മതപരിത്യാഗത്തിനു കാരണമാകുന്ന തരാതരം കാര്യങ്ങള്‍
ഡോ. മുഹമ്മദ് നഈം യാസീന്‍
1. ഇമാം ഇബ്‌നു ഹജറില്‍ ഹൈത്തമി (ഹി. 909-974) 'അസ്സവാജിര്‍' എന്ന കൃതിയില്‍ എഴുതുന്നു: 'പ്രപഞ്ചം അനാദിയാണെന്ന് (സൃഷ്ടിയല്ലെന്ന്) വിശ്വസിക്കുന്നതും, അല്ലാഹുവിന്റെ അറിവിനെയും കഴിവിനെയും നിഷേധിക്കുന്നതും, ഭാഗികമായ കാര്യങ്ങള്‍ മാത്രമേ അല്ലാഹു അറിയുകയുള്ളൂ എന്ന് വിശ്വസിക്കുന്നതും, അല്ലാഹുവിന് ഇല്ല എന്ന് വിശദീകരിക്കപ്പെട്ട ഒരുകാര്യം അവനുണ്ടെന്ന് സ്ഥാപിക്കുന്നതുമെല്ലാം, കുറഞ്ഞ കാലമോ കൂടുതല്‍ കാലമോ ആയാലും, പ്രത്യക്ഷത്തില്‍ ബുദ്ധിപരമായി അസാധ്യം തന്നെയായ ഒരു കാര്യം അത് സംഭവ്യമല്ലെന്ന് ഹൃദയവുമായി ബന്ധപ്പെടുത്തുന്നതും നാവുകൊണ്ട് പറയുന്നതുമെല്ലാം സത്യനിഷേധപരവും ബഹുദൈവവിശ്വാസപരവുമാണ്. എന്തുകൊണ്ടെന്നാല്‍ ഈവക കാര്യങ്ങളെല്ലാം ഇസ് ലാമില്‍ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടുവരുന്നതാണ്. ക്രൈസ്തവര്‍ക്കൊപ്പം അലങ്കാരപ്പട്ടകളും മറ്റു വേഷഭൂഷകളും ധരിച്ച് ചര്‍ച്ചുകളിലേക്ക് പോവുക, ഖുര്‍ആന്റെ താളുകളോ അല്ലാഹുവിന്റെ നാമമുള്ള വല്ലതുമോ നിലത്തിടുക, നബിയെന്ന് ഐകകണ്‌ഠ്യേന വിശ്വസിച്ചു വരുന്ന ഒരാളുടെ പ്രവാചകത്വത്തെ സംശയിക്കുക, തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഇബ്‌റാഹീം നബിയുടെ ഏടുകള്‍, ഖുര്‍ആന്റെ ഭാഗമെന്ന് ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ട സൂക്തങ്ങള്‍ എന്നിവയുടെ അവതരണത്തെ നിഷേധിക്കുക, മുസ് ലിം സമുദായത്തെ വഴിതെറ്റിക്കുന്നതോ, സ്വഹാബികളെ കാഫിറാക്കുന്നതോ, മക്കയെയോ കഅ്ബയെയോ മസ്ജിദുല്‍ ഹറാമിനെയോ ഹാജിമാരുടെ രൂപത്തെയോ നോമ്പിനെയോ നമസ്‌കാരത്തെയോ വികലമായി അവതരിപ്പിക്കുന്നവരെ കാഫിറായി അംഗീകരിക്കാതിരിക്കുക, വുദു ഇല്ലാതെ നമസ്‌കരിക്കുക, മുസ് ലിമിനെയോ ഇസ് ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണയിലുള്ള അമുസ് ലിം പ്രജയെയോ അവന്റെ വിശ്വാസമനുസരിച്ച് ന്യായമല്ലാത്ത വിധം പീഡിപ്പിക്കുന്നത് അനുവദനീയമായി കാണുക, കച്ചവടം, വിവാഹം പോലെ അനുവദനീയമായവ നിഷിദ്ധമാക്കുക, നബി(സ) കറുത്തവനായിരുന്നു, താടിവരുന്നതിനു മുമ്പ് അവിടുന്ന് നിര്യാതനായി, നബി(സ) ഖുറൈശ് വംശജനോ അറബിയോ മനുഷ്യനോ അല്ല എന്നൊക്കെ വാദിക്കുന്നതും സത്യനിഷേധപരമാണ് (ഏകോപിതമായ അംഗീകരിക്കപ്പെട്ട നബി(സ)യുടെ ശാരീരികവും സ്വഭാവപരവും മറ്റുമായ ഗുണവിശേഷങ്ങള്‍ നിഷേധിക്കുന്നതും കുഫ്‌റായി പരിഗണിക്കപ്പെടും) മുഹമ്മദ് നബി(സ)ക്ക് ശേഷം മറ്റൊരു നബി ആഗതനാവും എന്ന് വാദിക്കുന്നതും തഥൈവ. മക്കയില്‍ നിയോഗിതനായതും മദീനയില്‍ നിര്യാതനായതും മുഹമ്മദ് നബിയോ മറ്റു വല്ലവരുമോ എന്ന് സംശയിക്കുക പ്രവാചകത്വം ദൈവദത്തമല്ല, ആര്‍ജിതമാണ്, ഹൃദയ വിശുദ്ധിയുണ്ടെങ്കില്‍ പ്രവാചകത്വം നേടിയെടുക്കാനാവും, നബിയേക്കാള്‍ ശ്രേഷ്ഠന്‍ വലിയ്യാണ്, പ്രവാചകത്വം വാദിക്കുന്നില്ലെങ്കിലും വലിയ്യുകള്‍ക്ക് വഹ് യ് ലഭിക്കുന്നുണ്ട്, മരിക്കുന്നതിനു മുമ്പെ വലിയ്യുകള്‍ സ്വര്‍ഗത്തിലാണ് എന്നിങ്ങനെ വിശ്വസിക്കുക, നബിമാരെയും മലക്കുകളെയും കളിയാക്കുക, ചീത്തപറയുക, ശപിക്കുക, വിലകുറച്ചു കാണുക, പരിഹസിക്കുക, നബിമാരുടെ ശരീരത്തെയോ അവരുടെ വംശത്തെയോ ദീനിനെയോ പ്രവൃത്തികളെയോ ന്യൂനീകരിക്കുക, അവര്‍ക്ക് എന്നെങ്കിലും ദോഷങ്ങള്‍ സംഭവിക്കണമെന്ന് ആഗ്രഹിക്കുക, അവരുടെ സ്ഥാനത്തിന് ചേരാത്ത കാര്യങ്ങള്‍ അവരില്‍ ആരോപിക്കുക, അവരുടെ മഹദ് വ്യക്തിത്വങ്ങളെ തരംതാണ വര്‍ത്തമാനങ്ങളിലൂടെയും വ്യാജോക്തികളിലൂടെയും നിന്ദിക്കുക, അവര്‍ നേരിട്ട പരീക്ഷണങ്ങളെ മുന്‍നിറുത്തി അവരെ അപമാനിക്കുക, അവരിലെ അനുവദനീയവും സ്വാഭാവികവുമായ മാനുഷികാവസ്ഥകളെ ചൂണ്ടിക്കാട്ടി അവരെ കൊച്ചാക്കുക- മുതലായവയില്‍ ഏതെങ്കിലും ഒന്നു സംഭവിച്ചാലും അതുന്നയിച്ച വ്യക്തി സത്യനിഷേധിയാവും.'
ഇബ്‌നു ഹജറില്‍ ഹൈത്തമി തുടരുന്നു: 'ഒരു സത്യനിഷേധിയോട് ഇസ്്ലാം സ്വീകരിക്കരുതെന്ന് ഗൂഢമായെങ്കിലും സൂചിപ്പിക്കുക; സത്യനിഷേധം ഇഷ്ടപ്പെട്ട നിലയില്‍ മറ്റുള്ളവരോട് സത്യനിഷേധപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുക, വ്യാഖ്യാന വിധേയമല്ലാത്ത രീതിയില്‍ ഒരു മുസ് ലിമിനെ 'ഹേ, സത്യനിഷേധി' എന്നു വിളിക്കുക, അല്ലാഹുവിനെയോ നബി(സ)യെയോ കൊച്ചാക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ പേരുകളെ പരിഹസിക്കുക, അല്ലാഹുവിന്റെയോ നബി(സ)യുടെയോ കല്‍പനകളെയോ വാഗ്ദാനങ്ങളെയോ താക്കീതുകളെയോ പരിഹസിക്കുക. ഉദാ: അവര്‍ എന്നോട് കല്‍പിച്ചാല്‍ ഞാന്‍ അതുപ്രകാരം പ്രവര്‍ത്തിക്കില്ല, ഖിബ് ല ഇവിടെയായിരുന്നുവെങ്കില്‍ ഞാന്‍ നമസ്‌കരിക്കുമായിരുന്നില്ല, എനിക്ക് സ്വര്‍ഗം കിട്ടിയാല്‍ ഞാന്‍ അതിലേക്ക് പ്രവേശിക്കുകയില്ലെന്ന് നിസ്സാരമാക്കിയോ ധിക്കാരപൂര്‍വമോ പറയുക, എനിക്ക് രോഗമോ പ്രയാസമോ ഉള്ളതോടൊപ്പം നമസ്‌കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുകയാണെങ്കില്‍ അല്ലാഹു എന്നെ അക്രമിച്ചു എന്ന് പറയുക, ഈ അക്രമം അല്ലാഹുവിന്റെ വിധിയാലെയാണെന്നു പറഞ്ഞ മര്‍ദിതനോട് മര്‍ദകനായ ആള്‍ അല്ലാഹുവിന്റെ വിധി ഇല്ലാതെയും എനിക്ക് മര്‍ദിക്കാന്‍ കഴിയും എന്നു പറയുക, ഒരു മലക്കോ നബിയോ സാക്ഷ്യം വഹിച്ചാലും ഞാന്‍ സത്യപ്പെടുത്തുകയില്ല എന്ന് വാദിക്കുക, നബി പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെട്ടു എന്ന് പറയുക, ഇന്ന ആള്‍ നബിയായാല്‍ ഞാന്‍ അയാളെ വിശ്വസിക്കുകയില്ല എന്ന് ശഠിക്കുക, സുന്നത്തായതിനാല്‍ നീ നിന്റെ നഖം മുറിക്കുക എന്നു പറഞ്ഞാല്‍ 'ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് വാശിപിടിക്കുക, സുന്നത്തായ കാര്യത്തെ പരിഹസിക്കുക, 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നുചൊല്ലിയാല്‍ വിശപ്പ് മാറില്ല, ബാങ്ക് വിളിക്കുന്നയാള്‍ കള്ളം പറയുകയാണ്, ബാങ്കുകാരന്റെ ശബ്ദം പള്ളി മണിയുടെ ശബ്ദമാണ് എന്നൊക്കെ ദിക്‌റിനെയും ബാങ്കിനെയും നിസ്സാരവല്‍ക്കരിച്ചു പറയുക, നിഷിദ്ധമായ വസ്തുക്കള്‍ക്ക് പരിഹാസപൂര്‍വം അല്ലാഹുവിന്റെ പേര് നല്‍കുക, ഖിയാമത്തു നാളിനെ ഞാന്‍ ഭയപ്പെടുന്നില്ല എന്ന് പറയുക, കള്ളനെ പിന്തുടരാന്‍ ശക്തിക്ഷയത്താല്‍ അല്ലാഹുവിന് കഴിയുകയില്ലെന്ന് വാദിക്കുക, ചിലതൊക്കെ ഹറാമാക്കിയതുവഴി അല്ലാഹു അക്രമം ചെയ്തു എന്ന് ആരോപിക്കുക, സത്യനിഷേധിയോട് ആകര്‍ഷണം തോന്നി അയാളുടെ വേഷം ധരിക്കുക, മുസ് ലിംകളെക്കാള്‍ നല്ലവര്‍ യഹൂദികളാണ് എന്നു പറയുക, എന്താണ് ഈമാന്‍ എന്നു ചോദിക്കുമ്പോള്‍ എനിക്കറിയില്ലെന്ന് നിന്ദാപൂര്‍വം പറയുക, അബൂബക് ര്‍ നബി(സ)യുടെ സ്വഹാബിയാണെന്നത് നിഷേധിക്കുക, ആഇശ(റ)ക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുക, ഞാനാണ് അല്ലാഹു എന്ന് തമാശയായാണെങ്കിലും പറയുക, നിര്‍ബന്ധ ബാധ്യതകളെ നിഷേധിച്ചുകൊണ്ട് അല്ലാഹുവിന്റെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയില്ലെന്ന് പറയുക, നമസ്‌കരിച്ചും ദിക്‌റുകള്‍ ചൊല്ലിയും ഖുര്‍ആന്‍ പാരായണം ചെയ്തും എനിക്ക് വയറുനിറഞ്ഞു എന്ന് കൊച്ചാക്കി പറയുക, മഹ്ശറും നരകവുമൊക്കെ എന്ത്? എന്ന് പുഛിക്കുക, നബിമാരും മലക്കുകളും ഉള്‍പ്പെടെയുള്ള ലോകത്തെ ശപിക്കുക, ശരീഅത്തിനെ പുഛിക്കുക, മനുഷ്യന്‍ റബ്ബായി ക്കഴിഞ്ഞാല്‍ അടിമത്തം എന്ന അവസ്ഥ മാറി അഥവാ അല്ലാഹുവിന്റെ വിധികള്‍ ബാധകമല്ല എന്ന് വാദിക്കുക, താന്‍ മനുഷ്യാവസ്ഥയില്‍നിന്ന് ദൈവികാവസ്ഥയില്‍ ലയിച്ചു എന്ന് അവകാശപ്പെടുക, അല്ലാഹുവിനെ ദുന്‍യാവില്‍വെച്ച് കണ്ണാലെ കണ്ടു, അവന്‍ തന്നോട് നേരിട്ട് സംസാരിച്ചു, അവന്‍ സുന്ദര രൂപത്തില്‍ ഭൂമിയില്‍ അവതരിക്കും എന്ന് അവകാശപ്പെടുക, തനിക്ക് ദൈവിക കല്‍പ്പനകള്‍ ബാധകമല്ലെന്നു വാദിക്കുക, അടിമത്തത്തിന്റെ വഴിയിലൂടെ അല്ലാതെയും അല്ലാഹുവിലേക്കെത്താന്‍ മനുഷ്യന് കഴിയും എന്ന് അവകാശപ്പെടുക, ആത്മാവ് അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഭാഗമായതിനാല്‍ പ്രകാശവും പ്രകാശവും -അല്ലാഹുവിന്റെ പ്രകാശവും മനുഷ്യാത്മാവിന്റെ പ്രകാശവും- ഒത്തുചേര്‍ന്നാല്‍ അല്ലാഹുവും മനുഷ്യനും ഒന്നായി എന്ന് വാദിക്കുക മുതലായവയെല്ലാം ഇസ് ലാമിനു പുറത്തേക്കുള്ള വഴികള്‍ തുറക്കുന്ന മതപരിത്യാഗപരമായ ദുര്‍വാദങ്ങളാണ്.'1
'ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചതിനുസരിച്ച് വിധിക്കുന്നില്ലെങ്കില്‍ അവര്‍ തന്നെയാകുന്നു സത്യനിഷേധികള്‍! (മാഇദ 44) എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്‌നു തൈമിയ്യ പറയുന്നു: 'അല്ലാഹു തന്റെ ദൂതന് അവതരിപ്പിച്ചതിനുസരിച്ച് വിധിക്കാന്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കാത്തവന്‍ സത്യനിഷേധിയാണ്. എല്ലാ സമുദായങ്ങളും നീതിയനുസരിച്ച് വിധി കല്‍പ്പിക്കുന്നുണ്ട്. പക്ഷെ ആ സമുദായങ്ങളുടെ ദീനില്‍ അവരുടെ പ്രധാനികള്‍ അഭിപ്രായപ്പെടുന്നതായിരിക്കും നീതി. മുസ് ലിംകളാണെന്ന് അവകാശപ്പെടുന്നവരില്‍ പലരും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത തങ്ങളുടെ നാട്ടു സമ്പ്രദായങ്ങളനുസരിച്ചാണ് വിധിക്കുന്നത്. മരുഭൂവാസികള്‍ ഉദാഹരണം. ഖുര്‍ആനിനും സുന്നത്തിനും പകരം അതാണ് ആധാരമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇത് കുഫ്‌റാണ്. അധിക ജനങ്ങളും മുസ് ലിംകളാണ്. പക്ഷെ നേതാക്കള്‍ കല്‍പിക്കുന്ന നാട്ടാചാരങ്ങള്‍ക്കനുസരിച്ചല്ലാതെ അവര്‍ വിധിക്കില്ല. അല്ലാഹു അവതരിപ്പിച്ചതനുസരിച്ചല്ലാതെ വിധിക്കാന്‍ അനുവാദമില്ലെന്ന് മനസ്സിലാക്കിയിട്ടും അത് നടപ്പാക്കിയില്ലെങ്കില്‍ അത്തരക്കാര്‍ സത്യനിഷേധികളാണ്.2
2. 'അല്‍ അഖീദത്തു ത്ത്വഹാവിയ്യ'യുടെ വ്യാഖ്യാതാവ് എഴുതുന്നു: 'അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാതിരിക്കുന്നത് വഴി ഇസ് ലാമില്‍നിന്ന് പുറത്തുപോകുംവിധം കാഫിറാകുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും അങ്ങനെ വിധിക്കണമെന്നില്ലെന്ന് ഒരാള്‍ വിശ്വസിക്കുന്നതും അല്ലാഹുവിന്റെ വിധിയാണെന്നു ബോധ്യമായിട്ടും അതിനെ നിസ്സാരമായിക്കാണുന്നതും വലിയ കുഫ്‌റാണ്'3
'ജാഹിലിയ്യത്തിന്റെ- അനിസ് ലാമിക മാര്‍ഗത്തിന്റെ- വിധിയാണോ അവര്‍ തേടുന്നത്?' (മാഇദ 50) എന്ന സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ എഴുതുന്നു: 'എല്ലാ നന്മകളും സമഗ്രമായി ഉള്‍ക്കൊള്ളുന്നതും എല്ലാ തിന്മകളെയും വിലക്കുന്നതുമായ അല്ലാഹുവിന്റെ വിധിയെ അവഗണിച്ച് അല്ലാഹുവിന്റെ ശരീഅത്തിന്റെ പിന്‍ബലമില്ലാത്ത മനുഷ്യനിര്‍മിത അഭിപ്രായങ്ങളും ഇഛകളും സാങ്കേതികാശയങ്ങളും സ്വീകരിക്കുന്ന നിലപാടിനെ അല്ലാഹു വിമര്‍ശിക്കുന്നു. ജാഹിലിയ്യ കാലക്കാര്‍ തങ്ങളുടെ ഇഛകളും അഭിപ്രായങ്ങളും മാനദണ്ഡങ്ങളാക്കി വിവരക്കേടുകളും വഴികേടുകളുമായിരുന്നു വിധിച്ചിരുന്നത്. താര്‍ത്താരികള്‍ തങ്ങളുടെ ചക്രവര്‍ത്തിയായ ചെങ്കിസ്ഖാന്‍ ആവിഷ്‌കരിച്ച 'യാസിഖ്' അനുസരിച്ചായിരുന്നു ഭരണരാഷ്ട്രീയം നടത്തിയിരുന്നത്. ജൂത-ക്രൈസ്തവ-ഇസ് ലാം മതങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത് സമാഹരിച്ചവയായിരുന്നു 'യാസിഖി'ലെ നിയമങ്ങളത്രയും. ചെങ്കിസ്ഖാന്റെ ഇഛയ്ക്കും അഭിപ്രായത്തിനും മാത്രം അനുസൃതമായി ആവിഷ്‌കരിച്ചവയായിരുന്നു അവയില്‍ കൂടുതലും. ഖുര്‍ആനിനേക്കാളും സുന്നത്തിനേക്കാളും 'യാസിഖി'ന് പ്രമാണികത കല്‍പ്പിക്കപ്പെട്ടു. അങ്ങനെ ചെയ്യുന്നവര്‍ കാഫിറും വധാര്‍ഹനുമാണ്. അവര്‍ അല്ലാഹുവിലേക്കും ദൂതനിലേക്കും തിരിച്ചുവരണം. കുറഞ്ഞതോ കൂടുതലോ ആയ ഏതു വിഷയത്തിലും ഖുര്‍ആനു വിധേയമല്ലാതെ വിധിക്കാവതല്ല.'4
3. ഇബ്‌നു കസീറിന്റെ മേല്‍ പ്രസ്താവനക്ക് അനുബന്ധമായി ശൈഖ് അഹ്്മദ് ശാകിര്‍ എഴുതുന്നു: 'മുസ് ലിംകള്‍ തങ്ങളുടെ നാടുകളില്‍ യൂറോപ്യന്‍ നിരീശ്വര- ബഹുദൈവത്വ നിയമസംഹിതകളില്‍നിന്ന് സ്വീകരിച്ച നിയമങ്ങള്‍ക്കനുസരിച്ച് ഭരണം നിര്‍വഹിക്കുന്നതെങ്ങനെയാണ് അനുവദനീയമാകുക? ഇസ് ലാമിക ശരീഅത്തിനെ തങ്ങളുദ്ദേശിച്ച വിധം മാറ്റിമറിക്കാനും അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കാതെ തെറ്റായ അഭിപ്രായങ്ങളും ഇഛകളും അതില്‍ കടന്നു കൂടാനും അതിടയാക്കുകയില്ലെ?
നാം മനസ്സിലാക്കിയേടത്തോളം താര്‍ത്താരികളുടെ കാലത്തു മാത്രമാണ് മുസ് ലിംകള്‍ ഈ വിഷയം നേരിടേണ്ടി വന്നത്. അക്രമത്തിന്റെയും അന്ധകാരത്തിന്റെയും കാലഘട്ടമായിരുന്നു താര്‍ത്താരികളുടേത്. എന്നിട്ടുപോലും മുസ് ലിംകള്‍ താര്‍ത്താരികള്‍ക്ക് വിധേയരാകാന്‍ കൂട്ടാക്കിയില്ല.
ഇസ് ലാം താര്‍ത്താരികളെ തോല്‍പ്പിച്ചു. ശേഷം അവരെ ഇസ്്ലാമില്‍ ലയിപ്പിച്ചു. അവരെ ഇസ് ലാമിക ശരീഅത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി. മുസ് ലിംകള്‍ തങ്ങളുടെ ദീനിലും ശരീഅത്തിലും അടിയുറച്ചു നിന്നതിനാല്‍ താര്‍ത്താരികള്‍ ചെയ്തുവെച്ചതിന്റെ ദോഷങ്ങള്‍ നീങ്ങി. അക്കാലത്തെ ഭരണാധികാരി വിഭാഗങ്ങളില്‍നിന്നാണ് ഈ തെറ്റായ നടപടികള്‍ ഉണ്ടായത്. ഭരണീയരായ ഇസ് ലാമിക സമൂഹങ്ങളില്‍ ആരും തന്നെ അവരുടെ ആശയനിലപാടുകളില്‍ ലയിച്ചു ചേരുകയോ, അത് പഠിക്കുകയോ, തങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ ആ ഇസ് ലാം വിരുദ്ധ നിയമങ്ങള്‍ അതിവേഗം തേഞ്ഞുമാഞ്ഞുപോയി.
ഇസ് ലാമിന്റെ ശത്രുവായ ചെങ്കിസ്ഖാന്റെ നിര്‍മിതിയായ യാസിഖിനെപ്പറ്റി എത്ര ശക്തമായാണ് ഹി. എട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു കസീര്‍ എഴുതിയിരിക്കുന്നത്? ക്രി. പതിനാലാം നൂറ്റാണ്ടിലെ മുസ് ലിംകളുടെ ചിത്രമാണ് അദ്ദേഹം വരച്ചു കാട്ടിയിരിക്കുന്നത്. ഭരണാധികാരികള്‍ക്കിടയില്‍ മാത്രമേ അതിനു സ്വാധീനമുണ്ടായിരുന്നുള്ളൂ. അവര്‍ തന്നെയും വൈകാതെ ഇസ് ലാമിക സമൂഹത്തില്‍ ലയിച്ചു ചേര്‍ന്നു.
പിന്നീട് മുസ് ലിംകള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലേക്ക് കൂപ്പു കുത്തി. അവരേക്കാള്‍ അക്രമികളും ഇരുട്ടിന്റെ വക്താക്കളുമായി മാറി. കൂടുതല്‍ ഇസ് ലാമിക സമൂഹങ്ങളും ഇപ്പോള്‍ ഇസ് ലാമിക ശരീഅത്തിനു വിരുദ്ധമായ മനുഷ്യനിര്‍മിത നിയമങ്ങളില്‍ ലയിച്ചു ചേരുന്നു. പ്രകടമായും സത്യനിഷേധിയായിരുന്ന ഒരാള്‍ ഉണ്ടാക്കിയ 'യാസിഖി'ന് സമാനമാണ് മുസ് ലിംകളെന്നു വാദിക്കുന്ന ചിലരുണ്ടാക്കുന്ന ഈ നിയമങ്ങള്‍. ഇവ തലമുറകള്‍ പഠിക്കുന്നു. പിതാക്കളും മക്കളും ഇതില്‍ അഭിമാനിക്കുന്നു. ആധുനിക യാസിഖിനെ അവര്‍ അവലംബമായി അംഗീകരിക്കുന്നു. അതിനെ എതിര്‍ക്കുന്നവരെ അവര്‍ നിന്ദിക്കുന്നു. ദീനീനെയും ശരീഅത്തിനെയും പിന്‍ പറ്റണമെന്നു പറയുന്നവരെ പിന്തിരിപ്പന്മാരെന്നും യാഥാസ്ഥിതികരെന്നും മുദ്രകുത്തുന്നു.
അതിനുമപ്പുറം, ഇസ് ലാമിക ശരീഅത്തില്‍ ബാക്കിയുള്ളവയില്‍ കൈകടത്തി അതിനെ അവരുടെ പുതിയ യാസിഖിലേക്ക് തിരിച്ചുവിടാന്‍ അവര്‍ ഉദ്ദേശിക്കുന്നു. ഇതിനായി പതുക്കെ നടപടികള്‍ മുന്നോട്ടു നീക്കുന്നു.
ചിലപ്പോള്‍ ചതിയും കുതന്ത്രവും പ്രയോഗിക്കുന്നു. തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കുന്നു. തങ്ങളുടെ ഉദ്ദേശ്യം തുറന്നു പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തെ മതത്തില്‍നിന്ന് വെട്ടിമാറ്റുന്നതില്‍ അവര്‍ ലജ്ജിക്കുന്നില്ല. ഈ പുതിയ മതത്തെ സ്വീകരിക്കാന്‍ മുസ് ലിംകള്‍ക്ക് കഴിയുമോ? ഈ ആധുനിക യാസിഖിന്റെ തണലില്‍ ന്യായാധിപസ്ഥാനമേല്‍ക്കാന്‍ മുസ് ലിമിനു കഴിയുമോ? വ്യക്തമായ ശരീഅത്തിനെ മാറ്റിനിറുത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കാനാകുമോ? ഇസ്്ലാമിനെ മനസ്സിലാക്കുകയും അതിനെ സമഗ്രമായും വിശദമായും അംഗീകരിക്കുകയും അല്ലാഹു അവന്റെ ദൂതന് അയച്ച മുന്നിലൂടെയോ പിന്നിലൂടെയോ മിഥ്യ കടന്നുവരാത്ത ഖുര്‍ആനില്‍ വിശ്വസിക്കുകയും ഖുര്‍ആനിനെയും അതുകൊണ്ടുവന്ന നബിയെയും ഏതു സാഹചര്യത്തിലും അനുസരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്ത ഒരു മുസ് ലിമിന് ഇസ് ലാം വിരുദ്ധ നിയമങ്ങള്‍ വിധിക്കേണ്ടി വരുന്ന ന്യായാധിപസ്ഥാനം അംഗീകരിക്കാനാവില്ല. ഇത്തരം മനുഷ്യ നിര്‍മിത നിയമങ്ങള്‍ കടുത്ത സത്യനിഷേധമാണെന്ന് സൂര്യപ്രകാശം പോലെ വ്യക്തമാണ്. മുസ് ലിമാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ക്കും അതനുസരിച്ച് പ്രവര്‍ത്തിക്കാനോ അതിനു വിധേയപ്പെടാനോ കഴിയുകയില്ല. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഓരോരുത്തരും സ്വയം വിചാരണ നടത്തണം'5
മോഷ്ടാവിന്റെ കരം ഛേദിക്കണമെന്ന നിയമത്തെ തള്ളിപ്പറയുന്നവരെക്കുറിച്ച് ശൈഖ് അഹ് മദ് ശാകിര്‍ പറയുന്നു: 'കള്ളന്റെയും കള്ളിയുടെയും കൈവെട്ടണമെന്നത് ഖുര്‍ആന്‍ പ്രകാരം പദപരമായും ആശയപരമായും വ്യക്തമാണ്. അത് സ്ഥിരനിയമമാണെന്നതിലോ തെളിവാല്‍ സ്ഥാപിതമാണെന്നതിലോ സംശയമില്ല. അല്ലാഹുവിന്റെ വിധിയനുസരിച്ചും അവനോടുള്ള അനുസരണത്തിന്റെ ഭാഗമായും പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തില്‍ നബി(സ) പ്രായോഗികമായി നടപ്പാലിക്കിയതാണത്. എത്രത്തോളമെന്നാല്‍, 'മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കിലും ഞാന്‍ അവളുടെ കൈമുറിച്ചുകളയുന്നതായിരിക്കും' എന്നുവരെ അവിടുന്ന് പ്രഖ്യാപിക്കുകയുണ്ടായി.
എന്നാല്‍ നമ്മുടെ കൊളോണിയല്‍ ശത്രുക്കള്‍ എന്താണ് ചെയ്തത്? അവര്‍ നമ്മുടെ ദീനിനെ തോന്നിയ പോലെ കൈകാര്യം ചെയ്തു. ശപ്തമായ ബഹുദൈവാധിഷ്ഠിത നിയമങ്ങള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചും അല്ലാഹുവിന്റെയും അവന്റെ നബിയുടെയും നിയമങ്ങള്‍ നിര്‍വീര്യമാക്കി. പിന്നെ അവര്‍ നമ്മുടെ തന്നെ ചിലയാളുകളില്‍ ഇസ് ലാമിക വിധികളോട് ദ്വേഷം വളര്‍ത്തിയെടുത്തു. അവരുടെ നാവുകളില്‍ സത്യനിഷേധത്തിന്റെ വചനങ്ങള്‍ വെച്ചുകൊടുത്തു. ആധുനിക യുഗത്തിന് ഒട്ടും ചേരാത്ത കടുത്ത നിയമങ്ങളാണ് ഇസ് ലാമിക നിയമങ്ങളെന്ന് അവരെക്കൊണ്ട് പറയിപ്പിച്ചു. കരച്ഛേദത്തിനു പകരം പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ലാത്ത മറ്റു ശിക്ഷകള്‍ നടപ്പിലാക്കിയതോടെ ജയിലുകള്‍ മോഷ്ടാക്കളാല്‍ നിറഞ്ഞു.
ഇതിനു പുറമെ അഭ്യസ്തവിദ്യരുടെ ബുദ്ധികളില്‍ മനഃശാസ്ത്രം എന്ന പേരില്‍ ചിലതൊക്കെ ഇട്ടുകൊടുത്തു. അതൊരു ശാസ്ത്രമോ അതിനു സമാനമായ വിജ്ഞാനമോ അല്ല. പരസ്പരവിരുദ്ധങ്ങളായ ഇഛകളെ ആ പേരില്‍ വിളിക്കുന്നു എന്നുമാത്രം. ഈ ശാസ്ത്രത്തിലെ സത്യനിഷേധിയായ ഓരോ നേതാവും തന്റെ പ്രതിയോഗികളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കുന്നു. ഓരോ കള്ളനെയും അവന്റെ നിലവാരമനുസരിച്ച് ശിക്ഷയില്‍നിന്ന് മോചിപ്പിച്ചെടുക്കാന്‍ മനഃശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ഇത് പിന്നീട് കള്ളന്മാര്‍ തന്നെ നേരിട്ട് തങ്ങള്‍ക്കുവേണ്ടി ഒഴികഴിവു നിരത്തുന്ന അവസ്ഥയിലായി. മോഷ്ടാക്കൾക്കു വേണ്ടി ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ തങ്ങളെ നരകത്തിലേക്ക് കൊണ്ടെത്തിക്കും വിധം മോഷണം കുറ്റം തന്നെയാണ് സമ്മതിക്കുന്നതോടൊപ്പവും നിഷേധിക്കാതിരിക്കുന്നതോടൊപ്പവും കുറ്റവാളിയുടെ മനഃശാസ്ത്രവും സാഹചര്യങ്ങളും വിലിയിരുത്തുക എന്ന ഭാവേന മോഷണമെന്ന കുറ്റത്തെ ചെറുതായി കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ മേഖലയിലെ പല പ്രമുഖരുമായും സംവാദം നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഈ കാലഘട്ടത്തിനു യോജിച്ചതല്ല എന്നതായിരുന്നു അവരുടെയെല്ലാം പ്രതികരണം. കുറ്റവാളികള്‍ രോഗികളാണ്, അവര്‍ക്കാവശ്യം ചികിത്സയാണ് എന്നാണ് ന്യായം. ഖുര്‍ആന്‍ പറയുന്നതോ, جزاء بما كسبا نكالا من الله (അവര്‍ രണ്ടുപേരും- മോഷ്ടിച്ചവനും മോഷ്ടിച്ചവളും- സമ്പാദിച്ചതിനുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണ് (കരച്ഛേദം) (മാഇദ 38) എന്നും.
അല്ലാഹുവാണ് സൃഷ്ടികളുടെ സ്രഷ്ടാവ്. അവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അവനത്രെ. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്. കരഛേദം മോഷ്ടാക്കള്‍ക്കുള്ള കടുത്ത ശിക്ഷയും വ്യക്തവും ഖണ്ഡിതവുമായ വിധിയുമാണ്. ഈ മനഃശാസ്ത്ര വാദികൾ എന്തു ചെയ്യും?
മുസ് ലിംകളെ സംബന്ധിച്ചേടത്തോളം കരഛേദം എന്ന ശിക്ഷ ആദര്‍ശപരവും വിശ്വാസപരവുമായ അടിത്തട്ടില്‍നിന്ന് ഉറവെടുത്തതാണ്. മുസ് ലിംകളാണെന്ന് അവകാശപ്പെടുകയും കരഛേദമെന്ന ശിക്ഷയെ തള്ളിപ്പറയുകയും ചെയ്യുന്ന ഇവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടോ? അല്ലാഹുവാണ് ഇക്കണ്ട സൃഷ്ടികളെയത്രയും സൃഷ്ടിച്ചത് എന്ന് അംഗീകരിക്കുന്നുണ്ടോ? 'അതെ' എന്നാണ് ഉത്തരമെങ്കില്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാം അല്ലാഹു അറിയുംഎന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? സൃഷ്ടികളെക്കാള്‍ സൃഷ്ടികളെക്കുറിച്ച് സ്രഷ്ടാവിന്നാണ് ഏറ്റവും നന്നായി അറിയുക എന്ന് അംഗീകരിക്കുന്നുണ്ടോ? സൃഷ്ടികള്‍ക്ക് ഗുണകരവും ദോഷകരവുമായ കാര്യങ്ങളെക്കുറിച്ച് അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നതെന്ന് അംഗീകരിക്കുന്നുണ്ടോ? അല്ലാഹുവാണ് തന്റെ ദൂതനായ മുഹമ്മദിനെ സന്മാര്‍ഗവും സത്യദീനുമായി അയച്ചതെന്നും ജനങ്ങളുടെ ഭൗതിക പാരത്രിക നന്മകള്‍ക്ക് സന്മാര്‍ഗമായി അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിപ്പിച്ചതെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? 'അതെ' എന്നാണ് ഉത്തരമെങ്കില്‍
وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا
'കള്ളനെയും കള്ളിയുടെയും കൈകള്‍ നിങ്ങള്‍ ഛേദിച്ചുകളയുക' (മാഇദ 38) എന്ന സൂക്തം ഖുര്‍ആനില്‍ പെട്ടതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? 'അതെ' എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ എങ്ങോട്ടാണ് തിരിക്കപ്പെടുന്നത്? ഏത് നിയമസംഹിതയിലാണ് നിങ്ങള്‍ നിലകൊള്ളുന്നത്? 'അല്ല' എന്നാണ് ഉത്തരമെങ്കില്‍ അത്തരം ആളുകളുമായി നാം വേര്‍പിരിയുന്നു. പണ്ഡിതനോ പാമരനോ അഭ്യസ്തവിദ്യനോ നിരക്ഷരനോ ആയ ഏതൊരു മുസ് ലിമും അത്തരക്കാര്‍ മതപരിത്യാഗികളാണെന്ന് ബോധ്യമുള്ളവരാണ്. എന്നാല്‍ മുസ് ലിംകളല്ലാത്തവരോ മുസ് ലിംകളല്ലെന്ന് അവകാശപ്പെടുന്നവരോ ആയ ആളുകളോട് സംവാദത്തിന് വരുന്നില്ല, അവരുമായി സംസാരിക്കാനുമില്ല. എന്തുകൊണ്ടെന്നാല്‍ നാം വിശ്വസിക്കുന്നതല്ലല്ലോ അവര്‍ വിശ്വസിക്കുന്നത്. അവര്‍ പറയുന്നത് നാമും പറയണം എന്ന് ആഗ്രഹിക്കുന്നവരാണവര്‍. അവരെ നമുക്ക് വിടാം.
മുസ് ലിംകളെന്നു വാദിക്കുന്ന ഈയാളുകള്‍ ബുദ്ധിപൂര്‍വം ചിന്തിച്ചിരുന്നുവെങ്കില്‍ ഓരോ വര്‍ഷവും ചില മോഷ്ടാക്കളുടെയെങ്കിലും കൈകള്‍ ഛേദിക്കപ്പെട്ടിരുന്നുവെങ്കില്‍ നമ്മുടെ നാടുകള്‍ കള്ളന്മാരില്‍നിന്ന് രക്ഷപ്പെട്ടേനെ? പിന്നെ അപൂര്‍വ സംഭവങ്ങള്‍ എന്നപോലെ ചില്ലറ മോഷണങ്ങള്‍ മാത്രമേ നടക്കുമായിരുന്നുള്ളൂ. വിവിധ കുറ്റകൃത്യങ്ങള്‍ പഠിക്കാനവസരമൊരുക്കുന്ന യഥാര്‍ഥ പാഠശാലകളായ ജയിലുകളില്‍നിന്ന് ആയിരങ്ങള്‍ ശൂന്യമാകുമായിരുന്നു. തങ്ങളുടെ നേതാക്കളെയും അധ്യാപകരെയും തൃപ്തിപ്പെടുത്താനായി മിഥ്യാവാദങ്ങളില്‍ ഉറച്ചു നില്‍കുന്നതിനാല്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തയാറാകുന്നില്ല എന്നതാണ് വാസ്തവം.6
4. ഇസ് ലാം പരിത്യാഗികളായ ചില വിഭാഗങ്ങളെക്കുറിച്ച് ഇമാം ഇബ്‌നു തൈമിയ്യ നല്‍കിയ ഫത് വ ഇങ്ങനെ: 'സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാണ് സര്‍വസ്തുതിയും? നുസ്വൈരികള്‍ എന്നുവളിക്കപ്പെടുന്ന ഈ വിഭാഗവും ബാത്വിനിയ്യ ഖറാമിത്വ വിഭാഗങ്ങളും യഹൂദരേക്കാളും ക്രൈസ്തവരേക്കാളും പിഴച്ചവരും അധിക ബഹുദൈവവിശ്വാസികളേക്കാളും കടുത്ത സത്യനിഷേധികളുമാണ്. അവര്‍ മുസ് ലിംകള്‍ക്കുണ്ടാക്കുന്ന ഉപദ്രവങ്ങല്‍ താര്‍ത്താരികളുടേതിനേക്കാളും പറങ്കികളുടേതിനേക്കാളും മറ്റുള്ളവരേക്കാളും തീവ്രതരമാണ്. വിവരദോഷികളായ മുസ് ലിംകളുടെ മുമ്പാകെ ശിയാക്കളായും അഹ് ലു ബൈത്തിന്റെ ഉറ്റ സ്‌നേഹികളായും അഭിനയിക്കുന്ന ഇവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിലോ അവന്റെ ദൂതനിലോ ഖുര്‍ആനിലോ ശാസനാ നിരോധങ്ങളിലോ രക്ഷാശിക്ഷകളിലോ സ്വര്‍ഗ-നരകങ്ങളിലോ മുഹമ്മദ് നബി(സ)യുടെ മുമ്പ് ആഗതരായ ഏതെങ്കിലും നബിയിലോ, മില്ലത്തുകളിലോ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. മുസ് ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ചിരപരിചിതമായ അല്ലാഹുവിന്റെയും നബി(സ)യുടെയും വചനങ്ങളെ അവര്‍ വ്യാജം ചമച്ച് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അത് അന്തര്‍ജ്ഞാനമാണെന്നാണ് അവരുടെ വാദം. അല്ലാഹുവിന്റെ നാമങ്ങളെയും സൂക്തങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നതിലോ അല്ലാഹുവിന്റെയും നബി(സ)യുടെയും വചനങ്ങളെ മാറ്റിമറിക്കുന്നതിലോ അവര്‍ക്ക് ഒരു പരിധിയുമില്ല.
ശാമിന്റെ തീരങ്ങള്‍ ക്രൈസ്തവര്‍ അധിനിവേശം നടത്തിയിരിക്കുകയാണ്. നുസ്വൈരികളും ഖറാമിത്വകളും മുസ് ലിംകള്‍ക്കെതിരെ ക്രൈസ്തവരോടൊപ്പമാണ്. താര്‍ത്താരികള്‍ക്കെതിരെ മുസ് ലിംകള്‍ക്കുണ്ടായ വിജയം ഖറാമിത്വ വിഭാഗങ്ങള്‍ക്ക് വലിയ അടിയായിരുന്നു. മുസ് ലിംകളുടെ രാജ്യാതിര്‍ത്തികളില്‍ ക്രൈസ്തവര്‍ അധിനിവേശം നടത്തുമ്പോള്‍ അവര്‍ അതാഘോഷിക്കുന്നു. അല്ലാഹുവിനോടും അവന്റെ നബിയോടും ശത്രുത പുലര്‍ത്തുന്ന ഈ വിഭാഗങ്ങള്‍ തീരങ്ങളിലും മറ്റും വര്‍ധിച്ചിരിക്കുന്നു. അതുവഴി ക്രൈസ്തവര്‍ തീരത്ത് അധിനിവേശം നടത്തി. അതിലൂടെ ബൈത്തുല്‍ മഖ്ദിസില്‍ ക്രൈസ്തവര്‍ക്ക് അധിനിവേശം നടത്താനായി. നുസ്വൈരി-ഖറാമിത്വ വിഭാഗങ്ങളില്‍നിന്നുണ്ടായ അനുകൂല സാഹചര്യങ്ങള്‍ ശത്രുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പിന്നീട് ശഹീദ് നൂറുദ്ദീന്‍, സ്വലാഹുദ്ദീന്‍ എന്നീ പോരാളികളായ മുസ് ലിം ചക്രവര്‍ത്തിമാര്‍ തീരദേശങ്ങള്‍ ക്രൈസ്തവരില്‍നിന്ന് മോചിപ്പിച്ചെടുത്തു. ഇരുനൂറ് വര്‍ഷത്തോളും ഈജിപ്ത് ശിയാ വിഭാഗങ്ങൾ ക്രൈസ്തവരുമായി ഒത്തു പ്രവര്‍ത്തിച്ചു. മുസ് ലിംകള്‍ അവരോട് പൊരുതി ഈജിപ്തിനെ മോചിപ്പിക്കുകയായിരുന്നു.
താര്‍ത്താരികള്‍ മുസ് ലിം നാടുകളിലേക്ക് കടന്നുവന്നതും ബഗ്ദാദിലെ ഖലീഫ ഉള്‍പ്പെടെയുള്ളവരെ വധിച്ചതുമെല്ലാം ശിയാ വിഭാഗങ്ങളുടെ സഹായത്തോടെയാണ്.
മുസ് ലിംകള്‍ അവരെ മുലാഹിദ, ഖറാമിത്വ, ബാത്വിനിയ്യ, ഇസ്മാഈലിയ്യ, ഖര്‍മിയ്യ, മുഹ് മര്‍റ എന്നീ പേരുകളിലാണ് വിളിക്കുന്നത്. ഇവയില്‍ ചിലത് അവരുടെ പൊതുനാമമാണ്, ചിലത് ചില വിഭാഗങ്ങളെ സൂചിപ്പിക്കുന്നവയാണ്. ഈ വിഭാഗങ്ങളുമായി സമരം ചെയ്യുന്നതും അവര്‍ക്കെതിരെ ശിക്ഷകള്‍ നടപ്പാക്കുന്നതും ഏറ്റവും വലിയ പുണ്യമാണ്. ബഹുദൈവ-യഹൂദ-ക്രൈസ്തവ വിശ്വാസികളിലെ, മുസ് ലിംകളോട് പോരാടാത്തവരോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠവും മഹത്തരവുമാണ് ഇവരോട് നടത്തുന്ന പോരാട്ടം. അവരുടെ ദ്രോഹത്തേക്കാള്‍ വലുതാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ദ്രോഹങ്ങള്‍. ഓരോ മുസ് ലിമും തന്നാലാവുംവിധം അവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. അവരെക്കുറിച്ചറിയുന്ന വിവരങ്ങള്‍ മറച്ചു വെക്കാവതല്ല. മുസ് ലിംകള്‍ക്ക് അവരെക്കുറിച്ച യാഥാര്‍ഥ്യം തിരിച്ചറിയാനായി വിവരങ്ങള്‍ കൈമാറണം. മൗനം ഭജിക്കുന്നത് അനുവദനീയമല്ല. അവരുടെ ശല്യം തടുക്കാനും അവര്‍ക്ക് ഹിദായത്ത് എത്തിച്ചുകൊടുക്കാനും സഹായിക്കുന്നവര്‍ക്ക് അല്ലാഹുവിന് മാത്രം അറിയുന്ന അളവിലുള്ള കൂലിയും പ്രതിഫലവും ഉണ്ടായിരിക്കുന്നതാണ്.7
കുറിപ്പുകള്‍
1. كتاب الزّواجر عن اقتراف الكبائر لإبن حجر المكي ج 1 ص 30-38 مغني المحتاج ج 4 ص 135، حاشية الباجوري ج 2 ص 257
2. من منهاج السّنّة النبويّة، مجوعة التوحيد ص 193
3. شرح العقيدة الطحاويّة ص 363، 364
4. تفسير ابن كثير ج 2 ص 67
5. عمدة التفسير اختبار وتحقيق احمد محمد شاكر ج 4 ص 171، 172
6. عمدة التفسير ج 4 ص 146،147
7. مجموع فتاوى ابن تيميّة 149/25