ദുല്‍ഖര്‍നൈന്‍, ഹാജര്‍, മര്‍യം, മുഹമ്മദ് നബി(സ) എന്നിവരുടെ ജീവിതത്തില്‍നിന്ന് ചില പാഠങ്ങള്‍
ഡോ. റശീദ് കഹൂസ്
കാര്യകാരണങ്ങളിലെ അല്ലാഹുവിന്റെ നടപടിക്രമം-2
അല്‍ കഹ്ഫ് അധ്യായം 83 മുതല്‍ 98 വരെയുള്ള സൂക്തങ്ങള്‍ അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരം ഭരണനിര്‍വഹണം നടത്തിയ സദ്‌വൃത്തനായ ദുല്‍ഖര്‍നൈന്‍ എന്ന ഭരണാധികാരിയെക്കുറിച്ചാണ് വിവരിക്കുന്നത്. പൗരസ്ത്യ-പശ്ചിമ രാജ്യങ്ങളാസകലം അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ദിഗ്വിജയങ്ങളും ഭരണവും അദ്ദേഹത്തിന് സുസാധ്യമായി. ഒരു ഭരണാധികാരിയെ സംബന്ധിച്ചേടത്തോളം എന്തെല്ലാം ഭൗതികോപാധികള്‍ ആവശ്യമാണോ അതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ലഭ്യമായിരുന്നു.1
ദുല്‍ഖര്‍നൈന്റെ ജൈത്രയാത്രക്കിടയില്‍, ഒരു ജനത തങ്ങളുടെ ശത്രുക്കളില്‍നിന്ന് പ്രതിരോധാര്‍ഥം ഒരു ഭിത്തി നിര്‍മിച്ചു നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും ദുല്‍ഖര്‍നൈന്‍ അതു സംബന്ധിച്ച് തന്റെ നിലപാട് പങ്കുവെച്ചതുമാണ് പ്രമേയം. ശത്രുക്കളെച്ചൊല്ലി ഭീതിയിലാണ്ട ജനതയുടെ പണം പറ്റാതെ അവരിലെ മാനവ വിഭവശേഷി ഒന്നുമാത്രം ഉപയോഗിച്ച് ദുല്‍ഖര്‍നൈന്‍ ഭിത്തി നിര്‍മിച്ചുനല്‍കി അവര്‍ക്ക് സുരക്ഷയൊരുക്കി.
മേല്‍ അനുഗ്രഹങ്ങളത്രയും കാര്യകാരണങ്ങളെ യുക്തിപൂര്‍വം കൂട്ടിയിണക്കിയാണ് അദ്ദേഹം നേടിയെടുത്തത്. തന്നെ അല്ലാഹു ചുമതലപ്പെടുത്തിയ ഉത്തരവാദിത്വം സാക്ഷാല്‍ക്കരിക്കുന്നതിന് സഹായകമാംവിധം അദ്ദേഹം അവ ഉപയോഗിച്ചു. തന്റെ മുമ്പില്‍ അല്ലാഹു നിരത്തിവെച്ച കാര്യകാരണങ്ങളെ പ്രഖ്യാപിത ലക്ഷ്യത്തിന്നനുസൃതമായി അദ്ദേഹം ചൂഷണം ചെയ്തു. 'ഫ അത്ബഅ സബബന്‍' എന്നാല്‍, അതിനാവശ്യമായ മാര്‍ഗം, ഉപാധി ദുല്‍ഖര്‍നൈന്‍ സ്വീകരിച്ചു എന്നര്‍ഥം. ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ആവശ്യമായതായി ബുദ്ധിമാന്മാര്‍ക്കും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കും മനസ്സിലാക്കാവുന്ന ബാഹ്യമായ കാരണങ്ങളും ഉപാധികളും അദ്ദേഹം സ്വീകരിച്ചു എന്നു സാരം. 'അദ്ദേഹത്തിന് നാം എല്ലാ വഴികളും നല്‍കി' എന്ന സൂക്തം ലക്ഷ്യം നേടാനാവശ്യമായ മാര്‍ഗങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നു കിടക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നു. 'അദ്ദേഹം ഉപാധി വഴിസ്വീകരിച്ചു' എന്നു പറഞ്ഞതിന്റെ വിവക്ഷ തന്റെ ലക്ഷ്യം നേടാന്‍ 'അല്ലാഹു നിര്‍ണയിച്ചതല്ലാത്ത മാധ്യമം സ്വീകരിച്ചില്ല' എന്നു കൂടിയാണ്. ഉപാധികളും സൗകര്യങ്ങളും ഉള്ളതുകൊണ്ടു മാത്രം ലക്ഷ്യം നേടാന്‍ കഴിയും എന്ന് മനസ്സിലാക്കി വെറുതെയിരിക്കാതെ സമൂഹത്തിന് ഇഹ-പരലോകങ്ങളില്‍ വിജയിക്കാനായി അദ്ദേഹം അവ ഉപയോഗപ്പെടുത്തി മുന്നോട്ടു പോയി.2
ശൈഖ് മുഹമ്മദുല്‍ മക്കി അന്നാസ്വിരി എഴുതുന്നു:
'തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കി' എന്നു പറഞ്ഞശേഷം 'എല്ലാ കാര്യത്തിനുമുള്ള മാര്‍ഗങ്ങള്‍ നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു' എന്നുകൂടി പറഞ്ഞതിലൂടെ, ഏതു രാജ്യത്തെയും ഭരണവും സ്വാധീനവും സാധ്യമാവുക അതിന്നാവശ്യമായ കാരണങ്ങളും ഉപാധികളും ലഭ്യമാവുമ്പോഴാണ്. അതിലേതെങ്കിലും ഒന്ന് ലഭ്യമായില്ലെങ്കില്‍ ലക്ഷ്യം നേടാന്‍ കഴിയാതെ വരും. അല്ലാഹുവിലുള്ള വിശ്വാസം, ജനങ്ങള്‍ക്കിടയില്‍ നീതി, തിന്മയോട് മല്ലിടല്‍ മുതലായ എല്ലാ സദ്ഗുണങ്ങളും ദുല്‍ഖര്‍നൈനിയില്‍ സമ്മേളിപ്പിച്ചിരുന്നു.3
ഭൂമിയില്‍ മനുഷ്യജീവിതം സുഗമമായും പുരോഗമനപരമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ അടിസ്ഥാനോപാധികള്‍ അല്ലാഹു ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. അവ മനുഷ്യന്‍ യഥാവിധി ഉപയോഗപ്പെടുത്തണമെന്ന പാഠമാണ് ദുല്‍ഖര്‍നൈന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ഹാജറും സ്വഫാ-മര്‍വകള്‍ക്കിടയിലെ ഓട്ടവും
ആലുഇംറാന്‍ 96-97 കഅ്ബയുടെ നിര്‍മാണം, അതുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങള്‍, ഹജ്ജ് ബാധ്യതയാണെന്ന കാര്യം മുതലായവയാണ് ചര്‍ച്ച ചെയ്യുന്നത്.
കഅ്ബയോട് ചേര്‍ന്നുള്ള സംസം ഇബ്‌റാഹീം നബിയും ഭാര്യയും ഇസ്മാഈലിന്റെ മാതാവുമായ ഹാജറുമായും ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളാണ് പ്രതിനിധീകരിക്കുന്നത്. കുഞ്ഞ് ഇസ്മാഈലിനു വേണ്ടി സ്വഫാ-മര്‍വാ കുന്നുകളിലേക്ക് വെള്ളം തേടിയുള്ള ഹാജറിന്റെ ഓട്ടം, ഏതെങ്കിലും മനുഷ്യരോ പക്ഷികളോ വെള്ളം തേടി വരുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ 'അല്ലാഹു ഞങ്ങളെ കൈയൊഴിയുകയില്ല' എന്ന അവരുടെ ഉറച്ച ബോധ്യത്തിന്റെ ഭാഗമായിരുന്നു.
അല്ലാഹു ഹാജറിനോടു മാത്രമല്ല, എല്ലാ മനുഷ്യരോടുമായി പറയുന്നത് ഓടി ശ്രമിച്ചു എന്നതുകൊണ്ടുമാത്രം തരില്ല, ഇസ്മാഈലിന്റെ കാലിനടിയില്‍നിന്നാണ് തരിക എന്നായിരുന്നു. അവര്‍ ഏഴുതവണ ഓടി. അവരുടേതുപോലുള്ള പ്രായത്തില്‍ അതില്‍ കവിഞ്ഞ് ഓടാന്‍ കഴിയുമായിരുന്നില്ല. ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത്, കാര്യം സാധിക്കാനും ലക്ഷ്യം നേടാനും അതിന്നാവശ്യമായ മാധ്യമങ്ങളെ ആശ്രയിക്കണമെന്നുമാണ്. പക്ഷേ, എല്ലാറ്റിനും മുമ്പെ കാര്യ-കാരണങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവുമായി ഹൃദയംഗമമായ ബന്ധം സ്ഥാപിച്ചിരിക്കണം. ഹാജര്‍ വെള്ളം തേടി ഓടിയത് സ്വഫാ-മര്‍വകള്‍ക്കിടയില്‍. വെള്ളം കിട്ടിയതോ അവിടെനിന്ന് കുറച്ചകലെയായി ഇസ്മാഈലിന്റെ പാദത്തിന്നടിയില്‍നിന്നും. അല്ലാഹുവുമായി ഹൃദയം ബന്ധിപ്പിച്ചു വേണം മനുഷ്യന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എന്ന വലിയ പാഠം ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നു. പ്രവര്‍ത്തിച്ചേടത്തുനിന്നു തന്നെ ലക്ഷ്യം നേടിക്കൊള്ളണമെന്നുമില്ല. മറ്റെവിടെനിന്നുമാവാം എന്നതും വലിയ പാഠമാണ്. ശ്രമിക്കുക എന്നതും അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുക എന്നതുമാണ് പ്രധാനം.
ഈ വിശ്വാസം സത്യവിശ്വാസിക്ക് തവക്കുലിന്റെ ബലം നല്‍കുന്നു. അവയവങ്ങള്‍ കൊണ്ടു പ്രവര്‍ത്തിക്കുക, ഹൃദയങ്ങളാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക.4
മര്‍യം ഈന്തപ്പന പിടിച്ചു കുലുക്കുന്നു
ഈസാ നബിയുടെ മാതാവ് മര്‍മയമിനോട് അല്ലാഹു നിര്‍ദേശിച്ചു:
وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا
'നീ ഈന്തപ്പന നിന്റെ അടുക്കലേക്ക് പിടിച്ചു കുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്' (മര്‍യം: 25).
ഈന്തപ്പന പിടിച്ചുകുലുക്കാതെ തന്നെ ഈത്തപ്പഴം വീഴ്ത്തി നല്‍കാന്‍ കഴിയുന്ന അല്ലാഹു പന പിടിച്ചു കുലുക്കാന്‍ മര്‍യമിനോട് നിര്‍ദേശിച്ചത് കാര്യ-കാരണങ്ങളുടെ പാരസ്പര്യം ബോധ്യപ്പെടുത്താനാണ്. നല്ല ആരോഗ്യവും ശക്തിയുമുള്ള പുരുഷന്മാര്‍ പിടിച്ചു കുലുക്കിയാല്‍ പോലും ഇളകാത്ത പന പിടിച്ചു കുലുക്കാന്‍ പ്രസവ വേദന അനുഭവിക്കുന്ന മര്‍യമിനോട് നിര്‍ദേശിച്ച അല്ലാഹു കാര്യ-കാരണങ്ങളുടെ ബന്ധം മനുഷ്യരെ പഠിപ്പിക്കുകയായിരുന്നു. മനുഷ്യന്‍ എത്ര ദുര്‍ബലനാണെങ്കിലും അധ്വാനിച്ചേ പറ്റൂ എന്ന വലിയ പാഠം. അവര്‍ക്ക് ഈത്തപ്പഴം ലഭിച്ചത് പന പിടിച്ചു കുലുക്കിയതിന്റെ ഫലമോ? അല്ല, അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കാനുള്ള സൂചന മാത്രമായിരുന്നു. പഴം ലഭ്യമാക്കുന്ന കാര്യം അല്ലാഹു ഏറ്റതായിരുന്നു.
ألم تر أن الله أوحى لمريم وهزّي اليك الجذع يساقط الرّطب
ولو شاء الله أحنى الجذع من غير هزّه إليها ولكن كلّ شيئ له سبب
'അല്ലാഹു മര്‍യമിന് ഈന്തപ്പന പിടിച്ചു കുലുക്കിയാല്‍ ഈത്തപ്പഴം വീഴ്ത്തിത്തരാമെന്ന് ബോധനം നല്‍കിയത് നീ കണ്ടില്ലേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ പന പിടിച്ചു കുലുക്കാതെ തന്നെ അതിനെ അവര്‍ക്ക് തല താഴ്ത്തി നല്‍കുമായിരുന്നു. പക്ഷേ, ഏതു കാര്യവും കാരണത്തെ ആശ്രയിച്ചാണിരിക്കുന്നത്.'5
മുഹമ്മദ് നബി(സ)യും കാര്യകാരണങ്ങളും
എല്ലാ പ്രവൃത്തികളിലും അവ വിജയിക്കാനാവശ്യമായ ഉപാധികള്‍ സ്വീകരിക്കാന്‍ അല്ലാഹു നിര്‍ദേശിക്കുന്നു. ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ ആവശ്യമായ മുന്നൊരുക്കം നടത്താന്‍ ആഹ്വാനം ചെയ്യുന്നു (അന്‍ഫാല്‍: 60). പക്ഷേ, വിജയിക്കുമ്പോള്‍ അതിനാവശ്യമായ സഹായം ചെയ്തത് അല്ലാഹുവാണെന്ന് എടുത്തു പറയുകയും ചെയ്യുന്നു. കാരണം വിജയോപാധികള്‍ ഒരുക്കിത്തന്നത് അല്ലാഹുവാണ് എന്നതു തന്നെ.
لَقَدْ نَصَرَكُمُ اللَّهُ فِي مَوَاطِنَ كَثِيرَةٍۙ وَيَوْمَ حُنَيْنٍۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئًا
'ധാരാളം സ്ഥലങ്ങളിലും ഹുനൈന്‍ ദിവസവും തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സഹായിച്ചിരിക്കുന്നു. നിങ്ങളുടെ ആധിക്യം നിങ്ങളെ കൗതുകപ്പെടുത്തിയപ്പോള്‍, അത് നിങ്ങള്‍ക്ക് ഒരുപകാരവും ചെയ്തില്ല' (അത്തൗബ: 25). സ്വന്തം ശക്തിയില്‍ വല്ലാതെ അഭിരമിച്ചുപോയപ്പോള്‍ മുസ്‌ലിംകള്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഉപാധികളും മാധ്യമങ്ങളും വിധേയമാക്കിത്തന്നെ അല്ലാഹുവിനെ മറന്നുള്ള സംഖ്യാധിക്യബോധം ഫലം ചെയ്യില്ലെന്ന് അല്ലാഹു ഹുനൈനില്‍ കാണിച്ചുതന്നു.
നബി(സ) തന്റെയും സ്വഹാബികളുടെയും ഇഹ-പര കാര്യങ്ങളിലത്രയും ഈ രണ്ടു വശങ്ങളെയും ജാഗ്രതയോടെ പാലിച്ചുപോന്നു. തൗബ 40-ഉം അന്‍ഫാല്‍ 30-ഉം ഇതിലേക്ക് വെളിച്ചം വീശുന്നു. മദീന പലായനത്തിലൂടെ നബി(സ)ക്ക് വിജയം വരിക്കാനായത് അന്‍സ്വാറുകളുടെ ഇസ്‌ലാമാശ്ലേഷ വാഞ്ഛ, ഒന്നാം അഖബാ ഉടമ്പടി, മദീനയിലെ പ്രതിനിധിയായി മുസ്വ്അബുബ്‌നു ഉമൈറിന്റെ നിയോഗം, രണ്ടാം അഖബാ ഉടമ്പടി, സ്വഹാബികളുടെ ഹിജ്‌റ മുതലായവയിലൂടെയാണല്ലോ. അബൂബക്‌റിന്റെ സാന്നിധ്യം, പുറപ്പെട്ട സമയം, അബൂബക്ര്‍ തയാറാക്കിയ രണ്ടു വാഹനങ്ങള്‍, അബ്ദുല്ലാഹിബ്‌നു ഉറൈഖിത്വ് എന്ന വഴികാട്ടി, സൗര്‍ ഗുഹയിലെ മൂന്നു ദിവസത്തെ താമസം, വഴിമാറി സഞ്ചാരം, അബ്ദുല്ലാഹിബ്‌നു അബീബക്‌റിന്റെ രഹസ്യാന്വേഷണം, ആമിറുബ്‌നു ഫുഹൈറയുടെ ഇടപെടല്‍ എന്നിവ ചില ഉദാഹരണങ്ങളാണ്.
ബദ്‌റിലും ഭൗതികോപാധികള്‍ സ്വീകരിക്കപ്പെട്ടു. അഭൗതിക സഹായവും ലഭിച്ചു (ആലുഇംറാന്‍: 123-127).
തഖിയ്യുദ്ദീന്‍ സുബുകി എഴുതുന്നു: 'ജിബ്‌രീലിന് തന്റെ ഒരു ചിറകുകൊണ്ട് ശത്രുക്കളെ പ്രതിരോധിക്കാമായിരുന്നു. പക്ഷേ, പ്രവര്‍ത്തിക്കുന്നത് നബിയും സ്വഹാബികളും തന്നെയാവണമെന്നതായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. പോഷക സൈന്യത്തിന്റേതിനു സമാനം സഹായിക്കുകയായിരുന്നു മലക്കുകളുടെ ദൗത്യം. എല്ലാം ചെയ്യുന്നത് അല്ലാഹു തന്നെ.'6
അഹ്‌സാബ് അധ്യായം 22-27 ഖന്‍ദഖ് യുദ്ധവുമായി ബന്ധപ്പെട്ട സത്യവിശ്വാസികളുടെയും കപടവിശ്വാസികളുടെയും നിലപാടുകളും അല്ലാഹു സ്വീകരിച്ച നടപടിയുമാണ് വിശദീകരിക്കുന്നത്. പ്രസ്തുത യുദ്ധത്തില്‍ നബി(സ) ജയിക്കുവാന്‍ ആവശ്യമായ ആത്മീയവും ധാര്‍മികവും ഭൗതികവുമായ എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും വഴങ്ങാതിരുന്ന പാറക്കല്ല് പൊട്ടിക്കാനായി നബി(സ) പിക്കാസ് കൈയിലെടുത്തു. ലക്ഷ്യം നേടാനുള്ള ഉപാധിയായിരുന്നു അത്.
അല്ലാഹുവിലുള്ള ഉറച്ച ആത്മീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പാറയില്‍ അടിച്ചപ്പോള്‍ പേര്‍ഷ്യാ-റോം സാമ്രാജ്യങ്ങള്‍ ഇസ്‌ലാമിന് കീഴ്‌പ്പെടുന്നതിന്റെ സുവാര്‍ത്ത ദൃശ്യാനുഭവമായി. ഏതുകാര്യവും വിജയിക്കാന്‍ ഉപാധികള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സഹായം ലഭ്യമായിരിക്കുമെന്ന പാഠം മേല്‍സംഭവം പഠിപ്പിച്ചു. 'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്' (അഹ്‌സാബ്: 21) എന്ന സൂക്തം ദൈവിക നടപടിക്രമങ്ങളെക്കുറിച്ച് പൊതുവിലും ഉപാധികളുടെ നടപടിക്രമങ്ങളെക്കുറിച്ച് വിശേഷിച്ചും നബി(സ)യില്‍നിന്ന് മാതൃക ഉള്‍ക്കൊള്ളണമെന്ന പാഠമാണ് നല്‍കുന്നത്. സഹായോപാധികള്‍ കൈകാര്യം ചെയ്‌തേടത്തുണ്ടായ വീഴ്ച കാരണം ഉഹുദില്‍ പരാജയപ്പെട്ടത് നമ്മുടെ മുന്നിലുണ്ട്. മക്കാ വിജയം വരെ വര്‍ഷങ്ങളോളം അതിന്റെ നീറ്റല്‍ മുസ് ലിംകള്‍ അനുഭവിക്കേണ്ടി വന്നു. 'നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചതെന്ന്. (നബിയേ) പറയുക; അത് നിങ്ങളുടെ പക്കല്‍ നിന്നുതന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു' (ആലുഇംറാന്‍: 165).
മേല്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''നിങ്ങളാണ് -മുസ്‌ലിംകളാണ്- അല്ലാഹുവിന്റെയും തിരുദൂതരുടെയും ഉപാധികളെ അവതാളത്തിലാക്കിയത്. നിങ്ങളുടെ മനസ്സുകളെയാണ് മോഹങ്ങള്‍ പിടികൂടിയത്. നിങ്ങളാണ് യുദ്ധത്തിന് ദൂതന്‍ നിശ്ചയിച്ച പദ്ധതികള്‍ അട്ടിമറിച്ചത്. അങ്ങനെയെല്ലാം നിങ്ങള്‍ ചെയ്തിട്ടും 'ഈ പരാജയം എങ്ങനെ സംഭവിച്ചു?' എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുകയോ? നിങ്ങളുടെ ഭാഗത്തുനിന്നു തന്നെയാണ് വീഴ്ചയുണ്ടായത്. നിങ്ങള്‍ നിങ്ങളെ അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിക്രമത്തിന് വിധേയമാക്കുകയായിരുന്നു. മനുഷ്യന്‍ തന്നെ അല്ലാഹുവിന്റെ നടപടിക്രമത്തിനു വിധേയമാക്കുമ്പോള്‍ അതങ്ങനെത്തന്നെ അതയാളില്‍ സംഭവിച്ചിരിക്കും. മുസ്‌ലിം - അമുസ്‌ലിം എന്ന അന്തരം ഇക്കാര്യത്തിലില്ല. മുസ്‌ലിമിന്റെ ഇസ്‌ലാം പൂര്‍ത്തിയാവുന്നത് അല്ലാഹുവിന്റെ നടപടിക്രമത്തിന് അയാള്‍ പ്രാഥമികമായി വിധേയനാകുമ്പോഴാണ്. പ്രപഞ്ചവും ജീവിതവും സംഭവവികാസങ്ങളും നിലനിന്നുപോരുന്ന ദൈവിക നപടിക്രമങ്ങള്‍ നിര്‍വീര്യമാക്കുക എന്നത് അല്ലാഹുവിന്റെ രീതിയല്ല.''7
അല്ലാഹുവിന്റെ നടപടിക്രമം സംബന്ധിച്ച് മുസ് ലിംകള്‍ മറന്നുപോയത് പാഠങ്ങള്‍ അവരെ പഠിപ്പിക്കുകയാണ് തുടര്‍ന്ന് ഖുര്‍ആന്‍. അല്ലാഹുവുമായുള്ള ബന്ധം എത്ര കണ്ട് ഗാഢമായാലും ദൃഢതരമായാലും അതുവഴി മുസ്‌ലിം വഞ്ചിതനാവരുത്. ദുന്‍യാവ് തനിക്ക് വിധേയമാണെന്ന് ധരിച്ചുവശാവരുത്. പ്രപഞ്ചത്തിലെ സുസ്ഥാപിത നിയമങ്ങള്‍ തനിക്ക് സര്‍വാത്മനാ വിധേയമാണെന്ന് തെറ്റിദ്ധരിക്കരുത്. നിരന്തര കര്‍മവും തികഞ്ഞ ജാഗ്രതയും മാത്രമേ നമ്മെ ലക്ഷ്യത്തിലെത്തിക്കുകയുള്ളൂ.8
ആലുഇംറാന്‍: 152 ഉഹുദ് യുദ്ധത്തില്‍ തുടക്കത്തിലുണ്ടായ വിജയം പരാജയത്തില്‍ കലാശിച്ചതിന്റെ അടിസ്ഥാന കാരണം വിശകലനം ചെയ്യുന്നു. വിജയത്തിന്റെ ലക്ഷണങ്ങളെല്ലാം കണ്ടിട്ടും ഭൗതിക മോഹത്താല്‍ നബി(സ)യുടെ നിര്‍ദേശം ലംഘിച്ചത് കടുത്ത പരാജയത്തിലേക്ക് വഴി തെളിച്ചു. അണികളില്‍ വിള്ളലുണ്ടായി. ലക്ഷ്യവും ഭിന്നമായി. ആദര്‍ശത്തിനു വേണ്ടിയുള്ള സമരം മറ്റു സമരങ്ങളെപ്പോലെയല്ല. യുദ്ധക്കളത്തിലെപ്പോലെ മനഃസാക്ഷിയിലും സമരം നടക്കണം. മനഃസാക്ഷിയിലെ സമരം വിജയിക്കാതെ യുദ്ധക്കളത്തിലെ വിജയം സാധ്യമല്ല. നിഷ്‌കളങ്കമായ ആദര്‍ശ വിശ്വാസമുള്ളവരെ മാത്രം സഹായിക്കുക എന്നതാണ് അല്ലാഹുവിന്റെ സുസ്ഥാപിത നിലപാട്. അസത്യത്തിന്റെ ശക്തികള്‍ ചില സമരങ്ങളില്‍ അല്ലാഹുവിന് മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വിജയിച്ചുകാണും. എന്നാല്‍ ഇസ്‌ലാമികാദര്‍ശം മുറുകെ പിടിക്കുന്നവര്‍ക്ക് നിഷ്‌കളങ്കമായ ആത്മാര്‍ഥതയുടെ അഭാവത്തില്‍ വിജയം സാധ്യമല്ല.
ശൈഖ് മുഹമ്മദുല്‍ മക്കീ അന്നാസ്വിരീ എഴുതുന്നു: ആലുഇംറാന്‍ മേല്‍ സൂക്തങ്ങളിലെ ആശയം നാലായി സംഗ്രഹിക്കാം;
1. ചിലയാളുകളുടെ മനോദൗര്‍ബല്യങ്ങള്‍ തങ്ങളോടൊപ്പമുള്ള മറ്റുള്ളവരുടെ പരാജയത്തിന് കാരണമാവുന്നു (അങ്ങനെ നിങ്ങള്‍ ഭീരുക്കളായി).
2. സമര യോദ്ധാക്കള്‍ക്കിടയിലെ ഭിന്നിപ്പ് (നിങ്ങള്‍ പരസ്പരം കാര്യത്തില്‍ ഭിന്നിച്ചു).
3. ഉന്നത നേതൃത്വത്തിന്റെ കല്‍പനകള്‍ ധിക്കരിച്ചു.
അക്ഷരംപ്രതി നടപ്പിലാക്കേണ്ടിയിരുന്ന അച്ചടക്ക നിര്‍ദേശങ്ങള്‍ അവഗണിച്ചു.
(നിങ്ങള്‍ ഇഷ്ടപ്പെടുന്നത് -വിജയം- അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്ന ശേഷം നിങ്ങള്‍ ധിക്കരിച്ചു).
4. ലക്ഷ്യത്തില്‍ ഏകീകരിക്കാന്‍ കഴിഞ്ഞില്ല (നിങ്ങളില്‍ ദുന്‍യാവ് ഉദ്ദേശിക്കുന്നവരുണ്ട്. നിങ്ങളില്‍ പരലോകം ഉദ്ദേശിക്കുന്നവരുമുണ്ട്).
ആദ്യം ഉഹുദിലും പിന്നീട് മറ്റു യുദ്ധങ്ങളിലും സംഭവിച്ച പാളിച്ചകളിലെല്ലാം മേല്‍വസ്തുതകള്‍ ഏറിയോ കുറഞ്ഞോ ഉണ്ടായിരുന്നു. ആത്യന്തികമായി, തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ സത്യവിശ്വാസികളെ അല്ലാഹു സര്‍വാത്മനാ സ്വീകരിക്കുമെന്ന് സമാശ്വസിപ്പിക്കുന്നുമുണ്ട് (അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യമുള്ളവനാണ്).9
ഇത്രയും പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്: മനുഷ്യര്‍ തങ്ങളുടെ ജോലികള്‍ നിര്‍വഹിക്കുക. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക അതിനനുസരിച്ച് അല്ലാഹു കാര്യങ്ങള്‍ ക്രമീകരിക്കുന്നതായിരിക്കും. ഫലങ്ങളും പരിണതികളുമെല്ലാം അല്ലാഹുവിന്റെ ഇഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മനുഷ്യര്‍ തങ്ങളുടെ കഴിവിന്‍പടി പ്രവര്‍ത്തിക്കുന്നു. ഫലങ്ങളെ അല്ലാഹുവിന്റെ വിധിയുമായി ബന്ധപ്പെടുത്തുന്നു. വിശ്വാസവും പ്രവര്‍ത്തനവും സന്തുലിതമാവുന്നു. അല്ലാഹുവിന്റെ തീരുമാനം തന്റെ ഇഛപോലെയാവണമെന്ന് അയാള്‍ വിധിക്കുന്നില്ല.10
'അവരെ -ശത്രുക്കളെ- നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്കു പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്താന്‍ വേണ്ടി' (അന്‍ഫാല്‍: 60) എന്ന സൂക്തം വിജയ സാക്ഷാല്‍ക്കാരത്തിനാവശ്യമായ ധാര്‍മികവും ഭൗതികവുമായ ഉപാധികളുടെ പ്രാധാന്യം ശക്തമായി എടുത്തു സ്ഥാപിക്കുന്നുണ്ട്. ഉപാധികളെയും മാധ്യമങ്ങളെയും കൈയൊഴിയലല്ല, അവ സ്വീകരിച്ചു പ്രവര്‍ത്തിക്കലാണ് യഥാര്‍ഥ തവക്കുല്‍.
കാര്യങ്ങള്‍ കാരണങ്ങളുമായും ഫലങ്ങള്‍ മുന്‍പ്രവൃത്തികളുമായും ബന്ധപ്പെട്ടാണിരിക്കുന്നതെന്ന അടിസ്ഥാന തത്ത്വം പ്രപഞ്ചത്തിലെ ചിരസ്ഥായിയായ തത്ത്വമാണ്. മൂസാ നബി(അ)യുടെ താഴെ മുഅ്ജിസത്ത് കാണുക.
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَۖ فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًاۖ
''മൂസാ തന്റെ ജനതക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: 'നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക.' അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടി ഒഴുകി'' (ബഖറ: 60). ഇമാം ഖുര്‍ത്വുബി എഴുതുന്നു: 'മൂസാ നബി അടിക്കാതെത്തന്നെ സമുദ്രം പിളര്‍ത്താന്‍ അല്ലാഹുവിന് കഴിയുമായിരുന്നു. പക്ഷേ അല്ലാഹു കാര്യത്തെയും കാരണത്തെയും ബന്ധപ്പെടുത്താന്‍ ഉദ്ദേശിച്ചു. ലക്ഷ്യങ്ങള്‍ നേടാന്‍ അല്ലാഹു മനുഷ്യര്‍ക്ക് വിധിച്ചത് ഈ രീതിയാണ്. രക്ഷയും ശിക്ഷയും അതനുസരിച്ച് തന്നെ.'11
ഹൃദയംഗമമായ ഉദ്ദേശ്യവും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു നടക്കണമെന്നര്‍ഥം.
അല്ലാഹുവിന്റെ നടപടിക്രമത്തില്‍നിന്ന് നാം പഠിക്കേണ്ടത്
ഇസ്‌ലാമിക സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ മൂലഹേതു നാഗരിക വളര്‍ച്ച നേടുന്നതിനാവശ്യമായ ഉപാധികള്‍ സ്വീകരിക്കായ്കയും വിജയവും സ്വാധീനവും ഉറപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാത്തതുമാണ്. ഇതു പരിഹരിക്കാന്‍ പ്രപഞ്ചത്തിലാകെ അല്ലാഹു വിന്യസിച്ചിട്ടുള്ള ഉപാധികള്‍ ഉപയോഗിച്ച് അല്ലാഹുവിന്റെ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഭൂമിയെ പരിപാലിക്കാനും വികസന നന്മകള്‍ ലഭ്യമാക്കാനും ശ്രമിക്കുകയാണ്. എക്കാലത്തും പുരോഗതിയുടെ മാനദണ്ഡം ഉപാധികളുടെയും മാധ്യമങ്ങളുടെയും ഉപയോഗമാണ്. സത്യവിശ്വാസിയായി അവ ഉപയോഗിക്കുമ്പോള്‍ ദുന്‍യാവിലെയും പരലോകത്തെയും നന്മകള്‍ ഒന്നിച്ച് ലഭിക്കും. അവ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കില്‍ സത്യനിഷേധികള്‍ ജേതാക്കളാവും.12 അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്കനുരോധമായി പ്രവര്‍ത്തിക്കുന്നത് പ്രാപഞ്ചികവും ദൈവികവിധിപരവും നിയമപരവും ബാധ്യതാപരവുമായ ദൗത്യമാണ്.13
ഈ വിഷയകമായി ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: 'മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഖദ്‌റിലുള്ള വിശ്വാസവും ലക്ഷ്യസാധ്യത്തിനായുള്ള ഉപാധികള്‍ സ്വീകരിക്കലും സന്തുലിതമായ നിലപാടിന്റെ ഭാഗവും ഇസ്‌ലാമികാദര്‍ശത്തിന്റെ സുന്ദരമായ സവിശേഷതകളില്‍ ഒന്നുമാണ്. അല്ലാഹുവില്‍ അന്ധമായും അലസമായും ഭരമേല്‍പിക്കുന്നവര്‍ ദാരിദ്ര്യത്തിനും രോഗത്തിനും ഇരയാവുന്നു. അതേസമയം, ദൈവത്തെ അവഗണിക്കുന്ന യൂറോപ്യന്‍ ജാഹിലിയ്യത്ത് ഭൗതികോപാധികളിലൂടെ വമ്പിച്ച പുരോഗതി നേടുന്നു. അതേസമയം സത്യവിശ്വാസികള്‍ക്കു മാത്രമുള്ള മനഃശാന്തി ഇല്ലാത്തതിനാല്‍ അവയെല്ലാം ഭ്രാന്തുള്‍പ്പെടെയുള്ള അപരിഹാര്യമായ മാനസിക തകര്‍ച്ചകള്‍ക്ക് കാരണമാവുന്നു.'14 മുസ്‌ലിംകള്‍ അനുഭവിക്കുന്ന പിന്നാക്കത്തിന്റെ മുഖ്യകാരണം വര്‍ത്തമാനകാലത്തെ വേണ്ടുംവിധം ഉപയോഗിക്കാതിരുന്നതും ഭാവിയെക്കുറിച്ച് മധുരസങ്കല്‍പം വെച്ചുപുലര്‍ത്തി മിഥ്യാവേശത്തില്‍ കഴിഞ്ഞതുമാണ്. 'അത് സംഭവിച്ചത് നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്' (ആലുഇംറാന്‍: 182).
കുറിപ്പുകള്‍
1. فى ظلال القرآن 4/2290
2. تفسير الشعراوي 8981/14
3. التيسير فى أحاديث التفسير 13/4
4. تفسير الشعراوي 1638/3
5. تفسير الشعراوى 9067/15
6. فتح الباري 313/7
7. في ظلال القرآن 514/1
8. دراسة في الّسيرة ، عماد الدّين خليل ص : 201
9. التيسير في أحاديث التفسير 269/1
10. في ظلال القرآن 503/1
11. الجامع الأحكام القرآن 1/419
12. تفسير الشعراوي 5687/9
13. تفسير المنار ، رشيد رضا 493/9
14. ركائز الإيمان، محمّد الغزالي ص: 408