മസ്വ്‌ലഹ മുര്‍സല; ശരീഅത്തിന്റെ ഏറ്റവും ഫലഭൂയിഷ്ഠമായ ആധാരം
ഡോ. കെ. ഇൽയാസ് മൗലവി
മസ്വ്‌ലഹ മുർസല [الْمَصْلَحَةُ الْمُرْسَلَةُ]
ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് അതിന്റെ കാലാതിവർത്തിത്വം. അഥവാ ഏത് കാലത്തേക്കും ഏത് ദേശത്തേക്കും അനുയോജ്യമായ നിയമങ്ങളും വിധിവിലക്കുകളുംപ്രദാനം ചെയ്യാനും പ്രയോഗവൽക്കരിക്കാനുമുള്ള ശേഷി.
ഇസ്‌ലാമിക ശരീഅത്തിന്റെ മൗലിക പ്രമാണങ്ങൾഖുർആനും സുന്നത്തുമാണ് എന്നത് സർവാംഗീകൃതമാണ്. ഇത് രണ്ടും പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പൂർത്തിയായതുമാണ്.
അങ്ങനെയുള്ള പ്രമാണങ്ങൾ എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും ദേശത്തിനും സാഹചര്യങ്ങൾക്കും അനുയോജ്യമായ വിധിവിലക്കുകളും നിയമങ്ങളും പ്രദാനം ചെയ്യുക എന്നു ചോദിച്ചാൽ അതിനുപറ്റിയ രൂപത്തിലും ഘടനയിലുമാണ് ഈ രണ്ടു പ്രമാണങ്ങളുടെയും സ്വഭാവം എന്നാണുത്തരം.
ഇവിടെയാണ് മസ്വ്‌ലഹ മുർസലയുടെ പ്രാധാന്യവും പ്രസക്തിയും. സമകാലിക നിയമ പ്രശ്നങ്ങളിലെ വിധികൾക്കായി വിപുലമായി ഉപയോഗിക്കപ്പെടാവുന്നതിനാൽ ആധുനിക കാലത്ത് മസ്വ്‌ലഹ മുർസല എന്ന പ്രക്രിയ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
കാലദേശ വ്യത്യാസങ്ങൾക്കനുസൃതമായി വിധികൾ നിർദ്ധാരണം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലഭൂയിഷ്ഠമായ ആധാരമാണ് മസ്വ്്ലഹ മുർസല.
മസ്വ്്ലഹ മുർസലയെ പൊതുതാൽപര്യം, പൊതുനന്മ എന്നൊക്കെ നമ്മുടെ നാട്ടിൽ ചില ആളുകൾ വിശദീകരിക്കാറുണ്ട്. യഥാർഥത്തിൽ അതൊന്നുമല്ല മസ്വ്‌ലഹ മുർസല എന്നതിന്റെ ഉദ്ദേശ്യമെന്ന് അതേക്കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാവും. ദൈവിക വെളിപാടിന്റെയും പ്രവാചകചര്യയുടെയും ചട്ടക്കൂട്ടിലും വെളിച്ചത്തിലും അവ രണ്ടിന്റെയും വരുതിയിലുമായല്ലാതെ മനുഷ്യന്‍ തന്റെ കേവല ബുദ്ധിയുടെ മാത്രം അടിസ്ഥാനത്തിൽ നന്മതിന്മകളും നേട്ടകോട്ടങ്ങളും ശരിതെറ്റുകളും തീരുമാനിക്കാൻ തുനിഞ്ഞാൽ ആത്യന്തികമായി വലിയകുഴപ്പങ്ങളായിരിക്കും അതിന്റെ ഫലമായി ഈ ലോകത്ത് സംഭവിക്കുക. അല്ലാഹുപറയുന്നു:
وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ..-الْمُؤْمِنُون: 71
'സത്യമെങ്ങാനും അവരുടെ മോഹങ്ങളെ പിന്തുടർന്നിരുന്നുവെങ്കിൽ വാനലോകങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം തീർച്ചയായും താറുമാറായി പോകുമായിരുന്നു' (അൽ മുഅ്മിനൂന്‍: 71).
ഇതിന്റെ വിശദീകരണത്തിൽ മൗലാനാ മൗദൂദിപറയുന്നു:
'സത്യം പറയുന്നവരോട് അതൃപ്തരാവുക എന്നത് ഈ ലോകത്ത് മൂഢന്മാരുടെ പൊതുസ്വഭാവമാണ്. തങ്ങളോട് വല്ലതും പറയപ്പെടുകയാണെങ്കില്‍ അത് തങ്ങളുടെ അഭിലാഷങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം എന്നാണവരുടെ താല്പര്യം. അതല്ലാതെ, സത്യത്തിനും സംഭവത്തിനും അനുയോജ്യമായിരിക്കണമെന്നല്ല. പക്ഷേ, ആര്‍ ഇഷ്ടപ്പെടട്ടെ, വെറുക്കട്ടെ, യാഥാർഥ്യം എപ്പോഴും യാഥാർഥ്യം തന്നെയായിരിക്കും. മുഴുവന്‍ ലോകരും ഒന്നിച്ചാഗ്രഹിച്ചാലും ഒരു വസ്തുതയെ വസ്തുതയല്ലാതാക്കാനോ ഒരു യാഥാർഥ്യത്തെ അയഥാർഥമാക്കാനോ സാധിക്കുന്നതല്ല.
യാഥാർഥ്യങ്ങളും വസ്തുതകളും ഓരോ വ്യക്തിയുടെയും ഇച്ഛയ്ക്കനുസൃതമായി വാർത്തെടുക്കപ്പെടുകയും ഓരോരുത്തരുടെയും വ്യത്യസ്തവും വിരുദ്ധവുമായ താല്പര്യങ്ങൾക്കൊത്തു രൂപപ്പെടുത്തുകയും ചെയ്യുക എന്നത് അസംഭവ്യമത്രേ. സ്വേച്ഛയും യാഥാർഥ്യവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് യാഥാർഥ്യത്തിന്റെ കുറ്റമല്ല, സ്വന്തം മനസ്സിന്റെ കുറ്റമാണ് എന്ന് ഗ്രഹിക്കാന്‍ മൂഢത നിറഞ്ഞ ഹൃദയങ്ങൾക്ക് സാധിക്കുന്നില്ല. യാഥാർഥ്യത്തെ എതിർത്ത തുകൊണ്ട് അതിന് ഒരു കുറവും ഏശുന്നില്ല; മറിച്ച്, തനിക്കാണ് കുറവുണ്ടാകുന്നതെന്ന് മനസ്സിലാക്കാന്‍ അവർക്ക് കഴിയില്ല.
പ്രപഞ്ചത്തിന്റെ ഈ മഹത്തായ വ്യവസ്ഥ ഏതൊരു സുദൃഢമായ യാഥാർഥ്യത്തിലും നിയമങ്ങളിലും അധിഷ്ഠിതമാണോ അവയെ പിൻപറ്റുകയല്ലാതെ മനുഷ്യന്ന് ഗത്യന്തരമില്ലെന്നും തന്റെ ഇച്ഛകളെയും മോഹങ്ങളെയും കർമരീതിയെയും അതിനനുയോജ്യമാക്കുകയാണ് വേണ്ടതെന്നും അതിനായി തെളിവുകളിലൂടെയും അനുഭവങ്ങളിലൂടെയും സാക്ഷ്യങ്ങളിലൂടെയും കാര്യങ്ങളുടെ മൗലികമായ യാഥാർഥ്യം എന്തെന്നറിയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അവന്‍ മനസ്സിലാക്കുന്നില്ല. താന്‍ എന്തു ധരിച്ചുവച്ചിട്ടുണ്ടോ അതിനനുസൃതമായ, അല്ലെങ്കില്‍ തനിക്കിഷ്ടപ്പെട്ടതോ തന്റെ പക്ഷപാതിത്വങ്ങളോടും മൂഢസങ്കല്പങ്ങളോടും പൊരുത്തപ്പെടുന്നതോ ആയ ചിന്താരീതിയും കർമപദ്ധതിയും സ്വീകരിക്കാന്‍ ഇവിടെ ഏതു കേവല വിഡ്ഢിക്കും സാധിക്കുന്നതാണ്. അവന്‍ അതില്‍ ഉറച്ചുനില്ക്കും അതിനെതിരിലുള്ള സുഭദ്രവും ബുദ്ധിപരവുമായ തെളിവുകള്‍ കേൾക്കുന്നത് അവന്ന് അരോചകമായിരിക്കുകയും ചെയ്യും (തഫ്ഹീമുൽ ഖുർആൻ).
മസ്വ്‌ലഹത് ശരീഅത്തിന്റെ വീക്ഷണത്തിൽ
ശരീഅത്തിന്റെ വീക്ഷണത്തിൽ മസ്വ്‌ലഹത് എന്നതിന്റെ വിവക്ഷ എന്താണ്? അത് എത്ര വിധമുണ്ട്? മസ്വ്‌ലഹ മുർസല തെളിവാകുന്നത് അഥവാ വിധി നിർധാരണത്തിന് ആധാരമാകുന്നത് എപ്പോൾ? മസ്വ്‌ലഹ മുർസല തെളിവായി സ്വീകരിക്കുമ്പോൾ പരിഗണിക്കേണ്ട ഉപാധികൾ എന്തൊക്കെ? മസ്വ്‌ലഹ മുർസല അടിസ്ഥാനമാക്കി ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങൾക്ക് ഇക്കാലത്തെ ഉദാഹരണങ്ങൾ എന്തൊക്കെ, മസ്വ്്ലഹ മുർസല തെളിവാണെന്ന് കുറിക്കുന്ന അടിസ്ഥാനങ്ങൾ എന്തൊക്കെ?
മസ്വ്‌ലഹ എന്നതിന്റെ വിവക്ഷ
[الْمَصْلَحَةُ] മസ്വ്‌ലഹ: ഇതിന്റെ ആശയം പൂർണമായും പ്രതിഫലിപ്പിക്കുന്ന ഒറ്റപദം മലയാളത്തിൽ ഇല്ല. ചുരുക്കത്തിൽ ക്ഷേമം, ഐശ്വര്യം, നേട്ടം, പ്രയോജനം, ഉപകാരം, നന്മ എന്നൊക്കെ പറയാം. ഇതിന്റെ നേരെ വിപരീതമാണ് [الْمَفْسَدَةُ] മഫ്സദത്ത് അഥവാ നാശം, തിന്മ, ദോഷം, കോട്ടം, ഉപദ്രവം എന്നൊക്കെയർഥം.
ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ
ദൈവദാസന്മാരുടെ മസ്വ്്ലഹത് ഉറപ്പുവരുത്തുക എന്നതാണ് ഇസ്്ലാമിക ശരീഅത്തിന്റെ മുഖ്യ ലക്ഷ്യമായി കർമശാസ്ത്രവിശാരദന്മാർ രേഖപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ വിശദീകരിച്ചിട്ടുള്ള കാര്യങ്ങൾ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം:
1. [جَلْبُ مَصْلَحَةٍ أَوْ مَنْفَعَةٍ] നന്മ കൈവരുത്തുക, ഗുണം ഉണ്ടാക്കുക, പ്രയോജനം ഉളവാക്കുക, ക്ഷേമം ഉറപ്പുവരുത്തുക.
2. [دَفْعُ مَفْسَدَةٍ أَوْ مَضَرَّةٍ] നാശം തടയുക, ദോഷം ഇല്ലാതാക്കുക, ഉപദ്രവം വരുത്താതിരിക്കുക.
3. [رَفْعُ حَرَجٍ] പ്രയാസം എടുത്തു കളയുക, ഞെരുക്കം ഒഴിവാക്കുക, എളുപ്പമുണ്ടാക്കുക, സൗകര്യം ചെയ്യുക.
ഇസ്്ലാമിലെ ഏതൊരു വിധിയിലും ഈപറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടിയതോ കുറഞ്ഞതോ ആയ അളവിൽ ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. അത് നമുക്ക് ബോധ്യപ്പെടട്ടെ ബോധ്യപ്പെടാതിരിക്കട്ടെ; അതാണ് വസ്തുത.
പ്രമാണങ്ങളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ മസ്വ്്ലഹത്തുകളെ മൂന്നായി വിഭജിച്ചിരിക്കുന്നു.
1. ഇസ്്ലാമിക ശരീഅത്ത് പരിഗണിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്തിട്ടുള്ള മസ്വ്്ലഹത്. ഇതിന് [الْمَصْلَحَةُ الْمُعْتَبَرَةُ] എന്നുപറയുന്നു.
2. പ്രത്യക്ഷത്തിൽ മസ്വ്്ലഹത്താണ് എന്ന് ഒരു വേള തോന്നാമെങ്കിലും ഇസ്്ലാമിക ശരീഅത്ത് പരിഗണിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യാതെ അവഗണിച്ച ഇനത്തിന് [الْمَصْلَحَةُ الْمُلْغَاة] എന്നുപറയുന്നു.
3. ശരീഅത്ത് പരിഗണിച്ചതായോ അവഗണിച്ചതായോ യാതൊരു തെളിവും പ്രമാണവും വന്നിട്ടില്ലാത്ത, എന്നാൽ മസ്വ്്ലഹത്താണ് എന്ന് അനുമാനിക്കാവുന്ന ഇനം. സൂക്ഷ്മമായി പഠിക്കുമ്പോൾ അവയിൽ മഫ്സദത്തും (ദോഷം) ഉണ്ടാകാനുള്ളസാധ്യതയുണ്ട്. ഇത്തരം മസ്വ്്ലഹത്തുകൾക്കാണ് ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയിൽ അൽ മസ്വ്്ലഹത്തുൽ മുർസല [الْمَصْلَحَةُ الْمُرْسَلَةُ] എന്ന് പറയുന്നത്.
ഇത്തരം മസ്വ്്ലഹകളെ സംബന്ധിച്ച് അതിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായിപരിശോധിച്ചാൽ ഒന്നുകിൽ അത് ശരീഅത്ത് പരിഗണിച്ച മസ്വ്്ലഹത്തിനോട് [الْمَصْلَحَةُ الْمُعْتَبَرَةُ] ചായ്്വ് പുലർത്തുന്നവയായിരിക്കും. അല്ലെങ്കിൽ അവഗണിച്ച മസ്വ്്ലഹത്തിനോട് [الْمَصْلَحَةُ الْمُلْغَاة] ചായ്്വ് പുലർത്തുന്നവയായിരിക്കും എന്നു കാണാം.
ഇവിടെ ദോഷത്തേക്കാൾ ഏറെ ഗുണവും കോട്ടത്തെക്കാൾ ഏറെ നേട്ടവും ഉപദ്രവത്തെക്കാൾ ഏറെ ഉപകാരവും തിന്മയെക്കാൾ ഏറെ നന്മയുമാണ് മികച്ച് നിൽക്കുന്നതെങ്കിൽ അതെല്ലാം മുഖവിലക്കെടുത്തു കൊണ്ട് അക്കാര്യം അനുവദിനീയമായവയുടെ ഗണത്തില്‍ പെടുത്തുക എന്നതാണ് കർമശാസ്ത്രപണ്ഡിതന്മാർ പൊതുവെ സ്വീകരിക്കുന്ന നിലപാട്. ഇവിടെയാണ് മസ്വ്്ലഹ മുർസല ഒരു പ്രമാണമായി തീരുന്നത്. ഈ തത്വം ആവിഷ്കരിക്കാൻ ഫുഖഹാകൾക്ക് അവലംബം മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അല്ലാഹു പറഞ്ഞ കാര്യമാണ്. അവ രണ്ടിലുമുള്ള പാപം അവയുടെ ഉപകാരത്തെക്കാൾ വലുതാണ് എന്നതാണ് ആ തത്വം. وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا -الْبَقَرَةُ: 219
മസ്വ്്ലഹ മുർസലയുടെ ഇടം
ഖുർആനിലോ സുന്നത്തിലോ വ്യക്തമായ വിധി വന്നിട്ടില്ലാത്ത വിഷയങ്ങളിലാണ് മസ്വ്്ലഹ മുർസല വിധിനിർധാരണത്തിന്റെ അവലംബമാവുന്നത്. ഒരു വിഷയത്തിൽ വ്യക്തമായ വിധി വന്നിട്ടില്ലെങ്കിലും സമാനമായ വിഷയത്തിൽ വിധി വന്നിട്ടുണ്ടെങ്കില്‍ അവിടെമസ്വ്്ലഹ മുർസലക്ക് പ്രസക്തിയില്ല.അവിടെ അതിന് വകുപ്പും ഇല്ല. കാരണം അവിടെ ഖിയാസ് ചെയ്യാനുള്ള പഴുതുണ്ട് എന്നത് തന്നെ. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ മാത്രമേ മസ്വ്്ലഹ മുർസല പരിഗണിക്കപ്പെടുകയുള്ളു എന്നർഥം.
മനുഷ്യന്റെ ആവശ്യങ്ങൾക്ക് അറുതിയില്ല, അവന്റെതാൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അറ്റവുമില്ല, കാലം മുന്നോട്ട് പോവുന്നതിനനുസരിച്ച് മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അവസാനവുമില്ല. അതിനാൽ ഏതൊരു പുതിയ വിഷയത്തിലും ഗുണത്തിന്റെയും ദോഷത്തിന്റെയും തോത് വ്യത്യസ്‌തങ്ങളായിരിക്കും. പുതുതായുണ്ടാകുന്ന വിഷയങ്ങളെന്ന നിലയിൽ അവയിലെ മസ്വ്്ലഹത് ശരീഅത്ത് പരിഗണിച്ചതിനോ ദോഷം മുൻനിറുത്തി അവഗണിച്ചതിനോ ഖണ്ഡിതമായ പ്രമാണം ഖുർആനിലോ സുന്നത്തിലോ വ്യക്തമായി പരാമർശിച്ചുകൊള്ളണമെന്നുമില്ല. അത്തരംസാഹചര്യങ്ങളിലാണ് മസ്വ്്ലഹ മുർസലയെ അവലംബിക്കേണ്ടിവരിക.
ഇവിടെയാണ് ഒരുവിഭാഗം ഫുഖഹാക്കളുടെയും വിശിഷ്യാ മാലികി മദ്ഹബുകാരായ ഫുഖഹാക്കളുടെയും വീക്ഷണമനുസരിച്ച് ഇത്തരം കാര്യങ്ങളിൽ വിധിനിർധാരണം നടത്തേണ്ടത്, നേരത്തേ വിശദീകരിച്ച ഇസ്‌ലാമിക ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യമായ മസ്വ്്ലഹത്തുകൾ പരിഗണിച്ചുകൊണ്ടും മസ്വ്്ലഹത്തും മഫ്സദത്തുംതാരതമ്യം ചെയ്‌തുകൊണ്ടുമാണ്. ആ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ ഏതൊരു പുതിയവിഷയമാകട്ടെ അതിലടങ്ങിയ മസ്വ്്ലഹതും മഫ്‌സദത്തും (ഗുണവും ദോഷവും, നേട്ടവും കോട്ടവും....) താരതമ്യം ചെയ്യുകയും ഗുണത്തേക്കാളേറെ ദോഷത്തിന്റെ വശം മികച്ചുനിൽക്കുന്നവ അവഗണിക്കേണ്ടവയും വർജിക്കേണ്ടവയുമായ ഗണത്തിലും, ദോഷത്തേക്കാൾ ഗുണവും കോട്ടത്തെക്കാൾ നേട്ടവും തിന്മയെക്കാൾനന്മയും മുഴച്ചുനിൽക്കുന്നവ പരിഗണിക്കേണ്ടവയും സ്വീകരിക്കേണ്ടവയുമായ ഗണത്തിലും പെടുത്തുക എന്നതാണ് പൊതുവെ ഫുഖഹാക്കളുടെ നിലപാട്.
ഇങ്ങനെ മസ്വ്്ലഹ മുർസല പരിഗണിക്കുന്നത് ഓരോരുത്തരും താന്താങ്ങളുടെ ഇച്ഛയനുസരിച്ചും സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയും ആകാവതല്ല, നിയന്ത്രണാതീതവും നിരുപാധികവുമായ ഒരു അടിസ്ഥാനവുമല്ല അത്. പ്രത്യുത പരിഗണിക്കണമെങ്കിൽ ചിലനിബന്ധനകൾ അതിൽ കർശനമായുംഉൾചേർന്നിരിക്കേണ്ടതാണ്.
മസ്വ്്ലഹ മുർസല പരിഗണിക്കുമ്പോൾ അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട നിബന്ധനകൾ
1. അത് ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് യോജിക്കുന്നതായിരിക്കണം. അഥവാ ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളോടോ വ്യക്തമായ പ്രമാണങ്ങളോടോ ഏറ്റുമുട്ടുന്നതാണെങ്കിൽ അവിടെ മസ്വ്്ലഹ മുർസല പരിഗണിക്കുന്നതല്ല.
ഉദാഹരണമായി, പലിശ. ഇന്ന് കാണുന്ന പല വികസന പ്രവർത്തനങ്ങളുടെയും പിന്നിൽ ബാങ്ക്ലോണാണെന്നും അത് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ മസ്വ്്ലഹത്താണെന്നും, ആരോഗ്യവും ക്രയശേഷിയും സാമർഥ്യവുമുളള ഒരാൾ സമ്പത്തിന്റെ ഒറ്റ കുറവ്കൊണ്ട് നിഷ്ക്രിയനായി ഇരിക്കുന്നത് ആർക്കും ഒരുഗുണവും ഉണ്ടാക്കില്ല എന്നാൽ ഒരാൾ അയാളെ സാമ്പത്തികമായി സഹായിച്ചാൽ അതിന്റെ ഗുണം ഇരുവർക്കും കിട്ടുമല്ലോ എന്നൊക്കെ ഒരാൾ വാദിച്ചെന്നിരിക്കട്ടെ, എങ്കിൽ ഇപ്പറഞ്ഞ ന്യായങ്ങളൊക്കെ ശരിയാണെന്ന് വാദത്തിന് അംഗീകരിച്ചാൽ പോലും, പലിശ അനുവദനീയമാവുന്ന പ്രശ്നമില്ല.
പെണ്മക്കൾക്ക് ആണ്മക്കളെ പോലെ തന്നെ അനന്തരാവകാശമുണ്ട് എന്ന വാദവും ഇത് പോലെ തന്നെ സ്വീകാര്യമല്ല. കാരണം ഓരോരുത്തരുടെയും വിഹിതം അല്ലാഹു കൃത്യവും വ്യക്തവുമായ ശൈലിയിൽ വ്യക്തമാക്കിയിരിക്കെ അതിന് വിരുദ്ധമായ ഒരു വിധിയും മസ്വ്്ലഹത്തിന്റെ പേര് പറഞ്ഞു ഉണ്ടാക്കിക്കൂടാ. അങ്ങനെ മാറ്റാൻ സ്വാതന്ത്രമുള്ളതോ പഴുതുള്ളതോ ആയ വിഷയമല്ല ഇത്. ഇത്തരം നിയമങ്ങൾ മാറ്റുക എന്നു പറഞ്ഞാൽ ദൈവിക വിധികളുടെ സ്ഥായീഭാവത്തെയും അതിന്റെ കലാതിവർത്തിത്വത്തെയും ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുക എന്നാണ്. അതുപോലെ അത്തരം വിധികൾക്കൊന്നും ഇന്ന്‍ പ്രസക്തിയില്ല അത് കാലഹരണപ്പെട്ടു, എന്നൊക്കെയാണ്. ഇത് യഥാർത്ഥത്തിൽ കുഫ്റാണ്.
2. ഈ മസ്വ്്ലഹത് ബുദ്ധിക്ക് നിരക്കുന്നതും സുഗ്രാഹ്യമായതും, അതിലടങ്ങിയ യുക്തി വ്യക്തമായും വിശദമായും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതുമായിരിക്കണം. ഉദാഹരണമായി വുദു, നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങൾ.അത്തരം കാര്യങ്ങളുടെ യുക്തി തത്വത്തിലും മൊത്തത്തിലും മനസിലാക്കാമെന്നല്ലാതെവിശദാംശങ്ങളുടെ യുക്തി, ബുദ്ധി എന്താണെന്ന് മനുഷ്യർക്ക് കണ്ടെത്താൻ കഴിഞ്ഞു കൊള്ളണമെന്നില്ല. ത്വലാഖ്, ഇദ്ദ, അനന്തരാവകാശം തുടങ്ങിയ വിധിവിലക്കുകളും ഈ ഗണത്തിൽ പെട്ടതാണ്. ഉദാഹരണമായി ഭർത്താവ് മരിച്ച സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചാരിക്കണമെന്നാണ് അല്ലാഹുവിന്റെ കല്പന. ഇതിൽ പല യുക്തികളും അടങ്ങിയിട്ടുണ്ടെന്നും ഇതിലൂടെ മസ്വ്്ലഹത്താണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും പൊതുവായി നമുക്ക് മനസ്സിലാക്കാം.എന്നാല്‍ എന്ത് കൊണ്ട് നാലുമാസം എന്ന് പറഞ്ഞു, എന്ത് കൊണ്ട് പത്തുദിവസം എന്ന് കൃത്യമാക്കി പറഞ്ഞു, എന്ത് കൊണ്ട് ഒമ്പതു ദിവസമായില്ല. ഇത്യാദി ചോദ്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കാരണം അവയെല്ലാം നിർദ്ദേശിക്കപ്പെട്ട അതേപടി അനുഷ്ഠിക്കാൻ ബാധ്യതയുള്ള തഅബ്ബുദിയായ കാര്യമാകുന്നു.
3. ഈ മസ്വ്്ലഹത്തുകൾ ഇസ്്ലാമിക ശരീഅത്ത് അനിവാര്യമായും സംരക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം. ദീൻ, ശരീരം, സമ്പത്ത്, അഭിമാനം, വംശം എന്നിവ പോലെ. ഉദാഹരണമായി കിഡ്നി പോലുള്ള അവയവ മാറ്റ ശാസ്ത്രക്രിയ അനുവദനീയമാണ് എന്ന് അഭിപ്രായപ്പെടുന്ന ഫുഖഹാക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരാളുടെ ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. അതുപോലെ മറ്റൊരു ഉദാഹരണമാണ് പോസ്റ്റ് മോർട്ടം. മൃതദേഹം എത്രയും പെട്ടെന്ന് മറവുചെയ്യുക എന്നതാണ് ശരീഅത്ത് അനുശാസിക്കുന്നത്. എന്നാല്‍ ചിലരുടെ മരണത്തിൽ ദുരൂഹത ഉണ്ടായേക്കാം. അത്തരം ദുരൂഹതകൾ നീക്കാനും കുറ്റകൃത്യം ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും, ഉറപ്പുവരുത്താനും കുറ്റവാളികളെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമൊക്കെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യൽ അനിവാര്യമായിവരും. ഇവിടെ ആധാരമാക്കുന്ന തെളിവ് മസ്വ്്ലഹ മുർസല ആയിരിക്കും.
ഇത്രയും നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമാണ് മസ്വ്്ലഹ മുർസല എന്ന അടിസ്ഥാനത്തെ ഒരു പ്രമാണമായി ഫുഖഹാക്കൾ അംഗീകരിച്ചിട്ടുള്ളത്. വിശിഷ്യാ മാലികികൾ. അത്രവിശാലമല്ലെങ്കിലും ഹനഫികളും അങ്ങനെതന്നെ. ഇതിനവർക്ക് സ്വഹാബിമാരുടെയും ഖുലഫാഉർറാശിദയുടെയുമെല്ലാം ചര്യകളിൽ ഉദാഹരണങ്ങളുണ്ട്. അതിലേറ്റവും പ്രകടമായ ഒന്നാണ് ഖുർആൻ ഗ്രന്ഥരൂപത്തിലാക്കിയത്.
യഥാർഥത്തിൽ ചിലർധരിച്ചതുപോലെ മസ്വ്്ലഹ മുർസല ഒരു അടിസ്ഥാനമാക്കി വിധികൾ ആവിഷ്ക്കരിച്ചതിൽ ഇമാംമാലിക് തുടക്കക്കാരനായിരുന്നില്ല. മറിച്ച്, ഖുലഫാഉർറാശിദുകളുൾപ്പെടെയുള്ള സ്വഹാബിമാരുടെയും താബിഉകളുടെയും മുൻഗാമികളായ ഇമാമുമാരുടെയും പിൻമുറക്കാരനും അനുകർത്താവും മാത്രമായിരുന്നു ഇമാം മാലിക്. തൽസംബന്ധമായി ഇമാം ശാത്വിബി ധാരാളം ഉദാഹരണങ്ങൾ നിരത്തിയിട്ടുണ്ട്. അവയിൽ ചിലത് മാത്രം ഇവിടെ ചേർക്കുന്നത് ഉചിതമായിരിക്കും:
1. പരിശുദ്ധ ഖുർആൻ മുസ്വ്്ഹഫാക്കി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടവിഷയത്തിൽ, തിരുമേനി അത് ചെയ്‌തിട്ടില്ലെന്ന് മാത്രമല്ല അങ്ങനെചെയ്യണമെന്ന നിർദേശമോ, ചെയ്യരുതെന്ന വിലക്കോ രണ്ടുമില്ലാത്ത പശ്ചാത്തലത്തിൽ അങ്ങനെ ചെയ്യുന്നതിലുള്ള മസ്വ്‌ലഹത്ത് (ഗുണം) ചെയ്യാതിരുന്നാലുള്ള മഫ്സദത്തിനേക്കാൾ (ദോഷത്തേക്കാൾ) എത്രയോ മികച്ചതാണെന്ന് സ്വഹാബിമാർ നിരീക്ഷിച്ചു.
2. മദ്യപാനികളുടെ ആധിക്യവും മദ്യപിച്ചു കഴിഞ്ഞാൽ അവർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും പ്രവാചക കാലത്തുള്ളതിനേക്കാൾ വർധിച്ചപ്പോൾ സ്വഹാബികൾ മദ്യപാനത്തിന്റെ ശിക്ഷയിൽ വർധനവ് വരുത്തി. അതിനവരുടെ ആധാരം ആ ശിക്ഷനടപ്പാക്കുന്നതിലുള്ള മസ്വ്്ലഹത്തും ഇല്ലെങ്കിലുള്ള കെടുതികളുമായിരുന്നു.
3. അതുപോലെ തന്നെയാണ് അഴിമതിയാരോപണം വന്നുകഴിഞ്ഞാൽ ഗവർണർമാരുടെ സമ്പാദ്യത്തിന്റെ നേർപകുതി അവര്‍ ബൈത്തുൽ മാലിൽ ഒടുക്കേണ്ടതാണെന്ന നയം ഖലീഫ ഉമർ നടപ്പാക്കിയത്.
4. മായം ചേർക്കപ്പെട്ട പാൽ കണ്ടെത്തിയാൽ കൈവശമുള്ള പാൽമുഴുവൻ ഒഴുക്കിക്കളയണമെന്ന നിർദേശം ഖലീഫ ഉമർ നടപ്പാക്കുകയുണ്ടായി.
5. അദ്ദേഹത്തിന്റെ ഇത്തരം നയസമീപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഒന്നിലധികം പേർ ഒരുകൊലക്കുറ്റത്തിൽ പങ്കാളികളാണെന്ന് തെളിഞ്ഞാൽ മുഴുവനാളുകൾക്കും വധശിക്ഷ വിധിച്ചത്.
ഇങ്ങനെയുള്ള വിധികൾ മുൻഗാമികളിൽനിന്ന് മനസ്സിലാക്കിയ ഇമാംമാലിക് 'മസ്വ്്ലഹ മുർസല' എന്ന ഈഅടിസ്ഥാനത്തെ വികസിപ്പിച്ച് ഇസ്‌ലാമിക ഭൂമികയെ ഏറ്റവും ഫലഭൂയിഷ്‌ഠവും വളക്കൂറുള്ളതുമായി മാറ്റിയെടുക്കുന്നതിൽ പ്രശംസനീയമായ സംഭാവനയാണ് നൽകിയത് എന്നതിൽ തർക്കമില്ല.