പൗരത്വം; ഇസ്‌ലാമിക സാമൂഹിക ക്രമത്തില്‍
അബ്ദുല്‍ വാസിഅ്
പൗരത്വം, പൗരന് ലഭിക്കേണ്ട വ്യക്തിപരമായ ആനുകൂല്യങ്ങളും അവകാശങ്ങളും, പൗരത്വത്തിന്റെ മാനദണ്ഡം തുടങ്ങിയ വൈജ്ഞാനിക വ്യവഹാരങ്ങള്‍ സജീവമായിത്തുടങ്ങിയത് ആധുനിക ദേശരാഷ്ട്ര വ്യവസ്ഥകളുടെ ആവിര്‍ഭാവത്തിന് ശേഷമാണ്. മധ്യകാല നൂറ്റാണ്ടുകളില്‍ ക്രൈസ്തവത യൂറോപ്പ് ഭരിച്ചത് പോലെ മുന്‍കാലത്ത് സാമൂഹികക്രമങ്ങളെ വ്യവസ്ഥപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളില്‍ മുഖ്യം മതം തന്നെയായിരുന്നു. ലോകത്ത് അക്കാലത്ത് അറിയപ്പെട്ടിരുന്ന നാഗരികതകളെല്ലാം ഏതെങ്കിലും പ്രത്യേക മതത്തിലേക്ക് ചേര്‍ത്തു തന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നത്. റോം ക്രൈസ്തവരിലേക്ക് ചേര്‍ക്കപ്പെട്ടപ്പോള്‍, പേര്‍ഷ്യ അഗ്നിയാരാധകരായിരുന്ന മജൂസികളിലേക്കാണ് ചേര്‍ക്കപ്പെട്ടത്. ഇതിനോട് ചേര്‍ന്നു തന്നെയാണ് പ്രവാചക നേതൃത്വത്തില്‍ മദീന കേന്ദ്രമാക്കി ഇസ്‌ലാമിക നാഗരികതയും രൂപപ്പെട്ടത്. കൃത്യമായ രാഷ്ട്രാതിര്‍ത്തികളോ ഭരണക്രമമോ ഭരണഘടനയോ ഇല്ലാതിരുന്ന അക്കാലത്ത് ഭരണനേതൃത്വം നല്‍കുന്ന മതത്തിന്റെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമാണ് പൊതുജനങ്ങള്‍ക്ക് മേല്‍ നടപ്പാക്കപ്പെട്ടിരുന്നത്.
തീര്‍ത്തും ഭിന്നമായ സാഹചര്യമാണ് ആധുനിക ലോകത്തുള്ളത്. നാസ്തികരുടെ ഭാഷയില്‍ 'മതത്തിന്റെ ചങ്ങലക്കെട്ടുകളി'ല്‍നിന്ന് സ്വതന്ത്രമായ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളാണ് ഭരണക്രമം കൈയാളുന്നത്. മതേതരമെന്ന് ഉറക്കെ പ്രഖ്യാപിച്ച, ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിവെച്ച ഇരുപതോളം രാഷ്ട്രങ്ങള്‍ (അവയില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്), തങ്ങളുടെ ദേശീയ പതാകയില്‍ ക്രൈസ്തവ മതവിശ്വാസത്തിന്റെ കുരിശ് വഹിക്കുന്നുവെന്നത് മറ്റൊരു കാര്യം. എന്തുതന്നെയായാലും മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ നേതൃത്വം നല്‍കുന്ന ആധുനിക ലോകക്രമത്തില്‍ രാഷ്ട്രം, പൗരത്വം, പൗരത്വ മാനദണ്ഡം, പൗരാവകാശം തുടങ്ങിയവയെക്കുറിച്ച മതങ്ങളുടെ, വിശിഷ്യാ ഇസ്‌ലാമിന്റെ വീക്ഷണം ആസൂത്രിതമായി തന്നെ ചര്‍ച്ചക്ക് വിഷയീഭവിക്കാറുണ്ട്. സന്തുലിതമായ ഒരു സാമൂഹികക്രമം വിഭാവന ചെയ്യുന്ന ഒരേയൊരു മതദര്‍ശനം ഇസ്‌ലാമായതുകൊണ്ടും, ഭരണക്രമത്തില്‍ പ്രത്യയശാസ്ത്രങ്ങളുടെ പ്രതിപക്ഷത്ത് നില്‍ക്കാനും ലോകം തേടുന്ന വ്യവസ്ഥ സമര്‍പ്പിക്കാനും പ്രാപ്തിയുള്ളതുകൊണ്ടുമാണ് പൊതുവെ മതങ്ങളെക്കുറിച്ച് തുടങ്ങുന്ന മേല്‍സൂചിപ്പിച്ച ചര്‍ച്ചകളൊക്കെയും ഇസ്‌ലാമില്‍ ചെന്നുചേരുന്നത്.
ഇസ്‌ലാമിക വ്യവസ്ഥിതിയിലെ പൗരത്വത്തെക്കുറിച്ച ചര്‍ച്ചക്ക് നിലവില്‍ മറ്റൊരു തലം കൂടിയുണ്ട്. കേന്ദ്ര ഭരണകൂടം ആവിഷ്‌കരിക്കുകയും പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്ത പൗരത്വഭേദഗതി ബില്ലിനെ തുടര്‍ന്ന് രൂപപ്പെട്ട സവിശേഷ സാഹചര്യമാണത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക്, വിശിഷ്യാ മുസ്‌ലിംകള്‍ക്ക് വിരുദ്ധമായ പൗരത്വ ബില്ലിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ്, പ്രതിഷേധസ്വരങ്ങളെ ദുര്‍ബലപ്പെടുത്താനെന്ന വിധം ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ ഇതര മതസ്ഥര്‍ക്ക് പൗരത്വമില്ലെന്ന പ്രചാരണങ്ങള്‍ രംഗത്തു വരുന്നത്. തിരുദൂതരി(സ)ല്‍നിന്നുള്ള ചില ഹദീസുകള്‍ ഉദ്ധരിച്ച് ജൂത-ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളെ നാടുകടത്താനുള്ള കല്‍പന അവിടുന്ന് നല്‍കിയെന്നും, ഇത്രമാത്രം അസഹിഷ്ണുത പുലര്‍ത്തുന്ന മതാനുയായികള്‍ക്ക് അര്‍ഹിക്കുന്ന നിയമമാണ് പൗരത്വഭേദഗതി ബില്ലെന്നും പറയാതെ പറയുകയാണ് ഇതിനു പിന്നിലുള്ളവര്‍ ഉദ്ദേശിക്കുന്നത്. തീര്‍ത്തും തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ ഉദ്ധരിക്കപ്പെടുന്ന മേല്‍സൂചിപ്പിച്ച ഹദീസുകളെക്കുറിച്ച പ്രാമാണിക വിശകലനം നിലനില്‍ക്കുന്ന സാഹചര്യം അനിവാര്യമാക്കുന്നുവെന്ന് ചുരുക്കം.
ഇതര മതസ്ഥരെ 'ജസീറത്തുല്‍ അറബി'ല്‍(അറേബ്യന്‍ ഉപദ്വീപ്)നിന്ന് നാടുകടത്തണം എന്ന ആശയമുള്ള ഹദീസുകള്‍ പ്രധാനമായും രണ്ട് തരമാണ്. അവയില്‍ ഒന്നാമത്തേത് തിരുദൂതരു(സ)ടെ വസ്വിയ്യത്തിന്റെ ഭാഗമായി മേല്‍കല്‍പന ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ്. ഇവ തന്നെയും വ്യത്യസ്തമായ രണ്ട് ആശയങ്ങളെ വഹിക്കുന്നവയാണ്. ജൂത-ക്രൈസ്തവരെ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കണമെന്ന് കുറിക്കുന്ന റിപ്പോര്‍ട്ടുകളും, ബഹുദൈവ വിശ്വാസികളെയാണ് പുറത്താേക്കണ്ടത് എന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകളും ഇവയില്‍ കാണാവുന്നതാണ്.
ജൂത-ക്രൈസ്തവരെ പുറത്താക്കണമെന്ന റിപ്പോര്‍ട്ടുകള്‍ മിക്കവാറും പ്രവാചകപത്‌നി ഉമ്മുസലമയില്‍ നിന്നും ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍നിന്നുമുള്ളവയാണെങ്കില്‍, ബഹുദൈവ വിശ്വാസികളുമായി ബന്ധപ്പെട്ടവ ഉദ്ധരിക്കപ്പെട്ടത് ഇബ്‌നു അബ്ബാസി(റ)ല്‍നിന്നാണ്. ഉമ്മുസലമഃ(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് ഇപ്രകാരമാണ്: തിരുദൂതര്‍(സ) മരണവേളയില്‍ ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു: 'യഹൂദര്‍ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കപ്പെടേണ്ടതുണ്ട്'. ഇബ്‌നു ജുറൈജില്‍നിന്നുള്ള മുര്‍സലായ ഹദീസില്‍ (ഹിജാസിന്റെ മണ്ണില്‍ ഒരു യഹൂദനോ ക്രൈസ്തവനോ അവശേഷിക്കരുത്) എന്നാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ജാബിറു ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു: ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) എന്നെ അറിയിച്ചു; അദ്ദേഹം തിരുദൂതര്‍(സ) ഇപ്രകാരം അരുള്‍ ചെയ്യുന്നതായി കേട്ടുവത്രെ: തീര്‍ച്ചയായും ഞാന്‍ ജൂത-ക്രൈസ്തവരെ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കുന്നതാണ്. അവിടെ മുസ്‌ലിമല്ലാത്ത ആരും അവശേഷിക്കുകയില്ല' (മുസ്‌ലിം).
ഇമാം മുസ്‌ലിമും ബുഖാരിയും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിച്ച ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇതിന് വിരുദ്ധമാണ്. സഈദുബ്‌നു ജുബൈര്‍(റ) പറയുന്നു: ഇബ്‌നു അബ്ബാസ് പറഞ്ഞു: വ്യാഴാഴ്ച, എന്തൊരു ദിനം! ഇത്രയും പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. ഞാന്‍ ചോദിച്ചു 'ഇബ്‌നു അബ്ബാസ്, എന്താണ് വ്യാഴാഴ്ചക്ക് അദ്ദേഹം പറഞ്ഞു: ''തിരുദൂതര്‍(സ)ക്ക് രോഗം ഗുരുതരമായ ദിനം. അവിടുന്ന് അരുളി: 'നിങ്ങള്‍ എനിക്ക് എഴുതാനുള്ളത് തരിക. എനിക്കു ശേഷം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാന്‍ ഞാന്‍ എഴുതിത്തരാം'. അപ്പോള്‍ അവിടെയുള്ളവര്‍ പരസ്പരം തര്‍ക്കിച്ചു, തിരുദൂതരുടെ അടുത്ത് പാടില്ലാത്തതായിരുന്നു അത്. അവര്‍ പറഞ്ഞു 'അദ്ദേഹത്തിന് എന്തു പറ്റി, അദ്ദേഹം വേണ്ടെന്നുവെച്ചോ?' അവിടുന്ന് പറഞ്ഞു: 'നിങ്ങളെന്നെ ഞാന്‍ ഇപ്പോഴുള്ളതുപോലെ വിട്ടേക്കുക, ഞാന്‍ നിങ്ങളോട് മൂന്ന് കാര്യങ്ങള്‍ വസ്വിയ്യത്ത് ചെയ്യുന്നു: ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കുക, ഞാന്‍ സ്വീകരിച്ചിരുന്നതുപോലെ പ്രതിനിധിസംഘങ്ങളെ സ്വീകരിക്കുക'. മൂന്നാമത്തേതിനെക്കുറിച്ച് ഇബ്‌നു അബ്ബാസ് മൗനം പാലിച്ചു, അല്ലെങ്കില്‍ ഞാന്‍ മറന്നുവെന്ന് പറഞ്ഞു (ബുഖാരി: 3053, മുസ്‌ലിം: 1637).
മേലുദ്ധരിക്കപ്പെട്ട ഹദീസുകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാവുന്ന സുപ്രധാനമായ ആശയങ്ങള്‍ താഴെ ചേര്‍ക്കാവുന്നതാണ്:
1. രണ്ടു വിഭാഗങ്ങളില്‍പെട്ട രിവായത്തുകള്‍ പരസ്പരവിരുദ്ധമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. അവയില്‍ ഒരു വിഭാഗം പ്രവാചക വസ്വിയ്യത്ത് വേദക്കാര്‍ക്ക് ബാധകമെന്ന് വിധിക്കുമ്പോള്‍, മറ്റുള്ളവ ബഹുദൈവ വിശ്വാസികളെയാണ് പരാമര്‍ശിക്കുന്നത്. മരണസന്ദര്‍ഭത്തില്‍ തിരുദൂതര്‍(സ) വിശ്വാസികള്‍ക്ക് നല്‍കിയ സുപ്രധാനമായ വസ്വിയ്യത്ത് പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ നല്‍കുക എന്നത് അസംഭവ്യമാണ്. സ്വാഭാവികമായും ഈ റിപ്പോര്‍ട്ടുകളൊക്കെയും മുന്നോട്ടു വെക്കുന്ന ആശയത്തില്‍ അവ്യക്തതയും നിഗൂഢതയുമുണ്ടെന്നര്‍ഥം.
ഇമാം ത്വഹാവി(റ) തന്റെ 'ശര്‍ഹ് മുശ്കിലുല്‍ ആസാര്‍' എന്ന ഗ്രന്ഥത്തില്‍ ജൂതക്രൈസ്തവരെ ജസീറത്തുല്‍ അറബില്‍നിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹദീസിനെക്കുറിച്ച് ഒരു തലക്കെട്ട് തന്നെ ചേര്‍ത്തിട്ടുണ്ട്. അതിന് താഴെ അദ്ദേഹം കുറിക്കുന്നത് ഇപ്രകാരമാണ്: ഈ ഹദീസില്‍ തിരുദൂതര്‍(സ) സൂചിപ്പിച്ച നാടുകടത്തല്‍ ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ അദ്ധ്യായത്തില്‍ നാം മുമ്പ് ഉദ്ധരിച്ചതു പ്രകാരം, അവിടുന്ന് ജൂത-ക്രൈസ്തവരെയാണ് പുറത്താക്കാന്‍ കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ അതിനു വിരുദ്ധമായി ഈ റിപ്പോര്‍ട്ടുകളില്‍ ബഹുദൈവ വിശ്വാസികളെയാണ് പരാമര്‍ശിക്കുന്നത്. ഈ ഹദീസിന്റെ പരമ്പരയില്‍പെട്ട ഇബ്‌നു ഉയൈനക്ക് സംഭവിച്ച പിഴവായിരിക്കാം ഇതെന്ന് നാം ഭയപ്പെടുന്നു. അദ്ദേഹം തന്റെ ഓര്‍മയില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നയാളാണ്. അദ്ദേഹം ജൂത-ക്രൈസ്തവരുടെ സ്ഥാനത്ത് ബഹുദൈവ വിശ്വാസികളെ പരാമര്‍ശിച്ചതായിരിക്കാം.
2. ഇബ്‌നു അബ്ബാസി(റ)ല്‍നിന്നുള്ള ഹദീസില്‍ തിരുദൂതര്‍(സ) മൂന്ന് കാര്യങ്ങള്‍ വസ്വിയ്യത്ത് ചെയ്തുവെന്നും അവയിലൊന്നാണ് ബഹുദൈവ വിശ്വാസികളെ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കണമെന്ന കല്‍പനയെന്നും പറയുന്നു. എന്നാല്‍ മൂന്നാമത്തെ കാര്യം അദ്ദേഹം മറന്നുപോവുകയും ചെയ്തിരിക്കുന്നു. മുഴുവന്‍ വസ്വിയ്യത്തുകളുടെയും ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്ന കാര്യമാണിത്. പ്രവാചകന്റെ വസ്വിയ്യത്ത് പോലുള്ള ഗൗരവമര്‍ഹിക്കുന്ന കാര്യങ്ങളില്‍ മറവി സംഭവിക്കുകയും, ഓര്‍മയോടെ പരാമര്‍ശിച്ചവയില്‍ തന്നെ വേദക്കാരെയാണോ ബഹുദൈവ വിശ്വാസികളെയാണോ സൂചിപ്പിച്ചതെന്ന് ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യുകയെന്നത് തീര്‍ത്തും അസാധാരണമാണ്. ഇനി ഇവ വ്യത്യസ്തമായ വസ്വിയ്യത്തുകളെയാണ് കുറിക്കുന്നതെങ്കില്‍ 'തിരുദൂതര്‍(സ) അവസാനമായി സംസാരിച്ചത്' എന്ന ഹദീസ് പരാമര്‍ശങ്ങള്‍ ആ സാധ്യതയെയും നിരാകരിക്കുന്നവയാണ്.
3. തിരുദൂതരു(സ)ടെ മരണത്തിന് തൊട്ടു മുമ്പാണ് ഈ വസ്വിയ്യത്ത് നല്‍കുന്നത്. അതായത് ഇസ്‌ലാമിക ശരീഅത്ത് പൂര്‍ത്തിയായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന അല്‍മാഇദഃ അധ്യായം അവതീര്‍ണമാവുകയും, ഹജ്ജത്തുല്‍ വദാഇല്‍നിന്ന് തിരുദൂതര്‍(സ) മടങ്ങുകയും ചെയ്തതിനു ശേഷം. ശരീഅത്ത് പൂര്‍ണമായി എന്ന പ്രഖ്യാപനം ദീനില്‍ ഇനി ഒന്നും അപൂര്‍ണമായി അവശേഷിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന കാര്യങ്ങള്‍ തിരുദൂതര്‍(സ) ഹജ്ജത്തുല്‍ വദാഇല്‍ വിശദീകരിക്കുകയും ചെയ്തു. അതിനാല്‍തന്നെ തിരുദൂതര്‍(സ) മരണവേളയില്‍ നല്‍കിയ വസ്വിയ്യത്ത് ശര്‍ഈ മുഖത്തോട് കൂടിയുള്ളവയായിരുന്നില്ല, മറിച്ച് നയതന്ത്രപരമായ തലത്തിലുള്ളവയായിരുന്നു എന്ന വ്യാഖ്യാനമാണ് കൂടുതല്‍ ഉചിതമായി തോന്നുന്നത്. മാത്രവുമല്ല, പ്രസ്തുത വസ്വിയ്യത്തില്‍ ഉദ്ധരിക്കപ്പെട്ട രണ്ടാമത്തെ കാര്യം, അഥവാ നയതന്ത്ര പ്രതിനിധികളെ സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നുവെന്നത് ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുകയും ചെയ്യുന്നു.
ഇവ്വിഷയകമായി അവശേഷിക്കുന്ന റിപ്പോര്‍ട്ടുകളില്‍ രണ്ടാമത്തെ തരം ഇബ്‌നു അബ്ബാസ്, അബൂഹുറൈറ, ആഇശ(റ) മുതലായവരില്‍നിന്നുള്ളവയാണ്. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) അരുള്‍ ചെയ്തു; 'ജസീറത്തുല്‍ അറബില്‍ രണ്ട് മതങ്ങള്‍ ഒരുമിക്കുകയില്ല'. ആഇശ(റ) പറയുന്നു 'റസൂല്‍(സ) അവസാനമായി ചെയ്ത കരാര്‍ 'ജസീറത്തുല്‍ അറബില്‍ രണ്ട് മതങ്ങള്‍ ഒരുമിക്കുകയില്ല' എന്നതായിരുന്നു (മുസ്‌നദ് അഹ്‌മദ്).
ഉമര്‍(റ) ഖൈബര്‍ നിവാസികളെയും, മറ്റൊരിക്കല്‍ നജ്‌റാന്‍ നിവാസികളെയും കുടിയൊഴിപ്പിച്ച വേളയില്‍ സൂചിപ്പിക്കപ്പെട്ട ഹദീസുകളാണ് ഇവ. ഉമറിന്റെ ഈ നടപടി തിരുദൂതരു(സ)ടെ തന്നെ പ്രവൃത്തികള്‍ക്ക് വിരുദ്ധമാണ്. തിരുദൂതര്‍(സ) ഖൈബറിലെ യഹൂദരോട് കരാര്‍ ചെയ്തതായി കുറിക്കുന്ന ധാരാളം രിവായത്തുകളുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ഉമര്‍(റ) ഖൈബറിലെ ജനങ്ങള്‍ക്കിടയില്‍ എഴുന്നേറ്റു നിന്ന് പ്രസംഗിച്ചു: 'റസൂല്‍(സ) ഖൈബറിലെ യഹൂദരോട് അവരുടെ സ്വത്തിന്റെ മേല്‍ കരാര്‍ ചെയ്തു കൊണ്ട് പറഞ്ഞു; 'അല്ലാഹു നിങ്ങള്‍ക്ക് അംഗീകരിച്ചതൊക്കെയും ഞങ്ങള്‍ നിങ്ങള്‍ക്ക് അനുവദിച്ചുതന്നിരിക്കുന്നു' (ബുഖാരി 2643).
ബുഖാരിയിലെ മേലുദ്ധരിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് യഹൂദരെയോ ക്രൈസ്തവരെയോ നാടുകടത്തുകയെന്നത് ശര്‍ഈപരമായ നിയമമായിരുന്നില്ല എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ തിരുദൂതര്‍(സ) ഖൈബറിലെ യഹൂദരോട് കരാര്‍ ചെയ്യുമായിരുന്നില്ല. അതിനാല്‍തന്നെ പ്രസ്തുത സമീപനം പ്രത്യേകമായ സാഹചര്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ഭരണനയതന്ത്രമായിരുന്നുവെന്ന വീക്ഷണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ചുരുക്കത്തില്‍, വിശ്വാസപരമോ ശര്‍ഈപരമോ ആയ അടിത്തറയില്‍ രൂപപ്പെട്ട സമീപനമായിരുന്നില്ല ഇതര മതസ്ഥരെ ജസീറത്തുല്‍ അറബില്‍നിന്ന് പുറത്താക്കുക എന്നത്. തിരുദൂതര്‍(സ) മദീനയിലേക്ക് ഹിജ്‌റ ചെയ്ത വേളയില്‍ ബനൂ ഖൈനുഖാഅ്, ബനുന്നദീര്‍, ബനൂഖുറൈളഃ തുടങ്ങിയ മൂന്ന് ജൂതഗോത്രങ്ങള്‍ അവിടെയുണ്ടായിരുന്നു. അവരുമായി തിരുദൂതര്‍(സ) കരാര്‍ ചെയ്യുകയും അവരോട് ചേര്‍ന്ന് ജീവിക്കുകയുമാണ് ചെയ്തത്. എന്നാല്‍ യഹൂദ ഗോത്രങ്ങള്‍ തിരുദൂതരുമായുണ്ടാക്കിയ കരാറുകള്‍ ലംഘിക്കുകയും അതേതുടര്‍ന്ന് അവിടുന്ന് ആദ്യം ബനൂ ഖൈനുഖാഇനെയും ശേഷം ബനുന്നദീറിനെയും നാടുകടത്തുകയും ബനൂഖുറൈളഃയിലെ പുരുഷന്മാരെ വധിക്കുകയും ചെയ്തു. അവശേഷിച്ചിരുന്നത് ഖൈബറിലെ യഹൂദരായിരുന്നു. ഖൈബര്‍ വിജയവേളയില്‍ തിരുദൂതര്‍(സ) അവരോട് സന്ധി ചെയ്യുകയും, അവിടത്തെ വിളകളുടെ പകുതി മുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന് കരാറിലെത്തുകയും ചെയ്തു. ഇക്കാര്യം ബുഖാരി (2286), മുസ്‌ലിം (1551) വ്യക്തമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.
ഖൈബറിലെ യഹൂദര്‍ പ്രവാചകകാലത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു. തിരുദൂതരുടെ മേലുദ്ധരിച്ച വസ്വിയ്യത്തിനു ശേഷം അബൂബക്‌റി(റ)ന്റെ ഖിലാഫത്തിലും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ പ്രാരംഭത്തിലും അവരവിടെ തന്നെ ഉണ്ടായിരുന്നു. റസൂല്‍(സ) മരണവേളയില്‍ നല്‍കിയ ഗൗരവാര്‍ഹമായ വസ്വിയ്യത്ത് നടപ്പാക്കുന്നതില്‍ മഹാനായ ഖലീഫ അബൂബക്ര്‍(റ) അലംഭാവം കാണിച്ചുവെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. മാത്രവുമല്ല, അബൂബക്ര്‍(റ) നടപ്പാക്കാതിരുന്ന വേളയില്‍ സ്വഹാബികളില്‍ ഒരാളും അതേക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്നതും അത്ഭുതമുളവാക്കുന്നതാണ്! ഇക്കാര്യം ഇമാം ബദ്‌റുദ്ദീനുല്‍ ഐനി തന്റെ 'ഉംദതുല്‍ ഖാരിഅ്' എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം വിവരിക്കുന്നുണ്ട്: 'മുസ്‌ലിംകള്‍ യഹൂദരെ പരാജയപ്പെടുത്തിയതിനു ശേഷം തിരുദൂതര്‍(സ) ഖൈബറിലെ യഹൂദരോട് കരാറിലേര്‍പ്പെട്ട്, അവിടത്തെ ഭൂപരിപാലനം അവരെ ഏല്‍പിച്ചത് നിങ്ങള്‍ കണ്ടില്ലേ. അതു തന്നെയാണ് അബൂബക്ര്‍ സ്വിദ്ദീഖും(റ) ഖൈബറിലെ യഹൂദരോടും നജ്‌റാനിലെ ക്രൈസ്തവരോടും ചെയ്തത്.'
ഇവ്വിഷയകമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ചര്‍ച്ച 'ജസീറത്തുല്‍ അറബ്' എന്ന പ്രയോഗത്തെക്കുറിച്ചുള്ളതാണ്. ഇതിന്റെ വിവക്ഷയുടെ കാര്യത്തില്‍ പൂര്‍വസൂരികള്‍ക്കിടയില്‍ കാര്യമായ അഭിപ്രായവ്യത്യാസം തന്നെയുണ്ട്. യമനിലെ അദന്‍ മുതല്‍ ഇറാഖിലെ പ്രാന്തപ്രദേശങ്ങള്‍ വരെ നീളവും, ജിദ്ദയും അതിനോട് അനുബന്ധിച്ച കടലോര പ്രദേശവും മുതല്‍ ശാം പ്രവിശ്യ വരെ വീതിയുമുള്ള വിശാലമായ ഭൂപ്രദേശങ്ങളാണ് ജസീറത്തുല്‍ അറബ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പ്രമുഖ ഭാഷാപണ്ഡിതനായിരുന്ന അസ്വ്മഈ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇമാം അഹ്‌മദുബ്‌നു ഹന്‍ബലി(റ)ല്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായം ഇതില്‍നിന്ന് ഭിന്നമാണ്. മദീനയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളും മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്നും, ഒരു ഖലീഫയും യമനില്‍നിന്നോ മറ്റോ ഇതര മതസ്ഥരെ വിലക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ മക്ക, മദീന, യമാമഃ, യമന്‍ തുടങ്ങിയവയാണ് അതിന്റെ പരിധി എന്നാണ് ഇമാം മാലികിന്റെ അഭിപ്രായം. പ്രാരംഭത്തില്‍ ഉദ്ധരിച്ച ഹദീസുകളുടെ വൈരുധ്യം കാരണം 'ജസീറത്തുല്‍ അറബി'ന്റെ വിശദീകരണത്തില്‍ യോജിച്ച ഒരു തീരുമാനത്തിലെത്താന്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
യമന്‍ ഭാഷാപരമായി 'ജസീറത്തുല്‍ അറബി'ന്റെ ഭാഗമാണെങ്കില്‍ പോലും ഒരു ഖലീഫയും അവിടത്തെ ഇതര മതസ്ഥരെ നാടുകടത്തിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഒരു റിപ്പോര്‍ട്ട് പ്രകാരം നജ്‌റാനിലെ ക്രൈസ്തവര്‍ അലി(റ)യുടെ അടുത്ത് വന്ന് പറഞ്ഞു: 'നിയമം താങ്കളുടെ കൈയിലാണുള്ളത്. ശിപാര്‍ശ നടത്താനും താങ്കള്‍ക്ക് മാത്രമേ കഴിയൂ. ഉമര്‍ ഞങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കിയിരിക്കുന്നു. അതിനാല്‍ താങ്കള്‍ ഞങ്ങളെ അവിടേക്ക് തിരിച്ചയച്ചാലും'. അപ്പോള്‍ അലി(റ) പറഞ്ഞു: 'ഉമര്‍(റ) തന്റെ വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ചെയ്തത് ഞാന്‍ ഒരിക്കലും മാറ്റുകയില്ല' (ബൈഹഖി, 10, 120).
നജ്‌റാന്‍ ഹിജാസിന്റെ ഭാഗമല്ലെന്ന് മനസ്സിലാക്കണം. എന്നിട്ടും ഉമര്‍(റ) അവിടത്തെ നിവാസികളെ നാടുകടത്തിയത് തിരുദൂതരോ(സ)ട് അവര്‍ ചെയ്ത കരാറുകള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു. ഉമര്‍(റ)ഖിലാഫത്ത് ഏറ്റെടുക്കുന്ന വേളയില്‍ ഖൈബറിലും നജ്‌റാനിലും ഹിജറിലും ജൂത-ക്രൈസ്തവരുണ്ടായിരുന്നു. ഇക്കാലത്താണ് മുസ്‌ലിം സമൂഹം പേര്‍ഷ്യയും ശാമും കീഴടക്കുന്നത്. പിന്നീട് ഈജിപ്ത്, സൈപ്രസ് തുടങ്ങി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ മൂന്ന് ഭൂഖണ്ഡങ്ങളിലും മുസ്‌ലിംകള്‍ എത്തിയിരുന്നു. ഇക്കാലയളവില്‍ മേല്‍പ്രദേശങ്ങളില്‍നിന്നും ഉമര്‍(റ) ആരെയും നാടുകടത്തിയിട്ടില്ല. പിന്നീട് ഖൈബറിലെ യഹൂദരെയും നജ്‌റാനിലെ ക്രൈസ്തവരെയും റസൂലി(സ)നോടെടുത്ത കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നാടുകടത്തി. യമനിലുള്ളവരെ അവിടെ തന്നെ നിലനിര്‍ത്തി (അഹ്കാമു അഹ്‌ലിദ്ദിമ്മ: 1175).
തിരുദൂതരുടെ വചനം വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു സ്വഹാബികള്‍. ജസീറത്തുല്‍ അറബില്‍ പ്രവേശിച്ചതിന്റെ പേരില്‍ ഏതെങ്കിലും യഹൂദനെയോ ക്രൈസ്തവനെയോ വധിച്ച ചരിത്രം ഇസ്‌ലാമിക പൈതൃകത്തില്‍ ഇല്ല. എന്നാല്‍ പ്രസ്തുത പ്രമാണങ്ങളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര പണ്ഡിതവീക്ഷണങ്ങള്‍ക്ക് മറ്റൊരു തലമാണുള്ളത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആധുനിക ദേശരാഷ്ട്ര സങ്കല്‍പത്തിനുള്ളില്‍നിന്ന്, അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച അന്വേഷണങ്ങള്‍ക്കിടയില്‍ വെച്ച് പതിനാല് നൂറ്റാണ്ട് മുമ്പുള്ള തീര്‍ത്തും ഭിന്നമായ സാമൂഹിക സാഹചര്യത്തിലെ നിയമങ്ങള്‍ വായിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നതിലെ പോരായ്മയാണ്, പ്രസ്തുത പണ്ഡിതാഭിപ്രായങ്ങളുടെ ശരിതെറ്റുകളെക്കുറിച്ച ബോധ്യങ്ങളേക്കാള്‍ വിമര്‍ശകര്‍ക്കുണ്ടായിരിക്കേണ്ടത്.