ്തഹിദിന് ഉണ്ടായിരിക്കണം.
കര്‍മശാസ്ത്ര നിദാനങ്ങളിലുള്ള അറിവും പ്രധാനമാണ്. കര്‍മശാസ്ത്ര നിദാനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ സര്‍വാംഗീകൃത തെളിവുകളില്‍നിന്നോ പൂര്‍വിക ശരീഅത്ത്, ഇസ്തിഹ്‌സാന്‍ (ഉത്തമമായി ഗണിക്കുക), മസ്വാലിഹ് മുര്‍സലഃ (പൊതു നന്മ), ഉര്‍ഫ്(കര്‍മ സമ്പ്രദായം), ഇസ്തിസ്വ്ഹാബ് (നേരത്തേയുള്ള വിധി പില്‍ക്കാലത്തും നിലനില്‍ക്കുന്നതായി വിധിക്കുക) തുടങ്ങിയ സര്‍വാംഗീകൃതമല്ലാത്ത തെളിവുകളില്‍നിന്നോ നിയമങ്ങള്‍ നിര്‍ധാരണം ചെയ്തെടുക്കുന്നതിന് അവശ്യം അറിഞ്ഞിരിക്കേണ്ട നിബന്ധനകളെയാണ്. പൂര്‍വിക പണ്ഡിതന്മാര്‍ ഇതു സംബന്ധിച്ചു ഭദ്രമായ നിയമങ്ങളും വ്യവസ്ഥകളും ആവിഷ്‌കരിച്ചിട്ടുണ്ട്. അവയെ അന്ധമായി അനുകരിക്കുന്നില്ലെങ്കില്‍ പോലും അവയെ സംബന്ധിച്ച സൂക്ഷ്മമായ ജ്ഞാനം മുജ്തഹിദിന് അനിവാര്യമാണ്.
ഉപരിസൂചിത യോഗ്യതകള്‍ക്ക് പുറമേ, ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, പ്രകൃതം, പൊതുസ്വഭാവം, താല്‍പര്യങ്ങള്‍ എന്നിവയെക്കുറിച്ച അറിവ് ഇജ്തിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനിവാര്യമായും ഉണ്ടായിരിക്കണം. ശരീഅത്തിന് മൊത്തമായ ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. മനുഷ്യരുടെ ഭൗതികവും ആധ്യാത്മികവും വ്യക്തിഗതവും സമഷ്ടിഗതവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കിടയില്‍ സ്നേഹവും കാരുണ്യബോധവുമുണ്ടാക്കുക, സത്യവും നീതിയും സംസ്ഥാപിക്കുക, അസത്യവും അനീതിയും നിര്‍മാര്‍ജനം ചെയ്യുക, സൗഖ്യവും ശാന്തിയും സമാധാനവുമുണ്ടാക്കുക തുടങ്ങിയവയെല്ലാം ശരീഅത്തിന്റെ പൊതു ലക്ഷ്യങ്ങളാണ്. ഇവക്കു പുറമെ, പ്രത്യേകവും താല്‍ക്കാലികവുമായ ഉദ്ദേശ്യലക്ഷ്യങ്ങളുമുണ്ട്. അവ സംഭവങ്ങളുമായും അവയുടെ പശ്ചാത്തലവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇജ്തിഹാദ് മുഖേന നിര്‍ധാരണം ചെയ്തെടുക്കുന്ന വിധികള്‍ ഈ ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കരണത്തിന് ഉതകണമെങ്കില്‍ മുജ്തഹിദ് അവയെക്കുറിച്ച് ബോധവും ജ്ഞാനവുമുള്ളവനായിരിക്കണം. അപ്രകാരംതന്നെ, നിയമനിര്‍മാണത്തില്‍ ദീക്ഷിക്കപ്പെടുന്ന അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചും മതകാര്യങ്ങളില്‍ പൂര്‍വികര്‍ അവലംബിച്ച ഗവേഷണ രീതികളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടായിരിക്കണം. പൂര്‍വസൂരികളായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും അഭിരുചികളും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. തന്റെ സ്വന്തം ഗവേഷണത്തിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമപ്പുറത്ത്, മറുപക്ഷത്തു നിന്ന് ഉന്നയിക്കപ്പെടുന്ന വസ്തുതകള്‍ എന്തെല്ലാമാണെന്ന് ശ്രദ്ധിക്കാന്‍ മുജ്തഹിദ് ബാധ്യസ്ഥനാണ്. അത് ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍, ചിന്താപരമായ വൈകല്യങ്ങള്‍ ദൂരീകരിക്കാനും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനും സാധിക്കും. ഇസ്‌ലാമിക നിയമനിര്‍മാണ ചരിത്രത്തില്‍ ലബ്ധപ്രതിഷ്ഠരായ പ്രഗത്ഭ പണ്ഡിതന്മാരെല്ലാം അഭിപ്രായ വ്യത്യാസത്തെയും എതിരഭിപ്രായങ്ങളെയും ശ്രദ്ധിച്ചിരുന്നതായി കാണാം. ''ഇമാം അബൂഹനീഫ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് അങ്ങേയറ്റം അറിയുന്നയാളായിരുന്നു. കാരണം, അഭിപ്രായഭിന്നതകള്‍ക്കിടയില്‍ പ്രകാശം മിന്നിത്തിളങ്ങുന്നുണ്ടാവും. ഇമാം മാലിക്(റ) അബൂഹനീഫയുടെ വിദ്യാര്‍ഥികളെ കണ്ടാല്‍ അദ്ദേഹം എന്തെല്ലാമാണ് പറയാറുള്ളതെന്ന് അവരോട് ആരായുമായിരുന്നു'' (മുഹമ്മദ് അബൂ സഹ്‌റ-ഉസ്വൂലുല്‍ ഫിഖ്ഹ്').
പ്രതിഭാശേഷിയും ബുദ്ധിശക്തിയും ഇല്ലാത്തവര്‍ക്ക് വിഹരിക്കാനുള്ളതല്ല, ഇജ്തിഹാദിന്റെ മണ്ഡലം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലുള്ള അടിയുറച്ച വിശ്വാസവും ഉദ്ദേശ്യത്തിലെ കളങ്കരാഹിത്യവും മുജ്തഹിദുകളുടെ യോഗ്യതകളായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ദൈവിക ഗ്രന്ഥത്തിന്റെയും പ്രവാചക ചര്യയുടെയും പിന്‍ബലവും പിന്തുണയുമില്ലാത്ത വിശ്വാസവും ധാരണകളും കൊണ്ടുനടക്കുന്നവര്‍ ഇജ്തിഹാദില്‍ ഏര്‍പ്പെട്ടാല്‍, അത് പരിഗണനാര്‍ഹമോ മതദൃഷ്ട്യാ വിലകല്‍പ്പിക്കപ്പെടുന്നതോ ആയിരിക്കില്ല. എന്തുകൊണ്ടെന്നാല്‍, മുജ്തഹിദുകള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, മുസ്‌ലിം പൊതുധാരയുടെ വിശ്വാസങ്ങളും ചര്യകളുമായി ബന്ധപ്പെട്ടതായിരിക്കുമല്ലോ.
ദൈവഭക്തി, നീതിബോധം, സത്യസന്ധത, സ്നേഹം, കാരുണ്യം തുടങ്ങിയ ഉന്നത സദാചാര ഗുണങ്ങളും ബുദ്ധി കൂര്‍മത, പ്രത്യുല്‍പന്നമതിത്വം തുടങ്ങിയ ബൗദ്ധിക ഗുണങ്ങളും മുജ്തഹിദിന് അനിവാര്യമാണ്. ജനങ്ങളുടെ ജീവിതരീതി, അവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചിന്താസരണികള്‍, സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങള്‍, ദൈവശാസ്ത്രം, തര്‍ക്കശാസ്ത്രം, കര്‍മശാസ്ത്ര ശാഖകള്‍ എന്നിവയെക്കുറിച്ച് മുജ്തഹിദിന് സാമാന്യമായെങ്കിലും ജ്ഞാനമുണ്ടായിരിക്കണമെന്ന് അഭിപ്രായമുളള പണ്ഡിതന്മാരുമുണ്ട്.
മേല്‍പറഞ്ഞ ഉപാധികള്‍ പൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം ഇജ്തിഹാദ് നിര്‍വഹിക്കാവുന്നതാണ്. ഇത്തരം യോഗ്യതകളുള്ള അനേകം പണ്ഡിതന്മാര്‍ ഓരോ കാലഘട്ടത്തിലും ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടായിരിക്കും. മുജ്തഹിദുകളുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്നതില്‍ അളവില്‍ കവിഞ്ഞ ജാഗ്രത ആവശ്യമില്ല. അവ നീട്ടിപ്പറഞ്ഞ് അനാവശ്യമായ സങ്കീര്‍ണത സൃഷ്ടിക്കുന്നതും വര്‍ജിക്കേണ്ടതാണ്. എന്നാല്‍, ആര്‍ക്കും നിര്‍ബാധം നിര്‍വഹിക്കാവുന്ന ലാഘവ കൃത്യമാണ് ഗവേഷണം എന്ന വീക്ഷണവും ശരിയല്ല.
ഇജ്തിഹാദിന്റെ ആവശ്യകത
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി ആയതുകൊണ്ട് ജീവിതത്തിലുടനീളം ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ് ജീവിക്കേണ്ടത്. ദൈവഹിതമെന്തെന്നും മനുഷ്യരും ദൈവവും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നും മനുഷ്യന് ദൈവംതന്നെ അറിയിച്ചുകൊടുക്കേണ്ടതുണ്ട്. ഗവേഷണത്തിലൂടെ അത് കണ്ടെത്തുക സാധ്യമല്ല. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് ഇക്കാരണത്താലാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനു കീഴ്പെട്ടു ജീവിക്കുക, ദിവ്യത്വം നടിക്കുന്ന ഇതര ശക്തികളെ കൈവെടിയുക എന്ന സന്ദേശവുമായി ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്''(16: 36). അതുപോലെ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളെന്തായിരിക്കണമെന്നും ദൈവംതന്നെ അറിയിച്ചുതരണം. മനുഷ്യന്‍ സ്വയം മെനഞ്ഞെടുത്താല്‍ അനേകം കാരണങ്ങളാല്‍ അത് ന്യായപൂര്‍ണമോ സത്യനിഷ്ഠമോ ആവുകയില്ല. പ്രവാചക നിയോഗത്തിന്റെ മറ്റൊരു ലക്ഷ്യമാണിത്. ഖുര്‍ആന്‍ പറയുന്നു: ''വ്യക്തമായ തെളിവുമായി നാം ദൂതന്മാരെ നിയോഗിച്ചു. അവരുടെ കൂടെ വേദഗ്രന്ഥവും ത്രാസ്സും (നീതിന്യായത്തിന്റെ അടിസ്ഥാനങ്ങള്‍) അവതരിപ്പിച്ചു. ജനങ്ങള്‍ നീതിയില്‍ വര്‍ത്തിക്കുന്നതിനു വേണ്ടിയാണിത്'' (25:57).
ജനങ്ങള്‍ അവരുടെ ജീവിത വ്യവഹാരങ്ങളിലെല്ലാം സത്യപൂര്‍ണമായ ദൈവിക നിയമങ്ങളെയാണ് പിന്‍പറ്റേണ്ടത്. ദൈവിക നിയമങ്ങളല്ലാത്തത് മനുഷ്യരുടെ തന്നിഷ്ടങ്ങളാണ്. മനുഷ്യരുടെ തന്നിഷ്ടങ്ങള്‍ വഴികേടിലേക്കാണ് നയിക്കുക. രാജാവായിരുന്ന ദാവൂദ് നബിക്ക് ദൈവം നല്‍കിയ നിര്‍ദേശം ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''ഓ ദാവൂദ്, പ്രാതിനിധ്യം നല്‍കി ഭൂമിയില്‍ നിന്നെ നാം അധികാരിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സത്യത്തി(ദൈവനിര്‍ദേശത്തി)ന്റെ അടിസ്ഥാനത്തില്‍ വിധികല്‍പിക്കുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് ദൈവിക മാര്‍ഗത്തില്‍നിന്ന് നിന്നെ തെറ്റിക്കും'' (38:26).
ഇതേ കാര്യം മുഹമ്മദ്നബിയെയും അല്ലാഹു ഉണര്‍ത്തുന്നു: ''കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ഒരു നിയമ വ്യവസ്ഥയില്‍ നിന്നെ നാം നിയോഗിച്ചിരിക്കുന്നു. അതിനെ പിന്‍പറ്റുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. അല്ലാഹുവില്‍നിന്ന് ഒരു പ്രയോജനവും അവര്‍ നിനക്ക് നേടിത്തരികയില്ല'' (45: 17,18).
ഇതിന്റെ വെളിച്ചത്തില്‍, മനുഷ്യരുടെ മാര്‍ഗദര്‍ശികളായി നിയോഗിക്കപ്പെട്ട നബിമാര്‍ അവരുടെ മുമ്പില്‍ വരുന്ന പ്രശ്നങ്ങളില്‍ ദൈവിക നിയമങ്ങളനുസരിച്ചാണ് വിധി കല്‍പിച്ചിരുന്നത്. ഈ നിയമങ്ങള്‍ വേദഗ്രന്ഥത്തിന്റെ ഭാഗമെന്ന നിലയില്‍ ലഭിച്ചതാവാം. വേദമല്ലാത്ത ദിവ്യബോധനത്തിലൂടെ ലഭിച്ചതുമാവാം. രണ്ടാണെങ്കിലും അവയെ പിന്‍പറ്റാന്‍ ദൈവദൂതനെപ്പോലെ മറ്റു മനുഷ്യരും ബാധ്യസ്ഥരാണ്. ''നബീ പറയുക, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. അതില്‍നിന്ന് നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അത്തരം നിഷേധികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (3: 32).
എന്നാല്‍, മുമ്പില്‍ വരുന്ന ഒരു പ്രശ്നത്തെ സംബന്ധിച്ച് നബിക്ക് ഉടനെ ദിവ്യബോധനം ലഭിച്ചില്ലെന്നു വരാം. ഇഛാനുസാരം വിധി കല്‍പിക്കുന്നത് ദൈവം വിലക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നബി രണ്ടില്‍ ഒരു മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാണ്. ഒന്നുകില്‍ അല്ലാഹുവിന്റെ വിധി വരുന്നതു വരെ കാത്തിരിക്കുക. അല്ലെങ്കില്‍ ലഭ്യമായ ദൈവിക നിയമങ്ങളുടെ വെളിച്ചത്തില്‍, ദൈവഹിതമാവാനുള്ള സാധ്യത ഗവേഷണം ചെയ്ത് പ്രശ്നത്തിന് പരിഹാരം കല്‍പിക്കുക. രണ്ടാമത്തെ രീതിയില്‍ നബിയുടെ തീരുമാനം ഒരുവേള അബദ്ധമാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ അബദ്ധം സ്വീകരിക്കാതിരിക്കാന്‍ അല്ലാഹു ഉടനെ അത് തിരുത്തി സുബദ്ധം പഠിപ്പിക്കുന്നു. ഇങ്ങനെ, ഖണ്ഡിത വിധികളില്ലാത്ത പ്രശ്നങ്ങളില്‍ ദൈവിക നിയമങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തെയാണ് സാമാന്യമായി ഇജ്തിഹാദ് എന്നു പറയുന്നത്. പ്രവാചക ജീവിതത്തില്‍ പോലും ഇജ്തിഹാദ് ഒരു അനിവാര്യത ആയിരുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
(ഇസ്‌ലാമികവിജ്ഞാനകോശം 4/131).
പരിശുദ്ധ ഖുര്‍ആനും തിരുനബിയുടെ സുന്നത്തുമാണ് മനുഷ്യസമൂഹത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന മൂലപ്രമാണങ്ങള്‍. അവയില്‍ പരാമര്‍ശിക്കപ്പെടാത്തതോ വ്യക്തമായ നിര്‍ദേശങ്ങളില്ലാത്തതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഓരോ കാലത്തും ഉടലെടുക്കും. ജീവിതം മുമ്പോട്ട് നീങ്ങുന്നതിനനുസൃതമായും നാഗരികതയുടെ വികാസപരിണാമങ്ങളനുസരിച്ചും പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നതില്‍ സംശയമില്ല. അവയവദാനം, അവയവം മാറ്റിവക്കല്‍, ആധുനിക ബാങ്കിംഗ് സിസ്റ്റം, ഇന്‍ഷുറന്‍സ് വ്യവസ്ഥ, പലതരം ഉല്‍പന്നങ്ങളുടെ സകാത്ത്, ലോട്ടറി, സന്താന നിയന്ത്രണം, ഭൂപരിഷ്‌കരണ നിയമങ്ങള്‍, ദയാവധം തുടങ്ങി പുതിയ കാലത്ത് ഉത്ഭൂതമായ നിരവധി കാര്യങ്ങളുണ്ട്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ല. അന്ത്യനാള്‍ വരെ ലോകത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഒരു ഗ്രന്ഥം കൈകാര്യം ചെയ്യുകയെന്നതും പ്രായോഗികമല്ല. അതിനാല്‍, മനുഷ്യന്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ മൗലിക തത്ത്വങ്ങളും അനിവാര്യമായ വിശദീകരണങ്ങളുമാണ് ഖുര്‍ആനിലും സുന്നത്തിലും ഉള്ളടങ്ങിയിട്ടുള്ളത്. അവയുടെ പരിധിക്കകത്തുനിന്നുകൊണ്ട് ആവശ്യമായ ഉപ നിയമങ്ങള്‍ കണ്ടെത്തുകയെന്നത് പണ്ഡിതന്മാരുടെ ചുമതലയാണ്. മനുഷ്യന് അല്ലാഹു നല്‍കിയിട്ടുള്ള ബുദ്ധിശക്തിയും നിരീക്ഷണ പാടവവും ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇത്തരത്തില്‍ ഗവേഷണം നിര്‍വഹിക്കുന്നതിലൂടെ കരഗതമാകുന്നത്.
മേല്‍ സൂചിപ്പിച്ച യോഗ്യതകള്‍ നിര്‍വീര്യമാക്കാതെ പ്രവര്‍ത്തനക്ഷമമാക്കാനും ഇതുപകരിക്കും. പുതുതായി ഉണ്ടാകുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഈ യോഗ്യതകളുടെ പിന്‍ബലത്തിലും ഖുര്‍ആനും സുന്നത്തും വെളിച്ചം പകര്‍ന്നിട്ടുള്ള അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടുമാണ്. ആയതിനാല്‍, ഓരോ കാലഘട്ടത്തിലും ഉപരിസൂചിത യോഗ്യതകളുള്ള മുജ്തഹിദുകള്‍ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കാലഘട്ടം ഉയര്‍ത്തിവിടുന്ന നൂതന പ്രശ്‌നങ്ങളെക്കുറിച്ച ഇസ്‌ലാമിക വിധികള്‍ മനസ്സിലാക്കാനാവൂ. മുജ്തഹിദ് ഇല്ലാതായാല്‍ ഇസ്‌ലാം നിഷ്പ്രയോജനകരമാവുമെന്ന് സാരം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടാല്‍ ജനങ്ങള്‍ ആശയക്കുഴപ്പത്തില്‍ അകപ്പെടുകയും അന്ധകാരത്തില്‍ തപ്പിത്തടയുകയും ചെയ്യും.
മനുഷ്യരുടെ ആവശ്യങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന സ്രഷ്ടാവ് അങ്ങനെയൊരവസ്ഥ വരുത്തിയിട്ടില്ല എന്ന കാര്യം സ്പഷ്ടമാണ്. സൃഷ്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയെന്നത് അവന്റെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ''(പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക, സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ;വിധി നിര്‍ണയിക്കുകയും വഴികാട്ടുകയും ചെയ്തവന്റെ'' (അല്‍ അഅ്‌ലാ: 1-5).
'ഒരു പ്രവാചകനെ അയച്ച് (കാര്യങ്ങളുണര്‍ത്തി) കൊണ്ടല്ലാതെ നാമാരെയും ശിക്ഷിക്കുകയില്ല' എന്ന ഖുര്‍ആനിക സൂക്തം വിളംബരം ചെയ്യുന്ന തത്ത്വവും ഇതുതന്നെയാണ്. ഇമാം സുയൂത്വി പറഞ്ഞു: ''ഏതെങ്കിലും ഒരു കാലഘട്ടം ഒറ്റ മുജ്തഹിദും ഇല്ലാതെയാവുകയെന്നത് ബുദ്ധിപരമായി അന്ത്യനാള്‍ വരെ അസംഭവ്യമാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും വ്യക്തമാക്കിയിരിക്കുന്നു. മുജ്തഹിദ് ഇല്ലാത്ത കാലമുണ്ടായാല്‍ ഇസ്‌ലാം നിഷ്പ്രയോജനമാവും. അതോടെ ജനങ്ങളുടെ ബാധ്യത നീങ്ങിപ്പോവുകയും ജനങ്ങള്‍ക്കെതിരില്‍ തെളിവ് നഷ്ടപ്പെടുകയും ചെയ്യും.'' ഇത്രയും പറഞ്ഞതില്‍നിന്ന് ഇസ്ലാമിക ശരീഅത്തിന്റെ ഒരവശ്യ ഘടകമാണ് ഇജ്തിഹാദ് എന്ന് മനസ്സിലാക്കാം.
പൂര്‍വസൂരികളുടെ സമീപനം
നിയമനിര്‍ധാരണത്തിന്റെ പ്രാഥമിക ആധാരങ്ങളായ ഖുര്‍ആനിലും സുന്നത്തിലും സ്പഷ്ടമായി വിവരിച്ച കാര്യങ്ങള്‍ സംശയലേശമന്യേ പിന്തുടരുകയും മറ്റു പ്രശ്ങ്ങളെ അവയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയുമായിരുന്നു ഖുലഫാഉര്‍റാശിദുകളുടെ സമീപനം.
അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ മാതൃകായോഗ്യരായ നാല് ഖലീഫമാരുടെ നിലപാട് അതായിരുന്നു. പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍, അവയുമായി ബന്ധപ്പെട്ട് നബി(സ)യുടെ കാലത്ത് വല്ല സംഭവങ്ങളുമുണ്ടായിട്ടുണ്ടോയെന്നും തിരുമേനിയില്‍നിന്ന് ഏതെങ്കിലും പ്രസ്താവനകള്‍ വന്നിട്ടുണ്ടോയെന്നും അവര്‍ സ്വഹാബിമാരോട് ചോദിക്കുകയും ഇല്ലെങ്കില്‍ അവരുടെ അഭിപ്രായങ്ങളാരാഞ്ഞ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു ചെയ്തിരുന്നത്. സകാത്ത് ബൈതുല്‍ മാലില്‍ അടക്കാന്‍ വിസമ്മതിച്ചവരോടുള്ള യുദ്ധം, മാതാമഹിയുടെ അനന്തരാവകാശം എന്നീ കാര്യങ്ങള്‍ അബൂബക്ര്‍(റ) തീരുമാനിച്ചത് അപ്രകാരമാണ്. യുദ്ധത്തില്‍ കൈവന്ന ഭൂമി വിതരണം ചെയ്യാതെ പൊതു ഉടമയില്‍ വെക്കാന്‍ ഉമര്‍(റ) നിശ്ചയിച്ചതും ഇതേ അടിസ്ഥാനത്തിലായിരുന്നു.
വിശാലമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വ്യത്യസ്ത പ്രവിശ്യകളിലേക്ക് ഗവര്‍ണര്‍മാരെ നിശ്ചയിച്ചയക്കുമ്പോള്‍, ഖുര്‍ആനിലും സുന്നത്തിലും വ്യക്തമാക്കാത്ത കാര്യങ്ങളില്‍ ഗവേഷണം നടത്താന്‍ അവരോട് ആജ്ഞാപിച്ചിരുന്നു. ഉമര്‍(റ) ശുറൈഹിനെ കൂഫാ ഗവര്‍ണറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വ്യക്തമായി പറയുന്ന കാര്യങ്ങളേതാണെന്ന് നോക്കിയാല്‍ പിന്നീടവയെപ്പറ്റി ആരോടും ചോദിക്കണ്ട. ദിവ്യഗ്രന്ഥത്തില്‍നിന്ന് വ്യക്തമാവാതിരുന്നാല്‍ പ്രവാചകചര്യയെ പിന്തുടരുക. അതിലും വിശദീകരിച്ചിട്ടില്ലെങ്കില്‍ സ്വന്തമായൊരഭിപ്രായം രൂപീകരിക്കുക'' (ത്വബരി)
ഉമര്‍(റ) അബൂമൂസല്‍ അശ്അരിക്കെഴുതിയ കത്ത് ശ്രദ്ധിക്കുക: ''കിതാബിലും സുന്നത്തിലുമില്ലാത്ത പ്രശ്‌നങ്ങള്‍ നിന്റെ മനസ്സിനെ അലട്ടിയാല്‍ അവയെ സസൂക്ഷ്മം പഠിക്കുക. തത്തുല്യമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയോട് താരതമ്യം ചെയ്ത് ഒരഭിപ്രായം രൂപീകരിക്കുക.'' നബിചര്യയെ പിന്തുടരുകയാണ് ഈദൃശ നടപടികളിലൂടെ ഉമര്‍(റ) ചെയ്തത്.
നബി തിരുമേനിക്ക് ശേഷം സ്വഹാബികള്‍ നിയമനിര്‍ധാരണ വിഷയത്തില്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ലായെന്നാണ് ഉപരിസൂചിത സംഭവങ്ങള്‍ തെളിയിക്കുന്നത്. അവര്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും ലക്ഷ്യങ്ങളും തത്ത്വങ്ങളും മനസ്സിലാക്കി. സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞു. പുതിയ പ്രശ്നങ്ങള്‍ മുമ്പില്‍ വന്നപ്പോള്‍ അവയെല്ലാം പരിഗണിച്ചുകൊണ്ടാണവര്‍ പരിഹാരം നിര്‍ദേശിച്ചത്. ഈ പരിഹാരനിര്‍ദേശങ്ങള്‍ ചിലപ്പോള്‍ തികച്ചും വ്യക്തിഗതമായ ഗവേഷണത്തിലൂടെയായിരുന്നു. ഒരുദാഹരണം: ഇക്രിമഃ പറയുന്നു: ഇബ്നു അബ്ബാസ് എന്നെ സൈദുബ്നു സാബിത്തിന്റെ അടുത്തേക്കയച്ചു; ഭര്‍ത്താവും മാതാപിതാക്കളും ജീവിച്ചിരിക്കെ മരണപ്പെട്ട സ്ത്രീയുടെ സ്വത്ത് എങ്ങനെ ഓഹരി വെക്കണമെന്ന് അന്വേഷിക്കാന്‍. അദ്ദേഹം പറഞ്ഞു: 'ഭര്‍ത്താവിനു പകുതി, ഉമ്മാക്ക് ബാക്കിയുള്ളതിന്റെ മൂന്നില്‍ ഒന്ന്, ശിഷ്ടം പിതാവിനും.' ഇക്രിമഃ ചോദിച്ചു: 'ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളതാണോ? അതല്ല; താങ്കളുടെ അഭിപ്രായമോ?' അദ്ദേഹം പറഞ്ഞു: 'എന്റെ അഭിപ്രായമാണ്. മാതാവിനു പിതാവിനേക്കാള്‍ മുന്‍ഗണന കല്‍പിക്കാന്‍ ഞാന്‍ ഒരുക്കമല്ല.' ഒരു പുരുഷന് രണ്ടു സ്ത്രീകളുടെ ഓഹരി എന്ന ഖുര്‍ആന്റെ സാമാന്യമായ അനന്തരാവകാശ തത്ത്വം പ്രാവര്‍ത്തികമാക്കുകയാണ് ഈ ഗവേഷണവിധിയിലൂടെ സൈദുബ്നു സാബിത്ത് ചെയ്തതെന്ന് വ്യക്തം.
പരസ്പര കൂടിയാലോചനയിലൂടെ അഭിപ്രായ സമന്വയം സാധിക്കാത്തതിനാല്‍ ഇത്തരം വ്യക്തിഗത ഇജ്തിഹാദുകളില്‍ ഭിന്നാഭിപ്രായം സ്വാഭാവികമാണ്. ഉദാഹരണമായി ഒരാള്‍ ഭാര്യയോട് 'നീ എനിക്ക് നിഷിദ്ധമാണ്' എന്നു പറഞ്ഞു. അബൂബക്റിന്റെയും ഉമറിന്റെയും അഭിപ്രായത്തില്‍ അത് ഒരു ശപഥം മാത്രമാണ്. ലംഘിച്ചാല്‍ പ്രായശ്ചിത്തം നില്‍കണം. അലിയുടെ വീക്ഷണത്തില്‍ മുത്ത്വലാഖിന്റെ സ്ഥാനത്താണത്. ഇബ്നു മസ്ഊദാകട്ടെ, അത് ഒരു ത്വലാഖാണെന്ന് അഭിപ്രായപ്പെടുന്നു. സ്വഹാബിവര്യന്മാര്‍ പ്രകടിപ്പിച്ച വ്യക്തിഗതമായ ഇത്തരം വിധിതീര്‍പ്പുകളെയും ഗവേഷണാഭിപ്രായങ്ങളെയും പിന്‍പറ്റാന്‍ പില്‍ക്കാലക്കാര്‍ ബാധ്യസ്ഥരല്ലെങ്കിലും അവയെ മുഴുവനായി തിരസ്‌കരിച്ച് പുതിയ അഭിപ്രായം പറയുന്നതിനു പകരം അവയില്‍ ഒന്നു സ്വീകരിക്കുക എന്ന നയമാണ് ഇമാമുകള്‍ പൊതുവെ സ്വീകരിച്ചിരുന്നത്.
പ്രധാന സ്വഹാബിമാര്‍ പരസ്പരം കൂടിയാലോചിച്ച് പുതിയ പ്രശ്നങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കുക എന്ന പതിവും ഉണ്ടായിരുന്നു. ഖലീഫമാരില്‍ അബൂബക്റും ഉമറും മിക്കപ്പോഴും ഈ രീതിയാണ് സ്വീകരിച്ചിരുന്നത്.
അബൂബക്റിന്റെ രീതിയെക്കുറിച്ച് അബൂഉബൈദ് രേഖപ്പെടുത്തുന്നു: മൈമൂനുബ്നു മഹ്റാന്‍ പറഞ്ഞു: അബൂബക്രിസ്സ്വിദ്ദീഖിന്റെ മുമ്പില്‍ ഒരു പ്രശ്നം വന്നാല്‍ അദ്ദേഹം ആദ്യം ഖുര്‍ആനില്‍ പരതി നോക്കും. അതില്‍ പരിഹാരം കണ്ടാല്‍ അതനുസരിച്ചു വിധിക്കും. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കില്‍ പ്രവാചകന്റെ ചര്യയില്‍ പരിശോധിക്കും. പരിഹാരം അതില്‍ കണ്ടാല്‍ അതനുസരിച്ചു വിധിക്കും. അതിലും കണ്ടില്ലെങ്കില്‍ ജനങ്ങളോട് ചോദിക്കും: ഈ പ്രശ്നത്തില്‍ പ്രവാചകന്‍ വല്ല വിധിയും നല്‍കിയതായി അറിയുമോ? അറിയുമെന്നു പറഞ്ഞാല്‍ അതനുസരിച്ചു വിധിക്കും. ഇങ്ങനെ നബിചര്യ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജനനേതാക്കളെ ഒരുമിച്ചുകൂട്ടി കൂടിയാലോചിക്കും. അവര്‍ ഏകാഭിപ്രായം പ്രകടിപ്പിച്ചാല്‍ അതനുസരിച്ചു വിധിക്കും. ഇതുതന്നെയായിരുന്നു ഖലീഫഃ ഉമറിന്റെയും സമ്പ്രദായം. അദ്ദേഹം പക്ഷേ, ജനങ്ങളോട് കൂടിയാലോചിക്കുന്നതിനു മുമ്പ് തദ്വിഷയകമായി നേരത്തേ അബൂബക്റിന്റെ വിധിയുണ്ടോ എന്നു കൂടി പരിശോധിക്കുമായിരുന്നു. ഉണ്ടെങ്കില്‍ അതനുസരിച്ചാണ് വിധിക്കുക. ഉമറിനു ശേഷം ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ്, ഉബയ്യുബ്നു കഅബ് തുടങ്ങിയ പ്രഗത്ഭരായ സ്വഹാബികളുടെ സമ്പ്രദായവും ഇതു തന്നെയായിരുന്നു. അവര്‍ പക്ഷേ, സ്വന്തമായി ഇജ്തിഹാദ് ചെയ്യുന്നതിനു മുമ്പ് നേരത്തേ അതേ പ്രശ്നത്തില്‍ അബൂബക്റിന്റെയോ ഉമറിന്റെയോ വിധികളുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ ആ വിധിയാണ് നല്‍കുക.
സ്വഹാബിവര്യന്മാരുടെ കാലശേഷം മുസ്‌ലിം ലോകം അംഗീകരിച്ച കര്‍മനയവും ഇതുതന്നെയായിരുന്നു. ഇമാം അബൂഹനീഫ (ഹി.80-150) പറയുന്നു: ''ഞാന്‍ അല്ലാഹുവിന്റെ കിതാബ് സ്വീകരിക്കുന്നു. അതില്‍ കണ്ടില്ലെങ്കില്‍ റസൂലിന്റെ സുന്നത്ത് സ്വീകരിക്കുന്നു. അവ രണ്ടിലുമില്ലെങ്കില്‍ ഞാനുദ്ദേശിക്കുന്ന സ്വഹാബികളുടെ വാക്കുകള്‍ സ്വീകരിക്കും. ഉദ്ദേശിക്കുന്നവരുടെ വാക്കുകള്‍ നിരസിക്കുകയും ചെയ്യും. മറ്റുള്ളവരുടെ വാക്കുകളൊന്നും ഞാന്‍ പരിഗണിക്കാറില്ല. എന്നാല്‍, കാര്യങ്ങള്‍ ഇബ്‌റാഹീം, ശഅബി, ഇബ്‌നു സീരീന്‍, ഹസന്‍, അത്വാഅ്, ഇബ്‌നുല്‍ മുസയ്യിബ് -കുറേ പേരെ അദ്ദേഹം എണ്ണി- എന്നിവരുടെ പടിയിലെത്തിയാല്‍ എന്റെ നിലപാട് ഇതാണ്: അവര്‍ ഇജ്തിഹാദ് ചെയ്തു. അവരെ പോലെ ഞാനും ഇജ്തിഹാദ് ചെയ്യും.'' മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: 'അവര്‍ മനുഷ്യരാണ്. നമ്മളും മനുഷ്യരാണ്.' ഇമാം അബൂ ഹനീഫക്കു ശേഷം വിവിധ കര്‍മശാസ്ത്ര സരണികളുടെ ആചാര്യന്മാര്‍ എന്ന നിലയില്‍ മുസ്‌ലിം ലോകം അംഗീകരിച്ച ഇമാം മാലിക് (ഹി. 93-179), ഇമാം ശാഫിഈ (ഹി.150-204), ഇമാം അഹമ്ദുബ്‌നു ഹമ്പല്‍ (ഹി.163- 238) എന്നിവര്‍, തങ്ങളുടെ പൂര്‍വികരുടെ അഭിപ്രായങ്ങളെ അനുകരിക്കുകയല്ല ചെയ്തത്. അങ്ങനെ ആയിരുന്നുവെങ്കില്‍ അവര്‍ക്കാര്‍ക്കും സ്വതന്ത്രമായ മദ്ഹബുകള്‍ (ചിന്താപ്രസ്ഥാനം) ഉണ്ടാകുമായിരുന്നില്ല. ഇവരുടേതല്ലാത്ത വേറെയും പല മദ്ഹബുകളുമുണ്ട്. ഇമാം ലൈസുബ്‌നു സഅദിനും ഇമാം അബ്ദുര്‍റഹ്‌മാന്‍ ഔസാഇക്കും സ്വതന്ത്രമായ ചിന്താഗതികളുണ്ടായിരുന്നു.
'മാലികിനേക്കാള്‍ കര്‍മശാസ്ത്ര പാണ്ഡിത്യം ലൈസിനാണ്' എന്ന് ഇമാം ശാഫിഈ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ ചിന്താഗതികള്‍ പ്രചരിപ്പിക്കാന്‍ സമര്‍ഥരായ ശിഷ്യഗണങ്ങളില്ലാതിരുന്നതിനാല്‍ അവ കാലാന്തരത്തില്‍ പ്രചാരലുപ്തമായി എന്നുമാത്രം. പ്രസ്തുത ഇമാമുകളെല്ലാവരും, തങ്ങളെ ആരും അന്ധമായി അനുകരിക്കരുതെന്നും തെളിവുകളുടെ പിന്‍ബലം നോക്കി മാത്രമേ പിന്തുടരാന്‍ പാടുള്ളൂവെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം അബൂഹനീഫ പറഞ്ഞു: ''എന്റെ തെളിവെന്താണെന്നറിയാത്തവര്‍ എന്റെ അഭിപ്രായമനുസരിച്ച് ഫത്‌വ നല്‍കരുത്.'' ഇമാം മാലിക് പറഞ്ഞു: ''കിതാബിനോടും സുന്നത്തിനോടും യോജിച്ചുവന്ന എന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക. അല്ലാത്തവ നിരസിക്കുക.'' ഇമാം ശാഫിഈ പറഞ്ഞു: ''ഹദീസാണ് എന്റെ മദ്ഹബ്. അതിനെതിരായത് വലിച്ചെറിയുക.'' ഇമാം അഹ്‌മദ് പറഞ്ഞു: ''അല്ലാഹുവിനോടും റസൂലിനോടുമൊപ്പം ആര്‍ക്കും ഒന്നും പറയാവതല്ല. അന്ധമായ അനുകരണത്തെ അപലപിച്ച അനേകം പണ്ഡിതന്മാരെ വേറെയും കാണാം.
ഇമാം ഗസ്സാലി പറയുന്നു: ''പണ്ഡിതനായ ഒരാള്‍ സ്വഹാബത്തിനെയോ അവര്‍ക്കു ശേഷമുള്ളവരെയോ അനുകരിക്കാന്‍ പാടില്ലെന്ന അഭിപ്രായമാണ് ഖാദി അബൂബക്‌റുല്‍ ബാഖില്ലാനി അംഗീകരിച്ചത്. നമ്മുടെ പക്കലും അതാണ് പ്രബലം.'' അദ്ദേഹം എഴുതി: ''ഈ മദ്ഹബുകളെല്ലാം വലിച്ചെറിയണം. അവ മാത്രമാണ് ശരിയെന്നു വെക്കാന്‍ തക്ക അമാനുഷികതയൊന്നും അവക്കില്ല. നിരീക്ഷിച്ച് സത്യാന്വേഷണം നടത്തിയാല്‍, അന്ധനായൊരു അനുകാരിയാകാതെ സ്വന്തമായൊരു ചിന്താഗതി സൃഷ്ടിക്കാം.'' എല്ലാ കാലഘട്ടത്തിലും ഗവേഷണം നിര്‍ബന്ധമാണെന്നും അതില്‍ വീഴ്ച വരുത്തിയാല്‍ ആ കാലക്കാരെല്ലാം കുറ്റവാളികളാകുമെന്നും ഇമാം സുയൂത്വി അഭിപ്രായപ്പെട്ടത് 'അല്‍ മിലലു വന്നിഹല്‍' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാമാ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ അഭിപ്രായവും ഇതുതന്നെയാണെന്ന് അദ്ദേഹത്തിന്റെ 'മുസ്വഫ്ഫാ' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഖിലാഫത്തുര്‍റാശിദക്കു ശേഷം ഇസ്‌ലാമിന്റെ യശസ്സിന് തിളക്കം പകര്‍ന്ന യുഗപ്രഭാവന്മാരായ പണ്ഡിതന്മാരായിരുന്നു, മദ്ഹബുകളുടെ ഇമാമുകള്‍. അവര്‍ക്ക് പല ശിഷ്യന്മാരുമുണ്ടായിരുന്നെങ്കിലും അവരാരും തങ്ങളുടെ ഇമാമുകളെ അന്ധമായി അനുകരിക്കുന്നവരായിരുന്നില്ല. പ്രത്യുത, തങ്ങളുടെ ഗുരുനാഥന്മാരെ മാതൃകയാക്കി, നിയമനിര്‍ധാരണത്തിലും ഗവേഷണത്തിലും മുഴുകി അനുസ്യൂതമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു.
ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരായ മുഹമ്മദ്, സുഫര്‍, അബൂയൂസുഫ് എന്നിവരും ഇമാം ശാഫിഈയുടെ ശിഷ്യന്മാരായ മുസ്‌നി, റബീഅ, ഹര്‍മല തുടങ്ങിയവരും ഇമാം മാലികിന്റെ ശിഷ്യന്മാരായ ഇബ്‌നു ഖാസിമും ഇബ്‌നു വഹബും ഇബ്‌നു അബ്ദില്‍ ഹകമും അവരവരുടെ ഇമാമുകള്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ക്കെതിരായി ധാരാളം വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇമാം ശാഫിഈയുടെ അനുയായി അബു അലി അശ്ശന്‍ജി പറയുന്നു: ''ശാഫിഈയെ ഞങ്ങള്‍ പിന്തുടര്‍ന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് ശരിയും പ്രബലവുമെന്ന് തെളിഞ്ഞതുകൊണ്ട് മാത്രമാണ്. അദ്ദേഹത്തെ അന്ധമായി അനുകരിച്ചതുകൊണ്ടല്ല.''
ഇതു തന്നെയായിരുന്നു മറ്റുള്ളവരുടെയെല്ലാം നിലപാട്.