ഇന്ത്യയിലെ ജാതിവ്യവസ്ഥയും ഇസ്‌ലാമിക പ്രസ്ഥാനവും
ടി. മുഹമ്മദ് വേളം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ഇന്നും നിലനില്‍ക്കുന്നതുമായ മര്‍ദക വ്യവസ്ഥയാണ് ജാതി. ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതെ ഇന്ത്യയിലെ ഒരു സാമൂഹിക പ്രസ്ഥാനത്തിനും ഇന്ത്യന്‍ സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയില്ല.
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഒരു നവോത്ഥാന നായകന്‍ എന്ന നിലയില്‍ മുഖ്യമായി ശ്രമിച്ചത് പാശ്ചാത്യ നാഗരികതയെ അഭിമുഖീകരിക്കാനാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പാശ്ചാത്യ നാഗരികതയുടെ അധിനിവേശത്തില്‍നിന്നും മുസ്‌ലിം സമൂഹത്തെ രക്ഷപ്പെടുത്താനാണ്. മതേതര നാഗരികതയെയാണ് അദ്ദേഹം ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വിശകലനവിധേയമാക്കിയത്. യൂറോപ്യന്‍ നവോത്ഥാനത്തിനും മത നവീകരണത്തിനും വ്യവസായ വിപ്ലവത്തിനും ദേശരാഷ്ട്ര രൂപവല്‍ക്കരണത്തിനും, തുടര്‍ന്നുണ്ടായ മതേതരത്വം, മതേതര ജനാധിപത്യം, മതേതര ദേശീയത, മുതലാളിത്തം എന്നിവയോടും അതിനോടുള്ള പ്രതികരണമായി ഉയര്‍ന്നുവന്ന കമ്യൂണിസത്തോടും പ്രതികരിക്കാനാണ് നവോത്ഥാന നായകനെന്ന നിലയില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയില്‍ അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചത്.
പാശ്ചാത്യ നാഗരികതകള്‍ക്കും അതിന്റെ ആശയാടിത്തറകള്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള പൗരസ്ത്യ സമൂഹങ്ങളില്‍ അന്നും ഇന്നും ശക്തമായ സ്വാധീനമുണ്ടെങ്കിലും തീര്‍ത്തും ഇന്ത്യനായ ഹിന്ദു മതത്തെയും അതിന്റെ അവിഭാജ്യ ഘടകമായ ജാതിവ്യവസ്ഥയെയും അഭിസംബോധന ചെയ്യാന്‍ സയ്യിദ് മൗദൂദി ഏറെയൊന്നും ശ്രമിച്ചതായി മനസ്സിലാക്കാന്‍ കഴിയുന്നില്ല.
തെരഞ്ഞെടുപ്പു വോട്ട് വിനിയോഗം മുതലായ ആധുനിക ജനാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടക്കം മുതലേ നിലപാടുകളുള്ള നമുക്ക് മുസ്‌ലിം സമൂഹത്തിലെ ജാതി വിവേചനത്തെക്കുറിച്ചോ ജാതി അധിഷ്ഠിത വിവാഹത്തെ കുറിച്ചോ നിലപാടില്ലാതാവുന്നതിന്റെ കാരണം നാം ഏതു സംസ്‌കാരത്തെ അഭിമുഖീകരിച്ചു എന്നതിന്റേതാണ്. നവോത്ഥാന നായകരെ പഠിക്കുമ്പോള്‍ ഇത് ഒരു കുറ്റമല്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തിയും ഒരു വശത്തിലൂന്നിയുമാണ് ഇസ്‌ലാമിക ചരിത്രത്തിലുടനീളം നവോത്ഥാനങ്ങള്‍ നടന്നിട്ടുള്ളത്. പക്ഷേ ഒരു നവോത്ഥാന പ്രസ്ഥാനത്തിന് ഇതിനെ സന്തുലിതവും സമഗ്രവുമാക്കാനുളള ഇസ്‌ലാമികവും ചരിത്രപരവുമായ ബാധ്യതയുണ്ട്. അപ്പോള്‍ മാത്രമാണ് അത് ഒരു നിരന്തര നവോത്ഥാന പ്രസ്ഥാനമായിത്തീരുക. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രബോധന പ്രസ്ഥാനമെന്ന നിലയിലും ഒരു വിമോചന പ്രസ്ഥാനമെന്ന നിലയിലും ജാതി നാം അഭിമുഖീകരിക്കേണ്ട സുപ്രധാനമായ വിഷയമാണ്. പ്രബോധനം, സമുദായ സംസ്‌കരണം, വ്യക്തി സംസ്‌കരണം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയിലെല്ലാം ജാതി വിഷയത്തെ മുന്‍നിര്‍ത്തിയുള്ള നയനിലപാടുകള്‍ പ്രസ്ഥാനം സ്വീകരിക്കേണ്ടതുണ്ട്.
പ്രബോധനം
ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം വിശദീകരിക്കുമ്പോള്‍ നാം പറയാറുള്ള ഒരു കാര്യമുണ്ട്. പ്രവാചകന്‍ (സ) സ്വഫാ കുന്നില്‍ കയറി ഖുറൈശികളെ വിളിച്ചുകൂട്ടി ഇസ്‌ലാമിനെ അവതരിപ്പിച്ചപ്പോള്‍ ഇത് തങ്ങളാരാധിക്കുന്ന വിഗ്രഹങ്ങളെ വെടിഞ്ഞ് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന കാര്യം മാത്രമല്ല തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന തത്ത്വശാസ്ത്രം കൂടിയാണെന്നു പുതുതായി ഇത് കേട്ടമാത്രയില്‍ തന്നെ അബൂലഹബിന് മനസ്സിലായിരുന്നു. ഈ അധികാരം രാഷ്ട്രീയ അധികാരം മാത്രമായിരുന്നില്ല. സാമൂഹിക അധികാരം കൂടിയായിരുന്നു. വംശീയമായ മേല്‍ക്കോയ്മയായിരുന്നു. ഇബ്‌നു ജരീര്‍ ഇബ്‌നു സൈദില്‍നിന്നും ഉദ്ധരിക്കുന്നു: ഒരു ദിവസം അബൂലഹബ് റസൂല്‍ തിരുമേനിയോടു ചോദിച്ചു: 'നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക.' തിരുമേനി പറഞ്ഞു: 'മെറ്റല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതു തന്നെ.' അബൂലഹബ്: 'എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?' തിരുമേനി: 'അങ്ങ് എന്താണാഗ്രഹിക്കുന്നത്?' അബൂലഹബ് പറഞ്ഞു: 'ഞാനും മറ്റുള്ളവരും തുല്യരാകുന്ന മതം നശിച്ചുപോകട്ടെ.' (ഉദ്ധരണം: തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അല്ലഹബ് ആമുഖം).
അബൂലഹബ് ഭയപ്പെട്ടിരുന്നതു തന്നെയാണ് ചരിത്രത്തില്‍ സംഭവിച്ചത് എന്നതിന് അത്യുജ്ജ്വലങ്ങളായ ആയിരക്കണക്കിന് സാക്ഷ്യങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കട്ടെ: ഉബാദത്തുബ്‌നു സ്വാമിതിന്റെ നേതൃത്വത്തില്‍ പത്തംഗ ദൗത്യസംഘത്തെ അംറുബ്‌നു ആസ് അലക്‌സാന്‍ഡ്രിയ യുദ്ധത്തിന്റെ ചുമതല ഏല്‍പിച്ച് മുഖൗഖിസിന്റ കൊട്ടാരത്തിലേക്കയച്ചു. ദീര്‍ഘകായനും കറുത്തവനുമായ ഉബാദിയെ കണ്ടപ്പോള്‍ മുഖൗഖിസ് പറഞ്ഞു: 'ഈ കറുത്തവനെ മാറ്റിനിര്‍ത്തൂ. എന്നോട് സംസാരിക്കാന്‍ മറ്റാരെങ്കിലും വരൂ.' ഇതുകേട്ട് സംഘാംഗങ്ങള്‍ പറഞ്ഞു: 'ഇദ്ദേഹമാണ് ഞങ്ങളുടെ നേതാവ്. ഞങ്ങളില്‍ ഏറ്റവും ശ്രേഷ്ഠനും അഭിപ്രായസുബദ്ധതയുള്ളവനും അദ്ദേഹം തന്നെ.' മറുപടി കേട്ട് അമ്പരന്ന മുഖൗഖിസ് ചോദിച്ചു: 'ഈ കറുത്തവനെ എങ്ങനെയാണ് നിങ്ങള്‍ നേതാവായി അംഗീകരിക്കുക? നിങ്ങളിലെ അധഃകൃതനല്ലേ ഇവന്‍.' 'ഒരിക്കലുമല്ല. തൊലിയുടെ നിറം കറുപ്പാണെങ്കിലും ബുദ്ധിസാമര്‍ഥ്യത്തിലും സ്ഥാനത്തിലും ഇദ്ദേഹം ഞങ്ങള്‍ക്ക് മീതെയാണ്. തൊലിയുടെ ഏത് നിറവും ഒന്നിനും ഒരു മാനദണ്ഡമല്ല. കറുപ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു അയോഗ്യതയല്ല താനും.'
ഇന്ത്യയില്‍ ഇസ്‌ലാമിനെ സാഹോദര്യത്തിന്റെ ആശയക്രമമായി അവതരിപ്പിക്കുക എന്നത് പരമപ്രധാനമാണ്. നമ്മുടെ ഇസ്‌ലാം അവതരണം കേട്ടാല്‍ അല്ലാഹു ഒന്നു മാത്രമാണ് എന്നു മാത്രമല്ല അതുവഴി മനുഷ്യന്‍ ഒന്നാണെന്നും അനുവാചകര്‍ക്ക് കൃത്യമായി ബോധ്യപ്പെടേണ്ടതുണ്ട്. ഇസ്‌ലാം രാഷ്ട്രീയം കൂടി ഉള്‍ക്കൊള്ളുന്ന ഒരു ജീവിത പദ്ധതിയാണെന്നു മാത്രമല്ല ഒരു സാഹോദര്യത്തിന്റെ സംസ്‌കാരം കൂടിയാണെന്നും അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആധുനിക പ്രത്യയശാസ്ത്രങ്ങളെ അഭിമുഖീകരിക്കുന്ന ഇസ്‌ലാം അവതരണത്തോടൊപ്പം ഹിന്ദു ബഹുദൈവത്വത്തിലെ ജാതി ഉച്ചനീചത്വത്തിന് ഇസ്‌ലാം പരിഹാരമാണെന്ന് മനസ്സിലാവുന്ന രീതിയില്‍ ഇസ്‌ലാമിനെ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.
തദ്ദേശീയ സംസ്‌കാരത്തിലെ നെല്ലും പതിരും തൗഹീദും ശിര്‍ക്കും വേര്‍തിരിക്കുക എന്നത് ഇസ്‌ലാമിക പ്രബോധനത്തിന്റെ സുപ്രധാനമായ ഒരു പശ്ചാത്തല പ്രവര്‍ത്തനമാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് ഇതിന്റെ ഉത്തമമായ മാതൃക. നബി (സ) ഇടപഴകിയ അറേബ്യന്‍ സമൂഹത്തിലെ ബഹുദൈവത്വ പാരമ്പര്യത്തെയും യഹൂദ-ക്രൈസ്തവ പാരമ്പര്യത്തെയും ഖുര്‍ആന്‍ ഇങ്ങനെ വിശ്ലേഷണം നടത്തുന്നുണ്ട്. ഏതു സമൂഹത്തിലെയും മതപാരമ്പര്യ വിശ്ലേഷണത്തിന്റെ ഒരു മാതൃക ഇതിലൂടെ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ തരത്തിലുള്ള മതപാരമ്പര്യങ്ങളിലെയും ശിര്‍ക്കും തൗഹീദും വേര്‍തിരിച്ചാല്‍ അതിലെ മര്‍ദക ഉള്ളടക്കവും വിമോചക ഉള്ളടക്കവും വേര്‍തിരിഞ്ഞുകിട്ടും. ടി. മുഹമ്മദ് സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുതിയ അറിവുകളുടെ കൂടി വെളിച്ചത്തില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കേരള ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ പാരമ്പര്യങ്ങളെ മുഴുവന്‍ രാഷ്ട്രീയമായി മാത്രം നോക്കിക്കണ്ട് എതിരിടുന്ന സമീപനം ഇസ്‌ലാമികമായി ശരിയായിരിക്കുമെന്ന് തോന്നുന്നില്ല. വേദ-ബുദ്ധ-ജൈന പാരമ്പര്യങ്ങളെയെല്ലാം ഇസ്‌ലാമികമായി പരിശോധിച്ചാല്‍ അതിലെ തൗഹീദും ശിര്‍ക്കും മാത്രമല്ല, അതിലെ വിമോചക അംശങ്ങളും മര്‍ദകാംശങ്ങളും വേര്‍തിരിച്ചു കിട്ടും. കടുത്ത വംശീയത മുന്നോട്ടുവെക്കുന്ന യഹൂദ- ക്രൈസ്തവ മതങ്ങളില്‍ അത് എങ്ങനെ കടന്നുവന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അവരുടെ പാരമ്പര്യത്തിലെ ശുദ്ധ തൗഹീദിന്റെ ആദിമ വിശുദ്ധിയെ ഖുര്‍ആന്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. ഇന്ത്യയിലെ വരേണ്യപാരമ്പര്യങ്ങളെ മുഴുവന്‍ തള്ളിക്കളയുന്നതോ ഒരു ബഹുദൈവത്വത്തിനെതിരെ മറ്റൊരു ബഹുദൈവത്വത്തെ വിശ്വാസമെന്ന നിലക്ക് പിന്തുണക്കുന്നതോ ശരിയായ നിലപാടല്ല. പ്രവാചകന്മാര്‍ കടന്നുവരാതെ ഒരു സമൂഹവും കടന്നുപോയിട്ടില്ല എന്ന ഖുര്‍ആനിക പ്രസ്താവന ഇവിടെ നാം വളരെ ശ്രദ്ധയോടെ ഓര്‍മിക്കേണ്ടതാണ്.
വംശീയ മേല്‍ക്കോയ്മകള്‍ എന്ന മനുഷ്യസമൂഹം എക്കാലവും അനുഭവിച്ച തീക്ഷ്ണ പ്രശ്‌നത്തെ മറികടക്കാനുളള ഇസ്‌ലാമിന്റെ ശേഷി എന്നത് അതിന്റെ ഏറ്റവും വലിയ സാധ്യതയാണ്. ജാതിയെ അവഗണിച്ചും ജാതി വിഷയത്തില്‍ അതിവാദങ്ങള്‍ ഉയര്‍ത്തിയും ഇസ്‌ലാമിന്റെ ഈ സാധ്യതയെ നാം നഷ്ടപ്പെടുത്തരുത്. ഇന്ത്യയിലെ ജാതി സമ്പ്രദായത്തിനെതിരെയുള്ള ഫലപ്രദമായ ഏക മരുന്ന് ഇസ്‌ലാമാണെന്ന് യുക്തിവാദിയും കടുത്ത ജാതിവിരുദ്ധനുമായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ പറയുന്നുണ്ട്. ഇസ്‌ലാമല്ലാത്ത മറ്റു പരിഹാരങ്ങള്‍ തൊലിപ്പുറമെ പുരട്ടുന്ന ലേപനമാണെന്നും ഇസ്‌ലാം പരിഹാരമാണെന്നത് പ്രായോഗികമായി പരിക്ഷിച്ച് തെളിയിക്കപ്പെട്ടതാണെന്നും പെരിയോര്‍ പറയുന്നുണ്ട്.
ഇസ്വ്‌ലാഹ്
ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തില്‍ അന്ധവിശാസാനാചാരങ്ങളുടെ ഭാഗമായി ജാതിയുടെ നിഴല്‍രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. സമഗ്ര ഇസ്‌ലാം പഠിപ്പിച്ചാല്‍ ജാതി താനേ നിര്‍മാര്‍ജിതമാകും എന്നത് ഭാഗിക ശരിമാത്രമാണ്. മറ്റ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പോലെ ഇതിനെ നേര്‍ക്കുനേരെ അഭിമുഖീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു കഴിയേണ്ടതുണ്ട്. 1925-ല്‍ ഇന്നത്തെ ഘര്‍വാപ്പസിയുടെ പൂര്‍വരൂപമായ ശുദ്ധിപ്രസ്ഥാനം മൂര്‍ധന്യത്തിലെത്തിയ ഘട്ടത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയ ഇസ്‌ലാം കീ സര്‍ ചശ്മയേ ഖുവ്വത്ത് (ഇസ്‌ലാമിന്റെ ശക്തിസ്രോതസ്സ്) എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക പ്രബോധനം ശക്തിപ്പെടാന്‍ ചരിത്രാനുഭവങ്ങള്‍ മുന്നില്‍ വെച്ച് ഇന്ത്യയിലെ മുസ്‌ലിം സമൂഹം സ്വീകരിക്കേണ്ട ചില തിരുത്തലുകളെ കുറിച്ച് പറയുന്നുണ്ട്:
ഉച്ചനീചത്വവും അസമത്വവും
'ഹിന്ദു മതാനുയായികളുമായുള്ള ദീര്‍ഘ സമ്പര്‍ക്കം മൂലം മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ ഉടലെടുത്തിട്ടുള്ള എല്ലാ അസമത്വങ്ങളും നാം ഒന്നാമതായി അവസാനിപ്പിക്കേണ്ടതുണ്ട്. ജനനം കൊണ്ട് ആരും മ്ലേഛനോ ശ്രേഷ്ഠനോ ആവുന്നില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ വിശ്വാസം ഇസ്‌ലാമിന്റെ വിജയത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്നും അങ്ങനെത്തന്നെ. അതിനാല്‍ ഈ വിശ്വാസത്തെ നമ്മുടെ എല്ലാ സമ്പര്‍ക്കങ്ങളുടെയും ബന്ധങ്ങളുടെയും മൗലികാടിസ്ഥാനമായി നാം രണ്ടാമതും അംഗീകരിക്കേണ്ടതുണ്ട്.'
കുലമഹിമയെച്ചൊല്ലിയുള്ള വ്യത്യാസം
'ഇതര മുസ്‌ലിംകളെ അപേക്ഷിച്ച് നവ മുസ്‌ലിംകളെ രണ്ടാം തരക്കാരായി കാണുന്ന ഒരു പൊതു സ്വഭാവം ഇന്നും സമുദായത്തിലുണ്ട്. കുലത്തിന്റെയും തറവാടിത്തത്തിന്റെയും പേരിലുള്ള സങ്കുചിത വീക്ഷണമാണിത്. ഈ അനിസ്‌ലാമിക പ്രവണതയെ ഇസ്‌ലാമിക പ്രബോധകര്‍ കര്‍ശനമായി ഉന്മൂലനം ചെയ്യേണ്ടതാണ്. നവ മുസ്‌ലിംകളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടും അവര്‍ക്ക് വിവാഹം കഴിച്ചുകൊടുത്തും ഇസ്‌ലാമിന്റെ ആദ്യകാല മാതൃക പുനരുജ്ജീവിപ്പിച്ചേ തീരൂ. പക്ഷേ നമുക്കിടയിലെ മാന്യന്മാര്‍ ഇതംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നു.'
ഇസ്‌ലാമിക സാഹോദര്യത്തിന്റെ പുനരുജ്ജീവനം
'അമുസ്‌ലിം സഹോദരങ്ങള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുമാറ് ഇസ്‌ലാമിന്റെ മഹത്തായ സാഹോദര്യം പുനരുജ്ജീവിക്കപ്പെടണം' (ഇസ്‌ലാമിന്റെ ശക്തിസ്രോതസ്സ്, പേജ്: 54,55).
തസ്‌കിയത്ത്
ജാതി സമ്പ്രദായത്തെ ഇന്ത്യയിലെ സുപ്രധാനമായ ഒരു ജാഹിലിയ്യത്തായി തിരിച്ചറിയാന്‍ നമുക്ക് സാധിച്ചാല്‍ നമ്മുടെ തര്‍ബിയത്തിലും തദനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിത്തീരും. വിവാഹത്തിലെ സമുദായത്തിനകത്തെ ജാതി പരിഗണനയും പ്രസിദ്ധീകരണങ്ങളിലടക്കം വരുന്ന അത്തരം വിവാഹപരസ്യങ്ങളും പ്രവര്‍ത്തകരുടെ പേരിലെ ജാതി അടയാളങ്ങളുമെല്ലാം ഇത്തരമൊരു അവബോധം സംഘടനാ ബോധവും തീരുമാനവുമായി മാറിയാല്‍ അവസാനിപ്പിക്കാന്‍ കഴിയും. അത്തരമൊരു ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയിലെ പാരമ്പര്യ ജാഹിലിയ്യത്തിനെ നേരിടുന്നതില്‍ കൂടുതല്‍ ധാര്‍മികമായ കരുത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനമായിരിക്കും. കേരളത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ ഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം മുതലാളിത്തത്തിനെതിരെ ഇത്തരമൊരു സംഘടന സമരസമീപനം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. ധൂര്‍ത്ത്, ദുര്‍വ്യയം, ആര്‍ഭാടം, പാശ്ചാത്യ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് കൊക്കക്കോള, പെപ്‌സി പോലുള്ള വെള്ള കുത്തക ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഒരു സംസ്‌കാരമാക്കുന്നതില്‍ നാം വിജയിച്ചിരുന്നു. നമ്മുടെ പ്രബോധനത്തെയും സമുദായ സംസ്‌കരണത്തെയും വ്യക്തി സംസ്‌കരണ പരിപാടികളെയുമെല്ലാം ഇത് സ്വാധീനിച്ചിരിന്നു. പ്രസ്ഥാനത്തിനകത്തെ വിദ്യാര്‍ഥി-യുവജനങ്ങള്‍ ഉയര്‍ത്തിയ ഇത്തരം വിഷയങ്ങളെ ഗുണപരമായി സ്വാംശീകരിക്കുന്നതില്‍ കേരളത്തിലെ പ്രസ്ഥാനം നേടിയ വിജയത്തിന്റെ ഫലമായിരുന്നു അത്. പ്രസ്തുത കാലത്ത് ജമാഅത്ത് കേരളത്തില്‍ നടത്തിയ കുടുംബ കാമ്പയിനില്‍ കുടുംബം തകര്‍ക്കുക എന്നത് മൂലധന അജണ്ടയാണെന്ന് വളരെ ജനകീയമായ ഭാഷയില്‍ നമ്മള്‍ വിശദീകരിച്ചിരുന്നു.
സാമൂഹിക ഇടപെടലുകള്‍
സൗഹൃദവും സാഹോദര്യവും
ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ പരിപാടി ഊന്നലുകളില്‍ 6,7 എണ്ണങ്ങളിലായി ഇങ്ങനെ കാണാം:
''6. ഉച്ചനീചത്വങ്ങള്‍ക്കും വംശീയ മേല്‍ക്കോയ്മക്കും എതിരെ ഇസ്‌ലാമിലെ സാഹോദര്യത്തെ സാമൂഹികപ്രയോഗമാക്കി വികസിപ്പിക്കും.''
''7. കേരളത്തില്‍ പ്രകടമായി വരുന്ന വര്‍ഗീയ ധ്രുവീകരണവും സാമുദായിക സ്പര്‍ധയും ഗൗരവപൂര്‍വം പരിഗണിക്കും. സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ബഹുസ്വര പൊതുമണ്ഡലത്തെ വികസിപ്പിക്കാനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍, വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്‍പ്പെടെ സാധ്യമാവുന്നതെല്ലാം ഇതിനായി ഉപയോഗപ്പെടുത്തും. കേരളത്തിലെ ഇസ്‌ലാമിക/ മുസ്‌ലിം ചരിത്രത്തില്‍നിന്ന് മൈത്രിയുടെ സംഭവങ്ങള്‍ ധാരാളമായി പ്രചരിപ്പിക്കും.'' (ജമാഅത്തെ ഇസ്‌ലാമി പോളിസി-പ്രോഗ്രാം 2015-19 പേജ് 10, 11). സൗഹൃദത്തിന് സാഹോദര്യത്തിന്റെ ഊന്നല്‍കൂടി നല്‍കുക എന്നത് പ്രധാനമാണ്. സാഹോദര്യത്തിന്റെ ഊന്നലില്ലാത്ത സൗഹൃദം വരേണ്യരോട് മാത്രമുള്ള സൗഹ്യദമായി പര്യവസാനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സൗഹൃദത്തെക്കുറിച്ച് പറയുമ്പോള്‍ ജാതിയില്‍ താഴ്ത്തപ്പെട്ടവരോട് (പ്രയോഗത്തിന് ജിഗ്‌നേഷ് മേവാനിയോട് കടപ്പാട്) സൗഹൃദപ്പെടാന്‍ പ്രത്യേകമായി ആഹ്വാനം ചെയ്യേണ്ടതുണ്ട്. അതിനര്‍ഥം ജാതിയില്‍ ഉയര്‍ത്തപ്പെട്ടവരോട് സൗഹൃദം വേണ്ട എന്നല്ല. അവരോട് നാം സ്വാഭാവികമായും സൗഹൃദപ്പെടും. സൗഹൃദം ഒരു അരാഷ്ട്രീയ പ്രവര്‍ത്തനമല്ല. ശരിയായ സൗഹൃദത്തിന് ശക്തമായ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കവും ജാതിവിരുദ്ധ ഉള്ളടക്കവും ഉണ്ട്.
രാഷ്ട്രീയം
ജമാഅത്തെ ഇസ്‌ലാമി ഒരു പ്രബോധക പ്രസ്ഥാനമാണ് എന്ന് നാം പറയുന്നത് അത് പ്രബോധക പ്രസ്ഥാനം മാത്രമാണ് എന്ന അര്‍ഥത്തിലല്ല. ഏറ്റവും പ്രധാനമായ പ്രവര്‍ത്തനമാണ് അത് എന്ന അര്‍ഥത്തിലാണ്. ഇഖാമത്തുദ്ദീനിനുവേണ്ടിയാണ് ജമാഅത്ത് മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. സമുദായ സംസ്‌കരണവും സമുദായത്തിന്റെ സുരക്ഷയും പ്രവര്‍ത്തകരുടെ തര്‍ബിയത്തും തസ്‌കിയത്തും ജനസേവനവും ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങളിലെ ഇടപെടലുകളും വിദ്യാഭ്യാസ-മാധ്യമപ്രവര്‍ത്തനങ്ങളും പ്രായോഗിക രാഷ്ട്രീയ ഇടപെടലുകളുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണ്. അഥവാ വിശ്വാസികളുടെയും അല്ലാത്തവരുടെയും ഭൗതിക പ്രശ്‌നങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറകളില്‍ നിന്നുകൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു വിമോചന പ്രസ്ഥാനം കൂടിയാണ് ജമാഅത്ത്. അഥവാ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമല്ല, പ്രബോധനത്തിനു പുറമെയുള്ള വിമോചന പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ് അതിന് ദീനിന്റെ സംസ്ഥാപനം സാക്ഷാത്കരിക്കാന്‍ സാധിക്കുന്നത്.
മനുഷ്യരുടെ കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അജണ്ട അവരെ വിശ്വാസികളാക്കി മാറ്റുക എന്നതു മാത്രമല്ല; വിശ്വാസ പ്രബോധനങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ വിശ്വസിച്ചവരുടെയും വിശ്വസിക്കാത്തവരുടെയും, പ്രബോധനം എത്തിയവരുടെയും എത്താത്തവരുടെയും ഭൗതികമായ വിമോചനം പ്രസ്ഥാനത്തിന്റെ സുപ്രധാനമായ പ്രവര്‍ത്തനമാണ്. മനുഷ്യന്‍ അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കുന്നതിന് ചില കാരണങ്ങളുണ്ടാകും. അത് മനസ്സിലാക്കി പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് എത്രയെങ്കിലുമുള്ള സുസ്ഥിരതയുള്ള പരിഹാരമുണ്ടായി തുടങ്ങുക. ജാതി ഇത്തരമൊരു പ്രശ്‌നകാരണമാണ്.
പക്ഷേ ജാതി മാത്രമാണ് ഇന്ത്യയിലെ മനുഷ്യരുടെ പ്രശ്‌നത്തിന്റെ കാരണമെന്ന് കരുതുന്നത് തെറ്റും മൗലികവാദവുമായിരിക്കും. എല്ലാ മൗലികവാദങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളെ ശരിയായ വിധത്തില്‍ കാണുന്നതിന്റെ മുന്നിലുള്ള വലിയ തടസ്സങ്ങളാണ.് ലോകത്തെ മുഴുവന്‍ കാര്യങ്ങളെയും ഇസ്‌ലാം/ജാഹിലിയ്യത്ത് എന്ന ദ്വന്ദമുപയോഗിച്ച് കാണാന്‍ ശ്രമിക്കുന്ന മൗദൂദിയുടെയും ഖുത്വ്ബിന്റെയും രീതിയുടെ പരിമിതിയെക്കുറിച്ച് റാശിദുല്‍ ഗന്നൂശി തന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്: ''എന്നാല്‍ ഇറാന്‍ വിപ്ലവം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊരു പാഠം ചൊല്ലിത്തന്നു. അല്‍ഖസ്വസ്വ് അധ്യായത്തിലെ 5-ാം സൂക്തം ഉള്‍ക്കൊള്ളുന്നതാണ് ആ പാഠം. 'ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ നേതാക്കളും അനന്തരാവകാശികളുമാക്കി അനുഗ്രഹിക്കാനും ഭൂമി അവര്‍ക്ക് ആധിപത്യം നല്‍കാനും ഫറോവക്കും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും നല്‍കിയ മുന്നറിയിപ്പ് അവരെ നേരിട്ട് കാണിക്കാനും നാം ഉദ്ദേശിക്കുന്നു.' ഈ സൂക്തത്തില്‍ ഞങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന പരിഹാരം ഞങ്ങള്‍ കണ്ടെത്തി. ആദ്യമായാണ് ഞങ്ങള്‍ പാരായണം ചെയ്യുന്നതെന്ന പ്രതീതിയാണ് ഞങ്ങളിലത് ഉളവാക്കിയത്. സാമൂഹിക സംഘട്ടനങ്ങള്‍ ഉള്ളടങ്ങിയ ചട്ടക്കൂടും ഈ സൂക്തത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഒരു താക്കോലും ഔഷധവും വെളിച്ചവുമായിരുന്നു ഈ സൂക്തം കാരണം സാമൂഹികസംഘട്ടനം എന്ന വിഷയത്തില്‍ ഞങ്ങള്‍ക്കത് വഴികാട്ടിയായി. അപ്പോള്‍ ഇസ്‌ലാം ദുര്‍ബലരും മേല്‍ക്കോയ്മാവാദികളും തമ്മിലുള്ള സംഘട്ടനത്തെ അംഗീകരിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷത്താണ് ഇസ്‌ലാം. എന്നുമാത്രമല്ല ലോകത്തെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനുള്ള വിപ്ലവമാണത്. മേല്‍ക്കോയ്മാ ശക്തികള്‍ക്കെതിരെ ദുര്‍ബലരെ സഹായിക്കാന്‍ തന്നെയാണ് പ്രവാചകന്മാര്‍ ആഗതരായിട്ടുള്ളത്'' (പേജ് 82). സയ്യിദ് ഖുത്വ്ബിന്റെ ഗ്രന്ഥങ്ങളിലൂടെ വന്നതായിരുന്നു സത്യവും മിഥ്യയും തമ്മിലും വിശ്വാസവും അവിശ്വാസവും തമ്മിലും ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലും ഉള്ള സംഘട്ടന പരികല്‍പ്പനയെ ഊന്നുന്ന പ്രസ്തുത ചിന്തകള്‍. ''അങ്ങനെ പൗരസ്ത്യ അറേബ്യന്‍ ചിന്തയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാത്ത മറ്റു കാരണങ്ങളും സംഘട്ടനത്തില്‍ ഞങ്ങള്‍ കണ്ടു. ചൂഷകരായ മുതലാളി വര്‍ഗവും ചൂഷിതരായ പാവപ്പെട്ടവരും തമ്മിലുള്ള സംഘട്ടനത്തിന്റെ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ലോകതലത്തില്‍ ബഹുരാഷ്ട്ര മുതലാളിത്തവും ദരിദ്ര ജനങ്ങളും തമ്മിലുള്ള സംഘട്ടനം സ്വാതന്ത്ര്യവും അധികാര പങ്കാളിത്തവും ആഗ്രഹിക്കുന്ന ബഹുജനങ്ങളും ഏകകക്ഷി ഭരണകൂടവും തമ്മിലുള്ള അല്ലെങ്കില്‍ ദൈവം ചമയുന്ന നേതാവും തമ്മിലുള്ള സംഘട്ടനം ഇങ്ങനെ പല തലത്തിലുള്ള സംഘട്ടനങ്ങള്‍. അതോടെ പാകിസ്താനില്‍നിന്നും ഈജിപ്തില്‍നിന്നും ഞങ്ങളിലേക്ക് കടന്നുവന്ന ചിന്താമാതൃകകളെ ഞങ്ങള്‍ വിമര്‍ശന-പുനരവലോകന പ്രക്രിയക്ക് വിധേയമാക്കിത്തുടങ്ങി. ആ ചിന്തകളുടെ സംഘട്ടനത്തിന് ഒറ്റമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസപരമായ മാനം മാത്രം. ഇതോടെയാണ് തുനീഷ്യന്‍ അനുഭവം ഇസ്‌ലാമിന്റെ മറ്റു മാനങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുന്നത്. സംഘട്ടനത്തില്‍ ഇസ്‌ലാമിന്റെ നോട്ടപ്പാടിലുള്ള സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ മുഖങ്ങള്‍' (ആത്മകഥ പേജ് 77,78).
ഏക കുഴല്‍ കാഴ്ചകള്‍ ഇസ്‌ലാമിന്റെ ഭാഗത്തു നിന്നുതന്നെ പരാജയമായിത്തീരുമ്പോള്‍ സാമൂഹികമായ മറ്റു കാഴ്‌ചോപകരണങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ? ജാതിയും വര്‍ഗവും ലിംഗവും മൂലധനത്തിന്റെ പ്രകൃതിചൂഷണവും ഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതയുമെല്ലാം മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ കൃത്യമായ കാരണങ്ങളാണ്. ഇവയെല്ലാം ജാതിയില്‍ സംക്ഷേപിക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റുകള്‍ വര്‍ഗത്തില്‍ സംക്ഷേപിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ തനിയാവര്‍ത്തനമായിരിക്കും. കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ കാണുന്നതില്‍ പരാജയപ്പെട്ടത് വര്‍ഗത്തെ കണ്ടതുകൊണ്ടല്ല, വര്‍ഗത്തെ മാത്രം കണ്ടതുകൊണ്ടാണ്. ഇന്ത്യയില്‍ വര്‍ഗ പ്രശ്‌നങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, വര്‍ഗ കാഴ്ചപ്പാടിന് വഴങ്ങാത്ത ജാതിപ്രശ്‌നങ്ങള്‍ കൂടി ഉള്ളതുകൊണ്ടാണ്.
കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണമാണ് ഈ പരിമിതിയെ ഏറ്റവും നന്നായി വെളിപ്പെടുത്തുന്ന ചരിത്രത്തിലെ ഒരു പാഠഭാഗം. വര്‍ഗപരവും ജാതീയവുമായ മാനങ്ങളുണ്ടായിരുന്ന കേരളത്തിലെ ഭൂമിപ്രശ്‌നത്തെ വര്‍ഗപരമായി മാത്രം അവര്‍ നോക്കിക്കണ്ടതിന്റെ ഫലമായാണ് ഭൂപരിഷ്‌കരണത്തിനു ശേഷവും കേരളത്തിലെ ദലിതുകള്‍ ഭൂരഹിതരായിത്തീര്‍ന്നത്. യൂറോപ്യന്‍ ഫ്യൂഡലിസത്തിന്റെ ഭൂ ബന്ധത്തില്‍ രണ്ടു വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമാധികാരികളായ ജന്മിമാരും ഉടമാവകാശമില്ലാത്ത കൈവശാവകാശം മാത്രമുള്ള കര്‍ഷക തൊഴിലാളികളായ കുടിയാന്മാരും. അവിടെ ഫ്യൂഡലിസത്തെ ഉന്മൂലനം ചെയ്ത് ഭൂപരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ ഭൂപരിധി നിശ്ചയിച്ച് ജന്മിമാരില്‍നിന്ന് അധിക ഭൂമി ഏറ്റെടുത്ത് കുടിയാന്മാര്‍ക്ക് നല്‍കിയാല്‍ മതിയാകുമായിരുന്നു. കേരളത്തിലെ ഭൂ ബന്ധാവസ്ഥ മൂന്ന് തട്ടുകള്‍ ഉള്ളതായിരുന്നു. ജന്മികള്‍ക്കും കുടിയാന്മാര്‍ക്കും പുറമെ കൈവശാവകാശം ഇല്ലാത്ത, എന്നാല്‍ ജന്മിമാര്‍ക്കും കുടിയാന്മാര്‍ക്കും വേണ്ടി ഭൂമിയില്‍ അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു അത്. അവര്‍ വര്‍ഗപരമായി കര്‍ഷകത്തൊഴിലാളികള്‍ ആയിരിക്കെത്തന്നെ അവര്‍ കര്‍ഷക തൊഴിലാളികള്‍ മാത്രമായിരുന്നില്ല. ജാതിപരമായി ദലിതുകള്‍ കൂടിയായിരുന്നു. യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ, അല്ലെങ്കില്‍ ഇന്ത്യയിലെ ഫ്യൂഡലിസത്തില്‍ അവര്‍ക്ക് ഭൂമി കൈവശം വെക്കാന്‍ കഴിയാതെ പോയത് ജാതി വ്യവസ്ഥ അവരെ അതിന് അനുവദിക്കാത്തതുകൊണ്ടാണ്. ഇത് മനസ്സിലാക്കാതെ യൂറോപ്യന്‍ വര്‍ഗവിശകലന രീതി യാന്ത്രികമായി കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടപ്പിലാക്കിയതിന്റെ ഫലമാണ് കേരളത്തിലെ ഭൂരഹിതരായ ദലിതുകള്‍.
മൂലധനത്തിന്റെ തൊഴിലാളി ചൂഷണവും ഭരണകൂടത്തെ വിലക്കെടുത്തതുമായ അവര്‍ണരും സവര്‍ണരും എല്ലാമായ സാധാരണ മനുഷ്യര്‍ക്കെതിരായ ചഷണങ്ങളും ഒരു സാമൂഹിക നിയന്ത്രണവുമില്ലാത്ത പ്രകൃതിചൂഷണവും പുരുഷമേധാവിത്വപരമായ സാമൂഹിക ക്രമവുമെല്ലാം ശക്തമായ ലോക യാഥാര്‍ഥ്യങ്ങളും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളും തന്നെയാണ്.
ഒരു വിഷയത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലാത്തതും ഒരു പ്രശ്‌നത്തിന്റെ ഇരകളെ മാത്രം സംഘടിപ്പിക്കുന്നതുമല്ലാത്ത ഈ പ്രശ്‌നങ്ങളെ കൃത്യമായി അഭിമുഖീകരിക്കുന്ന ഒരു പ്രായോഗിക രാഷ്ട്രീയത്തെ രൂപപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. ആ രാഷ്ട്രീയം മുതലാളിത്തത്തെയും പുരുഷാധിപത്യത്തെയും എതിര്‍ക്കുന്നതുപോലെ സവര്‍ണാധിപത്യത്തെയും എതിര്‍ക്കുന്നു. നമ്മുടെ മുതലാളിത്ത വിമര്‍ശനം മുതലാളിമാര്‍ക്കെതിരെയല്ലാത്തതുപോലെ, പുരുഷാധിപത്യ വിമര്‍ശനം പുരുഷന്മാര്‍ക്കെതിരെയല്ലാത്തതുപോലെ സവര്‍ണാധിപത്യവിമര്‍ശനം സവര്‍ണര്‍ക്കും എതിരല്ല. മൂലധനത്തിന്റെ മേലുള്ള സാമൂഹിക നിയന്ത്രണമില്ലായ്മക്കെതിരെയും സവര്‍ണാധിപത്യത്തിനെതിരെയും പുരുഷാധിപത്യത്തിനെതിരെയുമുളള രാഷ്ട്രീയത്തെ ഉള്ളടക്കമായി സ്വീകരിക്കുമ്പോള്‍ വൈരുധ്യങ്ങളും വന്നുചേരും. ന്യൂനപക്ഷ താല്‍പര്യവും ദലിത് താല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഉയര്‍ന്നുവരാം. ദരിദ്ര താല്‍പര്യവും സ്ത്രീതാല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ വരാം ഇത്തരം ഘട്ടങ്ങളില്‍ ഇവ പരിശോധിച്ച് ഏറ്റവും നീതിപൂര്‍വകമായ നിലപാടുകള്‍ സ്വീകരിക്കുക എന്നത് നമ്മുടെ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു നിരന്തര ചുമതലയാണ്. നീതി എന്നതു തന്നെയാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്. അനീതിയുടെ സാമൂഹികസ്ഥാപനങ്ങളെ തിരിച്ചറിയുക എന്നത് നീതിയുടെ രാഷ്ട്രീയത്തിന്റെ അടിത്തറയാണ്. ഇത്തരമൊരു രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കുക എന്നത് പരമപ്രധാനമാണ്. നീതി എന്ന വിഭാവന തന്നെ ഉണ്ടാകുന്നത് മൂല്യം എന്ന സ്രോതസ്സില്‍നിന്നാണ്. കക്കാനും കവരാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവകാശം വേണം എന്ന നിലപാട് നമുക്ക് മുന്നോട്ടുവെക്കാന്‍ കഴിയില്ല. അതേസമയം അധഃസ്ഥിതരുടെ അധികാരത്തിന്റെ കാര്യമാകുമ്പോള്‍ അധിക ധാര്‍മിക ബാധ്യതകള്‍ ചുമത്തുന്ന സമീപനം നീതിയുടെ താല്‍പര്യത്തിന് എതിരുമാണ്.
ഇത്തരമൊരു സമീപനത്തിലൂടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പോരാട്ടത്തിന്റെ നേതൃത്വവും ലാഭവും മേല്‍ക്കോയ്മാ ജാതിക്കാര്‍ക്ക് തന്നെ ലഭിക്കില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. താഴ്ന്നതായി കണക്കാക്കപ്പെട്ട ജാതിയില്‍ ജനിച്ചവര്‍ ഒരിക്കലും നന്നാവില്ല എന്നതിന്റെ മറുപുറം മാത്രമാണ് ഉയര്‍ന്നവരായി കണക്കാക്കപ്പെടുന്നവര്‍ ആരും ഒരിക്കലും നന്നാവില്ല എന്ന സമീപനം. രണ്ടാമതായി ഇങ്ങനെ പറയുമ്പോഴും അവശേഷിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പോരാട്ടത്തിലടക്കം സംഭവിക്കുന്ന അധികാര നഷ്ടത്തെ ബോധപൂര്‍വമായ പ്രാതിനിധ്യത്തിലൂടെയാണ് പരിഹരിക്കേണ്ടത്
ഒരു രാഷ്ട്രീയം/ ആശയം സന്തുലിതവും ശരിയും ആകാനുള്ള വഴി സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പല ഘടകങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ്.
ഇത്തരമൊരു പ്രായോഗിക രാഷ്ട്രീയത്തില്‍ ഒരുമിക്കുന്നവരുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. ഭാഷാപരമോ ശരീരഭാഷാപരമോ ആയ സൂക്ഷ്മ രാഷ്ട്രീയ വിശകലനങ്ങളിലൂടെ ഈ സാഹോദര്യത്തെയും രാഷ്ട്രീയ ഐക്യത്തെയും തകര്‍ക്കുന്നത് തെറ്റായ രീതിയായിരിക്കും. അവര്‍ണരും സവര്‍ണരും മുസ്‌ലിംകളും ഉള്‍ക്കൊള്ളുന്ന നീതിയില്‍ അധിഷ്ഠിതമായ ബഹുസാമുദായിക രാഷ്ട്രീയം അസാധ്യമാമെന്ന് തെളിയിക്കുകയാണ് നാം അതിലൂടെ ചെയ്യുന്നത്.
പ്രിവിലേജ്
സവര്‍ണരുടെ പ്രിവിലേജ് ഒരു രാഷ്ട്രീയ പ്രശ്‌നമായി ഇന്ന് കീഴാള രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഉയര്‍ത്തപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ പ്രിവിലേജ് ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ട് ഈ പ്രിവിലേജ് ഉപേക്ഷിച്ച് മാത്രമേ സവര്‍ണര്‍ ജാതിവിരുദ്ധ സമരത്തിലും മറ്റു ജനാധിപത്യ സമരങ്ങളിലും ഭാഗഭാക്കാകാവൂ എന്ന വാദം ജാതിവിരുദ്ധ സമരം മാത്രം ആദര്‍ശവും ലക്ഷ്യവുമായി സ്വീകരിച്ച ഒരു ഗ്രൂപ്പിന് സ്വീകരിക്കാന്‍ കഴിഞ്ഞേക്കും. നമ്മുടേതു പോലുള്ള ബഹുമുഖ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് അത് സ്വീകരിക്കാന്‍ കഴിയില്ല. ഒന്നാമതായി ഈ പ്രിവിലേജ് ഒരാള്‍ വേണ്ടെന്നു വെച്ചാല്‍ ഇല്ലാതാവുന്ന ഒന്നല്ല. ഒരു സവര്‍ണന്റെ സാമൂഹിക മൂലധന അക്കൗണ്ടിലേക്ക് ഒരു അധ്വാനവുമില്ലാതെ വെറുതെ വന്നു ചേരുന്ന മുതലാണത്. പരമാവധി ഇതിനെക്കുറിച്ച രാഷ്ട്രീയമായ തിരിച്ചറിവ് അയാളില്‍ സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. നമ്മുടേതു പോലുള്ള പ്രസ്ഥാനം ചെയ്യേണ്ടത് ഈ പ്രിവിലേജിനെ നമ്മുടെ സുപ്രധാനമായ മൂന്ന് ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയാണ്:
1 ഇസ്‌ലാമിക പ്രബോധനത്തിന്റെ സംരക്ഷണം.
2 മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും വളര്‍ച്ചയും.
3 എല്ലാതരം മര്‍ദിതരുടെയും സുരക്ഷയും വളര്‍ച്ചയും.
വരേണ്യരിലെ നല്ലവരുടെ പ്രിവിലേജിനെ തന്നെ ഉപയോഗപ്പെടുത്തി മര്‍ദിതരെ വിജയിപ്പിക്കുകയും വരേണ്യതയില്ലാത്ത ഇസ്‌ലാമിക സാമൂഹിക ക്രമം സൃഷ്ടിക്കുകയും ചെയ്യുക. അബൂത്വാലിബിന്റെയും മുത്ഇമിബ്‌നു അദിയിന്റെയും വരേണ്യ സാധ്യതകളെ തന്നെയാണ് പ്രവാചകന്‍ മക്കയില്‍ ഉപയോഗപ്പെടുത്തിയത്. വരേണ്യരല്ലായിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും പ്രവാചകന് സംരക്ഷണം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ആ സംരക്ഷണത്തെ ഉപയോഗപ്പെടുത്തി പ്രവാചകന്‍ ഒരു വരേണ്യതയും വംശീയ പ്രിവിലേജുമില്ലാത്ത സാമൂഹികക്രമം പടുത്തുയര്‍ത്തി. ഈ സമീപനത്തിനാണ് സ്ട്രാറ്റജി എന്നും ഇസ്‌ലാമിന്റെ ഭാഷയില്‍ ഹിക്മത്ത്, ഫിഖ്ഹിന്റെ ഭാഷയില്‍ മസ്വ്‌ലഹത്ത് എന്നും പറയുന്നതും. സ്ട്രാറ്റജിയില്ലാത്ത ഐഡിയോളജി പുസ്തകത്തില്‍ മാത്രമേ ജീവിക്കുകയുള്ളൂ. അതുകൊണ്ടാണ് അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും ഗ്രന്ഥത്തോടൊപ്പം ഹിക്മത്തും പ്രദാനം ചെയ്തതായി ഖുര്‍ആന്‍ എടുത്തുപറയുന്നത്.
ബ്രാഹ്‌മണിസമോ ഹിന്ദുത്വയോ?
സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം ബ്രാഹ്‌മണാധിപത്യം തന്നെയാണ്. അത് മറച്ചുവെച്ച് വിശാല ഹിന്ദു ഐക്യം എന്ന വ്യാജാശയത്തില്‍ മുസ്‌ലിം-ക്രൈസ്തവ ഇതര സമൂഹങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുന്നു എന്നു മാത്രം. അവര്‍ അതില്‍ വിജയിക്കുന്നതുകൊണ്ട് അവര്‍ അതുതന്നെയാണെന്ന് സമ്മതിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച്, അവരുടെ സവര്‍ണ വംശീയ താല്‍പര്യങ്ങളെ മൂലധന ദാസ്യം പോലുളള ജനവിരുദ്ധ സമീപനങ്ങള്‍ക്കൊപ്പം തുറന്നുകാട്ടി ബഹുജനങ്ങളെ അവര്‍ക്കെതിരെ അണിനിരത്തുക തന്നെയാണ് വേണ്ടത്. ദേശസ്‌നേഹം അവരുടെ മറ്റൊരു ക്ലെയിമാണ്. ഇതും ഇന്ന് രാജ്യത്ത് വലിയ അളവില്‍ സ്വാധീനം നേടിയിട്ടുണ്ട്. സംഘ്പരിവാറിന്റ ദേശസ്‌നേഹത്തെ അംഗീകരിച്ചുകൊടുക്കുകയല്ല, അത് തുറന്നുകാട്ടുകയാണല്ലോ നാം ചെയ്യുന്നത്.
സമാപനം
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നിലുള്ളത് വളരെ വലിയ സാധ്യതകളാണ്. ഇസ്‌ലാമിന്റെ ഭദ്രമായ അടിത്തറയില്‍ നിന്നുകൊണ്ട് വര്‍ഗ വിശകലനത്തെയും കീഴാള രാഷ്ട്രീയത്തെയും പരിസ്ഥിതി-സ്ത്രീവാദ രാഷ്ട്രീയത്തെയുമെല്ലാം സ്വാംശീകരിക്കാനും സന്തുലിതപ്പെടുത്താനുമുള്ള ഇസ്‌ലാമിക മൂല്യബോധത്തിന്റെ അരിച്ചെടുക്കല്‍ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. ഇറാന്‍ വിപ്ലവത്തെ തങ്ങള്‍ സ്വാംശീകരിച്ചതിനെക്കുറിച്ച് റാശിദുല്‍ ഗന്നൂശി പറയുന്നുണ്ട്: ''എന്നാല്‍ ശ്രദ്ധിക്കേണ്ട സംഗതി ഇറാന്‍ വപ്ലവം നിരുപാധികമായല്ല തുനീഷ്യന്‍ ചട്ടക്കൂടിനോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് ഞങ്ങള്‍ ഉള്‍ക്കൊണ്ടത് എന്നതത്രെ. അതിന്റെ പരിവര്‍ത്തന രീതിശാസ്ത്രം മാറ്റിവെച്ച് സാമൂഹികമാനമാണ് ഞങ്ങള്‍ പ്രയോജനപ്പെടുത്തിയത്. മാത്രമല്ല, 1981-ല്‍ വിപ്ലവത്തോടുള്ള ആവേശ മൂര്‍ച്ചയില്‍ ആണ് Islamic trend movement(ഹര്‍കത്തുല്‍ ഇത്തിജാഹില്‍ ഇസ്‌ലാമി) രൂപവല്‍ക്കരണം പ്രഖ്യാപിക്കുന്നത്. രൂപവല്‍ക്കരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ജനാധിപത്യ മാനങ്ങള്‍ക്ക് നാം ഊന്നല്‍ നല്‍കുകയും ചെയ്തു'' (ഗന്നൂശിയുടെ ആത്മകഥ പേജ് 87).
എങ്ങനെ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഇസ്‌ലാമിക അടിത്തറകളില്‍ നിന്നുകൊണ്ട് സ്വാംശീകരിച്ച് സന്തുലിതമാക്കി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പോഷകങ്ങളാക്കി മാറ്റാമെന്നാണ് നാം മനസ്സിലാക്കേണ്ടത്.