ഗംഗയില്‍നിന്നും സംസമിലേക്ക്

എ.എച്ച് കൊച്ചി‌‌
img

ഈയിടെ നിര്യാതനായ ഡോ. ദിയാഉര്‍റഹ്‌മാന്‍ അഅ്ളമിയുടെ ജീവിതത്തെ ചുരുക്കിപ്പറയാവുന്ന ഒരു വാചകമാണ് തലക്കെട്ട്. ഗംഗയുടെ ഉത്ഭവ കേന്ദ്രത്തിനോടടുത്ത വരാണസിയുടെ തൊട്ടടുത്ത അഅ്‌സംഗഢിലെ ഉന്നത ജാതിയില്‍പെട്ട സാമ്പത്തിക ഭദ്രതയുള്ള ഹിന്ദു കുടുംബത്തില്‍ പിറന്ന ബന്‍കീലാല്‍ റാം എന്ന കൗമാരക്കാരന്‍ ഇമാമുദ്ദീന്‍ ദിയാഉര്‍റഹ്‌മാന്‍ മുഹമ്മദുബ്‌നു അബ്ദില്ലാഹി ബ്‌നി അബ്ദിര്‍റഹ്‌മാനില്‍ അഅ്ളമിയായി മാറിയ സംഭവബഹുല ജീവിതത്തെ ഗംഗാ തീരത്തു നിന്നും സംസമിന്റെ സംസ്‌കാരത്തിലേക്ക്  എന്ന് കാവ്യത്മകമായി  ഒറ്റവാചകത്തിലൊതുക്കിയത് അദ്ദേഹം തന്നെയാണ്.

1943-ല്‍ ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടത്തെ പ്രസിദ്ധ വിദ്യാഭ്യാസ സമുച്ചയം ശിബ്‌ലി അക്കാദമിയില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുറിയിലെ സഹചാരി ഒരു മുസ്ലിമായിരുന്നു. ബ്രാഹ്‌മണനായിരുന്ന ലാല്‍ താഴ്ന്ന ജാതിയിലുള്ളവരുമായി തീണ്ടാപ്പാടകലെയാണ് കഴിഞ്ഞിരുന്നത്. തന്റെ  സഹപാഠിയും ഹോസ്റ്റല്‍ മേറ്റുമായ ആ മുസ്ലിം സഹപാഠിയുടെ ജീവിത ശൈലിയില്‍ ആകൃഷ്ടനായ അദ്ദേഹം ഇസ്ലാം പ്രസരിപ്പിക്കുന്ന സമത്വവും നീതിയും ഉള്‍ക്കൊള്ളുന്ന ഒരു ഇസ്ലാമിക സാഹിത്യം (മൗദൂദി സാഹിബിന്റെ സത്യദീന്‍ ആയിരുന്നു ആ ലഘുകൃതി) വായിക്കാന്‍ ഇടയായി. ആ വായന സീറയിലാണ് തുടങ്ങിയതെങ്കിലും ഖുര്‍ആനിലേക്കും ഹദീസിലേക്കുമെല്ലാം വളര്‍ന്നു.

1960-ല്‍ നടന്ന മറ്റൊരു  സംഭവവും ഇസ്ലാമാശ്ലേഷ കാരണമായി ഉദ്ധരിക്കപ്പെടുന്നു. ശിബ്‌ലി കോളേജിലെ ക്ലാസ്സിനിടയില്‍ ഒരു അധ്യാപകന്‍ അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്നവരുടെ ഉദാഹരണം എട്ടുകാലിയുടേതാണ് എന്ന് തുടങ്ങുന്ന ഭാഗം വിശദീകരിക്കുകയുണ്ടായി. പ്രസ്തുത വ്യാഖ്യാനം അദ്ദേഹം ഇസ്ലാമിന്റെ സത്യം കണ്ടെത്താന്‍ നിമിത്തമായെന്നും തുടര്‍ന്ന് കലിമ ചൊല്ലി ഇസ്ലാമില്‍ പ്രവേശിച്ച അദ്ദേഹത്തിന് 'നമസ്‌കാരം എങ്ങനെ അനുഷ്ഠിക്കാം' എന്ന പുസ്തകം ആ ക്ലാസ്സെടുത്തിരുന്നയാള്‍ തന്നെ  നല്‍കിയെന്നും അപ്പോള്‍ തന്നെ കുളിച്ചു ശുദ്ധിയായി, കുറഞ്ഞ സമയത്തിനകം നമസ്‌കാരത്തിന്റെ രൂപം പഠിച്ചു ക്ലാസെടുത്തിരുന്ന അധ്യാപകന്റെ കൂടെ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചുവെന്നുമെല്ലാം ഉപരിസൂചിത ഗ്രന്ഥം വായിച്ചവര്‍ വിവരം പങ്കുവെക്കുന്നു. ഭയം കാരണം തല്‍ക്കാലം മതംമാറ്റത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല എന്നും സ്വഭാവത്തില്‍ കാര്യമായ മാറ്റം ദര്‍ശിച്ച പിതാവ് ബ്രാഹ്‌മണാചാരപ്രകാരമുള്ള പൂജകളും ജപങ്ങളും നടത്തിയെന്നും അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നു.

തന്റെ നാട്ടില്‍ തന്നെയുള്ള ഒരു ദീനീ സ്ഥാപനത്തിലാണ് (ജാമിഅത്തുല്‍ ഫലാഹോ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹോ ആവാം) ഇസ്‌ലാമാശ്ലേഷത്തിനു ശേഷം തൊട്ടുടനെ കുറച്ചുകാലം അഅ്‌ളമി പഠിച്ചത്. അവിടെയുള്ള ഖുര്‍ആന്‍ പഠന കേന്ദ്രത്തിലും സമാന്തരമായി കുറച്ചു കാലം പഠിച്ചു. സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്ഥാപനത്തിന്റെ ആശയം വ്യക്തമാക്കുന്ന 'മൗദൂദീ' പ്രയോഗം അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളില്‍ കാണുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം തമിഴ്‌നാട് ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വിദ്യാഭാസം നേടി. ശേഷം സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍  ആദ്യ ബാച്ചില്‍ തന്നെ ഇടം നേടി ഇസ്ലാമിക് സ്റ്റഡീസില്‍ ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി(ഇന്നത്തെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി)യില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. ശൈഖ് ഇബ്‌നുബാസിന്റെയും ശന്‍ഖീത്വിയുടെയും സുഊദീ ചീഫ് ജസ്റ്റിസ് ശൈഖ് അബ്ദുല്ലാഹിബ്‌നു ഹമീദ് എന്നിവരുടെയുമെല്ലാം ശിഷ്യത്വം ലഭിച്ച ആദ്യകാല ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പെടുന്നു അഅ്‌ളമി.

സുന്നത്തില്‍ ഗവേഷണം നടത്താന്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ഉടന്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിക്കപ്പെടുകയായിരുന്നു. ഹദീസ് ഫാക്കല്‍റ്റിയുടെ ഡീന്‍ ആയിരിക്കെയാണ് അദ്ദേഹം അവിടെ  നിന്ന് വിരമിക്കുന്നത്. 

റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി, റിസര്‍ച്ച് സെന്റര്‍ എന്നിവയുടെയും വ്യത്യസ്ത ഗവേഷക മാസികകളുടെയും ഉത്തരവാദിത്വം എന്നിവ വേതനം പറ്റാതെയാണ് നിര്‍വഹിച്ചിരുന്നത്.  മസ്ജിദുന്നബവിയിലും വൈജ്ഞാനിക-പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുകയുണ്ടായി.

നീണ്ട 60 വര്‍ഷങ്ങള്‍ അറിവിന്റെയും ഗവേഷണത്തിന്റെയും കഠിന ത്യാഗത്തിന്റെ വഴികളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈ കാലയളവില്‍ അദ്ദേഹം ജീവിച്ചത് പ്രവാചകന്റെയും സ്വഹാബത്തിന്റെയും കൂടെയായിരുന്നുവെന്ന് പറയുന്നത് അതിശയോക്തിയാവില്ല. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇസ്ലാമിന്റെ സമത്വത്തെയും സാഹോദര്യത്തെയും കുറിച്ച് പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചുപോന്നു. മരിക്കുന്നതുവരെയും മദീനാ യൂനിവേഴ്‌സിറ്റിയിലും മദീനയിലെ മസ്ജിദുന്നബവിയിലെയും വിദ്യാര്‍ഥികളുടെയും ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികളുടെയും പ്രധാന റഫറന്‍സായിരുന്നു അദ്ദേഹം.

ഗ്രന്ഥങ്ങള്‍
1. الجامع الكامل في الحديث الصحيح الشامل
പ്രബലമായ മുഴുവന്‍ ഹദീസുകളുടെയും സമാഹാരമായ 'അല്‍ ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസിസ്വഹീഹിശ്ശാമില്‍' അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. പതിനഞ്ച് വര്‍ഷം സമയമെടുത്ത് 16800-ലധികം ഹദീസുകള്‍ 20 വാള്യങ്ങളിലായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥം ലോകത്തെ ഏറ്റവും വലിയ ഹദീസ് സമാഹാരമാണ്. ഈ ഗ്രന്ഥത്തില്‍ മാത്രം 3,00,000 ഇസ്നാദുകള്‍ (പരമ്പരകള്‍) ഉള്‍പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒന്നര പതിറ്റാണ്ടിന്റെ  അതികഠിന പ്രയത്‌നത്താല്‍ രചിക്കപ്പെട്ട ഈ 14000 പേജുകളുള്ള ഗ്രന്ഥത്തിന് അദ്ദേഹം ഒരു രിയാലിന്റെ പ്രതിഫലം പോലും കൈപ്പറ്റിയിട്ടില്ല.
2. أقضية رسول الله صلى الله عليه و سلم تأليف أبي عبد الله محمد بن فرج المالكي المعروف بابن الطلاع؛ تحقيق وتعليق واستدراك.
ശൈഖ് ഇബ്‌നുത്ത്വിലാഇല്‍ മാലികി രചിച്ച പ്രവാചകന്റെ (സ) വിധി, ഫത്‌വ എന്നിവയുടെ സംശോധനയും ക്രോഡീകരണവും
3. دراسات في الجرح والتعديل.
നിവേദകന്മാരുടെ മത/വൈജ്ഞാനിക/വിശ്വാസ നിലവാരവും ബലാബലവും സസൂക്ഷ്മമായി പഠിച്ച് സ്വീകാര്യമായതും അല്ലാത്തതുമായ ഹദീസുകളെ വേര്‍തിരിക്കുന്ന ഉലൂമുല്‍ ഹദീസിലെ ഏറ്റവും ആഴവും പരപ്പുമുള്ള വിജ്ഞാന ശാഖയുടെ ആധികാരിക പഠനം.
4. المدخل الى السنن الكبرى للحافظ ابي بكر البيهقي، دراسة وتحقيق.
ഇമാം ബൈഹഖിയുടെ ഹദീസ് ഗ്രന്ഥത്തിന്റെ പഠനത്തിനുള്ള ആമുഖഗ്രന്ഥമെന്ന നിലക്ക് ആധികാരികം.
5. دراسات في اليهودية والمسيحية وأديان الهند.
ജൂത / ക്രൈസ്തവ മതങ്ങളോടൊപ്പം ഹിന്ദു, ജൈന, ബുദ്ധ മതങ്ങളുടെ താരതമ്യ പഠനം.
ഹിന്ദിയിലും ഉര്‍ദുവിലും പരിഭാഷകള്‍ ലഭ്യമാണ്.
6. المنّة الكبرى شرح وتخريج السنن الصغرى.
സ്വിഹാഹുസ്സിത്തയിലെ ബുഖാരി, മുസ്ലിം എന്നിവരുടേതല്ലാത്ത ഹദീസ് സമാഹാരങ്ങളുടെ രീതിശാസ്ത്രം പണ്ഡിതോചിതമായി പഠിപ്പിക്കുന്ന ആമുഖ കൃതി.
6. المنّة الكبرى شرح 7. أبو هريرة رضي الله عنه في ضوء مروياته: دراسة مقارنة في مائة حديث من مروياته.
السنن الصغرى.
പ്രമുഖ സ്വഹാബി അബൂഹുറൈറ(റ)യെക്കുറിച്ച ഓറിയന്റലിസ്റ്റ് ആരോപണങ്ങള്‍ അസ്ഥാനത്താണെന്ന് വൈജ്ഞാനികമായി തെളിയിക്കുന്ന പഠനം. ഇതിനായി അബൂഹുറൈറയുടെ 101 തെരഞ്ഞെടുത്ത ഹദീസുകളുടെ ആധികാരിക വിശകലനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
8. معجم مصطلحات الحديث.
ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ സാങ്കേതികപദങ്ങളെ അക്ഷരമാലാ ക്രമത്തില്‍ ക്രോഡീകരിച്ച ഗ്രന്ഥം.
9. الرازي وتفسيره.
ഇമാം റാസിയുടെ 'അത്തഫ്സീറുല്‍ കബീറി'ന്റെ നേട്ടങ്ങളും ഹദീസ് വ്യവഛേദനത്തിലെ റാസി സ്‌കൂള്‍ ഓഫ് തോട്ടിന്റെ പരിമിതികളും ആധികാരികമായി കൈകാര്യം ചെയ്യുന്ന കൃതി.
10. تحية المسجد
പള്ളിയില്‍ കയറുമ്പോഴുള്ള തഹിയ്യത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര സംബന്ധിയായ സംശയങ്ങള്‍ക്ക് ഹദീസുകളില്‍ ഊന്നി നിന്നുകൊണ്ടുള്ള മറുപടികളടങ്ങുന്ന ലഘുകൃതി.
 11. ثلاثة مجالس من أمالي ابن مردويه
ഇമാം ഇബ്‌നു മര്‍ദവൈഹിയുടെ മൂന്നു സദസ്സുകളിലെ ഉദ്‌ബോധനങ്ങളുടെ സമാഹാരം.
12. صلاة التراويح
തറാവീഹ് / രാത്രി നമസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ആധികാരിക പഠനം.
13. صلاة الجماعة
സംഘടിത നമസ്‌കാരത്തിന്റെ ശ്രേഷ്ഠത ഖുര്‍ആന്‍ - ഹദീസ് വചനങ്ങളുടെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്തുന്ന ലഘുകൃതി.
14. صلاة المسافر
യാത്രക്കാരന്റെ നമസ്‌കാരത്തിലെ ജംഉം ഖസ്വ്‌റും തയമ്മുമും പോലെയുള്ള കര്‍മശാസ്ത്ര സംശയങ്ങളെ ഹദീസുകളുടെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യുന്ന ലഘുകൃതി.
15. فتح الغفور في وضع الأيدي على الصدور (1163)
നമസ്‌കാരത്തിലെ കൈകെട്ടുമായി ബന്ധപ്പെട്ട ഹദീസുകളും ബലാബലവും ചര്‍ച്ച ചെയ്യുന്ന പണ്ഡിതോചിത ഗ്രന്ഥം.
 16. الأدب العالي 
മാസ്റ്റര്‍ പീസായ 'അല്‍ ജാമിഇ'ന്റെ ഉള്ളടക്കത്തിന്റെ സംക്ഷിപ്ത വിശദീകരണവും പ്രസ്തുത ഗ്രന്ഥത്തിന്റെ രീതിശാസ്ത്രവും വ്യക്തമാക്കുന്ന ശൈഖിന്റെ ഏറ്റവും അവസാനത്തെ കൃതി. ഉമറാബാദ് ദാറുസ്സലാം പ്രസ്തുത ഗ്രന്ഥം ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധീകരിക്കും, ഇന്‍ശാ അല്ലാഹ്.

ഹിന്ദി ഭാഷയില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ വിജ്ഞാനകോശം, ഉര്‍ദു ഭാഷയില്‍  ആത്മകഥയായ 'ഗംഗയില്‍നിന്ന് സംസമിലേക്ക്' എന്നിവ ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം ആദ്യകാലത്ത് എഴുതിയതാണ്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന സിമ്പോസിയങ്ങളിലും കോണ്‍ഫറന്‍സുകളിലും അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രബോധനാവശ്യാര്‍ഥം ഒട്ടേറെ രാജ്യങ്ങള്‍ (പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, ബ്രിട്ടന്‍ ....) അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. അവിടങ്ങളില്‍ നടത്തിയ പ്രബോധനത്തില്‍ ഊന്നിയ പ്രഭാഷണങ്ങള്‍ ചില സുഊദീ പത്രങ്ങള്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിതഭാഷിയായ അഅ്ദളമി സംസാരിച്ചിരുന്നതെല്ലാം വിജ്ഞാനകുതുകികളുടെ ജ്ഞാനതൃഷ്ണ വര്‍ധിപ്പിക്കുന്നതായിരുന്നു.

സച്ചരിതരായ മുന്‍കാല പണ്ഡിതകേസരികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പണ്ഡിതനെങ്കിലും ഈ കാലഘട്ടത്തിലുണ്ടോ എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് അഅ്ളമിയുടെ വ്യക്തിത്വം. രണ്ടു വര്‍ഷമായി അസുഖബാധിതനായിരുന്നു. 30/07/2020 (09/12/1441) ബുധനാഴ്ച അറഫാ ദിനത്തില്‍ മഗ്‌രിബിന് ശേഷം മസ്ജിദുന്നബവിയില്‍ നടന്ന അദ്ദേഹത്തിന്റെ ശതക്കണക്കിന് ശിഷ്യന്മാര്‍ പങ്കെടുത്ത ജനാസ നമസ്‌കാരത്തോടെ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു. 

അവലംബം
1.    മുജ്തമഅ് വാരിക 2/ ആഗസ്റ്റ്
2.    ഡോ. അബ്ദുല്‍ ഹലീം ബിസ്മില്ലാഹ് എഴുതിയ, അഅ്‌ളമി കൃതികള്‍ പരിചയപ്പെടുത്തുന്ന ലഘുലേഖ.
3.    ശൈഖിന്റെ ശിഷ്യന്‍ ശൈഖ് അബ്ദുല്‍ ഹകീം അബ്ദുല്‍ മഅ്ബൂദ് മദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
4.    ഡോ. സാകിര്‍ നായികിന്റെ യൂട്യൂബ് പ്രഭാഷണം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top