വേഷവും സംസ്‌കാരവും
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
വസ്ത്രത്തെ നാഗരികതയുടെ ഒരു ആഡംബരോല്‍പന്നം എന്നതില്‍നിന്ന് മാറ്റിനിര്‍ത്തി, മനുഷ്യന്‍ ചരിത്രാരംഭത്തിലേ സ്വീകരിക്കാന്‍ തയാറായ പ്രകൃതിസഹജമായ ഒരാവശ്യം എന്ന നിലയില്‍മാത്രം നോക്കുകയാണെങ്കില്‍ സ്വാഭാവികമായ ലജ്ജാവികാരത്താല്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മറയ്ക്കുകയും കാലാവസ്ഥയുടെ ആഘാതങ്ങളില്‍നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യാനുള്ള ഒരു പ്രവൃത്തി എന്നതില്‍ കവിഞ്ഞൊന്നുമല്ല അത്. ഈ രണ്ടു ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വസ്ത്രം സാധാരണ നിലക്ക് ലളിതവും ഏതാണ്ട് ഒരു പോലിരിക്കുന്നതുമായിരിക്കും. കാരണം, എല്ലാ മനുഷ്യരുടെയും ശരീരം ഒരുപോലുള്ളതാണല്ലോ. അതിനെ മറയ്ക്കാനുള്ള ലളിത രൂപങ്ങളും സമാനമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറിയാല്‍ കാലാവസ്ഥക്കനുസൃതമായ ചില മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം. ഉഷ്ണമേഖലയില്‍ വസിക്കുന്നവരുടെ വസ്ത്രം നേരിയതും ശരീരത്തെ ഭാഗികമായി മറയ്ക്കുന്നതുമാകുമ്പോള്‍ ശൈത്യമേഖലയിലുള്ളവരുടേത് കട്ടിയുള്ളതും ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ മറയ്ക്കുന്നതുമായിരിക്കും.
പുരാതന കാലത്തെ മനുഷ്യരെ കുറിച്ചു ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോഴും വസ്ത്രം പ്രകൃതിയുടെ പ്രാഥമിക താല്‍പര്യവും മനുഷ്യാവശ്യങ്ങളില്‍ അധിഷ്ഠിതവുമായിരുന്ന കാലത്തും അതിന്റെ രൂപത്തില്‍ വലുതായ വൈവിധ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ഉണ്ടായിരുന്നെങ്കില്‍ തന്നെ കാലാവസ്ഥാ പ്രതിഫലനങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളത് മാത്രമായിരുന്നു. എന്നാല്‍ മനുഷ്യന്റെ ബോധമണ്ഡലം ക്രമേണ വികസിക്കുകയും സംസ്‌കാരത്തിന്റെ ദിശയിലേക്ക് ചുവടുവെക്കാന്‍ തുടങ്ങുകയും ചെയ്തതോടെ നവംനവങ്ങളായ ഉല്‍പാദനോപകരണങ്ങള്‍ തേടുകയും ഉല്‍പന്നങ്ങള്‍ ജന്മമെടുക്കുകയും ചെയ്തു. അതോടെ മനുഷ്യന്റെ സ്വഭാവത്തില്‍ 'അഭിരുചി' എന്ന് വിളിക്കപ്പെടുന്ന സഹജാവമായൊരു സിദ്ധി വളര്‍ന്നു വന്നു. അങ്ങനെ ക്രമത്തില്‍ പ്രകൃതിയുടെ പ്രാഥമിക താല്‍പര്യങ്ങളില്‍ മറ്റ് ചിലതു കൂടി അനുബന്ധമായി വന്നു ചേര്‍ന്നു. ഈ പുത്തന്‍ പ്രവണതകള്‍ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ ഗുണത്തിലും ഗണത്തിലും വിഭിന്നങ്ങളായിരുന്നു. അതിനാല്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ പ്രകൃതിയുടെ പ്രാഥമിക വസ്ത്ര രൂപത്തില്‍ ചിലത് കൂട്ടിച്ചേര്‍ത്തവയും രൂപകല്‍പനകളില്‍ വൈവിധ്യം പുലര്‍ത്തുന്നവയുമാവാതെ തരമുണ്ടായിരുന്നില്ല. ഫലത്തില്‍ അതങ്ങനെത്തന്നെ ആവുകയും ചെയ്തു.
വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യ പൂര്‍ണമായ വസ്ത്ര രൂപകല്‍പനകളും വേഷവിധാനങ്ങളിലെ മാറ്റങ്ങളും വികാസങ്ങളും ചെറുതും വലുതുമായ അനവധി കാരണങ്ങളുടെ ഫലമായുണ്ടാകുന്നതാണ്. അതൊക്കെയും എണ്ണിക്കണക്കാക്കുക ക്ഷിപ്രസാധ്യമല്ല. സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ ജനതതികളുടെ സാമൂഹിക ജീവിതവും ആളുകളുടെ വ്യക്തിപരമായ ജീവിതവും സീമാതീതമാംവിധം ബാഹ്യവും ആഭ്യന്തരവുമായ സ്വാധീനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അവയുടെയൊന്നും രേഖകള്‍ എവിടെയും സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നല്ല, പല സ്വാധീനവും അനുഭവവേദ്യമല്ലാത്തവിധം സൂക്ഷ്മവുമായിരിക്കും. എന്നാല്‍ ഭാഗികകാര്യങ്ങള്‍ അവഗണിച്ച് ഗൗരവമുള്ള ഘടകങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ വിവിധ ജനതതികളില്‍ വ്യത്യസ്തങ്ങളായ വസ്ത്രധാരണ രീതികള്‍ പ്രചാരം നേടാനുണ്ടായ കാരണങ്ങളെ താഴെപറയുംവിധം എട്ടു ശീര്‍ഷകങ്ങളിലായി വിഭജിക്കാവുന്നതാണ്:
1. ഒരു രാജ്യത്തെ നിവാസികളെ പ്രത്യേക വസ്ത്രധാരണാരീതിയും സാമൂഹിക സമ്പ്രദായവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഭൂമിശാസ്ത്രപരമായ അവസ്ഥകള്‍.
2. വ്യത്യസ്ത ജനവിഭാഗങ്ങളിലെ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ കാരണമാകുന്ന ധാര്‍മികവും മതപരവുമായ സങ്കല്‍പനങ്ങള്‍.
3. വ്യത്യസ്ത കാരണങ്ങളാല്‍ ഭിന്നരീതികളില്‍ ജനങ്ങളില്‍ ഉത്ഭൂതമാകുന്ന സഹജമായ അഭിരുചികള്‍. ഈ അഭിരുചിവ്യത്യാസത്തിന്റെ ഫലമായാണ് ചില വിഭാഗങ്ങളുടെ ഇഷ്ടങ്ങള്‍ മറ്റ് ചില വിഭാഗങ്ങളുടേതില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്.
4. ഓരോ ജനവിഭാഗത്തിന്റെയും ഭൂമിശാസ്ത്രപരവും നാഗരികവും സാമ്പത്തികവും ബൗദ്ധികവും ധാര്‍മികവുമായ സവിശേഷ പരിതോവസ്ഥകളുടെ ഫലമായി സവിശേഷ രൂപത്തില്‍ പ്രകടമാകുന്ന അതിന്റെ പൊതുവായ സാമൂഹിക സമ്പ്രദായത്തിന് അനുഗുണമായ വേഷവിധാനമാണ് സ്വീകരിക്കുക.
5. ഒരു ജനതയുടെ പൊതുവായ ജീവസന്ധാരണോപാധികളും, അവരുടെ തൊഴിലുകളും ഉല്‍പന്നങ്ങളും ധനസ്ഥിതിയും (സുസ്ഥിതിയായാലും ദാരിദ്ര്യമായാലും) എല്ലാം ഉള്‍ക്കൊള്ളുന്ന സാമ്പത്തികാവസ്ഥ. ഏതൊരു ജനതയുടെയും വേഷവിധാനം അനിവാര്യമായും അതിന്റെ അവസ്ഥകള്‍ക്കനുസൃതമായിരിക്കും. ആ അവസ്ഥകള്‍ മാറുന്നതിനനുസരിച്ച് സ്വാഭാവികമായും വേഷവിധാനങ്ങളിലും മാറ്റങ്ങളുണ്ടാകും.
6. ഒരു ജനതക്ക് സവിശേഷ സ്ഥാനം നേടിക്കൊടുക്കുന്ന സംസ്‌കാരത്തിന്റെയും ഔന്നത്യത്തിന്റെയും മാനദണ്ഡവുമായി പൊരുത്തപ്പെടുന്നതായിരിക്കും അനിവാര്യമായും അവരുടെ വേഷവും.
7. ഒരു തലമുറ തങ്ങളുടെ മഹാത്മാക്കളില്‍നിന്ന് അനന്തരമെടുക്കുന്ന സവിശേഷ ജീവിതരീതിയും വേഷവിധാനങ്ങളുമടങ്ങുന്ന ദേശീയ പാരമ്പര്യം ഏറെ മാറ്റങ്ങള്‍ വരുത്തി അടുത്ത തലമുറക്ക് അവരത് കൈമാറുന്നു. ജീവിതത്തിന്റെ പ്രകടിത ഭാവങ്ങളുടെ ഈ പരമ്പര യഥാര്‍ഥത്തില്‍ ദേശീയ നിലനില്‍പിന്റെ തുടര്‍ച്ചക്കുള്ള ഗ്യാരണ്ടിയാണ്. അതിനാല്‍ ഏത് ജനതക്കും ഏറെ പ്രിയങ്കരമായിരിക്കും അത്.
8. ഇതര ജനവിഭാഗങ്ങളുമായുള്ള ഇടപഴകലിലൂടെ ഏതൊരു ജനവിഭാഗത്തിന്റെയും ചിന്താഗതികളിലും ജീവിത സമ്പ്രദായങ്ങളിലുമുണ്ടാകുന്ന വൈദേശിക സ്വാധീനങ്ങള്‍. എന്നാല്‍, ഒരു ജനത എത്രമാത്രം മറ്റൊരു ജനതയാല്‍ സ്വാധീനിക്കപ്പെടും എന്നത് വലിയൊരളവോളം അവരുടെ രാഷ്ട്രീയവും ധാര്‍മികവും മാനസികവുമായ പരിതോവസ്ഥകള്‍ അനുസരിച്ചിരിക്കും.
ഒരു ജനതയുടെ വേഷത്തെ മാത്രമല്ല അവരുടെ സാമൂഹിക ജീവിതത്തെ അപ്പാടെ തന്നെ സ്വാധീനിക്കുന്ന വലിയ ഘടകങ്ങളാണിവ. ഏത് ജനതയുടെയും വേഷവിധാനം ഈ ഘടകങ്ങളുടെ സംയുക്ത പ്രവര്‍ത്തനഫലമായിരിക്കും. ഈ വിശകലനത്തിന്റെ സഹായത്തോടെ ദേശീയ വസ്ത്രത്തിന്റെ പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ രണ്ട് അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുമ്പില്‍ അനാവൃതമാകും:
വസ്ത്രം എന്നത് ശരീര സംരക്ഷണാര്‍ഥമോ അതിനെ മറക്കാനോ ഉള്ള കേവലമൊരു ഉപരിപ്ലവോപകരണം മാത്രമല്ല എന്നതാണ് ഒരു യാഥാര്‍ഥ്യം, മറിച്ച് ദേശീയ മനോഭാവത്തിന്റെയും ദേശീയ സംസ്‌കാര നാഗരികതകളുടെയും ദേശീയ പാരമ്പര്യങ്ങളുടെയും ജനതയുടെ സാമൂഹികാവസ്ഥകളുടെയും ഗാഢമായ വേരുകള്‍ അതില്‍ ഉള്ളടങ്ങിയിട്ടുണ്ടാകും. അത് യഥാര്‍ഥത്തില്‍ ദേശീയ ഗാത്രത്തില്‍ പ്രവര്‍ത്തനനിരതമായ ചൈതന്യത്തിന്റെ പ്രകടിത രൂപമാണ്. ഓരോ ജനതയുടെയും വേഷവിധാനം അതിന്റെ ദേശീയ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്ന ഭാഷയാണ്. അതിന്റെ സാമൂഹിക സ്വത്വത്തെക്കുറിച്ച് ലോകത്തോട് അതിലൂടെ വിളിച്ചോതുകയാണത്.
രണ്ടാമതായി, വേഷത്തിനുള്ളില്‍ എന്തെല്ലാം ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമായുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ പരിതോവസ്ഥകള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളതൊക്കെയും ഓരോ ജനതയിലും അനുനിമിഷം അവരറിയാത്ത വേഗത്തില്‍ മാറിക്കൊണ്ടിരിക്കും. അവയിലൊന്നും തന്നെ നിശ്ചലവും സുസ്ഥിരവുമായിട്ടുണ്ടാവുകയില്ല. പ്രത്യുത ഓരോന്നും സഹജമാംവിധം പരിവര്‍ത്തനക്ഷമമത്രെ. അവയുടെ വികാസ പരിവര്‍ത്തനങ്ങള്‍ അനിവാര്യമായും വേഷത്തില്‍ മുഴുക്കെത്തന്നെ അനുക്രമം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കും. പുരോഗമിക്കുന്ന ഒരു ജനതയാല്‍ കലകളും ശാസ്ത്രങ്ങളും പ്രചുരിതമാവുകയും ചിന്തകള്‍ക്ക് തെളിച്ചം കൂടുകയും, വ്യാപാരവും വ്യവസായങ്ങളും തൊഴിലുകളും വളര്‍ച്ച നേടുകയും, സാമ്പത്തിക സുസ്ഥിതി കൈവരിക്കുകയും, ഇതര സമൂഹങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിക്കുകയും, അവരുടെ സംസ്‌കാര നാഗരികതകളില്‍നിന്നും വിവിധങ്ങളായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അവരുടെ സാമൂഹിക ജീവിതത്തില്‍ സ്വയം തന്നെ ഒരു വികസനവാഞ്ഛ സംജാതമാകും. അവരുടെ വികാരങ്ങളില്‍ മാറ്റമുണ്ടാവുകയും പ്രകൃത്യായുള്ള അഭിരുചി സുദൃഢമായിത്തീരുകയും ചെയ്യും. സാമൂഹിക രീതികളില്‍ ഗുണാത്മക ഭാവം പ്രകടമാകും. അന്തസ്സിന്റെ മാനഃദണ്ഡം ഉയരും. പുതിയ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പുതിയ രൂപങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ദേശീയ പാരമ്പര്യങ്ങളോടുള്ള ആദരം കൂടുതല്‍ ഉത്തമമായ രൂപങ്ങളില്‍ പ്രകടമാകും. ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും അനുക്രമ പുരോഗതിയോടൊപ്പം ദേശീയ വസ്ത്രവും രൂപത്തിലും നിര്‍മാണ ഘടകത്തിലും കൂടുതല്‍ അന്തസ്സുറ്റതും ആകര്‍ഷകവും സുന്ദരവുമായി മാറും. പുരോഗമന പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചോ, പാര്‍ലമെന്റ് സമ്മേളിച്ച് ഒരു പ്രമേയം പാസ്സാക്കിയോ ജനങ്ങളുടെ ദേശീയ വസ്ത്രത്തിന് ഏതെങ്കിലും പ്രത്യേക രൂപകല്‍പന നിര്‍ണയിക്കേണ്ട ആവശ്യം വരികയില്ല. സാമൂഹിക ഘടകങ്ങളുടെ കൂട്ടായ സ്വാധീനഫലമായി സ്വയം തന്നെ പുരാതന വേഷവിധാനത്തില്‍ പരിഷ്‌കാരം വന്നുകൊള്ളും. നവംനവങ്ങളായ രൂപങ്ങള്‍ ഉടലെടുത്തു കൊള്ളും. കൂട്ടായ നിലയില്‍ മുഴുവന്‍ ജനതയുടെയും അഭിരുചിയും പ്രകൃതവും തങ്ങളുടേതായ മനോനിലകള്‍ക്കനുസൃതം വേഷങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.
ദേശീയ വേഷത്തിന്റെ ഉദ്ഭവത്തിന്റെയും അതിന്റെ വികാസ പരിണാമങ്ങളുടെയും സ്വാഭാവിക ചിത്രമാണിത്. ഇനി, ഇതില്‍നിന്ന് ഭിന്നമായി പ്രകൃതിവിരുദ്ധവും കൃത്രിമവുമായ മറ്റൊരു രൂപവുമുണ്ട്. ഒരു ജനത സ്വാഭാവിക രീതിയിലല്ലാതെ തങ്ങളുടെ വേഷവിധാനം മാറ്റുകയും മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവരുടെ വസ്ത്രധാരണാരീതി ഇരവ് വാങ്ങുകയും ചെയ്യുക എന്നതാണത്. മാറ്റത്തിന്റെ മനഃസ്ഥിതിയെ സംബന്ധിച്ചേടത്തോളമാണെങ്കില്‍ അത് സ്വാഭാവിക വികാസത്തിന്റെ രൂപത്തിലും അസ്വാഭാവികമായ അട്ടിമറിയുടെ രൂപത്തിലും സംഭവിക്കാവുന്നതാണ്. എന്നാല്‍ രണ്ടു രൂപത്തിലുമുള്ള മാറ്റങ്ങള്‍ക്കിടയില്‍ ആകാശഭൂമികള്‍ തമ്മിലുള്ള അന്തരമുണ്ട്. ആദ്യ ഇനത്തിലുള്ള മാറ്റത്തിന്റെ ഉദാഹരണം ഒരു വൃക്ഷത്തിന്റെ വളര്‍ച്ച പോലെയാണ്. അത് വളരുംതോറും അതിന്റെ ആകാരവര്‍ണങ്ങളിലും കായ്കനികളിലും ഇലകളിലും ചില്ലകളിലുമൊക്കെ മാറ്റങ്ങള്‍ പ്രത്യക്ഷീഭവിക്കും. എന്നാല്‍, ഈ മാറ്റങ്ങളോടെല്ലാമൊപ്പം വൃക്ഷത്തിന്റെ സ്വത്വം അതേപോലെ നിലനില്‍ക്കുന്നുണ്ടാകും. പുളിമരമാണെങ്കില്‍ അന്ത്യനിമിഷം വരെ പുളിമരം തന്നെയായിരിക്കും. മാവാണെങ്കില്‍ അതിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും മാവിന്റെ സ്വഭാവം അത് നിലനിര്‍ത്തുന്നതാണ്. മണ്ണ്, വായു, വെള്ളം, വെയില്‍ തുടങ്ങിയവയില്‍നിന്നെല്ലാം അത് എന്തൊക്കെ ആഗിരണം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടാവുകയില്ല. ഇതില്‍നിന്ന് ഭിന്നമാണ് രണ്ടാമത് പറഞ്ഞ ഇനത്തിലെ മാറ്റം. പുളിമരം പുളിമരത്തിന്റെ രൂപത്തില്‍ തന്നെയാണ് വളരുകയെങ്കിലും പൊടുന്നനെ മാങ്ങയുടെ തൊലി പൊടിച്ചുവന്ന് പുളിമരസ്വഭാവത്തെ മറയ്ക്കുകയും മാവിന്‍ ചില്ലകളും ഇലകളും അതില്‍ പൊട്ടിമുളക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ എന്തത്ഭുതമാണ് ഇതിന്റെ പിന്നിലെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. ഇത് മാവാണോ പുളിമരമാണോ എന്ന് കാണുന്നവര്‍ അത്ഭുതസ്തബ്ധരാകും. ഇമ്മട്ടിലുള്ള കൃത്രിമമാറ്റത്തിലൂടെ ഫലപ്രദമായ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രത്യുത, സ്വാഭാവിക പരിണാമത്തെ സംബന്ധിച്ചേടത്തോളം വിപരീത വിനകളാണ് സംഭവിക്കുക. പക്ഷേ, സാമൂഹിക പ്രശ്‌നങ്ങളില്‍ ഉള്‍ക്കാഴ്ചയില്ലാത്തവര്‍ ഉപരിപ്ലവ വീക്ഷണത്തിലൂടെയാണ് ജീവിത വ്യവഹാരങ്ങള്‍ നോക്കികാണുക. വേഷം, സാമൂഹിക സമ്പ്രദായങ്ങള്‍ തുടങ്ങിയവയുടെ ബാഹ്യരൂപങ്ങള്‍ മാറുന്നതോടെ ഒരു ജനത യഥാര്‍ഥത്തില്‍ തന്നെ മാറുമെന്ന് ശിശു സഹജമായ ലാഘവബോധത്തോടെ അവര്‍ ധരിച്ചുവശാവുകയാണ്.
വേഷം മാറുന്നതിന് അനുകൂലമായി പൊതുവെ മുന്നോട്ടു വെക്കുന്ന ന്യായങ്ങള്‍ ഇവയാണ്: അതിലൂടെ ഒരു പിന്നാക്ക സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം സംഭവിക്കുന്നു. നിശ്ചലതക്കും സ്തംഭനത്തിനും പകരം ചലനം സംജാതമാകുന്നു. പതനത്തിന്റെയും അധോഗതിയുടെയും യുഗത്തിലെ വസ്ത്രം ഉരിഞ്ഞുമാറ്റുന്നതോടെ ആ യുഗവുമായി ബന്ധപ്പെട്ട സകല ദൗര്‍ബല്യങ്ങളും അക്കാലത്തെ ജീവിതത്തിന്റെ ഭാഗമായ എല്ലാ അഭിരുചികളും കര്‍പ്പൂരസമാനം തിരോഭൂതമാകും. പുതിയ വേഷമണിയുന്നതോടെ ഒരു മാറ്റം സംജാതമാകും. അവരില്‍ സ്വയം തന്നെ പുരോഗതി നേടാനുള്ള വാഞ്ഛ ഉത്ഭൂതമാകുന്നു. അതോടെ തങ്ങള്‍ മുന്നാക്ക സമൂഹമായി മാറിയതായി അവര്‍ക്ക് തോന്നിത്തുടങ്ങുന്നു. മറ്റ് സമൂഹങ്ങളും അവരെ തങ്ങളെപ്പോലെ കരുതാന്‍ തുടങ്ങുന്നു. പുരോഗമന സമൂഹത്തിന്റെ ജീവിത രീതി സ്വീകരിക്കുന്നതോടെ അവരിലും ആ വിഭാഗത്തിന്റേതായ അന്തസ്സും ചൈതന്യവും ആവേശവും ഉണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ സംസ്‌കാരസമ്പന്നരായ പ്രവര്‍ത്തകരുടെ വേഷവും ജീവിത രീതിയും സ്വീകരിക്കുക എന്നത് സംസ്‌കാരസമ്പരായ പ്രവര്‍ത്തകരായിത്തീരണമെങ്കില്‍ അനിവാര്യവും ഫലപ്രദവുമത്രെ. ഇതും ഇതുപോലുള്ളതുമായ പല ന്യായങ്ങളും ഈ പ്രവൃത്തിക്ക് പിന്‍ബലമായി സമര്‍പ്പിക്കപ്പെടുന്നു. എന്നാല്‍ ഇതൊക്കെയും എന്തെങ്കിലും ആലോചനയോ ഉള്‍ക്കാഴ്ചയോ ഇല്ലാത്ത ഉപരിപ്ലവ ഭാവനകള്‍ മാത്രമാകുന്നു. ഇത്തരം ചിന്തകള്‍ക്ക് ശക്തിപകരാന്‍ മഹാന്മാരായ വ്യക്തികളെയും അവതരിപ്പിക്കുന്നതു കാണാം. അവരുടെ പേര് കേള്‍ക്കുമ്പോഴേക്ക് ആളുകള്‍ കോരിത്തരിച്ചു പോകും.*
എന്നാല്‍ ശക്തിപകരാന്‍ സമര്‍പ്പിക്കപ്പെട്ട ഈ ആളുകളുടെ നിലവാരവും ചിന്തയുടെയും ഉള്‍ക്കാഴ്ചയുടെയും മാനദണ്ഡത്തില്‍ അവരെ സമര്‍പ്പിക്കുന്നവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതായിരുന്നില്ല. അനുയായികളെപ്പോലെ ഈ പാവങ്ങളുടെയും ചിന്താശക്തി ഉപരിപ്ലവവും വൈജ്ഞാനിക നിലവാരം തരംതാണതുമാണ്. അടിയന്തര സാഹചര്യങ്ങളില്‍ വിജയപ്രദമായ ആസൂത്രണത്തിലൂടെ ഏതെങ്കിലും സൈനിക ജനറല്‍ സ്വന്തം ജനതയെ വിനാശത്തില്‍നിന്ന് രക്ഷപ്പെടുത്തുകയാണെങ്കില്‍ നിസ്സംശയം അയാള്‍ ബഹുമാനാദരവുകള്‍ക്ക് അര്‍ഹന്‍തന്നെ. യഥാര്‍ഥത്തില്‍ എത്രയാണോ അത്രയുമാണ് അയാള്‍ക്ക് ബഹുമതി നല്‍കപ്പെടുക. അയാളുടെ നേട്ടങ്ങള്‍ എത്രയാണോ അത്രയും പരിഗണനയേ അയാള്‍ക്ക് നല്‍കുകയുള്ളൂ. യഥാര്‍ഥ പദവിയും വിട്ട് അയാളെ മഹാനായ ചിന്തകനും പരിഷ്‌കര്‍ത്താവും സംസ്‌കാര നാഗരികതകളുടെ ശില്‍പിയുമായി അവതരിപ്പിക്കുക എന്നത്, ഏതെങ്കിലും മിടുക്കനായൊരു എഞ്ചിനീയര്‍ പ്രളയം തടഞ്ഞുനിര്‍ത്തി ഒരു നാടിനെ രക്ഷിച്ചാല്‍ അയാളെ മഹാനായ ചിന്തകനും വിമോചകനുമായി കരുതി ആരോഗ്യസംരക്ഷണ വകുപ്പും വിദ്യാഭ്യാസ വകുപ്പുമൊക്കെ ഇനി അയാളെ ഏല്‍പിക്കുക എന്ന് പറയുന്ന മട്ടിലുള്ള ചിന്താശൂന്യതക്ക് തുല്യമാണ്.
താത്ത്വികമായി മുകളില്‍ പറഞ്ഞത് പരിവര്‍ത്തനവാദികള്‍ അവതരിപ്പിക്കുന്ന തെളിവുകളുടെ അബദ്ധം വ്യക്തമാക്കാന്‍ തികച്ചും പര്യാപ്തമാണ്. എന്നാല്‍ കാലക്കേടിന്റെ ഫലമായി ജനമസ്തിഷ്‌കങ്ങളില്‍ പൊതുവെ കുടിയേറിയ തെറ്റിദ്ധാരണകള്‍ നീക്കുക എന്നത് ദുഷ്‌കരമായി തോന്നുന്നു. അതിനാല്‍ ഈ പ്രസ്ഥാനത്തിനെതിരെയുള്ള എന്റെ തെളിവുകള്‍ കുറേക്കൂടി വ്യക്തമായി പറയേണ്ടത് ആവശ്യമാണ്:
1. വേഷമെന്നത് സ്വന്തം നിലക്ക് സ്വതന്ത്രമായ ഒന്നല്ലെന്ന് ആദ്യം സ്ഥാപിക്കുകയുണ്ടായി. പ്രത്യുത പ്രകൃതിപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ സംയുക്ത പ്രവര്‍ത്തനഫലമാണത് ഈ യാഥാര്‍ഥ്യം സമ്മതിച്ചുകഴിഞ്ഞാല്‍, പ്രസ്തുത ഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായി ഏതെങ്കിലുമൊരു സമുദായത്തിന് ഒരു സവിശേഷ വേഷവിധാനമുണ്ടാവുക എന്നത് അതിന്റെ സ്വാഭാവികാവസ്ഥയാണെന്നും സമ്മതിക്കേണ്ടിവരും. അത് ഉപേക്ഷിച്ച് സംഗതമായ അത്തരം സംയുക്ത പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കപ്പെടാത്ത പുതിയൊരു വേഷവിധാനം പൊടുന്നനെ സ്വീകരിക്കുക എന്നത് പ്രകൃതിവിരുദ്ധമായൊരു പ്രവര്‍ത്തനമായിരിക്കും.
2. ഒരു സമുദായത്തിന് വേഷവുമായുള്ള ആത്യന്തിക ബന്ധം അതിന്റെ ജീവിത രീതിയുമായിട്ടായിരിക്കും. അതിന്റെ ജീവിത രീതി അതിന്റെ മുഴുവന്‍ നാഗരിക ജീവിതവുമായി പല വിധത്തിലും ബന്ധപ്പെട്ടതായിരിക്കും. വേഷത്തിന്റെയും ജീവിത രീതിയുടെയും സ്വാഭാവിക മാറ്റത്തില്‍ ഈ അനുബന്ധങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടാകും. കാരണം ജീവിതം ഈ രൂപത്തില്‍ അതിന്റെ മുഴുവന്‍ ശാഖകളോടുമൊപ്പം മൊത്തത്തില്‍ ചലിക്കുന്നതാണ്. എന്നാല്‍, അസ്വാഭാവികവും കൃത്രിമവുമായി വേഷവും ജീവിത രീതിയും മാറ്റുകയാണെങ്കില്‍, അല്ലെങ്കില്‍ വേഷത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ സാമൂഹിക ജീവിതത്തിലുടനീളം ഒരു ശൈഥില്യവും കുത്തഴിച്ചിലും സൃഷ്ടിക്കപ്പെടും. കാരണം ജീവിതത്തിന്റെ ഇതര ശാഖകള്‍ ഈ മാറ്റത്തിനൊപ്പം നില്‍ക്കുകയില്ല. അവ പരസ്പരം വിഘടിച്ചുപോകും.
3. വേഷം സുന്ദരവും അന്തസ്സുറ്റതുമാവുക, പുരോഗമനാത്മക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതാവുക എന്നതൊക്കെ സമൂഹം സ്വയം തന്നെ അഭിവൃദ്ധി പ്രാപിക്കുകയും നാഗരികതയും പുരോഗമനചിന്തയും പ്രായോഗിക ബുദ്ധിയും ആസ്വാദന ശക്തിയുമുള്ളതായി മാറുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഈ മാര്‍ഗത്തില്‍ എത്രമാത്രം അത് മുന്നോട്ടു പോകുന്നോ അത്രയും അതിന്റെ സ്വകീയ വേഷത്തില്‍ സ്വയം പരിഷ്‌കാരം വന്നു ഭവിക്കും. പുരോഗമനാത്മക സാമൂഹിക മനസ്സ് സ്വയം തന്നെ തികച്ചും സ്വാഭാവിക രീതിയില്‍ യാതൊരു കൃത്രിമത്വവുമില്ലാതെ അനിഛാപൂര്‍വം സ്വന്തം പുരാതന സംഗതികളില്‍ പരിവര്‍ത്തനവും പരിഷ്‌കരണവും നടത്തിക്കൊണ്ടിരിക്കും. മറ്റുള്ളവരില്‍നിന്ന് അനുയോജ്യമായവ സ്വീകരിച്ച് വേണ്ട അളവില്‍ ലയിക്കത്തക്കവിധം തങ്ങളുടെ ഇടത്തെ അലങ്കരിക്കും. പരിഷ്‌കരണത്തിന്റെയും പുരോഗതിയുടെയും പ്രക്രിയയുടെ ഈ സ്വാഭാവിക മാര്‍ഗം ഉപേക്ഷിച്ച് ഒറ്റയടിക്ക് ഒരു വേഷത്തിന്റെ സ്ഥാനത്ത് മറ്റൊരു വേഷം മാറ്റിയെടുക്കുക എന്നത് എടുത്തു ചാടി ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് എത്താന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. സാമൂഹിക ജീവിതത്തില്‍ ഇത്തരത്തിലുള്ള എടുത്തുചാട്ടത്തിലൂടെ യഥാര്‍ഥത്തിലുള്ള യാതൊരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.
4. ഒരു സമൂഹത്തിന്റെ സാമൂഹികാവസ്ഥ പുരോഗതിയിലേക്കെത്തിക്കുന്നതിന് മുമ്പേ അവരുടെ വേഷവും സാമൂഹികാവസ്ഥയും ഉയര്‍ത്തുക എന്നതും അവരുടെ യഥാര്‍ഥ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയിലേക്ക് അവരെ ഉയര്‍ത്താന്‍ ശ്രമിക്കുക എന്നതും പ്രായപൂര്‍ത്തി എത്താത്ത കുട്ടികളെ സ്വാസ്ഥ്യം കെടുത്തി നല്ല നല്ല പോഷകാഹരങ്ങളും വൈറ്റമിന്‍ മരുന്നുകളും ബലാല്‍ക്കാരം തീറ്റിച്ച് പ്രായപൂര്‍ത്തിയിലേക്കെത്തിക്കുന്നതിന് തുല്യമാണ്. ഇത്തരം അസാധാരണ പ്രായപൂര്‍ത്തീകരണത്തിന്റെ ഫലം ആ പാവം കുട്ടിയുടെ ശരീരവ്യവസ്ഥയും മാനസിക നിലയും തകരാറിലാവുക എന്നതായിരിക്കും. ബലാല്‍ക്കാരേണ അന്തസ്സും സംസ്‌കാരവുമുള്ളതാക്കിത്തീര്‍ക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ സംഘടിത വ്യവസ്ഥയും സദാചാര മാനസികാവസ്ഥകളും കെട്ടിപ്പടുക്കുന്നതിന്റെ ഫലമായുള്ള വിനകളും നാശങ്ങളും അളക്കേണ്ടത് അങ്ങനെയാണ്.
5. ഒരു സമൂഹത്തിന്റെ സാമ്പത്തികാവസ്ഥക്ക് വഹിക്കാവുന്നതിലേറെ ഭാരമുള്ള വേഷവിധാനങ്ങളും ജീവിത രീതികളും അതിന്മേല്‍ അടിച്ചേല്‍പിക്കുന്നത് ഫലത്തില്‍ അതിനെ നശിപ്പിക്കലായിരിക്കും. വേഷവിധാനങ്ങള്‍ക്കും സാമൂഹിക രീതികള്‍ക്കും പുറമെ അവര്‍ സുസ്ഥിതി പ്രാപിച്ച് സമൂഹങ്ങളുടെ ഇതര നാഗരിക മോടികളും സ്വീകരിച്ചുതുടങ്ങും. അതിന്റെ ഫലം അവരെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കും.
6. വേഷം, ഭാഷ, ലിപി എന്നിവ ഒരു സമൂഹത്തിന്റെ വ്യതിരിക്തത നിലനിര്‍ത്തുന്ന പ്രാഥമിക സംഗതികളാകുന്നു. ഏതെങ്കിലും സാമുദായികതയില്‍നിന്നോ ദേശീയതയില്‍നിന്നോ ഈ സഹായക ഘടകങ്ങളെ ഒഴിവാക്കിയാല്‍ അതോടെ അതിന്റെ വ്യതിരിക്തത ക്രമേണ മാഞ്ഞുതുടങ്ങും. അവസാനം അവര്‍ ഇതര ജനവിഭാഗങ്ങളില്‍ ലയിച്ചുചേരും. അസ്തിത്വത്തിന്റെ താളുകളില്‍നിന്ന് തിരോഭവിച്ച, മണ്‍മറഞ്ഞ സമൂഹങ്ങള്‍ എന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന പുരാതന സമൂഹങ്ങളൊക്കെയും ഇക്കാരണത്താല്‍ നശിച്ചുപോയവരാണ്. നശിച്ചു എന്ന് പറഞ്ഞതിനര്‍ഥം ആ സമൂഹങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ വ്യക്തികളും മണ്ണടിഞ്ഞുവെന്നോ, അവരുടെ പിന്‍തലമുറയില്‍ ആരും തന്നെ ഈ ദുന്‍യാവില്‍ അവശേഷിക്കുന്നില്ല എന്നോ അല്ല. അവരുടെ സാമൂഹിക വ്യതിരിക്തത അവശേഷിക്കുന്നില്ല എന്ന അര്‍ഥത്തിലാണ് യഥാര്‍ഥത്തില്‍ അവരുടെ തിരോധാനത്തെയും വിനാശത്തെയും കുറിച്ച് പറയുന്നത്. അവര്‍ തങ്ങളുടെ സാമൂഹിക വ്യതിരിക്തത സ്വയം ഊരിയെറിഞ്ഞു. അല്ലെങ്കില്‍ അഴിഞ്ഞുവീഴാന്‍ അതിനെ വിട്ടു. അവരിലെ വ്യക്തികള്‍ ഇതര സമൂഹങ്ങളുടെ വേഷഭാഷകളും സാമൂഹികാചാരങ്ങളും ലിപി രൂപങ്ങളും സ്വീകരിച്ചു തുടങ്ങി. അവസാനം അവരുടെ സാമൂഹികത മെലിഞ്ഞു മെലിഞ്ഞു ഇല്ലാതായി. അവിവേകികളായ തങ്ങളുടെ നേതാക്കളുടെ വങ്കന്‍ പദ്ധതികളെ പുരോഗതിയുടെ മാര്‍ഗമായി സ്വീകരിക്കുന്ന സമൂഹങ്ങളുടെ ഗതിയും ഇനി ഇതു തന്നെയായിരിക്കും.
7. ഒരു സമുദായം മറ്റൊരു സമുദായത്തിന്റെ വേഷവും ജീവിത രീതിയും സ്വീകരിക്കുക എന്നത് അപകര്‍ഷബോധത്തിന്റെ ഫലവും വിളംബരവുമാണ്. സ്വയം തന്നെ അധഃസ്ഥിതനും നിന്ദിതനുമായി കാണുന്നതിന് തുല്യമാണത്. അഭിമാനിക്കത്തക്ക യാതൊന്നും തന്റെ പക്കലില്ലെന്നാണതിന്റെ അര്‍ഥം. ലജ്ജയോടു കൂടിയല്ലാതെ നിലനിര്‍ത്താന്‍ കഴിയാത്തതേ തങ്ങളുടെ പൂര്‍വഗാമികള്‍ തങ്ങള്‍ക്കായി വിട്ടേച്ചുപോയിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. അവരുടെ സാമുദായികാഭിരുചി അത്രമേല്‍ താണതും സാമുദായിക മനസ്സ് അത്യന്തം വരണ്ടതുമായിരിക്കും. തങ്ങള്‍ക്കായി മെച്ചപ്പെട്ടൊരു ജീവിതരീതി ആവിഷ്‌കരിക്കാന്‍ കഴിയാത്തത്ര സര്‍ഗസിദ്ധികളില്ലാത്തവരായിരിക്കും അവര്‍. തങ്ങള്‍ സംസ്‌കാരസമ്പന്നരാണെന്ന് കാണിക്കാന്‍ സര്‍വം അവര്‍ ഇതരരില്‍നിന്ന് കടമെടുക്കും. സംസ്‌കാരവും അന്തസ്സും നാഗരികതയും സൗന്ദര്യനന്മകളുമെല്ലാം അന്യരുടെ പക്കലാണുള്ളതെന്ന് പരസ്യമായി പറയാന്‍ ഒരു ലജ്ജയും അവര്‍ക്കുണ്ടാവില്ല. എല്ലാ പൂര്‍ണതകളുടെയും മാനദണ്ഡം ഇവരുടെ ദൃഷ്ടിയില്‍ അവരാണ്. ആയിരക്കണക്കില്‍ വര്‍ഷങ്ങള്‍ നാം മൃഗങ്ങളെ പോലെ ജീവിക്കുകയായിരുന്നു. എന്നിട്ടും അഭിമാനിക്കത്തക്കതോ നിലനില്‍ക്കാന്‍ അര്‍ഹമായതോ ആയ യാതൊന്നും സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിക്കുകയുണ്ടായില്ല. ആത്മാഭിമാനത്തിന്റെ ലാഞ്ഛനയെങ്കിലും അവശേഷിക്കുന്ന ഒരു സമൂഹവും ആത്മനിന്ദയുടെ മൂര്‍ത്തീമദ്ഭാവമായ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയില്ലെന്നത് തുറന്ന ഒരു യാഥാര്‍ഥ്യമത്രെ. ചരിത്രം ഇതിന് സാക്ഷിയാണ്. നാം കണ്‍വെട്ടത്ത് കാണുന്ന സമകാലീനാവസ്ഥകളും നിന്ദ്യമായ ഇത്തരമൊരവസ്ഥ രണ്ടു പരിതഃസ്ഥിതികളില്‍ മാത്രമേ ഒരു സമൂഹം സഹിക്കുകയുള്ളൂ എന്നതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഒന്നുകില്‍ ഇതര സമൂഹങ്ങളുടെ പ്രഹരമേറ്റ് എല്ലാ രംഗത്തും പരാജയമേറ്റുവാങ്ങേണ്ടിവരുന്നതാണ് ഒരവസ്ഥ. ഹിന്ദുസ്താന്‍, തുര്‍ക്കി, ഈജിപ്ത്, ഇറാന്‍ എന്നിവ ഉദാഹരണം. അതല്ലെങ്കില്‍, അവയുടെ പിന്നില്‍ അഭിമാനാവഹമായ പാരമ്പര്യങ്ങളൊന്നും ഇല്ലാതിരിക്കുക. മുമ്പേ തന്നെ തങ്ങളുടെ വശം സ്വന്തമായൊരു സംസ്‌കാരമോ ഉന്നതമായ സര്‍ഗബുദ്ധികളോ ഇല്ലാതിരിക്കുക. ജപ്പാനെപ്പോലെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു നവാഗത രാഷ്ട്രമായിരിക്കുക എന്നതാണ് ഇതിനുദാഹരണം
8. ഒരു സമൂഹം മറ്റൊരു സമൂഹത്തില്‍നിന്ന് എന്തെങ്കിലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, യഥാര്‍ഥത്തില്‍ സ്വീകാര്യയോഗ്യമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് അവരുടെ വൈജ്ഞാനിക ഗവേഷണഫലങ്ങളും അവരുടെ സര്‍ഗശക്തികളുടെ ഉല്‍പന്നങ്ങളും കണ്ടുപിടിത്തങ്ങളും ലോകത്ത് അവര്‍ വിജയം നേടിയ കര്‍മരീതികളുമാണ്. അവരുടെ ചരിത്രത്തിലും സംഘടനകളിലും സദാചാര വ്യവസ്ഥകളിലും പ്രയോജനകരമായ പാഠങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്വീകരിക്കാവുന്നതാണ്. അവരുടെ അഭിവൃദ്ധിയുടെയും വിജയത്തിന്റെയും കാരണങ്ങള്‍ തേടിപ്പിടിച്ച് പരിശോധനാവിധേയമാക്കേണ്ടതാണ്. ഓരോന്നും പരിശോധിച്ചു പ്രയോജനകരമായത് സ്വീകരിക്കണം. ഇവയൊക്കെ മാനവതയുടെ പൊതുപൈതൃകമത്രെ. അവയെ മാനിക്കാതിരിക്കലും സാമുദായിക പക്ഷത്തിന്റെ അടിസ്ഥാനത്തില്‍ അവ സ്വീകരിക്കുന്നതില്‍ ലുബ്ധ് കാണിക്കലും കേവലം വിവരക്കേട് മാത്രമാണ്. എന്നാല്‍ ഇത്തരം സംഗതികള്‍ ഉപേക്ഷിച്ച് ഇതര സമൂഹത്തില്‍നിന്ന് അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും അവരുടെ ആവാസ രീതികളും ആഹാര വിഭവങ്ങളും തേടലും അവയാണ് പുരോഗമനത്തിന്റെ മാര്‍ഗമെന്ന് കരുതലും അപകര്‍ഷ മനഃസ്ഥിതിയുടെ ലക്ഷണമല്ലാതെ മറ്റൊന്നുമല്ല. യൂറോപ്പ് പുരോഗതി നേടിയത് കോട്ടും പാന്റും ടൈയും കോളറും ഹാറ്റും ബൂട്ടും ധരിച്ചതുകൊണ്ടാണെന്ന് ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ? കത്തി ഉപയോഗിച്ചുള്ള ആഹാര സമ്പ്രദായവും പൗഡര്‍, ലിപ്സ്റ്റിക്, കോസ്മറ്റിക്‌സ് തുടങ്ങിയ സൗന്ദര്യസംവര്‍ധക വസ്തുക്കളും അവരെ പുരോഗതിയുടെ ആകാശത്തേക്ക് ഉയര്‍ത്തിയ അനുഭവമുണ്ടോ? ഇല്ലെങ്കില്‍, ഇല്ലെന്ന് വ്യക്തം, പരിഷ്‌കാരത്തെയും പുരോഗതിയെയും കുറിച്ച് സംസാരിക്കുന്നവര്‍ പിന്നെ എന്തുകൊണ്ടാണ് എല്ലാറ്റിനും മുമ്പേ ഈ സംഗതികള്‍ എടുത്തു പിടിക്കുന്നത്? യൂറോപ്യന്‍ ജീവിതത്തില്‍ ദൃശ്യമാകുന്ന ഈ ജാജ്വല്യത യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് എന്തുകൊണ്ടാണിവര്‍ മനസ്സിലാക്കാത്തത്? ഇതു പോലെ ദൃഢനിശ്ചയത്തോടും ക്ഷമയോടും കൂടി ഏതൊരു സമൂഹവും നിസ്തന്ദ്രം കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ യൂറോപ്യരെപ്പോലെത്തന്നെ അവരും പുരോഗതി നേടുമെന്ന് എന്തുകൊണ്ടാണ് ഇവര്‍ക്ക് ബോധ്യം വരാത്തത്?
ഒരു സമൂഹം മറ്റൊരു സമൂഹത്തിന്റെ വേഷവിധാനവും ജീവിത രീതിയും സ്വീകരിക്കുന്നത് പ്രകൃതിവിരുദ്ധവും യുക്തിരഹിതവുമായ അവസ്ഥയാണെന്നും അതില്‍ ഏത് കോണിലൂടെ നോക്കിയാലും യാതൊരു ന്യായവുമില്ലാത്തതാണെന്നും ഈ തെളിവുകളില്‍നിന്ന് സുതരാം വ്യക്തം. തനിക്കു ചുറ്റും മുമ്പേ നിലനില്‍ക്കുന്ന പൊതുവായ ജീവിത രീതിയോട് വിടപറഞ്ഞ് തദ്സ്ഥാനത്ത് അന്യരുടെ ജീവിത രീതി സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം സ്വാഭാവികാവസ്ഥകളില്‍ ഒരാള്‍ക്കും തോന്നുകയില്ല. അസ്വാഭാവികാവസ്ഥകളില്‍ മാത്രമാണ് ഇത്തരം തോന്നലുകളുണ്ടാവുക. ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് മണ്ണ് തിന്നാന്‍ തോന്നാറില്ലേ? അതാണിതിന്റെ ഉദാഹരണം. അല്ലെങ്കില്‍ കണ്ണിന്റെ ഘടനയില്‍ കുഴപ്പമുണ്ടാകുമ്പോള്‍ എല്ലാ സാധനങ്ങളും വികൃതമായി കാണുന്നതു പോലെ.
(തുടരും)
വിവ: വി.എ കബീര്‍
* ചില മുസ്‌ലിം രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ വേഷം മാറ്റി പുരോഗമന കാരികളാക്കാന്‍ ശ്രമിച്ച കാലത്ത് എഴുതിയതാണ് ഈ ലേഖനം. നമ്മുടെ രാജ്യത്തെ ചില വിഭാഗങ്ങളും പുരോഗമനത്തിന്റെ ഈ മരുന്നോല പരീക്ഷിക്കാന്‍ അന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.