അന്ത്യനാളിന്റെ ചെറിയ അടയാളങ്ങള്‍

ഹൈദറലി ശാന്തപുരം‌‌
img

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ സുപ്രധാനമാണ് പരലോക വിശ്വാസം. ഐഹിക ലോകത്തിന്റെ അന്ത്യത്തോടെയാണ് പാരത്രിക ലോകത്തിന് ആരംഭം കുറിക്കുന്നത്. അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുകയെന്നത് അല്ലാഹുവിനു മാത്രം അറിയാവുന്ന കാര്യമാണ്. ആ വസ്തുത വ്യക്തമാക്കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَاۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِۚ لَا تَأْتِيكُمْ إِلَّا بَغْتَةًۗ يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَاۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿١٨٧﴾
(അന്ത്യനാളിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്ക് വരികയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ച് മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോട് അവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷേ, അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല - അഅ്‌റാഫ്: 187).
يَسْأَلُكَ النَّاسُ عَنِ السَّاعَةِۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِۚ وَمَا يُدْرِيكَ لَعَلَّ السَّاعَةَ تَكُونُ قَرِيبًا ﴿٦٣﴾
(ജനങ്ങള്‍ അന്ത്യനാളിനെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് അതിനെപ്പറ്റി അറിവു നല്‍കുന്ന എന്താണുള്ളത്? അന്ത്യനാള്‍ ഒരുവേള സമീപസ്ഥമായിരിക്കാം - അഹ്‌സാബ്: 63).
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ﴿٤٢﴾ فِيمَ أَنتَ مِن ذِكْرَاهَا ﴿٤٣﴾ إِلَىٰ رَبِّكَ مُنتَهَاهَا ﴿٤٤﴾
(ആ അന്ത്യനാളിനെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം - നാസിആത്ത്: 42,44)
ജിബ്‌രീല്‍ (അ) നബി(സ)യുടെ സന്നിധാനത്തില്‍ മനുഷ്യരൂപത്തില്‍ വന്ന് ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയെക്കുറിച്ച് ചോദിച്ച ശേഷം അന്ത്യദിനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നബി(സ) തിരുമേനി അതിനു നല്‍കിയ മറുപടി
ما المسؤول عنها بأعلم من السائل
  (അതിനെപ്പറ്റി ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ കൂടുതല്‍ അറിയുന്നവനല്ല) എന്നായിരുന്നു.
അല്ലാഹുവിന് മാത്രമാണ് അന്ത്യനാളിനെക്കുറിച്ച സൂക്ഷ്മജ്ഞാനമുള്ളത് എങ്കിലും അത് അനതിവിദൂരമായ സമയത്തു തന്നെ സംഭവിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ ﴿١﴾

(ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു - അമ്പിയാഅ്: 1).
إِنَّهُمْ يَرَوْنَهُ بَعِيدًا ﴿٦﴾ وَنَرَاهُ قَرِيبًا ﴿٧﴾

(തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. നാം അതിനെ ആസന്നമായും കാണുന്നു - മആരിജ്: 6,7).

അന്ത്യനാളിന്റെ അടയാളങ്ങള്‍
അന്ത്യദിനത്തെക്കുറിച്ച് സൂക്ഷ്മജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാണെങ്കിലും അന്ത്യനാളിനു മുമ്പായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും കൂടുതല്‍ കാര്യങ്ങള്‍ നബിവചനങ്ങളിലും വന്നിട്ടുണ്ട്. أشراط الساعة (അന്ത്യനാളിന്റെ ഉപാധികള്‍), علامات الساعة(അന്ത്യനാളിന്റെ അടയാളങ്ങള്‍) എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്. അന്ത്യനാളിന്റെ അടയാളങ്ങള്‍ തന്നെ രണ്ട് തരമുണ്ട്: علامات صغرى (ചെറിയ അടയാളങ്ങള്‍),  علامات كبرى(വലിയ അടയാളങ്ങള്‍)

അന്ത്യനാളിനു മുമ്പായി വിവിധ കാലങ്ങളില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങളാണ് ചെറിയ അടയാളങ്ങള്‍. ഉദാ: പലിശ, വ്യഭിചാരം, മ്ലേഛവൃത്തികള്‍ എന്നിവയുടെ വ്യാപനം. അന്ത്യനാളിനു മുമ്പായി സംഭവിക്കുന്ന അത്യത്ഭുതകരമായ ചില സംഭവങ്ങളാണ് വലിയ അടയാളങ്ങള്‍. ഉദാ: ദജ്ജാല്‍, ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ്-മഅ്ജൂജ് എന്നിവരുടെ പുറപ്പാട്.

ചെറിയ അടയാളങ്ങള്‍
അന്ത്യനാളിന്റെ ചെറിയ അടയാളങ്ങളായി അനേകം കാര്യങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അവയില്‍ കാലികപ്രസക്തമായ ഏതാനും കാര്യങ്ങളാണ് ലഘുവായ വിശദീകരണങ്ങളോടുകൂടി ചുവടെ കൊടുക്കുന്നത്.

സാമ്പത്തിക സുസ്ഥിതി, അനാശ്രയത്വം
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى يَكْثُرَ فِيكُمُ الْمَالُ فَيَفِيضَ حَتَّى يُهِمَّ رَبَّ الْمَالِ مَنْ يَقْبَلُهُ مِنْهُ صَدَقَةً وَيُدْعَى إِلَيْهِ الرَّجُلُ فَيَقُولُ لاَ أَرَبَ لِي فِيهِ ‏
(അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുകി കവിഞ്ഞൊഴുകും. അങ്ങനെ ധനികന്‍ തന്നില്‍നിന്ന് അത് ആരാണ് ദാനമായി സ്വീകരിക്കുകയെന്ന് ചിന്തിച്ചു കുഴങ്ങും. എത്രത്തോളമെന്നാല്‍ സമ്പത്ത് സ്വീകരിക്കാന്‍ ഒരാളെ ക്ഷണിക്കുകയാണെങ്കില്‍ എനിക്കിതിന്റെ ആവശ്യമില്ല എന്നായിരിക്കും അയാള്‍ പറയുക - ബുഖാരി, മുസ്‌ലിം).
عن أبي موسى رضي الله عنه أن النبي صلى الله عليه وسلم قال‏:‏ ‏ “‏ليأتين على الناس زمان يطوف الرجل فيه بالصدقة من الذهب، فلا يجد أحداً يأخذها منه
(അബൂമൂസ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ജനങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു കാലം വരും. അന്ന് ഒരാള്‍ തന്റെ സ്വര്‍ണത്തിന്റെ ദാനവുമായി ചുറ്റിക്കറങ്ങും. പക്ഷേ, അവനില്‍നിന്നത് സ്വീകരിക്കാന്‍ ഒരാളെയും ലഭിക്കുകയില്ല - മുസ്‌ലിം).
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ بَيْنَا أَنَا عِنْدَ النَّبِيِّ، صلى الله عليه وسلم إِذْ أَتَاهُ رَجُلٌ فَشَكَا إِلَيْهِ الْفَاقَةَ، ثُمَّ أَتَاهُ آخَرُ، فَشَكَا قَطْعَ السَّبِيلِ‏.‏ فَقَالَ ‏”‏ يَا عَدِيُّ هَلْ رَأَيْتَ الْحِيرَةَ ‏”‏‏.‏ قُلْتُ لَمْ أَرَهَا وَقَدْ أُنْبِئْتُ عَنْهَا‏.‏ قَالَ ‏”‏ فَإِنْ طَالَتْ بِكَ حَيَاةٌ لَتَرَيَنَّ الظَّعِينَةَ تَرْتَحِلُ مِنَ الْحِيرَةِ، حَتَّى تَطُوفَ بِالْكَعْبَةِ، لاَ تَخَافُ أَحَدًا إِلاَّ اللَّهَ ‏”‏ ـ قُلْتُ فِيمَا بَيْنِي وَبَيْنَ نَفْسِي فَأَيْنَ دُعَّارُ طَيِّئٍ الَّذِينَ قَدْ سَعَّرُوا الْبِلاَدَ ‏”‏ وَلَئِنْ طَالَتْ بِكَ حَيَاةٌ لَتُفْتَحَنَّ كُنُوزُ كِسْرَى ‏”‏‏.‏ قُلْتُ كِسْرَى بْنِ هُرْمُزَ قَالَ ‏”‏ كِسْرَى بْنِ هُرْمُزَ، وَلَئِنْ طَالَتْ بِكَ حَيَاةٌ، لَتَرَيَنَّ الرَّجُلَ يُخْرِجُ مِلْءَ كَفِّهِ مِنْ ذَهَبٍ أَوْ فِضَّةٍ، يَطْلُبُ مَنْ يَقْبَلُهُ مِنْهُ

(അദിയ്യുബ്‌നു ഹാതിമി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യുടെ സന്നിധാനത്തിലായിരിക്കെ അദ്ദേഹത്തിന്റെയടുക്കല്‍ പട്ടിണിയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഒരാള്‍ വന്നു. പിന്നീട് മറ്റൊരാള്‍ കൊള്ളക്കാരെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് വന്നു. അപ്പോള്‍ നബി(സ) എന്നോട് ചോദിച്ചു: 'അദിയ്യേ, നീ ഹീറ കണ്ടിട്ടുണ്ടോ?' ഞാന്‍ പറഞ്ഞു: 'ഞാനത് കണ്ടിട്ടില്ല. പക്ഷേ, അത് സംബന്ധിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.' അപ്പോള്‍ തിരുമേനി പറഞ്ഞു: 'നിനക്ക് ദീര്‍ഘായുസ്സ് ലഭിക്കുകയാണെങ്കില്‍, ഒരു യാത്രക്കാരി അല്ലാഹുവെയല്ലാതെ ഒരാളെയും ഭയപ്പെടാതെ ഹീറയില്‍നിന്ന് പുറപ്പെട്ട് കഅ്ബ ത്വവാഫ് ചെയ്യുന്നതായി തീര്‍ച്ചയായും നിനക്ക് കാണാം.' നാടുകളില്‍ അക്രമം നടത്തിവന്ന ത്വയ്യിഅ് ഗോത്രക്കാരായ കൊള്ളക്കാരൊക്കെ അപ്പോള്‍ എവിടെയായിരിക്കുമെന്ന് ഞാന്‍ ആത്മഗതം ചെയ്തു. നബി തിരുമേനി തുടര്‍ന്നു: 'നിനക്ക് ദീര്‍ഘായുസ്സ് ലഭിക്കുകയാണെങ്കില്‍ കിസ്‌റായുടെ ഖജനാവുകള്‍ തുറക്കപ്പെടും.' ഞാന്‍ ചോദിച്ചു: 'ഹുര്‍മുസിന്റെ മകന്‍ കിസ്‌റായുടെയോ?' തിരുമേനി പറഞ്ഞു: 'അതേ, ഹുര്‍മുസിന്റെ മകന്‍ കിസ്‌റായുടെ തന്നെ.' തിരുമേനി തുടര്‍ന്നു: 'ദീര്‍ഘായുസ്സ് ലഭിക്കുകയാണെങ്കില്‍ നിനക്ക് കാണാം, ഒരാള്‍ തന്റെ കൈ നിറയെ സ്വര്‍ണമോ വെള്ളിയോ എടുത്ത് അത് സ്വീകരിക്കുന്നവരെ അന്വേഷിച്ച് ഒരാളെയും കണ്ടെത്താത്ത അവസ്ഥ വരുന്നത്' - ബുഖാരി).

നബി(സ)യുടെ സഖാക്കളുടെ കാലത്ത് സാമ്പത്തിക സുസ്ഥിതിയുണ്ടാവുകയും റോമക്കാരുടെയും പേര്‍ഷ്യക്കാരുടെയും വലിയ സ്വത്ത് അവരുടെ കൈയില്‍ വരികയുമുണ്ടായെങ്കിലും നബി(സ) ദീര്‍ഘദര്‍ശനം ചെയ്തതുപോലെയുള്ള ഒരവസ്ഥ സംഭവിച്ചില്ല. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്താണ് ദാനധര്‍മങ്ങള്‍ സ്വീകരിക്കാന്‍ ആളില്ലാത്ത സാഹചര്യം ഉണ്ടായത്. എങ്കിലും അത് ചുരുങ്ങിയ സ്ഥലത്ത് പരിമിതമായിരുന്നു. നബി(സ) പ്രവചിച്ച അവസ്ഥ പൂര്‍ണമായ രൂപത്തില്‍ അന്ത്യനാളിന് മുമ്പ് സംഭവിക്കാനിരിക്കുന്നതാണ്.

2. കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ  “‏ بَادِرُوا بِالأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا 

(അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'അന്ധകാരനിബിഡമായ രാത്രി പോലുള്ള കുഴപ്പങ്ങളുണ്ടാവുന്നതിനു മുമ്പ് നിങ്ങള്‍ ധൃതിയില്‍ കര്‍മങ്ങള്‍ ചെയ്യുക. അന്ന് പ്രഭാതത്തില്‍ സത്യവിശ്വാസിയായിരുന്ന ഒരാള്‍ പ്രദോഷത്തില്‍ സത്യനിഷേധിയായിത്തീരും. പ്രദോഷത്തില്‍ സത്യവിശ്വാസിയായിരുന്ന ഒരാള്‍ പ്രഭാതത്തില്‍ സത്യനിഷേധിയായിത്തീരും. ഐഹിക ലോകത്തെ തുഛമായ വിലയ്ക്ക് അവന്‍ തന്റെ ദീനിനെ വില്‍ക്കും' - മുസ്‌ലിം).

നബി(സ) തനിക്ക് ശേഷം മുസ്‌ലിം സമുദായത്തില്‍ സംഭവിക്കാന്‍ പോകുന്ന കുഴപ്പങ്ങളെ സംബന്ധിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ സ്വഹാബിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവാചകന്റെ വിയോഗശേഷം അവ ഉടലെടുക്കുകയും ഇന്നുവരെ അത് തുടര്‍ന്നുവരികയും ചെയ്യുന്നു. സകാത്ത് നിഷേധം, പുത്തന്‍ പ്രവാചകത്വ വാദം, ആഭ്യന്തര കലാപങ്ങള്‍, ഉസ്മാന്റെ (റ) വധം, ജമല്‍ യുദ്ധം, സ്വിഫ്ഫീന്‍ യുദ്ധം, ഹര്‍റ സംഭവം, മുസ്‌ലിം സമുദായത്തില്‍ ഭിന്ന ആശയക്കാരുടെയും വീക്ഷാഗതിക്കാരുടെയും ആവിര്‍ഭാവം തുടങ്ങി വിവിധ തരത്തിലുള്ള കുഴപ്പങ്ങള്‍ സമുദായത്തില്‍ ഉടലെടുക്കുകയും അത് സമുദായത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ചെയ്തു. സമകാലിക സാഹചര്യത്തില്‍ മുസ്‌ലിംകള്‍ ഭിന്ന രാജ്യങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിക്കുകയും ഇസ്‌ലാമികവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് സ്വസഹോദരങ്ങളെ അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തികളും വിഭാഗങ്ങളും മുസ്‌ലിം ഭരണാധികാരികളുടെ പീഡനത്തിനിരയാകേണ്ടി വരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ തങ്ങളുടെ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യം വരുന്നതിനെക്കുറിച്ചാണ് നബി(സ) ഈ ഹദീസിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.

3. പൂര്‍വ സമുദായങ്ങളെ അനുധാവനം ചെയ്യല്‍
عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ تَقُومُ السَّاعَةُ حَتَّى تَأْخُذَ أُمَّتِي بِأَخْذِ الْقُرُونِ قَبْلَهَا، شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ ‏”‏‏.‏ فَقِيلَ يَا رَسُولَ اللَّهِ كَفَارِسَ وَالرُّومِ‏.‏ فَقَالَ ‏”‏ وَمَنِ النَّاسُ إِلاَّ أُولَئِكَ

(നബി (സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു: 'എന്റെ സമുദായം മുന്‍ സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിന് മുഴമായും അനുധാവനം ചെയ്യുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.' അപ്പോള്‍ ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ?' തിരുമേനി പ്രതിവചിച്ചു: 'അവരല്ലാതെ മറ്റാരാണ്?' - ബുഖാരി).

അബൂസഈദി (റ) ല്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ജൂതന്മാരും ക്രിസ്ത്യാനികളുമാണോ അവര്‍?' തിരുമേനി പറഞ്ഞു: 'പിന്നെ ആരാണ്?' (ബുഖാരി, മുസ്‌ലിം).

ആദര്‍ശ വിശ്വാസങ്ങള്‍, ആരാധനാ കര്‍മങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും ഈ അനുധാവനം ദൃശ്യമാണ്. ആ നിലയില്‍ അന്ത്യനാളിന്റെ ഈ അടയാളം പുലര്‍ന്നുകഴിഞ്ഞിരിക്കുന്നു.

4. വ്യാജപ്രവാചകന്മാരുടെ രംഗപ്രവേശം
عَنْ أَبِي، هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى يُبْعَثَ دَجَّالُونَ كَذَّابُونَ قَرِيبٌ مِنْ ثَلاَثِينَ كُلُّهُمْ يَزْعُمُ أَنَّهُ رَسُولُ اللَّهِ

നബി(സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'മുപ്പതോളം പെരും കള്ളന്മാര്‍ സ്വയം പ്രവാചകത്വം വാദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (ബുഖാരി).

നബി(സ)യുടെ കാലം മുതല്‍ പലപ്പോഴും കള്ള പ്രവാചകത്വവാദികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യമാമയിലെ മുസൈലിമയും യമനിലെ അസ്‌വദുല്‍ അന്‍സിയും നബി(സ)യുടെ കാലത്തുതന്നെ പ്രവാചകത്വവാദവുമായി രംഗത്തുവന്നവരായിരുന്നു. സ്ത്രീകള്‍ക്കിടയില്‍നിന്ന് പ്രവാചകത്വവാദമുന്നയിച്ചവളായിരുന്നു സജാഹ്. മുസൈലിമ അവളെ വിവാഹം കഴിക്കുകയുണ്ടായി.

തുലൈഹബ്‌നു ഖുവൈലിദില്‍ അസദി, മുഖ്താറുബ്‌നു അബീഉസൈദ് അസ്സഖഫി, അബ്ദുല്‍ മലികിബ്‌നു മര്‍വാന്റെ കാലത്ത് പ്രവാചകത്വം വാദിച്ച ഹാരിസ് എന്നിവര്‍ വ്യാജ പ്രവാചകന്മാരില്‍ പെടുന്നു. അബ്ബാസിയാ ഭരണകാലത്തും ഒരു സംഘം കള്ളപ്രവാചകര്‍ രംഗത്തു വരികയുണ്ടായി. ആധുനിക കാലത്ത് ഇന്ത്യയില്‍ പ്രവാചകത്വം അവകാശപ്പെട്ട ആളായിരുന്നു മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി.

5. സമാധാനാന്തരീക്ഷം സംജാതമാവല്‍
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى يسير الراكب بين العراق ومكة لا يخاف إلاّ ضلال الطريق

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ (സ) പ്രസ്താവിച്ചു: 'ഒരു യാത്രക്കാരനും ഇറാഖിനും മക്കക്കുമിടയില്‍, വഴിതെറ്റിപ്പോകുമോ എന്ന ആശങ്കയല്ലാതെ മറ്റൊന്നും ഭയപ്പെടാതെ, സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു സാഹചര്യം സംജാതമാകുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (അഹ്‌മദ്).
ഹദീസില്‍ പറഞ്ഞ സാഹചര്യം ഇനിയും സംജാതമായിട്ടില്ല. ഇമാം മഹ്ദിയുടെയും ഈസാ(അ)യുടെയും ആഗമനസമയത്തായിരിക്കും അങ്ങനെയൊരു സാഹചര്യം സംജാതമാവുക എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

6. വിശ്വാസ്യത നഷ്ടപ്പെടല്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ ‏”‏‏.‏ قَالَ كَيْفَ إِضَاعَتُهَا يَا رَسُولَ اللَّهِ قَالَ ‏”‏ إِذَا أُسْنِدَ الأَمْرُ إِلَى غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَةَ

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: 'വിശ്വാസ്യത വിനഷ്ടമാവുകയാണെങ്കില്‍ നീ അന്ത്യനാളിനെ പ്രതീക്ഷിക്കുക.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'എങ്ങനെയാണ് വിശ്വാസ്യത നഷ്ടപ്പെടുക?' നബിതിരുമേനി പറഞ്ഞു: 'അധികാരം അനര്‍ഹരെ ഏല്‍പിക്കപ്പെടുമ്പോള്‍ നീ അന്ത്യനാള്‍ പ്രതീക്ഷിക്കുക' (ബുഖാരി).

അധികാര സ്ഥാനങ്ങളില്‍ ആളുകളെ അവരോധിക്കുന്നതിന്റെ മാനദണ്ഡം യോഗ്യതക്കു പകരം ഭൗതികമായ താല്‍പര്യങ്ങളാവുന്നത് അന്ത്യനാളിന്റെ അടയാളമാണെന്നാണ് നബി(സ) പറയുന്നത്. സമകാലിക ലോകത്ത് ചെറുതും വലുതുമായ സ്ഥാനങ്ങളിലിരിക്കുന്നത് ഉത്തരവാദിത്തബോധമില്ലാത്തവരും പൊതുമുതലുകള്‍ ധൂര്‍ത്തടിക്കുന്നവരും അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചവരുമാണ്.

7. നഷ്ടപ്പെടുന്ന വിജ്ഞാന ശാഖകള്‍
عَنْ أَنَس بْن، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “‏ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ وَيَثْبُتَ الْجَهْلُ

അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പ്രസ്താവിച്ചു: 'വിജ്ഞാനം ഉയര്‍ത്തപ്പെടലും അജ്ഞത സ്ഥിരപ്രതിഷ്ഠ നേടലും അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്' (ബുഖാരി, മുസ്‌ലിം).
عَنْ شَقِيقٍ رضى الله عنه قَالَ: كُنْتُ مَعَ عَبْدِ اللَّهِ وَأَبِي مُوسَى فَقَالاَ قَالَ النَّبِيُّ صلى الله عليه وسلم : إِنَّ بَيْنَ يَدَىِ السَّاعَةِ لأَيَّامًا يَنْزِلُ فِيهَا الْجَهْلُ، وَيُرْفَعُ فِيهَا الْعِلْمُ
ശഖീഖി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അബ്ദുല്ലയുടെയും അബൂമൂസയുടെയും കൂടെയായിരുന്നു. അപ്പോള്‍ അവര്‍ രണ്ടുപേരും പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: 'അന്ത്യദിനത്തിനു മുമ്പായി ചില കാലഘട്ടങ്ങളുണ്ടായിരിക്കും. അന്ന് അജ്ഞത സ്ഥാനം പിടിക്കുകയും വിജ്ഞാനം ഉയര്‍ത്തപ്പെടുകയും ചെയ്യും' (ബുഖാരി)
പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതു പോലെ ഇവിടെ വിജ്ഞാനം കൊണ്ടുള്ള ഉദ്ദേശ്യം ദീനീവിജ്ഞാനമാകുന്നു. പ്രവാചകന്മാര്‍ അനന്തര സ്വത്തായി നല്‍കിയത് അങ്ങനെയുള്ള വിജ്ഞാനമാണ്. താഴെ കൊടുക്കുന്ന ഹദീസ് സൂചിപ്പിക്കുന്നതുപോലെ വിജ്ഞാനം ഒറ്റയടിക്ക് ഉയര്‍ത്തപ്പെടുകയല്ല ഉണ്ടാവുക. പണ്ഡിതന്മാരുടെ മരണം വഴിയാണ് അത് സംഭവിക്കുക.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا، يَنْتَزِعُهُ مِنَ الْعِبَادِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا، اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: 'അല്ലാഹു മനുഷ്യരില്‍നിന്ന് വിജ്ഞാനത്തെ ഒറ്റയടിക്ക് പിഴുതുകളയുകയല്ല ചെയ്യുക. പണ്ഡിതന്മാരെ മരിപ്പിക്കുക മുഖേനയാണ് വിജ്ഞാനത്തെ പിടിച്ചെടുക്കുക. അങ്ങനെ പണ്ഡിതരാരും അവശേഷിക്കാത്ത അവസ്ഥ വരുമ്പോള്‍ ജനങ്ങള്‍ അജ്ഞന്മാരെ നേതാക്കന്മാരാക്കും. അങ്ങനെ അവരോട് ചോദിക്കപ്പെടുമ്പോള്‍ അവര്‍ വിവരമില്ലാതെ മതവിധി പുറപ്പെടുവിക്കും. അങ്ങനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും.'

ഈ ഹദീസില്‍ സൂചിപ്പിച്ച കാര്യം പൂര്‍ണമായ അവസ്ഥയില്‍ പുലര്‍ന്നിട്ടില്ലെങ്കിലും സൂചനകള്‍ പലതും കാണാം. എന്നാല്‍ അന്ത്യനാളിനു മുമ്പായി അത് പൂര്‍ണാര്‍ഥത്തില്‍ തന്നെ സംഭവിക്കും.

8. അക്രമികളായ ഭരണാധികാരികള്‍
عن أبي أمامة رضي الله عنه عن النبي صلى الله عليه وسلم قال‏: يكون في هذه الأمّة فِي آخِرِ الزَّمَان رجال أو قال: يخرج رجل من هذه الأمة فِي آخِرِ الزَّمَانِ معهم سياط كأنها أَذْنَاب الْبَقَرِ يَغْدُونَ فِي سَخَطِ اللَّهِ وَيَرُوحُونَ فِي غَضَبه
അബൂഉമാമ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'ഈ സമുദായത്തിന്റെ അവസാന കാലത്ത്, പശുവിന്റെ വാലുകള്‍ പോലെയുള്ള ചാട്ടവാറുകള്‍ കൈയിലുള്ള ചില ആളുകള്‍ ഉണ്ടാകും. അല്ലെങ്കില്‍ പുറപ്പെടും. പ്രഭാതത്തിലും പ്രദോഷത്തിലും അവര്‍ പോകുന്നതും വരുന്നതും അല്ലാഹുവിന്റെ കോപത്തിലായിരിക്കും' (അഹ്‌മദ്).
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “‏ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'നരകാവകാശികളായ രണ്ട് വിഭാഗമുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. പശുവിന്റെ വാലുകള്‍ പോലെയുള്ള ചാട്ടവാറുകള്‍ കൈവശമുള്ളവരാണ് അവരില്‍ ഒരു വിഭാഗം. അതുകൊണ്ട് അവര്‍ ജനങ്ങളെ പ്രഹരിക്കുന്നു' (മുസ്‌ലിം).
عَنْ اِبْنِ عَبَّاسٍ ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم : يَكُونُ عَلَيْكُمْ أُمَرَاءُ هم شرّ من المجوس

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു: 'നിങ്ങള്‍ക്ക് ചില നേതാക്കള്‍ ഉണ്ടാവും. അഗ്നിയാരാധകരേക്കാള്‍ അധമന്മാരായിരിക്കും അവര്‍' (ത്വബറാനി).

നിരപരാധികളായ ആളുകളെ അന്യായമായി ക്രൂര മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കുന്ന അക്രമികളായ ഭരണാധികാരികളെയും അവരുടെ കിങ്കരന്മാരെയും കുറിച്ചാണ് നബി(സ) ഉപര്യുക്ത ഹദീസുകളില്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നത്. അവ്വിധം ഭരണാധികാരികളും കിങ്കരന്മാരും ഈ സമുദായത്തില്‍ കഴിഞ്ഞ കാലത്ത് അനവധി ഉണ്ടായിട്ടുണ്ട്. സമകാലിക ലോകത്തും അത്തരം ഭരണാധികാരികള്‍ക്കും സഹായികള്‍ക്കും ഒരു കുറവുമില്ല.

9. വ്യഭിചാരത്തിന്റെ വ്യാപനം
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا

അനസി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: 'അന്ത്യദിനത്തിന്റെ ഉപാധികളില്‍ പെട്ടതാണ്, വിജ്ഞാനം ഉയര്‍ത്തപ്പെടുന്നതും അജ്ഞത സ്ഥിരത നേടുന്നതും മദ്യം കുടിക്കപ്പെടുന്നതും വ്യഭിചാരം പ്രകടമാകും എന്നതും' (ബുഖാരി).
عَنْ أَبِي هُرَيْرَةَ ‏- رضى الله عنه ‏- أَنَّ رَسُولَ اَللَّهِ ‏- صلى الله عليه وسلم ‏-قَالَ: وَاَلَّذِي نَفْسِي بِيَدِهِ لاَ تَفْنى هذِه الأمة حتى يَقُوم الرّجُل الى المرأَة فَيَفُرشها في الطّريق فيكون خيارَهم يَوْمَئذ مَنْ يَقُول: لولا واريتها وراء هذا الحائط

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം. ഒരു പുരുഷന്‍ ഒരു സ്ത്രീയെ സമീപിച്ച് അവളുമായി വഴിയില്‍ വെച്ച് വേഴ്ച നടത്തുന്ന സാഹചര്യം വരുന്നതോടെയാകും ഈ സമുദായത്തിന്റെ അന്ത്യം. അവരില്‍ ഏറ്റവും നല്ലവന്‍ അന്ന് പ്രതികരിക്കുക, നിനക്കവളെ ഈ മതിലിന് പിന്നിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരിക്കും' (അബൂയഅ്‌ലാ).
സമകാലിക ലോകത്ത് ഏറെ പ്രകടമാണ്, പ്രവാചകന്റെ ഈ പ്രവചനം. പൊതുസ്ഥലങ്ങളില്‍ പോലും സ്ത്രീപുരുഷന്മാര്‍ ലൈംഗിക ചേഷ്ടകളിലേര്‍പ്പെടുന്നത് വ്യാപകമാകുന്നു. അതില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നവര്‍ തന്നെ അപൂര്‍വമാകുന്നു.

10. പലിശ വ്യാപകമാകല്‍
عَنْ عَبْدِ اللَّهِ بْنِ مسعود رضي الله عنه عن النّبيّ صلى الله عليه وسلم قال: بين يدي السّاعة يظهر الربا
അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'അന്ത്യനാളിനു മുമ്പായി പലിശ വ്യാപകമാവും' (ത്വബറാനി).
അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച മഹാപാതകമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തകമാക്കുകയും സപ്ത മഹാപാപങ്ങളില്‍ നബി(സ) എണ്ണുകയും ചെയ്ത പലിശ അന്ത്യനാളിനുമുമ്പായി സാര്‍വത്രികമാകുമെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. നബി(സ)യുടെ ഈ പ്രവചനം അക്ഷരാര്‍ഥത്തില്‍ തന്നെ പുലര്‍ന്നതായി നമുക്ക് കാണാം. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളുമെല്ലാം പലിശക്കെണിയില്‍ കുടുങ്ങിക്കിടക്കുകയും അതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പലിശയുടെ സ്പര്‍ശമില്ലാത്ത ഒരിടപാടും സാധ്യമാവാത്തവിധം സാമ്പത്തിക രംഗം മാറിയിരിക്കുന്നു.

11. മദ്യപാനം വര്‍ധിക്കല്‍
عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: سَمعت رسول الله صلى الله عليه وسلم يقول: إنّ مِنْ أَشْرَاطِ السَّاعَةِ ....... وَيُشْرَبَ الْخَمْرُ
അനസില്‍നിന്ന് നിവേദനം. നബി (സ) പറയുന്നതായി ഞാന്‍ കേട്ടു: 'അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ് മദ്യപാനം' (മുസ്‌ലിം).

ഈ കാര്യം സമൂഹത്തിലിന്ന് പ്രകടമാണ്. മദ്യത്തിന് പല പേരുകളും നല്‍കി അത് അനുവദനീയമാണെന്ന് വാദിക്കുന്ന ചിലരെ മുസ്‌ലിം സമുദായത്തില്‍ തന്നെ കാണാം. തിന്മകളുടെ മാതാവാണ് മദ്യമെന്ന് നബി(സ) പ്രസ്താവിച്ചിരിക്കെ, ചില മുസ്‌ലിം നാടുകളില്‍ പോലും മദ്യം പരസ്യമായി വില്‍ക്കപ്പെടുകയും കുടിക്കപ്പെടുകയും ചെയ്യുന്നു. അന്ത്യനാളിനു മുമ്പായി സംഭവിക്കുന്ന ഈ അടയാളം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. വിവിധതരം മയക്കുമരുന്നുകളുടെ വ്യാപനവും ഇതോട് ചേര്‍ത്തു വായിക്കണം.

12. പള്ളി മോടി പിടിപ്പിക്കുന്നതില്‍ 
മത്സരം
عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ :‏ مِنْ أَشْرَاطِ السَّاعَةِ أَنْ يَتَبَاهَى النَّاسُ فِي الْمَسَاجِدِ 
അനസി(റ)ല്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ജനങ്ങള്‍ പള്ളികളുടെ കാര്യത്തില്‍ പരസ്പരം മേന്മ നടിക്കുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (അഹ്‌മദ്).
പള്ളികള്‍ അലങ്കരിക്കുന്നതിലും മോടിപിടിപ്പിക്കുന്നതിലും ആളുകള്‍ പരസ്പരം മത്സരിക്കുന്ന ഒരു കാലം വരുമെന്നാണ് നബി(സ) ഇവിടെ പ്രവചിക്കുന്നത്. ആ കാലം വന്നിരിക്കുന്നു എന്നാണ് പള്ളികളുടെ കാര്യത്തിലുള്ള ജനങ്ങളുടെ മത്സരം കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പള്ളികള്‍ മോടി പിടിപ്പിക്കാന്‍ നമ്മോട് കല്‍പ്പിക്കപ്പെട്ടിട്ടില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

പള്ളി മോടിപിടിപ്പിക്കുന്നത് ഉമറുബ്‌നുല്‍ ഖത്ത്വാബ് വിലക്കുകയുണ്ടായി. അത് ചിലപ്പോള്‍ നമസ്‌കരിക്കുന്നവരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമായേക്കും. മസ്ജിദുന്നബവിയുടെ പുനര്‍നിര്‍മാണവേളയില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) കല്‍പിച്ചു:  
اَكِنّ النّاسَ من المطر وإيَّاكَ ان تُحّمِّرَ اَوْ تُصَفِّر فَتَفْتَتِنَ النَّاسَ
  (ജനങ്ങള്‍ക്ക് മഴയില്‍നിന്ന് രക്ഷ നല്‍കുക. അതിന് ചുവപ്പോ മഞ്ഞയോ വര്‍ണം നല്‍കുന്നത് സൂക്ഷിക്കുക. കാരണം ആ വര്‍ണം നല്‍കുക വഴി ജനങ്ങളെ കുഴപ്പത്തിലകപ്പെടുത്തുകയാണ് സംഭവിക്കുക).
عَنْ أَبِي الدَّرْدَاءِ رضي الله عنه قَالَ‏:‏ إذا زَوَّقْتُمْ مساجدكم وحلّيتم مصاحفكم فالدمار عليكم
അബുദ്ദര്‍ദാഇല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പള്ളികള്‍ അലങ്കരിക്കുകയും മുസ്വ്ഹഫുകളെ മോടിപിടിപ്പിക്കുകയുമാണെങ്കില്‍ നിങ്ങളുടെ നാശത്തിന് സമയമായി.'

13. കെട്ടിടനിര്‍മാണത്തില്‍ പരസ്പരം മത്സരിക്കല്‍
عَنْ ابي هريرة رضي الله عنه أنّ النبيَّ صلى الله عليه وسلم قال: لجبريل عندما سأله عن امارات الساعة وأن ترى الحفاة العراة العالة رعاء الشاء يتطاولون في البنيان
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. ജിബ്‌രീല്‍ നബി(സ)യോട് അന്ത്യനാളിന്റെ അടയാളങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു: 'പാദരക്ഷ ധരിക്കുന്നവരും വിവസ്ത്രരും ദരിദ്രരും ആടുകളെ മേയ്ക്കുന്നവരുമായ ആളുകള്‍ കെട്ടിട നിര്‍മാണത്തില്‍ പരസ്പരം മത്സരിക്കുക.

നബി(സ)യുടെ കാലശേഷം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഒരു പ്രതിഭാസമാണ് ഈ ഹദീസില്‍ വന്നിട്ടുള്ളത്. ജനങ്ങള്‍ സാമ്പത്തിക സുസ്ഥിതി കൈവന്ന സാഹചര്യത്തില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ വലിയ വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി, ധനസമ്പാദനത്തിനുള്ള പരസ്പര മത്സരം പോലെത്തന്നെ സമ്പത്തിന്റെ വിനിയോഗത്തിലും മത്സരമുണ്ടായി. അനാവശ്യത്തിനും ആഢംബരത്തിനും ഉത്തുംഗങ്ങളായ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്ന സംസ്‌കാരം ജനങ്ങളിലും രാജ്യങ്ങളിലും വ്യാപകമായി. ഏറ്റവും വലിയ, ഏറ്റവും ഉയരമുള്ള കെട്ടിടം എന്റേതാവണമെന്ന് വ്യക്തികളും എന്റെ നാടിന്റേതായിരിക്കണമെന്ന് ഭരണാധികാരികളും ആഗ്രഹിക്കുന്നു. അതിന്റെ പേരില്‍ അവര്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നു.

14. അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക
അന്ത്യനാളിന്റെ അടയാളങ്ങളെക്കുറിച്ച ചോദ്യത്തിന്റെ മറുപടിയായി ജിബ്‌രീല്‍ പറഞ്ഞ കാര്യങ്ങളുടെ കൂട്ടത്തില്‍ നബി(സ) പറഞ്ഞു:
وأن تلد الأمة ربّتها
 (അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കും).
ഈ വാക്യത്തിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറഞ്ഞതുപോലെ, ഏറ്റവും ബുദ്ധിപൂര്‍വകമായ വിശദീകരണം, മക്കള്‍ മാതാപിതാക്കളെ ധിക്കരിക്കുക എന്നതാണ്. മാതാപിതാക്കള്‍ക്ക് ഒരാദരവും നല്‍കാതെ അവരെ അടിമകളോടെന്ന പോലെ വര്‍ത്തിക്കുന്ന അവസ്ഥ വരിക. സമകാലിക ലോകത്ത് ഈ പ്രതിഭാസം ഏറെ പ്രകടമാണ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ അവരെ പല രൂപത്തിലും പീഡിപ്പിക്കുകയും വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുന്നത് അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.

15. കൊലപാതങ്ങള്‍ വര്‍ധിക്കുക
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “‏ لاَ تَقُومُ السَّاعَةُ حَتَّى يَكْثُرَ الْهَرْجُ ‏”‏ ‏.‏ قَالُوا وَمَا الْهَرْجُ يَا رَسُولَ اللَّهِ قَالَ ‏”‏ الْقَتْلُ الْقَتْلُ ‏

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. റസൂലുല്ലാഹി(സ) പ്രസ്താവിച്ചു: 'ഹര്‍ജ് വര്‍ധിക്കുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.' സ്വഹാബിമാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഹര്‍ജ്?' തിരുമേനി പറഞ്ഞു: 'കൊലപാതകം, കൊലപാതകം' (മുസ്‌ലിം).
മറ്റൊരു ഹദീസ്:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏“ وَالَّذِي نَفْسِي بِيَدِهِ لاَ تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لاَ يَدْرِي الْقَاتِلُ فِيمَ قَتَلَ وَلاَ الْمَقْتُولُ فِيمَ قُتِلَ ‏”‏ ‏.‏ فَقِيلَ كَيْفَ يَكُونُ ذَلِكَ قَالَ ‏”‏ الْهَرْجُ ‏.‏ الْقَاتِلُ وَالْمَقْتُولُ فِي النَّارِ 
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം! ഒരു ഘാതകന്, എന്തിന്റെ പേരിലാണ് താന്‍ കൊല നടത്തിയതെന്നോ കൊല്ലപ്പെട്ടവന് എന്തിന്റെ പേരിലാണ് താന്‍ കൊല്ലപ്പെട്ടതെന്നോ അറിയാന്‍ സാധിക്കാത്ത ഒരു കാലഘട്ടം ജനങ്ങള്‍ക്ക് ഉണ്ടാകുന്നതുവരെ ഇഹലോകം അവസാനിക്കുകയില്ല.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'എങ്ങനെയാണത് സംഭവിക്കുക? ' തിരുമേനി പറഞ്ഞു: 'വ്യാപകമായ കൊല. കൊലപാതകിയും കൊലചെയ്യപ്പെട്ടവനും നരകത്തിലാണ്' (മുസ്‌ലിം).

നബി(സ)യുടെ സഖാക്കളുടെ കാലത്ത് ഉസ്മാന്റെ (റ) വധത്തോടെ തുടക്കംകുറിച്ച ഈ അടയാളം പിന്നീടുള്ള ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. പല കാലത്തും പല സ്ഥലങ്ങളിലും വെച്ച് നടന്ന യുദ്ധങ്ങള്‍ എന്തിനായിരുന്നു എന്നുപോലും പറയാന്‍ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളത്.

ഒന്നും രണ്ടും ലോക യുദ്ധങ്ങളില്‍ ലക്ഷക്കണക്കില്‍ മനുഷ്യരാണ് അറുകൊല ചെയ്യപ്പെട്ടത്. കൂട്ടവിനാശത്തിന്നിടയാക്കുന്ന ആയുധങ്ങളുടെ കണ്ടുപിടിത്തത്തോടെ മനുഷ്യക്കുരുതികള്‍ വര്‍ധിച്ചുകൊണ്ടിരുന്നു.

സമകാലിക ലോകത്തെ വാര്‍ത്താ മാധ്യമങ്ങള്‍ കൊലപാതകങ്ങളുടെ കരളലിയിക്കുന്ന കഥകളുമായാണ് നമ്മുടെ മുമ്പിലെത്തുന്നത്. മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും കൊല്ലുന്ന, ആയുധമേന്തിയ മനുഷ്യപ്പിശാചുക്കള്‍ ഓമനത്വം തുളുമ്പുന്ന കുട്ടികള്‍ക്കു നേരെ നിറയൊഴിക്കുകയും ആരാധനാലയങ്ങളില്‍ ധ്യാനനിരതരായി കഴിയുന്ന ഭക്തന്മാരെ കൊലചെയ്യുകയും ചെയ്തശേഷം പൈശാചിക നൃത്തമാടുന്ന സംഭവങ്ങള്‍ ഇന്ന് ഒരു തുടര്‍ക്കഥയാണ്. നബി(സ) നടത്തിയ ഈ പ്രവചനം പൂര്‍ണാര്‍ഥത്തില്‍ പുലര്‍ന്നിരിക്കുന്നു.

16. കാലം അടുത്തുവരല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ فَتَكُونُ السَّنَةُ كَالشَّهْرِ وَالشَّهْرُ كَالْجُمُعَةِ وَتَكُونُ الْجُمُعَةُ كَالْيَوْمِ وَيَكُونُ الْيَوْمُ كَالسَّاعَةِ وَتَكُونُ السَّاعَةُ كاحتراق السّحفة
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: 'കാലം അടുത്തടുത്ത് വരുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അപ്പോള്‍ ഒരു വര്‍ഷം ഒരു മാസം പോലെയും ഒരു മാസം ഒരാഴ്ച പോലെയും ഒരാഴ്ച ഒരു ദിവസം പോലെയും ഒരു ദിവസം ഒരു മണിക്കൂര്‍ പോലെയും ഒരു മണിക്കൂര്‍ ഒരു ഈത്തപ്പനയോല കത്തിക്കരിയുന്നതുപോലെയുമാവും' (അഹ്‌മദ്).
കാലത്തിന്റെ ബറകത്ത് കുറഞ്ഞുപോകുന്നതുകൊണ്ടും കാലം വേഗത്തില്‍ കഴിഞ്ഞുപോകുന്നതുകൊണ്ടും വിവരസാങ്കേതികവിദ്യയുടെ പ്രചാരം വഴിയും അതിവേഗത്തിലുള്ള ഭൗമ ഉപരിതല യാത്രോപകരണങ്ങളുടെ ലഭ്യത കൊണ്ടുമൊക്കെയാവാം സംഭവിക്കുന്നത്.

17. മാര്‍ക്കറ്റുകള്‍ പരസ്പരം അടുക്കല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى َتَظْهَرَ الْفِتَنُ، وَيَكْثُرَ الكذب وتقارب الأسواق
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും കള്ളം വര്‍ധിക്കുകയും മാര്‍ക്കറ്റുകള്‍ പരസ്പരം അടുത്തുവരികയും ചെയ്യുന്നതു വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (അഹ്‌മദ്).
മാര്‍ക്കറ്റുകള്‍ പരസ്പരം അടുത്തുവരിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചരക്കുകളുടെ വിലനിലവാരം വേഗത്തില്‍ അറിയാനുള്ള സൗകര്യമുണ്ടാവുക, മാര്‍ക്കറ്റുകള്‍ തമ്മിലുള്ള ദൂരം ദീര്‍ഘമാണെങ്കിലും വേഗത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം ലഭ്യമാവുക, വിലയില്‍ മാര്‍ക്കറ്റുകള്‍ തമ്മില്‍ വലിയ അന്തരമില്ലാതിരിക്കുക എന്നിവയാണെന്ന് ചില പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ആ അര്‍ഥത്തില്‍ ഈ അടയാളം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

18. മുസ്‌ലിം സമുദായത്തില്‍ ബഹുദൈവ വിശ്വാസം ഉടലെടുക്കുക

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “‏ إِذَا وُضِعَ السَّيْفُ فِي أُمَّتِي لَمْ يُرْفَعْ عَنْهَا إِلَى يَوْمِ الْقِيَامَةَِ لاتَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى تَعْبد قبائل من أُمَّتِي الأوثان

സൗബാനി(റ)ല്‍നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു: 'എന്റെ സമുദായത്തില്‍ വാള്‍ പ്രയോഗിക്കപ്പെടുകയാണെങ്കില്‍ അന്ത്യനാള്‍ വരെ അത് അവരില്‍നിന്ന് ഉയര്‍ത്തപ്പെടുകയില്ല. എന്റെ സമുദായത്തില്‍ പെട്ട ചില ഗോത്രങ്ങള്‍ ബഹുദൈവ വിശ്വാസികളോട് ചേരുകയും ചില ഗോത്രങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (അബൂദാവൂദ്).
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ حَوْلَ ذِي الْخَلَصَةِ
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'ദൗസ് ഗോത്രത്തിലെ സ്ത്രീകളുടെ പൃഷ്ടങ്ങള്‍ ദുല്‍ഖലസ്വക്കു ചുറ്റും തുള്ളുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല (ബുഖാരി).

നബി(സ) പ്രസ്താവിച്ചതായി മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം:
لا يذهب الليل والنهار حتى تعبد اللات والعزى فقلت يا رسول الله إن كنت لأظن حين أنزل الله هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو كره المشركون أن ذلك تاما قال إنه سيكون من ذلك ما شاء الله ثم يبعث الله ريحا طيبة فتوفى كل من في قلبه مثقال حبة خردل من إيمان فيبقى من لا خير فيه فيرجعون إلى دين آبائهم

'ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതുവരെ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോവുകയില്ല.' അപ്പോള്‍ ആഇശ(റ) പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു 'സന്മാര്‍ഗവും സത്യദീനും കൊണ്ട് എല്ലാ ദീനുകള്‍ക്കും മീതെ അതിനെ വിജയിപ്പിക്കാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍, ബഹുദൈവ വിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി' എന്ന സൂക്തം അവതരിച്ച ശേഷം അത് പൂര്‍ണത പ്രാപിച്ചു എന്ന് ഞാന്‍ വിചാരിച്ചിരുന്നു.'' അപ്പോള്‍ തിരുമേനി പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ച കാലം ആ അവസ്ഥ അവശേഷിക്കും. പിന്നീട് അല്ലാഹു ഒരു നല്ല കാറ്റിനെ അയക്കും. അപ്പോള്‍ ഹൃദയത്തില്‍ ഒരു കടുകുമണിത്തൂക്കമെങ്കിലും വിശ്വാസമുള്ളവരെയെല്ലാം അത് മരിപ്പിക്കും. അപ്പോള്‍ ഒരു നന്മയുമില്ലാത്തവരാണ് അവശേഷിക്കുക. അവര്‍ തങ്ങളുടെ പൂര്‍വ പിതാക്കളുടെ ദീനിലേക്ക് മടങ്ങും.'

നബി(സ) ഈ ഹദീസുകളില്‍ വിവരിച്ച അടയാളം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രത്യക്ഷപ്പെടുകയും അത് ശക്തമായ രൂപത്തില്‍ തുടര്‍ന്നു വരികയും ചെയ്യുന്നു.
രണ്ടാമത്തെ ഹദീസില്‍ പറഞ്ഞ ദുല്‍ഖലസ്വ ദൗസ് ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഒരു വിഗ്രഹത്തിന്റെ പേരാണ്. ത്വാഇഫിന്റെ തെക്കു ഭാഗത്ത് സഹ്‌റാന്‍ പ്രദേശത്താണ് അത് സ്ഥിതിചെയ്തിരുന്നത്. നബി(സ)യുടെ കാലത്ത് തന്നെ അത് തകര്‍ക്കപ്പെട്ടിരുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കു ശേഷം അത് പുനഃസ്ഥാപിക്കപ്പെടുകയും ഹദീസില്‍ പറഞ്ഞ രൂപത്തില്‍ സ്ത്രീകള്‍ പോലും അതിന് ചുറ്റും അവരുടെ പൃഷ്ടങ്ങള്‍ ഇളക്കി ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ചു പോരുകയും ചെയ്തു. അബ്ദുല്‍ അസീസിബ്‌നു അബ്ദിര്‍റഹ്‌മാന്‍ ആലുസുഊദ് ഭരണമേറ്റശേഷം ഒരു സംഘം ആളുകളെ അയച്ച് അത് തകര്‍ക്കുകയും നാമാവശേഷമാക്കുകയുമാണുണ്ടായത്.

മരിച്ചുപോയ ആളുകളെ വിളിച്ചു പ്രാര്‍ഥിക്കുക, അവരോട് സഹായം തേടുകയും ഖബ്‌റുകള്‍ കെട്ടിപ്പൊക്കി അവയെ ആരാധനാ കേന്ദ്രങ്ങളാക്കുക, അവയോടനുബന്ധിച്ച് നേര്‍ച്ചയും ഉറൂസും കഴിക്കുക തുടങ്ങി വിവിധ തരത്തിലുള്ള ബഹുദൈവവിശ്വാസപരമായ കാര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവ വിപാടനം ചെയ്യാന്‍ ബാധ്യസ്ഥരായ പണ്ഡിതന്മാര്‍ അവ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും അതിന് ന്യായങ്ങള്‍ ചമക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് എങ്ങും ദൃശ്യമാകുന്നത്.

19. മ്ലേഛ വൃത്തികളും കുടുംബ ബന്ധ വിഛേദനവും മോശമായ അയല്‍പക്ക ബന്ധവും പ്രകടമാവും
لا تقوم الساعة حتى يظهر الفحش والتفاحش وقطيعة الرحم وسوء المجاورة - أحمد - الحاكم
അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: 'മ്ലേഛ വൃത്തിയും അശ്ലീലതാ പ്രകടനവും കുടുംബബന്ധ വിഛേദനവും മോശമായ അയല്‍പക്ക ബന്ധവും പ്രത്യക്ഷപ്പെടുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.'
മ്ലേഛ വൃത്തികള്‍, അശ്ലീലതാ പ്രകടനം, കുടുംബബന്ധ വിഛേദനം, മോശമായ അയല്‍പക്ക ബന്ധം എന്നീ കാര്യങ്ങളിലെല്ലാം നബി(സ)യുടെ പ്രവചനം പൂര്‍ണമായി പുലര്‍ന്നിരിക്കുന്നു. മ്ലേഛവൃത്തികള്‍ സാര്‍വത്രികമാണ്. അതിനെതിരില്‍ പ്രതികരിക്കാനോ ശബ്ദമുയര്‍ത്താനോ പോലും സന്നദ്ധമാവാത്ത ഒരു സമൂഹത്തെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ അശ്ലീലത കൊടികുത്തി വാഴുന്നു. കുടുംബബന്ധങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ ധാരാളം ഉദാഹരണങ്ങള്‍ അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നു. തന്റെ അടുത്ത വീട്ടിലോ ഫ്‌ളാറ്റിലോ താമസിക്കുന്നവര്‍ ആരാണെന്നുപോലും അറിയാത്ത വിധത്തില്‍ അയല്‍പക്ക ബന്ധം മുറിഞ്ഞുപോയിരിക്കുന്നു.

20. യുവത്വം നടിക്കുന്ന വൃദ്ധന്മാര്‍
عَنِ عبد الله ابن عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ 
بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ 

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: അവസാന കാലത്ത് കറുപ്പ് വര്‍ണം തേക്കുന്ന ഒരു വിഭാഗം ആളുകളുണ്ടാവും. പ്രാവിന്റെ വയറുപോലെയായിരിക്കും അവരുടെ താടി. അവര്‍ സ്വര്‍ഗത്തിന്റെ സുഗന്ധം അനുഭവിക്കുകയില്ല.1

(ഉസ്മാനുബ്‌നു അഫ്ഫാന്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, സഅ്ദുബ്‌നു അബീ വഖ്ഖാസ്വ്, ഉഖ്ബത്തുബ്‌നു ആമിറില്‍ ജുഹനി, മുഗീറത്തുബ്‌നു ശുഅ്ബ, ജരീറുബ്‌നു അബ്ദില്ല, അംറുബ്‌നുല്‍ ആസ്വ് മുതലായ സ്വഹാബിമാരും അംറുബ്‌നു ഉസ്മാന്‍, അലിയ്യുബ്‌നു അബ്ദില്ലാഹി ബ്‌നി അബ്ബാസ്, അബൂസലമബ്‌നു അബ്ദിര്‍റഹ്‌മാന്‍, അബ്ദുല്‍ റഹ്‌മാന്‍ ബ്‌നുല്‍ അസ്‌വദ്, മൂസബ്‌നു ത്വല്‍ഹ, സുഹ്‌രി, അയ്യൂബ്, ഇസ്മാഈലുബ്‌നു മഅ്ദീ കരിബ മുതലായ താബിഈങ്ങളും മുടിയില്‍ കറുപ്പ് തേച്ചിരുന്നു. (സാദുല്‍ മആദ്: 4/368)
നബി(സ)യുടെയും ശേഷവുമുള്ള കാലങ്ങളില്‍ സ്വഹാബികള്‍ ഉള്‍പ്പെടെ കറുപ്പ് ഉപയോഗിച്ചിരുന്നു എന്നതിനാല്‍, 'അവസാനകാലത്ത്' എന്ന് ഹദീസിലെ പ്രയോഗം ചായംതേപ്പ് രീതി അവസാനകാലത്ത് വര്‍ധിക്കും എന്നാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കണമെന്നാണ് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. ഈ ഹദീസ് കറുപ്പ് ചായം നിഷിദ്ധമാണെന്ന വിധി പ്രസ്താവമല്ല).

21. ബിസിനസ് വര്‍ധന, 
സ്ത്രീകളുടെ പങ്കാളിത്തം
عَن عبد الله ابْنِ سعود، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ يَدَيْ السَّاعَةِ تَسْلِيمُ الْخَاصَّةِ، وَفشوّ التِّجَارَةُ حَتَّى تشارك الْمَرْأَةُ زَوْجَهَا في التِّجَارَةِ
അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'അന്ത്യനാളിനു മുമ്പ് സംഭവിക്കുന്ന കാര്യങ്ങളാണ്, പ്രത്യേകക്കാരെ മാത്രം അഭിവാദ്യം ചെയ്യുക എന്നതും സ്ത്രീ തന്റെ ഭര്‍ത്താവിനോടൊത്ത് ബിസിനസ്സില്‍ പങ്കു ചേര്‍ന്ന് ബിസിനസ്സ് വ്യാപിക്കുക എന്നതും' (അഹ്‌മദ്).

വിവിധ തരത്തിലും രീതിയിലുമുള്ള ബിസിനസ്സിന്റെ വ്യാപനത്തിന് സമകാലിക ലോകം സാക്ഷിയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം ബിസിനസ്സ് പങ്കാളികളാവുക എന്നത് ഇന്ന് സര്‍വസാധാരണമാണ്. നബി(സ) ദീര്‍ഘദര്‍ശനം ചെയ്തതുപോലെ ഭാര്യയും ഭര്‍ത്താവും മറ്റുമടങ്ങുന്ന കുടുംബ പങ്കാളിത്തമുള്ള ബിസിനസ്സുകള്‍ സാര്‍വത്രികമാണ്.

22. സജ്ജനങ്ങളുടെ തിരോധാനം
عن عبد الله بن عمرو - رضي الله عنهما - ، قال : قال رسول الله - صلى الله عليه وآله وسلم - : “ لا تقوم الساعة حتى يأخذ الله شريطته  فيبقى فيها عجاجة لا يعرفون معروفا ، ولا ينكرون منكرا 

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: 'അല്ലാഹു സജ്ജനങ്ങളെ കൊണ്ടുപോകുന്നതു വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. പിന്നീട് നന്മ അറിയുകയോ തിന്മ വെറുക്കുകയോ ചെയ്യാത്ത ഒരു വിഭാഗമാകും അവശേഷിക്കുക' (അഹ്‌മദ്).
ഈ ഹദീസില്‍ പറഞ്ഞ അടയാളം ഇനിയും പൂര്‍ണരൂപത്തില്‍ സംഭവിച്ചിട്ടില്ല. സജ്ജനങ്ങള്‍ മുഴുവന്‍ നശിക്കുകയും ദുര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്നാണ് മനസ്സിലാകുന്നത്.

23. അധമന്മാര്‍ ഉയര്‍ന്നുവരല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ سَيَأْتِي عَلَى النَّاسِ سَنَوَاتٌ خَدَّاعَاتٌ يُصَدَّقُ فِيهَا الْكَاذِبُ وَيُكَذَّبُ فِيهَا الصَّادِقُ وَيُؤْتَمَنُ فِيهَا الْخَائِنُ وَيُخَوَّنُ فِيهَا الأَمِينُ وَيَنْطِقُ فِيهَا الرُّوَيْبِضَةُ قِيلَ وَمَا الرُّوَيْبِضَةُ قَالَ الرَّجُلُ التَّافِهُ فِي أَمْرِ الْعَامَّةِ

(അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. റസൂലുല്ലാഹി (സ) പറഞ്ഞു: ''ജനങ്ങളെ ചതിയിലകപ്പെടുത്തുന്ന ചില വര്‍ഷങ്ങള്‍ വരും. അതില്‍ അസത്യവാന്‍ സത്യസന്ധനായി ഗണിക്കപ്പെടുകയും സത്യസന്ധന്‍ കളവാക്കപ്പെടുകയും വഞ്ചകന്‍ വിശ്വസ്തനാക്കപ്പെടുകയും വിശ്വസ്തന്‍ വഞ്ചകനാക്കപ്പെടുകയും 'റുവൈബിദ' സംസാരിക്കുകയും ചെയ്യും.'' അപ്പോള്‍ ആരോ ചോദിച്ചു: ''റുവൈബിദ എന്നാല്‍ എന്താണ്?'' നബി(സ) പറഞ്ഞു: ''ബഹുജനങ്ങളുടെ കാര്യം സംസാരിക്കുന്ന വിഡ്ഢി'' - അഹ്‌മദ്).

നബി(സ)യുടെ ഈ ദീര്‍ഘദര്‍ശനം പുലര്‍ന്നിരിക്കുന്നു. ജ്ഞാനികളും യോഗ്യരുമുണ്ടായിരിക്കെ അവര്‍ സംസാരിക്കേണ്ടിടത്ത് മൗനമവലംബിക്കുകയും തങ്ങളുടെ ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യും. അതേസമയം അവിവേകികളും വിഡ്ഢികളുമായ ആളുകള്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ വരികയും അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യും. ഇന്നത്തെ രാഷ്ട്രീയ രംഗം ഇതിന്റെ മകുടോദാഹരണമാണ്. മതരംഗത്ത് അര്‍ഹര്‍ തഴയപ്പെടുന്നതും അനര്‍ഹര്‍ രംഗം കീഴടക്കുന്നതും സാധാരണയായിരിക്കുന്നു.

24. അര്‍ധ നഗ്നകളുടെ അഴിഞ്ഞാട്ടം
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “‏ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'നരകാവകാശികളില്‍ പെട്ട രണ്ടു വിഭാഗം ആളുകളുണ്ട്. ഞാനവരെ കണ്ടിട്ടില്ല. അവരിലൊരു വിഭാഗം, അവരുടെ വശം പശുവിന്റെ വാലുകള്‍ പോലെയുള്ള ചാട്ടവാറുകളുണ്ടാവും. അതുകൊണ്ടവര്‍ ആളുകളെ അടിക്കും. മറ്റൊരു വിഭാഗം സ്ത്രീകളാണ്. വസ്ത്രം ധരിച്ചവരെങ്കിലും നഗ്നകളാണവര്‍. അവയവങ്ങള്‍ ചലിപ്പിക്കുന്നവരും ചാഞ്ചാടി നടക്കുന്നവരുമാണവര്‍. അവരുടെ തലകള്‍ ഒട്ടകങ്ങളുടെ ചാഞ്ചാടുന്ന പൂഞ്ഞ പോലെയായിരിക്കും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയുമില്ല- വിദൂര സ്ഥലത്തുനിന്നുപോലും അതിന്റെ സുഗന്ധം ലഭ്യമാകുമെങ്കിലും' (മുസ്‌ലിം).

ഹദീസിന്റെ ആദ്യഭാഗത്തിന്റെ വിശദീകരണം നമ്പര്‍ 8-ല്‍ കഴിഞ്ഞിട്ടുണ്ട്.
ഹദീസില്‍ പരാമര്‍ശിച്ച വിഭാഗം സ്ത്രീകള്‍ ആധുനിക ലോകത്ത് ആ പറഞ്ഞ തരത്തില്‍ തന്നെ കാണപ്പെടുകയും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. അര്‍ധ നഗ്നകളായ സ്ത്രീകളുടെ അഴിഞ്ഞാട്ടം എവിടെയും ദൃശ്യമാണ്. കലാ-മാധ്യമ മേഖലകളില്‍ അവരുടെ സംഖ്യ ഏറെയാണ്. അര്‍ധ നഗ്നകളാവുന്നതുകൊായിരിക്കും, അല്ലെങ്കില്‍ ശരീര വടിവുകള്‍ വെളിപ്പെടുത്തുന്ന തരത്തിലുള്ള നേരിയ വസ്ത്രങ്ങള്‍ ധരിച്ചവരോ ശരീരവടിവുകള്‍ പ്രകടമാകുംവിധം ഇടുങ്ങിയ വസ്ത്രം ധരിച്ചവരോ ആവുന്നതുകൊണ്ടായിരിക്കും.
മറ്റൊരു ഹദീസില്‍ പറയുന്നു:
عن عبد الله بن عمر رضي الله عنهما قال: سمعت رسول الله صلى الله عليه وسلم يقول: “يكون في آخر أمتي رجال يركبون على سرج كأشباه الرحال، ينزلون على أبواب المساجد، نساؤهم كاسيات عاريات على رؤوسهن كأسنمة البخت العجاف، العنوهن فإنهن ملعونات، لو كان وراءكم أمة من الأمم خدمتهن نساؤكم كما خدمكم نساء الأمم قبلكم

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: 'എന്റെ സമുദായത്തിന്റെ അവസാനത്തില്‍ ചില ആളുകളുണ്ടാവും. അവര്‍ ഒട്ടകപ്പുറത്ത് വെക്കുന്ന ഇരിപ്പിടം പോലെയുള്ള ഇരിപ്പിടങ്ങളില്‍ കയറിക്കൊണ്ട് പള്ളികളുടെ വാതില്‍ക്കല്‍ ചെന്നിറങ്ങും. അവരുടെ സ്ത്രീകള്‍ വസ്ത്രം ധരിച്ചവരും നഗ്നകളുമായിരിക്കും. അവരുടെ തലക്കുമുകളില്‍ മെലിഞ്ഞ ഒട്ടകങ്ങളുടെ പൂഞ്ഞപോലെയുള്ള വസ്തുക്കളുണ്ടാവും. നിങ്ങള്‍ അവരെ ശപിക്കുക, കാരണം അവര്‍ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങള്‍ക്കു പിന്നില്‍ ഏതെങ്കിലും സമുദായമുണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ക്കു ദാസ്യവേല ചെയ്യും. നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ നിങ്ങള്‍ക്ക് ദാസ്യവേല ചെയ്യുന്നതുപോലെ' (അഹ്‌മദ്). നമസ്‌കാര വിഷയകമായ ചില പുരുഷന്മാരുടെ പ്രകടനപരതയാണ് ഹദീസിലെ ഒന്നാമത്തെ ഊന്നല്‍.

സ്ത്രീകള്‍ അവരുടെ മതപരമായ മര്യാദകള്‍ ലംഘിച്ചുകൊണ്ട് വസ്ത്രധാരണം ചെയ്യുന്ന ഒരു കാലത്തെക്കുറിച്ചാണ് നബി(സ) ഇവിടെ ദീര്‍ഘദര്‍ശനം ചെയ്യുന്നത്. ദീര്‍ഘദര്‍ശനം പൂര്‍ണമായി പുലര്‍ന്നതായി കാണാം. സ്ത്രീകള്‍ അര്‍ധ നഗ്നകളായി പുറത്തിറങ്ങി വിലസുന്ന കാഴ്ച എങ്ങും ദൃശ്യമാണ്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനുപകരം ശരീര സൗന്ദര്യവും അംഗലാവണ്യവും വെളിപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടും തലയില്‍ കൃത്രിമ മുടിയും വിഗ്ഗും വെച്ച് ഹൈഹീല്‍ഡ് പാദരക്ഷ ധരിച്ച് ചാഞ്ചാടി കുണുങ്ങിക്കൊണ്ടും നടക്കുന്ന കാഴ്ച സര്‍വത്ര സാധാരണമായിരിക്കുന്നു. അവരെക്കുറിച്ചാണ് ഈ ഹദീസില്‍ പറയുന്നത്.

25. കള്ളം പറയല്‍, വാര്‍ത്തകളില്‍ അനവധാനത
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلاَ آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'എന്റെ സമുദായത്തിലെ അവസാനക്കാരില്‍ ഒരുവിഭാഗം ആളുകളുണ്ടാവും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേട്ടിട്ടില്ലാത്ത കാരണങ്ങളായിരിക്കും അവര്‍ പറയുക. അതിനാല്‍ നിങ്ങള്‍ അവരെ കരുതിയിരിക്കുക' (മുസ്‌ലിം).
മറ്റൊരു റിപ്പോര്‍ട്ടില്‍ വരുന്നു:
يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ

(അവസാന കാലത്ത് പെരുങ്കള്ളന്മാരായ ചിലരുണ്ടാവും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേള്‍ക്കുക പോലും ചെയ്യാത്ത വാര്‍ത്തകളുമായാണ് അവര്‍ വരിക. അതിനാല്‍ നിങ്ങള്‍ അവരെ കരുതിയിരിക്കുക. അവര്‍ നിങ്ങളെ വഴിപിഴപ്പിക്കുകയോ നാശത്തില്‍ പെടുത്തുകയോ ചെയ്യരുത് - മുസ്‌ലിം).

കള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വാര്‍ത്തകളുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്താതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് നബി(സ) ഇവിടെ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഭാഗം ആളുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.

26. കള്ളസാക്ഷ്യം വഹിക്കല്‍, സത്യസാക്ഷ്യം മറച്ചുവെക്കല്‍
عبد الله بن مسعود رضي الله عنه قوله صلى الله عليه وسلم: إن بين يدي الساعة... شهادة الزور وكتمان شهادة الحق
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അന്ത്യനാളിനു മുമ്പായി..... കള്ള സാക്ഷ്യം വഹിക്കലും സത്യസാക്ഷ്യം മറച്ചുവെക്കലും സംഭവിക്കും' (അഹ്‌മദ്).

സത്യം മറച്ചുവെക്കലും കള്ളസാക്ഷ്യം വഹിക്കലും മഹാപാപങ്ങളില്‍ പെടുന്ന കുറ്റമാണ്. സമകാലീന സമൂഹത്തില്‍ ഈ പാപങ്ങള്‍ സര്‍വസാധാരണമാണ്.

27. യാദൃച്ഛിക മരണങ്ങളുടെ വര്‍ധനവ്
عَنْ أنس بن مالك ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: إنَّ مِنْ أماراتِ الساعَةِ ................. أنْ يَظْهَرَ موتُ الْفَجْأَةِ
അനസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ് പെട്ടെന്നുള്ള മരണം വര്‍ധിക്കുക എന്നത്' (ത്വബറാനി).
സുനിശ്ചിതമായ മരണം എപ്പോഴും സംഭവിക്കാവുന്നതാണ്. പക്ഷേ, അധിക മരണവും സംഭവിക്കുന്നതിനു മുമ്പ് അതിന് കാരണമായ രോഗമോ മറ്റോ ഉണ്ടാകാറുണ്ട്. ബാഹ്യമായ കാരണങ്ങളില്ലാത്ത മരണങ്ങള്‍ അപൂര്‍വമായിരുന്നു. ഇക്കാലത്ത് അവിചാരിതവും അപ്രതീക്ഷിതവുമായ മരണങ്ങള്‍ വളരെയേറെ വര്‍ധിച്ചിരിക്കുന്നു. അപകടമരണങ്ങള്‍, മഹാമാരിമൂലം സംഭവിക്കുന്ന കൂട്ടമരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഇനത്തില്‍ പെട്ടതാണ്.

28. അറബ് നാടുകള്‍ ആരാമങ്ങളും ആറുകളുമായി രൂപപ്പെടല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “‏ لاَ تَقُومُ السَّاعَةُ حَتَّى تَعُودَ أَرْضُ الْعَرَبِ مُرُوجًا وَأَنْهَارًا
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു: 'അറബികളുടെ ആവാസ ഭൂമി ആരാമങ്ങളും ആറുകളുമാകുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.'
നബി(സ)യുടെ ഈ പ്രവചനവും അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നതായി കാണാം. അറബ് നാടുകളിലെ മരുഭൂമികള്‍ ധാരാളം തോട്ടങ്ങളും ജലാശയങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

29. നിര്‍ജീവ വസ്തുക്കള്‍ സംസാരിക്കല്‍
عن أبي هريرة قال : جاء ذئب إلى راعي غنم ، فأخذ منها شاة ، فطلبه الراعي حتى انتزعها منه . قال : فصعد الذئب على تل ، فأقعى واستذفر ، وقال : عمدت إلى رزق رزقنيه الله ، عز وجل ، انتزعته مني! فقال الرجل : إن رأيت كاليوم ذئبا يتكلم! فقال الذئب : أعجب من هذا رجل في النخلات بين الحرتين يخبركم بما مضى ، وبما هو كائن بعدكم . وكان الرجل يهوديا ، فجاء إلى النبي صلى الله عليه وسلم فأسلم ، وأخبره فصدقه النبي صلى الله عليه وسلم ، ثم قال رسول الله صلى الله عليه وسلم : “ إنها أمارة من أمارات بين يدي الساعة ، قد أوشك الرجل أن يخرج فلا يرجع حتى تحدثه نعلاه وسوطه ما أحدث أهله (أحمد)

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ആട്ടിടയന്റെ അടുക്കല്‍ ഒരു ചെന്നായ ചെന്നു. എന്നിട്ട് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാടിനെ പിടിച്ചു. അപ്പോള്‍ ഇടയന്‍ ചെന്നായയില്‍നിന്ന് ആടിനെ പിടിച്ചുവാങ്ങി. അനന്തരം ചെന്നായ ഒരു കുന്നിന്‍മുകളില്‍ കയറി തന്റെ രണ്ടു കാലുകള്‍ക്കുമിടയില്‍ വാല്‍ തിരുകി ചന്തി കുത്തിയിരുന്നു. എന്നിട്ട് പറഞ്ഞു: 'അല്ലാഹു എനിക്ക് നല്‍കിയ ആഹാരം എന്നില്‍നിന്ന് നീ പിടിച്ചെടുത്തു.' അപ്പോള്‍ ഇടയന്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം, ഇന്നത്തെപ്പോലെ ഒരു ചെന്നായ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.' ചെന്നായ പറഞ്ഞു: 'ഇതിനേക്കാളും അത്ഭുതകരമായ കാര്യം. രണ്ട് ഹര്‍റകള്‍(മദീനയിലെ കരിങ്കല്‍ പ്രദേശങ്ങളില്‍)ക്കിടയിലെ ഈത്തപ്പനത്തോട്ടങ്ങള്‍ക്കിടയിലുള്ള ഒരാള്‍ ഭൂതകാലങ്ങളില്‍ സംഭവിച്ചതും നിങ്ങള്‍ക്കുശേഷം ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ പറഞ്ഞുതരും.' അയാള്‍ ഒരു ജൂതനായിരുന്നു. അയാള്‍ നബി(സ)യുടെ അരികില്‍ ചെന്ന് വിവരം പറഞ്ഞു: അപ്പോള്‍ അയാള്‍ പറഞ്ഞത് നബി(സ) സത്യപ്പെടുത്തി. പിന്നീട് തിരുനബി(സ) പറഞ്ഞു: 'അന്ത്യനാളിനു മുമ്പായി സംഭവിക്കുന്ന അടയാളങ്ങളില്‍ ഒരടയാളമാണത്. ഒരാള്‍ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ തന്റെ അസാന്നിധ്യത്തില്‍ തന്റെ കുടുംബം ചെയ്തതെല്ലാം അവന്റെ ചെരിപ്പുകളും ചമ്മട്ടിയും പറയും' (അഹ്‌മദ്).

ശാസ്ത്ര-സാങ്കേതിക പുരോഗതിയിലൂടെ മനുഷ്യര്‍ പുതുതായി കണ്ടുപിടിച്ച വാര്‍ത്താ മാധ്യമങ്ങളിലേക്കും റെക്കോര്‍ഡിംഗ് സംവിധാനത്തിലേക്കുമുള്ള സൂചനയാണിത്. മനുഷ്യന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടതുമുതല്‍ തിരിച്ചുവരുന്നതുവരെയുള്ള എല്ലാ സംഭവങ്ങളും ദൃശ്യ-ശ്രാവ്യോപകരണങ്ങള്‍ വഴി റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം മനുഷ്യന്‍ കണ്ടുപിടിക്കുകയും അത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അന്ത്യനാളിനു മുമ്പായി സംഭവിക്കുമെന്നു നബി(സ) പ്രസ്താവിച്ച ഈ മാതൃകയിലുള്ള ധാരാളം സാങ്കേതിക മേഖലയില്‍ ഇന്നുണ്ടായിക്കഴിഞ്ഞു.

30. കടുത്ത പരീക്ഷണങ്ങള്‍ കാരണമായി മരണം കൊതിക്കല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ يَا لَيْتَنِي مَكَانَهُ
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: 'ഒരാള്‍ മറ്റൊരാളുടെ ഖബ്‌റിനരികിലൂടെ നടന്നുപോവുകയും എന്നിട്ട് അവന്റെ സ്ഥാനത്ത് ഖബ്‌റില്‍ ഞാനായിരുന്നെങ്കില്‍ എന്ന് പറയുകയും ചെയ്യുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല' (ബുഖാരി).
عَنْ أَبِي، هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ وَالَّذِي نَفْسِي بِيَدِهِ لاَ تَذْهَبُ الدُّنْيَا حَتَّى يَمُرَّ الرَّجُلُ عَلَى الْقَبْرِ فَيَتَمَرَّغُ عَلَيْهِ وَيَقُولُ يَا لَيْتَنِي كُنْتُ مَكَانَ صَاحِبِ هَذَا الْقَبْرِ وَلَيْسَ بِهِ الدَّين إِلاَّ الْبَلاَءُ

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ (സ) പ്രസ്താവിച്ചു: ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം. ഒരാള്‍ ഒരു ഖബ്‌റിനരികിലൂടെ പോവുകയും എന്നിട്ടതിനു മുകളില്‍ കിടന്നുരുളുകയും ചെയ്തുകൊണ്ട് 'ഈ ഖബ്‌റിനുള്ളിലുള്ള ആള്‍ ഞാനായിരുന്നെങ്കില്‍' എന്ന് പറയുകയും ചെയ്യുന്നതുവരെ ഈ ലോകം നശിക്കുകയില്ല. കടബാധ്യത കാരണത്താലല്ല അവനങ്ങനെ ചെയ്യുന്നത്. ദുരിതങ്ങള്‍ മൂലമാണ്'' (മുസ്‌ലിം).

ഐഹിക ജീവിതത്തോട് നിരാശ തോന്നുകയും മരണമാഗ്രഹിക്കുകയും ചെയ്യാന്‍ കാരണമാകുന്ന അതികഠിനമായ ദുരിതങ്ങളും പരീക്ഷണങ്ങളും വരുമെന്ന മുന്നറിയിപ്പാണ് നബി(സ) ഈ ഹദീസില്‍ നല്‍കുന്നത്. ഇതും അന്ത്യനാളിന്റെ അടയാളങ്ങളില്‍ ഒന്നാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top