'ഇഖ്‌റഅ്' 'ഖലം' അര്‍ഥസമ്പന്നതയും ആശയവൈപുല്യവും
മായിസ സഈദ്
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾
'സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു' (അലഖ്: 1-5).
മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ മാത്രമല്ല, പണ്ഡിതന്മാര്‍ വരെയും ധരിച്ചുവശായിരിക്കുന്നത് 'ഇഖ്‌റഅ്' (വായിക്കുക) എന്ന പ്രഥമ വഹ്‌യിലെ പദം പുസ്തകങ്ങളിലോ കടലാസുകളിലോ എഴുതിയ അക്ഷരങ്ങള്‍ വായിക്കുക എന്നാണ്. 'വായിക്കുക' എന്ന പദം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഈ അര്‍ഥത്തിലുള്ള വായന തന്നെയാണ് മനസ്സിലേക്ക് വരുന്നത്. 'അലഖ്' അധ്യായത്തിലെ ഒന്നാമത്തെ 'ഇഖ്‌റഅ്' എന്നതിന്റെ വിവക്ഷ എല്ലാ അധ്യായത്തിന്റെയും തുടക്കത്തില്‍ ബിസ്മി ചൊല്ലുകയാണെന്നും രണ്ടാമത്തെ 'ഇഖ്‌റഅ്' എന്നതിന്റെ വിവക്ഷ വായന തുടരുക, നിന്റെ രക്ഷിതാവ് നിന്നെ സഹായിക്കുകയും മനസ്സിലാക്കിത്തരികയും ചെയ്യുമെന്നാണ് ഇമാം ഖുര്‍ത്വുബിയെ പോലുള്ളവര്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, ഉള്ളടക്കം ഏതായാലും വായിക്കാനുള്ള പ്രേരണ എന്ന അര്‍ഥത്തിലാണ് 'ഇഖ്‌റഅ്' മനസ്സിലാക്കപ്പെട്ടുപോരുന്നത്.
എന്നാല്‍ 'അലഖ്' അധ്യായത്തിലെ 'ഇഖ്‌റഅ്' എന്ന പദം, അവതരിച്ച കാലം, സമയം, സാഹചര്യം എന്നിവ പരിഗണിക്കുമ്പോള്‍ വിശാലമായ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
അക്ഷരവായന, ബൗദ്ധിക വായന
ഖിറാഅഃ (വായന) എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി, 'ഞാന്‍ ഒരാളെ എന്റെ കണ്ണാലെ വായിച്ചു', 'ഞാന്‍ വരികള്‍ക്കിടയില്‍ വായിച്ചു', 'കാല്‍പാട് വായിച്ചു', 'സംഭവങ്ങളും ചരിത്രങ്ങളും വായിച്ചു' എന്നെല്ലാം പറയുമ്പോള്‍ ചിന്തിച്ചു മനസ്സിലാക്കി, ഗുണപാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നെല്ലാമാണ് അര്‍ഥമാക്കുന്നത്. ഇവിടെയെല്ലാം ഉദ്ദിഷ്ട അര്‍ഥവും ശരിയായ ആശയവും മനസ്സിലാക്കാനായി വ്യക്തിപരമായ അനുഭവ ബോധ്യങ്ങള്‍ മുന്‍നിര്‍ത്തി ധൈഷണികവും മനനപരവുമായ ശേഷികള്‍ മാധ്യമമാക്കി ചിന്തിച്ച ശേഷം എത്തിച്ചേരുന്ന ഗ്രഹണമാണ് വായന കൊണ്ട് വിവക്ഷിക്കുന്നത്.
'ഖറഅ' 'ഇഖ്‌റഅ്' എന്നതിന് മുഖ്താറുസ്സ്വിഹാഹ്, അല്‍ മുഅ്ജമുല്‍ വജീസ്, ലിസാനുല്‍ അറബ് ഉള്‍പ്പെടെ പ്രമുഖ അറബി ഭാഷാ നിഘണ്ടുക്കളിലെല്ലാം جمع وضمّ (ശേഖരിച്ചു, അടക്കം ചെയ്തു) എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. ഇതില്‍നിന്നാണ് ഖുര്‍ആന് 'ഖുര്‍ആന്‍' എന്ന പേരുണ്ടായത്. ഇബാദത്തുകള്‍, ഇടപാടുകള്‍, കഥകള്‍, ഏകദൈവവിശ്വാസം, സൂക്തങ്ങള്‍, അധ്യായങ്ങള്‍ മുതലായവയെല്ലാം ഒരു ഗ്രന്ഥത്തില്‍ അടക്കം ചെയ്തിരിക്കുന്നു. 'ഖറഅ'യുടെ മറ്റൊരര്‍ഥം حَمَلَ ، وَضَعَ-ഗര്‍ഭം ചുമന്നു, പ്രസവിച്ചു എന്നാണ്. قرأت الناقة أو الشاة (ഒട്ടകം ഗര്‍ഭം ചുമന്നു, പ്രസവിച്ചു) എന്നു പ്രയോഗിക്കും.التوصيل والتبليغ (എത്തിച്ചുനല്‍കല്‍) എന്നതും മറ്റൊരര്‍ഥമാണ്. فلان يقرؤك السّلام എന്നാല്‍ 'ഒരാള്‍ താങ്കള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു' എന്നാണ്. ഇബ്‌നുല്‍ അസീര്‍ എഴുതുന്നു:
الأصل في هذا اللّفظ هو (الجمع) وكلّ شيئ جمعته فقد قرأته
'ഖറഅ' എന്ന പദത്തിലെ മൂലാശയം 'ശേഖരണ'മാണ്. 'ജമഅ' എന്ന അര്‍ഥത്തില്‍ 'ഖറഅ' എന്ന് ഉപയോഗിക്കും. 'ഖറഅ'യുടെ മറ്റൊരര്‍ഥം تفقّه എന്നാണ്. അവഗാഹം അഥവാ ശരിയായ ഗ്രാഹ്യമുണ്ടായി എന്നര്‍ഥം. تبيّن (വ്യക്തമായി) എന്ന അര്‍ഥവും 'ഖറഅ'യുടേതായുണ്ട്.
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
(നാം അത് ഓതിത്തന്നാല്‍ താങ്കള്‍ അതിനെ പിന്തുടരുക - ഖിയാമ: 18) എന്ന സൂക്തത്തിന് ഇബ്‌നു അബ്ബാസ് നല്‍കിയ വിശദീകരണം,
إذا بيّنّاه فاعمل بما بيّنّاه
'നാം അതിനെ വിശദീകരിച്ചുതന്നാല്‍ വിശദീകരിച്ചുതന്നതനുസരിച്ച് പ്രവര്‍ത്തിക്കുക' എന്നാണ്. قارأه مقارأة وقِراءًا എന്നാല്‍ دَارَسه (അന്യോന്യം ചര്‍ച്ച ചെയ്തു പഠിക്കുക, സഹപഠനം നടത്തുക) എന്നാണ്.
മുകളില്‍ പറഞ്ഞقَرَأ -യുടെ
تجميع ، تبيين ، تفقّه ، دراسة ، حمل ، ولادة
എന്നീ അര്‍ഥങ്ങളെല്ലാം ഒന്നിച്ചെടുക്കുമ്പോള്‍ അക്ഷരങ്ങളും ലിപികളും വായിക്കുക എന്ന ചിരപരിചിതമായ അര്‍ഥത്തിനപ്പുറം ആലോചനകളും ചിന്തകളും നിരീക്ഷണങ്ങളും സമാഹരിച്ച്, അവയെ ബുദ്ധിയാല്‍ ചുമന്ന് പുതിയൊരു ഫലം ലഭ്യമാക്കുക എന്നുകൂടി അര്‍ഥം ലഭിക്കും. പുതിയ ഫലം ഒരു ചിന്തയാവാം, ആശയമാവാം, പുതിയ അറിവാകാം.
സംഗ്രഹിച്ചു പറഞ്ഞാല്‍ 'ഇഖ്‌റഅ്' എന്നാല്‍ 'തഫക്കര്‍' (ചിന്തിക്കുക) എന്ന് അര്‍ഥം ലഭിക്കും. ഖുര്‍ആനിലെ
لقوم يتفكّرون ، أولم يتفكّروا ، أفلا تتفكّرون ، لعلكم تتفكّرون
മുതലായ പദപ്രയോഗങ്ങളിലെല്ലാം ഈ ആശയമാണ് സാന്ദ്രീകരിച്ചിരിക്കുന്നത്. 'തദബ്ബറ' എന്ന പദവും ഇതേ ആശയമാണ് ദ്യോതിപ്പിക്കുന്നത്.
ഖുര്‍ആന്‍ ഓതുന്നയാള്‍ ഖുര്‍ആന്‍ മനഃപാഠമുള്ളയാളോ കണ്ണു കാണാത്ത ആളോ ആണെങ്കിലും നാം അവരോട് 'കേള്‍പ്പിക്കൂ' എന്നല്ല, 'ഇഖ്‌റഅ്' (വായിക്കൂ) എന്നാണ് പറയുക. അവിടെ അയാള്‍ മനസ്സില്‍നിന്ന് എടുത്ത് ഓതുകയാണ് ചെയ്യുക, എഴുതിയത് നോക്കി വായിക്കുകയല്ല. ഇത്തരം വായനകളെ 'അക്ഷരവായന' എന്നല്ല 'ധൈഷണിക വായന' എന്നാണ് നാം വിളിക്കുക.
വായനയെ തെറ്റായി മനസ്സിലാക്കുമ്പോള്‍
യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിയും ഇതര ശേഷികളും പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്ന് ഇതോടെ വ്യക്തമായി. നേരിട്ടുള്ള വായന എന്ന അര്‍ഥത്തേക്കാള്‍ വലുതും ഗാഢവുമായ അര്‍ഥമാണിതിനുള്ളത്. എന്നല്ല നേരിട്ടുള്ള വായനക്ക് 'ഇഖ്‌റഅ്' എന്ന ആഹ്വാനത്തെ പൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ കഴിയില്ല. വായിക്കുന്ന എല്ലാവര്‍ക്കും തങ്ങള്‍ വായിച്ചത് മനസ്സിലായെന്നു വരില്ല. മനസ്സിലായെങ്കില്‍ തന്നെയും എഴുതിയ ആള്‍ ഉദ്ദേശിച്ചതു തന്നെയാണ് താന്‍ മനസ്സിലാക്കിയതെന്ന് അവകാശപ്പെടാന്‍ കഴിയില്ല. 'വിജ്ഞാനം ഗുരുവില്‍നിന്ന് നേരിട്ടു പഠിക്കണം, വായിച്ചാല്‍ പോരാ' എന്നാണ് പ്രമാണം. അറിവും ഗ്രഹണവും ഒന്നല്ല. സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായ ഉംദത്തുല്‍ ഖാരിഇല്‍ കര്‍ത്താവ് ബദ്‌റുദ്ദീന്‍ ഐനീ 'അറിവിനെക്കുറിച്ച അധ്യായ'ത്തില്‍ എഴുതിയത് ശ്രദ്ധേയമാണ്. 'ഫഹ്‌മും' (ഗ്രഹണം) 'ഇല്‍മും' (അറിവും) രണ്ടും രണ്ടാണ്. 'ഇല്‍മ്' എന്നാല്‍ സമഗ്രമായ ധാരണയാണ്, 'ഫഹ്‌മ്' എന്നാല്‍ ധൈഷണിക മേന്മയും. ചിത്രങ്ങളെ ഒപ്പിയെടുക്കുകയും ധൈഷണികവും അനുഭവപരവുമായ ശേഷികളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ശക്തിവിശേഷമാണ് ബുദ്ധി. ലൈസ് പറയുന്നു:
فهمت الشيئ اي عرفته وعقلته
'എനിക്ക് ഒരു കാര്യം 'മനസ്സിലാ'യി എന്നു പറഞ്ഞാല്‍ എനിക്കത് അറിവായി, ബൗദ്ധികമായി ഉള്‍ക്കൊണ്ടു' എന്നാണ്.
അധ്യാപകന്റെ സഹായമില്ലാതെ പഠിക്കുന്നവര്‍, പിടിച്ചുകയറാന്‍ ഇരുവശങ്ങളിലും അവലംബമില്ലാതെ ഉയരമുള്ള ഇടുങ്ങിയ കോണി കയറുന്നവരെ പോലെയാണ്. ഗുരുമുഖത്തുനിന്നല്ലാതെയുള്ള പഠനത്തിലൂടെ ശരിയായ പഠനം സാധ്യമല്ലെന്നര്‍ഥം. അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ നാം ലക്ഷ്യം വെക്കുന്നത് ശരിയായ ആശയങ്ങള്‍ മനസ്സിലാക്കുക എന്നതാണല്ലോ. ചില മതസംഘടനകള്‍ പിഴച്ചത് ഖുര്‍ആനും സുന്നത്തും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടായിരുന്നുവല്ലോ. നമ്മെ വഴികേടിലാക്കുന്ന ഒന്നും അല്ലാഹു കല്‍പിക്കുകയില്ല.
ധാരാളം ഭാഷകള്‍ എഴുതാനും വായിക്കാനും അറിയുന്നവരേക്കാള്‍ നന്നായി കാര്യങ്ങള്‍ മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന നിരക്ഷരരായ എത്രയോ പേരെ നമുക്ക് സമൂഹത്തില്‍ കാണാന്‍ കഴിയും. അവര്‍ വ്യക്തികളെയും സംഭവങ്ങളെയും വായിക്കുന്നത് അവരുടെ ഹൃദയവും ബുദ്ധിയും ഉള്‍ക്കാഴ്ചയും ഉപയോഗിച്ചാണ്. ജീവിതത്തെയും അതിന്റെ യുക്തിയെയും യാഥാര്‍ഥ്യത്തെയും കുറിച്ച് അജ്ഞരായ എത്രയോ അഭ്യസ്തവിദ്യകളേക്കാള്‍ ചിന്താ-ഗ്രഹണ ശേഷിയുള്ള നിരക്ഷകളായ മാതാക്കളാല്‍ വളര്‍ത്തപ്പെട്ട് മഹാന്മാരായി മാറിയ എത്രയോ പേരെ നമുക്ക് ചരിത്രത്തില്‍ കാണാം. അന്ധരായ എത്രയോ പേര്‍ വ്യക്തികളെയും ശബ്ദങ്ങളെയും സംഭവങ്ങളെയും ഈ രീതിയില്‍ വായിച്ച് കാര്യങ്ങള്‍ ഗ്രഹിച്ചിട്ടുണ്ട്. ഇവിടെയൊന്നും കേവല അക്ഷരവായനയല്ല കൂട്ടായത്, ചിന്താശേഷിയാണ്.
അല്ലാഹു ഒരാളെയും അയാള്‍ക്ക് കഴിയാത്ത കാര്യത്തിന് നിര്‍ബന്ധിക്കുകയില്ല. ലിഖിതാക്ഷരങ്ങള്‍ വായിക്കാന്‍ അറിയാത്ത മുഹമ്മദ് നബി(സ)യോട് അക്കാര്യമറിയുന്ന അല്ലാഹു എങ്ങനെയാണ് അക്ഷരങ്ങള്‍ വായിക്കാന്‍ കല്‍പിക്കുക?
പ്രപഞ്ച വായന
ജിബ്‌രീല്‍ സമീപിച്ചപ്പോള്‍ നബി(സ) ആകാശ ഭൂമികളുമായി ബന്ധപ്പെട്ട് അഗാധവും ഗാഢവുമായ തരത്തില്‍ പ്രാപഞ്ചിക വായന നടത്തുകയായിരുന്നു. അവിടുന്ന് ഹിറാ ഗുഹയില്‍ ഇബാദത്തില്‍ കഴിയുകയായിരുന്നു. എങ്ങനെയായിരുന്നു ഇബാദത്ത് ചെയ്തിരുന്നത്? പാരായണം ചെയ്യാന്‍ ഖുര്‍ആന്‍ നേരത്തേ ഇറങ്ങിയിരുന്നില്ല. പ്രവാചകത്വ ലബ്ധിയുടെ ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നിലവിലെ നമസ്‌കാരം പോലും നിലവില്‍വന്നത്. വിശാലമായ മരുഭൂമിയുടെ മധ്യത്തില്‍ ദുര്‍ഗമമായ വഴിയിലെ ഒരു മലയിലെ ചെറു ഗുഹയില്‍ ഒറ്റയ്ക്ക് ദിവസങ്ങളോളം ഇബാദത്ത് ചെയ്തു എന്നു പറയുമ്പോള്‍ ആ ഇബാദത്ത് എങ്ങനെയായിരിക്കും? ജിബ്‌രീല്‍ സമീപിച്ചപ്പോള്‍ നബി(സ) പ്രായോഗികമായിത്തന്നെ വായിക്കുകയായിരുന്നു. അതായത്, പ്രപഞ്ച വായന. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെയും ചുറ്റുമുള്ള ആകാശത്തെയും നക്ഷത്ര ഗോളങ്ങളെയും പര്‍വതങ്ങളെയും പക്ഷികളെയും ഇതര ജീവികളെയും കുറിച്ചെല്ലാം.
تقرّأഎന്നതിന് تعبّدഎന്ന അര്‍ഥത്തില്‍ تنسّكഎന്നും ഉപയോഗിക്കും. ഈശ്വരനിരതനായി സന്ന്യാസ ജീവിതം നയിച്ചു എന്നു സാരം. ഹിറാ ഗുഹയിലെ നബിയുടെ അപ്പോഴത്തെ അവസ്ഥ അത്തരമൊന്നായിരുന്നുവല്ലോ. അല്ലാഹുവിന്റെ പ്രപഞ്ചത്തെക്കുറിച്ച് അവഗാഹപൂര്‍വം ചിന്തിച്ചുകൊണ്ടുള്ള ഈശ്വരനിരതമായ രാപ്പകലുകള്‍. മലക്ക് ജിബ്‌രീല്‍ 'ഇഖ്‌റഅ്' എന്നു പറഞ്ഞപ്പോള്‍ പ്രഥമ ശ്രവണത്തില്‍ നബി(സ)ക്ക് മനസ്സിലായത് സാമ്പ്രദായിക ലിഖിതാക്ഷര വായനയാണ്. ജിബ്‌രീല്‍ അലഖ് അധ്യായത്തിലെ അഞ്ചുവരെയുള്ള സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ 'ഇഖ്‌റഇ'ന്റെ യഥാര്‍ഥവും അഗാധവുമായ അര്‍ഥം മനസ്സിലായി. അതായത്, അല്ലാഹുവിന്റെ പ്രാപഞ്ചിക സാരസര്‍വം സൂക്ഷ്മമായി ഉള്‍ക്കാഴ്ചയോടെ പഠിച്ചെടുക്കുക. ഇക്കാര്യം മനസ്സിലായശേഷം നബി(സ) 'എനിക്ക് വായിക്കാനറിയില്ല' എന്ന് ആവര്‍ത്തിച്ചില്ല. 'ഇഖ്‌റഅ്' എന്ന് ജിബ്‌രീല്‍ പറഞ്ഞപ്പോള്‍, 'നിങ്ങള്‍ പ്രപഞ്ചത്തെ വായിക്കുന്നുവെന്നും അതിന്റെ മഹത്വവും നിസ്തുല നിര്‍മാണ വൈദഗ്ധ്യവും മനസ്സിലാക്കുന്നുണ്ടെന്നും അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്തുന്നുണ്ടെന്നും' അല്ലാഹു അതിലൂടെ അവിടുത്തോട് പറയുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. ആയതിനാല്‍, താങ്കള്‍ വായനയും ചിന്തയും തുടരുക. സ്വന്തം നിലയിലോ അല്ലാഹുവിന്റെ അധ്യാപനമോ ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയാത്ത കൂടുതല്‍ കാര്യങ്ങള്‍ താങ്കള്‍ക്ക് ഇനിയങ്ങോട്ട് ലഭിക്കുന്നതായിരിക്കും. ശേഷം നബിതിരുമേനി(സ)യുടെ കാലത്ത് അജ്ഞാതമായിരുന്ന ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരമാണ് പാരായണം ചെയ്തു നല്‍കിയത്:
خَلَقَ الْإِنسَانَ مِنْ عَلَقٍ
- 'അല്ലാഹു മനുഷ്യനെ രക്തപിണ്ഡത്തില്‍നിന്ന് സൃഷ്ടിച്ചു.'
'പേനകൊണ്ടു പഠിപ്പിച്ചു'
'പേനകൊണ്ടു പഠിപ്പിച്ചു' എന്നതിലെ 'പേന' എന്നതിന്റെ വിവക്ഷ നമുക്ക് സുപരിചിതവും നാം ഉപയോഗിച്ചുവരുന്നതുമായ പേനയല്ല. അല്ലാഹു മാനവസമൂഹത്തെ സൃഷ്ടിച്ചതു മുതല്‍ മേല്‍ സൂക്തങ്ങള്‍ അവതരിക്കുന്നതുവരെ മാത്രമല്ല - ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രപഞ്ചത്തില്‍ മനുഷ്യരാശിയുടെ ഉല്‍പത്തി മുതല്‍ നബിയുടെ പ്രവാചകത്വം വരെയുള്ള കാലം വളരെ ഹ്രസ്വമാണ്- എക്കാലത്തും വ്യത്യസ്തമായിരുന്നു. കല്ല്, ചരല്‍ക്കല്ല്, തൂവല്‍, ദ്വാരം മുതലായവയും നമുക്കറിയാത്തവയുമായ മാധ്യമങ്ങള്‍ എഴുത്തിനായി ഉപയോഗിച്ചിരുന്നു. കല്ലുകളിലും തുകലുകളിലും മറ്റും എഴുതിയിരുന്നു എന്നതും നമുക്കറിയാം.
മനുഷ്യനെ പേനകൊണ്ടു പഠിപ്പിച്ചവനും മനുഷ്യനെ അവന്നറിയാത്തത് പഠിപ്പിച്ചവനുമായ അല്ലാഹു ലിപികള്‍ കണ്ടുപിടിക്കപ്പെടുന്നതുവരെ മനുഷ്യരെ ഒന്നും പഠിപ്പിച്ചില്ലെന്നു മനസ്സിലാക്കുന്നത് യുക്തിസഹമല്ല. മനുഷ്യാരംഭം മുതല്‍ ലിഖിതാക്ഷര വായന വരെയും മനുഷ്യര്‍ പല പ്രകാരത്തില്‍ വായന നടത്തി വന്നിട്ടുണ്ടെന്നു സാരം.
'അധ്യാപനം പേനയിലൂടെ' എന്നത് ആലങ്കാരിക പ്രയോഗം മാത്രമാണ്. എഴുത്ത് എന്നതിന്റെ വിവക്ഷ ആശയങ്ങളും ചിന്തകളും വിജ്ഞാനങ്ങളും ഹൃദയങ്ങളിലും ബുദ്ധികളിലും മനസ്സുകളിലും രേഖപ്പെടുത്തുക എന്നതാണ്. ബുദ്ധിയില്‍ ആശയങ്ങളും ധാരണകളും ഹൃദയങ്ങളില്‍ അനുഭൂതികളും ഇന്ദ്രിയാവബോധങ്ങളും മനസ്സുകളില്‍ മുദ്രകളും പതിയുന്നു, രേഖപ്പെടുന്നു.
ഇമാം ഖുര്‍ത്വുബി 'പേന' എന്നതിന്റെ വിവക്ഷ മൂന്നാണെന്ന് രേഖപ്പെടുത്തുന്നു: (ഒന്ന്) അല്ലാഹു പ്രപഞ്ച സൃഷ്ടികളുമായി ബന്ധപ്പെട്ട വിധികളും ആഹാര വിഹിതങ്ങളും രേഖപ്പെടുത്താനും രണ്ട്: മലക്കുകള്‍ മനുഷ്യകര്‍മങ്ങള്‍ രേഖപ്പെടുത്താനും മൂന്ന്: മനുഷ്യന്‍ സംസാരം രേഖപ്പെടുത്താനും ഉപയോഗിക്കുന്നത്. അല്ലാഹു പേന കൊണ്ട് സത്യം ചെയ്തത് അതിന് നാവിനെ പോലെ ആശയപ്രകാശനം സാധിക്കുന്നതിനാലാണ്. ഇബ്‌നു കസീര്‍, അലഖ്: 4-ാം സൂക്തം വിശദീകരിച്ചുകൊണ്ട് എഴുതുന്നു: 'തീര്‍ച്ചയായും വിജ്ഞാനം ചിലപ്പോള്‍ ബുദ്ധിയിലൂടെയും മറ്റു ചിലപ്പോള്‍ വിരല്‍കൊടി കൊണ്ടുമാവാം രേഖപ്പെടുത്തപ്പെടുന്നത്. ബുദ്ധിപരവും ഉച്ചാരണപരവും ലിപിപരവുമായ വിവരശേഖരണവും പ്രകാശനവുമുണ്ട്. അറിവിനെ എഴുത്തിലൂടെ ബന്ദിയാക്കുകയാണ് നാം ചെയ്യുന്നത്. ഇതേക്കുറിച്ച് അലി(റ) പറഞ്ഞത്
العلم صيد والكتابة قيد
(അറിവ് വേട്ടയാണ്, എഴുത്ത് അറിവിനെ ബന്ദിയാക്കലാണ്) എന്നാണ്.'
പ്രപഞ്ചത്തെ വായിക്കാനും അതിലെ വിജ്ഞാന രഹസ്യങ്ങള്‍ കണ്ടെത്താനും കഴിയാതെ പരിഭ്രമിച്ചു കഴിയേണ്ട വിധം അല്ലാഹു മനുഷ്യരെ നിസ്സഹായരാക്കിയിട്ടില്ല. അല്ലാഹു പേന വഴി മനുഷ്യരെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഖദ്‌റാകുന്ന പേനകൊണ്ട് രേഖപ്പെടുത്തപ്പെട്ട വിജ്ഞാനങ്ങള്‍ മനുഷ്യരുടെ മുമ്പാകെ വെളിപ്പെടുത്തപ്പെടുന്നു. പ്രപഞ്ചത്തെയും വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ച് യാഥാര്‍ഥ്യാന്വേഷണത്തിന്റെ ഭാഗമായി സൂക്ഷ്മാവലോകനം നടത്തുന്നവര്‍ക്ക് അല്ലാഹു അത് വെളിപ്പെടുത്തിക്കൊടുക്കുന്നു. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്ലാഹു കാര്യങ്ങള്‍ പഠിപ്പിക്കുന്നത് പേനയും കടലാസും വഴി തന്നെയാവണമെന്നില്ല, വഹ്‌യായോ ഇല്‍ഹാമായോ തൗഫീഖായോ തയ്‌സീറായോ ആവാം (വഹ്‌യ് = ബോധനം, ഇല്‍ഹാം = അന്തഃചോദനം, ഉള്ളുണര്‍വ്, തൗഫീഖ് = ദൈവയോഗം, തയ്‌സീര്‍ = എളുപ്പം). ഈ വക കാര്യങ്ങളെപ്പറ്റി നാം യാദൃച്ഛികം എന്നാണ് പറയുകയെങ്കിലും എല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരമുള്ള നടപടിക്രമങ്ങളാണ്.
എല്ലാവര്‍ക്കും വിജ്ഞാനം
'മനുഷ്യനെ അവന്‍ അറിയാത്തത് പഠിപ്പിച്ചു' എന്നാണ് ഖുര്‍ആന്‍ പ്രയോഗം. അല്ലാതെ, 'സത്യവിശ്വാസികളെ പഠിപ്പിച്ചു' എന്നല്ല. യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കുന്ന എല്ലാ അന്വേഷകരെയും അവരന്വേഷിക്കുന്ന അറിവുറവകളിലേക്ക് അല്ലാഹു വഴിനടത്തും. അതിലൂടെ, അല്ലാഹു നിര്‍ണയിച്ച അവസരമാവുമ്പോള്‍ വിവരങ്ങള്‍ അവരിലേക്കൊഴുകും. ഗവേഷണാരംഭത്തില്‍ സത്യനിഷേധിയായിരുന്നയാള്‍ തന്റെ ഗവേഷണഫലം വരുമ്പോള്‍ സത്യവിശ്വാസിയായിരുന്നുവെങ്കില്‍ അതിലൂടെ അല്ലാഹു അയാളെ സവിശേഷം ആദരിക്കും. അമുസ്‌ലിംകളാണ് കഠിനാധ്വാനത്തിലൂടെ ഗവേഷണ നേട്ടങ്ങളുണ്ടാക്കുന്നതെങ്കില്‍ അല്ലാഹു അവരുടെ അധ്വാനത്തിന് മതിയായ പ്രത്യുപകാരം ചെയ്യാം.
മുസ്‌ലിംകള്‍ 'ഇഖ്‌റഅി'നെ നേരത്തേ വിശദീകരിച്ചതുപോലെ തനസ്സുകും (ദൈവിക ചിന്തയിലൂന്നിയ പരിത്യാഗം) തഫക്കുറും (ചിന്ത) 'തഫഖ്ഖുഹും' (അവഗാഹം) അത്യുത്സാഹവും കര്‍മവുമായി പ്രയോഗവല്‍ക്കരിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് എല്ലാ തരം വിജ്ഞാനങ്ങളും നല്‍കി. അതുപയോഗപ്പെടുത്തി അവര്‍ പത്ത് നൂറ്റാണ്ടുകാലം ഭരിച്ചു. ശാസ്ത്രത്തിന്റെ ഏതു ശാഖയിലും മുസ്‌ലിംകള്‍ ലോകത്തിന്റെ ഏക ഖിബ്‌ലയായി അംഗീകരിക്കപ്പെട്ടു.
'പേനയും അവര്‍ എഴുതുന്നതും തന്നെയാണ!'
'ചരിത്രം ഇങ്ങനെ/അങ്ങനെ രേഖപ്പെടുത്തുക തന്നെ ചെയ്യും' എന്നത് നാം പലപ്പോഴും പറയുന്ന ഒരു പ്രയോഗമാണ്. ചരിത്രത്തിന് എഴുതാന്‍ പേനയുണ്ടോ? മേല്‍വാചകത്തിലൂടെ, ചരിത്രകാരന്മാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എഴുതുന്നത് എന്നല്ല നാം വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഹൃദയങ്ങളിലും ബുദ്ധികളിലും പതിയുന്നതും പതിപ്പിക്കുന്നതുമായ സംഭവങ്ങളും മുദ്രകളും തങ്ങള്‍ക്കു ശേഷമുള്ള തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്നു. അവയില്‍നിന്ന്, ഒത്തുചേര്‍ന്ന് കളവു പറഞ്ഞു എന്ന് പറയാന്‍ കഴിയാത്തവിധം ജനങ്ങള്‍ യോജിച്ച് കൈമാറിപ്പോന്നവ അനന്തരമായി സമൂഹത്തിന്റെ സമ്പാദ്യമായി അവശേഷിക്കുന്നു. ശരീഅത്ത് വിജ്ഞാനീയങ്ങളില്‍ 'തവാത്തുര്‍' എന്നറിയപ്പെടുന്നത് ഇതാണ്.
'അയാളില്‍ അല്ലാഹുവിന്റെ പേന നടന്നു' എന്നു പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് അയാള്‍ക്ക് അല്ലാഹു വിധിച്ച വിധി അയാള്‍ അനുഭവിച്ചു എന്നാണ്. 'നിങ്ങള്‍ക്ക് അയാള്‍ ഈ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നു' എന്ന് രേഖപ്പെടുത്തിയ ആള്‍ നിരക്ഷരനാണെങ്കിലും നാം പ്രയോഗിക്കുന്നതാണല്ലോ. നാം കാഴ്ചകളും വര്‍ത്തമാനങ്ങളും സി.ഡികളില്‍ രേഖപ്പെടുത്തുന്നു. ചിലരോട് നാം മനഃപാഠമാക്കാന്‍ പറയുന്നു. എല്ലാം കടലാസും പേനയുമില്ലാത്ത രേഖപ്പെടുത്തല്‍ തന്നെ. ചില എഴുത്തുകാര്‍ അന്യരെക്കൊണ്ട് തങ്ങള്‍ പറയുന്നത് കേട്ടെഴുതിക്കുന്നു. ചിലര്‍ കമ്പ്യൂട്ടറിലെഴുതുന്നു, മൊബൈലിലെഴുതുന്നു- എല്ലാം രേഖപ്പെടുത്തല്‍ തന്നെ. 'വഹ്‌യ്' എന്ന പദത്തിനുമുണ്ട് ഇതുപോലെ വിശാലമായ ആശയം - 'തേനീച്ചക്ക് വഹ്‌യ് നല്‍കി' (നഹ്ല്‍: 68), 'മൂസാനബിയുടെ ഉമ്മക്ക് വഹ്‌യ് നല്‍കി' (ഖസ്വസ്വ്: 7), 'ഭൂമിക്ക് വഹ്‌യ് നല്‍കി' (സല്‍സല: 5), 'ആകാശത്തിന് വഹ്‌യ് നല്‍കി' (ഫുസ്സ്വിലത്ത്: 12), 'ഹവാരികള്‍ക്ക് വഹ്‌യ് നല്‍കി' (മാഇദ: 111), 'പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് വഹ്‌യ് നല്‍കുന്നു' (അന്‍ആം: 112).
ഒന്നാമതായി അവതരിച്ച 'ഇഖ്‌റഅ്' അധ്യായത്തിനുശേഷം രണ്ടാമതായി അവതരിച്ച 'അല്‍ ഖലം' അധ്യായത്തിലെ ഒന്നാം സൂക്തത്തിന്റെ വിവക്ഷ 'മലക്കുകള്‍ രേഖപ്പെടുത്തുന്നത്' എന്നത്രെ തഫ്‌സീറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'പരസ്പരം ആശയവിനിമയം നടത്തുന്നതിനായി ജനങ്ങള്‍ രേഖപ്പെടുത്തുന്നത്' എന്നാണ് ഇതിന് ഇബ്‌നു അബ്ബാസ് നല്‍കിയ വ്യാഖ്യാനം. 'ഖദ്ര്‍ രേഖപ്പെടുത്താനായി അല്ലാഹു ഉപയോഗിച്ച പേന' എന്ന വ്യാഖ്യാനമാണ് ചിലരെ ഉദ്ധരിച്ച് ഇബ്‌നു കസീര്‍ എഴുതിയിരിക്കുന്നത്.
ചുരുക്കത്തില്‍, പേന, അതുപയോഗിച്ച് എഴുത്ത് എന്നിവയുടെ വിശദീകരണത്തില്‍ വ്യത്യസ്ത ആശയങ്ങളും രൂപങ്ങളും കടന്നുവരുന്നുണ്ട്; രേഖപ്പെടുത്തല്‍ പ്രക്രിയകള്‍ മാത്രമല്ല. എഴുത്ത് മാത്രമായിരുന്നുവെങ്കില്‍ എഴുതാത്ത മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുപോവുമായിരുന്നു. നിരക്ഷരന്നും സാക്ഷരന്നും അവരുടേതായ 'പേന'യുണ്ടെന്നര്‍ഥം. അവരെല്ലാം ചിന്തിക്കുന്നതും പഠിക്കുന്നതും ബുദ്ധിയിലും ഹൃദയത്തിലും മനസ്സിലുമായി എഴുതിയിടുന്നു. അവരുടെ പ്രവര്‍ത്തനങ്ങളാവട്ടെ, അവ നിര്‍വഹിക്കപ്പെടുന്നതോടെ അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നു. അഭൗതികവും അദൃശ്യവുമായ പേനയാലാണ് അവ എഴുതപ്പെടുന്നത്. അത് നമുക്ക് ചിരപരിചിതമായ പേനയാലല്ല. എപ്പോഴും അവര്‍ക്ക് അത് അനായാസം വായിക്കാനാവും. നമ്മുടെ വലതും ഇടതും ചുമലുകളില്‍ എഴുതുന്ന മലക്കുകള്‍ എങ്ങനെയാണ് രേഖപ്പെടുത്തുന്നത്? അവരുടെ കൈവശം പേനയോ കടലാസോ ഇല്ല. മനുഷ്യ കര്‍മങ്ങളാകുന്ന സംഭവങ്ങളുടെ കടലാസുകളില്‍ ആശയങ്ങളാകുന്ന പേനകള്‍ കൊണ്ടാണ് അവരുടെ എഴുത്ത് - ഖുര്‍ആനിക പദകോശങ്ങളില്‍ 'ഖലം' എന്നതിന്റെ മൂലാശയം കുന്തം, നഖം പോലെ ഉറപ്പുള്ള വസ്തുവില്‍നിന്ന് ഖണ്ഡിച്ചെടുക്കുക, മരത്തിന്റെ ചില്ല കോതുക എന്നൊക്കെയാണ്. ഇങ്ങനെ മുറിച്ചു കോതിയ വസ്തുവിന് 'ഖലം' എന്നു പറയും. 'അഖ്‌ലാം' എന്ന് ബഹുവചനം. അപ്പോള്‍ 'തഖ്‌ലിം' എന്നാല്‍ ക്രമപ്പെടുത്തി സംസ്‌കരിക്കുക എന്നര്‍ഥം. 'ഖലം' എന്നതിന്റെ അഭൗതികാര്‍ഥം ആശയങ്ങളെ സംസ്‌കരിച്ച് തലച്ചോറില്‍ ക്രമബദ്ധമായി നിക്ഷേപിക്കുക എന്നാണ്. കടലാസുകളിലെ വരികളില്‍ വാക്കുകള്‍ എഴുതുന്നതുപോലെ വിവരങ്ങള്‍ തലച്ചോറില്‍ ക്രമബദ്ധമായി നിക്ഷേപിക്കുക എന്നാണ്. കടലാസുകളിലെ വരികളില്‍ വാക്കുകള്‍ എഴുതുന്നതുപോലെ വിവരങ്ങള്‍ തലച്ചോറില്‍ വ്യവസ്ഥാപിതമായി അടുക്കിവെക്കുന്നു എന്നു സാരം.
ഇമാം ഖുര്‍ത്വുബി എഴുതുന്നു: 'വീരയോദ്ധാവ് വാളുകൊണ്ട് സത്യം ചെയ്തു പറയുന്നതുപോലെ അല്ലാഹു പേനകൊണ്ട് സത്യം ചെയ്യുന്നു. നാവിനെപോലെ ആശയ പ്രകാശന ക്ഷമത പേനയിലുമുണ്ടല്ലോ' അതായത്, പേനപോലെ നാവും ലേഖനോപാധിയാണ്. ബുദ്ധിയും ചിന്തയുമെല്ലാം മനസ്സില്‍ സ്വാധീനം ചെലുത്തുന്നവയാണ്.
എല്ലാ കാര്യങ്ങളെയും വസ്തുക്കളെയും ബാഹ്യമായി മാത്രമല്ല, ആന്തരികമായും നാം മനസ്സിലാക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ അവയുടെ യാഥാര്‍ഥ്യം യഥാതഥമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. വിദൂരാശയങ്ങള്‍ മനസ്സിലാക്കാനും ഈ രീതി അനിവാര്യമാണ്. ചില വാചകങ്ങളിലെ ചില പദങ്ങളുടെ അര്‍ഥം മനസ്സിലാകാതെ വരുന്നത് പദത്തിന്റെ വിദൂരാശയം പിടികിട്ടാതെ പോകുന്നതിനാലാണ്.
'ഇഖ്‌റഅ്' എന്ന പദമുയര്‍ത്തുന്ന സംശയം
'ഇഖ്‌റഅ്' എന്നതിന് നാം പൊതുവെ മനസ്സിലാക്കിവെച്ചതനുസരിച്ച് തികച്ചും ഉപരിപ്ലവമായ അര്‍ഥമാണ് ലഭിക്കുക. അതുവഴി പല സംശയങ്ങളും ഉടലെടുക്കാം. ഉദാഹരണമായി, നാം എന്തു വായിക്കണം? മതനിന്ദകളോ വിഡ്ഢിത്തം പുലമ്പലുകളോ വ്യാജോക്തികളോ സത്യനിഷേധമോ സമയംകൊല്ലികളോ ആണോ വായിക്കേണ്ടത്?
മാതാപിതാക്കള്‍ എഴുത്തും വായനയും പഠിപ്പിക്കാത്തതിനാല്‍, ഒന്നാമത്തെ ദൈവിക കല്‍പനയായ വായന പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മനുഷ്യന്‍ പാപിയാണോ? ചില പാശ്ചാത്യരും ശത്രുക്കളും ഉന്നയിക്കുന്ന മൂന്നാമതൊരു സംശയമുണ്ട്. വായനക്കുള്ള കല്‍പനയെ ഞലമറ എന്ന അര്‍ഥത്തില്‍ മാത്രം കാണുന്നത് ശരിയല്ല. കാരണം വായന എന്നത് ഒരു കാര്യത്തിന്റെ തുടക്കം മാത്രമാണ്, ഒടുക്കമല്ല. ഈ വാദമാണ് ശരി- വായന സ്വന്തം നിലയില്‍ ലക്ഷ്യമേയല്ല. കാരണം, വായന സ്വയം ഒരു ലക്ഷ്യമായി മാറുമ്പോള്‍ അത് തെറ്റായ കാര്യങ്ങള്‍ പഠിക്കാനുള്ള മാധ്യമമായി മാറാം. അതുകൊണ്ട് അക്ഷരവായന (reading)യെയും ബൗദ്ധികവായന(meditation)യെയും രണ്ടായിത്തന്നെ കാണണം. അതായത്, യഥാര്‍ഥ വായനയിലൂടെ അക്ഷരങ്ങള്‍ക്കപ്പുറം ചിന്തയും മനനവും സജീവമായ പരസ്പര പ്രവര്‍ത്തനവും നടക്കണം. ഇത്തരം വായനകളെയാണ് പാശ്ചാത്യര്‍ വിലമതിക്കുന്നത്.
വായനയുടെ ഈ വശങ്ങളെല്ലാം പരിഗണിക്കുന്ന തരത്തില്‍ അതിന്റെ മുഴുവന്‍ അര്‍ഥങ്ങളും ഉള്‍ക്കൊള്ളത്തക്കവിധമുള്ള 'ഇഖ്‌റഅ്' എന്ന പദമാണ് ഖുര്‍ആനില്‍ ആദ്യമായി അവതരിച്ചിരിക്കുന്നത്.
'ഇഖ്‌റഇ'ന്റെ സമഗ്രാശയം ധൈഷണിക മനനമാണെന്ന് ധാരാളം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. 'ഇഖ്‌റഇ'നെ അക്ഷരവായനയില്‍ മാത്രമായി ഒതുക്കി മനസ്സിലാക്കുമ്പോള്‍ മറ്റൊരു പ്രശ്‌നമുണ്ട്. അത് മറ്റൊന്നുമല്ല, കേവല വായന നമ്മെ സംശയങ്ങളിലേക്കും മാര്‍ഗഭ്രംശത്തിലേക്കും തെറ്റായ ധാരണയിലേക്കും നയിക്കുന്നു. 'കേവലാക്ഷര വായന' എന്ന ഒരു പ്രവൃത്തിയിലേക്ക് അല്ലാഹു നമ്മെ ക്ഷണിക്കുമോ എന്നതാണത്.
പ്രമാണങ്ങളെ മനസ്സിലാക്കുന്നതിലും അതിലെ ഉദ്ദിഷ്ടവും യഥാര്‍ഥവുമായ ആശയം ഗ്രഹിക്കുന്നതിലും നാം പലപ്പോഴും അവയുടെ ഉപരിപ്ലവവും പെട്ടെന്ന് മനസ്സിലാക്കുന്നതായ അര്‍ഥങ്ങളെയാണ് ആശ്രയിക്കാറ്. അവയുടെ വിദൂരവും അഗാധവുമായ ആശയങ്ങള്‍ അതുകൊണ്ടുതന്നെ അപ്രാപ്യമാവുന്നു. അങ്ങനെയാവുമ്പോള്‍ വായിക്കുന്നേടത്തെ മറ്റു ഭാഗങ്ങളുമായുള്ള പൊരുത്തം നഷ്ടപ്പെടുന്നു.
'നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'
നമ്മില്‍ മിക്കയാളുകളും 'ഇഖ്‌റഅ്' എന്ന പദത്തെ സൂക്തത്തില്‍നിന്ന് അടര്‍ത്തി സ്വതന്ത്ര സൂക്തം എന്നോണമാണ് പാരായണം ചെയ്യാറ്. ഇത് അര്‍ഥഭംഗത്തിനിടയാക്കും. കാരണം അത് ഒരു പൂര്‍ണ സൂക്തമല്ല. പൂര്‍ണമാവണമെങ്കില്‍ 'ഇഖ്‌റഅ് ബിസ്മി റബ്ബിക' എന്നു ചേര്‍ത്തു തന്നെ ഓതണം. അക്ഷരവായന ആയാലും ധൈഷണിക വായന ആയാലും അത് അല്ലാഹുവിന്റെ പേരില്‍ തന്നെയാവണം. അതായത്, ഖുര്‍ആനിലെ ഒരിടത്തെയോ സംഭവത്തെയോ വ്യക്തിയെയോ മറ്റെന്തിനെയോ ആവട്ടെ - നാം വായിക്കുമ്പോള്‍ നമ്മുടേതായ പക്ഷപാതിത്വങ്ങളില്‍നിന്നും താല്‍പര്യങ്ങളില്‍നിന്നും നാം സ്വതന്ത്രരാവണം. യഥാര്‍ഥ ആശയം ഗ്രഹിക്കാനുള്ള സത്യസന്ധമായ ശ്രമമാവണം നടത്തുന്നത്. എന്നാല്‍ പലരും മുന്‍ധാരണ വെച്ചാണ് ഖുര്‍ആന്‍ വായിക്കുന്നത്. ഇത് പലതരം വ്യതിയാനങ്ങള്‍ക്കും വഴിവെക്കും. അങ്ങനെ സംഭവിക്കരുത്. കാരണം, സത്യം ഒന്നു മാത്രമാണ്, പലതില്ല. എല്ലാ വിജ്ഞാനങ്ങളുടെയും ഉപജ്ഞാതാവ് ഒരാള്‍ മാത്രമാണ്, പലരല്ല.
فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُۖ
- 'പരമസത്യത്തിനുശേഷം വഴികേടല്ലാതെ മറ്റെന്താണുള്ളത്' (യൂനുസ്: 32). ലബോറട്ടറികളില്‍ ഗവേഷണത്തിലേര്‍പ്പെടുന്ന ശാസ്ത്രകാരന്മാരും ഇതേവിധം ഏകഫലം തന്നെയാണ് തേടുന്നത്, വ്യത്യസ്ത ഫലങ്ങളല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ പേരിലാണ് വായിക്കുന്നത്. സത്യനിഷേധികളാവട്ടെ, അല്ലാഹുവില്‍നിന്ന് ഉത്ഭൂതമായ സത്യത്തിന്റെ പേരിലും. ഇതിനെ പരസ്പര വിരുദ്ധമായ അഭിപ്രായ വ്യത്യാസമായി കാണേണ്ടതില്ല. വൈവിധ്യമായി കണ്ടാല്‍ മതി.
രണ്ടു വിഭാഗങ്ങളും ധൈഷണിക സമ്പത്തിനെയും മാനവ നാഗരികതയെയും തങ്ങളുടേതായ നിലയില്‍ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്. അവിശ്വാസി നിരപേക്ഷം വായിക്കുന്നു, സത്യവിശ്വാസിയാകട്ടെ,
وَاتَّقُوا اللَّهَۖ وَيُعَلِّمُكُمُ اللَّهُۗ
- 'നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു' (ബഖറ: 282) എന്ന സൂക്തത്തെ മുന്‍നിര്‍ത്തി മാത്രം വായിക്കുമ്പോള്‍ അല്ലാഹു അയാളുടെ മുമ്പാകെ അറിവിന്റെയും ആശയങ്ങളുടെയും പുതിയ പുതിയ ലോകങ്ങള്‍ തുറന്നുകൊടുക്കുന്നു. ഇസ് ലാമിക സുവര്‍ണ കാലത്തെ ഇബ്‌നു സീന, ഫാറാബി, ഇബ്‌നുല്‍ ഹൈസം മുതലായവര്‍ ഒരേസമയം വിവിധ വിജ്ഞാനീയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതിന്റെ രഹസ്യം ഇതാണ്. അവരുടെ ധൈഷണികോല്‍പാദന ക്ഷമത ഏവരെയും അമ്പരപ്പിച്ചു. ഇമാം സുയൂത്വിയെ മാത്രം ഉദാഹരണമായെടുക്കാം. തഫ്‌സീര്‍, ഹദീസ്, ഭാഷ, ഗ്രാമര്‍, കവിത, പ്രാസനിബദ്ധമായ ഗുണപാഠകഥകള്‍ മുതലായവയിലായി നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചു. പതിനേഴാം വയസ്സിലാണ് അദ്ദേഹം ആദ്യഗ്രന്ഥം എഴുതിയത്. അതു തന്നെയും പഠിച്ചു മനസ്സിലാക്കാന്‍ പ്രയാസമുള്ള ഗ്രന്ഥമായിരുന്നു - 'ബിസ്മില്ലാഹ്' ചൊല്ലി വായിക്കുമ്പോഴാണ് ഗ്രഹണം പൂര്‍ത്തിയാവുക-
كلّ ذي أمر بال لايبدأ فيه ببسم الله فهو أبتر
'അല്ലാഹുവിന്റെ നാമത്താല്‍ തുടങ്ങാത്ത എല്ലാ പ്രധാന കാര്യങ്ങളും വാലറ്റതായിരിക്കും' (ഇബ്‌നു ഹിബ്ബാന്‍ - ഹസന്‍ ലിഗൈരിഹി).
സമാപനം
ഇത്രയും പറഞ്ഞത് അക്ഷര വായന അഥവാ ഉപരിപ്ലവ വായന പാടില്ല എന്നല്ല. ഒരു പദത്തിന് വിദൂര ആശയതലങ്ങളുണ്ട് എന്നതുകൊണ്ട് അതിന്റെ സമീപാശയതലം ഇല്ലാതാവില്ല.
എഴുതപ്പെട്ട ഗ്രന്ഥം എന്നത് ഖുര്‍ആന്റെ സ്വത്വ സവിശേഷതയാണ്. അത് വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും നമ്മുടെ കടമയാണ്. എന്നല്ല അതനുസരിച്ച് നാം പ്രവര്‍ത്തിക്കുകയും വേണം. പക്ഷേ, വായിക്കുന്നതിന്റെ തരമനുസരിച്ച് അധ്യാപകനോ ഗുരുവോ വേണം. അധ്യാപകനുമായുള്ള സഹവാസത്തിലൂടെ നമുക്ക് ലഭിക്കുന്നത് തലമുറകളിലൂടെ കൈമാറിവന്ന അറിവിന്റെ സഞ്ചിതനിധിയാണ്. ചിലപ്പോള്‍ ഗുരുവിലൂടെ നമുക്ക് ലഭിക്കുക പുസ്തകം എഴുതിയ ആളില്‍നിന്നുതന്നെയുള്ള കൂടുതല്‍ വിവരങ്ങളാവാം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളാണെങ്കില്‍ നബി(സ)യില്‍നിന്ന് നേരിട്ടു തന്നെയുമാകാം. 'ഞാന്‍ അധ്യാപകന്‍ മാത്രമായാണ് നിയോഗിതനായതെന്നാണ'ല്ലോ ഒരിക്കല്‍ നബി(സ) പറഞ്ഞത് (ഇബ്‌നുമാജ) – إنما بعثت معلما. ഈസാ നബിക്കും അധ്യാപകന്‍ എന്ന് സ്ഥാനപ്പേരുണ്ടായിരുന്നു. ഏത് വിജ്ഞാനവും കൈമാറാന്‍ അധ്യാപകന്‍ വേണം. അധ്യാപകന്റെ സഹായമില്ലാതെ പുസ്തകം വെച്ചു മാത്രം മെഡിസിനും എഞ്ചിനീയറിംഗും പഠിക്കാന്‍ കഴിയുമോ? വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളാവുമ്പോള്‍ ഒന്നിലധികം അധ്യാപകര്‍ ആവശ്യമായി വരും. എങ്കിലേ മനസ്സിനും ബുദ്ധിക്കും തൃപ്തിയാവുന്ന ഉത്തരത്തിലെത്താന്‍ കഴിയൂ. പണ്ഡിതന്മാരെ ലഭ്യമല്ലെങ്കില്‍ അനുഭവങ്ങള്‍ കൈമാറാന്‍ യോഗ്യരായ വിജ്ഞാന കൂട്ടായ്മയെങ്കിലും വേണ്ടിവരും. ഇബ്‌നു അത്വാഇല്ല അല്‍ ഇസ്‌കന്ദരി തന്റെ 'അല്‍ഹികമുല്‍ അത്വാഇയ്യ'യില്‍ എഴുതുന്നു:
العلم النافع هوالذي ينبسط في الصدر شعائه وينكشف به عن القلب قناعه
'പ്രയോജനകരമായ വിജ്ഞാനത്തിന്റെ രശ്മികള്‍ ഹൃദയത്തില്‍ വികസിച്ചുവരും. അതുവഴി ഹൃദയത്തിന്റെ മുഖംമൂടി അനാവൃതമാവും.' സത്യസന്ധമായ ഗവേഷണാന്വേഷണത്തിന്റെ സ്വാഭാവികമായ ഫലം ഇപ്പറഞ്ഞ മനസ്സിന്റെ ശോഭായമാനമായ വികാസമാണ്. ഗുരുവര്യന്മാരുടെ സഹായമില്ലാത്തവര്‍ ഒറ്റക്ക് വായിക്കേണ്ടെന്ന് ഇതിന് അര്‍ഥമില്ല. വരികള്‍ക്കിടയില്‍ നീന്തി പഠിക്കുന്നതുവരെയും അക്ഷര വായനയും ധൈഷണിക വായനയും സംയോജിപ്പിക്കാന്‍ കഴിയുന്നതുവരെയും മാത്രമേ അധ്യാപകരുടെ ആവശ്യം വരുന്നുള്ളൂ.
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَاۚ
'നമ്മുടെ മാര്‍ഗത്തില്‍ അത്യധ്വാനം ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുക തന്നെ ചെയ്യും' (അന്‍കബൂത്ത്: 69).
ധൈഷണിക വ്യവഹാരങ്ങളില്ലെങ്കില്‍ മനുഷ്യരും ഇതര ജന്തുജാലങ്ങളും തമ്മില്‍ എന്തു വ്യത്യാസമാണുണ്ടാവുക? മനുഷ്യര്‍ കാണാത്തതും കേള്‍ക്കാത്തതും കാണുകയും കേള്‍ക്കുകയും മനനം ആവശ്യമില്ലാതെ അല്ലാഹുവെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവയാണ് ജീവജാലങ്ങള്‍. അതുകൊണ്ടാണ് സുകൃതികളായ മുന്‍ഗാമികള്‍ അല്ലാഹുവിലേക്കുള്ള വഴി ദിക്‌റും ഫിക്‌റുമാണെന്ന് പറഞ്ഞത്.
സംഗ്രഹം
1. എഴുത്തറിയാത്ത നബിയോട് എഴുതിയത് വായിക്കാന്‍ ആവശ്യപ്പെട്ടു എന്നു പറയുന്നത് യുക്തിസഹമല്ല.
2. 'ഇഖ്‌റഅ്' എന്ന പദത്തിന് അര്‍ഥ-ആശയ വൈപുല്യമുണ്ട്.
3. 'ഖറഅ' എന്നതിന്റെ അര്‍ഥവിവക്ഷയില്‍ മനനം, ആലോചന, വ്യക്തത, അവഗാഹം, പ്രത്യുല്‍പ്പാദന പരത എന്നിവ ഉള്ളടങ്ങിയിരിക്കുന്നു.
4. വായനയുടെ ആത്യന്തിക ലക്ഷ്യം ഉള്‍ക്കാഴ്ചയോടെയുള്ള ധൈഷണിക വായനയാണ്.
5. എഴുത്തും വായനയും അറിയാത്ത എത്രയോ പേര്‍ ബൗദ്ധിക ഗരിമയിലും ഉള്‍ക്കാഴ്ചയിലും മികവു പുലര്‍ത്തുന്നു.
6. ഹിറാ ഗുഹയിലായിരുന്നപ്പോള്‍ നബി(സ) ധ്യാനനിമഗ്നനായി പ്രപഞ്ച വായനയിലായിരുന്നു. ധ്യാനത്തിലൂടെ ചിന്തയും അവഗാഹവും വര്‍ധിച്ചു.
7. അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നത് പേനകൊണ്ടു മാത്രമല്ല, ബോധനത്തിലൂടെയും അന്തഃചോദനത്തിലൂടെയും ദൈവിക യോഗത്തിലൂടെയും കൂടിയാണ്.
8. അല്ലാഹു അറിവുറവകള്‍ അമുസ്‌ലിംകള്‍ക്ക് വിലക്കിയിട്ടില്ല.
9. നിരക്ഷരന്നും സാക്ഷരന്നും തങ്ങളുടേതായ പേനയുണ്ട്. പഠിക്കുന്ന കാര്യങ്ങള്‍ പേനകൊണ്ടു കടലാസില്‍ മാത്രമല്ല, മനസ്സിലും ഹൃദയത്തിലും മറ്റുമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്.
10. 'ഖലം' എന്നതിന്റെ അടിസ്ഥാനാശയം വിവരങ്ങളെയും ആശയങ്ങളെയും സംസ്‌കരിച്ച് വ്യവസ്ഥാപിതമായി ക്രോഡീകരിക്കുക എന്നാണ്.
11. അക്ഷര വായനയും ധൈഷണിക വായനയും തീര്‍ത്തും രണ്ടാണ്.
12. ഖുര്‍ആനിലെ പ്രഥമ പദമായ 'ഇഖ്‌റഇ'ല്‍ വായനയുടെ സമഗ്രമായ അര്‍ഥവൈപുല്യം ഉള്ളടങ്ങിയിരിക്കുന്നു.
13. ഏതുതരം വായനയും അല്ലാഹുവില്‍ കേന്ദ്രീകരിച്ചായിരിക്കണം.
14. മുസ്‌ലിം-അമുസ്‌ലിം എന്ന വ്യത്യാസമില്ലാതെ ഏവര്‍ക്കും വായനയുടെ നേട്ടങ്ങള്‍ കൊയ്‌തെടുക്കാം.
15. ഗുരുവിന്റെ സഹായമില്ലാത്ത വായന വശങ്ങളില്‍ പിടിവള്ളിയില്ലാതെ ഉയരമുള്ള കോണി കയറുന്നതുപോലെയാണ്.
16. ഗുരുക്കന്മാരിലൂടെ നമുക്ക് ലഭിക്കുന്നത് മുന്‍കാല തലമുറകളുടെ നൂറ്റാണ്ടുകള്‍ സാന്ദ്രീകരിച്ച സഞ്ചിത സംസ്‌കാരം.
(അല്‍ മജല്ലത്തുദ്ദുവലിയ്യ ലി ദ്ദിറാസാത്തില്‍ ഖുര്‍ആനിയ്യയുടെ ചീഫ് എഡിറ്ററാണ് ലേഖിക).