മഴ: ദിവ്യ കാരുണ്യം, ദിവ്യാടയാളം ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ ഒരു പഠന പര്യടനം

ഹൈദറലി ശാന്തപുരം‌‌
img

അല്ലാഹുവിന്റെ അനുഗ്രഹമായ മഴയെന്ന പ്രതിഭാസത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലെ മുപ്പതോളം അധ്യായങ്ങളില്‍ പരാമര്‍ശമുണ്ട്. ആകാശത്തുനിന്നുള്ള മഴവര്‍ഷം, അതിനു മുന്നോടിയായി അടിച്ചുവീശുന്ന ശീതക്കാറ്റ്, മന്ദംമന്ദം സഞ്ചരിച്ച് നിശ്ചിത സ്ഥലത്ത് സംഗമിച്ച് ജലം ചൊരിയുന്ന മേഘങ്ങള്‍, ജനങ്ങള്‍ക്ക് ഒരേസമയം ആശയും ആശങ്കയും ജനിപ്പിച്ച് പ്രത്യക്ഷപ്പെടുന്ന മിന്നല്‍പ്പിണര്‍, ഘോരഗര്‍ജനം പോലുള്ള ഇടിനാദം, നിര്‍ജീവമായിക്കിടക്കുന്ന ഭൂമി മഴവെള്ളം വഴി സജീവമാകുന്നത്, ഭൂമിയുടെ ഉപരിതലം  തരളിതമായി ഉയര്‍ന്നുവന്ന് അതിലൂടെ പുറത്തു വരുന്ന വൈവിധ്യമാര്‍ന്ന സസ്യലതാദികള്‍, വിണ്ടുകീറി ഉണങ്ങിക്കിടന്നിരുന്ന ഭൂമി ഹരിത വര്‍ണമണിഞ്ഞ് ഹൃദയഹാരിയായി മാറുന്ന കാഴ്ചകള്‍, മഴയിലൂടെ ഉത്ഭൂതമാകുന്ന മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ആഹാരമൊരുക്കുന്ന സസ്യലതാദികളും കായ്കനികളും, നുരയും പതയുമായി ഒഴുകുന്ന താഴ്‌വരകളിലെ ജലസാന്നിധ്യം, മിന്നലും ഹിമപാതവും മൂലമുണ്ടാകുന്ന അപകടങ്ങള്‍. എല്ലാം ഖുര്‍ആനില്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. മഴ എപ്പോള്‍, എവിടെ, ഏത് അളവില്‍ വര്‍ഷിക്കുമെന്നത് അല്ലാഹുവിന് മാത്രമറിയുന്ന അദൃശ്യകാര്യങ്ങളില്‍ പെട്ടതാണ് എന്ന വസ്തുതയും അത് വ്യക്തമാക്കുന്നു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത്വവും അല്ലാഹുവിന്റെ ഏകത്വത്തിനും മരണാനന്തര ജീവിതത്തിനുമുള്ള ദൃഷ്ടാന്തവുമായി വിശദീകരിച്ചുകൊണ്ടാണ് ഖുര്‍ആനില്‍ മഴയെക്കുറിച്ച് പറയുന്നത്.
ഭൂമിയിലുള്ള ജലാശയങ്ങളിലെ വെള്ളം സൂര്യതാപമേറ്റ് ആവിയായി മേല്‍പോട്ടുയര്‍ന്ന് മേഘമായി ഘനീഭവിച്ച ശേഷം തണുത്തുറച്ച് വീണ്ടും ഭൂമിയിലേക്കിറങ്ങുന്നതിനാണ് മഴ എന്ന് പറയുന്നത്.

പ്രപഞ്ചസൃഷ്ടിയുടെ പ്രാരംഭവേളയില്‍ തന്നെ അല്ലാഹു അവന്റെ അനന്തമായ ജ്ഞാനമനുസരിച്ച് അന്ത്യനാള്‍ വരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നത്ര ജലം മണ്ണില്‍ നിക്ഷേപിച്ചിരുന്നു. ആ ജലം ഭൂമിയുടെ താഴ്ന്ന ഭാഗങ്ങളില്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ സമുദ്രവും നദിയും തടാകവുമെല്ലാം ആവിര്‍ഭവിച്ചു. ഭൂഗര്‍ഭത്തിലും ജലം നിക്ഷേപിക്കപ്പെട്ടു. പിന്നീട് അതേ ജലം സൂര്യതാപമേറ്റ് ആവിയായി മേല്‍പോട്ടുയര്‍ന്ന് മേഘമായി അനന്തരം ഭൂമിയിലേക്ക് മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. ദൈവനിശ്ചയമനുസരിച്ച് ഈ പ്രക്രിയ ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ വ്യത്യസ്തമായ വാക്കുകളാണ് മഴക്ക് ഉപയോഗിച്ചിട്ടുള്ളത്. ഇരുപത്തി അഞ്ച് സ്ഥലങ്ങളില്‍ماء   (വെള്ളം) എന്നും ഒരു സ്ഥലത്ത് ماء طهور (ശുദ്ധ ജലം) എന്നും ഒരു സ്ഥലത്ത് ماء مبارك (അനുഗൃഹീത ജലം) എന്നും ഒരു സ്ഥലത്ത് ودق (മഴ) എന്നും ഒരു സ്ഥലത്ത് غيث (മഴ) എന്നും ഒരു സ്ഥലത്ത്  رزق(അന്നം) എന്നുമാണ് ഉപയോഗിച്ചിട്ടുള്ളത്.

മഴയെന്ന ദിവ്യാനുഗ്രഹവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ വിവരിക്കുന്ന സൂക്തങ്ങളെ ഖുര്‍ആനിലെ അധ്യായങ്ങളുടെ ക്രമത്തില്‍ പരിശോധിക്കുകയാണിവിടെ:

1. അല്‍ബഖറ 22-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَأَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٲتِ رِزۡقً۬ا لَّكُمۡۖ
''(നിങ്ങളുടെ നാഥന്‍) ആകാശത്തുനിന്ന് ജലമിറക്കിയിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചുതരികയും ചെയ്തു.''
മഴയുടെ പ്രധാന ഉദ്ദേശ്യത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ സൂക്തം. നിങ്ങള്‍ക്ക് ആഹരിക്കാനുള്ള ഭക്ഷ്യവിഭവങ്ങള്‍ വിളയിക്കാന്‍ പാകത്തില്‍ ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ചത് അല്ലാഹുവാകുന്നു.

2. അല്‍ബഖറഃ 164-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
إِنَّ فِى خَلۡقِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَٱخۡتِلَـٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِى تَجۡرِى فِى ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ۬ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِہَا وَبَثَّ فِيہَا مِن ڪُلِّ دَآبَّةٍ۬ وَتَصۡرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأَيَـٰتٍ۬ لِّقَوۡمٍ۬ يَعۡقِلُونَ (١٦٤)
''ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു വെള്ളം ഇറക്കിത്തന്നിട്ട് നിര്‍ജീവാവസ്ഥക്കുശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.''
മഴ നിര്‍ജീവമായ ഭൂമിയെ ജീവസ്സുറ്റതാക്കുന്നതിലേക്കും മഴ വര്‍ഷിക്കുന്നതില്‍ കാറ്റിന്റെയും മേഘങ്ങളുടെയും സേവനങ്ങളിലേക്കും ഈ സൂക്തം വിരല്‍ചൂണ്ടുന്നു. മേഘങ്ങള്‍ കാറ്റിനാല്‍ ചലിപ്പിക്കപ്പെടുന്നതും മലകളാല്‍ തടയപ്പെടുകയും തണുപ്പിക്കപ്പെടുകയും ചെയ്ത് മഴയായി വര്‍ഷിക്കുന്നതുമായിരുന്നില്ലെങ്കില്‍, സൂര്യതാപത്താല്‍ ഉയരുന്ന നീരാവി വാനലോകത്തിനു കീഴെ ഭൂമിക്കു മുകളില്‍ ഭൗമികാന്തരീക്ഷത്തില്‍ തന്നെ തങ്ങാതെ സൂര്യനോളം ഉയര്‍ന്നുപോയിരുന്നുവെങ്കില്‍ ഈ ഭൂമി എന്നേ വരണ്ടുണങ്ങിയ നിര്‍ജല പിണ്ഡമായി മാറിയിട്ടുണ്ടാകുമായിരുന്നു.

3. അല്‍അന്‍ആം 99-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَىۡءٍ۬ فَأَخۡرَجۡنَا مِنۡهُ خَضِرً۬ا نُّخۡرِجُ مِنۡهُ حَبًّ۬ا مُّتَرَاڪِبً۬ا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٌ۬ دَانِيَةٌ۬ وَجَنَّـٰتٍ۬ مِّنۡ أَعۡنَابٍ۬ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهً۬ا وَغَيۡرَ مُتَشَـٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦۤ إِذَآ أَثۡمَرَ وَيَنۡعِهِۦۤۚ إِنَّ فِى ذَٲلِكُمۡ لَأَيَـٰتٍ۬ لِّقَوۡمٍ۬ يُؤۡمِنُونَ (٩٩)
''അവനാണ് ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തന്നവന്‍. എന്നിട്ട് അതു മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തു. ആ ചെടികളില്‍നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്തു വരുത്തുന്നു. ഈത്തപ്പനയില്‍നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്തുവരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായകള്‍ കായ്ച്ചു വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.''

മഴ വര്‍ഷിക്കുന്നതിലൂടെ സസ്യങ്ങളുടെ നാമ്പുകള്‍ പുറത്തുവരുന്നതും അത് പിന്നീട് ഹരിതവര്‍ണമണിയുന്നതും അതിലൂടെ ധാന്യങ്ങള്‍, ഈത്തപ്പഴം, ഒലീവ്, മാതളം മുതലായ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതുമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

4. അല്‍അഅ്‌റാഫ് 57-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَهُوَ ٱلَّذِى يُرۡسِلُ ٱلرِّيَـٰحَ بُشۡرَۢا بَيۡنَ يَدَىۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابً۬ا ثِقَالاً۬ سُقۡنَـٰهُ لِبَلَدٍ۬ مَّيِّتٍ۬ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٲتِۚ
''അവനത്രെ തന്റെ അനുഗ്രഹത്തിനു (മഴക്ക്) മുമ്പായി സന്തോഷവാര്‍ത്തയറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ വഹിച്ചുകൊണ്ടുപോവുകയും എന്നിട്ടവിടെ വെള്ളം ചൊരിയുകയും അതുമൂലം എല്ലാതരം കായ്കനികളും പുറത്തു കൊണ്ടു വരികയും ചെയ്യുന്നു.''
ജീവജാലങ്ങളുടെ നിലനില്‍പിനും മഴ വര്‍ഷിക്കുന്നതിനും നിദാനമായ വായുവിന്റെ സേവനത്തിലേക്കാണ് ഈ സൂക്തം സൂചന നല്‍കുന്നത്.
ഭൗമോപരിതലത്തില്‍ ഏതാണ്ട് 300 കിലോമീറ്ററോളം ഉയരത്തില്‍ വലയം ചെയ്തു നില്‍ക്കുന്നതാണ് വായുമണ്ഡലം. അതിനപ്പുറം ശൂന്യാകാശമാണ്. വായു ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളോ സസ്യലതാദികളോ ഉണ്ടാകുമായിരുന്നില്ല.

ജീവന്റെ രണ്ടാമത്തെ ആധാരമായ വെള്ളവും വായുവിനെ ആശ്രയിച്ചിരിക്കുന്നു. ഭൂമിയിലെ ജലത്തിന്റെ ബാഷ്പീകരണം, മേഘവല്‍ക്കരണം, ഭൂമിയുടെ ഉപരിതലത്തില്‍ മേഘങ്ങളുടെ വിന്യാസം, ഒടുവില്‍ മഴയായി ഭൂമിയിലേക്കു തന്നെ തിരിച്ചെത്തല്‍ ഇതിലെല്ലാം കാറ്റിന് വലിയ പങ്കുണ്ട്.

തീരെ ഭാരം കുറഞ്ഞ വാതക പദാര്‍ഥമായ വായു ഭാരം കൂടിയ ദ്രാവക പദാര്‍ഥമായ ജലത്തെ നീരാവി രൂപത്തില്‍ അനായാസം മേലോട്ടുയര്‍ത്തുന്നതും മേഘമായി ഘനീഭവിപ്പിച്ച് നാനാ ദിക്കുകളിലും പരത്തുന്നതും ഒടുവില്‍ തണുപ്പിച്ച് ജലരൂപത്തിലാക്കി ഭൂമിയിലേക്കു തന്നെ ഇറക്കുന്നതുമായ പ്രക്രിയ അത്ഭുതകരമാണ്.

5. സൂറത്തുര്‍റഅ്ദ് 12,13 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
هُوَ ٱلَّذِى يُرِيڪُمُ ٱلۡبَرۡقَ خَوۡفً۬ا وَطَمَعً۬ا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ (١٢) وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَـٰٓٮِٕكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٲعِقَ فَيُصِيبُ بِہَا مَن يَشَآءُ
''ആശങ്കാജനകമായും ആശാവഹമായും മിന്നല്‍പ്പിണരുകള്‍ ജ്വലിപ്പിച്ചു കാണിക്കുന്നതും മഴക്കനമുള്ള മേഘങ്ങളുയര്‍ത്തുന്നതും അവന്‍ (അല്ലാഹു) ആകുന്നു. ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു). അവന്‍ ഇടിവാളുകള്‍ അയക്കുകയും അവനുദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍ക്കുകയും ചെയ്യുന്നു.''

കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍പിണരുകളെക്കുറിച്ചാണീ സൂക്തങ്ങള്‍ പരാമര്‍ശിക്കുന്നത്. രക്ഷയും ശിക്ഷയും ഒന്നിച്ചുള്‍ക്കൊള്ളുന്നതാണത്. ജീവദായകമായ വൃഷ്ടിയുടെ മുന്നറിയിപ്പെന്ന നിലയില്‍ ഇടിയും മിന്നലും മനുഷ്യരെ സന്തുഷ്ടരും പ്രതീക്ഷാനിര്‍ഭരരുമാക്കുന്നു. അതോടൊപ്പം ഇടിവെട്ടേറ്റ് ജീവഹാനി സംഭവിക്കുന്നതും തോട്ടങ്ങള്‍ നശിക്കുന്നതും ഭയപ്പെടുകയും ചെയ്യുന്നു. ജീവദായകമായ മഴ തന്നെയാണ് ചിലപ്പോള്‍ സര്‍വനാശകമായ പ്രളയമായി മാറുന്നതും.

6. റഅ്ദിലെ 17-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدً۬ا رَّابِيً۬اۚ
''അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളമിറക്കി. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലിപ്പത്തിന്റെ) തോതനുസരിച്ച് വെള്ളമൊഴുക്കി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്.''

മഴവെള്ളത്തിന്റെ ഒഴുക്കിനെ സംബന്ധിച്ചാണ് ഈ സൂക്തം പറയുന്നത്. ആകാശത്തുനിന്ന് മഴ പെയ്തിറങ്ങുമ്പോള്‍ ഭൂമിയുടെ സ്വഭാവമനുസരിച്ച് അത് മണ്ണില്‍ ഒഴുകിപ്പോവുകയാണ് ചെയ്യുക. ജലം ഉള്‍ക്കൊള്ളാനുള്ള മണ്ണിന്റെ ക്ഷമതക്കൊത്ത് അത് ഭൂമിയില്‍ പരക്കുന്നു. പിന്നെ ജലം ഉപരിതലത്തില്‍ പൊങ്ങിയൊഴുകുന്നു. ഇങ്ങനെ ഒഴുകുമ്പോള്‍ നുരയും പതയും മണ്ണിലെ മാലിന്യങ്ങളും ചപ്പുചവറുകളും കൂടി അത് വഹിക്കുന്നു. നുരയും പതയും മാലിന്യങ്ങളും കടലിലെത്തിയോ കരയിലടിഞ്ഞോ വായുവില്‍ ലയിച്ചോ അപ്രത്യക്ഷമാകുന്നു. അങ്ങനെ ഒഴുക്ക് മാലിന്യം നശിപ്പിച്ച് മണ്ണിനെ ശുദ്ധീകരിക്കുകയും മനുഷ്യര്‍ക്കാവശ്യമായ ശുദ്ധജലം മണ്ണില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. വെള്ളത്തിന്റെ ഒഴുക്ക് അധികജലത്തെ ഒരിടത്ത് കെട്ടിനില്‍ക്കാതെ ഇതര ഭാഗങ്ങളിലേക്കെത്തിച്ച് അവിടെ സജലമാക്കുന്നു. ഒപ്പം അത് മണ്ണിനെ ശുദ്ധിയാക്കുകയും സ്വയം ശുദ്ധിയാവുകയും ചെയ്യുന്നു.

7. ഹിജ്ര്‍ അധ്യായത്തിലെ 17-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَأَرۡسَلۡنَا ٱلرِّيَـٰحَ لَوَٲقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءً۬ فَأَسۡقَيۡنَـٰكُمُوهُ وَمَآ أَنتُمۡ لَهُ ۥ بِخَـٰزِنِينَ (٢٢)
''മേഘങ്ങളുല്‍പ്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും എന്നിട്ട് ആകാശത്തുനിന്ന് നാം വെള്ളം ചൊരിഞ്ഞുതരികയും എന്നിട്ട് നിങ്ങള്‍ക്ക് നാം അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല.''
കാറ്റിന്റെ ദൗത്യങ്ങളും മഴ വര്‍ഷിക്കുന്നതില്‍ അതിന്റെ പങ്കുമാണ് ഇവിടെ വിശദീകരിക്കുന്നത്. വായുവിനെ, കാറ്റിനെ സദാ ചലിക്കാനായി അഴിച്ചുവിട്ടിരിക്കുകയാണ് അല്ലാഹു. വായു നിശ്ചലമായാല്‍ ഭൂമിയില്‍ ജീവിതം സ്തംഭിച്ചുപോകും. ശ്വാസോഛ്വാസം പോലും അസാധ്യമാകും. കാറ്റ് അതിന്റെ ചലനത്തിലൂടെ അതിപ്രധാനമായ പല ദൗത്യങ്ങളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രകടമായതാണ് ഘനീഭൂതമായ മേഘങ്ങള്‍ കീറി ഖണ്ഡങ്ങളാക്കി മഴ പെയ്യേണ്ട ഇടങ്ങളിലേക്ക് നയിക്കുകയും വീണ്ടും കൂടിച്ചേര്‍ന്ന് തണുപ്പിച്ച് മഴപെയ്യിക്കുകയും ചെയ്യുന്ന പ്രക്രിയ. ഈ പ്രക്രിയ അല്ലാഹു കാറ്റിനെ ഏല്‍പ്പിച്ച ദൗത്യമാണ്. അതിന്റെ ഈ പ്രവര്‍ത്തന ഫലമായിട്ടാണ് സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും കുടിനീര്‍ ലഭിക്കുന്നത്. ഭൂഗര്‍ഭത്തിലുള്ളതും നദികളിലൂടെ ഒഴുകുന്നതും അണക്കെട്ടുകളും മറ്റുമുണ്ടാക്കി മനുഷ്യന്‍ സംഭരിച്ചുവെക്കുന്നതുമെല്ലാം മഴയിലൂടെ ലഭിക്കുന്ന ജലമാണ്. മഴയില്ലെങ്കില്‍ ഭൂമിയിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടുപോകും. മറ്റൊരു വഴിക്കും മനുഷ്യര്‍ക്ക് ആവശ്യമായ വെള്ളം ഉല്‍പാദിപ്പിക്കാനോ സൂക്ഷിച്ചുവെക്കാനോ കഴിയില്ലെന്ന വസ്തുതയെ സൂചിപ്പിക്കുന്നതാണ് 'നിങ്ങള്‍ക്ക് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല' എന്ന വാക്യം.
ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ 
وَأَرۡسَلۡنَا ٱلرِّيَـٰحَ لَوَٲقِحَ
 എന്നതിന് 'മഴ മേഘങ്ങളെ വഹിക്കുന്നു, അല്ലെങ്കില്‍ മേഘങ്ങളെ വൃഷ്ടിക്ഷമമാക്കുന്ന കാറ്റുകളെ അയച്ചു' എന്ന് അര്‍ഥം നല്‍കിയിരിക്കുന്നു.

8. അന്നഹ്ല്‍ 11-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ۖ لَّكُم مِّنۡهُ شَرَابٌ۬ وَمِنۡهُ شَجَرٌ۬ فِيهِ تُسِيمُونَ (١٠) يُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّيۡتُونَ وَٱلنَّخِيلَ وَٱلۡأَعۡنَـٰبَ وَمِن ڪُلِّ ٱلثَّمَرَٲتِۗ
''അവനാണ് നിങ്ങള്‍ക്ക് മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചുതന്നത്. അതില്‍നിന്നാണ് നിങ്ങളുടെ കുടിവെള്ളം. നിങ്ങള്‍ക്ക് കാലികളെ മേയ്ക്കാന്‍ സസ്യലതാദികളുണ്ടാകുന്നതും അതിനാല്‍തന്നെ. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവനുല്‍പാദിപ്പിച്ചുതരുന്നു).''

മനുഷ്യര്‍ക്ക് മാത്രമല്ല, മനുഷ്യര്‍ ഉപയോഗിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ക്കും മഴ അത്യാവശ്യമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. നാം കുടിക്കുന്ന വെള്ളത്താല്‍ തന്നെയാണ് നാം മാംസം ഭക്ഷിക്കുന്ന കാലികളുടെ തീറ്റയും നാം ഉപയോഗിക്കുന്ന പച്ചക്കറികളും വിവിധയിനം ഫലവര്‍ഗങ്ങളും ഉണ്ടാകുന്നത്. ജീവന്റെ ഉത്ഭവം തന്നെ വെള്ളത്തില്‍നിന്നാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഭൗതിക ശാസ്ത്രവും ഇതംഗീകരിക്കുന്നു. ജീവനെ ഉളവാക്കുക മാത്രമല്ല അതിനെ നിലനിര്‍ത്തുന്നതും വെള്ളമാണ്.

9. അല്‍ കഹ്ഫ് 45-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَـٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمً۬ا تَذۡرُوهُ ٱلرِّيَـٰحُۗ
''(നബിയേ) താങ്കള്‍ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക; ആകാശത്തുനിന്ന് നാം വെള്ളമിറക്കി. അതു മൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീരുന്നു.''
ഐഹിക ജീവിതത്തിന്റെ നശ്വരതക്ക് ഉദാഹരണമായി മഴയെ എടുത്തു കാണിക്കുകയാണ് ഇവിടെ. വരണ്ട മണ്ണില്‍ മഴ വര്‍ഷിച്ചാല്‍ ആണ്ടുകിടന്നിരുന്ന സസ്യവിത്തുകള്‍ ആ ജലവുമായി പ്രതിപ്രവര്‍ത്തിച്ച് മുളച്ചുപൊന്തുന്നു. അവ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. അങ്ങനെ ഭൂമി സുന്ദരവും സുരഭിലവുമാകുന്നു. പക്ഷേ, വസന്തം പിന്നിടുന്നതോടെ സസ്യങ്ങളില്‍ നല്ലൊരു ഭാഗം അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കുന്നു. ഗ്രീഷ്മമാകുമ്പോള്‍ ഭൂമിയെ ഹരിതാഭമാക്കിയിരുന്ന സസ്യങ്ങള്‍ ശുഷ്‌കിച്ച് മഞ്ഞളിക്കുന്നു. പിന്നെ ദ്രവിച്ച് ധൂളിയായി കാറ്റില്‍ പറന്നുപോകുന്നു. ഭൂമി വീണ്ടും വരണ്ട് ശൂന്യസ്ഥലമായി മാറുന്നു.

10. സൂറത്തു ത്വാഹായിലെ 53,54 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
وَأَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَأَخۡرَجۡنَا بِهِۦۤ أَزۡوَٲجً۬ا مِّن نَّبَاتٍ۬ شَتَّىٰ (٥٣) كُلُواْ وَٱرۡعَوۡاْ أَنۡعَـٰمَكُمۡۗ
''ആകാശത്തുനിന്ന് വെള്ളമിറക്കിത്തരികയും അതുമൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോഡികള്‍ അവന്‍ (അല്ലാഹു) ഉല്‍പാദിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തിന്നുകയും നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക.''
മഴ വര്‍ഷിപ്പിക്കുക വഴി അല്ലാഹു മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷ്യവസ്തുക്കളാകാവുന്ന സസ്യലതാദികളെ ഉല്‍പാദിപ്പിച്ച അനുഗ്രഹങ്ങളെക്കുറിച്ച് അനുസ്മരിപ്പിക്കുകയാണ് ഈ സൂക്തങ്ങളില്‍.

11. അല്‍ ഹജ്ജ് 5,6 സൂക്തങ്ങള്‍ കാണുക:
وَتَرَ الْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا الْمَآءَ اهْتَزَّتْ وَرَبَتْ وَأَنْبَتَتْ مِنْ كُلِّ زَوْج بَهِيج . ذَلِكَ بِأَنَّ اللهَ هُوَ الْحَقُّ وَأَنَّهُ يُحْي الْمَوْتَى وَأَنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ
''ഭൂമി വര് നിര്‍ജീവമായി കിടക്കുന്നത് നിനക്കു കാണാം. എന്നിട്ട് അതിന്മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.''

മഴ പെയ്യുമ്പോള്‍ ഭൂമിക്കുാവുന്ന വിവിധ പ്രതികരണഭാവങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.. മരണാനന്തര ജീവിതത്തിന്റെ സാധുതയെയും സാധ്യതയെയും മഴയുടെ ഫലമായുാവുന്ന സസ്യലതാദികളുടെ ഉയിര്‍പ്പിലൂടെ ചിത്രീകരിച്ചിരിക്കുന്നു. അതേ അധ്യായത്തിലെ 63-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۗ
''അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ.''
ഭൂമിയിലെ പച്ചപ്പ് മനുഷ്യന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്ന നയനാനന്ദകരമായ കാഴ്ചയാണ്. അത് സാധ്യമാകുന്നത് മഴയിലൂടെയാണെന്ന വസ്തുതയാണ് അല്ലാഹു ഈ സൂക്തത്തില്‍ വ്യക്തമാക്കുന്നത്.

12. സൂറത്തുല്‍ മുഅ്മിനൂന്‍ 18,19,20 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ۬ فَأَسۡكَنَّـٰهُ فِى ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَـٰدِرُونَ (١٨) فَأَنشَأۡنَا لَكُم بِهِۦ جَنَّـٰتٍ۬ مِّن نَّخِيلٍ۬ وَأَعۡنَـٰبٍ۬ لَّكُمۡ فِيہَا فَوَٲكِهُ كَثِيرَةٌ۬ وَمِنۡہَا تَأۡكُلُونَ (١٩) وَشَجَرَةً۬ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٍ۬ لِّلۡأَڪِلِينَ (٢٠)
''ആകാശത്തുനിന്ന് നാം നിശ്ചിത അളവില്‍ വെള്ളമിറക്കുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ ധാരാളം പഴങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സീനാ പര്‍വതത്തില്‍ മുളച്ചുവരുന്ന ഒരു മരവും (നാം സൃഷ്ടിച്ചുതന്നിരിക്കുന്നു). എണ്ണയും ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു.''

പ്രപഞ്ചസൃഷ്ടിയുടെ പ്രാരംഭവേളയില്‍ തന്നെ അന്ത്യനാള്‍ വരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നത്ര ജലം അല്ലാഹു മണ്ണില്‍ നിക്ഷേപിച്ചിരിക്കുന്നു. ആ ജലം ഭൂമിയുടെ താഴ്ന്ന ഭാഗങ്ങളില്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവിടെ സമുദ്രവും തടാകവുമൊക്കെ സൃഷ്ടിക്കപ്പെട്ടു. ഭൂഗര്‍ഭത്തിലും ജലമുണ്ടായി. ചൂടും തണുപ്പും കാറ്റും മുഖേന മാറിമാറി വരുന്നത് ഇതേ വെള്ളം തന്നെയാണ്. ആരംഭം മുതല്‍ ഇതേവരെ ഈ ശേഖരത്തില്‍നിന്ന് ഒരു തുള്ളിപോലും കുറഞ്ഞുപോയിട്ടില്ല. ഒരു തുള്ളിയെങ്കിലും കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യവും ഇന്നുവരെ ഉണ്ടായിട്ടില്ല.

13. അന്നൂര്‍ 43-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَلَمۡ تَرَ أَنَّ ٱللَّهَ يُزۡجِى سَحَابً۬ا ثُمَّ يُؤَلِّفُ بَيۡنَهُ ۥ ثُمَّ يَجۡعَلُهُ ۥ رُكَامً۬ا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَـٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ۬ فِيہَا مِنۢ بَرَدٍ۬ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصۡرِفُهُ ۥ عَن مَّن يَشَآءُۖ يَكَادُ سَنَا بَرۡقِهِۦ يَذۡهَبُ بِٱلۡأَبۡصَـٰرِ (٤٣)
''അല്ലാഹു കാര്‍മേഘത്തെ തെളിച്ചുകൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ കട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്കു കാണാം. ആകാശത്തുനിന്ന്- അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍നിന്ന്- അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് ബാധിപ്പിക്കുകയും താനുദ്ദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകള്‍ മങ്ങിക്കളയുമാറാവുന്നു.''

വാനലോകത്ത് വിവിധ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന മേഘങ്ങളെ കാറ്റുവഴി ചലിപ്പിച്ച് അവയെ നിശ്ചിത സ്ഥലത്ത് ഒരുമിച്ചുകൂട്ടി അവയെ അട്ടിയാക്കി അതില്‍നിന്ന് മഴ വര്‍ഷിപ്പിക്കുന്ന പ്രതിഭാസത്തെ കുറിച്ചാണ് അല്ലാഹു ഇവിടെ ഓര്‍മിപ്പിക്കുന്നത്. അതിശൈത്യം കാരണം ഉറച്ചുപോയ മേഘങ്ങളെക്കുറിച്ചാണ് ഇവിടെ പര്‍വതങ്ങള്‍ എന്ന് പറഞ്ഞിട്ടുള്ളത്. ചക്രവാളത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഭൂമിയിലെ പര്‍വതങ്ങളും ഉദ്ദേശ്യമാകാവുന്നതാണ്. അത്തരം പര്‍വതശൃംഗങ്ങളില്‍ ഉറച്ചു കിടക്കുന്ന മഞ്ഞിന്‍കട്ടകള്‍ കാരണം മേഘങ്ങള്‍ ഘനീഭവിക്കാന്‍ മാത്രം വായു തണുക്കുകയും അങ്ങനെ അവ ആലിപ്പഴമായി വര്‍ഷിക്കുകയും ചെയ്യാറുണ്ട്. അതുവഴി പലര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നു. മേഘങ്ങള്‍ക്കിടയില്‍നിന്ന് ബഹിര്‍ഗമിക്കുന്ന മിന്നല്‍പ്പിണരുകളിലേക്കും സൂക്തം വിരല്‍ചൂണ്ടുന്നു.

14. അല്‍ ഫുര്‍ഖാന്‍ 48,49,50 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
وَهُوَ ٱلَّذِىٓ أَرۡسَلَ ٱلرِّيَـٰحَ بُشۡرَۢا بَيۡنَ يَدَىۡ رَحۡمَتِهِۦۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءً۬ طَهُورً۬ا (٤٨) لِّنُحۡـِۧىَ بِهِۦ بَلۡدَةً۬ مَّيۡتً۬ا وَنُسۡقِيَهُ ۥ مِمَّا خَلَقۡنَآ أَنۡعَـٰمً۬ا وَأَنَاسِىَّ ڪَثِيرً۬ا (٤٩) وَلَقَدۡ صَرَّفۡنَـٰهُ بَيۡنَہُمۡ لِيَذَّكَّرُواْ فَأَبَىٰٓ أَڪۡثَرُ ٱلنَّاسِ إِلَّا ڪُفُورً۬ا (٥٠)
''തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (വെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധിക പേര്‍ക്കും നന്ദികേട് കാണിക്കാനല്ലാതെ മനസ്സ് വന്നില്ല.''

മഴ വര്‍ഷിക്കുന്നതിനു മുമ്പ് അന്തരീക്ഷത്തില്‍ പ്രത്യക്ഷമാകുന്ന തണുത്ത കാറ്റിനെ മഴയെന്ന അനുഗ്രഹത്തിന്റെ സന്തോഷസൂചകമായിട്ടാണ് അല്ലാഹു എടുത്തു പറയുന്നത്. മഴവെള്ളത്തക്കുറിച്ച് ശുദ്ധമായ ജലം എന്നാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഒരു കലര്‍പ്പും ചേര്‍ന്നിട്ടില്ലാത്ത മഴവെള്ളം ഏറ്റവും ശുദ്ധമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഭൂമിക്ക് ജീവന്‍ നല്‍കാനും വിവിധതരം ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ദാഹമകറ്റാനും ആ വെള്ളം സഹായകമാകുന്നു.

 എന്ന മൂലവാക്യത്തിന് വിവിധ വിവക്ഷകള്‍ ആകാവുന്നതാണ്. ഒന്ന്, മഴയെന്ന പ്രതിഭാസത്തെ നാം ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വിശദീകരിച്ച് യാഥാര്‍ഥ്യം മനസ്സിലാക്കിത്തരാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ട്, ഉഷ്ണത്തിന്റെയും വരള്‍ച്ചയുടെയും മഴയുടെയും ഋതുക്കള്‍ നാം മാറിമാറി പ്രത്യക്ഷപ്പെടുത്തുകയും അങ്ങനെ ജീവന്റെ മനോഹരമായ പ്രതിഭാസങ്ങള്‍ കാണിച്ചുതന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മൂന്ന്, മഴയെ നാം മാറ്റിമാറ്റിക്കൊണ്ടിരിക്കുന്നു. അതായത് എല്ലായിടത്തും ഒരേസമയം മഴ വര്‍ഷിക്കുന്നില്ല. ചിലേടത്ത് മഴ വളരെ കുറയുന്നു. മറ്റു ചിലേടത്ത് ആവശ്യമായ തോതില്‍ വൃഷ്ടിയുണ്ടാവുന്നു. ഇനിയും ചില സ്ഥലങ്ങളില്‍ ചിലപ്പോള്‍ അതിവൃഷ്ടിയും പ്രളയവുമുണ്ടാകുന്നു. ഈ അവസ്ഥകളുടെയെല്ലാം വ്യത്യസ്തമായ അനന്തരഫലങ്ങള്‍ നിങ്ങള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം വിവക്ഷയാവാം.

15. അന്നംല് 60-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَمَّنۡ خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ وَأَنزَلَ لَڪُم مِّنَ ٱلسَّمَآءِ مَآءً۬ فَأَنۢبَتۡنَا بِهِۦ حَدَآٮِٕقَ ذَاتَ بَهۡجَةٍ۬ مَّا ڪَانَ لَكُمۡ أَن تُنۢبِتُواْ شَجَرَهَآۗ
''ആകാശഭൂമികള്‍ സൃഷ്ടിച്ചതും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തന്നതും ആരാണ്? അതുവഴി നാം ശബളാഭമായ തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അതിലെ ചെടികള്‍ മുളപ്പിക്കുക നിങ്ങളുടെ കഴിവില്‍പെട്ടതായിരുന്നില്ല.''

മഴയുടെ ചില സേവനങ്ങളെക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍, അല്ലെങ്കില്‍ ഉപരിതലത്തോട് ചേര്‍ന്നുകൊണ്ട് വിവിധയിനം സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ പോഷക പദാര്‍ഥങ്ങള്‍ സ്ഥിതിചെയ്യുന്നു. വെള്ളത്തിലും സസ്യങ്ങളുടെയും ജീവികളുടെയും നിലനില്‍പിന് അത്യന്താപേക്ഷിതമായ പോഷക ഘടകങ്ങള്‍ ചേര്‍ന്നിരിക്കുന്നു. ജലത്തെ സമുദ്രത്തില്‍നിന്ന് ഉയര്‍ത്തി വ്യവസ്ഥാപിതമായ രീതിയില്‍ ഭൂമിയില്‍ വര്‍ഷിച്ചുകൊണ്ട് സസ്യങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും അവസരമൊരുക്കുന്നു.

16. അല്‍അന്‍കബൂത്ത് അധ്യായം 63-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَلَٮِٕن سَأَلۡتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً۬ فَأَحۡيَا بِهِ ٱلۡأَرۡضَ مِنۢ بَعۡدِ مَوۡتِهَا لَيَقُولُنَّ ٱللَّهُۚ
''ആകാശത്തുനിന്ന് വെള്ളമിറക്കുകയും ഭൂമി നിര്‍ജീവമായി കിടന്ന ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം അവര്‍ പറയും അല്ലാഹുവാണെന്ന്.''

ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ച് നിര്‍ജീവാവസ്ഥയില്‍ കിടക്കുന്ന ഭൂമിയെ ജീവസ്സുറ്റതാക്കുന്നത് അല്ലാഹുവാണെന്ന അനിഷേധ്യ യാഥാര്‍ഥ്യം ബഹുദൈവ വിശ്വാസികള്‍ക്കു പോലും നിഷേധിക്കാന്‍ കഴിയില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

17. സൂറ അര്‍റൂം 24-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَمِنۡ ءَايَـٰتِهِۦ يُرِيڪُمُ ٱلۡبَرۡقَ خَوۡفً۬ا وَطَمَعً۬ا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً۬ فَيُحۡىِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ
''ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്തുനിന്ന് വെള്ളമിറക്കുകയും അതുമൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവന്‍ നല്‍കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ.''
അതായത് മിന്നല്‍പ്രകാശവും ഇടിമുഴക്കവും മഴയുണ്ടാകുമെന്നും കാലവര്‍ഷം ആസന്നമായിരിക്കുന്നുവെന്നുമുള്ള ആശക്ക് വകനല്‍കുന്നു. അതോടൊപ്പം തന്നെ ഇടിത്തീ എവിടെയെങ്കിലും വന്ന് പതിക്കുകയോ അല്ലെങ്കില്‍ സകലതിനെയും ഒഴുക്കിക്കൊണ്ടുപോകുന്ന അതിവര്‍ഷമുണ്ടാവുകയോ ചെയ്യുമോ എന്ന ആശങ്കക്കും വക നല്‍കുന്നു.

ഭൂമിയിലെ അസംഖ്യം സൃഷ്ടികളുടെ അന്നം ഭൂമിയില്‍നിന്നുത്ഭവിക്കുന്ന വിഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ വിഭവങ്ങള്‍ ഭൂമിയുടെ ഉല്‍പാദനക്ഷമതയുടെ തോതിലാണ്. ഈ ഉല്‍പാദനക്ഷമത പ്രവര്‍ത്തനസജ്ജമാകുന്നത് മഴയെ ആധാരമാക്കിയാണ്. അത് നേരിട്ട് ഭൂമിയിലേക്ക് വര്‍ഷിച്ചുകൊണ്ടാവട്ടെ, അല്ലെങ്കില്‍ ഭൂമിക്കടിയിലെ ഉറവിടങ്ങളുടെയും ജലാശയങ്ങളുടെയും രൂപത്തിലാവട്ടെ, അല്ലെങ്കില്‍ പര്‍വതങ്ങളില്‍ ഘനീഭവിച്ച ഹിമക്കട്ടകള്‍ ഉരുകിയൊലിക്കുന്ന നദികളുടെ രൂപത്തിലാവട്ടെ. 
(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top