ഖുര്‍ആനിക പദങ്ങളുടെ ആധികാരിക വായന
കെ.എ
അല്ലാഹുവെക്കുറിച്ച അറിവു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ അറിവ് അല്ലാഹുവിന്റെ കലാമായ ഖുര്‍ആനെക്കുറിച്ച അറിവാണ്. രാപ്പകല്‍ഭേദമന്യേ നാം ഉറ്റാലോചിച്ച് ചിന്തിക്കാനും പഠിക്കാനുമാണ് അത് അല്ലാഹു അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യമായും പരസ്യമായും അതിന്റെ പാരായണം നടക്കണം. അലങ്കാര മോടികളോടെ കാഴ്ചവസ്തുവായി മാറ്റിവെക്കാനുള്ളതല്ല അത്. പരേതരുടെ സമീപം വെച്ച് ഓതാനോ ഖബ്‌റുകള്‍ക്കരികില്‍ കൈകാര്യം ചെയ്യാനോ ഉള്ളതല്ല. ഖുര്‍ആന്‍ നിയമസംഹിതയും ജീവിത ക്രമവുമാണ്. അതിലെ ഹലാലുകള്‍ ഹലാലുകളായും ഹറാമുകള്‍ ഹറാമുകളായും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാവണം. ഇത് സാധ്യമാവണമെങ്കില്‍ ഖുര്‍ആന്‍ നന്നായി പഠിക്കുകയും പഠിപ്പിക്കപ്പെടുകയും വേണം. ഇതിന് ആദ്യം വേണ്ടത് ഖുര്‍ആനിക പദങ്ങള്‍ പ്രതിനിധീകരിക്കുന്ന ആശയ തലങ്ങളെക്കുറിച്ച് ശരിയായ ഗ്രാഹ്യമാണ്. അവയെക്കുറിച്ച സവിശേഷ പഠനം പ്രസക്തമാവുന്നത് ഇവിടെയാണ്.
ഈ വിജ്ഞാനശാഖ വികസിച്ചുവന്നതിന്റെ പശ്ചാത്തലമായി രേഖപ്പെട്ടു കാണുന്നത് ഇങ്ങനെയാണ്. നാഫിഉബ്‌നുല്‍ അസ്‌റഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇബ്‌നു അബ്ബാസ് സംസാരിക്കുമ്പോള്‍ ഖുര്‍ആനിക പദങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന വിശദീകരണത്തിന് അറബികളുടെ വ്യവഹാര ഭാഷയില്‍ അങ്ങനെ അര്‍ഥമുണ്ടോ എന്ന് ചോദിക്കുമായിരുന്നു. അതിന് വിശദീകരണമായി അറബി കവിതകള്‍ ഉദ്ധരിച്ച് ഇബ്‌നു അബ്ബാസ് സംസാരിക്കുമായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച രീതി ഇത്തരമൊരു ശാഖയായി വികസിക്കുകയായിരുന്നു- അറബികളുടെ ഭാഷ അറിയാതെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നയാളെ ശിക്ഷിക്കണമെന്ന് മാലികുബ്‌നു അനസ് പറയുമായിരുന്നു. 'വ അന്‍തഖൈറുല്‍ ഫാതിഹീന്‍' എന്നതിലെ 'ഫാതിഹീന്‍' എന്നതിന്റെ അര്‍ഥം ദൂയസന്‍ ഹിംയരിയുടെ മകളുടെ സംസാരത്തില്‍നിന്നാണ് എനിക്ക് മനസ്സിലായതെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞിരുന്നു.
ഖുര്‍ആനിക പദങ്ങളുടെ അര്‍ഥവിവക്ഷകള്‍ മനസ്സിലാക്കാന്‍ മുസ്‌ലിം ലോകം ഏറ്റവും കൂടുതലായി അവലംബിച്ചുപോരുന്ന കൃതിയാണ് അര്‍റാഗിബുല്‍ ഇസ്വ്ഫഹാനിയുടെ അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍ ('ഖുര്‍ആന്‍ പണ്ഡിതന്മാരല്ലാത്തവര്‍ക്ക് അത്ര ഗ്രാഹ്യമല്ലാത്ത ഖുര്‍ആനിക പദങ്ങള്‍' എന്ന് സാമാന്യ അര്‍ഥം). പദങ്ങള്‍ക്ക് നിലവിലുള്ള അര്‍ഥത്തില്‍നിന്ന് ഭിന്നമായി ഖുര്‍ആന്‍ സവിശേഷം വിവക്ഷിക്കുന്ന അര്‍ഥവും ആശയവും എന്നു സാരം (ഉദാഹരണം വഴിയെ). ഈ ശാഖയില്‍ വിവിധ കാലങ്ങളിലായി ധാരാളം കൃതികള്‍ വിരചിതമായിട്ടുണ്ടെങ്കിലും റാഗിബുല്‍ ഇസ്വ്ഫഹാനി(ഹി: 502)യുടെ മുഫ്‌റദാത്ത് ഇപ്പോഴും പ്രഥമ സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.
'അല്‍ഗരീബ്' എന്നതിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട് മുസാഇദുബ്‌നു സുലൈമാന്‍ അത്ത്വയ്യാര്‍ എഴുതുന്നു:
ليس المُراد بالغريب ما كان غامضَ المعنى دون غيره، وإنما المرادُ به: تفسيرُ مفرداتِ القرآنِ عموماً (ويخرج من هذا ما لا يُجهل معناه؛ كالأرض والسماء والماء وغيرها، فإنها مما لا يحتاج إلى بيانِِ)، فكُتبُ غريبِ القرآن تُعنى بدلالةِ ألفاظِه، دونَ غيرِها من المباحثِ المتعلقةِ بالتفسيرِ أو المعاني. وهو جزءٌ من علمِ معاني القرآنِ ؛ لأن علمَ معاني القرآنِ يقومُ على بيانِ المفرداتِ أوّلاً ، ثم يُبيِّنُ المعنى المرادَ بالآيةِ ، مع الاعتناءِ بأسلوبِ العربِ الذي نزلَ به القرآنُ.
''ഗരീബ് എന്നതിന്റെ വിവക്ഷ ഇതര പദങ്ങളില്‍നിന്ന് ഭിന്നമായി അര്‍ഥം അവ്യക്തമായത് എന്നല്ല, ഖുര്‍ആനിക പദങ്ങളെ പൊതുവായി വ്യാഖ്യാനിക്കുക എന്നത്രെ. ('അര്‍ദ്'-ഭൂമി, 'സമാഅ്'-ആകാശം, 'മാഅ്'-ജലം) മുതലായ പദങ്ങള്‍ പോലെ അര്‍ഥം അജ്ഞാതമല്ലാത്ത പദങ്ങള്‍ 'ഗരീബി'ല്‍ പെടില്ല. കാരണം അവ വിശദീകരണം ആവശ്യമില്ലാത്തവയാണ്). ഖുര്‍ആന്‍ വ്യാഖ്യാനം, അര്‍ഥങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു പകരം പദങ്ങളുടെ കേന്ദ്ര ആശയത്തിലാണ് 'ഗരീബുല്‍ ഖുര്‍ആനു'മായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ഊന്നുന്നത്. ഖുര്‍ആന്റെ അര്‍ഥ വിജ്ഞാനീയത്തിന്റെ ഒരു ഭാഗമാണത്. കാരണം ഖുര്‍ആനിക അര്‍ഥ വിജ്ഞാനീയം ആദ്യമായി ഊന്നുന്നത് പദങ്ങളിലാണ്. ശേഷം സൂക്തത്തിന്റെ അര്‍ഥവിവക്ഷ ഖുര്‍ആന്‍ അവതീര്‍ണമായ അറബികളുടെ ശൈലി പരിഗണിച്ചുകൊണ്ട് വിശദീകരിക്കുന്നു.''
ഈ വിജ്ഞാന ശാഖയെക്കുറിച്ച് മനസ്സിലാക്കാന്‍ ഉതകുന്ന പ്രൗഢവും പഠനാര്‍ഹവുമായ മുഖവുരയോടെയാണ് ഗ്രന്ഥത്തിന്റെ തുടക്കം. 'നമ്മുടെ നബിയോടെ പ്രവാചകത്വത്തിന് പരിസമാപ്തിയായി. മുന്‍ പ്രവാചകന്മാരുടെ ശരീഅത്തുകള്‍ മുഹമ്മദ് നബി(സ)യുടെ ശരീഅത്തോടെ ദുര്‍ബലമായി. അഥവാ മറ്റു നബിമാരുടെ ശരീഅത്തുകളുടെ സമ്പൂര്‍ണ രൂപമാണ് മുഹമ്മദീയ ശരീഅത്ത്.'
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًاۚ
'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു' (മാഇദ: 3).
പൂര്‍വകാല സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ട മുന്‍വേദങ്ങളുടെ സാരസര്‍വം ഖുര്‍ആനിലൂടെ മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ലഭ്യമാക്കിട്ടുണ്ട്.
رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً ﴿٢﴾ فِيهَا كُتُبٌ قَيِّمَةٌ ﴿٣﴾
'വക്രതയില്ലാത്ത രേഖകളടങ്ങുന്ന പരിശുദ്ധ ഏടുകള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതന്‍ (മുഹമ്മദ് നബി(സ)' (ബയ്യിന 2,3).
വലുപ്പം ചെറുതെങ്കിലും ആശയസമൃദ്ധമാണ് ഖുര്‍ആന്‍ എന്നത് അതിന്റെ അമാനുഷികതയുടെ ലക്ഷണമാണ്. മനുഷ്യരുടെ ധിഷണകള്‍ക്കും ഭൗതിക സാമഗ്രികള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഖുര്‍ആന്‍.
وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
'ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (ലുഖ്മാന്‍: 27).
എന്റെ മറ്റൊരു കൃതിയായ
كتاب الذريعة الى مكارم الشريعة
-യില്‍ സൂചിപ്പിച്ച പോലെ ഖുര്‍ആന്‍ സൂര്യനും പൂര്‍ണ ചന്ദ്രനുമാണ്.
كَالْبَدْرِ مِنْ حَيْثُ الْتَفَتَّ رَأَيْتَهُ يُهْدِي إِلَى عَيْنَيْكَ نُورًا ثَاقِبا
كَا لشَّمْسِ فِي كَبْدِ السَّمَاءِ وَضَوْءُهَا يَغْشى الْبِلَادَ مَشَارقا وَمَغَارِبا
'നീ തിരിഞ്ഞുനോക്കുമ്പോഴെല്ലാം നിന്റെ കണ്ണുകളിലേക്ക് തീക്ഷ്ണപ്രകാശം ചൊരിയുന്ന പൗര്‍ണമി ചന്ദ്രനെ പോലെയും ആകാശമധ്യത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കിഴക്കും പടിഞ്ഞാറുമുള്ള നാടുകളെ പ്രകാശത്താല്‍ ആവരണം ചെയ്യുന്ന സൂര്യനെപോലെയുമാണ് ഖുര്‍ആന്‍.'
പക്ഷേ, ഖുര്‍ആന്റെ പ്രകാശസൗന്ദര്യങ്ങളെ തെളിഞ്ഞ ഉള്‍ക്കാഴ്ചയുള്ളവര്‍ക്കേ പ്രാപ്യമാവുകയുള്ളൂ. അതിന്റെ മേത്തരം പഴങ്ങള്‍ വിശുദ്ധ കരങ്ങള്‍ക്കു മാത്രമേ പറിച്ചെടുക്കാന്‍ കഴിയൂ. അതിലെ ശമനൗഷധങ്ങള്‍ ശുദ്ധാത്മാക്കള്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ.
إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾
'തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലായിരുന്നു അത്. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല' (വാഖിഅഃ 77-79).
ഖുര്‍ആന്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെ:
قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًىۚ
'നബിയേ താങ്കള്‍ പറയുക, അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശകവും ശമനൗഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരുതരം ബധിരതയുണ്ട്. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു' (ഫുസ്സ്വിലത്ത്: 44).
അല്ലാഹുവിന്റെ ബറകത്തുകള്‍ വഹിക്കുന്ന മലക്കുകള്‍ ചില സ്ഥലങ്ങളില്‍ പ്രവേശിക്കാത്തതുപോലെ അഹന്തയും ദുന്‍യാ മോഹവുമുള്ള ഹൃദയങ്ങളില്‍ ഖുര്‍ആന്‍ പ്രവേശിക്കുകയില്ല. ചീത്ത പുരുഷന്മാര്‍ ചീത്ത സ്ത്രീകള്‍ക്കും ചീത്ത സ്ത്രീകള്‍ ചീത്ത പുരുഷന്മാര്‍ക്കും നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കും നല്ല പുരുഷന്മാര്‍ നല്ല സ്ത്രീകള്‍ക്കും ആണ് ചേരുക.
'ഗ്രന്ഥത്തില്‍ നാം ഒരു കുറവും വരുത്തിയിട്ടില്ല' എന്നത്രെ ഖുര്‍ആനെക്കുറിച്ച് അല്ലാഹുവിന്റെ പ്രഖ്യാപനം. അതിലെ വിധികളും തത്ത്വജ്ഞാനങ്ങളും മനസ്സിലാക്കാനും അതിലൂടെ അല്ലാഹുവിന്റെ ആകാശഭൂമികളിലെ ആധിപത്യവിശാലത ഗ്രഹിക്കാനും മനുഷ്യസാധ്യമായ ശേഷിയുടെ പാരമ്യത്തിലെത്തണം.
ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ പ്രഥമ ശ്രദ്ധ പതിയേണ്ടത് ഖുര്‍ആനിക പദങ്ങളിലാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞു. പദങ്ങളെക്കുറിച്ച കൃത്യമായ ധാരണയില്ലാതെ ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാവില്ല. ഒരു കെട്ടിട നിര്‍മാതാവിനെ സംബന്ധിച്ചേടത്തോളം ആദ്യം അയാള്‍ക്ക് ലഭിക്കേണ്ടത് ഇഷ്ടികയാണ് (പദങ്ങളാകുന്ന ഇഷ്ടികകള്‍ ചേര്‍ന്നാണ് ഖുര്‍ആനാകുന്ന സൗധം നിര്‍മിതമായതെന്ന് സാരം). ഖുര്‍ആനിക വിജ്ഞാനങ്ങള്‍ മനസ്സിലാക്കാന്‍ മാത്രമല്ല ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കാനും പദപരിജ്ഞാനം ആവശ്യമാണ്.
ഖുര്‍ആനിക പദങ്ങള്‍ അറബികളുടെ സംസാരത്തിന്റെ കാമ്പും മാധ്യവുമാണ്. തത്ത്വജ്ഞാനികളും പണ്ഡിതന്മാരും തങ്ങളുടെ തത്ത്വങ്ങള്‍ക്കും വിധികള്‍ക്കും ആധാരമാക്കുന്നതും ഖുര്‍ആനിക പദങ്ങളെ തന്നെയാണ്. സാഹിത്യകാരന്മാരും കവികളും ഗദ്യ-പദ്യങ്ങളില്‍ ഉപയോഗിക്കുന്നതും മറ്റൊന്നല്ല. ഖുര്‍ആന്‍ ഉപയോഗിക്കാത്ത പദങ്ങളും അവയില്‍നിന്ന് നിഷ്പന്നമായ പദങ്ങളും ഏറ്റവും നല്ല പഴങ്ങളുടെ തൊലിയും കുരുവും ഗോതമ്പിന്റെ ഉമിയും പോലെ മാത്രമാണ്. ഖുര്‍ആനിക പദങ്ങള്‍ അറബി അക്ഷരമാലാക്രമത്തില്‍ ഒരു സമ്പൂര്‍ണ കൃതിയായി തയാറാക്കാന്‍ അനുഗ്രഹിക്കണമെന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുണ്ടായി. അല്ലാഹുവിന്റെ വിധിയുണ്ടാവുകയാണെങ്കില്‍ ഒരേ ആശയം സൂചിപ്പിക്കാന്‍ ഉപയോഗിച്ച വ്യത്യസ്ത പദങ്ങളിലെ അതിസൂക്ഷ്മ വ്യത്യാസങ്ങള്‍ സംബന്ധിച്ച് - ഉദാ: ഖല്‍ബ്, ഫുആദ്, സ്വദ്ര്‍- ഒരു ഗ്രന്ഥം രചിക്കണമെന്നുണ്ട്. 'യതഫക്കറൂന', 'യഅ്‌ലമൂന', 'യഫ്ഖഹൂന' എന്നിവ ഒരേ ആശയമല്ല സൂചിപ്പിക്കുന്നത്. 'ലി ഉലില്‍ അബ്‌സ്വാര്‍', 'ലി ദീ ഹിജ്‌റ്', 'ലി ഉലിന്നുഹാ' എന്നിവക്കും വ്യത്യസ്ത അര്‍ഥങ്ങളാണ്. 'അല്‍ഹംദുലില്ലാഹ്' എന്നതിന് 'അല്ലാഹുവിന് നന്ദി', 'ലാ റൈബ' എന്നതിന് 'ലാ ശക്ക' എന്നിങ്ങനെ അര്‍ഥം പറഞ്ഞാല്‍ മതി എന്ന ധാരണയും ശരിയല്ല.
ഈ ശാഖയിലെ പ്രധാന കൃതികള്‍
ഹിജ്‌റ രണ്ട് മൂന്ന് നൂറ്റാണ്ടുകളില്‍ ഈ വിഷയകമായ കൃതികള്‍ വിരചിതമായെങ്കിലും അവയില്‍ കൂടുതലും നഷ്ടപ്പെടുകയുണ്ടായി. ഇവയില്‍ ഹി. 276-ല്‍ നിര്യാതനായ അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു മുസ്‌ലിം ബ്‌നു ഖുതൈബദ്ദീനവരിയുടെ 'ഗരീബുല്‍ ഖുര്‍ആന്‍' ലഭ്യമാണ്. നാലാം നൂറ്റാണ്ടില്‍ ഹി: 330-ല്‍ നിര്യാതനായ അബുബക്ര്‍ അസ്സജസ്താനി എഴുതിയ 'നുസ്ഹത്തുല്‍ ഖുലൂബ് ഫീ തഫ്‌സീരി അല്ലാമില്‍ ഗുയൂബ്', അഞ്ചാം നൂറ്റാണ്ടില്‍ ഹി: 437-ല്‍ നിര്യാതനായ മക്കിയ്യുബ്‌നു അബീത്വാലിബ് രചിച്ച 'അല്‍ഉംദത്തു ഫീഗരീബില്‍ ഖുര്‍ആന്‍' എന്നിവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
ഹി: 502-ല്‍ നിര്യാതനായ റാഗിബുല്‍ ഇസ്വ്ഫഹാനിയുടെ 'അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആനാ'ണ് രചനാകാലം മുതല്‍ ഇന്നു വരെ ഈ ശാഖയില്‍ ഏറ്റവും കൂടുതല്‍ അവലംബിക്കപ്പെട്ടു പോരുന്നത്. ഹി. 6-ാം നൂറ്റാണ്ടില്‍ ഹി. 577-ല്‍ നിര്യാതനായ അബുല്‍ ബറകാത്ത് ഇബ്‌നുല്‍ അമ്പാരിയുടെ 'അല്‍ബയാന്‍ ഫീ ഗരീബില്‍ ഖുര്‍ആന്‍', ഹി. 597-ല്‍ നിര്യാതനായ അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസി അല്‍ ഫറജിന്റെ 'തദ്കിറത്തുല്‍ അരീബ് ഫീ തഫ്‌സീരില്‍ ഗരീബ്' എന്നിവ വിരചിതമായി. ഹി. ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദു ബ്‌നു അബീ ബക്‌രിര്‍റാസി(മ.ഹി: 666)യുടെ 'റൗദത്തുല്‍ ഫസ്വാഹ ഫീ ഗരീബില്‍ ഖുര്‍ആന്‍', നാസ്വിറുദ്ദീന്‍ അബുല്‍ അബ്ബാസ് അല്‍ ഇസ്‌കന്ദറാനീ(മ. ഹി. 683)യുടെ 'അത്തയ്‌സീറുല്‍ അജീബ് ഫീ തഫ്‌സീരില്‍ ഗരീബ്' (പദ്യകൃതി), ഹി. എട്ടാം നൂറ്റാണ്ടില്‍ അബൂഹയ്യാന്‍ അല്‍ അന്‍ദുലുസി(മ. ഹി. 745)യുടെ 'തുഹ്ഫത്തുല്‍ അരീബ് ബിമാ ഫില്‍ ഖുര്‍ആന്‍ മിനല്‍ ഗരീബ്', അലാഉദ്ദീന്‍ ഇബ്‌നുത്തുര്‍കുമാനി അല്‍മിസ്വ്‌രി (മ.ഹി. 750), അഹ്‌മദ് ബ്‌നു യൂസുഫ് അസ്സമീനുല്‍ ഹലബി (മ. ഹി. 756)യുടെ 'ഉംദത്തുല്‍ ഹുഫ്ഹാള് ഫീ തഫ്‌സീരി അശ്‌റഫില്‍ അല്‍ഫാള്', ഹി. 9-ാം നൂറ്റാണ്ടില്‍ ഇബ്‌നുല്‍ ഹാഇം മിസ്വ്‌രി(മ.ഹി. 815)യുടെ 'അത്തിബ്‌യാന്‍ ഫീ തഫ്‌സീരി ഗരീബില്‍ ഖുര്‍ആന്‍', ഹി. 10-ാം നൂറ്റാണ്ടില്‍ അബ്ദുല്‍ ബര്‍റ് ഇബ്‌നുശ്ശഹ്‌ന(ഹി. 921)യുടെ 'ഗരീബുല്‍ ഖുര്‍ആന്‍', ഹി. 11-ാം നൂറ്റാണ്ടില്‍ ഫഖ്‌റുദ്ദീന്‍ ത്വരീഹി(മ.ഹി. 1085)യുടെ 'മജ്മഉല്‍ ബഹ്‌റൈന്‍ വ മത്വ്‌ലഉന്നയ്യിറൈന്‍ ഫീ തഫ്‌സീരി ഗരീബില്‍ ഖുര്‍ആന്‍ വല്‍ ഹദീസിശ്ശരീഫൈന്‍', ഹി. 13-ാം നൂറ്റാണ്ടില്‍ മുസ്വ്ത്വഫാ ഹുസൈനുദ്ദഹബി(ഹി. 1280)യുടെ 'തഫ്‌സീറു ഗരീബില്‍ ഖുര്‍ആനില്‍ അളീം', ഹി. 14-ാം നൂറ്റാണ്ടില്‍ (പ്രസാധനം ഹി. 1369) മുഹമ്മദ് ഫുആദ് അബ്ദുല്‍ ബാഖിയുടെ 'മുഅ്ജമു ഗരീബില്‍ ഖുര്‍ആന്‍', ഹി. 1375-ല്‍ രചന പൂര്‍ത്തിയായ ഹസ്‌നൈന്‍ മഖ്‌ലൂഫിന്റെ 'കലിമാത്തുല്‍ ഖുര്‍ആന്‍ തഫ്‌സീര്‍ വ ബയാന്‍', ക്രി. 1986-ല്‍ പ്രസിദ്ധീകൃതമായ അബ്ദുല്‍ അസീസ് ഇസ്സുദ്ദീന്‍ സൈറുവാന്റെ 'അല്‍ മുഅ്ജമുല്‍ ജാമിഅ് ലി ഗരീബി മുഫ്‌റദാത്തില്‍ ഖുര്‍ആനില്‍ കരീം', ശൈഖ് മുഹമ്മദ് ബായ് ബല്‍ ആലിമിന്റെ 'അല്‍ മിഫ്താഹുന്നൂറാനി അലല്‍ മദ്ഖലിര്‍റബ്ബാനീ ലില്‍ മുഫ്‌റദില്‍ ഗരീബ് ഫില്‍ ഖുര്‍ആന്‍' എന്നിവയാണ് ഈ ശാഖയിലെ എടുത്തുപറയാവുന്ന മറ്റു കൃതികള്‍.
ഖുര്‍ആനിക പദങ്ങളുടെ സവിശേഷ ആശയങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍
1. صلاة، إقامة الصّلاة
وكل موضع مدح الله تعالى بفعل الصّلوة أو حثّ عليه ذكر بلفظ الإقامة نحو: والمقيمين الصّلاة - واقيموا الصّلوة- واقاموا الصّلوة ولم يقل المصلّين الّا فى المنافقين نحو قوله: فويل للمصلّين- الذين هم عن صلاتهم ساهون- ولا يأتون الصلوة إلّا وهم كسالى - وانما خصّ لفظ الإقامة تنبيها أن المقصود من فعلها توفية حقوقها وشرائطها - لا إلا تيان بهيئتها فقط
'നമസ്‌കരിക്കുക' എന്ന കര്‍മത്തെ പുകഴ്ത്തിയോ പ്രേരിപ്പിച്ചോ പറയുന്ന എല്ലാ സ്ഥലങ്ങളിലും 'ഇഖാമത്ത്' എന്ന പദം ചേര്‍ത്താണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. 'മുഖീമീനസ്സ്വലാത്ത്', 'അഖീമുസ്സ്വലാത്ത്', 'അഖാമുസ്സ്വലാത്ത' എന്നിങ്ങനെ. കപടവിശ്വാസികളെക്കുറിച്ച് പറയുന്നേടത്തു മാത്രമാണ് 'മുസ്വല്ലീന', 'സ്വലാത്ത്' എന്ന് ഉപയോഗിച്ചിരിക്കുന്നത്. സ്വലാത്തിന്റെ കൂടെ അഖാമൂ, അഖീമൂ, മുഖീമീന എന്നെല്ലാം ചേര്‍ക്കുമ്പോള്‍ അതിന്റെ അര്‍ഥം നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങളും നിബന്ധനകളും പൂര്‍ണമായി പാലിച്ചുകൊണ്ട് നമസ്‌കരിക്കുക എന്നാണ്. അല്ലാതെ രൂപം മാത്രം നിര്‍വഹിക്കുകയല്ല ('സ്വലാ' കാണുക).
2. ظلم
والظلم عند أهل اللّغة وكثير من العلماء وضع الشيئ في غير موضعه المختصّ به إما بنقصان أو بزيادة وامّا بعدول عن وقته أو مكانه ومن هذا يقال: ظلمت السقاء إذاتنا ولته في غير وقته ويسمّى ذلك اللّبن الظّليم- وظلمت الأرض: حفرتها ولم تكن موضعا للحفر وتلك الأرض يقال لها المظلومة- والتراب الذي يخرج منها ظليم ...... ويقال فيما يكثرو فيها يقلّ من التجاوز ولهذ ايستعمل فى الذّنب الكبير وفي الذّنب الصّغير ولذلك قيل لا دم في تعدّيه ظالم وفي ابليس ظالم وان كان بين الظلمين بون بعيد
'ളുല്‍മ്' എന്നാല്‍ ഭാഷാകാരന്മാരുടെയും അധിക പണ്ഡിതന്മാരുടെയും പക്ഷമനുസരിച്ച് ഒരു വസ്തുവെ അതിനു നിശ്ചയിച്ച നിര്‍ണിത സ്ഥാനത്തല്ലാതെ കൂടിയോ കുറഞ്ഞോ സമയമോ സ്ഥലമോ തെറ്റിച്ച് സ്ഥാപിക്കുക എന്നാണ്. 'ളലംത്തുസ്സിഖാഅ' എന്നാല്‍ 'അസമയത്ത് കുടിച്ചു' എന്നാണര്‍ഥം. അസമയത്ത് കുടിച്ച പാലിന് 'ളലീം' എന്നു പറയും. 'ളലംത്തുല്‍ അര്‍ദ' എന്നാല്‍ അസ്ഥാനത്ത് ഭൂമി കുഴിച്ചു എന്നാണ്.
ഇങ്ങനെ കുഴിക്കപ്പെട്ട ഭൂമിക്ക് 'മള്‌ലൂമ' എന്നു പറയും. അവിടെനിന്ന് പുറത്തേക്കെടുത്ത മണ്ണിന് 'ളലീം' എന്നും പറയും. കൂടിയോ കുറഞ്ഞോ സംഭവിക്കുന്ന അക്രമത്തിനെല്ലാം 'ളുല്‍മ്' എന്ന് പ്രയോഗിക്കും. ആദമിന്റെയും ഇബ്‌ലീസിന്റെയും അക്രമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും ഈയര്‍ഥത്തില്‍ രണ്ടു പേരും 'ളാലിമു'കളാണ് (ബഹുദൈവത്വം ളുല്‍മാണെന്നു പറയുന്നത് അത് തീര്‍ത്തും അസ്ഥാനത്തുള്ള കടന്നുകയറ്റമായതിനാലാണ്).
3. فسق
فسق فلان خرج عن حجْر الشّرع وذلك من قولهم فسق الرّطب إذا خرج عن قشره .... قال ابن الأعرابيّ: لم يسمع الفاسق في وصف الإنسان في كلام العرب وانما قالوا: فسقت الرّطبه عن قشرها.
'ശരീഅത്തിന്റെ വിലക്കില്‍നിന്ന് ഒരാള്‍ പുറത്തു കടന്നു' എന്ന പ്രയോഗം പാകമായ ഈത്തപ്പഴം അതിന്റെ തൊലിയില്‍നിന്ന് പുറത്തുകടന്നു എന്നതില്‍നിന്നാണ് ഉണ്ടായത്.... മനുഷ്യനെ സംബന്ധിച്ച് 'ഫാസിഖ്' എന്ന് അറബികളുടെ ഭാഷാ പ്രയോഗമനുസരിച്ച് പറയുകയില്ല. പാകമായ ഈത്തപ്പഴം അതിന്റെ തൊലിയില്‍നിന്ന് പുറത്തു കടന്നു എന്നേ അവര്‍ പ്രയോഗിച്ചിരുന്നുള്ളൂ (അല്ലാഹുവിന്റെ നിയമപരിധികളില്‍നിന്ന് പുറത്തു കടക്കുന്നയാള്‍ക്ക് 'ഫാസിഖ്' എന്ന് ആദ്യമായി പ്രയോഗിച്ചത് ഖുര്‍ആനാണെന്നു സാരം. അതോടെ ആ പദത്തിന് അങ്ങനെ ഒരാശയം കൈവന്നു).
4. فساد
الفساد خروج الشيئ عن الاعتد ال قليلا كان الخروج عنه أو كثيرًا ويضادّه الصّلاح
'ഫസാദ്' എന്നാല്‍ ഒരു വസ്തു സന്തുലിതാവസ്ഥയില്‍നിന്ന് കുറഞ്ഞോ കൂടിയോ പുറത്തു കടക്കുക എന്നാണ്. അതിന്റെ വിപരീതം 'സ്വലാഹ്' എന്നാണ്. പ്രാപഞ്ചികവും സാന്മാര്‍ഗികവുമായ ദൈവിക നിയമങ്ങളില്‍ കൃത്രിമമായി മനുഷ്യന്‍ ഇടപെടുന്നത് വഴി ഉണ്ടാവുന്ന ദൂഷ്യത്തെയാണ് ഖുര്‍ആന്‍ ഫസാദ് എന്നു പറയുന്നത്.
5. حبِط
أصل الحبط من الحَبَط وهو أن تكثر الدّابّة اكلا حتى ينتفخ بطنها
'ഹബ്ത്വ്' എന്നതിന്റെ മൂലം 'ഹബത്വി'ല്‍നിന്നാണ്. അമിതമായി തിന്നതിനാല്‍ കന്നുകാലിയുടെ വയറ് വീര്‍ത്ത് പൊട്ടാറാവുക എന്നര്‍ഥം (കര്‍മങ്ങള്‍ നിഷ്ഫലമാവുക എന്ന് ഖുര്‍ആനികാര്‍ഥം).
تمام ، كمال
മലയാളത്തില്‍ നാം പൂര്‍ണത എന്നു അര്‍ഥം പറയുന്ന രണ്ടു പദങ്ങളാണ് 'തമാമും' 'കമാലും'. എന്നാല്‍ രിനും വ്യത്യസ്ത ആശയങ്ങളാണ്.
تمام: تمام الشيئ انتهاؤه الى حدّ لا يحتاج إلى شيئ خارج عنه. والناقص: ما يحتاج إلى شيئ خارج عنه
ഒരു വസ്തുവിന്റെ 'തമാം' (തികവ്) എന്നാല്‍ പുറമെനിന്നുള്ള ഒന്നിന്റെയും ആവശ്യമില്ലാതെ അത് സ്വന്തം നിലയില്‍ തന്നെ പൂര്‍ണത എത്തുക എന്നത്രെ. ഉദാ:
وتمّت كلمت ربك ، والله متمّ نوره كمال: كمال الشيئ حصول ما فيه الغرض منه. فاذا قيل كمل ذلك فمعناه حصل ماهوا الغرض منه
ഒരു വസ്തുവിന്റെ 'കമാല്‍' (പൂര്‍ണത) എന്നാല്‍ അതിലൂടെ ലക്ഷ്യം വെച്ചത് എന്തായിരുന്നോ അത് സാര്‍ഥകമായി എന്നാണ്.
اليوم أكملت لكم دينكم واتممت عليكم نعمتي
''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ 'കമാല്‍' ആക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം ഞാന്‍ 'തമാം' ആക്കിത്തന്നിരിക്കുന്നു'' എന്ന സൂക്തത്തില്‍ 'കമാലി'നും 'തമാമി'നും ഒഴുക്കന്‍ മട്ടില്‍ 'പൂര്‍ണത' എന്ന് അര്‍ഥം പറഞ്ഞുപോയാല്‍ മതിയാവില്ല. രിന്റെയും യഥാര്‍ഥ വിവക്ഷ വിശദീകരിച്ചു തന്നെ മനസ്സിലാക്കണം.
'വാളെടുത്തവരെല്ലാം വെളിച്ചപ്പാട്' എന്ന ചൊല്ലുപോലെ അറബി അക്ഷരമാല കൂട്ടിവായിക്കാനറിയുന്നവരെല്ലാം ഖുര്‍ആന്‍ വ്യാഖ്യാതാക്കളായി രംഗപ്രവേശം ചെയ്യുന്ന ഈ കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാനം മാത്രമല്ല, അര്‍ഥഗ്രഹണം പോലും ആധികാരിക സ്രോതസ്സുകളെ ആശ്രയിച്ചു വേണമെന്ന് 'അല്‍മുഫ്‌റദാത്ത് ഫീ ഗരീബില്‍ ഖുര്‍ആന്‍' പോലുള്ള ഗ്രന്ഥങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.