ദുരിതങ്ങള്‍, ദുരന്തങ്ങള്‍: ഖുര്‍ആനിക വായനക്കൊരാമുഖം
അബ്ദുല്ലത്വീഫ് കൊടുവള്ളി
ലോക ചരിത്രത്തില്‍ മഹാമാരികള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ രാജ്യത്തെയും ജനങ്ങളെ മാസങ്ങളോളം ഒരുപോലെ ആശങ്കയിലാഴ്ത്തിയ കോവിഡ് 19-നെ പോലെ മറ്റൊരു മഹാവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴും അതിന്റെ ഉത്ഭവ കാരണത്തെയും പശ്ചാത്തലത്തെയും നിവാരണത്തെയും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എങ്കിലും അതോടൊപ്പം അതെക്കുറിച്ച് വൈദ്യ-ഭൗതിക-സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-കര്‍മശാസ്ത്രാദി തലങ്ങളിലുള്ള വിശകലനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അതേസമയം അതിന്റെ ദൈവികവും മതപരവും ആത്മീയവുമായ വശങ്ങളെക്കുറിച്ച് വിശകലനങ്ങള്‍ വേണ്ടയളവില്‍ നടക്കുന്നില്ല.
വേണ്ടത് ആത്മീയ വായന
الرّوحيّة : تقابل المادّية وتقوم على إثبات الرّوح وسموّها على المادّة وتفسّر فى ضوء ذلك الكون والمعرفة والسّلوك
ഭൗതികത എന്നതിന്റെ വിപരീതപദമാണ് ആത്മീയത. അത് ആത്മാവിനെ സ്ഥിരീകരിക്കുകയും അത് ഭൗതികതയെക്കാള്‍ ഉന്നതമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. പ്രപഞ്ചം വിജ്ഞാനം, ജീവിതചര്യ എന്നിവയെ അതിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു.1
വിശുദ്ധ ഖുര്‍ആന്‍ ആത്യന്തികമായി മനുഷ്യന് യഥാര്‍ഥ ജീവിതമായ പാരത്രിക ജീവിതം പ്രദാനം ചെയ്യുന്നതിനാല്‍ 'റൂഹ്' എന്ന് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു.
وسمّى القرآن روحافي قوله وكذلك اوحينا اليك روحا من امرنا وذلك لكون القرآن سببا للحياة الأخرويّة الموصوفة فى قوله: وان الدّار الأخرة لهي الحيوان
ഇതില്‍ ഖുര്‍ആനെ റൂഹ് എന്ന് വിശേഷിപ്പിച്ചത് സാക്ഷാല്‍ ജീവിതമായ പാരത്രിക ജീവിതത്തിലേക്കുള്ള നിമിത്തമാണതെന്ന അര്‍ഥത്തിലാണ്.2
വിശ്വാസം മുതല്‍ ജീവിതത്തിലെ ഏറ്റവും ചെറിയ വശങ്ങളെക്കുറിച്ചു വരെ ഭൗതികാതീതമായി വിശകലനം ചെയ്യുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ധാരാളം കാണാം.
മാതൃകയായി ചില ഉദാഹരണങ്ങള്‍:
സൂര്യ ചന്ദ്ര നക്ഷത്രാദി ഗോളങ്ങളുടെ ഭ്രമണവും സഞ്ചാരവും രാപ്പകലുകളുടെ ഗതിമാറ്റവും ഭൗതിക പ്രതിഭാസങ്ങള്‍ എന്നതിനപ്പുറം സത്യവിശ്വാസികളെ ആത്മീയമായി സ്വാധീനിക്കണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം (ആലുഇംറാന്‍: 190-194).
ويل لمن قرأها ولم يتفكّر فيها
'ഇത് പാരായണം ചെയ്യുകയും എന്നാല്‍ അതേപ്പറ്റി ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം' എന്നാണ് ഈ സൂക്തങ്ങളെപ്പറ്റി നബി(സ) പ്രതികരിച്ചത്. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ആന്തരികമായും ആത്മീയമായും ഗ്രഹിക്കുന്നവര്‍ എന്ന നിലയിലാണ് സത്യവിശ്വാസികള്‍ക്ക് ഖുര്‍ആന്‍ 'ഉലുല്‍ അല്‍ബാബ്' എന്ന് വിശേഷണം നല്‍കുന്നത്. ഏതൊരു വിഷയത്തെയും ഭൗതികതയുടെ പുറന്തോട് കടന്ന് ആത്മീയതയുടെ അകക്കാമ്പിലേക്ക് ചെന്ന് സമീപിക്കണം. ഇത് കേവല ബുദ്ധിയാല്‍ സാധ്യമല്ല. അതിന് സവിശേഷ ബുദ്ധി തന്നെ വേണം. ആ ബുദ്ധിയാണ് ഖുര്‍ആന്റെ ഭാഷയില്‍ 'ലുബ്ബ്.'
اللّبّ : العقل الخالص من الشّوائب ....... فكلّ لبّ عقل وليس كلّ عقل لبًّا
'ലുബ്ബ്' എന്നാല്‍ എല്ലാതരം കലര്‍പ്പുകളില്‍നിന്നും ശുദ്ധമായ ബുദ്ധി എന്നര്‍ഥം ('കലര്‍പ്പുകള്‍' എന്നാല്‍ മിഥ്യാധാരണ, അസത്യം, വസ്തുതാ വിരുദ്ധത മുതലായവ)
ولهذا علّق الله الأحكام التى لا يدركها الاّ العقول الزّكيّة بأولى الْأَلْبَاب
يُؤْتِي الْحِكْمَةَ مَن يَشَاءُۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًاۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
'താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന് യഥാര്‍ഥ ജ്ഞാനം നല്‍കപ്പെടുന്നുവോ അവന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ - (ആലുഇംറാന്‍: 269) എന്ന സൂക്തത്തില്‍ സംശുദ്ധ ബുദ്ധികള്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന നിയമങ്ങളെ ബുദ്ധിശാലികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഏതൊരു വിഷയത്തെയും പറ്റി ശരിയും കൃത്യവുമായ ധാരണയുണ്ടാവുക എന്നതും പ്രധാനമാണ്. التوحيد أن تتوهمه 'ഏകദൈവ വിശ്വാസമെന്നാല്‍ നീ അല്ലാഹുവെക്കുറിച്ച് അസത്യമായ കാര്യം ധരിച്ചു വശാകാതിരിക്കലാണ്' എന്ന അലിയുടെ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്.3
റോമും പേര്‍ഷ്യയും തമ്മില്‍ നടന്ന യുദ്ധത്തില്‍ പേര്‍ഷ്യ ജയിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റോം വിജയിക്കുമെന്ന് ഖുര്‍ആന്‍ ദീര്‍ഘദര്‍ശനം ചെയ്തത് മറ്റൊരുദാഹരണം. ഭൗതികമായ സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അത് അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ ഖുറൈശികള്‍ തള്ളിപ്പറഞ്ഞു. ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ
(ഐഹിക ജീവിതത്തില്‍നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. അന്ത്യത്തെപ്പറ്റി അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു - റൂം: 7).
ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്‌നു ആശൂര്‍ എഴുതുന്നു: 'അന്ന് നിലവിലിരുന്ന അസാധാരണ സാഹചര്യം വെച്ചാണ് ഖുറൈശികള്‍ റോമിന്റെ വിജയത്തെ അസംഭവ്യമായി കണ്ടത്. അല്ലാഹുവിന്റെ വിധിനിശ്ചയത്തെപ്പറ്റി അവര്‍ അശ്രദ്ധരായിരുന്നു. മനുഷ്യന്‍ കണക്കാക്കുന്നതുപോലെയല്ല, അല്ലാഹുവിന്റെ വിധിപോലെയാണ് കാര്യങ്ങള്‍ സംഭവിക്കുക. ബുദ്ധിമാന്മാര്‍ എല്ലാ സാധ്യതകളും മുന്‍കൂട്ടി കാണണം. മുശ്‌രിക്കുകള്‍ പഞ്ചേന്ദ്രിയാധീനമായി മാത്രം ഭൗതിക കാര്യങ്ങളെ വിലയിരുത്തുന്നവരാണ്. അതിന് ബുദ്ധിപരമായ അഗാധ വിചിന്തനങ്ങള്‍ ആവശ്യമില്ല. ചിന്തയും അഭിവീക്ഷണവും ആവശ്യമുള്ള സൂചകങ്ങളുടെ ആന്തരിക വശങ്ങള്‍ അവര്‍ക്കറിയില്ല. പാരത്രിക ലോകത്തെ നിഷേധിക്കുന്ന അവര്‍ക്ക് പരലോകം മാത്രമല്ല, ദുന്‍യാവിലെ സംഭവവികാസങ്ങളുടെ ആന്തരിക യാഥാര്‍ഥ്യങ്ങളും പരിണാമങ്ങളും അതുപോലെ അജ്ഞാതമായിരിക്കും.'4
റൂം അധ്യായത്തിലെ 1 മുതല്‍ 9 കൂടിയുള്ള സൂക്തങ്ങള്‍ മൊത്തം പരിഗണിക്കുമ്പോള്‍ സൂക്തത്തിലെ 'ആഖിറത്ത്' എന്ന പദത്തിന്റെ വിവക്ഷ, പരലോകം എന്നതിനേക്കാള്‍ ഏതൊരു കാര്യത്തിന്റെയും പര്യവസാനം എന്നാണ്. ദൈനംദിന ജീവിതത്തിലെ സംഭവവികാസങ്ങളെ ഭൗതികാതീതമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കണമെന്ന് സാരം.
ഒരു പ്രകൃതി പ്രതിഭാസമാണല്ലോ നിഴല്‍ 'ഒരു അതാര്യവസ്തു പ്രകാശത്തെ തടയുമ്പോള്‍ ഉണ്ടാവുന്ന ഇരുട്ടിനെ നിഴല്‍ എന്നു വിളിക്കുന്നു.' എന്നാണല്ലോ നിഴലിന്റെ നിര്‍വചനം. ബഖറ: 52,210, അഅ്‌റാഫ്: 160,171, നിസാഅ്: 4 ഫുര്‍ഖാന്‍: 45,46, നഹ്ല്‍: 488 റഅ്ദ്: 15 മുതലായ സൂക്തങ്ങള്‍ നിഴലിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. അല്ലാഹുവിനുള്ള ദാസ്യത്തിന്റെ ഏറ്റവും വിനീതമായ പ്രകടനമാണ് സുജൂദ് എന്നതില്‍ സംശയമില്ല. നിഴലും നിഴലിനു കാരണമായ സൂര്യനും നിഴലുള്ള എല്ലാ വസ്തുക്കളും ഭൗതികമായ പ്രതിഭാസം മാത്രമല്ല, പ്രാപഞ്ചിക വസ്തുക്കളുടെ ദൈവിക ദാസ്യത്തിന്റെ ആത്മീയ ഭാവങ്ങള്‍ കൂടിയാണെന്നാണ്. മേല്‍ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. അത് പക്ഷെ, കേവല ഭൗതിക ശാസ്ത്രത്തിന്റെ പഞ്ചേന്ദ്രിയ ദൃഷ്ടികള്‍ക്കപ്പുറത്തുള്ള കാര്യമാണ്. സൂര്യന്റെ സഞ്ചാരത്തെ ഭൗതികാതീതമായി വിശദീകരിക്കുന്ന താഴെ നബി വചനം കാണുക:
അബൂദര്‍റില്‍നിന്ന് നിവേദനം:
أتدرون أين تذهب هذه الشمس: قالوا: الله ورسوله أعلم. قال: أن هذه تجري حتى تنتهي الي مستقرّها تحت العرش، فتخرّساجدة ولا تزال كذلك حتى يقال لها: ارتفعي، ارجعي من حيث جئت، فترجع فتصبح طالعة من مطلعها ثمّ تجري حتى تنتهي الى مستقرّها تحت العرش فتخرّ ساجدة ولا تزال كذلك حتى يقال لها: ارتفعي، ارجعى من حيث جئت فترجع فتصبح طالعة من مطلعها ثمّ تجري لا يستنكر الناس منها شيئًا حتى تنتهي الى مستقرّها ذاك تحت العرش فيقال لها: أصبحي طالعة من مغربك فتصبح طالعة من مغربها- فقال رسول الله: اتدرون متى ذاكم؟ ذاك حين لا ينفع نفسا إيمانها لم تكن آمنت من قبل أو كسبت في ايمانها خيرًا
'ഒരിക്കല്‍ നബി(സ) സ്വഹാബികളോടായി ചോദിച്ചു: 'ഈ സൂര്യന്‍ എങ്ങോട്ടാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സ്വഹാബികള്‍ പറഞ്ഞു: 'അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും നന്നായി അറിയുക! നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും ഇത് സിംഹാസനത്തിനു താഴെ അതിന്റെ സങ്കേതത്തിലെത്തുന്നതുവരെ സഞ്ചരിച്ചുകൊണ്ടിരിക്കും. അവിടെ അത് സാഷ്ടാംഗം വീഴും. അതങ്ങനെ സുജൂദില്‍ വീണുകിടക്കും. അപ്പോള്‍ അതിനോട് പറയപ്പെടും.' നീ ഉയരൂ! വന്നേടത്തേക്ക് തിരിച്ചു പോകൂ! അങ്ങനെ അത് തിരിച്ചു പോകും. എന്നിട്ട് ഉദയസ്ഥാനത്തുനിന്നും ഉദിച്ചുയരും. പിന്നെ അത് സഞ്ചരിച്ച് അല്ലാഹുവിന്റെ സിംഹാസനത്തിനു താഴെ എത്തി സാഷ്ടാംഗം വീഴും. അത് അപ്രകാരം സുജൂദില്‍ തുടരും. അപ്പോള്‍ അതിനോട് പറയപ്പെടും. 'നീ ഉയരൂ! നീ വന്നേടത്തേക്കു തന്നെ തിരിച്ചു പോവൂ! അങ്ങനെ അത് മടങ്ങിപ്പോവും. എന്നിട്ടത് ഉദയസ്ഥാനത്തുനിന്ന് ഉദിച്ചുയരും. പിന്നെയും അത് സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ സിംഹാസനത്തിനു താഴെ അതിന്റെ സങ്കേതത്തിലേക്ക് അത് എത്തിച്ചേരും. അങ്ങനെയിരിക്കെ അതിനോട് ഇങ്ങനെ പറയപ്പെടും: 'നീ പടിഞ്ഞാറുനിന്ന് ഉദിച്ചുയരുക. അങ്ങനെ അത് പടിഞ്ഞാറുനിന്ന് ഉദിച്ചുയരും. ഇതു പറഞ്ഞ ശേഷം നബി(സ) ചോദിച്ചു: 'അതെപ്പോഴാണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്കറിയാമോ? 'നേരത്തെ പടിഞ്ഞാറുനിന്നുള്ള സൂര്യോദയം സംഭവിക്കുന്നതിന് മുമ്പ് സത്യവിശ്വാസം സ്വീകരിക്കുകയോ, സത്യവിശ്വാസത്തിലൂടെ എന്തെങ്കിലും നന്മ നേടിയെടുക്കുകയോ, സത്യവിശ്വാസത്തിലൂടെ എന്തെങ്കിലും നന്മ നേടിയെടുക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ആത്മാവിനും അതിന്റെ വിശ്വാസം ഉപകാരപ്പെടാത്ത ദിവസം.'5
മേല്‍ നബിവചനം സൂര്യന്റെ സഞ്ചാരത്തെ ഭൗതികാതീതമായും അല്ലാഹുവിനോടുള്ള ദാസ്യത്തിന്റെ പരമഭാവമായും ആത്മീയ വിധേയത്വവുമായുമാണ് വ്യാഖ്യാനിക്കുന്നത്.
മറ്റൊരു പ്രതിഭാസമായ ഗ്രഹണവും ഉദാഹരണമാണ്. ഭൗതിക വീക്ഷണത്തില്‍ ഒരു ജ്യോതിശാസ്ത്ര വസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന പ്രതിഭാസത്തിനാണ് ഗ്രഹണം എന്നു പറയുന്നത്. ഇത് ആ അര്‍ഥത്തില്‍ ശരിയാണെങ്കിലും ഇസ്‌ലാമിക വ്യാഖ്യാനമനുസരിച്ച് അത് അല്ലാഹുവിന്റെ പ്രാപഞ്ചിക നടത്തിപ്പിലെ സവിശേഷ പ്രതിഭാസം എന്നതിനേക്കാള്‍ അല്ലാഹുവിലേക്ക് മനുഷ്യരെ ഭക്തിപൂര്‍വം ആത്മീയമായി അടുപ്പിക്കാനുള്ള ഒരു നടപടിയാണ്.
وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا
(നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത് ഭയപ്പെടുത്താനായല്ലാതെയല്ല - ഇസ്‌റാഅ്: 59).
التخويف من الله : الحث على التحرّز
(അല്ലാഹുവില്‍ നിന്നുള്ള ഭയപ്പെടുത്തല്‍ എന്നാല്‍ അല്ലാഹുവിനെ കാത്തു സൂക്ഷിക്കാനുള്ള പ്രേരണ എന്നാണ്).
നബി (സ) പറയുന്നു:
إِنَّ الشَّمْسَ وَالْقَمَرَ آيتان من آيَات الله وانهما لايَنْكَسِفَانِ لِمَوْتِ أَحَدٍ ولا لحياته ولكنّ الله يخوّف بهما عباده فَإِذَا رَأَيْتُم ذلك فافزعوا الى ذكره ودعائه واستغفاره
'തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലെ രണ്ടെണ്ണമാണ്. അവയ്ക്ക് ആരുടെയും ജീവിതത്തിന്റെയോ മരണത്തിന്റെയോ പേരില്‍ ഗ്രഹണം ബാധിക്കുകയില്ല. പക്ഷെ, അവരണ്ടിലൂടെ - സൂര്യനും ചന്ദ്രനും- തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നു. ആയതിനാല്‍ ഗ്രഹണം കണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കുവാനും പ്രാര്‍ഥിക്കുവാനും അവനോട് പാപമോചനം നടത്താനുമായി നിങ്ങള്‍ ഭയാസാന്ദ്രമായി ഓടിച്ചെല്ലുക' (ബുഖാരി, മുസ്‌ലിം). ഗ്രഹണ സംബന്ധമായി എത്ര കൂടുതല്‍ പുതിയ ശാസ്ത്രീയ വിവരങ്ങള്‍ ലഭിച്ചാലും മുകളില്‍ പറഞ്ഞ ആത്മീയ സാധനകള്‍ ലോകാവസാനം വരെ നടക്കുന്ന ഗ്രഹണവേളകളില്‍ സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. ഗ്രഹണങ്ങളുടെ യാഥാര്‍ഥ്യം ശാസ്ത്രം അനാവരണം ചെയ്തിരിക്കെ ഗ്രഹണ വേളകളില്‍ പ്രാര്‍ഥനകളില്‍ മുഴുകുന്നത് വിഡ്ഢിത്തമല്ലെ എന്ന ചോദ്യം അപ്രസക്തമാണെന്നര്‍ഥം.
ഇങ്ങനെ നോക്കിയാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഭൗതികം എന്ന പോലെ ആത്മീയവശവും കാണാം. രണ്ടു വീക്ഷണങ്ങളും ഒന്നിച്ച് കൊണ്ടുപോവാനാണ് സത്യവിശ്വാസി കടപ്പെട്ടിരിക്കുന്നത്. ദുരിതങ്ങളെയും ദുരന്തങ്ങളെയും ഇതുപോലെവേണം വായിക്കാനും പാഠമുള്‍ക്കൊള്ളാനും. അതിനുപകരം അവയെ ഭൗതികമായി മാത്രം വ്യാഖ്യാനിക്കാനും പരിഹാരമാരായാനുമുള്ള ശ്രമം ഇസ് ലാമികമായി ന്യായീകരണ മര്‍ഹിക്കുന്നില്ല. എന്നുമാത്രമല്ല, ആത്മീയ വശത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേത് എന്നും കാണാം.
പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ആന്തരിക വശങ്ങളെ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുമ്പോഴാണ് സത്യവിശ്വാസികള്‍ തങ്ങളുടെ യഥാര്‍ഥ ജീവിതധര്‍മം തിരിച്ചറിയുന്നത്. അല്ലാഹുവിന്റെ ആന്തരികമായ അസ്തിത്വത്തെയും ബാഹ്യമായ അവന്റെ പ്രകാശനത്തെയും പ്രതിനിധീകരിക്കുന്ന രണ്ട് ഖുര്‍ആനിക പദങ്ങളാണ് 'ബാത്വിന്‍' 'ളാഹിര്‍' എന്നിവ.
ويقال لكلّ غامض بطن ولكلّ ظاهر - ومنه بطنان القدر وظهرانها - ويقال لما تدركه الحاسّة ظاهر ولما يخفى عنها باطن
'നിഗൂഢമായ എല്ലാറ്റിനും 'ബത്വ്ന്‍' എന്നും പ്രത്യക്ഷമായ എല്ലാറ്റിനും 'ളഹ്ര്‍' എന്നും പറയും. കലത്തിന്റെ അകം, പുറം എന്ന പോലെ. പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവവേദ്യമാകുന്നതിന് 'ളാഹിര്‍' എന്നും പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോപ്യമായതിന് 'ബാത്വിന്‍' എന്നും പറയുന്നു. ഭൗതികമായി പ്രത്യക്ഷപ്പെടാതെ, തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും താന്‍ സംവിധാനിക്കുന്ന പ്രതിഭാസങ്ങളിലൂടെയും തന്നെ മനുഷ്യര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ് അല്ലാഹുവിന്റെ രീതി. ഉമര്‍(റ) പറയുന്നു:
تجلّى لعباده من غير أن رأوه وأراهم نفسه من غير أن تجلّى لهم
'തന്റെ ദാസന്മാര്‍ തന്നെ കണ്ണാല്‍ കാണാതെ അല്ലാഹു അവര്‍ക്കായി പ്രകാശിതനായി, അവര്‍ക്ക് പ്രകാശിതനാവാതെ അവന്‍ തന്നെ അവര്‍ക്ക് കാണിച്ചു കൊടുത്തു.'6
ഇത്തരുണത്തില്‍ ഇമാം റാസിയുടെ നിരീക്ഷണം സംഗതമാണ്. 'എല്ലാ വേദഗ്രന്ഥങ്ങളുടെയും ആകെത്തുക മൂന്നായി സംഗ്രഹിക്കാം.
1. വാചാ അല്ലാഹുവിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍. 2. അല്ലാഹുവെ സേവിച്ചും അനുസരിച്ചുമുള്ള വിധേയത്വം. 3. അല്ലാഹുവില്‍ നിന്നുള്ള ബോധോദയം അഥവാ അന്തഃചോദനം. അല്‍ കഹ്ഫ് അധ്യായത്തിലെ മൂസാനബിയുടെയും സച്ചരിതരായ അടിമയെന്ന് വിശേഷിപ്പിക്കപ്പെട്ട ഖദിറിന്റെയും ചരിത്രം വിവരിക്കുന്നേടത്ത് ഏതൊരു സംഭവത്തിന്റെയും ബാഹ്യവശം പോലെ തന്നെ ആന്തരിക വശവും എത്രമേല്‍ പ്രധാനമാണെന്ന് എടുത്തു പറഞ്ഞുകൊണ്ടദ്ദേഹം എഴുതുന്നു: ശരീഅത്ത് നിയമങ്ങളെക്കുറിച്ച ബാഹ്യമായ ജ്ഞാനത്തിലൂടെ വസ്തുക്കളുടെ ബാഹ്യവശങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും. എന്നാല്‍ അവയുടെ ആന്തരിക യാഥാര്‍ഥ്യങ്ങള്‍ അറിയാന്‍ നമ്മുടെ ആന്തരിക തലങ്ങളെ സ്ഫുടം ചെയ്യണം. ഹൃദയങ്ങളെ ശാരീരിക മാത്ര ബന്ധങ്ങളില്‍നിന്ന് ശുദ്ധമാക്കണം. ഈ ജ്ഞാനശുദ്ധിയെക്കുറിച്ചാണ് وَعَلَّمْنَاهُ مِن لدُنَّا عِلْمًا (നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടുമുണ്ട് കഹ്ഫ്: 65). എന്ന് ഖുര്‍ആന്‍ പറയുന്നത്.
ശരീഅത്ത് ജ്ഞാന വിഷയകമായി മൂസാനബിയുടെ പദവി പൂര്‍ത്തിയായ ശേഷമാണ് അല്ലാഹു അദ്ദേഹത്തെ ഖദിറിന്റെ ശിഷ്യത്വത്തിനായി അയക്കുന്നത്. ബാഹ്യങ്ങളായ കാര്യങ്ങളില്‍ നിര്‍മിതമായ ശരീഅത്തറിവുകളില്‍നിന്ന് കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളും ആന്തരിക വസ്തുതകളും മനസ്സിലാക്കാന്‍ കഴിയുന്ന ആന്തരിക ജ്ഞാനങ്ങളിലേക്ക് നീങ്ങുമ്പോഴാണ് മനുഷ്യര്‍ പൂര്‍ണതയുടെ പദവികളിലേക്കെത്തുക എന്ന പ്രാപഞ്ചിക സത്യം മൂസാനബിയെ പഠിപ്പിക്കുകയായിരുന്നു ഈ പഠനയാത്രയിലൂടെ. മാനവത അഭിമുഖീകരിക്കുന്ന ദുരിതങ്ങളെയും ദുരന്തങ്ങളെയും ബാഹ്യമാത്രതലങ്ങളില്‍നിന്നുമാറി അകക്കണ്ണോടെ വേണം നാം നോക്കാനും വിലയിരുത്താനും.
ദുരിതങ്ങള്‍ മനുഷ്യരുടെ സഹയാത്രികര്‍
ജനനം മുതല്‍ മരണം വരെയുള്ള ജീവിത യാത്രയില്‍ എല്ലാ മനുഷ്യരും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടാണ് ഭൗതിക ജീവിതം നയിക്കുന്നത്. രോഗം, ദാരിദ്ര്യം, പട്ടിണി, ഏകാന്തത, ആശങ്കകള്‍, നിരാശ, ക്ഷാമം, പ്രകൃതിക്ഷോഭങ്ങള്‍, പലതരം ഭയങ്ങള്‍ മുതലായവ ആ ഇനത്തിലെ ചിലതുമാത്രം. ഇവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം ഒട്ടുമെ സാധ്യമല്ല.
ദുരിതങ്ങളെയും ദുരന്തങ്ങളെയും സൂചിപ്പിക്കുന്ന ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍
1. بَلَاء പരീക്ഷണം
വസ്ത്രം
بَلِي الثوب بلًى وبلاءً أي خلق
ദ്രവിച്ചു എന്നര്‍ഥം
بَلَوْته എന്നാല്‍
اختبرته كأنَي أخلقته من كثرة اختباري له
ഞാന്‍ അയാളെ കൂടുതലായി പരീക്ഷിച്ച് ക്ഷയിപ്പിച്ചു എന്നര്‍ഥം.
وسمّي الغمّ بلاء من حيث ءانه يبلي الجسم
ദുഃഖത്തിന് 'ബലാഅ്' എന്നു പറയാന്‍ കാരണം അത് ശരീരത്തെ ക്ഷയിപ്പിക്കുന്നതിനാലാണ്.
ഇമാം റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
'അല്ലാഹുവിന്റെ ഭാഗത്തുനിന്ന് സൃഷ്ടികളോടുള്ള കല്‍പനകള്‍ മൂന്നുതരം പരീക്ഷണമാണ്. ഈയര്‍ഥത്തില്‍ കല്‍പനകള്‍ പരീക്ഷണമാണ്. ഒന്ന്: എല്ലാ കല്‍പനകളും ശരീരങ്ങള്‍ക്ക് ആയാസകരമാണ്. ഈയര്‍ഥത്തില്‍ കല്‍പനകള്‍ പരീക്ഷണമാണ്. രണ്ട്: കല്‍പനകള്‍ പരീക്ഷണങ്ങളാണ്. മൂന്ന്: അല്ലാഹു അടിമകളെ പരീക്ഷിക്കുന്നത് നന്ദി ചെയ്യാനായി സന്തോഷം നല്‍കിയും ക്ഷമിക്കാനായി ദുരിതങ്ങള്‍ നല്‍കിയുമാവും. ആ അര്‍ഥത്തില്‍ അല്ലാഹുവില്‍നിന്നുള്ള പരീക്ഷണവും ദാനവും ഒരുപോലെ പരീക്ഷണമാണ്. പരീക്ഷണം ക്ഷമയും, അനുഗ്രഹം നന്ദിയും താല്‍പര്യപ്പെടുന്നു. ക്ഷമയിലൂടെ അല്ലാഹുവിന്റെ അവകാശങ്ങള്‍ നിറവേറ്റുക എന്നത്, അല്ലാഹുവിന് നന്ദി ചെയ്ത് കടമകള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ എളുപ്പമാണ്. അല്ലാഹുവില്‍നിന്നുള്ള പരീക്ഷണത്തേക്കാള്‍ അനുഗ്രഹം ഏറ്റവും വലിയ പരീക്ഷണമാകുന്നത് അങ്ങനെയാണ്. ഉമര്‍ പറയുന്നു: ദുരിതമുണ്ടായപ്പോള്‍ ഞങ്ങള്‍ ക്ഷമിച്ചു. സന്തോഷത്തിലൂടെയും ഞങ്ങള്‍ പരീക്ഷിക്കപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാനായില്ല. 'അവയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള പരീക്ഷണമുണ്ട്' എന്ന് അല്ലാഹു ഇസ്‌റായേല്‍ സന്തതികളോട് നടത്തിയ പ്രസ്താവന രണ്ടും സൂചിപ്പിക്കുന്നുണ്ട്. 'അവര്‍ നിങ്ങളിലെ ആണ്‍സന്തതികളെ അറുകൊല ചെയ്യുന്നു, സ്ത്രീകളെ അവശതയോടെ ജീവിക്കാന്‍ വിടുന്നു' എന്ന സൂക്തത്തിലെ പരീക്ഷണത്തെയും, അവരെ ശത്രുക്കളില്‍നിന്ന് രക്ഷിച്ച് അനുഗ്രഹമെന്ന പരീക്ഷണത്തെയും- 'നാം അവര്‍ക്ക് വ്യക്തമായ പരീക്ഷണമുള്ള ദൃഷ്ടാന്തങ്ങള്‍ നല്‍കി' എന്ന സൂക്തവും ഒരേസമയം അനുഗ്രഹം, ശിക്ഷ എന്നീ രണ്ടു പരീക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. 'ഇബ്തലാ', 'ബലാ' എന്നാല്‍ രണ്ടു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്: പരീക്ഷിക്കപ്പെടുന്നയാളുടെ അവസ്ഥ അറിയുക. അയാളുടെ അജ്ഞാതമായ കാര്യം അറിയുക. രണ്ട്: അയാളുടെ ഗുണമേന്മയും ഗുണരാഹിത്യവും അറിയുക. ചിലപ്പോള്‍ രണ്ടും അറിയല്‍ ഉദ്ദേശ്യമാവാം. ചിലപ്പോള്‍ ഒന്ന് മാത്രവും. അല്ലാഹു ഒരാളെ പരീക്ഷിക്കുമ്പോള്‍ അയാളുടെ അജ്ഞാതമായ വശം അറിയുക എന്നല്ല, അയാളുടെ ഗുണമേന്മ അഥവാ ഗുണരാഹിത്യം അയാളുടെ നിലപാടുകളിലൂടെ അറിയുക എന്നതു മാത്രമായിരിക്കും ഉദ്ദേശ്യം. 'ഇബ്‌റാഹീം നബിയെ അല്ലാഹു പരീക്ഷിച്ചു' എന്നു പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന്റെ ഗുണമേന്മ പരീക്ഷിച്ചറിഞ്ഞു എന്നാണ്.
2. فتنة (പരീക്ഷണം)
أصل الْفَتْنِ: إدخال الذّهب النّار لتظهر جودته من رداءته واستعمل في إدخالَ الإنسان النّار- وجعلت الفتنة كالبلاء في أنهما يستعملان فيما يدفع اليه الإنسان من شدّة ورخاء وهما في الشدّة أظهر معنًى وأكثر استعمال ........ والفتنة من الأفعال التي تكون من الله ومن العبد كالبليّة والمصيبة والقتل والعذاب وغير ذلك من الأفعال الكريهة ومتى كان من الله يكون على وجه الحكمة ومتى كان من الإنسان بغير أمر الله يكون بضدّ ذلك ولهذ ايذمّ الله الإنسان بأنواع الفتنة في كلّ مكان نحو قوله: والفتنة أشدّ من القتل - ان الذين فتنوا المؤمنين ........
'ഫത്ന്‍' എന്ന പദത്തിന്റെ മൂലാശയം, സ്വര്‍ണം തീയില്‍ പ്രവേശിപ്പിച്ച് അതിന്റെ ഗുണമേന്മയും ഗുണരാഹിത്യവും തിരിച്ചറിയുക എന്നതാണ്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതിനും പ്രസ്തുത പദം ഉപയോഗിക്കുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന ദുരിതങ്ങള്‍ക്കും സൗഖ്യത്തിനും 'ബലാഅ്' എന്നപോലെ 'ഫിത്‌ന' യും ഉപയോഗിക്കും. എങ്കിലും ദുരിതത്തിനാണ് 'ഫിത്‌ന' എന്ന് കൂടുതലായും പ്രത്യക്ഷമായും ഉപയോഗിക്കുക. അല്ലാഹുവില്‍നിന്നും മനുഷ്യരില്‍നിന്നും ഉണ്ടാവുന്ന പ്രവൃത്തികളിലൂടെ സംഭവിക്കുന്ന പരീക്ഷണം ആപത്ത്, കൊല, ശിക്ഷ പോലുള്ളവ അനിഷ്ടകരമായ കാര്യങ്ങളാണ്. അവഅല്ലാഹുവില്‍ നിന്നാകുമ്പോള്‍ അവന്റെ യുക്തിയുടെ ഭാഗമായിട്ടായിരിക്കും. അല്ലാഹുവിന്റെ കല്‍പന ഇല്ലാതെ മനുഷ്യനില്‍ നിന്നാണെങ്കില്‍ അത് അതിനു വിരുദ്ധമായിരിക്കും. 'ഫിത്‌ന കൊലയേക്കാള്‍ കഠിനമാണ്' (الفتنة أشدّ من القتل) 'സത്യവിശ്വാസികളെ പരീക്ഷണ വിധേയരാക്കിയവര്‍'
(إنّ الّذين فتنو المؤمنين)
മുതലായ സൂക്തങ്ങള്‍ ഉദാഹരണം. ഈ കാരണത്താല്‍ എല്ലായിടത്തും അല്ലാഹു മനുഷ്യരെ ആക്ഷേപവിധേയനായി കാണുന്നു.
3. مصيبة (ആപത്ത്)
والمصيبة أصلها فى الرّمية ثمّ اختصّت بالنائبة. وقال بعضهم: الإصابة في الخير اعتبارًا بالصوب اي بالمطر، وفي الشّرّ اعتبارًا بإصابة السّهم وكلاهما برجعان الى أصل.
'മുസ്വീബത്ത്' എന്നതിന്റെ മൂലാശയം അമ്പെയ്ത്തുമായി ബന്ധപ്പെട്ടതാണ്. അത് പിന്നീട് ആപത്തുകള്‍ക്ക് സവിശേഷമായി ഉപയോഗിക്കപ്പെട്ടുപോന്നു. ചില പണ്ഡിതര്‍ പറയുന്നു: നന്മയുമായി ബന്ധപ്പെട്ട് 'അസ്വാബ' എന്ന് ഉപയോഗിച്ചാല്‍ മഴ (സ്വൗബ്) അനുഗ്രഹമാണെന്ന പരിഗണനയില്‍ നല്ല അര്‍ഥത്തിലാണ് പ്രയോഗിക്കുക. തിന്മയുമായി ബന്ധപ്പെട്ട് 'അസ്വാബ' എന്നുപയോഗിച്ചാല്‍ 'അമ്പേറ്റു' എന്ന അര്‍ഥ പരിഗണനയില്‍ ആപത്ത് എന്നും അര്‍ഥം കല്‍പിക്കും. രണ്ടും ഒരേ മൂലധാതുവില്‍നിന്നാണ്.'
4. سيّئة
والحسنة: يعبّر بها عن كلّ ما يسرّ من نعمة تنال الإنسان في نفسه وبدنه وأحوله والسيّئة تضادّها.
'മനുഷ്യന് മാനസികമായോ ശാരീരികമായോ അവസ്ഥാപരമായോ സന്തോഷം നല്‍കുന്ന അനുഗ്രഹത്തിനാണ് 'ഹസനത്ത്' എന്ന് പറയുക. 'സയ്യിഅത്ത്' എന്നാല്‍ അതിന്റെ വിപരീതാശയം സൂചിപ്പിക്കുന്നു.'
والسّيّئة ضربان: أحدهما بحسب اعتبار العقل والشرع نحو المذكور في قوله: من جاء بالحسنة فله عشر أمثالها ومن جاء بالسّيّئة فلا يجزي الّا مثلها - وحسنة وسيّئة بحسب اعتبار الطّبع وذلك ما يستخفّه الطّبع وما يَسْتَثْقِلُهُ نحو قوله: قالوا: لنا هذه وان تصبهم سيّئة ثمّ بدّلنا مكان السّيّئة الحسنة
'തിന്മ രണ്ടു തരമാണ്. ഒന്ന്, ബുദ്ധിയും ശരീഅത്തും തിന്മയായി പരിഗണിക്കുന്നത്. ഉദാ: 'ആരെങ്കിലും നന്മ ചെയ്താല്‍ അയാള്‍ക്ക് അതിന്റെ പത്തിരട്ടി പ്രതിഫലം ഉണ്ടായിരിക്കും. ആരെങ്കിലും തിന്മ ചെയ്താല്‍ അതിനു തുല്യമായ ശിക്ഷയെ അയാള്‍ക്ക് ലഭിക്കുകയുള്ളൂ' - മനുഷ്യ പ്രകൃതി നല്ലതായി പരിഗണിക്കുന്നതിനും 'ഹസനത്ത്' എന്നും ചീത്തയായി പരിഗണിക്കുന്നതിന് 'സയ്യിഅത്ത്' എന്നും പ്രയോഗിക്കും.
ഉദാ:
(ثُمَّ بَدَّلْنَا مَكَانَ السَّيِّئَةِ الْحَسَنَةَ)
'പിന്നീട് നാം തിന്മയുടെ സ്ഥാനത്ത് നന്മ പകരമായി നല്‍കി.' (അഅ്‌റാഫ്: 95)
5. سُوء (ചീത്ത, അശുഭകരമായ)
كلّ مايغمّ الإنسان من الأمور الدنيويّة والأخروية ومن الأحوال النّفسيّة والبدنيّة والخارجة من فوات مال وجاه وفقد حميم
'ഭൗതികമായോ പാരത്രികമായോ ശാരീരികമായോ മാനസികമായോ മനുഷ്യനെ ദുഃഖാകുലമാക്കുന്ന എല്ലാറ്റിനും 'സൂഅ്' എന്നുപയോഗിക്കുന്നു. സമ്പത്തിന്റെയും സ്ഥാനമഹിമയുടെയും നഷ്ടം, പ്രിയപ്പെട്ടവരുടെ വിയോഗം മുതലായവ ഉദാഹരണം.'
6.بُؤس (ദുരിതം, പങ്കപ്പാട്)
الشّدّة والمكروه إلّا أن البؤس في الفقر والحرب أكثر والبأس والبأساء فى النّكاية نحو: وَاللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا
'ബുഅ്‌സ്' എന്നാല്‍ കെടുതി, അനിഷ്ഠ കാര്യം എന്നൊക്കെയാണര്‍ഥം. ഇത് കൂടുതലായും ദാരിദ്ര്യം, യുദ്ധം മുതലായവയിലാണ് ഉപയോഗിക്കുക. 'ബഅ്‌സ്', 'ബഅ്‌സാഅ്' എന്നത് ശിക്ഷയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഉപയോഗിക്കുക. ഉദാ: 'അല്ലാഹു ശിക്ഷയാല്‍ കടുത്തവനാണ്, കൂടുതല്‍ ആക്രമണ ശേഷിയുള്ളവനും.' (നിസാഅ്: 84).
7. ضُرّ (ഹാനി, കേട്)
الضّرّ: سوء الحال إمّا في نفسه لقلّة العلم والفضل والعفّة وإمّا في بدنه لعدم جارحة ونقص، وامّا فى حالة ظاهرة من قلّة مال وجاهٍ وقوله: فكشفنا ما به من ضرّ - فهو محتمل ثلاثتها
'അറിവിന്റെയോ ശ്രേഷ്ഠതയുടെയോ പാതിവ്രത്യത്തിന്റെയോ കുറവാല്‍ മാനസികമായും അവയവമില്ലാത്തതിനാലോ ന്യൂനതയാലോ ശാരീരികമായും സമ്പത്തിന്റെയും അന്തസ്സിന്റെയും കുറവാല്‍ ബാഹ്യാവസ്ഥയിലും ഒരാള്‍ക്കുണ്ടാവുന്ന മോശമായ അവസ്ഥ. അയ്യൂബ് നബിയെക്കുറിച്ച 'നാം അദ്ദേഹത്തിന്റെ ഹാനിയും കേടും നീക്കിക്കളഞ്ഞു.'(അമ്പിയാഅ്: 84) എന്ന സൂക്തം മേല്‍ മൂന്ന് അര്‍ഥങ്ങള്‍ക്കും സാധ്യതയുള്ളതാണ്.'
8.صرّاء
والضّرّاء: يقابل بالسّرَاء والنّعماء، والضّرّ بالنفع
'ദര്‍റാഅ്' എന്നാല്‍ 'സര്‍റാഅ്' എന്നതിന്റെ വിപരീതപദമാണ്. 'നഫ്അ്' (ഉപകാരം) എന്നതിന്റെ വിപരീതമാണ് 'ദര്‍റ്'.
9. خوف (ഭയം)
الخوف: توقع مكروه عن أمارة مظنونة أومعلومة كما أن الرّجاء والطّمع توقع محبوب عن أمارة مظنونة أو معلومة كما أن الرّجاء والطّمع توقع محبوب عن أمارة مظنونة أو معلومة ويضادّ الخوف: الأمن ويستعمل ذلك في الأمور الدّنيوية والأخرويّة. قال تعالى ويرجون رحمتهُ ويخافون عذابه
'ഖൗഫ്' എന്നാല്‍, അറിയാവുന്നതോ ഊഹിക്കാവുന്നതോ ആയ ലക്ഷണത്തിലൂടെ അനിഷ്ടകരമായ കാര്യം ആശങ്കിക്കുക എന്നര്‍ഥം. അത്യാശ എന്നാല്‍ അറിയാവുന്നതോ ഊഹിക്കാവുന്നതോ ആയ ലക്ഷണത്തിലൂടെ ഇഷ്ടമുള്ളത് പ്രതീക്ഷിക്കുന്നതിനെയാണ് അത്യാശ എന്ന് പറയുന്നുത്. 'ഖൗഫ്' എന്നതിന്റെ വിപരീതമാണ് 'അംന്' (നിര്‍ഭയത്വം) ഇത് ഐഹികവും പാരത്രികവുമായ എല്ലാറ്റിലും ഉപയോഗിക്കും. ഉദാ: 'അവര്‍ (സത്യവിശ്വാസികള്‍) അവന്റെ കാരുണ്യം ആഗ്രഹിക്കുന്നു. അവന്റെ ശിക്ഷയെ ഭയപ്പെടുന്നു.' (ഇസ്‌റാഅ്: 57)
10. شرّ (തിന്മ, കെടുതി)
الشّرّ : الّذي يرغب عنه الكلّ كما أن الخير هو الذي يرغب فيه الكلّ
'എല്ലാവരും അനിഷ്ടകരമായി കാണുന്നതിന് ശര്‍റ് എന്നു പറയുന്നു. എല്ലാവരും ആഗ്രഹിക്കുന്നതിന് 'ഖൈര്‍' എന്നു പറയുന്നു.'
11. نقص (കമ്മി, കുറവ്)
النّقص: الخسران في الحظّ مثلًا: ونقص من الأموال والأنفس
നഖ്‌സ്വ് എന്നാല്‍ വിഹിതത്തില്‍ കുറവ് വരിക. ഉദാ: 'ശരീരങ്ങളിലും സമ്പത്തുക്കളിലും കുറവുവരല്‍ (കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും). (ബഖറ: 155)
12.مرض (രോഗം)
المرض: الخروج عن الإعتدال الخاصّ بالإنسان - وذلك ضربان. الأول: مرض جسميّ - مثلًا: ولا على المرضى - والثاني: عبارة عن الرّذائل كالجهل والجبن والبخل والنفاق وغيرها من الرّذائل الخلقيّة مثلًا: في قلوبهم مرض فزادهم الله مرضا
'മനുഷ്യന് സവിശേഷമുള്ള സന്തുലിതാവസ്ഥയില്‍നിന്ന് പുറത്തുപോകലിന് 'മറദ്' (രോഗം) എന്നു പറയുന്നു. ഇത് രണ്ടു തരമുണ്ട്. ഒന്ന്: ശാരീരികരോഗം. ഉദാ: 'രോഗികള്‍ക്ക് കുറ്റമില്ല.' (നൂര്‍: 61) എന്ന സൂക്തം. രണ്ട്: അജ്ഞത, ഭീരുത്വം, പിശുക്ക്, കാപട്യം മുതലായ ദുസ്വഭാവങ്ങള്‍ പോലുള്ളവ. ഉദാ: 'അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്. അല്ലാഹു അവരുടെ രോഗത്തെ വര്‍ധിപ്പിച്ചു.' (ബഖറ: 10) എന്ന സൂക്തം.
يشّبه النفاق والكفرونحوهما من الرّذائل بالمرض، امّا لكونها مانعة عن إدراك الفضائل كالمرض المانع للبدن عن التصرّف الكامل وامّا لكونها مانعة عن تحصيل الحياة الأخرويّة المذكورة في قوله: وان الدّار الآخرة لهي الحيوان لوكانوا يعلمون. وامّا لميل النفس بها الى الاعتقادات الرّديئة ميل البدن المريض إلى الأشياء المضرّة. ولكن هذه الأشياء متصوّرة بصورة المرض........ وقال النّبيّ (ص) وأيّ داء أدوأ من البخل؟
കാപട്യം, സത്യനിഷേധം പോലുള്ള ദൂഷ്യങ്ങളെ രോഗവുമായി സാമ്യപ്പെടുത്തുന്നത്, ഒന്നുകില്‍, അവ ശരീരത്തെ പൂര്‍ണമായ പ്രവര്‍ത്തനത്തില്‍നിന്ന് തടയുന്ന രോഗം പോലെ ശ്രേഷ്ഠ ഗുണങ്ങളെ മനസ്സിലാക്കുന്നതിനെ തടയുന്നതിനാലാണ്. അല്ലെങ്കില്‍, 'അവര്‍ അറിയുന്നുവെങ്കില്‍, പാരത്രിക ഗേഹമാണ് യഥാര്‍ഥ ജീവിതം' എന്ന സൂക്തത്തില്‍ പറഞ്ഞ, പാരത്രിക ജീവിതത്തെ തടയുന്നതിനാലാണ്. അതുമല്ലെങ്കില്‍, രോഗാതുരമായ ശരീരം ഉപദ്രവകരമായ വസ്തുക്കളിലേക്ക് ആകൃഷ്ടമാവുന്നതുപോലെ നീചമായ വിശ്വാസങ്ങളിലേക്ക് ആകൃഷ്ടമാവുന്നതിനാലും അവ രോഗത്തിന്റെ രൂപത്തിലുള്ളവയായതിനാലുമാണ്.'
'പിശുക്കിനേക്കാള്‍ മാരകമായ രോഗമുണ്ടോ? എന്നാണല്ലോ നബിവചനം.
13. ريح (കാറ്റ്)
وعامة المواضع الّتي ذكر الله فيها إرسال الرّيح بلفظ الواحد فعبارة عن العذاب وكلّ موضع ذكر فيه بلفظ الجمع فعبارة عن الرّحمة فمن الرّيح: إناارسلنا عليهم ريحا صَرْصَرًا - وقال في الجمع: وارسلنا الرّياح لواقح
ഖുര്‍ആനില്‍ 'കാറ്റിനെ അയച്ചു' എന്ന് ഏകവചന രൂപത്തില്‍ ഉപയോഗിച്ച കൂടുതല്‍ സ്ഥലങ്ങളിലും ശിക്ഷ എന്ന അര്‍ഥത്തിലാണ് അത് ഉപയോഗിച്ചിട്ടുള്ളത്. 'രിയാഹ്' എന്ന് ബഹുവചന രൂപത്തില്‍ ഉപയോഗിച്ചേടത്തൊക്കെ കാരുണ്യമാണ് വിവക്ഷ. 'രീഹ്' എന്ന് ഉപയോഗിച്ചതിന് ഉദാഹരണം: 'നാം അവര്‍ക്കെതിരെ -ആദ് ഗോത്രത്തിനെതിരെ- ആഞ്ഞുവീശുന്ന അത്യുഗ്രമായ കാറ്റിനെ അയച്ചു' (ഖമര്‍: 19) എന്ന സൂക്തം. 'രിയാഹ്' എന്നതിന്റെ ഉദാഹരണം. 'നാം കാറ്റുകളെ മേഘവാഹികളായി അയച്ചു' (ഹിജ്‌റ: 22) എന്ന സൂക്തം.
14. طوفان (പ്രളയം)
كلّ حادثة تحيط بالإنسان وعلى ذلك قوله. فأرسلنا عليهم الطوفان. وصار متعارفا في الماء المتناهي فى الكثرة لأجل أن الحادثة التى نالت قوم نوح كانت ماءً
'മനുഷ്യനെ വലയം ചെയ്യുന്ന എല്ലാ സംഭവത്തിനും ത്വൂഫാന്‍ എന്നു പറയുന്നു. 'നാം അവര്‍ക്കു നേരെ (ഫറോവക്കും പ്രഭൃതികള്‍ക്കുമെതിരെ) പ്രളയം അയച്ചു'(അഅ്‌റാഫ്: 133) (ത്വാഫ, ത്വവാഫ് എന്നീ പദങ്ങള്‍ ശ്രദ്ധിക്കുക)
15. صاعقة (ഇടിത്തീ)
الصّاعقة على ثلاثة أوجهٍ - الموت والعذاب والنار
'സ്വാഇഖ' എന്നത് മൂന്ന് തരത്തിലാവാം. മരണം, ശിക്ഷ, തീ.
وما ذكره فهو أشياء حاصلة من الصّاعقة فان الصّاعقة هي الصّوت الشّديد من الجوّ ثمّ يكون منه نار فقط أو عذاب أو موت
'സ്വാഇഖ' പദം മൂന്നു തരത്തിലുമാവാം. മൂന്നു തരത്തിലും ഖുര്‍ആനില്‍ പ്രയോഗമുണ്ട്. (മരണം: സുമര്‍: 68, ശിക്ഷ: നിസാഅ്: 153, തീ: റഅ്ദ്: 13) ആകാശത്തുനിന്ന് ഘോരമായ ശബ്ദത്തോടെ ഉണ്ടാവുന്നതാണ് സ്വാഇഖ. അതില്‍നിന്ന് തീ മാത്രവും അഥവാ ശിക്ഷയോ മരണമോ ഉണ്ടാവുന്നു.
16. صيحة (ഘോരശബ്ദം)
الصّيحة: رفع الصّوت- إن كانت إلّا صيحة واحدة- وأصله تشقيق الصّوت من قولهم انصاح الخشب أو الثوب اذا انشق فسمع منه صوت
'സൈ്വഹ' എന്നാല്‍ ശബ്ദം ഉയരുക എന്നര്‍ഥം. 'അത് ഒരു ഘോരശബ്ദം മാത്രമായിരുന്നു' എന്ന സൂക്തം ഉദാഹരണം. ഇന്‍സ്വാഹല്‍ ഖശബു അവിസ്സൗബു' എന്നാല്‍ മരക്കഷ്ണം അഥവാ വസ്ത്രം കീറി ശബ്ദം പുറത്തുവന്നു എന്നാണ് മൂലാശയം.7
കുറിപ്പുകള്‍
1. المعجم الوسيط (الرّوحية)
2. المفردات فى غريب القرآن (روح)
3. المفردات فى غريب القرآن (لُبّ، بصر)
4. التحرير و التنوير - ابن عاشور
5. مسلم (159)، البخاري (3199)، أبوداود (4002)، الترمذي (3227)
6. المفردات في غريب القرآن (باطن، ظاهر)
7. المفردات في غريب القرآن (بلاء، فتنة، مصيبة، سيّئة، سوء، بؤس، ضرّ، ضرّاء، خوف، شرّ، نقص، مرض، ريح، طوفان، صاعقة، صيحة)