സലഫിസം ആദര്‍ശത്തെളിമയിലേക്കുള്ള തിരിച്ചുപോക്കാണ്

അശ്‌റഫ് കീഴുപറമ്പ്‌‌‌
img

നൂറ്റാണ്ടുകളായി ഇസ്‌ലാമിക ചിന്തയെ വളരെ ആഴത്തില്‍ സ്വാധീനിച്ചുപോരുന്ന ചില തത്ത്വങ്ങളുടെയും നിലപാടുകളുടെയും പേരാണ് സലഫിസം. പക്ഷേ ഇന്ന് ആ പ്രയോഗം വളരെ ദുരൂഹമായിത്തീര്‍ന്നിരിക്കുന്നു. പലതരം ആശയക്കുഴപ്പങ്ങള്‍ക്ക് അത് വഴിവെക്കുകയും ചെയ്യുന്നു. വഹ്ഹാബിസം എന്ന വാക്ക് സലഫിസത്തിന് പര്യായം എന്ന പോലെയാണ് പലരും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. വേറെ ചിലര്‍ ജിഹാദി സലഫിസം (അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യഃ) എന്ന് പ്രയോഗിക്കുന്നു. ഇതിന്റെ ചുരുക്കപ്പേരാണ് 'ജിഹാദികള്‍' ആയി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്. ഈ ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കണമെങ്കില്‍ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി കണ്ടെത്തേണ്ടതുണ്ട്. എന്താണ് സലഫിസം? വഹ്ഹാബിസം എന്നൊരു ചിന്താ പ്രസ്ഥാനമുണ്ടോ? ഉണ്ടെങ്കില്‍ അതും സലഫിസവും പര്യായ വാക്കുകളാണോ? യഥാര്‍ഥ സലഫിസവും ജിഹാദി സലഫിസവും എവിടെയാണ് വേര്‍പിരിയുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനം. സലഫിസത്തിന്റെ പില്‍ക്കാല പരിണാമങ്ങളിലേക്ക് ചില സൂചനകള്‍ മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ.

എന്താണ് സലഫിസം?
സ,ല,ഫ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന ധാതുവില്‍നിന്നുള്ളതാണ് സലഫ്, സലഫിയ്യഃ തുടങ്ങിയ വാക്കുകള്‍. സലഫ എന്ന ഭൂതകാലക്രിയയുടെ അര്‍ഥം മുന്‍കടന്നു, കഴിഞ്ഞുപോയി എന്നൊക്കെയാണ്.1 ഈ വാക്ക് ഖുര്‍ആനില്‍ എട്ടു തവണ വന്നിട്ടുണ്ട്. അതില്‍ ഏഴും ആക്ഷേപസ്വരത്തിലും ഒന്ന് മാത്രം പ്രശംസാ സ്വരത്തിലുമാണ് വന്നിട്ടുള്ളത്.

ഒന്ന്: ''കഴിഞ്ഞുപോയതെല്ലാം (അമ്മാ സലഫ) അല്ലാഹു പൊറുത്തിരിക്കുന്നു'' (5:95). ഒരാളുടെ മുന്‍കാല ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളാണ് ഇവിടെ ഉദ്ദേശ്യം.
രണ്ട്: ''കഴിഞ്ഞുപോയത് (മാഖദ് സലഫ) അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും'' (8:37).
മൂന്ന്: ''അവിടെ വെച്ച് ഓരോ വ്യക്തിയും മുമ്പ് പ്രവര്‍ത്തിച്ചതിന്റെ (മാ അസ്‌ലഫത്ത്) സത്യാവസ്ഥ മനസ്സിലാക്കും''(10:30).
നാല്: ''അങ്ങനെ അവരെ (ഫറോവയെയും കൂട്ടാളികളെയും) പില്‍ക്കാലക്കാര്‍ക്ക് ഒരു മാതൃകയും (സലഫന്‍) ഉപമയും ആക്കിത്തീര്‍ത്തു'' (43:56).
അഞ്ച്: ''(പലിശ) മുമ്പ് വാങ്ങിയത് (മാ സലഫ) അവന്‍ എടുത്തു പോയിട്ടുണ്ടെങ്കില്‍ പ്രശ്‌നമില്ല'' (2:275).
ആറ്: ''നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്; പക്ഷേ മുമ്പ് കഴിഞ്ഞുപോയത് (ഇല്ലാ മാഖദ് സലഫ) ഒഴികെ (അത് മാപ്പാക്കപ്പെട്ടിരിക്കുന്നു)'' (4:227).
ഏഴ്: ''രണ്ട് സഹോദരിമാരെ ഒരേസമയം വിവാഹം ചെയ്യുന്നതും നിഷിദ്ധം തന്നെ; എന്നാല്‍ മുമ്പ് കഴിഞ്ഞുപോയതിന് (ഇല്ലാ മാ ഖദ് സലഫ) വിരോധമില്ല'' (4:23).
എട്ട്: ''കഴിഞ്ഞുപോയ (ബിമാ അസ്‌ലഫ്തും) നാളുകളില്‍ മുന്‍കൂട്ടി ചെയ്ത സല്‍ക്കര്‍മങ്ങളുടെ ഫലമായി നിങ്ങള്‍ സന്തോഷപൂര്‍വം തിന്നുകയും കുടിക്കുകയും ചെയ്യുക'' (69:24).
ഈ എട്ടാമത് പറഞ്ഞ ഖുര്‍ആനിക സൂക്തത്തില്‍ മാത്രമാണ് നിഷേധാത്മകമല്ലാത്ത അര്‍ഥത്തില്‍ 'സലഫ' എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ള സൂക്തങ്ങളിലൊക്കെ ഇരുണ്ട ഭൂതകാലത്തെയോ ചെയ്തുപോയ നിഷിദ്ധങ്ങളെയോ കുറിക്കാനാണ് ആ പദം വന്നിട്ടുള്ളത്. ഇവിടെയല്ലാം കേവലം ഭൂതകാലത്തെ കുറിക്കുന്ന ഭാഷാപരമായ അര്‍ഥത്തിലാണ് അവയൊക്കെയും വന്നിട്ടുള്ളത് എന്നും കാണാം. ഹദീസിലും ഈ പദം വന്നിട്ടുള്ളത് കാലഗണനയെ കുറിക്കാന്‍ തന്നെയാണ്. മരണാസന്നനായിരിക്കെ നബി(സ) തന്റെ പ്രിയപുത്രി ഫാത്വിമയോട് 'നിനക്ക് ഞാനെത്ര നല്ല മുന്‍ഗാമിയാണ്' (ഫഇന്നീ നിഅ്മസ്സലഫു അന ലകി) എന്ന് പറയുന്നുണ്ട്. 'ആദ്യം മരിച്ചുപോവുക ഞാനാണ്, നീ പിന്നാലെ വരും' എന്നാണിതിന്റെ അര്‍ഥമെന്ന് ഇമാം നവവി തന്റെ ശര്‍ഹു മുസ്‌ലിമില്‍ (7/16) ഈ ഹദീസിനെ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആനിക സൂക്തങ്ങളുടെയോ ഹദീസുകളുടെയോ പിന്‍ബലത്തില്‍ സലഫ് എന്നതോ സലഫിയ്യഃ എന്നതോ നിര്‍ണിതാര്‍ഥമുള്ള ഒരു സാങ്കേതിക ശബ്ദമാണെന്ന് പറയാന്‍ കഴിയില്ല; ചിലരൊക്കെ അങ്ങനെയൊരു ശ്രമം നടത്തി നോക്കുന്നുണ്ടെങ്കിലും. അതിനവര്‍ പ്രയോഗിക്കുന്ന തന്ത്രം സലഫിനൊപ്പം 'സദ് വൃത്തന്‍' എന്നര്‍ഥമുള്ള 'സ്വാലിഹ്' എന്ന് ചേര്‍ക്കുകയാണ്. 'സദ്‌വൃത്തനായ മുന്‍ഗാമി' എന്ന അര്‍ഥം അപ്പോള്‍ 'സലഫ് സ്വാലിഹ്' എന്ന പ്രയോഗത്തിന് വന്നുചേരുമല്ലോ. അപ്പോഴുമത് ഖുര്‍ആനിലെയോ ഹദീസിലെയോ സാങ്കേതിക സംജ്ഞയായിത്തീരുന്നില്ല, ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സാങ്കേതിക സംജ്ഞ മാത്രം. അതേ സമയം ഈ സംജ്ഞ ഉള്‍ക്കൊള്ളുന്ന ആശയം ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ടെന്നതും നിഷേധിക്കാനാവില്ല.

ഖുര്‍ആനിലും ഹദീസിലും കാലഗണനയെ കുറിക്കാനാണ് സലഫ് എന്ന പദം വന്നിട്ടുള്ളത് എന്നതിനാല്‍, അവ രണ്ടിനും പുറത്തുള്ള ചരിത്ര സന്ദര്‍ഭങ്ങളില്‍ വെച്ച് സലഫിയ്യഃയെ നിര്‍വചിക്കുമ്പോള്‍ കൃത്യത വരുത്താന്‍ പ്രയാസപ്പെടും. പലതരം നിര്‍വചനങ്ങള്‍ ഉയര്‍ന്നുവരും. അവ ചിലപ്പോള്‍ പൊരുത്തപ്പെടുന്നതു പോലുമായിരിക്കില്ല.
خير القرون قرني ثمّ الّذين يلونهم ثمّ الّذين يلونهم
'ഏറ്റവും നല്ലവര്‍ എന്റെ നൂറ്റാണ്ടിലുള്ളവരാണ്, പിന്നെ അവര്‍ക്കു ശേഷമുള്ളവര്‍, പിന്നെ അവര്‍ക്കു ശേഷമുള്ളവര്‍' എന്ന നബി വചനത്തിന്റെ (ബുഖാരി, മുസ്‌ലിം) അടിസ്ഥാനത്തിലാണ് പൊതുവെ സലഫിസത്തെ നിര്‍വചിക്കാറുള്ളത് (മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇത്രകൂടിയുണ്ട്; നബിയോട് ഒരാള്‍ ചോദിച്ചു: 'ആരാണ് ഉത്തമ ജനം?' അവിടുന്ന് പറഞ്ഞു:
خير النّاس قرني ثمّ الّذين يلونهم ثمّ الّذين يلونهم
'എന്റെ നൂറ്റാണ്ടിലുള്ളവര്‍, പിന്നെ രണ്ടാം നൂറ്റാണ്ടിലുള്ളവര്‍, പിന്നെ മൂന്നാം നൂറ്റാണ്ടിലുള്ളവര്‍'). ഈ നബിവചനങ്ങളില്‍ 'ഖര്‍ന്' (നൂറ്റാണ്ട്) എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. അക്ഷരാര്‍ഥത്തില്‍ എടുത്താല്‍, നബി ജീവിച്ച നൂറ്റാണ്ടിലും പിന്നീടുള്ള രണ്ട് നൂറ്റാണ്ടുകളിലും ജീവിച്ച സദ്‌വൃത്തരായ ആളുകളൊക്കെ 'സലഫുസ്സ്വാലിഹി'ല്‍ പെടും. പക്ഷേ ചില ഗവേഷകര്‍2 ഖര്‍ന് എന്ന വാക്കിന് നൂറ്റാണ്ട് എന്നല്ല, തലമുറ എന്നേ അര്‍ഥമുള്ളൂ എന്ന് വാദിക്കുന്നു. കാലഗണന ആ നിലക്കാണെങ്കില്‍ സ്വഹാബികള്‍ ആദ്യ തലമുറ, താബിഉകള്‍ രണ്ടാം തലമുറ, താബിഉത്താബിഈന്‍ മൂന്നാം തലമുറ. ഈ മൂന്ന് തലമുറയുടെ ജീവിത കാലമെടുക്കുകയാണെങ്കില്‍ ഹിജ്‌റക്കു ശേഷം ഒന്നര നൂറ്റാണ്ടേ വരൂ. അതായത് ഖര്‍ന് എന്ന വാക്കിന് നൂറ്റാണ്ട് എന്ന് അര്‍ഥം പറയാതിരുന്നാല്‍, ശേഷമുള്ള ഒന്നര നൂറ്റാണ്ടില്‍ ജീവിച്ചവരൊക്കെ ഹദീസ് പ്രകാരമുള്ള സലഫ് സ്വാലിഹ് ഗണത്തില്‍നിന്ന് പുറത്താകും.

മാത്രവുമല്ല ഭാഷാപരമായി സലഫ് എന്നാല്‍ മുന്‍കാലക്കാര്‍ എന്നേ അര്‍ഥമുള്ളൂ. ഖലഫ് എന്നാല്‍ പില്‍ക്കാലക്കാര്‍ എന്നും. ഏതു പില്‍ക്കാലക്കാരും അതിനു ശേഷം വരുന്നവര്‍ക്ക് മുന്‍കാലക്കാര്‍ ആവുമല്ലോ; നാം നമുക്കു ശേഷം വരുന്നവര്‍ക്ക് മുന്‍കാലക്കാര്‍ ആകുന്നതുപോലെ. ഇതുപോലുള്ള കാരണങ്ങളാലാണ് സലഫിനും സലഫിസത്തിനും ഒരു ഏകോപിത നിര്‍വചനം പറയാന്‍ കഴിയാതെ പോകുന്നത്.

സലഫിന്റെ അര്‍ഥ-കാല പരിധികള്‍ നിര്‍ണയിക്കുന്നതില്‍ കൃത്യത വരുത്താനാവില്ലെങ്കിലും പ്രവാചകനൊപ്പം ജീവിച്ച വിശ്വാസിസമൂഹവും അവരെ കണ്ടും കേട്ടും പിന്തുടര്‍ന്ന തൊട്ടുശേഷമുള്ള തലമുറയും തന്നെയാണ് ഏറ്റവും ഉത്തമര്‍ എന്ന വസ്തുത ഖുര്‍ആന്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

''സത്യമാര്‍ഗത്തില്‍ ആദ്യം മുന്നോട്ടുവന്ന മുഹാജിറുകളിലും അന്‍സ്വാറുകളിലും സല്‍ക്കര്‍മങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. അവന്‍ അവര്‍ക്കായി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ തയാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ'' (അത്തൗബഃ: 100).
അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. ഈ നിര്‍ണിത കാലത്ത് ജീവിച്ചവരൊക്കെ സലഫുസ്സ്വാലിഹുകളില്‍ പെടുമോ? തീര്‍ച്ചയായും അല്ല എന്ന് ഉത്തരം. ഖുര്‍ആനും സുന്നത്തും പ്രമുഖരായ സ്വഹാബികള്‍ മനസ്സിലാക്കിയ പ്രകാരം മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവര്‍ മാത്രമേ ഈ ഗണത്തില്‍ പെടൂ. ആ കാലത്ത് ജീവിച്ചതുകൊണ്ടു മാത്രം ഒരാളും ഈ പന്തിയിലേക്ക് കയറിയിരിക്കാന്‍ യോഗ്യത നേടുന്നില്ല. ഉദാഹരണത്തിന് ഖദ്‌രിയ്യ വിഭാഗം ഇതില്‍ പെടുന്നില്ല. നാലാം ഖലീഫ അലി (റ)ക്കെതിരെ പടപ്പുറപ്പാടുമായാണല്ലോ ഖവാരിജുകള്‍ വരുന്നത്. അവരില്‍ സ്വഹാബികളായി ഒരാള്‍ പോലുമില്ലെങ്കിലും അവര്‍ ജീവിച്ച കാലം വെച്ച് അവരെ ഒരിക്കലും സലഫുസ്സ്വാലിഹുകളില്‍ എണ്ണാന്‍ നിവൃത്തിയില്ല.

ഇനി 'സലഫിസ'ത്തിന് ചില മുന്‍കാല പണ്ഡിതന്മാര്‍ നല്‍കിയ നിര്‍വചനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം (അവര്‍ സലഫിയ്യഃ/സലഫിസം എന്നതിന് പകരം അഹ്‌ലുസ്സുന്നഃ എന്നൊക്കെയാവും പ്രയോഗിച്ചിട്ടുണ്ടാവുക). ഇമാം അഹ്‌മദു ബ്‌നു ഹമ്പല്‍ തന്റെ 'ഉസ്വൂലുസ്സുന്നഃ' എന്ന കൃതിയില്‍ പറയുന്നു: ''സുന്നത്തിന്റെ അടിത്തറ എന്നത് നമ്മെ സംബന്ധിച്ചേടത്തോളം പ്രവാചകന്റെ അനുചരന്മാര്‍ ഏതൊക്കെ കാര്യങ്ങളില്‍ നിലകൊണ്ടുവോ അവ മുറുകെപ്പിടിക്കലും അനുധാവനം ചെയ്യലുമാണ്.'' അല്ലാമാ സഫാറീനി തന്റെ 'ലവാമിഉല്‍ അന്‍വാറി'ല്‍ ഇത് ഒന്നുകൂടി വിശദീകരിക്കുന്നുണ്ട്: ''മഹാന്മാരായ സ്വഹാബികളും അവരെ പിന്തുടര്‍ന്ന മഹത്തുക്കളായ താബിഉകളും പില്‍ക്കാലത്ത് ഇമാമുകളായി ശ്രുതിപ്പെട്ടവരും (അവര്‍ക്കെതിരെ ബിദ്അത്ത് ആരോപണങ്ങളില്ല, ഒട്ടും സുഖകരമല്ലാത്ത ഖവാരിജ്, റവാഫിള്, ഖദ്‌രിയ്യഃ, മുര്‍ജിഅഃ, ജബരിയ്യഃ, ജഹ്‌മിയ്യഃ, മുഅ്തസിലഃ, കര്‍റാമിയ്യഃ തുടങ്ങിയ വിശേഷണങ്ങള്‍ അവരിലേക്ക് ചേര്‍ക്കപ്പെടുന്നുമില്ല) പിന്തുടര്‍ന്ന മാര്‍ഗമേതോ അതാണ് സലഫിന്റെ മാര്‍ഗം.'' മുഹമ്മദ് അമാന്‍ നല്‍കുന്ന നിര്‍വചനത്തില്‍, വിശ്വാസികളുടെ ഒന്നാം തലമുറയും അവരുടെ ചര്യ പിന്‍പറ്റുന്ന ലോകാവസാനം വരെയുള്ള എല്ലാ തലമുറകളും സലഫില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതായത് ഒരു നിര്‍ണിത ചരിത്ര ഘട്ടത്തില്‍ ജീവിച്ചവര്‍ മാത്രമല്ല സലഫ്. 'സത്യത്തിന്റെ സഹായികളായി എന്റെ സമൂഹത്തില്‍ ഒരു വിഭാഗം എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. മറ്റുള്ളവരുടെ എതിര്‍പ്പോ പരിഹാസമോ ഒന്നും അവര്‍ക്ക് പ്രശ്‌നമാവുകയില്ല' എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍വചനത്തെ ഈ വിധം വിപുലപ്പെടുത്തിയത്.3

പേരുകള്‍ വ്യത്യസ്തം
ഇതുവരെ നല്‍കിയ വിവരണത്തില്‍നിന്ന് ഇസ്‌ലാമിക ചരിത്രത്തിലെ സലഫിയ്യഃ/സലഫിസം നിര്‍ണിത പ്രവര്‍ത്തന പരിപാടികളുള്ള ഏതെങ്കിലും സംഘത്തെയോ സംഘടനയെയോ കുറിക്കുന്ന സംജ്ഞയല്ല എന്ന് വ്യക്തമായി. ആദ്യകാല വിശ്വാസി തലമുറയുടെ മാതൃക പിന്‍പറ്റി യഥാര്‍ഥ ദീനില്‍ തിരിച്ചെത്തുക എന്നതാണ് ഇതിന്റെ കാതല്‍. ചരിത്രത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെയെല്ലാം ആത്മാവും ചൈതന്യവും ഈ തിരിച്ചു നടക്കലായിരുന്നു. അതൊരിക്കലും നാഗരികമായ തിരിച്ചുനടക്കലല്ല. അഥവാ അന്നത്തെ ആട് മേയ്ക്കലിലേക്കും ഒട്ടകസവാരിയിലേക്കും നാട്ടുവൈദ്യത്തിലേക്കുമുള്ള തിരിച്ചുപോക്കല്ല. അങ്ങനെയും ചിലര്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അതിന്റെ പൊല്ലാപ്പുകള്‍ പ്രബുദ്ധമായ കേരളക്കരയില്‍ വരെ നാം അനുഭവിക്കുന്നുമുണ്ടല്ലോ.

ഇസ്‌ലാമിന്റെ വിശ്വാസ സംഹിതയും മൂല്യസങ്കല്‍പങ്ങളും തനതായ സംസ്‌കാരവുമൊക്കെ പലതരം ഭൗതിക-ആത്മീയ ദര്‍ശനങ്ങളുടെ സ്വാധീനഫലമായി വെല്ലുവിളിക്കപ്പെടുമ്പോള്‍, ആ കടന്നാക്രമണങ്ങളെ ചെറുക്കുന്ന കോട്ടയായും പരിചയായുമൊക്കെയാണ് സലഫി ചിന്താധാര ഉടലെടുക്കുക. അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിലെയും വെല്ലുവിളിയുടെ സ്വഭാവമനുസരിച്ച് അതത് കാലത്തെ സലഫി ചിന്തയുടെ സ്വഭാവവും ഊന്നലുകളുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും. ഈ നിലപാട് സ്വീകരിച്ചവര്‍ തുടക്കത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രവാചകചര്യ മുറുകെപ്പിടിക്കുന്നതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്റെ ഐക്യവും കെട്ടുറപ്പും കാത്തുസംരക്ഷിക്കുന്നവര്‍ എന്നാണ് ആ സംജ്ഞയുടെ പൊരുള്‍. ആ സംജ്ഞക്ക് അങ്ങനെയൊരു അര്‍ഥതലം ഉണ്ടായിത്തീരാന്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. പ്രവാചകനു ശേഷം ആദ്യ ഖലീഫയാകേണ്ടിയിരുന്നത് അലി (റ) ആയിരുന്നു എന്ന വാദത്തിന് കര്‍ബല സംഭവത്തിനു ശേഷം അപ്രതീക്ഷിതമായ രാഷ്ട്രീയ മാനങ്ങള്‍ കൈവന്നപ്പോള്‍ സമൂഹത്തില്‍ അതൊരു വന്‍ പിളര്‍പ്പിന് കാരണമായി.

വേറിട്ടു പോയവര്‍ ശീഅഃ എന്ന് അറിയപ്പെട്ടു. നേരത്തേ തന്നെ പലതരം ചെറിയ ഗ്രൂപ്പുകള്‍ വിവിധ ഭൗതിക ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് ഇസ്‌ലാമിക സംജ്ഞകള്‍ക്ക് പലതരം വ്യാഖ്യാനങ്ങളുമായി രംഗത്തു വന്നിരുന്നു. ശീഈകള്‍ ആവിര്‍ഭവിച്ചതോടെ അവര്‍ ഒരു സമാന്തര വിശ്വാസ സംഹിത തന്നെ രൂപപ്പെടുത്തുന്നതായാണ് പണ്ഡിതന്മാര്‍ക്ക് തോന്നിയത്. അലി(റ)ക്കും അദ്ദേഹത്തിന്റെ ഹസന്‍(റ), ഹുസൈന്‍ (റ) എന്നീ പുത്രന്മാര്‍ക്കും ദിവ്യത്വം കല്‍പിക്കുവോളം ചില ശീഈ വ്യാഖ്യാനങ്ങള്‍ കാടുകയറി. അത്തരം വ്യാഖ്യാനങ്ങളെ ചുറ്റിപ്പറ്റി പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുകൂട്ടി. ഈ വഴികേടുകളില്‍നിന്ന് രക്ഷപ്പെടുത്തി മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉറപ്പിച്ചു നിര്‍ത്താനുള്ള അക്കാലത്തെ സലഫി രക്ഷാപ്രവര്‍ത്തനമായിരുന്നു അഹ്‌ലുസ്സുന്നഃ വല്‍ജമാഅ. പക്ഷേ കേരളക്കരയിലും മറ്റും ഈ പേര് സ്വന്തമാക്കി വെച്ചിരിക്കുന്നത്, ശീഈ ധാരയിലെ പല അന്ധവിശ്വാസങ്ങളും കുടഞ്ഞെറിയാന്‍ കഴിയാത്ത വിഭാഗങ്ങളാണെന്ന വൈരുധ്യം നിലനില്‍ക്കുന്നു. ആ പേര് അവര്‍ക്ക് പതിച്ചുകൊടുക്കുന്നതില്‍ ഉല്‍പതിഷ്ണുവിഭാഗങ്ങള്‍ക്കുമില്ല തെല്ലും മനഃപ്രയാസം! അഹ്‌ലുല്‍ ഹദീസ്, അഹ്‌ലുല്‍ അസര്‍ എന്നീ പേരുകളാലും ഈ ചിന്താഗതി പുലര്‍ത്തുന്നവര്‍ ചില കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. അല്‍ഫിര്‍ഖത്തുന്നാജിയഃ, അത്ത്വാഇഫതുല്‍ മന്‍സ്വൂറഃ (രക്ഷപ്പെട്ട, വിജയശ്രീലാളിതരായ വിഭാഗം) എന്നും അവര്‍ ചിലപ്പോള്‍ വിശേഷിപ്പിക്കപ്പെട്ടു. ഒരു ഹദീസിലെ പ്രയോഗം കടമെടുത്ത്, 'ഗുറബാഅ്' എന്നും അവര്‍ അറിയപ്പെട്ടു. 'അപരിചിതര്‍' എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഇസ്‌ലാമികാശയങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌മേല്‍ മറിക്കപ്പെട്ട ഒരു സന്ദര്‍ഭത്തില്‍ യഥാര്‍ഥ ഇസ്‌ലാമിലേക്ക് ആഹ്വാനം ചെയ്തുകൊണ്ട് രംഗത്തു വരുന്ന വിഭാഗത്തെ പൊതുജനം അപരിചിതരെയെന്നപോലെ സംശയദൃഷ്ടിയോടെയായിരിക്കും നോക്കുക എന്നാണ് ഹദീസിന്റെ സാരം. ആ പേര്‍ അവര്‍ക്ക് നല്‍കപ്പെടാന്‍ അതാണ് കാരണം.
ചുരുക്കത്തില്‍, സലഫിസം എന്നത് നിര്‍ണിതമായ നിര്‍വചനങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സംജ്ഞയല്ല. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആ ചിന്താധാര എക്കാലത്തും ശക്തമായി നിലകൊണ്ടിരുന്നു. പ്രകോപിതരായ യാഥാസ്ഥിതിക വിഭാഗങ്ങളാണ് സലഫിസത്തെ പിശാചുവല്‍ക്കരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ആശയപരിസരത്ത് ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു ഇപ്പറഞ്ഞ അര്‍ഥത്തിലുള്ള സലഫിസം. മൊറോക്കോയിലെ ഇസ്‌ലാമിസ്റ്റ് കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ നേതാവും മുന്‍ മൊറോക്കന്‍ പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്‍, 'നിങ്ങള്‍ വഹാബിസം എന്നു പറയുന്നത് ഒരുതരം സലഫിസം തന്നെയാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചേടത്തോളം സലഫിസം എന്നു പറയുന്നത്, ഇസ്‌ലാമിക പ്രമാണങ്ങളെ വസ്തുനിഷ്ഠമായും സത്യസന്ധമായും സമീപിക്കലാണ്' എന്ന് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനായ റാശിദ് ഗന്നൂശി തന്റെയൊരു പുസ്തകത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അഞ്ച് പ്രധാന വിശേഷണങ്ങള്‍ എടുത്തു പറഞ്ഞപ്പോള്‍ അതിലൊന്ന് 'സലഫിസം' ആയിരുന്നു. ഈ സംജ്ഞക്ക് ഗന്നൂശി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്: ''ഇസ് ലാമിനെ അതിന്റെ സ്വഛമായ സ്രോതസ്സുകളില്‍നിന്ന് (ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും) സ്വീകരിക്കുക. ഇസ്‌ലാമിക ചരിത്രത്തില്‍ പലതരം വീക്ഷണങ്ങളും ഇജ്തിഹാദുകളുമൊക്കെ കണ്ടേക്കും. അവയെ പക്ഷപാത മനസ്സോടെയല്ല, സ്വതന്ത്ര മനസ്സോടെ സമീപിക്കുക.''4

ഇബ്‌നുതൈമിയ്യയും സലഫിസവും
ഇപ്പറഞ്ഞ വിധത്തിലുള്ള സലഫിസം കൃത്യമായ ഒരു ആശയധാരയായി രൂപപ്പെട്ടത് മുഖ്യമായും ഇമാം ഇബ്‌നുതൈമിയ്യഃ(661/1263-728/1328)യുടെ നവോത്ഥാന ശ്രമങ്ങളുടെ ഫലമായാെണന്നു പറയാം. ഒരുപക്ഷേ പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ അദ്ദേഹം തന്റെ കൃതികളില്‍ 'സലഫി' എന്ന വാക്ക് പ്രയോഗിച്ചിട്ടുണ്ടാവില്ല. 'സദ്‌വൃത്തരായ മുന്‍ഗാമികളുടെ വഴി' (മന്‍ഹജുസ്സലഫിസ്സ്വാലിഹീന്‍) എന്നാവും പ്രയോഗിച്ചിരിക്കുക. അദ്ദേഹം ശൂന്യതയില്‍നിന്ന് ഒരു ആശയം വികസിപ്പിച്ചെടുക്കുകയായിരുന്നില്ല. ചിന്താപരമായി ഇസ്‌ലാമിന്റെ നേര്‍വഴിയില്‍നിന്ന് മിക്ക മുസ്‌ലിം ദാര്‍ശനികരും വളരെയേറെ അകന്നുപോയ ഒരു ഘട്ടത്തിലായിരുന്നു ഇബ്‌നുതൈമിയ്യക്ക് ജീവിക്കേണ്ടി വന്നത്. ഇബ്‌നുറുശ്ദിലും ഫാറാബിയിലും ഇബ്‌നുസീനയിലുമെല്ലാം നിയോ പ്ലാറ്റോണിസത്തിന്റെ സ്വാധീനം വളരെ പ്രകടമായിരുന്നു. ആ ചിന്താഗതിക്കെതിരെ ഇമാം ഗസ്സാലി നടത്തിയ പോരാട്ടം പോലും ഭാഗികമായിരുന്നു. മറുഭാഗത്ത്, മനസ്സംസ്‌കരണത്തിനുള്ള മാര്‍ഗമായി ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തുടക്കം കുറിക്കപ്പെട്ട സൂഫിസം ഇബ്‌നുതൈമിയ്യഃ ജീവിച്ച നൂറ്റാണ്ട് ആയപ്പോഴേക്കും 'ഹുലൂലി'(ദൈവം മനുഷ്യനില്‍ അവതാരമെടുക്കുക), 'വഹ്ദതുല്‍ വുജൂദി'(അദ്വൈതം)ലും എത്തിക്കഴിഞ്ഞിരുന്നു. എണ്ണമറ്റ ഗൂഢാര്‍ഥ ദര്‍ശനങ്ങളും തലപൊക്കി. ഇബ്‌നു അറബിയുടെയും മറ്റും വഴിവിട്ട ചിന്തകള്‍ വളരെ വേഗത്തിലാണ് പ്രചാരം നേടിക്കൊണ്ടിരുന്നത്. ഈ വഴിതെറ്റലുകളെ തിരുത്താന്‍ ദൈവശാസ്ത്രജ്ഞരും (മുതകല്ലിമൂന്‍) രംഗത്തുണ്ടായിരുന്നില്ല. ഖുര്‍ആനെ വിലകുറച്ചു കാണുകയും യുക്തിക്ക് അമിത പ്രാധാന്യം നല്‍കുകയുമായിരുന്നു അവരുടെ രീതി. മറ്റൊരു വിഭാഗമായ അശ്അരികള്‍ നിലയുറപ്പിച്ചതാകട്ടെ, മുഅ്തസിലഃ വിഭാഗത്തിന്റെ നേര്‍ എതിര്‍ദിശയിലും. മനുഷ്യന് എല്ലാ തരത്തിലുള്ള കര്‍തൃത്വവും നിഷേധിക്കുന്ന തലത്തില്‍ വരെ അവരുടെ വാദങ്ങള്‍ ചെന്നെത്തി. മനുഷ്യന്‍ കാര്യങ്ങള്‍ ചെയ്യുന്നവന്‍ (doer of things) അല്ലെന്നും അവന്‍ പ്രവൃത്തികള്‍ നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും യഥാര്‍ഥ കര്‍തൃത്വം ദൈവത്തിനേ ഉള്ളൂവെന്നും അവര്‍ വാദിച്ചു. എങ്കില്‍ പിന്നെ മനുഷ്യന് രക്ഷയും ശിക്ഷയും നല്‍കുന്നതിന് എന്തര്‍ഥം? ഖുര്‍ആന്റെ അധ്യാപനങ്ങളോട് നേര്‍ക്കു നേരെ ഏറ്റുമുട്ടുന്നുണ്ട് ഇത്തരം വാദങ്ങള്‍.
ഇത്രയേറെ ആശയകാലുഷ്യം നിറഞ്ഞ മറ്റൊരു ഘട്ടം ഒരുപക്ഷേ ഇസ്‌ലാമിക ചരിത്രത്തിലുണ്ടായിട്ടില്ല. ഇവിടെ പറഞ്ഞതും അല്ലാത്തതുമായ മുഴുവന്‍ ചിന്താധാരകളെയും ആഴത്തില്‍ പഠിച്ചും നിശിതമായി ചോദ്യം ചെയ്തും ഇസ്‌ലാമിക വിശ്വാസ സംഹിതയുടെയും സംസ്‌കാരത്തിന്റെയും തനിമയും വിശുദ്ധിയും തിരിച്ചു പിടിക്കുകയായിരുന്നു ഇബ്‌നുതൈമിയ്യഃ. അതാണ് അദ്ദേഹത്തെ ഇസ്‌ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായി ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരി എഴുതുന്നു: ''ഒന്നാമതായി അദ്ദേഹം സ്ഥാപിച്ചത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമികനിയമത്തിന്റെ സ്രോതസ്സുകള്‍ മാത്രമല്ല; അവ ഇസ്‌ലാമിക വിശ്വാസക്രമത്തിന്റെ കൂടി ആധാരമാണ് എന്നാണ്. ജീവിതം എങ്ങനെ ക്രമീകരിക്കണം, സമൂഹത്തിന്റെ സംഘാടനം എങ്ങനെ, സമ്പദ്ഘടന എങ്ങനെ നടത്തിക്കൊണ്ടുപോകാം, ഭരണം എങ്ങനെ നിര്‍വഹിക്കപ്പെടണം- ഇതിനൊക്കെയുള്ള നിര്‍ദേശങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഈ രണ്ട് സ്രോതസ്സുകളില്‍നിന്നാണ്. ഹൃദയവിശുദ്ധി കൈവരിക്കാനും സദ്‌വൃത്തജീവിതം നയിച്ച് ദൈവത്തിന് വഴിപ്പെടാനുമുള്ള മാര്‍ഗ(ത്വരീഖ)വും അവ പറഞ്ഞുതരുന്നു. ഇതു സംബന്ധമായ എല്ലാ അടിസ്ഥാന തത്ത്വങ്ങളും ഖുര്‍ആനില്‍ തന്നെ വന്നിരിക്കുന്നു. അവയുടെ വിശദീകരണം നബിചര്യയിലും കാണാം. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഒരാള്‍ ആദ്യം നോക്കേണ്ടത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. മറ്റെന്തും അവ രണ്ടിനും ശേഷമേ വരൂ. ഇനി ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ തന്നെ, ഇവ രണ്ടുമായി ഒത്തുപോകുന്നതേ സ്വീകരിക്കാനും നിര്‍വാഹമുള്ളൂ.....
''രണ്ടാമതായി, ഒരു ഖുര്‍ആനിക പ്രസ്താവം ശരിയായി മനസ്സിലാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്, അതുമായി ബന്ധപ്പെട്ട മറ്റു ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പരിശോധിക്കുകയാണ്. പിന്നെ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനമായ ഹദീസുകള്‍ പരിശോധിക്കണം. ആ ഹദീസുകള്‍ സ്വഹീഹ് ആണെന്ന് വ്യക്തമായാല്‍ പിന്നെ ഒരിക്കലും അവ വേണ്ടെന്നു വെക്കരുത്. മൂന്നാമതായി, പ്രവാചകനെ കാണുകയും കേള്‍ക്കുകയും ചെയ്ത അനുയായികളുടെ വാക്കുകളും പ്രവൃത്തികളും എന്തായിരുന്നുവെന്ന് നോക്കണം. ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍, വിശ്വാസകാര്യങ്ങളില്‍, ജീവിത വ്യവഹാര മൂല്യങ്ങളില്‍ അവര്‍ തമ്മില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ അവരുടെ വാക്കുകളും പ്രവൃത്തികളും നിയാമക മൂല്യമുള്ളവയാണ്. അവസാനമായി, പ്രവാചകാനുയായികള്‍ക്കു ശേഷമുള്ള തലമുറ(താബിഊന്‍)യുടെ ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങളും കണക്കിലെടുക്കണം. ഇവരൊക്കെയും ഐകകണ്‌ഠ്യേന അംഗീകരിച്ച ഒരു വീക്ഷണമുണ്ടെങ്കില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കരുത്. ഇനി അഭിപ്രായാന്തരങ്ങള്‍ ഉണ്ടെങ്കില്‍ ഖുര്‍ആനും സുന്നത്തുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന വീക്ഷണമേതോ അതാണ് സ്വീകരിക്കേണ്ടത്. പ്രവാചകാനുയായികള്‍ക്കു ശേഷമുള്ള തലമുറയും ഇങ്ങനെ ഈ രണ്ട് മൗലിക സ്രോതസ്സുകളോട് ചേര്‍ന്നു നിന്നവരായിരുന്നു. അന്യ ആശയങ്ങളോ പാരമ്പര്യങ്ങളോ മൂല്യസങ്കല്‍പങ്ങളോ അവരെ സ്വാധീനിച്ചിരുന്നില്ല.....

''ഈ രണ്ട് തലമുറകളുടേത് മാത്രമല്ല, അറിവിനാലും ജീവിത വിശുദ്ധിയാലും ഇസ്‌ലാമിക സമൂഹം വിശ്വാസമര്‍പ്പിക്കുന്ന പ്രഗത്ഭ പണ്ഡിതന്മാരുടെ(അഇമ്മഃ) അഭിപ്രായങ്ങളെയും മുഖവിലക്കെടുക്കണം. ആദ്യം വരുന്നത് നാല് ഇമാമുമാര്‍ തന്നെ. അബൂഹനീഫഃ (മരണം 150/667), മാലിക് (മ.179/795), ശാഫിഈ (മ. 204/819), ഇബ്‌നു ഹമ്പല്‍ (മ. 241/855) എന്നിവര്‍. ഇവരുടെ മദ്ഹബുകളിലെ പ്രമുഖ പണ്ഡിതരും ഔസാഈ (മ. 157/774), സുഫ്‌യാനുസ്സൗരി (മ. 160/771) പോലുള്ള സ്വതന്ത്ര പണ്ഡിതരും ഹദീസ് നിരൂപണ രംഗത്തെ അതികായരായ ബുഖാരി (മ. 256/870), മുസ്‌ലിം (മ. 261/875) പോലുള്ളവരുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടും. ഇവരെയെല്ലാം ഇബ്‌നുതൈമിയ്യഃ വിശേഷിപ്പിക്കുന്നത് 'സച്ചരിതരായ പൂര്‍വഗാമികള്‍' എന്നാണ്. ഖുര്‍ആനിലും സുന്നത്തിലുമുള്ള അവരുടെ ഗ്രാഹ്യതയും ഇസ്‌ലാമിക വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും അവര്‍ നല്‍കിയ വ്യാഖ്യാനങ്ങളും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചു.''5

ഇതാണ് ഇബ്‌നുതൈമിയ്യഃ മുന്നോട്ടു വെച്ച സലഫിയ്യഃ. പിന്നീട് വന്ന നവോത്ഥാന പരിഷ്‌കരണ പ്രസ്ഥാനങ്ങളെല്ലാം ഈ ആശയത്തിലൂന്നിക്കൊണ്ടാണ് നിലവില്‍ വന്നതും പ്രവര്‍ത്തിച്ചതും. ഈ ആശയത്തെ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായി പതിച്ചുകൊടുക്കാന്‍ കഴിയില്ല. ചിന്താപരമായ കാലുഷ്യങ്ങള്‍ വര്‍ധിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വേരു പടര്‍ത്തുക. ഇബ്‌നുതൈമിയ്യയുടെ കാലഘട്ടവും അതിന് സാക്ഷിയാണ്. തൗഹീദിന് കടകവിരുദ്ധമായ പല ആചാരങ്ങളും പൊതുസമൂഹം കൊണ്ടുനടക്കുന്നുണ്ടായിരുന്നു. അത്യാചാരങ്ങളെ ശക്തമായി നേരിടുമ്പോള്‍ അവയുടെ നടത്തിപ്പുകാരും പരികര്‍മികളും ക്ഷുഭിതരാകും. ഒരു സംഭവം ഇമാം ഇബ്‌നുകസീര്‍ തന്റെ 'അല്‍ബിദായഃ വന്നിഹായഃ' എന്ന കൃതിയില്‍ (14/145) ഉദ്ധരിക്കുന്നുണ്ട്: ''ഒരിക്കല്‍ ശൈഖ് തഖിയ്യുദ്ദീന്‍ ഇബ്‌നുതൈമിയ്യഃ തന്റെ അനുയായികളുമായി 'അത്താരീഖ്' പള്ളിയിലേക്ക് പുറപ്പെട്ടു. അനുയായികളുടെ കൂട്ടത്തില്‍ പാറ വെട്ടുന്നവരുമുണ്ട്. അങ്ങനെ ഖലൂത്വ് നദിക്കരയിലെത്തി. ആ നദിയില്‍ ജനങ്ങള്‍ സിയാറത്ത് നടത്തുകയും നേര്‍ച്ചയിടുകയും ചെയ്യുന്ന ഒരു പാറയുണ്ടായിരുന്നു. ആ പാറ പൊളിച്ചുകളയാന്‍ പാറവെട്ടുകാരായ തന്റെ അനുയായികളോട് അദ്ദേഹം ആജ്ഞാപിച്ചു. അവരത് പൊളിച്ചുകളയുകയും അതു വഴി കടന്നുവരുന്ന ശിര്‍ക്കില്‍നിന്ന് മുസ്‌ലിംകളെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെ മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്ന ഗുരുതരമായ ഒരു ആശങ്ക അദ്ദേഹം നീക്കിക്കളഞ്ഞു. ഇതിനാലും ഇതുപോലുള്ള കാരണങ്ങളാലും ഒരു വിഭാഗം അദ്ദേഹത്തോട് അസൂയയും ശത്രുതയും വെച്ചുപുലര്‍ത്തി.''
ബിദ്അത്തുകളുടെയും അനാചാരങ്ങളുടെയും നടത്തിപ്പുകാരായ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് ഇപ്പോഴുമുണ്ട് അദ്ദേഹത്തോട് ഈ പകയും ശത്രുതയും. അവര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് കൂടിയായ ഇബ്‌നുകസീര്‍ തന്റെ ചരിത്ര കൃതിയില്‍ അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇബ്‌നുതൈമിയ്യയെക്കുറിച്ച ഏറ്റവും മനോഹരമായ ആഖ്യാനങ്ങളിലൊന്ന് ഇബ്‌നുകസീറിന്റെ 'അല്‍ബിദായഃ'യിലാണ് നാം കാണുക. അക്കാലത്ത് എല്ലാ മദ്ഹബുകളിലുംപെട്ട പണ്ഡിതന്മാര്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്നും ഇബ്‌നുകസീര്‍ തുടര്‍ന്ന് എഴുതുന്നുണ്ട്.

അതേസമയം ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ധാരാളം ശത്രുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. കൊട്ടാര പണ്ഡിതന്മാര്‍ അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ത്തു. അവരുടെ താല്‍പര്യങ്ങളെ യാതൊരു മയവുമില്ലാതെ തുറന്നുകാട്ടിയതു തന്നെ കാരണം. രാജാവിനെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢശ്രമം വരെ നടന്നു. ഗൂഢാലോചകരുടെ നീക്കങ്ങള്‍ കാരണം പലതവണ അദ്ദേഹം ജയിലിലടക്കപ്പെട്ടു. ജയിലില്‍ കിടന്നു തന്നെയായിരുന്നു അന്ത്യവും.

ഈ ആക്രമണത്തിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖരാണ് തഖിയ്യുദ്ദീന്‍ സുബ്കിയും മകന്‍ താജുദ്ദീന്‍ സുബ്കിയും. തഖിയ്യുദ്ദീന്‍ സുബ്കിയുടെ റസാഇലുസ്സുബ്കിയ്യഃ എന്ന കൃതിയിലും താജുദ്ദീന്‍ സുബ്കിയുടെ ത്വബഖാത്തുശ്ശാഫിഇയ്യഃ  എന്ന കൃതിയിലുമാണ് ഇബ്‌നുതൈമിയ്യഃ വിമര്‍ശനങ്ങള്‍ കൂടുതലുള്ളത്. തഖിയ്യുദ്ദീന്റെ കൃതി പുറത്തു വന്നപ്പോള്‍ പ്രമുഖ ശാഫിഈ പണ്ഡിതനായ ദഹബി അതിനെ ശക്തമായി വിമര്‍ശിച്ചു. ഇബ്‌നുതൈമിയ്യയുടെ മഹത്വം താന്‍ അംഗീകരിക്കുന്നുവെന്നു പറഞ്ഞ് തഖിയ്യുദ്ദീന്‍ ക്ഷമാപണസ്വരത്തില്‍ ഒരു കത്തയക്കുന്നുണ്ട് ദഹബിക്ക്. മകന്‍ താജുദ്ദീനാകട്ടെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇബ്‌നുതൈമിയ്യക്കെതിരെ ആരോപണമുന്നയിച്ചതെന്ന് ശൗകാനിയെപ്പോലുള്ള പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നു മാത്രമല്ല, ഇബ്‌നുതൈമിയ്യയുടെ വൈജ്ഞാനിക മികവും ആത്മാര്‍ഥതയും അംഗീകരിക്കുന്നതിന് ഒരു വൈമനസ്യവുമില്ലാതിരുന്ന അദ്ദേഹത്തിന്റെ ശിഷ്യനായ ദഹബിയുടെ പേരില്‍ പോലും പിന്നീട് ഇബ്‌നുതൈമിയ്യക്കെതിരെ വ്യാജ പുസ്തകമിറങ്ങി. നസ്വീഹത്തുദ്ദഹബിയ്യഃ എന്നാണതിന്റെ പേര്. ഇബ്‌നുതൈമിയ്യയുടെ കടുത്ത പ്രതിയോഗിയായ ഇബ്‌നു ഖാദി അശ്ശുഅ്ബയുടെ കൈയെഴുത്തിലാണ് ഈ കൃതി കണ്ടെത്തിയത് എന്നതു തന്നെ ഇതൊട്ടും വിശ്വാസയോഗ്യമല്ല എന്ന് തെളിയിക്കുന്നുണ്ട്. ഈ കൃതികളൊക്കെ വായിച്ചാണ് ഇന്നും നമ്മുടെ നാട്ടില്‍ ഇബ്‌നുതൈമിയ്യഃ വിമര്‍ശനം നടക്കുന്നത് എന്ന വസ്തുത മറക്കരുത്.6

ചിന്താരംഗത്ത് മാത്രമല്ല, രാഷ്ട്രീയ മേഖലയിലും തികഞ്ഞ ആശയക്കുഴപ്പവും അസ്ഥിരതയുമായിരുന്നു. താര്‍ത്താരികളുടെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കും. എന്നാല്‍ ശാമിലെയും ഈജിപ്തിലെയും നാടുവാഴികള്‍ മുസ്‌ലിം സമൂഹത്തെ ഈ അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള ഒരു മുന്‍കരുതലും എടുക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ വൈദേശിക ശത്രുക്കള്‍ക്കെതിരിലുള്ള പോരാട്ടത്തിന്റെ നേതൃത്വം പോലും ഈ മഹാ പണ്ഡിതന്‍ ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. അദ്ദേഹത്തിന്റെ ചില എഴുത്തുകളെയും ഫത്‌വകളെയും ഈയൊരു രാഷ്ട്രീയ പശ്ചാത്തലം വെച്ചേ വായിക്കാന്‍ കഴിയൂ. അവയൊന്നും മറ്റൊരു സന്ദര്‍ഭത്തിലേക്ക് പറ്റിയതാവണമെന്നില്ല.

ഇബ്‌നുതൈമിയ്യയുടെ എല്ലാ നിലപാടുകളും സ്വീകരിക്കണമെന്ന് ഒരാളും വാശിപിടിക്കുന്നില്ലല്ലോ. ഐ.എസ് എന്ന ഭീകരവാദി സംഘം അതിന്റെ പ്രതാപകാലത്ത് ഒരു ജോര്‍ദാനിയന്‍ പൈലറ്റിനെ പിടികൂടി ജീവനോടെ കത്തിച്ചത് ലോകത്തെ വല്ലാതെ നടുക്കിയ സംഭവമായിരുന്നു. ഇബ്‌നുതൈമിയ്യഃ അങ്ങനെ ഫത്‌വ നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഭീകരന്മാരുടെ ഒരു ന്യായം. ഫത്‌വയുടെ മുഴുവന്‍ ടെക്സ്റ്റും വായിച്ചാല്‍ ഇബ്‌നുതൈമിയ്യഃ ആ ശിക്ഷാരീതിക്കെതിരായിരുന്നു എന്നാണ് മനസ്സിലാവുക. ഒരു കാരണവശാലും കത്തിക്കല്‍ ശിക്ഷാരീതിയായി സ്വീകരിക്കരുത് എന്ന് പ്രവാചകന്‍ വ്യക്തമായി പറഞ്ഞിരിക്കെ മറിച്ച് പറയുന്ന ഒരാളുടെയും അഭിപ്രായം സ്വീകരിക്കാന്‍ ഒരു മുസ്‌ലിമും ബാധ്യസ്ഥനുമല്ലല്ലോ.

പറഞ്ഞുവരുന്നത് ഇതാണ്: ഏതൊരു പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും വായിക്കേണ്ടത് ഖുര്‍ആനും സുന്നത്തും പിന്നെ അദ്ദേഹം ജീവിച്ച കാലവും മുമ്പില്‍ വെച്ചാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും കൊള്ളേണ്ടതുണ്ടാവും, തള്ളേണ്ടതും ധാരാളമുണ്ടാവും. ഇബ്‌നുതൈമിയ്യയും ഇതില്‍നിന്നൊഴിവല്ല. യഥാര്‍ഥ സലഫി ചിന്തയുടെ ആത്മാവും ഇതാണ്. പക്ഷേ അദ്ദേഹത്തിന്റെ മുഴുവന്‍ സംഭാവനകളെയും തമസ്‌കരിച്ച് പുതുനിര്‍മിതികളുടെ അപ്പോസ്തലനായി അദ്ദേഹത്തെ ചിത്രീകരിക്കാനാണ് യാഥാസ്ഥിതികര്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. നേരത്തേ പറഞ്ഞ ഫത്‌വയുടെയും മറ്റും പേരില്‍ അദ്ദേഹത്തെ ഭീകരതയുടെ 'മാസ്റ്റര്‍ ബ്രെയ്ന്‍' ആയി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ മറുവശത്തും നടക്കുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന മുഖ്യധാരാ പാശ്ചാത്യ പഠനങ്ങളൊക്കെ യാഥാസ്ഥിതിക നിലപാടുകളുമായി ചേര്‍ന്നുപോകുന്നതിനാല്‍ ഇബ്‌നുതൈമിയ്യ എന്ന പരിഷ്‌കര്‍ത്താവ് വലിയ തോതില്‍ പിശാചുവത്കരിക്കപ്പെടുന്നുണ്ട്. വിശദാംശങ്ങളില്‍ മാറ്റമുണ്ടെങ്കിലും ഏതാണ്ട് ഇതേപോലൊരു ദുര്യോഗമാണ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിനെയും കാത്തിരിക്കുന്നുണ്ടായിരുന്നത്. 

കുറിപ്പുകള്‍
1.    അല്‍മുഅ്ജമുല്‍ വജീസ്, മജ്മഉല്ലുഗത്തില്‍ അറബിയ്യഃ, കൈറോ, പേ: 318
2.    അഹ്‌മദ് നളൗഫ് - അസ്സലഫിയ്യതു വ അഖവാത്തുഹാ മിന്‍ തുറാസില്‍ ഹനാബിലഃ.
3.    ഡോ. അബ്ദുല്ലാഹിബ്‌നു അബ്ദുര്‍റഹീം അല്‍ ബുഖാരി - മാഹിയസ്സലഫിയ്യഃ? ദാറുല്‍ ഇസ്തിഖാമ, കൈറോ.
4.    റാശിദുല്‍ ഗന്നൂശി - അല്‍ ഹര്‍കതുല്‍ ഇസ്‌ലാമിയ്യ വ മസ്അലത്തുത്തഗ്‌യീര്‍.
5.    ibnu taymiyya expounds on islam എന്ന കൃതിക്ക് ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി എഴുതിയ ആമുഖ പഠനം. (പ്രബോധനം വാരിക 2019 ഏപ്രില്‍ 19, നെറ്റ് എഡിഷന്‍).
6.    പി. അബ്ദുല്‍ ജബ്ബാര്‍ മൗലവി എഴുതിയ ഇബ്‌നുതൈമിയ്യ വിമര്‍ശനങ്ങളും വസ്തുതയും എന്ന കൃതിയില്‍ (വിസ്ഡം ബുക്‌സ്, കോഴിക്കോട്) ഇതു സംബന്ധമായി കൂടുതല്‍ വിവരണങ്ങളുണ്ട്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top