മഖാസ്വിദുശ്ശരീഅ: ചരിത്രത്തിലൂടെ

മുഹമ്മദ് ജവാദ്, താനൂര്‍‌‌
img

മുഹമ്മദ് നബി(സ)ക്കുായ  വെളിപാടിന്റെ പ്രാരംഭം  തന്നെയാണ് മഖാസ്വിദുശ്ശരീഅയുടെ ആരംഭവും. ധാര്‍മികവും സാംസ്‌കാരികവുമായി മൂല്യച്യുതി സംഭവിച്ച ഒരു ജനതയുടെ അവസ്ഥയില്‍ മനംമടുത്താണ് മുഹമ്മദ് (സ) ഹിറാ ഗുഹയിലെത്തുന്നത്. അവരെ നന്മയിലേക്ക് വഴിനടത്താനുതകുന്ന മാര്‍ഗദര്‍ശനമായാണ് ഖുര്‍ആനിക വചനങ്ങള്‍ അവതരിക്കുന്നത്. 'വായിക്കുക' എന്ന ആദ്യ ആഹ്വാനത്തില്‍നിന്ന് തുടങ്ങേണ്ടതാണ് മഖാസ്വിദുശ്ശരീഅയെ കുറിച്ച നമ്മുടെ ആലോചനകള്‍. മഖാസ്വിദ് ഒരു സ്വതന്ത്ര വിജ്ഞാന ശാഖയായി രൂപാന്തരപ്പെടുന്നത് പില്‍ക്കാലത്താണെങ്കിലും ഖുര്‍ആനിനൊപ്പം തന്നെയാണതും സഞ്ചരിച്ചുതുടങ്ങിയതെന്നു സാരം.

പ്രവാചക കാലഘട്ടം
ഏതൊരു ഇസ്‌ലാമിക വിജ്ഞാനീയ ശാഖയുടെയും പ്രഭവകേന്ദ്രം റസൂലാണല്ലോ, മഖസ്വിദുശ്ശരീഅയുടെ കാര്യവും വ്യത്യസ്തമല്ല. പ്രവാചകന് അവതരിച്ച വഹ്‌യില്‍നിന്നും അദ്ദേഹത്തിന്റെ തന്നെ വചനങ്ങളില്‍നിന്നും അവയുടെയൊക്കെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് വായിച്ചെടുക്കാന്‍ കഴിയും.

വിശുദ്ധ ഖുര്‍ആന്റെ അവതരണ ലക്ഷ്യവും പ്രവാചകനിയോഗ ലക്ഷ്യവും തുടങ്ങി വിശ്വാസപരവും ധാര്‍മികവും നിയമപരവുമായി മനുഷ്യനുള്ള പല നിര്‍ദേശങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്.

ഖുര്‍ആന്റെ അവതരണലക്ഷ്യത്തെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് 'ജനങ്ങളെ നേര്‍വഴിയില്‍ നയിക്കുക' എന്നതാണ്. ചില സ്ഥലങ്ങളില്‍ താക്കീത് നല്‍കുക, സന്തോഷവാര്‍ത്ത അറിയിക്കുക, ജനങ്ങള്‍ക്കിടയില്‍ വിധിതീര്‍പ്പ് നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ കുറിച്ച് കൂടി ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. ലോകാവസാനം വരെ ജീവസ്സുറ്റതായി നിലനില്‍ക്കാന്‍ കഴിയുമ്പോഴേ മുഴുവന്‍ ജനങ്ങള്‍ക്കും വഴികാട്ടിയാകാന്‍ ഖുര്‍ആന് കഴിയൂ, അങ്ങനെയെങ്കില്‍ മനുഷ്യന്റെ മുഴുവന്‍ സമസ്യകള്‍ക്കും പരിഹാരമായി മാറുക എന്നത് ഖുര്‍ആന്റെ അനിവാര്യവും സ്വാഭാവികവുമായ തേട്ടമാണ്.

ഇരുളടഞ്ഞ മനുഷ്യജീവിതത്തിന് നന്മയുടെ വെളിച്ചമായി വീശിയിട്ടും അതിനെ സ്വീകരിക്കാന്‍ ഒരുക്കമല്ലാത്തവര്‍ക്കാണ് ഖുര്‍ആന്‍ താക്കീതായി മാറുന്നത്. അതിനെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍ക്ക് സന്തോഷവാര്‍ത്തയാവുകയും ചെയ്യും.
പ്രവാചകനിയോഗ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നതു: 'ലോകര്‍ക്കാകമാനം കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.' ഈ സൂക്തം സൂചിപ്പിക്കുന്നത് കാരുണ്യം മാത്രമാണ് പ്രവാചകനിയോഗ ലക്ഷ്യമെന്നാണ്. എന്നാല്‍ അതേ ഖുര്‍ആന്‍ തന്നെ വ്യത്യസ്ത നിയോഗ ലക്ഷ്യങ്ങളെക്കുറിച്ച് മറ്റു സ്ഥലങ്ങളില്‍ സൂചിപ്പിക്കുന്നുണ്ടു താനും:
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ
(നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തേ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു - ജുമുഅ: 2).
الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ

(തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും  സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍ - അഅ്‌റാഫ്: 157).
മാത്രമല്ല, പ്രവാചകന്‍ (സ) തന്നെ തന്റെ നിയോഗലക്ഷ്യമായി പറയുന്നത് 'ഉത്തമ സ്വഭാവ സംസ്‌കരണത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി' എന്നാണ്. എന്നിരിക്കെ തന്നെ ഇവ പരസ്പരവൈരുധ്യമാണെന്ന വീക്ഷണത്തിന് പ്രസക്തിയില്ല. കാരണം, 'ലോകര്‍ക്കാകമാനം കാരുണ്യമായിക്കൊണ്ടല്ലാതെ നാം താങ്കളെ നിയോഗിച്ചിട്ടില്ല' എന്ന സൂക്തത്തിന്റെ വിശദീകരണമാണ് മേല്‍പറഞ്ഞ രണ്ട് ആയത്തുകളും പ്രവാചകവചനവും എന്നത് സുഗ്രാഹ്യമായ കാര്യമാണ്.

മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിന് ആവശ്യമായ ദൈവിക നിര്‍ദേശങ്ങള്‍ നമ്മിലേക്ക് എത്തിച്ചുതന്നു എന്നതാണല്ലോ 'ലോകര്‍ക്കാകമാനം കാരുണ്യമായി' എന്നതിന്റെ വിവക്ഷ. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് വിവരിക്കുക, ജനങ്ങളെ സംസ്‌കരിക്കുക, അവര്‍ക്ക് വേദവും യുക്തിജ്ഞാനവും പകരുക, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, നല്ലതിനെയും ചീത്തയെയും (ഹറാം, ഹലാല്‍) നിര്‍ണയിച്ചു തരിക, അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയും ദൈവിക നിര്‍ദേശങ്ങള്‍ നമ്മിലേക്കെത്തിക്കുക എന്ന ദൗത്യനിര്‍വഹണത്തിന്റെ തന്നെ ഭാഗമാണെന്നു വ്യക്തം.

ഖുര്‍ആനില്‍നിന്ന് മറ്റു ചില ഉദാഹരണങ്ങള്‍:

1) 
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
(യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ - ഹജ്ജ്: 39).
വിശ്വാസികള്‍ക്ക് യുദ്ധാനുവാദം നല്‍കിക്കൊണ്ട് അവതരിച്ച സൂക്തമാണിത്. ആക്രമിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെടുകയും ചെയ്തൂ എന്നതാണ് അനുമതിയുടെ കാരണമെന്നു കൂടി വ്യക്തമാക്കുന്നുണ്ട് ഈ സൂക്തം.
2)  وَأَقِمِ الصَّلَاةَ لِذِكْرِي
(എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക - ത്വാഹാ: 14).

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ
(നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട് - അന്‍കബൂത്ത്: 45).
നമസ്‌കാരം വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കിയതിനു പിന്നിലെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചാണ് ഈ രണ്ട് ആയത്തുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിശ്വാസികള്‍ ദൈവസ്മരണയുള്ളവരാകണം, അതുവഴി സ്വഭാവശുദ്ധീകരണം സാധ്യമാക്കണം. എങ്കില്‍ മാത്രമേ നമസ്‌കാരം ലക്ഷ്യപൂര്‍ത്തീകരണം നടത്തുന്നുള്ളൂവെന്നും അല്ലാത്തവ കേവലം യാന്ത്രിക പ്രകടനങ്ങള്‍ മാത്രമാണെന്നുമാണ് ഈ ആയത്തുകളുടെ വിശദീകരണം.
തിരുചര്യയില്‍:
1) عن المغيرة بن شعبة رضي الله عنه: أنه خطب امرأة فقال النبي صلى الله عليه وسلم: “ انظر إليها؛ فإنه أحرى أن يؤدم بينكما”
മുഗീറത്തുബ്‌നു ശുഅ്ബ (റ) ഒരു സ്ത്രീയെ വിവാഹാലോചന നടത്തിയതറിഞ്ഞ റസൂല്‍ (സ) പറഞ്ഞു: 'നീ അവളിലേക്ക് നോക്കുക, നിങ്ങള്‍ക്കിടയില്‍ ഇണക്കം ഉണ്ടാകാന്‍ ഏറ്റവും നല്ലതാണത്'.

വിവാഹാലോചന നടത്തുമ്പോള്‍ സ്ത്രീയെ കാണണമെന്ന നിര്‍ദേശത്തില്‍ പരിമിതപ്പെടുത്താതെ അതിനു പിന്നിലെ 'മഖാസ്വിദി'നെ കൂടി പറഞ്ഞു വെക്കുന്നുണ്ട് പ്രവാചകന്‍. കുടുംബ ജീവിതം ഇണകള്‍ക്കിടയില്‍ പരസ്പരം ഇണക്കത്തോടുകൂടിയായിരിക്കണം എന്നതാണ് ഈ പ്രവാചക വചനത്തിന്റെ താല്‍പര്യം.
2) قوله صلى الله عليه وسلم لعائشة رضي الله عنها: “لو لا أن قومك حديثو عهد بشرك، لبنيت الكعبة على قواعد إبراهيم”

പ്രവാചകന്‍ (സ) ആഇശ(റ)യോട് പറഞ്ഞ വചനം: 'നിന്റെ സമൂഹം ശിര്‍ക്കുമായി ഈയടുത്തുമാത്രം ബന്ധം വിടര്‍ത്തിയവര്‍ അല്ലായിരുന്നുവെങ്കില്‍, ഇബ്‌റാഹീമി(അ)ന്റെ അസ്തിവാരങ്ങളില്‍ കഅ്ബയെ ഞാന്‍ നിര്‍മിക്കുമായിരുന്നു.'
അറബ് സമൂഹത്തിന് കഅ്ബയോട് കേവലം 'ആരാധനാലയം' എന്നതിനുമപ്പുറം വല്ലാത്തൊരു വൈകാരികമായ ബന്ധമുണ്ടായിരുന്നു. അതിന്റെ സംരക്ഷണവും പരിപാലനവും അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും പര്യായമായി അവര്‍ മനസ്സിലാക്കി. ഇസ്‌ലാമിനു ശേഷവും അതിന്റെ അനുരണനങ്ങള്‍ അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രസ്തുത ഭവനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയെന്നത് അവരുടെ മനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് റസൂല്‍(സ) തനിക്കാഗ്രഹമുണ്ടായിട്ടു പോലും കഅ്ബയുടെ പുനര്‍നിര്‍മാണത്തിന് മുതിരാതിരുന്നത്. താന്‍ ആ ദൗത്യത്തില്‍നിന്ന് പിന്മാറിയതിന്റെ ഉദ്ദേശ്യത്തെ വ്യക്തമാക്കുകയാണ് റസൂല്‍ (സ) ഈ ഹദീസിലൂടെ.

സ്വഹാബികളുടെ കാലഘട്ടത്തില്‍:
പ്രവാചകനു ശേഷവും പ്രബോധനത്തിന്റെ തുടര്‍ച്ചയെന്നോണം സത്യസന്ദേശം ഒട്ടനവധി നാടുകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നോട്ടു പോയി. പുതിയ സാഹചര്യങ്ങളെയും പുതിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാര്‍ നേതൃത്വങ്ങള്‍ നിര്‍ബന്ധിതരായി. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി പുതിയ ഇജ്തിഹാദുകള്‍ രൂപപ്പെട്ടു. മഖാസ്വിദീ ചിന്തകളായിരുന്നു ഈ ഇജ്തിഹാദുകള്‍ക്ക് ബീജാവാപം നല്‍കിയത്. കാരണം, ഖുര്‍ആനിലൂടെയും പ്രവാചക ജീവിതത്തിലൂടെയും അവരതിനെ കണ്ടെടുത്തവരായിരുന്നു. ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു: 'പ്രവാചകന്റെ ഉദ്ദേശ്യങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്തവര്‍ സ്വഹാബികളാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെയും താല്‍പര്യങ്ങളെയും മനസ്സിലാക്കുന്നതിനു വേണ്ടി അവര്‍ അദ്ദേഹത്തിനു ചുറ്റും ഈച്ചകളെപ്പോലെ മൂളിപ്പറക്കുമായിരുന്നു.' ഖുലഫാഉര്‍റാശിദുകളുടെ ഭരണകാലത്തു തന്നെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാം. അവയില്‍ ചിലത്:

1) സകാത്ത്‌നിഷേധികള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം: അബൂബക്ര്‍ (റ) പറയുന്നു:
“والله لو منعوني عناقا كانوا يؤدونها إلى رسول الله صلى الله عليه وسلم، لقاتلهم على منعها”

'അല്ലാഹുവാണ, റസൂലി(സ)ന് നല്‍കിയത് അവരെനിക്ക് നിഷേധിക്കുകയാണെങ്കില്‍ ഞാനവരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അതൊരു ആട്ടിന്‍കുട്ടിയാണെങ്കില്‍ പോലും.'
ഒന്നാം ഖലീഫ അബൂബക്ര്‍ (റ) തന്റെ കാലത്ത് തലപൊക്കിയ സകാത്ത്‌നിഷേധികള്‍ക്കെതിരെ  നടത്തിയ യുദ്ധപ്രഖ്യാപനമാണിത്. ഒരര്‍ഥത്തില്‍, ഭരണകൂടത്തെ വെല്ലുവിളിക്കുകയാണ് സകാത്ത്‌നിഷേധികള്‍ ചെയ്തത്. 'ഭരണകൂട സംരക്ഷണം' എന്ന മഖ്‌സ്വദിനെ പരിഗണിച്ചുകൊണ്ട് ഭരണാധികാരിയെന്ന തന്റെ ഉത്തരവാദിത്വനിര്‍വഹണമാണ് ഈ പ്രഖ്യാപനത്തിലൂടെ അബൂബക്ര്‍(റ) നടത്തിയത്.

2) രണ്ടാം ഖലീഫ ഉമര്‍ (റ) കുതിരകള്‍ക്ക് സകാത്ത് വ്യവസ്ഥപ്പെടുത്തിയത് മറ്റൊരുദാഹരണമാണ്. പ്രവാചകന്‍(സ) കുതിരകള്‍ക്ക് സകാത്ത് വാങ്ങിയിരുന്നില്ല. അക്കാലത്ത് കുതിര ഒരു വരുമാനമാര്‍ഗമയിരുന്നില്ല എന്നതാവാം കാരണം. യുദ്ധങ്ങളില്‍ മാത്രമായിരുന്നു ഇവയെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ജനങ്ങള്‍ കുതിരയെ ധാരാളമായി വളര്‍ത്തുകയും അതിനെ വരുമാനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്തു. ഉമറിന്റെ കാലത്ത് ഈ പ്രവണത വര്‍ധിച്ച തോതില്‍ കാണപ്പെട്ടപ്പോള്‍ അദ്ദേഹം സ്വഹാബികളോട് കൂടിയാലോചിച്ച ശേഷം കുതിരക്കും സകാത്ത് വ്യവസ്ഥപ്പെടുത്തുകയായിരുന്നു.حفظ المال  (ധനത്തിന്റെ സംരക്ഷണം) എന്ന മഖ്‌സ്വദിനെ പരിഗണിച്ചുകൊണ്ടാണ് ഉമറും സ്വഹാബികളും ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നത്.

3. വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണ ചരിത്രത്തില്‍ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ഭരണകാലം. ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ ഇസ്‌ലാം വ്യാപകമായി പ്രചരിച്ചതോടെ അനറബികളായ മുസ് ലിംകള്‍ ഖുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും തുടങ്ങി. ഇവര്‍ക്കിടയിലെ ഉച്ചാരണ വൈവിധ്യങ്ങള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രകടമായി. ഇത് ശ്രദ്ധയില്‍പെട്ട ഖലീഫ ഉസ്മാന്‍(റ) പ്രവാചക പത്‌നി ഹഫ്‌സ(റ)യില്‍നിന്ന് ഖുര്‍ആന്റെ മൂലപ്രതി വാങ്ങുകയും ഏഴ് പകര്‍പ്പുകള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന്, ഈ പകര്‍പ്പുകള്‍ വ്യത്യസ്ത നാടുകളിലേക്ക് അയക്കുകയും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മൂലപ്രതിയും പകര്‍പ്പുകളും ഒഴികെ ബാക്കിയെല്ലാം നശിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇങ്ങനെ തുടങ്ങി ഒട്ടനവധി നിര്‍മാണാത്മകവും പുനര്‍നിര്‍മാണാത്മകവുമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചരിത്രഘട്ടമാണ് ഖുലഫാഉര്‍റാശിദുകളുടേത്. നികുതി ഏര്‍പ്പെടുത്തുക, ജയില്‍ നിര്‍മിക്കുക തുടങ്ങിയവ മറ്റു ചില ഉദാഹരണങ്ങളാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ്, കര്‍മപഥത്തില്‍ അതിനെ ആവിഷ്‌കരിച്ചതിന്റെ ബാക്കിപത്രങ്ങളാണ് ഈ പരിഷ്‌കരണങ്ങളൊക്കെയും.

കര്‍മശാസ്ത്ര മദ്ഹബുകളുടെ വളര്‍ച്ചാഘട്ടത്തില്‍
കര്‍മശാസ്ത്ര മദ്ഹബുകളുടെ ആഗമനത്തോടെയാണ് പുതിയ ഇജ്തിഹാദുകള്‍ വികസിക്കുന്നത്. പണ്ഡിതന്മാര്‍ അവരുടെ ദൗത്യം തിരിച്ചറിയുന്നതും കാലാനുസൃതമായി സ്വതന്ത്രമായ ഫിഖ്ഹിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ മദ്ഹബുകളാണ് പ്രധാന പങ്കുവഹിച്ചത്. ഈ മദ്ഹബുകളുടെ പണ്ഡിതന്മാര്‍ അവരുടെ ഫിഖ്ഹിനെ രൂപപ്പെടുത്തിയെടുത്തത് ഖിയാസ്, ഇസ്തിഹ്‌സാന്‍, മസ്വാലിഹുല്‍ മുര്‍സല, സദ്ദുദറാഇഅ് തുടങ്ങിയ ടൂളുകള്‍ ഉപയോഗപ്പെടുത്തിയാണ്. മഖാസ്വിദുശ്ശരീഅയാണ് ഈ ടൂളുകളുടെയൊക്കെ മൂലശിലായെന്ന് സൂക്ഷ്മ പരിശോധനയില്‍ നമുക്ക് ബോധ്യപ്പെടുന്ന കാര്യമാണ്.

കര്‍മശാസ്ത്ര മദ്ഹബുകളുടെ വളര്‍ച്ചക്കു ശേഷം
ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിന് മഖാസ്വിദുശ്ശരീഅയെ പരിചയപ്പെടുത്തിയത് പ്രസ്തുത കാലത്തെ പണ്ഡിതന്മാരാണ്. എന്നാല്‍ 'മഖാസ്വിദുശ്ശരീഅ' എന്ന സാങ്കേതിക പ്രയോഗം അവര്‍ ഉപയോഗിച്ചിരുന്നില്ല. പകരം  علة(കാരണം), علل (കാരണങ്ങള്‍), حكمة ( യുക്തി) ,  مصلحة(നന്മ),  معنى(അര്‍ഥം),   مراد الشريعة(ശരീഅത്തിന്റെ ഉദ്ദേശ്യം), أسرار الشريعة (ശരീഅത്തിന്റെ രഹസ്യങ്ങള്‍),  قياس(ന്യായാധീകരണം), استصلاح (പൊതുതാല്‍പര്യം), سدَا الذَرائع (തിന്മയെ തടയല്‍) തുടങ്ങിയ പദങ്ങളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. മഖാസ്വിദുശ്ശരീഅയെ കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യത്തെ പുസ്തകം അബൂബക്ര്‍ ഖഫ്ഫാല്‍ അശ്ശാഫിയുടെ 'മഹാസിനു ശ്ശരീഅ'യാണ്. രണ്ടാമത് ഹകീമു തിര്‍മിദിയുടെ 'മഖാസ്വിദുസ്സ്വലാത്ത്' എന്ന ഗ്രന്ഥവും. മഖാസ്വിദുശ്ശരീഅ ആദ്യമായി വിവരിക്കുന്നത് ഇമാം ജുവൈനി തന്റെ ഉസ്വൂലൂല്‍ ഫിഖ്ഹിലെ ഗ്രന്ഥമായ 'അല്‍ ബുര്‍ഹാനു ഫീ ഉസ്വൂലില്‍ഫിഖ്ഹി'ല്‍ ആണ്. ശേഷം ഇമാം അബൂ ഹാമിദില്‍ ഗസ്സാലി തന്റെ ഗ്രന്ഥമായ 'അല്‍ മുസ്തസ്വ്ഫാ', 'ശിഫാഉല്‍ അലീല്‍', 'അല്‍ കബാഇര്‍' എന്നിവയിലും ഇമാം ഫഖ്‌റുദ്ദീന്‍ റാസി 'അല്‍ മഹ്‌സ്വൂലി'ലും ഇമാം ആമുദി 'അല്‍ ഇഹ്കാമു ഫില്‍ അഹ്കാമി'ലും ഇസ്സുബ്‌നു അബ്ദിസ്സലാം 'ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം', 'അല്‍ ഖവാഇദുസ്സുഅഫീ' എന്നിവയിലും ഇമാം ഖറാഫി 'അല്‍ ഫുറൂഖി'ലും ഇമാം അത്തൂഫി 'അത്തഅ്ഈനു ഫീ ശറഹില്‍ അറബഈനി'ലും യഥാക്രമം വിശദീകരിക്കുന്നുണ്ട്. ഇമാം ശാത്വിബിയാണ് മഖാസ്വിദുശ്ശരീഅയുടെ ആചാര്യനായി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ 'അല്‍ മുവാഫഖാത്തു ഫീ ഉസ്വൂലിശ്ശരീഅ' ഏറെ പ്രശസ്തമായ ഗ്രന്ഥമാണ്. മഖാസ്വിദുശ്ശരിഅ എന്ന വിജ്ഞാന ശാഖയുടെ പിന്നീടുള്ള വളര്‍ച്ചയുടെ വേഗതയെ നിര്‍ണയിക്കുന്നതില്‍ അനിഷേധ്യമായ പങ്കു വഹിച്ച ഗ്രന്ഥമാണിത്. ഹിജ്‌റ എട്ടാം നൂറ്റാണ്ടിലാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. ഇമാം ശാത്വിബിയുടെ മരണത്തോടുകൂടി ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളില്‍ വിസ്മരിക്കപ്പെടുകയും പിന്നീട് അഞ്ച് നൂറ്റാണ്ടുകള്‍ക്കു ശേഷം  കണ്ടെടുക്കപ്പെടുകയും ചെയ്തു എന്ന സവിശേഷത കൂടി ഈ ഗ്രന്ഥത്തിനുണ്ട്. മുഹമ്മദ് അബ്ദുവാണ് ഈ വൈജ്ഞാനിക പ്രവര്‍ത്തനത്തിന് കാര്‍മികത്വം വഹിച്ചത്. അദ്ദേഹത്തിന്റെയും ശിഷ്യന്മാരുടെയും വൈജ്ഞാനിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 'മുവാഫഖാത്തി'ന്റെ പ്രചാരം സാധ്യമായത്. ഇമാം ശാത്വിബിയുടെ 'അല്‍ ഇഅ്തിസ്വാം' എന്ന ഗ്രന്ഥവും ഇതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഹമ്മദ് അബ്ദുവിന്റെ ശിഷ്യന്മാരിലൊരാളായ അബ്ദുല്ല ദര്‍റാസ് ഈജിപ്ത് കേന്ദ്രീകരിച്ച് 'മുവാഫഖാത്തി'ന്റെ പ്രചാരം ഏറ്റെടുത്തപ്പോള്‍ മറ്റൊരു ശിഷ്യനായ റശീദ് രിദാ 'അല്‍ ഇഅ്തിസ്വാമി'ന്റെ പ്രചാരണവും ഏറ്റെടുത്തു. മറ്റു ചില പണ്ഡിതന്മാരും ഇതിനെ ഏറ്റെടുത്തതോടുകൂടി 'മുവാഫഖാത്തി'ന് ശര്‍ഹുകളും ഉണ്ടായി. മുഹമ്മദ് ഫാദിലുബ്‌നു മാമീനിന്റെ 'അല്‍മറാഫിഖു അലല്‍ മുവാഫഖാത്ത്', 'അല്‍ മുറാഫഖാത്തു അലല്‍ മുവാഫഖാത്ത്' എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. സൈത്തൂനാ സര്‍വകലാശാലയിലെ അധ്യാപകര്‍ ഇമാം ശാത്വിബിയുടെ ചിന്തകളില്‍ ആകൃഷ്ടരായി. സര്‍വകലാശാല കേന്ദ്രീകരിച്ച് പുതിയ ചര്‍ച്ചകളും ഒട്ടനവധി രചനകളും രൂപപ്പെട്ടു. പില്‍ക്കാലത്തെ മഖാസ്വിദീ ചിന്തകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്നതാണ് 'മുവാഫഖാത്തി'നെ ഇത്രമേല്‍ സവിശേഷമാക്കുന്നത്. ഇമാം സര്‍കശിയുടെ 'അല്‍ ബഹ്‌റുല്‍ മുഹീത്വ്', ഇമാം ഇബ്‌നുതൈമിയ്യയുടെ 'ഇഖ്തിദാഉസ്സ്വിറാത്വില്‍ മുസ്തഖീം', 'അല്‍ ഇസ്തിഖാമ', 'ദര്‍ഉത്തആറുദില്‍ അഖ്ലി വന്നഖ്ലി' എന്നീ ഗ്രന്ഥങ്ങളും മഖാസ്വിദുശ്ശരീഅക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പുതിയ കാലത്ത്
പുതിയ കാലത്ത് മഖാസ്വിദുശ്ശരീഅയുടെ വളര്‍ച്ചക്ക് വെള്ളവും വളവും നല്‍കിയത് ത്വാഹിറുബ്‌നു ആശൂറിന്റെ വൈജ്ഞാനിക സംഭാവനകളാണെന്നാണ് പണ്ഡിതമതം. അദ്ദേഹത്തിന്റെ 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്ലാമിയ്യ' എന്ന ഗ്രന്ഥം ഈയര്‍ഥത്തില്‍ ഏറെ ശ്രദ്ധേയമാണ്. 'മഖാസ്വിദുശ്ശരീഅ' എന്ന പ്രയോഗത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുള്ളത് ഇദ്ദേഹത്തിന്റെ രചനകള്‍ക്കു ശേഷമാണ്. ഇദ്ദേഹത്തിന്റെ ചിന്തകള്‍ക്കു ശേഷമാണ് ഇതൊരു വിജ്ഞാനശാഖ എന്ന നിലയില്‍ വികാസം പ്രാപിക്കുന്നതും പുതിയ െൈവജ്ഞാനിക സംഭാവനകള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നതും. കൂടുതല്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ മേഖലയില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. അതുകൊണ്ടുതന്നെ, 'ഇബ്‌നു ആശൂറാനന്തര മഖാസ്വിദുശ്ശരീഅ' പ്രത്യേക ചര്‍ച്ചാ വിഷയമാണ്. ഇതിനു ശേഷം ഇസ്‌ലാമിക പണ്ഡിത ലോകം ഇവ്വിഷയകമായി പുതിയ രീതികള്‍ സ്വീകരിച്ചുപോന്നു:

1) മുന്‍കാല പണ്ഡിതന്മാരുടെ രചനകളില്‍നിന്നും 'മഖാസ്വിദുശ്ശരീഅ'യുമായി ബന്ധപ്പെട്ട സംഭാവനകള്‍ കണ്ടെടുക്കുകയും അതിനെ പഠനവിധേയമാക്കുകയും ചെയ്തു. അനന്തരഫലമായി പ്രസ്തുത പണ്ഡിതന്മാരുടെ പേരില്‍ തന്നെ അറിയപ്പെടുന്ന രീതിയില്‍ പുതിയ വൈജ്ഞാനിക സംഭാവനകള്‍ക്ക് ബീജാവാപം നല്‍കപ്പെട്ടു.
(ഉദാ: ഇമാം ശൈഖ് അഹ്‌മദ് റൈസൂനിയുടെ 'ഇമാം ശാത്വിബിയുടെ മഖാസ്വിദീ കാഴ്ചപ്പാടുകള്‍' എന്ന ഗ്രന്ഥം).
2) മഖാസ്വിദുശ്ശരീഅയുടേതായ വീക്ഷണകോണില്‍നിന്നും പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമുള്ള പുതിയ രചനകള്‍ രൂപപ്പെട്ടു.
3) ഇബാദത്തുകളുടെയും മുആമലാത്തുകളുടെയും (ആരാധനകളുടെയും ഇടപാടുകളുടെയും) അവയുടെ ശാഖാപരമായ വിധികളുടെയും ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ച സജീവമാക്കി.
4) സമകാലീന രചനകളെ ഏറ്റവും നല്ല ലക്ഷ്യത്തിലേക്കെത്തുക, കൂടുതല്‍ പ്രയോജനകരമാക്കുക തുടങ്ങിയ സദുദ്ദേശ്യത്തോടുകൂടി നിരൂപണം നടത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.

ഇന്നും സജീവമായി വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന ശാഖയാണ് മഖാസ്വിദുശ്ശരീഅ. വ്യത്യസ്ത വീക്ഷണകോണുകളില്‍നിന്ന് പണ്ഡിതന്മാര്‍ മഖാസ്വിദുശ്ശരീഅയെ വായിച്ചുകൊണ്ടിരിക്കുന്നു. ശൈഖ് അഹ്‌മദ് റൈസൂനി ഇതില്‍ പ്രധാനികളിലൊരാളാണ്. നിലവില്‍ ലോക പണ്ഡിതസഭയുടെ അധ്യക്ഷനാണ് റൈസൂനി. ശൈഖുല്‍ മഖാസ്വിദ്, ഇമാമു ഫിഖ്ഹില്‍ മഖാസ്വിദ് അല്‍ മുആസ്വിര്‍, അല്‍ ഫഖീഹുല്‍ മുആരിദ് തുടങ്ങിയ വിശേഷണങ്ങളാല്‍ പ്രസിദ്ധനാണിദ്ദേഹം. അദ്ദേഹം രചിച്ച മുപ്പതോളം ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും ഇല്‍മുല്‍ മഖാസ്വിദുമായി ബന്ധപ്പെട്ടതാണ്. ഇമാം ശാത്വിബിയുടെ മഖാസ്വിദീ ചിന്തകളെ ആധാരമാക്കി രചിച്ച 'നള്‌രിയാത്തുല്‍ മഖാസ്വിദ് ഇന്‍ദല്‍ ഇമാം ശാത്വിബി' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. 'മിന്‍ അഅ്‌ലാമില്‍ ഫിക്‌രി ല്‍ മഖാസ്വിദിയ്യ', 'മദ്ഖലുന്‍ ഇലാ മഖാസ്വിദിശ്ശരീഅ' തുടങ്ങിയ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ തന്നെ മറ്റു സംഭാവനകളാണ്.

ലോക പണ്ഡിതസഭയുടെ മുന്‍ അധ്യക്ഷനായ ശൈഖ് യൂസുഫുല്‍ ഖറദാവി സമകാലീന മഖാസ്വിദീ പഠനങ്ങള്‍ക്ക് വൈജ്ഞാനിക ഊര്‍ജം പകര്‍ന്ന മറ്റൊരു പണ്ഡിതനാണ്. 'മദ്ഖലുന്‍ ലി ദിറാസാത്തിശ്ശരീഅ', 'ദിറാസാത്തുന്‍ ഫീ മഖാസ്വിദുശ്ശരീഅ', 'മഖാസ്വിദുശ്ശരീഅ മുതഅല്ലിഖത്തും ബില്‍ മാല്‍' എന്നിവ ഇല്‍മുല്‍ മഖാസ്വിദിലെ ഖറദാവിയുടെ കൃതികളാണ്. ഡോ. അല്ലാല്‍ അല്‍ഫാസിയുടെ 'മഖാസ്വിദുശ്ശരീഅ അല്‍ഇസ്‌ലാമിയ്യ വ മകാരിമുഹാ', 'ദിഫാഉന്‍ അനിശ്ശരീഅ', ഡോ. ജാസിര്‍ ഔദയുടെ 'മഖാസ്വിദുശ്ശരീഅ ദലീലുന്‍ ലില്‍ മുബ്തദിഈന്‍', നൂറുദ്ദീന്‍ ഇബ്‌നു മുഖ്താര്‍ അല്‍ ഹാദിമിയുടെ 'അല്‍ ഇജ്തിഹാദുല്‍ മഖാസ്വിദിയ്യു ഹുജ്ജത്തുഹൂ ദവാബിത്ത്വുഹൂ മജാലാത്തുഹൂ', അദ്ദേഹത്തിന്റെ തന്നെ 'ഇല്‍മു മഖാസ്വിദുശ്ശരീഅ' തുടങ്ങിയ ഒട്ടനവധി രചനകളാല്‍ സമൃദ്ധമായി വികസിക്കുന്ന വിജ്ഞാനശാഖയായി മഖാസ്വിദുശ്ശരീഅ ഇന്ന് മാറിക്കഴിഞ്ഞു. 
(ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ശരീഅ പി.ജി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top