മതം, മതനിരാസം ചില ചരിത്ര വിചാരങ്ങള്‍

മുഹമ്മദ് ഖുത്ബ്‌‌‌
img

ആധുനിക യുഗം പരിവര്‍ത്തനത്തിന്റേതാണ്. അതില്‍ എല്ലാം പരിവര്‍ത്തനവിധേയമാണ്? ആദര്‍ശങ്ങള്‍, ചിന്തകള്‍, മൂല്യങ്ങള്‍, ആശയങ്ങള്‍, ധാരണകള്‍, സ്വഭാവ ശീലങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതത്തിന്റെ ഭൗതിക രൂപഭാവങ്ങള്‍, വാസസ്ഥലങ്ങള്‍, വസ്ത്രങ്ങള്‍, ആഹാര രീതികള്‍, വാര്‍ത്താവിനിമയ മാധ്യമങ്ങള്‍, പ്രചാരണോപാധികള്‍, യുദ്ധം, സമാധാനം, ആയുധം, മനുഷ്യന്‍... എല്ലാമെല്ലാം ത്വരിതഗതിയില്‍ പരിണാമവിധേയമാണ്.

വികസിത പാശ്ചാത്യ രാജ്യങ്ങള്‍, അവികസിത പൗരസ്ത്യ നാടുകള്‍ എന്ന വ്യത്യാസമില്ലാതെ, ആഗോളമാസകലം പ്രതിനിമിഷം എല്ലാ മേഖലകളിലും മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ചിന്തകളോ തൊഴിലുകളോ ആശയങ്ങളോ ഒന്നുമില്ല എന്നതാണ് വാസ്തവം. ആധുനിക മനുഷ്യന്‍ ജീവിതത്തിലെ എന്തിനെയും മാറ്റങ്ങള്‍ക്കു വിധേയമായാണ് ചിന്തിക്കുന്നതെന്നു തന്നെ പറയാം.

മതവും പരിവര്‍ത്തനവിധേയം!
എല്ലാം പരിവര്‍ത്തനവിധേയമാണെന്ന ചിന്ത ശക്തവും സജീവവുമാകുമ്പോള്‍ അത് സ്വാഭാവികമായും മതവുമായി ഏറ്റുമുട്ടും. എന്തുകൊണ്ടെന്നാല്‍ മാനവതയുടെ ഇതഃപര്യന്തമുള്ള ബോധ്യമനുസരിച്ച് മതവും മതമൂല്യങ്ങളും പരിവര്‍ത്തനവിധേയമല്ല, ചിരസ്ഥായിയാണ്. ദൈവം, ആദര്‍ശം, ആരാധനകള്‍, മൂല്യങ്ങള്‍, അവയാധാരമായ ആശയങ്ങള്‍ എല്ലാം ശാശ്വതമാണ്. ഭൂമിയില്‍ മനുഷ്യജീവിതം തുടരുവോളം ഇവയെല്ലാം അതേപടി നിലനില്‍ക്കും, അഥവാ നിലനില്‍ക്കണം.

മാനവമനസ്സില്‍ ഇക്കണക്കിന് അടിയുറച്ച ഈ മതാവബോധം, ദൈവം, മതചിന്ത മുതലായ എല്ലാം പരിവര്‍ത്തനവിധേയമാണെന്ന ആധുനിക ചിന്തയുമായി സംഘര്‍ഷപ്പെടുക സ്വാഭാവികമാണ്.

പാശ്ചാത്യ ലോകത്ത് മേല്‍ പരിവര്‍ത്തന ചിന്ത മതം എന്ന ആശയവുമായി സംഘട്ടനത്തിലേര്‍പ്പെട്ടു. മതനിരാസത്തിലധിഷ്ഠിതമായ 'നവോത്ഥാന യുഗം' ആരംഭിച്ചതുമുതല്‍ രൂക്ഷമായ സംഘര്‍ഷങ്ങളുണ്ടായി. തല്‍ഫലമായി, മതം പ്രായോഗിക ജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടു. സമ്പത്ത്, കല, രാഷ്ട്രീയം, ശാസ്ത്രം, സമൂഹം.... എല്ലാറ്റില്‍നിന്നും. മതത്തിന് വ്യക്തികളുടെ ജീവിതത്തില്‍ വളരെ നേരിയ സ്വാധീനമേ ഉണ്ടായിരുന്നുള്ളൂ. വ്യക്തിപരമായ മതാഭിനിവേശത്തിന്റെ ഭാഗമായി ചര്‍ച്ചുകളില്‍ പോവുകയോ, വ്യക്തിപരമായ വശങ്ങളില്‍ മതത്തെ പിന്‍പറ്റുകയോ ചെയ്തവര്‍ പ്രായോഗിക ജീവിത മേഖലകളില്‍ മതചിന്തകള്‍ക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ക്ക് വിധേയരായി.

18,19 നൂറ്റാണ്ടുകളില്‍ രൂക്ഷമായിരുന്ന സംഘട്ടനം ദുര്‍ബലമായ മതത്തിന്റെയും മതക്കാരുടെയും അടിയറവില്‍ കലാശിച്ചു. മതവിശ്വാസികള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായി പൊതു സമൂഹത്തില്‍നിന്ന് മാറിനില്‍ക്കുകയോ, മതത്തെ 'നവീകരിച്ചും പരിവര്‍ത്തനവിധേയമാക്കിയും' പുതിയ ഭാവം സ്വീകരിക്കുകയോ ചെയ്തു.

എന്നാല്‍ പൗരസ്ത്യ ഇസ്‌ലാമിക ലോകത്ത് മതവും പരിവര്‍ത്തനവും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരുന്നു. മതാദര്‍ശ ചിന്തകളെ ശിഥിലമാക്കാനും അവയില്‍നിന്ന് നൂതനാശയ ദര്‍ശനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പ്രായോഗിക ജീവിതത്തില്‍ പ്രാമാണ്യവും സ്വാധീനവും ഫലത്തില്‍ ഇല്ലെങ്കിലും മതചിന്തകള്‍ക്ക് മഹാഭൂരിപക്ഷം ജനങ്ങളുടെ മനസ്സുകളില്‍ സ്വാധീനം നഷ്ടപ്പെടുകയുണ്ടായില്ല. തന്നെയുമല്ല, പരിവര്‍ത്തനത്തിന് ലക്ഷ്യം നേടാനുമായില്ല. പാശ്ചാത്യമായ വ്യാവസായിക, സാമൂഹിക, സാമ്പത്തിക മതനിരാസാശയങ്ങള്‍ പൗരസ്ത്യ ലോകത്ത് പ്രതീക്ഷിച്ച പോലെ കരുപ്പിടിച്ചില്ല. അതുകൊണ്ടുതന്നെ രണ്ടും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നുകൊണ്ടേയിരുന്നു.

മതത്തിനെതിരെ വിവിധ തന്ത്രങ്ങള്‍
തങ്ങള്‍ സ്വാംശീകരിച്ച പാശ്ചാത്യാശയങ്ങള്‍ക്കനുസൃതമായി എഴുത്തുകാരും ബുദ്ധിജീവികളും കുറഞ്ഞോ കൂടിയോ ഈ സംഘര്‍ഷത്തില്‍ പങ്കാളികളായ ചിലര്‍ മതവുമായി പരസ്യമായിത്തന്നെ ഏറ്റുമുട്ടി. മതത്തിന്റേതായ ഇരുണ്ട ഭൂതകാലം തുടച്ചുനീക്കിയേ പറ്റൂ എന്ന് അവര്‍ വാശിപിടിച്ചു. ആധുനികതയുടെ വെളിച്ചത്തില്‍ മതമെന്ന അന്ധവിശ്വാസത്തിന് എന്ത് സ്ഥാനമെന്ന് പരിഹസിച്ചു.

അതേസമയം ചിലര്‍ പരസ്യമായി മതവുമായി ഏറ്റുമുട്ടാന്‍ മടിച്ചു. അതിനു പകരം 'പിന്തിരിപ്പന്‍ ചിന്തകള്‍', 'മതത്തിന്റെ ആളുകള്‍' എന്നെല്ലാം പറഞ്ഞ് മതമൂല്യങ്ങളെ പരോക്ഷമായി കടന്നാക്രമിച്ചു. ഇതുവഴി 'മതനിഷേധികള്‍' എന്ന ദുഷ്‌പേരില്‍നിന്ന് അവര്‍ രക്ഷപ്പെട്ടു. ഉദാഹരണമായി, 'സ്ത്രീയുടെ സൗന്ദര്യത്തെ ഭര്‍ത്താവിനും വിവാഹം നിഷിദ്ധമായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിക്കളയുന്ന' ദൈവം പിന്തിരിപ്പനാണെന്ന് പറയാന്‍ കഴിയാത്ത അയാള്‍, അതിന്റെ ഈര്‍ഷ്യ തീര്‍ക്കുന്നത് മതത്തിന്റെ വക്താക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. അശ്ലീലതയും വിവാഹബാഹ്യ ബന്ധങ്ങളും നിഷിദ്ധമാക്കിയ അല്ലാഹു തെറ്റുകാരനാണെന്ന് പറയാന്‍ കഴിയാത്ത അയാള്‍, അതെല്ലാം പിന്തിരിപ്പന്‍ ആശയങ്ങളാണെന്ന് മുദ്രകുത്തും. ആണ്‍-പെണ്‍ സൗഹൃദങ്ങളെയും ലൈംഗിക സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ചിന്തകള്‍ മാറ്റിപ്പണിയണമെന്നു വാദിക്കും.

മറ്റു ചിലരാകട്ടെ, മതചിന്തകളും മൂല്യങ്ങളും സുന്ദരവും സമുന്നതവുമാണെങ്കിലും അവ സാര്‍വ കാലികമല്ല എന്ന് വാദിക്കുന്നവരാണ്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് എല്ലാം മാറണം. മതത്തെ പ്രായോഗിക ജീവിതത്തില്‍ ഇടപെടാന്‍ അനുവദിക്കാതെ അതിന്റെ 'ആത്മാവി'നെ സ്വഛമായി തുടരാന്‍ വിടുകയാണ് വേണ്ടതെന്ന് അവര്‍ വാദിക്കും. നിത്യജീവിതത്തില്‍ ഇടപെടാന്‍ അനുവദിച്ചാല്‍ മതത്തിന്റെ 'ശുദ്ധത' കളങ്കിതമാവുകയും മനുഷ്യര്‍ക്ക് മതത്തിന്റെ 'ആത്മാവ്' നഷ്ടമാവുകയും ചെയ്യുമെന്ന് അവര്‍ കപട സങ്കടം നടിക്കും.

ഇനിയും ചിലരാകട്ടെ, മതത്തില്‍ ഉള്ളടങ്ങിയ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തികാദി ആശയങ്ങളെ മതബാഹ്യമായി വ്യാഖ്യാനിക്കുന്നു.

മതം സാര്‍വകാലികമായതിനാല്‍ പരിവര്‍ത്തനവിധേയമായ എല്ലാ ചിന്തകളും മതത്തില്‍ വെച്ചുകെട്ടുകയും മതവുമായി ബന്ധപ്പെട്ട എല്ലാം മാറിക്കൊണ്ടേയിരിക്കണമെന്ന് വാദിക്കുന്നവരുമാണ് വേറെ ചിലര്‍. ഇതിന്റെ ഭാഗമായി സ്ത്രീ-പുരുഷ സങ്കലനത്തെയും സ്ത്രീകളുടെ അഴിഞ്ഞാട്ടത്തെയും ലൈംഗിക ബന്ധങ്ങളെയും കാലാനുസൃതമായി വ്യാഖ്യാനിക്കുന്നു. ഐഹിക കാര്യങ്ങളെക്കുറിച്ച് അറിയുന്നവര്‍ അതേക്കുറിച്ച് വിധിപറയട്ടെ എന്നവര്‍ ന്യായീകരിക്കുന്നു.

ആധുനിക സമൂഹത്തോടൊപ്പം ഓടിയെത്താന്‍ മതത്തിനു കഴിയാതെ പോകുമോ എന്ന് നിഷ്‌കളങ്കമായി ചിന്തിക്കുന്നവരും ഇല്ലാതില്ല.

പുസ്തകങ്ങള്‍, കഥകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, വാര്‍ത്തകള്‍, പത്രങ്ങള്‍, കാരിക്കേച്ചറുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍, റേഡിയോ, ടെലിവിഷന്‍ 'മുതലായവ വഴി' അഭ്യസ്തവിദ്യരിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്ന വ്യത്യസ്ത ചിന്തകളും നിലപാടുകളും ഭൂരിപക്ഷം ജനങ്ങളെയും സ്വാധീനിക്കുന്നു. അത് അവരില്‍ നേരത്തേയുള്ള മതാത്മക ധാരണകളുമായി സംഘട്ടനത്തിലേര്‍പ്പെടുന്നു. തല്‍ഫലമായി ചിലര്‍ മതവൃത്തത്തില്‍നിന്ന് പുറത്തു കടക്കുന്നു. ചിലര്‍ ജീവിതവുമായി മതത്തിന് ബന്ധം വേണ്ടെന്ന തീരുമാനത്തിലെത്തുന്നു. നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും ആകാമെങ്കിലും വേഷവിധാനത്തിലോ ആണ്‍-പെണ്‍ സങ്കലനത്തിലോ ഒന്നും മതത്തെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടിലെത്തുന്നു.

'ഖബ്‌സാത്തുന്‍ മിനര്‍റസൂല്‍' എന്ന പുസ്തകത്തിലെ 'അന്‍തും അഅ്‌ലമുബി ഉമൂരി ദുന്‍യാകും' എന്ന അധ്യായത്തിലും, 'മഅ്‌റകത്തുത്തഖാലീദ്', 'ദിറാസാത്തുന്‍ ഫിന്നഫ്‌സില്‍ ഇന്‍സാനിയ്യ' എന്നീ കൃതികളിലും ഇതുസംബന്ധമായി ഞാന്‍ ചിലതെഴുതിയിട്ടുണ്ട്. ഈ വിഷയം നന്നായി മനസ്സിലാക്കാന്‍ നാലുകാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്:
1. പരിവര്‍ത്തനത്തെക്കുറിച്ച പാശ്ചാത്യ സങ്കല്‍പം, കാരണങ്ങള്‍, പാശ്ചാത്യ ജീവിതത്തില്‍ അതിന്റെ ഫലങ്ങള്‍.
2. മനുഷ്യപ്രകൃതിയുടെ യാഥാര്‍ഥ്യം. അതിലെ സ്ഥിരവും അസ്ഥിരവുമായ വശങ്ങള്‍.
3. മനുഷ്യന്‍ ഇസ്‌ലാമിക വീക്ഷണത്തില്‍. മനുഷ്യ ജീവിതത്തിലെ സ്ഥിരവും അസ്ഥിരവുമായ മേഖലകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇസ്‌ലാം സ്വീകരിക്കുന്ന രീതികള്‍.
4. പാശ്ചാത്യ നാഗരികതയും ഇസ്‌ലാമും മുന്‍നിര്‍ത്തി മാനവതയുടെ ഭാവി.

പരിവര്‍ത്തനത്തിന്റെ ഘട്ടം സമൂഹനിര്‍മാണത്തില്‍ ഇസ്‌ലാമിന്റെ റോള്‍
മധ്യനൂറ്റാണ്ടുകളില്‍ പാശ്ചാത്യ ജീവിതത്തിന്റെ മുഖമുദ്ര 'സ്ഥിരത'യായിരുന്നു. അന്ന് ഇസ്‌ലാം ജേതാവിന്റെ റോളിലായിരുന്നു. അത് പയ്യെപ്പയ്യെ നഷ്ടപ്പെട്ടു. യൂറോപ്പില്‍ സ്ഥിരത എന്ന ആശയം മതത്തില്‍നിന്നും അടിയുറച്ച സാമ്പത്തിക- സാമൂഹിക വ്യവസ്ഥയില്‍നിന്നും ഉരുവം കൊണ്ടതായിരുന്നു.

യൂറോപ്യന്‍ ചര്‍ച്ച് വ്യാഖ്യാനമനുസരിച്ച് മതമെന്നത് പ്രായോഗിക ജീവിതവുമായി ബന്ധമില്ലാത്ത, ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാടു മാത്രമായിരുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും പൊതുജീവിതത്തെ നിയന്ത്രിച്ചിരുന്നത് യഥാര്‍ഥ മതവുമായി ബന്ധമില്ലാത്ത വിഗ്രഹാരാധനയുടെയും റോമന്‍ നിയമത്തില്‍നിന്ന് വികാസം കൊണ്ട നിയമസംഹിതയുടെയും സാകല്യമായിരുന്നു. ഈ അര്‍ഥത്തില്‍ മതം ഒരു വിശ്വാസമായി, വ്യക്തിയുടെ ഹൃദയത്തിലെ ആധ്യാത്മികാനുഭവമായി മാത്രം നിലകൊണ്ടു. ദൈവവിശ്വാസവും ദൈവോന്മുഖതയും യൂറോപ്യന്‍ സമൂഹത്തില്‍ സ്ഥിരതയാര്‍ന്ന വികാരമായിരുന്നു.

എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇസ്‌ലാമിന്റേത്. അവതീര്‍ണമായ അതേ വിശുദ്ധിയോടെ നൂറ്റാണ്ടുകളോളം നിലനില്‍ക്കാന്‍ ഇസ്‌ലാമിനു കഴിഞ്ഞു. ബോധമണ്ഡലത്തിലും പ്രായോഗിക ജീവിതത്തിലും ഒരുപോലെ അതിനു സ്വാധീനമുണ്ടായി. ഉമവി കാലഘട്ടം മുതല്‍ ഇസ്‌ലാമിക ഗവണ്‍മെന്റിന് ഭാഗികമായ ദുഷിപ്പുകള്‍ ബാധിച്ചുവെങ്കിലും ഇസ്‌ലാം സമൂഹത്തിന്റെ സര്‍വ മേഖലകളിലും നൂറ്റാണ്ടുകളോളം ജീവിത ശൈലിയായി തുടിച്ചുനിന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ നെപ്പോളിയന്‍ തുടങ്ങിവെച്ച കുരിശധിനിവേശവും തുടര്‍ന്നുണ്ടായ ഫ്രഞ്ച്, ഇംഗ്ലീഷ്, ഹോളണ്ട്, ജര്‍മന്‍ ശക്തികള്‍ നടത്തിയ സാമ്പത്തിക-രാഷ്ട്രീയ കടന്നുകയറ്റവും വരെ ഇസ്‌ലാമിന്റെ സാമൂഹിക പ്രഭാവം ശക്തമായിത്തന്നെ നിലനിന്നു. അവരുടെ വരവോടെ ക്രമേണ ഇസ്‌ലാം സാമൂഹിക ജീവിതത്തില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു തുടങ്ങി.
അറേബ്യ ഉപദ്വീപിലും മറ്റും സാമൂഹിക-സാമ്പത്തിക ഘടനാ നിര്‍മാണത്തില്‍ ഇസ്‌ലാം വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. ഗോത്രസമൂഹത്തെ ഒരു കേന്ദ്ര ഗവണ്‍മെന്റ് നേരിട്ടു നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായി. ഒരേ നിയമവ്യവസ്ഥയില്‍ എല്ലാവരെയും ചരടുകോര്‍ത്തു. (ശിഥിലവും വികേന്ദ്രീകൃതവുമായ സ്വതന്ത്ര വ്യക്തിത്വങ്ങള്‍ എന്നതിനു പകരം) തങ്ങള്‍ ഒരു ഏകീകൃത സമൂഹത്തിലെ അംഗങ്ങളാണെന്ന ബോധം എല്ലാവരിലുമുണ്ടായി. 

ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഇസ്‌ലാം ചലിപ്പിക്കുകയും പരിവര്‍ത്തനവിധേയമാക്കുകയും ചെയ്തു. പരിവര്‍ത്തനവും വികസനവും ഏശാത്ത ഒരു മേഖലയും അന്നുണ്ടായിരുന്നില്ല. ഇസ്‌ലാമിക സമൂഹത്തിനു പുറത്തും ഇത് പ്രതിധ്വനിച്ചു. ബഹുദൈവത്വത്തിനു പകരം ഏകദൈവത്വത്തിനുള്ള വിധേയത്വത്തിലേക്ക് ഇതര സമൂഹങ്ങള്‍ മാറിത്തുടങ്ങി. അതുവഴി സ്വാതന്ത്ര്യത്തിന്റെ നൂതന വഴികള്‍ വെട്ടിത്തുറക്കപ്പെട്ടു.

സാമ്പത്തിക രംഗത്ത് വന്‍മാറ്റങ്ങള്‍ സംജാതമായി. അടിമത്തത്തിലും കന്നുകാലി മേയ്ക്കലിലും ഒതുങ്ങിയിരുന്ന ജനജീവിതം കൃഷിയിലേക്കും വ്യാപാരത്തിലേക്കും വ്യവസായത്തിലേക്കും വലിയ തോതില്‍ തിരിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ തന്നെ അത് വികസിച്ചു. അതുവഴി ഉണ്ടായ സാമ്പത്തിക ഉണര്‍വ് ദീര്‍ഘകാലം തുടര്‍ന്നു. ഏറ്റവും ശ്രദ്ധേയമായ വസ്തുത, സാമ്പത്തിക-സാമൂഹിക മേഖലകളിലെ സവിശേഷമായ നിയമനിര്‍മാണങ്ങളിലൂടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമൂഹിക- സാമ്പത്തിക സ്ഥിതിഗതികള്‍ നിലവിലേതില്‍നിന്ന് വലിയ പുരോഗതിയിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. യൂറോപ്പിലേതു പോലെ, ഇസ്‌ലാമിക സാമൂഹിക ഘടനയില്‍ ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചില്ല. ഭൂമിയും സമ്പത്തും സാമൂഹിക കേന്ദ്രസ്ഥാനവും നേതൃത്വവും പാരമ്പര്യമായി ലഭിക്കില്ല. ഏതൊരു വ്യക്തിക്കും ഏതെങ്കിലും രചനാത്മകമായ മാര്‍ഗമുപയോഗിച്ച് എത്രയും ഉയരാം, അതുപയോഗിക്കാതെ താണനിലവാരത്തിലേക്ക് പതിക്കാം. അനന്തരാവകാശനിയമം സമ്പത്ത് ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ കൈകളില്‍ നിക്ഷിപ്തമാക്കുന്ന സാഹചര്യം ഇല്ലാതാക്കി. വ്യാപാരാദി വ്യവഹാരങ്ങളിലൂടെ സമ്പന്നതയും ദാരിദ്ര്യവും മാറിമറിഞ്ഞു. സമ്പന്നന്‍ എന്നെന്നും സമ്പന്നനും ദരിദ്രന്‍ എക്കാലവും ദരിദ്രനുമാകുന്ന സാഹചര്യം ഇല്ലാതായി. ഫ്യൂഡല്‍ വ്യവസ്ഥയിലൂടെ കൈവരുന്ന സമ്പത്തുക്കള്‍ക്കും സാമ്പത്തിക ബന്ധങ്ങള്‍ക്കും പകരം വ്യാവസായിക നഗരങ്ങളില്‍ പലതരം സമ്പത്തുക്കളുണ്ടാവുകയും അതേതുടര്‍ന്ന ബന്ധങ്ങള്‍ സംജാതമാവുകയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിലെ ദ്വിഗ്വിജയങ്ങള്‍ മറ്റൊരു തരം സജീവതയും ചലനാത്മകതയും സമൂഹത്തില്‍ സൃഷ്ടിച്ചു. സൈന്യങ്ങളുടെ സഞ്ചാരങ്ങള്‍ക്കൊപ്പം ചിന്തകളും സംസ്‌കാരങ്ങളും നാഗരികതകളും പുഷ്ടിപ്പെട്ടു. ഓരോ ദിഗ്വിജയവും പുതിയ ചലനമായിരുന്നു. ജേതാക്കളും പരാജിതരും തമ്മില്‍ സജീവവും ക്രിയാത്മകവുമായ ആദാനപ്രദാനങ്ങള്‍ നടന്നു. അതിലൂടെ നവംനവങ്ങളായ സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക ആശയങ്ങള്‍ ഉടലെടുത്തു. അവക്കെല്ലാം മീതെ ഇസ്‌ലാമിന് മേല്‍ക്കൈ ലഭിച്ചു.

ഇതിലെല്ലാമുപരിയായി, ശാസ്ത്രരംഗത്ത് പ്രസ്തുത മേഖലയില്‍ അതുവരെയുള്ള എല്ലാം തിരുത്തിക്കുറിച്ചു. അത് ശാസ്ത്രം മാത്രമായിരുന്നില്ല, ശാസ്ത്രപ്രസ്ഥാനവുമായിരുന്നു. അത് കൊടുത്തു വാങ്ങി, വളര്‍ന്നു, വികസിച്ചു. ഗ്രന്ഥരചനയും പരിഭാഷയും പ്രസിദ്ധീകരണവും ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം പുഷ്‌കലമായി. തത്ത്വശാസ്ത്രത്തിലും ശാസ്ത്രത്തിലും ശാസ്ത്ര-സാങ്കേതിക വിദ്യയിലും വന്‍ നേട്ടങ്ങളുണ്ടായി. തുടര്‍ന്നുവന്ന എല്ലാ ശാസ്ത്രങ്ങളിലും (ഉദാ: ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം, പ്രകൃതിശാസ്ത്രം) മുസ്‌ലിംകള്‍ മുന്‍നിരയിലേക്കു വന്നു. ചുരുക്കത്തില്‍ മേല്‍രംഗങ്ങളിലെല്ലാം യൂറോപ്പ് യാഥാസ്ഥിതികതയും സ്ഥിരതയും നിലനിര്‍ത്തിയപ്പോള്‍ ഇസ്‌ലാമിക ലോകം നിരന്തരം പരിവര്‍ത്തനവിധേയമായിക്കൊണ്ടേയിരിക്കുകയായിരുന്നു.

പിന്നീട്, ചരിത്രപരവും ബാഹ്യവുമായ കാരണങ്ങളാല്‍ കുരിശുയുദ്ധകാലത്തുള്‍പ്പെടെ ഇസ്‌ലാമിക ലോകം പിന്നാക്കമായപ്പോള്‍ പോലും യൂറോപ്പിനെ അന്ധകാരത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യമായ വെളിച്ചം ഇസ്‌ലാമിക സംസ്‌കൃതിയിലുണ്ടായിരുന്നു. കുരിശു യുദ്ധത്തിലൂടെ കണ്ടെടുത്ത ഇസ്‌ലാമിന്റെ ശേഷിപ്പുകളിലാണ് യൂറോപ്പ് ആധുനിക ലോകം കെട്ടിപ്പടുത്തത്.

ഇതിന്റെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഫലം ശാസ്ത്രരംഗത്തുണ്ടായ നവോത്ഥാനമാണ്. അതിലൂടെ യൂറോപ്യരെ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും അന്ധകാരങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞു.

നാടുവാഴി പ്രഭുക്കളുടെയും ഗോത്രവര്‍ഗ മേലാളന്മാരുടെയും സ്ഥാനത്ത് ജനാഭിലാഷങ്ങളുടെ അടിത്തറയില്‍ സര്‍ക്കാറുകള്‍ രൂപവല്‍കൃതമായത് ഇസ്‌ലാമിക ജനായത്ത വ്യവസ്ഥയില്‍നിന്ന് വെളിച്ചം ഉള്‍ക്കൊണ്ടപ്പോഴാണ്. ചുരുക്കത്തില്‍, ഇസ്‌ലാമിക സംസ്‌കാരം ജേതാവായിരുന്നപ്പോഴും പരാജിതനായപ്പോഴും ഇതര സംസ്‌കാരങ്ങളെയും നാഗരികതകളെയും ഗുണപരമായി സ്വാധീനിക്കാന്‍ അതിനു കഴിയുകയുണ്ടായി.

സ്ഥിരതയും ചലനാത്മകതയും തമ്മില്‍ സംഘട്ടനം
ഇങ്ങനെ യൂറോപ്പ് ചലിച്ചുതുടങ്ങിയപ്പോള്‍ ഉണ്ടായ ചലനാത്മകത 'സ്ഥിരത' എന്ന ആശയവുമായി സംഘട്ടനമായി. യൂറോപ്യന്‍ മണ്ണില്‍ 'സ്ഥിരത' എന്ന ആശയത്തിന് ആഴത്തില്‍ ദാര്‍ഢ്യമുണ്ടായിരുന്നു. യൂറോപ്പിലെ എല്ലാം സ്ഥിരമായിരുന്നു. ഒന്നും ചലനാത്മകമായിരുന്നില്ല. അടിമകള്‍ കാലാകാലം ഭൂമിയില്‍ കഠിനാധ്വാനം ചെയ്തു മേലാളന്മാര്‍ ഭൂപ്രഭുക്കളായി തുടര്‍ന്നു. അടിമകള്‍ അടിമത്തവും ഭൂപ്രഭുക്കള്‍ പ്രഭുത്വവും തലമുറകളായി അനുഭവിച്ചുപോന്നു. മതമേധാവികളാവട്ടെ, തങ്ങളുടെ പാരമ്പര്യാധികാരം നിലനിര്‍ത്തിയതോടൊപ്പം അടിമത്തത്തെയും ഭൂപ്രഭുത്വത്തെയും അതേപടി നിലനിര്‍ത്താന്‍ ഒത്താശ ചെയ്തു.

യൂറോപ്യന്‍ സാമൂഹിക ജീവിതം മാറ്റമില്ലാതെ തുടര്‍ന്നുപോന്നു. ആണും പെണ്ണും കുഞ്ഞുങ്ങളും ഒരേ നിലവാരത്തില്‍ തന്നെ കാലങ്ങളായി ജീവിച്ചു വന്നു. അതായത്, ഒരാണ്‍ വരുന്നു. അയാള്‍ക്കു ശേഷം അയാളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുന്നു. ഒരു പെണ്ണ് വരുന്നു. അവള്‍ക്കുശേഷം അവളുടെ സ്ഥാനത്ത് മറ്റൊരു പെണ്ണ് വരുന്നു. പോകുന്നവര്‍ പോയിട്ടില്ലാത്ത പ്രതീതി. പ്രമാണിമാരുടെ പിന്മുറക്കാര്‍ പ്രമാണിമാര്‍, സാധാരണ ജനങ്ങള്‍ സാധാരണക്കാര്‍, മതാധികാരികളുടെ പിന്‍തലമുറ മതാധികാരികള്‍ ഒന്നിലും ഒരു മാറ്റവുമില്ല.

ആത്മീയ-സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ജീവിതങ്ങള്‍ ഭൂതകാലത്തെന്നപോലെ വര്‍ത്തമാന ഭാവികാലങ്ങളിലും തുടര്‍ന്നുപോന്നു. ഇതേരീതിയില്‍ ചിന്തകളും മൂല്യങ്ങളും സ്വഭാവ ശീലങ്ങളും ആചാരാനുഷ്ഠാനങ്ങളും മാറ്റമില്ലാതെ തുടര്‍ന്നുപോന്നു. എല്ലാറ്റിലും മതപരമായ സ്വാധീനസ്പര്‍ശം നിലനിന്നു.

അജ്ഞതയും ഐതിഹ്യങ്ങളും അന്ധവിശ്വാസവും നിലവിലെ 'സ്ഥിരത'യെ പോഷിപ്പിച്ചുകൊണ്ടിരുന്നു. അറിവ് ചലനമാണ്. അറിവുവഴി മനസ്സിലുണ്ടാവുന്ന ചലനം പ്രായോഗിക ജീവിതത്തെ ചലിപ്പിക്കുന്നു. അറിവും ചിന്തയും ചലിക്കുകയും പ്രവര്‍ത്തിക്കുകയും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുമ്പോള്‍ യാഥാസ്ഥിതികത്വത്തിനോ സ്ഥിരതക്കോ സ്ഥാനമില്ല. എല്ലാം മാറിക്കൊണ്ടേയിരിക്കും.
യൂറോപ്യന്‍ ചര്‍ച്ച് ഈ അജ്ഞതക്ക് നേതൃത്വം കൊടുത്തു. കോപ്പര്‍നിക്കസും ഗലീലിയോയും ബ്രൂണോയും മറ്റും പീഡിപ്പിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ 'വിശുദ്ധ അജ്ഞത'യെ ചോദ്യം ചെയ്തവരെയെല്ലാം അവര്‍ വേട്ടയാടി. ഇതിന്റെയെല്ലാം ആത്യന്തിക ഫലമായി തിരിച്ചടിയെന്നോണം യൂറോപ്പില്‍ മതരഹിതമായ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അവ സ്വാഭാവികമായും ക്രൈസ്തവതയുമായി സംഘട്ടനത്തിലേര്‍പ്പെട്ടു.

മതമെന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും 'നിരുപാധികമായ സ്ഥിരത' നിലനിര്‍ത്തലാണെന്നാണ് യൂറോപ്യന്‍ ക്രൈസ്തവത കാലങ്ങളായി ജനങ്ങളെ പഠിപ്പിച്ചുവന്നത്. അതുകൊണ്ടുതന്നെ, ചലനാത്മകതയും പരിവര്‍ത്തനവും സ്ഥിരതയുമായി പോരാടിക്കൊണ്ടേയിരുന്നു. അവരില്‍നിന്ന് അവിഹിതമായ ആനുകൂല്യങ്ങള്‍ പറ്റി. പുരോഹിതരുടെ കൃഷിനിലങ്ങളില്‍ നിര്‍ബന്ധപൂര്‍വം ജോലി ചെയ്യാന്‍ അവര്‍ നിയോഗിക്കപ്പെട്ടു. ചക്രവര്‍ത്തിമാര്‍ക്കു വേണ്ടി നിര്‍ബന്ധ സൈനികസേവനം ചെയ്യേണ്ടിവന്നു. കാലക്രമത്തില്‍ ജനങ്ങളില്‍ സ്വാതന്ത്ര്യവാഞ്ഛ ഉടലെടുത്തു. മതമേലധ്യക്ഷരെ ചോദ്യം ചെയ്യുംവിധം ശാസ്ത്രകാരന്മാര്‍ കരുത്തുനേടി.

നവോത്ഥാനം മതനിരാസത്തിലേക്ക്
ഈ പരിവര്‍ത്തനം സാവകാശവും ക്രമപ്രവൃദ്ധവുമായിട്ടായിരുന്നു. ഒരുപാട് തടസ്സങ്ങള്‍ കടന്നുവേണമായിരുന്നു അവ ലക്ഷ്യം കണ്ടെത്താന്‍. ഏതാനും വ്യക്തികളില്‍നിന്ന് തുടങ്ങുന്ന ചിന്തകള്‍ വിശാലമായ തലത്തില്‍ ജനകീയമായി സ്വീകാര്യത നേടാന്‍ തലമുറകള്‍ കടന്നുപോകേണ്ടി വരും. മതാധികാര കേന്ദ്രങ്ങളെ കുടഞ്ഞെറിഞ്ഞ നവോത്ഥാനം പക്ഷേ പൂര്‍ണമായും മതനിരാസത്തിലധിഷ്ഠിതമായിരുന്നു.
മതവും നവോത്ഥാനവും തമ്മില്‍ ജനങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലം സ്വകാര്യവും പരസ്യവുമായ സംഘട്ടനങ്ങള്‍ നടന്നു. നവോത്ഥാനത്തിന്റെ ഫലങ്ങള്‍ അത്യാകര്‍ഷകമായിരുന്നു. ചിന്താപരവും ശാസ്ത്രീയവും കലാപരവുമായ പുതിയ ആവിഷ്‌കാരങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്ന ഇരുട്ടുകളെ കീറിമുറിക്കാന്‍ പോന്നതായിരുന്നു. തമോലോകത്ത് കഴിഞ്ഞ യൂറോപ്യരുടെ കണ്ണുകള്‍ അവക്കു മുമ്പില്‍ ആശ്ചര്യപൂര്‍വം മിഴിച്ചുനിന്നു. നിശ്ചലതയെ വെറുക്കുന്ന മനുഷ്യപ്രകൃതി സ്വാഭാവികമായും ചലനാത്മകതയെയും പുതിയ പിറവികളെയും ഇഷ്ടപ്പെട്ടു. ക്രൈസ്തവതക്ക് പൂര്‍ണമായും കെടുത്താന്‍ കഴിയാതിരുന്ന റോമന്‍-ഗ്രീക്ക് പൈതൃകം മതാവരണത്തിനു താഴെ ബെല്‍റ്റുപോലെ കിടപ്പുണ്ടായിരുന്നു. ഇതെല്ലാം നവോത്ഥാനത്തിന് അതിന്റെ ജോലി എളുപ്പമാക്കിക്കൊടുത്തു.

അതോടൊപ്പം, ആയിരത്തിലധികം വര്‍ഷങ്ങളായി നിലനിന്ന മതവിശ്വാസം ഭൂരിപക്ഷം ജനങ്ങളിലും നിലനിന്നുപോന്നു. അത് തുടച്ചുമാറ്റാന്‍ അത്ര എളുപ്പമായിരുന്നില്ല. തല്‍ഫലമായി കുറഞ്ഞതല്ലാത്ത കാലം ഒരുവശത്ത് ക്രൈസ്തവതയും മറുവശത്ത് പൗരാണിക യവനതയും, ചര്‍ച്ചിനകത്ത് ക്രൈസ്തവതയും പ്രായോഗിക ജീവിതത്തില്‍ പൗരാണിക യവനതയും, മനഃസാക്ഷിയില്‍ ക്രൈസ്തവതയും ധൈഷണിക രംഗത്ത് പൗരാണിക യവനതയും എന്ന രീതിയില്‍ മിശ്ര സാമൂഹികത നിലനിന്നു. ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സുകളില്‍ മതത്തിനായിരുന്നു സ്വാധീനമെങ്കിലും നവോത്ഥാന കാലത്ത് ജീവന്‍ വെച്ചു തുടങ്ങിയ പൗരാണിക യവനത പതുക്കെ പതുക്കെ മേല്‍ക്കൈ നേടിവന്നു.

ഡാര്‍വിന്റെ രംഗപ്രവേശം
ചാള്‍സ് ഡാര്‍വിന്‍ യഥാക്രമം 1859-ലും 1871-ലും പ്രസിദ്ധീകരിച്ച on the origin of species, the descent of man and selection in relation to sex അതിരൂക്ഷമായ ആശയ സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. അതിനുമുമ്പ് കോപ്പര്‍നിക്കസും (1473-1543) ഗലീലിയോ(1564-1642)യും ബ്രൂണോ(1548-1600)യുമായി ചര്‍ച്ച് ഏറ്റുമുട്ടി. അവരെ അതിനീചമാംവിധം പീഡിപ്പിച്ചു. നിരീശ്വരവാദികളെ തോല്‍പിച്ച മതത്തിനും മതാധികാരികള്‍ക്കുമൊപ്പം അവര്‍ നിലയുറപ്പിച്ചു.

ഡാര്‍വിന്‍ പരിണാമസിദ്ധാന്തം മുന്നോട്ടുവെച്ചതോടെ ഏറ്റവും വലിയ സംഘട്ടനത്തിനു തുടക്കമായി. ചര്‍ച്ച് അദ്ദേഹത്തെ നിഷേധിയായി പ്രഖ്യാപിച്ചു. ജനങ്ങള്‍ തുടക്കത്തില്‍ ചര്‍ച്ചിനൊപ്പം നിന്നു. ഡാര്‍വിന്‍ മനുഷ്യന്റെ സ്വത്വവിശുദ്ധിയെയും ഇതര ജീവികളില്‍നിന്നുള്ള വ്യതിരിക്തതയെയും ഔന്നത്യത്തെയും നിരാകരിച്ച് അവനെ കേവലം ഒരു ജീവിയായി വ്യാഖ്യാനിച്ചു എന്ന ബോധ്യം ചര്‍ച്ചിനൊപ്പം നില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ചര്‍ച്ചിനും ഡാര്‍വിനുമിടയില്‍ നിലനിന്ന രൂക്ഷമായ സംഘര്‍ഷം മതാധികാരം ഉപയോഗിച്ച് ജനങ്ങളെ പീഡിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ശവമടക്കിന് ഉത്തേജനമായി. മനുഷ്യത്വത്തിന്റെ മഹത്വം മറന്ന ജനങ്ങള്‍ മൃഗത്തിന്റെ തോലണിഞ്ഞും സര്‍വതന്ത്ര സ്വാതന്ത്ര്യത്തില്‍ സംതൃപ്തരായി. ശാസ്ത്രവും ജ്ഞാനവും ഡാര്‍വിന് മതാധികാരത്തെ തകര്‍ക്കാനുള്ള ആയുധങ്ങളായി.

ഇതിനിടയില്‍ 'സ്ഥിരത'യുടെ സ്ഥാനത്ത് പരിവര്‍ത്തനം, പരിണാമം എന്നീ ആശയങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. നവോത്ഥാനം നേരത്തേതന്നെ സ്ഥിരതയുമായി സംഘട്ടനം കുറിച്ചിരുന്നു. പക്ഷേ, അത് ഗോപ്യമായായിരുന്നു എന്നുമാത്രം. അതും മനസ്സുകളില്‍ മാത്രം. നവോത്ഥാന കാലത്തും ശേഷവും യൂറോപ്പ് പൗരാണിക യവനതയുടെയും ക്രൈസ്തവതയുടെയും ദ്വന്ദ വ്യക്തിത്വത്തോടെയാണ് ജീവിച്ചത്. ഡാര്‍വിന്റെ രംഗപ്രവേശമില്ലായിരുന്നുവെങ്കില്‍ ഇതേ നില തുടര്‍ന്നുപോവുമായിരുന്നു.
എല്ലാറ്റിലും മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ഡാര്‍വിന്‍ പരസ്യമായി രംഗത്തുവന്നു. സ്ഥിരതക്കെതിരായ പ്രസ്ഥാനം ശാസ്ത്രീയ സിദ്ധാന്തമായി വിലയിരുത്തപ്പെട്ടു. മനസ്സുകളിലെ സ്വകാര്യ വികാരം എന്നതിനപ്പുറം 'പരിണാമം' എന്ന ആകര്‍ഷകമായ പുതിയ പേരില്‍ അതിന് അംഗീകാരമായി.

പുതിയ കളിയുടെ പിന്നില്‍ ജനങ്ങള്‍ മുന്‍പിന്‍ നോക്കാതെ അണിനിരന്നു. ശാസ്ത്രജ്ഞര്‍ മുന്നില്‍, ജനങ്ങള്‍ അവര്‍ക്കു പിന്നില്‍. ഏകകോശത്തില്‍നിന്ന് ഉത്ഭൂതമായി അതീവ സങ്കീര്‍ണമായ മനുഷ്യനായി പരിണമിക്കുകയും വികസിക്കുകയും ചെയ്യുമെങ്കില്‍, നേരത്തേയുണ്ടായിരുന്ന ഒരു ജീവിയില്‍നിന്ന് മനുഷ്യനോട് സദൃശനായ ഒരു ജീവിയിലേക്ക് അഥവാ മൃഗസമാനനായ മനുഷ്യനിലേക്ക് അവന്റെ സ്വത്വം പരിണമിച്ചുവെങ്കില്‍ ഭൂമിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത എന്താണുള്ളത്? ചുരുക്കത്തില്‍ 'സ്ഥിരത' എന്ന ആശയത്തിന് നേരെ ഏറ്റവും കനത്ത ആഘാതമായിരുന്നു 'പരിണാമ സിദ്ധാന്തം.' ആ ആഘാതം ശാസ്ത്രകാരന്മാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരുപോലെ താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ക്രമേണ ആഘാതത്തോട് അവര്‍ ക്രിയാത്മകമായി പ്രതികരിച്ചു തുടങ്ങി. ജീവിതവും ജീവിച്ചിരിക്കുന്നവരും മാത്രമല്ല, ഭൗതിക ജീവിതത്തിലെ എല്ലാമെല്ലാം പരിണാമവിധേയമാണ്. ചിന്തകള്‍, സമൂഹങ്ങള്‍..... മുമ്പുണ്ടായിരുന്ന പോലെ ഒന്നും സ്ഥിരമായി നിലനില്‍ക്കില്ല.

മാറ്റം മതത്തിലേക്കും
ഇതിന്റെ ഭാഗമായി മതവും പരിവര്‍ത്തനവിധേയമായി. പക്ഷേ, അതാരും പ്രതീക്ഷിച്ചതായിരുന്നില്ല. ദൈവചിന്ത എന്ന ആശയം ചര്‍ച്ച് വിശേഷിപ്പിക്കുന്നതുപോലെ സ്ഥിരവും സ്ഥായിയുമല്ല, പരിവര്‍ത്തനവിധേയമാണ്. മുമ്പും അതിനു മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇനിയും മാറ്റങ്ങളാവാം. പ്രകൃതിയിലെ വ്യത്യസ്ത വസ്തുക്കളെയും വിഗ്രഹങ്ങളെയും ആരാധിച്ച് ഏകദൈവാരാധനയിലെത്തിയ മനുഷ്യസമൂഹത്തിന് എന്തുകൊണ്ട് ഏതിനെയും ആരാധിച്ചുകൂടാ? 'പ്രകൃതി'യെത്തന്നെ ആരാധിച്ചാല്‍ എന്താണ് കുഴപ്പം? ഇങ്ങനെ പോയി ചിന്തകള്‍.....

പ്രകൃതി സുന്ദരമാണ്, സ്രഷ്ടാവാണ്, നമുക്ക് ജന്മം നല്‍കിയ മാതാവാണ്. പിന്നെന്തുകൊണ്ട് അതിനെ ആരാധിച്ചുകൂടാ? അതിലൂടെ നമുക്ക് വമ്പിച്ച നേട്ടങ്ങള്‍ സ്വായത്തമാക്കാം. അന്ധവിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും കേദാരമായ ചര്‍ച്ചിനെ നമുക്ക് തകര്‍ത്തു തരിപ്പണമാക്കാം, നമുക്ക് പുതിയൊരു ദൈവത്തെ, ചര്‍ച്ചിന് മേലധികാരമില്ലാത്ത ദൈവത്തെ ആരാധിക്കാം! നികുതികള്‍ കൊടുക്കേണ്ട, പൗരോഹിത്യത്തിനു വഴങ്ങേണ്ട! എല്ലാതരം ബന്ധങ്ങളില്‍നിന്നും മോചിതരായി സര്‍വതന്ത്ര സ്വതന്ത്രരായി ജീവിക്കാം. നമുക്ക് പഥ്യമായി തോന്നിയതെല്ലാം ചെയ്യാം. അത് നമ്മെ വിചാരണ ചെയ്യില്ല, ശിക്ഷിക്കുകയില്ല, പ്രകൃതിയുടെ കളിത്തൊട്ടിലായിരിക്കും. പുതിയ മതം നല്‍കുന്ന സന്തോഷം എന്തുമാത്രം വാചാമഗോചരം!

മതമെന്ന ആശയത്തെ പരിണാമത്തിലേക്ക് വഴിതിരിച്ചുവിട്ട ഇതിന്റെയെല്ലാം പിന്നില്‍ ഡാര്‍വിന്‍ മാത്രമായിരുന്നില്ല, അദ്ദേഹമായിരുന്നു പരമപ്രധാനി എങ്കിലും.

വ്യാവസായിക വിപ്ലവം
ഈ ജീവിത വീക്ഷണത്തെ തിടംവെപ്പിക്കുന്നതില്‍ യൂറോപ്പിലെ വ്യാവസായിക വിപ്ലവം കൂട്ടായി പ്രവര്‍ത്തിച്ചു. അതുവഴി സാമ്പത്തിക-സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. യൂറോപ്യന്‍ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങളുണ്ടായി. സാമ്പത്തിക-സാമൂഹിക മേഖലകളില്‍ മാത്രമായി അത് ഒതുങ്ങിയില്ല.

വ്യാവസായിക നഗരങ്ങള്‍ ഉയര്‍ന്നു. അവിടേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടു. ഗ്രാമങ്ങള്‍ക്കു പകരം നഗരങ്ങള്‍ ആവാസ സങ്കേതങ്ങളായി. മുമ്പ് ജീവിതം ശാന്തവും ക്രമബദ്ധവും മന്ദവുമായിരുന്നു. ജീവിതായോധനത്തിന്റെ ക്ലേശങ്ങള്‍, പങ്കപ്പാടുകള്‍, അതിനിടയില്‍ എന്നെങ്കിലും ചില കളിവിനോദങ്ങള്‍. അത്രയുമായിരുന്നു അവരുടെ ജീവിതം ഒരേതരം ജീവിതശൈലി.

കര്‍ഷകര്‍ അടിമകളായോ സ്വതന്ത്രരായോ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു. അവരുടെ ഭാര്യമാര്‍ ഗൃഹപരിപാലനത്തിലും വിറ്റു കാശാക്കാന്‍ നൂല്‍നൂറ്റും ജീവിതം തള്ളിനീക്കി. ഈ അര്‍ഥത്തില്‍ ദൃഢബദ്ധമായിരുന്നു കുടുംബ ഘടന. അത് തകര്‍ത്തു കളയാന്‍ അവിടത്തെ ജനത ധൃഷ്ടരായിരുന്നില്ല. മതത്തെയും മൂല്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും മനസ്സിലാക്കിയിരുന്ന ജനങ്ങള്‍ അവ യഥാര്‍ഹം പരിപാലിച്ചാലും ഇല്ലെങ്കിലും പ്രായോഗിക ജീവിതത്തില്‍ അവയെ ലംഘിക്കുന്നതിനെക്കുറിച്ചോ അവക്ക് എതിരു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. എല്ലാറ്റിനും അതിന്റേതായ വിശുദ്ധി കല്‍പിക്കപ്പെട്ടിരുന്നു. മതത്തെക്കുറിച്ച ഭയഭക്തിക്കതീതമായി ദീര്‍ഘകാലം നിലനിന്നുപോന്ന മതാനുഷ്ഠാന തുടര്‍ച്ചയില്‍നിന്ന് പോഷണം നേടിയതായിരുന്നു ആ വിശുദ്ധി. യുവാക്കളുടെയും യുവതികളുടെയും തെറ്റുകളെ സമൂഹം തെറ്റുകളായിത്തന്നെ കണ്ടു. ചെറുതായി കണ്ടില്ല. യുവതീയുവാക്കള്‍ പാപങ്ങളെ ജീവിതാന്ത്യം വരെയുമുള്ള വഷളത്തമായും മനസ്സിലാക്കിത്തന്നെ ജീവിച്ചുപോന്നു.

എന്നാല്‍, പുതിയ ഫാക്ടറികള്‍ക്കു ചുറ്റും ദൃഢപേശിയുള്ള യുവാക്കള്‍ തടിച്ചുകൂടി. ഏതു കഠിന ജോലിയും ചെയ്യാന്‍ അവര്‍ തയാറായി. യന്ത്രങ്ങളുടെ തുടക്ക ഘട്ടങ്ങളില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ അത്തരം യുവ മല്ലന്മാര്‍ ആവശ്യമായിരുന്നു. അവര്‍ ഒറ്റക്കും കൂട്ടായും നഗരങ്ങളിലേക്ക് വന്നുകൊണ്ടിരുന്നു. താമസസൗകര്യങ്ങള്‍ ആവുന്നതിനു മുമ്പുതന്നെ അവര്‍ കുടുംബങ്ങളെ കൂടെ കൂട്ടി. അവര്‍ സാഹസികരായ യുവാക്കളായിരുന്നു. ഭൂപ്രഭുക്കളുടെ പിടിത്തത്തില്‍നിന്ന് കുതറി രക്ഷപ്പെട്ട അവര്‍ കൃഷിയിടങ്ങളിലെ തടവില്‍നിന്നും യജമാനനുള്ള അടിമത്തത്തില്‍നിന്നും രക്ഷപ്പെട്ട് പുതിയ സമൂഹത്തില്‍ പുത്തന്‍സ്വാതന്ത്ര്യം മോഹിച്ച് കടന്നുവന്നവരാണ്.

ആ സമൂഹത്തിന് അവരെ അറിയുമായിരുന്നില്ല. അവരുടെ സ്വത്വത്തെ അതിന് പരിചയമുണ്ടായിരുന്നില്ല. അവര്‍ ആ സമൂഹത്തില്‍ അജ്ഞരായിരുന്നു. ആരും അവരെ ശ്രദ്ധിക്കില്ല. നഗരവാസികള്‍ അറിയാത്തതുകൊണ്ട് അവര്‍ക്ക് പെരുമാറ്റത്തിന് നിയന്ത്രണമില്ല. എല്ലാറ്റിനും പുറമെ അവിവാഹിതരായ യുവാക്കളായതിനാല്‍ ആ അര്‍ഥത്തിലുള്ള പ്രകടനങ്ങള്‍. ഇതെല്ലാം ചേര്‍ന്ന് അസാന്മാര്‍ഗിക ദൂഷ്യങ്ങള്‍ക്ക് വഴിമരുന്നിട്ടു.

വനിതകളുടെ തൊഴില്‍ പങ്കാളിത്തം
ഫാക്ടറി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലെ ബന്ധങ്ങള്‍ വഷളായി. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ പണിമുടക്കുകയോ പണിമുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തു. തല്‍ഫലമായി തൊഴിലുടമകള്‍ കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ കരുതല്‍ തൊഴിലാളികളെ സംഘടിപ്പിച്ചു.

കുടുംബം കൈയൊഴിഞ്ഞ സ്ത്രീകള്‍ അഥവാ യുവാക്കള്‍ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ കുടുംബ ജീവിതം നഷ്ടപ്പെട്ട സ്ത്രീകള്‍ കെണിയില്‍ വീണു. അവര്‍ ജീവിക്കാനായി തൊഴിലന്വേഷിച്ചു നടന്നു. സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥയില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ തയാറായി. അതോടെ സ്ത്രീകള്‍ തൊഴിലിടങ്ങളിലെ സാന്നിധ്യമായി മാറി. ആരുമായും പങ്കുവെക്കാതെ അവര്‍ക്ക് സ്വന്തമായി തുഛമെങ്കിലും വരുമാനമുണ്ടായിത്തുടങ്ങി. സ്വന്തമായി സമ്പാദിക്കാനോ വ്യവഹാരങ്ങള്‍ നടത്താനോ യൂറോപ്യന്‍ മത-സാമൂഹിക ഘടനയനുസരിച്ച് അതുവരെയും കഴിയാതിരുന്ന സ്ത്രീകള്‍ സാമ്പത്തിക രംഗത്ത് സ്വായാധികാരികളായി. ക്രമത്തില്‍ തങ്ങള്‍ സ്വതന്ത്രരായി വരികയാണെന്ന ആത്മവിശ്വാസം അവരില്‍ ഉടലെടുത്തു. സ്വതന്ത്രരായ യുവാക്കള്‍ സ്വതന്ത്രകളായ യുവതികളുമായി സംഗമിച്ചു. ഇരുവിഭാഗത്തിന്റെയും തടയപ്പെട്ട ലൈംഗിക വികാരങ്ങള്‍ അണമുറിഞ്ഞു. എല്ലാം പെട്ടെന്നായിരുന്നില്ലെങ്കിലും അത് ക്ഷിപ്രസാധ്യമാക്കുംവിധമുള്ള സാമൂഹിക സാഹചര്യങ്ങള്‍ രൂപംകൊണ്ടു.
മുതലാളിത്തത്തിന്റെ കടന്നുവരവോടെ യുവാക്കള്‍ നേരത്തേ ഇല്ലാതിരുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങി. പാര്‍ലമെന്റ്, തെരഞ്ഞെടുപ്പുകള്‍, ജനപ്രാതിനിധ്യം....... സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, വാക്കിലും പ്രവൃത്തിയിലും സര്‍വസ്വാതന്ത്ര്യം.... ഫ്യൂഡല്‍ വ്യവസ്ഥയില്‍ ഇതൊന്നുമില്ലായിരുന്നു. എല്ലാം കൂടിയായപ്പോള്‍ സമൂഹജീവിതം ചൂടുപിടിച്ചു. ചലനാത്മകമായ സമൂഹം! പുരോഗമനം!! അതോടൊപ്പം കൂടുതല്‍ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമുള്ള മുറവിളികള്‍ ഉയര്‍ന്നു. ഭരണാധികാരികള്‍ സ്വാര്‍ഥംഭരികളും സ്വേഛാധിപതികളുമായ ഘട്ടത്തില്‍ അവര്‍ക്കെതിരെ കൂടുതല്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ നടന്നു. സ്വാതന്ത്ര്യത്തിന് പുതിയ ഭാഷ്യങ്ങളുണ്ടായി. ചിന്തകള്‍ കൂടുതല്‍ ചിന്തകളിലേക്ക് വഴിമരുന്നിട്ടു. സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ സ്വാതന്ത്ര്യം എല്ലാ മേഖലകളിലും വേണമെന്ന ആവശ്യം ഉയര്‍ന്നു. 'ധാര്‍മിക മൂല്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം' എന്ന പുതിയ വാദത്തില്‍ അത് എത്തിനിന്നു.

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു
കുടുംബ ബന്ധങ്ങള്‍ ശിഥിലമായി. ഭാര്യയും ഭര്‍ത്താവും മക്കളും ജോലി ചെയ്യേണ്ടി വരുന്ന സമൂഹത്തില്‍ അത് സ്വാഭാവികമായിരുന്നു. എല്ലാ അംഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിശുദ്ധമായ ബന്ധം എന്ന നിലയില്‍ വീടുകളെപ്പറ്റി ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാതായി. മുമ്പ് ഗ്രാമങ്ങളിലായിരുന്നപ്പോള്‍ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വൈകാരികതകളും സമന്വയിപ്പിച്ചിരുന്നത് വീട്ടില്‍ അടങ്ങിക്കഴിഞ്ഞ സ്ത്രീയായിരുന്നു. അവള്‍ക്ക് തന്റെ പുരുഷന്റെ അഥവാ ഭര്‍ത്താവിന്റെ മേലാള പരിരക്ഷയുണ്ടായിരുന്നു. വീട്ടിലെ അംഗങ്ങളെ മുഴുവനും മാതാപിതാക്കള്‍ തങ്ങളോട് ചേര്‍ത്തു പിടിച്ച് സംരക്ഷണത്തിന്റെ ചൂടുപകര്‍ന്നുനല്‍കി. മാതാവ് വൈകാരികമായും പിതാവ് തൊഴില്‍പരമായും കാവലായി. മക്കളാകട്ടെ, പുറത്തു കടക്കാതെ ആ വലയത്തിനകത്ത് സുരക്ഷയനുഭവിച്ചു.

സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതോടെ കുടുബങ്ങളിലെ വൈകാരികോഷ്മളത നഷ്ടപ്പെട്ടു. തൊഴില്‍ മാത്സര്യത്തിരക്കുകളില്‍ വൈകാരികമസൃണതക്ക് സ്ഥാനമില്ലായിരുന്നു. സ്വതന്ത്രമായ സാമ്പത്തിക വ്യക്തിത്വം നേടിയതോടെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുമായി കുടുംബ നേതൃത്വത്തിന് മത്സരിച്ചു.
ശതാബ്ദങ്ങളായി നിലനിന്നുപോന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സ്വഭാവപരമായ എല്ലാം അടിമുടി മാറി. പുരുഷന്‍, സ്ത്രീ, കുട്ടികള്‍, വീട്, റോഡ്, അടിമ, യജമാനന്‍, തൊഴില്‍, സമ്പത്ത് എല്ലാം മാറി. പത്തും ഇരുപതും അമ്പതും നൂറും വര്‍ഷങ്ങള്‍ വേണ്ടിയിരുന്ന മാറ്റങ്ങള്‍ കുറഞ്ഞ കാലങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരുന്നു.

പുരുഷന് വീട്ടിലെ മേലധികാരം നഷ്ടപ്പെട്ടു. ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് അനുസരണ വിധേയത്വമില്ലാതായി. കൈയില്‍ കാശുണ്ടെങ്കിലും കുട്ടികള്‍ കുടുംബത്തില്‍നിന്ന് പുറത്തായി. വീടുകളില്‍ ബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതായി. റോഡുകള്‍ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞു. പലതരം ജനങ്ങള്‍, ഉത്സവങ്ങള്‍ പോലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിറഞ്ഞാടി. അതിനിടയില്‍ പരസ്പരം തിരിച്ചറിയാത്ത ആഭ്യന്തര പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ലാത്തവരും സമൂഹത്തിന്റെ ഭാഗമായി.

ഭൂവുടമകളുടെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രരായവര്‍ ഫാക്ടറിയുടെയും മൂലധനത്തിന്റെയും അടിമകളായി. എങ്കിലും വരുമാനം വര്‍ധിച്ചതോടെ തങ്ങള്‍ക്ക് പോരാടാനുള്ള അവകാശം ലഭ്യമായി. ക്രമേണ അവര്‍ക്കും ശക്തിയും സമ്പത്തും സംഭരിച്ച് നേതൃത്വത്തില്‍ വരാമെന്നായി.

നേരത്തേ ഭൂവുടമകളായിരുന്ന യജമാനന്മാര്‍ ജംഗമസ്വത്തുക്കളുടെ അധിപരായി. അതോടെ ഒരേസമയം തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംഘര്‍ഷങ്ങള്‍ ഉടലെടുത്തു.

തൊഴിലുകളിലുമുണ്ടായി മാറ്റം. അജ്ഞാതവും അദൃശ്യവുമായവയുമായി ഇടപഴകുന്നതിനുപകരം അഥവാ മണ്ണില്‍ വിത്തിട്ട് ഉല്‍പാദകനെ -ദൈവത്തെ- ആകാശത്ത് തിരയുന്നതിനു പകരം 'പദാര്‍ഥ'ത്തില്‍ ഇടപെടുകയും അതിനു മനുഷ്യന്‍ ഉദ്ദേശിക്കുന്ന രൂപകല്‍പന നല്‍കുകയും ചെയ്യുന്ന കണ്‍മുന്നില്‍ കാണുന്ന ശക്തികളുമായാണ് ഇടപഴകുന്നത്. ദൈവത്തിനു പകരം 'പദാര്‍ഥ'വും പ്രകൃതിക്കതീതമായ ലോകത്തിനു പകരം 'പ്രകൃതി'യും പ്രതിഷ്ഠിക്കപ്പെട്ടു.
വിപ്ലവപൂര്‍വലോകവും വിപ്ലവാനന്തര ലോകവും തമ്മില്‍ അജഗജാന്തരം.

ശാസ്ത്രത്തിന്റെ പ്രഭാവം
ശാസ്ത്രത്തിന് പ്രഭാവം ലഭിച്ചതോടെ പരിവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ധിച്ചു. മാനവജീവിതത്തിന്റെ രൂപഭാവങ്ങള്‍ മാറി. ആവി എഞ്ചിനുകള്‍... കാറുകള്‍.... വൈദ്യുതി... കൈത്തൊഴിലുകളുടെ സ്ഥാനത്ത് യന്ത്രസംവിധാനങ്ങള്‍.... മുമ്പുണ്ടായിരുന്ന എല്ലാം മാറി. ആദ്യഘട്ടത്തില്‍ വര്‍ഷങ്ങള്‍കൊണ്ട് മാറിയത് മാസങ്ങള്‍കൊണ്ട് മാറുന്ന അവസ്ഥ! ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്കനുസരിച്ച് ജീവിതം മാറിക്കൊണ്ടേയിരുന്നു. കുതിരവണ്ടികള്‍ക്കുപകരം തീവണ്ടികള്‍, കൈത്തറികള്‍ക്കുപകരം വസ്ത്രനിര്‍മാണ ഫാക്ടറികള്‍, കല്‍ക്കരിയുടെ സ്ഥാനത്ത് വൈദ്യുതി, പുതിയ കണ്ടുപിടിത്തങ്ങള്‍ നിറയുന്ന റോഡുകള്‍, നൂറ്റാണ്ടുകളോളം ഉപയോഗത്തിലിരുന്ന വീട്ടുപകരണങ്ങള്‍ക്കു പകരം പുത്തന്‍ ഗൃഹോപകരണങ്ങള്‍.... പുതിയ കണ്ടെത്തലുകളുടെയും നവീന ഉപകരണങ്ങളുടെയും ഫലമായി എല്ലാ ശാസ്ത്രശാഖകളിലും വമ്പിച്ച കുതിച്ചുചാട്ടമുണ്ടായി. എല്ലാ ജീവിവര്‍ഗങ്ങളും ഏകകോശത്തില്‍നിന്ന് ജാതമായതാണെന്നതില്‍പരം വലിയ വിവരം മറ്റെന്തുണ്ട്? വായുവിലെ രോഗകാരികള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് സൂക്ഷ്മ ജീവികളുടെ സംഘാതമാണെന്ന കണ്ടെത്തലിനേക്കാള്‍ വലിയ കണ്ടെത്തലുണ്ടോ? സൂര്യനേക്കാള്‍ അനേകായിരം മടങ്ങ് പ്രകാശമുള്ള നക്ഷത്രങ്ങള്‍ വാനലോകത്തുണ്ടെന്ന കണ്ടുപിടിത്തം ആരെയാണ് അതിശയിപ്പിക്കാത്തത്?

ഇവയെല്ലാം മാറ്റത്തെയും പരിവര്‍ത്തനത്തെയും പരിണാമത്തെയും കുറിച്ച് അഥവാ ഒന്നും സ്ഥിരമല്ലെന്ന അത്യഗാധമായ ആശയബോധം പ്രദാനം ചെയ്യുന്നു.

എല്ലാം മാറ്റത്തിനു വിധേയമെങ്കില്‍ മൂല്യങ്ങളും മാറണം!
ഇതുവരെ നാം മനസ്സിലാക്കിയ എല്ലാം ഒരേ ദിശയിലേക്ക് അഥവാ സമാന്തരമായ രണ്ടു ദിശയിലേക്ക് മാനവതയെ നയിച്ചു. എല്ലാം പരിവര്‍ത്തിപ്പിച്ച് മതത്തില്‍നിന്ന് ക്രമേണ മാനവസമൂഹത്തെ അകറ്റുക.
ഒരു 'ശാസ്ത്ര സിദ്ധാന്തം' എന്ന നിലയില്‍ പരിണാമത്തിന് പൂര്‍ണമായ അംഗീകാരം ലഭിച്ചില്ലെങ്കിലും അത് ശാസ്ത്രകാരന്മാരെയും സാധാരണക്കാരെയും ഒരുപോലെ ആവേശിച്ചു. മതവും സ്വഭാവങ്ങളും ആചാരാനുഷ്ഠാനങ്ങളും മൂല്യങ്ങളും ആദര്‍ശങ്ങളും യാഥാര്‍ഥ്യങ്ങളും വിവരങ്ങളും ജീവിതവും സാമൂഹിക ഘടനകളും വ്യക്തിസ്വത്വങ്ങളും വ്യക്തിയും സമൂഹവും തമ്മിലെ ബന്ധങ്ങളും രാഷ്ട്രവുമായുള്ള ബന്ധങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളും ജീവിത ലക്ഷ്യങ്ങളും മാറുകതന്നെ വേണമെന്ന ചിന്ത സമൂഹത്തില്‍ ബലപ്പെട്ടു തുടങ്ങി. കിട്ടാവുന്ന എല്ലാ ഉപാധികളും ഉപകരണങ്ങളും ഉപയോഗിച്ച് 'സ്ഥിരത' ക്കെതിരെ പോരാടണമെന്ന വാദം ശക്തിപ്പെട്ടു. സ്വയം മാറാന്‍ തയാറില്ലെങ്കില്‍ അതിനായി ബലപ്രയോഗമാവാമെന്നായി. ജീവിതത്തിന് ഏറ്റവും വലിയ വെല്ലുവിളി 'സ്ഥിരത'യാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. പരിവര്‍ത്തനവും മാറ്റവും ഒരു മാധ്യമം എന്നതിലുപരി എന്തിന്റെയും ലക്ഷ്യമായി അംഗീകരിക്കപ്പെട്ടു തുടങ്ങി.

സ്ഥിരസ്ഥായിയായി നിലകൊള്ളുന്ന എന്തിനോടും ജനങ്ങള്‍ക്കിടയില്‍ വെറുപ്പായി.
'ദൈവത്തിലുള്ള വിശ്വാസം' സ്ഥായിയായ നിലപാടായതിനാല്‍ അത് മാറണമെന്നും പുതിയ സ്വഭാവ മൂല്യങ്ങള്‍ ആവിഷ്‌കൃതമാവണമെന്നും ആഹ്വാനമുയര്‍ന്നു. ഉദാഹരണമായി, അവസരം ചൂഷണം ചെയ്യുന്നതും അഹംബോധവും കുടുംബ ബന്ധങ്ങളുടെ വിഛേദനവും മഹദ് ഗുണങ്ങളായി പരിഗണിക്കപ്പെട്ടു തുടങ്ങി. പാരമ്പര്യ രീതികള്‍ ഉടച്ചുവാര്‍ക്കണമെന്ന മുറവിളി ഉയര്‍ന്നു. സ്ത്രീകള്‍ പുരുഷന്മാരെയും കുട്ടികള്‍ മുതിര്‍ന്നവരെയും എതിര്‍ക്കാന്‍ കരുത്താര്‍ജിക്കണം, പുരുഷ വസ്ത്രങ്ങള്‍ സ്ത്രീകളും സ്ത്രീകളുടെ വസ്ത്രങ്ങള്‍ പുരുഷന്മാരും ധരിച്ചു തുടങ്ങണം. വിവിധ തരം ഫാഷനുകള്‍ പ്രചാരത്തില്‍ വരണം.... എല്ലാം പരിണാമ സിദ്ധാന്തത്തിന്റെ ലാബലില്‍!

മതം ഭീഷണിയില്‍
ഈ ഘട്ടത്തില്‍ മതത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ഭീഷണി അത് മാറ്റത്തിന് വിധേയമാവാന്‍ കൂട്ടാക്കുന്നില്ല എന്നതായിരുന്നു. മാത്രവുമല്ല, എല്ലാ സാമൂഹിക ബന്ധങ്ങളും മതരഹിതമാവണമെന്ന് ഉദ്‌ബോധിപ്പിക്കപ്പെട്ടു. ആശയതലം പോലെ പ്രായോഗിക ജീവിതരംഗങ്ങളും മതമുക്തമാവണമെന്നും പലിശ ഇടപാടുകള്‍ വിലക്കുന്ന മതത്തെ മാറ്റിനിര്‍ത്തി പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ വളരണം എന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടു.

ആണും പെണ്ണും തൊഴിലിടങ്ങളില്‍ ഒന്നിച്ചു തുടങ്ങിയതോടെ പലതരത്തിലുള്ള അനാശാസ്യങ്ങള്‍ക്കും സാമൂഹികാംഗീകാരം ലഭിച്ചുതുടങ്ങി. സാമ്പത്തിക സ്വത്വം കൈവരികയും പുരുഷനെ ആശ്രയിക്കാതെത്തന്നെ ജീവിക്കാമെന്ന നില വന്നെത്തുകയും ചെയ്തതോടെ അതുവരെ പുരുഷ സംരക്ഷണത്തിന് തന്റെ പാതിവ്രത്യം കാത്തുസൂക്ഷിച്ചിരുന്ന സ്ത്രീകള്‍ മാറിച്ചിന്തിച്ചു തുടങ്ങി. പുതിയ മേച്ചില്‍പുറങ്ങള്‍ വര്‍ധിച്ചപ്പോള്‍ കുടുംബവും ഭാര്യാ-ഭര്‍തൃ ബാധ്യതകളും ഭാരമായി തുടങ്ങിയ യുവാക്കള്‍ വേലിചാടി മേയാന്‍ ആരംഭിച്ചു. ചുരുക്കത്തില്‍, എല്ലാ ബന്ധങ്ങളും മൂല്യങ്ങള്‍ക്കതീതമായി. ധാര്‍മികോപദേശങ്ങള്‍ തെല്ലും വിലയില്ലാതായി. വിപ്ലവവും നവോത്ഥാനവും സൃഷ്ടിച്ച അലകടലില്‍ സമൂഹമാകുന്ന കപ്പലിനെ നേര്‍വഴിക്ക് നയിക്കാനുള്ള ശേഷി മതനേതൃത്വത്തിന് പാഴായി.

ശാസ്ത്രം തുടക്കത്തിലേ മതത്തിന്റേതല്ലാത്ത പാതയിലൂടെയാണ് സഞ്ചരിച്ചുതുടങ്ങിയത്. കാരണം, ശാസ്ത്രത്തെ സഹായിക്കാവുന്ന ഒന്നും മതത്തിന് സംഭാവന ചെയ്യാനില്ലായിരുന്നു. ശാസ്ത്ര ചിന്തയെ പ്രായോഗിക രംഗത്ത് സഹായിക്കാന്‍ കഴിഞ്ഞ ഇസ്‌ലാമില്‍നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ ക്രൈസ്തവത. പ്രയോജനകരമായ വിവരങ്ങള്‍ പകര്‍ന്നുനല്‍കാനോ ഏതെങ്കിലും തരത്തില്‍ പ്രോത്സാഹിപ്പിക്കാനോ അതിനായില്ല. അജ്ഞതയെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രത്തോട് പൊരുതുകയും ശാസ്ത്രജ്ഞരെ ശിക്ഷിക്കുകയും ചെയ്ത ചര്‍ച്ചിന് അതെങ്ങനെ സാധിക്കാന്‍?

മനുഷ്യര്‍ക്ക് ഉപകാരപ്പെടുക എന്നതിനേക്കാള്‍ സമ്പത്ത് നേടാനുള്ള മാധ്യമം എന്ന നിലയിലാണ് പല ശാസ്ത്ര കണ്ടുപിടിത്തങ്ങളും പ്രയോജനപ്പെടുത്തിയത്. ഇത് മതത്തിന്റെ ആത്മാവിനു വിരുദ്ധമായിരുന്നു. പക്ഷേ അത് ശരിയായ ദിശയില്‍ തിരിച്ചുവിടാന്‍ മതത്തിനു കഴിഞ്ഞില്ല. അതോടെ, മതമല്ല, പുത്തന്‍ കണ്ടെത്തലുകളും ഭൗതിക സാമഗ്രികളുമാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന ചിന്ത സമൂഹത്തില്‍ രൂപപ്പെട്ടു. ശാസ്ത്രം ഭൗതിക ജീവിതവും രാഷ്ട്രീയം ദൈനംദിനജീവിതവും മുതലാളിത്തം സാമ്പത്തിക ജീവിതവും വ്യാവസായിക വിപ്ലവം സാമൂഹിക ജീവിതവും പൗരാണിക യവനത ധൈഷണിക ജീവിതവും വാര്‍ത്തെടുക്കുന്നു എന്ന പൊതുധാരണ സമൂഹത്തില്‍ ബലപ്പെട്ടുവന്നു.

സമൂഹതലത്തില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട മതം മനഃസാക്ഷിയില്‍ മാത്രമായൊതുങ്ങി. പ്രായോഗിക ജീവിതത്തിലെ ഭൗതികതയുടെ അതിപ്രസരം മനസ്സിലും കടന്നുകയറി ക്രമേണ മതത്തെ അവിടെനിന്നും അടിച്ചോടിച്ചുകൊണ്ടിരുന്നു. അതുവഴി മനസ്സും പ്രായോഗിക ജീവിതവും ഒരുപോലെ ഭൗതികതക്ക് കീഴടങ്ങി.

ആദ്യഘട്ടത്തില്‍ മതത്തെ പുറത്തുനിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍, അത് പയ്യെപ്പയ്യെ മതത്തെ തന്നെ തകര്‍ക്കുക എന്നതായി മാറി. ലോക ജൂതായിസത്തിന്റെ ദൗത്യം അതായിരുന്നു.

തങ്ങളെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ജനതയായും തങ്ങളല്ലാത്തവര്‍ നായ്ക്കളുമാണെന്ന് വിശ്വസിക്കുന്ന യഹൂദികള്‍ മുസ്‌ലിംകളോട് ആദര്‍ശപരമായ കാരണങ്ങളാല്‍ വിരോധം വെച്ചുപുലര്‍ത്തുന്നവരാണ്. യൂറോപ്പിലെ ക്രൈസ്തവതയോട് മുമ്പേ അവര്‍ ശത്രുതയിലാണ്. എല്ലാ ക്രൈസ്തവ സമൂഹങ്ങളിലും യഹൂദികള്‍ പീഡിതരായിരുന്നു. ഷേക്‌സ്പിയറിന്റെ 'വെനീസിലെ വ്യാപാരി'യും baroness orczy- scarlet pimpernal ഇത് നന്നായി ചിത്രീകരിക്കുന്നുണ്ട്‌. പണം ആവശ്യമുള്ള ക്രൈസ്തവന്‍ ജൂതനില്‍നിന്ന് കടംവാങ്ങുമായിരുന്നു. എന്നാലും അയാള്‍ ജൂതനെ നിന്ദിക്കുമായിരുന്നു. അയാളെ അഭിവാദ്യം ചെയ്യുകയോ സ്പര്‍ശിക്കുകയോ ചെയ്യാതെ അസ്പൃശ്യനെ പോലെയാണ് പെരുമാറിയിരുന്നത്. 'പണം ദൂരെ വെച്ചോളൂ, ഞാന്‍ എടുത്തോളാം. പന്നീ, നീ എന്റെ മുഖത്തേക്ക് നോക്കരുത്!' ജൂതന്‍ പണം വെച്ച് പിന്മാറിയാല്‍, ക്രൈസ്തവനായ 'യജമാനന്‍' താന്‍ വായ്പ വാങ്ങുന്ന പണം എടുത്തു പോവും. ഇത്രത്തോളം കഷ്ടമായിരുന്നു യഹൂദികളുടെ അവസ്ഥ. ഈ അവമതി യഹൂദികള്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല.
മതനിരാസത്തിലധിഷ്ഠിതമായ ആധുനിക യൂറോപ്യന്‍ നവോത്ഥാനത്തെ തങ്ങളുടെ പഴയ പ്രതിയോഗിയായ ക്രൈസ്തവതയെ തകര്‍ക്കാനുള്ള നല്ല അവസരമായി ലോകയഹൂദികള്‍ കണ്ടു. അതിനായി മറയ്ക്കു പിന്നില്‍ നിന്ന് അവര്‍ പ്രവര്‍ത്തിച്ചു. ക്രൈസ്തവനായ ഡാര്‍വിന്‍ തന്നെ പരിണാമവാദം മുന്നോട്ടു വെച്ചത് അവരെ സര്‍വോപരി സന്തോഷിപ്പിച്ചു. The protocols of the elders of zionഎന്ന കൃതിയില്‍ എഴുതിയത് കാണുക:
'ഡാര്‍വിന്‍ ജൂതനല്ല. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ക്രൈസ്തവ മതത്തെ തകര്‍ക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ക്കറിയാം.' ഇപ്പറഞ്ഞത് ശരിയായിരുന്നു. മതവും ഡാര്‍വിനിസവും തമ്മിലുള്ള അന്തരം വലുതാക്കുന്നതില്‍ ജൂതന്മാര്‍ പിന്നീട് കഠിനാധ്വാനം ചെയ്തു. യഹൂദികളല്ലാത്തവരോട് പൊതുവിലും യൂറോപ്പിലെ ക്രൈസ്തവരോട് വിശേഷിച്ചുമുള്ള പകയും വിദ്വേഷവും പ്രയോഗവല്‍ക്കരിക്കുകയായിരുന്നു അതിലൂടെ അവരുടെ ഉദ്ദേശ്യം.
ലോകജൂതായിസം ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വളരെ വഷളായ രീതിയില്‍തന്നെ അതിനായി ഉപയോഗിച്ചു. കാറല്‍ മാര്‍ക്‌സിന്റെയും (സാമ്പത്തികശാസ്ത്രം) ഫ്രോയ്ഡിന്റെയും (മനഃശാസ്ത്രം) emile Durkheim ന്റെയും (സാമൂഹിക ശാസ്ത്രം) രംഗപ്രവേശം ഈയൊരു പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. 
(മുഹമ്മദ് ഖുത്വ്ബിന്റെ 'അത്തത്വവ്വുറു വസ്സബാത്തു ഫീ ഹയാത്തില്‍ ബശര്‍' എന്ന കൃതിയില്‍ നിന്ന്).

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top