വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തനങ്ങളുടെ പൊരുള്‍
ഡോ. മുഹമ്മദ് പാണ്ടിക്കാട്
വിശുദ്ധ ഖുര്‍ആനില്‍ അര്‍ഥരഹിതമായ കുറേ ആവര്‍ത്തനങ്ങളുണ്ടെന്ന് അതിന്റെ പ്രതികൂലികള്‍ പണ്ടുമുതലേ ആരോപിക്കാറുണ്ട്. ഖുര്‍ആനിന്റെ ആശയപാപ്പരത്തത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് അവര്‍ വിമര്‍ശിക്കുന്നു. ഒരു സാധാരണ ഗ്രന്ഥത്തെ പോലെ വിശുദ്ധ ഖുര്‍ആനെ സമീപിച്ചതാണ് ഇത്തരമൊരു തെറ്റായ നിഗമനത്തില്‍ എത്തിച്ചേരാന്‍ അവരെ പ്രേരിപ്പിച്ചത്. സത്യം വ്യക്തമാക്കുക മാത്രമല്ല അതിലേക്ക് മാനവരെ യുക്തിപൂര്‍വം നയിക്കുക എന്ന ദൗത്യം കൂടി വിശുദ്ധ ഖുര്‍ആന് നിര്‍വഹിക്കാനുണ്ട് എന്നതവര്‍ വിസ്മരിക്കുന്നു. വെറുതെ ഒരു വാക്കുപോലും അതില്‍ ആവര്‍ത്തിച്ചിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തനങ്ങളിലടങ്ങിയ പൊരുളുകള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആവര്‍ത്തന രൂപങ്ങള്‍
പല രൂപങ്ങളിലാണ് ഖുര്‍ആനില്‍ ആവര്‍ത്തനങ്ങള്‍ വന്നിട്ടുള്ളത്. ചിലയിടങ്ങളില്‍ വാക്യത്തിന്റെ ആദ്യത്തില്‍ ഒരു വാക്ക് മാത്രം ഇരട്ടിച്ചതായി കാണാം:
هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ
അതല്ലെങ്കില്‍ വാക്യത്തിന്റെ അവസാനത്തില്‍:
كَلَّا إِذَا دُكَّتِ الْأَرْضُ دَكّاً دَكّاً
ചിലപ്പോള്‍ ഒരു വാക്യം മുഴുവനായും ഒരേ പോലെ വീണ്ടും ഉദ്ധരിക്കുന്നു. ഉദാഹരണം:
فَإِنَّ مَعَ الْعُسْرِ يُسْراً . إِنَّ مَعَ الْعُسْرِ يُسْراً
അല്ലെങ്കില്‍ ഒരു സൂക്തം ഒരേ അധ്യായത്തില്‍ പലയിടങ്ങളിലായി പറയുന്നു. അധ്യായം അശ്ശുഅറാഇല്‍
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
എന്ന വാക്യം എട്ട് തവണ വന്നിട്ടുണ്ട്. അധ്യായം അല്‍ മുര്‍സലാത്തില്‍
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِين
എന്നത് പത്തു തവണ അരുളിയിട്ടുണ്ട്. അധ്യായം അര്‍റഹ്‌മാനില്‍
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
എന്ന വാക്യം 31 തവണയുണ്ട്.
അതുപോലെ വിവിധ അധ്യായങ്ങളിലായി ഒരേ വാക്യം ആവര്‍ത്തിച്ചതായും കാണാം.
وَيَقُولُونَ مَتَى هَذَا الْوَعْدُ إِن كُنتُمْ صَادِقِين
എന്ന വാക്യം ഖുര്‍ആനിലാകെ ആറ് തവണയുണ്ട്.4
يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمَصِيرُ
എന്ന വാക്യം രണ്ട് പ്രാവശ്യമുണ്ട്.5 അപ്രകാരം വാക്കുകളെക്കൂടാതെ ആശയങ്ങള്‍ മാത്രം ആവര്‍ത്തിച്ചതും കാണാം. പ്രവാചകന്മാരുടെ ചരിത്രങ്ങള്‍, സ്വര്‍ഗ നരകങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍.
തനിയാവര്‍ത്തനങ്ങളില്ല
യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തനങ്ങള്‍ മടുപ്പും വിരസതയും ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല. ഓരോ തവണ മാറിവരുമ്പോഴും വാക്യത്തിന്റെ അക്ഷരങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും അര്‍ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കും സ്ഥാനോചിതമായ മാറ്റമുണ്ടാവും. ഇത് പ്രബോധിതര്‍ക്ക് ഏറെ ഉപകാരപ്രദവുമായിരിക്കും. ഇമാം സുയൂത്വി6 ഖുര്‍ആനിലെ ആവര്‍ത്തനങ്ങള്‍ക്കുള്ള ധാരാളം ഗുണങ്ങള്‍ ഉദാഹരണസഹിതം എടുത്ത് പറയുന്നുണ്ട്. അദ്ദേഹം എഴുതി: വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തനങ്ങള്‍ക്ക് വളരെയധികം നന്മകളുണ്ട്. അവയിലൊന്ന് ആശയങ്ങളെ മനസ്സിലുറപ്പിക്കുകയാണ്. 'ആവര്‍ത്തിച്ചുള്ള വര്‍ത്തമാനമേ ഹൃദയങ്ങളിലേക്കിറങ്ങൂ' എന്ന് അറബികള്‍ പറയാറുണ്ട്. അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തുന്നുണ്ട്: 'നാം ഇതില്‍ പലതരം താക്കീതുകള്‍ നല്‍കിയിരിക്കുന്നു. ഒരുവേള ഇക്കൂട്ടര്‍ സൂക്ഷ്മതയുള്ളവരായെങ്കിലോ; അല്ലെങ്കില്‍ ഇവര്‍ കാര്യബോധമുള്ളവരായെങ്കിലോ!'7 ശ്രോതാക്കളുടെ മനസ്സുകളെ കവര്‍ന്നെടുക്കുക എന്ന ഉദ്ദേശ്യത്തോടെയും ആവര്‍ത്തനങ്ങള്‍ ഉണ്ടാവാറുണ്ട്.
8 وَقَالَ الَّذِي آَمَنَ يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ . يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاع
ഈ വാക്യത്തിലെ 'യാ ഖൗമി' എന്ന വിളിയുടെ ആവര്‍ത്തനം ഇതിനുദാഹരണമാണ്.
പ്രഭാഷണം നീണ്ടുപോയാല്‍ ആദ്യം പറഞ്ഞത് വീണ്ടും ഉണര്‍ത്താനായും ആവര്‍ത്തിക്കാറുണ്ട്.
ثُمَّ إِنَّ رَبَّكَ لِلَّذِينَ عمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا إِنَّ رَبَّكَ مِنْ بَعْدِهَا
ഈ വാക്യത്തിലെ 'ഇന്ന റബ്ബക' ആവര്‍ത്തിച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്.
കാര്യത്തിന്റെ ഗൗരവവും ഗാംഭീര്യവും അറിയിക്കാനുള്ള ആവര്‍ത്തനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ കാണാനാവും.
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِين
الْقَارِعَةُ. مَا الْقَارِعَةُ
الْحَاقَّةُ. مَا الْحَاقَّة
തുടങ്ങിയവ ഉദാഹരണം.13
വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനങ്ങളേ ഇല്ല എന്ന് പറയുന്ന പണ്ഡിതന്മാരുണ്ട്. ഒരുപോലെയുള്ള വാക്യങ്ങളുടെ ആശയങ്ങള്‍ എല്ലായിടത്തും ഒന്നല്ല എന്നാണവര്‍ സമര്‍ഥിക്കുന്നത്. ഇബ്‌നുതൈമിയ്യഃ (റ)14 പറഞ്ഞു: 'ഖുര്‍ആനില്‍ ആവര്‍ത്തനങ്ങളില്ല. ഓരോ പ്രഭാഷണങ്ങള്‍ക്കും വ്യത്യസ്ത അര്‍ഥങ്ങളാണുള്ളത്. അല്ലാഹുവിനും റസൂലിനും ഖുര്‍ആനിനും ധാരാളം നാമങ്ങളുണ്ടെങ്കിലും എല്ലാ നാമങ്ങള്‍ക്കും ഒരേ അര്‍ഥങ്ങളല്ലല്ലോ.'15
ഫബിഅയ്യി ആലാഇ.......
വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച വാക്യം അധ്യായം അര്‍റഹ്‌മാനിലെ
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക) എന്ന സൂക്തമാണ്. 78 വാക്യങ്ങളുള്ള ഈ അധ്യായത്തില്‍ 31 തവണയാണിത് വന്നിട്ടുള്ളത്.
അബുല്‍ ഫറജിബ്‌നുല്‍ ജൗസി16 പറഞ്ഞു: 'ചോദിച്ചേക്കാം, എന്തു കൊണ്ടാണ്
فبأيِّ آلاء ربِّكما تُكذِّبان
എന്ന വാക്യം ഇത്രയധികം ആവര്‍ത്തിച്ചത്? മറുപടി ഇതാണ്: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദൃഢമായി ആളുകളുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കാനും അവയെ അനുസ്മരിപ്പിക്കാനുമാണ് ഈ ആവര്‍ത്തനം.' ഇബ്‌നു ഖുതൈബഃ17 പറയുന്നു: 'വാക്കുകളെ ഒതുക്കിപ്പറയുന്നതു പോലെ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനായി വാചകങ്ങളെ ആവര്‍ത്തിക്കുന്ന സ്വഭാവവും അറബികള്‍ക്കുണ്ടായിരുന്നു. സൂറത്തുര്‍റഹ്‌മാനില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കഴിവുകളും എണ്ണിപ്പറഞ്ഞപ്പോള്‍ ഇടക്കിടെ 'ഫബിഅയ്യി ആലാഇ......'(നിങ്ങളുടെ രക്ഷിതാവിന്റെ ഏത് അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത് ....?) എന്ന് ആവര്‍ത്തിച്ചു ചോദിച്ചത് വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ വൈപുല്യം ബോധ്യപ്പെടുത്താനാണ്.'18
ശൈഖ് ഥാനവി പറഞ്ഞു: ''വിവിധ അനുഗ്രഹങ്ങളെ എടുത്ത് പറഞ്ഞ ശേഷമാണ് 'ഫബിഅയ്യി ആലാഇ.....' ഉദ്ധരിക്കുന്നതെന്നതിനാല്‍ ഇതിനെ വെറും ആവര്‍ത്തനമായി കാണാനാവില്ല. ഇത് തക്‌റാറല്ല, തര്‍ദീദാണ്. ഇതൊരുതരം മധുരമുള്ള പ്രതിവര്‍ത്തനമാണ്. അറബികളുടെ കവിതയിലും പ്രബന്ധങ്ങളിലും ഇത്തരം ആവര്‍ത്തനങ്ങള്‍ കാണാനാവും. ആശയങ്ങളെ മനുഷ്യമനസ്സുകളില്‍ ദൃഢീകരിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.''19
فبأيِّ آلاء ربِّكما تُكذِّبان
എന്ന വാക്യത്തിലെ 'ആലാഇ'ന് ഓരോ വാക്യങ്ങളിലും വേറെ വേറെ അര്‍ഥങ്ങളാണെന്ന് തഫ്ഹീമുല്‍ ഖുര്‍ആനില്‍ അബുല്‍ അഅ്‌ലാ മൗദൂദി20 സമര്‍ഥിക്കുന്നുണ്ട്.21
കഥകളുടെ ആവര്‍ത്തനം
വിശുദ്ധ ഖുര്‍ആനിലെ ചരിത്ര സംഭവങ്ങളുടെ ആവര്‍ത്തനങ്ങളിലും ഈ ആശയവൈവിധ്യം പ്രകടമാണ്. സയ്യിദ് ഖുത്വുബ്22 എഴുതി: 'ഖുര്‍ആന്‍ കഥകളില്‍ ആവര്‍ത്തനമുണ്ടെന്ന് കരുതുന്നവരുണ്ട്. ഒരേ കഥ തന്നെ ഒന്നിലധികം അധ്യായങ്ങളില്‍ കാണുന്നു എന്നതാണിതിനവര്‍ ന്യായമായി പറയുന്നത്. യഥാര്‍ഥത്തില്‍ ഒരു കഥയും ഒരേ നിലയില്‍ ആവര്‍ത്തിച്ചിട്ടില്ല. ഓരോ സംഭവങ്ങളുടെയും അവതരണ പശ്ചാത്തലം നിരീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. സന്ദര്‍ഭങ്ങളാണ് കഥാകഥനങ്ങളുടെ തോതും രീതിയും നിര്‍ണയിക്കുന്നത്. ഒരു ജീവിതവ്യവസ്ഥയെ പ്രബോധനം ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. കഥയോ നോവലോ ചരിത്രകൃതിയോ അല്ല. പ്രബോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രബോധിതര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനാവശ്യമായവയാണ് അത് പരിഗണിക്കുക.'23
ഖുര്‍ആനിക കഥകള്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചതിന്റെ മറ്റൊരു യുക്തിയെക്കുറിച്ച് ഇബ്‌നു ഖുതൈബഃ24 ഇപ്രകാരം എഴുതിയിട്ടുണ്ട്: 'അല്ലാഹു 23 വര്‍ഷങ്ങളിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. പലയിടങ്ങളില്‍നിന്നും യാത്രാ സംഘങ്ങള്‍ പ്രവാചക സന്നിധിയിലേക്ക് വന്നുകൊണ്ടിരുന്നു. നബി വിശ്വാസികള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍നിന്നും എന്തെങ്കിലും ഓതിക്കൊടുക്കും. അവരതില്‍ തൃപ്തിപ്പെടും. ഓരോ ഗോത്രങ്ങളിലേക്കും ഓരോ ഖുര്‍ആനികാധ്യായം എന്ന രീതിയിലും പ്രവാചകന്‍ (സ) സന്ദേശമായി അയക്കാറുണ്ടായിരുന്നു. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ എല്ലാ അധ്യായങ്ങളിലും വ്യാപിച്ചിട്ടില്ലായിരുന്നുവെങ്കില്‍, മൂസാ നബിയുടെ ചരിത്രം ഒരു വിഭാഗത്തിനും, ഈസാ നബിയുടെ ചരിത്രം മറ്റൊരു വിഭാഗത്തിനും, നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ചരിത്രങ്ങള്‍ വേറെ വേറെ ഗോത്രങ്ങള്‍ക്കും മാത്രം ലഭിക്കുമായിരുന്നു. പക്ഷേ, അല്ലാഹു അവന്റെ ഔദാര്യത്താല്‍ ഈ ചരിത്രങ്ങള്‍ എല്ലായിടങ്ങളിലുള്ളവരും അറിയണമെന്നുദ്ദേശിച്ചു. എല്ലാ ഹൃദയങ്ങളും അത് ഗ്രഹിക്കണമെന്നും, എല്ലാ കാതുകളും അത് കേള്‍ക്കണമെന്നും അവന്‍ തീരുമാനിച്ചു. അതിനു വേണ്ടിയാണവന്‍ ചരിത്ര യാഥാര്‍ഥ്യങ്ങളെ പല തവണകളായി പല ശൈലികളില്‍ അവതരിപ്പിച്ചത്.'25
ഖുര്‍ആനിലെ കഥകളുടെ ആവര്‍ത്തനങ്ങളെക്കുറിച്ച് ഇമാം സര്‍ക്കശി26 മറ്റൊരു കാരണമാണ് കണ്ടെത്തിയത്. അദ്ദേഹം എഴുതി: 'ഒരു കഥയും അപ്പടി ആവര്‍ത്തിച്ചിട്ടില്ല, ഏതെങ്കിലും വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മാറ്റം വരുത്തുകയോ ഘടനകള്‍ക്ക് രൂപഭേദം വരുത്തുകയോ ചെയ്തിട്ടുണ്ടാവും. മക്കയിലെ ബഹുദൈവവിശ്വാസികള്‍ പ്രവാചകന്മാരുടെയും മുന്‍ഗാമികളുടെയും ചരിത്രങ്ങള്‍ കേട്ടറിയാന്‍ വെമ്പല്‍ കൊള്ളുന്നവരായിരുന്നു. ഒരേ ആശയങ്ങള്‍ക്കു തന്നെ വിവിധ വര്‍ണങ്ങളും വിവരണങ്ങളും നല്‍കിയുള്ള വിശുദ്ധ ഖുര്‍ആന്റെ അവതരണം അറബികളെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. ഇത്തരമൊരവതരണം ദൈവം തമ്പുരാനേ സാധിക്കൂ എന്ന് അവരുടെ മനസ്സാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു.'27 കഥകള്‍ക്കും ചരിത്രങ്ങള്‍ക്കും അല്ലാഹുവിന്റെ വര്‍ണം നല്‍കിയ ശേഷമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. അതിനാല്‍തന്നെ അതിന്റെ അമാനുഷികത പ്രകടമായിരിക്കും. പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതന്‍ മുഹമ്മദ് റശീദ് രിദാ28 എഴുതി: 'ഖുര്‍ആനിലെ ഉദ്ധരണികളും സംഭാഷണങ്ങളും ഖുര്‍ആനിന്റേതാണ്. അനറബിയില്‍ മൊഴിഞ്ഞ ഒരു പ്രഭാഷണത്തെ ഖുര്‍ആനാണ് അറബിയിലാക്കുന്നത്. അതിനാല്‍ അവയുടെ ആവര്‍ത്തനങ്ങളില്‍ ഖുര്‍ആനികപ്രഭയും ആശയാര്‍ഥങ്ങളില്‍ ദൈവിക മഹത്വവുമുണ്ടാവും.'29
പ്രബോധന യുക്തി
ആവര്‍ത്തനങ്ങളിലൂടെ മനുഷ്യഹൃദയങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുക എന്നതു തന്നെയാണ് ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. ആധുനിക കവികളും സാഹിത്യകാരന്മാരും ഖുര്‍ആനിന്റെ ഈ ആവിഷ്‌കാരതന്ത്രം പ്രയോജനപ്പെടുത്തുന്നുണ്ട്. വാക്കുകളും പദങ്ങളും ആവര്‍ത്തിക്കുന്ന പുതിയൊരു ശൈലിതന്നെ അറബി കവിതകളില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് നിരൂപകര്‍ സമര്‍ഥിക്കുന്നു.30 പ്രഗത്ഭ സിറിയന്‍ കവി നിസാര്‍ ഖബ്ബാനി31യുടെ ഈ വരികള്‍ തന്നെ അവര്‍ ഇതിനായി ഉദാഹരിക്കുന്നു:
1. أنا أنثى.
2. أنا أنثى
3. نهارَ أتيتُ للدنيا
4. وجدتُ قرار إعدامي
5. ولم أرَ باب محكمتي
6. ولم أرَ وجه حكامي 32
ആശയങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതിന്റെ പ്രബോധന താല്‍പര്യങ്ങളെക്കുറിച്ച് തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇപ്രകാരം എഴുതി: 'പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്; കുറേ മാസങ്ങളോ കുറെയേറെ കൊല്ലങ്ങള്‍ തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണ് ആവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ചു പറയേണ്ട സംഗതികള്‍ തന്നെ ഓരോ പ്രാവശ്യവും പുതിയ പുതിയ വാക്യങ്ങളിലും നവംനവങ്ങളായ ശൈലികളിലും പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം, പ്രബോധനത്തിനടിസ്ഥാനമായ ആദര്‍ശ- സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം.'33 തുര്‍ക്കിയിലെ പ്രഗത്ഭ പണ്ഡിതന്‍ സഈദ് നൂര്‍സി34 പറയുന്നു: 'ആവര്‍ത്തനങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അദ്വിതീയമായ അമാനുഷികതയാണ് പ്രകടമാക്കുന്നത്. വിവിധ വര്‍ഗക്കാരും പ്രകൃതക്കാരുമായിരുന്നു അതിന്റെ അഭിസംബോധിതര്‍. ഒരു വാക്യത്തില്‍ അല്ലെങ്കില്‍ ഒരു കഥയില്‍ ധാരാളം പൊരുളുകളുണ്ടാവും. കേള്‍വിക്കാരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച സന്ദേശങ്ങളാണ് അവ ഉള്‍ക്കൊണ്ടിരുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആന്‍ പ്രാര്‍ഥന, പ്രബോധനം, ദിക്ര്‍, തൗഹീദ് എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ്. ആവര്‍ത്തനമാണ് ഇവയുടെ മുഖമുദ്ര. ആവര്‍ത്തിച്ചത് സൂക്തമായാലും കഥയായാലും അവക്കെല്ലാം നൂതന അര്‍ഥവും പുതിയ പാഠവുമുണ്ടാവും.'35
വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തനങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ധാരാളം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഇറാനിലെ പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് മഹ്‌മൂദ് ഹംസ അല്‍ കര്‍മാനി36യുടെ
أسرار التكرار في القرآن
എന്ന ഗ്രന്ഥം ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
കുറിപ്പുകള്‍
1. المؤمنون/36
2. الفجر/21
3. الشرح/5 ،6
4. യൂനുസ്: 48, അല്‍ അമ്പിയാഅ്: 38, അന്നംല്: 71, സബഅ്: 29, യാസീന്‍: 48, അല്‍മുല്‍ക്: 25
5. അത്തൗബഃ 73, അത്തഹ്‌രീം: 9
6. ക്രി.വ 1445 1505
7. ത്വാഹാ: 113
غافر :38
9. النحل : 119
10. الحاقة : 1-2
11. الْقَارِعَةُ 1-2
12. الواقعة : 27
13. الإتقان في علوم القرآن 3 / 281 ، 282
14. ക്രി.വ 12631328
15. مجموع الفتاو ى 14 / 408
16. ക്രി.വ 1116 1201
17. ക്രി.വ 828 889
18. تفسير القرطبي 20 / 226
19. തഫ്‌സീറു ബയാനുല്‍ ഖുര്‍ആന്‍,17/160
20. ക്രി.വ 1903 1979
21. തഫ്ഹീമുല്‍ ഖുര്‍ആനില്‍ അധ്യായം അര്‍റഹ്‌മാനിന്റെ 12-ാം വ്യാഖ്യാനക്കുറിപ്പ് നോക്കുക
22. 1906-1966
23. ഫീ ളിലാലില്‍ ഖുര്‍ആന്‍, അല്‍ബഖറ: 30-ന്റെ വിശദീകരണം
24. ക്രി.വ 828 889
25. തഅ്‌വീലു മുശ്കിലുല്‍ ഖുര്‍ആന്‍/ഇബ്‌നു ഖുതൈബ. പേ: 232 -234
26. ക്രി.വ 1344 1392
27. https://al-maktaba.org/book/31874/35852
28. ക്രി.വ 1865 1935
29. رابط المادة: http://iswy.co/e138jn
30. ربابعة،موسى، 1990- التكرار في الشعر الجاهلي،دراسة أسلوبية، مؤتة للبحوث والدراسات،م5، ع1،ص170. وانظر الخرابشة، علي قاسم،2008-الإبداع وبنية القصيدة
في شعر عبد الله البردوني،ص
31. 1923 þ 1998
32. http://www.adab.com/modules.php?name= Sh3er&doWhat=shqas&qid=69017
33. തഫ്ഹീമുല്‍ ഖുര്‍ആന്‍, മുഖവുര
34. ക്രി.വ 1876 1960
35. https://ar.islamway.net/article/35355/
36. മരണം: ക്രി.വ 1107