ഇമാം സുയൂത്വി: 'ഇജ്തിഹാദിന് കാലപരിഗണനയില്ല'

ഹഫീദ് നദ്‌വി‌‌
img

ശാഫിഈ കര്‍മശാസ്ത്ര സരണിയിലെ ഇമാമുമാരില്‍ പ്രധാനിയാണ് ഇമാം സുയൂത്വി. ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും സംഭാവനകള്‍ നല്‍കിയ വിജ്ഞാന ഗോപുരമായിരുന്നു മാഹനവര്‍കള്‍. (ജനനം ഹി. 849 റജബ് ആദ്യ ഞായര്‍. ക്രി. വ. 1445 ഒക്‌ടോബര്‍ 3-ന് ഈജിപ്തിലെ അസ്‌യൂത്വ് പ്രവിശ്യയില്‍)

മുഴുവന്‍ പേര്: അബ്ദുര്‍റഹ്‌മാനുബ്‌നു അബീബക്ര്‍ ജലാലുദ്ദീന്‍ അസ്സുയൂത്വി. അബുല്‍ കുതുബ് എന്നായിരുന്നു വിളിപ്പേര്. ഗ്രന്ഥങ്ങളുമായുള്ള നിരന്തര സഹവാസം കൊണ്ടാവാം ഈ പേര് എന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. ഗ്രന്ഥങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവന്‍ എന്ന ആലങ്കാരികാര്‍ഥത്തിലാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഹി. പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ഗ്രന്ഥങ്ങള്‍: ആധികാരികങ്ങളായ പല ഗ്രന്ഥങ്ങളുടെയും ഉടമയായ ഇമാം സുയൂത്വിയുടെ ആദ്യഗ്രന്ഥം 'ശര്‍ഹുല്‍ ഇസ്തിആനത്തി വല്‍ ബസ്മല' യാണ്. ഖുര്‍ആനിലെ ബിസ്മിയും ഇസ്തിആനത്തും (സഹായം തേടല്‍) ആണ് പ്രമേയം.
ഓരോ വിഷയത്തിലും അവഗാഹമുള്ള ഗുരുവര്യരെ തേടിപ്പിടിച്ച് വിജ്ഞാനം നേടുന്ന രീതിയിലായിരുന്നു സുയൂത്വിയുടേത്. ബല്‍ഖീനി, മനാവീ, ശാര്‍മസാഹി, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ്, കാഫിയാജി എന്നീ ഇമാമുമാര്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു.

ലോകത്തിന്റെ നാനാദിക്കുകളില്‍ വിജ്ഞാനം പകരാനും വലിയൊരു ശിഷ്യഗണത്തെ വളര്‍ത്തിയെടുക്കാനും സുയൂത്വിക്ക് സാധിച്ചു. എഴുന്നൂറിലേറെ ഗ്രന്ഥങ്ങളുടെ ഉടമയാണ് സുയൂത്വി. ഖുര്‍ആനിക വിജ്ഞാനീയങ്ങളിലെ അല്‍ ഇത്ഖാന്‍, ഇസ്വൂലുല്‍ ഫിഖ്ഹിലെ ജംഉല്‍ ജവാമിഅ് എന്നിവ അവയിലെ മുന്‍നിരയില്‍ വരും. അദ്ദുര്‍റുല്‍ മന്‍സൂര്‍, അല്‍ജാമിഉസ്സ്വഗീര്‍, ഹുസ്‌നുല്‍ മുഹാളറ, ലുബാബുന്നുഖൂല്‍, അല്‍ഫിയ്യ.... എന്നിങ്ങനെ നീളുന്നു ആ ഗ്രന്ഥസഞ്ചയം.

മരണം: ഹി. 911 ജുമാദുല്‍ ഊലാ 19-ന് ഈജിപ്തിലെ റൗദത്തുല്‍ മിഖ്‌യാറില്‍ ഹൗശുഖുര്‍സ്വൂത്വിലാണ് അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.
കേരളത്തിലെ ശാഫിഈ പണ്ഡിതന്മാരിലെ ആദ്യ മഖ്ദൂം തങ്ങളുടെ ഉസ്താദായിരുന്നു സ്വുയൂത്വി ഇമാമെന്ന് ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു.

കിതാബുര്‍റദ്ദ്
كتاب الرّدّ على من أخلد إلى الأرض وجهل أن الإجتهاد في كلّ عصر فرض
(ഭൂമിയിലേക്ക് ഒട്ടിനിന്ന്, ഇജ്തിഹാദ് എല്ലാ കാലത്തേയും ബാധ്യതയാണെന്നറിയാത്തവര്‍ക്കുള്ള മറുപടി) എന്ന മഹദ് ഗ്രന്ഥം ഇജ്തിഹാദ് വിഷയത്തില്‍ ഇമാം സുയൂത്വി എഴുതിയ അവസാന ഗ്രന്ഥമാണ്. പല കാരണങ്ങളാല്‍ കേരള പണ്ഡിതന്മാര്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചയാവാത്ത ഈ ഗ്രന്ഥത്തിന്റെ പലപതിപ്പുകള്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാണ്. കൈറോവിലെ അസ്സഖാഫ പബ്ലിക്കേഷേര്‍സ് പ്രസിദ്ധീകരിച്ച നൂറ്റി ഇരുപത് പേജുള്ള പതിപ്പാണ് ഈ ലേഖനത്തിന്റെ മുഖ്യ അവലംബം.

ആദ്യപേജുകളില്‍തന്നെ അദ്ദേഹം സ്ഥാപിക്കുന്നത് ഇജ്തിഹാദ് എല്ലാ കാലഘട്ടങ്ങളിലെയും സാമൂഹിക ബാധ്യത (ഫര്‍ദുകിഫായ) ആണെന്നാണ്. ഈ വാദത്തിന് പണ്ഡിത ലോകത്തുനിന്ന് മാവര്‍ദി, മുസ്‌നി, റവിയാനി, ബഗവി, സബീദീ മുതലായ ഇമാമുമാരെയും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അഥവാ, ഇജ്തിഹാദ് എല്ലാ കാലത്തെയും ഫര്‍ദുകിഫായയാണെന്ന് തനിക്ക് മാത്രമല്ല വാദമുള്ളതെന്നാണ് അദ്ദേഹം ധൈര്യപൂര്‍വം സ്ഥാപിക്കുന്നത്.

وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةً فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ ﴿١٢٢﴾
'സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം പുറപ്പെട്ടു പോയിക്കൂടെ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകളെ (യുദ്ധരംഗത്തുനിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്കു താക്കീതു നല്‍കാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം' (തൗബ: 122).

മുജ്തഹിദിനു മാത്രമെ തന്റെ ബോധ്യങ്ങള്‍ ജനസമക്ഷം പണ്ഡിതോചിതമായി അവതരിപ്പിക്കാന്‍ കഴിയൂവെന്നും കേവല മുഖല്ലിദ് തെളിവില്ലാതെ ഏതെങ്കിലും ഇമാമിന്റെ വാദങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുയൂത്വി ആദ്യ നാലുപേജുകളില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

വ്യക്തിബാധ്യത, സാമൂഹിക ബാധ്യത എന്നിങ്ങനെ വിജ്ഞാനം രണ്ടുതരമുള്ളതിനാല്‍ ഇജ്തിഹാദിന്റെ സാധ്യതകള്‍ വ്യക്തമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. മുജ്തഹിദുകള്‍ ഇല്ലായെങ്കില്‍ വിജ്ഞാന പ്രസരണമെന്ന സാമൂഹിക ദീനീബാധ്യത നടക്കാതെപോവും. ലോകത്തെ ഏറ്റവും സുഖിയന്മാരും മോശക്കാരുമായ ആളുകള്‍ അവശേഷിക്കുന്ന കാലത്താണ് ഖിയാമത്ത് നാള്‍ സംഭവിക്കുക എന്ന ഇമാം സര്‍കശിയുടെ അഭിപ്രായത്തെ ഉദ്ധരിച്ച് ഇജ്തിഹാദിന്റെ സാധ്യതകളെയും സാധുതകളെയും പണ്ഡിതോചിതം ബോധ്യപ്പെടുത്തുന്നുണ്ട് ഇമാം സുയൂത്വി (പേ: 5).

ഖുര്‍ആന്‍ മുഴുവന്‍ മുഹ്കം (ഖണ്ഡിതം) ആവാത്തത്, മുതശാബിഹായ (അവ്യക്തം) സൂക്തങ്ങളെ സമൂഹ മധ്യത്തില്‍ വ്യക്തമാക്കിക്കൊടുക്കുന്ന റാസിഖീന്‍ (പരിണിത പ്രജ്ഞര്‍) ഏതുകാലത്തും ഉണ്ടാവും എന്നതിന്റെ സൂചനയാണ് എന്ന് ശാഫിഈ ധാരയില്‍ തന്നെയുള്ള ഇബ്‌നു സുറാഖയെ ഉദ്ധരിച്ച് ഇമാം സുയൂത്വി സ്ഥാപിക്കുന്നുണ്ട്.
13-ാം പേജിലെത്തുമ്പോള്‍ ഇജ്തിഹാദ് സംബന്ധിയായ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി അദ്ദേഹം പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക.
وأمّا ما يتعلّق بدعوى الإجتهاد فإنّي لم أقله في الإبتداء صريحًا بلساني وإنّما ذكرت ذلك في بعض الكتب فنقله من قصد التّشنيع لا الشهرة. فلمّا روجعت فيه صرت أقرّر لمن راجعني فيه أمره مع أنّني عددت قصديّ هذا العدو لإشهاره فضلا من الله أجراه على يديه.
'ഇജ്തിഹാദ് സംബന്ധിയായ എന്റെ അഭിപ്രായം ആദ്യമാദ്യം പരസ്യമായി ഞാന്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പില്‍ക്കാലക്കാരായ ചിലര്‍ എന്നെ ഇകഴ്ത്താനും അവരുടെ എഴുത്തുകുത്തുകളില്‍ സ്ഥാനത്തും അസ്ഥാനത്തും എന്നെ ഉദ്ധരിക്കാനും പ്രകോപിപ്പിക്കാനും പലതും എഴുതിപ്പിടിപ്പിച്ചപ്പോള്‍ പറയാനുള്ളത് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ആമുഖത്തിലും ആദ്യ പേജുകളിലും സരസമായി ഇജ്തിഹാദിന്റെ ആവശ്യകതയും സാമൂഹികതയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സുയൂത്വി പുസ്തകത്തിന്റെ മധ്യഭാഗത്തെത്തുമ്പോള്‍ എഴുതുന്നു:
والنصوص إذا كانت متناهية والوقائع غير متناهية ومالا تتناهي لا يضبطه ما يتناهي
'പ്രമാണങ്ങള്‍ക്ക് അന്ത്യമുണ്ട്. സന്ദര്‍ഭങ്ങള്‍ അങ്ങനെയല്ല. അന്ത്യമില്ലാത്തതിനെ പരിമിതപ്പെടുത്താന്‍ അന്ത്യമുള്ളതിന്നാവില്ല.' അതായത്, ഖുര്‍ആനും സുന്നത്തും നിലച്ചു എന്നതുകൊണ്ട് നവംനവങ്ങളായ പ്രശ്‌നങ്ങളെ അവഗണിക്കാനാവില്ല എന്ന്, പരിമിതികളില്‍ നിന്നുകൊണ്ടുള്ള വീക്ഷണം പൂര്‍ണമാവില്ല എന്ന്.
തന്റെ വാദം പരസ്യമായി പറഞ്ഞപ്പോള്‍ പണ്ഡിതലോകത്തുണ്ടായ പുകിലുകള്‍ വ്യക്തമാക്കിക്കൊണ്ട് സുയൂത്വി എഴുതുന്നു:
ثمّ استهلّت سنة السّبع وثمانين ولهم ضجيج وعجيج ولا عجيج الحجيج وجرّوافيه قضيّة دعوى الإجتهاد واجتمعوا بكلّ كبير في البلد من كاتب الشرّ والأمراء والرّؤساء وسألوهم رفع الأمر إلى السّلطان ليعقد بيني وبينهم مجلسا ينا ظرونني فيه فلمّا بلغني ذلك قلت: العلماء نصبوا - على أنه لا يسوغ للمجتهد أن يناظر المقلّد فمناظري تحتاح الى حضور مجتهدين مجتهد يناظرني ومجتهد يكون حكما بيني وبين من يناظرني
'ഹിജ്‌റ വര്‍ഷം 86(886) ആയപ്പോഴേക്കും അവര്‍ക്കിടയില്‍ ബഹളം തുടങ്ങി. ഇജ്തിഹാദ് വിഷയത്തില്‍ കിട്ടാവുന്ന സകല കൊമ്പന്മാരെയും കൂട്ടി രാജാവിന്റെയടുത്ത് ഈ വിഷയസംബന്ധിയായി ഒരു സദസ്സ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ചെന്നു. വിവരം ഞാനറിഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു: 'മുജ്തഹിദുകള്‍ മുഖല്ലിദുകളോട് സംസാരിക്കുകയോ?' അത് പറ്റില്ലെന്ന് പണ്ഡിതന്മാര്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആയതിനാല്‍, രണ്ടു മുജ്തഹിദുകളെ കൊണ്ടുവരിക. ഒരാള്‍ ഞാനുമായി സംവദിക്കട്ടെ. മറ്റെയാള്‍ മധ്യവര്‍ത്തിയാവട്ടെ.'

തുടര്‍ന്ന് ഇജ്തിഹാദ് ഒരു കാലത്തും നിലക്കാന്‍ പാടില്ലാത്ത പണ്ഡിതധര്‍മമാണെന്നും മദ്ഹബില്‍ തന്നെ സ്ഥിരബന്ധികളായ വെറും മുഖയ്യദ് (ബന്ധിതന്‍) മുജ്തഹിദുകളെ കൊണ്ടല്ല മദ്ഹബിന്റെ തന്നെ പിന്‍ബലത്തില്‍ നിരുപാധികനായി നിന്നുകൊണ്ട് നിരുപാധികമായി ഇജ്തിഹാദ് നിര്‍വഹിക്കണമെന്നും താന്‍ അത്തരത്തില്‍ ശാഫിഈ മദ്ഹബിനോട് ചേര്‍ന്നുനിന്ന് നിരുപാധികമായി ഇജ്തിഹാദ് നടത്താനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അദ്ദേഹം സമര്‍ഥിക്കുന്നു. (പേ: 75-76 സംക്ഷിപ്ത വിവര്‍ത്തനം).
തുടര്‍ന്ന്, ഇജ്തിഹാദ് നടത്തുന്നവരെ അദ്ദേഹം അഞ്ചു വിഭാഗങ്ങളായി തരംതിരിക്കുന്നു. (പേ: 112-115).

1. مستقل (സ്വതന്ത്രര്‍)
2. مطلق (നിരുപാധികന്‍)
3. مقيد (സോപാധികന്‍)
4. مرجّح (ഏത് വീക്ഷണമാണ് മുന്‍ഗണനയര്‍ഹിക്കുന്നത് എന്ന് അഭിപ്രായപ്പെടാന്‍ യോഗ്യതയുള്ളയാള്‍)
5. مفتي (ഫത്‌വ നല്‍കുന്നവന്‍)

ഈ വര്‍ഗീകരണത്തിനു ശേഷം അദ്ദേഹം എഴുതുന്നത് പ്രത്യേകം ശ്രദ്ധേയമാണ്:
اعلم أن العبد إذا كاشفه الله بالمعرفة واليقين لم يسعه تقليد احد من العلماء وكذلك كان المتقدّمون إذا افتتحوا هذا المقام خالفوا من حملوا عنه العلم ولأجل ذلك كان الفقهاء يكرهون التقليد
'ഒരടിമക്ക് അല്ലാഹു യഥാര്‍ഥ ജ്ഞാനവും ദൃഢബോധ്യവും കശ്ഫായി നല്‍കിയാല്‍ പിന്നെ ഏതെങ്കിലും പണ്ഡിതനെ തഖ്‌ലീദു ചെയ്യുക സാധ്യമല്ല. മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ജ്ഞാനസംബന്ധിയായി ഈ നിലവാരത്തിലെത്തിയാല്‍ ഇജ്തിഹാദിനെ അവലംബിക്കുകയും തഖ്‌ലീദിനെ വെറുക്കുകയും ചെയ്യുമായിരുന്നു (പേ: 118-119).
മദ്ഹബിനകത്തെ ആഭ്യന്തര സംവാദമാവണം സുയൂത്വി ഉദ്ദേശിച്ചത്. ചില വിഷയങ്ങളില്‍ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങളായിരുന്നില്ല ഇമാം നവവിക്കും റാഫിഈക്കും എന്ന കാര്യം വായനക്കാര്‍ അറിഞ്ഞിരിക്കണം. നാലു മദ്ഹബുകളുടെ ഇമാമുമാരെ സ്വതന്ത്ര മുജ്തഹിദുകളും അവരുടെ ശിഷ്യന്മാരെ നിരുപാധിക മുജ്തഹിദുകളും എന്ന നിലക്കായിരുന്നു പരിഗണിച്ചിരുന്നത്. തന്റെ ഇജ്തിഹാദ് ഈ ഗണത്തിലാണ് പെടുന്നതെന്നാണ് ഇമാം സുയൂത്വി ഉണര്‍ത്തുന്നത്.
والّذي ادّعيناه هوا الإجتهاد المطلق لا الإستقلال ونحن تابعون للإمام الشافعي (رضى) وسالكون طريقه في الإجتهاد إمتثالا لأمره ومعدودون من أصحابه وكيف يظنّ أن اجتهادنا مقيّد والمجتهد المقيّد إنّما ينقص في المطلق بإخلاله بالحديث والعربيّة.
'നിരുപാധിക ഇജ്തിഹാദാണ്, സ്വതന്ത്ര ഇജ്തിഹാദല്ല നമുക്ക് ചേരുക എന്നതാണ് നമ്മുടെ വാദം. കാരണം, നാം ഇമാം ശാഫിഈയുടെ അനുയായിയും അദ്ദേഹത്തിന്റെ ചിന്താധാരയില്‍ പ്രവേശിച്ചവരും അദ്ദേഹത്തിന്റെ ആളുകളില്‍ പെട്ടവരുമാണ്. ഉപാധികളുള്ള മുജ്തഹിദ് നിരുപാധികനായ മുജ്തഹിദിനേക്കാള്‍ അറബി ഭാഷ, ഹദീസ് എന്നിവയില്‍ പിന്നാക്കമായിരിക്കും.'

സുയൂത്വി വിഭാവന ചെയ്ത ഇജ്തിഹാദ് നിലച്ചുവോ?

കാലം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങളും തഥൈവ. നിസ്സാര കാര്യങ്ങള്‍ ചര്‍വിതചര്‍വണം ചെയ്യുന്ന ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ മുഫ്തിമാര്‍ക്ക് ഇന്ന് ഒട്ടും പഞ്ഞമില്ല. പുതുതായുണ്ടാവുന്ന ഏതു വിഷയത്തെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നോക്കിവായിക്കുന്ന മുജ്തഹിദുകള്‍ ചേര്‍ന്നിരുന്ന് ഉണ്ടാക്കുന്ന സംഘടിത ഇജ്തിഹാദുകളേ കെല്‍പ്പോടെ പിടിച്ചു നില്‍ക്കുകയുള്ളൂ.

കാലം ഐസൊലൂഷന്‍ വാര്‍ഡിലെ ഫിഖ്ഹ് ചര്‍ച്ച ചെയ്യുമ്പോള്‍ സ്ത്രീയുടെ ശബ്ദം ഔറത്താണോ എന്നതാവും അത്തരക്കാര്‍ക്ക് മുഖ്യം. മസ്ജിദുകള്‍ ഓപറേഷന്‍ തിയേറ്ററും മോര്‍ച്ചറിയുമായി മാറുമ്പോഴും പൊറുക്കപ്പെടുന്ന രക്തത്തിന്റെ പരിമാണം എത്ര എന്നായിരിക്കും മറ്റു ചിലര്‍ക്ക് പഥ്യം പുതിയ തലമുറകളെയും നാം പരിഗണിക്കണം.
ഇമാം അലി പറഞ്ഞതുപോലെ, 
علّموا أولادكم آداب غيركم
        فإنّهم مخلوقون لزمان غير زمانكم
'നിങ്ങളുടെ മക്കള്‍ക്ക് മറ്റുള്ളവരുടെ സാഹിത്യങ്ങളും ഉപചാരങ്ങളും പഠിപ്പിക്കൂ. അവര്‍ നിങ്ങളുടെ കാലത്ത് ജീവിക്കാനുള്ളവരല്ല എന്ന തിരിച്ചറിവുണ്ടാവുമ്പോഴേ ഇന്നത്തെ തലമുറ വിടവ് നമുക്ക് പരിഹരിക്കാനാവൂ. ഇജ്തിഹാദിന് യോഗ്യതയുള്ളവരുടെ സംഘടിത ഫത്‌വകള്‍ക്കുള്ള സാഹചര്യമൊരുക്കുക, ഫിഖ്ഹ് അക്കാദമികള്‍, പണ്ഡിത സഭകള്‍ എന്നിവയെ ഈ വഴിയില്‍ ഉറക്കെ ചിന്തിപ്പിക്കുക, കാലഘട്ടം തേടുന്ന സുയൂത്വിമാരെ വാര്‍ത്തെടുക്കുക മുതലായവയാവണം പുതിയ കാലത്തെ ഇജ്തിഹാദിനുള്ള മുന്നൊരുക്കങ്ങള്‍. അതുതന്നെയാണ് ഇമാം സുയൂത്വി വളരെ വിപ്ലവകരമായി ഹി. പത്താം നൂറ്റാണ്ടിന്റെ ആദ്യപത്തില്‍ തന്നെ വ്യക്തമായി വിളിച്ചു പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. 

അവലംബം
1. കിതാബുര്‍റദ്ദ്, സുയൂത്വി
2. ഫത്ഹുല്‍ ബാരി, ഇബ്‌നു ഹജര്‍
3. ജംഉല്‍ ജവാമിഅ്, സുയൂത്വി
4. അത്തഫ്‌സീറുല്‍ കബീര്‍, റാസി
5. വിക്കിപീഡിയ, മുല്‍തഖാ, സൈ്വദുല്‍ ഫവാഇദ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top