ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ ശൂറകള്‍ പകര്‍ന്ന വെളിച്ചം
അബ്ദുല്‍ ഹകീം നദ്‌വി
ജമാഅത്തെ ഇസ്‌ലാമി സ്വയം വിശേഷിപ്പിക്കുന്നത് പോലെ ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ്. അവിഭക്ത ഇന്ത്യയില്‍ രൂപീകൃതമായ ജമാഅത്തെ ഇസ്‌ലാമി നിലവില്‍ ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിനുപുറമെ, പാക്കധീന കശ്മീരിലും ജമ്മു കശ്മീരിലും സ്വന്തമായ നയനിലപാടുകളും പ്രവര്‍ത്തന പദ്ധതികളുമായി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തികച്ചും സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ ആറ് സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യന്‍ ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയതിനാല്‍ കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ല. അതത് രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സാഹചര്യങ്ങളും സാധ്യതകളും പരിഗണിച്ച് വ്യത്യസ്തമായ നയപരിപാടികളുമായാണ് ഓരോ രാജ്യത്തും ജമാഅത്ത് പ്രവര്‍ത്തിച്ചുവരുന്നത്. പ്രവര്‍ത്തന ശൈലിയിലും നിലപാടുകളിലും നയസമീപനങ്ങളിലും ഇവ പരസ്പരം ഭിന്നമാണെങ്കിലും ആദര്‍ശ ലക്ഷ്യങ്ങളിലുള്ള സമാനതയാണ് പ്രവര്‍ത്തന രംഗത്തെ വൈവിധ്യങ്ങള്‍ക്കിടയിലും അവയെ ഒന്നിപ്പിക്കുന്ന ഘടകം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ സ്ട്രാറ്റജികളും നയനിലപാടുകളും തുടര്‍ച്ചയായി സ്വീകരിക്കേണ്ടി വരും. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ ബാധ്യസ്ഥമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളോടാണ് അവ സംവദിക്കുന്നത്. മനുഷ്യ സമൂഹം അനുഭവിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഭൂതകാലത്തിന്റെ ഗൃഹാതുരത്വത്തില്‍ ഉടക്കി നില്‍ക്കാനാകില്ല. ചരിത്രത്തെ അതേപടി പുനഃപ്രതിഷ്ഠിക്കാനുമാകില്ല. അടിസ്ഥാന ആദര്‍ശ ഭൂമികയില്‍ കാലൂന്നി പുതിയ കാലത്തെ രചനാത്മകമായി ധൈര്യസമേതം അഭിമുഖീരിക്കേണ്ടതായി വരും. പ്രത്യക്ഷത്തില്‍ ഭൂതകാലത്തോട് ഏറ്റുമുട്ടുന്നതെന്ന് ശത്രുക്കള്‍ക്ക് വിമര്‍ശിക്കാന്‍ സാധിക്കുന്നത്ര മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. കാല ദേശങ്ങള്‍ക്കതീതമായി മനുഷ്യ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഇസ്‌ലാമിനെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത്. സാഹചര്യങ്ങളില്‍ എത്രതന്നെ മാറ്റങ്ങളുണ്ടായാലും, സാധ്യതകളില്‍ എത്ര പ്രതിബന്ധങ്ങള്‍ കടന്നുകൂടിയാലും സ്തംഭിച്ച് നില്‍ക്കുവാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കാകില്ല. ഭൗതിക ദര്‍ശനങ്ങള്‍ തിമിര്‍ത്താടുന്ന ലോകത്ത് ഇസ്‌ലാമിന്റെ ഇടം നിര്‍ണയിക്കുന്നതില്‍ എക്കാലത്തും ഇസ് ലാമിക പ്രസ്ഥാനങ്ങളാണ് നിര്‍ണായക പങ്കുവഹിച്ചത്. ഇന്നും അതങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചലനാത്മകമായിരിക്കും. കാലവ്യത്യാസങ്ങളില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നദി പോലെയാണത്. ഏതു സാഹചര്യത്തിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കര്‍മനിരതരായിരിക്കും. ഒരേസമയം പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ശൈലിയിലും രൂപത്തിലും സ്ഥലകാല വ്യതിയാനങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യും. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമിയും അറബ് ലോകത്തെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും മറ്റു രാജ്യങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളും ഇസ്‌ലാമിക പ്രസ്ഥാനമെന്ന നിലക്കുള്ള ഇത്തരം പൊതു സവിശേഷതകള്‍ പങ്കിടുന്നു.
അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് 80 വര്‍ഷം പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ട് എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍ സംഭവ ബഹുലമാണ്. വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനമെടുത്ത തീരുമാനങ്ങള്‍ വിപ്ലവകരവും ധീരവുമായിരുന്നു. അഭ്യന്തര ശൈഥില്യങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കും വരെ കാരണമായേക്കാവുന്ന തീരുമാനങ്ങള്‍ പ്രസ്ഥാനത്തിന് ചില സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരം വെല്ലുവിളികളെ മുഴുവനും അതിജീവിച്ച് ഇസ്‌ലാമിക പ്രസ്ഥാനം തലയെടുപ്പോടെ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് സഹായകമാകുന്ന ധാരാളം ഘടകങ്ങളുണ്ട്. അതിലൊന്ന് വ്യക്തവും നിര്‍ണിതവുമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് അവയെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെ. പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിന് ഓരോ സാഹചര്യങ്ങളിലും ആവശ്യമായ നയനിലപാടുകളും തന്ത്രങ്ങളും രൂപപ്പെടുത്താന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരായിരിക്കും. കാലാതിവര്‍ത്തിയും സമസ്യകളുടെ പൂരണവുമായ ഇസ്‌ലാം എന്ന ദൈവിക ദര്‍ശനത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് ലോകത്തെവിടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതിനാല്‍ തന്നെ അല്ലാഹുവിന്റെ ഇടപെടലുകളും സഹായങ്ങളും അതിന്റെ കൂടെയുണ്ടായിരിക്കും. എങ്കിലും മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങള്‍ ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ക്കും സ്വാഭാവികമായും സംഭവിക്കാം. അതിനെ മറികടക്കാന്‍ സാധിക്കുമ്പോഴാണ് പ്രതിസന്ധികളെ വകഞ്ഞുമാറ്റി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാനാകുക. അല്ലെങ്കില്‍ പാതിവഴിയില്‍ കിതച്ചും കാലിടറിയും തളര്‍ന്ന് വീഴേണ്ടതായി വരും. ഇത്തരം ദുരന്തങ്ങളില്‍ നിന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതില്‍ അതിപ്രധാന പങ്കുവഹിക്കുന്ന പ്രക്രിയയാണ് കൂടിയാലോചനാ സംവിധാനം എല്ലാവരുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തും തിരിച്ചും മറിച്ചും ആലോചിച്ചും അന്തിമമായി ഒരു തീരുമാനത്തിലെത്തുന്നതോടെ അത് പ്രസ്ഥാനത്തിന്റെ തീരുമാനമായി വരുന്നു. അത്തരമൊരു ഘട്ടത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം മാറ്റിവെച്ച് പ്രസ്ഥാനം കൂടിയാലോചനയിലൂടെ രൂപപ്പെടുത്തിയ തീരുമാനം അനുസരിക്കാനും നടപ്പിലാക്കാനും എല്ലാവരും തയാറാകുന്നു. ഇതാണ് ഇസ്‌ലാമിലെ ശൂറ. അഥവാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ താങ്ങും തണലുമാണ് ശൂറ. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ശൂറക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും അങ്ങനെതന്നെ. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍ണായകവും ധീരവുമായ പല തീരുമാനങ്ങളും ഇസ്‌ലാമിക പ്രസ്ഥാനത്തിന് എടുക്കുവാനും നടപ്പിലാക്കുവാനും സാധിച്ചതില്‍ ശൂറയുടെ പങ്ക് വളരെ വലുതാണെന്ന് ജമാഅത്തെ ഇസ് ലാമിയുടെ നാള്‍വഴികളിലൂടെ ഒരെത്തിനോട്ടം നടത്തിയാല്‍ ബോധ്യപ്പെടും.
ശൂറയും ജമാഅത്തെ ഇസ്‌ലാമിയും
ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനം ശൂറക്ക് നല്‍കുന്ന പരിഗണന എത്രമാത്രം ഗൗരവമര്‍ഹിക്കുന്നതാണെന്നും ശൂറയോട് പ്രസ്ഥാന പ്രവര്‍ത്തകരും നേതൃത്വവും സ്വീകരിക്കേണ്ട സമീപനം എന്തെന്നും വ്യക്തമാക്കി സയ്യിദ് മൗദൂദി പറയുന്നത് ഇപ്രകാരമാണ്. ''പരസ്പര കൂടിയാലോചന (ശൂറ) സംഘടിത ജീവിതത്തിന്റെ ആത്മാവാണ്. അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. ഏതെങ്കിലും വ്യക്തി വല്ല ഉത്തരവാദിത്തവും ഏല്‍പിക്കപ്പെട്ടാല്‍ അതിന്റെ നിര്‍വഹണത്തില്‍ തന്റെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കല്‍ നിര്‍ബന്ധമാണ്. കൂടിയാലോചിക്കപ്പെടുന്ന വ്യക്തി സദുദ്ദേശ്യത്തോടെ തന്റെ അഭിപ്രായ പ്രകടനം നടത്തുന്നതും ഒരു ബാധ്യതയായി മനസ്സിലാക്കണം. സാമൂഹികമായ കൂടിയാലോചനാ സംരംഭങ്ങളില്‍ ശക്തവും വ്യക്തവുമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവര്‍ സംഘടനയോട് അനീതി കാണിക്കുന്നു. സ്വാര്‍ഥ താല്‍പര്യത്തിന്റെ പേരില്‍ വല്ലവനും തന്റെ ശരിയായ വീക്ഷണത്തിനെതിരായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ അയാള്‍ സംഘടനയെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും അഭിപ്രായം മറച്ചുവെക്കുകയും തന്റെ വീക്ഷണത്തിനെതിരായ തീരുമാനമുണ്ടാകുമ്പോള്‍ അതിനെതിരെ തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനീചമായ വഞ്ചനയാണയാള്‍ നടത്തുന്നത്.''
തുടര്‍ന്ന് പറയുന്നു; 'ശൂറയില്‍ തന്റെ വീക്ഷണത്തിനായി ശാഠ്യം പിടിക്കുകയും അത് നിരസിക്കുകയാണെങ്കില്‍ താന്‍ സംഘടനയുമായി സഹകരിക്കുകയില്ലെന്ന് വാശിപിടിക്കുകയും ചെയ്യരുത്. ചില അജ്ഞര്‍ ഇത് സത്യനിഷ്ഠയാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഇത് വ്യക്തമായ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ക്കും സഹാബിവര്യന്മാരുടെ ഏകോപിത നിലപാടിനും എതിരാണ്. ഖുര്‍ആനും ഹദീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാകട്ടെ, 'നസ്സു'കളില്‍നിന്ന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിലാകട്ടെ, മറ്റു ഭൗതിക വിഷയങ്ങളിലാകട്ടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നുപറയുകയും അതിന് തെളിവുകള്‍ നിരത്തുകയും ചെയ്യുക എന്നതായിരുന്നു സഹാബികളുടെ നിലപാട്. എന്നാല്‍ തന്റെ വീക്ഷണത്തിനെതിരായ ഒരു തീരുമാനമാണുണ്ടാകുന്നതെങ്കില്‍ ആ തീരുമാനത്തെ സഹര്‍ഷം സ്വീകരിക്കുകയും സംഘടനയോടൊപ്പം നില്‍ക്കുകയും ചെയ്യുക അവരുടെ സ്വഭാവമായിരുന്നു. സംഘടിത ജീവിതത്തിന് അനിവാര്യമായ ഒരു പ്രവര്‍ത്തന രീതിയാണിത്. ഓരോ വ്യക്തിയും തന്റെ അഭിപ്രായത്തില്‍ പിടിച്ചുതൂങ്ങുകയും സംഘടനയുടെ തീരുമാനത്തിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സംഘടനാ വ്യവസ്ഥ പൂര്‍ണമായും താറുമാറാകും'' (റൂദാദ് ജമാഅത്തെ ഇസ്‌ലാമി ഭാഗം 1 പേജ് 19-20).
ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന സയ്യിദ് മൗദൂദിയെയും ശഹീദ് ഹസനുല്‍ ബന്നയെയും പറ്റി ജോണ്‍ എല്‍. എക്‌പോസിറ്റോയുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ''മുസ്‌ലിം സമൂഹത്തിന്റെ നവീകരണവും സാമൂഹിക പരിവര്‍ത്തനവും (ആധുനിക വല്‍ക്കരണം) ഇസ്‌ലാമിക മൂല്യങ്ങളിലും തത്വങ്ങളിലും ഉറച്ചുനിന്നുകൊണ്ട് തന്നെ വേണമെന്നവര്‍ വാദിച്ചു, തന്മൂലം ജനാധിപത്യത്തെ അപ്പടി അവതരിപ്പിക്കുന്നതിന് പകരം ഇഖ്‌വാനും ജമാഅത്തും മോഡേണിസ്റ്റുകള്‍ കൂടിയാലോചനക്കും (ശൂറ) ജനാഭിപ്രായത്തിനും (ബൈഅത്ത്) നല്‍കിയ പുനരാഖ്യാനങ്ങള്‍ അംഗീകരിച്ചു. പക്ഷേ, ഇസ്‌ലാമിക സമൂഹത്തില്‍ ജനഹിതം ദൈവേഛക്ക് വിധേയമായിരിക്കും എന്ന കാര്യത്തിന് അവര്‍ അടിവരയിട്ടു.' (ഇഖ്‌വാനും ജമാഅത്തും, ജോണ്‍ എല്‍. എസ്‌പോസിറ്റോ ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്).
ജമാഅത്തെ ഇസ്‌ലാമി, നേതാവിന് അപ്രമാദിത്തം കല്‍പിക്കുന്ന പ്രസ്ഥാനമല്ല. ശരിതെറ്റുകള്‍ പരിഗണിക്കാതെ അന്ധമായി അനുകരിക്കപ്പെടേണ്ടവനല്ല നേതാവ്. 1941 ആഗസ്റ്റ് 26-ന് ലാഹോറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി രൂപീകരണ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണത്തില്‍ സയ്യിദ് മൗദൂദി ഇപ്രകാരം പറഞ്ഞു: ''പ്രവാചകത്വ യുഗത്തിന് ശേഷം രൂപംകൊണ്ട പ്രസ്ഥാനങ്ങള്‍ക്കെല്ലാം ശക്തമായ രണ്ട് അഭ്യന്തര ഭീഷണികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്ന്; ഇത്തരമൊരു സംഘത്തിന് രൂപം നല്‍കുകയും പ്രസ്ഥാനവുമായി രംഗത്തുവരികയും ചെയ്തവര്‍ അല്‍പം കഴിയുമ്പോഴേക്കും പ്രവാചകന്മാരുടെ കാലത്തുണ്ടായിരുന്ന സംഘത്തിന്റെ അതേ അവസ്ഥയാണ് തങ്ങളുടേതുമെന്ന് തെറ്റുദ്ധരിക്കുന്നു. തങ്ങളുടെ സംഘത്തില്‍നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവരൊന്നും സത്യവിശ്വാസികള്‍ തന്നെയല്ലെന്ന് അവര്‍ ധരിച്ചു വശാകുന്നു. രണ്ട്; ഇത്തരം ജമാഅത്തിന്റെ അമീറോ ഇമാമോ ആയി തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് നബിതിരുമേനിക്ക് ശേഷം ഖുലഫാഉര്‍റാശിദുകള്‍ക്കുള്ള സ്ഥാനം കല്‍പിക്കപ്പെടുന്നു. അഥവാ ആ ഇമാമിനെ അനുസരിക്കാത്തവര്‍ ഇസ്‌ലാമിക വൃത്തത്തിന് പുറത്താണെന്ന് തെറ്റിദ്ധരിക്കുന്നു'' (റൂദാദ്, ജമാഅത്തെ ഇസ്‌ലാമി ഭാഗം 1 പേജ് 14).
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സയ്യിദ് മൗദൂദി നടത്തിയ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയായിരുന്നു. ''ഫിഖ്ഹും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണമായി നിങ്ങള്‍ അവതരിപ്പിക്കരുത്. അതുപോലെ, എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചെയ്യുന്ന വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ തെളിവാക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ അത് ഞാന്‍ ചെയ്തതാണെന്ന് കൊണ്ട് മാത്രം അനുകരിക്കുകയും ചെയ്യരുത്. അറിവില്ലാത്തവര്‍ തങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അറിവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കട്ടെ. ഇത്തരം കാര്യങ്ങളില്‍ എന്നോട് വിയോജിക്കുന്നതിനും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും. പരസ്പരം ചര്‍ച്ചയും സംവാദവും നടത്തിയും ഒരൊറ്റ ജമാഅത്തായി തുടരാന്‍ നമുക്ക് സാധിക്കും. സ്വഹാബിവര്യന്മാര്‍ക്ക് സാധിച്ചത് പോലെ'' (റൂദാദ്, ജമാഅത്തെ ഇസ്‌ലാമി ഭാഗം 1 പേജ് 25). പ്രസ്ഥാനത്തിന്റെ മുഴുവന്‍ തലങ്ങളിലും കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം നിശ്ചയിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നര്‍ഥം.
അമീറെ ജമാഅത്ത് പ്രഥമ തെരഞ്ഞെടുപ്പ്
ശൂറക്ക് ഇസ്‌ലാമിക പ്രസ്ഥാനം എത്രമാത്രം പരിഗണന നല്‍കി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രൂപീകരണ സമ്മേളനത്തില്‍ അമീറിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നടന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍. അമീറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഒരു താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ചെറിയൊരു കാലയളവിലേക്ക് അമീറിനെ തെരഞ്ഞെടുത്താല്‍ മതിയെന്നായിരുന്നു ഒന്നാമത്തെ അഭിപ്രായം. രണ്ട് ന്യായങ്ങളാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഉന്നയിച്ചത്. ഒന്ന്, യോഗ്യനായ ഒരാളെ സ്ഥിരസ്വഭാവത്തില്‍ നിശ്ചയിക്കാന്‍ മാത്രം സംഘടന വളര്‍ന്നിട്ടില്ല. രണ്ട്, രൂപീകരിക്കാന്‍ പോകുന്ന ജമാഅത്തിന്റെ കാഴ്ചപ്പാടുകളോടും ലക്ഷ്യത്തോടും യോജിക്കുന്ന ധാരാളം പേര്‍ പുറത്തുണ്ടായിരിക്കെ ഇപ്പോള്‍ ഒരു അമീറിനെ തെരഞ്ഞെടുത്താല്‍ അത്തരക്കാര്‍ക്ക് സംഘടനയിലേക്ക് കടന്നുവരാന്‍ അത് തടസ്സമാകും. തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ തെരഞ്ഞെടുത്ത നേതാവിനെ അനുസരിക്കേണ്ട സാഹചര്യം അവര്‍ക്കുണ്ടാകും.
അമീറിനെ തെരഞ്ഞെടുക്കുന്നതിന് പകരം ഒരു സമിതിയെയും അതിനൊരു അധ്യക്ഷനെയും തെരഞ്ഞെടുക്കാാം എന്നായിരുന്നു രണ്ടാമത്തെ അഭിപ്രായം. ഒന്നാമത്തെ അഭിപ്രായം ഉന്നയിച്ചവരുടെ ന്യായം തന്നെയാണ് ഇവര്‍ക്കുമുണ്ടായിരുന്നത്. അമീറില്ലാത്ത ഒരു ജമാഅത്ത് അര്‍ഥ ശൂന്യമാണെന്നായിരുന്നു മൂന്നാമത്തെ വിഭാഗത്തിന്റെ വാദം. താല്‍ക്കാലികമായി നേതാവിനെ തെരഞ്ഞെടുക്കുന്നത് ഖുര്‍ആനിനും സുന്നത്തിനും അപരിചിതമാണെന്നും ലോകത്ത് നിലനില്‍ക്കുന്ന ജാഹിലിയ്യത്തുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു വിപ്ലവ പ്രസ്ഥാനത്തിന് ഗൗരവപൂര്‍വം ചുവടുകള്‍ വെക്കാന്‍ സാധിക്കാത്ത വിധം അയഞ്ഞതും അലസവുമായ സംഘടനാ വ്യവസ്ഥ തടസ്സമാകാന്‍ പാടില്ലെന്നും ആയതിനാല്‍ താല്‍ക്കാലിക നേതൃത്വമല്ല സ്ഥിരസ്വഭാവമുള്ള നേതൃത്വത്തെ തെരഞ്ഞെടുത്ത് മുമ്പോട്ടു പോകണമെന്നുമായിരുന്നു അവരുടെ ന്യായം.
മൂന്ന് അഭിപ്രായങ്ങളും മാറ്റുരച്ച് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എല്ലാവരുടെയും അഭിപ്രായ പ്രകാരം ഏഴ് അംഗങ്ങളുള്ള ഒരു സമിതി നിശ്ചയിക്കുകയും അവരുടെ തീരുമാനത്തിന് വിടുകയും ചെയ്തു. മൗലാനാ മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനി, സയ്യിദ് സിബ്ഗതുല്ലാഹ് ബഖ്തിയാരി, സയ്യിദ് ജഅ്ഫര്‍ ഫുല്‍വാരി, സനീറുല്‍ ഹഖ് മീറഠി, മേസ്ത്രി മുഹമ്മദ് സ്വിദ്ദീഖ്, ഡോ. സയ്യിദ് നസീര്‍ അലി സൈദി, മുഹമ്മദ് ബിന്‍ അലി അലവി എന്നിവരായിരുന്നു പ്രസ്തുത സമിതിയില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസ്തുത സമിതി ഏകകണ്ഠമായി മൂന്നാം വിഭാഗത്തിന്റെ അഭിപ്രായം അംഗീകരിക്കുകയും മറ്റു രണ്ടു വാദങ്ങള്‍ തള്ളുകയുമാണ് ചെയ്തത്. പിന്നീട് ചേര്‍ന്ന യോഗത്തില്‍ മന്‍സ്വൂര്‍ നുഅ്മാനി സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസ്തുത തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. ശേഷം ആരായിരിക്കണം അമീര്‍ എന്ന ചര്‍ച്ച നടത്തുകയും ഏകാഭിപ്രായത്തോടെ സയ്യിദ് മൗദൂദിയെ ജമാഅത്ത് പ്രഥമ അമീറായി തെരഞ്ഞെടുക്കുകയും ചെയ്തു. മൗലാനാ മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനിയാണ് സയ്യിദ് മൗദൂദിയുടെ പേര് നിര്‍ദേശിച്ചത് (റൂദാദ്, ജമാഅത്തെ ഇസ്‌ലാമി ഭാഗം 1 പേജ് 25).
അമീറിന്റെ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ശൂറാംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. കാരണം ഒരു നേതാവിനെ സംബന്ധിച്ചേടത്തോളം കാര്യങ്ങള്‍ കൂടിയാലോചിക്കാന്‍ അനുയോജ്യമായ ഒരു ശൂറ സമിതി അത്യന്താപേക്ഷിതമാണ്. മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനി, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, സയ്യിദ് മുഹമ്മദ് ജഅ്ഫര്‍ സാഹിബ്, നസ്വീറുല്‍ ഹഖ് മീറഠി, മുഹമ്മദ് അലി കാന്ധലവി, അബ്ദുല്‍ അസീസ് ശര്‍ഖി, നസ്ഫുല്ലാഖാന്‍ അസീസ്, ചൗധരി മുഹമ്മദ് അക്ബര്‍, ഡോ. സയ്യിദ് നസീര്‍ അലി, മേസ്ത്രി മുഹമ്മദ് സ്വിദ്ദീഖ്, അബ്ദുല്‍ ജബ്ബാര്‍ ഹാസി, ഖമറുദ്ദീന്‍ ഖാന്‍ സാഹിന്‍, അതാഉല്ലാ സാഹിബ്, മുഹമ്മദ് ബിന്‍ അലി അലവി, മുഹമ്മദ് യൂസുഫ് സാഹിബ് എന്നിവരാണ് പ്രഥമ ശൂറാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ശൂറയോട് കൂടിയാലോചിച്ച് ജമാഅത്തിന്റെ പ്രവര്‍ത്തന മേഖല നിര്‍ണയിക്കുന്നതിന്റെ ഭാഗമായി അഞ്ച് വകുപ്പുകള്‍ക്ക് രൂപം നല്‍കി. വിദ്യാഭ്യാസവും വൈജ്ഞാനിക കാര്യങ്ങളും, പ്രസിദ്ധീകരണം, സംഘടന, സാമ്പത്തികം, ദഅ്‌വത്ത് എന്നിവയായിരുന്നു പ്രഥമ മീഖാത്തിലെ വകുപ്പുകള്‍ നിലവില്‍ ദഅ്‌വത്ത്, ഇസ്‌ലാമിക സമൂഹം, മുസ്‌ലിം സമുദായ സംരക്ഷണവും പുരോഗതിയും, ഇന്ത്യന്‍ സമൂഹം, നീതിയുടെ സംസ്ഥാപനം, ജനസേവനം, ഇസ്‌ലാമിക ചിന്ത, വിദ്യാഭ്യാസം, തസ്‌കിയത്തും തര്‍ബിയത്തും, സംഘടന എന്നിങ്ങനെ പത്ത് തലക്കെട്ടുകളിലാണ് ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
'ഇസ്‌ലാമിക പാക്‌സിതാന്‍ സമൃദ്ധിയുടെ പാകിസ്താന്‍' എന്ന സെന്‍ട്രല്‍ വിഷനോടെ പാകിസ്താന്‍ ജമാഅത്ത് ദഅ്‌വത്ത്, തര്‍ബിയത്ത്, സംഘടന, സാമൂഹിക സ്വാധീനം, ജനസേവനം, ഭരണമാറ്റം, കേന്ദ്ര ജമാഅത്ത്, സവിശേഷ ദിനങ്ങള്‍ എന്നീ തലക്കെട്ടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയാകട്ടെ ദഅ്‌വത്ത്, സാമൂഹ്യക്ഷേമം, തര്‍ബിയത്ത്, വിദ്യാഭ്യാസം, രാഷ്ട്രീയ കാര്യങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നീ തലക്കെട്ടുകളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സാഹചര്യങ്ങളും ആവശ്യതകളും സാധ്യതകളും പരിഗണിച്ച് നിരന്തര കൂടിയാലോചനകളിലൂടെയാണ് ഈ പരിവര്‍ത്തനങ്ങള്‍ പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി പ്രഥമ ശൂറാ തീരുമാനങ്ങള്‍
1. എഴുത്തുകാരും ചിന്തകരുമായ പ്രസ്ഥാന വ്യക്തിത്വങ്ങല്‍ പത്ര പ്രസിദ്ധീകരണങ്ങള്‍ വഴി പ്രസ്ഥാന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക. അതുവഴി ജമാഅത്തിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുക.
2. ജമാഅത്ത് അംഗങ്ങളുടെ സമ്മേളനം എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ വിളിച്ചു ചേര്‍ക്കുക.
3. അമീറെ ജമാഅത്ത് പ്രത്യേകമായി തെരഞ്ഞെടുക്കുന്നവര്‍ക്കും ഹല്‍ഖാ അമീറുമാര്‍ ശുപൂര്‍ശ ചെയ്യുന്നവര്‍ക്കും ജമാഅത്ത് മര്‍കസില്‍ ഒരു മാസത്തെ തര്‍ബിയത്ത് നല്‍കുക.
4. ജമാഅത്തിന്റെ ആശയാടിത്തറയില്‍ അടിയുറച്ചു നില്‍ക്കുന്ന തെരഞ്ഞെടുത്ത മാതൃകാ വ്യക്തിത്വങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുക. ഇതുവഴി പൊതുവായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം രാജ്യത്തെ പ്രമുഖ കോളേജുകള്‍, യൂനിവേഴ്‌സിറ്റികള്‍, ഓഫീസുകള്‍, ദീനീസ്ഥാപനങ്ങള്‍, സംഘടനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും ചെയ്യുക.
5. ഒരു ആഴ്ചപ്പതിപ്പ് ജമാഅത്ത് മുഖപത്രം എന്ന നിലയില്‍ പ്രസിദ്ധീകരിക്കുക. ലാഹോറില്‍നിന്നും മലിക് നസ്‌റുല്ലാഹ് ഖാന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന 'മുസല്‍മാന്‍' എന്ന വാരിക, അദ്ദേഹം ജമാഅത്ത് അംഗമായതോടെ ജമാഅത്ത് മുഖപത്രം എന്ന നിലയില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു.
(റൂദാദ്, ജമാഅത്തെ ഇസ്‌ലാമി പേജ്: 33)
അഭിപ്രായ ഭിന്നത
ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ 1942 ഒക്‌ടോബറില്‍ അടിയന്തരമായി മജ്‌ലിസ് ശൂറ ദല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കേണ്ടി വന്നു. അതിമഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ രൂപീകൃതമായ ഒരു പ്രസ്ഥാനത്തികത്ത് ഉണ്ടാകാന്‍ പാടില്ലാത്ത ശിഥിലീകരണത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ അമീറെ ജമാഅത്തിനെതിരെ അപ്രസക്തവും അനവസരത്തിലുള്ളതുമായ ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത ശൂറ അടിയന്തരമായി വിളിച്ചുചേര്‍ത്തത്. സയ്യിദ് മൗദൂദിയുടെ വസ്ത്രധാരണവും ഭാവപ്രകടനവും സാമ്പ്രദായിക പണ്ഡിതന്മാരുടേത് പോലെയല്ലെന്നും അത്തരമൊരാള്‍ നേതൃത്വത്തിലിരുന്നാല്‍ മുസ്‌ലിം പണ്ഡിതന്മാരെയും സമുദായത്തെയും ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഒരു വിഭാഗം മൗദൂദിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം.
മൗലാനാ മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനി, മൗലാനാ സയ്യിദ് മുഹമ്മദ് ജഅ്ഫര്‍, ഖമറുദ്ദീന്‍ ഖാന്‍ സാഹിബ്, അത്വാഉല്ലാ സാഹിബ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ തന്നെയാണ് ഈ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം വിമര്‍ശനങ്ങള്‍ അവര്‍ മജ്‌ലിസ് ശൂറയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സ്വകാര്യ കത്തിടപാടുകള്‍ വഴിയും പരസ്പര സംഭാഷണങ്ങള്‍ വഴിയും മറ്റു ചെവികളിലും എത്തുന്ന സാഹചര്യം നിര്‍ഭാഗ്യവശാല്‍ ഉണ്ടായി. ഈ പശ്ചാതലത്തില്‍ വിമര്‍ശനങ്ങള്‍ കേട്ട സയ്യിദ് മൗദൂദി മൂന്ന് പരിഹാര നിര്‍ദേശങ്ങള്‍ ശൂറയുടെ മുമ്പാകെ സമര്‍പ്പിച്ചു അമീര്‍ എന്ന ചുമതലയില്‍നിന്നും താന്‍ രാജി വെക്കുകയും പകരം മറ്റൊരാളെ നേതാവായി നിശ്ചയിക്കുകയും ചെയ്യുക. അനുയോജ്യനായ ഒരാളെ കണ്ടെത്താനാകുന്നില്ലെങ്കില്‍ മൂന്നോ നാലോ ആളുകള്‍ ഒന്നിച്ച് പ്രസ്തുത ചുമതല ഏറ്റെടുക്കുക. സംഘടന പിരിച്ചുവിടുകയും ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി അവരവര്‍ക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്ന നേതാവിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക. അതിനും സാധിക്കുന്നില്ലെങ്കില്‍ വ്യക്തിഗതമായി പ്രവര്‍ത്തിക്കുകയും അതിനും കഴിയാത്ത പക്ഷം മഹ്ദിയെ പ്രതീക്ഷിക്കുകയും ചെയ്യുക. ഇതായിരുന്നു പ്രസ്തുത മൂന്ന് നിര്‍ദേശങ്ങള്‍.
ഇമാറത്ത് ഏറ്റെടുക്കാന്‍ ഒരാളും തയാറാകാതിരുന്നതിനാല്‍ ഒന്നാമത്തെ നിര്‍ദേശം തള്ളപ്പെട്ടു. ഇസ്‌ലാമിക ശരീഅത്ത് പ്രകാരമോ പ്രായോഗികമോ ന്യായീകരണമില്ലാത്ത വാദമാണ് രണ്ടാമത്തേതെന്ന നിലയില്‍ അതും നിരാകരിക്കപ്പെട്ടു. ആരോപണങ്ങളുമായി രംഗത്ത് വന്നവര്‍ സംഘടന പിരിച്ചു വിടുക എന്ന നിര്‍ദേശം നടപ്പിലാക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ സംഘടന പിരിച്ചുവിടരുതെന്നും വിയോജിപ്പുള്ളവര്‍ക്ക് പുറത്തുപോകാമെന്നുമുള്ള മറ്റൊരു നിര്‍ദേശമാണ് ശൂറയില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. അങ്ങനെ വിമര്‍ശനമുന്നയിച്ച നാല് പേരും ജമാഅത്തില്‍നിന്നും പിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. ഭിന്നിപ്പിന്റെ വിത്തുപാകിയവര്‍ പുറത്തുപോയെങ്കിലും അമീറിന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാണ് സയ്യിദ് മൗദൂദി ആഗ്രഹിച്ചത്. എന്നാല്‍ ശൂറ ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ ഇമാറത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രസ്ഥാനത്തോട് വിടപറഞ്ഞ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ ജമാഅത്തിനോടൊപ്പം ഉറച്ചു നിന്നു എന്നത് ശ്രദ്ധേയമാണ്. തബ്‌ലീഗ് ജമാഅത്തിനോട് ആഭിമുഖ്യമുണ്ടായിരുന്ന അലിമിയാന്‍, ആത്മീയമായി താങ്കളെ കൂടുതല്‍ സംതൃപ്തനാക്കാന്‍ തബ് ലീഗിന് തന്നെയാണ് സാധിക്കുക എന്ന സയ്യിദ് മൗദൂദിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്നീട് ജമാഅത്ത് വിട്ടത് (ഇസ്‌ലാമിക വിജ്ഞാനകോശം വാല്യം 11 പേജ്: 353-354).
(തീര്‍ന്നില്ല)