മൗദൂദിയും ദൈവിക പരമാധികാര സങ്കല്‍പവും-2
ഡോ. മുഹമ്മദ് അമാറ
മൗദൂദിയുടെ ഗ്രന്ഥങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പരമാധികാര സിദ്ധാന്തത്തെക്കുറിച്ച അദ്ദേഹത്തിന്റെ വ്യവഹാരങ്ങളില്‍ ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ പരമാധികാരവും തമ്മില്‍ വൈരുധ്യമുള്ളതായി കാണാം. അധികാര സ്രോതസ്സിന്റെ അവകാശത്തില്‍നിന്ന് മനുഷ്യനെയും ഉമ്മത്തിനെയും തീര്‍ത്തും മാറ്റിനിര്‍ത്തി അധികാരം ദൈവത്തിന് മാത്രമാക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് ബാധകമാകുന്നുണ്ടോ? ചിലര്‍- അത് അദ്ദേഹത്തിന്റെ അനുകൂലികളാകട്ടെ, പ്രതികൂലികളാകട്ടെ- കരുതുംവിധം മനുഷ്യേഛക്ക് യാതൊരിടവുമില്ലാത്ത തിയോക്രസി, മതരാഷ്ട്രവാദമാണോ അദ്ദേഹത്തിന്റെ ഇസ്‌ലാമിക ഭരണകൂട സങ്കല്‍പം? താഴെ കൊടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ വിവരണം വായിക്കുമ്പോള്‍ അങ്ങനെ തോന്നാവുന്നതാണ്:
''ഇസ്‌ലാമില്‍ പരമാധികാരം അല്ലാഹുവിന് മാത്രമുള്ളതാണ്. പങ്കാളിയില്ലാത്ത ഏകനാണ് അല്ലാഹു എന്ന് തൗഹീദ് (ഏകദൈവത്വ) സിദ്ധാന്തത്തെ ഖുര്‍ആന്‍ വിവരിക്കുന്നത് കേവലം മതപരമായ അര്‍ഥത്തില്‍ മാത്രമല്ല. അതേ പ്രകാരം രാഷ്ട്രീയവും നിയമപരവുമായ വിവക്ഷയും അതിനുണ്ട്. ഇസ്‌ലാമിക ആദര്‍ശവീക്ഷണപ്രകാരം സത്തയിലും അടിസ്ഥാനത്തിലും ഭരണാധികാരം മറ്റുള്ള അധികാരങ്ങളത്രയും പകര്‍ന്നു നല്‍കപ്പെടുന്ന അധികാരം (deligated power) മാത്രമാണ്.''3 ''അധികാരത്തില്‍ ഒരു വിഹിതവും മനുഷ്യനില്ല. ഭൂമിയില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് വരുന്നതുകൊണ്ട് അവന് ഇഛാനുസൃതം എന്തും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ല. വ്യഷ്ടിഗതമായ താല്‍പര്യാടിസ്ഥാനങ്ങളില്‍ അവന് പ്രവര്‍ത്തിക്കാമെന്നുമല്ല അതിനര്‍ഥം. കാരണം ഉടമസ്ഥന്റെ ഉദ്ദേശ്യവും അഭിലാഷവും നിര്‍വഹിക്കുക എന്നതാണ് അതിന്റെ താല്‍പര്യം. അണുഅളവ് അധികാരം വ്യക്തിക്കില്ല. ഏകാസ്തിത്വം സമസ്താധികാരങ്ങളും വാഴുന്ന ഈ കേന്ദ്രീകൃത പ്രാപഞ്ചിക വ്യവസ്ഥയുടെ തണലില്‍ തനിക്കോ മറ്റുള്ളവര്‍ക്കോ സമ്പൂര്‍ണമോ ഭാഗികമോ ആയ അവകാശമുണ്ടെന്ന് ഏതെങ്കിലും വ്യക്തിയോ സംഘമോ അവകാശപ്പെടുകയാണെങ്കില്‍ നിസ്സംശയം പെരുങ്കള്ളവും വ്യാജവും മാത്രമാണത്. അല്ലാഹു കേവല സ്രഷ്ടാവ് മാത്രമല്ല. അപ്രകാരം തന്നെ ഭരണാധിപനും ശാസനാധികാരിയും കൂടിയാണവന്‍. സൃഷ്ടിജാലങ്ങളെ സൃഷ്ടിച്ച അവന്‍ അവരില്‍ തന്റെ ഭരണം നടപ്പാക്കാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല.''4 ''അവന്റെ അധികാരം, മനുഷ്യ ജീവിതത്തിന്റെ, ചോയ്‌സുള്ളതും അല്ലാത്തതുമായ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. സമസ്ത പ്രപഞ്ചവും ഉള്‍ക്കൊള്ളുന്നതാണ്.''5 ''ഇസ്‌ലാമിലെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ സ്തംഭം നിലനില്‍ക്കുന്നത് എല്ലാ നിയമനിര്‍മാണാധികാരങ്ങളും (powers) മനുഷ്യഹസ്തങ്ങളില്‍നിന്ന്, ഒറ്റപ്പെട്ട വ്യക്തികളായാലും സംഘങ്ങളായാലും, പിഴുതുമാറ്റുന്നതിലാണ്. തന്നെപ്പോലുള്ള മനുഷ്യരില്‍ അധികാരം വാഴാനും അവരെ അനുസരിപ്പിക്കാനും ആര്‍ക്കുമില്ല അധികാരം. തങ്ങള്‍ക്ക് വഴങ്ങാനും തങ്ങളെ പിന്തുടരാനുമുള്ള നിയമനിര്‍മാണത്തിനുമില്ല അവര്‍ക്ക് അവകാശം. കാരണം അത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. മറ്റൊരാളെയും അവനതില്‍ കൂട്ടുകൂടുന്നില്ല. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രാഥമിക സവിശേഷതകള്‍ മൂന്നാകുന്നു:
1. ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ കക്ഷിക്കോ രാജ്യനിവാസികളിലാര്‍ക്കുമോ അധികാരത്തില്‍ ഒരു ഓഹരിയുമുണ്ടാവുകയില്ല. യഥാര്‍ഥ ഭരണാധികാരി അല്ലാഹുവാണ്. അല്ലാഹുവിന്റെ സത്തക്ക് മാത്രമുള്ളതാണ് യഥാര്‍ഥ അധികാരം. അവനൊഴികെ ഈ ഭൂമുഖത്തുള്ളവരൊക്കെയും അവന്റെ മഹത്തായ അധികാരത്തിനു കീഴിലെ പ്രജകള്‍ മാത്രമാകുന്നു.
2. ദൈവത്തിനൊഴികെ ആര്‍ക്കും നിയമനിര്‍മാണാവകാശമില്ല. മുസ്‌ലിംകള്‍ക്കാര്‍ക്കും, അവര്‍ പരസ്പരം സഹായിച്ചാലും നിയമനിര്‍മാണം സാധ്യമല്ല.
3. പ്രവാചകന്‍ തന്റെ നാഥങ്കല്‍നിന്ന് കൊണ്ടുവന്ന നിയമത്തിലധിഷ്ഠിതമായല്ലാതെ ഇസ്‌ലാമിക രാഷ്ട്രഹര്‍മ്യം കെട്ടിപ്പടുക്കാനാവുകയില്ല, സാഹചര്യങ്ങളും പരിതഃസ്ഥിതികളും എത്രമാത്രം പരിവര്‍ത്തിതമായാലും ശരി.''6
''ഭൂമിയില്‍ ദൈവിക നിയമം നടപ്പാക്കുന്നവരെക്കുറിച്ച് പറയുമ്പോള്‍, അല്‍ ഹാകിമിയ്യ (sovereignity)- പരമാധികാരം എന്ന വാക്കിനു പകരം സദാ ഉപയോഗിക്കുന്ന വാക്ക് ഖിലാഫത്ത് (vicegerency) എന്നാണ്. 'നിങ്ങളില്‍ വിശ്വസിച്ചവര്‍ക്കും സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവര്‍ക്കും ഭൂമിയില്‍ അവരെ പ്രതിനിധികളാക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു; അവരുടെ പൂര്‍വികരെ പ്രതിനിധികളാക്കിയപോലെ' (അന്നൂര്‍: 55).''7
''ഇലാഹ്-ദൈവം- എന്ന വാക്കും ഹാകിമിയ്യഃ- അധികാരം- എന്ന വാക്കും ഒരേ യാഥാര്‍ഥ്യത്തെക്കുറിക്കുന്ന സംജ്ഞകളാണ്.''8
'പരമാധികാര'(അല്‍ ഹാകിമിയ്യ)ത്തെ കുറിച്ചും തദ്‌സിദ്ധാന്തത്തെക്കുറിച്ചും ദുരൂഹതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന മൗദൂദിയുടെ ഒരു കൂട്ടം സാമാന്യ വിവരത്തിന്റെ മാതൃകകളാണ് മുകളില്‍ ഉദ്ധരിച്ചത്. നിയമനിര്‍മാണത്തില്‍ മാത്രമല്ല നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍പോലും എല്ലാ അവകാശത്തില്‍നിന്നും മനുഷ്യരെ മാറ്റിനിര്‍ത്തിയിരിക്കുകയാണതില്‍; വ്യക്തിയെയും സംഘത്തെയും മാത്രമല്ല ഉമ്മത്തിനെ (ആഗോള മുസ്‌ലിം സമുദായം) പോലും. അല്ലാഹുവിന്റെ പ്രാതിനിധ്യത്തെ, ഖിലാഫത്തിനെ അംഗീകരിച്ചപ്പോഴാകട്ടെ, ഖിലാഫത്ത് ഹാകിമിയ്യത്താകുന്നതിനെ നിരാകരിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ അവതരണ ശൈലി, 'അധികാര'ത്തിന്റെ എല്ലാ നിഴലില്‍നിന്നും മാറ്റി എല്ലാ ഇനം ഭൗതിക ഭരണവും മതപരവും പ്രാപഞ്ചികവുമായ ഭരണം പോലെത്തന്നെ അല്ലാഹുവിന് മാത്രമവകാശപ്പെട്ടതാക്കിമാറ്റി; മനുഷ്യന് സ്വാതന്ത്ര്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങളിലുമതെ. എന്തുകൊണ്ടെന്നാല്‍ 'ഇലാഹ്' എന്ന വാക്കും 'ഹാകിമിയ്യത്ത്' എന്ന സാങ്കേതിക ശബ്ദവും, അദ്ദേഹം പറഞ്ഞപോലെ ഒരേ യാഥാര്‍ഥ്യത്തിന്റെ നാമങ്ങളാകുന്നു. ഇസ്‌ലാമിക ഭരണത്തെയും സ്റ്റേറ്റിനെയും ഉമ്മത്തിന് യാതൊരധികാരാവകാശവുമില്ലാത്ത തിയോക്രസിയായി സങ്കല്‍പിക്കുകയും ചിത്രീകരിക്കുകയും ദുഷ്പ്രചാരം നടത്തുകയും ചെയ്തവര്‍ മുറിച്ചെടുത്ത അദ്ദേഹത്തിന്റെ വാചകങ്ങളാണിത്.
എന്നാല്‍, മൗദൂദിയുടെ ഈ വിവരണശൈലിയില്‍ പ്രകടമാകുന്ന ഈ സാമാന്യവല്‍ക്കരണത്തെ വിമര്‍ശിക്കുന്നതോടൊപ്പം അദ്ദേഹത്തോട് നീതിപുലര്‍ത്താന്‍ നാം ആഗ്രഹിക്കുന്നു. ഇതേ വിഷയം തന്നെ കൈകാര്യം ചെയ്തപ്പോള്‍ മറ്റൊരു വശത്ത് സ്വീകരിച്ച വിവരണശൈലിയുടെ വെളിച്ചത്തില്‍ കൂടി 'ഹാകിമിയ്യത്തി'ന് അദ്ദേഹം നല്‍കിയ വിവക്ഷ കൂടി നോക്കേണ്ടതുണ്ടെന്നാണ് നമുക്ക് പറയാനുള്ളത്. അദ്ദേഹത്തിന്റെ സങ്കല്‍പനവുമായി ഒട്ടിപ്പിടിച്ച ദുരൂഹതകളും തെറ്റിദ്ധാരണകളും നീക്കം ചെയ്യാന്‍ പര്യാപ്തമാംവിധം സമഗ്രവും സൂക്ഷ്മവും കൃത്യവുമാണ് ഈ വിവരണങ്ങള്‍.
നാം നേരത്തേ ചൂണ്ടിക്കാണിച്ചപോലെ അധികാര (ഹാകിമിയ്യഃ)ത്തെയും ദിവ്യത്വ(ഉലൂഹിയ്യഃ)ത്തെയും മൗദൂദി സമമായാണ് കാണുന്നത് (അതില്‍ നമുക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട്). അദ്ദേഹം ഇങ്ങനെയാണ് പറയുന്നതെന്നു തോന്നുന്നു; 'അധികാരം എന്നതുകൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത് രാജ്യത്തെയും സമൂഹത്തെയും നയിക്കുകയും നാഗരിക വികാസം സൃഷ്ടിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെയും സമുദായത്തിന്റെയും കൈയില്‍ നിക്ഷിപ്തമായ അധികാരമല്ല.' അധികാരം എന്ന വാക്ക് വിശദീകരിക്കുമ്പോള്‍ അതിനേക്കാള്‍ വിശാലമായ ഒരു അര്‍ഥകല്‍പനയാണ് അദ്ദേഹം നല്‍കുന്നത്. അദ്ദേഹം പറയുന്നത് കാണുക: ''കേവലാധികാരത്തെയും പരമോന്നതാധികാരത്തെയുമാണ് ആ വാക്ക് -ഹാകിമിയ്യത്ത്- കുറിക്കുന്നത്. ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ വ്യക്തികളടങ്ങുന്ന സമിതിക്കോ ലഭ്യമാകുന്ന അധികാരം എന്ന അര്‍ഥത്തിലല്ല അത്. അവന്റെ ഭരണമെന്നാല്‍ നിയമമാകുന്നു.
രാജ്യത്തിലെ വ്യക്തികളുടെ മേല്‍ തന്റെ ഭരണം പ്രയോഗവല്‍ക്കരിക്കുന്നതിന് സീമാതീതവും അപരിമേയവുമായ സമസ്താധികാരങ്ങളും അവനില്‍ നിക്ഷിപ്തമാണ്. അവര്‍ക്കാകട്ടെ സ്വമേധയായോ നിര്‍ബന്ധിതമായോ അവനെ അനുസരിക്കാതെ നിര്‍വാഹമില്ല. അവന്റെ ഇഛക്കും അഭിലാഷത്തിനുമല്ലാതെ ഭരണത്തില്‍ മറ്റൊരു ബാഹ്യശക്തിക്കും യാതൊരധികാരവുമില്ല. വ്യക്തികള്‍ക്ക് അവന്റെ മുന്നില്‍ ഒരവകാശവുമില്ല. അവന്‍ സ്വേഛയാ നിയമം നിര്‍മിക്കുന്നു. അവനെ നിയന്ത്രിക്കുന്ന ഒരു നിയമവുമില്ല. നന്മതിന്മകളെ കുറിച്ചും ശരിതെറ്റുകളെക്കുറിച്ചും അവന്‍ പുറപ്പെടുവിക്കുന്ന വിധികളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമില്ല അവകാശം. അവന്‍ എന്തു ചെയ്യുന്നുവോ അതൊക്കെ നന്മയാണ്. അവനെ അനുസരിക്കുന്ന ഒരാള്‍ക്കും അതിനെ തിന്മയായി വിധിച്ചു തള്ളിക്കളയാനാകില്ല. അവന്‍ ചെയ്യുന്നതാണ് ശരി. അവനെ അനുസരിക്കുന്ന ആര്‍ക്കും അതില്‍ യാതൊരു തെറ്റും കാണാന്‍ അവകാശമില്ല. അവന്‍ അബദ്ധങ്ങളില്‍നിന്നെല്ലാം മുക്തനായ പരിശുദ്ധനാണെന്ന് അംഗീകരിക്കാന്‍ സര്‍വരും ബാധ്യസ്ഥരാണ്; അങ്ങനെയാണോ അല്ലേ എന്ന് പരിശോധിക്കാതെത്തന്നെ. ഇതാണ് നിയമപരമായ ഹാകിമിയ്യത്തിന്റെ സങ്കല്‍പം. ഈ ഹാകിമിയ്യത്ത് വിശേഷണം വഹിക്കുന്നവന്‍ അല്ലാഹു മാത്രമാണ്. അവനാണ് നിരുപാധിക പരമോന്നതാധികാരി. 'ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവന്‍' (ഹൂദ് 107), 'സ്വകൃത്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാത്തവന്‍ അവന്‍ മാത്രമാണ്', 'അവന്‍ ചെയ്യുന്നതിനെക്കുറിച്ച് ആരും അവനെ ചോദ്യം ചെയ്യുകയില്ല. അവരാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും' (അല്‍ അമ്പിയാഅ്: 23), 'കരുത്തനും പ്രതാപശാലിയും സര്‍വശക്തനും അവനാണ്', 'അവന്റെ കരങ്ങളിലാണ് സര്‍വതിന്റെയും അധികാരം', അബദ്ധങ്ങളില്‍നിന്നൊക്കെയും മുക്തന്‍ അവന്‍ മാത്രം. 'അവനാണ് രാജാവ്. അതീവ പരിശുദ്ധന്‍, പരമരക്ഷ' (അല്‍ ഹശ്ര്‍).''9
ഹാകിമിയ്യത്തിനെ കുറിച്ചുള്ള മൗദൂദിയുടെ ഈ നിര്‍വചനത്തെക്കുറിച്ച് നമുക്ക് ചോദിക്കാനുള്ളത് ഇതാണ്: ഒരു മര്‍ത്ത്യ ഭരണാധികാരിക്ക് -അയാള്‍ ജനാധിപത്യവാദിയാകട്ടെ, ഏകാധിപതിയാകട്ടെ- ഇപ്പറഞ്ഞ വിശേഷണങ്ങളും അധികാരങ്ങളുമൊക്കെ ഉള്ളതായി വാദിക്കുന്ന ഏതെങ്കിലും മുസ്‌ലിമുണ്ടോ? ഇപ്പറഞ്ഞ വിശേഷാധികാരങ്ങളൊക്കെ ഒരു ഭരണകൂടത്തിനോ പാര്‍ട്ടിക്കോ നിയമനിര്‍മാണ സമിതിക്കോ ചാര്‍ത്തിക്കൊടുക്കുന്ന ഏതെങ്കിലും മുസ്‌ലിമുണ്ടോ? 'ഉദ്ദേശിക്കുന്നതൊക്കെ ചെയ്യാന്‍ അധികാരമുള്ള, പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദ്യം ചെയ്യപ്പെടാത്ത', 'എല്ലാ നിയമങ്ങള്‍ക്കും അതീതനും സര്‍വരെയും തന്റെ നിയമത്തിന്റെ വരുതിയിലാക്കുന്നവനുമായ', 'പ്രതാപിയും കരുത്തനും സര്‍വശക്തനുമായ, പരിശുദ്ധനും സ്തുത്യര്‍ഹനും അബദ്ധങ്ങളില്‍നിന്നെല്ലാം മുക്തനുമായ...' ഇമ്മട്ടിലൊക്കെയുള്ള അധികാരങ്ങളും വിശേഷണങ്ങളുമുള്ള അധികാരിയാണെങ്കില്‍, ഇതൊക്കെയാണ് 'ഹാകിമിയ്യത്തി'ന്റെ വിവക്ഷയെങ്കില്‍ ഒരാളുമൊഴിയാതെ സര്‍വ മുസ്‌ലിംകളും മൗദൂദിയുടെ പക്ഷത്തു തന്നെയാണ്. ആ വിശേഷഗുണങ്ങളത്രയും മൗദൂദിയെപ്പോലെത്തന്നെ മനുഷ്യന് പതിച്ചുനല്‍കാതെ അല്ലാഹുവിനു മാത്രം നല്‍കുന്നവരാണവര്‍. സര്‍വാംഗീകൃതമായ ലളിത തത്ത്വമാണത്. മുസ്‌ലിംകള്‍ക്കിടയില്‍ യാതൊരു ഭിന്നതയുമില്ലാത്ത വിഷയം; മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, അല്ലാത്തവര്‍ക്കിടയിലുമതേ. മനുഷ്യന്‍, അല്ലെങ്കില്‍ മനുഷ്യ ഭരണാധികാരിക്ക് ഈ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന ഒരു പ്രസ്ഥാനവും ദുന്‍യാവിലില്ല.
''മനുഷ്യന് വ്യക്തികളുടെ മേല്‍ സീമാതീതമാംവിധം അധികാരം നല്‍കുന്ന യോഗ്യതകളുണ്ടാവുക സാധ്യമല്ല. വാക്കര്‍മങ്ങളില്‍ ഒരാള്‍ക്കും വിശുദ്ധി അവകാശപ്പെടാനോ മറ്റുള്ളവര്‍ അവന്നത് സമ്മതിച്ചുകൊടുക്കാനോ പറ്റുകയില്ല. അതിനാല്‍ നിയമപരമായ അധികാരവിഷയത്തില്‍ ഇസ്‌ലാം അതിന്റെ തീര്‍പ്പു കല്‍പിച്ചുകഴിഞ്ഞതാണ്. അതിനവകാശം അല്ലാഹുവിന് മാത്രമാണ്.''10 മൗദൂദി ഇവിടെ പറഞ്ഞപോലെ ഇതാണ് 'ഹാകിമിയ്യത്തി'ന് അദ്ദേഹം നല്‍കുന്ന അര്‍ഥവും വ്യാഖ്യാനവുമെങ്കില്‍ അത് സ്വാഭാവികവും യുക്തിയുക്തവുമായ വിവരണം തന്നെ.
ഇതാണ് 'ഹാകിമി'ന്റെ അധികാരാവകാശങ്ങളും 'ഹാകിമിയ്യത്ത്' ഉടമയുടെ വിശേഷണങ്ങളുമെങ്കില്‍ ആ 'ഹാകിമിയ്യത്ത്' മനുഷ്യന് തീര്‍ത്തും നിരാകരിക്കുന്നതില്‍ എല്ലാവരും മൗദൂദിയുടെ പക്ഷത്ത് നില്‍ക്കുന്നവരാണ്. മനുഷ്യ ഭരണാധികാരിക്ക്, അല്ലെങ്കില്‍ മനുഷ്യ ഭരണകൂടത്തിന് ഈ വിശേഷ ഗുണങ്ങള്‍ ചാര്‍ത്തുന്നവര്‍ ഒരു രാഷ്ട്രീയ-സാമൂഹിക പദ്ധതിയിലും- ഫാഷിസത്തില്‍ പോലും- ഇല്ല; ഒരു മതത്തിലും നാഗരികതയിലും അത്തരം അധികാര വിശേഷങ്ങള്‍ മനുഷ്യന് കല്‍പിച്ചു നല്‍കുന്നവരില്ല. പാപ്പായിസത്തിലെ ഭരണകൂടം മാത്രമേ ഇതിനപവാദമായുണ്ടാകൂ; മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ വാണരുളിയ, ദിവ്യാധികാരം അവകാശപ്പെട്ട കത്തോലിക്കാ സഭാ ഭരണാധികാരികള്‍. 'തങ്ങളുടെ പണ്ഡിത പുരോഹിതന്മാരെയും റമ്പാന്മാരെയും സാക്ഷാല്‍ അല്ലാഹുവിന് പകരം ദൈവങ്ങളായി വരിച്ചു' (തൗബ 31) എന്ന് ഖുര്‍ആന്‍ വിവരിച്ച പുരോഹിതപ്പരിഷകളുടെ ഭരണാധികാരം. എന്നാല്‍ ഈ പേപ്പല്‍ ഭരണകൂടവും പണ്ഡിത-പുരോഹിതപ്പരിഷകളും ദൈവത്തിന്റെ നേരിട്ടുള്ള പ്രാതിനിധ്യം അവകാശപ്പെട്ടിരുന്നില്ല. മൗദൂദി പറയുന്ന അര്‍ഥത്തിലും വിശേഷണത്തിലുമുള്ള ഒരു 'ഹാകിമിയ്യത്ത്' ഏതെങ്കിലും മനുഷ്യന്‍ അവകാശപ്പെട്ടതായി മനുഷ്യസഞ്ചയത്തിന്റെ അറിവിലില്ല.
അപ്പോള്‍ പിന്നെ എവിടെയാണ് ഇവിടെ സംഘട്ടനം? എവിടെയാണ് തര്‍ക്കത്തിന്റെ മര്‍മം?
തര്‍ക്കത്തിന്റെ മര്‍മം, ഇസ്‌ലാമികമായി നിലനില്‍ക്കുന്നത് 'ഖലീഫ'യുടെ അധികാരത്തിന്റെ പ്രകൃതത്തിന്റെ പരിധിയുടെ നിര്‍ണയത്തിലും ഭൂമിയുടെ പരിപാലനത്തിലും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നടത്തിപ്പിലും നാഗരിക വികസനത്തിലും ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിലുള്ള മനുഷ്യന്റെ അവകാശ പരിധികളിലുമാണ്. ഈ ഖിലാഫത്ത് -പ്രാതിനിധ്യം- എന്നത് ഒരു ദൈവിക യാഥാര്‍ഥ്യമത്രെ. അത് സുവ്യക്തമായ ഖുര്‍ആനിക പ്രമാണമാണ്. മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ അംഗീകാരം അതിനുണ്ട്. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ മധ്യമ നിലപാടിനെ ഇസ്‌ലാമിക ചിന്തയില്‍ അത് അടിവരയിടുന്നു. ചില നാഗരികതകള്‍, മതങ്ങളല്ല, മനുഷ്യന് വിധിച്ചിട്ടുള്ള സ്ഥാനം താഴ്ന്നതാണ്. പാപത്തിന്റെ സന്തതിയായാണ് അവനെ അത് കാണുന്നത്. മറ്റു ചിലതാകട്ടെ, മതേതരത്വത്തിന്റെ തണലില്‍, പ്രപഞ്ചത്തിന്റെ ഏകനായകനും കേന്ദ്രബിന്ദുവുമായി മനുഷ്യനെ കരുതുന്നു. ഇസ്‌ലാമാകട്ടെ, ഇതര സൃഷ്ടികളേക്കാളെല്ലാമുപരി അവന്റെ ആദരണീയ സ്ഥാനം പ്രഖ്യാപിച്ച ശേഷം അവന്‍ പ്രപഞ്ചത്തിന്റെ കേവല നായകനോ മഹോന്നതാധികാരിയോ അല്ലെന്ന് എടുത്തോതി. അത് ദൈവത്തിനു മാത്രം അവകാശപ്പെട്ട സ്ഥാനമാണ്. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി മാത്രം. ദൈവദത്തമായ ആദരവും നേതൃത്വവും അവനുണ്ട്. മേലധികാരിയായ ദൈവം അവനില്‍ നിക്ഷേപിച്ച സിദ്ധികളാല്‍ അവനത് വളര്‍ത്തിയെടുക്കാം. ഈ 'ഖിലാഫത്തി'ന്റെ -പ്രാതിനിധ്യത്തിന്റെ- പ്രകൃതം എന്താണ്? അതിന്റെ അധികാരപരിധികള്‍ ഏതൊക്കെ? ഈ വിഷയത്തിലാണ് അഭിപ്രായഭേദമുള്ളത്.
''പരമാധികാരത്തിന്റെ -ഹാകിമിയ്യ- മനുഷ്യനില്‍ സമ്മളിതമാകല്‍ അസാധ്യമായ അര്‍ഥകല്‍പനകളും ഗുണവിശേഷങ്ങളും നല്‍കിയ ശേഷം ഖിലാഫത്തിന് അവ നിരാകരിച്ചു. ഖിലാഫത്ത് എന്നാല്‍ വക്കാലത്താ(agency)ണ്. അതിന് രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും ഭാഷയില്‍ പരമാധികാരം, ഹാകിമിയ്യത്ത് (sovereignty) എന്ന് ഒരു നിലക്കും പറയാവതല്ല. ഖിലാഫത്ത് വ്യവസ്ഥയില്‍ ബഹുജനത്തിന് ആ പരമാധികാരമുണ്ടായിരിക്കുന്നതല്ല.''11 കാരണം, ഈ ബഹുജനം, ഖലീഫ, ഏകനായ പരമാധികാരിയുടെ പ്രതിനിധി മാത്രമാണ്; പരമാധികാരിയല്ല. അതിനാല്‍ പരമാധികാരം -ഹാകിമിയ്യത്ത്- എന്ന പദത്തിന് പകരമായി ഖിലാഫത്ത് എന്ന പദം ഇസ്‌ലാം ഉപയോഗിക്കുകയില്ല.12 'മനുഷ്യനെപ്പറ്റി പറയുമ്പോള്‍ ഖലീഫ എന്നാല്‍ ഉന്നതമായ ഒരു നിയമത്താല്‍ ഭരിക്കപ്പെടുന്നവനാണ്. അതിലവന് മാറ്റം വരുത്താന്‍ അവകാശമില്ല.' അതിനാല്‍ മൗദൂദിയുടെ വീക്ഷണത്തില്‍ ഖിലാഫത്തിന് ഹാകിമിയ്യ -പരമാധികാരം-ത്തിന്റെ അര്‍ഥകല്‍പന സാധ്യമല്ല.13
ഇനി നോക്കുക. മനുഷ്യനില്‍നിന്ന് എടുത്തു മാറ്റി അല്ലാഹുവിനു മാത്രം സംവരണം ചെയ്യുന്ന അധികാരത്തെ സംബന്ധിച്ച നിര്‍വചനത്തില്‍ ദുരൂഹതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന മൗദൂദിയുടെ വിവരണശൈലി നാം കണ്ടു. ഭരണാധികാരിക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങളും അധികാരത്തിന്റെ നിര്‍വചനവും നാം എടുത്തുകാണിച്ചു. ഇപ്പറഞ്ഞ അധികാരത്തിന്റെ നിര്‍വചനവും സവിശേഷതകളും ശരിയാണെങ്കില്‍ നാം നേരത്തേ അവ്യക്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും എന്ന് വിശേഷിപ്പിച്ച വിവരണത്തിന് വ്യക്തതയും കൃത്യതയും സംസിദ്ധമാകുന്നതായി ബോധ്യമാകുന്നതാണ്. ഇനി നമുക്ക് നാം ആദ്യം എടുത്തോതിയ മൗദൂദിയുടെ പ്രതിപാദനരീതിക്കു വിരുദ്ധമായി കൃത്യവും ഭദ്രവുമായ മറ്റൊരു വിവരണശൈലി ഇവിടെ അവതരിപ്പിക്കാം.
ഖിലാഫത്തില്‍ ഹാകിമിയ്യത്തിന്റെ അര്‍ഥം നിരാകരിച്ച ശേഷം, അല്ലെങ്കില്‍ 'ഖിലാഫത്ത്' എന്ന പദം ഹാകിമിയ്യത്തിന്റെ അര്‍ഥം വഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷം മൗദൂദി വീണ്ടും പറയുന്നത് കാണുക:
''ഇസ്‌ലാമിക വിശ്വാസപ്രമാണപ്രകാരം അടിസ്ഥാനപരമായും സത്തയിലും അല്ലാഹു മാത്രമാണ് അധികാരി. മറ്റുള്ളവര്‍ക്കുള്ള അധികാരമെല്ലാം ദൈവദത്തവും ദൈവത്തില്‍നിന്ന് പകര്‍ന്നു ലഭിക്കുന്നതും (deligated) മാത്രമാകുന്നു.''14
ഇവിടെ അദ്ദേഹം അധികാരം (ഹുക്മ്) എന്ന് പ്രയോഗിക്കുന്നത് മനുഷ്യന്റെ അധികാരത്തെ കുറിച്ചാണ്. ദൈവത്തിന്റെ 'അധികാര'വും മനുഷ്യന്റെ 'അധികാര'വും തമ്മില്‍ വേര്‍തിരിച്ചാണ് ആ പ്രയോഗം. അല്ലാഹു അധികാരിയാകുന്നത് 'സത്തയിലും അടിസ്ഥാനത്തിലും അധികാരിയാകുന്നതുകൊണ്ടാകുമ്പോള്‍' മനുഷ്യന്‍ അധികാരിയാകുന്നത് 'ദൈവത്തില്‍നിന്ന് പകര്‍ന്നു ലഭിക്കുന്ന അധികാരത്തിലൂടെയാണ്.' മനുഷ്യന്റെ അധികാരത്തെ 'ഹുക്മ്' എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഏതോ അര്‍ഥത്തിലുള്ള ഒരു അധികാരം, 'ഹാകിമിയ്യത്ത്' അവനുണ്ടെന്ന് സമ്മതിക്കുന്നതിനു തുല്യമാണത്. അതാകട്ടെ 'ഹാകിമിയ്യ' (അധികാരം), 'ഉലൂഹിയ്യ' (ദിവ്യത്വം) എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങളുടെയും അര്‍ഥം ഒന്നു തന്നെയാണെന്ന് നേരത്തേ മൗദൂദി സമ്മതിച്ചതിന്റെ നിരാകരണവുമാണ്.
നാം നേരത്തേ ഉദ്ധരിച്ച പാഠഭാഗത്തിനു ശേഷം, മനുഷ്യന്റെ ദൈവിക പ്രാതിനിധ്യ(ഖിലാഫത്ത്)ത്തില്‍ ഹാകിമിയ്യത്തിന്റെ അര്‍ഥമുണ്ടെന്ന് തുടര്‍ന്ന് അദ്ദേഹം പറയുന്നു; ''ഖിലാഫത്തില്‍ ഹാകിമിയ്യത്തിന്റെയും സുല്‍ത്താന്റെയും അര്‍ഥമുണ്ട്; ദൈവിക ഖിലാഫത്ത് (പ്രാതിനിധ്യം), പരമാധികാരിയുടെ പ്രാതിനിധ്യം എന്നീ പരിഗണനയില്‍ ദൈവത്തിന്റെ ഈ ഖിലാഫത്തിനെ കുറിച്ചു തന്നെയാണ് ഖുര്‍ആനില്‍ മറ്റൊരിടത്ത് 'അമാനത്ത്' എന്ന് പറഞ്ഞിട്ടുള്ളതും: 'ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും നാം അമാനത്ത് കാണിച്ചു. അതിനെക്കുറിച്ചുള്ള ഭീതിയാല്‍ അത് വഹിപ്പാന്‍ അവ വിസമ്മതിച്ചു' (അല്‍അഹ്‌സാബ്: 72). അമാനത്ത് വഹിക്കുക എന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പറഞ്ഞതിന്റെ വിവക്ഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്വവും വിചാരണയുമാണ്. അപ്പോള്‍ 'അമാനത്ത്' എന്ന പദം ഖിലാഫത്തിന്റെ അര്‍ഥത്തെയും വിവക്ഷയെയും വെളിവാക്കുന്നു. ഉഭയ പദങ്ങളും മനുഷ്യന്റെ ശരിയായ അവസ്ഥയിലേക്കും പ്രപഞ്ച വ്യവസ്ഥയെ സംബന്ധിച്ചേടത്തോളമുള്ള അവന്റെ നിലയിലേക്കും വെളിച്ചം വീശുന്നു. അപ്പോള്‍ അവന്‍ ഭൂമിയിലെ ഭരണാധികാരിയാണ്. എന്നാല്‍ ആ ഭരണം അവന്റെ സത്തയിലും മൗലികതയിലുമുള്ളതല്ല; അവന് പകര്‍ന്നു ലഭിക്കുന്ന(deligated)താണ്.''15
അപ്പോള്‍ പ്രപഞ്ച ഘടനയില്‍ മനുഷ്യന്റെ നില 'ഭൂമിയിലെ ഭരണാധികാരി' എന്നതാണ്. ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഏല്‍പിക്കപ്പെട്ട ഭരണാധികാരം. വളരെ കൃത്യവും വ്യക്തവുമാണ് ഈ വിവരണം. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. നാം മുമ്പ് ഉദ്ധരിച്ച വിഷയത്തില്‍ ദുരൂഹത തോന്നിപ്പിക്കുന്ന മൗദൂദിയുടെ സാമാന്യ ശൈലിയിലുള്ള വിവരണം തള്ളിക്കളയുന്നവര്‍ക്കും ഇപ്പറഞ്ഞതില്‍ വിയോജിപ്പുണ്ടാവുകയില്ല.
ഇതുപോലെത്തന്നെ വളരെ വ്യക്തവും കൃത്യവുമായ ശൈലിയില്‍ മൗദൂദി വിഷയം അവതരിപ്പിക്കുന്നത് നോക്കുക: ''ഇസ്‌ലാം ജനപ്രാതിനിധ്യവും ദൈവിക പ്രാതിനിധ്യവും അംഗീകരിക്കുന്നുണ്ട്. ഈ പ്രാതിനിധ്യം എന്നാല്‍ ഇസ്‌ലാമിക ഭരണകൂടത്തില്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക് പരിമിതമായ ജനകീയ പരമാധികാരം (limited popular sovereignty) ഏല്‍പിച്ചുകൊടുത്തിരിക്കുന്നു എന്നാണര്‍ഥം.''16
അപ്പോള്‍ ഒരു പരമോന്നത ദൈവികാധികാരമുള്ളപോലെത്തന്നെ, അത് അല്ലാഹുവിന്റെ സത്തയിലും മൗലികതയിലുമുള്ളതാണ്, അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് ജനകീയാധികാരവുമുണ്ട്. അതുവഴിയാണ് ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിലും അവനില്‍നിന്ന് പകര്‍ന്നു ലഭിച്ചത് എന്ന നിലയിലും മനുഷ്യന്‍ ഭൂമിയിലെ അധികാരി ആകുന്നത്.
അപ്പോള്‍ 'നിയമനിര്‍മാണം പോയിട്ട്, മനുഷ്യന് അണുഅളവ്, അധികാരത്തില്‍നിന്ന് ഒരംശം പോലും തീരെ ഇല്ലെന്നും, അധികാരം നടപ്പിലാക്കാനുള്ള ഒരവകാശവുമില്ലെന്നും' പറഞ്ഞ മൗദൂദി തന്നെ 'മനുഷ്യന്റെ ദൈവിക പ്രാതിനിധ്യത്തില്‍ അധികാരത്തിന്റെ അര്‍ഥവും ഉണ്ടെന്ന്' ഇവിടെ സമ്മതിച്ചിരിക്കുകയാണ്. പരമാധികാരിയായ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ ഉപാധിക്കു വിധേയമായ ജനകീയാധികാരം ഉണ്ടെന്നും സമ്മതിച്ചിരിക്കുകയാണ് മൗദൂദി.
(തുടരും)
വിവ: വി.എ കബീര്‍
3. الحكومة الإسلاميّة ، ص : 81 ، 82 ، 116
4. الحكومة الإسلاميّة ، ص : 65 ، 70، 73 ، 74
5. القانون الإسلامي وطرق تنفيذه فى باكستان ص: 150
6. نظريّة الإسلام السّياسيّة ص : 31-33
7. نظريّة الإسلام السياسية ص : 49
8. الحكومة الإسلاميّة ص: 65
9. تدوين الدّستور الإسلامي ص: 251-253
10. تدوين الدّستور الإسلامي ص: 255
11. تدوين الدّستور الإسلامي ص: 258-260
12. نظريّة الإسلام السياسيّة ص : 49
13. تدوين الدستور الإسلامي ص: 258
14. الحكومة الإسلاميّة ص : 81، 82
15. الحكومة الإسلاميّة ص : 84
16. نظريّة الإسلام السياسيّة ص: 34، 35
الإسلام والمدنيّة الحديثة ص : 36