ഖുര്‍ആന്‍ സത്യനിഷേധികളെ "ആത്മഹത്യ' പഠിപ്പിക്കുന്നു

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

ഖുര്‍ആന്‍ പലസ്ഥലങ്ങളിലും സത്യനിഷേധികളെ പരിഹസിക്കുന്നുണ്ട്. സത്യനിഷേധികൾ അല്ലാഹുവില്‍ വിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹുവിനെ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല. അല്ലാഹുവിന് വിധേയപ്പെട്ടു ജീവിക്കുന്നതില്‍ സത്യനിഷേധികൾക്ക് ഒട്ടുമെ താല്‍പര്യമില്ല. അല്ലാഹു സര്‍വലോക രക്ഷിതാവായി വാഴണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അല്ലാഹു അല്ലാത്തവര്‍ക്കും അവർ വഴിപ്പെടും. അല്ലാഹുവേതരരെ അവർ റബ്ബായി സ്വീകരിക്കും.

അല്ലാഹു മാത്രമാണ് സര്‍വലോക രക്ഷിതാവെന്ന് സത്യനിഷേധി താല്‍പര്യപ്പെടുന്നില്ലെങ്കില്‍, അതിന്റെ പേരില്‍ അല്ലാഹുവിനോട് അവന് കോപമാണെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്യട്ടെ എന്ന് ഖുര്‍ആന്‍ ഒരിടത്ത് പറയുന്നുണ്ട്.

ആത്മഹത്യയുടെ രൂപം
ജീവന്‍ പോക്കിക്കളയാന്‍ ഏറ്റവും നല്ല മാര്‍ഗമായി പരിഹാസ രൂപേണ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങനെ:
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى السَّمَاءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُ مَا يَغِيظُ
'ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് വിഛേദിച്ചു കൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ' (അല്‍ഹജ്ജ് 15).
ഖുര്‍ആന്‍ സൂക്തം സത്യനിഷേധിയെ ആത്മഹത്യ ചെയ്യേണ്ട രൂപം പഠിപ്പിക്കുന്നത് നമുക്ക് ഇങ്ങനെ ഭാവനയില്‍ കാണാം:

ആദ്യം മുറിയുടെ മച്ചില്‍ കയര്‍ കെട്ടുക. അത് താഴോട്ട് തൂക്കിയിടുക. (മൂലത്തിലെ 'സബബ്' എന്നതിന്റെ അര്‍ഥം കയര്‍ എന്നാണ്. 'സമാഅ്' (ആകാശം) എന്നതിന്റെ വിവക്ഷ മുറിയുടെ മച്ചും) എന്നിട്ട് കഴുത്ത് കയറില്‍ കുടുക്കുക. ശേഷം, തന്റെ താഴെയുള്ളത് കസേരയോ മേശയോ മറ്റോ ആണെങ്കില്‍ അത് നീക്കിയിട്ട് തൂങ്ങുക.
'എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ തന്റെ രോഷം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ!'
അയാള്‍ക്ക് ചിന്തിക്കാന്‍ അവസരമുണ്ടോ? പുനര്‍ വിചിന്തനം നടത്താന്‍ ജീവിതം ബാക്കിയുണ്ടോ? അവസരവും ജീവിതവും കാണാന്‍ അയാള്‍ക്ക് രണ്ടു കണ്ണുകള്‍ ബാക്കിയുണ്ടാവുമോ?

ആത്മഹത്യ ചെയ്യാന്‍ പരിഹാസ ദ്യോതകമായി ക്ഷണിക്കുന്നതിലൂടെ തന്റെ നിലപാട് പുനഃപരിശോധിക്കാനും അതുവഴി സത്യനിഷേധത്തില്‍നിന്ന് രക്ഷപ്പെടാനും സത്യവിശ്വാസികളുടെ പക്ഷം ചേരാനും അല്ലാഹുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കാനും ഖുര്‍ആന്‍ സത്യനിഷേധിയെ ക്ഷണിക്കുന്നു.

നായയും കഴുതയും ഉപമയാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍
ഖുര്‍ആനില്‍ ധാരാളം ഉപമകള്‍ കാണാം. സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്ന ആശയങ്ങളും യാഥാര്‍ഥ്യങ്ങളും ശ്രോതാക്കളെ ബോധ്യപ്പെടുത്തുകയാണ് അതിന്റെ ലക്ഷ്യം. ഈ ഉപമകള്‍ വിവിധ അധ്യായങ്ങളിലെ പലസൂക്തങ്ങളിലായി ചിതറിക്കിടക്കുന്നു.
വിവിധതരം മനുഷ്യരെ അവരുടെ പ്രവൃത്തികളും നിലപാടുകളും മുന്‍നിര്‍ത്തി ചിത്രീകരിക്കുന്നവയാണ് അവയില്‍ ചിലത്. സത്യവിശ്വാസികളും കപടവിശ്വാസികളും സത്യനിഷേധികളുമാണ് ഈ ഉദാഹരണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. വായനക്കാരന്റെ ഭാവനക്കൊത്ത് വരച്ചെടുക്കാനും പ്രതികരിക്കാനും പറ്റുന്ന വിധത്തില്‍ കലാപരമായ സമ്പൂര്‍ണതയോടെയാണ് അവ അവതരിപ്പിച്ചിരിക്കുന്നത്.
ചില മനുഷ്യരെ നായയോടും മറ്റുചിലരെ കഴുതയോടും ഉപമിക്കുന്ന സൂക്തങ്ങളെ ഉദാഹരണമായി പരിശോധിക്കാം.

നായ

وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ . وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَاۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَاۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ . سَاءَ مَثَلًا الْقَوْمُ الَّذِينَ كَذَّبُوا بِآيَاتِنَا وَأَنفُسَهُمْ كَانُوا يَظْلِمُونَ
'നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ അക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കുക. അവര്‍ ചിന്തിച്ചെന്നു വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ' (അല്‍ അഅ്‌റാഫ് 175-177).

അല്ലാഹു നല്‍കിയ വിജ്ഞാനത്താല്‍ അനുഗൃഹീതനായ ഒരാളെയാണ് അല്ലാഹു ഇവിടെ നായയോട് ഉപമിച്ചിരിക്കുന്നത്. ദൈവികജ്ഞാനങ്ങളാല്‍ സമ്പന്നനായ അയാള്‍ അല്ലാഹുവിന്റെ സൂക്തങ്ങളില്‍നിന്ന് ഊരിച്ചാടി തന്റെ അറിവുകളെ അവഗണിച്ചും സത്യത്തെ വിഗണിച്ചും അസത്യത്തെ പിന്‍പറ്റി സന്മാര്‍ഗ ഭ്രഷ്ടനായി. ഭൗതിക താല്‍പര്യങ്ങളോട് ഒട്ടിനിന്നു. ദേഹേഛക്ക് മുന്‍ഗണന നല്‍കി. പിശാച് അയാളെ ദുര്‍മാര്‍ഗങ്ങളിലൂടെ ബഹുദൂരം വലിച്ചു കൊണ്ടുപോയി.

തനിക്ക് ലഭ്യമായ അറിവുകള്‍ പ്രയോജനപ്പെടുത്താതെ ഭൗതിക മോഹങ്ങള്‍ക്കു പിറകെ ആര്‍ത്തിപിടിച്ച് ഓടിയ അയാളെ എപ്പോഴും നാവ് തൂക്കിയിട്ട് ഓടിപ്പോകുന്ന നായയോട് ഖുര്‍ആന്‍ ഉപമിച്ചിരിക്കുകയാണ്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ഓടിക്കുമ്പോഴും ഓടുമ്പോഴുമെല്ലാം നാവ് പുറത്തിടുന്ന നായയെ ആര്‍ത്തിയുടെ പ്രതീകമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ഖുര്‍ആന്‍. പ്രയോജനകരമായ അറിവില്‍നിന്ന് ഭൗതിക താൽപര്യം മൂലം ഊരിച്ചാടിയ പണ്ഡിതന്റെ മൗലികഭാവം ഭൗതിക പ്രണയം മാത്രമാണെന്ന് സ്ഥാപിക്കുകയാണ് ഈ ഉപമയിലൂടെ ഖുര്‍ആന്‍.
ഒരു പണ്ഡിതന് ഇതില്‍പരം അപമാനകരമായി മറ്റെന്തുണ്ട്?

കഴുത

مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًاۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

'തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേതു പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല' (അല്‍ ജുമുഅ 5)

മേല്‍ സൂക്തത്തില്‍ കഴുതയോട് ഉപമിച്ചിരിക്കുന്നത് യഹൂദ പുരോഹിതന്മാരെയാണ്. തൗറാത്ത് പഠിക്കുകയും പരിചയപ്പെടുത്തുകയും ചെയ്ത അവരോട് അല്ലാഹു അതിനോട് പ്രതിബദ്ധത പുലര്‍ത്താനും അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും ആവശ്യപ്പെടുകയുണ്ടായി. ഫലത്തില്‍ അതൊരു ഉത്തരവാദിത്വവും അതുകൊണ്ടുതന്നെ അവര്‍ വഹിക്കേണ്ടുന്ന ഒരു ഭാരവുമായിരുന്നു. എന്നാല്‍ തൗറാത്ത് ചുമത്തപ്പെട്ട അവര്‍ അതിനെ വഹിക്കുകയുണ്ടായില്ല.'

തൗറാത്തിനെ അവര്‍ സൈദ്ധാന്തിക, ബൗദ്ധിക വിജ്ഞാനീയങ്ങള്‍ എന്ന നിലയില്‍ പഠിച്ചു. അത് അവരുടെ ചിന്തകളിലും ബുദ്ധികളിലും മാത്രമായൊതുങ്ങി. അതുമായി കേവലം ചിന്താപരവും ബൗദ്ധികവുമായി മാത്രം ഇടപഴകിയ അവര്‍ പ്രായോഗിക ജീവിതത്തില്‍നിന്ന് അതിനെ മാറ്റി നിറുത്തി. അതുകൊണ്ടുതന്നെ തൗറാത്തിന്റെ വെളിച്ചം അവരുടെ ജീവിതത്തില്‍ എവിടെയും പ്രതിഫലിച്ചില്ല.
'ഏടുകള്‍ ചുമക്കുന്ന കഴുതകള്‍' എന്ന പ്രയോഗം പ്രസക്തമാകുന്നത് ഈ നിലപാട് കാരണമാണ്.
ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയെ സംബന്ധിച്ചേടത്തോളം അത് ചുമക്കുന്ന ഭാരം താങ്ങുക എന്നതല്ലാതെ അവകൊണ്ടോ അവയിലെ അറിവുകള്‍ കൊണ്ടോ അതിന് ഒരു പ്രയോജനവും ലഭിക്കാനില്ല.

ഇതുപോലെ, വേദജ്ഞാനങ്ങളെ കര്‍മപഥത്തില്‍ പ്രയോഗവല്‍ക്കരിക്കാതെ ബൗദ്ധിക മണ്ഡലത്തില്‍ മാത്രം ഒതുക്കിയ പണ്ഡിതന്മാര്‍ ഗ്രന്ഥച്ചുമടുകള്‍ പേറുന്ന കഴുതകള്‍ക്ക് സമാനം ഹീനരായി മാറുന്നു.

അറിവ് പ്രയോജനപ്പെടുത്താത്തവരും പ്രയോഗവല്‍ക്കരിക്കാത്തവരുമായ എല്ലാവരും കഴുതകളുടെ ഗണത്തില്‍ പെടും.

ചുരുക്കത്തില്‍, അറിവിനോട് പ്രതിബദ്ധത പുലര്‍ത്താത്തവരും അത് പ്രയോഗവല്‍ക്കരിക്കാത്തവരും പ്രയോജനപ്പെടുത്താത്തവരുമായ ആളുകളുടേത് അത്യന്തം വെറുക്കപ്പെടുന്നവരുടെ രണ്ട് ഉദാഹരണങ്ങളാണ്. സദാ നാവു പുറത്തിടുന്ന നായ, ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുത! 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top