ലാ ഇലാഹ ഇല്ലല്ലാഹ് അര്‍ഥവും വിവക്ഷയും
ഡോ. അലി മുഹമ്മദ് സ്വല്ലാബി
മനുഷ്യന്‍ ഇസ് ലാമിന്റെ കവാടം കടക്കുന്നതും തൗഹീദിന്റെ പടവുകളിലെത്തുന്നതും ദാസ്യത്തിന്റെ പദവികള്‍ കയറുന്നതും 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ആദര്‍ശവാക്യം ഉച്ചരിക്കുന്നതോടെയാണ്. അല്ലാഹുവിന്റെ ഉലൂഹിയ്യത്തും റബൂബിയ്യത്തും നബി(സ)യുടെ രിസാലത്തും അതോടെ അയാള്‍ സമ്മതിച്ചംഗീകരിക്കേണ്ടി വരുന്നു. അല്ലാഹു മാത്രമാണ് ഇബാദത്തിന് അര്‍ഹനെന്ന് ഹൃദയംഗമമായി സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം മഹാനായ അല്ലാഹുവിന് തന്റെ ബുദ്ധിയാലും ഹൃദയത്താലും ശരീരത്താലും അവയവങ്ങളാലും അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും, അവനല്ലാതെ ഇലാഹില്ലെന്ന് സമ്മതിച്ച് പറയുകയും, അവനെ മഹത്വപ്പെടുത്തുകയും, നിഷ്‌കളങ്കമായ ദാസ്യം സമര്‍പ്പിക്കുകയും വേണം.
അല്ലാഹുവിന്റെ ഔദാര്യത്തിന്റെ ഭാഗവും സൃഷ്ടിപ്പിന്റെ അംശവുമായ മനുഷ്യനിലെ ആന്തരിക സ്വത്വം അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നുണ്ട്, പ്രകീര്‍ത്തിക്കുന്നുണ്ട്. നാം ഉദ്ദേശിച്ചാലും വിസമ്മതിച്ചാലും, അശ്രദ്ധ ഭാവിച്ചാലും ഉണര്‍ന്നിരുന്നാലും, ജീവിച്ചാലും മരിച്ചാലും, വിശ്വസിച്ചാലും നിഷേധിച്ചാലും നമ്മിലെ സമസ്ത അണുക്കളും അല്ലാഹുവിന് വിധേയപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ കല്‍പന പ്രകാരവും അവന്റെ ആദരണീയരായ ദൂതന്മാരുടെ ജിഹ്വകളിലൂടെ വന്നതു പ്രകാരവും അല്ലാഹുവെ സ്വമേധയാ ഇബാദത്തു ചെയ്യാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം നിലവിലുണ്ട്.1
അതോടൊപ്പം മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്നും അല്ലാഹുവിന്റെ അടിമയാണെന്നും അദ്ദേഹം മനുഷ്യ-ജിന്ന് വര്‍ഗങ്ങളിലേക്കുള്ള അവന്റെ ദൂതനാണെന്നും സകല മനുഷ്യരിലേക്കുമുള്ള അല്ലാഹുവിന്റെ കാരുണ്യമാണെന്നും സന്മാര്‍ഗചാരിയായ വഴികാട്ടിയാണെന്നും നാം അംഗീകരിച്ചിരിക്കണം.
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് അർഥവും വിവക്ഷയും
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാല്‍ യഥാര്‍ഥത്തില്‍ ഇബാദത്ത് ചെയ്യപ്പെടാന്‍ അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റൊരാളില്ല എന്നാണ് വിവക്ഷ. എല്ലാതരം ഇബാദത്തുകളും അര്‍ഹിക്കുന്നവനായി അവന്‍ മാത്രമേയുള്ളൂ.
وَإِلَٰهُكُمْ إِلَٰهٌ وَاحِدٌۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ
'നിങ്ങളുടെ ദൈവം ഏകനായ ദൈവമാകുന്നു. പരമകാരുണികനും കരുണാനിധിയുമായ അവനല്ലാതെ ദൈവമേയില്ല' (അല്‍ ബഖറ 163)
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ . إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ . وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ
'ഇബ്‌റാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാകുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ (സത്യത്തിലേക്ക്) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.' (അസ്സുഖ്‌റുഫ് 26-28)
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ
'അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍' (ആലു ഇംറാന്‍ 2)
മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്റെ വിവക്ഷ മനുഷ്യ-ജിന്ന് വര്‍ഗങ്ങളിലേക്കുള്ള ദൂതനായി ഖുറൈശ് ഗോത്രജനും ഹാശിം വംശജനുമായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെ ഹൃദയംഗമമായി അംഗീകരിച്ച്, നാവുകൊണ്ട് പ്രഖ്യാപിക്കലാണ്.
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِۖ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُۖ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
'പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരാള്‍ക്കാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം' (അല്‍ അഅ്‌റാഫ് 158)
تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا
'തന്റെ ദാസന്റെ മേല്‍ സത്യാസത്യവചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്' (അല്‍ഫുര്‍ഖാന്‍ 1)
'ലാ ഇലാഹ ഇല്ലല്ലാഹു'വില്‍ നിഷേധപരവും സ്ഥിരീകരണപരവുമായ രണ്ടു ഘടകങ്ങളുണ്ട്.
ലാഇലാഹ
'ദൈവമേ ഇല്ല' എന്ന നിഷേധത്തിന്റെ വിവക്ഷ, അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന സകല ദൈവങ്ങളെയും നിരാകരിക്കുന്നു, തള്ളിപ്പറയുന്നു എന്നത്രെ. അതുകൊണ്ടുതന്നെ അവയൊന്നും ഇബാദത്തുകള്‍ക്ക് അര്‍ഹമല്ല. നിഷേധവേളയില്‍ 'ഇലാഹ്' എന്ന് സാമാന്യ നാമമായി ഉപയോഗിച്ചതിലൂടെ അത് എല്ലാതരം ദൈവങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതായത്, അല്ലാഹു അല്ലാത്ത എല്ലാ ദൈവങ്ങളും വ്യാജങ്ങളാണെന്ന് പ്രഖ്യാപിക്കുന്നു.
ഇല്ലല്ലാഹ്
ഇബാദത്തുകള്‍ക്കര്‍ഹന്‍ സത്യദൈവമായ അല്ലാഹു മാത്രമാണ് എന്നത്രെ 'ഇല്ലല്ലാഹ്' എന്നതിന്റെ വിവക്ഷ. 'ലാ ഇലാഹ' എന്നാല്‍ 'ലാഇലാഹ (ബിഹഖ്ഖിന്‍) ഇല്ലല്ലാഹ്' എന്നാണ്. അതായത്, സത്യമായും അല്ലാഹു അല്ലാതെ ദൈവമില്ല എന്ന്. സ്രഷ്ടാവ്, അന്നദാതാവ്, ജീവിപ്പിക്കുന്നവന്‍, മരിപ്പിക്കുന്നവന്‍, ഉപദ്രവം വരുത്തുന്നവന്‍ മുതലായ നിലകളിലെല്ലാം അല്ലാഹു റബ്ബ് എന്ന നിലയില്‍ ഏകനാണെന്ന പോലെ സൃഷ്ടികളെ സൃഷ്ടിക്കുന്നതിലോ, അവയെ കൈകാര്യം ചെയ്യുന്നതിലോ ദിവ്യത്വത്തിലോ അല്ലാഹുവിന് പങ്കുകാരായി ആരുമില്ല തന്നെ.
ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
'അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും' (ലുഖ്മാന്‍ 30)2
ശഹാദത്തു കലിമയിലെ 'അല്ലാഹു' എന്ന പദം അല്ലാഹുവിന്റെ നാമങ്ങളിലെ അതിമഹത്തായ നാമമാണ്. ഖുര്‍ആനിലും സുന്നത്തിലും ധാരാളം തവണ അത് ആവര്‍ത്തിച്ചിരിക്കുന്നു. ('അല്‍ ഇലാഹി'ലെ ഹംസഃ ഗുപ്തമാകുകയും രണ്ടു ലാമുകളും ഒന്നായിത്തീരുകയും ചെയ്തതാണ് അല്ലാഹു എന്ന പദം)3
ലോകത്തെങ്ങുമുള്ള വ്യത്യസ്ത ഭാഷക്കാരായ മനുഷ്യരുടെ നാവുകളിലൂടെ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്ന നാമമാണ് 'അല്ലാഹു' എന്ന പദം.
ഉലൂഹിയ്യത്തിന്റെയും റുബൂബിയത്തിന്റെയും സമസ്ത ഗുണങ്ങളെയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന മഹത്തായ സത്തയെയാണ് 'അല്ലാഹു' എന്ന് വിളിക്കുന്നത്. അത് അവന്റെ മാത്രം നാമമാണ്. അതുമായി അവനല്ലാത്ത മറ്റൊരാള്‍ക്കും ബന്ധമില്ല. അവന്‍ അല്ലാത്തവര്‍ക്ക് ആ പേര് ഉപയോഗിക്കില്ല. അവന്റെ സൃഷ്ടികളില്‍ ആരും തന്നെ ആ പേര് അവകാശപ്പെടുന്നില്ല.
സൃഷ്ടികള്‍ മഹത്വപ്പെടുത്തുകയും പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ഏഴ് ആകാശങ്ങളും ഏഴു ഭൂമികളും, അവയിലുള്ളവയും രാവും പകലും മനുഷ്യരും ജിന്നുകളും കരയും കടലും വിശുദ്ധിയെ വാഴ്ത്തുന്ന റബ്ബിന്റെ നാമമാണ് 'അല്ലാഹു.'
وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْۗ إِنَّهُ كَانَ حَلِيمًا غَفُورًا
'യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.' (അല്‍ ഇസ്‌റാഅ് 44).
ഹൃദയങ്ങള്‍ പരിഭ്രമപൂര്‍വം അഭയം തേടുകയും മനസ്സുകള്‍ ഹൃദയംഗമമായി ആഗ്രഹിക്കുകയും സ്മരിക്കുന്നതിലൂടെയും സാമീപ്യത്തിലൂടെയും ശാന്തി നേടുകയും സൃഷ്ടികളായ സൃഷ്ടികള്‍ക്കൊക്കെയും ഓരോ നിമിഷത്തിലും ചെറുതും വലുതും സവിശേഷവും പൊതുവുമായ കാര്യങ്ങളിലും ചിന്തകളിലും വര്‍ത്തമാന ഭാവികാലങ്ങളിലും ആവശ്യമായി വരികയും ചെയ്യുന്ന റബ്ബാണ് അല്ലാഹു.
സൃഷ്ടിപ്പ് തുടങ്ങിയതും പുനഃസൃഷ്ടിക്കുന്നതും അല്ലാഹുവാകുന്നു. സൃഷ്ടികളത്രയും അവന് വിധേയപ്പെടുന്നു, അവനെ അംഗീകരിക്കുന്നു. അല്ലാഹു തങ്ങള്‍ക്ക് എണ്ണമറ്റ അനുഗ്രഹങ്ങള്‍ വാരിക്കൊരി നല്‍കിയിട്ടുണ്ടെന്ന് അവന്റെ സൃഷ്ടികളായ സൃഷ്ടികള്‍ക്കറിയാം. അതുകൊണ്ടുതന്നെ മനുഷ്യ ഹൃദയം സ്‌നേഹത്താലും ബഹുമാനത്താലും അവങ്കലേക്ക് തിരിയുന്നു.
സത്തയിലും വിശേഷണങ്ങളിലും നാമങ്ങളിലും മഹത്വത്തിലുമെല്ലാം അതി മഹാനാണ് അല്ലാഹു. അവനെ ബുദ്ധികള്‍ കൊണ്ട് വലയം ചെയ്യാനാവില്ല. ഗ്രഹണ ശേഷികള്‍ക്ക് അവനെ മനസ്സിലാക്കാനാവില്ല. അവന്റെ മഹത്വത്തെ ഊഹങ്ങള്‍കൊണ്ട് വിലയിരുത്താനാവില്ല. അവന്റെ മഹത്വത്തെക്കുറിച്ച് ഓര്‍ത്താല്‍ ബുദ്ധികള്‍ അതിശയ ചിത്തരാവും. ആ മഹത്വത്തിന്റെ ഏതെങ്കിലും ഒരു വശമെങ്കിലും മനസ്സിലാക്കാനുള്ള ശേഷി നല്‍കപ്പെട്ടാല്‍ അതുവഴി നാം കഴിവിന്റെ പരമാവധി അല്ലാഹുവിനെ സ്‌നേഹിക്കും, അവനെ ഭയക്കും, അവനില്‍ പ്രതീക്ഷപുലര്‍ത്തും, അവന് വഴിപ്പെടും.4
لله في الآفاق آيات لعل أقلها هو ما إليه هداك
ولعل ما في النفس من آياته عجب عجاب لو ترى عيناك
والكون مشحون بأسرار إذا حاولْتَ تفسيرًا لها أعياك
'ചക്രവാളങ്ങളില്‍ അല്ലാഹുവിന്റേതായ ദൃഷ്ടാന്തങ്ങളുണ്ട്. അവയില്‍ ഏറ്റവും കുറഞ്ഞത് അല്ലാഹുവിലേക്ക് നിനക്ക് മാര്‍ഗദര്‍ശനം നല്‍കിയതാവാം. നിന്നിലുള്ള അവന്റെ ദൃഷ്ടാന്തങ്ങള്‍ നിന്റെ രണ്ടു കണ്ണുകള്‍ കണ്ടാല്‍ അത്ഭുത പരതന്ത്രമാവും. പ്രപഞ്ചം രഹസ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ നീ ക്ഷീണിച്ചു പോവും'5
സത്യവിശ്വാസികള്‍ തങ്ങളുടെ നിഷ്‌കളങ്കമായ ഹൃദയങ്ങളാലും ഇബാദത്തുകളാലും, നമസ്‌കാരം, ഹജ്ജ്, അനുഷ്ഠാനങ്ങള്‍, ജീവിതം, പരലോകം മുതലായവയാലും സമര്‍പ്പിക്കുന്ന ദൈവമാണ് അല്ലാഹു.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ. لَا شَرِيكَ لَهُۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
'നബിയേ, താങ്കള്‍ പറയുക: തീര്‍ച്ചയായും എന്റെ നമസ്‌കാരവും എന്റെ ബലികര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അവന് പങ്കുകാരനില്ല, ഇതുകൊണ്ട് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു, ഞാന്‍ മുസ് ലിംകളില്‍ പ്രഥമനാണ്' (അല്‍ അന്‍ആം 162, 163).
'ലാ ഇലാഹ ഇല്ലല്ലാഹ'യുടെ ആത്മാവും രഹസ്യവും, സ്‌നേഹവും ബഹുമാനവും ആദരവും ഭയവും പ്രതീക്ഷയും തവക്കുലും കൊതിയും ഗൗരവവും അല്ലാഹുവിനു മാത്രം നല്‍കുക എന്നാണ്. അവനെ മാത്രമെ സ്‌നേഹിക്കാവൂ. അവന്‍ അല്ലാത്തവരെ സ്‌നേഹിക്കുന്നുവെങ്കില്‍ അത് അവനോടുള്ള സ്‌നേഹത്തിന്റെ തുടര്‍ച്ചയും അവനോടുള്ള സ്‌നേഹത്തെ പോഷിപ്പിക്കുന്നതുമായിരിക്കണം. അവനെയല്ലാതെ മറ്റൊരാളെയും പേടിക്കുകയോ മറ്റൊരാളില്‍ പ്രതീക്ഷയര്‍പ്പിക്കുകയോ ചെയ്യരുത്. അവനല്ലാത്ത ഒരാളിലും ഭരമേല്‍പിക്കരുത്. അവനല്ലാത്ത മറ്റാരെയും ആഗ്രഹിക്കരുത്. അവനല്ലാത്ത മറ്റൊരാളെയും ഭയക്കരുത്. അവന്റെ പേരുകൊണ്ടല്ലാതെ സത്യം ചെയ്യരുത്. അവന്നായല്ലാതെ നേര്‍ച്ചനേരരുത്. അവനിലേക്കല്ലാതെ പശ്ചാത്തപിച്ചു മടങ്ങരുത്. അവന്റെ കല്‍പനയല്ലാതെ അനുസരിക്കപ്പെടരുത്; അവന്റെ പ്രതിഫലമല്ലാതെ കാംക്ഷിക്കപ്പെടരുത്, പരീക്ഷണങ്ങളില്‍ അവന്റെ സഹായം മാത്രമേ തേടപ്പെടാവൂ, അവനിലേക്കല്ലാതെ അഭയം തേടപ്പെടാവതല്ല, അവന്റെ മുമ്പിലല്ലാതെ സുജൂദ് ചെയ്യാവതല്ല, അവനുവേണ്ടിയും അവന്റെ പേരിലുമല്ലാതെ ബലിയര്‍പ്പിക്കാവതല്ല. ചുരുക്കത്തില്‍, എല്ലാതരം ഇബാദത്തുകളും അല്ലാഹുവിനു മാത്രമായിരിക്കണം. ഇതാണ് 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ സാക്ഷാല്‍ വിവക്ഷ. കലിമത്തുത്തൗഹീദ് സാക്ഷ്യപ്പെടുത്തിയ ആള്‍ക്ക് നരകം നിഷിദ്ധമാകുന്നത് ഈ നിവലാരത്തിലെത്തുമ്പോഴാണ്. ഈ നിലവാരത്തിലെത്തിയ ആള്‍ നരകത്തില്‍ പ്രവേശിക്കുക എന്നത് അസംഭവ്യമാണ്.
وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ
'തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും' (അല്‍മആരിജ് 33) ആന്തരികമായും ബാഹ്യമായും ഹൃദയംഗമമായും കർമപരമായും ഈ സാക്ഷ്യം അയാള്‍ സാക്ഷാല്‍ക്കരിച്ചിരിക്കും.6
ഈ സാക്ഷ്യത്തിന്റെ മറ്റൊരു താല്‍പര്യം അല്ലാഹുവിന്റെ ദൂതനെ സത്യപ്പെടുത്തുക, അദ്ദേഹത്തിന്റെ ശാസനാ നിരോധങ്ങളെ അനുസരിക്കുക, അല്ലാഹുവിനെ അദ്ദേഹം പഠിപ്പിച്ച നിയമാനുസൃത രീതിയില്‍ മാത്രം ഇബാദത്ത് ചെയ്യുക, പ്രപഞ്ചത്തിന്റെ നടത്തിപ്പിന്റെയും നിയന്ത്രണത്തിന്റെയും ഒരു വശത്തിലും മുഹമ്മദ് നബിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാതിരിക്കുക, ഇബാദത്ത് ചെയ്യപ്പെടാന്‍ അദ്ദേഹം അര്‍ഹനാണെന്ന് വിശ്വസിക്കാതിരിക്കുക, നബി(സ) ആരാധിക്കപ്പെടാത്ത ദാസനും കളവാക്കപ്പെടാവതല്ലാത്ത ദൂതനും, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ, തനിക്കോ മറ്റുള്ളവര്‍ക്കോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുകയില്ലെന്നും വിശ്വസിച്ചിരിക്കണം.7
'ലാഇലാഹ ഇല്ലല്ലാഹ്' എന്ന സത്യസാക്ഷ്യ വചനം മുസ് ലിംകള്‍ക്കിടയില്‍ കലിമത്തുത്തൗഹീദ്, കലിമത്തുല്‍ ഇഖ്‌ലാസ്വ്, കലിമത്തുത്തഖ്്വാ എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെടുന്നുണ്ട്. മേല്‍വചനം മനുഷ്യരായോ ശിലയായോ മരമായോ ഇബാദത്തു ചെയ്യപ്പെടുന്ന വസ്തുക്കൾക്കും ഭൂമിയിലെ സകല സ്വേഛാധിപതികള്‍ക്കും ജാഹിലിയ്യ ത്വാഗൂതുകള്‍ക്കും വിഗ്രഹങ്ങള്‍ക്കും വ്യാജ ദൈവങ്ങള്‍ക്കും എതിരെയുള്ള വിപ്ലവമാണ്. അത് മനുഷ്യരെ മനുഷ്യര്‍ക്കോ പ്രകൃതിക്കോ ഇതര സൃഷ്ടികള്‍ക്കോ ഉള്ള അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സാര്‍വലൗകിക ആഹ്വാനമാണ്. ഏതൊരു സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മുഖങ്ങള്‍ കുനിയരുതോ, ഏതൊരാളുടെ വിധിക്കല്ലാതെ ഹൃദയങ്ങള്‍ കീഴ്‌പ്പെടരുതോ, ഏതൊരാളുടെ അധികാരത്തിനല്ലാതെ അവ വിധേയപ്പെടരുതോ ആ അല്ലാഹുവിന്റെ പദ്ധതിയുടെ ശീര്‍ഷകമാണ് ലാ ഇലാഹഇല്ലല്ലാഹ്!8
ലാ ഇലാഹ ഇല്ലല്ലാഹ്
എന്ന വചനത്തിന്റെ ശ്രേഷ്ഠത
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വചനത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ച് ഖുര്‍ആനിലും സുന്നത്തിലും ധാരാളം വന്നിട്ടുണ്ട്. ആകാശ ഭൂമികള്‍ നിലകൊള്ളുന്ന വചനമാണത്. സകല സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടത് അതിനു വേണ്ടിയാണ്. ഗ്രന്ഥങ്ങല്‍ അവതരിപ്പിച്ചതും ത്രാസുകള്‍ സ്ഥാപിച്ചതും അതിനുവേണ്ടിതന്നെ. സ്വര്‍ഗ-നരകങ്ങള്‍ സംവിധാനിക്കപ്പെട്ടതും മറ്റൊന്നിനല്ല. മനുഷ്യര്‍ സത്യവിശ്വാസികള്‍, സത്യനിഷേധികള്‍ പുണ്യവാന്മാര്‍, പാപികള്‍ എന്നിങ്ങനെ രണ്ടായി തരം തിരിഞ്ഞതും സൃഷ്ടിപ്പിന്റെയും കല്‍പനയുടെയും രക്ഷയുടെയും ശിക്ഷയുടെയും നിമിത്തമായതും ലാ ഇലാഹ ഇല്ലല്ലാഹ് തന്നെ. ചോദ്യവും വിചാരണയും പ്രതിഫലവും ശിക്ഷയും അതിനെ ആശ്രയിച്ചു തന്നെ. ഖിബ് ല സ്ഥാപിക്കപ്പെട്ടതും മില്ലത്തിന് അടിത്തറയിട്ടതും ധര്‍മസമരത്തിന്റെ വാളുകള്‍ ഉറകളില്‍നിന്ന് ഊരപ്പെടുന്നതും അതിനുവേണ്ടിയാണ്. തന്റെ എല്ലാ ദാസന്മാരില്‍നിന്നും അല്ലാഹുവിന് ലഭിക്കേണ്ടുന്ന അവകാശമാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്!' ഇസ് ലാമിന്റെ വചനവും സമാധാന ഗേഹത്തിന്റെ താക്കോലുമാണത്. മുന്‍ഗാമികളും പിന്‍ഗാമികളും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്ന വചനം. നിങ്ങള്‍ ആര്‍ക്ക് ഇബാദത്തുകള്‍ ചെയ്തു? ദൂതന്മാര്‍ക്ക് എന്ത് ഉത്തരം നല്‍കി. എന്നീ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു മനുഷ്യന്റെയും പാദങ്ങള്‍ക്ക് മുന്നോട്ടു ചലിക്കാനാവില്ല.
ആര്‍ക്ക് ഇബാദത്ത് ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് അറിഞ്ഞും അംഗീകരിച്ചും പ്രവര്‍ത്തിച്ചും സാക്ഷാല്‍ക്കരിച്ചു എന്നതാവണം. നബിമാര്‍ക്ക് എന്ത് മറുപടി നല്‍കി എന്ന ചോദ്യത്തിന്റെ ഉത്തരം, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് അറിഞ്ഞും അംഗീകരിച്ചും അനുസരിച്ചും വിധേയപ്പെട്ടും സാക്ഷാല്‍ക്കരിക്കുകയാണ്.9
ഖുര്‍ആനില്‍ 'ലാ ഇലാഹ ഇല്ലല്ലാ'യെ 'നല്ലവചനം' 'സുസ്ഥിര വചനം' എന്നിങ്ങനെ വിശേഷിപ്പിച്ചതു കാണാം.
أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ
'നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു.' (ഇബ്‌റാഹീം 24).
يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِۖ
'ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്' (ഇബ്‌റാഹീം 27)
'ബലിഷ്ഠമായ പാശം' എന്നതാണ് 'ലാ ഇലാഹ ഇല്ലല്ലാ'യുടെ മറ്റൊരു വിശേഷണം.
فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَاۗ
'ആരെങ്കിലും അല്ലാഹുവേതര ശക്തികളെ തള്ളിപ്പറയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയുമാണെങ്കില്‍ അവന്‍ തീര്‍ച്ചയായും അറ്റുപോകാത്ത ബലിഷ്ഠമായ കയറില്‍ പിടിച്ചിരിക്കുന്നു.' (ബഖറ 256)
എല്ലാ നബിമാരും സന്തോഷവാര്‍ത്താ ദായകരും മുന്നറിയിപ്പുകാരുമായി നിയോഗിതരായതും ഇതേ വചനത്തെ മുന്‍നിര്‍ത്തിയാണ്.
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
'ഞാനല്ലാതെ ദൈവമില്ല അതിനാല്‍ എനിക്ക് ഇബാദത്ത് ചെയ്യണം എന്ന് നാം 'ബോധനം നല്‍കിയിട്ടല്ലാതെ നാം നിനക്ക് മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല' (അല്‍ അമ്പിയാഅ് 25)
നബി വചനങ്ങളില്‍ ധാരാളമായി കലിമത്തുത്തൗഹീദിന്റെ ശ്രേഷ്ഠതകള്‍ വിശദീകരിച്ചിട്ടുണ്ട്.
الايمان بضع وسبعون شعبة اعلاها قول لااله الّا الله وادناها اماطة الأذي عن الطريق
'സത്യവിശ്വാസം എഴുപതില്‍ ചില്വാനം ശാഖകളുണ്ട്. അവയില്‍ ഏറ്റവും ഉന്നതം 'ലാഇലാഹ ഇല്ലല്ലാഹ്' ആണ്. അവയില്‍ ഏറ്റവും താഴെപടിയിലുള്ളത് വഴിയില്‍നിന്ന് ഉപദ്രവം നീക്കലാണ്.'10
പാപങ്ങളുടെ ഏടുകളുടെ ഭാരങ്ങളേക്കാള്‍ മികച്ചു നില്‍ക്കാന്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന വചനത്തിനു കഴിയും.
إنَّ اللهَ سيُخلِّصُ رجلًا مِن أمَّتي على رؤوسِ الخلائقِ يومَ القيامةِ فينشُرُ عليه تسعةً وتسعينَ سِجِلًّا كلُّ سِجلٍّ مدُّ البصرِ ثمَّ يقولُ له: أتُنكِرُ شيئًا مِن هذا ؟ أظلَمك كتَبتي الحافظون ؟ فيقولُ: لا يا ربِّ فيقولُ: أفلك عذرٌ أو حسنةٌ ؟ فيُبهَتُ الرَّجلُ ويقولُ: لا يا ربِّ فيقولُ: بلى إنَّ لك عندنا حسنةً وإنَّه لا ظُلمَ عليك اليومَ فيُخرِجُ له بطاقةً فيها: أشهَدُ أنْ لا إلهَ إلَّا اللهُ وأنَّ محمَّدًا عبدُه ورسولُه فيقولُ: احضُرْ وزنَك فيقولُ: يا ربِّ ما هذه البطاقةُ مع هذه السِّجلَّاتِ ؟ فيقولُ: إنَّك لا تُظلَمُ قال: فتوضَعُ السِّجلَّاتُ في كِفَّةٍ والبطاقةُ في كِفَّةٍ فطاشت السِّجلَّاتُ وثقُلتِ البطاقةُ يُقالُ: فلا يثقُلُ اسمَ اللهِ شيءٌ
'തീര്‍ച്ചയായും അല്ലാഹു എന്റെ സമുദായത്തിലെ ഒരാളെ അന്ത്യനാളില്‍ മനുഷ്യരുടെ മുമ്പാകെ വെച്ച് (നരകത്തില്‍നിന്ന്) രക്ഷിക്കുന്നതായിരിക്കും. അയാളുമായി ബന്ധപ്പെട്ട കര്‍മരേഖകളുള്ള തൊണ്ണൂറ്റി ഒമ്പത് ഏടുകള്‍ അയാളുടെ മുമ്പില്‍ നിവര്‍ത്തി കാണിക്കപ്പെടുന്നതായിരിക്കും. അവയില്‍ ഓരോ ഏടും കണ്ണെത്തും കാഴ്ചവരെ നീളത്തിലായിരിക്കും. അല്ലാഹു ചോദിക്കും: 'ഇതിലെ എന്തെങ്കിലും നീ നിഷേധിക്കുന്നുണ്ടോ? കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന എന്റെ എഴുത്തുകാർ (മലക്കുകള്‍) നിന്നോട് ദ്രോഹം ചെയ്തുവോ? അയാള്‍ പറയും: 'എന്റെ നാഥാ, ഇല്ല' അല്ലാഹു ചോദിക്കും: 'നിനക്ക് ഒഴികഴിവു പറയാനുണ്ടോ?' നീ വല്ല നന്മയും ചെയ്തിട്ടുണ്ടോ? അയാള്‍ അന്ധാളിച്ചു കൊണ്ടു പറയും: 'എന്റെ നാഥാ, ഇല്ല.' അപ്പോള്‍ അല്ലാഹു പറയും: 'തീര്‍ച്ചയായും നിനക്ക് നമ്മുടെ അടുത്ത് ഒരു നന്മയുണ്ട്. ഇന്ന് നിനക്കെതിരെ അക്രമമുണ്ടാവില്ല.' അപ്പോള്‍, 'ഞാന്‍ അല്ലാഹുവല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് എഴുതിയ ഒരു രേഖ പുറത്തെടുക്കപ്പെടുന്നു. അപ്പോള്‍ അല്ലാഹു പറയും: 'നിന്റെ ഭാരം മനസ്സിലായോ?' അയാള്‍: 'എന്റെ നാഥാ, ഒരു തട്ടില്‍ കര്‍മങ്ങളുടെ ഏടുകളും മറ്റെ തട്ടില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' യുടെ രേഖയും തുക്കിയാല്‍ എങ്ങനെയാണ് 'ലാ ഇലാഹഇല്ലല്ലാഹ്' കനം തൂങ്ങുക? അങ്ങനെയിരിക്കെ മൊത്തം കര്‍മരേഖകളേക്കാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കര്‍മരേഖ കനം തൂങ്ങുകയും ചെയ്തു. അല്ലാഹുവിന്റെ നാമത്തോടൊപ്പം മറ്റൊന്നും കനം തൂങ്ങുകയില്ല.11
ശ്രേഷ്ഠ ദിക് ർ
അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഏറ്റവും മഹത്തും ശ്രേഷ്ഠവും പ്രതിഫലം കൂടുതലുള്ളതും സുഗമമായി അനുസ്മരിക്കാവുന്നതും ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനവുമായ വചനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാകുന്നു. നബി(സ) പറയുന്നു:
أفضل الذكر لااله الّا الله
'ദിക്‌റില്‍ ഏറ്റവും ശ്രേഷ്ഠം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാകുന്നു.'12
ഈ മഹദ്വചനം പഠിക്കേണ്ടതും അതിന്റെ ഉള്ളടക്കവും ഉപാധികളും ഘടകങ്ങളും ഗ്രഹിക്കേണ്ടതും ഏതൊരു മുസ് ലിമിന്റെയും ബാധ്യതയാണ്. ഇസ് ലാമും കുഫ്‌റും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അതാവശ്യമാണ്. സാക്ഷാല്‍ നബി(സ)യോടു പോലും അത് പഠിക്കാന്‍ അല്ലാഹു ആഹ്വാനം ചെയ്തിട്ടുണ്ട്.
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
'ആയതിനാല്‍, അല്ലാഹു അല്ലാതെ ദൈവമില്ലെ'ന്ന് നീ -നബി(സ)- അറിയണം' (മുഹമ്മദ് 19)
അത് ഉള്‍ക്കൊള്ളാതെയും അതനുസരിച്ച് പ്രവര്‍ത്തിക്കാതെയും അഹങ്കരിക്കുന്നവരെ അല്ലാഹു കുറ്റപ്പെടുത്തുന്നുണ്ട്.
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ. وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു പറയപ്പെട്ടാല്‍ തീര്‍ച്ചയായും അഹങ്കരിക്കുന്നവരും ഞങ്ങളുടെ ദൈവങ്ങളെ ഭ്രാന്തനും കവിയുമായ ഒരാള്‍ക്കു വേണ്ടി ഞങ്ങള്‍ ഉപേക്ഷിക്കുകയോ എന്നു പറയുന്നവരുമായിരുന്നു അവര്‍.' (അസ്സ്വഫ്ഫാത്ത് 35,36)
അല്ലാഹു ഖുര്‍ആനിൽ ഒന്നിലധികം സ്ഥലങ്ങളില്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُۚ
'അല്ലാഹു, അവനല്ലാതെ ദൈവമേയില്ല. അവന്‍ സജീവനും നിയന്താവുമാകുന്നു' (അല്‍ബഖറ 255)
هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ
'അവന്‍ -അല്ലാഹു- നിത്യസജീവനാണ്. അവനല്ലാതെ ദൈവമേയില്ല' (ഗാഫിര്‍ 65)
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ. إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ . وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ
'ഇബ്‌റാഹീം തന്റെ പിതാവിനോടും ജനതയോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു, എന്നെ സൃഷ്ടിച്ചവന്‍ ഒഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ (സത്യത്തിലേക്ക്) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.' (അസ്സുഖ്‌റുഫ് 26-28)
‘ലാ ഇലാഹ ഇല്ലല്ലായുടെ രശ്മികൾ
ഹൃദയങ്ങളിലെ ഇരുട്ടുകളെ കീറിമുറിക്കുന്നു
പാപങ്ങളുടെ സാക്ഷകളെയും കരിമേഘങ്ങളെയും തുളച്ച് കടക്കാന്‍ 'ലാ ഇലാഹ ഇല്ലല്ലാ'യുടെ രശ്മികളുടെ തീവ്രതയുടെ തോതനുസരിച്ച് സാധിക്കും. എല്ലാ സത്യവിശ്വാാസികളുടെയും ആദര്‍ശവാക്യം 'ലാ ഇലാഹ ഇല്ലല്ലാഹ്'' ആണെങ്കിലും അതുള്‍കൊണ്ടവരുടെ മാനസിക ബോധ്യത്തിന്റെ ഏറ്റക്കുറവനുസരിച്ച് അതിന്റെ ശക്തിക്ഷയങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചില സത്യവിശ്വാസികളില്‍ ലാ ഇലാഹ ഇല്ലല്ലാഹ് സൂര്യസമാനം ശോഭിക്കും. ചിലരില്‍ നക്ഷത്ര ശോഭാസമാനമാവും. ചിലരില്‍ വലിയ ടോര്‍ച്ചിന്റെ ശോഭ. ചിലരില്‍ കത്തുന്ന വിളക്കിനു തുല്യം. ഈ പ്രകാശങ്ങള്‍ വൈജ്ഞാനിക-കര്‍മ-അവസ്ഥാ തലങ്ങളില്‍ ഏത് തോതിലാണോ ഉള്ളത് അതനുസരിച്ച് അന്ത്യനാളില്‍ അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും ഒഴുകി നടക്കുന്നതായിരിക്കും. സത്യസാക്ഷ്യവചനത്തിന്റെ പ്രകാശം എത്രകണ്ട് തീവ്രതരമാകുമോ അതനുസരിച്ച് സംശയങ്ങളും ദേഹേഛകളും ഉരുകിത്തീരും. സംശയത്തിന്റെയോ ദേഹേഛയുടെയോ പാപത്തിന്റെയോ അംശലേശം പോലുമില്ലാതെയാവുക എന്നതാണ് തൗഹീദ് ബോധ്യത്തിന്റെ പരമതലം. അയാളോടടുക്കുന്ന ദേഹേഛകളും പാപങ്ങളും സംശയങ്ങളും നിമിഷമാത്രയില്‍ കത്തിക്കരിഞ്ഞു ചാമ്പലാവും. അയാളുടെ നന്മകളെ മോഷ്ടിക്കാന്‍ വരുന്ന കള്ളന്മാരില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമായ വെളിച്ചം നൽകുന്ന നക്ഷത്രങ്ങള്‍ അയാളുടെ വിശ്വാസത്തിന്റെ ആകാശത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു. മനുഷ്യ സഹജമായ ചില നിമിഷങ്ങളിലെ അശ്രദ്ധാവസ്ഥയിലല്ലാതെ വല്ലതും തട്ടിയെടുക്കാന്‍ കള്ളന്മാര്‍ക്കാവില്ല. അയാള്‍ അശ്രദ്ധവിട്ട് ജാഗരാവസ്ഥയിലാകുമ്പോള്‍ കളവുപോയതറിയുകയും മോഷ്ടാവില്‍നിന്ന് കളവുമുതല്‍ തിരിച്ചു പിടിക്കുകയോ, തന്റെ അധ്വാനത്തിലൂടെ, നഷ്ടപ്പെട്ടതിന്റെ എത്രയോ ഇരട്ടി അയാള്‍ സമ്പാദിക്കുകയോ ചെയ്യും. ജിന്നുകളിലെയും മനുഷ്യരിലെയും കള്ളന്മാരോട് എപ്പോഴും അയാളുടെ നിലപാട് ഇതുതന്നെയായിരിക്കും. കള്ളന്മാര്‍ക്കായി ഖജനാവ് തുറന്നു കൊടുത്ത് അയാള്‍ സ്ഥലം വിടില്ല.13
ലാ ഇലാഹ ഇല്ലല്ലാഹ്, ഇയ്യാകനഅ്ബുദു
ഫാതിഹയിലെ 5-ാം സൂക്തമായ 'നിന്നെ മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന സൂക്തത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' യുടെ ആശയം ഉള്ളടങ്ങിയിട്ടുണ്ട്. ഈ സൂക്തത്തില്‍ സൃഷ്ടിപ്പിന്റെയും ശാസനയുടെയും ഇഹ-പരലോകങ്ങളുടെയും രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മഹത്തായ ലക്ഷ്യവും ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള മാര്‍ഗവും അടങ്ങിയിട്ടുണ്ട്. അല്ലാഹുവിനുള്ള ദാസ്യം എന്ന ലക്ഷ്യം സാധിക്കാന്‍ അല്ലാഹുവിന്റെ സഹായം എന്ന മാര്‍ഗം. ഇബാദത്തിന് അര്‍ഹനായി അവനല്ലാതെ മറ്റൊരാളുമില്ല. അവനെ ഇബാദത്ത് ചെയ്യാന്‍ അവനല്ലാതെ സഹായിക്കാനുമില്ല. അതുകൊണ്ടുതന്നെ അവനുള്ള ഇബാദത്ത് മഹോന്നതലക്ഷ്യവും അതിനുള്ള അവന്റെ സഹായം മഹത്തായ മാധ്യമവുമാകുന്നു.
തൗഹീദിന്റെ രണ്ടിനങ്ങളായ തൗഹീദുര്‍ റുബൂബിയ്യത്തും തൗഹീദുല്‍ ഉലൂഹിയ്യത്തും അൽ ഫാതിഹ 5-ാം സൂക്തത്തില്‍ മേളിച്ചിരിക്കുന്നു. അല്ലാഹുവാണ് ഇലാഹെന്ന നിലയില്‍ അവന് ഇബാദത്ത് ചെയ്യുന്നു, അവനാണ് റബ്ബെന്ന നിലയില്‍ അവനോട് ഇബാദത്തിനായി സഹായം തേടുന്നു. തന്റെ കരുണയാല്‍ അവന്‍ സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. സൂറത്തുല്‍ ഫാതിഹയുടെ തുടക്കത്തില്‍ അല്ലാഹു, അര്‍റബ്ബ്, അര്‍റഹ് മാന്‍ എന്നീ നാമങ്ങള്‍ ക്രമത്തില്‍ വന്നത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനും അവന്റെ സഹായവും ഹിദായത്തും തേടാന്‍ അനുയോജ്യമായ വിധത്തിലുമാണ്. ഇവയെല്ലാം നല്‍കാന്‍ കഴിയുന്നവനായി അല്ലാഹു മാത്രമേയുള്ളൂ. ഇബാദത്തുകള്‍ക്കും ഹിദായത്തിനും സഹായിക്കാന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല.14
കുറിപ്പുകള്‍
1. مع الله ص 39
2. العقيدة الصافية، سيد سعيد عبد الغني ص 260
3. ഐ.പി.എച്ച് അറബി-മലയാള ശബ്ദകോശം പേ. 52
4. مع الله د. سلمان العودة ص 36,37
5. مع الله ص 39
6. الجواب الكافي لإبن القيّم ص 139
7. الأمثال فى القرآن د. عبد الله جربوع 1/233
8. الإيمان والحياة للقرضاوي ص 31
9. زاد المعاد 1/34
10. البخاري، باب أمور الإيمان 2/21
11. سنن الترمذي (2639), صحيح الألباني (9080
12. صحيح الجامع للألباني -1115
13. مدارج السالكين 1/369
14. الإيمان بالله د. عمر الأشقر ص 96 (ابن القيّم في الصّلاة