നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃകകള്‍

ഡോ. മുസ്ത്വഫാ മക്കീ അല്‍ കുബൈസി‌‌
img

ബഹുസ്വര സമൂഹത്തിലെ സഹജീവിതം - 2

ബഹുസ്വരതയെയും ബഹുസ്വര സമൂഹത്തിലെ ജീവിതത്തെയും ഇസ്‌ലാമും ഖുര്‍ആനും എങ്ങനെയാണ് സമീപിക്കുന്നതെന്ന് നാം കണ്ടുകഴിഞ്ഞു. ഖുര്‍ആന്റെ പ്രായോഗിക വ്യാഖ്യാനമായ നബിയുടെ ജീവിതം എങ്ങനെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന് ഇനി നമുക്ക് കാണാം. ഖുര്‍ആന്റെ വിശദീകരണം അവിടെയാണല്ലോ നാം അന്വേഷിക്കേണ്ടത്.

وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
'നാം താങ്കള്‍ക്ക് ഈ ഉല്‍ബോധനത്തെ -ഖുര്‍ആനെ- അവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങള്‍ക്കുവേണ്ടി അവതീര്‍ണമായതിനെ താങ്കള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും' (അന്നഹ് ല്‍ 44)
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ 
'നിങ്ങള്‍ക്ക് ദൂതന്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക' (അല്‍ഹശ് ര്‍ 7)

ഏതെങ്കിലും പ്രത്യേക രാജ്യത്തേക്കോ സമൂഹത്തിലേക്കോ ആഗതനായ പ്രവാചകനായിരുന്നില്ല മുഹമ്മദ് നബി(സ). സാര്‍വലൗകികവും സാര്‍വജനീനവും സാര്‍വദേശീയവുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةًۭ لِّلنَّاسِ بَشِيرًۭا وَنَذِيرًۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
'താങ്കളെ നാം സര്‍വജനങ്ങളിലേക്കുമുള്ള സന്തോഷവാര്‍ത്താ ദായകനും മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ അയച്ചിട്ടില്ല. പക്ഷെ, അധികജനങ്ങളും അറിയുന്നില്ല' (സബഅ് 28).
قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا
'(നബിയേ!) താങ്കള്‍ പറയുക: ഹേ ജനങ്ങളേ! തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു' (അല്‍ അഅ്‌റാഫ് 158) സ്ഥലകാലാതിര്‍ത്തികളും ഭാഷാവര്‍ഗഭേദങ്ങളും ഭേദിച്ച പ്രഥ ദൈവിക ദൗത്യമായിരുന്നു നബി(സ)യുടേത്. ലോകാനുഗ്രഹിയായ അവിടുന്ന് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ:
لا يرحم الله من لا يرحم الناس
'ജനങ്ങളോട് കരുണകാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല'25
മേല്‍ നബിവചനത്തിലെ 'ജനങ്ങള്‍' എന്ന പദം മത-വര്‍ണ-വര്‍ഗാതീതമായി മാനവസമൂഹത്തെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഈ നബിവചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു ബത്ത്വാല്‍ എഴുതുന്നു: 'സത്യവിശ്വാസികള്‍ സത്യനിഷേധികളോടും എല്ലാതരം ജീവജാലങ്ങളോടും കാരുണ്യം കാണിക്കണമെന്നാണ് നബി(സ) പഠിപ്പിക്കുന്നത്. കാരുണ്യം പാപങ്ങള്‍ പൊറുക്കാനും തെറ്റുകള്‍ മായ്്ച്ചു കളയാനും സഹായകമാവുന്നു' 26
നബി(സ)യുടെ വാചികവും പ്രായോഗികവുമായ ചില മാതൃകകള്‍ താഴെ:

വാചിക നിര്‍ദേശങ്ങള്‍
1. അബൂഹുറൈറ(റ)യില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു:
قَدِمَ طُفَيْلُ بنُ عَمْرٍو الدَّوْسِيُّ وأَصْحَابُهُ علَى النبيِّ صَلَّى اللهُ عليه وسلَّمَ، فَقالوا: يا رَسولَ اللَّهِ، إنَّ دَوْسًا عَصَتْ وأَبَتْ، فَادْعُ اللَّهَ عَلَيْهَا. فقِيلَ: هَلَكَتْ دَوْسٌ. قالَ: اللَّهُمَّ اهْدِ دَوْسًا وأْتِ بهِمْ
'ദൗസ് ഗോത്രജനായ ത്വുഫൈലുബ്‌നു അംറും അദ്ദേഹത്തിന്റെ അനുയായികളും നബി(സ)യുടെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ദൗസ് ഗോത്രം ധിക്കരിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ആയതിനാല്‍ താങ്കള്‍ അവര്‍ക്കെതിരെ പ്രാര്‍ഥിക്കണം.' അപ്പോള്‍ ആരോ പറഞ്ഞു: 'ദൗസ് ഗോത്രം നശിച്ചതുതന്നെ' നബി(സ) പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നീ ദൗസിന് ഹിദായത്ത് നല്‍കുകയും അവരെ നീ എന്റെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യേണമേ!'
ഇസ്്ലാം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ദൗസിനെതിരെ പ്രാര്‍ഥിക്കുമെന്ന് കണക്കുകൂട്ടിയവരെ നിരാശപ്പെടുത്തിക്കൊണ്ട് നബി(സ) അവരുടെ ഹിദായത്തിനായി അല്ലാഹുവോട് അപേക്ഷിക്കുകയായിരുന്നു. മറ്റൊരവസരത്തില്‍ സഖീഫ് ഗോത്രത്തിനെതിരെ പ്രാര്‍ഥിക്കാന്‍ സ്വഹാബികള്‍ ആവശ്യപ്പെട്ടപ്പോഴും اللهمّ اهد ثقيفا 'അല്ലാഹുവേ, നീ സഖീഫ് ഗോത്രത്തിന് ഹിദായത്ത് നല്‍കേണമേ!'27 എന്നായിരുന്നു അവിടുത്തെ കേണപേക്ഷ. 'താങ്കള്‍ തീര്‍ച്ചയായും മഹത്തായ ഗുണങ്ങള്‍ ഉടയവനാകുന്നു.' (അല്‍ഖലം 4).

നബി(സ) തങ്ങള്‍ക്കുവേണ്ടി കാരുണ്യത്തിന്നായി പ്രാര്‍ഥിക്കും എന്ന പ്രതീക്ഷയില്‍ നബി(സ)യുടെ സന്നിധിയില്‍വെച്ച് യഹൂദര്‍ തുമ്മിയിരുന്നതായി ചരിത്രത്തില്‍ കാണാം. അപ്പോഴെല്ലാം അവിടുന്ന് അവര്‍ക്ക് ഹിദായത്തിനും ക്ഷേമത്തിനും വേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു.
يهديكم الله ويصلح بالكم
'അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്ത് തരികയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ'28 നബി(സ) എല്ലാ മതവിഭാഗങ്ങളുടെയും കൂടെ സഹവസിച്ചിരുന്നു എന്നതിന്റെ തെളിവാണല്ലോ അവിടുത്തെ സദസ്സില്‍ യഹൂദികളും ഉണ്ടാവാറുണ്ടായിരുന്നു എന്നത്.
انّى لم ابعث لعانا وانما بعثت رحمةً, 'തീര്‍ച്ചയായും ഞാന്‍ ശപിക്കുന്നവനായല്ല നിയോഗിതനായത്, ഞാന്‍ നിയോഗിതനായിരിക്കുന്നത് കാരുണ്യമായി മാത്രമാണ്.'29
2- അമുസ് ലിംകളുമായി ഉത്തമരീതിയിലായിരിക്കണം സഹവര്‍ത്തിക്കുന്നതെന്ന് അവിടുന്ന് തന്റെ അനുചരന്മാരെ ഉല്‍ബോധിപ്പിക്കുകയുണ്ടായി. നബി(സ) പ്രസ്താവിച്ചതായി കഅ്ബുബ്‌നു മാലിക്(റ) ഉദ്ധരിക്കുന്നു.
إذا افتحتم مصر فاستو صوابالقبط خيرًا فان لهم ذمّة ورحما
'ഈജിപ്ത് നിങ്ങൾക്ക് കീഴടങ്ങുമ്പോള്‍ അവിടത്തെ ഖിബ്ത്വി വംശവുമായി നിങ്ങള്‍ ഗുണകാംക്ഷാപൂര്‍വം പെരുമാറുക. തീര്‍ച്ചയായും അവര്‍ക്ക് സംരക്ഷണാവകാശമുണ്ട്, അവര്‍ക്ക് നാമുമായി കുടുംബബന്ധവുമുണ്ട്.30 കുടുംബ ബന്ധം എന്നതിന്റെ വിവക്ഷ, ഇസ്മാഈല്‍ നബിയുടെ മാതാവ് ഹാജര്‍ ഖിബ്ത്വി വംശജയാണെന്ന കാര്യമാണെന്ന് ഇമാം സുഹ്‌രി പ്രസ്താവിച്ചിട്ടുണ്ട്.

അമുസ് ലിംകളുമായുള്ള ഇടപഴക്കത്തെക്കുറിച്ച് നബി(സ) ധാരാളം നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണാം. അവരെ പീഡിപ്പിക്കരുതെന്നും താങ്ങാവുന്നതിലേറെ ഭാരം അവരെ വഹിപ്പിക്കരുതെന്നും അവിടുന്ന് മുസ് ലിംകളെ ഉപദേശിക്കുകയുണ്ടായി.
ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ
'അറിയുക! ആരെങ്കിലും ഇസ് ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന അമുസ് ലിമിനെ അക്രമിക്കുകയോ, അവന്റെ അവകാശം ധ്വംസിക്കുകയോ, അവനെ അവന്റെ കഴിവിന്നതീതമായി വല്ലതിനും നിര്‍ബന്ധിക്കുകയോ, അവനില്‍നിന്ന് അവന്റെ മനഃസംതൃപ്തിയില്ലാതെ വല്ലതും കൈവശപ്പെടുത്തുകയോ ചെയ്താല്‍ അന്ത്യനാളില്‍ അവനുവേണ്ടി ന്യായവാദം നടത്തുന്നത് ഞാനായിരിക്കും.'31
വാസില(റ)യില്‍നിന്ന് ത്വബറാനി ഉദ്ധരിക്കുന്നു:
من قذف ذميا حد له يوم القيامة بسياط من نار " . فقلت لمكحول : ما أشد ما يقال له ؟ قال : يقال له : يا ابن الكافر
'ആരെങ്കിലും ഇസ്്ലാമിക രാഷ്ട്രത്തിലെ ഒരു സംരക്ഷിത പ്രജക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാല്‍ അന്ത്യനാളില്‍ അഗ്നിയാലുള്ള ചാട്ടവാറുകള്‍കൊണ്ട് ശിക്ഷിക്കപ്പെടും. നിവേദകനായ ഔസാഈ മക്ഹൂലിനോട് ചോദിച്ചു. 'ഏറ്റവും കഠിനമായ വാക്ക് എന്നാല്‍?'
'സത്യനിഷേധിയുടെ മകനേ!' പോലുള്ളവ.32
അമുസ് ലിമിന്റെ അഭിമാനം മുസ് ലിമിന്റേതു പോലെത്തന്നെ പാവനവും പവിത്രവുമാണെന്നും അതിനാല്‍ തന്നെ സംരക്ഷിക്കപ്പടേണ്ടതാണെന്നും ഇത്തരം ഹദീസുകള്‍ പഠിപ്പിക്കുന്നു.
مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا لَيُوجَد مِنْ مَسِيرَةِ أَرْبَعِينَ عَامًا
'ആരെങ്കിലും ഇസ് ലാമിക രാഷ്ട്രത്തിലെ സംരക്ഷിത പ്രജയെ വധിച്ചാല്‍ അവന്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല. അതിന്റെ സുഗന്ധമാകട്ടെ, നാല്‍പതുവര്‍ഷങ്ങളുടെ ദൂരങ്ങള്‍ക്കപ്പുറത്തുനിന്നുതന്നെ അനുഭവിക്കാനാവും.'33
ഒരു അമുസ്്ലിമിനെ വധിച്ചതിന്റെ പേരില്‍ ഒരു മുസ് ലിമിനെ വധിച്ചു കളയാന്‍ നബി(സ) ഉത്തരവിടുകയുണ്ടായി. തദവസരം അവിടുന്ന് പ്രഖ്യാപിച്ചു:
أنا أحق من أوفى بذمته
'തന്റെ സംരക്ഷണോത്തരവാദിത്വം ഏറ്റവും പൂര്‍ണമായി നിറവേറ്റാന്‍ കൂടുതല്‍ കടപ്പെട്ടവനാണ് ഞാന്‍' 34
പ്രതിയോഗികളോട് പരമാവധി വിട്ടുവീഴ്ച എന്നതായിരുന്നു നബി(സ)യുടെ രീതി. നബി പത്‌നി ആഇശ(റ) പറയുന്നു: ഒരിക്കല്‍ ഒരു സംഘം യഹൂദികൾ നബി(സ)യെ കാണാനായി വന്നു. അവര്‍ 'അസ്സാമു അലൈക്കും' (നിങ്ങള്‍ക്ക് നാശം സംഭവിക്കട്ടെ, നിങ്ങള്‍ മരിച്ചു പോകട്ടെ) എന്ന് പറഞ്ഞു. എനിക്ക് അത് മനസ്സിലായി. ഞാന്‍ 'നിങ്ങള്‍ക്കും നാശവും ശാപവും ഭവിക്കട്ടെ' എന്ന് പ്രതികരിച്ചു. ഇതുകേട്ട അവിടുന്ന് പ്രതികരിച്ചു:
مَهْلًا يا عائشةُ إنَّ اللَّهَ يُحِبُّ الرِّفقَ في الأمرِ كلِّهِ
'ആഇശ! അവധാനത കാണിക്കൂ. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളിലും മൃദുത്വം ഇഷ്ടപ്പെടുന്നു.' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?' നബി(സ): 'നിങ്ങൾക്കും അങ്ങനെയാവട്ടെ!' എന്നു ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?'35

മുസ് ലിംകളോട് മോശമായി പെരുമാറുന്ന അമുസ് ലിംകളോടുപോലും പെരുമാറുന്നത് എങ്ങനെയായിരിക്കണമെന്നതിന്റെ പെരുമാറ്റച്ചട്ടമാണ് മേല്‍ സംഭവത്തിലൂടെ നബി(സ) നമ്മെ പഠിപ്പിച്ചത്. യഹൂദര്‍ പരിഹസിച്ചിട്ടും പൂര്‍ണമായ ശാന്തതയോടെ അവിടുന്ന് കേട്ടിരുന്നു. അതിന്റെ പേരില്‍ അവരുമായി സംഘര്‍ഷത്തിനു നില്‍ക്കാതെ വിവേകപൂര്‍വം പെരുമാറി. 'നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങള്‍ക്കും ഉണ്ടാകട്ടെ' എന്നത് അര്‍ഥഗര്‍ഭമായ പ്രതികരണമായി. അകമേ വിദ്വേഷം വെച്ചു പുലര്‍ത്തിയവരോടു പോലും ഇങ്ങനെയാണ് പെരുമാറിയതെങ്കില്‍ വിദ്വേഷത്തിനു വഴിയില്ലാത്തവരോട് എങ്ങനെയായിരിക്കും അവിടുന്ന് ഇടപഴകിയിട്ടുണ്ടാവുക എന്നു മനസ്സിലാക്കാവുന്നതാണല്ലോ.

പ്രായോഗിക മാതൃക
വ്യത്യസ്ത മത-ദേശീയ വിഭാഗങ്ങളുമായി നബി(സ) പ്രായോഗികമായി സംവദിച്ചതിന്റെ ധാരാളം സംഭവങ്ങള്‍ കാണാവുന്നതണ്.
1) ജനിച്ചു വളര്‍ന്ന പ്രിയങ്കരമായ മക്കയില്‍നിന്ന് മദീനയിലേക്ക് നാടുവിടാന്‍ നിര്‍ബന്ധിതനായ നബി(സ) അവിടെനിന്ന് വിടവാങ്ങിയ ഘട്ടത്തില്‍ പറഞ്ഞു:
وإني لأعلمُ أنك أحبّ بلادِ اللهِ إلى اللهِ, وأكرمهُ على اللهِ ؛ ولولا أهلكِ أخرجُوني منك ما خَرجتُ
'നീ (മക്ക) അല്ലാഹുവിന്റെ നാടുകളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരവും അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയവുമാണെന്ന് എനിക്ക് തീര്‍ച്ചയായും അറിയാം. നിന്റെ നാട്ടുകാര്‍ (മക്കക്കാര്‍) എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടം വിട്ടുപോകുമായിരുന്നില്ല'36 ദുര്‍ബലവും പ്രയാസപൂര്‍ണവുമായ സാഹചര്യങ്ങളില്‍ മാത്രമല്ല, ശക്തിയും സുഭിക്ഷതയുമുള്ള ഘട്ടങ്ങളില്‍ പോലും അവിടുന്ന് അവരോട് നല്ല രീതിയില്‍ സഹവര്‍ത്തിച്ചു. അതേസമയം അവരോ, അദ്ദേഹത്തിനെതിരില്‍ യുദ്ധപ്രഖ്യാപനം നടത്തി. പക്ഷെ, അവിടുന്ന് അവരുമായി ഉയര്‍ന്ന മാനുഷിക നിലവാരത്തിലും മൂല്യബദ്ധമായും നിലപാട് സ്വീകരിച്ചു. അവരുടെ ശത്രുതയെ അവഗണിച്ചു. വരള്‍ച്ചയെ തുടര്‍ന്ന് മക്കക്കാര്‍ ദുരിതത്തിലാണെന്നറിഞ്ഞ് നബി(സ) അവര്‍ക്കായി അഞ്ഞൂറു ദീനാര്‍ കൊടുത്തയച്ചു സഹായിച്ചു. മക്കയിലെ പാവങ്ങള്‍ക്കായി വിതരണം ചെയ്യാനായി അബൂസുഫ് യാനെയും സ്വഫ് വാനുബ്‌നു ഉമയ്യയെയും ചുമതലപ്പെടുത്തി.37 മറ്റൊരു സംഭവം: സലമത്തുബ്‌നുല്‍ അക് വഅ് (റ) പറയുന്നു: ഒരു ദിവസം ഞാന്‍ നബി(സ)യുടെ കൂടെ സ്വുബ്ഹ് നമസ്‌കരിച്ചു. നമസ്‌കാരശേഷം ഒരു കൈപത്തി എന്റെ ചുമലില്‍ സ്പര്‍ശിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. അത് നബി(സ) ആയിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: 'നീ എനിക്ക് ഉമ്മു ഖറഫയുടെ മകളെ (സേവികയായി) വിട്ടുതരുമോ? ഞാന്‍: 'അതെ!' ഞാന്‍ അവളെ അദ്ദേഹത്തിനു വിട്ടുകൊടുത്തു. അവിടുന്ന് അവളെ തന്റെ മാതൃസഹോദരന്‍ ഹസനുബ്‌നു അബീലഹബിന് അയച്ചുകൊടുത്തു. അപ്പോള്‍ ഹസനും അവളും ബഹുദൈവവിശ്വാസികളായിരുന്നു.38

ഇമാം മുഹമ്മദുബ്‌നുല്‍ ഹസന്‍ എഴുതുന്നു: 'സലമത്തുബ്‌നുല്‍ അക്്വഇന്റെ മേല്‍ ഹദീസിന്റെ വെളിച്ചത്തില്‍, ബന്ധുവോ, അകന്നവനോ, സംരക്ഷിത പ്രജയോ, ഇസ് ലാമിനോട് യുദ്ധം പ്രഖ്യാപിച്ചവനോ ആയ ഏതൊരു അമുസ് ലിമുമായും മുസ് ലിംകള്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിരിക്കണം.'39
മക്കവിജയവേളയില്‍ സമ്പൂര്‍ണ ജേതാവായി വിജയക്കൊടി നാട്ടിയിട്ടും തന്റെ പ്രതിയോഗികളുടെ നേരെ അവിടുന്ന് സ്വീകരിച്ച വിട്ടുവീഴ്ചാനയം ചരിത്ര പ്രസിദ്ധമാണ്. നില്‍ക്കപ്പൊറുതി തരാതെ നിരന്തരം വേട്ടയാടിയ ശത്രുക്കളോടായിരുന്നിട്ടു പോലും അവിടുന്ന് പറഞ്ഞു:
ما تظنّون أنّى فاعل بكم
'നിങ്ങളെ ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?' അവര്‍ പറഞ്ഞു: 'നല്ലതേ പ്രതീക്ഷിക്കുന്നുള്ളൂ. മാന്യനായ സഹോദരന്‍! മാന്യനായ സഹോദരന്റെ മകന്‍!! അതിന് അവിടുത്തെ പ്രതികരണം.
اذهبوا فأنتم الطلقاء
'പൊയ്‌ക്കോളൂ! നിങ്ങള്‍ സ്വതന്ത്രരാണ്' എന്നായിരുന്നു.40
മക്കയിലെ ബഹുദൈവവിശ്വാസികളായ ബന്ധുക്കളുമായി കുടുംബ ബന്ധം തുടരുന്നതിനും അവരുമായി നല്ല സഹവര്‍ത്തിത്വം സ്ഥാപിക്കുന്നതിനും നബി(സ) എതിരുനിന്നില്ല എന്നുമാത്രമല്ല, സ്വഹാബികളെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.' അബൂബക് ര്‍(റ)ന്റെ പുത്രി അസ്മാഅ് പറയുന്നു:
'ബഹുദൈവവിശ്വാസിയായ എന്റെ മാതാവ്, ഖുറൈശികളുമായി നബി(സ) കരാറുണ്ടാക്കിയ കാലയളവില്‍ തന്റെ മകനോടൊപ്പം എന്നെ കാണാനായി വന്നു. അവരുമായി എന്തു നിലപാട് സ്വീകരിക്കണമെന്നതിനെപ്പറ്റി ഞാന്‍ നബി(സ) യോട് ചോദിച്ചു. 'അവര്‍ എന്നെ താല്‍പ്പര്യപ്പെട്ടുകൊണ്ടാണ് വന്നിരിക്കുന്നത്. ഞാന്‍ അവരുമായി കുടുംബബന്ധം ചേര്‍ക്കേണമോ?' അവിടുന്ന് പറഞ്ഞു: نعم، صلي امّك (അതെ, നീ നിന്റെ മാതാവുമായി ബന്ധം ചേര്‍ക്കുക).41
2. ഇതര മതവിഭാഗത്തില്‍ പെട്ടവരുമായി പാരിതോഷികങ്ങള്‍ കൈമാറുക എന്നത് നബി(സ)യുടെ ഒരു രീതിയായിരുന്നു. കൂടാതെ, കച്ചവടം, കൊള്ള കൊടുക്കലുകള്‍, വായ്പ, ഇതര ഇടപാടുകള്‍ മുതലായവയും നടത്തിയിരുന്നു.'
ആഇശ(റ) പറയുന്നു:
أنَّ النبيَّ صَلَّى اللهُ عليه وسلَّمَ اشْتَرَى طَعَامًا مِن يَهُودِيٍّ إلى أجَلٍ، ورَهَنَهُ دِرْعًا مِن حَدِيدٍ
'നബി(സ) ഒരു യഹൂദിയില്‍നിന്ന് നിശ്ചിത അവധിക്ക് ഭക്ഷണം വാങ്ങുകയും അയാള്‍ ഒരു ഇരുമ്പു പടയങ്കി പണയമായി സ്വീകരിക്കുകയും ചെയ്തു.'42
നബിക്ക് വായ്പയായോ കടമായോ ദാനമായോ എന്തും നല്‍കാന്‍ തയാറുള്ള സ്വഹാബികള്‍ ഉണ്ടായിരുന്നിട്ടും യഹൂദിയില്‍നിന്ന് വായ്പ വാങ്ങിയത് ഇതര വിഭാഗങ്ങളുമായി തുടരാവുന്ന സൗഹൃദത്തിന്റെ വിശാലത എത്രത്തോളമുണ്ടെന്ന് സ്വഹാബികളെ പഠിപ്പിക്കാനായിരുന്നു.

യഹൂദി വനിത ഹാരിസിന്റെ മകള്‍ സൈനബ് നല്കിയ അജമാംസം നബി(സ) സ്വീകരിച്ചതും കഴിച്ചതും വിഷം ഊട്ടിയതായതിനാല്‍ അത് പ്രശ്‌നങ്ങളുണ്ടാക്കിയതും പ്രസിദ്ധമാണല്ലോ.'43

അബൂഉബൈദ്, ഇക്്രിമയില്‍നിന്ന് ഉദ്ധരിക്കുന്നു: 'മക്കയിലായിരുന്ന അബൂസുഫ് യാന് അംറുബ്‌നു ഉമയ്യ വശം നബി(സ) അജ് വ കാരക്ക കൊടുത്തയക്കുകയുണ്ടായി. മക്കയില്‍നിന്ന് തുകല്‍ കൊടുത്തയക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടതുപ്രകാരം അബൂസുഫ് യാന്‍ അയച്ചുകൊടുക്കുകയുമുണ്ടായി.44

അലക് സാണ്ട്രിയയിലെ കോപ്റ്റിക് പ്രമുഖന്‍ മുഖൗഖിസിന്റെ പാരിതോഷികവും അവിടുന്നു സ്വീകരിക്കുകയുണ്ടായി.45 നബി (സ) മുഖൗഖിസിന്റെ പാരിതോഷികം സ്വീകരിച്ചതിനെ മുന്‍നിറുത്തി, യുദ്ധം പ്രഖ്യാപിച്ച ശത്രുക്കളില്‍നിന്നുപോലും പാരിതോഷികങ്ങള്‍ സ്വീകരിക്കാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.46

സഈദുബ്‌നുല്‍ മുസയ്യിബിനെ ഉദ്ധരിച്ച് അബൂഉബൈദ് എഴുതുന്നു: 'നബി(സ) ഒരു യഹൂദ കുടുംബത്തിന് സ്വദഖ കൊടുക്കുകയുണ്ടായി. അത് ഇപ്പോഴും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു'47

3. നബി(സ) അമുസ് ലിംകളുമായി ഇടപഴകുകയും അവരുടെ ക്ഷണം സ്വീകരിക്കുകയും ഭക്ഷണം കഴിക്കുകയും അവരിലെ നിവേദക സംഘങ്ങളെ സ്വാഗതം ചെയ്യുകയും മൃതദേഹങ്ങളോട് ആദരപൂര്‍വം പെരുമാറുകയും ചെയ്തു. അമുസ്്ലിംകളുമായി സഹജീവിതവും സഹവര്‍ത്തിത്വവും സാധ്യമാണെന്ന് അതുവഴി അവിടുന്ന് പ്രായോഗികമായി സ്ഥാപിച്ചു. അനസില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു:
كَانَ غُلاَمٌ يَهُودِيٌّ يَخْدُمُ النَّبيَّ صلى الله عليه وسلم فَمَرِضَ، فَأتَاهُ النَّبيُّ صلى الله عليه وسلم يَعُودُهُ، فَقَعَدَ عِنْدَ رَأسِهِ، فَقَالَ لَه: «أسْلِمْ» فَنَظَرَ إِلَى أبِيهِ وَهُوَ عِنْدَهُ؟، فَقَالَ: أَطِعْ أَبَا القَاسِمِ، فَأسْلَمَ، فَخَرَجَ النَّبيُّ صلى الله عليه وسلم وَهُوَ يَقُول: «الحَمْدُ للهِ الَّذِي أنْقَذَهُ منَ النَّارِ
'ഒരു യഹൂദ ബാലന്‍ നബി(സ) യെ സേവിച്ചിരുന്നു. അവന്‍ രോഗബാധിതനായി. നബി(സ) അവനെ സന്ദര്‍ശിക്കാനായി വന്നു. അവിടുന്ന് അവന്റെ തലയുടെ ഭാഗത്തായി ഇരുന്നു. തിരുമേനി അവനോട് ഇസ് ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പിതാവ് പറഞ്ഞു: 'നീ ഖാസിമിന്റെ പിതാവിനെ -നബി(സ)യെ- അനുസരിക്കൂ?' അതുപ്രകാരം അവന്‍ ഇസ് ലാം സ്വീകരിച്ചു. നബി(സ) വീട്ടില്‍നിന്ന് പുറത്തേക്കു വന്നു. അവിടുന്നു പറഞ്ഞു: 'അവനെ നരകത്തില്‍നിന്ന് രക്ഷിച്ച അല്ലാഹുവിന് സര്‍വസ്തുതിയും' 48
യഹൂദ ബാലനെ സേവകനായി സ്വീകരിച്ചതിലൂടെ ഇതര മതസ്ഥരുമായുള്ള സഹവര്‍ത്തിത്വം പ്രായോഗികമായിത്തന്നെ നബി(സ) സ്ഥാപിച്ചു. സേവിതരുടെ സ്വകാര്യങ്ങള്‍ പോലും സേവകര്‍ക്കറിയാന്‍ കഴിയുമെന്നതിനാല്‍, ദശക്കണക്കിനു സ്വഹാബികള്‍ സേവകരായി ഉണ്ടായിരുന്നിട്ടും യഹൂദ ബാലനെ സേവകനായി നിര്‍ത്തിയത് എന്തുകൊണ്ടായിരിക്കും? ഇതിന് ഉത്തരം കണ്ടെത്തേണ്ടത് സഹവര്‍ത്തിത്വത്തിന് ഇസ് ലാം നല്‍കുന്ന പരിഗണനയിലും പ്രാധാന്യത്തിലുമാണ്.
ഒരു യഹൂദന്റെ മയ്യിത്ത് കണ്ട നബി(സ) എഴുന്നേറ്റു നിന്നതും ഇതോട് ചേര്‍ത്ത് വായിക്കണം. ഇമാം ബുഖാരി അബ്ദുര്‍റഹ് മാനിബ്‌നി അബീലൈലയില്‍നിന്ന് ഉദ്ധരിക്കുന്നു:
كانَ سَهْلُ بنُ حُنَيْفٍ، وقَيْسُ بنُ سَعْدٍ قَاعِدَيْنِ بالقَادِسِيَّةِ، فَمَرُّوا عليهما بجَنَازَةٍ، فَقَامَا، فقِيلَ لهما إنَّهَا مِن أَهْلِ الأرْضِ أَيْ مِن أَهْلِ الذِّمَّةِ، فَقالَا: إنَّ النبيَّ صَلَّى اللهُ عليه وسلَّمَ مَرَّتْ به جِنَازَةٌ فَقَامَ، فقِيلَ له: إنَّهَا جِنَازَةُ يَهُودِيٍّ، فَقالَ: أَليسَتْ نَفْسًا
സഹ് ലുബ്‌നു ഹുനൈഫും ഖൈസുബ്‌നു സഅ്ദും ഖാദിസിയ്യയിലെ ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടത്തുകാര്‍ ഒരു മൃതദേഹവുമായി അവര്‍ ഇരുവരുടെയും അരികിലൂടെ കടന്നുപോയി. അപ്പോള്‍ അവര്‍ ഇരുവരും എഴുന്നേറ്റുനിന്നു. അതുകണ്ട ആരോ അവരോട് ചേദിച്ചു: 'ആ മൃതദേഹം ഇവിടത്തുകാരുടേതാണ് അഥവാ സംരക്ഷിതരായ അമുസ്്ലിം പ്രജകളുടേതാണ്.' അപ്പോള്‍ ഇരുവരും പറഞ്ഞു: 'ഒരിക്കല്‍ നബി(സ)യുടെ അടുത്തുകൂടി ഒരു മൃതദേഹം കൊണ്ടുപോയി. അവിടുന്ന് എഴുന്നേറ്റ് നിന്നു. അപ്പോള്‍ ആരോ പറഞ്ഞു: 'അത് യഹൂദിയുടെ ജനാസയാണ്. നബി(സ) പറഞ്ഞു: 'അത് ഒരു മനുഷ്യശരീരമല്ലെ?'49 എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന മഹത്തായ പാഠമാണ് ഇതിലൂടെ നബി(സ) പകര്‍ന്നു നല്‍കിയത്. അന്നിസാഅ് 1-ാം സൂക്തത്തിന്റെ സന്ദേശം പ്രായോഗികമായി കാണിച്ചു കൊടുക്കുകയായിരുന്നു അവിടുന്ന്.

മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു യഹൂദി നബി(സ)യെ സദ്യയിലേക്ക് ക്ഷണിച്ചു. അനസില്‍നിന്ന് അഹ് മദ് ഉദ്ധരിക്കുന്നു:
‏ ‏أَنَّ يَهُودِيًّا ‏ ‏دَعَا النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِلَى خُبْزِ شَعِيرٍ ‏ ‏وَإِهَالَةٍ ‏ ‏سَنِخَةٍ ‏ ‏فَأَجَابَهُ ‏
'ഒരു യഹൂദി നബി(സ)യെ ബാര്‍ലിയുടെ റൊട്ടിയും രുചിവ്യത്യാസം വന്ന നെയ്യും കഴിക്കാനായി ക്ഷണിച്ചു. അവിടുന്ന് ക്ഷണം സ്വീകരിച്ചു'50 (രുചി വ്യത്യാസമുള്ള ഭക്ഷണമായിട്ടും ക്ഷണം നിരസിച്ചില്ല എന്നുസാരം)

സഹജീവിതത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാഗമായി മാത്രമല്ല, എല്ലാവരും ഒരേ രാജ്യനിവാസികളും ബാഹ്യശക്തികളെ ചെറുക്കേണ്ടവരുമാണെന്ന ബോധമുണര്‍ത്തുക എന്നതും ലക്ഷ്യമായിരുന്നു എന്നു മനസ്സിലാക്കുന്നു.
നജ്‌റാനില്‍നിന്നു വന്ന അറുപതംഗ ക്രൈസ്തവ സംഘത്തെ സ്വീകരിച്ചതും ഈയിനത്തിലെ ശ്രദ്ധേയ സംഭവമാണ്. അല്‍ ആഖിബ്, അബ്ദുല്‍ മസീഹ്, ഹാരിസുബ്‌നു അല്‍ഖമ എന്നീ മൂന്നുപേരായിരുന്നു അവരിലെ പ്രധാനികള്‍. നബി(സ) അവരെ മദീനാ പള്ളിയില്‍ സ്വീകരിച്ചു. കിഴക്കോട്ട് തിരിഞ്ഞ് അവര്‍ പള്ളിയില്‍ വെച്ച് തങ്ങളുടേതായ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു. എത്രതന്നെ മിഥ്യയാണെങ്കിലും അന്യരുടെ വിശ്വാസങ്ങളെ മാനിക്കുക എന്ന പാഠമാണ് അതിലൂടെ നബി(സ) അനുയായികള്‍ക്ക് പകര്‍ന്നുനല്‍കിയത്.51

എത്യോപ്യയിലെ നജ്ജാശി ചക്രവര്‍ത്തിയുടെ പ്രതിനിധികള്‍ വന്നപ്പോള്‍ നബി(സ) സ്വന്തം നിലയില്‍ തന്നെ അവരെ സ്വീകരിച്ച് സല്‍ക്കരിച്ചു. മക്കയില്‍നിന്ന് ഹിജ്‌റ പോയ മുസ് ലിംകളെ സ്വീകരിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്തതിന്റെ മെച്ചപ്പെട്ട പ്രത്യുപകാരം എന്നനിലയിലായിരുന്നു നബി(സ)യുടെ ഈ നടപടി. അബൂഖതാദയില്‍നിന്ന് ബൈഹഖി ഉദ്ധരിക്കുന്നു:
 وفد النجاشي على رسول الله صلى الله عليه وسلم فقام  يخدمهم فقال أصحابه: نحن نكفيك يا رسول الله. قال: "إنهم كانوا لأصحابنا مكرمين، وإني أحب أن أكافئهم
'നജ്ജാശിയുടെ ഒരു പ്രതിനിധി സംഘം നബി(സ)യെ കാണാനായി വന്നു. അവിടുന്ന് അവരെ സേവിക്കാനായി മുന്നോട്ടുവന്നു. അപ്പോള്‍ അവിടുത്തെ സ്വഹാബികള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വേണ്ടതു ചെയ്തുകൊള്ളാം.' നബി(സ) പ്രതികരിച്ചു: 'തീര്‍ച്ചയായും അവര്‍ നമ്മുടെ ആളുകളോട് ആദരവോടെ പെരുമാറിയവരാണ്. നിശ്ചയം ഞാന്‍ അവര്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.'52 ഇസ് ലാം സ്വീകരിക്കുന്നതിനുമുമ്പ് നബി(സ)യുടെ ആതിഥ്യം അനുഭവിച്ച അദിയ്യുബ്‌നു ഹാത്വിം നബി(സ)യുടെ ആതിഥ്യ മര്യാദയെപ്പറ്റി പറയുന്നു: 'ഞാന്‍ നബി(സ)യെ ചെന്നുകണ്ടു. അവിടുന്ന് പള്ളിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു:
'ഇത് അദിയ്യുബ്‌നു ഹാതിമാണ്.' അഭയപത്രമോ രേഖയോ ഇല്ലാതെയാണ് ഞാന്‍ ചെന്നിരുന്നത്. എന്നെ ആളുകള്‍ തിരുമേനിയുടെ അടുത്തേക്ക് കൊണ്ടുചെന്നാക്കിയപ്പോള്‍ നബി(സ) എന്റെ കരം ഗ്രഹിച്ചു. ...... അവിടുന്ന് എന്നെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ഉണ്ടായിരുന്ന ഒരു അടിമപ്പെണ്‍കുട്ടി ഒരു തലയണ നബി(സ)ക്കായി കൊണ്ടുവെച്ചു. അവിടുന്ന് അതിന്മേല്‍ ഇരുന്നു.
സംരക്ഷിത പ്രജകളും യുദ്ധം പ്രഖ്യാപിച്ചവരും കരാര്‍ ചെയ്തവരുമായ അമുസ് ലിംകളോട് നബി(സ) എവ്വിധമായിരുന്നു സഹവര്‍ത്തിച്ചിരുന്നതെന്നതിന്റെ ധാരാളം അനുഭവങ്ങള്‍ ചരിത്രകൃതികളില്‍ നമുക്ക് കാണാം.

മദീന എന്ന ഇസ്്ലാമിക രാഷ്ട്രത്തിന്റെ നായകന്‍ എന്ന നിലയില്‍ അവിടത്തെ അമുസ്്ലിം പ്രജകളോട് അവിടുന്ന് സ്വീകരിച്ച നിലപാടുകളും സഹവര്‍ത്തിത്വത്തിനു നല്‍കിയ നിയമ പരിരക്ഷയും 'മദീനത്തുസ്സ്വഹീഫ' എന്ന പേരില്‍ പ്രസിദ്ധമായ പത്രികയില്‍നിന്ന് വ്യക്തമാണല്ലോ. മുഹാജിറുകളും അന്‍സ്വാറുകളും ഒരു കക്ഷിയും ജൂതന്മാര്‍ മറുകക്ഷിയുമായാണ് പത്രിക തയാറാക്കപ്പെട്ടത്. വിശ്വാസ, അഭിപ്രായ സ്വാതന്ത്ര്യം, സമ്പത്തുക്കള്‍ക്ക് സംരക്ഷണം, അയല്‍പക്ക ബന്ധങ്ങള്‍ക്ക് പവിത്രത, മര്‍ദിതര്‍ക്ക് സഹായം, അതിക്രമകാരികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ്, മദീനക്കെതിരെ യുദ്ധത്തിനു വരുന്നവര്‍ക്കെതിരെ ഒറ്റക്കെട്ട് ഇത്രയുമായിരുന്നു കരാര്‍പത്രികയിലെ പ്രധാന തീരുമാനങ്ങളും വ്യവസ്ഥകളും.
* യഹൂദികള്‍ക്കും മുസ് ലിംകള്‍ക്കും തങ്ങളുടെ മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. എല്ലാവരുടെയും സമ്പത്തുക്കൾക്കും ശരീരങ്ങള്‍ക്കും സംരക്ഷണമുണ്ടായിരിക്കും, അക്രമം നടത്തുന്നവരും പാപം ചെയ്യുന്നവരും ഇതില്‍നിന്നൊഴിവായിരിക്കും.
* സത്യവിശ്വാസികള്‍ ശത്രുക്കളോട് യുദ്ധം ചെയ്യുന്നേടത്തോളം യഹൂദികള്‍ അവര്‍ക്കൊപ്പം ധനവിനിയോഗം ചെയ്യേണ്ടതാണ്.
* യഹൂദികളുടെ ചെലവ് അവരും മുസ് ലിംകളുടേത് അവരും വഹിക്കേണ്ടതാണ്. ഈ കരാറിലെ കക്ഷികളോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ ഇരുവരും സഹായിക്കേണ്ടതാകുന്നു.
* അവര്‍ക്കിടയില്‍ ഗുണകാംക്ഷയും മര്‍ദിതര്‍ക്ക് സഹായവും പുണ്യവും കാഴ്ചവെക്കണം; പാപത്തില്‍ സഹകരിക്കരുത്.53 മദീനയിലും പരിസര നാടുകളിലും സമാധാനം സ്ഥാപിക്കാനുള്ള മുസ് ലിംകളുടെ അതീവ താല്‍പര്യത്തിന്റെ ശ്രമഫലമായിരുന്നു മേല്‍ കരാര്‍ പത്രിക. ഇതുപ്രകാരം മദീനയിലെ അമുസ് ലിംകളും മുസ്്ലിംകളെപ്പോലെ തന്നെ ഒന്നാംകിട പൗരന്മാരായിരുന്നു. പഴയകാല രാഷ്ട്രങ്ങളിലോ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ആധുനിക രാഷ്ട്രങ്ങളിലോ നബി(സ)യുടെ നേതൃത്വത്തിലെ മദീനയിലെ തുല്യ പൗരത്വം എന്ന ആശയം യാഥാര്‍ഥ്യമായിട്ടില്ല. മദീന പത്രികയിലെ എല്ലാ ഖണ്ഡികകളും അവിടത്തെ അമുസ് ലിം വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്നു.  

അടിക്കുറിപ്പുകൾ

25. (7376) صحيح البخارى
26. شرح صحيح البخاري لابن بطال ج 9 ص 219
27. (3942) سنن الترمذي
28. (2739) سنن الترمذي
29. (2599) صحيح مسلم
30. (4032) الحاكم في مستدركه
31. الدّرر السّنيّة: صحيح، (3052) سنن أبي داود
സുയൂത്വിയെപോലുള്ളവർ സ്വഹീഹെന്നും അൽബാനിയെ പോലുള്ളവർ ഹസൻ എന്നും, ശുഐബുൽ അർനഊത്വ് ദുർബലമെന്നും അഭിപ്രായപ്പെടുന്നു. സമാനമായ മറ്റൊരു ഹദീസ് ബുഖാരിയും മുസ് ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ പരമ്പരക്ക് കുഴപ്പമില്ലെന്ന് ഇമാം സഖാവി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുദ്ധരിച്ച് സ്വഹാബികളുടെ മക്കളുടെ പേരുകൾ അറിയില്ലെന്നതുകൊണ്ടുമാത്രം ഇതു ദുർബലമാകില്ല. പേരുകളറിയായ്ക പരിഹരിക്കാവുന്നത്രയും പേർ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അബൂദാവൂദ് മൗനം പാലിച്ചത് അതുകൊണ്ടാണ്. സഖാവി (മ.ഹി 902) യുടെ അൽ മഖാസ്വിദുൽ ഹസന കാണുക.

32. الطبراني في المعجم الكبير ج 22 ص 57
33. (3166) صحيح البخارى
34. (350) مسند الإمام الشافعي
35. (6024) صحيح البخاري
36. (2662) مسند أبي يعلى
37. الإمام السرخسي شرح السير الكبير 1/96
38. البداية والنهاية ج 4 ص 434، امتاع الأسماع ج 1 ص 271
39. شرح السير الكبير ج 1 ص 96
40. (18275) البيهقي، السنن الكبرى ج 9 ص 199
41. (5979) صحيح البخاري، كتاب الأدب ج 8 ص 4
42. (2252) صحيح البخاري ج 3 ص 86
43. (2617) صحيح البخاري ج 3 ص 163
44. (633) كتاب الأموال ج 1 ص 328
45. المغني لابن قدامة ج 9 ص 327
46. المغني لابن قدامة ج 9 ص 327
47. أبو عبيد كتاب الأموال ج 1 ص 728
48. (1356) صحيح البخاري ج 2 ص 94
49. (1312) صحيح البخاري ج 2 ص 85
50. (13201) مسند أحمد ج 2 ص 424
51. المعجم الأوسط للطراني ج ع ص 172 (3960) ، البداية والنهاية ج 5 ص 67
52. (باب الهجرة الأولى ثم الثانية) البيهقي ج 2 ص 307   
53. كتاب الأموال، لابن زنجويه ج 2 ص 466، السيرة النبوية لابن هشام ج 1 ص 503، المصباح المضيئ في كتاب النّبي الأمّيّ ج 2 ص 8

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top