നബിവചനങ്ങള്‍ സ്ത്രീകളെ അവമതിച്ചുവോ? സ്ത്രീകള്‍ ദുശ്ശകുനമോ? 3/3
ഒരു സംഘം ലേഖകര്‍
സ്ത്രീകളും നായ്ക്കളും നമസ്‌കാരത്തിന് ഭംഗംവരുത്തും എന്ന നബിവചനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അവയുടെയെല്ലാം സന്ദര്‍ഭവും പശ്ചാത്തലവും ഒന്നാണെങ്കിലും അവയില്‍ ഓരോന്നും നമസ്‌കാരത്തിന് ഭംഗം വരുത്തുന്നത് ഓരോ രീതിയിലാണ്. നമസ്‌കരിക്കുന്നയാളുടെ മുമ്പില്‍ സ്ത്രീ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധ മാറാന്‍ കാരണമാകുന്നു. കഴുതയും നായയും ഭയസാഹചര്യമുണ്ടാക്കുന്നു. ഇവമൂന്നും ഒരേ കാരണത്താലും സ്ഥാനത്താലുമല്ല ഹദീസുകളില്‍ പരാമര്‍ശ വിധേയമായത്.
ഈ ഇനത്തില്‍പെട്ട ചില ഹദീസുകള്‍ പരിശോധിക്കാം:
الشؤم في الدار والمرأة والفرس
'ദുശ്ശകുനം വീട്ടിലും സ്ത്രീയിലും കുതിരയിലുമാണ്.'1
ഈ ഹദീസിനെ മുന്‍നിറുത്തി ഇസ് ലാം സ്ത്രീകളെ അവമതിച്ചു എന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്തിപ്പറയുന്ന നബിവചനങ്ങള്‍ക്കിടയിൽ തന്നെയാണ് ഇത്തരം ഹദീസുകളുമുള്ളത് എന്ന് മനസ്സിലാക്കണം. സ്ത്രീകളുടെ നേരെ ഇസ് ലാമിക ശരീഅത്തിന്റെ നിലപാട് സമഗ്രമായി മനസ്സിലാക്കാത്തവര്‍ക്ക് മേല്‍ ഹദീസിന്റെ പ്രത്യക്ഷാശയം തെറ്റിദ്ധാരണാജനകമായി തോന്നാം. പശ്ചാത്തലം മനസ്സിലാകായ്ക സംശയകാരണമാകാം.
ഖുര്‍ആന്റെയും ഹദീസുകളുടെയും ഭാഷയായ അറബിയുടെ വ്യാകരണ നിയമങ്ങളെക്കുറിച്ച അജ്ഞതയും അതിനു വഴിയൊരുക്കാം. ഇതിന്റെ ഫലമായി അവയിലെ ആശയങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാതെവരും. ഖുര്‍ആനും ഹദീസും അന്യോന്യം വിശദീകരിക്കുന്നത് എങ്ങനെ എന്ന് ഇത്തരക്കാര്‍ക്ക് മനസ്സിലാവില്ല.
സ്ത്രീകളെ അവമതിക്കുന്നതായി പ്രത്യക്ഷ വായനയില്‍ തോന്നുന്ന ഇത്തരം ഹദീസുകളുടെ പരമ്പരകള്‍ പരിശോധിച്ചാല്‍ സംശയങ്ങള്‍ നീങ്ങുന്നതായിരിക്കും. ഓരോന്നും വെവ്വേറെ പരിശോധിക്കാം.
1. ഇബ്‌നു ഉമറില്‍നിന്ന് നിവേദനം:
ذَكَرُوا الشُّؤْمَ عِنْدَ النَّبيِّ صَلَّى اللهُ عليه وسلَّمَ، فَقالَ النَّبيُّ صَلَّى اللهُ عليه وسلَّمَ: إنْ كانَ الشُّؤْمُ في شَيءٍ فَفِي الدَّارِ، والمَرْأَةِ، والفَرَسِ
'നബി(സ)യുടെ അടുത്ത് വെച്ച് സ്വഹാബികള്‍ ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീട്ടിലും സ്ത്രീയിലും കുതിരയിലുമാണ്.'2
2. إنما الشؤم في ثلاثة: في الفرس، والمرأة، والدار
'ദുശ്ശകുനം മൂന്നെണ്ണത്തില്‍ മാത്രമാണ്. കുതിരയില്‍, സ്ത്രീയില്‍, വീട്ടില്‍'3
3. സഅ്ദ്(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു:
مِنْ سعادَةِ ابنِ آدمَ ثلاثَةٌ ومِنْ شِقْوَةِ ابنِ آدَمَ ثلاثةٌ مِنْ سعادَةِ ابنِ آدَمَ المرأةُ الصالحةُ والمسْكَنُ الصالحُ والمركبُ الصالحُ ومن شِقْوَةِ ابنِ آدَمَ المرأةُ السوءُ والمسكنُ السوءُ والمركبُ السوءُ
'മൂന്നു കാര്യങ്ങള്‍ മനുഷ്യപുത്രന്റെ സൗഭാഗ്യത്തില്‍ പെട്ടതാണ്. മൂന്നുകാര്യങ്ങള്‍ മനുഷ്യപുത്രന്റെ ദൗര്‍ഭാഗ്യത്തില്‍ പെട്ടതാണ്. മനുഷ്യ പുത്രന്റെ സൗഭാഗ്യത്തില്‍ പെട്ടവയാണ്, സച്ചരിതയായ സ്ത്രീ, നല്ലവീട്, നല്ല വാഹനം. മനുഷ്യ പുത്രന്റെ ദൗര്‍ഭാഗ്യം മൂന്നെണ്ണത്തിലാണ്. ചീത്ത സ്ത്രീ, ചീത്ത വാഹനം, ചീത്തവാഹനം.'4
4. മറ്റൊരു റിപ്പോര്‍ട്ട്:
ثلاثة من الشقاء : المرأة ، تراها فتسوؤك ، وتحمل لسانها عليك ، وإن غبت عنها لم تأمنها على نفسها ومالك ، والدابةُ تكون قطوفاً ، فإن ضربتها أتعبتك ، وإن تركتها لم تُلحقك بأصحابك ، والدار تكون ضيقة قليلة المرافق
'മൂന്നെണ്ണം ദൗര്‍ഭാഗ്യത്തില്‍ പെട്ടവയാണ്. കാണുമ്പോള്‍ നിനക്ക് വിഷമം തോന്നുന്നവളും നാവുകൊണ്ട് നിന്നെ അക്രമിക്കുന്നവളും അസാന്നിധ്യത്തില്‍ അവളുടെ ശരീരത്തിന്റെയും നിന്റെ സ്വത്തിന്റെയും കാര്യത്തില്‍ നിനക്ക് നിര്‍ഭയത്വമില്ലാത്തവളും. വേഗത്തില്‍ നടക്കാത്ത മൃഗമാണ് രണ്ടാമത്തേത്. നീ അതിനെ അടിച്ചാല്‍ അത് നിന്നെ ക്ഷീണിപ്പിച്ചുകളയും, നീ അതിനെ വേണ്ടെന്നു വെച്ച് ഉപേക്ഷിച്ചാല്‍ നിന്റെ കൂട്ടുകാരുടെ അടുത്ത് എത്തിച്ചേരാന്‍ നിനക്ക് കഴിയാതെവരും. മൂന്നാമത്തേത്. ഇടുങ്ങിയതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ വീടാണ്.'5
ഈ വിഷയകമായി വന്ന ചില നിവേദനങ്ങളാണ് മുകളില്‍. അവയിലെ ആശയങ്ങള്‍ വ്യക്തവും സംശയാതീതവുമാണ്. ഇസ് ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള പണ്ഡിതന്മാര്‍ ഗ്രഹിച്ചതുപോലെ അവയിലെ ദുശ്ശകുനം കേവലമല്ല. അവ ചില പ്രത്യേക അവസ്ഥകളുമായി ബന്ധപ്പെട്ടതാണ്. ശത്രുതാപരമായ നിലപാടുകളെടുക്കുകയും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന സ്ത്രീകള്‍ അവലക്ഷണമാണ്. അതേസമയം സല്‍സ്വഭാത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും മനസ്സില്‍ സന്തോഷം പകരുന്ന സ്ത്രീകള്‍ മറ്റൊരു അനുഭവമാണ്. അവരെക്കുറിച്ച് നബി(സ) പറഞ്ഞത് ഇങ്ങനെ:
خير النساء التي تطيع اذا أمر وتسرّ اذا نظر وتحفظه فى نفسها وماله
'സ്ത്രീകളില്‍ ഏറ്റവും ഉത്തമ (ഭര്‍ത്താവ്) കല്‍പിച്ചാല്‍ അനുസരിക്കുന്നവളും, നോക്കിയാല്‍ സന്തോഷം പകരുന്നവളും അവളുടെ ശരീരവും അവന്റെ സമ്പത്തും കാത്തു സൂക്ഷിക്കുന്നവളുമാകുന്നു'6 ഈ നബി വചനത്തിലെ ആശയം തന്നെയാണ് മറ്റൊരു തരത്തില്‍ മുകളില്‍ നബി(സ) എടുത്തു പറഞ്ഞിരിക്കുന്നത്. അതായത്, 'നല്ല ഭാര്യ, നല്ലവീട്, നല്ല വാഹനം.'
ചില സ്ത്രീകളുമൊത്തുള്ള ദാമ്പത്യം ദുരന്തപൂര്‍ണമായിരിക്കും. ക്ഷമയുടെ നെല്ലിപ്പടി കണ്ടുപോകും. അതേസമയം മറ്റു ചില സ്ത്രീകള്‍ ഭര്‍തൃഹൃദയങ്ങളില്‍ സന്തോഷവും ആനന്ദവും കോരിനിറക്കും. അതോടെ എല്ലാ പങ്കപ്പാടുകളും നീങ്ങിപ്പോവും. ജീവിത യാത്രയില്‍ ഉത്തമയായ സഹകാരിണിയായി മാറും. ഈ രണ്ടു ചിത്രങ്ങൾ എങ്ങനെയാണ് ഒന്നാവുക?
ഭാഷാപരമായും ശരീഅത്തുപരമായും ബുദ്ധിപരമായും തിരസ്‌കൃതം
ഈ വിഷയകമായി വന്ന അഹ് മദിന്റെയും ഇബ്‌നു ഹിബ്ബാന്റെയും ഹാകിമിന്റെയും റിപ്പോര്‍ട്ടുകളിലെ 'മനുഷ്യപുത്രന്റെ സൗഭാഗ്യങ്ങള്‍ മൂന്നാകുന്നു; മനുഷ്യ പുത്രന്റെ ദൗര്‍ഭാഗ്യം മൂന്നാകുന്നു, മനുഷ്യപുത്രന്റെ സൗഭാഗ്യങ്ങള്‍: നല്ലവളായ സ്ത്രീ, നല്ല താമസസ്ഥലം, നല്ല വാഹനം. മനുഷ്യപുത്രന്റെ ദൗര്‍ഭാഗ്യങ്ങള്‍: ചീത്തസ്ത്രീ, ചീത്തതാമസസ്ഥലം, ചീത്തവാഹനം.' ഇതില്‍നിന്ന് കാര്യം വ്യക്തം. ഭര്‍ത്താവിനെ അനുസരിക്കാത്തവളും പിണങ്ങി നില്‍ക്കുന്നവളും നാവിന് നിയന്ത്രണമില്ലാത്തവളും മോശം സ്വഭാവവുമുള്ള ഭാര്യ, യാത്രികന് ഭാരമാവുന്ന യാത്രാമൃഗം, സൗകര്യങ്ങള്‍ കുറഞ്ഞ ഇടുങ്ങിയ വീട് എന്നിവ ഒട്ടും ആഗ്രഹിക്കത്തക്കതല്ല. എല്ലാ സ്ത്രീകളും ഇങ്ങനെയാണെന്ന് നബി(സ) പറയുകയോ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ല. മാതാവ്, മകള്‍, സഹോദരി, ഭാര്യ എന്നീ നിലകളില്‍ ഇസ് ലാം സ്ത്രീകളെ ആദരിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും യാത്രാമൃഗങ്ങളും വീടുകളും ചീത്തയും ദുശ്ശകുനവും ആയിരുന്നുവെങ്കില്‍ നബി(സ) സ്ത്രീകളെ വിവാഹം ചെയ്യുമായിരുന്നില്ല. വീടുകളില്‍ താമസിക്കുമായിരുന്നില്ല, മൃഗങ്ങളെ യാത്രക്ക് ഉപയോഗിക്കുമായിരുന്നില്ല. അവിടുന്ന് തന്നെ പറയുന്നത് കാണുക:
حبب إلي من الدنيا النساء والطيب، وجعلت قرة عيني في الصلاة
'ദുന്‍യാവില്‍നിന്ന് ഭാര്യമാരും സുഗന്ധവും എനിക്ക് പ്രിയങ്കരമാക്കപ്പെട്ടിരിക്കുന്നു. എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ്.5 ഭാര്യമാര്‍ നമസ്‌കാരം പോലെ വിശുദ്ധമാണ്, വിശ്വാസമാണ്. സുഗന്ധംപോലെ ഉന്മേഷദായകമാണ്, മാനസികമായി ശാന്തിയാണ്. പെണ്‍മക്കളെ പോറ്റിവളര്‍ത്തുന്ന പിതാക്കള്‍ക്ക് മഹത്തായ പ്രതിഫലം ഇസ് ലാം വാഗ്ദത്തം നല്‍കുന്നുണ്ടല്ലോ.
മേല്‍ മൂന്ന് ഇനങ്ങളിലും ദുശ്ശകുനസാധ്യത എടുത്തുപറയാന്‍ കാരണം, അവ മിക്ക അവസരങ്ങളിലും പുരുഷന്മാരുടെ കൂടെ ഉണ്ടാകുന്നു എന്നതിനാലാണ്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. സ്ഥിരതാമസ വേദിയാണ് വീട്. യാത്രകളിലെ വാഹനമാണ് മൃഗങ്ങള്‍. ഇവ മൂന്നും സുഖകരമല്ലെങ്കില്‍ അതിന്റെയര്‍ഥം അവ പ്രയാസമുണ്ടാക്കും എന്നാണ്. ഇതേക്കുറിച്ചാണ് ദുശ്ശകുനം എന്നു പറഞ്ഞത്. അല്ലാതെ, സ്വന്തം നിലയില്‍ സുഖദുഃഖങ്ങളുണ്ടാക്കാന്‍ അവയ്ക്ക് കഴിവുണ്ട് എന്ന അര്‍ഥത്തിലല്ല. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്നല്ല. അത്തരം വിശ്വാസങ്ങള്‍ ഇസ് ലാം വിരുദ്ധമാണ്. ബഹുദൈവത്വപരമാണ്.
ما تركت بعدي فتنة هي أضر على الرجال من النساء
'എന്റെ കാലശേഷം പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ ശല്യമായ ഒന്നിനെയും ഞാന്‍ വിട്ടേച്ചുപോകുന്നില്ല'6 എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി എഴുതുന്നു:
'സ്ത്രീകളുടെ സ്വത്വം തന്നെ പുരുഷന്മാരെ സംബന്ധിച്ചേടത്തോളം ശത്രുതാപരമാണ്, കുഴപ്പഹേതുവാണ് എന്ന തരത്തില്‍ മേല്‍ നബിവചനത്തെ ഒരു പണ്ഡിതനും വിശദീകരിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ വിഡ്ഢിയാണ്. അല്ലാഹുവാണ് മഴ വര്‍ഷിപ്പിക്കുന്നത് എന്ന് വിശ്വസിക്കാതെ ഞാറ്റുവേല കൊണ്ടാണ് മഴ പെയ്യുന്നത് എന്നു വിശ്വസിക്കുന്നത് സത്യനിഷേധമാണെന്നാണ് ഇസ് ലാമിക വിധി. ഇതുപോലെ, തങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഒന്നും ചെയ്യാനാവാത്ത വിഷയത്തില്‍ സ്ത്രീകളെ എങ്ങനെയാണ് കുറ്റപ്പെടുത്തുക? സ്ത്രീകളില്‍നിന്ന് അത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ മൂലകാരണം അവരാണെന്ന് വിശ്വസിക്കാവതല്ല. അല്ലാഹുവിന്റെ ഖദാഇന്റെയും ഖദ്‌റിന്റെയും ഭാഗമാണെന്ന് മനസ്സിലാക്കണം.'
രണ്ടാമത്തെ ഹദീസ്
يَقْطَعُ الصَّلَاةَ: الْمَرْأَةُ، وَالْكَلْبُ، وَالْحِمَارُ
'സ്ത്രീയും കഴുതയും നായയും നമസ്‌കാരത്തിന് ഭംഗം വരുത്തും'7 നായ എന്നതിന്റെ വിവക്ഷ നായ്ക്കളില്‍ ഏറ്റവും ശല്യക്കാരനായ പ്രത്യേകതരം കറുത്ത നായയാണ്. അതിനെ പിശാചെന്നാണ് നബി(സ) വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീ എന്നതിന്റെ വിവക്ഷ പ്രായപൂര്‍ത്തിയെത്തിയ സ്ത്രീയാണ്. സ്ത്രീയെയും കഴുതയെയും പിശാചെന്ന് നബി(സ) വിശേഷിപ്പിച്ചിട്ടില്ല. സ്ത്രീയെയും കഴുതയെയും നായയെയും ഒന്നിച്ച് പറഞ്ഞുവെങ്കിലും മൂന്നിനെയും എടുത്തു പറഞ്ഞതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. നമസ്‌കരിക്കുന്നവരുടെ മുന്നിലൂടെയോ പരിസരത്തു കൂടിയോ സ്ത്രീകള്‍ കടന്നുപോകുന്നത് നമസ്‌കരിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധതിരിയാന്‍ കാരണമാകാം. മുന്നിലൂടെയോ പരിസരത്തുകൂടിയോ ഒരു പുരുഷന്‍ കടന്നുപോകുന്നതിനേക്കാള്‍ സ്ത്രീകളുടെ സാന്നിധ്യം പ്രയാസമുണ്ടാക്കും. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. നമസ്‌കാരത്തിലെ ഭക്തിക്ക് ഊനം തട്ടരുതല്ലോ.
ഈ ഹദീസിന് ശൈഖ് അത്വിയ്യ സ്വഖ്‌റ് എഴുതിയ അനുബന്ധക്കുറിപ്പ് ശ്രദ്ധേയമാണ്. സ്ത്രീയെയും കഴുതയെയും നായയെയും ഒന്നിച്ച് പറഞ്ഞത് ഒരിക്കലും അവയെ നിസ്സാരമാക്കാനോ നിന്ദ്യരാക്കാനോ അല്ല. അവ തമ്മിലെ അന്തരം വളരെ വ്യക്തമാണ്. നമസ്‌കാരത്തില്‍ ശ്രദ്ധ തെറ്റുംവിധമുള്ള സാന്നിധ്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് താല്‍പര്യം. കഴുതയെയും നായയെയും കാണുമ്പോള്‍ പേടിച്ചു പോകാം. സ്ത്രീകളെ കണ്ടാല്‍ കൊതി തോന്നിയേക്കാം. നബി(സ)യെ ഇത്തരം അവസ്ഥകള്‍ ഏശിയിരുന്നില്ല. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. ശ്രദ്ധതിരിയാന്‍ സാധ്യതകള്‍ കൂടുതലാണ്. ഈ മൂന്നും നമസ്‌കാരം അസാധുവാക്കുകയില്ല. പക്ഷെ, നമസ്‌കാരത്തിലെ ഭക്തിയെ ചോര്‍ത്തിക്കളയുകയോ ന്യൂനീകരിച്ചുകളയുകയോ ചെയ്യും. നമസ്‌കരിക്കുന്നവരുടെ മുമ്പില്‍ മറയുണ്ടാകണമെന്ന് നിര്‍ദേശിക്കപ്പെട്ടത് ഇതുകൊണ്ടു കൂടിയാണ്.
ഇസ്്ലാമിനെ ഇകഴ്ത്തിക്കാണിക്കാന്‍ അതിന്റെ ശത്രുക്കള്‍ എടുത്തു കാണിക്കുന്ന പ്രസിദ്ധമായ ഹദീസുകളാണ് മുകളില്‍ നാം ചര്‍ച്ച ചെയ്തത്. അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഹദീസുകളുടെ കാര്യവും തഥൈവ. അവയെല്ലാം ഇസ് ലാമിന്റെ നേരെയല്ല, ആരോപകരുടെ നെഞ്ചത്തേക്കാണ് ചെന്നു തറക്കുന്നത്.
ഡോ. മുഹമ്മദ് ബൽതാജിയുടെ നിരീക്ഷണം
ഈ വിഷയകമായി ചിലര്‍ തെറ്റായോ ബോധപൂര്‍വമായോ, മനസ്സിലാക്കുന്ന കാര്യങ്ങളെപ്പറ്റി ഡോ. മുഹമ്മദ് ബല്‍ത്താജി എഴുതുന്നു: 'ഇസ് ലാം അതിന്റെ അനുയായികളെ സ്ത്രീകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു, അവമതിക്കുന്നു എന്ന് രണ്ടാളുകള്‍ മനസ്സിലാക്കുന്നു. ഇതേ രണ്ടാളുകള്‍ കൂടുതൽ കാര്യങ്ങളില്‍ ഭിന്നിക്കുന്നു. ഉദാഹരണമായി, അവരിലൊരാള്‍ ഇസ് ലാമിനെ നിരാകരിക്കുന്നു, ഇസ് ലാമിനെ തിരസ്‌കരിച്ചാലേ സ്ത്രീകള്‍ക്ക് പുരോഗതിയുള്ളൂ എന്ന് മനസ്സിലാക്കുന്നു. രണ്ടാമത്തെയാള്‍ ഇസ് ലാമിനോട് പ്രതിബദ്ധതയുള്ളയാളും. എന്നാല്‍ അയാൾ ഇസ് ലാമിലെ ചില പ്രമാണങ്ങള്‍ സ്ത്രീകളെ അവമതിച്ചുവെന്നും ധരിച്ചുവശാവുന്നു. പുരുഷന്മാരെ അതേക്കുറിച്ച് ബോധവല്‍ക്കരിക്കുന്നു. ഈ നിലപാടിലൂടെ സ്ത്രീ വിഷയകമായ ഇസ് ലാമിക നിയമം താന്‍ അംഗീകരിച്ചതായി അയാള്‍ സമാധാനിക്കുന്നു.
മേല്‍ രണ്ടു നിലപാടുകളില്‍നിന്ന് എനിക്ക് മനസ്സിലായത് താഴെ കാര്യങ്ങളാണ്.
(ഒന്ന്) ഈ പ്രമാണങ്ങള്‍ ആധാരമാക്കി ഇസ്്ലാമിനെ വിമര്‍ശിക്കുന്നു. ഇസ് ലാമിലൂടെ സ്ത്രീകള്‍ക്ക് വിമോചനം സാധ്യമല്ലെന്ന് വിധിയെഴുതുന്നു. പാശ്ചാത്യ നാഗരികതയെ മാതൃകയായി അവതരിപ്പിക്കുന്നു.
(രണ്ട്) ഇസ് ലാം സ്ത്രീകളുടെ സ്ഥാനം താഴ്ത്തിക്കെട്ടിയിരിക്കുന്നു, അതുകൊണ്ടുതന്നെ അത് അതേപടി പ്രയോഗവല്‍ക്കരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അവയെ നിരാകരിക്കുന്നത് മതത്തെ നിരാകരിക്കുന്നതിനു തുല്യമാണ്.
ഇരുവിഭാഗങ്ങളും ഒരു കാര്യത്തില്‍ യോജിക്കുന്നു. അതായത്, ഇസ് ലാമാണ് സ്ത്രീയുടെ സ്ഥാനം താഴ്ത്തിക്കെട്ടിയതെന്ന കാര്യത്തില്‍.
തങ്ങള്‍ക്കാധാരമായി ഇരുവിഭാഗവും ചില നബിവചനങ്ങള്‍ എടുത്തുകാണിക്കുന്നു. ഞാന്‍ അവ പരിശോധിച്ചു. സുബദ്ധപ്രമാണങ്ങളെന്നോണം അവ തലമുറകളിലൂടെ കൈമാറിപ്പോന്നവയാണ്. പള്ളികളിലും മറ്റു സദസ്സുകളിലും ഖത്വീബുമാരും പ്രസംഗകരും അവ നിര്‍ബാധം പ്രചരിപ്പിച്ചു. പല എഴുത്തുകാരും കണിശമായ പരിശോധനയില്ലാതെ അവ എഴുതിപ്പിടിപ്പിച്ചു. അങ്ങനെ തിരുത്താന്‍ കഴിയാത്ത സത്യങ്ങളായി മഹാ ഭൂരിപക്ഷ മുസ് ലിംകള്‍ക്കിടയിലും അവ സ്ഥാനം നേടി. സ്ത്രീകള്‍ക്കു നേരെ ആ കണ്ണോടെ നോക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവ ദീനിന്റെ അവിഭാജ്യഘടകമെന്നോണമായി.
ഇവയുടെ പരിശോധനകള്‍ക്കായി ഞാന്‍ രണ്ടു ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുത്തു. ഹി. പത്ത്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ പ്രചരിച്ചതും പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളിലെ മുസ് ലിംകള്‍ കൈമാറിപ്പോന്നവയുമായ ചില ഹദീസുകള്‍!
മുഹമ്മദുബ്‌നു ത്വൂലൂന്‍ അസ്സ്വാലിഹീയുടെ (ഹി. 880-953) 'അശ്ശദ്‌റത്തു ഫില്‍ അഹാദീസില്‍ മുശ്തഹിറ' എന്ന ഒന്നാമത്തെ കൃതിയില്‍ ഹി. 10-ാം നൂറ്റാണ്ടിലെ മുസ് ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ആയിരത്തി ഒരുനൂറ് ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്നു.
ഹി. 1162-ല്‍ നിര്യാതനായ ശൈഖ് ഇസ്മാഈല്‍ ബ്‌നു മുഹമ്മദ് അല്‍ അജ്‌ലൂനീ അൽജര്‍റാഹീയുടെ 'കശ്ഫുല്‍ ഖഫാഅ് വ മുസീലുല്‍ ഇല്‍ബാസ് അമ്മശ്തഹറ മിനല്‍ അഹാദീസി അലാ അൽസിനത്തിന്നാസ്' എന്ന കൃതിയില്‍ മൂവായിരത്തി ഇരുനൂറിലധികം ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്നു.
മേല്‍ രണ്ടു കൃതികളും പരിശോധിച്ചതില്‍നിന്ന് എനിക്ക് രണ്ടുകാര്യങ്ങള്‍ മനസ്സിലായി.
1. അവയിലെ കൂടുതല്‍ ഹദീസുകളും സ്ത്രീകളെയും അവരുടെ സ്ഥാനത്തെയും അവരുമായുള്ള ഇടപഴക്കത്തെയും കുറിച്ചാണ്.
2. അവയിലെ കുറച്ചെണ്ണം സ്വഹീഹായ ഹദീസുകളാണ്. കൂടുതലും അടിസ്ഥാന രഹിതങ്ങളും ഇസ് ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്.
എങ്കിലും സ്വഹീഹായ ഹദീസുകളായി അവ മുസ് ലിംകള്‍ക്കിടയില്‍ പ്രചരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പ്രചാരവും കൈമാറ്റവും തെളിയിക്കുന്നത്, ജാഹിലിയ്യ കാലം മുതല്‍ക്കൊ അതിനു മുമ്പു തന്നെയോ പല കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു നേരെ പൗരസ്ത്യര്‍ വെച്ചുപുലര്‍ത്തിവരുന്ന ധാരണകള്‍ ഈ ഹദീസുകള്‍ക്ക് സ്വീകാര്യത നേടിക്കൊടുക്കുകയായിരുന്നു എന്നത്രെ. പിന്നീടത് ശരിയായ ദീന്‍ എന്ന നിലയില്‍ പ്രചാരത്തിലുമായി. സാധാരണക്കാര്‍ മാത്രമല്ല, ചില പണ്ഡിതന്മാരും അവയുടെ പ്രചാരണം ഏറ്റെടുത്തു. അക്കാലത്തെ പൊതുബോധത്തില്‍നിന്ന് പണ്ഡിതന്മാര്‍ക്കും മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.
സ്ത്രീ നിന്ദാപരമായ ഹദീസുകൾ പരിശോധിക്കുമ്പോൾ
1. شاوروهنّ وخالفوهنّ
'നിങ്ങള്‍ സ്ത്രീകളോട് കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക'8 ഇത് നബി(സ)യിലേക്ക് ചേര്‍ന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് അജ് ലൂനി രേഖപ്പെടുത്തുന്നു. അസ്‌കരി ഉദ്ധരിച്ച ഒരു ഹദീസില്‍ خالفوا النّساء فان فى خلافهنّ البركة (നിങ്ങള്‍ സ്ത്രീകളോട് വിയോജിക്കുക, അവരോടുള്ള വിയോജിപ്പില്‍ ബര്‍ക്കത്തുണ്ട്'9 എന്നു ഉമര്‍ പറഞ്ഞതായി കാണാം. ആഇശയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ദുര്‍ബല ഹദീസില്‍ طاعة المرأة ندامة 'സ്ത്രീയെ അനുസരിക്കുന്നത് ദുഖകാരണമാകും'10 എന്നുണ്ട്. സൈദുബ്‌നു സാബിത്തില്‍നിന്നും അബൂബക്‌റയില്‍നിന്നും നബി(സ) യിലേക്ക് ചേര്‍ത്ത് ഉദ്ധരിക്കപ്പെട്ട
هلكت الرّجال حين أطاعت النّساء
'സ്ത്രീകളെ അനുസരിച്ചതോടെ പുരുഷന്മാര്‍ നശിച്ചു'11 എന്നതാണ് മറ്റൊരു ഹദീസ്.
ഉമര്‍ സ്ത്രീകളുടെ അഭിപ്രായത്തോട് വിയോജിച്ചിരുന്നതായി പറയുന്ന മുകളിലെ ഹദീസിന് വിരുദ്ധമായി അദ്ദേഹം പലപ്പോഴും ശിഫാ ബിന്‍ത് അബ്ദുല്ലായുടെ അഭിപ്രായം പരിഗണിക്കുകയും തൃപ്തിപ്പെടുകയും ചെയ്തിരുന്നതായി'
(كان يقدّم الشفاء بنت عبد الله في الرأي ويرضاها) സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ കാണാം. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ ഒരു ഭാര്യക്ക് ലൈംഗികമായി എത്രകാലം ക്ഷമിച്ചുകഴിയാന്‍ കഴിയും എന്നതിനെപ്പറ്റി അദ്ദേഹം വനിതകളോട് കൂടിയാലോചിച്ചിരുന്നു. മുതിര്‍ന്ന സ്വഹാബികള്‍ കാത്തുനില്‍ക്കുന്നത് അവഗണിച്ചു പോലും സഅ്‌ലബയുടെ മകള്‍ ഖൗലയുടെ സംസാരം കേള്‍ക്കാനായി ഉമര്‍(റ) സന്നദ്ധനായതും ചരിത്രമാണ്. സ്വഹീഹായ ഇത്തരം സംഭവങ്ങള്‍ വേറെയുമുണ്ട്.
'സ്ത്രീകളെ അനുസരിക്കുന്നത് ദുഃഖകാരണമാകും' എന്ന ഹദീസിനു വിരുദ്ധമായി നബി(സ) തന്നെ പ്രവര്‍ത്തിച്ചതായി ഹദീസുകളില്‍ കാണാം. ഹുദൈബിയ വേളയില്‍ നബി(സ) ഭാര്യ ഉമ്മുസലമയുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ അഭിപ്രായം നബിക്കും സ്വഹാബികൾക്കും വലിയ അനുഗ്രഹമായി മാറുകയുണ്ടായി.12
'സ്ത്രീകളെ അനുസരിച്ചാല്‍ പുരുഷന്മാര്‍ നശിച്ചതുതന്നെ' എന്ന ഹദീസ് സ്വഹീഹാണെന്നു കരുതുന്നില്ല. മുആവിയയുടെ മാതാവ് ഉത്ബയുടെ മകള്‍ ഹിന്ദ് ജാഹിലിയ്യ കാലത്തും ഇസ് ലാം സ്വീകരിച്ച ശേഷവും പിതാവും നേതാവുമായ അബൂസുഫ് യാനേക്കാള്‍ അഭിപ്രായ ദൃഢതയുള്ളവരായിരുന്നു.
ആഇശ, സൈദുബ്‌നു സാബിത്ത്, അബൂബക്‌റ എന്നിവര്‍ നബി(സ)യില്‍ ഉദ്ധരിച്ചതായി പറയുന്ന 'സ്ത്രീകളെ അനുസരിച്ചതോടെ പുരുഷന്മാര്‍ നശിച്ചു' എന്ന റിപ്പോര്‍ട്ട് സ്വഹീഹായ ധാരാളം സംഭവങ്ങള്‍ക്ക് വിരുദ്ധമാണ്. ആ സംഭവങ്ങളിലൊന്നും സ്ത്രീകളെ അനുസരിച്ചതോടെ പുരുഷന്മാര്‍ നശിച്ചിട്ടില്ല. നബി(സ)യുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമുണ്ടാവില്ല. പിന്നെ ഒരു സാധ്യത മാത്രമെ ബാക്കിയുള്ളൂ. ഏതെങ്കിലും ഒരു സംഭവത്തില്‍ സ്ത്രീകളുടെ അഭിപ്രായം തെറ്റിയിരിക്കാം. അങ്ങനെയെങ്കില്‍ പുരുഷന്മാരുടെ തെറ്റായ അഭിപ്രായം പ്രയോഗവല്‍ക്കരിക്കുക വഴി സ്ത്രീകള്‍ക്കും അപകടം സംഭവിക്കാമല്ലോ.
ഇത്തരം ഹദീസുകള്‍ സ്വഹാബി-താബിഈ വനിതകളുടെ ജീവിത ചരിത്രത്തില്‍ പരിശോധിക്കാന്‍ എനിക്ക് പ്രചോദനമായി. മേല്‍ ഹദീസുകള്‍ വിവരിക്കുന്നതില്‍നിന്ന് തീര്‍ത്തും ഭിന്നമായ ചിത്രങ്ങളാണ് അവയില്‍ കാണാന്‍ കഴിഞ്ഞത്.
യൂസുഫിന്റെ കൂട്ടുകാരികൾ
ആഇശ(റ)യില്‍നിന്ന് നിവേദനം: നബി(സ) മരിക്കാനിടയായ രോഗഘട്ടത്തില്‍ ഒരു നമസ്‌കാരത്തിന്റെ സമയമായി. ബാങ്ക് കൊടുത്തു. അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ അബൂബക്‌റിനോട് ജനങ്ങളെയുമായി നമസ്‌കരിക്കാന്‍ പറയുക' അപ്പോള്‍ ആരോ പറഞ്ഞു: 'അബൂബക്്ര്‍ വളരെ ദുഃഖിതനാണ്.' നിങ്ങളുടെ സ്ഥാനത്ത് നിന്നാല്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ല.' നബി(സ) നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു. ആളുകള്‍ തങ്ങള്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ അവിടുന്ന് മൂന്നാമതും ആവര്‍ത്തിച്ചശേഷം പറഞ്ഞു:
'തീര്‍ച്ചയായും നിങ്ങള്‍ യൂസുഫിന്റെ കൂട്ടുകാരികള്‍ തന്നെ. നിങ്ങള്‍ അബൂബക്‌റിനോട് നേതൃത്വം നല്‍കാന്‍ പറയൂ. അദ്ദേഹം ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കട്ടെ.'' അതുപ്രകാരം അബൂബക്്ര്‍ വന്ന് നമസ്‌കരിച്ചു. നബി(സ)ക്ക് ആശ്വാസമായി. അവിടുന്ന് പുറത്തേക്കു വന്നു.13
നബി(സ)യുടെ മരണത്തിനു കാരണമായ രോഗാവസ്ഥയാണ് ഹദീസിലെ വിഷയം. തനിക്ക് പകരം നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ അബൂബക്‌റിനോട് നിര്‍ദേശിക്കാന്‍ അവിടുന്ന് തന്റെ ഭാര്യമാരെ ചുമതലപ്പെടുത്തുന്നു. പക്ഷെ, നബി(സ)ക്ക് പകരം അബൂബക്്ര്‍ ഇമാമായി നില്‍ക്കുന്നത് ജനങ്ങള്‍ അശുഭകരമായ മനസ്സിലാക്കും അഥവാ നബി(സ) മരണാസന്നനാണെന്ന് ധരിക്കും എന്ന് ആഇശ(റ) ആശങ്കിച്ചു. അവരുടെ മനസ്സിലുണ്ടായിരുന്ന ഇക്കാര്യം പിന്നീട് അവര്‍ വെളിപ്പെടുത്തുകയുണ്ടായി. അബൂബക് ര്‍(റ) നേതൃത്വം നല്‍കുന്നത് ഒഴിവാക്കാന്‍, അദ്ദേഹം അതീവ ദുഃഖിതനാണെന്നും മനസ്സുറപ്പ് കുറഞ്ഞയാളാണെന്നും അതുകൊണ്ടുതന്നെ നമസ്‌കാരത്തിന് നബി(സ)ക്ക് പകരം നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന്നാവില്ലെന്നും ആഇശ(റ) ന്യായം പറഞ്ഞു. നബി(സ) തന്റെ നിര്‍ദേശം ആവര്‍ത്തിച്ചു. അവര്‍ തടസ്സം ആവര്‍ത്തിച്ചു. ആഇശ(റ)യെ പിന്തുണക്കാന്‍ മറ്റു സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. മൂന്നാം തവണ നബി(സ) അവരോടായി പറഞ്ഞു:
'നിങ്ങള്‍ യൂസുഫിന്റെ കൂട്ടുകാരികള്‍ തന്നെ'; (إنّكن صواحب يوسف) മനസ്സിലുള്ളതിനുപകരം മറ്റൊന്നു പറയുക എന്ന വിഷയത്തില്‍. നബി(സ) തന്റെ നിര്‍ദേശത്തില്‍ ഉറച്ചുനിന്നു. അബൂബക് ര്‍(റ) നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
അബൂബക്്ര്‍ നേതൃത്വം നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തിയ നബി(സ)യുടെ വീട്ടില്‍ ഹാജറുണ്ടായിരുന്ന സ്ത്രീകളെ അഥവാ അവരില്‍ ചിലരെ അവിടുന്ന് 'യൂസുഫിന്റെ കൂട്ടുകാരികള്‍' എന്ന് വിശേഷിപ്പിച്ചത് 'മനസ്സിലുള്ളതിനു പകരം പുറമെ മറ്റൊന്ന് പറയുന്നവര്‍' എന്ന അര്‍ഥത്തിലാണ്. യൂസുഫിന്റെ സംഭവത്തില്‍ സ്ത്രീകള്‍ അവിടെ ഹാജറായത് രാജാവിന്റെ ഭാര്യയുടെ ക്ഷണം സ്വീകരിച്ചാണ്. എന്നാല്‍ രാജാവിന്റെ ഭാര്യയുടെ യഥാര്‍ഥ ഉദ്ദേശ്യം ക്ഷണിതാക്കളായ സ്ത്രീകള്‍ യൂസുഫിന്റെ സൗന്ദര്യം നേരില്‍ കാണണമെന്നും കണ്ടാല്‍ താന്‍ യൂസുഫിനെ മോഹിച്ചുപോയത് അദ്ദേഹം അത്രക്ക് സുന്ദരനായതു കൊണ്ടാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നും അവരെ ബോധ്യപ്പെടുത്താനായിരുന്നു. മനസ്സിലുള്ളത് ഒന്ന്, പ്രകടിപ്പിച്ചത് മറ്റൊന്ന്.
നബി(സ) സ്ത്രീകളെ ഇങ്ങനെ ഉദാഹരിച്ചത്, സ്ത്രീകള്‍ ചിലപ്പോഴെല്ലാം യഥാര്‍ഥ വസ്തുത മറച്ചുവെച്ച് പുറമേക്ക് മറ്റു വല്ലതും പ്രകടിപ്പിക്കും എന്ന അര്‍ഥത്തിലാണ്. നബി(സ)യുടെ മരണം ആസന്നമായി എന്ന് ജനങ്ങള്‍ ധരിച്ചുപോയേക്കുമോ എന്ന് ആഇശ(റ)യും കൂട്ടുകാരികളും ആശങ്കിച്ചു. അതേസമയം തന്റെ നിര്‍ദേശം അനുസരിക്കാന്‍ വേണ്ടി നബി(സ)ക്ക് ഭാര്യമാരെ ശാസിക്കാമായിരുന്നു.
എന്നാല്‍ സ്ത്രീകള്‍ മാത്രമാണോ ഈ ദ്വൈതഭാവം പുലര്‍ത്തുന്നത്. അല്ല. പുരുഷന്മാരും പലപ്പോഴും ചില പരിഗണനകളാല്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് കൂടുതലും സ്ത്രീകളും. ലജ്ജയോ, കൗശലോ, തന്ത്രമോ ഒക്കെ കാരണമാവാം. അതുകൊണ്ടുതന്നെ അവര്‍ 'യൂസുഫിന്റെ കൂട്ടുകാരികള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഹദീസിലെ മേല്‍ പ്രയോഗം അനുചിതമായി കാണേണ്ടതില്ല എന്ന് ചുരുക്കം.
أعدى عدوّك زوجتك التى تضاجعك 'നിന്റെ കൂടെ കിടക്കുന്ന നിന്റെ ഭാര്യയാണ് നിന്റെ ഏറ്റവും കടുത്തശത്രു'14 ഇത് നബി(സ)യില്‍ നിന്നോ സ്വഹാബികളില്‍നിന്നോ ഉദ്ധരിക്കപ്പെട്ടതെന്ന് വ്യക്തമല്ല. രണ്ടായാലും അത് സ്വീകാര്യമല്ല. കാരണം അവ സ്വഹീഹായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധമാണ്.
ദാമ്പത്യത്തെ തന്റെ അനുഗ്രഹമായും ഇണകള്‍ ദാമ്പത്യത്തിലൂടെ നേടുന്ന ശാന്തിയും സമാധാനവും സ്വാസ്ഥ്യവും ദൃഷ്ടാന്തമായും എടുത്തു പറയുന്ന അല്ലാഹു തന്നെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ ശത്രുക്കളാണെന്ന് വിധിക്കുമോ? ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന നബി(സ)യുടെ ആവര്‍ത്തിച്ചുള്ള ഉപദേശങ്ങള്‍ക്ക് പിന്നെ എന്തര്‍ഥം?
എന്നാല്‍ ചില ഇണകളും മക്കളും ശത്രുക്കളാണെന്നു മനസ്സിലാക്കണമെന്ന് ഖുര്‍ആന്‍ താക്കീതു നല്‍കുന്നുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
'സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങളുടെ ശത്രുക്കളുണ്ട്. അതുകൊണ്ട് നിങ്ങള്‍ അവര്‍ക്കെതിരെ ജാഗ്രത കൈക്കൊള്ളണം. നിങ്ങള്‍ വിട്ടുവീഴ്ച കൈക്കൊള്ളുകയും വിശാലത സ്വീകരിക്കുകയും പൊറുത്തുകൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (അത്തഗാബുന്‍ 14) അതേസമയം മുകളിലെ നബിവചനം എല്ലാ ഭാര്യമാരെയും ഭര്‍ത്താക്കന്മാരുടെ കൊടിയ ശത്രുക്കളായാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ സാധുവായ പ്രമാണങ്ങള്‍ക്കു വിരുദ്ധമായതിനാല്‍ മേല്‍ നബിവചനം തള്ളേണ്ടതാണ്. 'നിന്റെ കൂടെ ശയിക്കുന്ന' എന്ന ഭാഗം ഗാഢവും തീവ്രവുമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നതാണ് എന്നുകൂടി ഓര്‍ക്കുക.15
ثلاث لايركن اليها: الدنيا والسلطان والمرأة (മൂന്നെണ്ണത്തെ വിശ്വസിക്കാന്‍ പറ്റുകയില്ല; ദുന്‍യാവ്, അധികാരി, സ്ത്രീ. എന്നൊരു ഹദീസും പ്രചാരത്തിലുണ്ട്. സ്ത്രീകളെപ്പറ്റി തലമുറകളായി കൈമാറിപ്പോരുന്ന അവിശ്വാസമാണ് അതിലെ കാതല്‍.
ثلاثة ان اكرمتهم اهانوك: اولهم المرأة
'മൂന്നുപേരെ നീ അദരിച്ചാല്‍ അവര്‍ നിന്നെ നിന്ദിച്ചുകളയും' അവരില്‍ ഒന്നാമത്തേത് സ്ത്രീയാണ്' خياركم خيركم لنسائهم 'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ നിങ്ങളിലെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്' എന്ന സാധുവായ നബിവചനത്തിന്റെ വിപരീതാശയമാണിത്. സ്ത്രീകള്‍ക്കെതിരെ പ്രചാരത്തിലുണ്ടായിരുന്ന എല്ലാതരം ദുഷ്പ്രചാരണങ്ങളെയും തെറ്റായ നിലപാടുകളെയും തിരുത്താന്‍ വന്ന നബി(സ)യെ അവമതിക്കുന്നതാണ് ഇത്തരം ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍.
ഖുര്‍ആനിലെയും സാധുവായ ഹദീസുകളിലെയും പ്രമാണങ്ങള്‍ സ്ത്രീകളുടെ നേരെ നിലനിന്നിരുന്ന സകല അവമതിപ്പുകളെയും നിര്‍വീര്യമാക്കിയിട്ടുണ്ട്. എന്നാല്‍ ബഹുദൈവാധിഷ്ഠിത ഐതിഹ്യങ്ങളും കെട്ടുകഥകളും ആധാരമാക്കുന്ന ചില മതങ്ങള്‍ വഴി സമൂഹത്തില്‍ കടന്നുകൂടിയ അന്ധമായ ധാരണകള്‍ സ്ത്രീകളെ വിലകുറച്ചു കാണുന്നവയാണ്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലകുടി, ശിശുപരിപാലനം മുതലായ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ ഇത്തരം അയഥാര്‍ഥ പ്രചാരണങ്ങള്‍ക്കും തജ്ജന്യമായ അവമതിപ്പിനും വിധേയകാളാകുന്നുണ്ട്. അപ്പോഴെല്ലാം സഹജമായ ലജ്ജയാല്‍ തുറന്നുപറയാന്‍ കഴിയാതെ അവര്‍ തങ്ങളുടെ മനോവ്യാപാരങ്ങളെ മറ്റൊരു വസ്ത്രം കൊണ്ട് മറച്ചു വെക്കേണ്ടിവരുന്നു.
ഇത്തരമൊരു അന്തരീക്ഷത്തില്‍ സമൂഹത്തിന്റെ വിവരക്കേട് എല്ലാ കുറ്റവും കുറവും സ്ത്രീകളില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നു. ഉദാഹരണമായി, സ്ത്രീ പ്രസവിച്ചില്ലെങ്കില്‍ അവര്‍ വന്ധ്യയാണെന്ന് പെട്ടെന്ന് വിധിയെഴുതുന്നു, പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന്റെ പേരില്‍ അവളെ കുറ്റപ്പെടുത്തുന്നു, ഭര്‍ത്താവ് നേരത്തെ മരിച്ചാല്‍ അതിന് കാരണം ഭാര്യയാണെന്ന് വിധിക്കുന്നു.
പല മുസ് ലിം പണ്ഡിതന്മാരും ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് വശംവദരായിരിക്കുന്നു. സ്വഹീഹും ഹസനുമായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച സമാഹാരങ്ങള്‍ ഒഴികെയുള്ള പലതിലും സംശോധന നടക്കേണ്ടതുണ്ട്. ഇസ് ലാമിക ശരീഅത്ത് ഓരോന്നും അതാതിന്റെ സ്ഥാനത്ത് ഉചിതമായ രീതിയില്‍ വിന്യസിച്ചിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവരവര്‍ അര്‍ഹിക്കുന്ന സ്ഥാനവും മാനവും നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യപ്രകൃതിയുമായി ഏറ്റുമുട്ടുന്ന ഒന്നും ഇസ് ലാമിലില്ല.
സംഗ്രഹം
1) ശരിയായ മതാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീകളുടെ വിലയും നിലയും ന്യൂനീകരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രപരവും മതപരവുമായ കാരണങ്ങള്‍ ഇതിനു വളം വെച്ചിട്ടുണ്ട്.
2) ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവതരണ പശ്ചാത്തലം എന്ന പോലെ, മുകളില്‍ പറഞ്ഞ ഹദീസുകളുടെ പശ്ചാത്തലങ്ങള്‍ നമ്മുടെ ധാരണകളെ സ്വാധീനിച്ചിട്ടുണ്ട്.
3) ഇസ് ലാമിക ശരീഅത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാത്തവയും ഭേദഗതിക്ക് വിധേയമാകുന്നവയുമുണ്ട്. മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ കാല-ദേശ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പരിഷ്‌കരിക്കപ്പെടുക.
4) വനിതകളെക്കുറിച്ച ബുദ്ധിയും ദീനു കുറഞ്ഞവര്‍' എന്ന നബി(സ)യുടെ പരാമര്‍ശം യഥാര്‍ഥത്തില്‍ അവര്‍ക്കുള്ള പ്രശംസയാണെന്ന് അതിന്റെ ശേഷം ഭാഗം (നിങ്ങള്‍ക്ക് പുരുഷന്മാരെ നിയന്ത്രിക്കാന്‍ കഴിയുന്നു) പരാമര്‍ശം വ്യക്തമാക്കുന്നു. ദാമ്പത്യത്തിന്റെ സന്തോഷ രഹസ്യം ഇണകളുടെ ഈ 'വിധേയത്വ ഭാവ'ത്തിലാണ് സ്ഥിതി ചെയ്യുന്നത്.
5) പരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ബാധ്യതകള്‍ കുറവാണെന്നത് കൊണ്ട് സ്ത്രീക്ക് മതബോധം കുറവാണെന്നർഥമില്ല. അവകാശങ്ങളിലും ബാധ്യതകളിലും സ്ത്രീ-പുരുഷന്മാര്‍ തുല്യരാണ്.
6) ഇണകള്‍ തമ്മിലെ സ്‌നേഹബന്ധം ഒരാള്‍ മറ്റൊരാള്‍ക്ക്, ആരാധനയായല്ലാതെ, ആദരപൂര്‍വം സുജൂദ് ചെയ്യുന്നേടത്തോളം ഉദാത്തമായിരിക്കണം.
7) പ്രേമം, സ്‌നേഹം എന്നീ പദങ്ങളുടെ ഉന്നതമായ മൂല്യത്തെ ന്യൂനീകരിക്കുംവിധമുള്ള കാഴ്ചപ്പാടുകള്‍ നബിവചനങ്ങളെ തെറ്റായി മനസ്സിലാക്കാന്‍ കാരണമാകും.
8) നരകത്തില്‍ കൂടുതലും സ്ത്രീകളായത്, സ്ത്രീകളായതുകൊണ്ടല്ല. അവരുടെ കര്‍മഫലങ്ങളാലാണ്.
9) നബിവചനത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീകളിലെ വക്രത എന്നതിന്റെ വിവക്ഷ സ്ത്രീകള്‍ക്ക് ഒന്നും നേരെ ചൊവ്വെ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല എന്നല്ല. പ്രത്യുത, അവര്‍ വൈകാരിക വിക്ഷോഭങ്ങള്‍ക്ക് ക്ഷണം വിധേയരാകുന്നുവരാണ് എന്നത്രെ.
10) സ്ത്രീകളില്‍നിന്നുണ്ടാവുന്ന ലൈംഗിക പ്രലോഭനങ്ങളും ശത്രുതയും യാത്രക്ലേശകരമാക്കുന്ന യാത്രാമൃഗങ്ങളും സൗകര്യങ്ങള്‍ കുറഞ്ഞ വീടുകളും ജീവിതത്തെ പ്രയാസപൂര്‍ണമാക്കും. സ്ത്രീകളുടെയും കഴുതയുടെയും നായയുടെയും സാന്നിധ്യം നമസ്‌കാരം അസാധുവാക്കും എന്നല്ല, ഭക്തിക്ക് ഊനം വരുത്തും എന്നാണ് ഹദീസിന്റെ വിവക്ഷ.
11) പ്രത്യക്ഷത്തില്‍ അസ്വാഭാവിക നിരീക്ഷണങ്ങളെന്നുതോന്നുന്ന ഇത്തരം ഹദീസുകള്‍ സൂക്ഷ്മാപഗ്രഥനം നടത്തിയാല്‍ അവയുടെ യഥാര്‍ഥ ഉദ്ദേശ്യവും താല്‍പര്യവും എല്ലാവര്‍ക്കും ബോധ്യപ്പെടും.
12) അടിസ്ഥാനങ്ങള്‍ തിരുത്തപ്പെട്ട ഇതര മതങ്ങളോട് ചേര്‍ത്ത് ഇസ് ലാമിലെ സ്ത്രീയെ വിലയിരുത്താവതല്ല. ആധുനിക മനുഷ്യനിര്‍മിത പ്രത്യയ ശാസ്ത്രങ്ങളുടെ സ്ത്രീ സമീപനവും ഇസ് ലാമിനോട് ഒത്തുപോകുന്നതല്ല.
അവലംബം
www.bayanelislam.net.aspx?id
കുറിപ്പുകൾ
1. صحيح البخارى - كتاب النكاح 4805، صحيح مسلم - كتاب السلام 5937
2. صحيح البخارى - كتاب النكاح 4806 ، صحيح مسلم، - كتاب السّلام 5945
3. صحيح البخارى- كتاب الطبّ 5438، صحيح مسلم- كتاب السلام 5937
4. مسند احمد 1445، الألباني في صحيح الترغيب 1914
5. الحاكم في المستدرك- كتاب النكاح 2684، حسنه الألباني 1838
6. مسند الطّيالسي 2325، سنن النّسائي 8961، الألباني السلسلة الصحيحة 1838
5. مسند أحمد 12315، سنن النسائى 3940، صحيح وضعيف سنن النسائي 3940
6. صحيح البخارى 4808، صحيح مسلم 7122
7. صحيح مسلم ، كتاب الصلاة 1167
8. الفتني في تذكرة الموضوعات (1/128) الألباني السلسلة الضعيفة (430)
9. ضعيف مسند ابن الجمعه، مسند أبي عقيل (2971)، الفتني في تذكرة الموضوعات (1281)
10. موضوع السيو طي فى اللّآلئ المصنوعة 2/147، الألباني فى السلسلة الضعيفة
11. ضعيف، مسند أحمد (20473)، الطبراني في المعجم الأوسط، مسند أحمد (425) ضعفه الألباني فى السلسلة الضعيفة 436
12. صحيح البخارى 2581
13. صحيح البخارى (633) صحيح مسلم 968
14. جامع الأحاديث لليسوطي (3709)، المتقي الهندي في كنز العمّال (44483) الألباني فى السلسلة الضعيفة 2820
15. مكانة المرأة فى القرآن الكريم والسنّة الصحيحة د. محمّد بلتاجي ص 528 وما بعدها