അഹ്‌ലുല്‍ ബൈത്ത് ഖുര്‍ആനില്‍

അബ്ദുല്ല അല്‍ ഖൈസീ‌‌
img

ഖുര്‍ആനിലെ ഒരു സാങ്കേതിക പദമാണ് 'അഹ് ലുല്‍ ബൈത്ത്'. ഇതുമായി ബന്ധപ്പെട്ട് കര്‍മശാസ്ത്രപരവും ചിന്താപരവും രാഷ്ട്രീയവുമായ വ്യാജ വ്യാഖ്യാനങ്ങള്‍ പ്രചുരമായ പശ്ചാത്തലത്തില്‍ അറബി ഭാഷയുടെയും പ്രസ്തുതപദം വന്ന സൂക്തങ്ങളുടെയും വെളിച്ചത്തില്‍ 'അഹ് ലുല്‍ ബൈത്ത്' എന്താണ് എന്ന് നിര്‍വചിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
ഭാഷയില്‍: പ്രമുഖ ഭാഷാകാരനായ അല്‍ഖലീല്‍ ഇബ്‌നു അഹ് മദ് എഴുതുന്നു:
أهل الرجل زوجه، وأخصّ الناس به، والتأهل التزوج وأهل البيت سكانه وأهل الإسلام من يدين به
'ഒരാളുടെ അഹ് ല്‍ എന്നാല്‍ അയാളുടെ ഭാര്യ, ജനങ്ങളില്‍ അയാളുമായി ഏറ്റവും സവിശേഷ ബന്ധമുള്ളയാള്‍ എന്നര്‍ഥം. 'തഅഹ്ഹുല്‍' എന്നാല്‍ വിവാഹം ചെയ്യല്‍. 'അഹ് ലുല്‍ ബൈത്ത്' എന്നാല്‍ വീട്ടുകാര്‍. 'അഹ് ലുല്‍ ഇസ് ലാം' എന്നാല്‍ ഇസ് ലാമിനെ ദീനായി അംഗീകരിച്ചവര്‍.'1
أهل الرجل من يجمعه وإياهم مسكن واحد
'അഹ് ലുർ റജുലി'എന്നാല്‍ ഒരുവസതിയില്‍ കഴിയുന്ന ഒരാളും അയാളെ ചുറ്റിപ്പറ്റിയുള്ളവരും.'2
'അഹ്്ല്‍' എന്ന പദം ഖുര്‍ആനില്‍ 126 തവണ വന്നിട്ടുണ്ട്. ഏകവചനത്തിലേക്കോ, സര്‍വനാമ (ദമീര്‍) ത്തിലേക്കോ ചേര്‍ത്തു കൊണ്ടാണ് അവയത്രയും വന്നിട്ടുള്ളത്. 'അഹ് ലുശ്ശൈഇ' എന്നാല്‍ ഒരു വസ്തുവുമായി ഏറ്റവും അടുത്തവര്‍ അഥവാ മറ്റുള്ളവരേക്കാള്‍ ആ വസ്തുവുമായി അടുപ്പമുള്ളവര്‍ എന്നര്‍ഥം. ശൈഖ് ഇബ്‌നു ആശൂര്‍ എഴുതുന്നു:
الأهل هم الفريق الّذين لهم مزيد اختصاصي بما يضاف إليه اللّفظ
'أهل എന്നാല്‍ അത് ഏതിലേക്ക് ചേര്‍ത്താണോ പറയുന്നത് അതിന് വര്‍ധിതമായ സവിശേഷതയുള്ള ഗ്രൂപ്പ് അഥവാ വിഭാഗം.'3
ഖുര്‍ആനിലെ പ്രയോഗങ്ങള്‍ ഈ വീക്ഷണത്തെ സാധൂകരിക്കുന്നു.
أهل القرية، أهل المدينة، أهل البلد، أهل الأرض، أهل مدين، أهل يثرب، أهل النّار 
എന്നാല്‍ യഥാക്രമം ഗ്രാമീണര്‍, നഗരവാസികള്‍, നാട്ടുകാര്‍, ഭൂവാസികള്‍, മദ്്യനുകാര്‍, യസ്‌രിബുകാര്‍, നരകവാസികള്‍ എന്നാണര്‍ഥം.
أهل المكر، أهل التقوى، أهل الذّكر، أهل الإنجيل، أهل الكتاب എന്നാല്‍ യഥാക്രമം വേദാവകാശികള്‍, ഇഞ്ചീലിന്റെ ആളുകള്‍, ഖുര്‍ആന്റെ ആളുകള്‍, ഭക്തിയുടെ ആളുകള്‍ (ഭക്തര്‍), കുതന്ത്രകാരികള്‍ എന്നാണ്.
أهل السّفينة എന്നാല്‍ കപ്പലില്‍ ഒന്നിച്ച് യാത്രചെയ്യുന്നവര്‍.
മദ്്യനില്‍നിന്ന് ഭാര്യയുമായി ഈജിപ്തിലേക്ക് വരികയായിരുന്ന മൂസാനബിയെ പറ്റി ഖുര്‍ആന്‍ പറയുന്നു.
فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ 'അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും തന്റെ ഭാര്യയെയും കൊണ്ട് യാത്രപോവുകയും ചെയ്തപ്പോള്‍....' (ഖസ്വസ്വ് 29) തല്‍സമയം മൂസാ നബിയോടൊപ്പം ഭാര്യ മാത്രമെ ഉണ്ടായിരുന്നുള്ളൂ.4
ഇബ്‌റാഹീം നബിയെ പറ്റി:
فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ 
'അനന്തരം അദ്ദേഹം -ഇബ്‌റാഹീം- ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് തടിച്ച ഒരു കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.' (ദാരിയാത്ത് 26). ഇവിടെയും മൂലത്തിലെ 'അഹ് ലി'ന്റെ അര്‍ഥം ഭാര്യ എന്നു തന്നെ.
അയ്യൂബ് നബിയെപ്പറ്റി:
فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ
'അപ്പോള്‍ അദ്ദേഹത്തിന് -അയ്യൂബിന്- നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.' (അമ്പിയാഅ് 84) സൂക്തത്തിലെ 'അഹ് ലി'ന്റെ അര്‍ഥം ഭാര്യ.
ഈജിപ്തിലെ രാജാവിന്റെ പത്‌നി ഭര്‍ത്താവിനെ അഭിസംബോധന ചെയ്തുകൊണ്ടുപറയുന്നു:
مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا
'നിങ്ങളുടെ ഭാര്യയോട് ദുരുദ്ദേശ്യം വെച്ചുപുലര്‍ത്തിയവനുള്ള ശിക്ഷ (താഴെ പറയുന്നതുമാത്രമാണ്' (യൂസുഫ് 25) ഇവിടെയും 'അഹ് ലി'ന്റെ അര്‍ഥം ഭാര്യ എന്നുതന്നെ.
താഴെ സൂക്തത്തില്‍ മക്കള്‍ എന്ന അര്‍ഥത്തിലാണ് 'അഹ് ല്‍' ഉപയോഗിച്ചിരിക്കുന്നത്.
فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
'അപ്പോള്‍ അദ്ദേഹത്തെയും -ലൂത്വിനെയും- അദ്ദേഹത്തിന്റെ ഭാര്യയൊഴികെയുള്ള കുടുംബത്തെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു നിന്നവരുടെ കൂട്ടത്തിലായിരുന്നു' (അഅ്‌റാഫ് 83). ഇവിടെ 'അഹ്്ല്‍' എന്നതിന്റെ വിവക്ഷ ലൂത്വ് നബിയുടെ മക്കളാണ്.

സഹോദരന്മാരെ ഉദ്ദേശിച്ചും ഖുര്‍ആനില്‍  'അഹ് ല്‍' പ്രയോഗമുണ്ട്.
وَاجْعَل لِّي وَزِيرًا مِّنْ أَهْلِي . هَارُونَ أَخِي
'എന്റെ കുടുംബത്തില്‍നിന്ന് എനിക്ക് നീ ഒരു സഹായിയെ ഏര്‍പ്പെടുത്തുകയും ചെയ്യേണമേ! അതായത് എന്റെ സഹോദരന്‍ ഹാറൂനിനെ' (ത്വാഹാ 29,30)
മാതാപിതാക്കളെക്കുറിച്ച് 'അഹ് ല്‍' എന്ന് ഉപയോഗിച്ചതിന് ഉദാഹരണം;
وَنَمِيرُ أَهْلَنَا
'ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ടുവരാം' (യൂസുഫ് 65).
مَسَّنَا وَأَهْلَنَا الضُّرُّ
'ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും ദുരിതം ബാധിച്ചിരിക്കുന്നു' (യൂസുഫ് 88).
اذْهَبُوا بِقَمِيصِي هَٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِي يَأْتِ بَصِيرًا وَأْتُونِي بِأَهْلِكُمْ أَجْمَعِينَ 
'(യൂസുഫ് പറഞ്ഞു) നിങ്ങള്‍ എന്റെ ഈ കുപ്പായവും കൊണ്ട് പോയിട്ട് അത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരുകയും ചെയ്യുക' (യൂസുഫ് 93).

ഇത്രയും പറഞ്ഞത് 'അഹ് ലി' നെപ്പറ്റി. ഇനി 'അഹ്്ലുല്‍ ബൈത്ത്' എന്താണെന്നു നോക്കാം.
പുരുഷനോടൊപ്പം ഒരേ വീട്ടില്‍ കഴിയുന്നവരെ ഉദ്ദേശിച്ചാണ് അഹ് ലുല്‍ ബൈത്ത് എന്നു പ്രയോഗിക്കുക. ഒരാളുടെ 'അഹ്്ലുല്‍ ബൈത്ത്' എന്നാല്‍ അദ്ദേഹത്തോടൊപ്പം താമസിക്കുന്ന മുകളില്‍ പറഞ്ഞവര്‍ എന്നു വിവക്ഷ. അദ്ദേഹത്തിന്റെ അടുത്തില്ലാതിരിക്കുകയും അതേ വീട്ടില്‍ താമസിക്കാതിരിക്കുകയും ചെയ്യുന്നയാള്‍ അയാളുടെ കുടുംബക്കാരനായിരിക്കും. പക്ഷെ 'അഹ്്ലുല്‍ ബൈത്ത്' എന്ന ഗണത്തില്‍ വരികയില്ല. ഖുര്‍ആനില്‍ 'അഹ്‌ലിനെ' 'ബൈത്തി'ലേക്ക് ചേര്‍ത്ത് 'അഹ് ലുല്‍ ബൈത്ത്' എന്ന് രണ്ടു തവണ പ്രയോഗിച്ചിട്ടുണ്ട്. 'അഹ് ലുല്‍ ബൈത്ത്' എന്നാല്‍ 'വീട്ടുകാര്‍' എന്നര്‍ഥം.

ഒന്നാം സൂക്തം:
قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِۚ إِنَّهُ حَمِيدٌ مَّجِيدٌ
'അവര്‍ -മലക്കുകള്‍- പറഞ്ഞു: അല്ലാഹുവിന്റെ കല്‍പ്പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു' (ഹൂദ് 73).

ഇബ്‌റാഹീം നബിയും പത്‌നിയും സാറയും ഉള്ള വീട്ടില്‍ നടന്ന ഒരു സംഭവമാണ് മേല്‍ സൂക്തത്തിന്റെ പശ്ചാത്തലം. അത് ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ:
وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًاۖ قَالَ سَلَامٌۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ . فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةًۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ. وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ . قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًاۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ . قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِۚ إِنَّهُ حَمِيدٌ مَّجِيدٌ . فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ
'നമ്മുടെ ദൂതന്മാര്‍ -മലക്കുകള്‍- ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയുമായി വരികയുണ്ടായി. അവര്‍ പറഞ്ഞു: 'സലാം.' അദ്ദേഹം പ്രതിവചിച്ചു. 'സലാം.' വൈകിയില്ല, അദ്ദേഹം പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടു വന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെപ്പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ -ഇബ്‌റാഹീം നബിയുടെ- ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിനെപ്പറ്റിയും ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെ പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ (മലക്കുകള്‍) പറഞ്ഞു: അല്ലാഹുവിന്റെ കല്‍പ്പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവൻ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു. അങ്ങനെ ഇബ്‌റാഹീമില്‍നിന്ന് ഭയം വിട്ടുമാറുകയും അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്റെ ജനതയുടെ കാര്യത്തിന് നമ്മോട് തര്‍ക്കിക്കുന്നു' (ഹൂദ് 69-74).

മുകളിലെ സൂക്തങ്ങളുടെ പശ്ചാത്തലം വെച്ച് ചിന്തിക്കുമ്പോള്‍ അവയുടെ ആശയം ഇങ്ങനെയാണ്: മലക്കുകള്‍ ഇബ്‌റാഹീമിന്റെ ഭാര്യയോട് പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും വൃദ്ധരാണെങ്കിലും നിങ്ങള്‍ രണ്ടുപേര്‍ക്കും അല്ലാഹു സന്താനത്തെ പ്രദാനം ചെയ്യും എന്ന കാര്യത്തില്‍ നിങ്ങള്‍ എന്തിന് അത്ഭുതപ്പെടണം. ഇബ്‌റഹീം നബിയുടെ ഗൃഹസ്ഥരേ, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ വര്‍ഷിക്കും. ഇതിലെ ആശയം ഇബ്‌റാഹീം നബിയുടെ വീട്ടുകാരല്ലാത്തവരിലേക്ക് വികസിപ്പിക്കുന്നത് ഭാഷയുടെ വിവക്ഷക്കും സൂക്തങ്ങളുടെ പശ്ചാത്തലത്തിനും ചേര്‍ന്നതല്ല. ഇതിലെ 'അല്‍ബൈത്ത്' എന്നത് മലക്കുകളും ഇബ്‌റാഹീം നബിയും ഭാര്യയും തമ്മില്‍ സംഭാഷണം നടന്ന ഇബ്റാഹീം നബിയുടെ വീടാണ്.

'വീട്ടുകാരേ' എന്നു വിളിക്കുന്നത് ഇബ്‌റാഹീം നബിയുടെ വീട്ടുകാരെയാണ്. അഭിസംബോധന അവരെ ഉദ്ദേശിച്ചു മാത്രമാണെന്ന സവിശേഷതയുമുണ്ട്.5 ചുരുക്കത്തില്‍ ഈ സൂക്തത്തില്‍ 'അഹ് ലുല്‍ ബൈത്ത്' എന്ന് പ്രയോഗിച്ചിരിക്കുന്നത് ഇബ്‌റാഹീം നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ്.

രണ്ടാമത്തെ സൂക്തം
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
'നിങ്ങള്‍ -നബി(സ) പത്‌നിമാര്‍- നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (നബിയുടെ) വീട്ടുകാരേ, നിങ്ങളില്‍നിന്നു മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് 'അല്ലാഹു ഉദ്ദേശിക്കുന്നത്.
(അഹ്സാബ് 33)

മേൽസൂക്തത്തിന്റെ പശ്ചാത്തലം താഴെ സൂക്തങ്ങളിൽ നിന്ന് വ്യക്തമാണ്.
يَا نِسَاءَ النَّبِيِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا . وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِ وَتَعْمَلْ صَالِحًا نُّؤْتِهَا أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا . يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا. وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا . وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا
'നബി പത്നിമാരേ, സ്ത്രീകളിൽ മറ്റു ആരെയും പോലെയല്ല നിങ്ങൾ. നിങ്ങൾ ധർമനിഷ്ഠ പാലിക്കുന്നുവെങ്കിൽ നിങ്ങൾ (അന്യരോട്) അനുനയ സ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറ പോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (നബിയുടെ) വീട്ടുകാരേ, നിങ്ങളിൽ നിന്നു മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ വീടുകളില്‍വെച്ച് ഓതിക്കേള്‍പ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു' (അഹ്‌സാബ് 32-34).

മേല്‍ സൂക്തങ്ങളുടെ സംക്ഷിപ്താശയം ഇങ്ങനെ: നബിപത്‌നിമാരേ! നിങ്ങള്‍ക്ക് നല്‍കുന്ന ശാസനാനിരോധങ്ങളിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത് നിങ്ങളെ സംസ്‌കരിക്കുവാനും നിങ്ങളില്‍നിന്ന് ദുഷിപ്പുകള്‍ നീക്കാനും നിങ്ങളെ പരമാവധി ശുദ്ധീകരിക്കുവാനുമാണ്.
മേല്‍ സൂക്തങ്ങളുടെ പശ്ചാത്തലവും ആശയവും അതീവ വ്യക്തവും ലളിതവും സുഗമ ഗ്രാഹ്യവുമാണെങ്കിലും സുന്നീ-ശീഈ സംഘര്‍ഷ പശ്ചാത്തലത്തില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ സമീപസ്ഥമായ ഈ ആശയത്തില്‍നിന്നുമാറി, സന്ദര്‍ഭത്തിനും പശ്ചാത്തലത്തിനും യോജിക്കാത്ത തരത്തില്‍ വ്യാഖ്യാനിക്കുന്നത് കാണുന്നു. തന്നെയുമല്ല, സൂക്തങ്ങള്‍ക്ക് സാധ്യതയില്ലാത്ത അര്‍ഥ കല്‍പനയും നല്‍കുന്നു.
ചിലര്‍ ഈ സൂക്തത്തിലെ അഭിസംബോധിതര്‍ നബി പത്‌നിമാരാണെന്ന കാര്യം  അവഗണിക്കുന്നു. അഹ്‌സാബ് അധ്യായത്തിലെ തുടക്കം മുതല്‍ക്കുള്ള സൂക്തങ്ങള്‍ നബി പത്‌നിമാരെയാണ് അഭിസംബോധന ചെയ്യുന്നത്. മറ്റു ചിലര്‍ സൂക്തങ്ങളുടെ വിവക്ഷ നബി പത്‌നിമാരാണെങ്കിലും റിപ്പോര്‍ട്ടുകളില്‍ പരാമൃഷ്ടരായവരും സൂക്തങ്ങളുടെ വിവക്ഷയില്‍ വരുമെന്ന് അഭിപ്രായപ്പെടുന്നു. അതേസമയം, നബി(സ)യുടെ വീടിനെ എല്ലാ തരത്തിലുള്ള മാലിന്യങ്ങളില്‍നിന്നും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നബി പത്‌നിമാര്‍ക്ക് പ്രതിഫലവും ശിക്ഷയും ഇരട്ടിയായിരിക്കുമെന്ന അല്ലാഹുവിന്റെ പ്രസ്താവനയിലൂടെ മേല്‍സൂക്തങ്ങള്‍ നബിപത്‌നിമാരെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമായവശം റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചിട്ടില്ലെന്ന വസ്തുത അവര്‍ അവഗണിക്കുന്നു.
യഥാര്‍ഥത്തില്‍ സൂക്തങ്ങളുടെ പശ്ചാത്തലം നബിപത്‌നിമാരുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ അവയുടെ തൊട്ടു മുമ്പുള്ള സൂക്തങ്ങള്‍ വായിച്ചാല്‍ മതി. അവയുടെ തുടക്കത്തിലും ഒടുക്കത്തിലും നബി പത്‌നിമാര്‍ മാത്രമാണ് സംബോധിതര്‍. 'വീട്ടുകാരേ, നിങ്ങളില്‍നിന്ന് മാലിന്യം നീക്കിക്കളയാന്‍ വേണ്ടി' എന്നതിലെ 'വീട്ടുകാരേ!' എന്ന സംബോധന നബിപത്‌നിമാരോടല്ല എന്നു വാദിക്കുന്നതിന് എന്തുണ്ട് ന്യായം?

അല്ലാമാ റശീദ് രിദാ എഴുതുന്നു: 'എന്റെ വംശം അലിയുടെയും ഫാത്വിമയുടെയും വംശമാണ്. പിതാവ് ഹുസൈന്‍ വംശത്തിലും മാതാവ് ഹസന്‍ വംശത്തിലുമാണ്. ഞങ്ങളുടെ കുടുംബത്തിന് വംശവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളെയും കുറിച്ച വിവരമുണ്ട്..... പക്ഷെ, അല്ലാഹുവിന്റെ ഗ്രന്ഥം എല്ലാറ്റിനും മീതെയാണ്. അവന്റെ വിധി എല്ലാ വിധികള്‍ക്കും ഉപരിയാണ്.6 റശീദ് രിദാ തുടരുന്നു: 'ചിലര്‍ മേല്‍ സൂക്തം സംബന്ധിച്ച് ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'അഹ് ലുല്‍ ബൈത്ത്' എന്നാല്‍ ഫാത്വിമയുടെ എല്ലാ മക്കളുമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. അത് ദേഹേച്ഛയുടെ വിധി തീര്‍പ്പാണ്. സൂക്തത്തില്‍ 'അല്‍ ബൈത്ത്' എന്നതിന്റെ വിവക്ഷ നബി(സ) താമസിച്ചിരുന്ന വീടും 'അഹ് ല്‍' എന്നതിന്റെ വിവക്ഷ നബി(സ)യും അവിടുത്തെ പത്‌നിമാരുമാണ്.7

മേല്‍ സൂക്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെക്കുറിച്ച് അദ്ദേഹം തുടരുന്നു: 'ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍ എന്നിവരെ സവിശേഷമായി ഉദ്ദേശിച്ചാണ് മേല്‍ റിപ്പോര്‍ട്ടുകള്‍. സൂക്തത്തിന്റെ വിവക്ഷയും മേല്‍ റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. റിപ്പോര്‍ട്ടുകളെ പരിഗണിക്കുകയാണെങ്കില്‍ സൂക്തങ്ങളുടെ ആശയം താഴെ വിധമായിരിക്കും: 'നബി പത്‌നിമാരേ, നിങ്ങള്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കരുത്. നിങ്ങളില്‍ ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതായിരിക്കും. നബി പത്‌നിമാരേ, നിങ്ങള്‍ ഇന്നഇന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു ഈ ശാസനാനിരോധങ്ങളിലൂടെ അലിയില്‍നിന്നും അദ്ദേഹത്തിന്റെ ഭാര്യയില്‍നിന്നും അദ്ദേഹത്തിന്റെ രണ്ടുമക്കളില്‍നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ആക്ഷേപകരമായ എല്ലാറ്റില്‍നിന്നും അവരെ പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.'

ചില ഹദീസ് പണ്ഡിതന്മാര്‍ ഇതിന്റെ സനദ് സാധുവാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുകളിലെ നിരീക്ഷണം ശരിയാവില്ല. എന്തുകൊണ്ടെന്നാല്‍, സൂക്തത്തിന്റെ വിവക്ഷയില്‍ അലിയെയും ഫാത്വിമയെയും ഹസനെയും ഹുസൈനെയും ഉള്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വിശിഷ്യാ, അവര്‍ നാലുപേരെ മാത്രം അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ന്യായമില്ല. പ്രസ്തുത സൂക്തങ്ങളില്‍ മാലിന്യം നീക്കം ചെയ്യാന്‍ വിധിച്ച നിയമങ്ങളില്‍ അവര്‍ അഭിസംബോധിതരല്ല. ഒന്നുമായും ബന്ധപ്പെടുത്താതെയായിരുന്നു സൂക്തങ്ങളെങ്കില്‍, അങ്ങനെ ധരിക്കാമായിരുന്നു. ഇത് അങ്ങനെയല്ലല്ലോ.'8

ഇബ്‌നു ആശൂര്‍
ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു ആശൂര്‍ എഴുതുന്നു:
أهل البيت: أزواج النبي (ص) والخطاب موجّه اليهنّ وكذلك ماقبله وما بعده لا يخالط أحدًا شكّ في ذلك ولم يفهم منها أصحاب النّبي والتابعون الّا أن أزواج النّبي هنّ المراد بذلك وأن النّزول في شأنهنّ
'അഹ് ലുല്‍ ബൈത്ത്' എന്നാല്‍ നബി പത്‌നിമാര്‍ എന്നർഥം. സൂക്തത്തിലെ അല്ലാഹുവിന്റെ അഭിസംബോധന അവരോടാണ്. ആ അഭിസംബോധനയുടെ മുമ്പും ശേഷവുമുള്ള ഒന്നും തദ്വിഷയകമായി സംശയം ജനിപ്പിക്കുന്നില്ല. നബിയുടെ സ്വഹാബിമാരോ താബിഈങ്ങളോ അതിലെ വിവക്ഷ നബിപത്‌നിമാരാണെന്നും അവ അവതരിച്ചിരിക്കുന്നത് അവരെക്കുറിച്ചാണെന്നുമല്ലാതെ മനസ്സിലാക്കിയിട്ടില്ല.'9
ശീഇകള്‍ അലിയും ഫാത്വിമയും ഹസനും ഹുസൈനും മാത്രമാണ് അഹ്്ലുല്‍ ബൈത്തില്‍ പെട്ടവരെന്നും നബി പത്‌നിമാര്‍ അതില്‍ പെടുകയില്ലെന്നും വിശ്വസിക്കുന്നവരാണ്.10

സംഗ്രഹം
ഖുര്‍ആനില്‍ രണ്ടിടങ്ങളിലാണ് 'അഹ് ലുല്‍ ബൈത്ത്' എന്ന പ്രയോഗം വന്നിരിക്കുന്നത്. ഒന്ന്, ഹൂദ് 73-ല്‍. ഇവിടെ വിവക്ഷ ഇബ്‌റാഹീം നബിയും ഭാര്യയുമാണ്. രണ്ട്, അല്‍ അഹ്‌സാബ് 33-ല്‍. ഇവിടെ വിവക്ഷ മുഹമ്മദ് നബിയും ഭാര്യമാരുമാണ്.
ഖുര്‍ആനില്‍ നബി പത്‌നിമാരെയല്ലാതെ അവിടുത്തെ കുടുംബത്തെയോ, ബന്ധുക്കളെയോ, ബന്ധുക്കളുടെ മക്കളെയോ പ്രത്യേക സവിശേഷതയുള്ളവരായി പരാമര്‍ശിച്ചിട്ടില്ല. നബിപത്‌നിമാരെ സവിശേഷം എടുത്തുപറഞ്ഞതിന്റെ കാരണം അവിടെ വ്യക്തമാക്കിയിട്ടുമുണ്ട്.

അല്ലാഹുവിങ്കല്‍ സ്‌നേഹവും ഔന്നത്യവും സത്യവിശ്വാസികള്‍ സ്വന്തം നിലയില്‍ നേടിയെടുക്കേണ്ടതാണ്. അത് അധ്വാനിച്ചും മത്സരിച്ചും ആര്‍ക്കും നേടിയെടുക്കാവുന്നതാണ്. സത്യവിശ്വാസം, സല്‍ക്കര്‍മം, ഭക്തി, ജ്ഞാനം എന്നിവയാണ് അതിന്നാവശ്യമായ മൂലധനം. ഈ സവിശേഷ ഗുണങ്ങള്‍ നേടുന്നവര്‍ക്ക് അല്ലാഹുവിന്റെ സ്‌നേഹം ലഭിച്ചിരിക്കും, അവർ ഔന്നത്യം നേടിയിരിക്കും.
അല്ലാഹു പറയുന്നു:

يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ 
'നിങ്ങളിലെ സത്യവിശ്വാസികളെയും അറിവുനല്‍കപ്പെട്ടവരെയും അല്ലാഹു പദവികളാല്‍ ഉയര്‍ത്തും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനിയാണ്' (മുജാദല 11)

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُواۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
'മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കുകയും നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനായി നിങ്ങളെ നാം ജനവിഭാഗങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍ നിങ്ങളിലെ പരമഭക്തനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു' (ഹുജുറാത്ത് 13).

നബി(സ)യുടെ ബന്ധുവോ അല്ലയോ എന്നത് സ്വര്‍ഗ പ്രവേശനത്തിന്റെ മാനദണ്ഡമല്ല. നബി(സ)യുടെ ചില അടുത്ത ബന്ധുക്കള്‍ മറ്റുള്ളവരേക്കാള്‍ നബിക്കെതിരെ കുതന്ത്രങ്ങള്‍ പയറ്റിയവരാണ്. മണ്ണാല്‍ സൃഷ്ടിക്കപ്പെട്ട ആദമിനേക്കാള്‍ ഔന്നത്യം അവകാശപ്പെട്ട ഇബ് ലീസ് അല്ലാഹുവിനെ ധിക്കരിച്ചതിലൂടെ അധമനും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയനുമാവുകയുണ്ടായി. 
(യമനീ പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകൻ)

കുറിപ്പുകൾ

1. كتاب العين 89/4 ، معجم مقاييس اللغة151/1، تهذيب اللغة ج 6/ص 220
2. المفردات في غريب القرآن ج 1/ص 29
3. التحرير والتنوير 2/330
4. സൂറ നംല് 7, ത്വാഹാ 10-ഉം കാണുക
5. التحرير والتنوير 12/121,122
6. مجلّة المنار 9/289
7. مجلة المنار 9/289
8. مجلة المنار 9/289
9. تفسير ابن عاشور 14/15-22
10. اضواء البيان للشنقيطي 6/238

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top