'ഫിര്‍ഔനി'ന് പഠിക്കുന്ന ഭരണാധികാരികള്‍

പി.കെ ജമാല്‍‌‌
img

നാസി ജര്‍മനിയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ലക്ഷക്കണക്കില്‍ ജനങ്ങള്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ഈ ജനലക്ഷങ്ങളെയൊന്നടങ്കം സ്വന്തം കൈകള്‍കൊണ്ട് കൊല്ലാന്‍ ഹിറ്റ്‌ലര്‍ക്ക് ആകുമായിരുന്നില്ല. എന്തിനേറെ, കുറേ പേരെ പോലും കൊല്ലാന്‍ കെല്‍പുള്ള ആളായിരുന്നില്ല ഹിറ്റ്‌ലര്‍. കൊല്ലാനുള്ള ഹിറ്റ്‌ലറുടെ ഉത്തരവ് അക്ഷരംപ്രതി നടപ്പാക്കാന്‍ സന്നദ്ധരായി നിന്ന ആജ്ഞാനുവര്‍ത്തികളായിരുന്നു ഈ കൊലകളെല്ലാം നടത്തിയതെന്ന് വ്യക്തം. ഹിറ്റ്‌ലറുടെ ഭാഷയില്‍ 'അന്തിമപരിഹാരം' (fainal solution) എന്ന നിലയില്‍ നിപരാധികളായ ജനക്കൂട്ടങ്ങളെ 'കുളിക്കാനായി' ഗ്യാസ് ചേംബറുകളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോയ കിങ്കരന്മാര്‍ കാണുമല്ലോ. ഹിറ്റ്‌ലറെ ഭയപ്പെട്ടിട്ടായിരുന്നോ ഈ ക്രൂരകൃത്യങ്ങളെല്ലാം അവര്‍ ചെയ്തു തീര്‍ത്തത്? അവരുടെ സ്വത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന തമോഗുണങ്ങള്‍ കാരണമാണോ ഈ ക്രൂരതകളെല്ലാം അവര്‍ ചെയ്തുകൂട്ടിയത്? അവര്‍ തങ്ങളുടെ അധികാരികളെ അനുസരിക്കുകയായിരുന്നു. തങ്ങള്‍ക്ക് അധികാരികള്‍ നല്‍കിയ ഉത്തരവ് തീര്‍ത്തും ന്യായവും നിയമവിധേയവും ശരിയും ആണെന്ന ചിന്തയാണ് അവരെ ആ നേരങ്ങളില്‍ ഭരിച്ചത്. ഭരണാധികാരികളുടെ ഉത്തരവുകള്‍ നടപ്പിലാക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന വിചാരമായിരുന്നു അവരെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്.

'ഹോളോകോസ്റ്റി'ന് നേതൃത്വം നല്‍കിയ കുറ്റം ചുമത്തി 1962-ല്‍ അഡോള്‍ഫ് എയ്ക്മാന്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ടു. 60 ലക്ഷം ജൂതന്മാര്‍, ജിപ്‌സികള്‍, കമ്യൂണിസ്റ്റുകാര്‍, തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകര്‍ എന്നിവരെ നാസി ജര്‍മനിയിലെ തടങ്കല്‍ പാളയങ്ങളിലേക്ക് അയച്ച് കൂട്ടക്കൊല നടത്തിയ സംഭവമാണ് ഹോളോകോസ്റ്റ്. സൈനിക വിന്യാസ ശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്നു എയ്ക്മാന്‍. സേവനങ്ങളും യുദ്ധോപകരണങ്ങളും സൈനികര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു അയാളുടെ ചുമതല. കൊല്ലപ്പെടേണ്ടവരെ കണ്ടെത്തി തടങ്കല്‍ പാളയങ്ങളില്‍ എത്തിക്കുകയും വിവിധ പ്രദേശങ്ങളില്‍നിന്ന് അവരെയെല്ലാം ഒരുമിച്ചുകൂട്ടി ഗ്യാസ് ചേംബറിലേക്ക് ആനയിക്കുകയും ചെയ്യാനുള്ള ആസൂത്രണ ചുമതലയായിരുന്നു അയാള്‍ ഭരമേല്‍പിക്കപ്പെട്ടത്. അയാള്‍ ആ ചുമതല ഭംഗിയായി നിറവേറ്റി.
1961-ല്‍ നടന്ന യുദ്ധക്കുറ്റ വിചാരണാ വേളയില്‍, ജൂതജനത തന്നെ എന്തിന് ഇത്രയേറെ വെറുക്കുന്നുവെന്ന് എയ്ക്മാന്‍ അത്ഭുതം കൂറി. മേലധികാരികളുടെ ഉത്തരവ് നടപ്പാക്കുക മാത്രമല്ലേ താന്‍ ചെയ്തുള്ളൂവെന്ന് കോടതി മുമ്പാകെ അയാള്‍ നിഷ്‌കളങ്കമായി ചോദിച്ചു. മേലധികാരികളോടുള്ള അനുസരണം ഒരു നല്ല കാര്യമായി മാത്രമേ താന്‍ കരുതിയിട്ടുള്ളൂവെന്നും അയാള്‍ മനസ്സ് തുറന്നു.

തന്റെ ജയില്‍ ഡയറിയില്‍ എയ്ക്മാന്‍ എഴുതി: 'ആജ്ഞകള്‍, എന്നെ സംബന്ധിച്ചേടത്തോളം എന്റെ ജീവിതത്തിലെ സമുന്നത സാഫല്യങ്ങളാണ്. ചോദ്യം ചെയ്യാതെ ഞാന്‍ അവ അനുസരിക്കേണ്ടതുണ്ട്' (ദ ഗാര്‍ഡിയന്‍, 12.08.1999, പേ. 13).
എയ്ക്മാന്‍ നല്ല ബോധവും ബുദ്ധിയുമുള്ള വിവേകമതിയാണെന്ന് ആറ് മനഃശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വിധിച്ചു. സാധാരണ കുടുംബ ജീവിതം നയിച്ച അയാള്‍ വിചാരണാ വേളയില്‍ വളരെ സാധാരണമായാണ് പെരുമാറിയതെന്നും അവര്‍ നിരീക്ഷിക്കുന്നു. അസാധാരണമായ യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നതായിരുന്നു അയാളുടെ മനോഗതി. താന്‍ ജീവിച്ച സാമൂഹിക സാഹചര്യങ്ങളുടെ ഉല്‍പന്നമായിരുന്നു അയാളുടെ പെരുമാറ്റവും സ്വഭാവവും എന്ന, വിശ്വസിക്കാനും അംഗീകരിക്കാനും പ്രയാസമുള്ള സത്യം നാം അംഗീകരിച്ചേ മതിയാവൂ എന്ന് അവര്‍ രേഖപ്പെടുത്തി. സാഹചര്യം ഒത്തുവന്നാല്‍ നമ്മളും ഇതു പോലുള്ള രാക്ഷസീയ കൃത്യങ്ങള്‍ ചെയ്യാന്‍ അറയ്ക്കാത്തവരായി മാറുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നും ഹോളോ കാസ്റ്റിനു ശേഷവും 'മനുഷ്യന്റെ അനുസരണം' എന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ മനഃശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ജര്‍മന്‍ സംസ്‌കാരവും ആര്യന്‍ പാരമ്പര്യത്തിന്റെ മഹത്വത്തില്‍ ഊന്നിയ വംശീയ ബോധവും ഹോളോകാസ്റ്റിലേക്ക് നയിച്ച മുഖ്യഘടകമായി എന്നാണ് അവരുടെ കണ്ടെത്തല്‍. ഗവേഷണ പഠനത്തിന്റെ ഭാഗമായി സ്റ്റേന്‍ലി മില്‍ഗ്രാം ഉന്നയിച്ച ഒരു ചോദ്യം 'ജര്‍മന്‍കാര്‍ വ്യത്യസ്തരാണോ?' എന്നായിരുന്നു. അധികാരത്തില്‍ ഇരിക്കുന്നവരെ അതിശയകരമാംവിധം അനുസരിക്കാന്‍ നാമെല്ലാം അങ്ങേയറ്റം തല്‍പരരാണ് എന്ന നിഗമനത്തിലെത്താന്‍ അദ്ദേഹത്തിന് അധികമൊന്നും അധ്വാനിക്കേണ്ടി വന്നില്ല. 'സ്റ്റേന്‍ലി മില്‍ഗ്രാംസ് സ്റ്റഡി ഓഫ് ഒബീഡിയന്‍സ്' സാമൂഹിക മനഃശാസ്ത്രത്തില്‍ വേറിട്ട പാത വെട്ടിത്തെളിച്ചു. ലോകസംഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ 'അനുസരണം' എന്ന വാക്കിന്റെ വിശാലാര്‍ഥം തേടിപ്പോകുന്ന ആ ഗവേഷകന്‍, 'ഞാന്‍ മേലധികാരികളുടെ ഉത്തരവുകള്‍ അനുസരിക്കുകയായിരുന്നു' എന്ന എയ്ക്മാന്റെ കോടതിമൊഴിയെ നിസ്സാരമായി വായിച്ചുതള്ളേണ്ടതല്ല എന്ന് സമര്‍ഥിക്കുന്നു. ജര്‍മന്‍ പൊതുബോധത്തെ തന്റെ അഭീഷ്ടത്തിനൊത്ത വിധം രൂപപ്പെടുത്തുന്നതില്‍ ഹിറ്റ്‌ലര്‍ വിജയിച്ചു. ഹിറ്റ്‌ലറെ സംബന്ധിച്ചേടത്തോളം അയാളുടെ ഏക ലക്ഷ്യം തന്നെ അന്ധമായി അനുസരിക്കുന്ന പൗരസമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു. തന്റെ താളത്തിനൊത്ത് തുള്ളുന്ന ജനങ്ങളെ ഹിറ്റ്‌ലര്‍ നിര്‍മിച്ചെടുത്തു.

ഭരണാധികാരികള്‍ ജനങ്ങളെ കൊച്ചാക്കുകയും നിസ്സാരവല്‍ക്കരിക്കുകയും വിഡ്ഢിവേഷം കെട്ടിക്കുകയും ചെയ്ത് തങ്ങളുടെ 'തിരുവായ്ക്ക് എതിര്‍വാ' ഇല്ലാത്ത ഒരു പൗരസമൂഹത്തെ എങ്ങനെ സൃഷ്ടിച്ചെടുക്കുന്നു എന്ന് ഹിറ്റ്‌ലറുടെ ജര്‍മനി ലോകത്തിന് കാണിച്ചുകൊടുത്തു. ജനങ്ങളുടെ ചിന്താശേഷി നശിപ്പിക്കുകയും മിഥ്യാബോധങ്ങളിലും അന്ധവിശ്വാസങ്ങളിലും അവരെ തളച്ചിടുകയും മാനസികാടിമത്തം അടിച്ചേല്‍പിക്കുകയും സ്വയം വീരപരിവേഷം എടുത്തണിയുകയും ചെയ്തുകൊണ്ടാണ് ഏകാധിപതികള്‍ ഇത് സാധിച്ചെടുത്തത്. ഇതുതന്നെയായിരുന്നു തന്റെ ഭരണകാലത്ത് ഫിര്‍ഔന്‍ ഈജിപ്തില്‍ ചെയ്തതെന്ന് ഖുര്‍ആന്‍ ചൂിക്കാട്ടുന്നു: ''ഫിര്‍ഔന്‍ തന്റെ ജനതയെ (നിസ്സാരന്മാരായി കണ്ട്) കൊച്ചാക്കി. അപ്പോള്‍ അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അധര്‍മകാരികളായ ജനതയായിരുന്നു അവര്‍'' (സുഖ്‌റുഫ്: 54).

രണ്ട് രൂപകങ്ങള്‍
ഇവിടെ രണ്ട് വസ്തുതകള്‍ ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നുണ്ട്. ദൈവധിക്കാരത്തെയും സ്വേഛാധിപത്യത്തെയും അധികാര പ്രമത്തതയെയും പ്രതിനിധാനം ചെയ്യുന്ന ഫിര്‍ഔന്‍ എന്ന പ്രതിഭാസം. ജനങ്ങളെ വിലവെക്കാതെ, അവരുടെ വിശേഷ ബുദ്ധിയെ തന്റെ കൈവെള്ളയിലിട്ട് പന്താടുകയായിരുന്നു ആ ഭരണാധികാരി. അവരുടെ ചിന്താശേഷിയെയും സ്വാതന്ത്ര്യ ബോധത്തെയും സ്വയംനിര്‍ണയാവകാശത്തെയും അയാള്‍ വെല്ലുവിളിച്ചു. തന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ചരിക്കാനുള്ള യോഗ്യതയും അര്‍ഹതയും മാത്രമേ തന്റെ രാജ്യത്തെ ജനങ്ങള്‍ക്കുള്ളൂവെന്ന് അയാള്‍ നിരവധി അനുഭവങ്ങളിലൂടെ വിലയിരുത്തി. ക്രമാനുഗതമായ അനേകം നീക്കങ്ങളിലൂടെ ജനങ്ങളുടെ മേധാശക്തിയെ ഇല്ലായ്മ ചെയ്യുന്നതില്‍ ഫിര്‍ഔന്‍ വിജയിച്ചു. ക്രമേണ ആ ജനത ഇഛാശക്തി നഷ്ടപ്പെട്ടത് മൂലം ഫിര്‍ഔനെ അനുസരിക്കുന്ന ഒരു ആള്‍ക്കൂട്ടമായി പരിണമിച്ചു. ഇങ്ങനെ സ്വത്വം നഷ്ടപ്പെട്ട ഫിര്‍ഔന്‍ ഭരണത്തിലെ പൗരന്മാരാണ് ഖുര്‍ആന്‍ അവതരിപ്പിച്ച രണ്ടാമത്തെ രൂപകം. അവര്‍ അധര്‍മകാരികളായിരുന്നു. കൈകാലുകളില്‍ ഇട്ട കൂച്ചുവിലങ്ങുകള്‍ ആഭരണങ്ങളായി ധരിക്കാന്‍ മാത്രം വിഡ്ഢികളായി.
ഇതൊരു മാനസികാവസ്ഥയാണ്; ആദ്യം നിസ്സാരന്മാരാക്കിത്തള്ളാനും പിന്നെ കൊച്ചാക്കാനും നിന്നുകൊടുത്ത ജനത നിന്ദ്യതയും പതിത്വവും അഭിമാനമായി വാരിപ്പുണരുകയും പിന്നെ അടിമച്ചങ്ങല ആഭരണമാക്കി കഴുത്തിലണിയുകയും ചെയ്ത ഹീനമായ മാനസികാവസ്ഥ. ആ തലത്തിലേക്ക് ജനമനസ്സുകളെ മാറ്റിയെടുത്തു എന്നതിലാണ് ഫിര്‍ഔന്റെ വിജയം. 'അധര്‍മികളായിരുന്നു അവര്‍' എന്ന നിരീക്ഷണമാണ് ഖുര്‍ആന്‍ ആ ജനതയെക്കുറിച്ച് നടത്തിയത് എന്ന് ശ്രദ്ധിക്കുക.

ഒരു ജനത ഏതു വിധത്തില്‍ കൊളോണിയല്‍ ശക്തികള്‍ക്ക് അടിപ്പെടുന്നു എന്ന വിഷയത്തെക്കുറിച്ച് അള്‍ജീരിയന്‍ ചിന്തകനും ഫിലോസഫറുമായ മാലിക് ബിന്നബിക്ക് (1905-1973) കേളികേട്ട ഒരു പഠനമു്. 'ശുറൂത്വുന്നഹ്ദ' (നവോത്ഥാനത്തിന്റെ നിബന്ധനകള്‍) എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തില്‍ 'അല്‍ ഖാബിലിയ്യത്തു ലില്‍ ഇസ്തിഅ്മാര്‍' (കൊളോണിയലിസത്തിന് വിധേയത്വം) എന്ന ഒരു സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നതു കാണാം. കൊളോണിയല്‍ നുകത്തിനു കീഴില്‍ കഴുത്ത് വെച്ചുകൊടുക്കുന്ന ജനതയെ കുറിച്ച ചരിത്രപരവും ശാസ്ത്രീയവുമായ അപഗ്രന്ഥനത്തിനൊടുവില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് ഈ സിദ്ധാന്തത്തിന്റെ ഉള്ളടക്കം. ഒരു ജനത സാംസ്‌കാരികമായും ധാര്‍മികമായും മാനസികമായും ക്ഷയിക്കുകയും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അശക്തരായിത്തീരുകയും ചെയ്യുമ്പോള്‍ ബാഹ്യശക്തികളെ ചെറുത്തുനില്‍ക്കാനുള്ള പ്രതിരോധ ശക്തിയും ത്രാണിയും അതിന് നഷ്ടപ്പെടുന്നു. അധിനിവേശത്തിന് ഇരയാവാന്‍ പിന്നെ ആ ജനതക്ക് അധികസമയം വേണ്ടിവരില്ല. 1948-ല്‍ മാലിക് ബിന്നബി രചിച്ച 'ശുറൂത്വുന്നഹ്ദ'യില്‍, ജനത ഏതു വിധത്തില്‍ അധിനിവേശത്തിന് മാനസികമായി പാകപ്പെടുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്. 'കൊളോണിയല്‍ ഫാക്ടറി' എന്ന ഒരു പദം തന്നെ അദ്ദേഹം പരിചയപ്പെടുത്തി. അധിനിവേശ ശക്തികള്‍ അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പുതിയ ചിന്താരീതിയും ജീവിത ശൈലിയും നിര്‍മിച്ചു നല്‍കുന്നു. സാമ്പത്തികവും ആശയപരവുമായ അധിനിവേശം പൂര്‍ത്തിയായി കഴിയുമ്പോള്‍ അധിനിവേശ ശക്തി നിര്‍മിച്ചു നല്‍കുന്ന ചട്ടക്കൂട്ടിന്നകത്ത് ജീവിതം രൂപപ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരാകും, അങ്ങനെ ജീവിക്കാന്‍ അവര്‍ പഠിച്ചു പരിചയിക്കും. തങ്ങളുടെ ജീവിതത്തിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാന്‍ അധിനിവേശ ശക്തിക്ക് പ്രാപ്തിയുണ്ടെന്ന ബോധം ജനമനസ്സുകളില്‍ പടരുമ്പോള്‍ കാര്യം എളുപ്പമാകുന്നു. അധിനിവേശ ശക്തികള്‍ തങ്ങളേക്കാള്‍ മികച്ചവരും കഴിവുറ്റവരുമാണെന്ന ബോധം അപകര്‍ഷത ജനിപ്പിക്കുന്നു. അതോടെ അധിനിവേശ ശക്തികളില്‍ ഉല്‍ക്കര്‍ഷ ബോധം ഉണരുന്നു. അധിനിവേശത്തിന് വഴങ്ങുന്ന ഈ മനോഭാവമാണ് പൗരസമൂഹത്തെ കൊച്ചാക്കി കൊണ്ടുനടക്കാന്‍ ഭരണാധികാരികള്‍ക്ക് കരുത്തു പകരുന്നത്.

ഫറോവമാര്‍ പുനര്‍ജനിക്കുന്നു
അധിനിവേശത്തിന് ബാധകമായ ഈ സിദ്ധാന്തം 'ഫിര്‍ഔനിസ'ത്തിനും ബാധകമാക്കാം. ഫിര്‍ഔന്‍ ചെങ്കടലില്‍ മുങ്ങിച്ചത്തെങ്കിലും കാലത്തിന്റെ നീളത്തില്‍ പുതിയ ഫറോവമാര്‍ പിറവിയെടുക്കുമ്പോള്‍, മൂസാ(അ)യുടെ കാലത്തെ ഫിര്‍ഔന്‍ തന്റെ ജനതയോട് പെരുമാറിയ രീതി മുന്നില്‍ വെച്ച് താരതമ്യപഠനം പ്രസക്തമാണ്. അത് തന്നെയാണ് ഖുര്‍ആനിക വിശകലനത്തിലെ അമാനുഷിക സത്യവും. അഥവാ ഖുര്‍ആനിക ആശയത്തിന്റെ നിത്യനൂതനത്വം ഒരു അമര സത്യമായി നമുക്ക് ബോധ്യപ്പെടുന്ന ധന്യനിമിഷമാണത്.

സൂറത്തുസുഖ്‌റുഫിലെ 'ഇസ്തഖഫ്ഫ ഖൗമഹു' എന്ന ഖുര്‍ആന്റെ പദപ്രയോഗം വിശകലനം ചെയ്യാം. തഫ്‌സീറുല്‍ ഖുര്‍തുബി ഈ സൂക്തത്തിന്റെ വിശദീകരണം നല്‍കുന്നതിങ്ങനെ: ''ഇബ്‌നുല്‍ അഅ്‌റാബി: 'അവന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. ''മേധാശക്തിയും വിവേകവും നഷ്ടപ്പെട്ടതിനാല്‍ ആ ജനം അവനെ അനുസരിക്കുന്ന പരുവത്തിലായി.' മറ്റൊരഭിപ്രായം: 'തന്റെ ജനത മന്ദബുദ്ധികളാണെന്ന് ഫിര്‍ഔന്‍ തിരിച്ചറിഞ്ഞു. തന്റെ വഴിയിലേക്ക് അവരെ ക്ഷണിച്ചപ്പോള്‍ അവര്‍ അവന് വിധേയത്വം പ്രകടിപ്പിച്ച് അനുസരണ ശാലികളായി പിറകെ ചെന്നു.' മറ്റൊരഭിപ്രായം: തന്നെ അനുസരിക്കാന്‍ പാകത്തില്‍ അവരെ അടക്കി ഭരിച്ചു'' (തഫ്‌സീറുല്‍ ഖുര്‍ത്വുബി).

'മുഅ്ജമുല്‍ മആനി അല്‍ ജാമിഇ'ല്‍ 'ഇസ്തഖഫ്ഫ' എന്ന പദത്തിന്റെ അര്‍ഥം: 'നിന്ദിച്ചു. അവഹേളിച്ചു. പുഛത്തോടെ പെരുമാറി, അവഗണിച്ചു, കഴിവുകളെ നിസ്സാരമായി കണ്ടു. അയാള്‍ വഹിച്ച പങ്ക് എളുതാക്കി കണ്ടു. കൊച്ചാക്കി. അപഹസിച്ചു.'

മൂസാ(അ)യുടെ ഫിര്‍ഔന്‍ ചില്ലറക്കാരനായിരുന്നില്ല. മന്ത്രിയായ ഹാമാനും തല്‍പരകക്ഷികളും വെച്ചുകൊടുത്ത 'റോഡ് മാപ്' അനുസരിച്ച് കാര്യങ്ങള്‍ നടത്തുകയായിരുന്നു ഫിര്‍ഔന്‍. സമര്‍ഥരായ ഒരുകൂട്ടം തന്ത്രജ്ഞരും വിദഗ്ധന്മാരും തന്നെ ഫിര്‍ഔന്റെ പിറകില്‍ ഉണ്ടായിരുന്നു. മൂസാ(അ)യുടെ മുമ്പില്‍ ഓരോ ന്യായവുമായി ഫിര്‍ഔന്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ഉയര്‍ത്തിയ വാദമുഖങ്ങള്‍ കേവലം ഫിര്‍ഔന്റെ വായില്‍നിന്ന് ഉത്ഭവിച്ച വാക്കുകളായിരുന്നില്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഫിര്‍ഔന്‍. ഫിര്‍ഔന്‍ നിപുണനായ ഒരു അഭിനേതാവായിരുന്നു. താന്‍ വെളിവാക്കുന്ന വസ്തുതകള്‍ മാത്രം ജനങ്ങള്‍ ചെവിക്കൊള്ളണമെന്നും അവ മാത്രമേ വിശ്വസിക്കാവൂ എന്നുമുള്ള നിര്‍ബന്ധം ഫിര്‍ഔന്നുണ്ടായിരുന്നു. ഫിര്‍ഔനും സില്‍ബന്തികളും നിര്‍മിച്ച ഇരുമ്പുമറകളെ ഭേദിച്ചുകൊണ്ട് അറിവിന്റെ ഒരു ഉറവിടവും തേടിച്ചെല്ലാന്‍ ജനത്തിന് അവകാശമുണ്ടായിരുന്നില്ല. ''ഫറവോന്‍ പറഞ്ഞു: ഉചിതമെന്ന് ഞാന്‍ കരുതുന്ന കാര്യം മാത്രമാകുന്നു നിങ്ങളോട് പറയുന്നത്. നേര്‍വഴിക്ക് തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നതും'' (ഗാഫിര്‍: 29).

ധിക്കാരികളായ ഭരണാധികാരികള്‍ ജനങ്ങളെ നിസ്സാരന്മാരായി ഗണിച്ച് കൊച്ചാക്കുകയും പാദസേവകരാക്കുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് 'ഫീ ളിലാലില്‍ ഖുര്‍ആനി'ല്‍: ''ധിക്കാരികളായ ഭരണാധിപന്മാര്‍ ജനങ്ങളെ കൊച്ചാക്കുന്ന രീതി- അതില്‍ ഒട്ടും പുതുമയില്ല. അറിയാനുള്ള എല്ലാ വഴികളില്‍നിന്നും അവര്‍ ബഹുജനത്തെ അകറ്റിനിര്‍ത്തുന്നു. എല്ലാ അറിവിന്റെ മാധ്യമ വാതിലുകളും കൊട്ടിയടക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കും. അവര്‍ക്കറിയാം, കാലക്രമേണ ജനങ്ങള്‍ എല്ലാം മറക്കുമെന്ന്. വസ്തുതകള്‍ തേടി പിന്നെ പിറകെ പോകില്ലെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. തങ്ങളുദ്ദേശിക്കുന്ന കൃത്രിമ രാസത്വരകങ്ങള്‍ അവരുടെ ബോധമണ്ഡലത്തില്‍ ഇട്ടുകൊടുക്കും, അധികാരി വര്‍ഗം. ക്രമേണ അവര്‍ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടുകൊള്ളും എന്ന് ഉത്തമബോധ്യം അവര്‍ക്കുണ്ട്. അവരെ ഒന്നുമല്ലാതാക്കിത്തീര്‍ത്താല്‍ തങ്ങള്‍ ആഗ്രഹിക്കുന്നവിധം അവരെ ഭരിച്ചുകൊണ്ടുപോകാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. നിര്‍ഭയരായി, മനഃസമാധാനത്തോടെ ആട്ടിന്‍പറ്റങ്ങളെ പോലെ ഇടത്തോട്ടോ വലത്തോട്ടോ അവരെ തെളിച്ചുകൊണ്ടുപോകാനുള്ള വഴി അങ്ങനെ ഒരുങ്ങുകയായി'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).

വീണ്ടും വീണ്ടും വിഡ്ഢികളാക്കി
തന്റെ ജനം ഈ വിധം പാകപ്പെട്ടുവെന്ന് കണ്ടപ്പോള്‍ ഫിര്‍ഔന്‍ തന്റെ പ്രചാരണ മാധ്യമങ്ങളും അധികാര സംവിധാനങ്ങളും ഉപയോഗിച്ച് അവരെ വീണ്ടും വീണ്ടും വിഡ്ഢികളും ഭോഷന്മാരുമാക്കിത്തീര്‍ക്കാനുള്ള അടവുകള്‍ ഒന്നൊന്നായി എടുത്തു പയറ്റി. 'ഞാനാണ് നിങ്ങളുടെ സര്‍വേശ്വരന്‍' എന്ന വാദമുയര്‍ത്തുവോളം അവന്‍ വളര്‍ന്നു. നാട്ടിലെ സമ്പത്തും ജലസേചന സൗകര്യങ്ങളുമെല്ലാം തന്റെ അധീനതയിലാണെന്ന വാദമുയര്‍ത്തിയായിരുന്നു അത്. തനിക്കെതിരില്‍ നിലകൊള്ളുന്ന പ്രതിപക്ഷനിര അപ്രാപ്തരും കഴിവുകെട്ടവരുമാണെന്ന പ്രചാരണം ഫിര്‍ഔന്‍ അഴിച്ചുവിട്ടു. ഖുര്‍ആന്‍, ഫിര്‍ഔന്റെ വാദം അവതരിപ്പിച്ചതിങ്ങനെ: ''ഒരുനാള്‍ ഫിര്‍ഔന്‍ ജനമധ്യത്തില്‍ വിളംബരം ചെയ്തു: എന്റെ ജനങ്ങളേ, മിസ്വ്‌റിന്റെ ആധിപത്യം എനിക്കല്ലയോ? ഈ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത് എന്റെ കീഴില്‍ അല്ലയോ? നിങ്ങള്‍ കാണുന്നില്ലേ? ഞാനോ, അതല്ല നീചനും നിസ്സാരനും സ്ഫുടമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഈ മനുഷ്യനോ ശ്രേഷ്ഠന്‍?'' (അസ്സുഖ്‌റുഫ്: 51-53).

ഈജിപ്തിലെ ജനത പെട്ടെന്നൊരു നാള്‍ അങ്ങനെ ആയിത്തീര്‍ന്നതല്ല. ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെയും സംവത്സരങ്ങള്‍ നീണ്ട പദ്ധതികളിലൂടെയും തങ്ങള്‍ പോലും അറിയാതെയാണ് ഗര്‍ഹണീയമായ ഈ മാറ്റങ്ങളെല്ലാം അവരില്‍ ഉണ്ടായത് എന്ന് ചരിത്രം വ്യക്തമാക്കുന്നു.

ഫിര്‍ഔന്‍ നിര്‍മിച്ചുകൊടുത്ത ചട്ടക്കൂട്ടില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കാത്ത ആ ജനത കൂടുതല്‍ അപകടകരമായ ഗര്‍ത്തങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. ധിക്കാരിയായ ഫിര്‍ഔന്റെ ഭരണം അനന്തമായി നീണ്ടുപോകാനേ അവരുടെ നിസ്സംഗ സമീപനം ഉതകിയുള്ളൂ. ''അവന്‍ തന്റെ ജനത്തെ നിസ്സാരരായി ഗണിച്ചു. അവരോ അവന് കീഴ്‌പ്പെടുകയും ചെയ്തു. വാസ്തവത്തില്‍ അധര്‍മചാരികളായിരുന്നു അവര്‍. ഒടുവില്‍ അവര്‍ നമ്മെ വെറുപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെ കൂട്ടത്തോടെ മുക്കിയൊടുക്കുകയും പില്‍ക്കാലക്കാര്‍ക്ക്, മുന്‍ഗാമികളും പാഠമേകുന്ന ഉദാഹരണങ്ങളും ആക്കിവെക്കുകയും ചെയ്തു'' (അസ്സുഖ്‌റുഫ്: 54-56).

പൗരസമൂഹത്തെ കൊച്ചാക്കുന്നതിന് പല രൂപങ്ങളുമുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന ഭാവേന പല ചിന്തകളും പദ്ധതികളും ജനങ്ങളുടെ മുമ്പില്‍ വെക്കും. യഥാര്‍ഥത്തില്‍ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്തുള്ള വഞ്ചനയാണ് അതില്‍ ഉള്ളടങ്ങിയിട്ടുള്ളത്. മനോഹര മുദ്രാവാക്യങ്ങളും പാലും തേനും ഒഴുക്കുമെന്ന വ്യാജ വാഗ്ദാനങ്ങളും നല്‍കി ജനങ്ങളെ വിഡ്ഢികളാക്കി ഭരിക്കുകയാണ് മറ്റൊരു രീതി. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, വികസനം, ക്ഷേമം തുടങ്ങിയ പദാവലികള്‍ നിരത്തി ജനങ്ങളെ മോഹങ്ങളുടെ മായിക വലയത്തില്‍ തളച്ചിട്ട് കാലങ്ങളോളം അവരെ കബളിപ്പിച്ച് കൂടെ കൊണ്ടുനടക്കുന്ന നേതാക്കളുടെ രീതിയാണ് മറ്റൊന്ന്.

ജനമുന്നേറ്റങ്ങളെയെല്ലാം. പല പേരുകള്‍ നല്‍കി വക്രീകരിച്ചും വളച്ചൊടിച്ചും അടിച്ചമര്‍ത്തുന്ന രീതി ഭരണാധികാരികള്‍ അവലംബിക്കാറുണ്ട്. ഫിര്‍ഔന്‍ പലവിധത്തില്‍ ഈ രീതി ആശ്രയിച്ചത് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിമോചകന്മാരും നേതാക്കളുമാണ് ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പു വരുത്തുകയെന്ന കപടവാദങ്ങളുയര്‍ത്തി ജനങ്ങളുടെ ആലോചനാ-ചിന്താസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടാവും ചില സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ കൊച്ചാക്കി, നിസ്സാരന്മാരാക്കി അടക്കി ഭരിക്കുന്നത്. ഈ രീതികളെല്ലാം ഓരോ കാലഘട്ടത്തിലെയും ഫറവോന്മാര്‍ എടുത്തു പ്രയോഗിച്ചതായി ചരിത്രം വ്യക്തമാക്കുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top