ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ ശൂറാ രീതി

പി.കെ ജമാല്‍‌‌
img

''നിര്‍ണിത ലക്ഷ്യത്തിലേക്ക്, നിശ്ചിത പ്രവര്‍ത്തന മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ് പ്രസ്ഥാനം. ലക്ഷ്യത്തിന്റെയും മാര്‍ഗത്തിന്റെയും സുതാര്യത യാത്രാ സംഘത്തിന്റെ ഓരോ ചുവടുവെപ്പിലും ഉണ്ടാകും; ഉണ്ടാകണം. ചൈതന്യവത്തായ കൂട്ടായ്മാ ബോധവും തദനുസൃതമായ പ്രവര്‍ത്തനവുമാണ് പ്രസ്ഥാനത്തിന് ജീവന്‍ പകരുന്നത്. ശൂറാ ഒരു ജീവിത രീതിയും സംസ്‌കാരവുമാണ്. സംഘടനയുടെ ഓരോ നീക്കവും ചുവടുവെപ്പും അതിന്റെ സൂക്ഷ്മാംശങ്ങളിലും വിശദാംശങ്ങളിലും പരസ്പര കൂടിയാലോചനയില്‍നിന്ന് ഉരുത്തിരിയുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെടുമ്പോള്‍ ഓരോ വ്യക്തിയും സ്വയം സന്നദ്ധരായി കര്‍മരംഗത്ത് സജീവമായി നിലയുറപ്പിക്കും. അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങള്‍ക്ക് ഈ സന്നദ്ധത സൃഷ്ടിക്കാന്‍ സാധിക്കില്ല. ശൂറാ സംസ്‌കാരം പ്രസ്ഥാനത്തിന്റെ ആന്തരിക ചൈതന്യവും ചാലകശക്തിയും ആവണം എന്ന നിര്‍ബന്ധം ഇസ്‌ലാമിനുണ്ട്.

കൂടിയാലോചനാ സ്വഭാവം ഇല്ലാതായിത്തീരുമ്പോള്‍ വ്യക്തിയുടെയോ വ്യക്തികളുടെയോ കൈകളില്‍ സംഘടന ഒതുങ്ങുകയും പ്രസ്ഥാനം ക്രമേണ ജീര്‍ണതയിലേക്ക് കൂപ്പു കുത്തുകയും ചെയ്യും. കൂട്ടായ്മാ ബോധത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന അണികളുടെ അഭാവത്തില്‍ നേതൃനിരയിലുള്ളവരില്‍, അവര്‍ അറിയാതെ സ്വേഛാധിപത്യ പ്രവണതകള്‍ കടന്നുവരും. ഇങ്ങനെയാണ് നേതാവ് പലപ്പോഴും ഏകാധിപതിയാവുന്നത്. ഇതില്‍ നേതാവിന്റെ മാത്രമല്ല, നയിക്കപ്പെടുന്നവരുടെ മനഃശാസ്ത്രവുമുണ്ട്. എല്ലാം ഒരാള്‍ക്ക് ഏല്‍പിച്ചുകൊടുത്ത് നിരുത്തരവാദികളായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ പൊതു സ്വഭാവത്തില്‍നിന്നാണ് വ്യക്തികളുടെ അപ്രമാദിത്വത്തെക്കുറിച്ച സങ്കല്‍പങ്ങള്‍ ഉണ്ടായിവരുന്നതും വ്യക്തികള്‍ ഏകാധിപതികളായി ചമയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും. ഈ പ്രവണത മുളയിലേ നുള്ളുന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍. ശൂറാ രീതി പ്രസ്ഥാനത്തിന്റെ സംസ്‌കാരമായി വളര്‍ത്തിക്കൊണ്ടുവരാനും തലമുറകളില്‍ അത് പോയ്‌പ്പോകാതിരിക്കാനും നബി(സ) പ്രത്യേകം ശ്രദ്ധപതിപ്പിച്ചതായി കാണാം'' (ആത്മസംസ്‌കരണത്തിന്റെ രാജപാത പേജ്: 60,61).

ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് അടിത്തറ പാകിയ പ്രസ്ഥാനങ്ങളെ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന വസ്തുത, അവയെല്ലാം ഇസ്‌ലാം നിര്‍ദേശിച്ച ശൂറാ രീതി പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രത്യേക താല്‍പര്യവും ഔത്സുക്യവും കാണിച്ചുപോന്നിട്ടുണ്ട് എന്നതാണ്. ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ ഉള്‍ക്കൊള്ളാനും പ്രബോധനം ചെയ്യാനും പ്രതിജ്ഞാബദ്ധമായ ഈ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഈ രീതിയില്‍നിന്ന് മാറിചിന്തിക്കാനോ ഈ പാതയില്‍നിന്ന് വ്യതിചലിക്കാനോ സാധ്യമല്ല. വിശുദ്ധ ഖുര്‍ആനും സുന്നത്തും അനുശാസിക്കുന്ന കൂടിയാലോചനാ രീതി അവലംബിച്ചുകൊണ്ടാണ് അവയെല്ലാം ചരിച്ചത് എന്നു കാണാം. ഖുര്‍ആന്റെ സുവ്യക്തമായ ശാസനയും നബി(സ)യുടെ കര്‍മ മാതൃകയും ശൂറാ രീതിയെയും കൂടിയാലോചനാ സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ അവര്‍ക്ക് പ്രേരകമായി.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെ ഉദാഹരണമായെടുക്കാം. പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇമാം ഹസനുല്‍ ബന്നാ തന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ശൂറാ രീതി ഏറ്റവും ആവശ്യമായ ഘടകമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ വ്യക്തികള്‍ക്ക് പരിശീലനം, വ്യത്യസ്ത അഭിപ്രായങ്ങള്‍ മുമ്പില്‍ വെച്ച് സുബദ്ധമായ തീരുമാനം, വസ്തുനിഷ്ഠമായ തീരുമാനങ്ങളിലേക്ക് നയിക്കുന്ന ബുദ്ധിപൂര്‍വകമായ ചര്‍ച്ച, സംവാദ നൈപുണി, പങ്കാളിത്ത മനസ്സ് എന്നിവയെല്ലാം ചേരുംപടി ചേര്‍ത്തുവെക്കുമ്പോഴാണ് പ്രസ്ഥാനം വിജയിക്കുകയെന്ന് ക്രാന്തദര്‍ശിയായ ഹസനുല്‍ ബന്നാ മനസ്സിലാക്കി. ഖുര്‍ആനാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് വിത്തിട്ടത്. ഖുര്‍ആന്റെ വളക്കൂറുള്ള മണ്ണില്‍ വളര്‍ന്ന ആ ചിന്തകള്‍ക്ക് ശൂറാ ഒരു അലങ്കാരമായല്ല, അനിവാര്യമായ ആവശ്യമായി ബോധ്യപ്പെട്ടിരുന്നു. ഓരോ ഘട്ടത്തിലും ഇഖ്‌വാന്‍ കൈക്കൊണ്ട നയനിലപാടുകള്‍ അപഗ്രഥിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.
'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' പ്രസ്ഥാനത്തെക്കുറിച്ച് സമഗ്ര പഠനം നടത്തിയ ഡോ. റഫീഖ് ഹബീബ്* രേഖപ്പെടുത്തുന്നു: ''ഒരു രാജ്യത്തായാലും പല രാജ്യങ്ങളിലായാലും ഇഖ്‌വാന്‍ വേറിട്ടുനില്‍ക്കുന്നത് അതിന്റെ ആഭ്യന്തര വൈവിധ്യത്തിലാണ്. വ്യത്യസ്ത രംഗങ്ങളിലും ബഹുവിധ മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുണ്ടായ സ്വാഭാവിക സര്‍ഗാത്മകതയാണ് ആഭ്യന്തര വൈവിധ്യത്തിന് ചാലകശക്തിയായത്. സംഘടനക്ക് ദശകങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരെയും പ്രതിഭകളെയും ആവശ്യമായി വന്നപ്പോള്‍ സര്‍ഗശേഷിയുള്ള വ്യക്തിത്വങ്ങളെ കണ്ടെത്തേണ്ടതായി വന്നു. തലമുറകളിലൂടെ കൈമാറിവന്ന പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം നിലനിര്‍ത്തിയതും അനുഭവങ്ങൡലൂടെ ആര്‍ജിച്ചെടുത്ത സിദ്ധിവിശേഷമാണെന്നു കാണാം. സംഘടനക്ക് നേരിടേണ്ടിവന്ന പരീക്ഷണ ഘട്ടങ്ങളിലും അവസ്ഥാന്തരങ്ങളിലും കൈക്കൊണ്ട നിലപാടുകളും ആഭ്യന്തര വൈവിധ്യത്തിന് മുതല്‍ക്കൂട്ടായി.''

ഇഖ്‌വാനെക്കുറിച്ച മറ്റൊരു പഠനത്തില്‍ ത്വാരിഖുല്‍ ബശരി** എഴുതുന്നു: ''അംഗങ്ങളുടെ അച്ചടക്കവും ഭദ്രമായ സംഘടനാ സംവിധാനവും ഇഖ്‌വാന്റെ വിജയരഹസ്യമാണ്. അനുസ്യൂതമായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകുന്ന ശൂറാ രീതിയാണ് കൈവെച്ച മേഖലകളിലെല്ലാം വിജയം ഉറപ്പുവരുത്തിയത്. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം പരിമിതമായിരുന്നില്ല ആലോചനാ രീതി. സാങ്കേതിക വൈദഗ്ധ്യവും നൈപുണിയും ആവശ്യമായ രംഗങ്ങളിലും തീരുമാനങ്ങള്‍ നടപ്പാക്കുന്ന തുറകളിലും വിഭിന്ന കഴിവുകളുള്ള വിവിധ സംഘങ്ങള്‍ കൂടിച്ചേര്‍ന്ന് ആലോചനകള്‍ നടത്തുമ്പോള്‍ രൂപംകൊള്ളുന്ന സമവായങ്ങളും നിഗമനങ്ങളും തീര്‍ച്ചയായും സദ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കും. ഓരോ വിഭാഗവും തങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള മേഖലകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, ആലോചനയും ചര്‍ച്ചയും പൂര്‍ണാര്‍ഥത്തില്‍ നടക്കുകയും അതില്‍നിന്ന് തീരുമാനങ്ങള്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരികയും ചെയ്യും. പൊതുവിഷയങ്ങളില്‍ ഈ വിധം കുറ്റമറ്റ കൂടിയാലോചനകള്‍ നടക്കുമ്പോള്‍ അതിന്റെ പ്രയോജനം സംഘടനക്ക് മൊത്തമാണ്. സംഘടിത പ്രവര്‍ത്തനത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും പ്രവര്‍ത്തന നൈരന്തര്യത്തിനും കൂടിയാലോചന അനിവാര്യമാണെന്നും അത് സാധ്യമായ അളവില്‍ നടന്നിട്ടുണ്ടെന്നും തീര്‍ച്ചയായാല്‍ പിന്നെ തീരുമാനം ശിരസ്സാ വഹിക്കേണ്ടതും നേതൃത്വത്തെ അനുസരിക്കേണ്ടതും അണികളുടെ നിര്‍ബന്ധ ബാധ്യതയായിത്തീരുന്നു. അനുസരണമില്ലാതെ സംഘടനക്ക് നിലനില്‍പ്പില്ല. ഇത്തരം ഒരു ഘട്ടത്തില്‍ അനുസരണത്തില്‍നിന്ന് പുറത്തു കടക്കുകയെന്നാല്‍ സംഘടനയുമായുള്ള ബന്ധം വിഛേദിക്കുക എന്നാണര്‍ഥം. ശൂറാ സംവിധാനത്തില്‍നിന്ന് ഉത്ഭവിച്ചും അതില്‍നിന്ന് വെളിച്ചം സ്വീകരിച്ചുമാണ് അനുസരണത്തിന്റെ നിലനില്‍പ്'' (ഖിറാഅത്തുന്‍ ഫീ കിതാബാതി ഹസനില്‍ബന്നാ പേജ്: 52).

ഇഖ്‌വാനില്‍ മജ്‌ലിസ് ശൂറായുടെ സ്ഥാനം സംഘടനക്ക് ദിശാബോധം നല്‍കി സംഘടനാ സംവിധാനത്തെ ചലിപ്പിക്കുന്ന ബോഡി എന്നതാണ്: ഹസനുല്‍ ബന്നായുടെ വാക്കുകളില്‍: ''ഒരു ആഗോള വിദ്യാഭ്യാസ സ്ഥാപനമാണ് നമ്മുടേത്. ആ സ്ഥാപനത്തിലെ പാഠ്യപദ്ധതി ഖുര്‍ആനാണ്. അതിന്റെ ഭരണസമിതിയാകട്ടെ മജ്‌ലിസ് ശൂറായും. ഡയറക്ടര്‍ മക്തബുല്‍ ഇര്‍ശാദാണ്. പ്രഫസര്‍മാരും അധ്യാപകരും കേന്ദ്ര ഭരണസമിതി അംഗങ്ങളാണ്. ക്ലാസ് മുറികള്‍ ഗ്രാമങ്ങളും നഗരങ്ങളും ക്ലബുകളും സാമൂഹിക-സാംസ്‌കാരിക വേദികളും സമിതികളും പള്ളികളും പള്ളിക്കൂടങ്ങളുമാണ്. ഇഖ്‌വാന്‍ പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍വരുമാണ് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. ഒരുമിച്ചുകൂടിയവര്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും ചര്‍ച്ചകളിലൂടെ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ചറിഞ്ഞും നേതാവിന്റെ അഭിപ്രായങ്ങള്‍ അംഗീകരിച്ചും ആദരവോടെ വിലയിരുത്തിയും മുന്നോട്ടുപോവുകയാണ് ഇഖ്‌വാന്റെ കേന്ദ്ര ശൂറായുടെയും മറ്റ് ആലോചനാ സമിതികളുടെയും സ്വഭാവം. '(പ്രവാചകാ) അവരോട് കൂടിയാലോചിക്കുക, എന്നിട്ട് തീരുമാനം എടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക' (ആലുഇംറാന്‍ 155).''

തങ്ങളുടെ പ്രവര്‍ത്തന വിജയത്തിന് ശൂറാ സമ്പ്രദായം സ്വീകരിക്കേണ്ടത് അനിവാര്യവും അനുപേക്ഷ്യവുമാണെന്ന ചിന്ത അണികളുടെ ഹൃദയത്തില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇഖ്‌വാന്‍ വിജയിച്ചുവെന്ന് ഓരോ സന്ദര്‍ഭത്തിലും അവര്‍ കൈക്കൊണ്ട നടപടികളുടെ വിജയം വിളിച്ചോതുന്നു.

ശൂറാ പ്രവൃത്തിപഥത്തില്‍
1938-ലാണ് സംഭവം. കൈറോവില്‍ ഇഖ് വാന്റെ പ്രവര്‍ത്തനങ്ങള്‍ നാനാമേഖലകളില്‍ വികസിക്കുകയും വിപുലമാവുകയും ചെയ്തപ്പോള്‍ പണത്തിന് ആവശ്യം നേരിട്ടു. 'സഹ്‌മുദ്ദഅ്‌വ' എന്ന പേരില്‍ പ്രവര്‍ത്തകന്മാരില്‍നിന്ന് വരിസംഖ്യ വാങ്ങാനുള്ള നിര്‍ദേശം അബ്ദുല്‍ഹകീം ആബിദീന്‍ മുന്നോട്ടുവെച്ചു. പ്രബോധനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫണ്ട് സ്വരൂപിക്കാനുള്ള നിര്‍ദേശത്തിന്റെ സാധ്യതകളെ സംബന്ധിച്ച വിശദ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ ഇഖ്‌വാന്റെ സര്‍വതലങ്ങളിലുമുള്ള മജ്‌ലിസ് ശൂറാകളില്‍ സവിസ്തര ചര്‍ച്ചകള്‍ നടന്നു. ഓരോ പ്രവര്‍ത്തകനും മാസവരുമാനത്തിന്റെ അഞ്ചില്‍ ഒന്നോ ചുരുങ്ങിയത് പത്തില്‍ ഒന്നോ ലെവി നല്‍കണമെന്ന തീരുമാനത്തിലാണ് ചര്‍ച്ചകള്‍ അവസാനിച്ചത്. തീരുമാനം നടപ്പാക്കാന്‍ പ്രവര്‍ത്തകന്മാര്‍ മത്സരപൂര്‍വം മുന്നോട്ടു വന്നു. ഇന്നും അത് തുടരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകളില്‍ ഈജിപ്തില്‍ ആഞ്ഞടിച്ച ക്രിസ്ത്യന്‍ സുവിശേഷ മതംമാറ്റ കൊടുങ്കാറ്റിനെ ഫലപ്രദമായി നേരിടാനുള്ള വഴികളെ കുറിച്ചായിരുന്നു ശൂറായില്‍ ഉയര്‍ന്നുവന്ന ചിന്തകളും ചര്‍ച്ചകളും മറ്റൊരു സന്ദര്‍ഭത്തില്‍. ഈജിപ്ത് ഭരണാധികാരിയായ ഫുആദ് രാജാവിന് തദ്‌സംബന്ധമായി നിവേദനം സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ കൈക്കൊള്ളാനും തീരുമാനമെടുത്ത ശൂറായുടെ നീക്കങ്ങള്‍ വിജയം കണ്ടു.

ഇഖ്‌വാന് സ്വന്തമായി ഒരു പ്രസ്സും ദിനപത്രവും വേണമെന്ന തീരുമാനമെടുത്തത് 1934-ല്‍ പോര്‍ട്ട് സഈദില്‍ ചേര്‍ന്ന കേന്ദ്ര മജ്‌ലിസ് ശൂറായാണ്.
1941-ല്‍ നടന്ന ഇഖ്‌വാന്റെ ആറാം കോണ്‍ഗ്രസ്സില്‍ കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു പ്രസ്ഥാനം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി ജനപ്രതിനിധി സഭകളിലേക്ക് മത്സരിക്കണമെന്നത്. 'മക്തബുല്‍ ഇര്‍ശാദ്' തീരുമാനം നടപ്പാക്കേണ്ടതാണെന്നും നിശ്ചയിച്ചു. ഇമാം ഹസനുല്‍ബന്നാ ഇസ്മാഈലിയ്യാ നിയോജകമണ്ഡലത്തില്‍നിന്നും മറ്റ് നേതാക്കള്‍ അവരവരുടെ മണ്ഡലങ്ങളില്‍നിന്നും മത്സരിക്കാനായി പത്രിക നല്‍കി.

പക്ഷേ, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ബ്രിട്ടന്‍, രാജാവായിരുന്ന നഹാസ് പാഷയെ സമീപിച്ച് ഇഖ്‌വാന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ തങ്ങള്‍ സാധ്യമായ വഴികളിലൂടെയൊക്കെ ഇഖ്‌വാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നും ബ്രിട്ടന്‍ ഭീഷണി മുഴക്കി.

നഹാസ് പാഷ ഇമാം ബന്നായുമായി മിനാ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ഹസനുല്‍ബന്നായെ ബോധ്യപ്പെടുത്തിയ നഹാസ് പാഷ, അദ്ദേഹത്തോട് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അഭ്യര്‍ഥിച്ചു. ബന്നായുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് അതാവശ്യമാണെന്ന അഭ്യര്‍ഥനയില്‍ രാജാവ് ഉറച്ചുനിന്നു. നിയമം പരിരക്ഷിക്കുന്ന ഭരണഘടനാപരമായ അവകാശമാണ് തന്റെ സ്ഥാനാര്‍ഥിത്വം എന്നറിയിച്ച ബന്നാ, നഹാസ് പാഷയുടെ ആവശ്യം നിരാകരിച്ചു. ''ഇത് ഇഖ്‌വാന്റെ തീരുമാനമാണ്. എന്റെ വ്യക്തിപരമായ തീരുമാനമല്ല. ആ തീരുമാനം റദ്ദാക്കാന്‍ എനിക്ക് തനിച്ച് സാധ്യമല്ല'' - ബന്ന വ്യക്തമാക്കി. രാജാവിന്റെ പ്രതികരണം ഇങ്ങനെ: ''ഈ നിര്‍ദേശം എന്റെ ആഗ്രഹങ്ങള്‍ക്കും ഇഛകള്‍ക്കും പുറത്താണ്. ബ്രിട്ടന്‍ തങ്ങളുടെ ഭീഷണിയില്‍ ഉറച്ചുനില്‍ക്കുകയാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് ഈ രാജ്യം തകര്‍ത്തു തരിപ്പണമാക്കാന്‍ അവര്‍ക്ക് സാധിക്കും. അതോടൊപ്പം അവര്‍ സംഘടന പിരിച്ചുവിടുകയും നേതാക്കളെ നാടുകടത്തുകയും ചെയ്യും. സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഞാന്‍ ഭയക്കുന്നു.'' നമുക്ക് പിന്നീടൊരിക്കല്‍ കാണാമെന്നറിയിച്ച് ബന്നാ ആ കൂടിക്കാഴ്ചക്ക് വിരാമമിട്ടു. സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചാല്‍ ഇഖ്‌വാന്‍ ആവശ്യപ്പെടുന്നതെന്തും നിറവേറ്റിക്കൊടുക്കാമെന്നും രാജാവ് നഹാസ് പാഷ ഉറപ്പുകൊടുത്തു.
ബന്നാ മക്തബുല്‍ ഇര്‍ശാദില്‍ പ്രശ്‌നം അവതരിപ്പിച്ചു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനെതിരായിരുന്നു ഭൂരിപക്ഷം. ഹസനുല്‍ബന്നാ തന്റെ നിലപാട് മക്തബുല്‍ ഇര്‍ശാദില്‍ വ്യക്തമാക്കിയതിങ്ങനെ: 'സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പാണ്. നാടുകടത്തുമെന്ന് ഭയന്നിട്ടൊന്നുമല്ല അത്. ഈജിപ്തിന്റെ മണ്ണില്‍ സംഘടന നിലനില്‍ക്കണമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവിരാമം നടക്കണമെന്നുമുള്ള എന്റെ അദമ്യമായ ആഗ്രഹമാണ് ഈ അനുകൂലാഭിപ്രായത്തിന് പ്രേരകം. നിര്‍ണായകമായ ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യതാല്‍പര്യവും നാം മുഖവിലക്കെടുക്കണമല്ലോ.'
നഹാസ് പാഷയുമായി ബന്നാ വീണ്ടും കൂടിക്കാഴ്ച നടത്തി. മധ്യസ്ഥനായി വന്ന സലീം ബെക് സകീ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ഇഖ്‌വാന്റെ പ്രവര്‍ത്തന വൈപുല്യത്തെയും സംഘടനക്കുള്ള വേരോട്ടത്തെയും ജനസ്വാധീനത്തെയും കുറിച്ച് നഹാസ് പാഷയെ വിശദമായി ധരിപ്പിച്ചു. പത്രവും പ്രസ്സും വീണ്ടും തുടങ്ങാനുള്ള തീരുമാന സ്വാതന്ത്ര്യം ഇഖ്‌വാന് വിട്ടുകൊണ്ട് താഴെ പറയുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു:
* നബിദിനം ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക വിശേഷ ദിനങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ഔദ്യോഗിക അംഗീകാരം.
* രാജ്യമൊട്ടുക്കും വേശ്യാലയങ്ങള്‍ക്കും വേശ്യാവൃത്തിക്കും നിരോധനം.
* കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഔദ്യോഗിക എഴുത്തുകുത്തുകള്‍ അറബി ഭാഷയില്‍ ആയിരിക്കും.
* മദ്യനിരോധനം ഏര്‍പ്പെടുത്തും.
* അറബ് ലീഗ് എന്ന പേരില്‍ അറബ് രാജ്യങ്ങളുടെ സഖ്യം ഉണ്ടാക്കും.
ആവശ്യങ്ങളില്‍ മിക്കവയും രാജാവ് നടപ്പാക്കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള ഹസനുല്‍ ബന്നായുടെ തീരുമാനം ഇഖ്‌വാന്‍ അണികളില്‍ പ്രതിഷേധമുയര്‍ത്തി. ബ്രിട്ടന്റെ ധിക്കാരപരമായ നിലപാടാണിത് എന്ന് പരക്കെ അഭിപ്രായമുണ്ടായി. നിലപാടില്‍ പ്രതിഷേധിച്ച് തങ്ങള്‍ സംഘടന വിട്ടുപോവുകയാണെന്ന് അബ്ദുല്‍ ഹകീം ആബിദീനും ഉമര്‍ തിലിംസാനിയും നേതൃത്വത്തെ അറിയിക്കുവോളം സ്ഥിതി വഷളായി.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള കാരണം വിശദീകരിക്കാന്‍ ബന്നാ ജനറല്‍ കൗണ്‍സില്‍ വിളിച്ചു. ഉണ്ടായ സംഗതികളും തീരുമാനം എടുക്കാനിടയായ സാഹചര്യങ്ങളും വിശദീകരിച്ചെങ്കിലും ബഹളവും രോഷപ്രകടനങ്ങളും കെട്ടടങ്ങിയില്ല. ഒടുവില്‍ ഹസനുല്‍ ബന്നാ വീണ്ടും വിശദീകരണവുമായി എഴുന്നേറ്റു: ''പ്രിയസഹോദരങ്ങളേ, പ്രശ്‌നം ആദ്യമായും അവസാനമായും ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ടതാണ്. വ്യക്തിപരമായ പ്രശ്‌നമല്ല. ഈ പ്രശ്‌നത്തില്‍ ഞാന്‍ പിന്തുടര്‍ന്നത് ഹുദൈബിയാ സന്ധി വേളയില്‍ നബി(സ) കൈക്കൊണ്ട വിവേക പൂര്‍വമായ നിലപാടാണ്. ദീനിന്റെ വിഷയത്തില്‍ അപമാനം സഹിച്ച് താഴ്ന്നു കൊടുക്കരുതെന്നായിരുന്നു സ്വഹാബിമാര്‍ ശഠിച്ചത്. അവരുടെ അഭിപ്രായത്തില്‍നിന്ന് ഭിന്നമായ അഭിപ്രായമായിരുന്നു നബിയുടേത്. റസൂലിന്റെ നിലപാട് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. നാം സ്ഥാനമോഹികളല്ല. നമ്മുടെ പ്രബോധനത്തിന് ഉപകരിക്കുന്ന വേദികളായാണ് നാം പാര്‍ലമെന്റിനെ കണ്ടതും പത്രിക നല്‍കിയതും. നമ്മുടെ സത്യാധിഷ്ഠിത നിലപാടുകള്‍ ഉറക്കെ പറയാനുള്ള അവസരമായാണ് നാം അതിനെ കണ്ടത്.''

ഇതായിരുന്നു ഇഖ്‌വാന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ശൂറാ രീതി. 'ആഭ്യന്തര വൈവിധ്യത്തിലെ സ്വാഭാവിക സര്‍ഗാത്മകത' എന്ന ഡോ. റഫീഖ് ഹബീബിന്റെ വിലയിരുത്തലിന് ഈ സംഭവം അടിവരയിടുന്നു. വ്യത്യസ്ത പ്രതിഭകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുംവിധം ശൂറാ തെരഞ്ഞെടുപ്പു രീതി കാലോചിതമായി പരിഷ്‌കരിക്കുന്നതിലും ഇഖ്‌വാന്‍ ശ്രദ്ധവെച്ചിരുന്നു എന്ന് ഡോ. റഫീഖ് ഹബീബ് തുടര്‍ന്ന് എഴുതിയിട്ടുണ്ട്.

ഫലസ്ത്വീനിലെ ഇഖ്‌വാന്‍
ഫലസ്ത്വീനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന് രണ്ട് ദൗത്യങ്ങളുണ്ടായിരുന്നു; ഇസ്‌ലാമിക പ്രബോധനവും മസ്ജിദുല്‍ അഖ്‌സ്വായുടെ മോചനവും. ഫലസ്ത്വീനിലെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും നടത്തിപ്പോന്നത് തികച്ചും ശൂറാ രീതിയിലായിരുന്നു. 1945 മുതല്‍ 1949 വരെയുള്ള കാലയളവില്‍ ഫലസ്ത്വീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഖുദ്‌സിലും ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് സമ്മേളിക്കാനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി ഓഫീസുകളും സെന്ററുകളും നിലവില്‍ വന്നു. അവക്കു പുറമെ ഖുദ്‌സില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കാനുള്ള ശ്രമവും ആരംഭിച്ചു. 30.3.1946-ന് ഖുദ്‌സില്‍ ശൈഖ് മുഹമ്മദുല്‍ അസ്അദുല്‍ ഇമാമുല്‍ ഹുസൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇഖ്‌വാന്റെ പൊതുസമ്മേളനം ശൂറാ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ഈജിപ്തിലെ മക് തബുല്‍ ഇര്‍ശാദുമായി ബന്ധപ്പെടാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവല്‍ക്കരിക്കുകയും ചെയ്തു. ബൈത്തുല്‍ മുഖദ്ദസില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥാപിച്ച ഇഖ്‌വാന്‍ ദഅ്‌വാ പ്രവര്‍ത്തനത്തിനും മസ്ജിദുല്‍ അഖ്‌സ്വായുടെ മോചനത്തിനുമുള്ള രൂപരേഖ തയാറാക്കി ഫലസ്ത്വീനിലെങ്ങുമുള്ള ശാഖകള്‍ക്കും അവയുടെ പ്രാദേശിക ശൂറാകള്‍ക്കും അയച്ചുകൊടുത്തു. മുഴുവന്‍ അംഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ജനറല്‍ കൗണ്‍സിലാണ് ശൂറായെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണ് തീരുമാനങ്ങള്‍. ഇരുപക്ഷവും സമമായാല്‍ അധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ടാണ് നിര്‍ണായകം. മസ്ജിദുല്‍ അഖ്‌സ്വാ സന്ദര്‍ശനത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് വരുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഖുദ്‌സിലെ ഇഖ്‌വാന്‍ കേന്ദ്രത്തില്‍ സ്വീകരണമൊരുക്കിയും അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഫലസ്ത്വീനിലെ ഇഖ്‌വാന് വിപുലമായ ബാഹ്യബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. ഫലസ്ത്വീനിലെ സ്ഥിതിഗതികള്‍ യഥാതഥം അറിയാന്‍ അതു മൂലം ലോക മുസ്‌ലിം ജനതക്ക് കഴിഞ്ഞു. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്ര സ്ഥാപന ദുരന്തത്തിന് മുമ്പുള്ള ഇഖ്‌വാന്റെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ അതിന് സ്ഥാനം നേടിക്കൊടുത്തിരുന്നു. 1948-നു ശേഷം ഇഖ്‌വാന്റെ നിലപാടുകള്‍ അതിനാല്‍തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫലസ്ത്വീനിലെ ഇടതുപക്ഷ സംഘടനകളുമായി താരതമ്യപഠനം നടത്തിയവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ മുഖ്യമായത് കൂടിയാലോചനകളിലൂടെ കൃത്യമായും കണിശമായും തീരുമാനങ്ങളെടുക്കുന്ന രീതി ഇഖ്‌വാനു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. തീരുമാനങ്ങള്‍ ഏകാധിപത്യപരമായി മുകൡനിന്ന് താഴേക്ക് നൂലില്‍ കെട്ടിയിറക്കുന്ന സ്റ്റാലിന്‍ രീതിയായിരുന്നു ഇടതുപക്ഷം കൈക്കൊണ്ടിരുന്നത്.

ഇസ്രയേല്‍ രാഷ്ട്ര രൂപവല്‍ക്കരണത്തിന് ബ്രിട്ടന്‍ കോപ്പുകൂട്ടിയ 1947 കാലഘട്ടത്തില്‍ ഹൈഫയില്‍ ചേര്‍ന്ന ഇഖ്‌വാന്റെ നിര്‍ണായക സമ്മേളനത്തിലാണ് വരാനിരിക്കുന്ന വന്‍ ദുരന്തത്തെക്കുറിച്ച് ഫലസ്ത്വീന്‍ ജനതക്ക് മുന്നറിയിപ്പു നല്‍കിയത്. ഫലസ്ത്വീന്‍ ഭൂമിയുടെ ഹൃദയത്തില്‍ ഇസ്രയേല്‍ എന്ന കഠാര കുത്തിയിറക്കിയ ബ്രിട്ടീഷ് ഉപജാപങ്ങളെ തുറന്നുകാട്ടാന്‍ ഇഖ്‌വാന് സാധിച്ചതുപോലെ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. ഫലസ്ത്വീന്‍ ജനതയുടെ തൃണമൂലത്തില്‍നിന്ന് തുടങ്ങി മേലേക്കിടയിലുള്ള മുഴുവന്‍ വിഭാഗങ്ങളെയും ബോധവല്‍ക്കരിച്ച ഇഖ്‌വാന്‍, ഇസ്രയേല്‍ രാഷ്ട്ര രൂപവല്‍ക്കരണം പടിവാതില്‍ക്കലെത്തിനിന്ന ഘട്ടത്തില്‍ നടത്തിയ രാഷ്ട്രീയവും ബുദ്ധിപരവുമായ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. വ്യവസ്ഥാപിതമായ ശൂറാ രീതിയായിരുന്നു ഇഖ്‌വാനെ അതിന് പ്രാപ്തമാക്കിയത്.

ഹമാസിന്റെ പിറവി
1948-ല്‍ ഫലസ്ത്വീനിലെ മിക്ക ഭൂഭാഗങ്ങളും ഇസ്രയേല്‍ അധിനിവേശത്തില്‍ അകപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഇഖ്‌വാന്റെ പ്രബോധന-സംഘടനാ സംവിധാനത്തിന് അതേല്‍പ്പിച്ച പരിക്ക് ഗുരുതരമായിരുന്നു. ഇഖ്‌വാന്‍ നേതൃത്വം ഛിന്നഭിന്നമായി. സെന്ററുകള്‍ക്ക് താഴു വീണു. ജനങ്ങളുടെ മുഖ്യശ്രദ്ധ സംഭവിച്ച മഹാദുരിതത്തിലും ഫലസ്ത്വീന്‍ പ്രശ്‌നത്തിലുമായി. എങ്കിലും ഗസ്സാ സ്ട്രിപ്പിലും പടിഞ്ഞാറന്‍ മേഖലയിലും അവശേഷിച്ചവര്‍ പുനഃസംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായി. സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്തുകയും പുതിയ ശൂറാ രൂപവല്‍ക്കരിക്കുകയും ചെയ്തു. അധിനിവിഷ്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കലായി പിന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം. ഇസ്രയേല്‍ രൂപവല്‍ക്കരണത്തോടെ ഖുദ്‌സ് പട്ടണത്തിലെ ഇഖ്‌വാന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സും അടച്ചുപൂട്ടപ്പെട്ടു. അതോടെ ഖുദ്‌സില്‍ അവശേഷിച്ച നേതൃത്വവും ചിന്നിച്ചിതറി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് നിന്ന സ്ഥലം പള്ളിയായി രൂപാന്തരപ്പെട്ടു. ഇന്നും ചരിത്രത്തിന്റെ മൂകസാക്ഷിയായി 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്' എന്ന കറുത്ത ഫലകം പൊടിപിടിച്ച് അവിടെ കാണാനുണ്ട്. 1967-ലെ ദയനീയ പരാജയത്തോടെ ഗസ്സാ സ്ട്രിപ്പും വെസ്റ്റ് ബാങ്കും ഇസ്രയേലിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നതോടെ ഇഖ്‌വാന്റെ മുഴുവന്‍ ഓഫീസുകളും സെന്ററുകളും സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തു. പരസ്യപ്രവര്‍ത്തനം അതോടെ നിലച്ചു. രഹസ്യ സ്വഭാവത്തിലായി പിന്നെ എല്ലാ പ്രവര്‍ത്തനങ്ങളും. പട്ടണങ്ങളിലും ഗ്രാമങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലും വ്യാപിച്ചുകിടന്ന സെല്ലുകള്‍ രഹസ്യമായി സമ്മേളിച്ച് തെരഞ്ഞെടുപ്പു നടത്തി ശൂറായെ തെരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനങ്ങളാണ് 1987-ലെ വീരോചിതമായ 'ഇന്‍തിഫാദ'ക്ക് അടിത്തറ പാകിയത്. അന്ന് തെരഞ്ഞെടുക്കപ്പെട്ട ശൂറായുടെ തീരുമാനപ്രകാരമാണ് ഹറകത്തുല്‍ മുഖാവമത്തില്‍ ഇസ്‌ലാമിയ്യഃ (ഹമാസ്) നിലവില്‍ വന്നത്. ഇരുപതാം നൂറ്റാണ്ടിലെ വിമോചന പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍നിന്ന് പൊരുതിയ ഹമാസ് ഇഖ്‌വാന്റെ ഗര്‍ഭപാത്രത്തില്‍ രൂപംകൊണ്ടത് സംഘടനയുടെ കിടയറ്റ ശൂറാ രീതിയില്‍നിന്നായിരുന്നു എന്നാണ് ഇവിടെ സൂചിപ്പിച്ചത്. ഇമാം ഹസനുല്‍ ബന്നായുടെ മകളുടെ ഭര്‍ത്താവ് ഡോ. സഈദ് റമദാന്‍ നേതൃത്വം നല്‍കി നടത്തിയ 'അല്‍ മുഅ്തമറുല്‍ ആം ലിബയ്തില്‍ മുഖദ്ദസ്' സമ്മേളനത്തോടെയാണ് ഫലസ്ത്വീന്‍ പ്രശ്‌നം ലോക മുസ്‌ലിം ജനതയുടെ പ്രശ്‌നമാക്കി കൊണ്ടുവരാന്‍ ഇഖ്‌വാന് സാധിച്ചത്. ഓരോ ചുവടുവെപ്പും ശൂറാ രീതിയില്‍ നടത്തിയ യത്‌നത്തിന്റെ വിജയമായിരുന്നു അത്.

ഹമാസില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് മജ്‌ലിസ് ശൂറായാണ്. ഗസ്സാ സ്ട്രിപ്പില്‍നിന്നും വെസ്റ്റ് ബാങ്ക് പ്രദേശത്തു നിന്നും രണ്ടു പ്രതിനിധികള്‍, ഇസ്രയേല്‍ ജയിലുകളില്‍ തടവുകാരായി കഴിയുന്ന ഫലസ്ത്വീനികളെ പ്രതിനിധീകരിച്ച് രണ്ടു പേര്‍, നാടുകടത്തപ്പെട്ട നേതൃത്വത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ അടങ്ങുന്ന മജ്‌ലിസ് ശൂറായുടെ ആസ്ഥാനം ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലായിരുന്നു. പിന്നീട് ആസ്ഥാനം തുര്‍ക്കിയിലും ഖത്തറിലുമായി. മീഡിയാ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വരെയുള്ള സര്‍വ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഈ മജ്‌ലിസ് ശൂറായാണ്. പതിനഞ്ചംഗ ശൂറായെ തെരഞ്ഞെടുക്കുന്നത് താഴെ തട്ടു മുതല്‍ നടക്കുന്ന സംഘടനാ അംഗങ്ങളുടെ കണ്‍വെന്‍ഷനുകളും സമ്മേളനങ്ങളുമാണ്. ജനറല്‍ കൗണ്‍സില്‍ രൂപംകൊടുക്കുന്ന അല്‍ മക്തബുസ്സിയാസി (പോളിറ്റ് ബ്യൂറോ) മജ്‌ലിസ് ശൂറായുടെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. തീരുമാനങ്ങളെല്ലാം ശൂറാ രീതി അവലംബിച്ചാണ്.

ഗള്‍ഫ് നാടുകളിലെ സംഘടനാ സംവിധാനം
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അതതിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവുകയുള്ളൂ. രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രസ്ഥാനങ്ങളും സംഘടനകളും പരസ്യമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ നിഷേധിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ പോയിട്ടും ആ നയത്തിലും നിലപാടിലും മാറ്റം വരുത്താന്‍ ഭരണകൂടങ്ങള്‍ താല്‍പര്യം കാണിച്ചില്ല.

ഉദാഹരണമായി, 1952-ല്‍ കുവൈത്തില്‍ രൂപംകൊണ്ട 'ജംഇയ്യത്തുല്‍ ഇര്‍ശാദില്‍ ഇസ്‌ലാമി'യാണ് പില്‍ക്കാലത്ത് 'ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ'യായി രൂപാന്തരം പ്രാപിച്ചതും ഔദ്യോഗിക ജിഹ്വയായ 'അല്‍ മുജ്ത്തമഅ്' പ്രസിദ്ധീകരിച്ചതും. തുടര്‍ന്ന് ഇതേ പേരിലോ ചെറിയ ചില മാറ്റങ്ങളോടെയോ മറ്റിടങ്ങളിലും ഇഖ്‌വാന്‍ ആഭിമുഖ്യമുള്ള സംഘടനകള്‍ നിലവില്‍ വന്നു. ബഹ്‌റൈനും യു.എ.ഇയും ഖത്തറും ഒമാനും ഉദാഹരണം. ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ, ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചിതമായ കുവൈത്തില്‍ 'മിമ്പറുല്‍ ഹറകത്തിദ്ദസ്തൂരിയ്യത്തില്‍ ഇസ്‌ലാമിയ്യ' (ഹദസ്) എന്ന പേരില്‍ രാഷ്ട്രീയ കക്ഷി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെ പാര്‍ലമെന്റില്‍ അംഗങ്ങളായി എത്തുകയും നിയമനിര്‍മാണത്തില്‍ നേരിട്ട് പങ്കാളികളാവുകയും ചെയ്തു. കുറ്റമറ്റ ശൂറാ രീതി ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഈ സംഘടനകളും ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധം നമ്മുടെ വിശകലനവിഷയമല്ലാത്തതിനാല്‍ ആ വശം വിട്ടാല്‍ പോലും പറയേണ്ട വസ്തുത എല്ലാ സന്ദര്‍ഭങ്ങളിലും സംഘടനകളുടെ ദിശ നിര്‍ണയിച്ചത് ശൂറായായിരുന്നു എന്നതാണ്. 1963-ല്‍ കുവൈത്തില്‍ സ്ഥാപിതമായ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈയുടെ ഇപ്പോഴത്തെ പ്രസിഡന്റ് പണ്ഡിതനും ചിന്തകനുമായ ഡോ. ഖാലിദുല്‍ മദ്കൂറാണ്. ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കുന്ന 'മജ്‌ലിസുല്‍ ഇദാറ'യാണ് ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ മജ്‌ലിസ് ശൂറാ. കുവൈത്തില്‍ ഏറ്റവും വേരോട്ടമുള്ള ജനകീയ പ്രസ്ഥാനമായിത്തീരാന്‍ സംഘടനക്ക് സാധിച്ചത് വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭാശാലികളെ ഉള്‍ക്കൊള്ളാന്‍ അതിന് സാധിച്ചതു മൂലമാണെന്ന് 2019-ല്‍ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ഡോ. ഖാലിദുല്‍ മദ്കൂര്‍ 'അല്‍വത്വന്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രത്യേകം എടുത്തു പറയുകയുണ്ടായി.

''പ്രഫഷണലുകള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, പണ്ഡിതന്മാര്‍, ടെക്‌നോക്രാറ്റുകള്‍, ഗവ. ജീവനക്കാര്‍, തൊഴിലാളികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്നതാവണം ശൂറായും ശൂറായെ തെരഞ്ഞെടുക്കുന്ന കൗണ്‍സിലും എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇത് കുറ്റമറ്റ ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും സഹായകമാവുന്നു. 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' പ്രസ്ഥാനത്തെക്കുറിച്ച് പഠനം നടത്തിയവര്‍ ഈ രീതി അതിന്റെ വിജയരഹസ്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രത്യേക ഭൂഭാഗത്തോ പ്രത്യേക തട്ടിലോ ഉള്ളവരാകുന്നില്ല എന്നതാണ് ഇതിന്റെ ഗുണപരമായ മേന്മ'' - ഖാലിദുല്‍ മദ്കൂര്‍ വ്യക്തമാക്കി.

യമനിലെ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ, തുനീഷ്യയിലെ ഹറകത്തുന്നഹ്ദഃ, തുര്‍ക്കിയിലെ ഹിസ്ബുല്‍ അദ്‌ല് വത്തന്‍മിയ, സുഡാനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തുടങ്ങിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം ഇസ്‌ലാം നിര്‍ദേശിച്ച ശൂറാ സംവിധാനം അക്ഷരാര്‍ഥത്തില്‍ പിന്തുടര്‍ന്നാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇതിനു പുറമെ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌വാന്‍ ആഭിമുഖ്യമുള്ള സംഘടനാ സംവിധാനമാണ് 'ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍സ് ഇന്‍ യൂറോപ്പ്.' അമേരിക്കയിലെ ഇസ്‌ലാമിക് സര്‍ക്ക്ള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ICNA), ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA), മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നാഷ്‌നല്‍ അമേരിക്ക (MSA) തുടങ്ങി അമേരിക്കയിലും യൂറോപ്പിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇഖ്‌വാന്‍ ആഭിമുഖ്യ സംഘടനകളെല്ലാം ശൂറാ രീതിയോട് മാതൃസംഘടനക്കുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നവരും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന മജ്‌ലിസ് ശൂറായിലൂടെയും കാര്യനിര്‍വഹണം നടത്തുന്നവയുമാണ്. ഈ സംവിധാനത്തില്‍ ശൂറക്ക് കേവലം ഉപദേശക സമിതിയുടെ സ്ഥാനമല്ല. വിവിധ അടരുകളില്‍നിന്ന് തേനീച്ച തേനൂറ്റുന്ന പ്രക്രിയക്ക് 'ശാറല്‍ അസല്‍' എന്ന് പറയാറുണ്ടല്ലോ. അതുപോലെ വിവിധ തലച്ചോറുകളില്‍ ഉദിക്കുന്ന ആശയങ്ങള്‍ ബ്രെയ്ന്‍ സ്‌റ്റോമിലൂടെ പുറത്തെടുക്കുകയും ചര്‍ച്ചകളിലൂടെ ഗുണവും ദോഷവും വിലയിരുത്തി തീരുമാനമെടുക്കുകയും ചെയ്യുന്ന ദൗത്യമാണ് ശൂറക്ക് നിര്‍വഹിക്കാനുള്ളത്. അന്തിമ വിശകലനത്തില്‍ പ്രസ്ഥാനത്തിന്റെ വിജയത്തിനും പരാജയത്തിനും നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ശൂറയാണ് വഹിക്കേണ്ടത്. വഹ്‌യ് ലഭിക്കുന്ന പ്രവാചകന്റെ കൂടിയാലോചനാ രീതിയില്‍നിന്ന് വ്യത്യസ്തമായ മാനം ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മജ്‌ലിസ് ശൂറക്കുണ്ട്.
തുനീഷ്യയിലെ ഹറകത്തുന്നഹ്ദയാണ് സജീവ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുകയും ഭരണപരിചയം നേടുകയും ചെയ്ത ഇസ്‌ലാമിക സംഘടനകളില്‍ പ്രഥമസ്ഥാനത്തുള്ളത്. 150 അംഗ മജ്‌ലിസ് ശൂറ മൂന്ന് മാസത്തിലൊരിക്കല്‍ സമ്മേളിച്ച് സംഘടനക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. സമൂഹത്തിലെ വ്യത്യസ്ത തട്ടുകളില്‍നിന്നും ഭിന്ന സ്ട്രാറ്റകളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് മജ്‌ലിസ് ശൂറായില്‍ ഉണ്ടാവുക. രാജ്യത്തിന്റെ സ്പന്ദനത്തോടൊപ്പം സഞ്ചരിക്കാനുള്ള ശേഷിയും കരുത്തും തന്മൂലം സംഘടനക്ക് സിദ്ധിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് പ്രാവര്‍ത്തികരൂപം നല്‍കാന്‍, നേരത്തേ 'അല്‍ ഇത്തിജാഹുല്‍ ഇസ്‌ലാമി' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹറകത്തുന്നഹ്ദക്ക് സാധിച്ചു. ഇസ്‌ലാമോഫോബിയയുടെ ഈ കാലത്ത്, റാശിദുല്‍ ഗന്നൂശിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നഹ്ദക്ക് ഇസ്‌ലാമിന്റെ മനുഷ്യക്ഷേമമുഖം ലോകസമക്ഷം സമര്‍പ്പിക്കാന്‍ കഴിയുന്നത് കൂട്ടായ ആലോചനകളുടെയും കൂട്ടായ യത്‌നങ്ങളുടെയും ഫലമായിട്ടാണ്. 

റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ 'അക്' പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ സാധിക്കുന്നതും ഈ മഹത്തായ കാര്യം തന്നെ. അക് പാര്‍ട്ടിയുടെ ശൂറാ സംവിധാനം നജ്മുദ്ദീന്‍ അര്‍ബകാന്‍ മുതല്‍ ഇങ്ങോട്ട് വിവിധ കാലഘട്ടങ്ങളിലെ പ്രസ്ഥാന നായകന്മാരും ശൂറാ സമ്പ്രദായത്തിനും ശൂറാത്മക സംസ്‌കാരത്തിനും നല്‍കിയ സംഭാവനകളും പ്രത്യേക പഠനവും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. അതിനിവിടെ ഇടമില്ല.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും സൈദ്ധാന്തികരുമായി അറിയപ്പെടുന്ന ശഹീദ് ഹസനുല്‍ബന്നാ, സയ്യിദ് ഖുത്വ്ബ്, അബ്ദുല്‍ ഖാദിര്‍ ഔദ, ഹസനുല്‍ ഹുദൈബി, ഉമര്‍ തിലിംസാനി, സയ്യിദ് സാബിഖ്, സഈദ് ഹവ്വാ, ഫതഹീയകന്‍, മുസ്ത്വഫസ്സിബാഈ, മുഹമ്മദ് ഹാമിദ് അബുന്നസ്വ്ര്‍, ഡോ. യൂസുഫുല്‍ ഖറദാവി, അഹ്‌മദ് യാസീന്‍ (ഹമാസ്), മുഹമ്മദ് ബദീഅ് സാമി തുടങ്ങിയ പ്രതിഭാധനന്മാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ചിന്താ രീതിയും പ്രവര്‍ത്തന ശൈലിയും സ്വീകരിച്ച് മുന്നോട്ടു ഗമിക്കുന്നവയാണ് ലോകത്തുടനീളം പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം. അവയെല്ലാം വെളിച്ചമുള്‍ക്കൊണ്ടത് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നുമാണ്; മുറുകെ പിടിക്കുന്നത് ശൂറാ രീതിയും.

* ആംഗ്ലിക്കന്‍ ചര്‍ച്ച് വിഭാഗത്തില്‍പെട്ട ക്രൈസ്തവ ചിന്തകനും പണ്ഡിതനുമായ ഡോ. റഫീഖ് ഹബീബ് ഇഖ്‌വാനു കീഴിലുള്ള 'ഹിസ്ബുല്‍ ഹുര്‍രിയത്തി വല്‍ അദാലഃ' പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
** ത്വാരിഖുല്‍ ബശരി - 1993-1998-ല്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് ഡെ. സ്പീക്കര്‍. ചിന്തകനും ജസ്റ്റിസും പൊളിറ്റീഷ്യനുമായ ത്വാരിഖ് പതിനാലോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 

അവലംബം:
1. الشورى في فكر الإخوان المسلمين - إخوان أوون لاين
2. قراءة فى كتابات حسن البنّاء
3. الدّولتان : الإسلاميّون والدّولة القوميّة: الدّكتور : رفيق حبيب

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top