അന്ത്യനാളിന്റെ അടയാളങ്ങള്‍ നാം എന്തിനു മനസ്സിലാക്കണം?

ഡോ. മുഹമ്മദുബ്‌നു അബ്ദിര്‍റഹ്‌മാന്‍ അല്‍ അരീഫി‌‌
img

മനുഷ്യന്‍ സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്ന എന്തിനും അതിന്റേതായ ഫലം ഉണ്ടായിരിക്കണം. ലോകാവസാനത്തിന്റെ മുന്നോടിയായുള്ള അടയാളങ്ങളുമായി ബന്ധപ്പെട്ട പഠനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ഫലങ്ങള്‍ നേടാനുണ്ടോ? അതോ, പ്രായോഗിക ജീവിതത്തില്‍ ഫലം ചെയ്യാത്ത ചില വിവരണങ്ങള്‍ മാത്രമായി അവ നമ്മുടെ സാംസ്‌കാരിക സമ്പത്തായി ശേഷിക്കുകയാണോ?
അല്ലെന്നാണുത്തരം. ഖുര്‍ആനിലും സുന്നത്തിലും ലോകാവസാനവുമായി ബന്ധപ്പെട്ട ധാരാളം അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവക്ക് നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ പ്രയോജനങ്ങളുമുണ്ട്:

1. സത്യവിശ്വാസത്തിന്റെ ആറ് ഇനങ്ങളിലൊന്നായ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു. അദൃശ്യ കാര്യങ്ങളിലുള്ള വിശ്വാസമെന്നാല്‍ അല്ലാഹുവോ നബി(സ)യോ അറിയിച്ചുതരികയും നാം നേരില്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നതിനെപ്പറ്റി പ്രാമാണികമായി സാധുവായി നമുക്ക് ലഭിക്കുകയും ചെയ്ത കാര്യങ്ങളിലുള്ള വിശ്വാസമാണ്. ദജ്ജാലിന്റെ പുറപ്പാട്, ഈസാ നബിയുടെ പുനരാഗമനം, യഅ്ജൂജ്-മഅ്ജൂജിന്റെയും ദാബ്ബത്തുല്‍ അര്‍ദിന്റെയും പുറപ്പാട്, സൂര്യന്റെ പടിഞ്ഞാറു നിന്നുള്ള ഉദയം മുതലായവ പ്രാമാണികായി സാധുവായി ഉദ്ധരിച്ചു വന്നവയില്‍ പെടുന്നു.
2. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കുകവഴി അല്ലാഹുവിന് വിധേയപ്പെടാന്‍ കഴിയുന്നു. അശ്രദ്ധരെ ജാഗ്രത്താക്കാന്‍ കഴിയുന്നു. ഐഹിക വിരക്തി വര്‍ധിപ്പിക്കുന്നു. പശ്ചാത്താപമനസ്സുണര്‍ത്തുന്നു.
ഒരു ദിവസം രാത്രി ഉറക്കമുണര്‍ന്ന നബി(സ) 'ആസന്നമായ നാശത്താല്‍ അറബികള്‍ക്ക് മഹാ ദുര്യോഗം' എന്നും മറ്റൊരിക്കല്‍, 'സ്ത്രീകളെ ഉണര്‍ത്തുക, അവര്‍ നമസ്‌കരിക്കട്ടെ,' 'ദുന്‍യാവില്‍ വസ്ത്രം ധരിക്കുന്ന എത്രയെത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായി വരിക' (ബുഖാരി, മുസ്‌ലിം) എന്നും ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഇത്തരം ഉദ്‌ബോധനങ്ങള്‍ ഭക്തിദായകമാണെന്നു പറയേണ്ടതില്ലല്ലോ.
3. ലോകാവസാനത്തിന്റെ ചില അടയാളങ്ങള്‍ കര്‍മശാസ്ത്രപരമായ വിധികള്‍ ആവിഷ്‌കരിക്കാന്‍ സഹായകമാണ്. ദജ്ജാല്‍ ഭൂമിയില്‍ കഴിയുന്ന കാലം സംബന്ധിച്ച് അന്നത്തെ ഒരു ദിവസം ഒരു മാസമോ, വര്‍ഷമോ പോലെ ആയിരിക്കുമെന്ന് നബി(സ) പറയുകയുണ്ടായി. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: 'അന്നത്തെ ഒരു ദിവസം സാധാരണ ഒരു ദിവസത്തെ നമസ്‌കാരം മതിയോ?' അപ്പോള്‍ നബി(സ) പറഞ്ഞു:
لافاقدروا له قدروه
  (പോരാ, നിങ്ങള്‍ സമയം ഗണിച്ചെടുക്കണം). ഇതില്‍നിന്ന് പകലും രാത്രിയും മാസങ്ങള്‍ നീളുന്ന നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് നമസ്‌കാര സമയം എങ്ങനെ നിര്‍ണയിക്കണമെന്ന് ഗണിച്ചെടുക്കാന്‍ കഴിയും.
4. ഊഹിച്ചെടുക്കാന്‍ കഴിയാത്ത ലോകാവസാനത്തിന്റെ അടയാളങ്ങള്‍ വഴി നബി(സ)യെ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ സത്യത ബോധ്യപ്പെടാനും കഴിയുന്നു.

അല്ലാഹു പറയുന്നു:
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا ﴿٢٧﴾
'അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യ ജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്' (ജിന്ന്: 26,27).

ലോകാവസാനത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കുക വഴി അവയെ നാം എങ്ങനെയാവണം സമീപിക്കേണ്ടതെന്ന് നിലപാടെടുക്കാന്‍ കഴിയുന്നു. അവ്യക്തതകള്‍ ഒഴിവാക്കാന്‍ കഴിയുന്നു. ഉദാഹരണമായി, ദജ്ജാലിന്റെ കണ്ണുകള്‍, അവന്റെ കൂടെയുള്ള വസ്തുക്കള്‍ മുതലായവ സംശയരഹിതമായി ബോധ്യമാവുന്നു. ലക്ഷണങ്ങള്‍ മനസ്സിലാകായ്കയാല്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നു.
6. ലോകാവസാനം പെട്ടെന്ന് സംഭവിച്ചാലുണ്ടാവുന്ന സന്ദിഗ്ധാവസ്ഥ ഒഴിവായി, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു കാര്യം എന്ന നിലയില്‍ അതിനുവേണ്ടി മാനസികമായി മുന്‍കൂട്ടി തയാറാവാന്‍ സാധിക്കുന്നു.
7. പ്രതീക്ഷയുടെ വാതില്‍ തുറക്കുന്നു. ലോകാവസാനത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഇസ്‌ലാമിന്റെ വിജയമാണ്. ഇസ്‌ലാം ഭൂസകലമാകെ പ്രചരിക്കും. യഹൂദ-ക്രൈസ്തവാദി മതങ്ങള്‍ നാമാവശേഷമാവും. സത്യനിഷേധികള്‍ എത്രതന്നെ വെറുത്താലും ഇസ്‌ലാമിന് ഭൂഗോളത്തില്‍ മേല്‍ക്കോയ്മ ഉണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാവും.
8. സമീപ-വിദൂര ഭാവികളില്‍ സംഭവിക്കാവുന്ന കാര്യങ്ങളെ സംബന്ധിച്ചറിയാന്‍ മനുഷ്യര്‍ പ്രകൃത്യാ ജിജ്ഞാസുക്കളാണ്. അല്ലാഹുവും നബി(സ)യും മുഖാന്തിരം അത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നത് സത്യവിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മീയോര്‍ജം വിവരണാതീതമാണ്.

ഭാവികാര്യങ്ങള്‍ അറിയാമെന്ന് വ്യാജമായി അവകാശപ്പെടുന്ന ജ്യോത്സ്യന്മാരെ പൂര്‍ണമായും നിരാകരിക്കുന്ന ഇസ്‌ലാം അല്ലാഹുവില്‍നിന്നുള്ള ബോധനത്തിലൂടെ അത്യന്തം നിര്‍ണായകവും സത്യസന്ധവുമായ ഭാവികാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ മനുഷ്യര്‍ക്ക് കൈമാറുന്നു.
9. ലോകാവസാനത്തിന്റെ അടയാളങ്ങളെക്കുറിച്ച വിശ്വാസം ഇസ്‌ലാമിന്റെ സത്യതയെയും അജയ്യതെയും കുറിച്ച ആത്മവിശ്വാസം വളര്‍ത്തുന്നു.

എങ്ങനെ സമീപിക്കണം?
ലോകാവസാനത്തിന്റെ അടയാളങ്ങളെക്കുറിച്ച് പ്രാചീനരും ആധുനികരുമായ പണ്ഡിതന്മാര്‍ ധാരാളമായി എഴുതിയിട്ടുണ്ട്. ഈ രചനകളില്‍ ചിലതൊക്കെ ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതിനാല്‍, ലോകാവസാനത്തിന്റെ അടയാളങ്ങളെ എങ്ങനെ സമീപിക്കണം എന്നതുസംബന്ധിച്ച് പ്രമാണപരമായ ചില നിദാനങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

ഖുര്‍ആനും സാധുവായ സുന്നത്തും മാത്രം സ്വീകരിക്കുക
قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُۚ
അദൃശ്യകാര്യങ്ങളെക്കുറിച്ച സ്രോതസ്സുകള്‍ ഖുര്‍ആനും സാധുവായ ഹദീസുകളും മാത്രമാണ്. 'നബിയേ, താങ്കള്‍ പറയുക. അല്ലാഹുവല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ള ആരും അദൃശ്യം അറിയില്ല' (അന്നംല്: 65).
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ
'അദൃശ്യമറിയുന്ന അല്ലാഹു അദൃശ്യത്തെ ആര്‍ക്കും വെളിപ്പെടുത്തുന്നില്ല; അവന്‍ തൃപ്തിപ്പെട്ട ദൂതന്നല്ലാതെ' (ജിന്ന്: 26-27).
മതപരമായ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അല്ലാഹു ചില ഭാവികാല അദൃശ്യകാര്യങ്ങള്‍ നബി(സ)ക്ക് അറിയിച്ചുകൊടുക്കും. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഈ ഇനത്തില്‍ പെടുന്നു.

എന്നാല്‍, ഇസ്‌റാഈലീ ഐതിഹ്യങ്ങള്‍, സ്വപ്‌നങ്ങള്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുതലായവയെ മുന്‍നിര്‍ത്തി അവയെ വ്യാഖ്യാനിക്കുന്നത് ശരിയോ സാധുവോ അല്ല. അതുപോലെ, നബി(സ)യിലേക്കോ സ്വഹാബികളിലേക്കോ ചേര്‍ത്തു പറയുന്ന പ്രമാണ രേഖകളും സാധുവായിരിക്കണം. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ വിഷയകമായി വിചിത്രങ്ങളായ ചില രചനകള്‍ ഈയിടെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു (ഹി: 1300-നുശേഷം നാസര്‍, അന്‍വര്‍ സാദാത്ത്, സദ്ദാം പോലുള്ള ഭരണാധികാരികള്‍ അധികാരമേല്‍ക്കുമെന്നും മറ്റും അബൂഹുറൈറ പ്രസ്താവിച്ചതായ കെട്ടുകഥകള്‍ ഉദാഹരണം).

അവലംബയോഗ്യരായ പണ്ഡിതന്മാരുമായി അവലോകനം ചെയ്യുക
ഇവ്വിഷയകമായി അറിയണമെന്നുള്ളവര്‍ അവലംബനീയരായ പണ്ഡിതന്മാരില്‍നിന്ന് വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

'നിങ്ങള്‍ക്കറിവില്ലെങ്കില്‍ വിവരമുള്ളവരോട് നിങ്ങള്‍ ചോദിച്ചറിയുക' (അമ്പിയാഅ്: 7).
وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا 
'അവര്‍ അത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു' (നിസാഅ്: 83). നമ്മുടെ മുന്‍ഗാമികള്‍ ഇത്തരം വിഷയങ്ങളില്‍ ഈ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതു മാത്രം പറയുക
കേള്‍ക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാത്ത സാധാരണക്കാരുടെയോ നവ മുസ്‌ലിംകളുടെയോ മുമ്പില്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നത് കരുതലോടെയാവണം. അറിയാവുന്നതെല്ലാം പറയാവതല്ല, ശരിയായതെല്ലാം പരസ്യപ്പെടുത്താവതല്ല. അലി(റ)യുടെ താഴെ പ്രസ്താവന ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്:
حدّثوا النّاس بما يعرفون أتحبّون أن يكذّب الله ورسوله!
'നിങ്ങള്‍ ആളുകള്‍ക്ക് മനസ്സിലാകാന്‍ കഴിയുന്നത് പറയുക. അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുമോ?' (ബുഖാരി 127). ഇതിന് അനുബന്ധമായി ഇമാം ശാത്വിബി എഴുതുന്നു: 'വിജ്ഞാനം കൈമാറുന്നത് സോപാധികമാവണം. എല്ലാ വിഷയവും എല്ലാവര്‍ക്കും പഥ്യമാവില്ല' (അല്‍ മുവാഫഖാത്ത്: 5/36).
അലിയുടേതായി മുസ്‌ലിം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്:
أيها الناس أتحبون أن يكذب الله ورسوله؟ حدّثو الناس بما يعرفون ودعوا ما ينكرون
'ജനങ്ങളേ, അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നോ? നിങ്ങള്‍ ജനങ്ങളോട് അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നത് പറയുക, അവര്‍ക്ക് മനസ്സിലാവാത്തത് പറയാതിരിക്കുക' (മുസ്‌ലിം തന്റെ സ്വഹീഹിന്റെ മുഖവുരയില്‍ 1/76).
ഇബ്‌നു മസ്ഊദ് പറയുന്നു:
ما أنت بمحدّث قوما حديثا لا تبلغه عقولهم إلّاكان لبعضهم فتنة
'ആളുകളുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരോട് പറയുന്നത് കുഴപ്പത്തിന് കാരണമാവും' (മുസ്‌ലിം മുഖദ്ദിമയില്‍).

ലോകാവസാനത്തിന്റെ അടയാളങ്ങളെ സമകാലികമായി വായിക്കുമ്പോള്‍
മുമ്പും ഇപ്പോഴും ലോകാവസാനത്തിന്റെ അടയാളങ്ങളെ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച് മനസ്സിലാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ അതുസംബന്ധമായി മൂന്നു കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നു തോന്നുന്നു:

(ഒന്ന്) ലോകാവസാനത്തിന്റെ അടയാളങ്ങളെ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാന്‍ നാം ബാധ്യസ്ഥരല്ല.
ഏതൊരു മനുഷ്യനും നൈസര്‍ഗികമായി തന്റെ ദൈനംദിന ജീവിതവുമായും അതത് നിമിഷങ്ങളുമായും പഞ്ചേന്ദ്രിയവിധേയമായി പ്രതികരിക്കുന്നവനാണ്. ഭൂതകാല സമൂഹങ്ങളുടെ ഭൂതകാലാനുഭവങ്ങളേക്കാള്‍ ഏതൊരു സമൂഹത്തെയും സ്വാധീനിക്കുക തങ്ങളുടെ തന്നെ സമകാലികാനുഭവങ്ങളായിരിക്കും. മുന്‍കാല സമൂഹങ്ങളുടെ വലിയ വിപത്തുകളേക്കാള്‍ വര്‍ത്തമാന സമൂഹങ്ങളുടെ ചെറിയ വിപത്തുകളായിരിക്കും നമ്മെ കൂടുതല്‍ ആഘാതമേല്‍പിക്കുക.
يازمانا بكيت منه         فلمّا صرت في غيره بكيت عليه

'ഒരു കാലത്തെ മുന്‍നിര്‍ത്തി ഞാന്‍ കരഞ്ഞു, മറ്റൊരു കാലത്തിലായപ്പോള്‍ ആ കാലത്തിനു വേണ്ടിയും ഞാന്‍ കരഞ്ഞു' എന്ന കവിവാക്യം പോലെയാണ് കാര്യം. അനുഭവവേദ്യമാകുന്ന സംഭവങ്ങള്‍ക്ക് ആഘാതം കൂടുമെന്നര്‍ഥം.

ലോകാവസാനത്തിന്റെ ലക്ഷണമെന്നോണം വല്ലതും കണ്ടാല്‍ അതിലും വലിയ ലക്ഷണം മുമ്പുണ്ടായിട്ടുണ്ടാകാമെങ്കിലും ഓരോ സമൂഹത്തിനും തങ്ങളുടെ കാലത്തോട് ചേര്‍ത്തുവായിക്കാനാണ് താല്‍പര്യമുണ്ടാവുക. മുന്‍കാല അനുഭവങ്ങളുടെ രേഖകള്‍ ഇല്ലായ്കയാലോ അവയെക്കുറിച്ച് അറിയായ്കയാലോ ഒക്കെ ഇങ്ങനെ സംഭവിക്കാം. അതേസമയം, ലോകാവസാനത്തിന്റെ അടയാളങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ള ഗവേഷണ പടുക്കള്‍ക്ക് അവയെക്കുറിച്ച് ഇജ്തിഹാദാകാവുന്നതാണ്. നബി(സ)യുടെ സവിധത്തില്‍ വെച്ച് ഉമര്‍(റ) ഇബ്‌നു സ്വയ്യാദ് ദജ്ജാലായിരിക്കാമെന്ന് അഭിപ്രായപ്പെട്ടത് ഉദാഹരണം. പക്ഷേ, നബി(സ) ഉമറിന്റെ അഭിപ്രായപ്രകടനത്തെ അരോചകമായിക്കണ്ടില്ല.

എന്നാല്‍ ഇത്തരം ഇജ്തിഹാദിലൂടെ മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാവുകയോ, മതപരമായ ഭവിഷ്യത്തുകള്‍ ആശങ്കിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കൃത്യവും വസ്തുനിഷ്ഠവുമായ തെൡവിന്റെ അഭാവത്തില്‍ ഇജ്തിഹാദിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളില്‍നിന്ന് പിന്‍വാങ്ങുകയാണ് വേണ്ടത്. കാരണം, സത്യമായും സംഭവിച്ചതായാണ് ഒരു ലക്ഷണത്തെക്കുറിച്ച് മനസ്സിലാക്കുന്നതെങ്കില്‍ അതേ തുടര്‍ന്ന് യുദ്ധം നിര്‍ബന്ധമായേക്കാം, അഭിമാനക്ഷതം വരുത്തേണ്ടി വന്നേക്കാം, ഐക്യം തകര്‍ക്കേണ്ടി വരാം. പക്ഷേ, ഇവയത്രയും വഹ് യിലധിഷ്ഠിതമായ വ്യാഖ്യാനവിധേയമല്ലാത്ത തെളിവുകളുടെ ബലത്തില്‍ തന്നെയാവണം.

വ്യാഖ്യാനത്തിന്റെ ചില ഉദാഹരണങ്ങള്‍
ഇവ്വിഷയകമായി വന്ന ഒരു ഹദീസ് കാണുക:
عن أبي نضرة قال: كنّا عند جابر بن عبد الله فقال: يوشك أهل العراق أن لا يجيى اليهم قفيز ولادرهم قلنا: من أين ذلك؟ قال: من قبل العجم يمنعون ذاك - ثمّ قال: يوشك أهل الشام أن لا يجبى اليهم دينار ولا مدى . قلنا : من أين ذاك؟ قال: من قبل الرّوم-
അബൂനദ്‌റ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ജാബിറുബ്‌നു അബ്ദില്ലയുടെ സമീപത്തായിരിക്കെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഇറാഖുകാര്‍ക്ക് ഖഫീസോ (ഖഫീസ്: കിലോഗ്രാം, റാത്തല്‍ എന്നതുപോലെ പഴയകാലത്ത് ഉപയോഗിച്ച അളവ്) ദിര്‍ഹമോ കിട്ടാത്ത കാലമുണ്ടാവും.' ഞാന്‍ ചോദിച്ചു: 'ആരുടെ ഭാഗത്തു നിന്ന്?' ജാബിര്‍: 'അനറബികളുടെ ഭാഗത്തുനിന്ന്. അവര്‍ അത് തടയും.' പിന്നീടദ്ദേഹം തുടര്‍ന്നു: 'ശാമുകാര്‍ക്ക് ദീനാറും കത്തിയും തടയപ്പെടുന്ന അവസ്ഥയുണ്ടാവും.' ഞങ്ങള്‍ ചോദിച്ചു: 'ആരുടെ ഭാഗത്തുനിന്ന്?' 'റോമക്കാരുടെ ഭാഗത്തുനിന്ന്' (മുസ്‌ലിം). ഇതില്‍ പരാമര്‍ശിച്ച ഉപരോധം 1990-ല്‍ ഇറാഖിനെതിരെ അമേരിക്കയുടെ ഭാഗത്തുനിന്ന് നടന്നതാണെന്ന് ചിലര്‍ വ്യാഖ്യാനിച്ച് മനസ്സിലാക്കുന്നു. അതിനുള്ള സാധ്യത തള്ളിക്കളയാവതല്ല. പക്ഷേ, അതുതന്നെയാണ് വിവക്ഷ എന്നു തീര്‍ച്ച പറയുന്നത് ശരിയല്ല.

നബി(സ)യുടെ കാലശേഷം ലോകത്തിന്റെ ആയുസ്സ് ചില ഹദീസുകളെ ഉപജീവിച്ച് 900-മോ ആയിരമോ ആയിരിക്കുമെന്ന് ഇമാം സുയൂത്വി, ഇമാം സഖാവി മുതലായവര്‍ നിര്‍ണയിച്ചു പറഞ്ഞതായി കാണാം. ഈ ഗണന ശരിയായില്ലെന്ന് നാം കണ്ടു. ചുരുക്കത്തില്‍, വ്യാഖ്യാനത്തിനിടമില്ലാത്ത കൃത്യമായ തെളിവുകളുടെ ബലത്തില്‍ മാത്രമേ നാം തീരുമാനത്തിലെത്താവൂ. ഇമാം മഹ്ദിയുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഇതിനകം വന്ന ചിലരുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെട്ട സംഭവം നാം കണ്ടതാണല്ലോ.

മഹ്ദിയുടെ ആഗമനത്തിനുമുമ്പ് ഇറാനിലെ നേതൃത്വം മുഹമ്മദ് ഖാതമി എന്ന ദജ്ജാലിനായിരിക്കുമെന്നും അയാളുടെ അപരനാമം 'ആയത്തുല്ല ഗോര്‍ബച്ചേവ്' എന്നായിരിക്കുമെന്നും 'അസ്‌റാറുസ്സാഅ' എന്ന കൃതിയുടെ കര്‍ത്താവ് ഫഹ്ദ് സാലിം പരാമര്‍ശിച്ചത് മറ്റൊരു ഉദാഹരണം. 'മസീഹുദ്ദജ്ജാല്‍' എന്ന മറ്റൊരു പുസ്തകത്തില്‍ സഈദ് അയ്യൂബ് എന്നയാള്‍ പ്രതീക്ഷിത മഹ്ദി സദ്ദാം ഹുസൈനാണെന്നും എഴുതുകയുണ്ടായി. 'ലോകാവസാനത്തിന്റെ അടയാളങ്ങളും പാശ്ചാത്യാക്രമണവും' എന്ന കൃതിയില്‍ മുന്‍ ജോര്‍ദാന്‍ രാജാവ് ഹുസൈനാണ് സുഫ്‌യാനീ എന്നതിന്റെ വിവക്ഷയെന്ന് വാദിക്കുകയുണ്ടായി.

അതേസമയം, ഹദീസില്‍ എടുത്തുപറഞ്ഞ വിശേഷണങ്ങളും വസ്തുതകളും ഒരു നിശ്ചിത സംഭവവുമായി പൂര്‍ണമായി ഒത്തുവന്നാല്‍ അത് അങ്ങനെ തന്നെ മനസ്സിലാക്കുന്നതിന് കുഴപ്പമില്ല. തന്നെയുമല്ല, അത്തരമോ അതിനേക്കാള്‍ വ്യക്തമോ ആയ സംഭവങ്ങളുമായി അതിനെ ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതില്‍ കുഴപ്പമുണ്ടാവില്ല. ചില ഉദാഹരണങ്ങള്‍:
1. അബൂബക്‌റി(റ)ന്റെ മകള്‍ അസ്മാഅ് തന്റെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ വധിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തെ വധിച്ച സേനയുടെ നായകനായ ഹജ്ജാജുബ്‌നു യൂസുഫിനോട് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു:
أما ان رسول الله (ص) حدّثنا أن فى ثقيف كذّابا ومبيرًا فأما الكذّاب فرأيناه وأمّا المبير فلا إخالك إلّا اياه - قال: فقام عنها ولم يراجعها.
'സഖീഫ് ഗോത്രത്തില്‍ പെരുങ്കള്ളം പറയുന്ന ഒരാളും രക്തം ചിന്തുന്ന മറ്റൊരാളും ഉണ്ടാകുമെന്ന് നബി(സ) തങ്ങളോട് പറഞ്ഞിട്ടുണ്ട്. പെരുങ്കള്ളം പറയുന്ന ആളെ ഞങ്ങള്‍ കണ്ടു. രക്തം ചിന്തുന്ന ആള്‍ എന്ന് നബി(സ) പറഞ്ഞത് നിങ്ങളെക്കുറിച്ചാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇതുകേട്ടപ്പോള്‍ മറുത്തൊന്നും പ്രതികരിക്കാതെ ഹജ്ജാജ് എണീറ്റുപോയി. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ''പെരുങ്കള്ളം പറയുന്നയാള്‍ എന്നതിന്റെ വിവക്ഷ മുഖ്താറുബ്‌നു അബീ ഉബൈദ് അസ്സഖഫിയാണ്. ജിബ്‌രീല്‍ തന്റെ അടുത്ത് വരാറുണ്ടെന്ന് അയാള്‍ വാദിച്ചിരുന്നു. ഹദീസില്‍ വിവക്ഷിച്ചിരിക്കുന്നത് ഇയാളെയാണെന്ന് പണ്ഡിതന്മാര്‍ ഏകോപിതാഭിപ്രായക്കാരാണ്. 'രക്തം ചിന്തുന്ന ആള്‍' എന്നതിന്റെ വിവക്ഷ ഹജ്ജാജുബ്‌നു യൂസുഫുമാണ്. അല്ലാഹു അഅ്‌ലം!''1

2. ഇമാം മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം:
لا تقوم السّاعة حتى تخرج نار من أرض الحجاز تضيئ لها أعناق الإبل ببصرى
'ഹിജാസില്‍നിന്ന് ഒരു തീ പുറപ്പെടുകയും അതിന്റെ വെളിച്ചത്തില്‍ ബുസ്വ്‌റ(ഇപ്പോഴത്തെ ശാമിലെ ഹൂറാന്‍ പ്രദേശം)യിലെ ഒട്ടകങ്ങളുടെ കഴുത്തുകള്‍ പ്രകാശിക്കുകയും ചെയ്യുന്നതുവരെ ലോകാവസാനം സംഭവിക്കുകയില്ല', ഇത് സംഭവിച്ചു, മൂന്നു മാസത്തോളം തീ കത്തിക്കൊണ്ടിരുന്നു. തീവെളിച്ചത്തില്‍ മദീനയിലെ സ്ത്രീകള്‍ നൂല്‍ നൂറ്റിരുന്നു. സംഭവം വിവരിച്ചുകൊണ്ട് അബൂശാമ പറയുന്നു: 'ഹി. 654, ജുമാദല്‍ ആഖിറ മൂന്നിന് ബുധനാഴ്ച രാത്രി ക്രി. വ. 29-5-1256 മദീനയില്‍ ഇടിമുഴക്കം പോലെ ഒരു വലിയ ശബ്ദമുണ്ടായി. അതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ ഭൂകമ്പ പരമ്പരയുണ്ടായി. ബനൂ ഖുറൈളയുടെ ആവാസ കേന്ദ്രത്തിനടുത്ത ചരല്‍ പ്രദേശത്ത് കൂറ്റന്‍ തീ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ ദൂരെ വീടുകളില്‍നിന്ന് അത് നോക്കിക്കണ്ടു. താഴ്‌വരകളിലൂടെ തീ ലാവയായി ഒഴുകി. കൊട്ടാരം കണക്കെ വലിയ തീപ്പൊരികള്‍ അന്തരീക്ഷത്തില്‍ പരന്നു.'2

ഇതേക്കുറിച്ച് ഇബ്‌നു ഹജര്‍ എഴുതുന്നു:
'ഹദീസില്‍ പറഞ്ഞ അതേ തീയാണ് മദീനയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഖുര്‍ത്വുബിയും മറ്റും പറഞ്ഞതുപോലെ ഞാനും മനസ്സിലാക്കുന്നു'.3
3. ഇമാം അഹ്‌മദ് അബൂഹുറൈറ വഴി നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു.
لا تقوم الساعة حتى تظهر الفتن ويكثر الكذب وتتقارب الأسواق ويتقارب الزّمان ويكثر الهرم قبل: وما الهرج؟ قال: القتل
'കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും കളവ് വര്‍ധിക്കുകയും മാര്‍ക്കറ്റുകള്‍ പരസ്പരം അടുത്തുവരികയും കാലം അടുക്കുകയും അന്യായമായ കൊലകള്‍ വര്‍ധിക്കുകയും ചെയ്യുന്നതുവരെ ലോകാവസാനം സംഭവിക്കുകയില്ല.' ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നുബാസ് എഴുതുന്നു:

'ആധുനിക കാലത്ത് നഗരങ്ങളും മേഖലകളും അകലം കുറഞ്ഞ് കൂടുതല്‍ കൂടുതല്‍ അടുത്തുവരികയും യാത്രാസമയം കുറയുകയും അതിനു സഹായകമായ വിധം വിമാനങ്ങളും കാറുകളും പ്രക്ഷേപണ സംവിധാനങ്ങളും കണ്ടുപിടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.'

(രണ്ട്) ലോകാവസാനത്തിന്റെ അടയാളങ്ങള്‍ പുലരുന്നത് ലോകാവസാനം സംഭവിക്കുന്നതിന്റെ തൊട്ടുമുമ്പായിക്കൊള്ളണമെന്നില്ല, വളരെ മുമ്പുമാവാം.
ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ലോകാവസാനം സംഭവിക്കും എന്നതിന്റെ അടയാളങ്ങളാണ്. അത് ലോകാവസാനത്തിന്റെ കുറച്ചു മുമ്പുമാത്രമാവാം, അല്ലെങ്കില്‍ വളരെ മുമ്പുമാവാം.

ഉദാ: ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു:
بعث أنا والسّاعة كهاتين

'ഞാനും ലോകാവസാനവും ഇതുപോലെയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്' (മുസ്‌ലിം). നബി(സ)യുടെ നിയോഗമനവും മരണവും ലോകാവസാനം അടുത്തു എന്നതിന്റെ ലക്ഷണങ്ങളാണ്; അതിനു ശേഷം സംഭവിച്ച അടയാളങ്ങള്‍ ലോകാവസാനത്തോടടുത്താണ് സംഭവിക്കുന്നതെങ്കിലും.

മൂന്നു തരം
സംഭവിക്കുന്നതനുസരിച്ച് ലോകാവസാനത്തിന്റെ അടയാളങ്ങളെ മൂന്നായി തിരിക്കാം:
(എ) നബി(സ)യുടെ നിയോഗം, മരണം, കള്ള പ്രവാചകന്മാരുടെ രംഗപ്രവേശം പോലെ വ്യക്തമായും സംഭവിച്ചുകഴിഞ്ഞവ.
(ബി) പ്രാഥമികമായി സംഭവിക്കുകയും ക്രമേണ വര്‍ധിച്ചുവരികയും ചെയ്യുന്നവ. മാര്‍ക്കറ്റുകള്‍ അടുത്തുവരിക, എഴുത്തിന്റെ വ്യാപനം, കൊലപാതകങ്ങളുടെ വര്‍ധന പോലുള്ളവ.

(സ) ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതും. ദാബ്ബതുല്‍ അര്‍ദിന്റെയും ദജ്ജാലിന്റെയും പുറപ്പാട് ഉദാഹരണം.

(മൂന്ന്) ലോകാവസാനത്തിന്റെ അടയാളങ്ങളെ തെറ്റായി വായിക്കരുത്.

(എ) ഹദീസുകളില്‍ വന്ന ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഇന്നയിന്ന സംഭവങ്ങളിലൂടെ പുലര്‍ന്നുകഴിഞ്ഞു എന്ന് ഖണ്ഡിതമായി പറയുന്നത് ഊഹം വെച്ചു പറയലാണ്. അല്ലാഹുവോ നബി(സ)യോ പറഞ്ഞ കാര്യത്തിന്റെ വിവക്ഷ സംബന്ധിച്ച് തീരുമാനം പറയാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല.

(ബി) നിയമാനുസൃതമല്ലാത്ത ജോലിചെയ്യലും നിയമാനുസൃത ജോലി ഉപേക്ഷിക്കലും.
മഹ്ദിയുടെ പുറപ്പാടിനെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കുന്ന ചിലര്‍ ഇന്നയാള്‍ മഹ്ദിയാണെന്ന് തീരുമാനിച്ച്, അദ്ദേഹത്തെ പ്രതീക്ഷിച്ച് കഴിയുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുകയും തദടിസ്ഥാനത്തില്‍ സംഭവിക്കാനിരിക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാനായി കുതിരയും വാളുമുള്‍പ്പെടെയുള്ളവ സജ്ജമാക്കിവെക്കുകയും ചെയ്യുന്നു. ലോകാവസാനം അടുത്തതിനാല്‍ വിവാഹം ചെയ്തിട്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരും ഇല്ലാതില്ല.

(സി) ലോകാവസാനത്തിന്റെ അടയാളങ്ങളെ സംഭവലോകത്തെ അനുഭവങ്ങള്‍ വെച്ച് വ്യാഖ്യാനിക്കുന്നത് ചിലപ്പോള്‍ അല്ലാഹുവിനെയും നബിയെയും കളവാക്കുന്നതിന് കാരണമാവും. ഉദാഹരണമായി മഹ്ദി ഇന്നയാളാണെന്ന് മനസ്സിലാക്കിക്കഴിയുന്ന ഒരാള്‍ക്ക് അത് തെറ്റാണെന്ന് ബോധ്യമാവുമ്പോള്‍ മഹ്ദിയുമായി ബന്ധപ്പെട്ട എല്ലാ ഹദീസുകളും നിരാകരിക്കേണ്ടിവരുന്ന സാഹചര്യം സംജാതമാവും. ഇതൊഴിവാക്കാന്‍ ഏറ്റവും നല്ലത് കൃത്യതയും തീര്‍ച്ചയുമില്ലാത്തവയെക്കുറിച്ച് തീരുമാനത്തിലെത്താതിരിക്കുന്നതാണ്. 

കുറിപ്പുകള്‍

1. شرح مسلم للنووي  328/8
2. التذكرة للقرطبي ص : 527
3. فتح الباري 128/2

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top