മതമുക്ത രാഷ്ട്രമെന്ന മരണക്കെണി

‌‌

മതരാഷ്ട്രം എന്നു കേട്ടാല്‍ തന്നെ ചിലര്‍ ചുവപ്പുകണ്ട കാളകള്‍ പോലെയാണ്. 'കുന്തിരി'യെടുത്ത് ചാടാന്‍ തുടങ്ങും. എന്താണതിന്റെ താല്‍പര്യമെന്നോ ആരൊക്കെയാണതിന്റെ വക്താക്കളെന്നോ ചിന്തിക്കാനും പഠിക്കാനുമൊന്നും അവര്‍ക്ക് സമയമോ സാവകാശമോ ഇല്ല. മതരാഷ്ട്രവാദികള്‍ എന്ന പ്രയോഗം കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത് ഇസ്‌ലാമിസ്റ്റുകളെയാണ്. ഐ.എസ്.ഐ.എസ്, താലിബാന്‍, ജയ്‌ശെ മുഹമ്മദ് പോലുള്ള ഉള്ളതും ഇല്ലാത്തതുമായ തീവ്രവാദി ഗ്രൂപ്പുകള്‍ മാത്രമല്ല മൗദൂദിയെയും സയ്യിദ് ഖുത്വ്ബിനെയും വായിക്കുന്നവരെല്ലാം ഇക്കൂട്ടത്തില്‍ പെടുമെന്നാണ് ഇവരുടെ സാമാന്യവല്‍ക്കരണം. ഒരടി കൂടി മുന്നോട്ട് പോയി എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ് എന്ന സിദ്ധാന്തവും അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
മതം വേറെ, രാഷ്ട്രം വേറെ- മതമൊരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നാണ് സെക്യുലരിസ്റ്റുകളുടെ 'തിയറി'യെങ്കിലും അവരുദ്ദേശിക്കുന്ന മതം ഇസ്‌ലാം മാത്രമാണ്. മറ്റു മതങ്ങളെല്ലാം യഥേഷ്ടം രാഷ്ട്രീയത്തിലിടപെടുന്നതും മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കുന്നതും പ്രശ്‌നമല്ല. ഇസ്‌റയേലും വത്തിക്കാനും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു രാഷ്ട്രവുമൊന്നും ആര്‍ക്കും ഒരസ്‌കിതയും സൃഷ്ടിക്കുന്നില്ല. പക്ഷേ, ഇസ്‌ലാമും മുസ്‌ലിമുമാകുമ്പോള്‍ നിഘണ്ടുവിലെ സകല ശകാരവാക്കും അവര്‍ക്കുമേല്‍ ചൊരിയുകയായി, ഭൂമി കീഴ്‌മേല്‍ മറിയുകയായി.

മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നത് മഹിതമായ ഒരാശയമോ ഉത്കൃഷ്ടമായ ചിന്തയോ അല്ല. ലോകമതങ്ങളുടെയും പുണ്യപുരുഷന്മാരുടെയും അധ്യാപനങ്ങള്‍ക്കെതിരാണത്. ഉത്കൃഷ്ടമായ ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പം എല്ലാവര്‍ക്കുമുണ്ട്. ഓരോരുത്തരും വ്യത്യസ്തമായ ഭാഷയിലാണ് അത് വ്യവഹരിക്കുന്നതെന്ന് മാത്രം. ഹിന്ദുമതവിശ്വാസികളുടെ രാമരാജ്യവും ക്രൈസ്തവരുടെ ദൈവരാജ്യവും മുസ്‌ലിംകളുടെ 'ഹുകൂമത്തെ ഇലാഹിയ്യ' (അസ്സിയാസത്തുശ്ശര്‍ഇയ്യ)യുമൊക്കെ അതിന്റെ വ്യത്യസ്ത ആവിഷ്‌കാരങ്ങളാണ്. സത്യവും ധര്‍മവും പൂത്തുലഞ്ഞു നില്‍ക്കുന്നതും സമാധാനവും സൗഹാര്‍ദവും വാണരുളുന്നതും നീതിയും സ്വാതന്ത്ര്യവും കളിയാടുന്നതും ക്ഷേമവും ഐശ്വര്യവും നിറഞ്ഞുനില്‍ക്കുന്നതുമായ ഒരു ക്ഷേമരാഷ്ട്രമാണ് ഇവ കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഓരോ പൗരനും തനിക്ക് ബോധ്യമുള്ളത് വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നല്‍കുന്നു. അതവന്റെ മൗലികാവകാശമാണ്, ആരുടെയും ഔദാര്യമല്ല. അതുകൊണ്ടാണ് മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്ന മഹാത്മാ ഗാന്ധിയെ ആരും ഭര്‍ത്സിക്കാത്തത്. അദ്ദേഹം പറഞ്ഞു:
"For me there are no politics devoid of religion. Politics bereft of religion are a death trap because  they will kill the soul”
(Bhavans Journal. 1980 oct. 2).  (മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്).
രാഷ്ട്രീയമായ ഉള്ളടക്കം അതിശക്തിയായി പ്രസരിപ്പിക്കുന്ന ഒരു മതമാണ് ഇസ്‌ലാം. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങള്‍ മനുഷ്യരാശിയുടെ മോചനത്തിനും ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മിതിക്കും സഹായകമാണ്. മാനവികൈക്യം, സത്യം-സമത്വം-നീതി, വിശ്വാസ സ്വാതന്ത്ര്യം, ദാരിദ്ര്യനിര്‍മാര്‍ജനം, ദുര്‍ബല ജനസംരക്ഷണം- എന്നീ മൂല്യങ്ങളെ അത് ഉയര്‍ത്തിപ്പിടിക്കുന്നു. പരമതനിന്ദയും നിര്‍ബന്ധ മതപരിവര്‍ത്തനവും അതില്‍ പരിവര്‍ജനീയമാണ്. മുഹമ്മദും അബൂബക്‌റും ഉമറും കാഴ്ചവെച്ച ഭരണമാതൃകകള്‍ അതിന്റെ ഉദാത്ത മാതൃകകളായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി കോണ്‍ഗ്രസുകാരോട് പ്രസ്തുത ഭരണമാതൃക അനുധാവനം ചെയ്യാന്‍ ആഹ്വാനം ചെയ്തത്.*

മത-ധാര്‍മിക മൂല്യങ്ങളുടെ അഭാവത്തില്‍ ജനജീവിതം നരകതുല്യമാവുകയും കുത്തുപാളയെടുക്കുകയും ചെയ്യും. ഇന്ന് നാം അനുഭവിക്കുന്നതുപോലെ, കൊലയും കൊള്ളയും അഴിമതിയും സ്വജനപക്ഷപാതിത്വവും കൊടികുത്തിവാഴും. സദാചാരമൂല്യങ്ങള്‍ തകര്‍ന്നടിയും. ഈ ദുരവസ്ഥയില്‍നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാന്‍ എല്ലാവരും കൈകോര്‍ക്കുകയാണ് വേണ്ടത്. ആരും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ അടിച്ചേല്‍പിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്താനും ശ്രമിക്കാതിരുന്നാല്‍ ഒരു കുഴപ്പവുമില്ല. 

* നോക്കുക: mahatma Ghandis Collected Works LXV: Writings from March to July 1937, Published by the Ministry of Information and Broadcasting, Govt. of India.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top