ഇസ്‌ലാമിനെ സംബന്ധിച്ച സന്തുലിത കാഴ്ചപ്പാടും മുസ്‌ലിം സമുദായവും
സയ്യിദ് സആദത്തുല്ലാ ഹുസൈനി
ഏതൊരു സമൂഹത്തിനും സങ്കീര്‍ണമായ സാഹചര്യം അഭിമുഖീകരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളത് അതിലെ വ്യക്തികളുടെ സന്തുലിതമായ പ്രകൃതമാണ്. സന്തുലിതത്വം എപ്പോഴും ആവശ്യമാണ്. എന്നാല്‍ സങ്കീര്‍ണവും പ്രതിസന്ധി നിറഞ്ഞതുമായ സാഹചര്യത്തില്‍ അതിന്റെ ആവശ്യം എത്രയോ ഇരട്ടിയാണ്. കാരണം അത്തരം സാഹചര്യം ആവശ്യപ്പെടുന്നത് ഓരോ ചുവടുവെപ്പും ചിന്തിച്ചും ആലോചിച്ചും മാത്രം മുന്നോട്ടു വെക്കണമെന്നാണ്. തെറ്റായ ഒരു ചുവടുപോലും വലിയ നഷ്ടങ്ങള്‍ക്ക് കാരണമായിത്തീരാം. തെറ്റായ അധിക ചുവടുവെപ്പുകളും വൈകാരികസമ്മര്‍ദത്തിന്റെയോ സന്തുലിതമല്ലാത്ത ചിന്തയുടെയോ ഫലമാണ്. ബുദ്ധിപരവും നല്ലതുമായ ചുവടുവെപ്പിന് പ്രകൃതം സന്തുലിതമാവുകയും വികാരത്തിനടിമപ്പെടാതിരിക്കുകയും കാര്യങ്ങളെയും സാഹചര്യങ്ങളെയും ശരിയായ വീക്ഷണകോണിലൂടെ നോക്കി ക്കാണാനും ശാന്തമായി ചിന്തിക്കാനുമുള്ള കഴിവ് ആര്‍ജിക്കുകയും വേണം. അതില്ലെങ്കില്‍ താല്‍ക്കാലിക വൈകാരികതകളും തീവ്രചിന്തകളും ദീര്‍ഘ കാല നഷ്ടമുണ്ടാക്കാനും മുന്നോട്ടുള്ള വഴികള്‍ അടഞ്ഞുപോകാനും കാരണമാകുന്ന തീരുമാനങ്ങള്‍ക്കും ചുവടുവെപ്പുകള്‍ക്കും പ്രേരണ നല്‍കും.
ലോകതലത്തിലും ദേശീയതലത്തിലും മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്താല്‍ ബോധ്യപ്പെടുന്നത് സന്തുലിത നിലപാട് നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യമാണെന്നാണ്. ശരിയായ ദിശയിലുള്ള ശരിയായ ചുവടുവെപ്പുകള്‍ ഇസ്‌ലാമിന് വഴി എളുപ്പമാക്കുകയും എന്നാല്‍ തെറ്റായ ചുവടുകള്‍ അതേ ശക്തിയോടെത്തന്നെ ഇസ്‌ലാമിന്റെ മാര്‍ഗം അടച്ചുകളയുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് ലോകത്തുള്ളത്.
സാഹചര്യത്തിന്റെ സങ്കീര്‍ണത തന്നെയാണ് തീവ്രതക്കും അസന്തുലിതത്വത്തിനും ജന്മം നല്‍കുന്നത്. സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ സമുദായം സമ്പൂര്‍ണമായ ആത്മവിശ്വാസത്തോടുകൂടി സന്തുലിതമാര്‍ഗത്തില്‍ ചലിക്കുമെന്നതിന് ഇസ്‌ലാമിന്റെ ചരിത്രാനുഭവം തന്നെ തെളിവാണ്. കുഴപ്പങ്ങള്‍ തലപൊക്കുകയും സാഹചര്യങ്ങളില്‍ കോളിളക്കം ഉണ്ടാവുകയും ചെയ്തപ്പോഴാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യകാലത്ത് ഖവാരിജ്, മുഅ്തസിലഃ, പില്‍ക്കാലത്ത് ഇസ്മാഈലിയഃ, ഹശാശീന്‍ തുടങ്ങിയ തീവ്ര വിഭാഗങ്ങള്‍ ഉടലെടുത്തത്. സാഹചര്യത്തിന്റെ സങ്കീര്‍ണത ആത്മവിശ്വാസത്തെ കെടുത്തിക്കളയുകയും തന്നിലോ തന്റെ ഭാവിയിലോ ആത്മ വിശ്വാസമില്ലാതാക്കി മാറ്റുകയും ചെയ്യുന്നു. ഈ ആത്മ വിശ്വാസമില്ലായ്മ ചിലപ്പോള്‍ മുര്‍ജിഅഃ വിഭാഗത്തിന്റെ ചരിത്രം പറയുന്നതുപോലെ നിരാശയുടെയും കീഴടങ്ങലിന്റെയും രൂപത്തില്‍ പ്രകടമാകുമ്പോള്‍ മറ്റു ചിലപ്പോള്‍ ഖവാരിജുകളുടെ ചരിത്രം പറയുന്നതുപോലെ തീവ്രതയുടെയും കാര്‍ക്കശ്യത്തിന്റെയും രൂപത്തിലും പ്രകടമാകും.
ഇസ്‌ലാമിക ശരീഅത്തിന്റെ പ്രകൃതം സന്തുലിതത്വമാണ്. മധ്യമ സമുദായം എന്നാണ് അല്ലാഹു ഈ സമുദായത്തിന് നല്‍കിയ അപരനാമം.
وَكَذَالِكَ جَعَلْنَاكُم أُمَّةً وَسـَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا
''ഇപ്രകാരം നിങ്ങളെ മധ്യമ സമുദായമാക്കി; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടി, ദൈവ ദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയായതു പോലെ'' (അല്‍ബഖറ: 143).
പ്രവാചകന്‍ സന്തുലിതത്വത്തെ ഏറ്റവും നല്ല പ്രവര്‍ത്തനമായി വിശേഷിപ്പിച്ചു. കാര്യങ്ങളില്‍ ഏറ്റവും നല്ലത് മധ്യത്തിലുള്ളതാണ്. 1 ഇസ്‌ലാമിക ശരീഅത്ത്, നിയമം എന്ന നിലയില്‍ നീതിയുടെയും സന്തുലിതത്വത്തിന്റെയും സുന്ദരവും പൂര്‍ണവുമായ രൂപമാണ്. ഒരുഭാഗത്ത് സെക്യുലര്‍ നിയമങ്ങളിലും മറുഭാഗത്ത് പൗരാണിക മതനിയമങ്ങളിലും കാണപ്പെടുന്ന എല്ലാ കാര്‍ക്കശ്യത്തില്‍നിന്നും അത് മുക്തമാണ്. ഇസ്‌ലാമിക വിശ്വാസവും ചിന്തകളും ജീവിതത്തെക്കുറിച്ച് രചനാത്മകവും സന്തുലിതവുമായ ഒരു കാഴ്ചപ്പാട് വളര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവിലുള്ള തവക്കുലാകട്ടെ അസന്തുലിതത്വത്തിനും തീവ്രതക്കും കാരണമാകുന്ന എല്ലാ വൈകാരിക പ്രേരകങ്ങളില്‍നിന്നും കാത്തുരക്ഷിക്കുകയും ചെയ്യുന്നു.
സമുദായത്തില്‍, പ്രത്യേകിച്ചും അവരിലെ യുവാക്കളില്‍ സന്തുലിത പ്രകൃതം വളര്‍ത്താനുള്ള ബോധ പൂര്‍വമായ ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. തീവ്രതയുടെ മറ്റിനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുമ്പ് മിതവാദം എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അപകടകാരമായ തീവ്രതയെ കുറിച്ചാണ് നാം ആദ്യമായി ചര്‍ച്ച ചെയ്യുന്നത്.
അമേരിക്കന്‍ സ്ഥാപനമായ റാന്റ് കോര്‍പ്പറേഷന്റെ നിര്‍ദേശപ്രകാരം മിത വാദത്തിന്റെ (moderation)പേരില്‍ മുസ്‌ലിംകളെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നും മൂല്യങ്ങളില്‍നിന്നും അകറ്റാന്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന ശക്തികളെ ലോകത്തുടനീളം വന്‍ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.2 തീവ്രവാദത്തെ കുറിച്ച് പ്രത്യേക പഠനം നടത്തുന്നവരില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ സൈമോര്‍ മാര്‍ട്ടിണ്‍ ലിപ്‌സെറ്റ്3 ലോകത്തെ വിവിധ തീവ്രവാദ പ്രസ്ഥാനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ചതിനു ശേഷം ശരിയായി എഴുതിയത് തീവ്രവാദം എല്ലായ്‌പ്പോഴും വലത്, ഇടതു പക്ഷങ്ങളില്‍നിന്നല്ല ഉണ്ടാകുന്നത്, മറിച്ച് മധ്യത്തില്‍(centrist)നിന്നും തീവ്രവാദമുണ്ടാകാം എന്നാണ്. ആധുനിക കാലത്തെ ഏറ്റവും അപകടകാരിയായ ഫാഷിസം ഈ സെന്‍ട്രിസ്റ്റ് തീവ്രവാദത്തിന്റെ ഫലമായിരുന്നു. തുര്‍ക്കിയിലേയും തുനീഷ്യയിലെയും സ്വേഛാധിപത്യ സെക്യുലറിസവും ഈ സെന്‍ട്രിസ്റ്റ് തീവ്രവാദത്തിന്റെ ഉദാഹരണമാണ്. നമ്മുടെ കാലത്ത് അമേരിക്കന്‍ നയരൂപീകരണ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക ലോകത്തുടനീളം ഈ സെന്‍ട്രിസ്റ്റ് തീവ്രവാദം വളര്‍ത്താനാണ് ശ്രമിക്കുന്നത്.
ഈ തീവ്രവാദം പ്രചരിപ്പിക്കുന്നതില്‍ ഇന്റര്‍നെറ്റിന്റെ പങ്ക് വളരെ വലുതാണ്. അതിലെ ധാരാളം വെബ്‌സൈറ്റുകളും മുസ്‌ലിം പേരിലുള്ള പല സ്ഥാപനങ്ങളും സോഷ്യല്‍ നെറ്റ് വഴി മുസ്‌ലിംകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഖുര്‍ആനിനും ഹദീസിനും അമേരിക്കന്‍ കണ്ണട വെച്ചുകൊണ്ടുള്ള പുതിയ വ്യാഖ്യാനം വേണമെന്നും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന് യാതൊരിടവും ഉണ്ടാകരുതെന്നും സാമൂഹിക ജീവിതത്തിലെ ഏക മതമായ ലിബറല്‍ സെക്യുലരിസം ബലാല്‍ക്കാരം നടപ്പിലാക്കണമെന്നും ഈ മതത്തിന് എതിരായ എല്ലവരും മതമൗലികവാദികള്‍ മാത്രമല്ല, സമാധാനപരമായി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരും അതിനാല്‍ തന്നെ ലോകത്തിന് അപകടമാണെന്നുമാണ്. ഇസ്‌ലാമിലെ കുടുംബ നിയമങ്ങള്‍ പേലെയുള്ള കാര്യങ്ങള്‍ മുല്ലമാര്‍ ആവിഷ്‌കരിച്ചതാണ്. അതിനാല്‍തന്നെ ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മാര്‍ഗദര്‍ശനത്തിന്റ സ്രോതസ്സ് ഓരോ സൂക്തവും പുതിയ വ്യാഖ്യാനത്തിന് വഴങ്ങുന്ന ഖുര്‍ആന്‍ മാത്രമാണ്. ഹദീസുകളുടെ നില കേവലം പാരമ്പര്യ യുക്തി എന്നതിലപ്പുറം മറ്റൊന്നുമല്ല. വ്യഭിചാരത്തിനും സ്വവര്‍ഗ ലൈംഗികതക്കും ഖുര്‍ആനില്‍ ന്യായംതേടുന്നതു വരെ എത്തിയിരിക്കുന്നു പുതിയ മുസ്‌ലിം ലിബറല്‍ ബുദ്ധിജീവികളുടെ ധൈര്യം.4 ഈ പ്രസ്ഥാനം എത്ര മാത്രം ശക്തമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനെ കുറിച്ച് മുസ്‌ലിം യുവാക്കള്‍ ജാഗരൂകരായിരിക്കണം. പ്രവാചകന്‍ കാണിച്ചുതന്നതായി ഖുര്‍ആനിലും സുന്നത്തിലും മാര്‍ഗദര്‍ശനം നല്‍കപ്പെട്ടതാണ് സന്തുലിതത്വത്തിന്റെ രാജപാത. അതുപോലെ പൂര്‍വസൂരികളുടെയും ഉമ്മത്തിലെ ഭൂരിപക്ഷത്തിന്റെയും അംഗീകാരം നേടിയതു മാത്രമാണ് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആധികാരികമായ വ്യാഖ്യാനം. ഈ രാജപാതയില്‍നിന്ന് വ്യതിചലിച്ച എന്തുണ്ടോ അവയെല്ലാം അസന്തുലിതത്വവും തീവ്രവാദവുമാണ്. തോക്ക് കൈയിലേന്തി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന യുവാവ് തീവ്രവാദിയാണ്. ഉമ്മത്തിലെ ബഹുഭൂരിപക്ഷവും അതിനെ തളളിപ്പറഞ്ഞിട്ടുണ്ട്. അതുപോലെ പടിഞ്ഞാറിന്റെ തീവ്ര നിലപാടുകള്‍ക്ക് മോഡറേറ്റ് ഇസ്‌ലാമിന്റെ മുഖം നല്‍കാനായി ശീതീകരണ മുറിയിലിരുന്ന് കോളം ചെയ്യുന്ന ബുദ്ധിജീവിയും തീവ്രവാദിയാണ്. ആദ്യവിഭാഗത്തിന് മാതൃക ഇസ്‌ലാമിക ചരിത്രത്തില്‍ ഖവാരിജുകളും രണ്ടാമത്തേതിന് മാതൃക മുര്‍ജിഅയുമാണ്.
പുരോഗമനത്തിന്റെ ലേബലുള്ള ഈ തീവ്രവാദത്തിനു പുറമെ മതത്തിന്റെയും മത പ്രസ്ഥാനങ്ങളുടെയും പേരില്‍ പ്രചരിക്കുന്ന, നമ്മുടെ ശ്രദ്ധ പതിയേണ്ട തീവ്രവാദത്തിന്റെ രണ്ട് ഇനങ്ങള്‍ കൂടിയുണ്ട്. അത്തരം ചില തീവ്രവാദ പ്രവണതകളെ കുറിച്ചാണ് തുടര്‍ന്ന് പ്രതിപാദിക്കുന്നത്.
അതിലൊന്ന്, സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ അതിതീവ്രമായ നിലപാട് കൈക്കൊള്ളുക എന്നതാണ്. 'അല്ലാഹുവേ! കാര്യങ്ങളെ, അവ എങ്ങനെയാണോ ഉള്ളത് അതുപോലെ ഞങ്ങളെ കാണിക്കണേ' എന്ന പ്രാര്‍ഥന നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്-
اللّهمّ أرنا الأشياء كما هي
. സത്യത്തെ സത്യമായി കാണിച്ച് അതിനെ പിന്തുടരാനും മിഥ്യയെ മിഥ്യയായി കാണിച്ച് അത് വെടിയാനും ഉതവി നല്‍കേണമേ എന്ന പ്രാഥനയും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്5
اللّهمّ أرنا الحق حقّا وارزقنا اتّباعه وأرنا الباطل باطلا وارزقنا اجتنابه
- . വല്ല വാര്‍ത്തയും ലഭിച്ചാല്‍ അതിനെ കുറിച്ച് നിലപാട് എടുക്കുന്നതിനു മുമ്പ് വിശദമായ അന്വേഷണം നടത്തണമെന്നത് ഖുര്‍ആന്റെ നിര്‍ദേശമാണ്:
ياأيّهَا الّذين آمنُوا إن جاءكم فاسق بنبإ فتبيّنُوا أن تصيبوا قوما بجهالة
''വിശ്വസിച്ചവരേ വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജഃസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്.''6
സാഹചര്യങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നിലപാട് എടുക്കാനുള്ള യുക്തിപരവും വൈജ്ഞാനികവുമായ രീതി ആദ്യം അതിനെകുറിച്ച് ശരിയായ വിവരം അടിസ്ഥാനസ്രോതസ്സില്‍നിന്ന് കണ്ടെത്താന്‍ പരിശ്രമിക്കുകയും അനുകൂലികളുടെയും എതിര്‍ക്കുന്നവരുടെയും തെളിവുകള്‍ വിലയിരുത്തുകയും ചെയ്തതിനു ശേഷം സമചിത്തതയോടും പക്ഷപാതമുക്തമായും കാര്യങ്ങളെ നോക്കുകയും അതിലൂടെ അഭിപ്രായത്തിലെത്തുകയുമാണ്. എതിരാളികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഒരു തത്ത്വദീക്ഷയും ഇല്ലാത്ത തരത്തിലുള്ള സംഘര്‍ഷങ്ങളാണ് ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ അവരുടെ തെറ്റുകളെ പല തരത്തില്‍ പെരുപ്പിച്ചാണ് അവതരിപ്പിക്കുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഇടയില്‍ നടക്കുന്നതും. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള എളുപ്പവഴിയാണ്. അത്തരം കാര്യങ്ങളെല്ലാം യാതൊരന്വേഷണവും നടത്താതെ സത്യമെന്ന് ധരിക്കുന്നതും അത് പ്രചരിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്നതും അങ്ങേയറ്റം ഉത്തരവാദിത്തരഹിതവും അനിസ്‌ലാമികവുമായ നിലപാടാണ്. ഏതെങ്കിലും സമൂഹത്തോടുള്ള ശത്രുത അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുതെന്നത്7 ഖുര്‍ആന്റെ കല്‍പനയാണ്. സങ്കീര്‍ണവും ഗുരുതരവുമായ പ്രശ്‌നങ്ങളില്‍ കേവലം പത്രവാര്‍ത്തകളെ മാത്രം ആശ്രയിക്കുന്നതും അറിയപ്പെടാത്ത വെബ്‌സൈറ്റുകളില്‍ വരുന്ന, എഴുതിയത് ആരെന്നു പോലും അറിയാത്ത ലേഖനങ്ങളെ തങ്ങളുടെ അഭിപ്രായത്തിന് അടിത്തറയാക്കുന്നതും മുന്‍ധാരണകളെയും പക്ഷപാതങ്ങളെയും അഭിപ്രായരൂപീകരണത്തിന് ആധാരമാക്കുന്നതും എല്ലാവരുടെയും വാക്കുകള്‍ കേള്‍ക്കുന്നതിനുമുമ്പുതന്നെ അഭിപ്രായത്തിലെത്തുന്നതും അനീതിയാണ്. അതില്‍നിന്നാണ് തീവ്രവാദപരമായ അഭിപ്രായങ്ങള്‍ രൂപമെടുക്കുന്നത്.
ഈ ലോകത്ത് അധിക കാര്യങ്ങളിലും നന്മയും തിന്മയും കൂടിച്ചേര്‍ന്നാണ് കിടക്കുന്നത്. സമ്പൂര്‍ണമായ നന്മ മാത്രമുള്ളതും സമ്പൂര്‍ണമായ തിന്മ മാത്രമുള്ളതുമായ കാര്യങ്ങള്‍ ലോകത്ത് അല്‍പം മാത്രമേ ഉള്ളൂ. കാര്യങ്ങളെയും വസ്തുതകളെയും നോക്കി ക്കാണുമ്പോള്‍ നാം അതിലെ നന്മതിന്മകളുടെ ശരിയായ അനുപാതത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അമേരിക്കക്കും അമേരിക്കന്‍ സംസ്‌കാരത്തിനും ചില നന്മകളുമുണ്ട്. കാഠിന്യമുള്ള സംഭവങ്ങളിലും നാശം വിതക്കുന്ന ദുരന്തങ്ങളില്‍ പോലും നന്മയുടെ ചില വശങ്ങളുണ്ടാകാം. അതുപോലെ നമുക്ക് പ്രിയങ്കരമായ കാര്യങ്ങളും സംഭവങ്ങളും തിന്മയുടെയും കുഴപ്പത്തിന്റെയും വശങ്ങളും ഉള്‍വഹിക്കുന്നുണ്ട്. നാം ഇഷ്ടപ്പെടുന്ന വ്യക്തികളിലും മാനുഷിക ദൗര്‍ബല്യങ്ങളുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങളിലും സംഭവങ്ങളിലും നല്ല വശങ്ങളും ഇഷ്ടപ്പെട്ട കാര്യങ്ങളിലെ മോശവശവും കാണാനുള്ള കഴിവ് സന്തുലിത പ്രകൃതത്തിന്റെ പ്രധാന സവിശേഷതയാണ്. ഇഷ്ടത്തിലും അനിഷ്ടത്തിലും സനേഹത്തിലും വെറുപ്പിലുമുള്ള തീവ്രത മനുഷ്യനെ അന്ധമാക്കുന്നു. തല്‍ഫലമായി നമ്മുടെ വിശകലനം തെറ്റുകയും അപകടകരമായ തീരുമാനത്തിനും ചുവടുവെപ്പിനും അത് ഹേതുവായിത്തീരുകയും ചെയ്യുന്നു.
ഇപ്രകാരം പ്രയോഗതലത്തില്‍ മാറ്റം ക്രമപ്രവൃദ്ധമായി മാത്രമേ നടക്കുകയുള്ളൂ. ഏതൊരു മാതൃകാപരമായ ലോകമാണോ നാം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത് അതും ഇന്നത്തെ ലോകവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ വ്യത്യാസം അവസാനിപ്പിക്കണമെങ്കില്‍ സുദീര്‍ഘമായ യാത്ര ആവശ്യമാണ്. ഈ യാത്രക്കിടയില്‍ ആദര്‍ശത്തിനും പ്രായോഗിക ലോകത്തെ യാഥാര്‍ഥ്യത്തിനും ഇടയില്‍ സന്തുലിതത്വം കൂടിയേ തീരൂ. പ്രവാചകന്റെ സുന്നത്തിലും പൂര്‍വസൂരികളുടെ സമീപനത്തിലും ഈ സന്തുലിതത്വം വ്യക്തമായും നമുക്ക് കാണാവുന്നതാണ്. അതേസമയം ഏതവസ്ഥയിലും കണിശമായി ഉറച്ചുനില്‍ക്കേണ്ട പരിധികളും നിയന്ത്രണങ്ങളും വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏതു തരത്തിലുള്ള ബന്ധത്തെയും നിഷിദ്ധമായി കരുതുക, ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശിര്‍ക്കും കുഫ്‌റുമായി വിലയിരുത്തുക തുടങ്ങിയ അഭിപ്രായവ്യത്യാസത്തിന് സാധ്യതയുള്ള ഇജ്തിഹാദിയായ വിഷയങ്ങളെ കുഫ്‌റിന്റെ അടിത്തറയാക്കുന്നത് നിസ്സംശയം തീവ്രവാദപരമായ നിലപാടാണ്. അമുസ്‌ലിംകളുമായുള്ള എല്ലാതരം സഹകരണവും പങ്കാളിത്തവും ഹറാമായി മനസ്സിലാക്കുന്നതും ഇജ്തിഹാദിയായ അഭിപ്രായവ്യത്യാസത്തെയും പ്രായോഗിക തന്ത്രത്തിലെ വ്യത്യാസത്തെയും ശിര്‍ക്ക്, കുഫ്ര്‍, ഹലാല്‍, ഹറാം ചര്‍ച്ചയാക്കുന്നതുമെല്ലാം ആദര്‍ശത്തിനും പ്രയോഗത്തിലെ താല്‍പര്യങ്ങള്‍ക്കും ഇടയിലുള്ള കണ്‍ഫ്യൂഷന്റെ ഫലമാണ്. ഇസ്‌ലാം വായുവിലെ കോട്ടയുടെ പേരല്ല., അത് പ്രയോഗത്തിന്റെ മതമാണ്. പ്രായോഗിക ലോകത്ത് സ്ഥാപിതമാകാനും അതിജയിക്കാനുമാണ് അത് വന്നിരിക്കുന്നത്. തീവ്രവാദ പ്രകൃതി നമ്മെ പ്രായോഗികലോകത്തു നിന്ന് അടര്‍ത്തിമാറ്റുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഖവാരിജുകളാണ് ഈ അബദ്ധം ആദ്യം ചെയ്തത്.അവര്‍ തിന്മയുടെ ഒരംശം കാണുന്ന എന്തിനെയും സമ്പൂര്‍ണ തിന്മയായി മനസ്സിലാക്കുകയും തിന്മയെ സംസ്‌കരിക്കുന്നതിലെ ക്രമപ്രവൃദ്ധത എന്ന തത്ത്വത്തെ അവഗണിക്കുകയും ചെയ്തു. ഇമാം അബൂഹനീഫ ഈ തീവ്രതയെ തള്ളിക്കളയുകയും സന്തുലിതമായ സമീപനരീതി വ്യക്തമാക്കുകയും ചെയ്തു. അതില്‍ പിന്നീട് ഉമ്മത്തിന്റെ ഏകോപിത അഭിപ്രായം ഉണ്ടാവുകയും ചെയ്തു.7
ഈ പ്രശ്‌നത്തിന്റെ എളുപ്പമുള്ള പരിഹാരം നാം നമ്മുടെ പൂര്‍വസൂരികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും, ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ഇസ്‌ലാമിക ചരിത്രത്തിലെ നമ്മുടെ ഗുരുജനങ്ങള്‍ എങ്ങനെ നോക്കിക്കാണുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു എന്നതിനെക്കുറിച്ച് അറിവ് നേടുകയുമാണ്. ഐഡിയലിസത്തിനും പ്രാഗ്മാറ്റിസത്തിനും ഇടയില്‍ സന്തുലിതത്വമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ കാലത്ത് ഉയര്‍ന്നുവരുന്ന എല്ലാ ആശയക്കുഴപ്പങ്ങളും ഇസ്‌ലാമിന്റെ വൈജ്ഞാനികവും ഇജ്തിഹാദിയുമായ ചരിത്രം ദൂരീകരിക്കുമെന്ന് എനിക്കുറപ്പാണ്.
തീവ്രതയുടെ തന്നെ മറ്റൊരു രൂപമാണ് സ്വന്തം അഭിപ്രായത്തില്‍ വിട്ടുവീഴ്ച കൂടാതെ ഉറച്ചു നില്‍ക്കുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന പ്രകൃതം. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ പ്രകൃതത്തെ സംസ്‌കരിച്ചിരുന്നു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ പ്രകൃതവും നമുക്കിടയില്‍ രണ്ടാമതും വളര്‍ന്നുകൊണ്ടിരുക്കുന്നുണ്ട്. ഈ പ്രകൃതത്തിന്റെ ഒരു ഫലം അടിസ്ഥാനത്തില്‍നിന്ന് അകന്നുപോവുകയും വിശദാംശങ്ങളില്‍ കടുംപിടിത്തം സ്വീകരിക്കുകയുമാണ്.
അല്ലാഹു ചില കാര്യങ്ങളും വിധികളും ഖണ്ഡിതമായിട്ടാണ് വിശദീകരിക്കുന്നത്. അതാകട്ടെ, ഖുര്‍ആനിലും സുന്നത്തിലും വ്യക്തതയോടെ പ്രതിപാദിക്കപ്പെടുകയോ, ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളതാണെങ്കില്‍ ഏതെങ്കിലും ഒന്നില്‍ സമുദായം ഏകോപിക്കുകയോ ചെയ്തിരിക്കും. ഈ വ്യക്തമായ കാര്യങ്ങള്‍ക്കും വിധികള്‍ക്കും പുറമെ ചില വിധികളും കാര്യങ്ങളും അല്ലാഹു ഉദ്ദേശ്യപൂര്‍വം അവ്യക്തമായി വിട്ടിട്ടുണ്ട്. അക്കാര്യത്തില്‍ ഉമ്മത്തില്‍ എല്ലാ കാലത്തും അഭിപ്രായാന്തരങ്ങളുണ്ടായിരുന്നു. അവലംബാര്‍ഹരായ പണ്ഡിതന്മാര്‍ക്കിടയിലെ ഈ അഭിപ്രായവ്യത്യാസങ്ങളെയും വൈവിധ്യത്തെയും ഉമ്മത്ത് എപ്പോഴും നല്ല കണ്ണോടെ കാണുകയും എല്ലാ അഭിപ്രയങ്ങളെയും വിലമതിക്കുകയും ചെയ്തിരുന്നു. ഇമാം ശാഫിഈ കൂഫയില്‍ ഇമാം അബൂഹനീഫയുടെ രീതിശാസ്ത്രപ്രകാരം നമസ്‌കരിക്കുകയും, സ്വഹാബികള്‍ തമ്മില്‍ പല കാര്യങ്ങളിലും ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടും അവര്‍ പരസ്പരം ബഹുമാനിക്കുക മാത്രമല്ല അഭിപ്രായങ്ങളെ ആദരവോടെ നോക്കിക്കാണുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ ഈ സ്വാഭാവം ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. തഖ്‌ലീദ്, തഖ്‌ലീദ് വിരുദ്ധത, നമസ്‌കാരത്തിന്റെ പല രീതികളില്‍ ഒന്നു മാത്രം ശരിയായി കണക്കാക്കി ബാക്കിയെല്ലാം തെറ്റാണെന്നു വിധിക്കുക എന്നിവ ഉദാഹരണം. താടി, തൊപ്പി, സ്ത്രീകളുടെ മുഖം മൂടുന്ന പര്‍ദ എന്നിവയെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളാണ്. ഇസ്‌ലാമിക പ്രസ്ഥാനം ശാഖാപരമായ ഈ കാര്യങ്ങളെയെല്ലാം അവഗണിച്ച് അടിസ്ഥാനത്തില്‍ ശ്രദ്ധയൂന്നുന്ന പ്രകൃതം വളര്‍ത്താനാണ് ശ്രമിച്ചത്. ഇത്തരം പ്രശ്‌നങ്ങളുടെ തിരിച്ചുവരവ് നല്ല പ്രവണതയല്ല, അതിനെ നിരുത്സാഹപ്പെടുത്തിയേ തീരൂ.
ഇത്തരം വിഷയങ്ങളില്‍ നമ്മുടെ നിലപാട് പൂര്‍വികര്‍ എന്ത് സ്വീകരിച്ചോ അതാണ്. അതായത്, ഏത് അഭിപ്രായമാണോ ഓരോരുത്തര്‍ക്കും നന്നായി തോന്നുന്നത് തന്റെ ജീവിതത്തില്‍ അത് സ്വീകരിക്കുക. ആവശ്യമെങ്കില്‍ അതിനെ കുറിച്ച് വൈജ്ഞാനിക ചര്‍ച്ചയുമാകാം. എന്നാല്‍ എതിരഭിപ്രായങ്ങളെ തീര്‍ച്ചയായും ആദരിക്കണം. എതിരഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരുടെ ജീവിതരീതി തഖ്‌വക്ക് വിരുദ്ധമായോ തീവ്രതയായോ മനസ്സിലാക്കുകയുമരുത്. ഏതെങ്കിലും അഭിപ്രായം സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്നതല്ല, മറിച്ച് എതിരഭിപ്രായങ്ങളെ മിഥ്യയും തെറ്റും വഴികേടുമായി മനസ്സിലാക്കുന്നതാണ് തീവ്രവാദം. മതത്തിന്റെ കാര്യത്തിലുള്ള നിസ്സാരമായ തര്‍ക്കവിതര്‍ക്കങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയോ എല്ലാതരം ഇജ്തിഹാദുകളും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യില്ല. ഈ തത്ത്വം ബാധകം പൂര്‍വസൂരികള്‍ക്കിടയിലോ നമ്മുടെ കാലത്തെ പ്രമാണ യോഗ്യരായ പണ്ഡിതന്മാര്‍ക്കിടയിലോ അഭിപ്രായാന്തരങ്ങളുള്ള വിഷയത്തില്‍ മാത്രമാണ്. എല്ലാ പ്രമാണങ്ങളെയും ഓരോരുത്തരും തോന്നിയ പോലെ വ്യാഖ്യാനിക്കുകയും പ്രാമാണികവും ഉമ്മത്തിന്റെ ഏകോപിത അഭിപ്രായമുള്ളതുമായ വിധികളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുക എന്നത് ഇതിന്റെ താല്‍പര്യമേയല്ല. പൂര്‍വസൂരികള്‍ക്കിടയിലും നമ്മുടെ കാലത്തെ പ്രാമാണിക പണ്ഡിതന്മാര്‍ക്കിടയിലും അഭിപ്രായാന്തരങ്ങളുള്ള വിധികളില്‍ നമ്മുടെ നിലപാട് എല്ലാ അഭിപ്രായങ്ങളെയും ആദരിക്കുക എന്നതാണ്.
നമ്മുടെ പൂര്‍വികര്‍ മഅ്‌സ്വിയത്തും മുന്‍കറും തമ്മില്‍ വ്യത്യാസം കല്‍പ്പിച്ചിരുന്നു. നിഷിദ്ധമാണെന്ന കാര്യത്തില്‍ ഉമ്മത്തില്‍ ഏകോപിതാഭിപ്രായമുള്ള നിഷിദ്ധങ്ങളാണ് മുന്‍കറാത്ത്. അതില്‍നിന്ന് സ്വയം വിട്ടുനില്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ സാധ്യമായ രീതിയില്‍ അതില്‍നിന്ന് തടയുകയും ചെയ്യാവുന്നതാണ്. എന്നാല്‍ മഅ്‌സ്വിയത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍ സ്വയം നിര്‍ബന്ധമാണെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ അത് തടയുന്നതിന് പരിമിതികളുണ്ട്. ഉദാഹരണത്തിന്, താടി ചെറുതാക്കുന്നത് നിഷിദ്ധമാണെന്ന് ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ താടി ചെറുതാക്കരുത്. എന്നാല്‍ അക്കാര്യത്തില്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാന്‍ പാടില്ല. കാരണം താടി ചെറുതാക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഇല്ല. പുകവലി അറബ് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഹറാമാണ്. അതിനാല്‍ പുകവലിക്കാതിരിക്കുക അവര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ മറ്റുള്ളവരെ പുകവലിയില്‍നിന്ന് തടയേണ്ട ആവശ്യമില്ല (ശരീഅത്ത് വിലക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇവിടെ ചര്‍ച്ച. ആരോഗ്യപരമായ കാരണങ്ങളാലുള്ള വിലക്ക് പ്രശ്‌നം വേറെയാണ്: അതനുസരിച്ച് മധുരം പോലും വിലക്കാമല്ലോ). ഇതിനു വിരുദ്ധമായി കളവ്, കള്ളംപറയല്‍, പരദൂഷണം, വ്യഭിചാരം, സ്വവര്‍ഗ രതി, കൈക്കൂലി, പലിശ എന്നിവയെല്ലാം പാപവും കുറ്റവുമാണെന്നതില്‍ അഭിപ്രായൈക്യമുള്ളതും അതിന്റെ നിഷിദ്ധത വ്യക്തമായ പ്രമാണം കൊണ്ട് സ്ഥാപിതവുമാണ്. അതിനാല്‍ അവ സ്വയം വിട്ടുനില്‍ക്കേണ്ടതും മറ്റുള്ളവരെ തടയേണ്ടതുമായ മുന്‍കറാത്തുകള്‍ അഥവാ തെറ്റുകളാണ്. ഇമാം നവവി പറയുന്നു: 'നിശ്ചയം നിഷിദ്ധമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഉള്ള കാര്യമേ പണ്ഡിതന്മാര്‍ വിലക്കുകയുള്ളൂ. അഭിപ്രായ വ്യത്യാസമുള്ളവ അവര്‍ വിലക്കുകയില്ല.'8 ഇബ്‌നുഖുദാമ പറയുന്നു: 'തെറ്റായ ഒരു കാര്യം വിലക്കണമെങ്കില്‍ അത് നിഷിദ്ധമാണെന്ന് ഗവേഷണം കൂടാതെ തന്നെ ദീനില്‍ സ്ഥിരപ്പെട്ടതായിരിക്കണം. അത് നിഷിദ്ധമാണോ എന്ന കാര്യത്തില്‍ ഇജ്തിഹാദിന് സാധ്യതയുണ്ടെങ്കില്‍ അതിനെ കുറിച്ച് വിചാരണ പാടില്ല.'9 ഈ വ്യത്യാസത്തെ കുറിച്ച് ബോധമില്ലെങ്കില്‍ സമുദായത്തില്‍ ശൈഥില്യവും വിഭാഗീയതയും മാത്രം ഉണ്ടാക്കുന്ന തീവ്രവാദ സമീപനം ജന്മം കൊള്ളും. ഇന്ന് ഈ ബോധത്തിന്റെ കുറവ് കാരണമാണ് എല്ലാവരും ഏതെങ്കിലും വിഷയത്തില്‍ സ്വന്തമായി ഒരഭിപ്രായത്തില്‍ എത്തി അത് മറ്റുള്ളവരില്‍ ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കുന്നതും പൂര്‍വസൂരികള്‍ക്കിടയില്‍ മാത്രമല്ല സ്വഹാബികള്‍ക്കിടയില്‍ പോലും ഒന്നിലധികം അഭിപ്രായങ്ങളുള്ള കാര്യങ്ങളില്‍ ചിലതില്‍ തിന്മ വിലക്കുന്നതിന്റെ ആവേശം പ്രകടിപ്പിക്കുന്നതും. മതത്തെ കുറിച്ച അല്‍പജ്ഞാനം ജന്മം നല്‍കുന്ന ഈ മനോഭാവവും തീവ്രതയുടെ ഒരു രൂപമാണ്.
തീവ്രതയുടെ ഒരു ഫലം നാം എല്ലാ തെറ്റുകളും ദോഷങ്ങളും മറ്റുള്ളവരില്‍ കാണുകയും നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മറ്റുള്ളവരെ ഉത്തരവാദിയാക്കുകയും ചെയ്യുമെന്നതാണ്. നിങ്ങള്‍ ഏതെങ്കിലും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍, പ്രത്യേകിച്ച് ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ എടുത്തു നോക്കൂ. നമ്മുടെ എല്ലാ പ്രശ്‌നങ്ങളെയും ബാഹ്യമായ കാരണങ്ങളുമായി ഏതെങ്കിലും വിധത്തില്‍ അതില്‍ ബന്ധിപ്പിച്ചിട്ടുണ്ടാകും. ലോകത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും അതില്‍ വിശകലനങ്ങളുണ്ടാകും. എന്നാല്‍ സ്വന്തത്തെ കുറിച്ച കണക്കെടുപ്പും ആത്മവിചാരണയും മാത്രം ഉണ്ടാകില്ല.
ഈ പ്രകൃതം ഗൂഢാലോചനാ സിദ്ധാന്തത്തിന് നമുക്കിടയില്‍ വലിയ സ്വീകാര്യത നല്‍കിയിരിക്കുന്നു.ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളെയും സയണിസ്റ്റ് പ്രോട്ടോക്കോളുമായി ബന്ധപ്പെടുത്തുന്നവര്‍ നമുക്കിടയിലും കുറവല്ല.ലോകത്ത് നടക്കുന്നതെല്ലാം ജൂതന്മാരുടെ പദ്ധതി പ്രകാരമാണന്നാണ് അവര്‍ മനസ്സിലാക്കുന്നത്. ഇത് -അല്ലാഹുവില്‍ ശരണം- ജൂതന്മാര്‍ക്ക് ദൈവത്തിന്റെ സ്ഥാനം നല്‍കുന്നതിന് തുല്യമാണ്. ജൂതന്മാരും അല്ലാഹുവിന്റെ അടിമകളും മനുഷ്യരുമാണ്. അല്ലാഹുവിന്റെ തീരുമാനത്തിനു മുമ്പില്‍ നമ്മെ പോലെ അവരും നിസ്സഹായരാണ്. ചതി, വഞ്ചന, ഗൂഢാലോചന എന്നിവക്കും ഒരു പരിധിയുണ്ട്. നമ്മുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നാം ഗവണ്‍മെന്റുകളെ മാത്രം ഉത്തരവാദിയാക്കുന്നു. സാമ്പത്തികദുഃസ്ഥിതിക്ക് പക്ഷപാതിത്വങ്ങളെ കുറിച്ച് വിലപിക്കുന്നു. നമ്മുടെ മാത്രം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ മോശപ്പെട്ട അവസ്ഥക്കും നാം പുറത്ത് കാരണം കണ്ടെത്തുന്നു. നമ്മുടെ സകല ദുഃസ്ഥിതിക്കും നമ്മളൊഴികെ മുഴുലോകവും ഉത്തരവാദിയാണ് എന്ന മട്ടാണ് നമുക്ക്.
കാഴ്ചയിലെ ഈ അസന്തുലിതത്വം നമുക്കൊരിക്കലും നമ്മിലേക്ക് നോക്കാനുള്ള കണ്ണ് തരില്ല. പാശ്ചാത്യലോകത്തെ സ്ത്രീകളുടെ അവസ്ഥയും ഹിന്ദു സമൂഹത്തില്‍ നടമാടുന്ന സ്ത്രീപീഡനവും നാം കാണും. എന്നാല്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക അധ്യാപനങ്ങളില്‍നിന്നുള്ള വ്യതിചലനം നാം ഒരിക്കലും കാണില്ല. വമ്പന്‍ മുതലാളിമാരുടെ ആഡംബര ജീവിതം നാം കാണും. പക്ഷേ നമ്മുടെ വിവാഹങ്ങളിലെ അനാവശ്യ ചെലവുകള്‍ നമുക്ക് വിഷയമല്ല. മുസ്‌ലിംകള്‍ക്കെതിരെയുള്ള തീവ്ര ഹിന്ദുത്വരുടെ നിലപാട് പക്ഷപാതപരവും ആക്ഷേപകരവുമാണെന്ന് നമുക്ക് വേഗത്തില്‍ മനസ്സിലാകും. എന്നാല്‍ കര്‍ക്കശവാദികളായ ചില മുസ്‌ലിംകളുടെ ഹിന്ദുക്കളോടുള്ള തത്തുല്യമായ നിലപാടിനെ അതേ ഗൗരവത്തില്‍ നാം കാണുന്നുണ്ടോ? അമുസ്‌ലിം ഭരണകൂടങ്ങളുടെ നമുക്ക് അനിഷ്ടകരമായ അതേ കാര്യം മുസ്‌ലിം ഭരണകൂടങ്ങളുടേതാണെങ്കില്‍ നാം ഇഷ്ടപ്പെടുന്നു. ഏതെങ്കിലും സമൂഹത്തോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കാന്‍ പ്രേരിപ്പിക്കരുതെന്നല്ലേ ഖുര്‍ആന്‍ നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്? സന്തുലിതത്വത്തില്‍ അധിഷ്ഠിതമായ പ്രകൃതത്തില്‍ നിന്നല്ലാതെ നീതിപൂര്‍വകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല.
ഈ അസന്തുലിതത്വത്തിന്റെ ഫലം മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് മുസ്‌ലിമേതര ലോകത്തെ ഉത്തരവാദിയാക്കുന്നതില്‍ മാത്രം പരിമിതമല്ല. മറിച്ച്, ഓരോ മുസ്‌ലിം വ്യക്തിയും ഗ്രൂപ്പും കരുതുന്നത് പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി തങ്ങളൊഴിച്ച് മുസ്‌ലിം സമുദായത്തിലെ ഇതര വ്യക്തികളും ഗ്രൂപ്പുകളുമാണെന്നാണ്. ഡ്രോയിംഗ് റൂമുകളിലും ചായക്കടകളിലും മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ആ ചര്‍ച്ചയില്‍ നമ്മുടെ ദുഃസ്ഥിതിക്ക് ലോകം മുഴുവന്‍ നാം ഉത്തരവാദികളെ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നാം ഓരോരുത്തരും അതില്‍ എത്രത്തോളം ഉത്തരവാദിയാണ് എന്ന തരത്തിലുള്ള സ്വയംവിചാരണ അപൂര്‍വമായേ അവിടെ ഉണ്ടാകുന്നുള്ളൂ.
ആധുനിക വിദ്യാഭ്യാസം നേടിയവരോട് നിങ്ങള്‍ സംസാരിച്ചുനോക്കൂ. അവര്‍ ഉമ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി മതപണ്ഡിതരാണെന്ന് പറയും. എന്നാല്‍ ഏതെങ്കിലും മതപണ്ഡിതനുമായി സംസാരിച്ചുനോക്കൂ, അവര്‍ ആധുനിക വിദ്യാഭ്യാസം നേടിയ ബുദ്ധിജീവികളുടെ ദൗര്‍ബല്യങ്ങള്‍ ഒന്നൊഴിയാതെ എണ്ണാന്‍ തുടങ്ങും. സാധാരണക്കാര്‍ രാഷ്ട്രീയക്കാരുടെ മേല്‍ ആരോപണം അഴിച്ചുവിടും. രാഷ്ട്രീയ നേതാക്കള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം സാധാരണക്കാരുടെ മേല്‍ കെട്ടിവെക്കും. പ്രായം ചെന്നവര്‍ മാത്രമുള്ള സദസ്സിലേക്ക് പോയി നോക്കൂ. അവിടം ചെറുപ്പക്കാരെ കുറിച്ചുള്ള വിമര്‍ശനത്താല്‍ മുഖരിതമായിരിക്കും. എന്നാല്‍ ചെറുപ്പക്കാരോട് സംസാരിച്ചാലോ, മുതിര്‍ന്നവരെ കുറിച്ച പരാതിയുടെ ഒരു ലോകം അവര്‍ നിങ്ങളുടെ മുന്നിലേക്ക് ഇട്ടുതരും. ഇന്ന് സമുദായത്തിലെ ഭൂരിപക്ഷവും ഇത്തരം പരാതികളുടെ ഫ്രെയ്മിനകത്താണ് ജീവിക്കുന്നത്. നാം അതില്‍നിന്ന് പുറത്തുകടന്ന് നമ്മുടെ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുകയും എന്താണോ പ്രയോഗ രംഗത്ത് നമുക്ക് ചെയ്യാനാകുന്നത് നമ്മുടെ ശ്രദ്ധയും പരിഗണനയും അതാവുകയും ചെയ്താല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകും.
മുകളില്‍ പറഞ്ഞ നിലപാടുകളെല്ലാം തീവ്രതയുടെ ഫലമാണ്. മിതവാദം എന്നാല്‍ നാം നമ്മെ നോക്കുന്ന കണ്ണിലൂടെ തന്നെ മറ്റുള്ളവരെയും നോക്കുകയും മറ്റുള്ളവര്‍ക്ക് ആവശ്യമായ ത്യാഗം സ്വന്തത്തിന് കൂടുതല്‍ ആവശ്യമായി കരുതുകയും തനിക്കാവശ്യമായ പരിഗണന മറ്റുള്ളവര്‍ക്കും നല്‍കുകയുമാണ്. ഉമ്മത്തിന്റെ പ്രശ്‌നങ്ങള്‍ സാമൂഹിക ദൗര്‍ബല്യത്തിന്റെയും ദുഃസ്ഥിതിയുടെയും ഫലമാണ്. അതില്‍ മറ്റുള്ളവരെ പോലെ നമുക്കും പങ്കുണ്ട്. ഓരോരുത്തരും അതില്‍ മറ്റുള്ളവരുടെ പങ്ക് ആലോചിക്കുന്നതിനു പകരം സ്വന്തം പങ്കിനെക്കുറിച്ച് ആലോചിച്ചാല്‍ പല പ്രശ്‌നങ്ങളും തനിയെ പരിഹരിക്കപ്പെടും. ഏതു തരത്തിലുള്ള തീവ്രവാദവും സമുദായത്തിന് നഷ്ടവും അപകടവുമേ വരുത്തുകയുള്ളൂ. അത്തരം തീവ്രമായ നിലപാടുകളെ പരിഷ്‌കരിക്കുകയും ഇസ്‌ലാം ആവശ്യപ്പെടുന്ന സന്തുലിത പ്രകൃതം യുവാക്കളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് ഇന്നത്തെ അടിയന്തരാവശ്യമാണ്.
വിവ: കെ.ടി ഹുസൈന്‍
കുറിപ്പുകള്‍
1. സുനനു ബൈഹഖി. ശുഅബുല്‍ ഈമാന്‍
2-. Cheryi Benard, Civil Democratic Islam Partners Resources Strategies, RAND NSRD Santa Monica CA.2003
3. Seymour Martin Lipset, Political Man, The Social Bases Of Politics
Doubleday and Company, New York, 1960 page 132-140
4. Sirajul Haqq Kugle, Homosexuality in Islam, Critical Reflection on Gay, Lesbian, and Trangender Muslims On Worlde Publication, Oxford 20109
5. അല്‍ഹുജുറാത്ത്
6. അല്‍ബഖറഃ 143
7. ഈ വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ നിലപാട് ഇമാം അബൂഹനീഫ തന്റെ പ്രസിദ്ധമായ ഫിഖ് ഹുല്‍ അക്ബറില്‍ എഴുതിയിട്ടുണ്ട്. നോക്കുക: അബൂഹനീഫ നുഅ്മാനുബ്‌നു സാബിത് അല്‍കൂഫി, അല്‍ഫിഖ്ഹുല്‍ അക്ബര്‍ - ദാഇറതുല്‍ മആരിഫിന്നിളാമിയ്യഃ - ഹൈദരാബാദ്. ദക്കന്‍ അബൂഹനീഫയുടെ ചിന്തകളെ വിമര്‍ശന വിധേയമാക്കിയ ഭാഗങ്ങള്‍ നോക്കുക (ശിബ്‌ലി നുഅ്മാനിയുടെ സീറത്തുന്നുഅ്മാന്‍, മൗദൂദിയുടെ ഖിലാഫത്തും രാജവാഴ്ചയും).
8. യഹ്‌യബ്‌നു ശറഫ് അബൂസകരിയ്യ അന്നവവി, ശര്‍ഹുന്നവവി അലല്‍ മുസ്‌ലിം, കിതാബുല്‍ ഈമാന്‍
9. ഇമാം അഹ്‌മദു ബ്‌നു അബ്ദുര്‍റഹ്‌മാനുബ്‌നു ഖുദാമത്തുല്‍ മഖ്ദിസി - മുഖ്തസ്വറു മിന്‍ഹാജില്‍ ഖാസ്വിദീന്‍, മക്തബ ദാറുല്‍ ബയാന്‍ ബൈറൂത്ത് പേജ് 127, 1978.