പ്രവാചകത്വ പരിസമാപ്തി ഖുര്ആന് സൂക്തങ്ങളില്
പി.പി അബ്ദുര്റഹ്മാന് കൊടിയത്തൂര്
പ്രവാചകന്മാരിലുള്ള വിശ്വാസം അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം പോലെത്തന്നെ ഇസ്ലാമിന്റെ അടിസ്ഥാനമാകുന്നു. മുഹമ്മദ് നബി(സ)യിലും അദ്ദേഹത്തിനു മുമ്പ് നിയുക്തരായ പ്രവാചകന്മാരിലും അവര്ക്ക് അവതരിച്ച ദൈവിക ഗ്രന്ഥങ്ങളിലും വിശ്വസിക്കാന് മാത്രമാണ് വിശുദ്ധ ഖുര്ആന് വിവിധ സന്ദര്ഭങ്ങളിലായി അനുശാസിക്കുന്നത്. ഒരിടത്തും നബി തിരുമേനിക്കു ശേഷമുള്ള ദൈവിക വെളിപാടില് വിശ്വസിക്കാന് ഖുര്ആന് പറഞ്ഞിട്ടില്ല. ശേഷം വെളിപാടുകളും ദൈവിക കല്പനകളും ഉണ്ടാവുകയും അവ വിശ്വസിക്കലും, അതനുസരിച്ച് പ്രവര്ത്തിക്കലും പരലോക മോക്ഷത്തിന് അനിവാര്യമാവുകയും ചെയ്തിരുന്നെങ്കില് തീര്ച്ചയായും ഖുര്ആന് അക്കാര്യം പറയുമായിരുന്നു. എന്നാല് ഖുര്ആനില് പ്രവാചകത്വ പരിസമാപ്തിയെക്കുറിച്ച് സൂചിപ്പിക്കുന്ന സൂക്തങ്ങള് കാണുക:
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ، أُولَئِكَ عَلَى هُدًى مِّن رَّبِّهِمْ ۖ وَأُولَئِكَ هُمُ الْمُفْلِحُونَ (البقرة :4،5)
''നിനക്ക് ഇറക്കിയതിലും നിനക്ക് മുമ്പുള്ളവര്ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരാണവര്; പരലോകത്തില് അടിയുറച്ച ബോധ്യമുള്ളവരും. അവര് തങ്ങളുടെ നാഥന്റെ നേര്വഴിയിലാകുന്നു, വിജയം വരിക്കുന്നവരും അവര് തന്നെ''(അല്ബഖറ: 4,5).
لَّكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَالْمُقِيمِينَ الصَّلَاةَ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا (النساء : 162 )
''എന്നാല് അവരിലെ അഗാധ ജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്കു മുമ്പ് ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു''(അന്നിസാഅ്: 162).
അന്നിസാഅ്: 136, അല്മാഇദ: 59 തുടങ്ങി പല സൂക്തങ്ങളിലും ഈ കാര്യം ആവര്ത്തിച്ചത് കാണാം. ഇവിടെയൊന്നും തന്നെ ഖുര്ആനുശേഷം അവതരിപ്പിക്കപ്പെടുന്ന ഗ്രന്ഥത്തിലോ വഹ്യുകളിലോ വിശ്വസിക്കാന് നിര്ദേശിക്കപ്പെട്ടിട്ടില്ല. 'മിന് ഖബ്ലിക' എന്ന് മുപ്പതിലേറെ തവണ ഖുര്ആനില് വന്നിട്ടുണ്ടെങ്കിലും ഒരിക്കല് പോലും 'മിന് ബഅ്ദിക' (നിന്റെ ശേഷം) എന്ന് പറഞ്ഞിട്ടില്ല. മറിച്ച് മുമ്പ് നിയുക്തരായ പ്രവാചകന്മാരില് ചിലരുടെ പേരുദ്ധരിച്ചുകൊണ്ട് അവരുടെ വഹ്യുകളില് വിശ്വസിക്കാന് ഖുര്ആന് പറഞ്ഞതായി കാണാം.
قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ (البقرة: 136 )
''അല്ലാഹുവിലും അവനില്നിന്ന് ഞങ്ങള്ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്ഹാഖ്, ഇസ്മാഈല്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പര എന്നിവര്ക്ക് ഇറക്കിക്കൊടുത്തവയിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന് നിങ്ങള് പ്രഖ്യാപിക്കുക''(അല്ബഖറഃ 136)
അന്നിസാഅ്: 163, ആലു ഇംറാന്: 84 എന്നീ സൂക്തങ്ങളിലും ഇതാവര്ത്തിച്ചിട്ടുണ്ട്. ഖുര്ആന് ആവശ്യപ്പെടുന്നത് മുഹമ്മദ് നബിക്കും മുന് പ്രവാചകന്മാര്ക്കും ഇറക്കിക്കൊടുത്ത ദൈവിക സന്ദേശങ്ങളില് വിശ്വസിക്കണമെന്ന് മാത്രമാണ്. പില്ക്കാലത്ത് അവതരിപ്പിക്കപ്പെടുന്ന ദിവ്യബോധനത്തെക്കുറിച്ച് വ്യംഗമായ പരാമര്ശം പോലും ഖുര്ആനിലോ ഹദീസുകളിലോ കാണാനാവില്ല.
മിര്സാ ഖാദിയാനിയുടെ പുത്രനും രണ്ടാം ഖലീഫയുമായ മിര്സാ ബശീറുദ്ദീന് മഹ്മൂദ് അഹ്മദിന്റെ ഖുര്ആന് വ്യാഖ്യാനത്തില് ബഖറയിലെ 'വബില് ആഖിറത്തി ഹും യൂഖിനൂന്' എന്നതിന് 'ഭാവിയില് വരാനിരിക്കുന്ന വാഗ്ദത്ത കാര്യങ്ങളില് ദൃഢബോധ്യമുള്ളവര്' എന്നാണ് അര്ഥം നല്കിയത്. അറബി ഭാഷയില് സാമാന്യജ്ഞാനമോ ഖുര്ആനെക്കുറിച്ച് അല്പജ്ഞാനമോ ഉള്ള ആരും തന്നെ ഈ അര്ഥകല്പന അംഗീകരിക്കില്ല. മേല് അര്ഥം സ്വീകരിക്കുന്നതോടെ, ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാന കാര്യമായ പരലോക വിശ്വാസം ഖുര്ആനില് ഇല്ലാതാവുന്നു. മുന് പ്രവാചകന്മാര്ക്കും ഖുര്ആന് നേരിട്ട് നല്കപ്പെട്ട മുഹമ്മദ് നബിക്കും അവതരിപ്പിച്ച വഹ്യുകളില് വിശ്വസിക്കുകയും (യുഅ്മിനൂന്) പില്ക്കാലത്ത് വന്ന ശിഷ്യനബിയും നിഴല് പ്രവാചകനുമായ മിര്സാ ഗുലാമിന് അവതരിപ്പിക്കുന്ന വഹ്യുകളില് ദൃഢവിശ്വാസവും (യൂഖിനൂന്) വേണം അല്ലാഹുവിന്റെ സന്മാര്ഗത്തിലാവാന് എന്നത് വിചിത്രവാദം തന്നെയാണല്ലോ.
പ്രസ്തുത തഫ്സീറിനെ അധികരിച്ച് മലയാളത്തില് തയാറാക്കിയ ഖുര്ആന് വ്യാഖ്യാനത്തില് ഈ സൂക്തത്തിന് നല്കുന്ന അര്ഥവും വ്യാഖ്യാനവും ചുവടെ: ''നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്കു മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരുമാണവര്. പരലോക ജീവിതത്തില് അവര് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു.''
തുടര്ന്ന് വിശദീകരിക്കുന്നു: ''ആഖിറത്ത് എന്ന പദത്തിന്റെ പ്രഥമാര്ഥം പരലോകം എന്നാണ്. ഈ പദത്തിന് വരാനിരിക്കുന്നത്, പിന്നീട് വരുന്നത്, പില്ക്കാലത്തേത്, അവസാനത്തേത് എന്നീ അര്ഥങ്ങളുമുണ്ട്. ഈ അര്ഥപ്രകാരം വരാനിരിക്കുന്ന വാഗ്ദത്ത കാര്യങ്ങള് എന്ന് വിവക്ഷ'' (മലയാള പരിഭാഷ പേജ്: 13).
പ്രഥമാര്ഥമായ പരലോകമെന്ന് സത്യം പറയാന് പറ്റാത്തതിനാലാവാം. എന്നാല് ആചാര്യന്റെ പ്രവാചകത്വത്തിനാവശ്യമായ ദുര്വ്യാഖ്യാനത്തിന് മുതിരുകയാണ് രണ്ടാം അര്ഥ കല്പനയിലൂടെ. അല്ലാഹു ഒരു പ്രവാചകനെ അയക്കുമെന്നും അദ്ദേഹത്തിന് നല്കപ്പെടുന്ന വഹ്യുകളില് വിശ്വസിച്ചെങ്കിലേ മോക്ഷം ലഭിക്കുകയുള്ളൂവെന്നും പരലോകമെന്ന പ്രഥമാര്ഥമുള്ള ഒരു പദപ്രയോഗത്തിലൂടെ സുവിശേഷമറിയിച്ചാല് മതിയോ? അത് കണ്ടെത്താനാവാതെ ലോകത്തെ കോടാനുകോടി മുസ്ലിംകള് നരകത്തില് പോവുന്ന ദുഃസ്ഥിതി സംജാതമാവുമോ? ഇത്രയും ക്രൂരനും നീതിനിഷേധിയുമാണോ ഖാദിയാനികള് വിശ്വസിക്കുന്ന അല്ലാഹു? (നഊദുബില്ലാ)
ഈ സൂക്തത്തിലൂടെ ഏതൊരാളെയാണോ ഖാദിയാനികള് പ്രവാചകനായി എഴുന്നള്ളിക്കുന്നത്, അതേ സാക്ഷാല് മിര്സാ ഗുലാം അഹ്മദ് ഈ ആയത്ത് വിശദീകരിക്കുന്നത് കൂടി വായിക്കുക:
''അത്യന്തം അദൃശ്യനായ അല്ലാഹുവില് വിശ്വസിക്കുകയും നമസ്കാരം നിലനിര്ത്തുകയും ദൈവമാര്ഗത്തില് വ്യയം ചെയ്യുകയും നിനക്ക് ഇറക്കിത്തന്ന ഗ്രന്ഥത്തിലും നിനക്ക് മുമ്പുള്ളവര്ക്ക് ഇറക്കിക്കൊടുത്തവയിലും വിശ്വസിക്കുകയും ചെയ്ത ആളുകള് മാത്രമാണ് മുത്തഖികള്. അവര് നാഥന്റെ ഹിദായത്ത് നേടിയവരും മോക്ഷാര്ഹരുമാകുന്നു'' (ഹഖീഖത്തുല് വഹ്യ് പേജ്: 132)
ഇവിടെ പരലോകവിശ്വാസം വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും ആഖിറത്തിന് 'പില്ക്കാല വഹ്യുകള്' എന്ന് അര്ഥം നല്കാന് മിര്സാ ഖാദിയാനി ധൃഷ്ടനായില്ല എന്നത് ശ്രദ്ധേയമാണ്.
മിര്സാ ഖാദിയാനിയുടെ ബൈഅത്തില് പ്രവേശിച്ച ഡോ. അബ്ദുല് ഹകീം ഖാന് പിന്നീട് അഹ്മദിയ്യത്ത് ഉപേക്ഷിച്ചു. തുടര്ന്ന് അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുകയും മുഹമ്മദ് നബിയെ അവിശ്വസിക്കുകയും ചെയ്തവര് മോക്ഷാര്ഹരാണെന്ന വാദമുന്നയിക്കുകയും ചെയ്തുവത്രെ! അതിന് സുദീര്ഘമായി മറുപടി നല്കുമ്പോള് മുഹമ്മദ് നബിയില് വിശ്വസിക്കല് നിര്ബന്ധമാണെന്നതിന് 16 ആയത്തുകള് തെളിവായി ഉദ്ധരിച്ചിരിക്കുന്നു. അക്കൂട്ടത്തില് സൂറഃ ബഖറയിലെ രണ്ട് മുതല് ആറ് വരെയുള്ള സൂക്തങ്ങള്ക്ക് മിര്സാ ഖാദിയാനി നല്കിയ വിശദീകരണമാണ് മേലുദ്ധരിച്ചത്. അടിക്കുറിപ്പില് അദ്ദേഹം തുടര്ന്നെഴുതുന്നു. ''ഈ ഗ്രന്ഥം മുത്തഖികള്ക്ക് സമ്പൂര്ണ മാര്ഗദര്ശക ഗ്രന്ഥമാകുന്നു. മനുഷ്യര്ക്കാവശ്യമായ പരമമായ ഹിദായത്ത് ഈ ഗ്രന്ഥം മുഖേന ലഭ്യമാകുന്നു''(പേജ് 134).
മനുഷ്യന്റെ സന്മാര്ഗത്തിന് മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമേയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ കൃതി രചിച്ചത് 1905-ല് മിര്സാ ഖാദിയാനി മരിക്കുന്നതിന്റെ മൂന്ന് വര്ഷങ്ങള്ക്കു മുമ്പ് മാത്രമാണ്. പിന്നീട് അദ്ദേഹം അഭിപ്രായം മാറ്റിയിട്ടില്ല. മോക്ഷത്തിനും സന്മാര്ഗത്തിനും ഈയൊരു ഗ്രന്ഥം മതിയെങ്കില് തുടര്ന്ന് പ്രവാചകന്മാരുടെ ദിവ്യബോധനം അന്വേഷിക്കേണ്ട കാര്യമില്ലല്ലോ.
മിര്സാ ഖാദിയാനി സമര്പ്പിച്ച ഒന്നു രണ്ടു ആയത്തുകള് കൂടി പരാമര്ശിക്കുന്നത് ഉചിതമായിരിക്കും. അധ്യായം നിസാഇലെ 136-ാം സൂക്തം: ''വിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും ആ ദൂതന് അവതീര്ണമായ ഗ്രന്ഥത്തിലും അതായത് ഖുര്ആനിലും വിശ്വസിക്കുക. നേരത്തേ ഇറക്കിയ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക, അതായത് തൗറാത്തിലും മറ്റും. അല്ലാഹുവിലും മലക്കുകളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര് സത്യത്തില്നിന്നും ബഹുദൂരം അകന്നവരും മോക്ഷം നിഷേധിക്കപ്പെട്ടവരുമാകുന്നു''(ഹഖീഖതുല് വഹ്യ്: 126).
സൂറഃ മുഹമ്മദില് പ്രവാചകന്റെ(സ) പേരെടുത്തു പറഞ്ഞുകൊണ്ട് അല്ലാഹു അരുളുന്നു. ''വിശ്വസിക്കുകയും നന്മ പ്രവര്ത്തിക്കുകയും ചെയ്യുന്നവരും മുഹമ്മദ് നബി(സ)ക്ക് അവതരിച്ചതില് വിശ്വസിക്കുകയും ചെയ്യുന്നവര്. അതാണ് സത്യം. അവരുടെ തെറ്റുകള് പൊറുക്കപ്പെടുകയും ഹൃദയങ്ങള് ശുദ്ധീകരിക്കുകയും ചെയ്യും. അല്ലാഹുവിന് പ്രവാചകനെ(സ) വിശ്വസിക്കുന്നവരോടുള്ള തൃപ്തി എത്രത്തോളമാണെന്ന് കാണുക. കുറ്റങ്ങള് മാപ്പാക്കുകയും ആത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കയാണ് അല്ലാഹു'' (IBID:129).
അല്ലാഹുവിന്റെ അവസാനത്തെ ദൂതനായ മുഹമ്മദി(സ)ല് വിശ്വസിക്കുന്നവര് തന്നെ മോക്ഷപ്രാപ്തിക്കും ആത്മശുദ്ധീകരണത്തിനും അല്ലാഹുവിന്റെ തൃപ്തിക്കും സ്നേഹത്തിനും പാത്രമാവുമെങ്കില് പിന്നെന്തിന് ഒരു നിഴല് പ്രവാചകനെ അന്വേഷിക്കണം? അദ്ദേഹത്തിന് ലഭിച്ച ദിവ്യസന്ദേശമാകട്ടെ ലോകാവസാനം വരെയുള്ളവര്ക്കു വേണ്ടി അവതരിച്ചതുമാണ്. പ്രവാചകത്വം വാദിച്ച ആള് തന്നെയാണ് ഖുര്ആന് സൂക്തങ്ങളുടെ പിന്ബലത്തോടെ അസന്ദിഗ്ധമായി ഇക്കാര്യം പ്രഖ്യാപിക്കുന്നത്. മറ്റൊരു പ്രവാചകന് വരാനുണ്ടായിരുന്നുവെങ്കില് ഖുര്ആന് ഇവ്വിധം പറയുമായിരുന്നോ?
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ (المائدة: 3 )
''ഇന്ന് നിങ്ങളുടെ ദീന് നിങ്ങള്ക്ക് ഞാന് പൂര്ത്തീകരിച്ചുതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് പൂര്ണമാക്കിത്തരികയും ഇസ്ലാമിനെ നിങ്ങള്ക്ക് ജീവിത വ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു''(മാഇദഃ: 3)
പ്രവാചകന്റെ(സ) വിടവാങ്ങല് ഹജ്ജിന്റെ വേളയില് അല്ലാഹു വഹ്യ് നല്കിയിരിക്കുകയാണ്; ഇസ്ലാമിനെ എല്ലാ അനുഗ്രഹങ്ങളും പൂര്ത്തീകരിച്ചു തനിക്ക് തൃപ്തിപ്പെട്ട ദീനാക്കി നല്കിയിരിക്കുന്നുവെന്ന്. ഇനി ഇതില് ഏറ്റക്കുറവു വരുത്തുന്നതിനായി ഒരാളെയും നിയോഗിക്കുകയില്ലെന്ന് ഈ സൂക്തത്തില്നിന്ന് മനസ്സിലാക്കാം.
ഇസ്ലാമിനെ നവീകരിക്കാനും സുറയ്യാ നക്ഷത്രത്തോളം ഉയര്ന്നുപോയ വിശ്വാസത്തെ തിരിച്ചെത്തിക്കാനും ഖുര്ആന് കാലികമായ വിശദീകരണം നല്കാനുമൊക്കെയാണ് മിര്സാ ഗുലാം അഹ്മദിനെ പ്രവാചകനായി അയച്ചതെന്നാണ് ഖാദിയാനി വിഭാഗത്തിന്റെ വിശ്വാസവും വാദവും. ഉദ്ധൃത സൂക്തമാകട്ടെ, അതിന്റെ ആവശ്യം അംഗീകരിക്കുന്നില്ല. സമ്പൂര്ണ ജീവിത വ്യവസ്ഥയായും
സര്വാനുഗ്രഹപൂര്ത്തീകരണമായും ഇസ്ലാമിനെ മുഹമ്മദ് നബിക്ക് തന്നെ നല്കിയിരിക്കെ ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ലല്ലോ. വിശ്വാസം, കര്മം, ധര്മം, സംസ്കാരം, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം തുടങ്ങി എല്ലാറ്റിലും സമ്പൂര്ണമായ നിയമനിര്ദേങ്ങള് ഉള്ച്ചേര്ന്ന വിശുദ്ധ ഖുര്ആന് സമ്പൂര്ണവും ലോകാവസാനം വരെ സുരക്ഷിതവുമാണെന്ന് വിശ്വസിക്കുന്ന മുസ്ലിംകള്ക്ക് പുതിയ നിയമസംഹിതയോ ഖുര്ആന് ഏച്ചുകെട്ടലോ ആവശ്യമില്ല.
ഈ സൂക്തത്തെ സാക്ഷാല് മിര്സാ ഖാദിയാനി വിശദീകരിച്ചതിങ്ങനെ: ''അതേപ്രകാരം അല്യൗമ അക്മല്തു.. എന്ന സൂക്തവും 'വലാകിന് റസൂലല്ലാഹി' എന്ന സൂക്തവും വ്യക്തമായിത്തന്നെ മുഹമ്മദ് നബിയില് പ്രവാചകത്വം അവസാനിപ്പിച്ചിരിക്കുന്നു. അദ്ദേഹം ആ കാര്യം വളരെ വ്യക്തമായിത്തന്നെ അരുളിയിട്ടുമുണ്ട്.''(തുഹ്ഫയേ ഗോള്ഡവിയ്യ പേജ്: 51)
ഖാതമുന്നബിയ്യീന്റെ കൂടെ ദീന് പൂര്ത്തിയാക്കിയ സൂക്തവും ചേര്ത്തുവെച്ചുകൊണ്ടാണ് മിര്സാ ഖാദിയാനി പ്രവാചകത്വ സമാപ്തി തെളിയിക്കുന്നത്. എന്നാല് അയാള് തന്നെ പ്രവാചകത്വം വാദിക്കുകയും അനുയായികളില് ഒരു വിഭാഗം അത് വിശ്വസിക്കുകയും ചെയ്തതും നമുക്ക് കാണാനാവും.
ഖാദിയാനികളുടെ പ്രവാചകനാകട്ടെ, ഖുര്ആന് വിശദീകരിക്കുന്നതിനു പകരം ഖുര്ആനിലെ ഖണ്ഡിതമായ നിയമനിര്ദേശങ്ങളെ റദ്ദ് ചെയ്തുകൊണ്ട് പുതിയ നിയമങ്ങള് സമര്പ്പിക്കുകയായിരുന്നു. സായുധ ജിഹാദ് ഹറാമാക്കുകയും സകാത്തിന് പകരം 'ചന്ദ' എന്ന പേരില് ധനസമാഹരണം നടത്തുകയും ചെയ്തത് ഉദാഹരണങ്ങളാണ്.
ആറാം ശതകത്തിലെ മുജദ്ദിദായി ഖാദിയാനികള് അംഗീകരിക്കുന്ന ഇബ്നുകസീര് ഈ സൂക്തം വിശദീകരിക്കുന്നു: ''ഈ ദീന് പൂര്ത്തിയാക്കിത്തന്നതാകുന്നു മുസ്ലിം ഉമ്മത്തിനോട് അല്ലാഹു ചെയ്ത മഹത്തായ അനുഗ്രഹം. മുഹമ്മദീയ സമുദായം പുതിയ പ്രവാചകന്റെയും ദീനിന്റെയും ആവശ്യമില്ലാത്ത സ്ഥിതി കൈവരിച്ചു. മനുഷ്യസമൂഹത്തിനും ജിന്ന്സമൂഹത്തിനും പ്രവാചകനായി മുഹമ്മദ് നബി(സ)യെ നിശ്ചയിക്കുകയും ചെയ്തു''(ഭാഗം 2, പേജ്: 12).
ഇബ്നു അബ്ബാസ് പറയുന്നു: ''ഈ സൂക്തത്തിലെ ദീന് കൊണ്ട് ഇസ്ലാമാണ് ഉദ്ദേശിക്കുന്നത്. വിശ്വാസികള്ക്കായി ഇസ്ലാം ദീനിനെ പരിപൂര്ണമാക്കിയതോടെ യാതൊരു കൂട്ടിച്ചേര്ക്കലോ കുറവു വരുത്തലോ ആവശ്യമില്ലാത്തതായി അത് മാറിയിരിക്കുന്നു. അല്ലാഹു അതിനെ തൃപ്തിപ്പെട്ടിരിക്കെ ഒരിക്കലും അത് അതൃപ്തമാവുകയുമില്ല'' (ഇബ്നു കസീര് ഉദ്ധരിച്ചത് ഭാഗം 2, പേ: 12).
ഇമാം റാസി വിശദീകരിക്കുന്നതു കൂടി നോക്കുക: ''നബി(സ) തിരുമേനി ഈ സൂക്തം അവതരിച്ച ശേഷം 81-ഓ 82-ഓ ദിവസങ്ങള് മാത്രമേ ജീവിച്ചിരുന്നിട്ടുള്ളൂ. ആ കാലയളവില് യാതൊരു കൂട്ടിച്ചേര്ക്കലും മാറ്റത്തിരുത്തലും വരുത്തിയിട്ടില്ല. സൂക്തം കേട്ട സ്വഹാബികള് സന്തോഷം പ്രകടിപ്പിച്ചപ്പോള് അബൂബക്ര് സ്വിദ്ദീഖ് (റ) പൊട്ടിക്കരഞ്ഞു. കാരണമന്വേഷിച്ചപ്പോള് അദ്ദേഹം പറഞ്ഞു: നബി തിരുമേനിയുടെ അന്ത്യമടുത്തിരിക്കുന്നുവെന്നതിന്റെ തെളിവാണീ സൂക്തം. അദ്ദേഹത്തിന്റെ ബുദ്ധികൂര്മതയുടെ തെളിവാണ് ഇത്''(തഫ്സീര് കബീര് വാള്യം: 11, പേജ്: 142).
മതനിയമങ്ങള് പൂര്ത്തീകരിക്കുകയും ദിവ്യബോധനം അവസാനിക്കുകയും ചെയ്തിരിക്കെ പ്രവാചകന്റെ തിരോധാനമടുത്തിരുന്നുവെന്ന തിരിച്ചറിവാണ് അബൂബക്റിനെ കരയിപ്പിച്ചത്. മുന്കാല മുഫസ്സിറുകള് ഈ സൂക്തം പ്രവാചകത്വത്തിന്റെ പരിസമാപ്തിക്ക് തെളിവായി വിശദീകരിച്ചതു കാണാം.
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا ، وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا (الأحزاب: 45،46 )
അധ്യായം അഹ്സാബില് അല്ലാഹു പറയുന്നു: ''നിശ്ചയമായും നാം താങ്കളെ സാക്ഷിയും ശുഭവാര്ത്തയറിയിക്കുന്നവനും മുന്നറിയിപ്പു നല്കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരം അവനിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് താങ്കളെ അയച്ചത്.'' (45, 46).
പരലോകത്ത് തന്റെ സമുദായത്തില്പെട്ട ജനങ്ങള്ക്ക് സാക്ഷിയായിരിക്കും മുഹമ്മദ് നബി(സ). സ്വര്ഗത്തെക്കുറിച്ച സന്തോഷവാര്ത്തയും നരകത്തെക്കുറിച്ച മുന്നറിയിപ്പും നല്കുകയും ദീനിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്ത റസൂല് പ്രകാശം ചൊരിയുന്ന സൂര്യനു തുല്യമാണ്. ഇബ്നു കസീറിന്റെ ഭാഷയില് 'സൂര്യവെളിച്ചം പോലെ തെളിഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രവാചകത്വം. ശത്രുക്കളല്ലാതെ അതിനെ നിഷേധിക്കുകയില്ല' (ഭാഗം 3, പേജ്: 498).
പ്രപഞ്ചത്തില് വെളിച്ചം, ചൂട്, ഊര്ജം തുടങ്ങിയവയുടെ മൂലസ്രോതസ്സാണ് സൂര്യന്. ജീവജാലങ്ങളുടെ നിലനില്പ്പിന് ആശ്രയമാണത്. അതേപോലെ വിശ്വാസം, വിജ്ഞാനം, ധാര്മികത, ദൈവികജ്ഞാനം തുടങ്ങിയവയുടെ സമ്പൂര്ണ്ണ സ്രോതസ്സ് പ്രവാചകനാകുന്നു. നബിമാരുടെ അധ്യാപനത്തിലൂടെ മാത്രമാണ് അവ മനുഷ്യന് ലഭിക്കുക. അതിന്റെ
പരിപൂര്ണതയാണ് മുഹമ്മദ് നബി(സ)യിലൂടെ അവതീര്ണമായത്.
സൂര്യന് അസ്തമിക്കുമ്പോള് ഇരുട്ട് പരക്കുന്നതുപോലെ പ്രവാചകത്വത്തിന്റെ അഭാവത്തില് ജാഹിലിയ്യത്ത്, ശിര്ക്ക്, അജ്ഞത, അക്രമം തുടങ്ങിയവ വ്യാപിക്കുന്നു. സൂര്യോദയത്തോടെ തമസ്സകന്ന് വെട്ടം വീശുന്നു. നബി തിരുമേനി(സ)യെ സൂര്യനോട് ഉപമിച്ചതിലൂടെ മറ്റു വെളിച്ചങ്ങളുടെ ആവശ്യത്തെ നിരാകരിക്കുകയാണ് ഖുര്ആന് ചെയ്യുന്നത്. അതിനപ്പുറം മറ്റു മാര്ഗ ദര്ശനങ്ങളുടെ ആവശ്യമില്ലാതാവുന്നു, എന്നല്ല മറ്റൊന്നിനും അതിന്റെ മുമ്പില് വെളിച്ചമായി പ്രകാശിക്കാന് പറ്റില്ല.
സൂര്യന് പ്രകാശിക്കുമ്പോള് വസ്തുക്കളില് വെളിച്ചം പ്രസരിക്കുന്നു. ചന്ദ്രനില് പ്രകാശം വീഴുമ്പോള് അത് പ്രകാശിതമാവുമെങ്കിലും മറ്റൊരു സൂര്യന് സൃഷ്ടിക്കപ്പെടുന്നില്ല. അതേപോലെ പ്രവാചകത്വത്തിന്റെ സൂര്യനില്നിന്ന് വെളിച്ചം തേടുന്നവര്ക്ക് ഇമാമും മുജദ്ദിദും വലിയ്യുമൊക്കെയായ ചന്ദ്രന്മാര് ആകാമെങ്കിലും കൊച്ചു സൂര്യന്മാരാവാന് പറ്റില്ല. ഏറ്റവും സുന്ദരവും അനുയോജ്യവുമായ നാമങ്ങളാണ് ഈ സൂക്തത്തില് നബി തിരുമേനിക്ക് നല്കിയിട്ടുള്ളത്.
പരലോകത്ത് വിചാരണാ വേളയില് ഓരോ പ്രവാചകന്റെയും സമുദായത്തിന് തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച സന്ദേശം എത്തിച്ചിരുന്നുവോ എന്ന് ആ പ്രവാചകനോടും അല്ലാഹു ചോദിക്കും. ക്രിസ്ത്യാനികളുടെ വിസ്താര സന്ദര്ഭത്തില് നിന്നെയും നിന്റെ മാതാവിനെയും എന്നെ കൂടാതെ ആരാധിക്കാന് നീയായിരുന്നോ പറഞ്ഞത് എന്ന് യേശുവിനോട് ചോദിക്കുന്ന സന്ദര്ഭത്തെപ്പറ്റി ഖുര്ആന് വിവരിക്കുന്നു. അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തിക്കൊണ്ട് ഈസാ (അ) നല്കുന്ന മറുപടിയും ഖുര്ആന് ഉദ്ധരിക്കുന്നു: ''നീ കല്പിച്ചത് മാത്രമേ ഞാന് പറഞ്ഞിട്ടുള്ളൂ''
ഇതുപോലെ മുസ്ലിം ഉമ്മത്തിന്റെ ചെയ്തികളെ ചൊല്ലി തന്നോടും ചോദിക്കുമെന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. ഉദ്ധൃത സൂക്തത്തിലെ സാക്ഷിയുടെ വിവക്ഷ അതുതന്നെയാണ്. ആദം(അ) മുതല് മുഹമ്മദ് (സ) വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും സമുദായങ്ങള് വഴിപിഴച്ചതിന്റെ ഉത്തരവാദിത്തം പ്രവാചകന്മാര് സന്ദേശം എത്തിക്കാത്തതുകൊണ്ടല്ല, മറിച്ച് ആ സന്ദേശങ്ങളെ അവഗണിച്ചതിന്റെ ഫലമാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ശിക്ഷ വിധിക്കാനാണ് നീതിമാനായ അല്ലാഹു ഇവ്വിധം ചെയ്യുന്നത്.
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (الصف: 9 )
''അല്ലാഹുവാണ് തന്റെ ദൂതനെ നേര്മാര്ഗവും സത്യമതവുമായി നിയോഗിച്ചത്, മറ്റെല്ലാ ജീവിതക്രമ(ദീന്)ങ്ങളേക്കാളും അതിനെ വിജയിപ്പിക്കുന്നതിന്; ബഹുദൈവാരാധകര്ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും''(സ്വഫ്ഫ്: 9).
മുഹമ്മദ് നബി (സ) കൊണ്ടുവന്ന ദീന്-ഇസ്ലാം- മറ്റെല്ലാ മതങ്ങളെയും അതിജയിക്കുമെന്ന് പ്രവചനമാണ് ഈ സൂക്തം. അദ്ദേഹം മുഖേന തന്നെ ഈ ദീന് അതിജയിക്കുമെങ്കില് മറ്റൊരു പ്രവാചക നിയോഗത്തിന്റെ ആവശ്യമെന്ത്? ഇനിയുമൊരു പ്രവാചകനെ നിയോഗിച്ചാല് ആ ദീനായിരിക്കും ഇസ്ലാമടക്കമുള്ള മതങ്ങളെ അതിജയിക്കുക. അങ്ങനെ സംഭവിക്കുമ്പോള് ഈ സൂക്തത്തിലെ പ്രവചനം സാക്ഷാത്കരിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അല്ലാഹു വിജയിപ്പിക്കുന്ന ദീനിന്റെ പ്രവാചകന് ഖുര്ആന് അവതീര്ണമായ മുഹമ്മദ് നബിയായിരിക്കും. മറ്റൊരു പ്രവാചകന്റെയും മതത്തിന് കവച്ചുവെക്കാനാവില്ല എന്നത്രെ ഈ സൂക്തത്തിന്റെ പൊരുള്.
'അഹ്മദി മുസ്ലിംകള്' എന്ന് സ്വയം നാമകരണം ചെയ്ത ഖാദിയാനികള് സമര്പ്പിക്കുന്നത് അഹ്മദീയ ഇസ്ലാമാണല്ലോ. ഖുര്ആന് പറഞ്ഞത് അല്ലാഹുവിന്റെയടുത്ത് ദീന് ഇസ്ലാമാകുന്നുവെന്നാണ്. ആ ദീന് അഹ്മദിയാ ഇസ്ലാമല്ലാത്തതിനാല് അതിനെയടക്കം അതിജയിക്കുക മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ്ലാം ദീന് മാത്രമായിരിക്കും. എല്ലാറ്റിനെയും അതിജയിക്കുന്നതും അതിജീവിക്കുന്നതുമായ ദീനിന് ഒരു ദൈവദൂതനും ഒരു ദൈവിക ഗ്രന്ഥവുമാണ് അന്ത്യദിനം വരെ ഉണ്ടാവുക എന്നത് ഉദ്ധൃത സൂക്തത്തിന്റെ അനിവാര്യമായ ആശയമാണ്.
وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَى ذَلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ ، فَمَن تَوَلَّى بَعْدَ ذلِكَ فَأُولئِكَ هُمُ الْفَاسِقُونَ (آل عمران: 81،82 )
''അല്ലാഹു പ്രവാചകന്മാരോട് കരാര് വാങ്ങിയ സന്ദര്ഭം ഓര്ക്കുക, ഞാന് നിങ്ങള്ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്കി. പിന്നീട് നിങ്ങളുടെ പക്കലുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന് നിങ്ങളുടെയടുത്ത് വരികയാണെങ്കില് ഉറപ്പായും നിങ്ങള് അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം. തുടര്ന്ന് അല്ലാഹു ചോദിച്ചു; 'നിങ്ങളിതു സ്വീകരിക്കുകയും എന്നോട് ചെയ്ത ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തില്ലേ? അവര് പറഞ്ഞു; 'അതേ ഞങ്ങള് സ്വീകരിച്ചിരിക്കുന്നു.' എങ്കില് നിങ്ങള് സാക്ഷികളാകുവിന്, ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്നിന്ന് പിന്തിരിയുന്നവര് പാപികള് തന്നെയാകുന്നു'' (ആലു ഇംറാന്: 81, 82).
എല്ലാ പ്രവാചകന്മാരും മുഹമ്മദ് നബിക്ക് മുമ്പേ കഴിഞ്ഞുപോയിട്ടുണ്ടെന്ന് ഈ സൂക്തം തെളിയിക്കുന്നു. അവരോടൊക്കെയും പില്ക്കാലത്ത് വരുന്ന പ്രവാചകനെ വിശ്വസിക്കാനും സഹായിക്കാനുമുള്ള പ്രതിജ്ഞ വാങ്ങിയിരിക്കുകയാണ് അല്ലാഹു. മുഹമ്മദ്(സ) നിയുക്തനാവുമ്പോള് ആ പ്രവാചകന്മാരാരും തന്നെ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്നതില്നിന്ന് ഈ പ്രതിജ്ഞ പാലിക്കേണ്ടത് ആ സമയത്ത് ജീവിച്ചിരിപ്പുള്ള അനുയായികളാണെന്ന് വ്യക്തമാണ്. പ്രവാചക ദൗത്യം നിലനില്ക്കുന്നതു വരെ മുന് പ്രവാചകന്മാരുടെ അനുയായികള് പാലിക്കേണ്ട കരാറാണിത്. എന്നു വെച്ചാല് മുഹമ്മദി(സ)ന്റെ പ്രവാചകത്വം നിലനില്ക്കുന്ന ഖിയാമത്ത് വരെയുള്ള ഇതര പ്രവാചകന്മാരുടെ അനുയായികള് ഈ ബാധ്യത നിറവേറ്റാന് ബാധ്യസ്ഥരാകുന്നുവെന്നര്ഥം. പ്രവാചകന് മുഹമ്മദും(സ) പില്ക്കാലത്ത് ഖുര്ആന് വിവരിച്ച എല്ലാ മുഫസ്സിറുകളും മിര്സാ ഗുലാം അഹ്മദ് ഖാദിയാനി തന്നെയും നിര്വിശങ്കം ഇക്കാര്യം പറഞ്ഞത് കാണുക.
നേരത്തേ പറഞ്ഞ ഡോ. അബ്ദുര്ഹകീം ഖാന്റെ വാദത്തെ ഖണ്ഡിക്കാനായി ഉദ്ധരിച്ച 16 ആയത്തുകളില് ഉദ്ധൃത സൂക്തം വിവരിച്ചു കൊണ്ട് മിര്സ എഴുതി: ''പ്രവാചകന്മാര് അതത് കാലങ്ങളില് തന്നെ മരിച്ചുപോയിട്ടുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. ആ പ്രവാചകന് ആഗതനായാല് വിശ്വസിക്കാന് കല്പിച്ചിരിക്കുന്നത് പ്രവാചകന്മാരുടെ സമുദായങ്ങളോടാകുന്നു. അല്ലാത്ത പക്ഷം ചോദിക്കപ്പെടും. ഇനി പറയൂ അബ്ദുല് ഹകീം ഖാന്, 'അര്ധമുല്ല ഈമാന് ആപത്ത്' എന്ന് പറഞ്ഞ പോലെ വരണ്ട തൗഹീദ് കൊണ്ട് മാത്രം രക്ഷ കിട്ടുമായിരുന്നെങ്കില് മുഹമ്മദ്നബി(സ)യില് വിശ്വസിക്കാത്ത ഏകദൈവവിശ്വാസികളെ എന്തിനാണ് അല്ലാഹു ശിക്ഷിക്കുന്നത്?
ഇതിനു പുറമെ തൗറാത്തിലെ 18-ാം അധ്യായത്തില് പറയുന്നു 'അന്ത്യകാലത്ത് വരാനിരിക്കുന്ന ഈ പ്രവാചകനെ വിശ്വസിക്കാത്തവര് ചോദിക്കപ്പെടും. തൗഹീദ് മാത്രം മതിയെങ്കില് എന്തിനാണ് ഇങ്ങനെ ചോദ്യം ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും?'' (ഹഖീഖതുല് വഹ്യ് പേജ്: 131)
ഈ സൂക്തത്തില് പറഞ്ഞ പ്രവാചകന് മുഹമ്മദ്(സ) ആണെന്ന കാര്യത്തില് ആര്ക്കും ഒട്ടും സശയമില്ല. എന്നാല് കേരളത്തിലെ ഖാദിയാനികളുടെ ഒരു നേതാവ് ഇതേ സൂക്തം തന്നെ ഇനിയും പ്രവാചകന്മാര് വരുമെന്ന് തെളിയിക്കാന് വേണ്ടി ഉദ്ധരിച്ചിരിക്കുന്നു. തങ്ങള് വിശ്വസിക്കുന്ന പ്രവാചകന്റെ പുസ്തകങ്ങള് വായിക്കാത്തതിന്റെയോ മറച്ചുവെച്ചതിന്റെയോ ഫലമാണ് ഇത്തരം ജല്പനങ്ങള്. ഇതൊരു തെളിവാകുമെങ്കില് പില്ക്കാലത്ത് പ്രവാചകത്വം വാദിക്കുന്ന എല്ലാവര്ക്കും ഇത് തെളിവാകുമല്ലോ. എന്നാല് ഇതില് ഒരേയൊരു പ്രവാചകനെക്കുറിച്ചാണ് പറഞ്ഞതെന്ന കാര്യവും ശ്രദ്ധേയമാണ്.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (النساء: 59 )
''വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക; നിങ്ങളില്നിന്നുള്ള കൈകാര്യകര്ത്താക്കളെയും. ഏതെങ്കിലും കാര്യത്തില് നിങ്ങള്ക്കിടയില് തര്ക്കമുണ്ടായാല് അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക, നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില് ഇതാണ് ഏറ്റവും നല്ലത്. ഏറ്റവും നല്ല ഒടുക്കവും ഇതു തന്നെ''(അന്നിസാഅ്: 59).
സത്യവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അല്ലാഹുവിന്റെ കല്പനയാണിത്. ഏതെങ്കിലും കാര്യത്തില് വിശ്വാസികള്ക്കിടയില് അഭിപ്രായഭിന്നതയുണ്ടായാല് പരിഹാര നിര്ദേശവും ഇതിലുണ്ട്. അതിന്റെ നിര്ധാരണത്തിന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്ആനിലെ നിര്ദേശങ്ങള് നോക്കുക. വിശദീകരണത്തിന് പ്രവാചകന്റെ ചര്യ പരിശോധിക്കുക. ലോകാവസാനം വരെ സുരക്ഷിതമായി നിലനില്ക്കുന്ന വിശുദ്ധ ഖുര്ആന്റെ നിര്ദേശം, ഇടക്കാലത്ത് മറ്റൊരു പ്രവാചകനെ നിയമിക്കുകയും അല്ലാഹുവിന്റെ വിധിവിലക്കുകളും നിയമനിര്ദേശങ്ങളും നല്കുകയും ചെയ്യുന്നതോടെ അപ്രസക്തവും അനാവശ്യവുമായിത്തീരും.
ഇതിനെ ബലപ്പെടുത്തുന്ന ഒരു നബിവചനം കാണുക. ഹജ്ജത്തുല് വിദാഇല് നബി തിരുമേനി(സ) പറഞ്ഞു: ''ഞാന് നിങ്ങള്ക്കായി രണ്ട് കാര്യങ്ങള് വിട്ടേച്ചുപോകുന്നു. അവ മുറുകെ പിടിച്ചാല് നിങ്ങള് വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും ആണവ.''
സ്വന്തം സമുദായം നേര്മാര്ഗത്തില് ചരിക്കാന് ഖുര്ആനും സുന്നത്തും മതി, മറ്റൊരു പ്രവാചകന്റെ ദിവ്യബോധനത്തിന്റെ ആവശ്യമില്ല എന്ന് നബി(സ) അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു അവസാനത്തെ ഹജ്ജ് വേളയില്. മൂന്നാമതൊരു കാര്യം സ്വീകരിക്കുമ്പോഴാണ് നബി(സ)യുടെ നിര്ദേശം നാം പാലിക്കാതിരിക്കുക.
മുഹമ്മദ് നബി(സ)തിരുമേനിയെ അനുസരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യേണ്ടത് ഓരോ സത്യവിശ്വാസിക്കും നിര്ബന്ധവും അത് ഈമാനിന്റെ ഉപാധിയുമാകുന്നു. ഖുര്ആന് അക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നത് കാണുക:
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَّحِيمٌ (31) قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ (آل عمران: 31،32 )
''പ്രവാചകന്, ജനത്തോട് പറയുക: നിങ്ങള് യഥാര്ഥത്തില് അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില് എന്നെ പിന്തുടരുവിന്. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു; അവന് നിങ്ങളുടെ പാപങ്ങള് പൊറുക്കുകയും ചെയ്യും. അവന് ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു. പറയുക, അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുവിന്. ഇനി നിന്റെ ഈ സന്ദേശം അവര് സ്വീകരിക്കുന്നില്ലെങ്കില് നിശ്ചയം, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാന് വിസമ്മതിക്കുന്നവരെ അവന് സ്നേഹിക്കില്ല തന്നെ''(ആലു ഇംറാന്: 31, 32).
വിശദീകരണം വേണ്ടാത്ത വിധം വ്യക്തമായ സംഗതിയാകുന്നു, അല്ലാഹുവിന്റെ സ്നേഹഭാജനമാകാനും പാപങ്ങള് പൊറുക്കാനും മാപ്പരുളാനുമുള്ള ഉപാധി അല്ലാഹുവിനെ സ്നേഹിക്കലും മുഹമ്മദ് നബിയെ പിന്പറ്റലുമാണെന്നത്. ഖുര്ആന് 'അര്റസൂല്' എന്ന് പറഞ്ഞേടത്തൊക്കെയും മുഹമ്മദ് നബി(സ) യെയാണ് ഉദ്ദേശിച്ചത് എന്ന കാര്യത്തില് ആര്ക്കും എതിരഭിപ്രായമില്ല. മറ്റൊരു പ്രവാചകനിയോഗമുണ്ടാവുകയും അയാളെ പിന്പറ്റുക അല്ലാഹുവിന്റെ സ്നേഹത്തിനും തൃപ്തിക്കും അനിവാര്യമാവുകയും ചെയ്തിരുന്നെങ്കില് ഈ സൂക്തങ്ങള്ക്ക് പ്രസക്തി നഷ്ടപ്പെടുമായിരുന്നു.
ഉദ്ധൃത സൂക്തങ്ങളും പ്രവാചക വചനവും ഇനിയൊരു പ്രവാചകന്റെ നിയോഗവും വഹ്യുകളും നിരാകരിക്കുന്നു. അതുകൊണ്ടാവാം മിര്സാ ഖാദിയാനി ഏതെങ്കിലും കാര്യങ്ങളില് ഖുര്ആനിലും സുന്നത്തിലും വ്യക്തമായ നിര്ദേശങ്ങള് ലഭിക്കാതെ വരുമ്പോള് അബൂ ഹനീഫയുടെ മദ്ഹബ് അനുസരിച്ച് നിര്വഹിക്കാന് അനുയായികളോട് നിര്ദേശിച്ചത് (ഫതാവാ അഹ്മദി). അല്ലാഹുവില്നിന്ന് വഹ്യ് ലഭിക്കുന്നുവെന്ന് വാദിക്കുന്ന ഒരാളുടെ ഈ നിര്ദേശം എത്ര പരിഹാസ്യമല്ല! ഒരു പ്രശ്നത്തില് പരിഹാരം കാണാന് മുന് പ്രവാചകന്റെ ഏതോ ഒരനുയായിയെ നിര്ദേശിക്കുക! ഇത്തരം പ്രവാചകത്വം കൊണ്ട് ആര്ക്ക് എന്ത് പ്രയോജനമാണുള്ളത്? വിശ്വാസികള്ക്ക് വിശുദ്ധ ഖുര്ആനും പ്രവാചകചര്യയും മതിയായിരിക്കെ പുതിയ പ്രവാചകത്വം, അത് ശരീഅത്തുള്ളതായാലും, നിഴല് നുബുവ്വത്തായാലും അധികപ്പറ്റായിരിക്കും.
സൂറഃ അന്നഹ്ല് 44, 64 സൂക്തങ്ങള് കാണുക:
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ (النخل: 44 )
''ഇപ്പോള് ഈ ഉദ്ബോധനം നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനസമക്ഷം, അവര്ക്കായി അവതീര്ണമായ പാഠങ്ങളെ നീ വിശദീകരിച്ച് വെളിപ്പെടുത്തേണ്ടതിനും ജനം സ്വയം ചിന്തിക്കേണ്ടതിനും''(16: 44).
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ (النحل: 64)
''ഈ ജനം ഏര്പ്പെട്ടിട്ടുള്ള ഭിന്നിപ്പുകളുടെ യാഥാര്ഥ്യം വെളിപ്പെടുത്തിക്കൊടുക്കാനായാണ് നാം ഈ വേദം നിനക്കവതരിപ്പിച്ചിട്ടുള്ളത്. വിശ്വസിക്കുന്ന ജനത്തിന് ഈ വേദം സന്മാര്ഗദര്ശകവും അനുഗ്രഹവുമായാണ് അവതരിപ്പിച്ചത്''(16: 64).
വിശുദ്ധ ഖുര്ആനിലെ വിധിവിലക്കുകളും കല്പനകളും നിരോധങ്ങളും സൂക്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുകയും അവയുടെ വ്യാഖ്യാതാവും പ്രയോക്താവുമായി പ്രവാചകന് മുഹമ്മദി(സ)നെ നിയോഗിക്കുകയും ചെയ്തു. ഖുര്ആനിലെ തത്ത്വങ്ങളുടെ പ്രയോഗമാണ് സുന്നത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്. അതിന്റെ വിശദീകരണത്തിനും നബി തിരുമേനിയെത്തന്നെയാണ് നിയോഗിച്ചത് എന്ന് ഉദ്ധൃത സൂക്തങ്ങള് വ്യക്തമാക്കുന്നു. മാത്രവുമല്ല മുഹമ്മദ് നബി(സ) വിശ്വാസിസമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഖുര്ആന് വ്യക്തമാക്കുന്നു:
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا (الأحزاب: 21)
''അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്ക്ക് വാസ്തവത്തില് അല്ലാഹുവിന്റെ ദൂതനില് വിശിഷ്ടമായ മാതൃകയുണ്ട്'' (അല് അഹ്സാബ്: 21).
വിശ്വാസ, അനുഷ്ഠാന കാര്യങ്ങളില് മാത്രമല്ല, ജീവിതത്തിന്റെ നിഖില മേഖലകളിലും മുഹമ്മദ് നബി(സ)യെ റോള് മോഡലാക്കി അവതരിപ്പിക്കുകയാണ് അല്ലാഹു. തിരുദൂതരുടെ സ്വഭാവ സവിശേഷതയെയും പെരുമാറ്റരീതികളെയും കുറിച്ചും ഖുര്ആനില് പറഞ്ഞിട്ടുണ്ട്. താങ്കള് പരുഷപ്രകൃതനായിരുന്നുവെങ്കില് ആളുകള് താങ്കളെ ഉപേക്ഷിക്കുമായിരുന്നുവെന്ന് ഖുര്ആനും പ്രവാചകന്റെ സ്വഭാവം ഖുര്ആനായിരുന്നുവെന്ന് ഹദീസും പഠിപ്പിക്കുന്നു. ജനനം മുതല് മരണം വരെ, അതായത് പ്രവാചകത്വത്തിന് മുമ്പും പിമ്പും ഉത്തമ ജീവിതം നയിച്ച, ഒരിക്കല് പോലും ചെറിയ തെറ്റുകള് കൂടി സംഭവിക്കാത്ത പ്രവാചകന് തുല്യം പ്രവാചകന് മാത്രമായിരുന്നു. അത് ജീവിതത്തില് പൂര്ണമായി പകര്ത്താനാവില്ലെങ്കിലും പരമാവധി ആ മാതൃക പിന്പറ്റണം എന്നാണ് ഖുര്ആന്റെ അധ്യാപനം.
വിശ്വാസി സമൂഹത്തിന് ലോകാവസാനം വരെ മാതൃകയായി മുഹമ്മദ് നബി(സ) ഉണ്ടായിരിക്കെ മറ്റൊരു മാതൃക ആവശ്യമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അന്തിമദൂതനും ഏക റോള് മോഡലുമാകുന്നു. അദ്ദേഹത്തെ അവഗണിച്ചും ധിക്കരിച്ചും മാത്രമേ മറ്റൊരാളെ മാതൃകയാക്കാന് സാധ്യമാവൂ.
ഖുര്ആനികാശയങ്ങള് കാലികമായി വിശദീകരിക്കാന് വേണ്ടി മറ്റൊരു പ്രവാചകന് നിയുക്തനാവുകയെന്നത് ഖുര്ആന്റെ അധ്യാപനത്തിനുതന്നെ വിരുദ്ധമാണ്. എന്നിരിക്കെ ഒരാള് വന്ന് അവകാശപ്പെടുകയാണ്; വിശുദ്ധ ഖുര്ആന്റെ അക്ഷരങ്ങള് മാത്രം അവശേഷിപ്പിച്ചുകൊണ്ട് അതിന്റെ ആശയങ്ങള് സുറയ്യാ നക്ഷത്രത്തോളം ഉയര്ന്നു പോവുന്ന ഒരു കാലം വരികയും അത് തിരിച്ചെത്തിച്ച് ജനങ്ങള്ക്ക് മാര്ഗദര്ശനം നല്കാനായി എന്നെ നബിയും റസൂലും മുജദ്ദിദും മഹ്ദിയും മസീഹുമൊക്കെയായി നിയോഗിച്ചിരിക്കുകയാണ് എന്ന്. അങ്ങനെ സ്വന്തത്തെ ഒരു മാതൃകയായും അവതരിപ്പിക്കുകയാണയാള്. അദ്ദേഹം ഖുര്ആന് വ്യാഖ്യാനമോ വിശദീകരണമോ നല്കിയിരിക്കുമെന്ന് കരുതുന്നവര്ക്ക് തെറ്റി. അതിനു പകരം ഖുര്ആന് വ്യാഖ്യാനമെഴുതാന് അനുയായി മുഹമ്മദലിയോട് നിര്ദേശിക്കുകയും അല്ലാഹു തന്നതാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു പേന നല്കുകയുമായിരുന്നു മിര്സാ ഖാദിയാനി.
എന്നാലും വിവിധ സന്ദര്ഭങ്ങളില് ചില സൂക്തങ്ങള് മിര്സാ ഖാദിയാനി വിശദീകരിച്ചതായി കാണാം. ഒന്നു രണ്ട് ഉദാഹരണങ്ങള് കാണുക. സൂറഃ സില്സാലിന്റെ ഒന്ന് മുതല് അഞ്ച് വരെയുള്ള ആയത്തുകളുടെ വിവരണം: 'അവസാനകാലം ഭൂമി ഭയാനകമായി പ്രകമ്പനം കൊള്ളും. അതായത് ഭൂനിവാസികളില് വമ്പിച്ച പരിവര്ത്തനമുണ്ടാകും. അവര് ലൗകികപ്രമത്തരും സ്വാര്ഥപൂജകരുമായി മാറും. ഭൂമി എല്ലാ ഭാരങ്ങളും പുറത്തെടുക്കും. അഥവാ ഭൗമികജ്ഞാനവും തന്ത്രങ്ങളും യോഗ്യതകളും മനുഷ്യന് നേടിയെടുക്കും. പ്രകൃതിപഠനങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും ഖനികള് കണ്ടെത്തുകയും കൃഷി വര്ധിപ്പിക്കുകയും ചെയ്യും. ഭൂമി ഫലഭൂയിഷ്ടമാകും. പുതിയ വിജ്ഞാനങ്ങളും കലകളും വ്യവസായങ്ങളും എങ്ങനെ നേടിയെന്ന് മനുഷ്യന് സ്വയം ചോദിക്കും. അപ്പോള് ഭൂമി അഥവാ മനുഷ്യഹൃദയം മറുപടി പറയും, പുതിയതായി പ്രകടമായ ഈ വസ്തുതകള് നമ്മില്നിന്നല്ല ദൈവത്തില്നിന്നുള്ള ബോധനം(വഹ്യ്) ആകുന്നു. മനുഷ്യന് തന്റെ പരിശ്രമം കൊണ്ട് ഇത്രത്തോളം നേടാനാവില്ല'(ശഹാദത്തുല് ഖുര്ആന് പേജ്: 18, 19).
അന്ത്യദിനത്തിന്റെ അതിഭീകരമായ ചിത്രം എത്ര ലാഘവത്തോടെയാണ് തന്റെ ആഗമനകാലത്തോടും പ്രവാചകത്വവാദത്തോടും വ്യാഖ്യാനിച്ചൊപ്പിച്ചിരിക്കുന്നത്!
സൂറത്തുല് ഖദ്റിന് സര്വാംഗീകൃത അര്ഥം നല്കിയ ശേഷം നല്കുന്ന വ്യാഖ്യാനം കൂടി കേള്ക്കുക:
'മുസ്ലിംകളുടെ ബാഹ്യമായ വിശ്വാസമനുസരിച്ച് ലൈലത്തുല് ഖദ്ര് ഒരു പുണ്യ രാത്രിയാണെങ്കില് എനിക്ക് ലഭിച്ച ദൈവിക ജ്ഞാനമനുസരിച്ച് ലോകം തമസ്സ് മൂടുന്ന കാലമാണത്. എവിടെയും കൂരാകൂരിരുട്ടു മാത്രം. കാലം ഒരു ദിവ്യപ്രകാശം തേടുന്ന സമയത്ത് അല്ലാഹു പ്രകാശം പരത്തുന്ന മാലാഖമാരെയും പരിശുദ്ധാത്മാവിനെയും ഭൂമിയിലേക്കയക്കുന്നു. സത്യപ്രബോധനത്തിന് നിയുക്തനായ പരിഷ്കര്ത്താവും നവോത്ഥാന നായകനുമാണ് പരിശുദ്ധാത്മാവ്. നല്ലവരും മാന്യന്മാരും ഭാഗ്യവാന്മാരുമായ, നന്മയിലേക്ക് വലിച്ചടുപ്പിക്കുകയും രക്ഷയുടെയും സൗഭാഗ്യത്തിന്റെയും വഴികള് തുറക്കുകയും ചെയ്യുന്ന മനുഷ്യരാണ് മാലാഖമാര് എന്നതിന്റെ വിവക്ഷ.' (IBID 17,18).
ഒരു പ്രവാചകന് അവതരിച്ച ദിവ്യ വഹ്യുകള് അദ്ദേഹം വിശദീകരിച്ചതിന് വിരുദ്ധമായി പിന്നീടയക്കുന്ന പ്രവാചകന് വിശദീകരിക്കുകയെന്നത് വിശ്വാസികളില് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ലൈലത്തുല് ഖദ്റിനെപ്പറ്റി മുസ്ലിംകളുടെ വിശ്വാസമല്ല, അത് വിശുദ്ധ ഖുര്ആന് അവതരിച്ച, ആയിരം മാസത്തേക്കാള് പുണ്യമുള്ള രാത്രിയാണെന്നത്. ഖുര്ആന്റെ അധ്യാപനമാണ് അതിനെ ദിവ്യപ്രകാശം തേടുന്ന കൂരിരുട്ടായി തുടര്ന്നു വന്ന പ്രവാചകന് തനിക്ക് ലഭിച്ച 'ദിവ്യജ്ഞാന' മനുസരിച്ച് പറയുന്നത്. രണ്ടു പേരെയും അയച്ചത് ഒരേ അല്ലാഹുവല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
ഇതേപോലെ സൂറഃ തക്വീറിലെ ഒട്ടകങ്ങള് ഉപേക്ഷിക്കപ്പെടുമെന്നതിന്റെ വ്യാഖ്യാനം വ്യാപകമായ റെയില് സൗകര്യം വര്ധിക്കുന്നതോടെ യാത്രാ വാഹനമായി ഒട്ടകങ്ങള് ഉപയോഗിക്കുകയില്ലെന്നും പരലോകത്ത് വെച്ച് നന്മതിന്മകള് രേഖപ്പെടുത്തിയ ഏടുകള് നല്കപ്പെടുമെന്നതിന് അച്ചടി മാധ്യമങ്ങളുടെയും പത്രമാസികകളുടെയും ആധിക്യമുണ്ടാവുമെന്നും മേല് കൃതിയില്തന്നെ വിവരിച്ചത് കാണാം. തുടര്ന്ന് നിരവധി ഖുര്ആന് സൂക്തങ്ങള് തന്റെ നിയോഗത്തിന്റെയും നിയോഗ കാലത്തിന്റെയും സുവാര്ത്തയായി അതരിപ്പിക്കുന്നുണ്ട് മര്സാ ഖാദിയാനി. ഖുര്ആന്റെ വളരെ പ്രത്യക്ഷമായ അര്ഥത്തെയും ആശയത്തെയും സ്വന്തം താല്പര്യത്തിനായി അര്ഥവും ആശയവും മാറ്റിപ്പറയുന്ന ഒരാളെ ഖുര്ആന് വിശദീകരിക്കുന്നതിനായി അല്ലാഹു നിയോഗിക്കില്ലെന്ന് തീര്ച്ചയാണ്. മുഹമ്മദ് നബിക്ക് അവതരിച്ച ഖുര്ആന് അദ്ദേഹം തന്നെ ഹദീസുകളിലൂടെ വിശദീകരിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണെന്നും നടേ ഉദ്ധരിച്ച സൂക്തം വ്യക്തമാക്കുന്നു. അത് ഗ്രഹിക്കുകയും ജീവിതത്തില് പകര്ത്തുകയുമാണ് പരലോക മോക്ഷവും സ്വര്ഗവും ആഗ്രഹിക്കുന്ന മനുഷ്യന് ചെയ്യേണ്ടത്.
8. സൂറഃ അല്ജുമുഅയില് അല്ലാഹു പറയുന്നു:
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (2) وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ وَهُوَ الْعَزِيزُ الْحَكِيمُ (3) (الجمعة:2،3)
''നിരക്ഷരര്ക്കിടയില് അവരില്നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള് ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്കരിക്കുന്നു, വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവര് ഇതിനു മുമ്പ് തികഞ്ഞ ദുര്മാര്ഗത്തിലായിരുന്നുവല്ലോ. ഈ നിയോഗം ഇനിയും അവരോട് ചേര്ന്നിട്ടില്ലാത്ത മറ്റു ജനങ്ങള്ക്ക് കൂടിയുള്ളതാകുന്നു. അല്ലാഹു അജയ്യനും അഭിജ്ഞനുമല്ലോ''(62: 2,3).
അറേബ്യയിലെ ബിംബാരാധകരും ജൂതന്മാരും മറ്റും നിന്ദിക്കുകയും അജ്ഞരും മ്ലേഛരുമെന്ന് കരുതുകയും ചെയ്തിരുന്ന സമൂഹത്തില്നിന്നാണ് അല്ലാഹു വിജ്ഞനും ജേതാവുമായ ഒരു ദൂതനെ ഉയര്ത്തിക്കൊണ്ടുവന്നത്. അദ്ദേഹം ദുര്മാര്ഗത്തിലും സംസ്കാരരാഹിത്യത്തിലുമായിരുന്ന സമൂഹത്തെ വേദഗ്രന്ഥവും തത്ത്വജ്ഞാനവുമൊക്കെ പഠിപ്പിക്കുകയും സംസ്കൃതചിത്തരാക്കുകയും ചെയ്തുകൊണ്ട് ലോകത്തെ ഉത്തമ സമൂഹമാക്കി മാറ്റിയെടുത്തു. ഇതിന് ഒട്ടും വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഉത്തമമായ ധാര്മിക മൂല്യങ്ങള് നല്കി, അനാചാരങ്ങളുടെയും അധര്മങ്ങളുടെയും എല്ലാവിധ തിന്മകളില്നിന്നും മോചിപ്പിച്ച് ലോകത്തിന് മാതൃകയാക്കി മാറ്റി. ഇസ്ലാമിക സമൂഹം മുമ്പും പിമ്പുമുള്ള ജീവിതംകൊണ്ട് ഇക്കാര്യം തെളിയിച്ചത് വിമര്ശകരും അവിശ്വാസികളും വരെ സാക്ഷ്യം വഹിച്ചതാണ്. തനിക്കവതരിച്ച വിശുദ്ധ ഖുര്ആനിലെ വിധിവിലക്കുകളും നിയമനിര്ദേശങ്ങളും അനുയായികളെ പഠിപ്പിക്കുകയും അവരെ അതിന് പ്രാപ്തമാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റിയിട്ടുണ്ട് മുഹമ്മദ് നബി(സ). വേദവും തത്ത്വജ്ഞാനവും, അഥവാ ഖുര്ആനും സുന്നത്തും അനുയായികള്ക്കും തന്നെ നിയോഗിച്ച ലോകജനതക്കും എത്തിച്ചുകൊടുക്കുകയും അവ പ്രവര്ത്തിച്ചു കാണിക്കുകയും ചെയ്ത മുഹമ്മദ് നബി(സ) ഒരു കാര്യവും പില്ക്കാലത്തേക്ക് മാറ്റിവെച്ചിട്ടില്ല. എന്നിരിക്കെ വേദം പഠിപ്പിക്കാനും അതിലെ നിര്ദേശങ്ങള് പ്രാവര്ത്തികമാക്കി കാണിക്കാനും ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല. ഇനിയൊരു പ്രവാചക നിയോഗം, മുഹമ്മദ് നബി(സ) സ്വന്തം ദൗത്യം പൂര്ണമായി നിര്വഹിച്ചില്ലെന്ന ആക്ഷേപത്തിന് കാരണമായിത്തീരും. അതുകൊണ്ടാണ് തുടര്ന്ന് പറയുന്നത്, ഈയൊരു ജനവിഭാഗത്തിന് മാത്രമുള്ളതല്ല ദൈവദൂതന്റെ നിയോഗം എന്ന്. ഇതാകട്ടെ, മുന് പ്രവാചക ദൗത്യങ്ങളില്നിന്ന് വ്യത്യസ്തവുമാണ്. അതായത് ഇനിയും വിശ്വാസിസമൂഹത്തോട് ചേര്ന്നിട്ടില്ലാത്ത അന്ത്യനാള് വരെ ഈ ലോകത്തുണ്ടാവുന്ന എല്ലാ സമുദായങ്ങള്ക്കും തലമുറകള്ക്കും കൂടിയുള്ളതാണ് ഈ പ്രവാചക ദൗത്യം. മുഹമ്മദ് നബിയില് വിശ്വസിക്കുന്ന ഈ ജനത ഇപ്പോള് വന്നുചേര്ന്നിട്ടില്ലാത്ത അനറബി വംശജരായിരിക്കും. അവര് നിരക്ഷരര് എന്ന് ആക്ഷേപിക്കപ്പെട്ട അറബികള് മാത്രമാവില്ല. എന്നാല് അറബികളിലും അജമി(അനറബി)കളിലും പെട്ട മറ്റുള്ളവര്ക്കും ഈ റസൂല് തന്നെയായിരിക്കും പ്രവാചകനായി ഉണ്ടാവുക. അഥവാ മുഹമ്മദീയ പ്രവാചകത്വം ലോകാവസാനം വരെയുള്ള മനുഷ്യവംശത്തിനുള്ളതാണെന്ന് ഈ സൂക്തത്തെ ഖുര്ആന് വ്യാഖ്യാതാക്കളും ഇമാമുമാരും വിശദീകരിച്ചിട്ടുണ്ട്.
ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മിര്സാ ഖാദിയാനി നല്കുന്ന വിശദീകരണം ഇങ്ങനെ: 'അതായത്, അല്ലാഹു തന്റെ പൂര്ണമായ ജ്ഞാനത്തിലൂടെ മറ്റ് രാജ്യങ്ങളിലെ ജനങ്ങള് ഇസ്ലാമില് പ്രവേശിക്കാന് നിശ്ചയിച്ച സമയം വരുമ്പോള് അവര് ഇസ്ലാം മതത്തില് ചേരുന്നതാണ്' (ബറാഹീനെ അഹ്മദിയ ഭാഗം 3 പേജ്: 238).
മറ്റൊരു പ്രവാചക നിയോഗത്തെക്കുറിച്ചല്ല മുഹമ്മദിയ പ്രവാചകത്വത്തെ മറ്റു ജനവിഭാഗം സ്വീകരിക്കുമെന്നാണ് 'വആഖരീന മിന്ഹും ലമ്മാ യല്ഹഖൂ ബിഹിം' എന്നതിന് മിര്സാ ഖാദിയാനി നല്കുന്ന വിശദീകരണം. എന്നാല് പില്ക്കാലത്ത് അനുയായികളിലൊരു കൂട്ടര് ഈ ആയത്ത് ആചാര്യന്റെ നിയോഗത്തിന് തെളിവായി സമര്പ്പിക്കുന്നു. അതിനായി അവര് സമര്പ്പിക്കുന്ന ഒരു നബിവചനം താഴെ
لو كان الإيمان عند الثريّا لناله رجال أو رجل من هؤلاء
''അബൂഹുറൈറയില്നിന്ന്: 'ഞങ്ങള് നബി (സ)യുടെ അരികെ ഇരിക്കുകയായിരുന്നു. അപ്പോള് അദ്ദേഹത്തിന് സൂറഃ ജുമുഅ അവതരിച്ചു. 'വ ആഖരീന മിന്ഹും' എന്നോതിയപ്പോള് ഞാന് ചോദിച്ചു; 'ആരാണ് റസൂലേ അത്? 'മൂന്ന് പ്രാവശ്യം ചോദിക്കുന്നതു വരെ അദ്ദേഹം മറുപടി പറഞ്ഞില്ല. ഞങ്ങളുടെ കൂടെ സല്മാനുല് ഫാരിസി ഉണ്ടായിരുന്നു. റസൂല് (സ) സല്മാന്റെ മേല് കൈവെച്ചു. എന്നിട്ട് പറഞ്ഞു: 'ഈമാന് സുറയ്യാ നക്ഷത്രത്തിനടുത്താണെങ്കില് ഈ പേര്ഷ്യക്കാരില്നിന്ന് ചില ആളുകള് അല്ലെങ്കില് ഒരാള് അവിടെയെത്തി അത് കരസ്ഥമാക്കുമായിരുന്നു'(സ്വഹീഹുല് ബുഖാരി, കിതാബുത്തഫ്സീര് 1706-ാം നമ്പര് ഹദീസ്).
സത്യവിശ്വാസം സുറയ്യാ നക്ഷത്രത്തോളം ദൂരത്താണെങ്കിലും പേര്ഷ്യക്കാരില്നിന്ന് ഒരാളോ ചിലയാളുകളോ അത് കരസ്ഥമാക്കുമെന്ന് സ്വന്തം സ്വഹാബാക്കളില്പെട്ട അനറബിയും പേര്ഷ്യക്കാരനുമായ സല്മാന്റെ മേല് കൈവെച്ച് പ്രവാചകന്(സ) പറഞ്ഞുവെന്നാണ് ഈ ഹദീസിലുള്ളത്. അത് തനിക്കു ശേഷമുള്ള പ്രവാചകത്വനിയോഗമാണെന്നും ആ പ്രവാചകന് പേര്ഷ്യക്കാരനായിരിക്കുമെന്നും ആ ദൂതനില് വിശ്വസിച്ചെങ്കിലേ മുസ്ലിമും മുഅ്മിനും മോക്ഷാര്ഹനുമാകൂ എന്നും ഈ ഹദീസില്നിന്ന് മനസ്സിലാകുമോ?
മുഗള് ബര്ലാസ് ഗോത്രത്തില് ജനിച്ച മിര്സ ഖാദിയാനിയെ ഈ ഹദീസില് പറഞ്ഞ പേര്ഷ്യക്കാരനാക്കി അവതരിപ്പിക്കുകയെന്ന ബുദ്ധിമുട്ട് കൂടി സഹിക്കണം ഇക്കാര്യം അംഗീകരിക്കാന്.
അറബികളില്പെട്ട പ്രവാചകന് മുഹമ്മദ്(സ) അന്നും പില്ക്കാലത്തുമുള്ള അനറബികള്ക്ക് കൂടി പ്രവാചകനാണെന്നേ ഈ സൂക്തത്തിന് നേര്ക്കു നേരെ അര്ഥമുള്ളൂ. 'ഇനിയൊരു പ്രവാചകത്വ നിയോഗമുണ്ടാകു'മെന്ന് ഒരു മുഫസ്സിറും ഇമാമും ഈ സൂക്തത്തിന്റെ വിശദീകരണമായി പറഞ്ഞിട്ടില്ല.
الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ
الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَالَّذِي أُنزِلَ مَعَهُ أُولَئِكَ هُمُ الْمُفْلِحُونَ (157) (الأعراف:157)
9. ''തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര് കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്പറ്റുന്നവരാണവര്. അവരോട് അദ്ദേഹം നന്മ കല്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള് അവര്ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള് ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള് അഴിച്ചുകൊടുക്കുന്നു. അതിനാല് അദ്ദേഹത്തില് വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്''(അല്അഅ്റാഫ്: 157).
ഈ ലോകത്തും പരലോകത്തും വിജയിക്കാന് മാനവസമൂഹം ഏത് ദൈവദൂതനെയാണ് വിശ്വസിക്കേണ്ടത്? ഏത് പ്രകാശത്തെയാണ് പിന്തുടരേണ്ടത്? ഈ ഖുര്ആന് സൂക്തം വളരെ വ്യക്തമായി അക്കാര്യം പറഞ്ഞുതരുന്നു. അദ്ദേഹത്തെക്കുറിച്ച് തൗറാത്തിലും ഇഞ്ചീലിലും പറയുന്നുണ്ട്. നന്മ കല്പിക്കുന്ന, തിന്മ വിലക്കുന്ന, നല്ലതും ചീത്തയും വേര്തിരിക്കുന്ന, ഭാരങ്ങള് ഇറക്കിവെക്കുന്ന, ചങ്ങലകള് അഴിച്ചുകൊടുക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ഒരു ദൈവദൂതന് - അദ്ദേഹത്തിന് ഇറക്കിക്കൊടുത്ത പ്രകാശത്തെ പിന്തുടര്ന്നാല് വിജയത്തിലെത്താമെന്ന് ഖുര്ആനിലൂടെ അല്ലാഹു ഉറപ്പുതരുന്നു.
ലോകാന്ത്യം വരെയുള്ള സകല മനുഷ്യര്ക്കും ഹിദായത്തിനായി വിശുദ്ധ ഖുര്ആനും അതിന്റെ വിധിവിലക്കുകള് പ്രയോഗവത്കരിച്ച് മാതൃക കാണിച്ച മുഹമ്മദ് നബിയും മതിയെന്ന് ഇത്ര വ്യക്തമായി പറഞ്ഞിരിക്കെ മറ്റു ദൈവദൂതന്മാരെയും പ്രകാശത്തെയും തേടുന്നത് അവിവേകമാണ്; ഖുര്ആനു വിരുദ്ധവും.
ഇനിയുമൊരു പ്രവാചകനിയോഗമുണ്ടായിരുന്നെങ്കില് ഈ വിധം ഒരു സൂക്തം അവതീര്ണമാവുമായിരുന്നില്ല. ഇതില് പറഞ്ഞ എല്ലാ ദൗത്യവും പൂര്ണമായി നിറവേറ്റിയ ശേഷമാണ് നബിതിരുമേനി (സ) ഈ ലോകം വിട്ടത്. നൂറ്റാണ്ടുകളായി മനുഷ്യസമൂഹം അതിന്റെ ഗുണഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
പുത്തന് പ്രവാചകത്വവാദിയാകട്ടെ, ഇത്തരം ദൗത്യമല്ല നിര്വഹിച്ചത്. എന്നല്ല ഇത്തരമൊരു മഹാദൗത്യത്തിന് പറ്റിയ വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്. വിദേശാടിമത്തത്തിന്റെ ചങ്ങലകളില് സ്വയം ബന്ധിതനായി അതിനനുകൂലമായ ചിന്തകളും അധ്യാപനങ്ങളുമാണ് അനുയായികള്ക്ക് അദ്ദേഹം പകര്ന്നു നല്കിയത്. ബ്രിട്ടീഷ് ഗവണ്മെന്റിനെ അനുസരിച്ചും അനുയായികളെ അതിനായി നിര്ബന്ധിച്ചും അത് ദീനിന്റെ അര്ധഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു മിര്സാ ഖാദിയാനി. സൂക്തത്തില് പറഞ്ഞ മറ്റ് പ്രവര്ത്തനങ്ങള്ക്കൊന്നും അദ്ദേഹത്തിന് നേരം കിട്ടിയിട്ടില്ല. ഈസാ(അ) മരിച്ചുവെന്നും പകരം തന്നെ നിയോഗിച്ചുവെന്നും തെളിയിക്കാനായി കുറേ ഗ്രന്ഥങ്ങള് രചിച്ചു. മുസ്ലിം പണ്ഡിതന്മാരുമായി വാമൊഴി സംവാദങ്ങള് നടത്തി. പിന്നെയുള്ളത് കുറേ വഹ്യുകളും കശ്ഫുകളുമാണ്. മനുഷ്യജീവിതത്തില് പ്രയോജനപ്പെടുന്ന ഒരു കാര്യവും അവയില് കാണാനാവില്ല. അദ്ദേഹത്തെ പ്രവാചകനായി സ്വീകരിക്കുന്നതോടെ ഒരു മുസ്ലിമിന് മറ്റൊന്നും പ്രത്യേകമായി ചെയ്യാനില്ല. കര്മശാസ്ത്രത്തില് ഇമാം അബൂഹനീഫയെ പിന്പറ്റിയാല് മതി. വരുമാനത്തിന്റെ ഒരു വിഹിതം ചന്ദയായും ആകെ സ്വത്തിന്റെ 10 ശതമാനം മരണശേഷം ഖാദിയാനിലെ ബഹശ്തീ മഖ്ബറയില് സംസ്കരിക്കാനുള്ള തുകയായും കൊടുത്തുകഴിഞ്ഞാല് പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അടുത്ത സൂക്തത്തില് ആ പ്രവാചകനിലും അദ്ദേഹത്തെ നിയോഗിച്ച അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിച്ച് പ്രവാചകനെ അനുധാവനം ചെയ്ത് നേര്മാര്ഗം പ്രാപിക്കാന് ഒന്നുകൂടി നിര്ദേശിച്ചത് കാണാം. മറ്റൊരു പ്രവാചകനും ഗ്രന്ഥവും മാര്ഗദര്ശനത്തിനാവശ്യമില്ലെന്ന് ഈ സൂക്തങ്ങളും സാക്ഷ്യം വഹിക്കുന്നു. ഇത്തരം സുവ്യക്ത സൂക്തങ്ങള് അവതരിപ്പിച്ചശേഷം, മറ്റ് പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ട് സ്വന്തം ദാസന്മാരെ വഴികേടിലാക്കാന് കരുണാവാരിധിയായ അല്ലാഹു ഉദ്യമിക്കില്ലെന്നു തന്നെയാണ് വിശ്വസിക്കേണ്ടത്.
مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا (40) (الأحزاب: 40)
10. ''മുഹമ്മദ് നിങ്ങളില് ഒരു പുരുഷന്റെയും പിതാവല്ല. എന്നാല് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെയാളുമാകുന്നു. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനുമാകുന്നു'' (അല്അഹ്സാബ്: 40).
പ്രവാചകത്വം മുഹമ്മദ് നബി(സ)യോടെ അവസാനിച്ചിരിക്കുന്നുവെന്ന് ഖണ്ഡിതമായി പറഞ്ഞ ഒരു സൂക്തമാണിത്. നബി തിരുമേനി(സ)യുടെ അമ്മായിയുടെ പുത്രിയായ സൈനബിനെ, അദ്ദേഹം മോചിപ്പിച്ച് ദത്തുപുത്രനായി സ്വീകരിച്ച സൈദ് വിവാഹം ചെയ്തിരുന്നു. ഏറെക്കഴിയും മുമ്പേ ദമ്പതിമാര് തമ്മില് പിണങ്ങുകയും വിവാഹമോചനത്തില് കലാശിക്കുകയും ചെയ്തു. തുടര്ന്ന് അല്ലാഹുവിന്റെ നിര്ദേശപ്രകാരം പ്രവാചകന് അവരെ വിവാഹം ചെയ്തു.
അറബി ജാഹിലിയ്യാ രീതിയനുസരിച്ച് ദത്തുപുത്രന്മാരെ സ്വന്തം മക്കളായി കരുതുകയും അവര് ഉപേക്ഷിച്ച സ്ത്രീയെ വിവാഹം ചെയ്യുന്നത് പുത്രഭാര്യയെ ത്വലാഖിനു ശേഷം വിവാഹം ചെയ്യുന്നതു പോലെ തന്നെ നിഷിദ്ധമായി മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇസ്ലാം ദത്തുപുത്രന്മാര്ക്ക് പുത്രപദവി അനുവദിക്കുന്നില്ല. ഇത്തരം ജാഹിലിയ്യാ നിയമങ്ങള് ഇല്ലാതാക്കാന് പ്രവാചകനെ തന്നെ മാതൃകയാക്കി അല്ലാഹു അവതരിപ്പിക്കുകയായിരുന്നു.
സൈനബിനെ വിവാഹം ചെയ്തതോടെ എതിരാളികള് മുഹമ്മദ് പുത്രഭാര്യയെ വേട്ടുവെന്ന് പരിഹസിക്കാനും ആക്ഷേപിക്കാനും തുടങ്ങി. ഇതാണ് ഈ ആയത്തിന്റെ അവതരണ പശ്ചാത്തലമെന്ന കാര്യത്തില് മുഫസ്സിറുകള് യോജിക്കുന്നു. നിങ്ങളില് പുരുഷന് എന്ന് പറയാവുന്ന പ്രായത്തിലെത്തിയ ഒരാളുടെയും പിതാവല്ല മുഹമ്മദ് എന്ന് പറഞ്ഞതോടെ ഈ ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. അദ്ദേഹം ദൈവനിര്ദേശമനുസരിച്ച് പ്രവര്ത്തിക്കുന്ന ദൈവദൂതനാണെന്ന കാര്യവും തുടര്ന്ന് ഉണര്ത്തി. ഈയൊരു കാര്യം മാത്രമല്ല, നിങ്ങളുടെ എല്ലാ ജാഹിലീ ആചാരങ്ങളെയും തിരുത്താന് നിയുക്തനായ അവസാനത്തെ മാതൃകയാണ് മുഹമ്മദ്, അദ്ദേഹത്തിനു ശേഷം മറ്റൊരാള് അതിനായി നിയുക്തനാകില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് 'ഖാതമുന്നബിയ്യീന്' അഥവാ അന്ത്യപ്രവാചകന് എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു. ഈ സന്ദര്ഭത്തില് മുഹമ്മദ് നബിയിലൂടെ ഇത്തരം അനാചാരങ്ങള് അവസാനിപ്പിക്കുന്നതിന്റെ യുക്തി അല്ലാഹുവിനാണല്ലോ അറിയുക. ഇനിയൊരു പ്രവാചകനെ നിയോഗിക്കില്ലെന്ന കാര്യവും അവനാണല്ലോ തീരുമാനിക്കുക. ഖുര്ആന്റെ ഖണ്ഡിതമായ ഈ പ്രഖ്യാപനത്തെ കൂടുതല് വിശദീകരിക്കേണ്ട കാര്യമില്ല. ഖാദിയാനി പ്രവാചകന്റെയും അനുയായികളുടെയും ഇതു സംബന്ധമായ വാദമുഖങ്ങള് പരിശോധിക്കാം:
A) ഖാതമുന്നബിയ്യീന്- പ്രവാചകന്മാരുടെ മുദ്ര
''ഈ ആയത്തിലെ 'ഖാതമുന്നബിയ്യീന്' എന്നതിന്റെ അര്ഥം അദ്ദേഹത്തിന്റെ സാക്ഷ്യമുദ്രയുമായി മാത്രമേ ഇനി പ്രവാചകന്മാര് വരൂ എന്നാണ്. എന്നിരിക്കെ അദ്ദേഹം അവസാനത്തെ നബിയാവാന് സാധ്യതയില്ല. എന്നാല് ഒരാള് പ്രവാചകനാവണമെങ്കില് അദ്ദേഹത്തിന്റെ സാക്ഷ്യമുദ്ര നിര്ബന്ധമാകുന്നു''(ഹഖീഖത്തുല് വഹ്യ് പേജ്: 29).
ഖുര്ആന്, മുതവാതിറായ ഹദീസുകള്, ഇജ്മാഅ് എന്നിവക്കു പുറമെ അറബി വ്യാകരണ പ്രകാരവും തെറ്റാണ് ഈ അര്ഥകല്പന. സമൂഹനാമത്തോട് 'ഖാതം' ചേരുമ്പോള് അവസാനത്തേത് എന്നു മാത്രമേ അര്ഥം ലഭിക്കുകയുള്ളൂ. 'ഖാതമുല് ഖൗം' എന്നതിന് സമുദായത്തിന്റെ സീലുമായി വരുന്ന സമുദായമെന്നോ 'ഖാതമുല് ഔലാദി' ന് മറ്റു മക്കള്ക്ക് മുദ്ര നല്കുന്നവന് എന്നോ അര്ഥമുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ?
തഫ്സീറുത്ത്വബരി 'ഖാതമി'ന്റെ അര്ഥം ഖത്താദയുടെ വാക്കുകളുദ്ധരിച്ച് രേഖപ്പെടുത്തിയത് കാണുക: ''റസൂലുല്ലാ ഖാതമുന്നബിയ്യീന് ആണെന്നതിന്റെ ഉദ്ദേശ്യം 'ആഖിറുഹും' അഥവാ അവരില് അവസാനത്തെ നബിയെന്നാണ്'' (തഫ്സീര് ഇബ്നുജരീര് ഭാഗം 22 പേജ്:11).
ഇബ്നു മസ്ഊദിന്റെ വിശദീകരണത്തിലും 'എല്ലാ നബിമാരെയും അവസാനിപ്പിച്ച നബി' എന്നാണുള്ളത്.
B) ഖാതമുന്നബിയ്യീന് - മുന് പ്രവാചകന്മാരെ അവസാനിപ്പിച്ചവന്
നബി തിരുമേനി(സ)യെ ഖാതമുന്നബിയ്യീന് എന്ന് പറഞ്ഞതിന്റെ താല്പര്യം അദ്ദേഹത്തിനുമുമ്പ് വന്നിട്ടുളള പ്രവാചകന്മാരെ അവസാനിപ്പിച്ചയാള് എന്നാണ്, ശേഷം വരുന്നവരെ അവസാനിപ്പിക്കാന് അദ്ദേഹത്തിനാവില്ലല്ലോ എന്നാണ് ഖാദിയാനികളുടെ ചോദ്യം.
എങ്കില് എല്ലാ പ്രവാചകന്മാരും ഖാതമുന്നബിയ്യീന് ആയിരിക്കുമല്ലോ. പക്ഷേ, ഖുര്ആന് മുഹമ്മദ് നബി(സ)യെ മാത്രം ഖാതമുന്നബിയ്യീന് എന്ന് പാഴ്വാക്കായി പറയുമോ? ഖാതമുന്നബിയ്യീന് എന്നതിന് 'പ്രവാചകരില് ശ്രേഷ്ഠന്' എന്ന് കൂടി അര്ഥം പറയുന്നുണ്ട് ഖാദിയാനികള്. എല്ലാ പ്രവാചകന്മാരും ഖാതമുന്നബിയ്യീനാകയാല് ശ്രേഷ്ഠനെന്ന വിശേഷാര്ഥം മുഹമ്മദ് നബി(സ)ക്കു മാത്രം എങ്ങനെയാണ് നല്കാനാവുക?
നബി(സ) പറഞ്ഞു:
فُضّلت على الأنبياء ...... وأرسلت إلى الخلق كافّة، وختم بي النبيّون
''ചില കാര്യങ്ങളില് മറ്റുള്ള പ്രവാചകന്മാരില്നിന്ന് എനിക്ക് ശ്രേഷ്ഠതയുണ്ട്. എല്ലാ സൃഷ്ടികള്ക്കുമുള്ള പ്രവാചകന് എന്നതും പ്രവാചകപരമ്പര എന്നില് അവസാനിച്ചിരിക്കുന്നു എന്നതുമാണ് ഒരു കാര്യം'' (തിര്മിദി ഭാഗം 2 പേജ്: 283).
C) ഖാതമുന്നബിയ്യീന് - ശരീഅത്തോട് കൂടിയുള്ള അന്ത്യപ്രവാചകന്
'ഖാതമുന്നബിയ്യീനി'ല് അഹ്ദിയായ അലിഫ് ലാം ഉള്ളതിനാല് എല്ലാ പ്രവാചകത്വവും അദ്ദേഹത്തില് അവസാനിച്ചുവെന്ന് പറയാന് പറ്റില്ല. ശരീഅത്തോടു കൂടിയുള്ള പ്രവാചകത്വം മാത്രമാണ് അദ്ദേഹത്തോടെ അവസാനിച്ചത്. ശരീഅത്തില്ലാത്ത പ്രവാചകന്മാര് വരുമെന്നത്രെ ഖാദിയാനികളുടെ വിചിത്ര വാദം.
വെറുതെയങ്ങ് പറഞ്ഞാല് പോരല്ലോ. ഖുര്ആനിലൊരിടത്തും ശരീഅത്തിനെക്കുറിച്ച് ഇവ്വിധം പരാമര്ശമില്ല. ഇന്നേവരെ ഒരു മുഫസ്സിറും ഇവ്വിധമൊരു വ്യാഖ്യാനം നല്കിയിട്ടുമില്ല.
നബി തിരുമേനി(സ)യും പില്ക്കാലത്ത് ഖുര്ആന് വ്യാഖ്യാതാക്കളുമൊക്കെ 'ഖാതമുന്നബിയ്യീന്' അന്ത്യപ്രവാചകന് എന്ന് അര്ഥം പറയുമ്പോള്, 'ഇനിയും വരാനിരിക്കുന്ന പ്രവാചകന്മാര്ക്ക് മുദ്ര നല്കി സത്യപ്പെടുത്തുന്നവന്' എന്ന അര്ഥമാണ് ഖാദിയാനികള് നല്കുന്നത്. എന്നാല് അതേ പദപ്രയോഗത്തിന് 'ശരീഅത്തോട് കൂടിയുള്ള പ്രവാചകത്വം അവസാനിപ്പിക്കുന്നയാള്' എന്ന അര്ഥം സ്വീകരിക്കുന്നതോടെ, ആ ഇനം പ്രവാചകത്വം അവസാനിപ്പിക്കുന്നവന് എന്നുകൂടി അര്ഥമുള്ള ഒരു പദം പ്രയോഗിച്ചുകൊണ്ട് മുസ്ലിം സമുദായത്തെ എങ്ങനെയെങ്കിലും നരകത്തിലെത്തിക്കലാണ് അല്ലാഹുവിന്റെ ഉദ്ദേശ്യമെന്ന് കരുതാനാവുമോ? ഇങ്ങനെ വരുന്ന പുതിയ പ്രവാചകന്മാരെ വിശ്വസിക്കാതെ പരലോകത്തെത്തുമ്പോള്, ശരീഅത്തില്ലാത്ത പുതിയ പ്രവാചകന്മാരെ അയക്കുമെന്ന് ഖുര്ആനിലൂടെ ബോധനം നല്കിയിരുന്നില്ലേ, എന്തുകൊണ്ട് വിശ്വസിച്ചില്ല എന്ന് ചോദിക്കുമോ റഹ്മാനും റഹീമും നീതിമാനുമൊക്കെയായ അല്ലാഹു?
പ്രവാചകത്വം അവസാനിപ്പിക്കുക, അല്ലെങ്കില് തുടരുകയെന്ന വളരെ അടിസ്ഥാനപരമായ ഒരു കാര്യം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുമോ വിശുദ്ധ വേദഗ്രന്ഥം? ഇനിയും സാക്ഷ്യമുദ്രയുമായി പ്രവാചകനിയോഗമുണ്ടാവുമെന്നതിനും ന്യായപ്രമാണബദ്ധമായ പ്രവാചകത്വം ഇനി തുടരില്ല എന്നതിനും ഒരേ സൂക്തം പ്രയോഗിച്ച് ഖുര്ആന് സ്വന്തം അനുയായികളെ ഇവ്വിധം പരീക്ഷിക്കുമെന്ന് കരുതാനാവില്ല.
D) ഈസാ (അ) ഇനിയും വരുമെങ്കില് അത് ഖത്മുന്നുബുവ്വത്തിനെതിരാവില്ലേ?
ഒന്നുകില് ഈസാ(അ) മരിച്ചിരിക്കുന്നു, അതല്ല അദ്ദേഹം തിരിച്ചുവരുമെങ്കില് മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനല്ല എന്നതാണ് ഖാദിയാനികളുടെ വാദം. അതായത് മുഹമ്മദ് നബി(സ) അവസാനത്തെ നബിയായിരിക്കെ ഈസാ (അ) വരുമെന്ന വിശ്വാസം തെറ്റാവില്ലേ എന്നതാണ് ചോദ്യത്തിന്റെ മര്മം. അതുകൊണ്ടാണ് മുഹമ്മദ് നബി(സ)ക്കു ശേഷവും നബിമാര് വരുമെന്നും ഈസാ നബി മരിച്ചതിനാല് പകരക്കാരനായി പൂര്ണാര്ഥത്തില് പ്രവാചകനായി മിര്സാ ഗുലാമിനെ അയച്ചതെന്നും ഖാദിയാനി വിഭാഗം വാദിക്കുന്നത്.
മുഹമ്മദ് അന്ത്യപ്രവാചകനായതുകൊണ്ട് അദ്ദേഹത്തിനു ശേഷം ഒരാളെയും നബിയായി നിയോഗിക്കില്ല എന്നാണര്ഥം. ഈസാ(അ) മുഹമ്മദി(സ)ന് ആറ് നൂറ്റാണ്ട് മുമ്പേ നിയുക്തനായ പ്രവാചകനായിരുന്നുവെന്ന് എല്ലാവര്ക്കുമറിയാം. അന്ന് അദ്ദേഹം ചുമതലയേറ്റ ദൗത്യം നിര്വഹിക്കുകയും അല്ലാഹു അവങ്കലേക്ക് ഉയര്ത്തുകയും ചെയ്യുകയുമുണ്ടായി എന്ന് ഖുര്ആന് പറയുന്നു. ഇനി ഖിലാഫത്ത് പുനഃസ്ഥാപിക്കുകയെന്ന പുതിയ ദൗത്യവുമായി വീണ്ടും ലോകത്തേക്ക് നിയുക്തനാവുകയാണെങ്കില് അത് മുഹമ്മദി(സ)ന്റെ അന്ത്യപ്രവാചകത്വത്തിന് എതിരാവില്ല. അപ്പോഴും അവസാനത്തെ നബി മുഹമ്മദ് നബി(സ) തന്നെയായിരിക്കും.
പല സന്ദര്ഭങ്ങളിലായി ഈ കാര്യം ഉദ്ബോധിപ്പിച്ച നബിതിരുമേനിയോട് ഒരനുയായി പോലും ഒരിക്കലും ചോദിച്ചിരുന്നില്ല, 'മരിച്ചു മണ്ണടിഞ്ഞ ഈസാ(അ) എങ്ങനെയാണ് വീണ്ടും വരിക? എന്ന്. മാത്രവുമല്ല ''മുഹമ്മദ് നബി(സ)യുടെ ചില 'വിവരംകെട്ട' സ്വഹാബികള് ഈസാ(അ) ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചിരുന്നു'' എന്ന് മിര്സ ഖാദിയാനി തന്നെ എഴുതിവെച്ചിട്ടുണ്ട്. അവരുടെ അബദ്ധ വിശ്വാസം മുഹമ്മദ് നബി(സ) എന്തുകൊണ്ട് തിരുത്തിയില്ല?
ഈസാ (അ) മരിച്ചുവെന്നതിന് തെളിവായി മുപ്പത് ആയത്തുകള് സമര്പ്പിച്ചപ്പോള് 'മാ കാന മുഹമ്മദുന്' 'ഖാതമുന്നബിയ്യീന്' എന്ന ആയത്തുകൂടി വിവരിക്കുന്നുണ്ട് മിര്സാ ഖാദിയാനി. മുഹമ്മദ് നബി (സ) അവസാനത്തെ പ്രവാചകനായിരിക്കെ എങ്ങനെയാണ് ഈസാ (അ) രണ്ടാമതും വരികയെന്ന് ചോദിക്കുകയാണദ്ദേഹം (ഇസാലയേ ഔഹാം പേജ്: 614). എങ്ങനെയാണ് അന്ത്യപ്രവാചകനു ശേഷം സ്വയം പ്രവാചകനായി നിയുക്തനാവുക എന്ന തിരിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന് അദ്ദേഹത്തിനോ അനുയായികള്ക്കോ സാധിച്ചിട്ടില്ല. നേരത്തേ തന്നെ പ്രവാചകന്മാരുടെ ലിസ്റ്റില് ഉള്പ്പെടുന്ന ഈസാ(അ) ഇനിയും ലോകത്ത് വന്നാലല്ല, പുതിയ ഒരാളെ നബിയായി അയച്ചാലാണ് ഖത്മുന്നുബുവ്വത്തിനെതിരാവുക എന്നതത്രെ സാമാന്യബുദ്ധിയുടെ വിധി.
E) ഖാതമുല് മുഹാജിരീന് അവസാനത്തെ മുഹാജിറോ?
ഖാതമുല് മുഫസ്സിരീന്, ഖാതമുല് ഔലിയാഅ്, ഖാതമുല് മുഹാജിരീന് എന്നൊക്കെ സമൂഹനാമത്തോട് 'ഖാതം' ചേരുമ്പോള് അവസാനത്തെ എന്നല്ല, ആ സമൂഹത്തിലെ ശ്രേഷ്ഠന് എന്നാണര്ഥം. അതേപോലെ ഖാതമുന്നബിയ്യീന് പ്രവാചകന്മാരില് ശ്രേഷ്ഠനാണ്. ഔലിയാക്കളും മുഫസ്സിറുകളും മുഹാജിറുകളും ഇപ്പോഴും തുടരുന്നുണ്ടല്ലോ. ഖാദിയാനീ വിഭാഗത്തിന്റേതാണ് മേല്വാദം.
ന്യായമെന്ന് തോന്നുന്ന, പലരെയും ആശയക്കുഴപ്പത്തിലാക്കാന് പറ്റിയ ചോദ്യമാണിത്. ഖാതമുന്നബിയ്യീന് എന്നതല്ലാത്ത എല്ലാ പ്രയോഗങ്ങളും മനുഷ്യരുടേതാണ്. ഒരു പ്രഗത്ഭനായ മുഫസ്സിറിനെയോ കവിയെയോ കുറിച്ച് ചരിത്രരചയിതാവിനോ പ്രശംസിക്കുന്നവനോ 'അയാള് ഖാതമുല് മുഫസ്സിറോ ഖാതമുശ്ശുഅറാഓ' ആകുന്നത് ഇത്രയും പ്രഗത്ഭനായ ഒരാള് ഇനിയുണ്ടാവില്ല, ഇയാള് അവസാനത്തെ ആള് എന്ന നിലക്കു തന്നെയാണ്. അതിശയോക്തിയുദ്ദേശിച്ചും 'ഒടുവിലത്തെ' എന്ന് പറയാം. എന്നാല് ഭാവിയറിയുന്ന അല്ലാഹു ഇത് പ്രയോഗിക്കുമ്പോള് അവസാനത്തേതു തന്നെയായിരിക്കും. മറ്റൊരു ഉദാഹരണം അതിന് ലഭ്യമാവില്ല. അതേസമയം ഖാതമുല് മുഹാജിരീന് എന്ന പ്രവാചകന്റെ പ്രയോഗം അവസാനത്തെ എന്ന അര്ഥത്തില് ശരി തന്നെയാണ്. ഹിജ്റ സാങ്കേതികമായി പറയുക മക്കയില്നിന്ന് മദീനയിലേക്കുളള നബിതിരുമേനിയുടെ പലായനത്തെയാണ്. മക്കാവിജയത്തിനു തൊട്ടു മുമ്പ് ഏറ്റവും അവസാനം ഹിജ്റ ചെയ്ത അബ്ബാസി(റ)നെയാണ് നബിതിരുമേനി 'ഖാതമുല് മുഹാജിരീന്' എന്നു പറഞ്ഞത്. ശേഷവും ഇപ്പോഴും നടക്കുന്ന പലായനങ്ങള്ക്ക് ഹിജ്റ എന്നു പറയുമെങ്കിലും 'ലാ ഹിജ്റത ബഅ്ദല് ഫത്ഹ്' (മക്കാ വിജയശേഷം ഹിജ്റയില്ല) എന്ന നബിവചനത്തോട് ചേര്ത്തുവായിക്കുമ്പോള് വര്ഷാരംഭത്തിനായി തെരഞ്ഞെടുത്ത ഹിജ്റയാണ് പരാമര്ശിച്ചതെന്ന് മനസ്സിലാക്കാം.
ഇനി മുഹമ്മദ് നബി(സ)യും അബൂബക്റും ഉമറും ഉസ്മാനും അലിയുമൊക്കെ മുഹാജിറുകളാണെന്നിരിക്കെ അബ്ബാസിനെ ഏറ്റവും ശ്രേഷ്ഠനായ മുഹാജിര് എന്ന അര്ഥത്തില് 'ഖാതമുല് മുഹാജിരീന്' എന്ന് പറഞ്ഞുവെന്ന് കരുതാനാവില്ലല്ലോ. ഹിജ്റയുടെ എല്ലാ പ്രയാസങ്ങളും സഹിച്ച മുഹാജിറുകളേക്കാള് അല്പകാലം മാത്രം ഹിജ്റ ക്ലേശങ്ങളനുഭവിച്ച അബ്ബാസ്(റ) ശ്രേഷ്ഠനാവുന്നതെങ്ങനെയെന്ന ചോദ്യവും ഉത്തരം തേടുന്നു.
ഈ വിവാദത്തില് ഖാദിയാനി പ്രവാചകന്റെ 'തിരുമൊഴികള്' കൂടി പരിശോധിക്കാം. 1891-ല് രചിച്ച ഇസാലയേ ഔഹാമില് അദ്ദേഹം എഴുതി:
''മാ കാന മുഹമ്മദുന്, അതായത് മുഹമ്മദ് നിങ്ങളില് ഒരു പുരുഷന്റെയും പിതാവല്ല, എന്നാല് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്, പ്രവാചകന്മാരെ അവസാനിപ്പിക്കുന്നവനും. നമ്മുടെ നബി(സ) തിരുമേനിക്കു ശേഷം ഒരു പ്രവാചകനും ഈ ലോകത്തേക്ക് വരില്ലെന്ന് ഈ സൂക്തം തെളിയിക്കുന്നു. രിസാലത്തിന്റെ വഹ്യുകള് ഖിയാമം വരെ ഉണ്ടാവില്ലെന്ന് വ്യക്തമാവുന്നു എന്നതിനാല് മസീഹുബ്നു മര്യം ഒരിക്കലും ലോകത്തേക്ക് വരില്ലെന്ന് വിശ്വസിക്കേണ്ടതാണ്''(പേജ്: 614).
ഈസാ(അ) മരിച്ചുവെന്നും ഇനി വരില്ലെന്നും തെളിയിക്കാനായി സമര്പ്പിച്ച 30 ഖുര്ആന് സൂക്തങ്ങളില് 21-ാമതായി ഉദ്ധരിച്ചതാണിത്. ഇവിടെ മുദ്രയെന്നും ശ്രേഷ്ഠനെന്നും ശരീഅത്തോടുകൂടിയുള്ളതെന്നുമൊക്കെയുള്ള ഖാദിയാനികളുടെ അര്ഥം ഒരിക്കലും യോജിക്കില്ല. മുഹമ്മദ് നബി അന്ത്യപ്രവാചകനായതുകൊണ്ട് ഈസാ(അ) വരില്ലെന്നാണ് എഴുതിയിരിക്കുന്നത്. അല്ലാതെ ശ്രേഷ്ഠനോ മുദ്രയോ ആയതുകൊണ്ട് ഈസാ നബിക്ക് വരാന് പറ്റില്ല എന്നല്ല. ഇതോടെ എല്ലാ തര്ക്കങ്ങളും അവസാനിപ്പിക്കുമായിരുന്നു. ഇക്കാര്യം കേരളത്തിലെ ചീഫ് മിഷ്യനറിയായിരുന്ന മൗലവി മുഹമ്മദ് ഉമര് സമ്മതിക്കുന്നു (ഇശാഅത്തുകാര്ക്കുള്ള മറുപടി ഭാഗം 1 പേജ്:35).
സമൂഹനാമത്തോട് 'ഖാതം' ചേര്ത്തുകൊണ്ട് അവസാനത്തെ എന്ന അര്ഥം കൊടുത്ത നിരവധി സന്ദര്ഭങ്ങള് ഖാദിയാനി ഗ്രന്ഥങ്ങളില് കാണാം. ഉദാഹരണമായി ചിലത് കാണുക:
''അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില് വാഗ്ദത്ത മസീഹിന് നിരവധി നാമങ്ങളുണ്ട്. അതിലൊന്നാണ് 'ഖാതമുല് ഖുലഫാഅ്' അഥവാ ഏറ്റവും ഒടുവില് വരുന്ന ഖലീഫ എന്നത്'' (ചശ്മയേ മഅ്രിഫത് പേജ്: 333).
''ഞാന് സത്യഹൃദയത്തോടെ ആ പ്രവാചകനില് വിശ്വസിച്ചിരിക്കുന്നു. എനിക്കറിയാം, എല്ലാ പ്രവാചകത്വവും അദ്ദേഹത്തില് അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന്റേത് 'ഖാതമുശ്ശറാഇഅ്' ആണെന്നും'' (കയശറ പേജ്: 340).
''ഏറ്റവുമൊടുവില് ഒരു രഹസ്യം കൂടി ഇതാ, ബനൂ ഇസ്രാഈലിലെ ഖാതമുല് അമ്പിയാഅ് ഈസാ(അ)യും ഇസ്ലാമിലെ ഖാതമുല് അമ്പിയായുടെ പേര് മുഹമ്മദ് എന്നും അഹ്മദ് എന്നുമാകുന്നു'' (ബറാഹീനെ അഹ്മദിയ്യ വാള്യം 5 പേജ്:414 അനുബന്ധം).
തന്റെ ജനനത്തെപ്പറ്റി മിര്സ എഴുതി. ''എന്നോടൊപ്പം ജന്നത്ത് എന്ന് പേരായ ഒരു പെണ്കുട്ടി കൂടി ജനിച്ചിട്ടുണ്ടായിരുന്നു. ആദ്യം പുറത്തു വന്നത് ആ പെണ്കുഞ്ഞായിരുന്നു; പിന്നെ ഞാനും. എന്റെ ശേഷം എന്റെ മാതാപിതാക്കളുടെ വീട്ടില് ആണ്കുട്ടിയോ പെണ്കുട്ടിയോ ജനിച്ചിട്ടില്ല. ഞാന് അവരുടെ 'ഖാതമുല് ഔലാദ്' ആയിരുന്നു''(തിര്യാഖുല് ഖുലൂബ്: 479).
ഇവിടങ്ങളിലൊക്കെ 'അവസാനത്തെ' എന്ന അര്ഥം മാത്രമേ യോജിക്കുകയുള്ളൂ. 'തുടര്ന്നു വരുന്നവര്ക്ക് സാക്ഷ്യമുദ്ര നല്കുന്ന' എന്ന അര്ഥം നല്കി അപ്രകാരം മുഹമ്മദ് നബി(സ) മുദ്ര നല്കിയ ആളാണ് താനെന്ന് വാദിക്കുന്ന മിര്സാ ഖാദിയാനിയുടെ തന്നെയാണല്ലോ ഉദ്ധൃത വചനങ്ങളും. കള്ളവാദി തന്നെ ചിലപ്പോള് യാഥാര്ഥ്യം പറഞ്ഞുപോവുകയും അത് സത്യാന്വേഷികളെ സത്യപാന്ഥാവില്തന്നെ എത്തിക്കാന് സഹായമാവുകയും ചെയ്യുന്നത്, അല്ലാഹുവിന്റെ ഒരു രീതിയും സ്വന്തം അടിമകളോട് ചെയ്യുന്ന കാരുണ്യവുമാണ്.
അക്കമിട്ടും അല്ലാതെയും മുകളില് സമര്പ്പിച്ച സൂക്തങ്ങള്ക്കു പുറമെ മുഹമ്മദ് നബി(സ) അന്തിമ ദൂതനാണെന്ന ആശയത്തില് നിരവധി സൂക്തങ്ങള് നമുക്ക് കാണാന് കഴിയും. അതേപോലെ ഖുര്ആന് അല്ലാഹുവില്നിന്ന് ലഭിച്ച അവസാനത്തെ അധ്യാപനമാണെന്നും ഖുര്ആന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പഠനത്തിന് ഇനി പറയുന്ന സൂക്തങ്ങള് വായിക്കുക: സൂറ സബഅ്: 28, നിസാഅ്: 69, സ്വഫ്: 10,11.
ഇനി സാക്ഷാല് മിര്സാ ഗുലാം അഹ്മദ് ഖാദിയാനി തന്നെ ചില ഖുര്ആന് സൂക്തങ്ങളെ വിശദീകരിച്ചതു കൂടി കാണുക. സൂറ ത്വലാഖ്: 10,11 സൂക്തങ്ങള്: ''ഓ വിശ്വാസികളായ ബുദ്ധിമാന്മാരേ, അല്ലാഹു നിങ്ങളിലേക്ക് ഒരു ഉദ്ബോധനം ഇറക്കിയിരിക്കുയാണ്. നിങ്ങളെ അല്ലാഹുവിന്റെ സന്മാര്ഗ സൂക്തങ്ങള് ഓതിക്കേള്പ്പിക്കുന്ന ദൂതനെ വിശ്വസിക്കുകയും സല്ക്കര്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ, അദ്ദേഹം അന്ധകാരത്തില്നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്.''
തുടര്ന്ന് അദ്ദേഹം മുഹമ്മദ് നബി(സ)യുടെ ദൗത്യനിര്വഹണത്തെപ്പറ്റി വാചാലമാകുന്നു. അജ്ഞതയുടെ കൂരിരുട്ടില്നിന്ന് ഖുര്ആന്റെ വെളിച്ചവുമായി വന്ന പ്രവാചകന്, ദൈവിക വചനങ്ങള് ഓതിക്കേള്പ്പിക്കുകയും സത്യപാന്ഥാവിലൂടെ നടത്തുകയും ചെയ്തു. സുവാര്ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്കുന്നവനുമായി ലോകാന്ത്യം വരേയുള്ള മുഴുവന് മനുഷ്യര്ക്കുമുള്ള വിമോചകനും കാരുണ്യകടാക്ഷവുമാണ് അദ്ദേഹം. വ്യത്യസ്ത നാടുകളിലേക്ക് നിയുക്തരായിരുന്ന മുന് പ്രവാചകന്മാരില് വ്യത്യസ്തമായി അവരുടെയൊരു നേതാവായ മുഹമ്മദ് നബി(സ) ലോകത്തിനു മുഴുവന് വെളിച്ചമാകുന്നു (ബറാഹീനെ അഹ്മദിയ്യ വാള്യം 4 പേജ്: 540).
ഇതേ ആശയത്തിലുള്ള മറ്റു ചില ആയത്തുകള് (5: 15,16, 14: 1) കൂടി ഉദ്ധരിച്ചുകൊണ്ടാണ് മിര്സാ ഖാദിയാനി മുഹമ്മദി(സ)നു ശേഷം ഒരു പ്രവാചകന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നത്.
(അടുത്ത ലക്കത്തില് അവസാനിക്കും)