മതം - ജനാധിപത്യം - മാര്‍ക്‌സിസം 1/2

ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി‌‌
img

19-ാം നൂറ്റാണ്ടിലാണ് കാറല്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും ജനിക്കുന്നത്. 1818 മെയ് 5-ന് കാറല്‍ മാര്‍ക്‌സ്, ജര്‍മനിയിലെ റൈന്‍ പ്രവിശ്യയിലെ ട്രീര്‍ പട്ടണത്തില്‍ ഒരു അഭിഭാഷകന്റെ മകനായി ജനിച്ചു. കാറല്‍ മാര്‍ക്‌സിന്റെ പിതാവ് ഒരു യഹൂദനായിരുന്നു. പിന്നീട് അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ജര്‍മനിയിലെ തന്നെ പ്രഷ്യയില്‍, റൈന്‍ പ്രവിശ്യയിലെ ബാര്‍മെന്‍ പട്ടണത്തില്‍ ഒരു തുണി വ്യവസായിയുടെ മകനായാണ് എംഗല്‍സ് ജനിക്കുന്നത്. 1820 നവംബര്‍ 28-ന്. 19-ാം നൂറ്റാണ്ട് കണ്ട പിന്നീട് 20-ാം നൂറ്റാണ്ടില്‍ കൂടുതല്‍ ലോകപ്രശസ്തിയാര്‍ജിച്ച രണ്ട് ആത്യന്തിക വിപ്ലവകാരികള്‍. രണ്ടുപേരും ഒരു വലിയ ജനവിഭാഗത്തെ, വിശേഷിച്ചും തൊഴിലാളി വര്‍ഗത്തെ ആകര്‍ഷിച്ചു എന്നതും സത്യം. പരിചയപ്പെട്ടതു മുതല്‍ ഉറ്റ ചങ്ങാതിമാര്‍ മാത്രമല്ല, ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരിക്കല്‍ പോലും അകലാതെയും തെറ്റിപ്പിരിയാതെയും ഇരുമെയ്യെങ്കിലും ഒറ്റ മനസ്സായി പ്രവര്‍ത്തിച്ച ആത്മമിത്രങ്ങള്‍.
സാമ്പത്തിക ഞെരുക്കത്തില്‍ മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും അത്താണിയും ആശ്രയവുമായിരുന്നു എംഗല്‍സ്. എംഗല്‍സിന്റെ സമയാസമയങ്ങളിലെ നിസ്സീമവും നിര്‍ലോഭവുമായ സഹായം ഉണ്ടായിരുന്നതുകൊണ്ടു കൂടിയാണ് മാര്‍ക്‌സിന് പലവര്‍ക്കുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. അവ വെളിച്ചം കാണുന്നതിലും എംഗല്‍സിന്റെ മുന്‍കൈ എടുത്തു പറയേണ്ടതാണ്. അല്ലായിരുന്നെങ്കില്‍ ആ വര്‍ക്കുകളത്രയും മാര്‍ക്‌സിനോടൊപ്പം മണ്ണടിയുമായിരുന്നു. മാര്‍ക്‌സിന്റെ ഏറ്റവും ശ്രദ്ധേയവും പ്രധാനവുമായ പ്രവര്‍ത്തനം 'മൂലധനം' പൂര്‍ത്തിയായതും പ്രസിദ്ധീകൃതമായതും എംഗല്‍സിന്റെ അക്ഷീണ പരിശ്രമം കൊണ്ടാണ്. തന്റെ സുഹൃത്തിന്റെ എല്ലാ നിലക്കുമുള്ള സഹായത്തെ വലിയ മതിപ്പോടുകൂടിയാണ് എംഗല്‍സിനുള്ള കത്തില്‍ മാര്‍ക്‌സ് എടുത്തു പറഞ്ഞിട്ടുള്ളത്.

കമ്യൂണിസത്തിന്റെ അടിസ്ഥാന ഗ്രന്ഥം എന്ന് പറയാവുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയത് രണ്ടുപേരും കൂടിയാണ്. 1872-ലെ ജര്‍മന്‍ പതിപ്പിന് എഴുതിയ മുഖവുരയിലും 1888-ലെ ഇംഗ്ലീഷു പതിപ്പിന് എഴുതിയ മുഖവുരയിലും എംഗല്‍സ് ആ കാര്യം എടുത്തു പറയുന്നുണ്ട്. മാനിഫെസ്റ്റോയില്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇതാണ്: 'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍.''
''തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് നേടാനോ ഒരു ലോകമുണ്ട് താനും'' എന്നു കൂടി പറയുന്നുണ്ട് മാനിഫെസ്റ്റോയില്‍.

പൊലിഞ്ഞുപോയ സ്വപ്‌നം
ലോകം മുഴുക്കേ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വരും. അങ്ങനെ മുതലാളിത്തത്തില്‍നിന്ന് ലോകം മുക്തമാവും. അക്രമമര്‍ദനങ്ങളില്ലാത്ത, ചൂഷണമുക്തമായ, നീതികളിയാടുന്ന ഒരു പുതുലോകം ഉദയം ചെയ്യും. തൊഴിലാളി സര്‍വാധിപത്യത്തെ തുടര്‍ന്ന് കമ്യൂണിസം, അതും ശാസ്ത്രീയ കമ്യൂണിസം നിലവില്‍ വരും. ബൂര്‍ഷ്വാസിയുടെയും മുതലാളിത്തത്തിന്റെയുമൊക്കെ മര്‍ദനോപാധിയായ ഭരണകൂടം കൊഴിഞ്ഞുപോവും. പിന്നെ ഭരണകൂടമില്ല. ഭരണീയരില്ല. മുതലാളിയില്ല. തൊഴിലാളിയില്ല. ബൂര്‍ഷ്വാസിയില്ല. സര്‍വവര്‍ഗങ്ങളും നിഷ്‌കാസിതമാവും. അങ്ങനെ ഒരു വര്‍ഗരഹിത സമൂഹം നിലവില്‍ വരും. പിന്നെ ഓരോരുത്തനും അവനവന് ആവശ്യമുള്ളത്. ഓരോരുത്തനും അവനവനാല്‍ ആവുന്നത്. അങ്ങനെ ഭൂമിയില്‍ തന്നെ ഒരു സ്വര്‍ഗലോകം! ഇതായിരുന്നു ഇരുവരുടെയും സ്വപ്‌നം.
സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിന് പ്രത്യേകിച്ച് ചെലവൊന്നുമില്ല. ആരുടെയും അനുവാദവും ആവശ്യമില്ല.
ഈ സ്വപ്‌നലോകം സാക്ഷാല്‍ക്കരിക്കാനാണ് മാര്‍ക്‌സും എംഗല്‍സും ജീവിതം ഉഴിഞ്ഞുവെച്ചത്. കഠിന ത്യാഗം സഹിച്ചത്. ലോകത്തെ അടിമുടി മാറ്റിപ്പണിയാനാണ് ഈ വിപ്ലവകാരികള്‍ വിശ്രമമില്ലാതെ പണിയെടുത്തത്. മാര്‍ക്‌സ് തന്റെ അവസാന തീസിസില്‍ പറയുന്നത് ഇങ്ങനെയാണ്:
'തത്വചിന്തകര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം'' (കാറല്‍ മാര്‍ക്‌സ്, ലഘുജീവചരിത്രം പേ. 44).
സ്വപ്‌നം മനുഷ്യന് വലിയ പ്രചോദനമാണ്. സ്വപ്‌നമുള്ളവര്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സ്വപ്‌നമില്ലാത്തവര്‍ അലസരായി കഴിയുകയേ ഉള്ളൂ. സകല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനും പലപ്പോഴും പല പ്രദേശങ്ങളിലായി മാറി മാറി ജീവിക്കാനും ഭരണകൂടത്തിന്റെ സകലവിധ എതിര്‍പ്പുകളെയും അവഗണിച്ചും ലക്ഷ്യമാര്‍ഗത്തില്‍ മുന്നേറാനും മാര്‍ക്‌സിനെയും എംഗല്‍സിനെയും പ്രചോദിപ്പിച്ചത് ഈ സ്വപ്‌നമാണ്.

പക്ഷെ, സ്വപ്‌നം പുലര്‍ന്നു കാണുമ്പോഴാണല്ലോ മനുഷ്യന് ആത്മഹര്‍ഷത്തോടെ അതിനെ പുണരാനാവുക. ഇല്ലെങ്കില്‍ അതൊരു പാഴ് സ്വപ്‌നമായാവും ലോകം എണ്ണുക. പ്രവചനം പുലരുമ്പോഴാണ് പ്രവാചകന്‍ സത്യപ്രവാചകനാവുന്നത്. കാറല്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ഈ സ്വപ്‌നം പുലര്‍ന്നുവോ? പ്രവചനം യാഥാര്‍ഥ്യമായോ?

''വര്‍ഗാധിപത്യത്തെയും വര്‍ഗങ്ങളെത്തന്നെയും ഇല്ലാതാക്കുന്നുവെന്നതാണ് മുമ്പുണ്ടായിട്ടുള്ള എല്ലാ വിപ്ലവങ്ങളില്‍നിന്നും കമ്യൂണിസ്റ്റ് വിപ്ലവത്തിനുള്ള വ്യത്യാസം'' എന്നാണ് കാറല്‍ മാര്‍ക്‌സ് (ലഘുജീവചരിത്രം പേ. 48) പറയുന്നത്.
അതേ പുസ്തകത്തില്‍ ഇത്രകൂടി പറയുന്നുണ്ട്: 'മുതലാളിത്ത സമൂഹത്തിന് സഹജമായുള്ള വൈരുധ്യങ്ങള്‍ വിശകലനം ചെയ്ത മാര്‍ക്‌സും എംഗല്‍സും മുതലാളിത്തത്തിന്റെ നാശം അനിവാര്യമാണെന്നും പുതിയൊരു സാമൂഹ്യ വ്യവസ്ഥ- കമ്യൂണിസം- നിലവില്‍ വരുമെന്നും തെളിയിച്ചു. കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ അവശ്യോപാധിയാണ് വര്‍ഗസമരവും തൊഴിലാളി വര്‍ഗ വിപ്ലവത്തിന്റെ വിജയവും'' (പേ. 48).

വര്‍ഗസമരമെന്നാല്‍ തൊഴിലാളി വര്‍ഗവും മുതലാളി വര്‍ഗവും തമ്മിലുള്ള സമരം. തൊഴിലാളി വര്‍ഗ വിപ്ലവത്തിന്റെ വിജയമെന്നാല്‍ മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിച്ച് തൊഴിലാളി വര്‍ഗം അധികാരം കൈയാളുകയും സ്വകാര്യ സ്വത്ത് ഇല്ലാതാക്കി എല്ലാം തൊഴിലാളി വര്‍ഗത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ചെയ്യുക എന്നാണ്.
''സ്വകാര്യ സ്വത്തിന് മാറ്റം വരുത്തുകയല്ല, അതില്ലാതാക്കുകയാണ്. വര്‍ഗവൈരങ്ങള്‍ ഒതുക്കി വെക്കുകയല്ല, വര്‍ഗങ്ങളെ ഇല്ലാതാക്കുകയാണ്, നിലവിലിരിക്കുന്ന സമൂഹത്തെ മെച്ചപ്പെടുത്തുകയല്ല, പുതിയൊരു സമൂഹത്തെ സ്ഥാപിക്കുകയാണ് നമ്മുടെ കടമ'' (കാറല്‍ മാര്‍ക്‌സ്, ലഘുജീവചരിത്രം പേ. 157).

ഇങ്ങനെ ഒന്ന് ലോകത്ത് എവിടെയെങ്കിലും നടപ്പില്‍ വന്നുവോ? വിപ്ലവം നടന്നു എന്ന് പറയുന്നിടത്ത് തുടര്‍ പ്രവര്‍ത്തനം മനുഷ്യ സമൂഹത്തിന് ഗുണപരമായ രീതിയില്‍ മുമ്പോട്ടു കൊണ്ടുപോവാന്‍ സാധിച്ചുവോ? വര്‍ഗങ്ങള്‍ ഇല്ലാതായോ? പുതിയ സമൂഹം സ്ഥാപിതമായോ? ഇല്ല എന്ന് തന്നെയാവും ഇതിന്റെയൊക്കെ മറുപടി.
ഇതര സോഷ്യലിസ്റ്റ് വീക്ഷണങ്ങളെ ഉട്ടോപ്യ എന്ന് പരിഹസിച്ച മാര്‍ക്‌സും എംഗല്‍സും തങ്ങളുടേതിന് ശാസ്ത്രീയ കമ്യൂണിസം എന്ന വിശേഷണമാണ് നല്‍കിയത്. ''വെറും രാഷ്ട്രീയ വിപ്ലവങ്ങള്‍കൊണ്ട് മാത്രം കാര്യമാവില്ലെന്നും സമുദായത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനം കൂടിയേ കഴിയൂ എന്നും ബോധ്യം വന്ന തൊഴിലാളി വര്‍ഗങ്ങളെല്ലാം സ്വയം കമ്യൂണിസ്റ്റ് എന്ന പേര്‍ കൈക്കൊണ്ടു. വെറുമൊരു വാസനാ വിശേഷത്തിന്റെ സന്തതിയായ ഒരുതരം അസംസ്‌കൃതവും പരുക്കന്‍ മട്ടിലുള്ളതുമായ കമ്യൂണിസമായിരുന്നു അത്.'' (മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പതിപ്പിന് 1888-ല്‍ എംഗല്‍സ് എഴുതിയ മുഖവുരയില്‍നിന്ന്. പേ. 23).

സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനാവാതെ ആദ്യം പ്രകടിപ്പിച്ച പ്രതീക്ഷയും പ്രവചനവും തിരുത്തിയും ഒടുക്കം ഒന്നും നേടാനാവാതെ നിരാശരായാണ് ഇരുവിപ്ലവകാരികളും ജീവിതത്തോട് വിടപറഞ്ഞത്. രണ്ടുപേരുടെയും മരണത്തിനു ശേഷം 20-ാം നൂറ്റാണ്ടില്‍ ലെനിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ തൊഴിലാളി വിപ്ലവം -അങ്ങനെ പറയാമെങ്കില്‍- അരങ്ങേറിയെങ്കിലും ആ ജനതക്കു അതുവഴി എന്തു നേട്ടമുണ്ടായി എന്ന ചോദ്യം പിന്നെയും ബാക്കി നില്‍ക്കുന്നു. കോടിക്കണക്കിന് മനുഷ്യരെ യമപുരിക്കയച്ചത് 'മിച്ചമൂല്യം!' അത്രയും വരുന്ന വലിയൊരു ജനവിഭാഗം മുതലാളി വര്‍ഗത്തിന്റെ പ്രതിനിധികളായിരുന്നില്ലെന്ന് കൂടി ഓര്‍മവേണം. അവരില്‍ ഏറിയ പങ്കും സാധാരണക്കാരും പട്ടിണിപാവങ്ങളുമായിരുന്നുതാനും. ''പണിയെടുക്കുന്നവന്‍ ഒന്നും നേടുന്നില്ല. നേടുന്നവന്‍ പണിയെടുക്കുന്നുമില്ല. ഇതാണ് മുതലാളിത്ത സമൂഹത്തില്‍ അടിസ്ഥാനമായിട്ടുള്ള തത്വം. കമ്യൂണിസ്റ്റ് സമൂഹത്തില്‍ മാത്രമേ അധ്വാനം പണിയെടുക്കുന്നവരുടെ ജീവിതം സമ്പല്‍ സമൃദ്ധവും സുഖകരവുമാക്കാനുള്ള ഉപാധിയായിത്തീരൂ.'' (ലഘുജീവചരിത്രം പേ. 84).
പണിയെടുക്കുന്നവരുടെ ജീവിതം സമ്പദ് സമൃദ്ധവും സുഖകരവുമായിത്തീര്‍ന്ന വല്ല കമ്യൂണിസ്റ്റ് രാജ്യവും ഉണ്ടോ ആവോ? അപ്പോള്‍ പിന്നെ ഇതിനെ ശാസ്ത്രീയം എന്ന് പേരിട്ട് വിളിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
ബ്രിട്ടനിലാവും തൊഴിലാളി വര്‍ഗം ആദ്യം അധികാരത്തില്‍ വരിക എന്നായിരുന്നു മാര്‍ക്‌സിന്റെ പ്രതീക്ഷ. കാരണം അവിടെ ജനസംഖ്യയുടെ ഭൂരിപക്ഷം തൊഴിലാളികളായിരുന്നു. മാത്രവുമല്ല, അവിടെ അക്കാലത്ത് സൈനിക-ഉദ്യോഗസ്ഥ സംവിധാനം ഇല്ലായിരുന്നുതാനും. വര്‍ഗ സംഘട്ടനത്തിലൂടെയല്ല സമാധാന മാര്‍ഗത്തിലൂടെ തന്നെ തൊഴിലാളി വര്‍ഗം അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു മാര്‍ക്‌സ് കണക്കു കൂട്ടിയിരുന്നത്. (ലഘു ജീവചരിത്രം പേ. 198).

ഈ പ്രതീക്ഷ മാര്‍ക്‌സിന് കൈവെടിയേണ്ടി വന്നു. ലഘുജീവചരിത്രകാരന്‍ പറയുന്നു:
'എന്നാല്‍ ഇംഗ്ലണ്ടിലും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ പുതിയൊരു മുന്നേറ്റത്തിന് അനുകൂലമല്ലായിരുന്നു. ഇംഗ്ലണ്ടിന് വ്യാവസായികവും കൊളോണിയലുമായ കുത്തക ഉണ്ടായിരുന്നതിനാല്‍ ഇംഗ്ലണ്ടിലെ മുതലാളിമാര്‍ക്ക് വന്‍തോതിലുള്ള അമിതലാഭം ആര്‍ജിക്കാനും അതിലൊരു പങ്ക് തൊഴിലാളി വര്‍ഗത്തിന്റെ മേലെക്കിടയിലുള്ളവരെ വിലക്കെടുക്കുന്നതിനുവേണ്ടി ഉപയോഗിക്കാനും കഴിഞ്ഞു. തല്‍ഫലമായി കൂടുതല്‍ വിദഗ്ധരായ തൊഴിലാളികള്‍ മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ തന്നെ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നക്കാപിച്ചകള്‍ക്കു വേണ്ടിയുള്ള സമരത്തിന്റെ പാത കൈക്കൊണ്ടു.'' (പേ. 193)
എന്നു പറഞ്ഞാല്‍ തൊഴിലാളി ഒരു വര്‍ഗമല്ലെന്നും വ്യക്തിപരമായ നേട്ടമാണ് സമൂഹത്തിന്റെ സുസ്ഥിതിയല്ല അവന്റെ ലക്ഷ്യമെന്നും മാര്‍ക്‌സ് പറയാതെ പറയുന്നു. സ്വന്തം തത്വം തിരുത്തിപ്പറയുന്നു എന്ന്. ''ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗം കൂടുതല്‍ ബൂര്‍ഷ്വാ ആയിക്കൊണ്ടിരിക്കുന്നു.'' (ലഘുജീവചരിത്രം പേ. 193).
തൊഴിലാളി വര്‍ഗം സ്വയം തന്നെ ബൂര്‍ഷ്വാ ആയി മാറുക! പിന്നെ എന്ത് തൊഴിലാളി വര്‍ഗ വിപ്ലവം അല്ലേ!

ഇതേ കാര്യം എംഗല്‍സിന്റെ ലഘുജീവചരിത്രത്തില്‍ പറയുന്നത് ഇങ്ങനെ:
''ഫെബ്രുവരി-ഏപ്രില്‍ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്താരാഷ്ട്രീയാവലോകനങ്ങളില്‍നിന്ന് മനസ്സിലാക്കാനാവുന്നതുപോലെ മാര്‍ക്‌സും എംഗല്‍സും അന്ന് പുതിയൊരു വിപ്ലവോണര്‍വ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്ക് ഗണ്യമായ മാറ്റം സംഭവിച്ചുവെന്നും വിപ്ലവം ഉടനടി ആരംഭിക്കുമെന്നു കരുതാന്‍ അടിസ്ഥാനമില്ലെന്നും 1850-ലെ ഗ്രീഷ്മത്തില്‍ അവര്‍ക്ക് വ്യക്തമായി. 1848-ലെ വിപ്ലവത്തിന് വഴിതെളിച്ച 1847-ലെ വ്യാവസായിക കുഴപ്പം പൂര്‍ണമായി അവസാനിക്കുകയും വ്യാവസായിക രംഗത്ത് ഒരു പുതിയ ഉണര്‍വ് അനുഭവപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു.'' (പേ. 93).

ചുരുക്കത്തില്‍ എത്രതന്നെ പണിപ്പെട്ടിട്ടും 'ശാസ്ത്രീയ കമ്യൂണിസം' വിജയിപ്പിച്ചെടുക്കാന്‍ പോന്ന സാഹചര്യങ്ങളൊന്നും വന്നുകാണാത്തതില്‍ ആ രണ്ടു വിപ്ലവാചാര്യന്മാര്‍ക്കും നിരാശരാകേണ്ടി വന്നു. ശാസ്ത്രീയ കമ്യൂണിസം ഉട്ടോപ്യനായി പരിണമിച്ചു. എമില്‍ ബേണ്‍സ് ഇവിടെ ഒരു സത്യം തുറന്നു പറയുന്നുണ്ട്. അത് ഇങ്ങനെ വായിക്കാം:
''അത്തരം പ്രമാണങ്ങളോരോന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥലത്തെയും കാലത്തെയും യഥാര്‍ഥമായ സാമൂഹ്യ ഘടനയുടെ വെറും പ്രതിഫലനമെന്ന നിലക്കാണ് മനുഷ്യബുദ്ധിയില്‍ ഉടലെടുത്തിട്ടുള്ളതെന്നും അവ എല്ലാക്കാലത്തേക്കും എല്ലാ സ്ഥലത്തേക്കും ഒരുപോലെ ബാധകമോ ശരിയോ ആവുന്നില്ലെന്നും ആവാന്‍ കഴിയുകയില്ലെന്നും മാര്‍ക്‌സിസം സിദ്ധാന്തിക്കുന്നു'' (എന്നാണ് മാര്‍ക്‌സിസം. പേ. 18).
അദ്ദേഹം ഇത്രകൂടി പറയുന്നുണ്ട്.
''തന്നെയുമല്ല, 'മാനവസമത്വം' പോലെ വിശ്വവ്യാപകമെന്ന് തോന്നുന്ന ആശയങ്ങളെല്ലാം തന്നെ യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരേ അര്‍ഥത്തെയല്ല കുറിക്കുന്നത്'' (അതേ പുസ്തകം, അതേ പേജ്).

ഇത് കമ്യൂണിസത്തോട് ചേര്‍ത്തു വായിച്ചാല്‍ ഇങ്ങനെയാവും: മാര്‍ക്‌സും എംഗല്‍സും ജീവിച്ച പ്രത്യേക കാലത്തെയും രാജ്യത്തെയും പ്രത്യേക സാമൂഹ്യ ഘടനയുടെ പ്രതിഫലനമെന്ന നിലയിലാണ് അവരുടെ ബുദ്ധിയില്‍ കമ്യൂണിസം ഉടലെടുത്തത്. അത് അവരുടെ തന്നെ കാലഘട്ടത്തിലേക്ക് ചേര്‍ന്നതായിരുന്നില്ല. ശേഷ കാലഘട്ടങ്ങളിലേക്ക് ഒട്ടുമേ ചേര്‍ന്നതല്ലതാനും. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലും മാനവസമത്വമെന്നത് എല്ലായിടത്തും ഒരുപോലെ നടപ്പാക്കേണ്ടതല്ല. അതുകൊണ്ടാണ് അട്ടപ്പാടിയിലെ പിഞ്ചുകുഞ്ഞുങ്ങൾ വേണ്ട രീതിയിലുള്ള വൈദ്യപരിചരണം കിട്ടാതെയും ആദിവാസികള്‍ മാനുഷിക പരിഗണന ലഭിക്കാതെയും നിത്യദുരിതത്തിലും അകാലമരണത്തിലുമൊക്കെ അകപ്പെടുമ്പോള്‍, കേരളം ഭീമമായ കടക്കെണിയിലകപ്പെടുമ്പോഴും കമ്യൂണിസ്റ്റുകാരനായ മുഖമ്യന്ത്രിയുടെ പശുത്തൊഴുത്തില്‍ മാത്രം അരക്കോടിയിലേറെ ഉറുപ്പിക ചെലവഴിക്കുകയും കമ്യൂണിസ്റ്റ് നേതാക്കള്‍ പൊതുഖജനാവിലെ പണം ചെലവിട്ട് ചികിത്സക്കായും മറ്റും മുതലാളിത്ത രാജ്യത്തേക്കും മറ്റും പരിവാര സമേതം യാത്രതിരിക്കുന്നതുമെല്ലാം. ചികിത്സക്ക് മുതലാളിത്ത രാജ്യങ്ങളിലേക്കും പണപ്പിരിവിന് മുസ് ലിം രാജ്യങ്ങളിലേക്കും എന്നതാണല്ലോ നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് രീതിശാസ്ത്രം.

റഷ്യന്‍ വിപ്ലവത്തിന്റെ ബാക്കിപത്രം
സ്വപ്‌നം പൂവണിഞ്ഞു കാണാനാവാതെ 19-ാം നൂറ്റാണ്ടിന്റെ അവസാനം 1883 മാര്‍ച്ച് 14-ാം തീയതി മാര്‍ക്‌സും 1895 ആഗസ്റ്റ് 5-ാം തീയതി എംഗത്സും ജീവിതത്തോട് വിട പറഞ്ഞു. മാര്‍ക്‌സ് 65 വയസ്സു വരെയും എംഗല്‍സ് 75 വയസ്സുവരെയും ജീവിച്ചു. 20-ാം നൂറ്റാണ്ടില്‍ അതായത് 1917-ലാണ് ലെനിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ ലോകത്തുതന്നെ ആദ്യത്തെ തൊഴിലാളി വര്‍ഗ വിപ്ലവം? നടക്കുന്നത്. വിപ്ലവാനന്തരം ക്രൂരതയുടെ തേര്‍വാഴ്ചയായിരുന്നു അവിടെ അരങ്ങേറിയത്. ജീവശാസ്ത്രത്തില്‍ ഡാര്‍വിനിസം വഹിച്ച പങ്കാണ് ചരിത്രത്തില്‍ മാര്‍ക്‌സിസം വഹിക്കുന്നത് എന്ന് പറയുന്നുണ്ട്. എംഗത്സ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പതിപ്പിന് 1888-ല്‍ എഴുതിയ മുഖവുരയില്‍ പേ. 24 കാണുക. എന്ന് പറഞ്ഞാല്‍ രണ്ടു കൂട്ടരുടെയും കാഴ്ചപ്പാടില്‍ മനുഷ്യന്‍ വെറും പദാര്‍ഥ പ്രധാനമാണ്. അതുകൊണ്ടു അവനെ പദാര്‍ഥത്തെ കൈകാര്യം ചെയ്യും പോലെ കൈകാര്യം ചെയ്യാം. അതനുസരിച്ചാണ് റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവാനന്തരം അവിടെ മനുഷ്യരെ കൈകാര്യം ചെയ്തത്. ആളുകളെ പട്ടിണിക്കിടുക, വീടുകളില്‍നിന്നും കുടിലുകളില്‍നിന്നും ആട്ടിയകറ്റുക, പാവപ്പെട്ടവന്റെ പോലും ഒരുനേരം ക്ഷുത്തടക്കാനുള്ള വകപോലും തട്ടിപ്പറിക്കുക, സൈബീരിയയിലെ കൊടുംതണുപ്പിലേക്ക് നാടുകടത്തുക ഇതൊക്കെയായിരുന്നു ലെനിന്റെ റഷ്യയിലെ കലാപരിപാടികള്‍. റഷ്യയില്‍ മാത്രമല്ല പിന്നീട് രൂപം പൂണ്ട സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പ്, ചൈന, കൊറിയ, വിയറ്റ്‌നാം, കംബോഡിയ, ക്യൂബ എന്നിവിടങ്ങളിലുമൊക്കെ ഇതുതന്നെയാണ് നടന്നത്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും സംഘടനകളും കഴിഞ്ഞ നൂറ്റാണ്ടില്‍ കൊന്നൊടുക്കിയ ജനങ്ങള്‍ 120 ദശലക്ഷത്തോളം വരുമെന്നാണ്. അഞ്ചുദശലക്ഷത്തോളം മനുഷ്യരാണ് ലെനിന്റെ കാലത്തുമാത്രം പട്ടിണിക്കിരയായി മരിച്ചത്. ഭക്ഷണമില്ലാത്തതുകൊണ്ടുണ്ടായ പട്ടിണിയായിരുന്നില്ല അത്. ലെനിന്റെ ബോള്‍ഷെവിക് സൈന്യം പട്ടിണിക്കിടുകയായിരുന്നു. അവരെ മാവോയുടെ ചൈനയിലും പോള്‍പോട്ടിന്റെ കംബോഡിയയിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ബോള്‍ഷെവിക് പട്ടാളം ചേകാ പോലീസ്, റെഡ് ആര്‍മി ഇങ്ങനെ മൂന്നുതരം സേനയാണ് റഷ്യയിലുണ്ടായിരുന്നത്. ഈ സേനകള്‍ എല്ലാം ചേര്‍ന്നാണ് ഈ നരനായാട്ടുകളത്രയും നടത്തിയത്.
''1918-നും 1922-നുമിടക്ക് പതിനായിരക്കണക്കിന് അഭയാര്‍ഥികളും ജയിലാളികളും വിചാരണയില്ലാതെ വധിക്കപ്പെട്ടു.
1922-ലെ പട്ടിണി 5 മില്യണ്‍ ജനങ്ങളുടെ മരണത്തിന് കാരണമായി.
1920-ല്‍ ഡോണ്‍ കൊസാക്കുകളുടെ വംശഹത്യയും നാടുകടത്തലും അരങ്ങേറി.
1918-1930 കാലയളവില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പതിനായിരങ്ങള്‍ മരണപ്പെട്ടു.
1937-38 ലെ വന്‍ ഉന്മൂലന പ്രക്രിയയില്‍ 690000 ആളുകള്‍ നഷ്ടമായി.
1930-38 കാലയളവില്‍ കുലാക്കുകളും കുലാക്കുകളെന്ന് ആരോപിക്കപ്പെട്ടവരുമായ രണ്ടു ദശലക്ഷം ആളുകള്‍ നാടുകടത്തപ്പെട്ടു.
1932-33 കാലയളവില്‍ കൃത്രിമ ക്ഷാമത്തിലൂടെ നാലുമില്യണ്‍ ഉക്രൈനികളും രണ്ടു മില്യന്‍ അല്ലാത്തവരും മരണത്തിനിരയായി.
1939-41 കാലയളവിലും 1944-45 കാലയളവിലുമായി പോള്‍സ്, ഉക്രൈനിയന്‍സ്, ബാള്‍ട്‌സ്, മൊള്‍ഡാവന്‍സ്, ബെസ്സറബിയന്‍സ് തുടങ്ങി ലക്ഷക്കണക്കിന് ആളുകളെ നാടുകടത്തി.
1941 ല്‍ വോള്‍ഗാ ജര്‍മന്‍സിനെ നാടുകടത്തി.
1943 ല്‍ ക്രീമിയന്‍ താര്‍താര്‍സിനെ പൂര്‍ണമായും നാടുകടത്തി.
1944 ല്‍ ചെച്‌നിയക്കാരെ നാടുകടത്തി.
1944 ല്‍ കോക്കസ് ജനത ഇങ്കുഷിനെ മൊത്തമായും നാടുകടത്തി.
പതിനായിരക്കണക്കിന് ആളുകളാണ് 1959 ലെ വിപ്ലവത്തിനു ശേഷം ക്യൂബയില്‍ കൊല ചെയ്യപ്പെട്ടത്.

1978 ലാണ് അഫ്ഗാന്‍ സോവിയറ്റ് ചെമ്പട പിടിച്ചടക്കിയത്. 1979 മാര്‍ച്ച് മാസം കെരാള പട്ടണത്തില്‍ 1700 ഓളം വരുന്ന യുവാക്കളും കുട്ടികളുമടക്കം അവിടത്തെ പുരുഷന്മാരെ മൊത്തം ടൗണില്‍ വിളിച്ചുവരുത്തി കമ്യൂണിസ്റ്റ് ഭരണകൂടം മെഷീന്‍ ഗണ്ണുകൊണ്ട് വെടിവെച്ചു കൊന്നു. 1979 ആഗസ്റ്റ് 15-ന് ഹസാറസ് വിഭാഗത്തിലെ 300 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ 151 പേരെ ബുള്‍ഡോസറുപയോഗിച്ച് ജീവനോടെ കുഴിച്ചുമൂടി. ആളുകളെ ജീവനോടെ കക്കൂസ് കുഴിയില്‍ മൂടുക അഫ്ഗാനില്‍ കമ്യൂണിസ്റ്റുകള്‍ വരുത്തിയ ചൂഷണമുക്ത നയമായിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കിയിരുന്ന കളിക്കോപ്പ് പാവകളുടെ രൂപത്തിലുള്ള മൈനുകളായിരുന്നു. പത്ത് വര്‍ഷത്തോളമാണ് കമ്യൂണിസ്റ്റുകള്‍ അഫ്ഗാന്‍ ഭരിച്ചത്. പതിനായിരങ്ങളാണ് അതിലിടക്ക് അവിടെ കൊല്ലപ്പെട്ടത്.
ഡോ. മോയിന്‍ മലയമ്മയുടെ ചുവപ്പ് ഭീകരത എന്ന പുസ്തകത്തില്‍നിന്നാണ് ഇത്രയും വിവരങ്ങളെടുത്തെഴുതിയത്. ഇത് പലതില്‍ ചിലത് മാത്രമാണ്. ഇതിന്റെയൊക്കെ ചെറിയ അനുകരണങ്ങളാണ് കേരളീയ ഗ്രാമങ്ങളിലും കലാലയങ്ങളിലും കമ്യൂണിസ്റ്റുകാരും അവരുടെ കുട്ടി സഖാക്കളും പലപ്പോഴായി കാഴ്ച വെക്കുന്നത്. ചൈനയിലടക്കം ഇന്നും അതിന്റെ ആവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.

ജനാധിപത്യം
നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകളെ വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ ജനാധിപത്യത്തെ സംബന്ധിച്ചുള്ള മൗലാനാ മൗദൂദിയുടെ കാഴ്ചപ്പാട്. അതുവെച്ചാണ് അവര്‍ ജമാഅത്തിനെ അടിക്കാറുള്ളത്. ''ജമാഅത്തെ ഇസ് ലാമി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല.'' ഇതാണ് അവരുടെ പല്ലവി. ഈ ആക്ഷേപാക്രോശങ്ങള്‍ കേട്ടാല്‍ തോന്നുക കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തികഞ്ഞ ജനാധിപത്യ വാദികളാണെന്നാണ്.
ആദ്യം നമുക്ക് ജനാധിപത്യത്തെക്കുറിച്ച് മൗലാനാ മൗദൂദി പറഞ്ഞതെന്താണെന്ന് നോക്കാം:

''വാസ്തവത്തില്‍ ഈ പുത്തന്‍ ജനാധിപത്യത്തില്‍ നമുക്ക് പറ്റാത്തത് ഒന്നു മാത്രമാകുന്നു. അത് ജനങ്ങളുടെ സ്വേഛാപ്രഭുത്വത്തെ ആവിഷ്‌കരിച്ചുവെന്നത്. ഈ കാര്യത്തില്‍ നമുക്കതിനോട് കഠിനമായ എതിര്‍പ്പും ശത്രുതയുമാണുള്ളത്. കാരണം, യാഥാര്‍ഥ്യം നോക്കുമ്പോള്‍ അബദ്ധജടിലമായതോടുകൂടി ഫലംകൊണ്ട് അത്യാപല്‍ക്കരവുമായ ഒന്നാണിത്. ഏതൊരുത്തന്‍ ജനങ്ങളെ സൃഷ്ടിച്ച് അവരുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമുള്ള ഉപാധികളിവിടെ സജ്ജീകരിച്ചുകൊടുത്തിരിക്കുന്നുവോ, ഏതൊരുത്തന്റെ ബലിഷ്ഠവും പ്രബലവുമായ നിയമ പാശത്താല്‍ ഓരോ പ്രാപഞ്ചിക വസ്തുവും ബന്ധിതമാണോ അവന്റെ മാത്രം അധികാരത്തിലും അവകാശത്തിലും പെട്ടതാണ് അധീശാധിപത്യം.''
പ്രപഞ്ചസംവിധായകനായ ദൈവത്തിന്റെ യഥാര്‍ഥ ആധിപത്യത്തിനുള്ളിലിരുന്നുകൊണ്ട് വല്ലവരും- അതൊരു വ്യക്തിയായാലും കുടുംബമായാലും ജനതയായാലും ബഹുജനങ്ങളായാലും ആരുതന്നെയായാലും വേണ്ടതില്ല- സ്വയം ആധിപത്യവാദം ഉന്നയിക്കുന്നത് കേവലമൊരു തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നുമല്ല. ആ തെറ്റിദ്ധാരണയുടെ ആഘാതമാകട്ടെ സാക്ഷാല്‍ അധീശാധിപതിക്കല്ല. സ്വയം വിഡ്ഢിവേഷം കെട്ടിയ ആ കള്ളവാദിക്കായിരിക്കും പറ്റുക. ഈ പച്ചപ്പരമാര്‍ഥത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചകര്‍ത്താവായ ദൈവത്തെ അധീശാധിപതിയായംഗീകരിക്കുകയും ഭരണവ്യവസ്ഥയെ ഖിലാഫത്ത് (പ്രാതിനിധ്യ) സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണ് മനുഷ്യന്റെ ക്ഷേമൈശ്വര്യം നിലകൊള്ളുന്നതെന്ന് വളരെ വ്യക്തമാണ്. തത്വത്തില്‍ ശരിയും ഫലംകൊണ്ടുത്തമവും അതൊന്നുമാത്രമാകുന്നു.'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം. പേ: 23,24)
ഇവിടെ മൗലാനാ മൗദൂദി പറയുന്നത് ഇത്രയും കാര്യങ്ങളാണ്:
1) മനുഷ്യന്‍ സ്വയംഭൂവല്ല. ദൈവത്തിന്റെ സൃഷ്ടിയാണവന്‍.
2) സൃഷ്ടി സ്വയം നിയമം സൃഷ്ടിക്കുകയല്ല, ദൈവിക നിയമത്തിന് കീഴ്‌പ്പെടുകയാണ് വേണ്ടത്.
4) സ്വയം നിയമം നിര്‍മിക്കാന്‍ തുനിയുമ്പോള്‍ അവന്‍ ദൈവത്തിന്റെ അധീശാധിപത്യത്തെ നിരാകരിക്കുകയും സ്വയം അധീശാധിപതിയായി ചമയുകയുമാണ് ചെയ്യുന്നത്.
5) ദൈവിക നിയമവും ജനപ്രാതിനിധ്യവുമാണ് മനുഷ്യ ക്ഷേമത്തിനും പുരോഗതിക്കും ചേര്‍ന്നത്. മറ്റുള്ളത് മനുഷ്യന്‍ വിഡ്ഢിവേഷം കെട്ടലാണ്.
കമ്യൂണിസ്റ്റുകളുടെ വിചാരം ഇത് മൗദൂദിയും ജമാഅത്തും കണ്ടുപിടിച്ച എന്തോ ഒരു പുതിയ കാര്യമാണെന്നാവും. എന്നാല്‍ അങ്ങനെയല്ല, ഇത് ഖുര്‍ആനിന്റെ അധ്യാപനമാണ്.
''നിയമ നിര്‍മാണാധികാരം അവന്നു മാത്രം അവകാശപ്പെട്ടതാണ്.'' (ഖുര്‍ആന്‍ 6:57, 12:40, 67)
''അവന്റേതാണ് സൃഷ്ടി. ശാസനാധികാരവും അവനുമാത്രം.'' (7:54).
ഇനി പ്രവാചകന്‍ എന്തു പറഞ്ഞു എന്ന് നോക്കാം: ''അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിയെ അനുസരിക്കാവതല്ല. നന്മയില്‍ മാത്രമാണ് അനുസരണം.'' (മുസ് ലിം: കിതാബുല്‍ ഇമാറത്. ബാബു വുജൂബി ത്വാഅതില്‍ അമീര്‍..... 4765 ഹദീസ് നമ്പര്‍)
ഖുര്‍ആന്‍ 7:54-ാം വചനത്തെ അധികരിച്ചുകൊണ്ട് ഇമാം ഗസാലി എഴുതുന്നു:
''നമ്മുടെ പക്ഷത്തില്‍ ശാസന (ഹുക്മ്) എന്നത് ബാധ്യത കൈയേല്‍ക്കാന്‍ കഴിവുള്ളവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും നിയമം സംബന്ധിച്ചുമുള്ള സംബോധനക്ക് പറയുന്ന പ്രയോഗമാണ്. ശാസനക്കുള്ള അധികാരം സൃഷ്ടിയും കല്‍പനയും ആര്‍ക്ക് അവകാശപ്പെട്ടതാണോ അവന് മാത്രമാണ്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവന്റെ കാര്യത്തില്‍ ഉടമയുടെ ശാസന മാത്രമേ പ്രായോഗികമാവൂ. സ്രഷ്ടാവല്ലാത്ത ശാസകനില്ല. കല്‍പിക്കാനുള്ള അധികാരം അവന് മാത്രമാണുള്ളത്. പ്രവാചകനോ, അധികാര സ്ഥാനത്തിരിക്കുന്നവനോ, ഉടമയോ, പിതാവോ, ഭര്‍ത്താവോ ആരുമാവട്ടെ അവര്‍ കല്‍പിക്കുകയോ ബാധ്യതപ്പെടുത്തുകയോ ചെയ്താല്‍ അവര്‍ ബാധ്യതപ്പെടുത്തിയതുകൊണ്ട് മാത്രം ഒരു കാര്യം ബാധ്യതയായിത്തീരുന്നില്ല. അവരെ അനുസരിക്കണമെന്ന് അല്ലാഹു ബാധ്യതപ്പെടുത്തിയത് കൊണ്ട് മാത്രമാണ് അത് ബാധ്യതയായിത്തീരുന്നത്. അല്ലെങ്കില്‍ ഏതൊരാള്‍ക്കും ബാധ്യതപ്പെടുത്താമെന്നുവരും. കാരണം ബാധ്യതപ്പെടുത്തുന്നവനും അതിന് വിധേയനാവുന്നവനും ആരും ആരെക്കാളും യോഗ്യനല്ല. അപ്പോള്‍ അല്ലാഹുവിനെ അനുസരിക്കലാണ് ബാധ്യത. ആരെ അനുസരിക്കണമെന്ന് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നുവോ അവരെ അനുസരിക്കലും ബാധ്യതയാണ്.

(അല്‍ മുസ്തസ്വ്്ഫാ അല്‍ ഖുത്ബുല്‍ അവ്വല്‍)
ഇത് ഇമാം ഗസാലി മാത്രമല്ല ഇസ് ലാമിക ലോകം എക്കാലത്തും അംഗീകരിച്ചിട്ടുള്ള ഇസ് ലാമിന്റെ ഏകദൈവവിശ്വാസം (തൗഹീദ്) എന്ന മൗലികാടിത്തറയുടെ വെട്ടിമാറ്റാനാവാത്ത ഭാഗം കൂടിയാണ് ഇത്. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന്റെ പരിമാധികാരം ജനങ്ങള്‍ക്കാണ്. അഥവാ ജനപ്രതിനിധികള്‍ക്കാണ്. ഈ അടിസ്ഥാനതത്വം മൗദൂദിയും ജമാഅത്തും ഒളിച്ചുവെപ്പില്ലാതെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തിലെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് എന്ന തത്വം ജമാഅത്തിനെന്നല്ല ഒരു മുസ് ലിമിനും സ്വീകാര്യമല്ല. അഥവാ ജമാഅത്ത് അംഗീകരിക്കാത്തത് താത്വിക ജനാധിപത്യത്തെയാണ്. പ്രായോഗിക ജനാധിപത്യത്തെ ജമാഅത്ത് അംഗീകരിക്കുന്നു എന്ന് മാത്രമല്ല അതിനുവേണ്ടി ജമാഅത്ത് ശക്തമായി വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത് ആരെയും പേടിച്ചത് കൊണ്ടല്ല, ഇസ് ലാമിന്റെയും, ജമാഅത്തിന്റെയും മാറ്റമില്ലാത്ത നയം അതാണ് എന്നതാണ് അതിന് കാരണം. ഭരണാധികാരിയെ ജനങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്, അവിടെ രാജാധിപത്യമോ സ്വേഛാധിപത്യമോ സര്‍വാധിപത്യമോ വര്‍ഗാധിപത്യമോ ഒന്നും സ്വീകാര്യമല്ല എന്നതാണ് ആ പ്രായോഗിക ജനാധിപത്യത്തിനുവേണ്ടി വാദിക്കാന്‍ കാരണം. അത് ശരിയാംവണ്ണം ലോകത്തെ പഠിപ്പിച്ചതുപോലും ഇസ് ലാമാണ്. അത് സംബന്ധിച്ച് മൗദൂദി പറയുന്നു:
''ഇനി നമുക്ക് മൂന്നാമത്തെ തത്വത്തെ, ദൈവത്തിന്റെ ആധിപത്യവും ജനങ്ങളുടെ പ്രാതിനിധ്യവും എന്ന തത്ത്വത്തെപ്പറ്റി ചിന്തിക്കാം. ജനങ്ങളുടെ ഹാകിമിയ്യ (അധീശാധിപത്യ)ത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ ഖിലാഫത്തി(പ്രാതിനിധ്യത്തെ)നെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും (Monarchy) നാടുവാഴി മേധാവിത്തത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹിക ജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യന്‍ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമില്ല. പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവുമില്ലാത്തതോ, ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവനം ചെയ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. ഇവയൊന്നും തന്നെ പാശ്ചാത്യര്‍ നമ്മെ അഭ്യസിപ്പിച്ചതുമല്ല. പടിഞ്ഞാറന്‍ ജനായത്ത വാദികള്‍ ജന്മമെടുക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നമുക്കറിയാം. അതിന്റെ ഏറ്റവും നല്ല മാതൃലോകത്ത് നാം പ്രായോഗികമായി കാട്ടിക്കൊടുത്തിട്ടുള്ളതുമാണ്'' (മതേതരത്വം ...... പേ. 23).  
(അടുത്ത ലക്കത്തിൽ അവസാനിക്കും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top