പ്രപഞ്ച സൃഷ്ടിയിലെ നാലു പ്രക്രിയകള്‍: ഖല്‍ഖ്, തസ്‌വിയഃ, തഖ്ദീര്‍, ഹിദായഃ
ബാഹ്യ സമ്മര്‍ദങ്ങളിലാതെ വസ്തുതാ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ മനുഷ്യനെ വിടുകയാണെങ്കില്‍ സ്വാഭാവികമായും അവന്‍ അല്ലാഹുവിനെ കണ്ടെത്തി വിശ്വസിച്ചിരിക്കും. സ്വേഛ, അനുകരണം, പക്ഷപാതിത്വം എന്നിവക്കതീതമായി കടന്നു ചെല്ലുന്ന ബുദ്ധിക്ക് അല്ലാഹുവിന്റെ അസ്തിത്വം ഒരു പരമസത്യമാണെന്ന് സ്വയമേവ ബോധ്യപ്പെടും.
ആകാശ ഭൂമികള്‍, മനുഷ്യര്‍, മൃഗങ്ങള്‍, സസ്യലതാദികള്‍, നിര്‍ജീവ വസ്തുക്കള്‍, പരമാണു മുതല്‍ മഹാഗോളങ്ങള്‍, ഏകകോശ ജീവികള്‍ മുതല്‍ ബഹുകോശ ജീവികള്‍ എന്നിവയിലെല്ലാം അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയുന്ന നാലു സുപ്രധാന സാക്ഷ്യങ്ങളാണ് ഖല്‍ഖ്(സൃഷ്ടിപ്പ്). തസ്‌വിയഃ (ചൊവ്വാക്കുക), തഖ്ദീര്‍ (നിര്‍ണയം), ഹിദായത്ത് (മാര്‍ഗദര്‍ശനം) എന്നിവ.
سَبِّحِ اسمَ رَبِّكَ الأَعلَى الَّذي خَلَقَ فَسَوّىٰ وَالَّذي قَدَّرَ فَهَدىٰ
'നിന്റെ അത്യുന്നതനായ നാഥന്റെ നാമത്തെ നീ വാഴ്ത്തുക. (വസ്തുക്കളെ) സൃഷ്ടിച്ച് ചൊവ്വാക്കിയവനാണവന്‍. (വസ്തുക്കളെ) നിര്‍ണയിച്ച് മാര്‍ഗദര്‍ശനം നല്‍കിയവനാണവന്‍' (അല്‍ അഅ്‌ലാ: 1-3).
ഏതൊരു വസ്തുവിനെയും ചൊവ്വായി സംവിധാനിക്കുക എന്നത് സൃഷ്ടിപ്പിന്റെ പൂര്‍ണതയെയും എല്ലാവസ്തുക്കള്‍ക്കും വഴികാണിക്കുക എന്നത് നിര്‍ണയത്തിന്റെ പൂര്‍ണതയെയും എടുത്തു കാണിക്കുന്നു. فَسَوّى فَهَدىഎന്നിവയിലെفاء ഈ ആശയത്തെയാണ് സൂചിപ്പിക്കുന്നത്. (فَ തൊട്ടുടനെ, അങ്ങനെ, അന്നേരം).
സൃഷ്ടിപ്പിലെ സാക്ഷ്യം
خَلْقഎന്നതിന്റെ ഉദ്ദേശ്യം
إبراز الشيئ من العدم إلى الوجود
(ഒരു വസ്തുവെ ഇല്ലായ്മയില്‍നിന്ന് ഉള്ള അവസ്ഥയിലേക്ക് കൊണ്ടുവരിക) എന്നാണ്.
ഭൂമുഖത്തെ സകല ജീവജാലങ്ങളും സസ്യജാതികളും ഉദാഹരണം. പ്രസ്താവ്യ വസ്തുവെ അല്ലാതിരുന്ന ശേഷം ധൈഷണിക ശേഷിയോടെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ മറ്റൊരുദാഹരണം.
اقرَأ بِاسمِ رَبِّكَ الَّذي خَلَقَ خَلَقَ الإِنسانَ مِن عَلَقٍ
'സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍നിന്ന് സൃഷ്ടിച്ചു' (അലഖ്: 1,2) എന്ന സൂക്തം ഇതാണ് സൂചിപ്പിക്കുന്നത്. ദശലക്ഷണക്കിന് പ്രകാശവര്‍ഷങ്ങളുടെ ദൂരവ്യാപ്തിയിലുള്ള അനേകകോടി ഗ്രഹങ്ങള്‍ മറ്റൊരു ദാഹരണം. ഇവയെല്ലാം ഒരു സ്രഷ്ടാവില്ലാതെ സ്വയംഭൂവായതാണോ? നിരീശ്വര വാദികള്‍ പോലും താഴെ പോലെ പ്രതികരിക്കേണ്ടി വരുന്നു:
وبات يقدح طول اللّيل فكرته وفسّر الماء بعد الجهد بالماء
'രാത്രി മുഴുനീളെ അയാള്‍ ചിന്തിച്ചു. അത്യധ്വാനം ചെയ്തിട്ടും വെള്ളത്തെ വിശദീകരിക്കാനാവാതെ വെള്ളം എന്നു തന്നെ അയാള്‍ വിശദീകരിക്കേണ്ടി വന്നു.'
ഉപരിലോകത്തെ അന്തരീക്ഷത്തില്‍ വിഹരിക്കുന്ന ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചതു വഴിയാണ് ഭൂമിയില്‍ ജീവന് തുടക്കമായതെന്ന് ചിലര്‍ പറയുന്നു. എങ്കില്‍ ഉപരിലോകങ്ങളില്‍ ജീവന്‍ സൃഷ്ടിച്ചത് ആരായിരിക്കണം?
ഭൗതിക പദാര്‍ഥങ്ങള്‍ പ്രത്യേക അനുപാതത്തിലും ഘടനയിലും സംയോജിക്കുമ്പോള്‍ ജീവന്റെ പ്രഭാവം കാണിച്ചുതുടങ്ങുന്നു എന്നാണ് മറ്റൊരു വാദം. എങ്കില്‍ ബധിരവും മൂകവുമായ ഭൗതിക പദാര്‍ഥത്തെ അവ്വിധം സംയോജിപ്പിച്ചതാരാവണം? ഒരു സംയോജകന്‍ ആവശ്യമില്ലെന്ന വാദം നിലനില്‍ക്കുന്നതല്ല.
പ്രപഞ്ചം മുഴുവന്‍ പദാര്‍ഥവും പദാര്‍ഥമല്ലാത്ത ഒന്നും ഇല്ല എന്നുമാണെങ്കില്‍ പദാര്‍ഥങ്ങള്‍ക്ക് തുടക്കമോ ഒടുക്കമോ ഇല്ലെന്നും അവയുടെ ശക്തിയോടും സവിശേഷതകളോടും അവ എന്നും ഉണ്ടായിരുന്നു എന്നും അവയുടെ സവിശേഷതകള്‍ അവയ്‌ക്കൊപ്പം എന്നും സ്ഥായിയായുണ്ടാവുമെന്നും ഇക്കാര്യത്തില്‍ ഇന്ന ഇടങ്ങളിലെ പദാര്‍ഥങ്ങള്‍ എന്ന വ്യത്യാസമുണ്ടാവില്ലെന്നും പറയേണ്ടി വരും.
ഒരു പ്രത്യേക ഗോളത്തിലും സമയത്തും മാത്രം ജീവന്റെ തുടക്കമാവുക, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ജീവന്റെ സവിശേഷതകള്‍ പ്രതീക്ഷീഭവിക്കാതിരിക്കുകയും, പിന്നീട് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം അതുണ്ടാവുക, ഇത്രയും കാലം ഇതുവൈകുക, യാദൃച്ഛികമായി ജീവന് തുടക്കമാവുക, പിന്നീട് യാദൃച്ഛികത വ്യവസ്ഥാപിതമായി തുടര്‍ന്നു കൊണ്ടേയിരിക്കുക, നിര്‍ജീവമായ പദാര്‍ഥങ്ങള്‍ക്ക് വ്യവസ്ഥാപിതത്വം സാധ്യമാവുക മുതലയായവയെല്ലാം കൃത്യമായ ഉത്തരം ലഭിക്കേണ്ടുന്ന വിഷയങ്ങളാണ്. ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഒരു സ്രഷ്ടാവിന്റെ സോദ്ദേശ്യപൂര്‍ണമായ നിര്‍മിതിയാണ് ഇവക്കെല്ലാം പിന്നിലെന്നേ ബുദ്ധിക്ക് പറയാന്‍ കഴിയൂ. ഈ ലളിതവും സുഗ്രഹവുമായ സങ്കല്‍പത്തെ മറികടന്ന് ദുര്‍ഗ്രഹവും സങ്കീര്‍ണവുമായ യാദൃച്ഛികതാ സങ്കല്‍പത്തിന് മുന്‍തൂക്കം നല്‍കാവുന്ന ന്യായങ്ങള്‍ നമ്മുടെ മുമ്പിലില്ല. നിര്‍ജീവ വസ്തുക്കളില്‍നിന്ന് ജീവനുള്ള വസ്തുക്കളെ സൃഷ്ടിച്ച സ്രഷ്ടാവുണ്ട് എന്ന സങ്കല്‍പത്തിനു മാത്രമേ ബൃഹദ് പ്രപഞ്ചം എന്ന പ്രഹേളികയെ വിശദീകരിക്കാന്‍ കഴിയൂ.
إِنَّ اللَّهَ فالِقُ الحَبِّ وَالنَّوىٰ ۖ يُخرِجُ الحَيَّ مِنَ المَيِّتِ وَمُخرِجُ المَيِّتِ مِنَ الحَيِّ ۚ ذٰلِكُمُ اللَّهُ ۖ فَأَنّىٰ تُؤفَكونَ
'തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു. നിര്‍ജീവമായതില്‍നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്തു വരുത്തുന്നതാണ്. അങ്ങനെയുള്ളവനത്രെ അല്ലാഹു. എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴി തെറ്റിക്കപ്പെടുന്നത്?' (അന്‍ആം: 95).
سُبحانَ الَّذي خَلَقَ الأَزواجَ كُلَّها مِمّا تُنبِتُ الأَرضُ وَمِن أَنفُسِهِم وَمِمّا لا يَعلَمونَ
'ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇനങ്ങളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍' (യാസീന്‍: 36).
ഇതിന്, സൃഷ്ടിപ്പ് (الخلق), ആവിഷ്‌കാരം (الإبداع) എന്നു പറയുന്നു. ഇവ അല്ലാഹുവിന്റെ ആസ്തിക്യത്തിന്റെ തെളിവുകളാണ്. ഇതിന് حركة (ചലനം) എന്നും പറയാം. ഒരിടത്ത്‌നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക, ഒരു അവസ്ഥയില്‍നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുക, ഉണ്ടാവാന്‍ സാധ്യതയുള്ള അവസ്ഥയില്‍നിന്ന് ഉണ്ടായി യാഥാര്‍ഥ്യമാവുക എന്നീ നിലകളിലെല്ലാം ചലനമാവാം.
ചുരുക്കത്തില്‍, ചലിക്കുന്ന എല്ലാറ്റിനു പിന്നിലും ഒരു ചാലകശക്തി കൂടിയേ തീരൂ. ചാലകശക്തിക്ക് മറ്റൊന്നില്‍നിന്ന് ചലനശേഷി ലഭിക്കണം. ആ ശൃംഖല ഒടുവില്‍ ചെന്നു നില്‍ക്കുക മറ്റൊരാളില്‍നിന്ന് ചലനശേഷി ലഭിക്കേണ്ടതില്ലാത്തവിധം സ്വാശ്രയനായ ഒരു ശക്തിയിലായിരിക്കും. അങ്ങനെയല്ലെങ്കില്‍ ആ ശൃംഖല എവിടെയും അവസാനിക്കാതെ അനന്തമായി നീണ്ടുപോവും. അത് അസംഭവ്യമാണ്. സ്വാശ്രയനും സദാ ചലനാത്മകവുമായ അല്ലാഹുവാണ് എല്ലാറ്റിനു പിന്നിലെയും ചാലകശക്തി.
ദൈവശാസ്ത്രകാരന്മാര്‍ ഇത് ഇങ്ങനെ വിശദീകരിക്കുന്നു: 'ലോകം പരിവര്‍ത്തന വിധേയമാണ്. പരിവര്‍ത്തന വിധേയമായതെല്ലാം നൂതനമായിരിക്കും. മനുഷ്യന്റെ അന്വേഷണ ബുദ്ധി നൂതനമല്ലാത്ത, നൂതനമായത് ആവിഷ്‌കരിക്കുന്ന ഒന്നിനുസമീപമെ ചെന്നു നില്‍ക്കുകയുള്ളൂ. അഥവാ, നൂതനമല്ലാത്ത ആ നൂതനാവിഷ്‌കര്‍ത്താവാണ് സാക്ഷാല്‍ അല്ലാഹു.
ലോകം നൂതനമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. അതിന്റെ നൂതനത്വത്തിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഫാറാബി, ഇബ്‌നുസീനാ മുതലായ മുസ്‌ലിം തത്വജ്ഞാനികള്‍ ഇതിനെ دليل الإمكان(ഉണ്ടാവാനുള്ള സാധ്യതയുടെ തെളിവ്) എന്നാണ് വ്യവഹരിക്കുന്നത്.
ഈ തെളിവിന്റെ ആകെത്തുക ഇത്രയുമാണ്. വസ്തുക്കള്‍ക്ക് മൂന്ന് സാധ്യതകളാണുള്ളത്. 1. എല്ലാം നിര്‍ബന്ധമായും ഉണ്ടായിരിക്കുക. ഇങ്ങനെ നിര്‍ബന്ധമായും ഉണ്ടായിരിക്കുന്ന വസ്തുവാണെങ്കില്‍ അത് ഇല്ല എന്ന് ധൈഷണികമായി സങ്കല്‍പിക്കാനാവില്ല. കാരണം, അസ്തിത്വം അനിവാര്യമായ വസ്തു ഇല്ലെന്ന് സങ്കല്‍പിക്കാന്‍ സാധ്യമേയല്ല. 2. വസ്തു ഉണ്ടാവാന്‍ സാധ്യതയുള്ളതാവുക. (ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുള്ള ഒരു വസ്തു ഉണ്ടാകാവുന്നതാണല്ലോ). അതുകൊണ്ടുതന്നെ, ആ വസ്തു ഉണ്ടാകാനോ ഉണ്ടാവാതിരിക്കാനോ സ്വന്തം നിലയില്‍ കാരണമില്ല.
3. ചില വസ്തുക്കള്‍ നിര്‍ബന്ധമായും ഉണ്ടാവാന്‍ സാധ്യത അഥവാ മറ്റു ചിലവ അനിവാര്യമായല്ലാതെ ഉണ്ടാവാനുള്ള സാധ്യത.
എല്ലാ വസ്തുക്കളും അനിവാര്യമായും ഉണ്ടായിരിക്കണമെന്നത് അസാധ്യവും അസംഭവ്യവുമാണ്. കാരണം, അവയ്ക്ക് ചലിപ്പിക്കാനാവശ്യമായ ചാലകശക്തിയും ഘടകങ്ങളും അവയെ അന്യോന്യം സംയോജിപ്പിക്കുന്ന ഒരു സംയോജകവും ആവശ്യമാണ്. ഇവയെല്ലാം സ്വയംഭൂവായി ഉണ്ടാവുക എന്നത് അസംഭവ്യമാണ്. കാരണം, ഉണ്ടാവാനുള്ള സാധ്യതയില്‍നിന്ന് ഉണ്ടാവുക എന്ന യാഥാര്‍ഥ്യത്തിലേക്ക് അതിനെ നയിക്കുന്ന ഒരു കാരണം ആവശ്യമാണ്. മൂന്നാമതൊരു സാധ്യത ഇങ്ങനെയാണ്. ചില വസ്തുക്കള്‍ ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ ഭൗതികലോകം ഉണ്ടാവാന്‍ സാധ്യതയുള്ളവയില്‍ പെടുന്നു. മറ്റൊന്ന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടവയില്‍ പെടുന്നു. പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് ഇങ്ങനെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടവന്‍. കാരണം, സകല പ്രപഞ്ചങ്ങളുടെയും ആദി കാരണം അവനത്രെ.
തസ്‌വിയഃ അഥവാ ചൊവ്വായ സംവിധാനം
സൃഷ്ടിപ്പ് എന്ന പ്രക്രിയ സ്രഷ്ടാവായ അല്ലാഹുവിനെ സൂചിപ്പിക്കുന്നതിനേക്കാള്‍ സൃഷ്ടികളുടെ ചൊവ്വായ സംവിധാനത്തികവാണ് അല്ലാഹുവിനെ കൂടുതലായി സാക്ഷ്യപ്പെടുത്തുന്നത്. കാരണം, ഫിനിഷിംഗില്ലാതെയും വസ്തുക്കള്‍ സൃഷ്ടിക്കാമല്ലോ.
ഒരു വസ്തുവെ ചൊവ്വായി സംവിധാനിക്കുക എന്നതിന്റെ ഉദ്ദേശ്യം, അതിലൂടെ എന്ത് ഉദ്ദേശിച്ചുവോ അത് സാധ്യമാകുന്ന വിധം കുറ്റമറ്റ രീതിയില്‍ സൃഷ്ടിക്കുക, സുന്ദരമായി പൂര്‍ണതയിലെത്തിക്കുക, ഉദ്ദിഷ്ടലക്ഷ്യം നഷ്ടപ്പെടാത്ത വിധം ഒരു വസ്തുവിന്റെ സര്‍വാംഗങ്ങളെയും ഘടകങ്ങളെയും സന്തുലിതമായി സംവിധാനിച്ചാവിഷ്‌കരിക്കുക എന്നത്രെ.
'തസ്‌വിയഃ' എന്ന ഈ ആശയം ഖുര്‍ആന്‍ 'ഇഹ്‌സാന്‍' 'ഇത്ഖാന്‍' എന്നീ പദങ്ങളിലൂടെയും പ്രകാശിപ്പിച്ചിട്ടുണ്ട്.
الَّذي أَحسَنَ كُلَّ شَيءٍ خَلَقَهُ
'സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കിയവനാണവന്‍ (സജ്ദഃ 7)
صُنعَ اللَّهِ الَّذي أَتقَنَ كُلَّ شَيءٍ
'എല്ലാ വസ്തുക്കളെയും കുറ്റമറ്റതാക്കിയ അല്ലാഹുവിന്റെ നിര്‍മിതി' (നംല്: 88)
رَبُّنَا الَّذي أَعطىٰ كُلَّ شَيءٍ خَلقَهُ ثُمَّ هَدىٰ
'എല്ലാ വസ്തുവിനും അതിന്റെ സൃഷ്ടിപ്പ് നല്‍കുകയും എന്നിട്ട് ഹിദായത്ത് നല്‍കുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍' (ത്വാഹ: 50). സൃഷ്ടിപ്പ് നല്‍കി എന്നതിന്റെ വിവക്ഷ, ഒരു വസ്തുവെ എന്തിനായി സൃഷ്ടിച്ചുവോ അതിനനുയോജ്യമായ സൃഷ്ടി ഘടനയും രൂപകല്‍പനയും നല്‍കി എന്നര്‍ഥം.
അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ഏറ്റവ്യത്യാസമില്ലെന്നും ഇതേപ്പറ്റി ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ما تَرىٰ في خَلقِ الرَّحمٰنِ مِن تَفاوُتٍ
'പരമ കാരുണികന്റെ സൃഷ്ടിപ്പില്‍ ഒരു തരത്തിലുള്ള ഏറ്റപ്പറ്റും നീ കാണുകയില്ല' (മുല്‍ക്; 3) പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും പൊതുവെ ഈ തികവാര്‍ന്ന പ്രകൃതികാണാം. ജീവിജാലങ്ങളില്‍ സവിശേഷമായും മനുഷ്യനില്‍ അതീവ വിശേഷമായും ഈ സന്തുലിത സൃഷ്ടിപ്പ് കാണാം.
يَأيُّهَا الْإِنسَنُ مَا غَرَّكَ بِرَبِّكَ الْكَرِيم الّذِي خَلَقَكَ فَسَوَّىكَ فَعَدَلَك فِى أَيِّ صُورَةٍ مَّاشَآءَ رَكَّبَك
'ഹേ, മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍.'
മേല്‍ സൂക്തത്തിലെ 'ഖലഖക ഫസവ്വാക ഫഅദലക' എന്നതിലെ പതിമൂന്ന് അക്ഷരങ്ങള്‍ക്കും അകാര(فَتْح)മാണ്. മനുഷ്യ സൃഷ്ടിപ്പിലെ സന്തുലിതത്വത്തെ ശബ്ദത്തിലൂടെ പ്രകാശിപ്പിക്കും വിധമാണ് അതിലെ സ്വരവിന്യാസം- വിവ:)
ഭൂമിയുടെ സന്തുലിതത്വം
ജീവജാലങ്ങള്‍ക്ക് തൊട്ടിലിനുസമാനം പ്രയോജനകരമായ വിധം ഭൂമിയെ അല്ലാഹു സംവിധാനിച്ചു. ഈ പ്രയോജനപരതയെയും ഗുണലഭ്യതയെയും ഭൂമിയെ തൊട്ടിലാക്കി, വിരിപ്പാക്കി, സര്‍വഥാ വിധേയമാക്കി, സ്ഥിര സങ്കേതമാക്കി എന്നെല്ലാം ഖുര്‍ആന്‍ വ്യത്യസ്ത രൂപങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചാഞ്ചല്യമില്ലാതിരിക്കാനായി പര്‍വതങ്ങളാകുന്ന ആണികള്‍ കൊണ്ടുറപ്പിച്ചു. അനുഗ്രഹങ്ങളാല്‍ സമൃദ്ധമാക്കി. സകലവിധ ആഹാരവിഭവങ്ങളും കണക്കനുസരിച്ച് സംവിധാനിച്ച് ഭൂമിയുടെ പുറന്തോട് മുഴുവന്‍ ശിലാവൃതമാവുകയോ ഊഷരമാവുകയോ സമുദ്രങ്ങള്‍ മാത്രമാവുകയോ ചെയിരുന്നുവെങ്കില്‍ ഭൂമി ഒരിക്കലും സസ്യങ്ങള്‍മുളയ്ക്കുവാനോ ഫലങ്ങള്‍ കായ്ക്കാനോ പറ്റുന്നതാകുമായിരുന്നില്ല.
ഭൂമിയുടെ പുറന്തോട് ഇപ്പോഴുള്ളതിനേക്കാള്‍ ഏതാനും അടി കട്ടിയുള്ളതായിരുന്നുവെങ്കില്‍ സസ്യജീവിസാന്നിധ്യം സാധ്യമല്ലാത്തവിധം ഓക്‌സിജനും കാര്‍ബണ്‍ഡൈ ഓക്‌സൈഡും വിനഷ്ടമാവുമായിരുന്നു.
ജീവവസ്തുക്കളുടെ സന്തുലിതത്വം
ഭൂമുഖത്തുള്ള എല്ലാ ജീവികള്‍ക്കും അതാതിന്റെ ഉത്തരവാദിത്വം എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയുമാറുള്ള ഘടനയാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. മണലാരണ്യത്തില്‍ ദീര്‍ഘയാത്ര നടത്താന്‍ അനുയോജ്യമായ ഘടനയാണ് ഒട്ടകത്തിന് നല്‍കിയിരിക്കുന്നത്. തല ഉയര്‍ന്നു നില്‍ക്കാന്‍ പാകത്തില്‍ നീണ്ട കഴുത്ത്. ഉയരം മണല്‍ പൊടിയില്‍നിന്ന് കണ്ണുകള്‍ക്ക് രക്ഷയാവുന്നു. മുള്‍ച്ചെടികള്‍ അനായാസം തിന്നാന്‍ പാകത്തിലുള്ള കീറിയ ചുണ്ടുകള്‍. ഭക്ഷണത്തിന്റെ അഭാവത്തില്‍ പകരമാവുന്ന വിധം കൊഴുപ്പ് സൂക്ഷിക്കാവുന്ന പൂഞ്ഞ. കുതിരയുടെയും കോവര്‍ കഴുതയുടെയും കഴുതയുടെയും കുളമ്പുകളില്‍നിന്ന് ഭിന്നമായി മണലില്‍ പൂണ്ടുപോകാതെ ദൂരം താണ്ടിക്കടക്കാന്‍ സഹായകമായ കുളമ്പുകള്‍. എല്ലാ ജീവികളിലും അവക്കനുയോജ്യമായ ആഹാര-ദഹന-ആവാസ വ്യവസ്ഥകള്‍ക്കനുയോജ്യമായ സന്തുലിത പ്രകൃതി നാം കാണുന്നു. ഹിംസ്രജന്തുക്കളിലെ തേറ്റകളും നഖങ്ങളും ഇരപിടിത്തവും ദഹനവ്യവസ്ഥയും ഉദാഹരണമാണ്. പുല്ലു തീനികളായ മൃഗങ്ങളില്‍ വേഗത്തില്‍ കഴിക്കുന്ന പുല്ല് സംഭരിക്കാനും പലതവണയായി ദഹിപ്പിക്കാനും പാകത്തിലുള്ള ആമാശയങ്ങള്‍ കാണപ്പെടുന്നു. പക്ഷികളിലാണെങ്കില്‍ ഓരോതരം പക്ഷിയുടെയും ആഹാര തരങ്ങള്‍ക്കനുസരിച്ച് നീണ്ടതോ കുറിയതോ വൃത്താകൃതിയിലുള്ളതോ ആയ ചുണ്ടുകളാണുള്ളത്. ജീവികളിലെ പ്രതിരോധ സംവിധാനങ്ങളും ഇവ്വിധം ബഹുമുഖമാണ്. തേറ്റയും നഖവും കൊണ്ട് ശല്‍ക്കവും, ഗതിവേഗവും, പറക്കാനുള്ള ശേഷിയും ഒളിക്കാനുള്ള ശേഷിയുമെല്ലാം പലതരത്തിലുള്ള പ്രതിരോധ രീതികള്‍ തന്നെ. ഇവയില്ലെങ്കില്‍ വലിയജീവികള്‍ ചെറുജീവികളെ നശിപ്പിക്കുമായിരുന്നു.
മനുഷ്യനിലെ സന്തുലിതാവസ്ഥ
പ്രകൃതിയുടെയും ജീവികളുടെയും സൃഷ്ടിപ്പും സന്തുലിതത്വവും വിട്ട് മനുഷ്യനെപ്പറ്റി പഠിച്ചാല്‍ ഇത് കുറെകൂടി വ്യക്തമായി മനസ്സിലാക്കാം. ഏറ്റവും ചൊവ്വായ ഘടനയോടെയാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മഹത്തായ ഉത്തരവാദിത്വങ്ങളോടെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയുടെ മേലധികാരം അല്ലാഹുവിന്റെ പ്രാതിനിധ്യം എന്നിവ നിര്‍വഹിക്കാനാവശ്യമായ സവിശേഷതകളോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനനുയോജ്യമായ ആത്മീയവും ഭൗതികവുമായ സംവിധാനങ്ങള്‍ മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ കണ്ടുപിടിക്കുന്ന എല്ലാ ഉപകരണങ്ങളെയും കവച്ചുവെക്കുന്നതും നമ്മെ അമ്പരപ്പിക്കുന്നതുമായ വിധമാണ് മനുഷ്യശരീര ഘടന.
പേശി-അസ്ഥി-ദഹന-രക്ത-പ്രജന-ഗ്രന്ഥി-ഞരമ്പ്-മലമൂത്ര വിസര്‍ജന, രുചി, ഘ്രാണ-ശ്രവണ ദര്‍ശന വ്യവസ്ഥകളെല്ലാം നാ നമിച്ചു പോവുന്നത്ര ഗംഭീരമാണ്. 'മനുഷ്യന്റെ കൈ പ്രകൃതിയിലെ അത്ഭുതങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. അതിനു സമാനം ലളിതവും കഴിവുറ്റതും അനായാസം ഉപയോഗിക്കാവുന്നതുമായ മറ്റൊന്ന് കണ്ടുപിടിക്കാന്‍ സാധ്യമല്ല. ഒരുപുസ്തകം വായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ നിങ്ങള്‍ ഒരു പുസ്തകമെടുക്കുന്നു, വായനക്ഷമമായ സ്ഥാനത്ത് കൈകൊണ്ട് വെക്കുന്നു, പേജ് മറിക്കാന്‍ കൈയിലെ വിരല്‍ ഉപയോഗിക്കുന്നു, പേജ് മറിക്കാന്‍ ആവശ്യമായ ബലം വിരലുകൊണ്ട് പ്രയോഗിക്കുന്നു, പേജ് മറിയുന്നതോടെ ചെലുത്തിയ ബലം അയയുന്നു. നാം ഉപയോഗിക്കുന്ന സ്പൂണ്‍ മുതല്‍ കത്തിവരെ എന്തും ഈ വിധമാണ് നാം ഉപയോഗിക്കുന്നത്. ഇരുകൈകളിലുമായി ഇരുപത്തിയേഴ് അസ്തികളും പത്തൊമ്പത് പേശികളുമാണുള്ളത്.'1
മനുഷ്യകര്‍ണത്തിലെ മധ്യഭാഗം സങ്കീര്‍ണവും നേരിയതുമായ നാലായിരത്തോളം വളവുകളുടെ ശൃംഖലയാണ്. രൂപത്തിലും വലുപ്പത്തിലും അതീവ വിദഗ്ധമായാണ് അവസംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഈ വളവുകള്‍ ഒരു സംഗീതോപകരണത്തോട് സദൃശമാണ്. ഇടിനാദം മുതല്‍ മരങ്ങളുടെ മര്‍മരം വരെ ഏതു ശബ്ദവും തലച്ചോറിലേക്ക് എത്തുംവിധമാണ് അവ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഓര്‍ക്കസ്ട്രയില്‍ ഉപയോഗിക്കുന്ന വിവിധ സംഗീതോപകരണങ്ങളിലോരോന്നിന്റെയും ഈണം വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിയുംവിധമാണ് അവയുടെ ധര്‍മം.2 നേത്രങ്ങളിലാവട്ടെ, നൂറ്റിമുപ്പത് ദശലക്ഷം പ്രകാശ സ്വീകാരികളുണ്ട്. ഇമകളും പുരികങ്ങളും മണ്ണില്‍നിന്നും പൊടിപടലങ്ങളില്‍നിന്നും സൂര്യതാപത്തില്‍നിന്നും നേത്രങ്ങളെ സംരക്ഷിക്കുന്നു. കണ്‍പോളകളുടെ ചലനം കണ്ണുകള്‍ വരണ്ടുപോവാതിരിക്കാന്‍ സഹായിക്കുന്നു. കണ്ണുനീര്‍ ഏറ്റവും ശക്തമായ ശുദ്ധീകരണോപാധിയാണ്.3 അതിസൂക്ഷ്മമായി സ്പര്‍ശനങ്ങളെ പോലും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാന്‍ സഹായിക്കുന്ന നാഡിഞരമ്പുകള്‍ മഹാദ്ഭുതമാണ്. എല്ലാം കേന്ദ്ര നാഡിവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഏതെങ്കിലും ഒരുഭാഗം നേരിയ ചൂടനുഭവിക്കുമ്പോള്‍ അത് നാഡി ഞരമ്പുകള്‍ തലച്ചോറിലേക്കെത്തിക്കുന്നു. അതിനനുസൃതമായി ശരീരം പ്രവര്‍ത്തിക്കുന്നു. സെക്കന്റില്‍ നൂറുമീറ്റര്‍ വേഗതയിലാണ് സൂചനകളും ഉണര്‍വുകളും ശരീരത്തിലൂടെ സഞ്ചരിക്കുന്നത്.4
മനുഷ്യ സൃഷ്ടിപ്പിലെ സന്തുലിതത്വത്തിന്റെ പ്രകടഭാവങ്ങളില്‍ ഏറ്റവും മഹത്തരമാണ് അവന്റെ ബുദ്ധിവൈഭവം- മനുഷ്യന് കാളയുടേതുപോലുള്ള പേശീ ബലമോ, കുതിരയുടേതുപോലുള്ള ഗതിവേഗമോ, ഒട്ടകത്തെപോലുള്ള ക്ഷമയോ, പക്ഷികളുടേതുപോലുള്ള ചിറകുകളോ സിംഹത്തിന്റേതുപോലുള്ള തേറ്റകളോ, ചെറുപ്രാണികളുടേതു പോലുള്ള സൂക്ഷ്മ ദര്‍ശിനികളായ കണ്ണുകളോ, പരുന്തിന്റേതുപോലുള്ള ദൂരദര്‍ശിനികളായ കണ്ണുകളോ തേനീച്ച, ഉറുമ്പ്, പ്രാവ് മുതലായവയുടെ നൈസര്‍ഗികമായ ഭാവങ്ങളോ മനുഷ്യര്‍ക്കില്ല. എന്നാല്‍, മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്ത ചിന്താശേഷിയും ഉള്‍ക്കാഴ്ചയും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.
മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിച്ച് കാളയെയും കുതിരയെയും ഒട്ടകത്തെയും ആനയെയും മെരുക്കിയെടുക്കുന്നു. തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ശക്തിയും വേഗതയും ഇരട്ടിപ്പിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചു. യാന്ത്രികസംവിധാനങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് ബഹുദൂരങ്ങള്‍ താണ്ടികടക്കാന്‍ മനുഷ്യന് കഴിയും. ആധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ലോകത്തെ ഒറ്റ ഗ്രാമമാക്കിയിരിക്കുന്നു. മനുഷ്യന്‍ സമുദ്രത്തില്‍ മത്സ്യങ്ങളേക്കാള്‍ വേഗതയില്‍ നീന്തുന്നു. പക്ഷികളെക്കാള്‍ വേഗത്തില്‍ അന്തരീക്ഷത്തില്‍ പറക്കുന്നു.
മനുഷ്യന്‍ പ്രകൃതിശക്തികള്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചുകഴിഞ്ഞു. പാറകള്‍ തുരക്കുന്നു. പുഴ കീറുന്നു. ആവിയും വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുന്നു. അണുവിസ്‌ഫോടനം നടത്തി. ശൂന്യാകാശയുദ്ധം നടത്തി. ഇതര ഗ്രഹങ്ങളിലേക്ക് കുടിയേറ്റം നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചു. സമീപ ഭാവിയില്‍തന്നെ അത് യാഥാര്‍ഥ്യമായേക്കാം.
മനുഷ്യന് പരുന്തിന്റേതുപോലെ ദൂരക്കാഴ്ചക്ക് സഹായകമോ, ചെറുപ്രാണികളുടേതുപോലെ സൂക്ഷ്മ ദര്‍ശനത്തിനു സഹായകമോ ആയ കണ്ണുകളില്ല. പക്ഷെ, മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ച് ദൃഷ്ടിഗോചരമല്ലാത്ത ബാക്ടീരിയയെ കാണാന്‍ കഴിയുന്ന ഇലക്ട്രിക് മൈക്രോസ്‌കോപ്പുണ്ടാക്കാനും ബാക്ടീരിയയേക്കാള്‍ ചെറിയ സൂക്ഷ്മജീവികളെപ്പോലും കാണാന്‍ കഴിയുന്ന സൂക്ഷ്മ ദര്‍ശനികളുണ്ടാക്കാനും കഴിയുന്നു.
മനുഷ്യന്റെ ശ്രവണശേഷിക്ക് പരിധിയുണ്ട്. ജീവികള്‍ക്കാവട്ടെ അതിനേക്കാള്‍ എത്രയോമടങ്ങ് കേള്‍ക്കാന്‍ കഴിയുന്നു. അതേസമയം അനേക നാഴിക ദൂരെ പറക്കുന്ന ഈച്ചയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യ ബുദ്ധിയുടെ ഈ അത്ഭുതകരമായ പ്രവൃത്തി ആസൂത്രണമില്ലാതെ യാദൃച്ഛികമായി ഉണ്ടായ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണോ നാം മനസ്സിലാക്കേണ്ടത്. അതോ അവയ്ക്ക് പിന്നില്‍ ഒരു ശക്തിയുടെ ഉദ്ദേശ്യ പൂര്‍വമായ പ്രവൃത്തി ഉണ്ടെന്നാണോ?
തഖ്ദീറിന്റെ തെളിവുകള്‍
എല്ലാ വസ്തുക്കളെയും അവയുടെ സ്ഥലകാലാനുസൃതമായി അതിനോടടുത്തതും വിദൂരസ്ഥവുമായ വസ്തുക്കളോടു യോജിക്കുംവിധവും കൃത്യമായ കണക്കോടും അളവോടും ക്രമത്തോടും സൃഷ്ടിക്കുന്നതിനെയാണ് തഖ്ദീറോട് കൂടി സൃഷ്ടിച്ചു എന്നുപറയുന്നത്.
എല്ലാവസ്തുക്കള്‍ക്കും അവയുടെ ഉത്തരവാദിത്വം സമുചിതമായി നിര്‍വഹിക്കാന്‍ കഴിയുംവിധം സൃഷ്ടിപ്പും രൂപവും നല്‍കുന്നതിനാണ് 'തസ്‌വിയത്ത്' എന്നു പറയുന്നതെങ്കില്‍, തഖ്ദീര്‍ എന്നതിന്റെ വിവക്ഷ, ഒരു വസ്തു മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാവാതെയും ഇതര സൃഷ്ടികളുമായി ഏറ്റുമുട്ടാതെയും സ്വന്തത്തിന് ഉപകാരപ്രദമാവുന്ന അളവില്‍ ആയിരിക്കുക എന്നത്രെ. ഇത് സാധ്യമാവുന്നത് ഏതു വസ്തുവും അനുയോജ്യമായ സ്ഥലത്തും കാലത്തും അളവിലും പ്രപഞ്ചത്തിലെ ഘടകങ്ങള്‍ക്കിടയില്‍ അനുരഞ്ജനവും സന്തുലിതത്വവും സാക്ഷാല്‍കൃതമാവും വിധമുള്ള രൂപത്തിലുമാവുമ്പോഴാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ തഖ്ദീര്‍ (നിര്‍ണയം) എന്ന പ്രതിഭാസം കാണാം. ഇക്കാര്യം ഖുര്‍ആന്‍ പറയുന്നത് കാണുക:
وَكُلُّ شَيءٍ عِندَهُ بِمِقدارٍ
'സകല വസ്തുക്കള്‍ക്കും അവങ്കല്‍ നിര്‍ണിതമായ പരിമാണമു്' (റഅ്ദ്: 8).
وَخَلَقَ كُلَّ شَيءٍ فَقَدَّرَهُ تَقديرًا
'സകല വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവക്കു കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തു' (ഫുര്‍ഖാന്‍: 2)
قَد جَعَلَ اللَّهُ لِكُلِّ شَيءٍ قَدرًا
'സകല കാര്യത്തിനും അല്ലാഹു ഒരു കണക്ക് നിശ്ചയിച്ചു വെച്ചിട്ടു്' (ത്വലാഖ്: 3)
إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ
'നാം ഓരോ വസ്തുവും ഒരു പരിമാണമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നു' (ഖമര്‍: 49)
وَإِن مِن شَيءٍ إِلّا عِندَنا خَزائِنُهُ وَما نُنَزِّلُهُ إِلّا بِقَدَرٍ مَعلومٍ
'നാം ഇറക്കിക്കൊടുക്കുന്നതെന്തും ഒരു നിര്‍ണിത പരിണാമത്തില്‍ മാത്രമാകുന്നു' (ഹിജ്ര്‍; 21).
ജലം: തഖ്ദീറിന് ഉദാഹരണമായി വെള്ളമെടുക്കാം. വെള്ളത്തെ പാനം, ജലസേചനം, ശുചീകരണം, ശുദ്ധീകരണം മുതലായവ നിര്‍വഹിക്കാന്‍ പാകത്തില്‍ അല്ലാഹു തികവാര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു സൃഷ്ടിച്ച് ഭൂമിയില്‍ സംഭരിച്ചുവെച്ച ജലം കൃത്യമായ അളവില്‍ സൃഷ്ടിച്ച് കൃത്യമായ അളവിലാണ് ഇറക്കിയിരിക്കുന്നത്. സൃഷ്ടികളുടെ ആവശ്യത്തിന് തികയാതെയല്ല- തികയാതെ വന്നാല്‍ ജലക്ഷാമമുണ്ടാവും- ആവശ്യത്തില്‍ കൂടുതലുമല്ല. കൂടിയാല്‍ പ്രളയമാവും ഫലം. കടല്‍ജലം കരയിലേക്ക് കടന്നു കയറരുത്. ഉപ്പുജലം ശുദ്ധജലവുമായി കലരരുത്.
وأنزلنا من السّماء ماء بقدر فأسكناه في الفرض وانا على ذهاب به لقادون
'ഒരു നിശ്ചിത പരിമാണം ജലമിറക്കി. അതിനെ ഭൂമിയില്‍ നിര്‍ത്തി. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം'
(മുഅ്മിനൂന്‍: 18).
സൂര്യന്‍: ആവശ്യമായ ചൂടും വെളിച്ചവും നല്‍കി
ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പാകത്തിലാണ് അല്ലാഹു സൂര്യനെ സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ണിതമായ അച്ചുതണ്ടില്‍ സൂര്യന്‍ അതിന്റേതായ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതര ഗോളങ്ങളുമായി അത് കൂട്ടിമുട്ടുന്നില്ല. ജീവജാലങ്ങള്‍ എരിഞ്ഞടങ്ങുമാറ് സൂര്യന്‍ ഭൂമിയുമായി അടുക്കുന്നില്ല. ചൂടും വെളിച്ചവും ലഭ്യമാകാതിരിക്കുമാറ് അത് ഭൂമിയില്‍നിന്ന് അകലുന്നില്ല. ഖുര്‍ആന്‍ പറയുന്നു:
وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ - وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ -لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ -
'സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാകുന്നു. ഇത് ആ അജയ്യനായ സര്‍വജ്ഞന്‍ കണിശമായി നിര്‍ണയിച്ചുവെച്ചതത്രെ. ചന്ദ്രന്‍, അതിനു നാം മണ്ഡലങ്ങള്‍ നിര്‍ണയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട് ഒടുവില്‍ അത് ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ലപോലെ ആയിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് കഴിയില്ല. രാത്രിക്ക് പകലിനെ കവച്ചുവെക്കാനാവുകയുമില്ല. എല്ലാം ഓരോ പഥങ്ങളില്‍ നീന്തിക്കൊണ്ടേയിരിക്കുകയാകുന്നു.' (യാസീന്‍ 38-40).
നൈസര്‍ഗികവും ധൈഷണികവുമായ ശേഷിവെച്ച് ചിന്തിച്ചാല്‍ എല്ലാ വസ്തുക്കളും കൃത്യമായ കണക്കു പ്രകാരമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം. ആധുനികശാസ്ത്രം അത് കണ്ടെത്തിയിരിക്കുന്നു. സൃഷ്ടികളിലെ പരിധികളും നിര്‍ണയങ്ങളും വ്യവസ്ഥകളും സന്തുലിതത്വവുമെല്ലാം ആധുനിക ശാസ്ത്രം അനാവരണം ചെയ്തിരിക്കുന്നു. ലക്ഷോപലക്ഷം കോടി നക്ഷത്രം ശൂന്യാകാശത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു. സിറിയസ് നക്ഷത്രങ്ങള്‍ പോലുള്ളവ സൂര്യനേക്കാള്‍ സഹസ്ര ലക്ഷങ്ങള്‍ മടങ്ങുള്ളവയാണ്. സിറിയസിന് സൂര്യനേക്കാള്‍ ഇരുപതിരട്ടി ഇരട്ടി ഭാരമുണ്ട്. സൂര്യനേക്കാള്‍ അമ്പത് മടങ്ങ് പ്രകാശമുണ്ട്. അഗസ്ത്യ നക്ഷത്രത്തിന് സൂര്യനേക്കാള്‍ രണ്ടായിരത്തി അഞ്ഞൂറ് മടങ്ങ് പ്രകാശമുണ്ട്. നക്ഷത്ര ഗോളങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാവുന്നതും ദൂരദര്‍ശിനികളും സൂക്ഷ്മദര്‍ശനികളും കൊണ്ടു കാണാവുന്നവയുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും നക്ഷത്രങ്ങളോ ഗോളങ്ങളോ മറ്റൊന്നുമായി കൂട്ടിമുട്ടുന്നില്ല. മധ്യധരണ്യാഴിയിലെ ഒരു കപ്പല്‍ ശാന്തസമുദ്രത്തിലെ ഒരു കപ്പലുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലാത്തതുപോലെ എല്ലാം അവയുടേതായ പാതയിലൂടെ സഞ്ചരിക്കുന്നു.
നക്ഷത്രങ്ങളും ഗോളങ്ങളും തമ്മില്‍ അകലമുണ്ടെങ്കിലും ഓരോന്നും മറ്റു നക്ഷത്രങ്ങളും ഗോളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചും ഉത്തരവാദിത്വം നിര്‍വഹിച്ചുമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ഉദാഹരണായെടുക്കാം. ഭൂമിയില്‍ മനുഷ്യ ജീവിതം ഉറപ്പുവരുത്തുന്നതിലും നൈരന്തര്യം നിലനിര്‍ത്തുന്നതിലും അവതമ്മിലെ സൂക്ഷ്മവും സങ്കീര്‍ണവുമായ ബന്ധം വലിയ പങ്കുവഹിക്കുന്നു.
കോടിക്കണക്കിന് നക്ഷത്രങ്ങളിലൊന്നായ സൂര്യന്റെ വലിപ്പവും ചൂടും രശ്മികളുടെ പ്രകൃതിയും തമ്മില്‍ നിന്നുള്ള അകലവുമെല്ലാം ജീവജാലങ്ങള്‍ക്കനുയോജ്യമായ നിലയിലാണ്. ക്രൈസിമോറിസണ്‍ എഴുതുന്നു: ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഓരോ ഇരുപത്തിനാലു മണിക്കൂറും ഒരു തവണ കറങ്ങുന്നു. അഥവാ മണിക്കൂറില്‍ ഉദ്ദേശം ആയിരം മൈല്‍ എന്ന വേഗതയില്‍- അതിനുപകരം മണിക്കൂറില്‍ നൂറു മൈല്‍ വേഗതയില്‍ മാത്രമാണ് ഭ്രണമെങ്കില്‍ പകലും രാത്രിയും ഇപ്പോഴുള്ളതിനാല്‍ പത്ത്മടങ്ങ് വര്‍ധിക്കും. ഇത്തരമൊരവസ്ഥയില്‍ ചെടികളൊക്കെയും കരിഞ്ഞുപോവും. രാത്രിയില്‍ എല്ലാ സസ്യങ്ങളും മരവിച്ചുപോവും. എല്ലാ ജീവികളുടെയും സ്രോതസ്സായ സൂര്യന്റെ ഉപരിതലത്തിലെ താപനില 1200 ഡിഗ്രി ഫാരന്‍ ഹീറ്റാണ്. ഭൂഗോളമാവട്ടെ, സൂര്യനില്‍നിന്നുള്ള ആവശ്യമായ അളവില്‍ മാത്രം ലഭിക്കത്തക്കവിധം കൃത്യമായ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അത്ഭുതകരമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കിടയില്‍ അകലം കുറയുന്നതുപോലും രണ്ടും തമ്മിലുള്ള സന്തുലിതത്വത്തെ ബാധിക്കാത്ത വിധമാണ്. വര്‍ഷത്തില്‍ അമ്പത് ഡിഗ്രി എന്ന നിലയില്‍ താപം വര്‍ധിച്ചിരുന്നുവെങ്കില്‍ എല്ലാ ജീവജാലങ്ങളും നശിച്ചു പോയേനെ. സെക്കന്റില്‍ പതിനെട്ടു മൈല്‍ എന്ന വേഗതയിലാണ് ഭൂമി സൂര്യനുചുറ്റും കറങ്ങുന്നത്. അത് സെക്കന്റില്‍ നൂറു മൈല്‍ അഥവാ നാല്‍പത് മൈലാണെങ്കില്‍, സൂര്യനുമായി അടുത്താല്‍ അഥവാ അകന്നാല്‍ ജൈവ ഘടകങ്ങള്‍ ഭൂമിയില്‍നിന്ന് തുടച്ചു നീക്കപ്പെടുമായിരുന്നു. ഇപ്പോള്‍ നാം നയിക്കുന്ന ഭൗമജീവിതത്തിന് ഒട്ടു സഹായകമല്ലാത്ത ദശലക്ഷക്കണക്കിന് സൂര്യന്മാര്‍ വേറെയുണ്ടെന്നതും ഇവിടെ നാം ഓര്‍ക്കണം.
നമ്മില്‍നിന്ന് 240,000 മൈല്‍ ദൂരെയാണ് ചന്ദ്രന്‍. ചന്ദ്രസാന്നിധ്യത്തിന്റെ പ്രകടമായ തെളിവാണ് വേലിയേറ്റവും വേലിയിറക്കവും. ചില സ്ഥലങ്ങളില്‍ വേലിയേറ്റ സമയത്ത് വെള്ളം അറുപതടി വരെ ഉയരും. ചന്ദ്രന്റെ ആകര്‍ഷണ ഫലമായി ഭൂമിയുടെ പുറംപാളി ഇഞ്ചുകളോളം പുറത്തേക്ക് രണ്ടു തവണയായി മടങ്ങാം. എങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആകര്‍ഷണ ബലത്തെ നാം കാണുന്നില്ല.
ചൊവ്വാഗ്രഹത്തിന് ചൊവ്വയില്‍നിന്ന് ആറായിരം മൈല്‍ മാത്രം ദൂരെയായി ചെറിയൊരു ചന്ദ്രനുണ്ട്. നമ്മുടെ ചന്ദ്രന്‍ ഇപ്പോഴുള്ള അകലത്തേക്കാള്‍ അമ്പതിനായിരം മൈല്‍ അകലെ മാത്രമായിരുന്നുവെങ്കില്‍ ഭൂമി മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോവുമായിരുന്നു. ഭൂഖണ്ഡങ്ങള്‍ ഇന്നു കാണുംപടി നിലനില്‍ക്കുമായിരുന്നില്ല. വേലിയേറ്റ-വേലിയിറക്കഫലമായി എല്ലാ ദിവസവും കൊടുങ്കാറ്റുകളുണ്ടാകുമായിരുന്നു.
സൃഷ്ടികളുടെ വലുപ്പം, രൂപം, അകലം, ബന്ധം മുതലായവയെല്ലാം ഇത്ര കണിശവും കൃത്യവുമായി സംവിധാനിക്കപ്പെട്ടതിന്റെ പിന്നില്‍ ആരാണ്, എന്താണ് എന്നതിന് ദൈവനിഷേധികള്‍ക്ക് മറുപടിയില്ല.
وَخَلَقَ كُلَّ شَيءٍ فَقَدَّرَهُ تَقديرًا
'സകല വസ്തുക്കളെയും അവന്‍ (അല്ലാഹു) സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തു' (ഫുര്‍ഖാന്‍: 2).
فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ -
'രാത്രിയുടെ മൂടുപടം വലിച്ചുകീറി പ്രഭാതത്തെ പുറത്തെടുക്കുന്നതും അവനാകുന്നു. രാവിനെ വിശ്രമവേളയാക്കിയതും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയമങ്ങള്‍ സമയഗണനകളായി നിശ്ചയിച്ചതും അവന്‍ തന്നെ. ഇതെല്ലാം അതേ അജയ്യനും അഭിജ്ഞനുമായവന്റെ നിര്‍ണയമത്രെ.' (അന്‍ആം: 96).
വായു
നക്ഷത്രങ്ങളും ഗോളങ്ങളും ഭൂമിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം നേരത്തെ മനസ്സിലാക്കി. ഭൂഗോളത്തെ വലയം ചെയ്യുന്ന വായുവെക്കുറിച്ചു പഠിച്ചാലും ഇതുതന്നെയാണവസ്ഥ. ഓക്‌സിജനും നൈട്രജനും സവിശേഷമായ രീതിയിലടങ്ങിയിട്ടുള്ള വായു ഭൂമിയുടെ പിണ്ഡത്തിന്റെ ദശലക്ഷത്തിന്റെ ഒരു ഭാഗത്തേക്കാള്‍ അധികമില്ല. ഇതേക്കാള്‍ കൂടുലുണ്ടാകാമായിരുന്നു. രണ്ടവസ്ഥയിലും ഭൂമിയില്‍ മനുഷ്യവാസം സാധ്യമാകുമായിരുന്നില്ല.
വായുവിന്റെ സാന്ദ്രതയും ഇതേപോലെ പ്രധാനമാണ്. ഇപ്പോഴുള്ളതിനേക്കാള്‍ നേര്‍ത്തതായിരുന്നുവെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ ദശലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ഭൂമിയിലേക്ക് വര്‍ഷിക്കുമായിരുന്നു. കത്താന്‍ സാധ്യതയുള്ള എല്ലാം കത്തുമായിരുന്നു. വെടിയുണ്ടയുടെ തൊണ്ണൂറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഉല്‍ക്കയുടെ ചൂടേറ്റാല്‍ തന്നെ മനുഷ്യന്‍ ധൂളിയായി മാറും.
കൃഷിക്കുപയുക്തവും അണുനാശകവും ജീവകോല്‍പാദകവുമായ സൂര്യരശ്മികള്‍ക്ക് അനായാസം സഞ്ചരിക്കാന്‍ പാകത്തിലാണ് വായു സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ആവശ്യമായതിലും കവിഞ്ഞ അളവില്‍ ഏല്‍ക്കുമ്പോള്‍ മാത്രമേ വായു ജീവജാലങ്ങള്‍ക്ക് ദോഷകരമായി മാറുന്നുള്ളൂ.
ഭൗമോപരിതലത്തിലെ എല്ലാ ജീവിജാലങ്ങളുടെയും നിലനില്‍പിന്നാധാരമായ ഓക്‌സിജന്‍ വായുവില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. വായുവില്‍ ഓക്‌സിജന്റെ സാന്നിധ്യം 21 ശതമാനം മാത്രമാണ്. അത് അമ്പത് ശതമാനമായാല്‍ കത്താന്‍ സാധ്യതയുള്ള എല്ലാം അഗ്നിക്കിരയാവും. പച്ചമരത്തില്‍ തീപ്പൊരിയേറ്റാല്‍ കാടടങ്കല്‍ കത്തുന്ന അവസ്ഥയുണ്ടാവും.
എല്ലാ ജീവജാതികളും ഓക്‌സിജന്‍ സ്വീകരിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നു- എന്നാല്‍ സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നു- ഒരു ഭാഗത്ത് മനുഷ്യരും ജീവികളും മറുഭാഗത്ത് സസ്യങ്ങളും കാടുകളും തമ്മില്‍ അഭേദ്യമായ ആദാന പ്രദാനം നടക്കുന്നു. നാം ഉപേക്ഷിക്കുന്നത് അവ ഉപയോഗിക്കുന്നു. അവ പുറത്തേക്ക് വിടുന്നത് നാം ഉപയോഗിക്കുന്നു. ഈ സംവിധാനമില്ലായിരുന്നുവെങ്കില്‍ അഞ്ചുമിനുട്ടുപോലും നമുക്ക് ജീവിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍, ഈ ആദാനപ്രദാനമാണ് ജൈവലോകത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നത്. ഭൗമോപരിതലത്തില്‍ മുഴുവന്‍ ജീവികളായിരുന്നുവെങ്കില്‍ ഓക്‌സിജന്‍ തീര്‍ന്നുപോവുമായിരുന്നു- ഭൂമി മുഴുക്കെ സസ്യജാലങ്ങളായിരുന്നുവെങ്കില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് തികയുമായിരുന്നില്ല. രണ്ടും തമ്മിലെ സന്തുലിതത്വം തെറ്റിയിരുന്നുവെങ്കില്‍ എല്ലാം മുച്ചൂടും തുലഞ്ഞുപോയേനെ. 'സര്‍വലോകങ്ങളുടെയും രക്ഷിതാവ്' എന്ന ഖുര്‍ആനിക പ്രയോഗം ഇവിടെ പ്രസക്തമാണ്.
വായുലോകം വിട്ട് സസ്യങ്ങളുടെയും ജീവികളുടെയും ലോകത്തേക്ക് വന്നാല്‍ അവിടെയും സന്തുലിതത്വത്തിന്റെയും കൃത്യമായ നിര്‍ണയത്തിന്റെയും വിവിധ ഉദാഹരണങ്ങള്‍ കാണാം. ഹിംസ്രത, ആകാര വലിപ്പം, കൗശലം എന്നിവയുള്ളവയും അല്ലാത്തവയുമുള്‍പ്പെടെയുള്ള ജീവികള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സന്തുലിതത്വം അത്ഭുതകരമാണ്. ഇതെല്ലാം തകിടം മറിച്ചത് മനുഷ്യരുടെ തെറ്റായ ഇടപെടലുകളാണ്.
ആസ്‌ത്രേലിയയില്‍ ഒരുതരം കള്ളിച്ചെടി വേലിയാവശ്യാര്‍ഥം വളര്‍ത്തിയിരുന്നു. അത് ഇംഗ്ലണ്ടിന്റെ വലിപ്പത്തോളം പടര്‍ന്നു വളര്‍ന്നു. നഗര-ഗ്രാമ വാസികളെ ദോഷകരമായി ബാധിച്ചു. കൃഷി നശിച്ചു. അവ പടര്‍ന്നു കയറുന്നത് നിയന്ത്രിക്കാന്‍ കഴിയാതെയായി. പ്രാണി ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അന്വേഷണം നടത്തി. ഒടുവില്‍ ഈ കള്ളിച്ചെടി മാത്രം തിന്നുജീവിക്കുന്ന ഒരു പ്രാണിയെ കണ്ടെത്തി. പെട്ടെന്ന് പെരുകുന്ന ഇവയ്ക്ക് ശത്രുവായി ആസ്‌ത്രേലിയയില്‍ മറ്റൊരു ജീവിയുണ്ടായിരുന്നില്ല. ഇവ കള്ളിച്ചെടി തിന്ന് അനിയന്ത്രിതമായ വളര്‍ച്ചയെ നിയന്ത്രിച്ചു.
മനുഷ്യ ശരീരത്തിലെ അവയവങ്ങളും കോശങ്ങളും അവയ്ക്കിടയിലെ ഐക്യവും സഹകരണവും സന്തുലിതത്വവും യോജിപ്പുമെല്ലാം അത്യത്ഭുതകരമാണ്. മനുഷ്യ ശരീരത്തിലെ ഗുപ്തസ്രാവ ഗ്രന്ഥി യുടെ ധര്‍മമമെന്താണെന്ന് അടുത്തകാലംവരെ നമുക്കറിയില്ലായിരുന്നില്ല. മനുഷ്യ ശരീരത്തിന്നനിവാര്യമായ ചില രാസ ഘടകങ്ങള്‍ ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ നൂറുകോടിയിലൊരംശത്തിന്റെ വ്യത്യാസം പോലും മനുഷ്യ ശരീരത്തില്‍ ആഘാതമുണ്ടാക്കും. ഇതര ഘടകങ്ങളെ വ്യവസ്ഥപ്പെടുത്തുകയും സന്തുലിതമാക്കുകയും ചെയ്യുന്നു. മേല്‍ ഗ്രന്ഥിയുടെ സ്രവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസന്തുലിതത്വമുണ്ടായാല്‍ മാനസികമായും ശാരീരികമായും അപായം വരുത്തും. ഇത് വ്യാപകമായിരുന്നുവെങ്കില്‍ മനുഷ്യര്‍ മൃഗസമാനരായി മാറുമായിരുന്നു.
എല്ലാറ്റിനും പിറകില്‍ സര്‍വനിയന്താവായ അല്ലാഹു ഇല്ലായെങ്കില്‍ ഇത്രയും കണിശവും കൃത്യവുമായ രീതിയില്‍ പ്രപഞ്ചകാര്യങ്ങള്‍ നടക്കുമോ?
1. الله والعلم الحديث الأستاد عبد الرّزّاق نوفل
2. العلم يدعو الى الإيمان (الفصل الثامن)
3. الله والعلم الحديث، الأستاذ عبد الرّزَّاق نوفل
4. الله والعلم الحديث، الأستاذ عبد الرّزَّاق نوفل
(ഡോ. യൂസുഫുല്‍ ഖറദാവി, അലൈവ മുസ്ത്വഫ, അലി ജമ്മാസ് എന്നിവര്‍ തയാറാക്കിയ 'അത്തൗഹീദ്' എന്ന കൃതിയില്‍നിന്ന്)
വിവ: കെ.എ.എല്‍
(അടുത്ത ലക്കത്തില്‍ അവസാനിക്കും)