മുഹമ്മദ് നബിയുടെ യുദ്ധസമീപനം വിമര്‍ശനങ്ങളും വസ്തുതകളും
യൂസുഫ് ഉമരി
പ്രഭാഷണം
മുഹമ്മദ് നബി (സ) യുദ്ധത്തോട് സ്വീകരിച്ച നിലപാടും സമീപനവും ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം വളരെ സുപ്രധാനമാണ്. കാരണം ഇസ്‌ലാമിനെതിരിലും നബിക്കെതിരിലും വിമര്‍ശകരും എതിരാളികളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് പ്രവാചകന്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നടത്തിയ യുദ്ധങ്ങള്‍. ഈയൊരു പശ്ചാത്തലത്തില്‍ സത്യസന്ധമായി വിഷയം പഠിക്കാനുള്ള എളിയ ശ്രമമാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുസമൂഹം ഏറെ തെറ്റിദ്ധരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഈ തെറ്റിദ്ധാരണകള്‍ കൂടുതലും ഇസ്‌ലാമിലെ ചില സാങ്കേതിക പദങ്ങളുമായി ബന്ധപ്പെട്ടതാണുതാനും.
അതില്‍ ഒന്നാമത്തേതാണ് 'പ്രവാചകന്‍.' പ്രവാചകന്‍ എന്ന സങ്കല്‍പത്തിന് ഇസ്‌ലാമില്‍ വളരെ കൃത്യമായ ഒരു കാഴ്ചപ്പാടുണ്ട്. പരമ്പരാഗതമായി ഉരുത്തിരിഞ്ഞുവന്ന ഒരു കാഴ്ചപ്പാട് പൊതുസമൂഹത്തിനുണ്ട്. ഈ ലോകത്ത് കഴിഞ്ഞുപോയിട്ടുള്ള മറ്റനവധി ആധ്യാത്മിക വ്യക്തിത്വങ്ങളെയോ പുണ്യവാളന്മാരെയോ പോലെ പ്രവാചകനും ഒരു ആധ്യാത്മിക വ്യക്തിത്വമാണ് എന്നതാണ് ആ അവബോധം. ഇത് സമൂഹത്തെ സാംസ്‌കാരികമായി ഉദ്ധരിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനെ അനുയായികള്‍ക്ക് നിര്‍ദേശം കൊടുക്കുന്ന ആത്മീയ നേതാവായി ആധ്യാത്മിക കേന്ദ്രത്തിലും ആശ്രമത്തിലും കുടിയിരുത്തുന്നു. സ്വയം ആര്‍ജിച്ചെടുക്കപ്പെടുന്ന പ്രവാചകന്മാരും ആശ്രമങ്ങളിലോ പര്‍ണശാലകളിലോ ചടഞ്ഞുകൂടി കേവലമായ ചില ആധ്യാത്മിക നിര്‍ദേശങ്ങള്‍ നല്‍കേണ്ട വ്യക്തികളല്ല. മനുഷ്യസമൂഹത്തെ സംബന്ധിച്ചേടത്തോളം ജീവിതത്തിന്റെ സര്‍വ തുറകളിലും ചൂഴ്ന്നുനില്‍ക്കുന്ന ജീവിത പദ്ധതിയാണ് അവര്‍ പകര്‍ന്നു നല്‍കേണ്ടത്. ഈ ദൈവിക ജീവിത പദ്ധതി മനുഷ്യസമൂഹത്തില്‍ പ്രബോധനം ചെയ്തുകൊണ്ട് വിജയം വരിച്ച മഹാന്മാരാണ് പ്രവാചകന്മാര്‍. സത്യത്തിലും നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥ സ്ഥാപിച്ചെടുക്കുക എന്ന ദൗത്യമായിരുന്നു അവര്‍ ഏറ്റെടുത്തത്.
പ്രവാചകത്വത്തില്‍ ആധ്യാത്മികതയും വിപ്ലവവുമുണ്ട്. ഇത് ആത്മീയതയെയും ഭൗതികതയെയും സംയോജിപ്പിക്കുന്നു. ഭക്ഷണവും വിവാഹവുമുപേക്ഷിച്ച് ആധ്യാത്മിക വ്യക്തിത്വങ്ങളെ പോലെ അസാധാരണ ജീവിതം നയിക്കുന്ന ആളുകളല്ല പ്രവാചകന്മാര്‍. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ മക്കാഘട്ടത്തില്‍ ഭക്ഷണം കഴിക്കുകയും മാര്‍ക്കറ്റിലൂടെ നടക്കുകയും ചെയ്യുന്ന പ്രവാചകന്‍ എന്നു പറഞ്ഞുകൊണ്ട് നിഷേധികള്‍ ആശ്ചര്യപ്പെട്ടിരുന്നു. പരമ്പരാഗത കാഴ്ചപ്പാടിനെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് സാധാരണ ജീവിതം നയിക്കുന്ന പ്രവാചകനെ അവര്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.
وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ
(അവര്‍ -മക്കയിലെ നിഷേധികള്‍- പറഞ്ഞു: ഈ ദൂതന് എന്തുപറ്റി? ഇദ്ദേഹം ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നു - ഫുര്‍ഖാന്‍ 7). മനുഷ്യസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ ആത്മീയ വിശുദ്ധി നഷ്ടപ്പെടുമോ എന്ന് ഇക്കൂട്ടര്‍ ഭയപ്പെട്ടിരുന്നു.
രണ്ടാമതായി നാം പഠിക്കേണ്ടത് മതം എന്താണ് എന്നതിനെക്കുറിച്ചാണ്. പ്രവാചകന്മാരെക്കുറിച്ചെന്നപോലെ മതത്തെക്കുറിച്ചും തെറ്റിദ്ധാരണ നിലനിന്നു. ആധ്യാത്മികമായ വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറം മതം ഇടപെടേണ്ടതില്ല എന്നതാണ് മതത്തെ സംബന്ധിച്ചേടത്തോളം പരമ്പരാഗതമായി വെച്ചുപുലര്‍ത്തിയിരുന്ന കാഴ്ചപ്പാട്. ചില പ്രത്യേകമായ ജീവിത മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി കേവല ഉപദേശങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ മതി എന്നും ധര്‍മസംസ്ഥാപനാര്‍ഥം ആയുധമെടുക്കുകയോ യുദ്ധം നടത്തുകയോ ചെയ്യേണ്ടതില്ല എന്നും ഈ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. എന്നാല്‍ കേവലം ആധ്യാത്മികതയില്‍ മാത്രം പരിമിതപ്പെട്ടുകിടക്കുന്ന ഒരു ദര്‍ശനമല്ല ഇസ്‌ലാം. സമഗ്രമായ ഒരു ജീവിത വ്യവസ്ഥയാണത്. സമ്പൂര്‍ണമായ ഒരു സാമൂഹിക പരിവര്‍ത്തനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം മതത്തിനുണ്ട്. നീതിയും ധര്‍മവും സ്വാതന്ത്ര്യവും അവകാശവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്ത് സമ്പൂര്‍ണമായ ഒരു സാമൂഹിക പരിവര്‍ത്തനം സാധ്യമാക്കുക എന്നതാണ് ഇസ്‌ലാമിന്റെ ചുമതല. ഈ വ്യവസ്ഥിതിയിലെ വിപ്ലവകാരിയായ നായകനാണ് പ്രവാചകന്‍. ഈ നിയോഗത്തിന്റെ പ്രായോഗിക ഭാഷ്യമാണ് ഒഴിവാക്കാന്‍ പറ്റാതിരുന്ന യുദ്ധങ്ങള്‍. ആധ്യാത്മിക വ്യവസ്ഥയിലും, കേവലം ഉപദേശനിര്‍ദേശങ്ങളിലും ഒതുങ്ങിക്കൊണ്ട് ഇത് നേടിയെടുക്കുക സാധ്യമല്ല. രാഷ്ട്രവും ഭരണവും യുദ്ധവും സന്ധിയും സമാധാനവുമൊക്കെയുള്ള മതം. അതിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുന്നു. അവിടെയാണ് മതവും രാഷ്ട്രവും തമ്മിലെന്ത് ബന്ധം എന്ന ചോദ്യമുയരുന്നത്.
മൂന്നാമത്തേത് 'മുസ്‌ലിം' എന്നതാണ്. കുറേ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു പാരമ്പര്യ സമുദായം. ഇതാണ് മുസ്‌ലിം എന്ന വാക്കുമായി ബന്ധപ്പെട്ടിട്ടുള്ള പരമ്പരാഗത കാഴ്ചപ്പാട്. കേവലം ജന്മനാ ഉണ്ടാകുന്ന സമുദായം എന്നതിലുപരി ഉന്നതമായ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാമൂഹിക പരിവര്‍ത്തനം സുസാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട ഒരു വിപ്ലവ പ്രസ്ഥാനമാണത്. പരമ്പരാഗത മതസമുദായങ്ങള്‍ എല്ലാ സാമൂഹിക മേഖലകളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ എല്ലാ സാമൂഹിക മേഖലകളിലും ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍, ഇസ്‌ലാം, മുസ്‌ലിം തുടങ്ങിയവയെ നിലവിലെ പരിമിതമായ കാഴ്ചപ്പാടുകള്‍ വെച്ചുകൊണ്ട് വ്യാഖ്യാനിക്കുക സാധ്യമല്ല. സങ്കുചിതമായി മനസ്സിലാക്കുമ്പോള്‍ അവയുടെ വിശാലമായ അര്‍ഥ സാധ്യതകളും നിയോഗലക്ഷ്യങ്ങളും അവഗണിക്കപ്പെടും എന്നു സാരം.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു പദമാണ് ഇസ്‌ലാമിലെ ജിഹാദ്. മതയുദ്ധം എന്ന അടിസ്ഥാനത്തിലാണ് ആളുകള്‍ ഇതിനെ ധരിച്ചുവശായിരിക്കുന്നത്. ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിനു വേണ്ടി നടത്തപ്പെടുന്ന വിശുദ്ധ യുദ്ധം (ഹോളി വാര്‍) എന്നാണ് യൂറോപ്യന്മാരില്‍ പലരും ഇതിന് അര്‍ഥം നല്‍കിയിരിക്കുന്നത്. മറ്റുള്ളവരെ വിശ്വാസത്തിലേക്ക് കൊണ്ടുവരാനായി വാളെടുത്ത് ബലപ്രയോഗം നടത്തുന്ന വ്യക്തിയാണ് മുസ്‌ലിം എന്ന അബദ്ധ ധാരണയാണ് ഈ പദം മൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. യാഥാര്‍ഥ്യവുമായി ഇതിന് ബന്ധമില്ലെന്നതാണ് വസ്തുത. സാമൂഹിക പരിവര്‍ത്തനം സാധ്യമാക്കിക്കൊണ്ട് ഒരു ദര്‍ശനത്തെ പ്രായോഗികമാക്കാനുള്ള സമഗ്രമായ പരിശ്രമം എന്നാണ് ജിഹാദിന്റെ ഉള്ളടക്കം. ആ സമഗ്ര മാറ്റത്തിന് വേണ്ടിവന്നാല്‍ സന്ദര്‍ഭോചിതം ആയുധവും എടുക്കേണ്ടിവരും എന്നുമാത്രം. ജിഹാദ് എന്നത് സായുധ പോരാട്ടത്തിന്റെ പ്രതീകമല്ല. ഈയൊരു പരിമിതമായ അര്‍ഥതലത്തില്‍നിന്നും മാറി വിശാലമായ അര്‍ഥത്തില്‍ മനസ്സിലാക്കി മുന്നോട്ടു പോകുമ്പോള്‍ രണ്ടു തരത്തിലുള്ള പോരാട്ടങ്ങള്‍ക്ക് മനുഷ്യന്‍ സാക്ഷ്യം വഹിക്കേണ്ടതായി വരും:
അവനവന്റെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ജിഹാദ് എന്നതാണ് അതിലൊന്നാമത്തേത്. മറ്റേതാവട്ടെ, സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടിയുള്ള പോരാട്ടവും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നമുക്ക് ഒന്നാമത്തെ ഗണത്തില്‍ ഉള്‍പ്പെടുത്താം. പ്രതിരോധപരമായ ഒരു സംഘട്ടനമായിരുന്നു അത്. ബ്രിട്ടീഷുകാരെ പുറത്താക്കി സ്വരാജ് നേടുക എന്നത് നമ്മുടെ മൗലികമായ അവകാശമായിരുന്നു. എന്നാല്‍ റഷ്യന്‍ വിപ്ലവം സാമൂഹികമായ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. 'ദിഫാഅ്' എന്ന വാക്കാണ് പ്രതിരോധത്തിന് ഖുര്‍ആന്‍ ഉപയോഗിച്ചത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സര്‍വ ജന്തുജാലങ്ങള്‍ക്കും ആത്മരക്ഷക്കു വേണ്ടി പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മനുഷ്യനിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. ഈയൊരു പ്രതിരോധമില്ലായിരുന്നുവെങ്കില്‍ ക്രൈസ്തവ ദേവാലയങ്ങള്‍, ജൂത ദേവാലയങ്ങള്‍, സന്യാസിമഠങ്ങള്‍ എന്നിവയൊക്കെ തകര്‍ക്കപ്പെടുമായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞു:
وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا
(മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു -ഹജ്ജ്: 40).
ഏതോ ഒരു സാമൂഹിക പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ല ഇവയൊക്കെ നിലനില്‍ക്കണമെന്നു പറയുന്നത്. നിലനില്‍ക്കാന്‍ അര്‍ഹതയുള്ള ഒന്നിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. പള്ളിയും സിനഗോഗും ചര്‍ച്ചുകളും ഒക്കെ സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം എന്നാണ് ഖുര്‍ആന്‍ ഇവിടെ വിവക്ഷിക്കുന്നത്. ഇതാകട്ടെ, ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമല്ല. ഒരു ക്ഷേത്രമാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ അവിടെയുള്ള മുഴുവന്‍ ആളുകളും അതിന്റെ സംരക്ഷണ ദൗത്യത്തില്‍ ഏര്‍പ്പെടണം. ഒരു ചര്‍ച്ചാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ അത് സംരക്ഷിക്കാന്‍ എല്ലാ മതവിഭാഗങ്ങളും ഒരുങ്ങിയേ മതിയാവൂ, ഒരു മുസ്‌ലിം പള്ളിയാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ എല്ലാ വിഭാഗവും ഇതില്‍ ഇടപെടണം. കാരണം ഇതൊരു മൗലികാവകാശമായി കണ്ടേ മതിയാവൂ.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമൊക്കെ മൗലികാവകാശങ്ങളുണ്ട്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതു മൂലം ഭൂമിയിലുണ്ടാവാനിടയുള്ള വിനാശത്തെ ഉന്മൂലനം ചെയ്യാനും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം തന്നെയാണ് ദിഫാഅ് (പ്രതിരോധം). മനുഷ്യസഹജമായ ഈയൊരു പ്രവണത ആര്‍ക്കും നിരാകരിക്കാനാവില്ല. ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും കിട്ടിയ കൈ, കാല്‍ തുടങ്ങിയവ പോലുള്ള അവയവങ്ങള്‍ ഒരു പരിധിക്കപ്പുറം കഴിഞ്ഞാല്‍ ആയുധമായി ഉപയോഗിക്കാം. പാലു തരുന്ന സാധു ജീവിയായ പശുവിന് കൊമ്പിന്റെ ആവശ്യമെന്താണ്? ജൈവികമായ, ജന്മസിദ്ധമായ ആവശ്യം നേടിയെടുക്കാന്‍ അതിന് കൊമ്പിന്റെ ആവശ്യമില്ല. പുറത്തു നിന്നുണ്ടാകുന്ന ആക്രമണത്തെ ചെറുക്കുക എന്നതു മാത്രമാണിവിടെ കൊമ്പിന്റെ ദൗത്യം. അതുപോലെ തേനുല്‍പാദന ദൗത്യം നിര്‍വഹിക്കാന്‍ മാത്രമല്ല തേനീച്ചയുടെ കൊമ്പുകള്‍. പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ഒരു ആയുധം കൂടിയാണ് തേനീച്ചക്ക് കൊമ്പ്. സമുദ്രത്തിലും കരയിലും ആകാശങ്ങളിലുമുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം അവയുടെ അവയവങ്ങള്‍ ഒരേസമയം അവക്ക് ആവശ്യങ്ങള്‍ നിര്‍വഹിക്കാനും പ്രതിരോധത്തിനുമുള്ളതാണെന്ന് ഗ്രഹിക്കാനാവും. ചില ജീവജാലങ്ങള്‍ക്ക് സൗന്ദര്യമായി നല്‍കപ്പെട്ട അവയവങ്ങള്‍ പോലും പ്രതിരോധ ആയുധം കൂടിയാണ്. അക്രമിക്കപ്പെടുമ്പോള്‍, അവകാശങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍; ഏതോ ഒരു വ്യവസ്ഥയോ സംവിധാനമോ വന്നുകൊണ്ട് നിരാകരിക്കപ്പെടുന്ന ഈ അവകാശങ്ങളൊന്നും അവര്‍ക്ക് നേടിക്കൊടുക്കില്ല. അപ്പോള്‍ സ്വാഭാവിക പ്രതിരോധങ്ങള്‍ ഈ ലോകത്ത് കലാപങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും മതസ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം പോലുള്ളവ സംരക്ഷിക്കപ്പെടാനും വേണ്ടിയുള്ളതാണ്.
ചുരുക്കത്തില്‍ മൗലികാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കപ്പെടാന്‍ വേണ്ടിയുള്ള ഒരു പോരാട്ടമാണ് സ്വാതന്ത്ര്യസമരം. നമ്മുടെ സ്വാതന്ത്ര്യം തടയാന്‍ ബ്രിട്ടീഷുകാര്‍ക്ക് എന്തവകാശമാണുള്ളത്? ഈ ലോകത്ത് ഒരാള്‍ക്കും ആയുധപ്രയോഗത്തെ നിരാകരിച്ചുകൊണ്ട് മുന്നോട്ടു പോവുക സാധ്യമല്ല. ബൈബിള്‍ പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞുപോയ പ്രവാചകന്മാരെല്ലാം യോദ്ധാക്കളായിരുന്നുവെന്ന് കാണാം. പ്രവാചകന്‍ ദാവൂദ്, ജാലൂത്ത് എന്നു വിളിക്കുന്ന ആ കാലഘട്ടത്തിലെ അഹങ്കാരിയായ രാജാവിനെ കൊന്നുകളഞ്ഞു. ഓരോ ഗോലിയാത്തിനും ഒരു ദാവീദുണ്ട് എന്ന പ്രയോഗം ഇതില്‍നിന്നുണ്ടായതാണ്.
ഖുര്‍ആന്‍ പറയുന്നു:
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ
(അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട് -അന്‍ആം: 112).
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ
(അപ്രകാരം എല്ലാ നബിമാര്‍ക്കും കുറ്റവാളികളില്‍നിന്നുള്ള ശത്രുക്കളെ നാം ഉണ്ടാക്കിയിട്ടുണ്ട്- ഫുര്‍ഖാന്‍: 31).
മനുഷ്യനെ സംബന്ധിച്ചേടത്തോളം പല വിപ്ലവങ്ങളിലും അവനവന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി ആയുധമെടുക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ജിഹാദ് എന്ന അവകാശ സംരക്ഷണം മാത്രമല്ല, സമഗ്രമായ പരിവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിപ്ലവ ദര്‍ശനവുമായി ഒരാള്‍ കടന്നുവരികയും അതിനായി പരിശ്രമിക്കുകയും ഒരു വിഭാഗം ആളുകള്‍ അതിനെ തല്ലിക്കെടുത്താനും തച്ചുടയ്ക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഈ അധീശ വിഭാഗത്തെ തട്ടിമാറ്റിക്കൊണ്ടല്ലാതെ പരിവര്‍ത്തനം നടക്കുകയില്ല. ഇവിടെയാണ് കീഴടങ്ങലാണോ, വിപ്ലവമാണോ ഏതാണ് അഭികാമ്യമെന്ന ചോദ്യം പ്രസക്തമാകുന്നത്. സാര്‍ ചക്രവര്‍ത്തിക്കു മുന്നില്‍ റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ കീഴടങ്ങിയില്ല. ഫ്രഞ്ച് വിപ്ലവകാരികളും കീഴടങ്ങിയില്ല. ഇവരൊക്കെ കീഴടങ്ങിയിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ കീഴടങ്ങുക എന്ന മറുപടി ഇവിടെ അപ്രസക്തമാവുന്നു.
മുഹമ്മദ് നബി(സ) എന്തായിരുന്നു ചെയ്തത്? പന്ത്രണ്ടു വര്‍ഷം മക്കയില്‍ ജീവിച്ച അദ്ദേഹം നിരന്തരമായി സാമൂഹിക പരിഷ്‌കരണം നടത്തുകയായിരുന്നു.
ആത്മപ്രതിരോധത്തിന്റെ അവകാശം പോലും അദ്ദേഹം വിനിയോഗിച്ചില്ല. ഖുര്‍ആന്‍ പറയുന്നു:
أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ
'(യുദ്ധത്തിന് പോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ?' (അന്നിസാഅ്: 77).
തിരിച്ചടിക്കാന്‍ പ്രാപ്തി ഇല്ലാത്തതുകൊണ്ടായിരുന്നില്ല. അങ്ങേയറ്റം സഹനത്തിന്റെ മാര്‍ഗത്തിലായിരുന്നു അവര്‍. പന്ത്രണ്ടര വര്‍ഷം ഒരു സമൂഹം അനുഭവിക്കാവുന്ന എല്ലാ പ്രതിസന്ധികളും അനുഭവിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു, ബഹിഷ്‌കരിക്കപ്പെട്ടു. ഭീകരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്യേണ്ടിവന്നു. അഭയാര്‍ഥികളായവരെ പിടിച്ചുകൊണ്ടു വരാനായി പ്രതിനിധികളായി ചിലര്‍ പോവുകയും നജ്ജാശി രാജാവിനെ സ്വാധീനിച്ച് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. ഈ അവസരങ്ങളിലൊന്നും അദ്ദേഹം തിരിച്ചടിക്കാന്‍ മുതിര്‍ന്നില്ല. സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടി ആദര്‍ശവാദികള്‍ ശ്രമിക്കുമ്പോള്‍ അങ്ങേയറ്റം ക്ഷമിക്കുക എന്ന നയനിലപാടായിരുന്നു അദ്ദേഹമവിടെ സ്വീകരിച്ചത്. മൂസാ നബിയുടെ അനുയായികളും ഇതേ നയമായിരുന്നു പിന്തുടര്‍ന്നത്. ഒരു പരിധിക്കപ്പുറം കഴിഞ്ഞാല്‍ പിന്നെ ക്ഷമക്ക് പ്രസക്തിയില്ല. പിന്നെയത് ദൗര്‍ബല്യമായി മാറും. പരിധിക്കപ്പുറമായിട്ടും പ്രവാചകന്‍ തിരിച്ചടിക്കാന്‍ തയാറായില്ല. പ്രവാചകന്‍ മദീനയിലെ അനുയായികളുമായി വന്ന് ഉടമ്പടിക്ക് തയാറാവുകയാണ് ചെയ്തത്. ആ രഹസ്യ ഉടമ്പടി വിളിച്ചുകൂവി തകര്‍ക്കാന്‍ ഒരു ചാരന്‍ ശ്രമിച്ചപ്പോള്‍ അനുയായികള്‍ അദ്ദേഹത്തെ കൊല്ലാന്‍ അനുവാദം ചോദിച്ചു. കൊല്ലാന്‍ അനുവാദം നല്‍കപ്പെട്ടിട്ടില്ല എന്നായിരുന്നു പ്രവാചകന്റെ മറുപടി. പ്രവാചകന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. ഈ സംഭവം നടന്നതിനു ശേഷമാണ് അദ്ദേഹവും അനുയായികളും 380 കി.മീ ദൂരമുള്ള മദീനയിലേക്ക് ഹിജ്‌റ പോയത്. പ്രതിരോധിക്കാന്‍ നില്‍ക്കാതെ നാടും വീടും കുടുംബവും ദേവാലയവുമൊക്കെ ഉപേക്ഷിച്ചുകൊണ്ട് അഭയാര്‍ഥിത്വം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. മദീനയില്‍ അദ്ദേഹം ആദ്യമായി ചെയ്തത് അവിടെയുള്ള ആളുകളുമായി സാഹോദര്യബന്ധം സ്ഥാപിക്കുകയായിരുന്നു. മദീനയില്‍ നിരന്തരമായി യുദ്ധം ചെയ്തിരുന്ന രണ്ട് ഗോത്രങ്ങളായിരുന്നു ഔസ്, ഖസ്‌റജ് എന്നിവ. പരമ്പരാഗത വൈരികളായ ഈ രണ്ട് ഗോത്രങ്ങളെ പ്രവാചകന്‍ കൂട്ടിയിണക്കി. അവിടെയുണ്ടായിരുന്ന യഹൂദരെയും മുസ്‌ലിംകളെയും ഇണക്കിച്ചേര്‍ത്തു. ഐക്യത്തിന് പ്രാധാന്യം കൊടുത്ത പ്രവാചകന്‍ മൂന്നു വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ കെട്ടിപ്പടുത്തത് സാഹോദര്യമായിരുന്നു. ഈ മൂന്നു കൂട്ടരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹമൊരു കരാര്‍ എഴുതിയുണ്ടാക്കി. ഇതിനെ ലോകത്തിലെ ഏറ്റവും മഹത്തായ എഴുതപ്പെട്ട ഭരണഘടന എന്ന് വിശേഷിപ്പിക്കാനാവും. എല്ലാ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഗോത്രത്തിന്റെ അവകാശങ്ങള്‍, ഗോത്രത്തലവന്മാരുടെ അവകാശങ്ങള്‍, അവരുടെ പരസ്പര ബന്ധങ്ങള്‍, ദേവാലയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വിശദമായി ഈ ഭരണഘടന പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു വലിയ സംഘം സര്‍വായുധവിഭൂഷിതരായി മദീന അക്രമിക്കാന്‍ വരുന്നു എന്ന വാര്‍ത്ത പ്രവാചകന് ലഭിക്കുകയുായി. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ:
كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَٰرِهُونَ
(സത്യവിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്റെ വീട്ടില്‍നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയതുപോലെ -അന്‍ഫാല്‍: 5).
ലഭ്യമായ അവസരം ഉപയോഗിച്ച് മുഹമ്മദിനെയും അനുയായികളെയും എന്നെന്നേക്കുമായി അറേബ്യന്‍ മണ്ണില്‍നിന്ന് പിഴുതെറിയണം എന്നതായിരുന്നു അബൂജഹ്‌ലിന്റെ ആഗ്രഹം. ബദ്ര്‍ രണാങ്കണത്തില്‍ വെച്ച് യുദ്ധത്തിന്റെ തലേദിവസം വീണ്ടും ആലോചിച്ചു. പ്രവാചകന്റെയും അനുയായികളുടെയും ആത്മവീര്യം കണ്ട് ബുദ്ധിയുള്ള ചിലയാളുകള്‍ പറഞ്ഞു: 'നമുക്ക് പോകാം, കാരണം യുദ്ധത്തില്‍ നമ്മള്‍ മരിച്ചാല്‍ നമ്മുടെ ഗോത്രത്തലവന്മാര്‍ മുഴുവനും നിഷ്‌കാസിതരായിത്തീരും. അവരെല്ലാം ഇപ്പോള്‍ നമ്മളോടൊപ്പമുണ്ട്. മറുഭാഗത്ത് മുഹമ്മദാണ് കൊല്ലപ്പെടുന്നതെങ്കില്‍, നമ്മുടെ സഹോദര പുത്രന്മാരുടെ ജഡങ്ങളായിരിക്കും മറുഭാഗത്തുണ്ടാവുക.'
വിവേകശാലികളായ ആളുകള്‍ യുദ്ധം ആവശ്യമില്ല എന്ന് പറഞ്ഞു. ഈ യുദ്ധം അനാവശ്യമായിരുന്നുവെന്ന് ഏത് ചരിത്രഗ്രന്ഥങ്ങള്‍ വായിച്ചാലും നമുക്ക് കാണാന്‍ കഴിയും. മദീനയെ ആക്രമിക്കാന്‍ കുതിച്ചു വന്നവരോട് ആ രാഷ്ട്രത്തിലെ ഭരണാധികാരി എന്താണ് ചെയ്യേണ്ടത്? ഇവിടെ ഒരു ചോദ്യമുയരുന്നു; ബദ്ര്‍ യുദ്ധം പ്രതിരോധപരമായിരുന്നോ? വിപ്ലവപരമായിരുന്നോ? ഈ യുദ്ധം പ്രതിരോധപരമായിരുന്നു. അതോടൊപ്പം വിപ്ലവപരവുമായിരുന്നു എന്നാണുത്തരം. നവജാത ഇസ്‌ലാമിക രാജ്യത്തെ സംരക്ഷിക്കുക എന്ന ദൗത്യം മുന്നിലുണ്ടായിരുന്നു. അങ്ങനെ സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ആ രാജ്യത്തെ പ്രജകള്‍ മുഴുവന്‍ കൊല്ലപ്പെടുമായിരുന്നു. ഇക്കാരണത്താല്‍ ഈ യുദ്ധം പ്രതിരോധപരമായിരുന്നു എന്ന് നമുക്ക് പറയാം. എന്നാല്‍ ഈ സാമൂഹിക വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ ശത്രുക്കളെ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു ഇക്കാരണത്താല്‍ യുദ്ധം വിപ്ലവപരവും ആയിരുന്നു. ഇതാണ് പ്രവാചകന്‍ നേതൃത്വം കൊടുത്ത ഒന്നാമത്തെ യുദ്ധം. അദ്ദേഹം മദീനയിലെത്തി ഒന്നര വര്‍ഷത്തിനുശേഷം എതിരാളികള്‍ ഈ യുദ്ധം അനിവാര്യമാക്കിത്തീര്‍ക്കുകയായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ അവര്‍ വളരെ ദയനീയമായി ഈ യുദ്ധത്തില്‍ പരാജയപ്പെട്ടു. എങ്കിലും അവര്‍ വീണ്ടും യുദ്ധത്തിന് സന്നാഹം കൂട്ടി. യഹൂദരുമായുള്ള ഐക്യം മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നിട്ടുകൂടി പ്രവാചകന്‍ യുദ്ധത്തില്‍ ജയിച്ചു എന്നത് തങ്ങളുടെ അസ്തിത്വത്തിന് ഹാനികരമാകുമോ എന്ന് യഹൂദികള്‍ സംശയിച്ചു. മക്കയിലെ ശത്രുക്കളുമായി അവര്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി എ.ഡി 624-ല്‍ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഉഹുദ് യുദ്ധം അരങ്ങേറി. ഇവിടെയും പ്രവാചകന്‍ യുദ്ധത്തിന് പുറപ്പെട്ടിട്ടില്ല. സര്‍വവിധ സന്നാഹങ്ങളോടെ സ്ത്രീകളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അവര്‍ യുദ്ധത്തിനു വന്നത്. യുദ്ധത്തില്‍ സംഭവിച്ച നയതന്ത്രജ്ഞതയുടെ ചില പാളിച്ചകള്‍ കാരണം യുദ്ധം പരാജയത്തില്‍ കലാശിച്ചു.
യുദ്ധത്തിനുള്ള ഒരുക്കവുമായി ശത്രുക്കള്‍ വീണ്ടും മുന്നോട്ടു പോയി. പിന്നീട് മൂന്ന് വര്‍ഷത്തിനു ശേഷം ഖന്‍ദഖ് യുദ്ധം. ഈ യുദ്ധം ആഗതമായപ്പോള്‍ യഹൂദികള്‍ ഒന്നടങ്കം നിഷേധികളുമായി സഖ്യത്തിലേര്‍പ്പെടുകയും മുഹമ്മദ് നബിയുമായി ഉണ്ടാക്കിയ കരാറുകള്‍ രഹസ്യമായി ലംഘിക്കുകയും ചെയ്തു. സ്വന്തം രാജ്യമായ മദീനക്കെതിരെ നടക്കുന്ന യുദ്ധത്തിന് പിന്തുണ കൊടുത്തു. എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് എതിരാളികള്‍ യുദ്ധത്തിനു വന്നത്. കിടങ്ങു യുദ്ധം (battle of trench) എന്നും ഈ യുദ്ധം അറിയപ്പെടുന്നു. പതിനായിരത്തോളം വരുന്ന സഖ്യസംഘം മദീന വളയാന്‍ തീരുമാനിച്ചു. യുദ്ധം ചെയ്യാന്‍ കഴിയില്ല, കിടങ്ങു കുഴിക്കാം എന്ന അനുയായികളുടെ അഭിപ്രായത്തെ പ്രവാചകന്‍ അംഗീകരിക്കുകയും അവര്‍ കിടങ്ങ് കുഴിക്കുകയും ചെയ്തു. കിടങ്ങ് മറികടക്കാനുള്ള ശത്രുക്കളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ജൂതഗോത്രങ്ങളുടെ സഹായത്താല്‍ അവര്‍ കിടങ്ങ് ചാടിക്കടക്കാന്‍ ശ്രമിച്ചു. അപ്പോള്‍ പ്രവാചകനും അനുയായികളും വലിയ പ്രതിസന്ധിയിലായി. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ശത്രുസൈന്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതാവുകയും വമ്പിച്ച നാശനഷ്ടങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവരികയും അത്ഭുതകരമായ വിധത്തില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അവിടെയും ഒരു യുദ്ധം ഉണ്ടായിട്ടില്ല. യുദ്ധമില്ലാതെ പരാജയപ്പെടുക എന്ന ഗതികേടിലേക്ക് അവര്‍ എത്തുകയായിരുന്നു. സ്വന്തം വീടിന്റെ മുറ്റത്ത് വന്ന് ഒരു സംഘം യുദ്ധം നടത്തുകയാണെങ്കില്‍ ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ വീട്ടുകാരനാണല്ലോ വാദിയാവുക. അയാളുടെ മുറ്റത്തേക്ക് വന്നവരാണല്ലോ അതിക്രമകാരികള്‍. ഇവിടെ ശത്രുക്കള്‍ മദീന ആക്രമിക്കാന്‍ ഇങ്ങോട്ടു വന്നതാണ്. പ്രവാചകനും അനുചരന്മാരും മക്ക ആക്രമിക്കാന്‍ അങ്ങോട്ട് പോയതല്ല. ഇതാണ് മൂന്നാമത്തെ ഖന്‍ദഖ് യുദ്ധത്തിന്റെ ചരിത്രം. എന്നിട്ടും പ്രവാചകന്‍ ഹുദൈബിയ സന്ധിയിലെത്തി. തമ്മില്‍ യുദ്ധം വേണ്ട എന്നതായിരുന്നു സന്ധിയിലെ വ്യവസ്ഥ. ഈ വ്യവസ്ഥകളും അവര്‍ ലംഘിച്ചപ്പോഴാണ് മക്കാ വിജയത്തിനായി പ്രവാചകന്‍ സൈന്യവുമായി മക്കയിലേക്ക് പോകുന്നത്. അവിടെയും ഒരു യുദ്ധം നടന്നിട്ടില്ല. അബദ്ധവശാല്‍ ചിലര്‍ മരിക്കാനിടയായി. പ്രവാചകന്‍ കാരണമായിരുന്നില്ല ഇത്. ഒരു തുള്ളി രക്തം പോലും ചിന്താതെയാണ് അദ്ദേഹം മാതൃഭൂമിയായ മക്കയെ മോചിപ്പിച്ചെടുത്തത്. ആ യുദ്ധത്തില്‍ പ്രവാചകന്‍ ലോകത്ത് ഒരു ഭരണാധികാരിയും ചെയ്യാത്ത പൊതുമാപ്പ് പ്രഖ്യാപിക്കുകയാണുണ്ടായത്. പതിനേഴ് ആളുകളാണ് കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ പതിമൂന്ന് പേര്‍ക്കും പൊതുമാപ്പ് നല്‍കി. നാല് ആളുകള്‍ മാത്രമാണ് വധിക്കപ്പെട്ടത്. അബൂസുഫ്‌യാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ന് പൊതുമാപ്പ് നല്‍കപ്പെട്ടു.
മദീനയിലെ രാഷ്ട്ര സംസ്ഥാപനത്തിനു ശേഷവും അക്രമിക്കാന്‍ വന്നപ്പോഴാണ് അല്ലാഹു തിരിച്ചടിക്കാന്‍ അനുവാദം നല്‍കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് തിരിച്ചടിക്കാന്‍ അല്ലാഹു അനുവാദം നല്‍കുകയായിരുന്നു.
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟
(നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമികളാവരുത് -ബഖറ: 190).
وَمَا لَكُمْ لَا تُقَٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ
(അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി നിങ്ങള്‍ എന്തുകൊണ്ട് പോരാടുന്നില്ല? -നിസാഅ്: 75)
എന്നിങ്ങനെയുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇവിടെ എന്തുകൊണ്ടു നിങ്ങള്‍ പോരാടുന്നില്ല എന്നാണ് ചോദിക്കുന്നത്.
ഖുര്‍ആന്‍ തുടരുന്നു:
وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ
(നിങ്ങള്‍ അവരോട് ഏറ്റുമുട്ടുക, കുഴപ്പം അവസാനിക്കുന്നതു വരെ -ബഖറ: 193).
ആരോട് ഏറ്റുമുട്ടാനാണ് ഇവിടെ പറഞ്ഞിരിക്കുന്നത്? മക്കാവാസികളോട്. വീണ്ടും ഖുര്‍ആന്‍ പറയുന്നു: 'സംഘടിതമായി അവര്‍ എങ്ങനെയാണോ നിങ്ങളോടേറ്റുമുട്ടുന്നത്, അതുപോലെ നിങ്ങളും അവരോട് ഏറ്റുമുട്ടുക' (തൗബ: 36).
സംഘടിതമായി ഒരു വിഭാഗം യുദ്ധത്തിനു വന്നാല്‍ എന്താണ് ചെയ്യേണ്ടത്? അങ്ങനെ യുദ്ധത്തിന് എത്തിക്കഴിഞ്ഞാല്‍ അവരെ എവിടെക്കണ്ടാലും വെറുതെ വിടരുത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത് ആളുകള്‍ തെറ്റായി ധരിക്കുന്നതുപോലെ, ഏതു ബഹുദൈവ വിശ്വാസിയെയും എവിടെക്കിട്ടിയാലും വെറുതെ വിടരുത് എന്നല്ല ഉദ്ദേശിക്കുന്നത്. ചരിത്രത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടുമില്ല, ഏറ്റുമുട്ടിയിട്ടുമില്ല. വ്യക്തമായി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം യഹൂദ മതത്തെ സംബന്ധിച്ചാണ്. എപ്പോഴും അവരുമായി സഹകരണം സ്ഥാപിക്കാന്‍ ശ്രമിച്ച പ്രവാചകനെ അവര്‍ നിരന്തരമായി വഞ്ചിച്ചു. അദ്ദേഹത്തിന്റെ അനുയായികളെ വധിച്ചു, സ്ത്രീകളെ അപമാനിച്ചു. എന്നിട്ടും പ്രവാചകന്‍ അവര്‍ക്ക് മാപ്പു കൊടുത്തു. അവസാനം പ്രവാചകനെത്തന്നെ വധിക്കാന്‍ ശ്രമിക്കുന്ന ഘട്ടം വരെ എത്തിച്ചേര്‍ന്നു. ഗുരുതരമായ സാമൂഹിക പ്രശ്‌നമായി. വലിയൊരു അട്ടിമറി നടത്താനുള്ള ശ്രമങ്ങള്‍ വരെ അവര്‍ നടത്തിയപ്പോഴാണ് അവിടെയുള്ള രണ്ട് ജൂതഗോത്രവിഭാഗങ്ങള്‍ക്കെതിരെ പ്രവാചകന് നടപടി സ്വീകരിക്കേണ്ടിവന്നത്. ഇവിടെ പറയുന്നത് ലോകം മുഴുവനുമുള്ള ജൂതന്മാര്‍ക്കെതിരെ ഒരു സൗഹാര്‍ദ ബന്ധവും പാടില്ല എന്നല്ല. നിരന്തരം കരാറുകള്‍ ലംഘിച്ച് നബിയുടെ ശത്രുക്കള്‍ക്ക് ഊക്കു പകരുക എന്നത് യഹൂദികളുടെ രീതിയായിരുന്നു. മദീനക്കെതിരെ യുദ്ധോത്സുകരായി വരുന്നവര്‍ക്ക് അവര്‍ ഒത്താശ ചെയ്തുകൊടുത്തു. നബിയുടെ പ്രതിനിധികളെ മാനിക്കാന്‍ കൂട്ടാക്കാതിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍, അസ്തിത്വം ചോദ്യം ചെയ്യുകയും വീടുകളില്‍നിന്നു പറത്താക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്യുന്നവരോട് മാത്രം പൊരുതുക, അല്ലാത്തവരുമായി നല്ല മാനുഷിക ബന്ധം നിലനിര്‍ത്തുക എന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുകയുണ്ടായി:
لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿٩﴾
(മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി പുലര്‍ത്തുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് -അവരോട് മൈത്രി കാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍ -മുംതഹിന: 8,9).
അതേപോലെ പ്രതിനിധികളെ പോലും മാനിക്കാന്‍ തയാറാകാത്തവരാണ് ഈ വിഭാഗം. അതുകൊണ്ട് അവരുമായി ഒരു രാഷ്ട്രീയ സഖ്യത്തിലും ഏര്‍പ്പെടേണ്ട കാര്യമില്ല എന്നാണ് പറയുന്നത്. ഇവിടെ 'മൈത്രീബന്ധം' എന്നതുകൊണ്ട് ഖുര്‍ആന്‍ അര്‍ഥമാക്കുന്നത് രാഷ്ട്രീയ സഖ്യം എന്നാണ്; അല്ലാതെ സൗഹൃദ ബന്ധം എന്നല്ല.
പറഞ്ഞുവരുന്നത്, മുഹമ്മദ് നബി ചെയ്ത യുദ്ധങ്ങള്‍ മതം വ്യാപിപ്പിക്കാന്‍ വേണ്ടിയല്ലെന്നതാണ്. ബദ്ര്‍, ഉഹുദ്, ഖന്‍ദഖ്, ഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങളും മക്കാ വിജയവുമൊന്നും മതം സ്ഥാപിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല. ഒരു ഭാഗത്ത് മൗലികാവകാശം സ്ഥാപിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മറുഭാഗത്ത് വ്യവസ്ഥാപിത മതത്തെ രക്ഷിക്കാന്‍ കൂടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഒരേസമയത്ത് പ്രതിരോധപരവും വിപ്ലവപരവുമായിരുന്നു. ഈ യുദ്ധങ്ങളൊന്നും തന്നെ ഒരു മതം അടിച്ചേല്‍പിക്കാനോ ഒരു സമുദായത്തെ കീഴ്‌പ്പെടുത്താനോ തകര്‍ക്കാനോ ഒരു രാഷ്ട്രത്തെ പിടിച്ചെടുക്കാനോ വേണ്ടി ആയിരുന്നില്ല. മറിച്ച് സ്വാഭാവികമായി വിജയം വരിച്ച ഒരു വിശ്വാസത്തെയും സമുദായത്തെയും രാഷ്ട്രത്തെയും രക്ഷിക്കാനായിരുന്നു പ്രവാചകന്‍ യുദ്ധം നടത്തിയത്. ഇതാണ് പ്രവാചകന്റെ യുദ്ധസമീപനം. ഇത് വസ്തുനിഷ്ഠമായി മനസ്സിലാക്കുകയാണെങ്കില്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ പ്രവാചകന്റെ മുന്നില്‍ ഇല്ലായിരുന്നു എന്നു കാണാം. നിരന്തരമായി യുദ്ധക്കഥകള്‍ വിവരിക്കുന്ന ബൈബിളിന്റെ അനുയായികള്‍ പോലും പ്രവാചകന്റെ യുദ്ധത്തെപ്പറ്റി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. പ്രവാചകന്മാരുടെ യുദ്ധത്തിന്റെ നീണ്ട കഥകള്‍ ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയും. അതേപോലെ ലോകചരിത്രം പരിശോധിക്കുകയാണെങ്കിലും നിരവധി യുദ്ധങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഈ സത്യങ്ങളെ നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലാതെ പഠിക്കാന്‍ തയാറായാല്‍ കാര്യങ്ങള്‍ സത്യസന്ധമായും പക്ഷപാതരഹിതമായും വിലയിരുത്താനും മനസ്സിലാക്കാനും കഴിയും. അതാണ് വിവേകശാലികളുടെ രീതി.
(സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് (സി.എസ്.ആര്‍) ആഭിമുഖ്യത്തില്‍ കോഴിക്കോട് ഹിറാ സെന്ററില്‍ നടത്തിയ പ്രഭാഷണത്തിന്റെ ലേഖനാവിഷ്‌കാരം.)
കേട്ടെഴുത്ത്:
വി.പി ത്വാഹിറ, ചേന്ദമംഗല്ലൂര്‍