ബുദ്ധിയും പ്രമാണവും

എം.വി മുഹമ്മദ് സലീം‌‌
img

മതനിയമങ്ങളുടെ അടിസ്ഥാനം ബുദ്ധിയാണോ പ്രമാണമാണോ എന്ന ചര്‍ച്ച ഇസ്‌ലാമിന്റെ ആരംഭ കാലത്തുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് വ്യത്യസ്ത ദര്‍ശനങ്ങളുടെ അനുയായികള്‍ ഇസ്‌ലാമില്‍ വരികയും യവന-ഹൈന്ദവ ദര്‍ശനങ്ങളുടെ മൊഴിമാറ്റ ശേഷം അവയില്‍ അവഗാഹം നേടിയ മുസ്‌ലിം പണ്ഡിതരുടെ ചിന്താമണ്ഡലം വിശാലമാവുകയും ചെയ്തപ്പോള്‍ ഉടലെടുത്ത ചിന്താധാരകളുടെ തുടര്‍ച്ചയാണ് ബുദ്ധിക്കോ പ്രമാണത്തിനോ മുന്‍ഗണന എന്ന ചര്‍ച്ചയും തജ്ജന്യമായ അഭിപ്രായാന്തരങ്ങളും.  
ബുദ്ധിയും പ്രമാണവും പരസ്പരപൂരകങ്ങളാണ് എന്നതാണ് ഒരഭിപ്രായം. പ്രമാണമാണ് പ്രധാനം, ബുദ്ധി പിറകെ വരുന്നു എന്നതാണ് മറ്റൊരഭിപ്രായം. ബുദ്ധിയാണ് അടിസ്ഥാനം, പ്രമാണം പരിഗണിക്കേണ്ടതില്ല. എന്നതാണ് മൂന്നാമത്തെ അഭിപ്രായം. ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക ചിന്തകരുടെ ഏറ്റവും ചൂടുപിടിച്ച പ്രശ്‌നമായിരുന്നു ബുദ്ധിയും പ്രമാണവും സംയോജിപ്പിച്ചു കൊണ്ടുപോവുകയെന്നത്. 
അവസാനം ചെന്നെത്തിയ അഭിപ്രായമിതാണ്: 
വിശുദ്ധ ഖുര്‍ആനിലോ പ്രബലമായ സുന്നത്തിലോ വന്നതൊന്നും ബുദ്ധിക്ക് നിരക്കാത്തതല്ല. 

ശരിയായ യുക്തിചിന്ത വിശുദ്ധ ഖുര്‍ആനില്‍ വന്നതോ തിരുസുന്നത്തില്‍ സ്ഥാപിതമായതോ ആയ വസ്തുതകളോട് വിയോജിക്കുന്നില്ല. 

പശ്ചാത്തലം
മതങ്ങളെ ഗ്രസിച്ച ജീര്‍ണത ബുദ്ധിയെയും ചിന്തയെയും ശാസ്ത്ര ജ്ഞാനത്തെയും നിരാകരിക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ന്യായീകരിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ യുക്തിചിന്തയെയും ശാസ്ത്രജ്ഞാനത്തെയും അംഗീകരിക്കാതെ അവക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കാന്‍ പുരോഹിതന്മാര്‍ നിര്‍ബന്ധിതരായി. യൂറോപ്പിലെ ജ്ഞാനാഭ്യുദയ ഘട്ടത്തില്‍ മതവും ശാസ്ത്രവും തമ്മിലുയര്‍ന്ന പോര്‍വിളികള്‍ ഈ പശ്ചാത്തലത്തില്‍ പഠിക്കേണ്ടതാണ്. 
പില്‍ക്കാലത്ത് മതത്തിന്റെ സംരക്ഷണം അനുയായികളുടെ ബാധ്യതയായി മനസ്സിലാക്കിയ ചില പാശ്ചാത്യ ചിന്തകര്‍ മതശിക്ഷണങ്ങളെ ബുദ്ധിപരമായ പരിശോധനക്ക് വിധേയമാക്കി. തങ്ങളുടെ പരിമിതമായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ തള്ളേണ്ടതും കൊള്ളേണ്ടതും തീരുമാനിച്ചു. ഇങ്ങനെ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത മതചിന്തകളോടുള്ള വിയോജിപ്പ് മതത്തെ മൊത്തത്തില്‍ നിരാകരിക്കാനും നിരീശ്വരത്വത്തിലേക്ക് വഴുതിവീഴാനും ഹേതുവായി. അങ്ങനെയാണ് ധാരാളം പേര്‍ മതനിഷേധികളും നാസ്തികരുമായത്.  

ഇസ്‌ലാമിന്റെ അനുയായികളില്‍ ഒരു വിഭാഗം ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ആശയക്കുഴപ്പത്തിലായി.  പ്രമാണങ്ങള്‍ സ്വീകാര്യമാവാന്‍ ആവശ്യമായ നിബന്ധനകളില്‍ തങ്ങളുടെ യുക്തിക്ക് യോജിക്കുക എന്നതിന് ചിലര്‍ പ്രാമുഖ്യം കല്‍പിച്ചു. അടിസ്ഥാനപരമായ പല പ്രമാണങ്ങളും തള്ളിക്കളയാന്‍ ഇത് ചിലര്‍ക്ക് പ്രചോദനമായി. അവര്‍ അവതരിപ്പിച്ചത് അപൂര്‍ണവും വികലവുമായ ഇസ്‌ലാമിനെയായിരുന്നു. ഇതില്‍ ശരിയും തെറ്റും കണ്ടെത്താനും നിലപാട് നിര്‍ണയിക്കാനും പരിപക്വമായ ഒരു ചിന്താസരണി അവതരിപ്പിക്കാനു മുള്ള ഒരെളിയ പരിശ്രമമാണീ ലേഖനം.

ബുദ്ധിയും ജ്ഞാനവും ഇസ്‌ലാമിക വീക്ഷണത്തില്‍ 
വിശുദ്ധ ഖുര്‍ആനില്‍ ആദ്യമായി അവതരിച്ച വചനം 'വായിക്കുക' എന്ന് തുടങ്ങുന്നു. 'പേന കൊണ്ട് പഠിപ്പിച്ചു' എന്ന വിശേഷണം അല്ലാഹു വിന്റെ ഔദാര്യത്തിന്റെ മകുടോദാഹരണമായി സമര്‍ഥിക്കുന്നു. അവിടെയും വായിക്കാനുള്ള കല്‍പന ആവര്‍ത്തിക്കുന്നു. മുഹമ്മദ് നബി (സ) ദിവ്യബോധനം ആദ്യമായി ഏറ്റുവാങ്ങിയത് വിജ്ഞാനം സമ്പാദിക്കാനുള്ള ആഹ്വാനമായാണ്. 
മതങ്ങള്‍ക്ക് ബാധിച്ച ജീര്‍ണതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും മാനവരാശിയെ മോചിപ്പിക്കാനും ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഭൂമിയില്‍ ഉത്തമ ജീവിത സൗകര്യങ്ങള്‍ സംജാതമാക്കാനും നാഗരികതകള്‍ കെട്ടിപ്പടുക്കാനും നേതൃത്വം നല്‍കാനാണ് തിരുമേനി നിയുക്തനായത്. 

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ
 (ലോകജനതക്ക് അനുഗ്രഹമായി മാത്രമേ താങ്കളെ നാം നിയോഗിച്ചിട്ടുള്ളൂ - ഖുര്‍ആന്‍ 21:107). പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നില്ലേ, നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ഉള്‍ക്കാഴ്ച ഉപയോഗിക്കുന്നില്ലേ, നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ലേ, നിങ്ങള്‍ കണ്ടു പഠിക്കുന്നില്ലേ, നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ എന്നിത്യാദി ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണാം. ബുദ്ധിയും ചിന്തയുമാണ് ഇസ്‌ലാമില്‍ വിശ്വാസത്തിന്റെയും ധര്‍മത്തിന്റെയും നിയമങ്ങളുടെയും അടിസ്ഥാനം.   

യഥാര്‍ത്ഥ ജ്ഞാനം ബുദ്ധിയുപയോഗിച്ച് നേടുന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ ചിന്തിക്കുന്ന ജനങ്ങളെ പ്രശംസിക്കുന്നു. ബുദ്ധിയുള്ളവര്‍ (ഉലുല്‍ അല്‍ബാബ്) എന്നത് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രയോഗിക്കുന്നു. ബുദ്ധിയുള്ളവര്‍ മാത്രമാണ് കാര്യങ്ങള്‍ ഗ്രഹിക്കുന്നവരും ദൈവിക ദൃഷ്ടാന്തങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നവരും സന്‍മാര്‍ഗം പ്രാപിക്കുന്നവരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ സമര്‍ഥിക്കുന്നു. ഉള്‍ക്കാഴ്ചയും ചിന്താശീലവും ഇല്ലാത്തവര്‍ അന്ധരും ബധിരരുമാണെന്നും അവര്‍ നേര്‍വഴി പ്രാപിക്കില്ലെന്നും ആകര്‍ഷകമായി അവതരിപ്പിക്കുകയാണ് വിശുദ്ധ ഗ്രന്ഥം. 

ബുദ്ധി, മതം, ജ്ഞാനം 
മതം ദൈവപ്രോക്തമാണ്. അതില്‍ ബുദ്ധിക്ക് ഒരു സ്ഥാനവുമില്ല എന്ന ചിന്തയില്‍നിന്നാണ് മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനമുണ്ടായത്. ഇസ്‌ലാം ഈ ധാരണ തിരുത്തി. മതം വിണ്ണിന്റെ സന്ദേശമാണ്. ബുദ്ധി പ്രകൃതിയുടെ സന്ദേശവും. വിണ്ണിനെയും മണ്ണിനെയും പരസ്പരം ബന്ധിപ്പിച്ചു വേണം ഭൂമിയില്‍ ജീവിക്കുന്ന മാനവന് മാര്‍ഗദര്‍ശനം. ഇതാണ് ഇസ്‌ലാമിക വീക്ഷണം. പഞ്ചേന്ദ്രിയങ്ങളുടെ സഹായത്താല്‍ ബുദ്ധി സമര്‍പ്പിക്കുന്നത്  അനുഭവസിദ്ധമായ ജ്ഞാന (Emperical knowledge) മാണ്. എന്നാല്‍ മതങ്ങള്‍ ദൈവിക സന്ദേശങ്ങളാണ് (Revealed knowledge) ഇവ രണ്ടിന്റെയും സമഞ്ജസ സമ്മേളനമാണ് ഇസ്‌ലാമിക ജീവിത മാര്‍ഗം. ഓരോന്നിനും അര്‍ഹമായ സ്ഥാനം നല്‍കി പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പരസ്പരം വൈരവും സംഘട്ടനങ്ങളും ഉണ്ടാക്കുന്ന രീതിയല്ല. അതിനാല്‍ ഇസ്‌ലാമിക ദര്‍ശനത്തില്‍ ഭൗതിക ജ്ഞാനവും ആത്മീയ ജ്ഞാനവും ഒരേപോലെ പ്രധാനമാണ്. എന്നല്ല, ഭൗതിക ജ്ഞാനം ആത്മീയോല്‍ക്കര്‍ഷത്തിന് അനിവാര്യമാണ് എന്നതാണ് ഖുര്‍ആനിക ശിക്ഷണം. 'നീ കണ്ടില്ലേ? അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തി. അതു വഴി നാനാ വര്‍ണത്തിലുള്ള പലയിനം ഫലങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍. കറുത്തിരുണ്ടതുമുണ്ട്. മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും ഇതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ ജ്ഞാനമുള്ളവര്‍ മാത്രമാണ്''  (ഖുര്‍ആന്‍ 35:27, 28). വെള്ളവും വര്‍ണവും തമ്മിലുള്ള അഭേദ്യബന്ധം ഗ്രഹിക്കാന്‍ കഴിയുന്ന പ്രകൃതി ശാസ്ത്രജ്ഞരെയാണ് ഈ രണ്ടു സൂക്തങ്ങളില്‍ 'നീ കണ്ടില്ലേ?' എന്നുദ്‌ബോധിപ്പിക്കുന്നത്. ഈ ജ്ഞാനം അല്ലാഹുവിന്റെ അപാരമായ ജ്ഞാനവും സൃഷ്ടിവൈഭവവും ഗ്രഹിക്കാന്‍ സഹായിക്കും. ആ ജ്ഞാനികള്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തും. എത്ര ആഴത്തിലാണ് ഖുര്‍ആന്‍ ഭൗതിക ജ്ഞാനത്തെ ആത്മീയോല്‍ക്കര്‍ഷവുമായി ബന്ധിപ്പിക്കുന്നു വെന്ന് നോക്കൂ!

പ്രമാണം സ്ഥിരീകരിക്കുന്നതെങ്ങനെ?
പ്രമാണങ്ങള്‍ മനുഷ്യമനസ്സിന് ബോധ്യപ്പെടുത്താന്‍ ബുദ്ധിപരമായ തെളിവുകള്‍ സമര്‍പ്പിക്കുന്നു. ഇങ്ങനെ ബുദ്ധിയുടെ വിധിയിലൂടെ സ്ഥാപിതമായ പ്രമാണങ്ങള്‍ കുറ്റമറ്റതും ദിവ്യവുമായി അംഗീകരിച്ചാല്‍ അതാണ് ഇസ്‌ലാം ജീവിത നിയമങ്ങളുടെ അടിസ്ഥാനമാക്കുന്നത്. ഇതേ പോലെത്തന്നെ പ്രവാചകത്വം സ്ഥാപിക്കേണ്ടത് ബുദ്ധിയുടെ വിധിയിലൂടെയും  ബോധ്യത്തിലൂടെയുമാണ്. അങ്ങനെ ഒരാളുടെ പ്രവാചകത്വം സ്ഥാപിതമായാല്‍ അദ്ദേഹത്തെ ദിവ്യസന്ദേശവാഹകനായി അംഗീകരിക്കണം. തദനുസാരം അനുഗമിക്കണം. ചുരുക്കത്തില്‍, വിശ്വാസത്തിന്റെ ആരംഭം ബുദ്ധിയില്‍നിന്നാണ്. വിശ്വാസ കാര്യങ്ങളുടെ വിശദീകരണം ബുദ്ധിക്ക് അപ്രാപ്യമായതിനാല്‍ ദിവ്യജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവ പൂര്‍ത്തീകരിക്കുന്നു. പ്രമാണം ദിവ്യമാണെങ്കില്‍ അത് അപ്രമാദമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ ഭാഷയില്‍ 'സ്ഥാപിതമായ ഒരു പ്രമാണവും ഋജുവായ ബുദ്ധിക്കെതിരല്ല'.

പാശ്ചാത്യ ചിന്തകളുടെ അപഥ സഞ്ചാരം 
മതത്തിന്റെ ഉദാത്തമായ ശിക്ഷണങ്ങളില്‍നിന്ന് വ്യതിചലിച്ച ക്രൈസ്തവ പുരോഹിതന്മാരില്‍നിന്ന് ശാസ്ത്രജ്ഞര്‍ കഠിനമായ പീഡനം സഹിക്കേണ്ടി വന്നു. പുരോഹിതരും  ശാസ്ത്രജ്ഞരും കടുത്ത ശത്രുക്കളായി. അവര്‍ പരസ്പരം വെച്ചുപുലര്‍ത്തിയ പകയും വിദ്വേഷവും മതവിശ്വാസത്തെ ശക്തിയായി എതിര്‍ക്കാനും വികലമായി ചിത്രീകരിക്കാനും വിമര്‍ശിക്കാനും ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. മതവിശ്വാസം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ലെന്നും മനുഷ്യന്റെ ഭയം, ആശങ്ക തുടങ്ങിയ വികാരങ്ങളുടെ സൃഷ്ടിയാണെന്നും അവര്‍ വാദിച്ചു. ബഹുദൈവ വിശ്വാസികളുടെ ദൈവസങ്കല്‍പം ഇതിന്റെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. പുരാതന മനുഷ്യന്റെ സാഹചര്യങ്ങളില്‍നിന്നുളവായ  ഭീതിയില്‍നിന്നും അസ്വസ്ഥതയില്‍നിന്നും ഉടലെടുത്തതാണ് അവരുടെ ദൈവസങ്കല്‍പമെന്ന് വാദിച്ചു.  അന്ധവിശ്വാസങ്ങളെ മുന്നില്‍ വെച്ചു രൂപപ്പെടുത്തിയ ഈ പ്രചാരണമാണ് പാശ്ചാത്യസമൂഹത്തെ മൊത്തത്തില്‍ മതനിരാസത്തിലേക്കും ദൈവനിഷേധത്തിലേക്കും നയിച്ചത്.

ഇസ്‌ലാം വിശ്വാസത്തിന്റെ അടിസ്ഥാനം വികാരമല്ല, വിചാരമായിരിക്കണം എന്ന് പഠിപ്പിച്ചു. ഭീതിയില്‍നിന്നുളവായ ദൈവസങ്കല്‍പം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം സ്‌നേഹത്തിലധിഷ്ഠിതമാണ്. ഏകദൈവവിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച എല്ലാ അബദ്ധ ചിന്തകളെയും നഖശിഖാന്തം ഖണ്ഡിച്ച്  പുതുമയുള്ള ദൈവസങ്കല്‍പം മുന്നോട്ടുവെക്കുകയാണ് ഇസ്‌ലാം. മനുഷ്യബുദ്ധിയുടെ വിധിയനുസരിച്ച് ചിന്തിച്ച് ദൈവാസ്തിക്യത്തില്‍ ചെന്നെത്തണം. 
പരിശുദ്ധ ഖുര്‍ആന്‍ ആദ്യന്തം ബുദ്ധിപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ദൈവിക 'ദൃഷ്ടാന്തങ്ങള്‍' പരിശോധിച്ച് വിശ്വാസത്തിലെത്താനും സത്യാസത്യ വിവേചനം നടത്താനും അത് ആഹ്വാനം ചെയ്യുന്നു. പ്രപഞ്ചത്തിലെ സൃഷ്ടിവൈഭവങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിച്ച് അവയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു. ഖുര്‍ആനിന്റെ ദിവ്യത്വം സ്ഥാപിക്കുന്നത് യുക്തിചിന്തയുടെ അടിസ്ഥാനത്തിലാണ്. ശ്രോതാക്കളെ പലവുരു വെല്ലുവിളിച്ചുകൊണ്ട് ഖുര്‍ആന്റെ അമാനുഷികത സ്ഥാപിക്കുന്നു. 

ഇസ്‌ലാമിക ചിന്തകരില്‍ ഇതര ദര്‍ശനങ്ങള്‍ സ്വാധീനം ചെലുത്തിയപ്പോള്‍ ചിന്താപരമായ ചില വ്യതിയാനങ്ങള്‍ ഉണ്ടായി. ബുദ്ധിയും പ്രമാണവും പരസ്പരവിരുദ്ധങ്ങളാണെന്ന് തെറ്റിദ്ധരിച്ചു. ഈ പശ്ചാത്തലത്തിലാണ് 'ബുദ്ധിക്കും പ്രമാണത്തിനുമിടയില്‍ വൈരുധ്യനിരാകരണം' 

درء تعارض العقل والنّقل
- എന്ന പേരില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ ഒരു ഗ്രന്ഥം രചിച്ചത്. ഖണ്ഡിതമായ പ്രമാണം ബുദ്ധിക്കെതിരാവില്ല. പ്രമാണം -ദിവ്യബോധനം - ദൈവിക വചനങ്ങളാണ്; പ്രപഞ്ചം ദൈവിക ക്രിയയും. ദൈവിക വചനവും ക്രിയയും പരസ്പരം വിരുദ്ധമാവില്ല. ഇമാം ഗസ്സാലി ഇതേ കാര്യം വ്യത്യസ്ത ശൈലിയില്‍ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വാദമനുസരിച്ച് നാം വിശ്വാസം സ്വീകരിക്കുന്നത് ദിവ്യബോധനത്തില്‍നിന്നാണ്. 'ബുദ്ധി ആന്തരിക മതനിയമമാണ്, മതനിയമം ബാഹ്യമായ ബുദ്ധിയാണ്.'

ശാസ്ത്രവും യവന ദര്‍ശനവും  
ഇസ്‌ലാമിക സാമ്രാജ്യം വൈജ്ഞാനിക ഗവേഷണങ്ങള്‍ക്ക് കലവറയില്ലാത്ത സൗകര്യം ചെയ്തു കൊടുത്തു. ഗ്രീക്ക് തത്ത്വചിന്തകള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ച കാലമായിരുന്നു അത്. ഇസ്‌ലാമിക ദര്‍ശനങ്ങളെ അവയിലൂടെ വിശദീകരിക്കാനാണ് പൂര്‍വിക പണ്ഡിതമാരില്‍ ചിലര്‍ ശ്രമിച്ചത്. അരിസ്റ്റോട്ടിലിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ സ്വീകാര്യത കൈവന്ന കാലമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ പല നിഗമനങ്ങളും വാസ്തവവിരുദ്ധമായിരുന്നു. മൂലകങ്ങളെ നാലായാണ് അദ്ദേഹം കണ്ടത്: വെള്ളം, വായു, അഗ്‌നി, മണ്ണ്. എന്നാല്‍ പില്‍ക്കാലത്ത് മൂലകങ്ങള്‍ നൂറിലധികമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി. ഇക്കാലത്ത് കൊച്ചു കുട്ടികള്‍ പോലും പഠിക്കുന്ന വസ്തുതയാണിത്. ചക്രവാളങ്ങള്‍ അഭേദ്യമാണെന്നും ആകാശഗോളങ്ങള്‍ അവയില്‍ ഘടിപ്പിച്ചിരിക്കുന്നു വെന്നും ചക്രവാളം കറങ്ങുകയാണെന്നും യവന ദര്‍ശന ശിക്ഷണമാണ്. ആധുനിക ശാസ്ത്രം ഇതെത്ര ബാലിശമായാണ് കാണുന്നത്! യവന തത്ത്വചിന്തകള്‍ കുറ്റമറ്റതല്ല എന്നതിന്റെ തെളിവുകളാണിവ. ബുദ്ധിക്കാണ് മുന്‍ഗണന, മറ്റൊന്നിനും മുന്‍ഗണന കല്‍പിക്കാന്‍ പാടില്ല എന്ന പക്വമല്ലാത്ത യവന ദര്‍ശനമാണ് പലരെയും ആകര്‍ഷിച്ചതും പ്രശ്‌നങ്ങള്‍ക്ക്  കാരണമായതും. ഈ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായ വിഭാഗമായിരുന്നു മുഅ്തസിലികള്‍. അവര്‍ ബുദ്ധിക്ക് പരിധി വിട്ട് പ്രാധാന്യം കല്‍പിച്ചു. സത്യത്തില്‍ ബുദ്ധിക്ക് ധാരാളം പരിമിതികളുണ്ട്. വിശ്വാസം ബുദ്ധിയെ അതിന്റെ പരിധിക്കുള്ളില്‍ ഉപയോഗപ്പെടുത്താന്‍ പഠിപ്പിക്കുന്നു. 

അല്‍ ഗസ്സാലി (റ)
ദര്‍ശനങ്ങളുടെ പിന്നാലെ പോയി അബദ്ധത്തില്‍ ചാടിയ തത്ത്വശാസ്ത്ര പണ്ഡിതരെ തിരുത്താന്‍ ഏറ്റവും നന്നായി പ്രയത്‌നിച്ച ധിഷണാശാലിയായിരുന്നു അബൂ ഹാമിദ് അല്‍ ഗസ്സാലി (റ). അദ്ദേഹത്തിന്റെ ഗഹനമായ പഠനങ്ങള്‍ മനുഷ്യബുദ്ധിയും പ്രമാണങ്ങളും പരസ്പരപൂരകങ്ങളാണെന്ന് സമര്‍ഥിച്ചു. ബുദ്ധിയുപയോഗിക്കാതെ ശരിയായ വിശ്വാസം ഉണ്ടാവില്ലെന്നും ദിവ്യബോധനം കൂടാതെ വിശ്വാസം പൂര്‍ത്തിയാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അന്ധമായ തത്ത്വചിന്താഭ്രമം അംഗീകരിക്കാന്‍ പാടില്ലെന്ന് നിലവിലുള്ള തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം പഠിച്ച ശേഷം അദ്ദേഹം ആഹ്വാനം ചെയ്തു. 'തഹാഫതുല്‍ ഫലാസിഫഃ' എന്ന വിഖ്യാത ഗ്രന്ഥം ഇവ്വിഷയകമായി രചിച്ചതാണ്. ബുദ്ധിക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം അതിന്റെ വ്യതിയാന സാധ്യതകള്‍ കൂടി കണക്കിലെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു ഇമാം ഗസ്സാലി (റ). അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മതവും തത്ത്വശാസ്ത്രവും അല്ലാഹുവിനെ അറിയാനും ദൈവസാമീപ്യം നേടാനും സൃഷ്ടിജാലങ്ങളില്‍ നിരീക്ഷണം നടത്താനും  ജ്ഞാനസമ്പാദനം വഴി  മനുഷ്യന്റെ ആത്മബോധം വളര്‍ത്തിയെടുക്കാനുമുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. 

ഇബ്‌നുറുശ്ദ് (റ)
പൗരസ്ത്യരില്‍ ഇമാം ഗസ്സാലി നിര്‍വഹിച്ച ദൗത്യം വളരെ ഭംഗിയായി പാശ്ചാത്യരില്‍ നിര്‍വഹിച്ച അസാധാരണ ധിഷണയുടെ ഉടമയാണ് ഇബ്‌നുറുശ്ദ്. ഇസ്‌ലാമിക ചരിത്രത്തില്‍ ഉയര്‍ന്നുവന്ന ഏറ്റവും പ്രഗത്ഭനായ തത്ത്വശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അരിസ്റ്റോട്ടിലിന്റെ തത്ത്വജ്ഞാനത്തിന് വിശദീകരണമെഴുതിയവരില്‍ ഏറ്റവും പ്രഗത്ഭനായിരുന്നു ഇബ്‌നുറുശുദ്. ഇമാം ഗസ്സാലിക്ക് ശേഷം വന്ന അദ്ദേഹം ഗസ്സാലിയുടെ വീക്ഷണങ്ങളെ തെറ്റായി ഗ്രഹിച്ച ചിന്തകരെ തിരുത്തി. ശരീഅത്തില്‍ ആഴത്തില്‍ അവഗാഹമുള്ള ജ്ഞാനിയായിരുന്നു ബഹുമുഖപ്രതിഭയായ ഇബ്‌നുറുശ്ദ്. കര്‍മശാസ്ത്ര വീക്ഷണങ്ങളെ സമന്വയിപ്പിക്കാനുള്ള ആദ്യശ്രമം അദ്ദേഹമാണ് നടത്തിയത്. ദൈവശാസ്ത്രത്തില്‍ ഊന്നിയ അദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര ചിന്തകള്‍ ഗഹനങ്ങളാണ്. അതിനാല്‍ അദ്ദേഹം മതമുക്ത ചിന്തയുടെ ഉടമയാണെന്നു പോലും ചിലര്‍ തെറ്റിദ്ധരിച്ചു. 

അദ്ദേഹത്തിന്റെ സംവാദം ബുദ്ധിയും പ്രമാണവും പരസ്പരവിരുദ്ധമാണെന്ന് ധരിക്കുന്നവരോടായിരുന്നു. അവരുടെ മുമ്പില്‍ അദ്ദേഹം ഇങ്ങനെ ശക്തമായി വാദിച്ചു: 'യുക്തിയും ശരീഅത്തും പരസ്പരബന്ധിതങ്ങളാണ്. ബുദ്ധിയും വിശ്വാസവും ഒന്നിച്ചുപോകുന്നു. അവ തമ്മില്‍ സംഘട്ടനമില്ല, പാശ്ചാത്യ ചിന്തകളാല്‍ കലുഷിതമായ മനസ്സുകളില്‍ ഇസ്‌ലാമിന്റെ സുന്ദരപ്രകാശം ചൊരിയാന്‍ അദ്ദേഹത്തിന് സാധിച്ചു. 

മൂന്ന് സ്രോതസ്സുകള്‍
ബുദ്ധി മാത്രമാണ് ചിന്തയുടെ അവലംബമെന്ന് അംഗീകരിക്കാനാവില്ല. മനുഷ്യജ്ഞാനത്തെ മൂന്നു തലവാചകങ്ങളില്‍ വിശദീകരിക്കാം:

1. ഇന്ദ്രിയ ജ്ഞാനം. മനുഷ്യന്റെ അറിവ് ആരംഭിക്കുന്നത് പഞ്ചേന്ദ്രിയങ്ങളില്‍നിന്നാണല്ലോ. കണ്ടും, കേട്ടും, തൊട്ടും, മണത്തും, രുചിച്ചും അറിയുന്നതാണ് പ്രാഥമിക ജ്ഞാനം. എന്നാല്‍ ഇന്ദ്രിയങ്ങള്‍ക്ക് തെറ്റുപറ്റാം. മനുഷ്യന്‍  നക്ഷത്രങ്ങള്‍ നോക്കി വളരെ ചെറുതാണെന്നു പറയും. എന്നാലവ ഭൂമിയുടെ എത്രയോ ആയിരം മടങ്ങ് വലുതാണ്. ഇത് മനസ്സിലാക്കി തിരുത്തിയത് ബുദ്ധിയും ഗണിത ശാസ്ത്രവും ഉപയോഗിച്ചാണ്.

2. ബൗദ്ധിക ജ്ഞാനം. പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന അറിവുകളെ വികസിപ്പിച്ചെടുക്കാന്‍ ബുദ്ധിക്കും ഭാവനക്കും കഴിയും. മനുഷ്യന്റെ ചിന്തകള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. പഞ്ചേന്ദ്രിയ ജ്ഞാനത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ബുദ്ധിക്കാവും. ഇനി ബുദ്ധിക്ക് തെറ്റുപറ്റിയാലോ? ഇവിടെയാണ് പ്രവാചകത്വത്തിന്റെ മാര്‍ഗദര്‍ശനം. ബുദ്ധിക്ക് തെറ്റുപറ്റുമെന്നതിന്റെ തെളിവ് തത്ത്വശാസ്ത്രജ്ഞര്‍ തമ്മിലുള്ള ഭിന്നതകളാണ്. അതിനാല്‍ ഇസ്‌ലാം ബുദ്ധിക്ക് അബദ്ധം പിണഞ്ഞാല്‍ ദിവ്യബോധനം വഴി തിരുത്താന്‍ പ്രവാചകന്മാരെ ഭരമേല്‍പിച്ചു. ഇമാം ഗസ്സാലി (റ) പറഞ്ഞു: 'ഞാന്‍ പ്രവാചകത്വം ബുദ്ധികൊണ്ട് സ്ഥാപിക്കും. ഖണ്ഡിതമായി അത് സ്ഥാപിതമായാല്‍ ബുദ്ധി സ്ഥാനമൊഴിയും.'

3. ദിവ്യജ്ഞാനം. ഇന്ദ്രിയ ജ്ഞാനത്തിനും ബൗദ്ധിക ജ്ഞാനത്തിനുമുപരിയാണ് ദിവ്യജ്ഞാനം. ദൈവദൂതന്മാര്‍ക്ക് ദിവ്യ വെളിപാടിലൂടെ ലഭിക്കുന്ന ജ്ഞാനമാണത്. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ അദൃശ്യ ജ്ഞാനം ഇതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ഈ സ്രോതസ്സുകളെല്ലാം  ഒരുപോലെ ജ്ഞാനസമ്പാദനത്തിന് അനിവാര്യമാണ്. 

ബുദ്ധിക്കള്ള അംഗീകാരം 
പരിശുദ്ധ ഖുര്‍ആന്‍ ശര്‍ഈ നിയമങ്ങളെ ബുദ്ധിപരമായി ന്യായീകരിക്കുന്നതു കാണാം. നമസ്‌കരിക്കാന്‍ കല്‍പിച്ച ശേഷം 'നമസ്‌കാരം നീചവൃത്തികളെയും നിഷിദ്ധ കര്‍മങ്ങളെയും തടയുന്നു' എന്ന് പറഞ്ഞത് ഉദാഹരണം. ബുദ്ധിക്കുള്ള ഈ അംഗീകാരമാണ് കൂടിയാലോചന മതനിയമമാക്കിയതില്‍ നാം കാണുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ മൂന്നാമത്തേത് 'ഖിയാസ്' എന്ന സദൃശ തുലനം ബുദ്ധി ഉപയോഗിച്ച് തുല്യ നിയമങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗദര്‍ശനമാണ്. ഗവേഷണം എന്നര്‍ഥമുള്ള ഇജ്തിഹാദ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ ഒരടിസ്ഥാനമാണല്ലോ. ഇവിടെ ചിന്തക്കും മനനത്തിനും പ്രാമുഖ്യം കല്‍പിച്ചത് വ്യക്തമാണ്. 

അപ്രമാദിത്വമില്ല
ബുദ്ധി ഉപയോഗിക്കുന്നത് മനുഷ്യനാണ്. അതിനാല്‍ മനുഷ്യചിന്തകള്‍ പതറിപ്പോകാതിരിക്കാന്‍ നിരീക്ഷണം വേണ്ടിവരാം. ആത്മാവിന്റെ ഭക്ഷണമാണ് ചിന്ത. അതില്‍ മായം കലര്‍ന്നാല്‍ വലിയ അപകടസാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണസാധനങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ അവ പരീക്ഷണവിധേയമാക്കുന്നതുപോലെ ചിന്തകളെയും നിരീക്ഷണവിധേയമാക്കണം. 
ഇസ്‌ലാമിക നിയമങ്ങള്‍ യുക്തിയുമായി എവിടെയും ഏറ്റുമുട്ടുന്നില്ല. വളരെ സൂക്ഷ്മമായി ഇത് പഠിച്ചവതരിപ്പിച്ച പാശ്ചാത്യ ചിന്തകരുണ്ട്. ഇതിനു വിരുദ്ധമായി തോന്നുന്ന കാര്യങ്ങളില്‍ ബുദ്ധിക്ക് പ്രമാദം പിണഞ്ഞതാവാം അഥവാ പ്രമാണം ഗ്രഹിച്ചതില്‍ പിഴച്ചതാവാം. ശരിയായ പ്രമാണം ദിവ്യമാണ്. അതില്‍ അബദ്ധം പിണയാവതല്ല. യഥാര്‍ഥ ചിന്ത അല്ലാഹുവിന്റെ വരദാനമാണ്. അതിലൂടെ സത്യത്തിലേക്ക് വഴി കണ്ടെത്തണം. മനുഷ്യചിന്ത അന്തിമ സത്യമല്ല. സത്യത്തിലേക്കുള്ള വഴികാട്ടിയാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top