സകാത്തും ഉദ്ഹിയ്യത്തും മറ്റു നാടുകളിലേക്കയക്കാമോ?
വി.കെ അലി
ചോദ്യം: ഒരാളുടെ സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നിവ മറുനാടുകളില്‍ വിതരണം ചെയ്യാമോ? ഫിത്വ്ര്‍ സകാത്ത്ദായകന്‍ തന്റെ പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പും ഉദ്ഹിയ്യത്ത് അറുക്കുന്നവന്‍ തന്റെ നമസ്‌കാരശേഷവും ആയിരിക്കണമെന്ന് കല്‍പനയുണ്ടല്ലോ. സകാത്ത്ദായകരുടെയും സ്വീകര്‍ത്താക്കളുടെയും നാടുകളിലെ സമയവ്യത്യാസമനുസരിച്ച് ഇത് എല്ലായ്‌പ്പോഴും പാലിക്കാന്‍ കഴിയുമോ?
ഉത്തരം: സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നിവ അടിസ്ഥാനപരമായി വിതരണം ചെയ്യേണ്ടത് അതത് പ്രദേശങ്ങളില്‍ തന്നെയാണ്. അഥവാ, സമ്പത്ത് എവിടെയുണ്ടോ അവിടെ സകാത്തും ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും ആര്‍ക്കു വേണ്ടിയാണ് നിര്‍വഹിക്കുന്നത് അവരുള്ളേടത്ത് അവയും വിതരണം ചെയ്യണം. നബി(സ) പറഞ്ഞു:
تؤخذ من أغنيائهم وتردّ إلى فقرائهم
(അവരിലെ ധനികരില്‍നിന്നത് വാങ്ങുകയും ദരിദ്രരില്‍ വിതരണം ചെയ്യുകയും വേണം - ബുഖാരി, മുസ്‌ലിം).
ഒരു പ്രദേശത്ത് കഷ്ടപ്പെടുന്നവരും ആവശ്യക്കാരും ഉണ്ടാകുമ്പോള്‍ അവിടത്തെ സകാത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ശരിയല്ല. നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും ചര്യയും ഇതായിരുന്നു.
അതേസമയം ഒരു പ്രദേശത്തുകാര്‍ക്ക് ഇതിന്റെ ആവശ്യമില്ലെങ്കിലും അവരത് സ്വീകരിക്കാന്‍ സന്നദ്ധരല്ലെങ്കിലും മറ്റു പ്രദേശത്തേക്കവെ കൊണ്ടുപോകുന്നതിന് വിരോധമില്ല.
അബൂഉബൈദ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) യമനിലേക്കയച്ചപ്പോള്‍ മുആദി(റ)നെ അവിടെയുള്ള 'ബലദ്' എന്ന പ്രദേശത്തേക്കാണ് അയച്ചത്. അങ്ങനെ നബിയും അബൂബക്‌റും മരിച്ചശേഷം അദ്ദേഹം ഉമറിന്നടുത്ത് വന്നു. ഉമറും മുആദിനെ അങ്ങോട്ടുതന്നെ തിരിച്ചയച്ചു. അക്കാലത്ത് ഒരിക്കല്‍ അദ്ദേഹം സകാത്തിന്റെ മൂന്നിലൊന്ന് മദീനയിലേക്കയച്ചു. ഉമറിന്നത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: 'നികുതിയോ ജിസ്‌യയോ പിരിക്കാനല്ല ഞാന്‍ താങ്കളെ നിയോഗിച്ചത്. ജനങ്ങളിലെ ധനികരില്‍നിന്ന് സകാത്ത് ശേഖരിച്ച് അവരില്‍തന്നെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യാനാണ്.' അപ്പോള്‍ മുആദ് പറഞ്ഞു: 'ഇത് വാങ്ങുന്ന ഒരാളും അവിടെയില്ല. അതുകൊണ്ടാണ് ഞാനിത് താങ്കള്‍ക്ക് കൊടുത്തയക്കുന്നത്.'1
അതേസമയം, ഒരു പ്രദേശത്തുതന്നെ ആവശ്യക്കാരുണ്ടെങ്കില്‍ സകാത്ത് മുതല്‍ മറ്റിടങ്ങളിലേക്കയക്കാന്‍ പറ്റുമോ എന്നതില്‍ ഇമാമുകള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ശാഫിഈയും ഹമ്പലിയും പറ്റില്ല എന്ന നിലപാടുകാരാണ്. സകാത്തിന് അവകാശികളായി ആരും ഇല്ലെങ്കിലേ മറ്റിടത്തേക്ക് കൊണ്ടുപോകാവൂ എന്നതാണ് അവരുടെ വീക്ഷണം. അതേസമയം കുറച്ചുകൂടി അയവുള്ള സമീപനമാണ് ഹനഫികളുടേത്. പരപ്രദേശത്തെ വ്യക്തിയോ സമൂഹമോ സ്വദേശക്കാരേക്കാള്‍ കടുത്ത ആവശ്യമുള്ളവരോ അവര്‍ക്ക് നല്‍കുന്നത് മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ പ്രയോജനകരമാകുന്നതോ ആണെങ്കില്‍ അങ്ങനെ നല്‍കാമെന്നാണ് അവര്‍ പറയുന്നത്.2 ഇതോടൊപ്പം തന്നെ മുസ്‌ലിം ഭരണാധികാരിക്ക് അത്യാവശ്യമെന്നു തോന്നിയാല്‍ ഒരു പ്രദേശത്തെ സകാത്ത് കൂടുതല്‍ ആവശ്യക്കാരായ മറ്റൊരു പ്രദേശത്തുകാരില്‍ വിതരണം ചെയ്യാമെന്ന് ഇമാം മാലിക്കും ഇമാം ശാഫിഈയും സമ്മതിക്കുന്നുമുണ്ട്. ഇമാം മാലിക് പറഞ്ഞു: 'ഒരു പ്രദേശത്തുകാര്‍ക്ക് പ്രത്യേക ആവശ്യം ഉണ്ടായാലല്ലാതെ സകാത്ത് അവരിലേക്ക് മാറ്റാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഇമാമിന് ആലോചിച്ചും ചിന്തിച്ചും അങ്ങോട്ട് കൊടുത്തയക്കാവുന്നതാണ്.'3
ശാഫിഈ മദ്ഹബിലും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് ഇമാം നവവി രേഖപ്പെടുത്തിയിട്ടുള്ളത്. ശര്‍ഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ വായിക്കാം: ഗ്രന്ഥകാരന്റെ (ഇമാം ശീറാസി) വാചകത്തിന്റെ താല്‍പര്യം ഇമാമിനും സകാത്ത് സംഭരിക്കുന്ന പ്രതിനിധിക്കും സകാത്ത് മാറി വിതരണം ചെയ്യാമെന്നു തന്നെയാണ്. സകാത്ത് മറ്റിടത്തേക്ക് കൊടുത്തയക്കാന്‍ പറ്റുമോ എന്ന തര്‍ക്കം ധനമുടമ സ്വന്തമായി വിതരണം ചെയ്യുമ്പോള്‍ മാത്രമാണ്. ഇമാം റാഫിഈയും ഇതേ അഭിപ്രായത്തിനു തന്നെയാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. അദ്ദേഹം മുന്‍ഗണന നല്‍കിയ ഇതേ അഭിപ്രായമാണ് ഹദീസുകളും ശരിവെക്കുന്നത്.4
ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്ന യഥാര്‍ഥ ഇസ്‌ലാമിക ഭരണകൂടങ്ങള്‍ നിലവിലില്ലെങ്കില്‍ ഇത്തരം മാനുഷികമായ ആവശ്യങ്ങളൊന്നും പരിഗണിക്കരുത് എന്നാണോ ദീനിന്റെ താല്‍പര്യം? ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പട്ടിണിയിലും ദുരിതത്തിലും കഷ്ടപ്പെടുന്ന അഭയാര്‍ഥികളും മുസ്‌ലിം സഹോദരന്മാരും ഉണ്ടാകുമ്പോള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ദീനിന്റെ താല്‍പര്യമല്ലേ? ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണെന്നും അവനെ ഒരിക്കലും അവഗണിക്കുകയോ അതിക്രമിക്കുകയോ ചെയ്യരുതെന്നും المسلم أخو المسلم لا يسلمه ولا يظلمه
- (മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. ഒരാള്‍ മറ്റൊരാളെ അക്രമിക്കുകയോ അക്രമിക്ക് വിട്ടുകൊടുക്കുകയോ ഇല്ല - ബുഖാരി) നബി (സ) പറഞ്ഞതിന്റെ പൊരുള്‍ പിന്നെ എന്താണ്? അതിനാല്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ താല്‍പര്യം കൂടുതല്‍ ആവശ്യക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നു തന്നെയാണ്.
ഭരണാധികാരിയുടെ അഭാവത്തില്‍ ഇസ്‌ലാമിന്റെ സുപ്രധാനമായ പല കാര്യങ്ങളും നടപ്പാക്കാന്‍ മുസ്‌ലിം സമൂഹം ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു. ഇഖാമുസ്സ്വലാത്ത് (നമസ്‌കാരം നിലനിര്‍ത്തലിന്റെ) ഭാഗമായി പള്ളി നിര്‍മാണം, ഇമാം-മുഅദ്ദിന്‍-ഖത്വീബ് നിയമനം എന്നിവ നടക്കുന്നുണ്ടല്ലോ. നികാഹ്, ത്വലാഖ് തുടങ്ങിയ വൈവാഹിക കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും നോമ്പ്, പെരുന്നാള്‍ എന്നിവ പ്രഖ്യാപിക്കാനും മറ്റും മഹല്ലും ഖാദിമാരുമുണ്ടല്ലോ. ഇതെല്ലാമാകാമെങ്കില്‍ സകാത്ത് സംഭരിക്കാനും വിതരണം ചെയ്യാനും ഭരണാധികാരിതന്നെ വേണമെന്ന ശാഠ്യമെന്തിന്? അതിനാല്‍ ഒരു പ്രദേശത്തെ സകാത്ത് മറ്റൊരു പ്രദേശത്തേക്ക് അയക്കുന്നതിനാലാണ് ശര്‍ഈ താല്‍പര്യമെങ്കില്‍ അങ്ങനെയാകാവുന്നതാണ്.
ويجوز نقل الزكاة وما فى حكمها لمصلحة شرعية
എന്ന ഇമാം ഇബ്‌നുതൈമിയ്യയുടെ അഭിപ്രായം ഇവിടെ പ്രസക്തമായി തോന്നുന്നു.5
സകാത്തും മറ്റും ശേഖരിക്കാനും ഏറ്റവും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബൈതുസ്സകാത്തുകളും സകാത്ത് കമ്മിറ്റികളും. കാലഘട്ടത്തിന്റെ ഏറ്റവും വലിയ ഒരാവശ്യമാണ് നിര്‍വഹിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശര്‍ഇന്റെ പരിപൂര്‍ണ പിന്തുണയുമുണ്ട്.
ഫിത്വ്ര്‍ സകാത്തിനെക്കുറിച്ച് നബിതിരുമേനി ഇപ്രകാരം കല്‍പിച്ചതായി ഇബ്‌നു ഉമര്‍(റ) പറയുന്നു: സകാത്തുല്‍ ഫിത്വ്ര്‍ ജനങ്ങള്‍ നമസ്‌കാരത്തിനു പോകുന്നതിന് മുമ്പ് വിതരണം ചെയ്യാന്‍ പ്രവാചകന്‍ കല്‍പിച്ചു (ബുഖാരി, മുസ്‌ലിം). അബൂദാവൂദും ഇബ്‌നുമാജയും ദാറുഖുത്വ്‌നിയും ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം ചെയ്യുന്നു: 'നോമ്പുകാരന്റെ അനാവശ്യ വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും ശുദ്ധീകരിക്കാനും ദരിദ്രര്‍ക്ക് ആഹാരമാകുന്നതിനും പ്രവാചകന്‍ സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കി. നമസ്‌കാരത്തിനു മുമ്പ് അത് വിതരണം ചെയ്താല്‍ സ്വീകാര്യമായ സകാത്തില്‍ ഉള്‍പ്പെടും. നമസ്‌കാരശേഷമാണെങ്കില്‍ ഒരു സാധാരണ ധര്‍മവും.' ഉദ്ഹിയ്യത്തിനെക്കുറിച്ച് നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: 'ആരെങ്കിലും നമസ്‌കാരത്തിനുമുമ്പ് അറുത്താല്‍ അത് അവനുവേണ്ടി അറുത്തതാണ്. നമസ്‌കാരവും ഖുത്വ്ബകള്‍ക്കും ശേഷമാണ് അറുക്കുന്നതെങ്കില്‍ അവന്‍ തന്റെ ആരാധനകള്‍ പൂര്‍ത്തീകരിക്കുകയും മുസ്‌ലിംകളുടെ ചര്യ പിന്‍പറ്റുകയും ചെയ്തു.' അന്യപ്രദേശങ്ങളില്‍ ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും നിര്‍വഹിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ഈ ക്രമം തെറ്റാന്‍ സാധ്യതയുണ്ട്, അതിനാല്‍ അത് പറ്റുമോ എന്നാണ് മറ്റൊരു സംശയം.
സാധാരണ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് സകാത്ത് അന്യരാജ്യങ്ങളിലേക്കയക്കുന്നത് വിലക്കുന്നവര്‍ ഉന്നയിക്കുന്ന തടസ്സവാദമാണിത്. പ്രസ്തുത ഹദീസുകളെല്ലാം ദായകന്‍ സ്വന്തം പ്രദേശത്ത് കര്‍മം നിര്‍വഹിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സാധാരണ ഗതിയില്‍ ബഹുഭൂരിഭാഗം ആളുകളും അങ്ങനെയായിരിക്കുമല്ലോ. അവര്‍ നമസ്‌കാരത്തിനു മുമ്പ് ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്നും പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷമേ മൃഗബലി അറുക്കാവൂ എന്നും തിരുമേനി കല്‍പിച്ചിട്ടുണ്ട്. ഈ ആരാധനകളുടെ ലക്ഷ്യം നേടാന്‍ അത് അനിവര്യമായതുകൊണ്ടാണത്. പെരുന്നാള്‍ ദിവസം പാവങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നതിന് ഇടവരുത്താതിരിക്കുക എന്നതാണത്. -ഇന്നത്തെ ചുറ്റിക്കറക്കത്തില്‍നിന്ന് അവരെ രക്ഷിക്കുക- أغنوهم عن طواف هذا اليوم
എന്ന നബിവചനം അത് വ്യക്തമാക്കുകയും ചെയ്യുന്നു. ഇതൊന്നും അന്യദേശങ്ങളിലേക്ക് സകാത്തും ഉദ്ഹിയ്യത്തും കൊണ്ടുപോകുന്നതിനെക്കുറിച്ച പരാമര്‍ശമേയല്ല. അങ്ങനെ ഒരു ഇമാമും ഇന്നേവരെ പറഞ്ഞിട്ടുമില്ല.
മറ്റൊരു വസ്തുത കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. അന്യരാജ്യങ്ങളിലേക്ക് സകാത്തും മറ്റും അയക്കുമ്പോള്‍ ഒരു മധ്യവര്‍ത്തി (വകീല്‍) മുഖേനയാകും അത് നിര്‍വഹിക്കുന്നത്. അയാളെ ഏല്‍പിക്കുന്നതോടെ ദായകന്റെ ബാധ്യത പൂര്‍ത്തിയായി. എങ്കില്‍പിന്നെ ആര്‍ക്കിടയിലാണോ വിതരണം ചെയ്യപ്പെടുന്നത് അവരുടെ ആവശ്യവും സമയവുമാണ് പരിഗണിക്കേണ്ടത്. അവരുടെ പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പ് ഫിത്വ്ര്‍ സകാത്ത് ലഭിക്കുകയും അവരുടെ നമസ്‌കാരാനന്തരം ഉരുവിനെ അറുക്കുകയും ചെയ്യണം. അങ്ങനെയാകുമ്പോഴാണ് ഇബാദത്തുകളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.
കുറിപ്പുകള്‍
1. الأموال ص : 5962. നോക്കുക
3. تفسير القرطبى ج 8 ص 1754. ഭാഗം: 6, പേ: 175.
5. الإختيارات الفقهية ص : 59