കാര്യകാരണങ്ങളിലെ അല്ലാഹുവിന്റെ നടപടിക്രമം

ഡോ. റശീദ് കഹൂസ്‌‌
img

കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ നടപടിക്രമം വിശുദ്ധ ഖുര്‍ആനില്‍ വിശദമായിത്തന്നെ വിഷയീഭവിച്ചിട്ടുണ്ട്. എല്ലാ ദൈവിക നടപടിക്രമങ്ങളും കാരണങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടാണിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും (ഉദാ: ആഡംബരപ്രമത്തരോടുള്ള അല്ലാഹുവിന്റെ സമീപനം, പദവികള്‍ താഴ്ത്തുന്ന നടപടി, അപമാനിക്കുന്ന നിലപാട്, പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന നടപടി മുതലായവ) കാരണങ്ങളുമായി ബന്ധപ്പെട്ടവയാണ്, അവ സ്വതന്ത്രമല്ല.

കാരണങ്ങളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ നപടിക്രമം പ്രാപഞ്ചിക വ്യവസ്ഥയിലോ അതിന്റെ നടപടിക്രമത്തിലോ മാത്രം പരിമിതമല്ല. പ്രത്യുത, മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടാവുന്ന ഫലങ്ങളിലും സമീപനങ്ങളിലും വ്യവഹാരങ്ങളിലും ശിക്ഷയായോ പ്രതിഫലമായോ അത് പ്രതിഫലിക്കുന്നുമുണ്ട്. അത് അല്ലാഹുവിന്റെ പൂര്‍ണമായ നീതിയുടെയും തികവാര്‍ന്ന യുക്തിയുടെയും തേട്ടവുമാണ്.

'കാരണം' എന്നതിന്റെ വിവക്ഷ
കാരണം എന്നത് ഖുര്‍ആനിലെ 'സബബ്' എന്നതിന്റെ പരിഭാഷയാണ്. സബബ് എന്നതിന്റെ ബഹുവചനം അസ്ബാബ്.
كلّ شيئ يُتوصل به إلى الشيئ فهو سبب. وجعلت فلا نالي سببا إلى فلان في حاجتي ووَدَجًا أيْ وُصْلة وذريعة
'ഒരു വസ്തുവിലേക്ക് എത്താനായി ഉപയോഗിക്കുന്ന എല്ലാം' സബബാണ്. ''ഞാന്‍ ഒരാളെ എന്റെ ആവശ്യത്തിനായി 'സബബാ'യി സ്വീകരിച്ചു'' എന്നു പറഞ്ഞാല്‍ അയാളെ മാധ്യമമായി, മാര്‍ഗമായി സ്വീകരിച്ചു എന്നര്‍ഥം.1
ഇമാം റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
السّبب : الحبل الذي يصعد به النّخل وجمعه أسباب. قال : فليرتقوا في الأسباب ....... وسُمّي كلّ ما يتوصّل به الى شيئ سببا قال: وآتيناه من كلّ شيئ سببا. فأتبع سببا - ومعناه أن الله تعالى آتاه من كلّ شيئ معرفة وذريعه يتوصّل بها فأتبع واحدًا من تلك الأسباب لعلّي ابلغ الأسباب اسباب السّموات أي : لعلّي أعرف الذّرائع والأسباب الحادثة في السّماء فأتوصّل بها الى معرفة ما يدّعيه موسى
'സബബ്' എന്നാല്‍ ഈത്തപ്പനയില്‍ കയറാന്‍ ഉപയോഗിക്കുന്ന കയര്‍ എന്നര്‍ഥം. അസ്ബാബ് എന്ന് ബഹുവചനം. അല്ലാഹു പറയുന്നു: ''എങ്കില്‍ ആ മാര്‍ഗത്തിലൂടെ അവര്‍ (നബിയുടെ ശത്രുക്കള്‍) കയറിനോക്കട്ടെ'' (സ്വാദ്: 10). ഒരു വസ്തുവിലേക്ക് എത്താനായി ഉപയോഗിക്കുന്ന എല്ലാറ്റിനും 'സബബ്' എന്നു പറയും. അല്ലാഹു പറയുന്നു: ''എല്ലാ കാര്യത്തിനുമുള്ള മാര്‍ഗങ്ങള്‍ നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു'' (കഹ്ഫ്: 84,85). അതായത്, അല്ലാഹു അദ്ദേഹത്തിന് എല്ലാതരം അറിവുകളും എത്തിച്ചേരാന്‍ കഴിയുന്ന വഴികളും നല്‍കി. അങ്ങനെ ആ വഴികളില്‍ അദ്ദേഹം പിന്തുടര്‍ന്നു. '(ഫിര്‍ഔന്‍ ഹാമാനോട്) എനിക്ക് ആകാശമാര്‍ഗങ്ങളില്‍ എത്തിച്ചേരാന്‍....' (ഗാഫിര്‍: 36). അതായത്, എനിക്ക് ആകാശത്തിലേക്കുള്ള വഴികള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതുവഴി മൂസാ വാദിക്കുന്നതിന്റെ നിജഃസ്ഥിതി അറിയാമായിരുന്നു.2

ശര്‍ഇന്റെ സാങ്കേതിക ഭാഷയില്‍ ഭൂരിപക്ഷം അശ്അരീ പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ വിധി(ഹുക്മ്)യിലേക്കെത്താനുള്ള മാര്‍ഗത്തിനാണ് 'സബബ്' എന്നു പറയുക. എന്നാല്‍ വിധി ഉളവാകുന്നതില്‍ അതിന് ഒരു സ്വാധീനവുമില്ല.3

ഇമാം ഗസ്സാലി, ഇബ്‌നുല്‍ ഖയ്യിം എന്നിവരുടെ അഭിപ്രായത്തില്‍ വിധിയുടെ ഉണ്മയെ അനിവാര്യമാക്കുന്ന കാര്യമാണ് 'സബബ്.' അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണ് വിധി അതിന്റെ അനിവാര്യതയാകുന്നത്. യഥാര്‍ഥത്തില്‍ അനിവാര്യത ഉളവാക്കുന്നതും ഹുക്മുകളെ നിയമമാക്കുന്നതും അല്ലാഹുവാണ്, സബബുകളല്ല.4

ഖുര്‍ആനില്‍ പതിനായിരത്തിലധികം സ്ഥലങ്ങളില്‍
ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''ലക്ഷ്യത്തിലെത്താന്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളെ, അഥവാ കാരണങ്ങളെക്കുറിച്ച് ഖുര്‍ആനും സുന്നത്തും പതിനായിരത്തിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് അതിശയോക്തിയല്ല, യാഥാര്‍ഥ്യമാണ്. അത് മനസ്സിലാക്കാന്‍ പഞ്ചേന്ദ്രിയങ്ങളുടെയും ബുദ്ധിയുടെയും പ്രകൃതിയുടെയും സാക്ഷ്യങ്ങള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടാണ് ചില വിജ്ഞര്‍ ഇങ്ങനെ പറഞ്ഞത്: 'സംഭവങ്ങള്‍ക്കു പിന്നിലെ കാരണങ്ങളെ നിഷേധിക്കുന്നവര്‍ അവരുടെ ബുദ്ധിയെക്കുറിച്ച് ബുദ്ധിയുള്ളവരെ ചിരിപ്പിച്ച് സ്വയം പരിഹാസ്യരാവുകയാണ്. അതിലൂടെ തൗഹീദിനെ സഹായിക്കുകയാണ് തങ്ങള്‍ എന്നാണ് അവരുടെ വിചാരം. അല്ലാഹുവിന്റെ പൂര്‍ണതയുടെയും സൃഷ്ടികള്‍ക്കു മേല്‍ അവനുള്ള ഔന്നത്യത്തെയും ഗ്രന്ഥങ്ങളിലൂടെയും മലക്കുകളോടും ദാസന്മാരോടുമുള്ള അവന്റെ സംസാരത്തെയും അവര്‍ നിഷേധിക്കുന്നു. യഥാര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനെയും ദൂതന്മാരെയും കളവാക്കുകയും അവന്റെ പൂര്‍ണതയെയും വിശുദ്ധിയെയും തള്ളിപ്പറയുകയുമാണ് ചെയ്യുന്നത്. കാരണങ്ങളെ നിഷേധിച്ചാലേ തൗഹീദ് പൂര്‍ത്തിയാവൂ എന്ന തെറ്റായ സന്ദേശമാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഖുര്‍ആനോളം കാരണങ്ങളെ സ്ഥാപിക്കുന്ന മറ്റൊരു ഗ്രന്ഥം ഇല്ല എന്നതാണ് വാസ്തവം. കാര്യവും അതിനു നിദാനമായ കാരണവും അല്ലാഹുവാണ് സൃഷ്ടിച്ചതെങ്കില്‍ കാര്യത്തിന്റെ കാരണം ഇന്നതായിരിക്കണമെന്ന് നിശ്ചയിച്ചതും അല്ലാഹു തന്നെയാകുന്നു. കാര്യങ്ങളും കാരണങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചതെങ്കില്‍ ഇന്ന കാര്യത്തിന്റെ കാരണം ഇന്നതായിരിക്കണമെന്ന് നിശ്ചയിച്ചതും അല്ലാഹു തന്നെയാകുന്നു. കാര്യങ്ങളും കാരണങ്ങളും അല്ലാഹുവിന്റെ ഇഛയനുസരിച്ചും ശക്തിക്ക് വിധേയമായും അവന്റെ വിധിക്കനുരോധവുമായാണ്. ഒരു വസ്തുവിന്റെ കാരണത്തെ ദുര്‍ബലപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അതവന്‍ ദുര്‍ബലപ്പെടുത്തിയിരിക്കും; അഗ്നികുണ്ഠം ഇബ്‌റാഹീം നബിക്ക് രക്ഷയും തണുപ്പുമായതുപോലെ. കാരണങ്ങളുടെ ശക്തി അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ അവയുടെ പ്രവര്‍ത്തനം തടയാന്‍ അവന് കഴിയും.

വസ്തുക്കളുടെ സ്വാഭാവിക ധര്‍മത്തെ തടയാതെ അവയെ പ്രവര്‍ത്തിക്കാന്‍ വിടുക എന്നതും അല്ലാഹുവിന്റെ ഹിതാനുസൃതമായിരിക്കും. എല്ലാം ചെയ്യുന്നത് അല്ലാഹുതന്നെ. ഇതൊന്നും തൗഹീദിന്റെ താല്‍പര്യങ്ങളെ ബാധിക്കുന്നതല്ല.5
കാര്യങ്ങളും കാരണങ്ങളും തമ്മില്‍ ഖുര്‍ആന്‍ ഒട്ടേറെ സൂക്തങ്ങളില്‍ ബന്ധപ്പെടുത്തി പറയുന്നുണ്ട്. ഉദാ:
وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ
'നിങ്ങള്‍ക്ക് ഏതൊരാപത്ത് ബാധിച്ചാലും അത് നിങ്ങളുടെ കൈകള്‍ സമ്പാദിച്ചതിന്റെ ഫലമായിട്ടു തന്നെയാണ്' (ശൂറാ: 30).
وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ
'ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു' (അഅ്‌റാഫ് 96).

فَبِمَا نَقْضِهِم مِّيثَٰقَهُمْ لَعَنَّٰهُمْ وَجَعَلْنَا قُلُوبَهُمْ قَٰسِيَةً
'അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു' (മാഇദ: 13).
ഇപ്രകാരം അല്ലാഹു പ്രപഞ്ചവ്യവസ്ഥയെ കാരണങ്ങളെ ആധാരമാക്കിയാണ് സംവിധാനിച്ചിരിക്കുന്നത്. ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: അല്ലാഹു കാര്യങ്ങളെ കാരണങ്ങളുമായി നിയമ(ശര്‍അ്)പരമായും വിധി(ഖദ്ര്‍)പരമായും ബന്ധപ്പെടുത്തിയിരിക്കുന്നു. മതപരവും ശര്‍ഈപരവും പ്രാപഞ്ചികവുമായ എല്ലാറ്റിലും കാരണങ്ങളെ തന്റെ യുക്തിയുടെ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു. പ്രപഞ്ച നടത്തിപ്പിലെ കാരണങ്ങളെയും ശക്തികളെയും രീതികളെയും നിഷേധിക്കുന്നത് അനിവാര്യമായ സത്യങ്ങളെ നിഷേധിക്കലാണ്, മനുഷ്യബുദ്ധിയെ കൊച്ചാക്കലാണ്. പഞ്ചേന്ദ്രിയങ്ങളുടെ പേരിലുള്ള അഹങ്കാരവും ശര്‍ഇനെയും പ്രതിഫലത്തെയും നിഷേധിക്കലുമാണ്. മനുഷ്യരുടെ ഭൗതിക-പാരത്രിക ജീവിതങ്ങളും രക്ഷാ-ശിക്ഷകളും വിധി-വിലക്കു പരിധികളും പ്രായശ്ചിത്തങ്ങളും ശാസനാ നിരോധങ്ങളും അനുവദനീയതാ-നിരോധനങ്ങളുമെല്ലാം കാരണങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നല്ല, സ്വന്തം നിലയില്‍ മനുഷ്യനും അവന്റെ വിശേഷണങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം അവനില്‍നിന്നുണ്ടാവുന്നവയുടെ കാരണമാണ്. എല്ലാ സൃഷ്ടികള്‍ക്കും അവയുടേതായ കാര്യങ്ങളും അവക്കാധാരമായ കാരണങ്ങളുമുണ്ട്. ശരീഅത്ത് മുഴുവന്‍ കാര്യങ്ങളും കാരണങ്ങളുമാണ്, ഖദ്‌റുകള്‍ മുഴുക്കെ കാര്യങ്ങളും കാരണങ്ങളുമാണ്. അതിനാല്‍ തന്നെ കാരണങ്ങള്‍ ശര്‍ഇന്റെ പരിധിയില്‍ വരുന്നവയാണ്. ഖുര്‍ആനില്‍ എത്രയോ സ്ഥലങ്ങളില്‍ കാരണങ്ങളെ സ്ഥാപിക്കുന്നുണ്ട്. ഉദാ:  'നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍'بِمَا كُنْتُم تَعْلَمُون (മാഇദ 105). بِمَا كُنْتُم تَكْسِبُون 'നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനാല്‍' (യൂനുസ് 52). ذَلِكَ بِمَا قَدّمَتْ يَدَاك 'അത് നിന്റെ ഇരുകൈകളും മുന്‍കൂട്ടി ചെയ്തതിനാലാണ്' (ഹജ്ജ് 10).
فَبِمَا كَسَبَتْ أَيْدِيكُمْ
 'നിങ്ങളുടെ കരങ്ങള്‍ സമ്പാദിച്ചതിനാല്‍' (ശൂറാ 30).

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ
'കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക' (ഹാഖഖ 24).
جَزَآءً وِفَاقًا '(കര്‍മങ്ങള്‍ക്ക്) അനുയോജ്യമായ പ്രതിഫലം' - നബഅ് 26).
അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിധി(ഹുക്മ്)യുടെ സ്ഥാനത്താണ് കാരണങ്ങള്‍. വിധി(ഹുക്മ്) അല്ലാഹുവിന്റെ ശര്‍ത്വാണ്. പ്രപഞ്ച ഘടനയിലെയും നടത്തിപ്പിലെയും കാരണങ്ങള്‍ അല്ലാഹുവിന്റെ ഖദ്‌റിന്റെ ഭാഗമാണ്. രണ്ടും (ഹുക്മും ഖദ്‌റും) അല്ലാഹുവിന്റെ സൃഷ്ടിയാണ്, ശാസനയാണ്. അല്ലാഹുവിനാണ് സൃഷ്ടിയും ശാസനയും. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമില്ല. അവന്റെ വിധിക്ക് മാറ്റമില്ല. വിധി(ഖദ്‌റ്)യുമായി ബന്ധപ്പെട്ട കാരണങ്ങള്‍ക്ക് നിയമങ്ങളുണ്ട്. അവക്ക് വിരുദ്ധമായി അല്ലാഹു പ്രവര്‍ത്തിക്കുന്നില്ല. അതായത്, കാര്യങ്ങളെ കാരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവന്‍ പ്രവര്‍ത്തിക്കുന്നത്. അതേപോലെ, ശര്‍ഈ കാരണങ്ങളെ അവ എന്തിനായാണോ നിശ്ചയിച്ചിരിക്കുന്നത് അതില്‍നിന്ന് അതിനെ അവന്‍ മാറ്റിനിര്‍ത്തുന്നില്ല. അത് അല്ലാഹുവിന്റെ നടപടിയുടെ ഭാഗമാണ്. എന്നാല്‍, കല്‍പനകള്‍ മനുഷ്യരാല്‍ ചിലപ്പോള്‍ ധിക്കരിക്കപ്പെടും. എന്നാല്‍ വിധി(ഖദ്ര്‍)പരമായ അല്ലാഹുവിന്റെ നടപടിക്രമം പ്രാപഞ്ചിക നിയമം മാറാത്തതുപോലെ മാറ്റങ്ങള്‍ക്ക് വിധേയമേയല്ല.
فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا  
'അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല' (ഫാത്വിര്‍ 43).

ഇമാം ഗസ്സാലി എഴുതുന്നു:
'കാരണങ്ങളെ കാരണങ്ങളായി നിശ്ചയിച്ചവന്‍ (അല്ലാഹു) കാര്യങ്ങളെ കാരണങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അത് അവന്റെ യുക്തിയുടെ പ്രകടനമെന്ന നിലയിലാണ് - രോഗങ്ങള്‍ക്ക് മരുന്നുകള്‍ നിശ്ചയിച്ചത് മറ്റു കാരണങ്ങളെ പോലെത്തന്നെ അല്ലാഹുവിന്റെ വിധി(ഹുക്മ്)ക്കുവിധേയമായാണ്.'7

ഇമാം ശാത്വിബി എഴുതുന്നു:
കാരണങ്ങള്‍ അനുയോജ്യമാംവിധം പ്രവര്‍ത്തിക്കാതിരിക്കുകയോ അവയുടെ ഉപാധികള്‍ പൂര്‍ത്തിയാകാതിരിക്കുകയോ ചെയ്താല്‍ അത് കല്‍പന ബാധകമാവുന്ന മനുഷ്യന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അവയിലൂടെ സംഭവിക്കേണ്ട കാര്യങ്ങള്‍ സംഭവിക്കുകയില്ല; കാരണം, കാര്യങ്ങള്‍ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല.
ഉപാധികള്‍ പൂര്‍ത്തിയാവുകയും തടസ്സങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് കാര്യകാരണങ്ങള്‍ തമ്മില്‍ സഹവര്‍ത്തിക്കുന്നത്. ഉപാധികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കാരണം ശര്‍ഈ കാരണമാവുകയില്ല. ഉപാധികളും തടസ്സങ്ങള്‍ നീങ്ങലും കാരണങ്ങളുടെ ഘടകങ്ങളോ അല്ലയോ എന്നത് നമ്മെ സംബന്ധിച്ചേടത്തോളം ഒരുപോലെയാണ്. ഫലം ഒന്നുതന്നെ.8 ചുരുക്കത്തില്‍, ഇസ്‌ലാമിക വീക്ഷണത്തില്‍ കാര്യങ്ങള്‍ കാരണങ്ങളുമായി നിയമ(ശര്‍ത്വ്)പരമായും വിധി(ഖദ്ര്‍)പരമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാര്യങ്ങള്‍ കാരണങ്ങളില്ലാതെ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നത് ശരിയല്ല. കാരണങ്ങളില്ലാതെ ലക്ഷ്യങ്ങളിലെത്തുമെന്ന് കരുതുന്നത് നിഷ്ഫലമാണ്.
وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا
'വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്' (ത്വലാഖ് 3). അതായത്, അല്ലാഹു എല്ലാ വസ്തുക്കളുടെയും കാരണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു എന്നര്‍ഥം.9

സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'എല്ലാ വസ്തുക്കള്‍ക്കും അവയുടേതായ അളവുകളും കാലവും സ്ഥലവും സാഹചര്യങ്ങളും ഫലങ്ങളും കാരണങ്ങളുമു്. ഒന്നും യാദൃഛികമല്ല, അലക്ഷ്യമല്ല. മനുഷ്യനും അവന്റെ ജീവിതവും തഥൈവ. ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ വലിയൊരു ഭാഗം നിലനില്‍ക്കുന്നത് ആ മഹദ് യാഥാര്‍ഥ്യത്തിലാണ്.'10

ശൈഖ് റശീദ് രിദാ എഴുതുന്നു: 'പ്രപഞ്ച സൃഷ്ടിപ്പിന്റെ വ്യവസ്ഥയിലും, സാമൂഹിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യര്‍ക്ക് നല്‍കിയ മാര്‍ഗദര്‍ശനത്തിലുമെല്ലാം കാര്യങ്ങളും അവയുടെ കാരണങ്ങളും തമ്മില്‍ ക്രമാനുസൃതം ഒത്തുപോകുന്ന നടപടിക്രമങ്ങള്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നു. അത് ആരുടെയെങ്കിലും താല്‍പര്യത്തിനുവേണ്ടി മാറ്റപ്പെടില്ല. ശരീര- ആത്മാവു ലോകങ്ങളില്‍ അത് പൊതുവായി പാലിക്കപ്പെടുന്നു. പല സുന്നത്തുകളിലും ഇത് 'സുനന്‍' എന്ന പദപ്രയോഗത്തിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.'11

ശൈഖ് അഹ്‌മദുല്‍ മറാഗി എഴുതുന്നു: 'ശര്‍ഈ നിയമങ്ങള്‍ പാലിക്കലും പ്രാപഞ്ചികവും സാമൂഹികവുമായ നിയമങ്ങള്‍ പാലിക്കലുമാണ് ശരിയായ തവക്കുലിന്റെ ഉപാധികള്‍. കാര്യങ്ങളിലെത്തിച്ചേരാനുള്ള കാരണങ്ങള്‍ അഥവാ വഴികള്‍ അഗണ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ അജ്ഞതയാല്‍ വഞ്ചിതരായവരാണ്. അയാള്‍ക്ക് തവക്കുലിന്റെ പ്രതിഫലം ലഭിക്കില്ല. ഉഹുദ് യുദ്ധത്തില്‍ സ്വഹാബിമാരുമായി കൂടിയാലോചിക്കാന്‍ പറഞ്ഞ അല്ലാഹു നബി(സ)യോട് പറയുന്നു:
فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ
'നീ തീരുമാനിച്ചുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക.' ഉപാധികള്‍ കൈക്കൊണ്ട ശേഷമാണ് തീരുമാനമെടുക്കേണ്ടത്.

ഉഹുദില്‍ നബി(സ) രണ്ട് പടയങ്കി ധരിച്ചിരുന്നു. മറ്റു സൈനിക സന്നാഹങ്ങളും ചെയ്തിരുന്നു. അക്കാലത്ത് നടപ്പുണ്ടായിരുന്ന രീതിയില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.'12
ചുരുക്കത്തില്‍, കാരണങ്ങളെ മാത്രം പരിഗണിക്കുന്നത് തൗഹീദിന്റെ ലംഘനമാണ്. കാരണങ്ങള്‍ കാരണങ്ങളാകുന്നതിനെ നിരാകരിക്കുന്നത് ബുദ്ധിമോശമാണ്, കാരണങ്ങളെ മൊത്തമായിത്തന്നെ അവഗണിക്കുന്നത് ശരീഅത്തുവിരുദ്ധമാണ്. താഴെ സൂക്തങ്ങള്‍ പോലുള്ളവ ഇക്കാര്യം അനിഷേധ്യമായി തെളിയിക്കുന്നുണ്ട്:
وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا
'ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും' (ബഖറ: 164). (കാര്യം: ഭൂമി കൃഷിയോഗ്യമായി. കാരണം: മഴ)
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ
'അല്ലാഹു തന്റെ പൊരുത്തം നേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു' (മാഇദ 16).
(കാര്യം: സമാധാനത്തിന്റെ വഴികളിലെത്തുക, കാരണം: അല്ലാഹുവിന്റെ പൊരുത്തം തേടുക).

അല്ലാഹു കാരണങ്ങള്‍ ഉപാധിയാക്കിയല്ല പ്രവര്‍ത്തക്കുന്നതെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ഖുര്‍ആന് വിരുദ്ധമാണ്. ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും കാരണങ്ങളെ ആധാരമാക്കിയാണ് അല്ലാഹുവിന്റെ പ്രവൃത്തികള്‍ എന്ന് സ്ഥാപിക്കുന്നു. നാം നെറ്റിയും കണ്ണും വേര്‍തിരിച്ചു കാണുന്നത് അവയിലൊന്നിന് മറ്റേതിനില്ലാത്ത പ്രത്യേകതയുള്ളതിനാലാണ്. റൊട്ടിയും ചരല്‍ക്കല്ലും രണ്ടും രണ്ടാണെന്ന് നാം മനസ്സിലാക്കുന്നതും അതുപോലെത്തന്നെ.

മനുഷ്യരുടെ പ്രവൃത്തികള്‍ അവയെ തുടര്‍ന്നുണ്ടാവുന്ന ഫലങ്ങളുടെ കാരണങ്ങളാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെയും യഥാര്‍ഥ ദൈവഭക്തരെ കുറ്റവാളികളെ പോലെയും സമീകരിച്ചുകാണുന്നത് അജ്ഞതയാണ്, കടുത്ത സത്യനിഷേധമാണ്. ഇബാദത്തുകളും പ്രാര്‍ഥനകളും നല്ല വിജ്ഞാനങ്ങളും ഇതര സല്‍ക്കര്‍മങ്ങളുമെല്ലാം മോക്ഷത്തിന്റെ നിദാന കാരണങ്ങളാണ്. സത്യനിഷേധവും അധര്‍മവും ദൈവധിക്കാരവും ദൗര്‍ഭാഗ്യങ്ങള്‍ക്ക് നിദാന ഹേതുക്കളുമാണ്.'13
കാര്യങ്ങളുടെ കാരണങ്ങളെ നിരാകരിക്കുന്നതോ പ്രവര്‍ത്തിപ്പിക്കുന്നതോ മനുഷ്യരല്ല, മനുഷ്യരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുകയാണ് എന്നത് വിധിവിഹിത സിദ്ധാന്തി(ജബരിയ്യ)കളുടെ വാദമാണ്- ഈ വാദമനുസരിച്ച് മനുഷ്യന് ചരിത്രത്തിലോ സമൂഹത്തിലോ ജീവിതത്തില്‍തന്നെയോ ഒന്നും ചെയ്യാനില്ല. മനുഷ്യന്‍ കുളിപ്പിക്കപ്പെടുന്ന മൃതദേഹം പോലെ കിടന്നു കൊടുത്താല്‍ മാത്രം മതി. തന്നെയുമല്ല കാരണങ്ങളെ നിഷേധിക്കുന്നത് തവക്കുലിനെയും വിധിയെയും നിഷേധിക്കലുമാണ്.
ചുരുക്കത്തില്‍, അല്ലാഹുവിന്റെ അനുവാദത്തോടെ കാരണങ്ങള്‍ മാധ്യമങ്ങളായി കാര്യങ്ങള്‍ ഉണ്ടാവുന്നു. ശര്‍ഈ പ്രമാണങ്ങളില്‍നിന്ന് ഇതാണ് നമുക്ക് മനസ്സിലാകുന്നത്. ജബരിയ്യ-മുഅ്തസില വിഭാഗങ്ങളുടെ വാദങ്ങളുടെ മധ്യേയുള്ള നിലപാടാണിത്.

കാര്യകാരണങ്ങളെന്ന നടപടിച്ചട്ടത്തിന്റെ പ്രയോഗവല്‍ക്കരണം ഖുര്‍ആനില്‍
അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ അവന്റെ വചനങ്ങളിലും പ്രപഞ്ചത്തിലെ അവന്റെ പരിപാലനത്തിലും ഉള്ളടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാം നിസ്തുലമാംവിധം അവയുമായി ഇഴുകിച്ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആകാശഭൂമികളെ മുഴുവന്‍ അവന്‍ മനുഷ്യര്‍ക്കായി അധീനപ്പെടുത്തിത്തന്നിരിക്കുന്നു. മനുഷ്യരിലെതന്നെ ചിലര്‍ മറ്റു മനുഷ്യരുടെ ആശ്രിതരായാണല്ലോ ജീവിക്കുന്നത്. പ്രപഞ്ചത്തിലെ സകല അണുക്കളുമായി ഇഴുകിച്ചേര്‍ന്ന് അവയെപ്പോലെത്തന്നെ അല്ലാഹുവിന് വിധേയമായി ജീവിക്കാനാണ് അവന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് അവയനുസരിച്ച് ജീവിതം ചിട്ടപ്പെടാനും അല്ലാഹുവെപ്പറ്റിയുള്ള അറിവ് വര്‍ധിക്കാനും സഹായിക്കും. എന്തും എത്രയും വേഗം സൃഷ്ടിക്കാന്‍ കഴിയുന്ന സര്‍വശക്തനായ അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിക്കാന്‍ ആറുനാളുകളെടുത്തതു തന്നെ നടപടിക്രമങ്ങളെക്കുറിച്ച് മനുഷ്യര്‍ക്ക് ആഴത്തില്‍ ബോധ്യം വരാനാണ്.

ഉപാധികള്‍ സ്വീകരിക്കാന്‍ പ്രേരണ
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ﴿٥﴾ وَصَدَّقَ بِٱلْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُۥ لِلْيُسْرَىٰ ﴿٧﴾ وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ﴿٨﴾ وَكَذَّبَ بِٱلْحُسْنَىٰ ﴿٩﴾ فَسَنُيَسِّرُهُۥ لِلْعُسْرَىٰ ﴿١٠﴾
'ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉന്നതമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്' (ലൈല്‍ 5-10).

സല്‍ക്കര്‍മങ്ങളെ ഉപാധികളാക്കി ഭൗതിക രക്ഷയും പാരത്രിക മോക്ഷവും നേടാനാണ് ഇതിലൂടെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ദുഷിച്ച നിലപാടുകള്‍ രണ്ടു ലോകത്തെയും നാശഹേതുക്കളാണെന്നും പഠിപ്പിക്കുന്നു. ഇബ്‌നുതൈമിയ്യ എഴുതുന്നു: 'അല്ലാഹു കാരണങ്ങള്‍ക്കും ഉപാധികള്‍ക്കും വിധേയമായാണ് വസ്തുക്കളെ സൃഷ്ടിച്ചിരിക്കുന്നത്. പ്രതിഫലവും കാരുണ്യവും പാപമോചനവും ലഭിക്കാനാവശ്യമായ മാര്‍ഗങ്ങളും ഉപാധികളും അവന്‍ നിശ്ചയിച്ചിരിക്കുന്നു. അവന്റെ ശാസനാ നിരോധങ്ങളെ അഗണ്യമാക്കി ലക്ഷ്യത്തിലെത്താമെന്ന് മോഹിക്കുന്നവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.'14
ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'കാരണങ്ങളെയും ഉപാധികളെയും ഉപജീവിച്ചു ജീവിക്കാനാണ് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം നിരാകരിക്കുന്നവര്‍ അല്ലാഹുവിന്റെ കല്‍പനക്കു വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. അവയെ നിരാകരിക്കാന്‍ മുസ് ലിംകള്‍ക്കെങ്ങനെയാണ് കഴിയുക?'15

വിജയോപാധികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കും, നിങ്ങളുടെ പാദങ്ങളെ അവന്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും' (മുഹമ്മദ് 7).
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
'സത്യവിശ്വാസികളേ, നിങ്ങള്‍ (ശത്രു) സംഘത്തെ കണ്ടാല്‍ ഉറച്ചുനില്‍ക്കുക, അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക, നിങ്ങള്‍ വിജയിച്ചേക്കാം' (അന്‍ഫാല്‍ 45).
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
'അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്കു പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി- നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണമായ ഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല' (അന്‍ഫാല്‍ 60).
അല്ലാഹുവിനുള്ള സഹായവും അവന്റെ കല്‍പനകള്‍ അനുസരിക്കുന്നതും നിരോധനങ്ങള്‍ വെടിയുന്നതും യുദ്ധവേളകളില്‍ ശക്തമായി നിലയുറപ്പിക്കുന്നതും അല്ലാഹുവിനെ സ്മരിക്കുന്നതും ഭൗതികവും ആത്മീയവുമായ സന്നാഹങ്ങളുമെല്ലാം ഉപാധികളാകുമ്പോഴാണ് അല്ലാഹുവിന്റെ സഹായം നമുക്ക് ലഭ്യമാവുക.
തവക്കുലിന്റെ പേരില്‍ ഉപാധികള്‍ അവഗണിക്കുന്നത് ശര്‍ഇനെക്കുറിച്ചറിയാത്തതുകൊണ്ടോ, ബുദ്ധിയില്ലായ്മയോ കാരണമാണ്. തവക്കുലിന്റെ സ്ഥാനം ഹൃദയമാണ്. ഉപാധികള്‍ ഉപയോഗിക്കേണ്ടത് ശരീരാവയവങ്ങള്‍ കൊണ്ടാണ്. സത്യവിശ്വാസി രണ്ടും സംയോജിപ്പിക്കണം. രണ്ടും അനുപേക്ഷ്യമാണ്. തവക്കുല്‍ ചെയ്ത ഒരാള്‍ അതോടൊപ്പം അതിനാവശ്യമായ ഭൗതികോപാധികള്‍ സ്വീകരിക്കാതെ തന്റെ ലക്ഷ്യം നഷ്ടപ്പെടുത്തിയാല്‍ അതിന്റെ പേരില്‍ അയാള്‍ മതപരമായും ബുദ്ധിപരമായും ആക്ഷേപിക്കപ്പെടും. അതേസമയം, അല്ലാഹുവിനെ മറന്നും ഭൗതികോപാധികള്‍ സ്വീകരിക്കാതെയും ലക്ഷ്യം നേടാതെ പോയാല്‍ അയാള്‍ വ്യഥചിത്തനായി മാറും. തവക്കുല്‍ ചെയ്തിരുന്നുവെങ്കില്‍ ക്ഷമയും സ്ഥിരചിത്തതയും അയാള്‍ക്ക് തുണയാകുമായിരുന്നു. അതുകൊണ്ടാണ് ഖുര്‍ആനില്‍ ക്ഷമയെയും തവക്കുലിനെയും ചേര്‍ത്തു പറഞ്ഞിരിക്കുന്നത്:
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
'അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്' (ഇബ്‌റാഹീം 12).
സയ്യിദ് ഖുത്വ്ബ് എഴുതുന്നു:

''എല്ലാ കാര്യങ്ങളും മുമ്പും ശേഷവും അല്ലാഹുവിനു തന്നെ. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് ഉപാധികളില്ല. ഫലം ഉദ്ദേശിക്കുന്ന അല്ലാഹുവിന്റെ ഇഛ തന്നെയാണ് ഉപാധികളെ പ്രവര്‍ത്തിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ വിജയത്തെ, അല്ലാഹുവിന്റെ ഇഛയുമായും ഉപാധികളുമായും ബന്ധിപ്പിക്കുന്നതില്‍ വൈരുധ്യമില്ല. പ്രപഞ്ചത്തെ ചരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥകളെല്ലാം നിരുപാധികമായ ദൈവികേഛയില്‍നിന്ന് ഉത്ഭൂതമാകുന്നവയാണ്. പ്രഞ്ചത്തിലെ എല്ലാതരം നടപടിക്രമങ്ങളും ഈ ഇഛയുടെ ഭാഗമാണ്. അവക്കെല്ലാം കൃത്യവും സ്ഥിരവുമായ അടിസ്ഥാനങ്ങള്‍ വേണമെന്നതും അവന്റെ തന്നെ നിശ്ചയമാണ്. അല്ലാഹുവിന്റെ നിരുപാധികമായ ഇഛയുടെ തേട്ടമായ നടപടിക്രമങ്ങളുടെ സ്വാഭാവിക ഫലമായാണ് ജയപരാജയങ്ങള്‍ ഉണ്ടാകുന്നത്.
ഇസ്‌ലാമിക വിശ്വാസ സംഹിത ഈ മേഖലയില്‍ വളരെ വ്യക്തമായ നിലപാടാണ് അവതരിപ്പിക്കുന്നത്. അതനുസരിച്ച് എല്ലാം അല്ലാഹുവിലാണ് ചെന്നുനില്‍ക്കുന്നത്. എങ്കിലും ദൃശ്യലോകത്ത് അവയുടെ ഫലങ്ങള്‍ പ്രകൃതിയുപാധികളിലൂടെയാണ് പ്രത്യക്ഷീഭവിക്കുന്നത്. മദീനാ പള്ളിയുടെ ചാരെ ഒട്ടകത്തെ കെട്ടാതെ വിട്ട ശേഷം നമസ്‌കരിക്കാനെത്തിയ ഗ്രാമീണനായ അറബിയോട്, 'അതിനെ കെട്ടിയ ശേഷം തവക്കുല്‍ ചെയ്യുക' എന്ന് നബി(സ) പറഞ്ഞത് ശ്രദ്ധേയമാണല്ലോ.''16 ഉപാധികള്‍ സ്വീകരിക്കുന്നതോടൊപ്പം ഉപാധികളാണ് കാര്യങ്ങള്‍ സാധിക്കുന്നതെന്ന് വിശ്വസിക്കാത്ത സത്യവിശ്വാസി എല്ലാം ഉപാധികളുടെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടക്കുന്നു. ചില വ്യക്തികളുടെയും സമൂഹങ്ങളുടെയും ചരിത്രം വിവരിച്ചുകൊണ്ട് ഇക്കാര്യം ഖുര്‍ആന്‍ സ്ഥാപിക്കുന്നു്.

യൂസുഫ് നബിയും ഗോതമ്പു സംഭരണവും
കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ നടപടിക്രമങ്ങളെ മനസ്സിലാക്കാന്‍ നല്ലൊരുദാഹരണമാണ് യൂസുഫ് നബിയുടെ സംഭവം.
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ ﴿٤٦﴾ قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ ﴿٤٧﴾ ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ ﴿٤٨﴾ ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ ﴿٤٩﴾
''(അവന്‍ -യൂസുഫ് നബിയുടെ ര് ജയില്‍ സുഹൃത്തുക്കളിലൊരാള്‍- യൂസുഫിന്റെ അടുത്ത് ചെന്ന് പറഞ്ഞു). ഹേ; സത്യസന്ധനായ യൂസുഫ്, തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്ക് വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ. അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക- പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍ അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ചുവെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍നിന്ന് അല്‍പം ഒഴികെ. പിന്നീടതിനു ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും'' (യൂസുഫ് 46-49).

പ്രതീക്ഷിത ക്ഷാമകാലം നേരിടാനായി മുന്‍കൂട്ടിത്തന്നെ ഭക്ഷ്യവിഭവങ്ങള്‍ സംഭരിച്ചുവെക്കാനാവശ്യമായ നടപടികള്‍ യൂസുഫ് നബി സ്വീകരിക്കുകയുണ്ടായി. അതിനായി രാജ്യനിവാസികളെ സജ്ജരാക്കി. പൂര്‍ണമായ പദ്ധതി തയാറാക്കി. ശേഷം ഈജിപ്തിലെ എല്ലാ പൗരന്മാരെയും കര്‍മരംഗത്തിറക്കി. 'നിങ്ങള്‍ കൃഷിചെയ്യുക' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ഉപഭോഗം കുറച്ച് ഉല്‍പാദനം കൂട്ടുക എന്നതാണ് അതിനദ്ദേഹം സ്വീകരിച്ച രീതി. പ്രതിസന്ധികളും അവിചാരിത സാഹചര്യങ്ങളും അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ സാധാരണ നിലപാടുകളല്ല സ്വീകരിക്കുക, അസാധാരണ നടപടികളായിരിക്കും. ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ വിദഗ്ധമായ ഇടപെടലുകള്‍ ആവശ്യമായി വരും.17

യൂസുഫ് നബിയുടെ ക്ഷേമപദ്ധതിയെ മൂന്നുഘട്ടങ്ങളായി തിരിക്കാം:
1. 'ഏഴു വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുക' (യൂസുഫ് 47).
2. 'അതിനു ശേഷം ഏഴു വര്‍ഷം ക്ഷാമകാലമായിരിക്കും' (യൂസുഫ് 48).
3. അതിനു ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടും (യൂസുഫ് 49).
ഒന്നാം ഘട്ടത്തില്‍ വമ്പിച്ച തോതില്‍ ഉല്‍പാദനം നടക്കണം. വിളവിന്റെ ഉപഭോഗം പരമാവധി കുറച്ച് മിച്ചമുള്ളത് സംഭരിച്ചുവെക്കണം. ക്ഷാമകാലത്തെ നേരിടാന്‍ അദ്ദേഹം കണ്ടത് കൃഷിയാണ്. അതുതന്നെ ഏഴു വര്‍ഷം തുടരണം. അശ്രാന്തപരിശ്രമം വേണം. കൊയ്‌തെടുക്കുന്നവ കതിരുകളില്‍ തന്നെ സൂക്ഷിക്കണം.

'കതിരുകളില്‍ സൂക്ഷിക്കുക' എന്ന ആശയം ഖുര്‍ആന്റെ അമാനുഷികതയും ഖുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹുവിന്റെ കഴിവും എടുത്തുകാണിക്കുന്നു. വ്യത്യസ്ത ജീവിത മേഖലകളുമായി ബന്ധപ്പെട്ട് അല്ലാഹു യൂസുഫ് നബിക്ക് നല്‍കിയ ജ്ഞാനത്തെ അടയാളപ്പെടുത്തുന്നു. കതിരുകളില്‍ സൂക്ഷിക്കപ്പെടുന്ന ഗോതമ്പ് കീടങ്ങളുടെ ആക്രമണത്തിന് വിധേയമാകില്ലെന്ന് ആധുനിക ശാസ്ത്രം പറയുന്നു.18
ഏഴു വര്‍ഷം കഠിനമായി അധ്വാനിച്ച് മിതമായ ഉപഭോഗത്തോടൊപ്പം സംഭരിച്ചുവെക്കുന്ന ഗോതമ്പ് ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന കൊടിയ ക്ഷാമത്തിന് പരിഹാരമാവുന്നു. എല്ലാ പൗരന്മാരുടെയും വായകളിലേക്കെത്തുംവിധം അതിസൂക്ഷ്മമായി അവയുടെ വിതരണം നിര്‍വഹിക്കപ്പെടുന്നു. ക്ഷാമകാലത്തിനു ശേഷമുള്ള കൃഷിയാവശ്യത്തിനും വിത്ത് കരുതിവെക്കേണ്ടതുണ്ട്.

യൂസുഫ് നബിയുടെ നിര്‍ദേശം വലിയൊരു ക്ഷേമപദ്ധതിയായിരുന്നു. അത് വിജയിക്കാന്‍ വിശദമായ പ്ലാന്‍ ആവശ്യമാണ്. അതില്‍ ഭരണ വൃത്തങ്ങളുടെയും സാമഗ്രികളുടെയും മാനവവിഭവത്തിന്റെയും നടപടിക്രമങ്ങളുടെയും കാലനിര്‍ണയത്തിന്റെയും ബജറ്റിന്റെയും പങ്ക് വലുതാണ്. ഖുര്‍ആന്‍ നന്നെ ചുരുങ്ങിയ വാചകങ്ങളില്‍ അതൊതുക്കിയെങ്കിലും ആധുനിക ഭരണ നിര്‍വഹണ സംവിധാനങ്ങളോട് കിടപിടിക്കുന്ന നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുക എന്നത് സൂക്തങ്ങളില്‍നിന്ന് വ്യക്തം. അല്ലെങ്കിലും മനുഷ്യനെന്നത് അവന്റെ സ്വത്വത്തിന്റെയും ഉള്ളടക്കത്തിന്റെയും പേരാണെന്നത് ഖുര്‍ആന്റെ അധ്യാപനമാണല്ലോ. മനുഷ്യന്‍ ആന്തരികമായി പരിവര്‍ത്തിതനാവാതെ ബാഹ്യമായി നന്നാവില്ലെന്നത് അവിതര്‍ക്കിതമാണല്ലോ.

യൂസുഫ് നബി മുന്നോട്ടുവെച്ച ആശയത്തിന്റെ കേന്ദ്രബിന്ദു മനുഷ്യവിഭവമാണ്. ക്ഷേമകാലത്തിന്റെ മുന്നുപാധി അധ്വാനിക്കാന്‍ തയാറുള്ള മനുഷ്യരാണ്. ഏതു പദ്ധതിയും നടപ്പിലാകണമെങ്കില്‍ അതിനു പറ്റിയ മനുഷ്യര്‍ വേണം.
മനുഷ്യരുമായുള്ള ഇടപഴക്കം എങ്ങനെയാകണമെന്നതിന്റെ മാതൃകാപരമായ നിലപാടാണ് ജയില്‍പുള്ളികളുമായി തൗഹീദ് വിഷയകമായി നടത്തിയ സംഭാഷണം. നാഗരികതയുടെ സന്നാഹവും നവോത്ഥാന ചാലകശക്തിയും പരിപാടികള്‍ നടപ്പില്‍ വരുത്തേണ്ടവനുമായ മനുഷ്യനെ തൗഹീദും അല്ലാഹുവിന്റെയും പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും യാഥാര്‍ഥ്യങ്ങളും പഠിപ്പിക്കേണ്ടതുണ്ടെന്നും യൂസുഫ് നബിയുടെ ചരിത്രം പഠിപ്പിക്കുന്നു.19

രാഷ്ട്രീയവും സാമ്പത്തികവുമായ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ അവ യഥാര്‍ഥവും സത്യസന്ധവുമായ ഉറച്ച ബോധ്യങ്ങള്‍ക്കനുസൃതമായിരിക്കണം. പ്രായോഗികമായി വിജയിപ്പിച്ചെടുക്കാനാവാത്ത കേവല ഭാവനകള്‍ മാത്രം ഉണ്ടായാല്‍ പോരാ. യൂസുഫ് നബി ആദ്യം വരാന്‍ പോകുന്ന ക്ഷാമകാലത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. അത് അവിടത്തെ ജനങ്ങളെ വര്‍ധിതവീര്യരായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലും പ്രായോഗിക നടപടികളിലൂടെയുമായിരുന്നു.20 അതുവഴി ഈജിപ്തുകാരെ മാത്രമല്ല, അയല്‍രാജ്യക്കാരെയും പ്രതീക്ഷിത ദുരിതത്തില്‍നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

നൂഹ് നബിയും കപ്പല്‍ നിര്‍മാണവും
അല്ലാഹു പറയുന്നു:
فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ إِنَّهُم مُّغْرَقُونَ ﴿٢٧﴾
അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: 'നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചുകൊള്ളുക. അങ്ങനെ നമ്മുടെ കല്‍പ്പന വരുകയും അടുപ്പില്‍നിന്ന് ഉറവപൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍നിന്നും രണ്ടു ഇണകളെയും നിന്റെ കുടുംബത്തെയും നീ അതില്‍ കയറ്റിക്കൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചുപോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്' (മുഅ്മിനൂന്‍: 27).
പ്രളയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാധ്യമവും നിലവിലെ ദുഷ്ടജനങ്ങള്‍ നശിച്ചൊടുങ്ങിയ ശേഷം ആരോഗ്യപൂര്‍ണമായ പുതിയൊരു സമൂഹത്തെ സൃഷ്ടിക്കാനുള്ള 'മനുഷ്യവിത്തി'ന്റെ സൂക്ഷിപ്പിടവുമായിരുന്നു കപ്പല്‍. കപ്പല്‍ നൂഹ് നബി തന്നെ നിര്‍മിക്കണമെന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം. രക്ഷപ്പെടാന്‍ മാധ്യമവും ഉപാധിയും വേണം. അത് അല്ലാഹു നേരിട്ട് ലഭ്യമാക്കുന്നതിനു പകരം നൂഹ് നബി തന്നെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കട്ടെ എന്നായിരുന്നു ദൈവനിശ്ചയം. ആവശ്യമായ സഹായം അല്ലാഹു നല്‍കി എന്നത് മറ്റൊരു വശം. വിശ്രമമനസ്‌കര്‍ക്ക് സഹായം ലഭ്യമല്ല. നൂഹ് രണ്ടാം 'മനുഷ്യപിതാവാ'കാനായിരുന്നു അല്ലാഹുവിന്റെ വിധി.
കൊടും നിഷേധികള്‍ മുക്കിക്കൊല്ലപ്പെട്ടു. അനുഗ്രഹത്തിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കണമെന്ന് അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു:
فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ ﴿٢٨﴾ وَقُل رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ ﴿٢٩﴾
''അങ്ങനെ നീ(നൂഹ്)യും നിന്റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക; അക്രമകാരികളില്‍നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനു സ്തുതി. 'എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍' എന്നും പറയുക'' (മുഅ്മിനൂന്‍: 28,29). 
(മൊറോക്കോയിലെ ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ലേഖകന്‍)
(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പുകള്‍
1. لسان العرب، ابن منظور 458/1
2. المفردات في غريب القرآن / بصائر ذوي التمييز في لطائف الكتاب العزيز، الفيروزابادي 3/159
3. التعريفات ، الجرجاني ص: 12
4. البحر المحيط في أصول الفقه 247/1
5. شفاء العليل ص: 189
6. إعلام الموقعين عن ربّ العالمين، ابن القيّم 336/3
7. إحياء علوم الدّين 285/4
8. الموافقات في أصول الشريعة 345/1
9. التحرير والتنوير، ابن عاشور 313/28
10. في ظلال القرآن 3601/6
11. تفسير المنار 198/11
12. تفسير المراغي 7-6/9
13. مجموع الفتاوى، ابن تيميّة 176-175/8
14. مجموع الفتاوى 530/8
15. مدارج السالكين 443/3
16. سنن الترمذي ح 2517 (حسن صحيح)
17. تبصير المؤمنين بفقه النصر والتّمكين فى القرآن الكريم، الصّلاّبي: ص : 327
18. تفسير الشعراوي 6977/11
19. فقه النصر والتمكين في القرآن الكريم ص: 329
20. فقه النّصر والتمكين - ص: 331

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top