ഇസ്‌ലാമിക നാഗരികതയെ ഖുര്‍ആനികമായി വായിക്കുന്ന പുസ്തകം

അബ്ബാസ് റോഡുവിള‌‌
img

ഇസ്‌ലാമിക നാഗരികതയെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ ഭാഷകളില്‍ പ്രത്യേകിച്ച് ഇംഗ്ലീഷില്‍ വിരചിതമായിട്ടുണ്ട്. ലോകനാഗരികതക്ക് മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകളെ അവഗണിക്കുകയോ നിസ്സാരവത്കരിക്കുകയോ ബോധപൂര്‍വം മൂടിവെക്കുകയോ ചെയ്തിട്ടുള്ള രചനകളാണ് അവയില്‍ ചിലത്. ഗ്രീക്ക്-റോമന്‍ സംഭാവനകളുടെ പുനരാഖ്യാനം മാത്രമാണ് മുസ്‌ലിം പ്രതിഭകള്‍ നിര്‍വഹിച്ചിട്ടുള്ളത് എന്ന് സമര്‍ഥിക്കുന്ന ഗ്രന്ഥങ്ങളാണ് മറ്റൊരിനം. ഇസ്‌ലാമും മുസ്‌ലിം സമൂഹവും ലോകനാഗരികതക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ ഏറക്കുറെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട്. അവയില്‍ ഒന്നാണ് Lost history എന്ന ഗ്രന്ഥം.
2008-ല്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. മിഖായേല്‍ ഹാമില്‍ടണ്‍ മോര്‍ഗന്‍ ആണ് ഇതിന്റെ രചയിതാവ്. 1888-ല്‍ സ്ഥാപിതമായ നാഷ്‌നല്‍ ജ്യോഗ്രഫിക് സൊസൈറ്റി എന്ന ശാസ്ത്ര-വിദ്യാഭ്യാസ സംഘടനയാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

ഇത് ഇസ്‌ലാമിനെ കുറിച്ച ഒരു ഗ്രന്ഥമല്ല. ഇസ്‌ലാമിന്റെ തണലില്‍ മുസ്‌ലിം സമൂഹം വളര്‍ത്തിയെടുത്ത നാഗരികതയുടെ ചരിത്രമാണ്. അതിനാല്‍, മുസ്‌ലിം സമൂഹത്തിന്റെ ഒരു ബൗദ്ധിക ചരിത്രമാണ് ഇതെന്നു പറയാം.

ഗ്രന്ഥത്തിന്റെ തുടക്കത്തില്‍, ക്രി.വ. 570-ല്‍ മക്കയില്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ 1922-ലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചവരെയുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെയും മുസ്‌ലിം പ്രതിഭകളുടെയും ഒരു കാലാനുക്രമ പട്ടിക (Time line) നല്‍കിയിട്ടുണ്ട്.
ആമുഖത്തിനു പുറമെ, എട്ട് അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിലുളളത്. ആമുഖത്തില്‍, ഗ്രന്ഥരചനയുടെ പശ്ചാത്തലം വിവരിക്കുന്നു. World trade centre-നു നേരെയുണ്ടായ ആക്രമണത്തിനു ശേഷം മുസ്‌ലിം -മുസ്‌ലിമേതര സമൂഹങ്ങളിലുണ്ടായ കാലുഷ്യത്തിന്റെയും പരസ്പര വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും വികാരം സൃഷ്ടിക്കുകയും നാഗരികതകളുടെ സംഘട്ടനത്തിനു പകരം, നാഗരികതകളുടെ സംവാദം എന്ന ആശയത്തിന് ഊന്നല്‍ നല്‍കുകയുമാണ് ഗ്രന്ഥരചനയുടെ ഉദ്ദേശ്യമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമടങ്ങുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ സൃഷ്ടിയായിരുന്നു ഇസ്‌ലാമിക നാഗരികതയെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
ഗവേഷണ പഠനങ്ങള്‍ക്കും ശാസ്ത്ര പര്യവേക്ഷണങ്ങള്‍ക്കും ഖുര്‍ആനും പ്രവാചക വചനങ്ങളും പ്രചോദനം നല്‍കിയിട്ടുണ്ട് എന്ന നിഗമനത്തിലായിരിക്കാം, ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ ആ അധ്യായത്തിലെ പ്രതിപാദ്യ വിഷയവുമായി ചേര്‍ന്നു നില്‍ക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നല്‍കിയിട്ടുള്ളത്.
ഒന്നാം അധ്യായം ആരംഭിക്കുന്നത് സൂറഃ അര്‍റൂമിലെ രണ്ട് സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. റോമാ സാമ്രാജ്യത്തിന്റെ പരാജയവും പിന്നീടുള്ള വിജയവും സൂചിപ്പിക്കുന്നതാണല്ലോ ഈ സൂക്തം. മദീന കേന്ദ്രമാക്കി പ്രവാചകന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രമാണ് ഈ അധ്യായത്തിലെ പ്രതിപാദ്യം. നബിയുടെ കാലശേഷം നാലു ഖലീഫമാരും പിന്നീട് വന്ന രാജാക്കന്മാരും നടത്തിയ വിജയങ്ങളുടെയും വികസനങ്ങളുടെയും സമൂഹ നിര്‍മാണത്തിന്റെയും ഒരു സമഗ്രചിത്രം ഈ അധ്യായത്തില്‍ വായിക്കാം.

ത്വാഹാ അധ്യായത്തിലെ 114-ാമത്തെ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് രണ്ടാം അധ്യായം തുടങ്ങുന്നത്. വിജ്ഞാനവര്‍ധനവിനുള്ള പ്രാര്‍ഥനയാണ് ഇതിന്റെ ഉള്ളടക്കം. മുസ്‌ലിം ലോകത്ത് വളര്‍ന്നുവന്ന വൈജ്ഞാനിക വിപ്ലവത്തിന്റെയും ശാസ്ത്ര പുരോഗതിയുടെയും ഒരു ലഘുചരിത്രമാണ് ഈ അധ്യായം കൈകാര്യം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടന്ന വിവിധ വിജ്ഞാനശാഖകളെ തേടിപ്പിടിച്ച് വിമര്‍ശന പഠനങ്ങള്‍ക്ക് വിധേയമാക്കി ഒരു പുതിയ ചിന്താവിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു അവര്‍. ബഗ്ദാദ് കേന്ദ്രമാക്കിയുള്ള 'ബൈത്തുല്‍ ഹിക്മഃ' അഥവാ 'വിജ്ഞാന ഭവന'ത്തിന്റെ (House of wisdom) മേല്‍നോട്ടത്തിലായിരുന്നു വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ദമസ്‌കസ്, ബഗ്ദാദ്, കൊര്‍ദോവ, കെയ്‌റോ, സമര്‍ഖന്ദ്, ഇസ്വ്ഫഹാന്‍, ഇസ്തംബൂള്‍, ആഗ്ര തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മുസ്‌ലിം ലോകത്തിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് എന്നാണ് ഗ്രന്ഥകാരന്റെ നിരീക്ഷണം.

അല്‍ജിന്ന് അധ്യായത്തിലെ 28-ാം ആയത്ത് ഉദ്ധരിച്ചുകൊണ്ട് 3-ാം അധ്യായം ആരംഭിക്കുന്നു. ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നുവന്ന ഗണിതശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രകാരന്മാരുടെയും അത്ഭുതകരമായ നേട്ടങ്ങളാണ് ഈ അധ്യായത്തിലെ പ്രതിപാദ്യവിഷയം.

യാസീന്‍ അധ്യായത്തിലെ 40-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് 4-ാം അധ്യായം ആരംഭിക്കുന്നു. ഗോളശാസ്ത്രരംഗത്ത് മുസ്‌ലിം പ്രതിഭകള്‍ നേടിയ നേട്ടങ്ങളാണ് ഈ അധ്യായം കൈകാര്യം ചെയ്യുന്നത്.

അര്‍റഹ്‌മാന്‍ അധ്യായത്തിലെ 33-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് 5-ാം അധ്യായം ആരംഭിക്കുന്നു. മുസ്‌ലിം ശാസ്ത്രകാരന്മാര്‍ നടത്തിയ വിവിധതരത്തിലുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചാണ് ഈ അധ്യായം.

അശ്ശുഅറാഇലെ 80-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് 6-ാം അധ്യായം തുടങ്ങുന്നു. മുസ്‌ലിം പ്രതിഭകളുടെ വൈദ്യശാസ്ത്ര നേട്ടങ്ങളാണ് ഈ അധ്യായത്തിലെ പ്രമേയം.
അല്‍കഹ്ഫ് അധ്യായത്തിലെ 31-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് 7-ാം അധ്യായം തുടങ്ങുന്നു. മുസ്‌ലിം പ്രതിഭകളുടെ അത്ഭുതകരമായ നിര്‍മാണ വൈദഗ്ധ്യമാണ് ഈ അധ്യായത്തിലെ പ്രമേയം.

സ്വാദ് അധ്യായത്തിലെ 26-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് 8-ാം അധ്യായം ആരംഭിക്കുന്നു. മുസ്‌ലിം സമൂഹത്തെ നയിച്ചിരുന്ന അനുകരണീയ നേതൃത്വത്തെക്കുറിച്ചാണ് ഈ അധ്യായം.

അവസാനമായി, യൂറോപ്യന്മാരുടെ മുസ്‌ലിം രാഷ്ട്രങ്ങളുടെ മേലുള്ള അധിനിവേശങ്ങളെക്കുറിച്ചും മുസ്‌ലിം സമൂഹത്തിന്റെ പതനത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് ഗ്രന്ഥം അവസാനിക്കുന്നു.

ശാസ്ത്രത്തിന്റെ വിവിധ ശാഖകള്‍ ഐഛികമായി എടുത്ത് ബിരുദപഠനം നടത്തുന്നവര്‍ക്കും നാഗരികതകളുടെ ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടും.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top