ശരീഅത്തിന്റെ വീക്ഷണത്തില്‍
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
വേഷവും സംസ്‌കാരവും - 2/2
ഇതഃപര്യന്തം പറഞ്ഞതെല്ലാം സാമൂഹികവീക്ഷണത്തിലുള്ള വസ്തുതകളാണ്. ഇനി ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണകോണിലൂടെ നമുക്ക് പ്രശ്‌നം പരിശോധിച്ചുനോക്കാം.
ഇസ്‌ലാം പ്രകൃതിമതമാണ്. സാമാന്യ ബുദ്ധിക്കും ശുദ്ധ പ്രകൃതിക്കും അനുസരിച്ചു മാത്രമാണ് ഏതു വിഷയത്തിലും അതിന്റെ നിലപാട്. നിങ്ങള്‍ വര്‍ണക്കണ്ണടകള്‍ മാറ്റിവെച്ച് തെൡ കണ്ണുകളോടെ വിഷയം അതിന്റെ തനതു പ്രകൃതിയുടെ രൂപത്തില്‍ നോക്കിക്കാണുക. അങ്ങനെ നോക്കുമ്പോള്‍ നിങ്ങള്‍ എത്തുന്ന നിഗമനം ഇസ്‌ലാമിന്റെ അതേ നിഗമനം തന്നെയായിരിക്കും. അത് ഏതെങ്കിലും സവിശേഷ വേഷമോ സവിശേഷ ജീവിത സമ്പ്രദായമോ മനുഷ്യന് നിര്‍ണയിച്ചുകൊടുക്കുന്നില്ല. പ്രത്യുത, പ്രകൃത്യാ ഏതെല്ലാം ജീവിതരീതിയും വേഷവിധാനവുമാണോ ഉടലെടുക്കുന്നത് അതിനെ അപ്പടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തികച്ചും ധാര്‍മികവും സാമൂഹികവുമായ വീക്ഷണകോണില്‍ ചില അടിസ്ഥാന തത്ത്വങ്ങള്‍ നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഓരോ സമൂഹവും തങ്ങളുടെ ദേശീയ വേഷവും സാമൂഹിക രീതികളും ഈ തത്ത്വങ്ങള്‍ക്കനുസൃതം പരിഷ്‌കരിക്കണമെന്ന് അത് ആഗ്രഹിക്കുന്നു.
ഇതില്‍ സര്‍വപ്രധാനം മറയ്ക്കുന്നതിന്റെ അതിരുകളാണ്. സദാചാര വീക്ഷണത്തില്‍ എല്ലാ പുരുഷന്മാരും മുട്ടു-പൊക്കിളിനിടയിലുള്ള ശരീര ഭാഗങ്ങള്‍ മറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് അത് മനസ്സിലാക്കുന്നു; അവര്‍ ഏതു നാട്ടുകാരും ഏതു ജനവിഭാഗവുമാണെങ്കിലും ശരി. എല്ലാ സ്ത്രീകളും അവര്‍ ഭൂമുഖത്ത് എവിടെ താമസിക്കുന്നവരാണെങ്കിലും മുഖവും മുന്‍കൈയുമൊഴികെ ശരീര ഭാഗങ്ങളെല്ലാം മറച്ചിരിക്കണമെന്നാണ് അതിന്റെ നിര്‍ദേശം.1
ഏതെങ്കിലും ജനവിഭാഗത്തിന്റെ വേഷവിധാനം ഈ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ ആ നിബന്ധനകള്‍ക്കനുസൃതം അത് തിരുത്താന്‍ ഇസ്‌ലാം ആവശ്യപ്പെടും. അവ തിരുത്തപ്പെട്ടാല്‍ ഇസ്‌ലാമിന്റെ ഉദ്ദേശ്യം പൂര്‍ത്തിയായി. പിന്നെ, ഏതെല്ലാം അലങ്കാരങ്ങളും ഫാഷനുകളും സ്വീകരിക്കണമെന്ന ചര്‍ച്ചയിലേക്ക് അത് കടക്കുകയില്ല.
പുരുഷന്മാര്‍ പട്ടുവസ്ത്രങ്ങളും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളും ധരിക്കരുതെന്നാണ് ഇസ്‌ലാമിന്റെ മറ്റൊരു അധ്യാപനം. അഹങ്കാരവും അനാവശ്യമായ ആര്‍ഭാടങ്ങളും പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണയില്‍നിന്ന് സ്ത്രീപുരുഷന്മാര്‍ അകലം പാലിക്കണമെന്നു കൂടി ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. അഹങ്കാരത്തോടെ നിലത്ത് വലിച്ചിഴക്കുന്ന വസ്ത്രം ധരിക്കാന്‍ പാടില്ല.2 മറ്റുള്ളവരുടെ മുമ്പില്‍ മേനി നടിക്കാന്‍ ധരിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അഭിശപ്തമാണ്. സാധാരണക്കാരെ അമ്പരപ്പിക്കാനായി ആര്‍ഭാടവും അഹങ്കാരവും പ്രദര്‍ശിപ്പിക്കാന്‍ ഇത്തരം വസ്ത്രം ധരിക്കുന്നത് ഇസ്‌ലാമില്‍ വിലക്കപ്പെട്ടിരിക്കുന്നു. ആത്മപൂജയുടെയും സുഖലോലുപതയുടെയും വസ്ത്രധാരണാ രീതികളും ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അനഭിലഷണീയമാണ്. ഈവക കാര്യങ്ങള്‍ സ്വന്തം വസ്ത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തുക. പിന്നെ, നിങ്ങളുടെ രാജ്യത്തോ നിങ്ങളുടെ സമൂഹത്തിലോ നടപ്പുള്ള ഏത് വസ്ത്രധാരണ രീതിയും ഇസ്‌ലാമികം തന്നെ.
ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മൂന്നാമതൊരു കാര്യം, ഏതെങ്കിലുമൊരു മതവിഭാഗം പരിപാലിക്കുന്ന വിഗ്രഹാരാധനയുടെയും ബഹുദൈവവിശ്വാസത്തിന്റെയും സവിശേഷാടയാളങ്ങള്‍ പുറത്തുനിര്‍ത്തുക എന്നതാണ്. കുരിശ്, പൂണൂല്‍, ചിത്രങ്ങള്‍ തുടങ്ങി അനിസ്‌ലാമിക ചിഹ്നങ്ങളുടെ നിര്‍വചനത്തില്‍ വരുന്നവ ഉദാഹരണം.
അമുസ്‌ലിംകളില്‍ ലയിച്ചുപോകാതിരിക്കാനും മറ്റുള്ളവരില്‍നിന്ന് തങ്ങളെ വേര്‍തിരിച്ചറിയാനും അങ്ങനെ തങ്ങള്‍ക്കിടയില്‍ സാമൂഹിക ജീവിതം ഭദ്രമായിത്തീരാനുമുതകുന്ന എന്തെങ്കിലും വ്യതിരിക്തതകള്‍ മുസ്‌ലിംകളുടെ വസ്ത്രധാരണ രീതിയിലുണ്ടായിരിക്കുക എന്നതുകൂടി മുന്‍ചൊന്ന ധാര്‍മിക- നാഗരിക പരിഷ്‌കരണങ്ങള്‍ക്കൊപ്പം ഇസ്‌ലാം ആഗ്രഹിക്കുന്നു. ഈ ഉദ്ദേശ്യാര്‍ഥം ഇസ്‌ലാം സവിശേഷമായ എന്തെങ്കിലും അടയാളമോ രീതിയോ നിര്‍ണയിച്ചിട്ടില്ല. പ്രത്യുത, പൊതു സമ്പ്രദായത്തിന് വിട്ടുകൊടുത്തിരിക്കുകയാണതിനെ. അറബികളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോള്‍ നബി(സ)യും ഇതര മുസ്‌ലിംകളും അറബികളുടെ പൊതു ദേശീയ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. എന്നാല്‍ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളായ അറബികളില്‍നിന്ന് വേര്‍തിരിച്ചറിയാനായി മുസ്‌ലിംകള്‍ തൊപ്പിക്ക് മുകളില്‍ തലപ്പാവ് കൂടി ധരിക്കാന്‍ നബി നിര്‍ദേശിക്കുകയുണ്ടായി.3
അറബ് പൊതുജനം ഒന്നുകില്‍ തലപ്പാവ് മാത്രമോ അല്ലെങ്കില്‍ തൊപ്പി മാത്രമോ ധരിക്കുന്നവരായിരുന്നു. അതിനാലാണ് തൊപ്പിമേല്‍ തലപ്പാവ് ധരിക്കുന്നത് മുസ്‌ലിംകളുടെ വ്യതിരേകമായിത്തീര്‍ന്നത്. പുതിയ പ്രസ്ഥാനത്തിന്റെ അനുയായികളെ സാധാരണ രാജ്യനിവാസികളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ ഇത്രയും വ്യത്യാസമുണ്ടായാല്‍ മതിയെന്ന് വെച്ചു. പിന്നീട് അറബികളെല്ലാം മുസ്‌ലിംകളായതോടെ ഈ അടയാളം ആവശ്യമില്ലാതായി. എന്തുകൊണ്ടെന്നാല്‍ അറബ് വസ്ത്രധാരണ രീതി തന്നെയായിത്തീര്‍ന്നു ഇസ്‌ലാമിക വസ്ത്രധാരണ രീതിയും. മുസ്‌ലിംകള്‍ക്ക് തങ്ങളെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിനുള്ള അടയാളം ആവശ്യമായ ആ വസ്ത്രം ധരിക്കുന്ന അവിശ്വാസിയോ ബഹുദൈവ വിശ്വാസിയോ ഇല്ലാതായിത്തീര്‍ന്നു. ഇതുപോലെത്തന്നെ ഇറാനിലും ഇതര രാജ്യങ്ങളിലും ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ആദ്യമാദ്യം നവ മുസ്‌ലിംകള്‍ അറബ് വസ്ത്രം ധരിക്കുകയോ തങ്ങളുടെ പുരാതന ദേശീയ വസ്ത്രത്തില്‍ എന്തെങ്കിലും അടയാളം (തലപ്പാവ്, പ്രത്യേക മേലാട എന്നിത്യാദി പോലെ) സ്വീകരിക്കുകയോ ചെയ്യേണ്ടതായി വന്നു. കാരണം അന്നേരം അവരുടെ ദേശീയ വസ്ത്രം അമുസ്‌ലിംകള്‍ ധരിക്കുന്നതായിരുന്നു. വേര്‍തിരിച്ചറിയാനുള്ള യാതൊരടയാളവും സ്വീകരിക്കാതെ അത് അപ്പടി സ്വീകരിച്ചാല്‍ മുസ്‌ലിംകള്‍ക്ക് വ്യതിരിക്തമായൊരു സാമൂഹിക ജീവിതം സാധ്യമാവാതെ വരും. എന്നാല്‍, ഈ രാജ്യനിവാസികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായി മാറുകയും അവരുടെ വസ്ത്രധാരണ രീതിയില്‍ മുമ്പു പറഞ്ഞ നാഗരിക-സദാചാര പരിഷ്‌കരണങ്ങള്‍ നടപ്പിലാവുകയും ചെയ്തതോടെ അവരുടെ വ്യത്യസ്ത പ്രാദേശിക വസ്ത്രധാരണ രീതികളൊക്കെയും ഇസ്‌ലാമിക വേഷം തന്നെയായിത്തീര്‍ന്നു. ഇക്കാലത്തും ഏതെങ്കിലും രാജ്യത്തെ ഭൂരിപക്ഷം നിവാസികള്‍ മുസ്‌ലിംകളായിത്തീരുകയാണെങ്കില്‍ അവരുടെ ദേശീയ വസ്ത്രം, അതിന്റെ വ്യത്യസ്ത രൂപഭേദങ്ങളോടൊപ്പം തന്നെ, മുഴുവനും ഇസ്‌ലാമിക വേഷമായിത്തീരുന്നതാണ്. മുസ്‌ലിംകളും അമുസ്‌ലിംകളും ഇടകലര്‍ന്ന് ജീവിക്കുന്നിടങ്ങളിലാകട്ടെ അമുസ്‌ലിമില്‍നിന്ന് മുസ്‌ലിമിനെ വേര്‍തിരിച്ചറിയുന്ന എല്ലാ വേഷവിധാനങ്ങളും ഇസ്‌ലാമികമായിരിക്കും. മുഴുവന്‍ രാജ്യനിവാസികളും അമുസ്‌ലിംകളാകുന്നിടങ്ങളില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്ന ഓരോരുത്തരും തങ്ങളുടെ വസ്ത്രധാരണാ രീതിയില്‍ അമുസ്‌ലിംകളില്‍നിന്ന് തങ്ങളെ വേര്‍തിരിച്ചറിയാന്‍ സഹായകമായ എന്തെങ്കിലും അടയാളങ്ങള്‍ സ്വീകരിക്കേണ്ടത് ആവശ്യമായിവന്നു.
സാദൃശ്യം
ഈ ഘട്ടത്തിലെത്തുമ്പോള്‍ നമ്മുടെ മുന്നില്‍ 'തശബ്ബുഹി'(അന്യസമുദായത്തോടുള്ള സാദൃശ്യം)ന്റെ പ്രശ്‌നം വരുന്നു. 'തശബ്ബുഹി'ന് നാലു രൂപങ്ങളുണ്ട്. അവയിലോരോന്നിനോടുമുള്ള ഇസ്‌ലാമിന്റെ നിലപാട് ഇവിടെ വ്യക്തമാക്കാം:
1. ലിംഗസാദൃശ്യം: പുരുഷന്‍ സ്ത്രീയെപോലെയും സ്ത്രീ പുരുഷനെപോലെയും വേഷം കെട്ടലാണിത്. ഇത് പ്രകൃതിയില്‍നിന്നുള്ള വ്യതിയാനവും മനോവൈകല്യത്തിന്റെ ഒരു ലക്ഷണവുമാണ്. അതിനാല്‍ ഇസ്‌ലാം ആ പ്രവൃത്തിയെ അഭിശപ്തമായി കാണുന്നു. സ്ത്രീവേഷം കെട്ടുന്ന പുരുഷനെയും പുരുഷവേഷം കെട്ടുന്ന സ്ത്രീയെയും നബി തിരുമേനി വ്യക്തമായ ഭാഷയില്‍ ശപിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവക്രവും അന്യൂനവുമായ മനസ്സുള്ള ഏതൊരു മുസ്‌ലിമും ഈ വിഷയത്തില്‍ നബിതിരുമേനിയുടെ അതേ വീക്ഷണമേ സ്വീകരിക്കുകയുള്ളൂ. ആണില്‍ പെണ്‍സ്വഭാവവും പെണ്ണില്‍ ആണ്‍സ്വഭാവവും, അത് ഏതു നിലക്കാണെങ്കിലും ശരി, പ്രകൃതിയെ പ്രകോപിപ്പിക്കുന്ന ഗര്‍ഹണീയ സംഗതിയാകുന്നു.
2. ഏതെങ്കിലും ജനവിഭാഗത്തോടുള്ള സാദൃശ്യപ്പെടല്‍: അതായത് ഒരു സമുദായം മൊത്തത്തില്‍ മറ്റൊരു സമുദായത്തിന്റെ അവസ്ഥ സ്വീകരിക്കുക. ഇതും പ്രകൃതി വിരുദ്ധവും ബുദ്ധി ശൂന്യവുമായൊരു സംഗതിയാകുന്നു. സമുദായത്തില്‍ അപകര്‍ഷബോധത്തിന്റെ രോഗം പകരുമ്പോഴാണ് ഇത് സംഭവിക്കുക. സ്വഹാബിവര്യന്മാരുടെ കാലത്ത് ഇതര സമുദായങ്ങളോട് സാദൃശ്യം പുലര്‍ത്തുന്നത് ശക്തമായി തടഞ്ഞത് ഇസ്‌ലാമിന്റെ ശരിയായ ചൈതന്യപ്രകടനമത്രെ.
3. വ്യക്തിസാദൃശ്യം: അതായത് ഏതെങ്കിലും ഒരു ജനവിഭാഗത്തിലെ ചില വ്യക്തികള്‍ മറ്റു ചില ജനവിഭാഗങ്ങളോട് സാദൃശ്യപ്പെടുക. ഇത് യഥാര്‍ഥത്തില്‍ വ്യക്തി സ്വഭാവഘടന(character)യുടെ ദൗര്‍ബല്യമത്രെ. ഇമ്മട്ടിലുള്ള നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ സത്യത്തില്‍ തങ്ങളുടെ ഉള്ളിലുള്ള നിറംമാറ്റ പ്രവണതയുടെ രോഗത്തെ സ്വീകരിക്കുകയാണ്. അവരുടെ സ്വഭാവഘടന പരിപാകമോ ഭദ്രമോ അല്ല. മറിച്ച് ഏതു രൂപവും സ്വീകരിക്കാന്‍ പാകത്തില്‍ ദ്രവാവസ്ഥയിലാണത്. കൂടാതെ, ധാര്‍മികമായി നോക്കിയാല്‍ അനഭികാമ്യമായൊരു പ്രവൃത്തിയുമാണിത്. ഇത് തീര്‍ത്തും ഒരാള്‍ തന്റെ കുലബന്ധം മറ്റൊരു കുലവുമായി ചേര്‍ത്തു വെക്കുന്നതിന് തുല്യമത്രെ. ജനിച്ചത് ഒരു സമുദായത്തിലാണെങ്കിലും അന്തസ്സും അഭിമാനവും നേടിയെടുക്കാന്‍ മറ്റൊരു സമുദായത്തിന്റെ ഘടന സ്വീകരിക്കുകയാണയാള്‍. അങ്ങനെ അയാള്‍ സ്വയം ആക്ഷേപാര്‍ഹനായിത്തീരുന്നു. എന്തുകൊണ്ടെന്നാല്‍ ജനിച്ച സമുദായവുമായുള്ള ബന്ധം തന്റെ ദൃഷ്ടിയില്‍ അപമാനകരമാണെന്ന് തെളിയിക്കുകയാണയാള്‍. മറ്റു ജനവിഭാഗങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുക എന്നതാണ് അയാളുടെ അടുക്കല്‍ അന്തസ്സിന്റെ കോലം. നാഗരിക വീക്ഷണത്തിലും ഈ നയം മുച്ചൂടും തെറ്റാണ്. അത്തരം നയം സ്വീകരിക്കുന്നതിലൂടെ ഇക്കൂട്ടര്‍ കടവാതിലുകളായി മാറുകയാണ്. അവര്‍ക്ക് തങ്ങള്‍ ജനിച്ച ജനതയുടെ കൂട്ടത്തിലും നില്‍ക്കാന്‍ കഴിയുന്നില്ല, തങ്ങള്‍ ആഗ്രഹിക്കുന്ന ജനമായിത്തീരാനും സാധിക്കുന്നില്ല. അങ്ങനെ 'അവരുടെ കൂട്ടത്തിലുമല്ല ഇവരുടെ കൂട്ടത്തിലുമല്ല' (ഖുര്‍ആന്‍, അന്നിസാഅ് 143) എന്ന ഗതികേടിലാണവര്‍. അക്കാരണത്താലാണ് വിദേശരാജ്യങ്ങളില്‍ ചെന്ന് അറബികളുടെ ബദവി വേഷം ഉപേക്ഷിച്ച്, ഇറാനിലെ തിളക്കമാര്‍ന്ന നാഗരികതയില്‍ ഭ്രമിച്ചുവശായി അവരുടെ വേഷം സ്വീകരിച്ചവരെ സ്വഹാബിവര്യന്മാര്‍, വിശിഷ്യാ ഉമറും അലിയും കഠിനമായി ശാസിച്ചത്.
4. അവിശ്വാസികളുമായുള്ള സാദൃശ്യം. ഒരു മുസ്‌ലിം അമുസ്‌ലിമിനോട് സാദൃശ്യം വരിക്കലാണിത്. ഇത് മുസ്‌ലിംകളുടെ സാമൂഹിക ഐകരൂപ്യത്തിന് ഭംഗം വരുത്തും. അതുവഴി മുസ്‌ലിമും മുസ്‌ലിമും തമ്മില്‍ അന്യതാബോധം സൃഷ്ടിക്കപ്പെടുകയും അവര്‍ക്കിടയില്‍ ഉണ്ടായിത്തീരണമെന്ന് ഇസ്‌ലാം അഭിലഷിക്കുന്ന പരസ്പരബന്ധങ്ങളിലെ സഹകരണം ഇല്ലാതായിത്തീരുകയും ചെയ്യും. രാഷ്ട്രീയ വീക്ഷണത്തിലും ഈ നീക്കം ക്ഷുദ്രമത്രെ. എന്തുകൊണ്ടെന്നാല്‍ അമുസ്‌ലിംകളെ പോലെ നടക്കുന്ന വ്യക്തിയോട് അറിയാതെ മുസ്‌ലിം അമുസ്‌ലിമിനോടെന്നോണം പെരുമാറാനിടയുള്ള വിന അതിലുണ്ട്. ഇക്കാരണത്താലാണ് നബിതിരുമേനി(സ) ഇത്തരം സാദൃശ്യപ്പെടലുകളെ ആവര്‍ത്തിച്ചു വിലക്കിയിട്ടുള്ളത്. 'ജൂതന്മാരില്‍നിന്ന് വ്യത്യസ്തരായിരിക്കുക, അഗ്നിയാരാധകരില്‍നിന്ന് വ്യത്യസ്തരാവുക'
(خالفو اليهود والنصارى خالفوا المجوس
എന്നിങ്ങനെയുള്ള വാക്കുകള്‍ നിരവധി ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. മുസ്‌ലിം മുസ്‌ലിമിനെ കണ്ടാല്‍ തിരിച്ചറിയുകയും അവനോട് മുസ്‌ലിമിനോടെന്നോണം പെരുമാറാന്‍ സാധിക്കുകയും വേണമെന്നാണ് ഇതിലൂടെ പ്രവാചകന്‍(സ) വ്യക്തമായും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നു. അമുസ്‌ലിംകളുമായി ഇടകലര്‍ന്ന് ജീവിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നു കൂടി പ്രവാചകന്‍ പറഞ്ഞതായി കാണാം. അതായത് വല്ല യുദ്ധത്തിലും അമുസ്‌ലിമാണെന്ന ധാരണയില്‍ അയാള്‍ കൊല്ലപ്പെട്ടാല്‍ തന്റെ രക്തത്തിന് അയാള്‍ തന്നെയായിരിക്കും ഉത്തരവാദി എന്നര്‍ഥം. 'ഒരാള്‍ മറ്റൊരു സമുദായവുമായി സാദൃശ്യം വരിച്ചാല്‍ അയാള്‍ അവരില്‍പെട്ടു' എന്നതിന്റെ വിവക്ഷയും മറ്റൊന്നല്ല. അതായത് ആരെങ്കിലും ഒരു ജനതയുടെ അതേ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്ന പക്ഷം അയാള്‍ അതേ അവിശ്വാസിഗണത്തിലായാണു പരിഗണിക്കപ്പെടുക. ആ സമുദായത്തിലെ മറ്റ് വ്യക്തികളോടു പെരുമാറുന്നതു പോലെ തന്നെയായിരിക്കും അയാളോടുമുള്ള പെരുമാറ്റം.4
(അവസാനിച്ചു)
(മആരിഫ് മാസിക, അഅ്‌സംഗഢ്, 1929; തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1940 ജനുവരി ലക്കത്തില്‍ പുനഃപ്രസിദ്ധീകരിച്ചത്)
വിവ: ശഹ്‌നാസ് ബീഗം
കുറിപ്പുകള്‍
1. സ്ത്രീകളെ സംബന്ധിച്ചേടത്തോളം ഇത് നഗ്നത മറയ്‌ക്കേണ്ടതിന്റെ അതിരുകളാണ്, 'ഹിജാബി'ന്റേതല്ലെന്ന് മനസ്സിലാക്കിയിരിക്കണം. ഭര്‍ത്താവിനൊഴികെ മറ്റുള്ളവര്‍ക്കു മുമ്പില്‍ സ്ത്രീ മറച്ചിരിക്കേണ്ട ശരീരഭാഗങ്ങളാണ് ഉദ്ദേശ്യം; അവര്‍ മാതാപിതാക്കളും സന്താനങ്ങളുമായാലും ശരി. ഹിജാബ് അന്യപുരുഷന്മാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമിടയില്‍ വേര്‍തിരിക്കുന്ന അതിലും കവിഞ്ഞ ഒന്നിന്റെ പേരാണ്. സ്ത്രീകള്‍ കുടുംബ ജീവിതത്തിന്റെ പരിധികള്‍ക്കപ്പുറത്ത് തങ്ങളുടെ സൗന്ദര്യവും അലങ്കാരങ്ങളും പ്രദര്‍ശിപ്പിച്ചു നടക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.
2. രാജാക്കന്മാര്‍, പോപ്പ്, പാതിരിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങി ഉന്നതസ്ഥാനീയര്‍ വിശേഷാവസരങ്ങളില്‍ ധരിക്കുന്നതും, വധൂവരന്മാര്‍ വിവാഹവേളയില്‍ ധരിക്കുന്നതുമായ വസ്ത്രങ്ങളാണ് ഇതിന്റെ പ്രകടമായ ഉദാഹരണം. പിന്നില്‍, അനേകമാളുകള്‍ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നതിന് മാത്രം നീളമുള്ളതായിരിക്കും ഈ വസ്ത്രങ്ങള്‍. 'അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരുടെ നേരെ അന്ത്യനാളില്‍ അല്ലാഹു നോക്കുന്നതല്ല' എന്ന് നബി തിരുമേനി പറഞ്ഞ അഹന്തയുടെ വസ്ത്രം ഇതത്രെ.
3. അബൂദാവൂദ്, തിര്‍മിദി, മുസ്തദ്‌റക് എന്നിവയില്‍
الفرق بيننا وبين المشركين العمائم على القلانس
(നമുക്കും ബഹുദൈവ വിശ്വാസികള്‍ക്കുമിടയിലുള്ള വ്യത്യാസം തൊപ്പിക്ക് മുകളിലുള്ള തലപ്പാവാണ്) എന്ന് നബി പറഞ്ഞതായി കാണാം. ഇത് എല്ലാ മുസ്‌ലിംകള്‍ക്കുമുള്ള ശാശ്വത നിയമമാണെന്നാണ് ചിലര്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനാല്‍ ഇന്നും ചിലര്‍ ഇതൊരു സുന്നത്തായാണ് കരുതിപ്പോരുന്നത്. ഇത് ഹദീസിന്റെ ആശയം ഗ്രഹിക്കാതെയുള്ള വായനയുടെ ഫലമത്രെ. യഥാര്‍ഥത്തില്‍ അമുസ്‌ലിം ഭൂരിപക്ഷ സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ അവരില്‍നിന്ന് വ്യതിരിക്തത പുലര്‍ത്താന്‍ ധരിക്കേണ്ട വസ്ത്രധാരണാ രീതി മാത്രമാണിത്.
4. ഈ വിഷയത്തിന്റെ കൂടുതല്‍ വിശദാംശങ്ങളില്‍ തല്‍പരരായവര്‍ നമ്മുടെ 'മസ്അലെ ഖൗമിയ്യത്ത്', പേ: 96-101 (ദേശീയത എന്ന പ്രശ്‌നം) എന്ന കൃതി കാണുക.
ഏതൊരു സമൂഹവും ഇതര സമൂഹങ്ങളില്‍നിന്ന് വ്യതിരിക്തമാവുന്നത് അവരുടേതു മാത്രമായ ആദര്‍ശ സ്വത്വത്തിലൂടെയാണ്. മറ്റുള്ളവരെ പോലെ മുസ്‌ലിംകളും തനതു സ്വത്വം കാത്തുസൂക്ഷിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അതേസമയം, ആദര്‍ശ സ്വത്വം നിലനിര്‍ത്തിക്കൊുതന്നെ ഇതര സമൂഹങ്ങളുമായി സാമൂഹിക ജീവിതത്തില്‍ മാനുഷിക സഹവര്‍ത്തിത്വം നിലനിര്‍ത്താനും ഇസ്‌ലാം മുസ്‌ലിംകളെ ഉപദേശിക്കുന്നുമു്.
(പത്രാധിപര്‍)