ശൂറ; നേതൃത്വവും കൂടിയാലോചനയും രണ്ടു വീക്ഷണങ്ങള്‍

ഹൈദറലി ശാന്തപുരം‌‌
img

ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ സുപ്രധാനമായ ഒരടിസ്ഥാനമാണ് ശൂറാ (കൂടിയാലോചന). ഒന്നിലധികം ആളുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൂടിയാലോചന ആവശ്യമാണ്. നബി(സ) പല സന്ദര്‍ഭങ്ങളിലും തന്റെ സ്വഹാബിമാരോട് കൂടിയാലോചന നടത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഖുലഫാഉര്‍റാശിദുകളും അതേ രീതി പിന്തുടര്‍ന്നു.
ശൂറാ സത്യവിശ്വാസികളുടെ ഒരു വിശിഷ്ട ഗുണമായി വിശുദ്ധ ഖുര്‍ആന്‍ എണ്ണിയിരിക്കുന്നു:
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ 
(തങ്ങളുടെ നാഥന്റെ വിളിക്ക് ഉത്തരം ചെയ്ത ശേഷം നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചവരും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നിര്‍വഹിക്കുന്നവരും നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന് ചെലവ് ചെയ്യുന്നവരുമാണവര്‍ - ശൂറാ: 38).
ഉഹുദ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നബി (സ)യെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
(അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കള്‍ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോകുമായിരുന്നു. ആയതിനാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ താങ്കള്‍ അവരോടു കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ താങ്കള്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ് - ആലുഇംറാന്‍: 159).
ഈ ഖുര്‍ആന്‍ സൂക്തങ്ങളുടെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ ഇസ്‌ലാം ശൂറക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ചിട്ടുള്ളത് എന്ന് വ്യക്തമാകും. എന്നാല്‍ നേതൃത്വം കൂടിയാലോചനാ സഭയുടെ ഐകകണ്‌ഠ്യേനയോ ഭൂരിപക്ഷപ്രകാരമോ ഉള്ള അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണോ അല്ലേ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
ഇമാം ശാഫിഈ പറയുന്നു:
إنّمَا يؤمر الحاكم بالمشورة لكون المشير ينبّه على ما يفعله ويدلّه على ما لا يستحضره من الدّليل، لا ليقلّد المشير فيما يقوله، فإن الله لم يجعل هذا لأحد بعد رسول الله صلىّ الله عليه و سلم
(ഭരണാധികാരി കൂടിയാലോചിക്കണമെന്ന് കല്‍പിക്കപ്പെടുന്നത്, ഉപദേശകന്‍ ഭരണാധികാരിയുടെ ശ്രദ്ധയില്‍ വരാത്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിനും അദ്ദേഹത്തിന്റെ ധാരണയിലില്ലാത്ത ന്യായങ്ങള്‍ അറിയിച്ചുകൊടുക്കുന്നതിനും വേണ്ടി മാത്രമാണ്. ഉപദേശകന്‍ പറയുന്നത് അനുകരിക്കാനല്ല. കാരണം നബി(സ)ക്കു ശേഷം അല്ലാഹു ഒരാള്‍ക്കും ഈ അധികാരം നല്‍കിയിട്ടില്ല).
കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നേതൃത്വത്തിന് നിര്‍ബന്ധമില്ല എന്ന് ചുരുക്കം.

യര്‍മൂക് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായിരുന്ന ഡോ. മഹ്‌മൂദ് അല്‍ ഖാലിദി 'അശ്ശൂറാ' എന്ന തന്റെ കൃതിയില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിലദ്ദേഹം പറയുന്നു:

''ഈ കാര്യത്തില്‍ അധികാരമുള്ള ആളാണ് ഇതിലെ ശരി നിര്‍ണയിക്കുന്നത്. രാഷ്ട്രത്തിന്റെ ഭരണാധികാരിയാണ് അത്. കാരണം അദ്ദേഹമാണ് അഭിപ്രായപ്രകടന ശേഷിയുള്ളവരോട് കൂടിയാലോചന നടത്തുന്നത്. സമൂഹം പരസ്പരം കൂടിയാലോചന നടത്തുന്നത് തങ്ങള്‍ക്ക് മുന്നോട്ടു ഗമിക്കാന്‍ സഹായകമായ ഒരഭിപ്രായത്തില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ്.

കൂടിയാലോചന നടന്ന വിഷയത്തില്‍ ശരി നിര്‍ണയിക്കാന്‍ അധികാരമുള്ള വ്യക്തി സംഘടനയുടെ നേതാവാണ്. അതിനുള്ള തെളിവ്, 'കാര്യങ്ങളില്‍ താങ്കള്‍ അവരോട് കൂടിയാലോചിക്കുക. അങ്ങനെ താങ്കള്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുക' എന്ന ഖുര്‍ആന്‍ സൂക്തമാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകനായ പ്രവാചകന്‍(സ) പോലും കൂടിയാലോചിക്കണം. അതിനുശേഷം ശരിയാണെന്നു തോന്നുന്ന കാര്യം തീരുമാനിച്ച് നടപ്പാക്കാനുള്ള അധികാരം അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരിക്കുന്നു. അപ്പോള്‍ അദ്ദേഹമാണ് ശരി ഏതാണെന്ന് തീരുമാനിക്കുന്നത്.''

പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ: അബ്ദുല്‍ കരീം സൈദാന്‍ 'ഉസ്വൂലുദ്ദഅ്‌വ' എന്ന തന്റെ പ്രസിദ്ധ കൃതിയില്‍ ഈ വിഷയകമായി കൂടുതല്‍ വിശദമായ ചര്‍ച്ച നടത്തുകയും ഇരു അഭിപ്രായങ്ങളെയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
الخلاف بين رئيس الدولة وأهل الشورى
(രാഷ്ട്രനായകന്നും കൂടിയാലോചനാ സഭക്കുമിടയിലുള്ള അഭിപ്രായ ഭിന്നത) എന്ന ശീര്‍ഷകത്തിനു കീഴില്‍ അദ്ദേഹം എഴുതുന്നു: ''ചിലപ്പോള്‍ ഭരണ നേതൃത്വവും കൂടിയാലോചനാ സഭയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവും. ആ അവസ്ഥയില്‍ എന്താണ് പരിഹാരം?
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, റസൂലിനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിങ്കലേക്കും റസൂലിലേക്കും മടക്കുക, നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതാണ് ഉത്തമവും പരിണതിയില്‍ ഏറ്റവും നല്ലതും' എന്ന ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നതാണ് അതിന്റെ പരിഹാരം. അപ്പോള്‍ അഭിപ്രായഭിന്നതയുള്ള കാര്യം അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും അവന്റെ ദൂതന്റെ ചര്യയിലേക്കും മടക്കല്‍ നിര്‍ബന്ധമാണ്. ഖുര്‍ആന്‍ സൂക്തം താല്‍പര്യപ്പെടും പോലെയും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ട പോലെയും. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലും വ്യക്തമായ വിധി വന്നിട്ടുണ്ടെങ്കില്‍ അത് അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാണ്. അതിനെതിരായി ആരെയും അനുസരിക്കാന്‍ പാടില്ല. വ്യക്തമായ വിധി കണ്ടില്ലെങ്കില്‍ ഏതഭിപ്രായമാണോ അല്ലാഹുവിന്റെ ഗ്രന്ഥത്തോടും അവന്റെ ദൂതന്റെ ചര്യയോടും കൂടുതല്‍ അടുത്തു നില്‍ക്കുന്നതെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.''

നേതാവ് സ്വാഭിപ്രായം സ്വീകരിക്കല്‍
അല്ലാഹുവിന്റെ ഗ്രന്ഥത്തോടും പ്രവാചക ചര്യയോടും കൂടുതല്‍ അടുത്തു നില്‍ക്കുന്ന അഭിപ്രായം പ്രകടമാകാതിരിക്കുകയും നേതാവിനും കൂടിയാലോചനാ സഭക്കുമിടയില്‍ ഭിന്നത അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലെ വിധിയെന്താണ്? നാം മുന്‍ഗണന നല്‍കുന്ന അഭിപ്രായം, തീരുമാനം നേതാവിന് വിട്ടുകൊടുക്കുക എന്നതാണ്. അദ്ദേഹം ഉദ്ദേശിക്കുകയാണെങ്കില്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കാം, അല്ലെങ്കില്‍ ന്യൂനപക്ഷാഭിപ്രായവും സ്വീകരിക്കാം. വേണമെങ്കില്‍ സ്വന്തമായ മറ്റൊരഭിപ്രായവും സ്വീകരിക്കാം. ഈ വീക്ഷണം ആശ്ചര്യകരമായി തോന്നിയേക്കാം. കാരണം എപ്പോഴും ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന വിശ്വാസമാണ് പൊതുവെ ആളുകള്‍ക്കുള്ളത്. ഭൂരിപക്ഷാഭിപ്രായം നിരാകരിക്കുന്നത് സ്വേഛാധിപത്യമാണെന്നും അവര്‍ ധരിക്കുന്നു.

ഭൂരിപക്ഷാഭിപ്രായത്തിന് വിരുദ്ധമാണെങ്കിലും നേതാവിന് സ്വാഭിപ്രായം സ്വീകരിക്കാം എന്നതിനുള്ള തെളിവുകള്‍:
ഒന്നാമതായി, അല്ലാഹു പറയുന്നു: ''കാര്യങ്ങളില്‍ താങ്കള്‍ അവരോട് കൂടിയാലോചിക്കുക, അങ്ങനെ താങ്കള്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.'' ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഖതാദ പറയുന്നു: ''ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതുമായി മുന്നോട്ടു പോകാനും അല്ലാഹുവില്‍ ഭരമേല്‍പിക്കാനുമാണ് നബിയോട് അല്ലാഹുവിന്റെ കല്‍പന. ആളുകളോട് കൂടിയാലോചിക്കാനല്ല.''3
രണ്ടാമതായി ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഉസാമയുടെ സൈന്യത്തിന്റെ കാര്യത്തിലും മതപരിത്യാഗികളോടുള്ള യുദ്ധത്തിന്റെ കാര്യത്തിലും അവലംബിച്ച നിലപാടുകള്‍. ഉസാമതുബ്‌നു സൈദിന്റെ സൈന്യത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിന്റെ സംഗ്രഹം ഇതാണ്: മുസ്‌ലിംകളിലെ പ്രമുഖരും ഉന്നതരുമടങ്ങുന്ന സൈന്യത്തിന്റെ നായകനായി നബി(സ) ഉസാമയെ നിശ്ചയിക്കുകയും ഫലസ്ത്വീന്റെ ഭാഗത്തേക്ക് പുറപ്പെടാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം മദീനയില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ റസൂല്‍ (സ) ദിവംഗതനായി. അബൂബക്ര്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം പുറപ്പെട്ടില്ല. അപ്പോള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) അബൂബക്ര്‍ സ്വിദ്ദീഖി(റ) നോട് ഉസാമയുടെ സൈന്യത്തെ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സന്ദേശമയച്ചു. മതപരിത്യാഗികളെ പ്രതിരോധിക്കുന്നതില്‍ ഉസാമയും സൈന്യവും പങ്കെടുക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെയും മറ്റു പലരുടെയും അഭിപ്രായം അതായിരുന്നു. പക്ഷേ, ഖലീഫ അബൂബക്ര്‍(റ) ആ നിര്‍ദേശം തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞു: ''അല്ലാഹുവാണ് സത്യം, ഉസാമയുടെ സൈന്യത്തെ തിരിച്ചു വിളിച്ചില്ലെങ്കില്‍ ഹിംസ്ര ജന്തുക്കള്‍ എന്റെ കാല്‍ പിച്ചിച്ചീന്തിയാല്‍ പോലും ഞാനാ സൈന്യത്തെ തിരിച്ചുവിളിക്കുകയില്ല. റസൂല്‍ (സ) കെട്ടിയ ഒരു പതാക ഞാന്‍ അഴിക്കുകയുമില്ല.''

മതപരിത്യാഗികളുമായി ബന്ധപ്പെട്ട സംഭവം ഇതാണ്: അവരില്‍ വലിയൊരു വിഭാഗം ആളുകള്‍ അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ സകാത്ത് നല്‍കുന്നതിന് വൈമനസ്യം കാണിച്ചു. ഖലീഫയെക്കൊണ്ട് അത് അംഗീകരിപ്പിക്കാന്‍ അവര്‍ മദീനയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുകയും ചെയ്തു. പക്ഷേ അബൂബക്ര്‍ (റ) അവരുടെ ആവശ്യം തിരസ്‌കരിക്കുകയാണ് ചെയ്തത്. അദ്ദേഹം പ്രഖ്യാപിച്ചു: ''അല്ലാഹുവാണ് സത്യം, ഒട്ടകത്തെ കെട്ടുന്ന ഒരു കയറാണ് എനിക്ക് നല്‍കാതിരിക്കുന്നതെങ്കില്‍ അതിന്റെ പേരില്‍ പോലും ഞാന്‍ അവരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും.'' അബൂബക്ര്‍(റ) തന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനിന്നു. മുസ്‌ലിംകള്‍ ദുര്‍ബലരാവുകയും മതപരിത്യാഗം വ്യാപിക്കുകയും മതപരിത്യാഗികള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൃദുലമായ സമീപനമാണ് ഉചിതമെന്ന അഭിപ്രായമാണ് മിക്ക സ്വഹാബിമാര്‍ക്കും ഉണ്ടായിരുന്നത്. എങ്കില്‍ പോലും അബൂബക്ര്‍(റ) തന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയും അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിന് ശരിയെന്ന് തോന്നിപ്പിച്ചുകൊടുത്ത സത്യത്തിലൂടെ മുന്നോട്ട് പോവുകയുമാണ് ചെയ്തത്.
ഈ സംഭവങ്ങളില്‍, അബൂബക്ര്‍(റ) തന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. എതിരഭിപ്രായക്കാര്‍ കൂടുതലുണ്ടായിട്ടും അവരുടെ അഭിപ്രായമല്ല സ്വീകരിച്ചത്.

മൂന്നാമതായി, ഭരണാധികാരി തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൂര്‍ണ ഉത്തരവാദിത്തമുള്ള ആളാണ്. അപ്പോള്‍ തനിക്ക് ബോധ്യമാവാത്ത, മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത് ശരിയല്ല. കാരണം ഒരു മനുഷ്യന്‍ തന്റെ കര്‍മത്തിന് ഉത്തരവാദിയാകുന്നത് അയാള്‍ അത് സ്വന്തം തീരുമാനവും അഭിപ്രായവുമനുസരിച്ച് ചെയ്യുമ്പോഴാണ്, തനിക്ക് ബോധ്യമാകാത്തതും എതിരഭിപ്രായമുള്ളതുമായ മറ്റുള്ളവരുടെ അഭിപ്രായം പ്രാവര്‍ത്തികമാക്കുമ്പോഴല്ല.
നാല്, ഒരഭിപ്രായം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത് ആ അഭിപ്രായവും അതിന്റെ സ്വഭാവവും നോക്കിയാണ്. ആ അഭിപ്രായം പറയുന്നവര്‍ ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് നോക്കിയിട്ടല്ല.

അഞ്ച്, ഒരു കാര്യം ശരിയാണെന്നതിന് ഭൂരിപക്ഷം മാത്രം ഖണ്ഡിതമായ തെളിവല്ല; തെറ്റാണെന്നതിന് ന്യൂനപക്ഷവും തെളിവല്ലാത്തതുപോലെ ത്തന്നെ. ചിലപ്പോള്‍ ഭൂരിപക്ഷത്തിന്റേതായിരിക്കും തെറ്റ്. ഖുര്‍ആന്‍ ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറയുന്നു:
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ
(ഭൂമിയിലുള്ള അധികം പേരെയും നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ വഴിതെറ്റിക്കും).
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ
(പറയുക: നല്ലതും ചീത്തയും സമമാവുകയില്ല. ചീത്തയുടെ ആധിക്യം നിനക്ക് ആകര്‍ഷകമായി തോന്നിയാലും-5:100).

ആറ്, യുദ്ധസന്ദര്‍ഭത്തില്‍ -സമൂഹം കടന്നുപോകുന്ന ഏറ്റവും ആപല്‍ക്കരമായ ഘട്ടമാണിത്- സേനാനായകന്‍ തന്റെ സഹായികളുമായി കൂടിയാലോചിച്ചശേഷം തനിക്ക് തോന്നുന്ന ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരമേല്‍പിക്കപ്പെടുന്നു. സഹായികളുമായി കൂടിയാലോചിക്കല്‍ നിര്‍ബന്ധമാണെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് നിര്‍ബന്ധമല്ല, അതിനര്‍ഥം മനുഷ്യര്‍ പ്രകൃത്യാതന്നെ മനസ്സിലാക്കുന്നു, നേതൃത്വവും കൂടിയാലോചനാ സഭയുമായി അഭിപ്രായ ഭിന്നതയുണ്ടാവുകയാണെങ്കില്‍ അതിനുള്ള ഏറ്റവും ഉചിതമായ പരിഹാരം കാര്യം നേതൃത്വത്തിന് വിട്ടുകൊടുക്കുക എന്നതാണ്. അദ്ദേഹത്തിന് ഹിതകരമായി തോന്നുന്നതിനനുസരിച്ച് തീരുമാനമെടുക്കാം. അതുകൊണ്ടാണ് യുദ്ധസന്ദര്‍ഭത്തില്‍ ഈ പരിഹാരം അവര്‍ സ്വീകരിക്കുന്നത്; സേനാനായകന്റെ അബദ്ധം സൈന്യത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് വഴിവെച്ചേക്കുമെങ്കിലും. നേതൃത്വവും കൂടിയാലോചനാസഭയുമായി അഭിപ്രായഭിന്നത ഉടലെടുക്കുകയാണെങ്കില്‍ ഏറ്റവും നല്ല പരിഹാരം അതായതുകൊണ്ടാണ് അവരിത് സ്വീകരിക്കുന്നത്.
ഈ അഭിപ്രായത്തിനെതിരെ ചിലര്‍ ചില സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്:

ഒന്ന്, നബി(സ) ഉഹുദ് യുദ്ധത്തിനുവേണ്ടി മദീനക്കു പുറത്തു പോകുന്ന വിഷയത്തില്‍ ഭൂരിപക്ഷാഭിപ്രായമാണ് സ്വീകരിച്ചത്; പുറത്തുപോകേണ്ട എന്നായിരുന്നു തിരുമേനിയുടെ അഭിപ്രായമെങ്കിലും.
മറുപടി: നബി(സ) അവരുടെ അഭിപ്രായം സ്വീകരിച്ചത് അത് തന്റെ കൂടി അഭിപ്രായമായതുകൊണ്ടായിരുന്നു; ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്ന നിലക്കല്ല.

രണ്ട്: നേതൃത്വം കൂടിയാലോചനാ സഭയുടെയോ അവരിലെ ഭൂരിപക്ഷത്തിന്റെയോ അഭിപ്രായം സ്വീകരിച്ചില്ലെങ്കില്‍ കൂടിയാലോചന കൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുക?

മറുപടി: ശരിയായ അഭിപ്രായം രൂപപ്പെട്ടുവരുന്നതിന് കൂടിയാലോചന സഹായകമാവും. നേതൃത്വം ശരിയായ അഭിപ്രായം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അദ്ദേഹം അവരുടെ അഭിപ്രായം സ്വീകരിച്ചില്ല എന്നതിനര്‍ഥം ഉന്നയിക്കപ്പെട്ട അഭിപ്രായം അദ്ദേഹത്തിന് ബോധ്യമായില്ല എന്നാണ്. അദ്ദേഹം ധിക്കാരം പ്രവര്‍ത്തിച്ചതാവുകയില്ല.
മൂന്ന്: അല്ലാഹു കൂടിയാലോചിക്കാന്‍ കല്‍പിച്ചിരിക്കുന്നു. ആരോടാണോ കൂടിയാലോചിക്കുന്നത് അവരുടെ അഭിപ്രായം സ്വീകരിക്കണമെന്ന കാര്യം ആ കല്‍പന ഉള്‍ക്കൊള്ളുന്നു.

മറുപടി: കൂടിയാലോചന എന്നാല്‍ കാര്യം നടപ്പിലാക്കലല്ല. നടപ്പിലാക്കുക എന്നത് നേതൃത്വത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇജ്തിഹാദിന് സാധ്യതയുള്ള കാര്യമാവുന്നിടത്തോളം അത് നടപ്പിലാക്കുന്ന കാര്യം നേതൃത്വത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.4

ഡോ. അബ്ദുല്‍കരീം സൈദാന്റെ ഉപര്യുക്ത അഭിപ്രായത്തിന് സമാനമായ അഭിപ്രായമാണ് മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. അബ്ദുല്ല അഹ്‌മദ് ഖാദിരി തന്റെ 'അശ്ശൂറാ' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം പറയുന്നു:
''കൂടിയാലോചനാ സഭയുടെ അഭിപ്രായത്തിന് വിരുദ്ധമാണെങ്കിലും നേതൃത്വം തനിക്ക് വ്യക്തമായി തോന്നിയ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പൗരാണിക പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണെന്നാണ് വ്യക്തമാകുന്നത്.''
ഉഹുദ് യുദ്ധവേളയില്‍ നബി(സ) മദീനക്കു പുറത്തുപോയത് ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ചായിരുന്നുവെന്നത് തെളിവാക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹം പറയുന്നു:
''പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലൊന്നും ഭൂരിപക്ഷം, ന്യൂനപക്ഷം, അധിക പേര്‍, കുറഞ്ഞ പേര്‍ എന്നീ പരാമര്‍ശങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വായിച്ചതനുസരിച്ച് ആ അര്‍ഥം കുറിക്കാത്ത പ്രയോഗങ്ങളാണ് വന്നിട്ടുള്ളത്. ഉദാഹരണമായി, 'അപ്പോള്‍ മുസ്‌ലിംകളില്‍ ഒരാള്‍ പറഞ്ഞു', 'ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിച്ചിരുന്ന ആളുകള്‍ റസൂലുല്ലാഹി(സ)യെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു', 'ജനങ്ങള്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു: നാം റസൂലുല്ലാഹി(സ)യെ നിര്‍ബന്ധിച്ചു' മുതലായ പ്രയോഗങ്ങള്‍. 'ജനങ്ങള്‍' എന്ന വാക്ക് കുറച്ചു പേര്‍ക്കും അധികം ആളുകള്‍ക്കും ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി, അല്ലാഹു പറയുന്നു: 'ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണമെന്ന് 'ആളുകള്‍' അവരോട് പറഞ്ഞപ്പോള്‍....' (ആലുഇംറാന്‍; 173), 'അപ്പോള്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാത്ത ശ്രേഷ്ഠസ്വഹാബികളില്‍പെട്ട ഒരു സംഘം നബി(സ)യോട് യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിന് തിരുമേനിയെ നിര്‍ബന്ധിക്കുകയും ചെയ്തു.' 'ബദ്‌റില്‍ പങ്കെടുക്കാത്തവരില്‍ പെട്ട ഒരാള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഞങ്ങളെയും കൊണ്ട് അവരുടെ അടുത്തേക്ക് പുറപ്പെട്ടാലും; ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യണം,' 'ധാരാളം ആളുകള്‍ ശത്രുക്കളുടെ അടുത്തേക്ക് പുറപ്പെടാന്‍ ശഠിച്ചു.'
ഈ വാക്കുകളൊന്നും ഭൂരിപക്ഷം എന്ന അര്‍ഥത്തെ കുറിക്കുന്നില്ല.''5
ഡോ. അബ്ദുല്ല അഹ്‌മദ് ഖാദിരി തുടരുന്നു:
''കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നേതൃത്വത്തിന് നിര്‍ബന്ധമാണ് എന്ന് അഭിപ്രായപ്പെടുന്നവര്‍ ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമല്ല. എങ്കില്‍ കൂടിയാലോചനക്കു തന്നെ ഒരു പ്രയോജനവുമുണ്ടാവുകയില്ല. നേതൃത്വം കൂടിയാലോചനാ സഭ വിളിച്ചുകൂട്ടുകയും അവര്‍ വളരെയേറെ അധ്വാനിച്ച് തങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്ത ശേഷം ആ അഭിപ്രായം തള്ളിക്കളയുകയാണെങ്കില്‍ കൂടിയാലോചനക്ക് എന്ത് പ്രയോജനമാണുള്ളത്?
മറുപടി: കൂടിയാലോചനയുടെ പ്രയോജനങ്ങള്‍ അനവധിയാണ്. നേതൃത്വം കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമല്ല എങ്കിലും കൂടിയാലോചന വഴി നേതൃത്വത്തിന് തനിക്ക് അജ്ഞാതമായ കാര്യങ്ങള്‍ അറിയാനും അത് അംഗീകരിക്കാനും അവസരം ലഭിക്കുന്നു. ചിലപ്പോള്‍ താന്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ അഭിപ്രായത്തിന് ഉപോദ്ബലകമായ അഭിപ്രായങ്ങളും ന്യായങ്ങളും കൂടിയാലോചനയിലൂടെ കണ്ടെത്തിയേക്കും. അപ്പോള്‍ അദ്ദേഹത്തിന് മനസ്സമാധാനത്തോടെ തന്റെ അഭിപ്രായമനുസരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.''6
ഇമാം ശാഫിഈ, ഡോ. മഹ്‌മൂദുല്‍ ഖാലിദി, ഡോ. അബ്ദുല്‍ കരീം സൈദാന്‍, ഡോ. അബ്ദുല്ലാഹ് അഹ്‌മദ് ഖാദിരി എന്നിവര്‍ പ്രകടിപ്പിച്ച മുന്‍ അഭിപ്രായത്തിന് നേരെ വിരുദ്ധമായ അഭിപ്രായമാണ് ഡോ. യൂസുഫുല്‍ ഖറദാവിയുടേത്. അദ്ദേഹം തന്റെ 'ഫതാവാ മുആസ്വിറ' എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും നേതൃത്വം കൂടിയാലോചനാ സഭയുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.
'ശൂറാ (കൂടിയാലോചന) തീരുമാനം സ്വീകരിക്കല്‍ നിര്‍ബന്ധമോ അതോ കേവല വിവരാന്വേഷണമോ' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു:
''ചോദ്യം: ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ ശൂറാ (കൂടിയാലോചന) അമീറിനോ നേതാവിനോ നിര്‍ബന്ധമാണോ? തന്റെ കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണോ, അതോ ശൂറ, അമീറിനോ നേതാവിനോ മാര്‍ഗദര്‍ശനം ചെയ്യുന്ന കേവല വിവരാന്വേഷണമാണോ? അതിനുശേഷം കൂടിയാലോചനാ സഭയുടെ തീരുമാനത്തിന് എതിരാണെങ്കിലും അനുയോജ്യമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോ? അതോ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണോ അങ്ങനെ ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് അധികാരമുള്ളത്? ആ സന്ദര്‍ഭങ്ങള്‍ ഏതെല്ലാം? പാശ്ചാത്യലോകത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രബോധന സ്ഥാപനത്തിനോ ഇസ്‌ലാമിക സംഘടനക്കോ ആ നിലപാട് സ്വീകരിക്കാമോ?
ഉത്തരം: ശൂറായുടെ കാര്യത്തില്‍ രണ്ടു കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്:
ഒന്ന്: അമീറിനോ നേതാവിനോ ശൂറാ നിര്‍ബന്ധമാണോ? അതോ നിര്‍ബന്ധത്തിന്റെ പദവിയെത്താത്ത കേവല അഭികാമ്യമായ കാര്യമാണോ?
രണ്ട്: അത് നിര്‍ബന്ധമാണെങ്കില്‍ കൂടിയാലോചനാ സഭയുടെ തീരുമാനം സ്വീകരിക്കല്‍ നേതൃത്വത്തിന് നിര്‍ബന്ധമാണോ, അതോ ശരിയിലെത്താനുള്ള ഒരന്വേഷണം മാത്രമാണോ കൂടിയാലോചന?

കൂടിയാലോചന നിര്‍ബന്ധം
ഒന്നാമത്തെ കാര്യത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍, അടിസ്ഥാന പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത് നേതൃത്വത്തിന് കൂടിയാലോചന നിര്‍ബന്ധമാണ് എന്നതത്രെ. അല്ലാഹു ഉഹുദ് യുദ്ധ ശേഷം തന്റെ റസൂലിനോട് അതിന് കല്‍പിച്ചു. നബി(സ) ഉഹുദ് യുദ്ധത്തിനു മുമ്പ് സഖാക്കളോട് കൂടിയാലോചിക്കുകയും അവരുടെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കുകയും തദ്ഫലമായി നമുക്കറിയാവുന്നത് സംഭവിക്കുകയും ചെയ്ത ശേഷമാണ് ഈ കല്‍പന. അതെല്ലാം ഉണ്ടായതോടൊപ്പം തന്നെയാണ് കൂടിയാലോചന തുടരാന്‍ കല്‍പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്:
فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ
(താങ്കള്‍ അവര്‍ക്ക് മാപ്പു നല്‍കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ താങ്കള്‍ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക - ആലുഇംറാന്‍: 159).

അടിസ്ഥാനപരമായി കല്‍പന നിര്‍ബന്ധത്തെ കുറിക്കുന്നു; വിശിഷ്യാ ഖുര്‍ആനില്‍.
മദീനയില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തമാണിത്. മക്കയില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ അല്ലാഹു സത്യവിശ്വാസികളുടെ സമൂഹത്തിന് മൗലികമായ ചില ഗുണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ശൂറാ (കൂടിയാലോചന). പറഞ്ഞ എല്ലാ ഗുണങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ്. അല്ലാഹു പറയുന്നു:
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ 
(തങ്ങളുടെ നാഥന്റെ വിളിക്ക് ഉത്തരം ചെയ്തവരും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചവരും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നിര്‍വഹിക്കുന്നവരും നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന് ചെലവ് ചെയ്യുന്നവരുമാണ് അവര്‍ - ശൂറാ: 38).
അല്ലാഹുവിന്റെ കല്‍പനക്ക് ഉത്തരം ചെയ്യലും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കലും അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കലും (സകാത്ത്) എല്ലാം സുപ്രധാനങ്ങളായ നിര്‍ബന്ധ കാര്യങ്ങളാണ്. അതോടൊപ്പം ചേര്‍ത്തുപറഞ്ഞ കൂടിയാലോചന മാത്രം ഐഛികമാകുന്നതെങ്ങനെ?

കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധം
എന്നാല്‍ രണ്ടാമത്തെ കാര്യം - അതാണിവിടെ ചോദ്യത്തിന്റെ ഉദ്ദേശ്യം- അമീറിനോ നേതൃത്വത്തിനോ കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണോ, അതോ കൂടിയാലോചനാ സഭയുടെ തീരുമാനത്തെ മറികടക്കാന്‍ നേതൃത്വത്തിന് അവകാശമുണ്ടോ, അഥവാ അവകാശമില്ലേ? കൂടിയാലോചന, വിവിധ അഭിപ്രായങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കിക്കൊണ്ട് തനിക്ക് അനുയോജ്യമായ തീരുമാനത്തിലെത്തിച്ചേരാനുള്ള ഒരു മാര്‍ഗം മാത്രമാണോ?

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നിലവിലുള്ള രണ്ട് അഭിപ്രായങ്ങളാണിത്. ഞാന്‍ എന്റെ ഒന്നിലധികം ഗ്രന്ഥങ്ങളില്‍ മുന്‍ഗണന നല്‍കിയതുപോലെ, ഇവിടെയും മുന്‍ഗണന നല്‍കുന്ന അഭിപ്രായം, ഏതൊരു സ്ഥാപനത്തിന്റെയും സംഘടനയുടെയും ഭരണസമിതിയുടെയും നേതൃത്വം കൂടിയാലോചനാ സഭയുടെ അഭിപ്രായം സ്വീകരിക്കാന്‍ ബാധ്യസ്ഥമാണെന്നാണ്.

വിഷയം വിശദമായും സ്വതന്ത്രമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ വിടല്‍ നേതൃത്വത്തിന്റെ ബാധ്യതയാകുന്നു. പിന്നീടതില്‍ വോട്ടെടുപ്പ് നടത്തണം. എല്ലാവരും ഏകകണ്ഠമായി ഒരഭിപ്രായത്തിലെത്തുകയാണെങ്കില്‍ അതാണ് ഉത്തമം. അവര്‍ ഭിന്നാഭിപ്രായക്കാരാണെങ്കില്‍ ഭൂരിപക്ഷപ്രകാരം തീരുമാനമെടുക്കണം.

ഭൂരിപക്ഷാഭിപ്രായം തീരുമാനമെടുക്കണമെന്നതിന്റെ തെളിവുകള്‍:
കൂടിയാലോചന സഭയുടെ ഭൂരിപക്ഷാഭിപ്രായം നേതൃത്വം സ്വീകരിക്കല്‍ നിര്‍ബന്ധമണെന്നതിന്റെ തെളിവുകള്‍ താഴെ പറയുന്നു:
1. നബി(സ)ക്ക് ഉഹുദ് യുദ്ധവേളയില്‍ മുശ്‌രിക്കുകളെ നേരിടാന്‍ മദീനക്കു പുറത്തു പോകണമെന്ന് അഭിപ്രായമുണ്ടായിരുന്നില്ല. തിരുമേനിയുടെയും പ്രമുഖ സ്വഹാബിമാരുടെയും അഭിപ്രായം മദീനക്കുള്ളില്‍ വെച്ചു തന്നെ യുദ്ധം ചെയ്യുക എന്നതായിരുന്നു. പക്ഷേ പുറത്തുപോയി യുദ്ധം ചെയ്യണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്ന് കണ്ടപ്പോള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുകയാണ് ചെയ്തത്. അഭിപ്രായത്തെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും എണ്ണമെടുക്കാന്‍ കല്‍പിക്കുകയുണ്ടായില്ല, കാര്യത്തെ ബാഹ്യമായി എടുക്കുക മാത്രമാണ് ചെയ്തത് എന്നത് ശരിയാണ്.
2. നബി(സ) ഭൂരിപക്ഷത്തെ അനുധാവനം ചെയ്യാന്‍ കല്‍പിക്കുകയുണ്ടായി.
3. നബി(സ) അബൂബക്ര്‍, ഉമര്‍ (റ) എന്നിവരോട് ഒരിക്കല്‍ പറഞ്ഞു: ''നിങ്ങള്‍ ഒരു കാര്യത്തില്‍ യോജിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് എതിര്‍ നില്‍ക്കുകയില്ല.'' നബി(സ) ഒരാളുടെ അഭിപ്രായത്തേക്കാള്‍- അത് പ്രവാചകന്റെ അഭിപ്രായമാണെങ്കിലും- രണ്ടു പേരുടെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്നതിനര്‍ഥം.
4. അലി(റ)യില്‍നിന്ന് ഇബ്‌നു മര്‍ദവൈഹി വഴി ഇബ്‌നുകസീര്‍ തന്റെ തഫ്‌സീറില്‍ ഉദ്ധരിച്ചത്. അലി (റ) പറയുന്നു:

فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ
 നബി(സ)യോട് എന്നതിലെ عزم-നെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ അതിനു മറുപടിയായി പറഞ്ഞു: 'അഭിപ്രായ സുബദ്ധതയുള്ളവരോട് കൂടിയാലോചിക്കുകയും എന്നിട്ട് അവരെ പിന്തുടരുകയും ചെയ്യുക.'
5. ഉമര്‍ (റ) കൂടിയാലോചനക്കു വേണ്ടി പ്രമുഖ സ്വഹാബിമാരില്‍ ആറു പേരെ നിശ്ചയിച്ചു. അവരെ സമുദായത്തിലെ തീരുമാനാധികാരമുള്ളവരായി പരിഗണിച്ചു. അവസാന തീരുമാനം അവരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരിക്കുമെന്നും അദ്ദേഹം നിശ്ചയിച്ചു. അവരുടെ വോട്ടുകള്‍ മൂന്നും മൂന്നുമായി സമമായാല്‍ അവരില്‍ ഒരു പക്ഷത്തിന് മുന്‍ഗണന ലഭ്യമാകാന്‍ അവര്‍ക്ക് പുറത്തുള്ള അബ്ദുല്ലാഹിബ്‌നു ഉമറിനെ കൂടി അവര്‍ സമിതിയിലേക്കെടുക്കണമെന്ന് നിശ്ചയിച്ചു, അതുകൊണ്ട് അവര്‍ സംതൃപ്തരായില്ലെങ്കില്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് ഉള്‍ക്കൊള്ളുന്ന മൂന്നു പേര്‍ക്കായിരിക്കും മുന്‍ഗണന.
6. ഭൂമിയില്‍ അന്യായമായി അതിക്രമം പ്രവര്‍ത്തിക്കുകയും അഹന്ത നടിക്കുകയും ചെയ്ത ഫിര്‍ഔന്‍, ഹാമാന്‍ മുതലായവര്‍ക്കെതിരെ അതിശക്തമായ ആക്രമണമാണ് ഖുര്‍ആന്‍ നടത്തിയിട്ടുള്ളത്. അല്ലാഹു പറയുന്നു:
كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ 
(അങ്ങനെ അല്ലാഹു അഹങ്കാരികളും ഏകാധിപതികളുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക് സീല്‍ വെക്കുന്നു - ഗാഫിര്‍: 35).
 وَخَابَ كُلُّ جَبَّارٍ عَنِيدٍ
(ധിക്കാരികളായ എല്ലാ ഏകാധിപതികളും പരാജയപ്പെടും - ഇബ്‌റാഹീം - 15).
7. അപ്രകാരം തന്നെ, മുന്‍പറഞ്ഞവര്‍ക്ക് തങ്ങളുടെ കടിഞ്ഞാണ്‍ ഏല്‍പിച്ചുകൊടുത്ത് അവര്‍ക്ക് വിധേയരായി ജീവിക്കുകയും അവരുടെ പാതയില്‍ സഞ്ചരിക്കുകയും അവരെ നേരിടാതിരിക്കുകയും അവര്‍ക്കെതിരില്‍ ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കെതിരിലും ഖുര്‍ആന്‍ അതിശക്തമായ ആക്രമണം നടത്തിയിട്ടുണ്ട്.
ഉദാഹരണമായി നൂഹി(അ)ന്റെ ജനതയെക്കുറിച്ച് പറഞ്ഞു:
وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًا
(തങ്ങളുടെ സമ്പത്തും സന്താനങ്ങളും കാരണം നഷ്ടം മാത്രം വര്‍ധിപ്പിച്ചവരെ അവര്‍ പിന്തുടരുകയും ചെയ്തു - നൂഹ് 21).
ഹൂദി (അ)ന്റെ ജനതയെക്കുറിച്ച് പറഞ്ഞു: 
وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍ
(മര്‍ക്കടമുഷ്ടിക്കാരായ എല്ലാ സ്വേഛാധിപതികളുടെയും കല്‍പന അവര്‍ പിന്‍പറ്റുകയും ചെയ്തു - ഹൂദ് 59).
ഫിര്‍ഔന്റെ ജനതയെ സംബന്ധിച്ച് പറഞ്ഞു:
فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ
(എന്നിട്ടവര്‍ ഫിര്‍ഔന്റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്. ഫിര്‍ഔന്റെ കല്‍പനയാകട്ടെ, വിവേകപൂര്‍ണമല്ല താനും - ഹൂദ്: 97).
فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ 
(അങ്ങനെ ഫിര്‍ഔന്‍ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മികളായ ഒരു ജനതയായിരുന്നു - സുഖ്‌റുഫ് 54).
8. ഇസ്‌ലാമിക പൈതൃകത്തില്‍ കൂടിയാലോചനാ സഭക്ക് أهل الحِلِّ والعَقْد (അഴിക്കാനും കെട്ടാനും അധികാരമുള്ളവര്‍) എന്നാണ് പറയപ്പെടാറുള്ളത്. അവരുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമല്ലെങ്കില്‍ എന്താണവര്‍ അഴിക്കുന്നതും കെട്ടുന്നതും?
9. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പൊതുവെ മറ്റു മുന്‍ഗണനാ കാര്യമൊന്നുമില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്നു.
10. ഒരു വ്യക്തിയുടെ അഭിപ്രായത്തേക്കാള്‍ ശരിയോടടുത്തത് സത്യത്തിന്റെ അഭിപ്രായമാണെന്ന് ഭൂത-വര്‍ത്തമാന ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. രണ്ടു പേരുടെ അഭിപ്രായമാണ് ഒരാളുടെ അഭിപ്രായത്തേക്കാള്‍ ശരിയോടടുത്ത് എന്നും നാം മനസ്സിലാക്കുന്നു. നമ്മുടെ സമുദായത്തെ ബാധിച്ച ഏറ്റവും വലിയ തിന്മ ഏകാധിപതികളും സ്വേഛാധിപതികളും അധര്‍മകാരികളുമായ ഭരണാധികാരികള്‍ സമുദായത്തിലെ ജനതകളുടെയും സ്വതന്ത്ര പൗരന്മാരുടെയും മേല്‍ ആധിപത്യം വാഴുന്നു എന്നതാണ്.

ഉമര്‍(റ) നബി(സ)യിലേക്ക് ചേര്‍ത്തു പറയുന്ന ഒരു നബിവചനമുണ്ട്:
إَنَّ الشَّيْطَانَ مَعَ الْوَاحِدِ وَهو مَعَ الإثْنَيْن أَبْعَدُ
(ഒറ്റയാളുടെ കൂടെയായിരിക്കും പിശാച്. രണ്ടാളില്‍നിന്ന് ഏറെ അകന്നവനുമായിരിക്കും അവന്‍).''

നേതൃത്വവും കൂടിയാലോചനാ സഭയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായാല്‍ എന്ത് ചെയ്യണമെന്ന വിഷയത്തില്‍ മൗലാനാ മൗദൂദിയില്‍നിന്ന് വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
 نظرية الإسلام وهديه فى السياسة والقانون والدستور
എന്ന പേരില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ കൃതിയില്‍ പറയുന്നു:
''(കാര്യങ്ങള്‍ സാധാരണ ഗതിയില്‍ കൂടിയാലോചനാ സഭയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ചാണ് തീരുമാനിക്കപ്പെടുക. പക്ഷേ ഇസ്‌ലാം സംഖ്യാധിക്യത്തെ സത്യാസത്യങ്ങളുടെ തുലാസാക്കിയിട്ടില്ല. അല്ലാഹു പറയുന്നു: 'പറയുക, ചീത്തയും നല്ലതും സമമാകുകയില്ല. ചീത്തയുടെ ആധിക്യം നിന്നെ ആകര്‍ഷിച്ചാലും' - അല്‍മാഇദ: 18).

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരൊറ്റ ആള്‍ ഏതെങ്കിലുമൊരു പ്രശ്‌നത്തില്‍ മറ്റെല്ലാ സഭാ അംഗങ്ങളേക്കാളും കൂടുതല്‍ ശരിയായ അഭിപ്രായമുള്ളവനും കൂര്‍മദൃഷ്ടിയുള്ളവനുമാകാന്‍ സാധ്യതയുണ്ട്. വസ്തുത ഇതായിരിക്കെ, ഭൂരിപക്ഷാഭിപ്രായത്തിന്റെ ന്യായം പറഞ്ഞ് അയാളുടെ അഭിപ്രായം തള്ളിക്കളയുന്നത് ശരിയല്ല. അപ്പോള്‍ നേതൃത്വത്തിന് ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ അഭിപ്രായത്തോട് യോജിക്കാന്‍ അവകാശമുണ്ട്. അപ്രകാരം തന്നെ കൂടിയാലോചനാ സഭാ അംഗങ്ങളുടെയെല്ലാം അഭിപ്രായത്തോട് വിയോജിച്ച് തന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്.''
ഇതാണ് മൗദൂദി സാഹിബിന്റെ ഒരഭിപ്രായമെങ്കിലും അദ്ദേഹത്തിന്റെ തന്നെ മറ്റൊരഭിപ്രായം ഇതിനു നേരെ വിരുദ്ധമാണ്.  

وَأَمْرُهُمْ شُورَىٰ بَيْنَهُمْ
എന്ന സൂക്തത്തിന്റെ വിശദീകരണത്തില്‍ അദ്ദേഹം എഴുതുന്നു:
''.... കൂടിയാലോചനാ സഭയുടെ ഏകകണ്ഠമായ അഭിപ്രായം, അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു വ്യക്തിക്കോ ഒരു ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നു വന്നാല്‍, കൂടിയാലോചന തികച്ചും നിരര്‍ഥകമായിത്തീരുന്നു. 'അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുക' എന്നല്ല, പ്രത്യുത 'അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്ന' എന്നാണ് അല്ലാഹു അരുളിയിട്ടുള്ളത്. കൂടിയാലോചന നടത്തുന്നതുകൊണ്ടുമാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന്, കൂടിയാലോചനയില്‍ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനമനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടത് അനിവാര്യമാകുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം 4 പേജ്: 468, 469).
ഡോ. അബ്ദുല്ല അഹ്‌മദ് ഖാദിരി രണ്ട് അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഒരു നിര്‍ദേശം വെക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:

''ഇസ്‌ലാമിക സമൂഹവും മുസ്‌ലിം ഭരണാധികാരികളും കടന്നുപോയിക്കൊണ്ടിരിക്കുന്ന സമകാലിക പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ നേതൃത്വത്തിനുള്ള അനുസരണപ്രതിജ്ഞയില്‍ നേതൃത്വം ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നോ അല്ലെങ്കില്‍ നേതൃത്വത്തിനും സമൂഹത്തിനുമിടയില്‍ വിധികല്‍പിക്കുന്ന ഒരുന്നത കോടതി സ്ഥാപിക്കണമെന്നോ വ്യവസ്ഥ വെക്കാവുന്നതാണ്. അങ്ങനെ ഒരു വ്യവസ്ഥ വെക്കല്‍ ഖുര്‍ആനിനോ സുന്നത്തിനോ ഇജ്മാഇനോ എതിരല്ല. പ്രത്യുത അതില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു നന്മയുണ്ട്'' (അശ്ശൂറാ 105).

അഭിപ്രായഭിന്നത ലഘൂകരിക്കാന്‍
സംഘടനാ നേതൃത്വവും കൂടിയാലോചനാ സഭയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാകുന്നത് അധികപക്ഷവും കൂടിയാലോചനാ സഭ സ്വതന്ത്രമായി യോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമ്പോഴാണ്. നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നതെങ്കില്‍ അഭിപ്രായഭിന്നത ചുരുക്കിക്കൊണ്ടുവരാന്‍ സാധിക്കും. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അങ്ങനെയുള്ള ഒരു രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ജമാഅത്ത് ഭരണഘടനയില്‍ കേന്ദ്ര മജ്‌ലിസ് ശൂറയെ സംബന്ധിച്ച് പറഞ്ഞേടത്ത് 'യോഗസമയത്ത് അമീറേ ജമാഅത്തും ഖയ്യിമും യഥാക്രമം സഭയുടെ അധ്യക്ഷനും സെക്രട്ടറിയുമായിരിക്കും' എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹല്‍ഖാ മജ്‌ലിസ് ശൂറയെ സംബന്ധിച്ച് പറഞ്ഞേടത്ത് 'ഹല്‍ഖാ മജ്‌ലിസു ശൂറായുടെ യോഗത്തില്‍ ഹല്‍ഖാ അമീര്‍ അധ്യക്ഷനായിരിക്കും' എന്നും വ്യക്തമാക്കിയിരിക്കുന്നു. കൂടിയാലോചനാ സഭ യോഗം ചേരുന്നത് അമീറിന്റെ അധ്യക്ഷതയിലാവുമ്പോള്‍ ഓരോ വിഷയത്തിലും വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ സാധിക്കുന്നതാണ്. കേന്ദ്ര മജ്‌ലിസ് ശൂറയുടെ തീരുമാനരീതിയെ സംബന്ധിച്ച് ഭരണഘടന പറയുന്നു:

''കേന്ദ്ര മജ്‌ലിസ് ശൂറാ തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കാന്‍ ശ്രമിക്കുന്നതാണ്. ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായ ഐക്യമില്ലാതെ വരികയും വോട്ടിംഗില്‍ പങ്കെടുക്കുന്ന മൂന്നിലൊന്നില്‍ കൂടുതല്‍ കേന്ദ്ര ശൂറാ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അമീറിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്ന പക്ഷം അമീറിന് തന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം വോട്ടിംഗില്‍ പങ്കെടുക്കുന്ന ശൂറാ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും തീരുമാനം.''
ഹല്‍ഖാ മജ്‌ലിസു ശൂറായുടെ തീരുമാനരീതി വിശദീകരിച്ചുകൊണ്ട് ഭരണഘടന വ്യക്തമാക്കുന്നു:

''അഭിപ്രായങ്ങളില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും. വോട്ടെടുപ്പവസരത്തില്‍ അധ്യക്ഷന്റെ വോട്ടും ഒരു വോട്ടായി കണക്കാക്കാവുന്നതാണ്. എന്നാല്‍ വോട്ടുകള്‍ സമമായി വിഭജിക്കപ്പെടുകയാണെങ്കില്‍ തീരുമാനം അധ്യക്ഷന്റെ (ഹല്‍ഖാ അമീര്‍) അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും.'' 

(ഈ വിഷയകമായ വായനക്കാരുടെ വീക്ഷണങ്ങള്‍ 'ബോധന'വുമായി പങ്കുവെക്കാവുന്നതാണ് - പത്രാധിപര്‍)

റഫറന്‍സ്:
1. الشورى : دكتور محمد الخالدي
2. أصول الدعوة ، عبد الكريم زيدان
3. الشورى: عبد الله أحمد قادري
4. فتاوى معاصرة ، قرضاوي P 3
5.ജമാഅത്തെ ഇസ്‌ലാമി ഭരണഘടന

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top