ദുരിതങ്ങള്‍, ദുരന്തങ്ങള്‍: അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിക്രമത്തിന്റെ ഭാഗം

അസ്‌ലം റാശിദ്‌‌‌
img

മഹാപ്രപഞ്ചത്തിലെ എല്ലാ ജീവ-നിര്‍ജീവ വസ്തുക്കളിലും മനുഷ്യരും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്ടികളുടെ ജ്ഞാന സീമകള്‍ക്കപ്പുറം അല്ലാഹു സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളെ ഉദ്ദേശിച്ചാണ് സുന്നത്തുല്ലാഹ് എന്ന് പ്രയോഗിക്കുന്നത്.
سنّة الله: حُكْمه في خليقته
'തന്റെ സൃഷ്ടിയില്‍ അല്ലാഹു സ്വീകരിക്കുന്ന തീരുമാനം.'1

അസ്തിത്വം, ദൗത്യം, നിര്‍വഹണ രീതി, സ്വഭാവം തുടങ്ങി ഏതൊരു വസ്തുവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയ പ്രകാരം എന്നപോലെ നടപടി ക്രമമനുസരിച്ചും മാത്രമായിരിക്കും. ദുരിതങ്ങളും ദുരന്തങ്ങളും അവയുടെ വ്യാപ്തിയും വ്യാപ്തി ഇല്ലായ്മയും തീവ്രതയും തീവ്രതാ രാഹിത്യവുമെല്ലാം അതാത് വിഷയത്തിലെ അവന്റെ ഇഛക്കനുസൃതമായ നടപടിക്രമമായാണ് നമ്മുടെ മുമ്പാകെ പ്രതിഫലിക്കുന്നത്. ഇതില്‍ ചിലത് നമുക്ക് മനസ്സിലായെന്നുവരും, കൂടുതലും മനസ്സിലായിക്കൊള്ളണമെന്നില്ല.

പ്രഫസര്‍ മുഹമ്മദ് ഹൈശൂര്‍ സുന്നത്തുല്ലായുടെ സാങ്കേതികാശയം ഇങ്ങനെ എഴുതുന്നു:
مجموعة القوانين الّتي يسيروفقها الوجود كلّه وتتحرّك بمقتضاها الحياة، وتحكم جزئيّاتها ومفرداتها فلا يشذ عنها مخلوق وما في الكون ذرّة أو حركة إلّا ولها قانون وسنّة.
'മൊത്തം പ്രപഞ്ചം സഞ്ചരിക്കുന്ന നിയമങ്ങളുടെ സംഘാതത്തെയാണ് സുന്നത്തുല്ലാഹ് എന്നുപറയുന്നത്. അവയുടെ തേട്ടമനുസരിച്ചാണ് പ്രപഞ്ചം ചലിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ഏകകങ്ങളെയും അംശങ്ങളെയും ആ സുന്നത്താണ് ഭരിക്കുക. ഒരു സൃഷ്ടിയും അതില്‍നിന്ന് തെറ്റുകയില്ല. പ്രപഞ്ചത്തിലെ ഓരോ അണുവിനും ചലനത്തിനും അതിന്റേതായ നിയമവും നടപടിക്രമവുമുണ്ട്.2
ഡോക്ടര്‍ അബ്ദുല്‍ കരീം സൈദാന്‍ എഴുതുന്നു:
هي الطريقة المتبّعة في معاملة الله للبشر بناء على سلوكهم وأفعالهم وموقفهم من شرع الله وأنبياءه ومايترتب على ذلك من نتائج في الدّنيا والأخرة
'അല്ലാഹുവിന്റെ ശരീഅത്തു സംഹിതയോടും അവന്റെ നബിമാരോടും മനുഷ്യര്‍ സ്വീകരിക്കുന്ന നിലപാടിലും കര്‍മങ്ങളിലും സമീപനങ്ങളിലും അല്ലാഹു അവരുടെ നേരെ പിന്തുടര്‍ന്നു പോരുന്ന രീതിയും അതേ തുടര്‍ന്ന് ദുന്‍യാവിലും പരലോകത്തും സംഭവിക്കുന്ന കാര്യങ്ങളുമാണ് സുന്നത്ത് എന്നതിന്റെ വിവക്ഷ.'3

നടപടിക്രമങ്ങള്‍ക്ക് മാറ്റമില്ല
സൃഷ്ടികളില്‍ അല്ലാഹു സ്വീകരിച്ചുപോരുന്ന നടപടി ചര്യക്ക് മാറ്റമേറ്റങ്ങളില്ല. വിശിഷ്യാ സാമൂഹിക വിഷയങ്ങളില്‍ ഖുര്‍ആനിലെ 'സുന്നത്തുല്ല' എന്ന പദപ്രയോഗം സൂക്ഷ്മമായി പഠിച്ചാല്‍ സാമൂഹിക നടപടിക്രമങ്ങളുമായാണ് അത് ബന്ധപ്പെട്ടു നില്‍ക്കുന്നതെന്ന് കാണാം. അതിന്റെ അര്‍ഥം പ്രാപഞ്ചിക നടപടിക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായി സാമൂഹിക വിഷയങ്ങളില്‍ സുന്നത്തുല്ല ഭേദഗതിയില്ലാത്തവിധം സ്ഥിരസ്ഥായിയാണെന്നാണ്. ഇബ്‌നു തൈമിയ്യ എഴുതുന്നു: 'ഉദ്ദേശ്യത്തിലും യുക്തിജ്ഞതയിലും അധിഷ്ഠിതമായ അല്ലാഹുവിന്റെ പ്രവൃത്തികളില്‍ പെട്ടതും പ്രകൃതിപരമായ അഥവാ പ്രാപഞ്ചികമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതുമായ നടപടിക്രമങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, ഉദ്ദേശിക്കുന്ന യുക്തികളാല്‍ ചിലപ്പോള്‍ ലംഘിച്ചെന്നുവരാം. പ്രകൃതിപരമായ തന്റെ സമ്പ്രദായങ്ങളില്‍ അല്ലാഹുവിന് നിര്‍ബന്ധമായ ഒരു രീതിയില്ല. സാമൂഹിക വിഷയങ്ങളില്‍ തുല്യമായ വിഷയങ്ങളില്‍ തുല്യമായ വിധിതന്നെയാണ് നടപ്പാക്കുന്നത്, വിരുദ്ധമായല്ല. ചുരുക്കത്തില്‍, സമാനതയുള്ള സാമൂഹിക വിഷയങ്ങളിലെല്ലാം മാറ്റമില്ലാത്ത നടപടിക്രമമാണ് അല്ലാഹു സ്വീകരിച്ചുപോരുന്നത്.'4

സാമൂഹിക നടപടിക്രമങ്ങള്‍ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന്റെയും യുക്തിജ്ഞതയുടെയും അടിത്തറയില്‍ ഊന്നിയതാണെങ്കിലും മനുഷ്യരുടെ നല്ലതോ ചീത്തയോ ആയ പ്രവൃത്തികളുടെ ക്രമബദ്ധമായ പ്രത്യാഘാതമായാണ് അവ സംഭവിക്കുക. അതുകൊണ്ടുതന്നെ ആ നടപടിക്രമങ്ങളില്‍ നീതിയും പ്രതിഫലവും പ്രതിഫലിച്ചിരിക്കും. നീതിയും കര്‍മോചിതമായ രക്ഷാശിക്ഷകളും അല്ലാഹുവിന്റെ സ്ഥിരസ്ഥായിയായ വിശേഷണങ്ങളാണല്ലോ.5

പരീക്ഷണങ്ങള്‍
അല്ലാഹുവിന്റെ നടപടിക്രമങ്ങളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ തദ്വിഷയകമായി ഖുര്‍ആനില്‍ വന്ന ഇനങ്ങളെ പ്രത്യേകം പഠനവിധേയമാക്കേണ്ടതുണ്ട്. ഉദാ: ധൂര്‍ത്തന്മാരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിക്കുന്ന സുന്നത്ത്, സുന്നത്തുല്‍ ഇസ്തിദ്‌റാജ് (പടിപടിയായി ആളുകളെ താഴ്ത്തുന്ന രീതി), കാര്യകാരണങ്ങളുടെ നടപടിക്രമം, ഇഹലോകത്ത് അവമതിക്കുന്ന രീതി, നാഗരിക മേഖലയിലെ പരസ്പരാശ്രയത്വ ഘടന, വിവിധ പരീക്ഷണങ്ങള്‍ മുതലായവ സവിശേഷ പഠനമര്‍ഹിക്കുന്ന മേഖലകളാണ്.
ദുരിതങ്ങളും ദുരന്തങ്ങളും മഹാമാരികളുമെല്ലാം മനുഷ്യാരംഭം മുതല്‍ അല്ലാഹു സ്വീകരിച്ചുപോരുന്ന നടപടിക്രമങ്ങളുടെ ഭാഗമാണ്. പരീക്ഷണമായും ശിക്ഷയായും സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായും അവയുണ്ട്. അല്ലെങ്കിലും ജീവിതത്തിലെ ഇടവേളകള്‍ മാത്രമല്ല, മൊത്തം ജീവിതം തന്നെ പരീക്ഷണമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം.

لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
'തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു' (ബലദ്: 4).
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ 
'ഹേ, മനുഷ്യാ' നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.' (ഇന്‍ശിഖാഖ്: 6). മറ്റു മനുഷ്യരില്‍നിന്ന് ഭിന്നമായി ഒരേസമയം ഭൗതികമായും ആത്മീയമായും എല്ലാതരം പരീക്ഷണങ്ങളെയും അഭിമുഖീകരിച്ചു വേണം അല്ലാഹുവിന്റെ പ്രീതിനേടാന്‍.

ജീവിതസന്ധാരണത്തിനായുള്ള നെട്ടോട്ടത്തിനിടയില്‍ പലതരം ദുരിതങ്ങളും ദുരന്തങ്ങളും മറികടന്നാണ് ഏതൊരു മനുഷ്യനും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നബിമാര്‍ പോലും ഇതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല. എന്നുമാത്രമല്ല, അവരായിരുന്നു ഏറ്റവും കൂടുതല്‍ പീഡാവിധേയര്‍. 'അല്ലാഹുവിന്റെ' ദൂതരേ, ജനങ്ങളില്‍ ഏറ്റവും കഠിനമായ പരീക്ഷണത്തിന് വിധേയരായവര്‍ ആരാണ്? എന്ന സഅ്ദുബ്‌നു അബീ വഖ്ഖ്വാസ്വിന്റെ ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു.
الأنبياء ثمّ الأمثل ثمّ الأمثل فالأمثل، يبتلى الرّجل على حسب دينه، فان كان في دينه صلبا اشتدّ بلاؤه وان كان في دينه رقة ابتلي على قدرد ينه فما يبرح البلاء بالعبد حتى يتركه يمشي على الأرض وما عليه خطيئة
'നബിമാര്‍. പിന്നെ അത് കഴിഞ്ഞ് ഏറ്റവും മാതൃകായോഗ്യര്‍, അങ്ങനെയങ്ങനെ മാതൃകായോഗ്യതയുടെ ക്രമമനുസരിച്ച്. തന്റെ മതബോധത്തിന്റെ തോതനുസരിച്ചാണ് ഒരാള്‍ പരീക്ഷിക്കപ്പെടുക. ഒരാള്‍ തന്റെ മതാവബോധത്തില്‍ ദൃഢനാണെങ്കില്‍ അയാളുടെ പരീക്ഷണം കഠിനതരമായിരിക്കും. ഒരാള്‍ തന്റെ മതാവബോധത്തില്‍ മൃദുത്വമുള്ളവനാണെങ്കില്‍ അതനുസരിച്ചാവും അയാള്‍ പരീക്ഷിക്കപ്പെടുക. അങ്ങനെ ഒരു തെറ്റുമില്ലാത്തവിധം ഭൂമിയിലൂടെ നടക്കുമാറ് പരീക്ഷണം അയാള്‍ക്കൊപ്പമുണ്ടാകും.' (തുര്‍മുദി)

പരീക്ഷണം മനുഷ്യന്റെ സഹജാതന്‍
പരീക്ഷണങ്ങളെയും ശിക്ഷകളെയും മറ്റും ഭൗതികമായി മാത്രം വ്യാഖ്യാനിച്ച് പരിഹാരം കാണാനാണ് പൊതുവെ മനുഷ്യരുടെ ശ്രദ്ധ. ഇസ്‌ലാമികമായി പഠിച്ചുനോക്കിയാല്‍ ഭൗതികമായെന്നതിനേക്കാള്‍ ആത്മീയമായാണ് പരിഹാരം കാണേണ്ടത് എന്നു കാണാം. അത് സാധ്യമാകണമെങ്കില്‍ പരീക്ഷണം എന്ന സത്യത്തെ മനുഷ്യ ജീവിതത്തിലെ വസ്തുതയായി നാം അംഗീകരിക്കണം.
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِۗ وَبَشِّرِ الصَّابِرِينَ ﴿١٥٥﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ﴿١٥٦﴾ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ﴿١٥٧﴾
'കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്. ''ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്'' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍' (ബഖറ: 155-157) ആലുഇംറാന്‍: 186, തൗബ: 16, അന്‍കബൂത്ത്: 1-3, മുഹമ്മദ്: 31 മുതലായ സൂക്തങ്ങളും ഇക്കാര്യം അടിവരയിടുന്നു്. വ്യക്തികളെ സംബന്ധിച്ചേടത്തോളം പൊതുവെയും സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം വിശേഷിച്ചും ചെറുതോ വലുതോ ആയ പരീക്ഷണങ്ങളത്രയും നിലപാടുകള്‍ പുനഃപരിശോധിക്കാനും തിരുത്താനുമുള്ള അവസരമാണ്.

مَّا كَانَ اللَّهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِۗ
'നല്ലതില്‍നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല....' (ആലുഇംറാന്‍: 179). പലതരം വിപത്തുകളിലൂടെയും ഭീഷണികളിലൂടെയും അതിസാഹസികമായി കടന്നുപോയി വേണം ജീവിതാന്ത്യത്തിലെത്താന്‍. ഒരു സമൂഹം എന്ന നിലയില്‍ പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഇസ്‌റായീല്‍ സന്തതികള്‍ക്ക് ആശ്വാസം ലഭിച്ചത്. അതിനു നിദാനമായതോ ക്ഷമയും.
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الْأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَاۖ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُواۖ
'അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇസ്‌റായേല്‍ സന്തതികളില്‍ അവര്‍ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം നിറവേറി.....' (അഅ്‌റാഫ്: 137)

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾
'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറയുന്നതുകൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും' (അന്‍കബൂത്ത്: 2,3). വിശദീകരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം പരീക്ഷണങ്ങളുടെ പിന്നാമ്പുറ ലക്ഷ്യത്തെപ്പറ്റി എഴുതുന്നു: 'അല്ലാഹു ദൂതന്മാരുടെയും അവരുടെ അനുയായികളുടെയും വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന രീതി, ചിലപ്പോള്‍ അവരും മറ്റു ചിലപ്പോള്‍ ശത്രുക്കളും ജയിക്കുകയും തോല്‍ക്കുകയും ചെയ്യുക എന്നതാണ്. എങ്കിലും അന്തിമ വിജയം സത്യവിശ്വാസികള്‍ക്കായിരിക്കും. എപ്പോഴും സത്യവിശ്വാസികള്‍ വിജയിച്ചാല്‍ അവരുടെ സംഘത്തില്‍ അവരല്ലാത്തവരും കടന്നുകൂടും. സത്യസന്ധരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ കഴിയാതാവും. അതേസമയം സത്യവിശ്വാസികള്‍ എപ്പോഴും ശത്രുക്കളെ ജയിച്ചു കൊണ്ടിരുന്നാല്‍ നബിമാരുടെ നിയോഗലക്ഷ്യം നിറവേറാതെ വരും. ആയതിനാല്‍, സത്യവിശ്വാസികള്‍ക്ക് ജയവും തോല്‍വിയും മാറിമാറിയുണ്ടാവും. നെല്ലും പതിരും തിരിച്ചറിയുകയാണ് ലക്ഷ്യം. ജയവേളയില്‍ മാത്രം കൂടെ നില്‍ക്കുന്നവരെയും പരാജയ വേളയില്‍ കൈയൊഴിയുന്നവരെയും മനസ്സിലാവണം.'6 ഇത് ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ ﴿١٠﴾ وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ ﴿١١﴾
'ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു' എന്നു പറയുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദനത്തെ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്റെ രക്ഷിതാവിങ്കല്‍നിന്ന് വല്ല സഹായവും വന്നാല്‍ സത്യവിശ്വാസികളോട് അവര്‍ പറയും: 'തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു' ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?' വിശ്വസിച്ചിട്ടുള്ളവരാരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കപടന്മാരെയും അല്ലാഹു അറിയും' (അന്‍കബൂത്ത്: 10,11).
لا يمكّن حتى يُبتلى فإن الله تعالى ابتلى نوحاوابراهيم وموسى وعيسى، ومحمّدًا صلوات الله عليهم أجمعين- فلمّا صبروا مكّنهم فلا يظنّ أحد أن يخلص من الألم البتّة-
ഇമാം ശാഫിഈയുടെ കൗതുക നിരീക്ഷണം
ഒരാള്‍ ഇമാം ശാഫിഈയോട് ചോദിച്ചു: 'ഒരാളെ സംബന്ധിച്ചേടത്തോളം പരീക്ഷിക്കപ്പെടുന്നതോ സൗകര്യങ്ങള്‍ ലഭിക്കുന്നതോ ഉത്തമം?
لا يمكّن حتى يُبتلى فإن الله تعالى ابتلى نوحاوابراهيم وموسى وعيسى، ومحمّدًا صلوات الله عليهم أجمعين- فلمّا صبروا مكّنهم فلا يظنّ أحد أن يخلص من الألم البتّة-
'പരീക്ഷണ വിധേയനാവുന്നതുവരെ സൗകര്യങ്ങള്‍ ലഭിക്കാതിരിക്കുന്നതാണ് ഉത്തമം. അല്ലാഹു നൂഹ് ഇബ്‌റാഹീം മൂസാ, ഈസാ, മുഹമ്മദ് നബിമാരെ പരീക്ഷിച്ചു. അവര്‍ ക്ഷമിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് ഭൂമിയില്‍ സൗകര്യങ്ങള്‍ ചെയ്തു. അതുകൊണ്ട് വേദനയില്‍നിന്ന് രക്ഷപ്പെടുമെന്ന് ആരും ഒട്ടും കരുതേണ്ടതില്ല.'

തരാതരം പരീക്ഷണങ്ങള്‍
മനുഷ്യരോടുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ മനുഷ്യ ജീവിതത്തിലെ നന്മ-തിന്മകള്‍, സാമ്പത്തിക-ശാരീരിക ദുരിതങ്ങള്‍, ശത്രുപക്ഷത്തുനിന്നുണ്ടാവുന്ന വാക്കര്‍മങ്ങള്‍ തുടങ്ങിയവയെല്ലാം അതാതളവില്‍ പരീക്ഷണങ്ങളായി ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അല്ലാഹുവിന്റെ സവിശേഷ നാമങ്ങളുടെ പ്രകാശനം
രക്ഷാധികാരി, സഹായി, സമീപസ്ഥന്‍, ദുരിതം നീക്കുന്നവന്‍ മുതലായ നാമങ്ങളും വിശേഷണങ്ങളും മനുഷ്യര്‍ക്ക് അനുസ്മരിക്കാന്‍ ഇടയാവുന്നത് വിപദ് വേളകളിലാണ്- ഭൗതികമായ പരിഹാര കവാടങ്ങള്‍ അടയുമ്പോള്‍ അഭൗതികമായ അല്ലാഹുവിന്റെ കവാടങ്ങള്‍ക്കുമുമ്പില്‍ മുട്ടുകുത്താന്‍ വിശ്വാസിക്ക് പ്രചോദനമാകുന്നത് പ്രസ്തുത നാമങ്ങളാണ്.

'നിങ്ങള്‍ തെറ്റു ചെയ്തില്ലെങ്കില്‍ അല്ലാഹു നിങ്ങളെ പോക്കിക്കളയും. എന്നിട്ട് തെറ്റു ചെയ്യുന്ന ഒരു സമൂഹത്തെ അവന്‍ കൊണ്ടുവരും. പിന്നീടവര്‍ അല്ലാഹുവിനോട് പാപമോചനത്തിന്നര്‍ഥിക്കും. അങ്ങനെ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും.'7
والذى نفسي بيده لو لم تذنبوا لذهب الله بكم ، ولجاء بقوم يذنبون، ثم يستغفرون فيغفرلهم
എന്ന നബിവചനം എങ്ങനെയാണ് അല്ലാഹുവും ദാസന്മാരും തമ്മിലെ ബന്ധം 'അസ്മാഉല്‍ ഹുസ്‌നാ'യുടെ പ്രകാശനമാവുന്നതെന്ന് കാണിച്ചുതരുന്നു. മനുഷ്യരുടെ ഭാഗത്തുനിന്ന് മനസ്താപവും പ്രാര്‍ഥനയും ഉണ്ടായില്ലെങ്കില്‍ 'തവ്വാബ്' (മനസ്താപം സ്വീകരിക്കുന്നവന്‍) മുജീബ് (പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍) എന്ന നാമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുണ്ടാവുക? ബഹുദൈവ വിശ്വാസികള്‍ പോലും ദുരിതഘട്ടങ്ങളില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നതായി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. (അന്‍ആം: 63, 64, ഇസ്‌റാഅ്: 67, യൂനുസ്: 12).

സാധാരണ പ്രാര്‍ഥനകളില്‍നിന്ന് ഭിന്നമായി സന്ദിഗ്ധാവസ്ഥകളിലെ പ്രാര്‍ഥനാ വേളയില്‍ അല്ലാഹുവിനെ കണ്ണാലെ കാണുന്ന പ്രതീതിയുണ്ടാവുന്നു. കരുതലും ആസൂത്രണ വൈദഗ്ധ്യവും ശത്രുക്കളുടെ കുതന്ത്രങ്ങള്‍ പൊളിയുന്നതും ദുരിതനിവാരണവും അനുഭവവേദ്യമാവുന്നു. സുഖസന്തോഷാവസരങ്ങളിലേതിനേക്കാള്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നതായി അനുഭവപ്പെടുന്നു. ഇവയെല്ലാം പരീക്ഷണത്തിന്റെ ഗുണങ്ങളാണ്.

സത്യവിശ്വാസികളുടെ മൂല്യം നിര്‍ണയിക്കുന്നു
സൗഖ്യവും ആരോഗ്യവും സമൃദ്ധിയും മറ്റും എല്ലാ കാലവും ഒരു പോലെ നിലനിന്നാല്‍ വ്യക്തികളും സമൂഹങ്ങളും നില മറന്ന് പെരുമാറിത്തുടങ്ങും. ഭൂമിയില്‍ പലതരം കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടും. അതില്ലാതിരിക്കണമെങ്കില്‍ നിയന്ത്രണരീതിയിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്.

وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ
'അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു' (ശൂറാ: 27).
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ﴿٦﴾ أَن رَّآهُ اسْتَغْنَىٰ ﴿٧﴾
'വേണ്ട തീര്‍ച്ചയായും മനുഷ്യന്‍ അതിക്രമം പ്രവര്‍ത്തിക്കുക തന്നെയാണ്. താന്‍ തനിക്ക് പോന്നവനാണെന്നു അവന്‍ കാണുന്നതിനാല്‍' (അലഖ്: 6,7). അതിനാല്‍ തന്നെ സുഖവും ദുഖവും ആയാസവും അനായാസവും ക്ഷേമവും ക്ഷാമവും മാറിമാറി വന്നുകൊണ്ടിരിക്കണം. രോഗശമനത്തിന്നായി അനിഷ്ടകരമായ മരുന്ന് കൊടുത്ത് സൗഖ്യം വരുത്തുന്നതുപോലെ ദുരിതങ്ങള്‍ക്കുശേഷം ഉടനെയോ വൈകിയോ ആശ്വാസം ലഭിക്കുന്നു. പരീക്ഷണങ്ങള്‍ കാരുണ്യമാവാം, കോപമാവില്ല. സ്‌നേഹമാവാം ദ്വേഷമാവില്ല. രോഗിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ അയാളുടെ രോഗാതുരമായ അവയവം മുറിച്ചു മാറ്റുമല്ലോ. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും അംഗീകരിക്കാന്‍ കഴിയാത്തവരെ പലകാലങ്ങളില്‍ പല രീതികളില്‍ അല്ലാഹു ശിക്ഷിച്ചിട്ടുണ്ട്.

وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِّنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ ﴿١٣٠﴾
'ഫിര്‍ഔന്റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി' (അഅ്‌റാഫ്: 130). 
(തുടരും)

കുറിപ്പുകള്‍
1. المعجم الوسيط
2. سنن الله في قيام الحضارات وسقوطها، محمّد هيشور ص: 27
3. السنن الإلهيّة في الأمم والأفراد والجماعات ص: 12
4. جامع الرّسائل، ابن تيميّة - 1/53
5. سنّة الله لا تتبدّل ولا تتحوّل، أحمد حسن فرحات ص: 45
6. زاد المعاد (الطيعة السّابعة والعشرن 3/196
7. مدارج السّالكين، ابن القيّم ص: 1/225 (رواه مسلم)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top