ശൈഖ് മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി വിവാദങ്ങളുടെ തോഴനായ പണ്ഡിത പ്രതിഭ

പി.കെ ജമാല്‍‌‌

ആധുനിക ലോകത്തെ വിശ്രുത പണ്ഡിത പ്രതിഭകളില്‍ താരമായി തിളങ്ങിയ ശൈഖ് മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി ഒരു കാലഘട്ടത്തില്‍ അക്കാദമിക-രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായിരുന്നു. ശൈഖ് ത്വന്‍ത്വാവിയുടെ ഫത്‌വകള്‍ക്ക് സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ സാധിച്ചു. പണ്ഡിതലോകം ആ ഫത്‌വകളോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു. എന്നും വിവാദങ്ങളുടെ തോഴനായി അറിയപ്പെട്ട ആ പണ്ഡിത വര്യന്‍ മതത്തില്‍ മിതവാദത്തിന്റെ വക്താവും 'സ്ത്രീപക്ഷ' സമീപനത്തിന്റെ സഹകാരിയും ആയി വിലയിരുത്തപ്പെട്ടു. മതത്തിലെ 'കര്‍ക്കശ വാദികള്‍' നിരന്തരം വേട്ടയാടിയ ത്വന്‍ത്വാവി ആയുഷ്‌കാലമത്രയും വിജ്ഞാനതപസ്യയും ഗവേഷണവും ജീവിത വ്രതമായികൊണ്ടുനടന്ന മഹാമനീഷിയാണ്. അസ്ഹര്‍ സര്‍വകലാശാലയില്‍ അത്യുന്നത പദവി അലങ്കരിച്ച ശൈഖ് ത്വന്‍ത്വാവിയുടെ ചില നിലപാടുകള്‍ ഈജിപ്തിലെ അധികാര കേന്ദ്രങ്ങളുടെയും ഭരണ സംവിധാനത്തിന്റെയും മനോഗതിക്കനുസാരമായിത്തീര്‍ന്നത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. തന്റെ രചനകളില്‍ അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായങ്ങളുടെ വിപരീത ദിശയിലായിരുന്നു രാഷ്ട്രീയ വിഷയങ്ങളില്‍ കൈക്കൊണ്ട സമീപനം എന്നതാണ് പ്രതിയോഗികള്‍ ശൈഖിന്നെതിരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാദഗതികളില്‍ മുഖ്യം.

1989-ല്‍ ശൈഖ് ത്വന്‍ത്വാവി ഈജിപ്ത് ചീഫ് മുഫ്തിയായിരുന്നപ്പോള്‍ ബാങ്ക് പലിശകളും വായ്പകളും ഇസ്‌ലാം ഹറാമാക്കിയ പലിശയുടെ ഗണത്തില്‍ പെടുമെന്ന് ഫത്‌വ പുറപ്പെടുവിച്ചു. പലിശ എന്നത് ജനങ്ങളെ ചൂഷണം ചെയ്തും പാവങ്ങളെ ഞെക്കിപിഴിഞ്ഞു ഉണ്ടാക്കുന്ന മൂലധന വര്‍ധനവാണെന്ന് നിര്‍വചിച്ച അദ്ദേഹം അയവില്ലാത്ത നിലപാട് കൈക്കൊണ്ടു. പലിശ ഭുജിക്കുന്നവന്‍ മുര്‍തദ്ദും അയാളെ 'ഫസ്ഖ്' ചെയ്യാന്‍ ഭാര്യക്ക് അധികാരമുണ്ടെന്നും അയാളെ മുസ്‌ലിംകളുടെ മഖ്ബറയില്‍ മറവ് ചെയ്യാന്‍ പാടില്ലെന്നും ഖണ്ഡിതമായി ഫത്‌വ നല്‍കി. ഇത്രയും കര്‍ക്കശ സമീപനം പലിശയുടെ കാര്യത്തില്‍ സ്വീകരിച്ച ത്വന്‍താവി ഗവണ്‍മെന്റ് ഇറക്കുന്ന കടപത്രങ്ങള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്ന് കിട്ടുന്ന ആദായം പലിശയുടെ ഗണത്തില്‍ പെടില്ലെന്ന് അഭിപ്രായപ്പെട്ടു.

2009-ല്‍ ഏറെ വിവാദം സൃഷ്ടിച്ച ത്വന്‍ത്വാവിയുടെ മറ്റൊരു നിലപാട് 'നിഖാബി' (മുഖ മൂടുപടം) നെ ചൊല്ലിയായിരുന്നു. അസ്ഹര്‍ പ്രിപറേറ്ററിലെ ക്ലാസിലെ ഒരു വിദ്യാര്‍ഥിനിയെ 'നിഖാബ്' ഊരാന്‍ ശൈഖുല്‍ അസ്ഹറായ ത്വന്‍ത്വാവി ഇടപെട്ടതാണ് സംഭവം. ഇത് നിഖാബ് അനുകൂലികളുടെയും സലഫികളുടെയും കഠിന രോഷവും എതിര്‍പ്പും ക്ഷണിച്ചു വരുത്തി. ശൈഖുല്‍ അസ്ഹറിന്റെ തീരുമാനത്തെച്ചൊല്ലി ഇത്ര വലിയ ബഹളമൊന്നും വേണ്ടതില്ലെന്നും അത് ഇജ്തിഹാദിന് പഴുതുള്ള വിഷയമാണെന്നും പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മുന്‍കാല വൈരാഗ്യങ്ങളുടെ കണക്ക് തീര്‍ക്കല്‍ ആവാമെന്നും ഒരു വിഭാഗം വാദിച്ചു. ശൈഖ് വിദ്യാര്‍ഥിനിയെ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്‌തെന്നായി പിന്നെ ആരോപണം. ഈ ആരോപണം നിഷേധിച്ച് ശൈഖുല്‍ അസ്ഹര്‍ ഇറക്കിയ പ്രസ്താവനയില്‍ 'നിഖാബ് വ്യക്തി സ്വാതന്ത്ര്യ'ത്തിന്റെ വിഷയമാണെന്ന് വ്യക്തമാക്കി. കേവലം ഒരു 'ആദത്ത്' (ആചാരം, സമ്പ്രദായം) എന്നതില്‍ കവിഞ്ഞ നില അതിന്നില്ലെന്നും അസ്ഹര്‍ കോളേജുകളിലും സ്ഥാപനങ്ങളിലും ഫാക്കല്‍റ്റികളിലും നിഖാബ് ധരിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അസ്ഹര്‍ സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിഖാബ് വിലക്കിയ ത്വന്‍ത്വാവിയെ ശൈഖുല്‍ അസ്ഹര്‍ സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന് ഈ സംഭവത്തെ തുടര്‍ന്നു ഇഖ്‌വാന്‍ എം.പി ഹംദിഹസന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ (മജ്മഉല്‍ ബുഹൂസില്‍ ഇസ്‌ലാമിയ) ശൈഖുല്‍ അസ്ഹറിനെ പിന്‍തുണക്കുകയും അസ്ഹര്‍ സ്ഥാപനങ്ങൡലും പരീക്ഷാ ഹാളുകളിലും അസ്ഹറിന്റെ അനുബന്ധ കലാലയങ്ങളിലും നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ശൈഖിന്റെ തീരുമാനത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അതോടെ ആ വിവാദം കെട്ടടങ്ങി.

അസ്ഹര്‍ സര്‍വകലാശാല കാമ്പസിന്നകത്തും പുറത്തും കഴിഞ്ഞ മൂന്ന് ദശകത്തില്‍ ഉണ്ടായ പരിഷ്‌കരണം നവീകരണ സംരംഭങ്ങള്‍ വിലയിരുത്തുമ്പോള്‍, ശൈഖുല്‍ അസ്ഹര്‍ ഡോ. മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവിയുടെ വൈജ്ഞാനിക സംഭാവനകളും ഇടപെടലുകളും അവഗണിക്കാനാവാത്തവിധം അവയില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വരും അതിരൂക്ഷമായ ഫിഖ്ഹ്-കര്‍മശാസ്ത്ര വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ആശയ സമരങ്ങള്‍ക്കും സാക്ഷിയായ കാലഘട്ടമായിരുന്നു ശൈഖ് ത്വന്‍ത്വാവിയുടേത്. ശൈഖ് മുഹമ്മദ് അബ്ദുവിന്റെ പരിഷ്‌കരണ മഹായജ്ഞങ്ങളുടെ കാലഘട്ടത്തെ അതോര്‍മിപ്പിച്ചു. അദ്ദേഹം നടത്തിയ വൈജ്ഞാനിക ജൈത്രയാത്രയെക്കുറിച്ച സ്മരണകള്‍ ശൈഖ് ത്വന്‍ത്വാവി ജനഹൃദയങ്ങളില്‍ ജ്വലിപ്പിച്ചു. മഹാനായ പരിഷ്‌കര്‍ത്താവും വൈജ്ഞാനിക യത്‌നങ്ങളുടെ തേരാളിയുമായ ഇമാം മറാഗിയുടെ കാലഘട്ടത്തെയും അതനുസ്മരിപ്പിച്ചു. ചരിത്രത്തിലെ വൈജ്ഞാനിക-സാങ്കേതിക വിദ്യകളുടെ മഹാവിപ്ലവം നടന്ന ദശയായിരുന്നു അത്. പണ്ഡിതന്മാരില്‍ പലരും സമീപിക്കാന്‍ പോലും മടിച്ചിരുന്നതോ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചിരുന്നതോ ആയ വിഷയങ്ങളുടെ വാതിലുകള്‍ തള്ളിത്തുറന്ന് ഇജ്തിഹാദിലൂടെ പുതിയ ഗവേഷണ ഫലങ്ങള്‍ ത്വന്‍ത്വാവി പുറത്തുവിട്ടു. ഇജ്തിഹാദിന്റെ വാതില്‍ അടച്ചുപൂട്ടി ജീര്‍ണതയുടെയും തഖ് ലീദിന്റെയും മടിയില്‍ തലചായ്ച്ച് സുഖസുഷുപ്തിയില്‍ ലയിച്ച പണ്ഡിത ലോകത്തിന്റെ ഉറക്കം കെടുത്തി ത്വന്‍ത്വാവിയുടെ പലനിലപാടുകളും. ധീരതയും ആര്‍ജവവും അറിവും അഗാധജ്ഞാനവും ആണ് ത്വന്‍ത്വാവിയുടെ പണ്ഡിത വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തിയത്.

ഇസ്‌ലാമിലെ മധ്യമ-സന്തുലിത (അല്‍ വസത്വിയ്യ) വീക്ഷണത്തിന്റെ വക്താവായ ആ പണ്ഡിത പ്രതിഭ പുതിയ കാലഘട്ടത്തിലെ വൈജ്ഞാനിക സ്‌ഫോടനത്തിന് മുമ്പില്‍ സ്തംഭിച്ചു നിന്നില്ല. പ്രാചീനമോ ആധുനികമോ ആയ ഏതെങ്കിലും മദ്ഹബിന്റെ തടവുകാരണം അനുകര്‍ത്താവും ആയില്ല. ക്ലോണിംഗ്, അവയവദാനം, അവയവമാറ്റം. ബാങ്ക് പലിശ, സ്റ്റോക് എക്‌സ്‌ചേഞ്ച്,  ബോണ്ടുകള്‍, കടപത്രങ്ങള്‍, ജെനറ്റിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങി പുതിയ കാലഘട്ടത്തിന്റെ പോര്‍വിളികളെ അദ്ദേഹം സസന്തോഷം ഏറ്റെടുക്കുകയും കാലഘട്ടത്തിന്റെ സ്പന്ദനത്തോടും ജനങ്ങളുടെ ക്ഷേമത്തോടും നീതി ചെയ്യുന്ന ഫിഖ്ഹീ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്തു. അദ്ദേഹത്തിന്റെ നയം, ഇമാം ശാത്വിബി പറഞ്ഞത് പോലെ 'എവിടെയാണോ ജനക്ഷേമം അവിടെയാണ് ശരീഅത്ത്.'

ഖറദാവിയും ത്വന്‍ത്വാവിയും
ശൈഖ് മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവിയുടെ വിയോഗത്തെതുടര്‍ന്നു ശൈഖ് യൂസുഫുല്‍ ഖര്‍ദാവി നല്‍കിയ അനുശോചന സന്ദേശത്തില്‍, ത്വന്‍ത്വാവി നടത്തിയ ആശയ സമരങ്ങളെക്കുറിച്ച് സൂചിപ്പിച്ചതായി കാണാം. പണ്ഡിതന്മാര്‍ക്കിടയില്‍ നിലനിന്ന അദമ്യ സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണവുമായിരുന്നു ആ സന്ദേശം. ഖറദാവിയുടെ വാക്കുകള്‍ ഉദ്ധരിക്കാം:

''ശൈഖുല്‍ അസ്ഹര്‍ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ക്കേ എനിക്കറിയുന്ന വ്യക്തിയാണ്. 1953-ല്‍ അസ്ഹറില്‍നിന്ന് ഞാന്‍ ബിരുദമെടുത്ത വര്‍ഷമാണ് അദ്ദേഹം അവിടെ വന്നത്. തനിക്ക് നേരത്തെത്തെ എന്നെ അറിയാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ അലക്‌സാണ്ടറിയ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച വേളയില്‍ ത്വന്‍ത്വാവി സൈക്കണ്ടറി വിദ്യാര്‍ഥിയായിരുന്നു. ഞാന്‍ അസ്ഹറിലെ ഉസൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു അപ്പോള്‍; വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും. ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്ന് നടത്തിയ പ്രസംഗം ത്വന്‍ത്വാവിയെ വളരെ ആകര്‍ഷിച്ചു. ബിരുദാനന്തരം ശബ്‌റ മേഖലയിലെ പള്ളിയില്‍ ഖത്വീബായി അദ്ദേഹം ശബ്‌റാ കന്റോണ്‍മെന്റില്‍ ഞാന്‍ താമസിച്ച കാലത്ത് അദ്ദേഹം എന്നെ പലപ്പോഴും സന്ദര്‍ശിക്കുകയും വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. വിവാഹാനന്തരം പിന്നീട് ആ പരമ ഭാര്യയോടൊപ്പമായി. എന്റെ ഭാര്യയും അദ്ദേഹത്തിന്റെ ഭാര്യയും വലിയ കൂട്ടുകാരായി.

1962-ല്‍ എനിക്കൊരു ബന്ധവുമില്ലാത്ത കേസില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു തടങ്കലിലായപ്പോള്‍ അദ്ദേഹം എന്നെ സന്ദര്‍ശിക്കാനെത്തി. ഞാന്‍ തടങ്കലില്‍ ആണെന്നറിഞ്ഞ അദ്ദേഹം ഞെട്ടി. താനും ഭാര്യയും ഏത് സേവനത്തിന്നും തയാറാണെന്ന് അദ്ദേഹം എന്റെ ഭാര്യയെ അറിയിച്ചു. 'ബനൂ ഇസ്‌റാഈല്‍ ഖുര്‍ആനിലും സുന്നത്തിലും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റിന് തിസീസ് തയാറാക്കുന്ന തിരക്കിലായിരുന്നു അന്നദ്ദേഹം. എന്റെ പ്രബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവൃത്തിക്കായി അദ്ദേഹം എന്നെ സമീപിക്കുമായിരുന്നു. ഇറാഖിലെ ബഹറയിലേക്ക് ഡപ്യൂട്ടേഷനില്‍ അദ്ദേഹം പോകുന്നത് വരെ ഈ ബന്ധം തുടര്‍ന്നു. ഖത്തറിലെ കുല്ലിയ്യതുശരീഅയില്‍ ഞാന്‍ റെക്ടറായി നിയമിതനായപ്പോള്‍ അദ്ദേഹത്തെ വിസിറ്റിംഗ് പ്രഫസറായി കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അധികം വൈകാതെ അദ്ദേഹം ഈജിപ്തിലെ ചീഫ് മുഫ്തിയായി നിയമിക്കപ്പെട്ടു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം വിഘ്‌നമില്ലാതെ തുടരവെയാണ് ത്വന്‍ത്വാവി തന്റെ ഫത്‌വകള്‍ പുറത്ത് വന്ന് തുടങ്ങിയത്. അവയില്‍ പലതും പണ്ഡിതലോകത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. കാലങ്ങളായി ശരിയെന്ന് കരുതിേെപ്പാന്ന പലതിനെയും വെല്ലുവിളിച്ചു. അതെനിക്ക് സ്വീകാര്യമായിരുന്നില്ല. പ്രത്യേകിച്ച് ബാങ്ക് പലിശയുമായി ബന്ധപ്പെട്ട് അദ്ദേഹം പുറപ്പെടുവിച്ച ഫത്‌വകള്‍. ''ബാങ്ക് പലിശ അത് ഹറാം തന്നെയാകുന്നു'' (ഫവാഇദുല്‍ ബുനൂകി ഹിയ ര്‍രിബല്‍ ഹറാം) എന്ന എന്റെ കൃതിയില്‍ അദ്ദേഹത്തിന് ശക്തമായിത്തന്നെ മറുപിട നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

ശൈഖ് ത്വന്‍ത്വാവി ശൈഖുല്‍ അസ്ഹറായി നിയമിതനായതിന് ശേഷം കുവൈത്തില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സില്‍ ഞങ്ങള്‍ കണ്ടുമുട്ടാനിടയായി. പഴയ സംവാദങ്ങളും ഖണ്ഡനങ്ങളും മറന്ന് ഓടിവന്ന് എന്നെ അഭിവാദ്യം ചെയ്ത് കൈപിടിച്ചു കുലുക്കിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങള്‍ ഒന്നിച്ചാവുമ്പോള്‍ ഒരിടത്തും അദ്ദേഹം എന്റെ മുന്നില്‍ നടക്കില്ല. എവിടേക്കെങ്കിലും കയറുമ്പോഴും ഇറങ്ങുമ്പോഴുമൊക്കെ ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. മരിക്കുവോളം ഇത് തന്നെയായിരുന്നു സ്ഥിതി. മര്യാദയും വിനയവും അല്ലാഹു കനിഞ്ഞേകിയ വ്യക്തിയായിരുന്നു ത്വന്‍ത്വാവി.

ഞാനൊരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: ''അങ്ങ് ശൈഖുല്‍ അസ്ഹര്‍. ഇസ്‌ലാമിക ലോകത്തെ മത-വൈജ്ഞാനിക പദവികളില്‍ ഏറ്റവും വിശിഷ്ടവും വിശ്രുതവുമായ കിരീടമാണ് അങ്ങ് അണിഞ്ഞിരിക്കുന്നത്. ഈ പദവിയെ ആദരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഏത് രംഗത്തും താങ്കള്‍ക്ക് മുന്തിയ പരിഗണന അങ്ങയ്ക്ക് ഞങ്ങള്‍ നല്‍കും.'' അദ്ദേഹത്തിന്റെ വിനയാന്വിതമായ മറുപടി: അങ്ങയുടെ മുന്നില്‍ നടക്കാന്‍ എനിക്ക് ലജ്ജയാണ്. അങ്ങ് ആര്? അങ്ങ് ആയുഷ്‌കാലം മുഴുവന്‍ ഞങ്ങളുടെ ഗുരുവര്യനാണല്ലോ. മഹോന്നത സ്വഭാവഗുണങ്ങളുടെ പരകോടി പ്രാപിച്ചവര്‍ക്ക് ഇങ്ങനെ ഒരു മറുപടി സാധ്യമാവുകയുള്ളൂ.

'ശൈഖ് ത്വന്‍ത്വാവി ലളിത മനസ്‌കനും സരള സ്വഭാവിയും ആയിരുന്നു. അക്ഷരാര്‍ഥത്തില്‍ ഗ്രാമീണന്‍. കൃത്രിമത്വമോ ചമയങ്ങളോ ഇല്ലാതെ എല്ലാവരോടും തനിമയാര്‍ന്ന ശീലങ്ങളോടെ പെരുമാറി. ഹൃദയശുദ്ധിയുള്ളതും ആ മഹാനുഭാവന്‍ എല്ലാവരോടും ഇണങ്ങുകയും സകലര്‍ക്കും പ്രാപ്യനായി വര്‍ത്തിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ മജ്മഉല്‍ ബുഹൂസില്‍ ഇസ്‌ലാമിയ'യില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ അംഗമായത്. എനിക്ക് വേണ്ടി കത്ത് തയാറാക്കിയതും അംഗീകാരം വാങ്ങിയതും അദ്ദേഹമാണ്.

ഖുര്‍ആന്‍ തഫ്‌സീറില്‍ മികവുറ്റ അധ്യാപകനായിരുന്നു ശൈഖ് ത്വന്‍ത്വാവി തഫ്‌സീറായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. 'തഫ്‌സീറുല്‍ വസീത്വി' ന്റെ രചയിതാവുമാണ് അദ്ദേഹം. ശൈഖ് മുഹമ്മദു രൂഖി നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പ്രക്ഷേപണ പരിപാടിയില്‍ എനിക്ക് പകരക്കാരനായി ഞാന്‍ ശൈഖ് ത്വന്‍ത്വാവിയുടെ പേര് നിര്‍ദേശിച്ചു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ഡോ. അഹ്‌മദി അബുനൂര്‍, ഡോ. അബ്ദുല്ല ശഹാത്വ, ഡോ. ഹസന്‍ ഈസാ അബ്ദുല്‍ ളാഹിര്‍, ഡോ. മുഹമ്മദുല്‍ മഹ്ദി എന്നിവരാണ് എന്നോടൊപ്പം ആ റേഡിയോപരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്നത്.

'പല വിഷയങ്ങളിലും എനിക്ക് ത്വന്‍ത്വാവിയോട് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ ഇസ്‌ലാമിക ലോകത്തുളവാക്കുന്ന കോളിളക്കങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ എതിര്‍ഭാഗത്താക്കിയത്. ഇസ്രായേലിലെ മുഖ്യ വൈദികനും പുരോഹിതനുമായ വ്യക്തിയെ അദ്ദേഹം തന്റെ ഓഫീസില്‍ സ്വീകരിച്ചത്, മുസ്‌ലിം പെണ്‍കുട്ടികല്‍ക്ക് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഫ്രാന്‍സിന്റെ നടപടി ന്യായീകരിച്ചത്. അങ്ങനെ പലതും ഓരോ രാജ്യത്തിനും തങ്ങള്‍ ഇച്ഛിക്കുന്ന നിയമനിര്‍മാണത്തിന് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. മനുഷ്യാവകാശങ്ങളില്‍ ഏറ്റവും പവിത്രമായ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരം നിയമനിര്‍മാണം പാടില്ലെന്നുമുള്ള വസ്തുത മറന്നുകൊണ്ടാണ് അദ്ദേഹം ന്യായീകരണം നിരത്തിയത്. ഈജിപ്തും അറബ്-മുസ്‌ലിം നാടുകളിലും വന്‍വിവാദത്തിന് വഴിവെച്ചു ആ നിലപാടുകള്‍.

'ഇപ്പോള്‍ മരണം ഞങ്ങളെ വേര്‍പിരിച്ചിരിക്കുന്നു. രിയാളില്‍ മരണമടയാനും സ്വഹാബിമാര്‍ക്കും സ്വാലിഹീങ്ങള്‍ക്കും ചാരത്ത് 'ബഖീഇല്‍' മറമാടപ്പെടാനും ആയിരുന്നു വിധി. ഇതില്‍ ഒരു ശുസൂചനയുണ്ട്.' 
ഈജിപ്തിലെ സോഹാജില്‍, 1928 ഒക്‌ടോബര്‍ 20-ന് ജനിച്ച മുഹമ്മദ് സയ്യിദ് അത്വിയ്യ തന്‍ത്വാവി 81-ാമത്തെ വയസില്‍ 2010 മാര്‍ച്ച് 10-ന് ദിവംഗതനായി.
ശൈഖ് ത്വന്‍ത്വാവിയുടെ പല അഭിപ്രായങ്ങളെച്ചൊല്ലിയും ഈജിപ്തില്‍ വന്‍വിവാദങ്ങള്‍ കത്തിപ്പടര്‍ന്നു. സ്‌കൂളുകളില്‍ നിഖാബ് നിരോധിച്ച അദ്ദേഹത്തിന്റെ ഉത്തരവ് ഫ്രാന്‍സിന് ഈ വിഷയത്തില്‍ നല്‍കിയ പിന്‍തുണയും ജനമധ്യത്തില്‍ വന്‍ എതിര്‍പ്പ് നേരിട്ടെങ്കിലും പ്രസിഡന്റ് ഹുസ്‌നി മുബാറക് അദ്ദേഹത്തെ പരോക്ഷമായി പിന്തുണച്ചു. പ്രസിഡന്റ് ഹുസ്‌നി മുബാറക് രോഗബാധിതനാണെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തനരെ ചമ്മട്ടി പ്രഹരം നല്‍കി ശിക്ഷിക്കണമെന്ന് അദ്ദേഹം പുറപ്പെടുവിച്ച വിധി പത്രപ്രവര്‍ത്തകരുടെ കടുത്ത രോഷം ക്ഷണിച്ചു വരുത്തി. രാജ്യത്തെ ജീവല്‍ പ്രശ്‌നങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസിഡന്റിന്റെ ആരോഗ്യത്തില്‍ ഉല്‍കണ്ഠാകുലനായ ശൈഖ് ത്വന്‍ത്വാവിയുടെ പരിഹാസ്യമായ നിലപാടിനെ ഫഹ്‌മി ഹുവൈദി അപലപിച്ചു.

2008 നവംബറില്‍ സുഊദി അറേബ്യയും യു.എന്നും സംയുക്തമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'മതാന്തര സംവാദ'ത്തില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ശംഊന്‍ പരേസിനെ ശൈഖ് ത്വന്‍ത്വാവി ഹസ്തദാനം ചെയ്ത് സ്വീകരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇസ്രായേല്‍ ഗസ്സക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തിയ കരാള നാളുകളില്‍ നടന്ന ഹസ്തദാനം അനഭിലഷണീയമായെന്ന് വിലയിരുത്തപ്പെട്ടു. 2009-ല്‍ കസാഖിസ്ഥാനില്‍ നടന്ന സമ്മേളനത്തിലും ഇസ്രായേല്‍ പ്രസിഡന്റ് ശമഊന്‍ പരേസുമായി സ്റ്റേജ് പങ്കിട്ട ത്വന്‍ത്വാവിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി.

ശൈഖ് ത്വന്‍ത്വാവി പുറപ്പെടുവിച്ച ഫത്‌വകള്‍ ചിലത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും പലതും കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്നതും ഇസ്‌ലാമിന്റെ ക്ഷേമസങ്കല്‍പങ്ങള്‍ക്ക് അനുരോധമായി നില്‍ക്കുന്നതുമാണ് എന്ന് വേറെ ചിലര്‍ വിലയിരുത്തി.

$ അവയവ മാറ്റങ്ങള്‍ക്കും അവയവ ദാനത്തിനും അനുമതി നല്‍കിയ ശൈഖ് വധശിക്ഷ റദ്ദ് ചെയ്യാനുള്ള ആലോചനകളെ നഖശിഖാന്തം എതിര്‍ത്തു. 'ഖിസ്വാസ' ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിതമായ നിയമം ആയിരിക്കെ ശൈഖുല്‍ അസ്ഹറിന്ന് എന്നല്ല അവരെക്കാള്‍ വലിയവര്‍ക്കും അത് റദ്ദാക്കാന്‍ അധികാരമില്ല' അദ്ദേഹം തീര്‍ത്തു പറഞ്ഞു.

$ ബലാത്സംഗത്തിനിരയായ സ്ത്രീക്ക്, ഭ്രൂണഹത്യക്ക് അനുവാദമുണ്ട്. അവള്‍ സച്ചരിതയും വിശുദ്ധ ജീവിത പശ്ചാത്തലവുമുള്ളവളുമായിരിക്കണം.

$ പെണ്‍കുട്ടികള്‍ക്ക് മിലിട്ടറി കോളേജുകളില്‍ ചേര്‍ന്നു പഠിക്കാം.

$ സ്ത്രീക്ക് രാഷ്ട്രത്തിന്റെ പ്രസിഡന്റാവാം. അവള്‍ക്ക് 'വിലായത്തുല്‍ ആമ്മ' ക്ക് അര്‍ഹതയുണ്ട്.

$ റസൂലിന്റെ അനുചരന്മാരെ മനപൂര്‍വം അവഹേളിക്കുന്നവരും ദൂഷിക്കുന്നവരും ഇസ്‌ലാമിന് പുറത്താണ്.

$ ഡെന്മാര്‍ക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ച് നബി(സ)യെക്കുറിച്ച് വരച്ച കാരിക്കേച്ചറിനെക്കുറിച്ച്. മരിച്ചവരെ ദുഷിക്കല്‍ പൊതുവില്‍ അസ്വീകാര്യമാണ്. അവര്‍ പ്രവാചകന്മാരോ പരിഷ്‌കര്‍ത്താക്കളോ ആരായാലും.

$ നിര്‍ബന്ധിത സാഹചര്യത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയാവാം.

$ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടിയാണ്. എല്ലാവരുടെയും പൂര്‍ണ മനസ്സോടെയാവണം അത് നടപ്പിലാക്കുന്നത്.

$ യു.എന്‍ ആഭിമുഖ്യത്തില്‍ ചൈനയില്‍ നടന്ന വനിതാ സമ്മേളന ശിപാര്‍ശകള്‍ തിരസ്‌കരിക്കപ്പെടേണ്ടതല്ല. സ്ത്രീക്കും പുരുഷനുമിടയിലെ സമത്വം ഇസ്‌ലാമിക ശരീഅത്തിന്നെതിരല്ല.

$ വര്‍ഷങ്ങളായി ഈജിപ്തില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഒരിക്കല്‍ പോലും ശൈഖ് ത്വന്‍ത്വാവി ആവശ്യപ്പെടുകയുണ്ടായില്ല. ചീഫ് മുഫ്തി മുതല്‍ ശൈഖുല്‍ അസ്ഹര്‍ വരെയായ ഒരു ഘട്ടത്തിലും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കാന്‍ അദ്ദേഹം ശക്തിപൂര്‍വം ആവശ്യപ്പെടുകയുണ്ടായില്ല. ഭരണകൂടത്തോടുള്ള അനുനയസമീപനമാണ് ഇതില്‍ തെളിഞ്ഞ് കാണുന്നതെന്ന് ഒരു വിഭാഗം വിലയിരുത്തി.

$ അസ്ഹറിലെ പണ്ഡിതന്മാരുടെ മുന്‍നിരയിലുള്ള രണ്ടായിരത്തോളം പ്രബോധകന്മാരുടെ അന്നം മുട്ടിക്കാനും ശൈഖിന്റെ നടപടികള്‍ കാരണമായി. ഔഖാഫിലെ ഉദ്യോഗസ്ഥര്‍ മാത്രം മിമ്പറുകളില്‍ കയറിയാല്‍ മതിയെന്ന മന്ത്രിസഭയുടെ തിട്ടൂരത്തിന്ന് മേലൊപ്പ് ചാര്‍ത്തിയ ശൈഖുല്‍ അസ്ഹറിന്റെ നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടു.

ഈജിപ്തിലെ ലയണ്‍സ് ക്ലബ്ബുകളില്‍ സ്ഥിരസന്ദര്‍ശകനായിരുന്നു ശൈഖ്. റോട്ടറി-ലയണ്‍സ് ക്ലബ്ബുകളും നടത്തിപ്പ് സംശയാസ്പദമായ വിധം ജൂതകരങ്ങളിലാണെന്ന വാദപ്രകാരം മുസ്‌ലിം സമൂഹവും അസ്ഹറും അതിനോട് പുറം തിരിഞ്ഞിരിക്കവെയാണ് ശൈഖ് ലയണ്‍സ് ക്ലബ്ബുകള്‍ സന്ദര്‍ശിച്ചു കൊണ്ടിരുന്നത്.

$ ഇസ്രായേലില്‍ ചാവേര്‍ ആക്രമണം നടത്തുന്ന ഫലസ്ത്വീനികളെ ശുഹദാക്കളായി ഗണിക്കാന്‍ പറ്റില്ല. പക്ഷെ, അസ്ഹര്‍ പണ്ഡിത സഭ ശൈഖിന്റെ പ്രസ്തുത ഫത്‌വയെ തള്ളിപ്പറയുകയും അവര്‍ ശുഹദാക്കളായി ഗണിക്കപ്പെടാന്‍ സര്‍വഥാ അര്‍ഹരാണെന്ന് സമര്‍ഥിക്കുകയും ചെയ്തു.

പ്രധാന കൃതികളില്‍ ചിലത്: ബനൂ ഇസ്രാഈല്‍ ഫില്‍ ഖുര്‍ആനില്‍കരീം, തഫ്‌സീറുല്‍ വസീത്വ്, അല്‍ഖിസ്സതു ഫില്‍ ഖുര്‍ആനില്‍കരീം, മുആമലാത്തുല്‍ ബുനൂകി വഅഹ്കാമുഹാ ശ്ശര്‍ഇയ്യ, അല്‍ ഹിജാബു വത്തസവ്വുഫു ഫില്‍ഇസ്ശ, അദബുല്‍ ഹിവാറി ഫില്‍ഇസ്‌ലാം, ബനൂഇസ്മാഈല്‍ ഫില്‍ ഖുര്‍ആനിവസ്സുന്ന (ഡോക്ടറല്‍ തിസീസ്). 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top