സൂറത്തുന്നബഅ് വ്യാഖ്യാനസാരം

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

പദ പരിചയം
بَنَى എന്നാല്‍ നിര്‍മിച്ചു. 'അല്‍ബിനാഉ' എന്നാല്‍ നിര്‍മിതി, കെട്ടിടം.
لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ 
'അവര്‍ക്ക് മേല്‍ക്കൂരമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുണ്ട്. (സുമര്‍ 20).
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ 
'ആകാശമാകട്ടെ, നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു' (അദ്ദാരിയാത്ത് 47)
وَالسَّمَاءِ وَمَا بَنَاهَا 
'ആകാശത്തെയും അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ് സത്യം' (അശ്ശംസ് 5).
അല്‍ബുന്‍യാന്‍ എന്നത് ബഹുവചനമല്ല, ഏകവചനമാണ്.
لَا يَزَالُ بُنْيَانُهُمُ الَّذِي بَنَوْا رِيبَةً
'അവര്‍ സ്ഥാപിച്ച അവരുടെ ആ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ഒരു ആശങ്കയായി തുടരുന്നതാണ്' (അത്തൗബ 110)
كَأَنَّهُم بُنْيَانٌ مَّرْصُوصٌ '(കല്ലുകള്‍) സുദൃഢമായി സംയോജിപ്പിച്ച ഒരു കെട്ടിടം പോലെ' (അസ്സ്വഫ്ഫ് 4)
قَالُوا ابْنُوا عَلَيْهِم بُنْيَانًاۖ 'നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക' (അല്‍ കഹ്ഫ് 21)
'നഖ്‌ലത്ത് (ഈത്തപ്പന) 'നഖ്‌ല്' (ഈത്തപ്പനകള്‍) തംറത്ത് (ഈത്തപ്പഴം) തംറ് (ഈത്തപ്പഴങ്ങള്‍) പോലെ 'ബുന്‍യാനത്ത്' എന്നതിന്റെ ബഹുവചനമാണ് 'ബുന്‍യാന്‍' എന്ന് ചില ഭാഷാകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം ബഹുവചനങ്ങള്‍ പുല്ലിംഗമായും സ്ത്രീലിംഗമായും പ്രയോഗത്തിലുണ്ട്.

ഇബ്‌നുൻ എന്നതിന്റെ മൂലരൂപം 'ബനവുന്‍' എന്നാണ്. 'അബ്‌നാഅ്' എന്ന് ബഹുവചനം. വലുപ്പം, പ്രാധാന്യം എന്നിവയില്‍ ചെറിയത് എന്ന് സൂചിപ്പിക്കുന്ന തസ്ഗീറായി പ്രയോഗിക്കുമ്പോള്‍ 'ബുനയ്യ' (കുഞ്ഞു മോൻ)എന്ന് പ്രയോഗം.
പിതാവിന്റെ നിര്‍മിതിയാണ് കുഞ്ഞ് എന്ന നിലയിലാണ് 'ഇബ്‌ന്' 'ബുനയ്യ' എന്ന് ഉപയോഗിക്കുന്നത്. കുഞ്ഞിനെ സൃഷ്ടിക്കുന്നതില്‍ അല്ലാഹു പിതാവിനെ നിര്‍മാതാവാക്കി. എന്തിന്റെയെങ്കിലും ഭാഗമായി ഉണ്ടായിത്തീരുന്നതോ, വളര്‍ത്തിയെടുക്കപ്പെട്ടോ സേവിക്കപ്പെട്ടോ, നിര്‍വഹിക്കപ്പെട്ടോ ഉണ്ടായിത്തീരുന്ന എന്തും അവയുടെ 'ഇബ്‌ന്' (നിര്‍മിതി) ആണെന്നു പറയാം. ഉദാ: ഫുലാനുന്‍ ഇബ്‌നു ഹര്‍ബ് എന്നാല്‍ 'അയാള്‍ യുദ്ധത്തിന്റെ സന്തതിയാണ്' (യുദ്ധത്തിന്റെ ദുരന്ത പുത്രനാണ്), ഇബ്‌നുസ്സബീല്‍ (വഴിയാധാരമായ യാത്രക്കാരന്‍). ഇബ്‌നുല്ലൈല്‍ (ചന്ദ്രന്‍, വേശ്യ, കള്ളന്‍) ഇബ്‌നുല്‍ ഇല്‍മ് (ജ്ഞാനദാഹി) എന്നും പ്രയോഗമുണ്ട്.

ഇബ്‌നു ബത്വ്‌നിഹി, ഇബ്‌നു ഫര്‍ജിഹി എന്നാല്‍ യഥാക്രമം ഉദരകാമി, ലൈംഗിക മോഹി എന്നാണര്‍ഥം. ഇബ്‌നു യൗമിഹി എന്നാല്‍ നാളത്തെപ്പറ്റി ചിന്തിക്കാതെ അന്നന്നത്തെ കാര്യം മാത്രം ചിന്തിക്കുന്നയാള്‍. അബ്‌നാഅ്, ബനൂന എന്ന് ബഹുവചനം. ഇബ്‌നത്ത്, ബിന്‍ത് എന്ന് സ്ത്രീലിംഗം, ബഹുവചനം ബനാത്ത്.
'ഫൗഖ്': (മീതെ, മുകളില്‍) സ്ഥലം, കാലം, ശരീരം, എണ്ണം, സ്ഥാനം മുതലായവയില്‍ പ്രയോഗിക്കുന്നു. (1) ഉയരം പരിഗണിച്ചുകൊണ്ട്.
وَرَفَعْنَا فَوْقَكُمُ الطُّورَ
'നിങ്ങള്‍ക്കു മുകളില്‍ നാം ത്വൂര്‍ പര്‍വതത്തെ ഉയര്‍ത്തി.' ഫൗഖിന്റെ വിപരീതമായി 'തഹ്ത്ത' ഉപയോഗിക്കുന്നു. 
(2) കയറ്റവും ഇറക്കവും പരിഗണിച്ച്.
إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ
'നിങ്ങളുടെ മുകള്‍ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം' (അല്‍ അഹ്‌സാബ് 10)
(3) എണ്ണവുമായി ബന്ധപ്പെട്ട്
فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ  'ഇനി രണ്ടിലധികം (രണ്ടിനു മുകളിൽ) പെണ്‍കുട്ടികളാണുള്ളതെങ്കില്‍' (അന്നിസാഅ് 11)
(4) വലിപ്പവും ചെറുപ്പവുമായി ബന്ധപ്പെട്ട്.
إِنَّ اللَّهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَاۚ
'ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല. തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ!' (അല്‍ ബഖറ 26).
സൂക്തത്തിലെ അതിലുപരിയായത് എന്നതിന്റെ വിവക്ഷ, സൂക്തത്തില്‍ പരാമര്‍ശവിധേയമായ എട്ടുകാലിക്കുപരിയായതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ചെറുപ്പത്തില്‍ അതിന്റെ മുകളിലുള്ളത് അതായത് കൊതുകിനേക്കാള്‍ ചെറുതും നിസ്സാരവുമായ ജീവി.
(5) ഭൗതിക ശ്രേഷ്ഠത;
وَرَفَعَ بَعْضَهُمْ دَرَجَاتٍۚ
'നാം അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ പദവികളാല്‍ ഉയര്‍ത്തിയിരിക്കുന്നു' (അല്‍ബഖറ 253)
പാരത്രിക ശ്രേഷ്ഠത:
وَالَّذِينَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيَامَةِۗ
'ഭക്തരായവര്‍ അന്ത്യനാളില്‍ അവരേക്കാള്‍- സത്യനിഷേധികളേക്കാള്‍- മീതെയായിരിക്കും' (അല്‍ബഖറ 212)
(6) അധികാരവും മേല്‍ക്കൈയും പരിഗണിച്ച്:
وَهُوَ الْقَاهِرُ فَوْقَ عِبَادِهِۖ 
'അവനത്രെ തന്റെ ദാസന്മാരുടെ  മേല്‍ പരമാധികാരമുള്ളവന്‍' (അല്‍ അന്‍ആം 61)
'ഫാഖ ഫുലാനുന്‍ ഗൈറഹു' എന്നാല്‍ ഒരാള്‍ മറ്റൊരാളെ ഗുണപരമായി അതിജയിച്ചു എന്നര്‍ഥം.

اَلشَّدّ എന്നാല്‍ ശക്തമായ ബന്ധനം.
'ശദത്തുശ്ശൈഅ' എന്നാല്‍ 'ഞാന്‍ അതിനെ ശക്തമായി ബന്ധിച്ചു, കെട്ടുമുറുക്കി എന്നര്‍ഥം. ബന്ധനം, ശരീരം, മനഃശക്തി, ശിക്ഷ മുതലായവയില്‍ ഇതുപയോഗിക്കും.
حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً 
'അങ്ങനെ അവന്‍ തന്റെ പൂര്‍ണ ശക്തി പ്രാപിക്കുകയും നാല്‍പ്പതു വയസ്സെത്തുകയും ചെയ്താല്‍' (അല്‍ അഹ്ഖാഫ് 15) എന്ന സൂക്തം നാല്‍പതു വയസ്സാകുന്നതോടെ മനുഷ്യന്റെ സ്വഭാവങ്ങള്‍ ബലപ്പെടുന്നു, അതിനുശേഷം അത് മാറ്റിയെടുക്കാന്‍ കഴിയുകയില്ല എന്ന് സൂചിപ്പിക്കുന്നു.
إِذَا المَرْءُ وَافَى الأَرْبَعِين وَلَمْ يَكُنْ  -  لَهُ دُونَ مَا يَهْوَى حَيَاءٌ وَلا سِتْرُ
فَدَعْهُ وَلا تَنْفَسْ عَليْهِ الذِي أَتَى   -   وَإِنْ جَرَّ أَسْبَابَ الحَيَاةِ لَهُ الدَّهْرُ
'നാല്‍പതു വയസ്സായ ഒരാള്‍ക്ക് അയാളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതിന് ലജ്ജയോ മറയോ തടസ്സമാകുന്നില്ലെങ്കില്‍, അയാളെ നീ വിട്ടേക്കുക, അയാളുടെ കഴിഞ്ഞകാലത്തെപ്പറ്റി നീ നെടുവീര്‍പ്പിടേണ്ട. കാലം ജീവിതത്തിന്റെ വഴികള്‍ അയാള്‍ക്ക് ആയുസ്സിനുള്ള വഴി ഒരുക്കിയിട്ടുണ്ടെങ്കിലും' 'ശദ്ദഫുലാനുന്‍' എന്നാല്‍ വേഗത്തിലോടി.1


വ്യാഖ്യാനം:
നാം നിങ്ങള്‍ക്ക് മുകളില്‍ ബലിഷ്ഠങ്ങളായ ഏഴെണ്ണം സൃഷ്ടിച്ചു എന്നാല്‍ നാം നിങ്ങള്‍ക്കു മുകളില്‍ മച്ച് വിരിച്ചു. മച്ചിനെ നിര്‍മിതിയായി എടുത്തു പറഞ്ഞു. വീടുകളെ സംബന്ധിച്ചേടത്തോളം അവയുടെ ആകാശമായ മച്ചിനെ അറബികള്‍ കെട്ടിടം എന്നാണ് പറഞ്ഞിരുന്നത്. ഭൂമിയെ സംബന്ധിച്ചേടത്തോളം ആകാശം അതിന്റെ മേല്‍പുരയാണ്. അറബികളുടെ ഭാഷയില്‍ അവതരിച്ച ഖുര്‍ആന്‍ അവരുടെ ഭാഷയില്‍ അവരെ അഭിസംബോധന ചെയ്തു. വിള്ളലുകളോ പിളര്‍പ്പുകളോ ഇല്ലാതെ, രാപ്പകലുകളുടെ ഗതി മാറ്റങ്ങള്‍ നശിപ്പിക്കാത്ത ബലിഷ്ഠ ഭദ്രങ്ങളായ ഏഴുവാനങ്ങള്‍ എന്നു സാരം.'2
ഉയരത്തിലും വിശാലതയിലും കുറ്റമറ്റ നിര്‍മിതിയിലും ഭദ്രതയിലും സഞ്ചരിക്കുന്നവയും അല്ലാത്തവയുമായ നക്ഷത്ര-ഗോളങ്ങളാല്‍ സൗന്ദര്യവല്‍കൃതമായ ഏഴുവാനങ്ങള്‍.3
ബലിഷ്ഠ ഭദ്രം എന്നു പറഞ്ഞതിന്റെ വിവക്ഷ കാലത്തിന്റെ ഗതിമാറ്റം ആകാശങ്ങളെ ക്ഷതപ്പെടുത്തുകയില്ല എന്നത്രെ. ഓരോ ആകാശത്തിന്റെയും കട്ടി (കനം, സാന്ദ്രത) അഞ്ഞൂറു വര്‍ഷത്തെ വഴിദൂരമാണ്.4
ആകാശത്തെ അല്ലാഹു ഭൂമിക്ക് മേല്‍പ്പുരയായി സൃഷ്ടിച്ചു. സൂര്യന്‍ ഉള്‍പ്പെടെ ധാരാളം അനുഗ്രഹങ്ങള്‍ ആകാശത്ത് സംവിധാനിച്ചു.5

മുഖാതിൽ പറയുന്നു: ഓരോ ആകശത്തിന്റെയും കട്ടി അഞ്ഞൂറുവര്‍ഷത്തെ സഞ്ചാരദൈര്‍ഘ്യമുണ്ട്. ഓരോ ആകാശവും അടുത്ത ആകാശവും തമ്മിലും അഞ്ഞൂറു വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. മനുഷ്യരേ, അവ നിങ്ങള്‍ക്കുമുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്. തെറ്റുകള്‍ ചെയ്താല്‍ അവ നിങ്ങളുടെ മേല്‍ ശിക്ഷയായി പതിക്കുമോ എന്ന് നിങ്ങള്‍ ഭയപ്പെടണം.6

ബലിഷ്ഠവും സുഘടിതവുമായ ഏഴു വാനങ്ങള്‍ നിങ്ങള്‍ക്കു മുകളിലായി സൃഷ്ടിച്ചു. അവയില്‍നിന്ന് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും താഴേക്ക് വീഴില്ല. ആകാശങ്ങളെപ്പറ്റി കെട്ടിടം എന്ന് പറഞ്ഞത്, അവയെ കുംഭഗോപുരങ്ങളായി ഉപമിച്ചുകൊണ്ടാണ്.
ആകാശം സമനിരപ്പായല്ല, തമ്പിന്റെ ആകൃതിയിലാണുള്ളതെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം.7

സമാനമായ മറ്റൊരു സൂക്തമാണ് وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًاۖ  'ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പ്പുരയാക്കിയിട്ടുമുണ്ട്' (അല്‍ അമ്പിയാഅ് 32)

'ബിനാഅ്' എന്ന പദം വീടുകളുടെ താഴ്ഭാഗത്തെ നിര്‍മിതികള്‍ക്കും 'സഖ്ഫ്' എന്ന പ ദം വീടുകളുടെ മുകള്‍ ഭാഗത്തെ നിർമിതികൾക്കുമാണ് ഉപയോഗിക്കുക. അങ്ങനെയെങ്കില്‍ 'നിങ്ങള്‍ക്കു മുകളില്‍ നാം ഏഴെണ്ണം നിര്‍മിച്ചു' എന്നു പറഞ്ഞതിന്റെ ഔചിത്യം എന്ത്? ഉത്തരം ഇതാണ്: മച്ചിനേക്കാള്‍ ആപത്തുകള്‍ കുറയുക അതിനു താഴെയുള്ള നിര്‍മിതിക്കാണ്. ഇവിടെ 'ബനൈനാ' (നാം നിര്‍മിച്ചു) എന്ന് പ്രയോഗിച്ചത് മച്ചിനുതാഴെയുള്ള നിര്‍മിതിയെക്കുറിച്ചല്ല, നിര്‍മിതിയുടെ മുകളിലെ ആകാശമാകുന്ന മച്ചിനെക്കുറിച്ചാണെങ്കിലും, നിര്‍മിതിയെപോലെത്തന്നെ ആകാശമാകുന്ന മച്ചും തകരാനുള്ള സാധ്യത വളരെ വിദൂരമാണ് എന്ന് ധ്വനിപ്പിക്കുന്നു. ഈയര്‍ഥത്തില്‍ 'ബനൈനാ' എന്ന പദം ഇവിടെ തെരഞ്ഞെടുത്തത് സൂക്ഷ്മവും അര്‍ഥപൂർണവുമാണ്.'8
ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് അല്ലാഹുവിന്റെ ശക്തിയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളാണ്. അല്ലാഹു പറയുന്നു:
لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ
'തീര്‍ച്ചയായും ജനങ്ങളെ സൃഷ്ടിക്കുന്നതിനേക്കാള്‍ വലുതാണ് ഭൂമിയുടെയും ആകാശങ്ങളുടെയും സൃഷ്ടിപ്പ്' (ഗാഫിര്‍ 57). (അദ്്വാഉല്‍ ബയാന്‍)
ഭൂമിയെക്കുറിച്ച് പറഞ്ഞ അല്ലാഹു, ഭ്രമണത്തിലൂടെ സമയവും കാലവും ഉണ്ടാവുകയും, മനോഹരവും ശോഭനവുമായ വിളക്കുകള്‍ ഉള്ളതുമായ മേല്‍പുരയെയും ഭൂമിയാകുന്ന വിരിപ്പിനെയും അതിലെ സൃഷ്ടികളുടെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ പ്രത്യക്ഷ ഉപകാരങ്ങളെയും കുറിച്ച് തുടര്‍ന്നുപറയുന്നു. 'നിങ്ങളുടെ മുകളില്‍' എന്നതിന്റെ വിവക്ഷ മുകളിലെ എല്ലാ ഭാഗങ്ങളെയും ചൂഴ്ന്നു നില്‍ക്കുംവിധമാണ് ആകാശങ്ങളുടെ നിര്‍മിതി എന്നര്‍ഥം. ലോകാവസാനത്തിന്റെ ഭാഗമായി പ്രപഞ്ചത്തില്‍ ഭയാനക സംഭവങ്ങള്‍ അരങ്ങേറുന്നതുവരെ വിള്ളലുകളും പൊട്ടലുകളും ഇല്ലാതെ അവ ബലിഷ്ഠ ഭദ്രങ്ങളായി നിലനില്‍ക്കുന്നതായിരിക്കും.'9

'ശദീദത്ത്' എന്നതിന്റെ ബഹുവചനമാണ് 'ശിദാദ്.'10

അറബികള്‍ വീടിന്റെ മേല്‍പ്പുരയ്ക്ക് സമാഅ് (ആകാശം) ബിനാഅ് (നിര്‍മിതി) എന്ന് പ്രയോഗിക്കാറുണ്ട്.11

ആകാശ ചക്രവാളത്തിലെ രണ്ടു പ്രതിഭാസങ്ങളായ രാപ്പകലുകളെക്കുറിച്ച് പരാമര്‍ശിച്ച ശേഷം ഉപരിലോകത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു ശ്രദ്ധ ക്ഷണിക്കുന്നു. കല്ലോ, മണ്ണോ, തുണിയോ തുകലോ ഉപയോഗിച്ച് ഭൂമിയില്‍ വീടോ കൊട്ടാരമോ ഉണ്ടാക്കുന്നതിന് 'ബിനാഅ്' എന്നു പറയുന്നു. 'ബനാ' എന്നതിന്റെ ക്രിയാധാതുവാണ് 'ബിനാഅ്' മണ്ണ് ഉപയോഗിച്ച് നിര്‍മിക്കുന്ന വീട് 'മബ്‌നിയ്യ്'
(ബൈത്തുല്‍ മദരി മബ്‌നിയ്യ്, അല്‍ഖൈമത്തു മബ്‌നിയ്യത്തുന്‍) ഭൂമിയില്‍നിന്ന് മുകളിലേക്കുള്ള നിര്‍മിതിയാണ് ബിനാഅ്, നിലത്തു കുഴിക്കുന്നതിനോ പാറകള്‍ തുരക്കുന്നതിനോ 'ബിനാഅ്' എന്നു പ്രയോഗിക്കില്ല. കവി ഫറസ്ദഖ് പറയുന്നു:
إِنَّ الَّذي سَمَكَ السَماءَ بَنى      لَنا بَيتاً دَعائِمُهُ أَعَزُّ وَأَطوَلُ
'തീര്‍ച്ചയായും ആകാശത്തെ നമുക്ക് മച്ച് ഉയര്‍ത്തി സൃഷ്ടിച്ചവനായ അല്ലാഹു ശക്തവും ദീര്‍ഘവുമായ സ്തംഭങ്ങളുള്ള ഒരു വീട് നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്നു' 'ബനൈനാ' എന്നാല്‍ മനുഷ്യര്‍ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുംവിധം നാം സൃഷ്ടിച്ചു എന്നർഥം. ആകാശങ്ങളെ ഉയരത്തില്‍ സൃഷ്ടിച്ചത് കെട്ടിടങ്ങൾക്ക് സദൃശമായാണ്. 'സബ്അന്‍ ശിദാദന്‍' എന്നാല്‍ ഏഴാകാശങ്ങള്‍. വിശേഷ്യമായ ആകാശങ്ങളെ എടുത്തുപറയാതെ, വിശേഷണം (ഏഴെണ്ണം) എടുത്തു പറയുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
حَمَلْنَاكُمْ فِي الْجَارِيَةِ  (സഞ്ചരിക്കുന്ന -കപ്പലില്‍- നാം നിങ്ങളെ വഹിച്ചുകൊണ്ടുപോയി.(അല്‍ ഹാഖ്ഖ 11) എന്നതുപോലെയാണീ പ്രയോഗവും. (കപ്പല്‍ എന്ന വിശേഷ്യത്തെ പറയാതെ കപ്പലിന്റെ വിശേഷണമായ സഞ്ചരിക്കുന്ന (അൽജാരിയ) എന്ന് എടുത്തുപറഞ്ഞതുപോലെ- ഈ സൂക്തത്തില്‍ 'സബ്അന്‍' (ഏഴ്) എന്ന സംഖ്യയെ വിശേഷണമായി പറഞ്ഞു. അതായത്, ഏഴെണ്ണത്തെ അഥവാ ഏഴ് ആകാശങ്ങളെ.
ഏഴ് എന്നതിന്റെ വിവക്ഷ ഇന്ന് നമുക്ക് പരിചയമുള്ള ഏഴുഗോളങ്ങളാവാം. ദൂരക്രമമനുസരിച്ച് ശനി, വ്യാഴം, ചൊവ്വ, സൂര്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവ. നബി(സ)യുടെ കാലത്തെ അഭിസംബോധിതര്‍ ഏഴാകാശങ്ങളെയും പിന്നീട് കണ്ടുപിടിക്കപ്പെട്ട യുറാനസിനെയും നെപ്റ്റിയൂണിനെയും ശനിയെയും കണ്ടിട്ടില്ലെങ്കിലും മുകളില്‍ പറഞ്ഞ ഏഴു ഗ്രഹങ്ങളെ കണ്ടിട്ടുണ്ട്. അതാതു കാലത്തെ മനുഷ്യരുടെ ഗ്രാഹ്യശേഷിക്ക് വഴങ്ങും വിധമാണ് അല്ലാഹു കാര്യങ്ങള്‍ അവതരിപ്പിക്കുക.
എന്നാല്‍ ഏറ്റവും ഒടുവിലായി ഭൂമി സഞ്ചരിക്കുന്ന ഗോളമായി ഗണിക്കപ്പെടുകയും ഭൂമിയുടെ ഭ്രമണത്തോടൊപ്പം കറങ്ങുന്നതിനാല്‍ ചന്ദ്രന്‍ ഗ്രഹങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

ഏഴ് ആകാശങ്ങള്‍ എന്നതിന്റെ വിവക്ഷ അല്ലാഹുവിനു മാത്രമറിയുന്ന മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഏഴു തട്ടുകളാവാം. പണ്ടു കാലങ്ങള്‍ മുതല്‍ക്കെ ഏഴുവാനങ്ങള്‍ എന്നത് മനുഷ്യര്‍ക്കിടയില്‍ പ്രചുരമാണ്.12
ആകാശങ്ങളെ ബലിഷ്ഠങ്ങള്‍ എന്ന് വിശേഷിപ്പിച്ചത് ബലവും ഉറപ്പും കാരണം അവയ്ക്ക് യാതൊരു തകരാറും തകര്‍ച്ചയും സംഭവിക്കുകയില്ലെന്ന അർഥത്തിലാണ്.13
'സബ്അന്‍' എന്ന കര്‍മത്തിനു മുമ്പ് 'ഫൗഖ' എന്ന 'ളർഫ്' അഥവാ സ്ഥല വാചി (ക്രിയ നടക്കുന്ന ഇടത്തെ സൂചിപ്പിക്കുന്ന പദം) ഉപയോഗിച്ചത് ശേഷം പറയാന്‍ പോകുന്ന കാര്യത്തെപ്പറ്റി കേള്‍വിക്കാരില്‍ കൊതി വര്‍ധിപ്പിക്കാനാണ്.14

ഇവിടെ ബലിഷ്ഠങ്ങളായ ഏഴെണ്ണം' എന്നു പറഞ്ഞ അല്ലാഹു മറ്റൊരിടത്ത് سَبْعَ طَرَائِقَ 'ഏഴു പഥങ്ങള്‍' (അല്‍ മുഅ്മിനൂന്‍ 17) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം കൃത്യമായ ഉദ്ദേശ്യം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ. നക്ഷത്രങ്ങളുടെ സമൂഹങ്ങളായ ഏഴ് ഗാലക്‌സികള്‍ എന്നുമാവാം. ഒരു ഗാലക്‌സിയില്‍ തന്നെ ശതലക്ഷക്കണക്കിനു നക്ഷത്രങ്ങളുണ്ടാവാം. ഇവയിലെ ഏഴു ഗാലക്‌സികള്‍ക്ക് നമ്മുടെ ഭൂമിയുമായി അഥവാ സൗരയൂഥവുമായി നേരിട്ടുള്ള ഗാഢബന്ധമുണ്ടാവാം. ഇനി ഇതൊന്നുമല്ലാത്തതും അല്ലാഹുവിനുമാത്രം അറിയാവുന്നതുമായ മറ്റു വല്ലതും വിവക്ഷയാവാം.

ഈ സൂക്തത്തിന്റെ വിവക്ഷ, ബലിഷ്ഠങ്ങളായ ഈ ഏഴെണ്ണം വേര്‍പ്പെട്ടുപോകാത്തവിധം സുഘടിതമാണ് എന്നാണ്. ആകാശം എന്ന് നാം വിളിക്കുന്ന ഗോളങ്ങളുടെയും ഗ്രഹങ്ങളുടെയും പ്രകൃതിയില്‍നിന്നും ഘടനയില്‍നിന്നും ഇക്കാര്യം നമുക്ക് ബോധ്യമാവുന്നു. തന്നെയുമല്ല, ബലിഷ്ഠങ്ങളായ ഏഴെണ്ണം ഭൂലോകവുമായും മനുഷ്യരുമായും ഗാഢമായ ബന്ധം പുലര്‍ത്തുന്നു.15

ആകാശം പോലുള്ള വാക്കുകളെ നിലവിലെ ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യാം. ദൃശ്യമെന്നു നാം പറയുന്ന ആകാശത്തിന്റെ അനന്ത വിശാലതയും അവിടങ്ങളിലെ സൃഷ്ട്യത്ഭുതങ്ങളും നമ്മെ സംബന്ധിച്ചേടത്തോളം ഇപ്പോഴും അജ്ഞാതം തന്നെയാണ്. ആയതിനാല്‍, അദൃശ്യ കാര്യങ്ങള്‍ എന്ന നിലയില്‍ അവയില്‍ വിശ്വസിക്കുക എന്നതാണ് പ്രധാനം. അവയുടെ രൂപങ്ങളെക്കുറിച്ചറിയല്‍ അനിവാര്യമല്ല. ബുദ്ധിക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതോ അല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെ വിശ്വസിക്കുകയാണ് വേണ്ടത്. നമുക്ക് ഗ്രഹിക്കാന്‍ കഴിയാതിരുന്ന എത്രയോ കാര്യങ്ങള്‍ ശാസ്ത്രം പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അതിന്റെ അര്‍ഥം അദൃശ്യ വസ്തുതകള്‍ ഇനിയും ഉണ്ടാകും എന്നാണ്. കണ്ട കാര്യങ്ങള്‍ മാത്രം വിശ്വസിക്കുന്നവരില്‍നിന്ന് സത്യവിശ്വാസിയെ വേര്‍തിരിക്കുന്നത് ഈ വിശ്വാസമാണ്.

ഏഴ് ആകാശങ്ങള്‍ എന്നതിന്റെ വിവക്ഷ ഏഴ് നക്ഷത്രങ്ങളാണെന്ന് ഇമാം മുഹമ്മദ് അബ്ദു വ്യാഖ്യാനിച്ചിരുന്നു. അക്കാലത്തെ ശാസ്ത്രജ്ഞാനം വെച്ചായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നത്. അതിനുശേഷം ദശലക്ഷക്കണക്കിനു ക്ഷീരപഥങ്ങള്‍ തന്നെ ശാസ്ത്രം കണ്ടെത്തുകയുണ്ടായി.

'ബനൈനാ' എന്നാല്‍ നക്ഷത്രങ്ങളും ഗോളങ്ങളും അവയുടെ പഥങ്ങളില്‍നിന്ന് തെറ്റാതെയും വീഴാതെയും ഭദ്രമായി സൃഷ്ടിച്ചു എന്നാണ്.
إِذَا السَّمَاءُ انفَطَرَتْ . وَإِذَا الْكَوَاكِبُ انتَثَرَتْ
'ആകാശം പൊട്ടിപ്പിളരുമ്പോള്‍, നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍' (അല്‍ ഇന്‍ഫിത്വാര്‍ 1,2) എന്നീ സൂക്തങ്ങള്‍ പ്രകാരം നക്ഷത്രങ്ങളും ഗോളങ്ങളുമില്ലാതെ ആകാശം ശൂന്യമാകുന്ന ഒരവസ്ഥ വരാനിരിക്കുന്നു എന്ന് കൂടി നാം മനസ്സിലാക്കിയിരിക്കണം.

ചില സന്ദര്‍ഭങ്ങളില്‍ മതം നമ്മുടെ ഭൗതിക ബോധ്യങ്ങളുമായി ഏറ്റുമുട്ടും. പക്ഷെ മതം ഒരിക്കലും പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുമായി ഏറ്റുമുട്ടുകയില്ല. ശാസ്ത്രം പില്‍ക്കാലത്ത് തിരുത്തപ്പെട്ടു എന്നു വരാം. അതാതു കാലത്തെ ജനങ്ങളുടെ ബുദ്ധിയുടെ നിലവാരമനുസരിച്ച് കാര്യങ്ങള്‍ പറയുക എന്നതാണ് മതത്തിന്റെ രീതി.
(മുഖ്തസ്വറു ഇബ്‌നി കസീര്‍, അശ്ശഅ്‌റാവി അബൂബക് ര്‍ അല്‍ ജസാഇരീ milemotors.net)

പദപരിചയം
'സിറാജ്' എന്നാല്‍ എണ്ണയും തിരിയും ഉപയോഗിച്ച് കത്തുന്നത്. പ്രകാശദായകമായ എല്ലാറ്റിനും 'സിറാജ്' എന്നു പറയും. ഖുര്‍ആനില്‍ 'സിറാജ്' എന്നതിന്റെ വിവക്ഷ സൂര്യന്‍.
'വഹജ' എന്നാല്‍ തീയില്‍നിന്ന് ചൂടും വെളിച്ചവും പ്രസരിച്ചു.16
ഭൂവാസികള്‍ക്കെല്ലാവര്‍ക്കുമായി വെളിച്ചം പ്രസരിക്കുംവിധം പ്രകാശിക്കുന്ന സൂര്യനെ സംവിധാനിച്ചു.17

സൂക്തത്തിലെ 'ജഅല' എന്നതിന്റെ അര്‍ഥം സൃഷ്ടിച്ചു എന്നാണ്. കാരണം അതിന് ഒരു കര്‍മം (مفعول) മാത്രമേയുള്ളൂ. തിളങ്ങുന്നതും പ്രകാശിക്കുന്നതും ആയ സൂര്യന്‍ എന്നാണ് ഇബ്‌നു അബ്ബാസ് നല്‍കിയ അര്‍ഥം.18 'വഹ്ഹാജ്' എന്നാല്‍ പ്രകാശവും ചൂടുമുള്ളത് എന്നാണ് മുഖാതിൽ നല്‍കിയ അര്‍ഥം. ഒരേസമയം പ്രകാശവും ചൂടും എന്നാണ് വഹ്ജിന്റെ അര്‍ഥം.19

വഹ്ഹാജ് എന്നാല്‍ പ്രകാശിക്കുന്നത് തിളങ്ങുന്നത്, ചൂടുള്ളത്, കത്തുന്നത് എന്നര്‍ഥം.20 ജ്വാലകള്‍ ഉയര്‍ന്നു കത്തുന്ന അതിതീവ്ര ചൂടുള്ള സൂര്യന്‍ 21 'വഹജൽ ജൗഹറു' എന്നാല്‍ രത്‌നം തിളങ്ങി. വജല യൗജിലു, വഅദ യഇദു പോലെ വഹജ യൗഹിജു എന്ന് ഭൂത-വര്‍ത്തമാന-ഭാവി കാല രൂപം. ഒരേസമയം ചൂടും പ്രകാശവും ഉദ്ദേശ്യമാണ്. 22
ആകാശങ്ങളുടെ സൃഷ്ടിപ്പിനെപ്പറ്റി പറഞ്ഞ ഉടനെ അതിന്റെ അനുബന്ധവും തുടര്‍ച്ചയുമായാണ് സൂര്യനെ കത്തിജ്വലിക്കുന്ന വിളക്കായി പരാമര്‍ശിക്കുന്നത്. 'സിറാജന്‍' എന്ന് അകാരത്തോടെ പ്രയോഗിച്ചത് കര്‍മം എന്ന നിലയിലും 'വഹ്ഹാജന്‍' എന്ന് അകാരത്തോടെ പ്രയോഗിച്ചത് 'സിറാജന്‍' എന്നതിന്റെ വിശേഷണമായുമാണ്.  'സിറാജന്‍' 'വഹ്ഹാജന്‍' എന്നത് ജഅലയുടെ രണ്ട് കര്‍മങ്ങളാണ് എന്ന അഭിപ്രായവുമുണ്ട്.
സൂര്യന്‍ നാലാം ആകാശത്തിലാണെന്നാണ് പ്രസിദ്ധാഭിപ്രായം. ഏഴു ഗ്രഹങ്ങള്‍ക്ക് ഏഴു ഭ്രമണപഥങ്ങള്‍ ഉണ്ടെന്നാണ് വിജ്ഞര്‍ പറയുന്നത്. ഇവയില്‍ ചിലത് ചിലതിന് ഗ്രഹണബാധയുണ്ടാക്കുന്നു. ഏറ്റവും ദൂരെ ശനി, അതിനു താഴെ വ്യാഴം, ശേഷം ചൊവ്വ, താഴെ ചന്ദ്രന്‍, ചന്ദ്രന് മുകളില്‍ ബുധന്‍, ശുക്രന്‍. ചന്ദ്രന്‍ ഏഴു ഗ്രഹങ്ങളുടെയും അതിന്റെ ഭ്രമണത്തിന് നേരെയുള്ള മറ്റുള്ളവയുടെയും ഗ്രഹണത്തിന് കാരണമാവുന്നു. ഈ ക്രമമനുസരിച്ച് താഴെയുള്ളവ മുകളിലുള്ള ഗോളങ്ങളുടെ പൂര്‍ണ ഗ്രഹണത്തിന് കാരണമാവുന്നു. ഗ്രഹണത്തിന് കാരണമാവുന്ന ഗ്രഹങ്ങളും ഗ്രഹണ വിധേയമാകുന്ന ഗ്രഹങ്ങളും നിറവ്യത്യാസത്തിലൂടെ വേര്‍തിരിച്ചു മനസ്സിലാക്കാം. ഗ്രഹണ വേളയില്‍ നിറം തെളിഞ്ഞു കാണുന്നവ ഗ്രഹണകാരണമായ ഗ്രഹവും, നിറം മങ്ങിയത് ഗ്രഹണവിധേയവുമായിരിക്കും.23

'വഹ്ഹാജ്' എന്ന പദത്തിന്റെ അര്‍ഥം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചൂടും പ്രകാശവും ചേര്‍ന്നതാണ് വഹജ് എന്നാണ് ഒരഭിപ്രായം. ഈ രണ്ടു വിശേഷണങ്ങളുടെയും പാരമ്യമാണ് സൂര്യന്‍. അതിശക്തവും തീവ്രവുമായ പ്രകാശം എന്നാണ് അര്‍ഥമെന്ന് ഇബ്‌നു അബ്ബാസില്‍നിന്ന് കല്‍ബി ഉദ്ധരിക്കുന്നു. 'തവഹ്ഹജ' എന്നാല്‍ രത്‌നം തിളങ്ങി എന്നാണര്‍ഥം. അതനുസരിച്ച് വഹ്ഹാജ് എന്നാല്‍ സമ്പൂര്‍ണ പ്രകാശമുള്ളത് എന്ന അര്‍ഥം ലഭിക്കും.

نوّارها متباهج يتوهّج (അതിലെ പൂക്കള്‍ ആനന്ദ തുന്ദിലവും വെട്ടിത്തിളങ്ങുന്നവയുമാണ്) എന്ന കവിത. സൂര്യന്റെയും തീയുടെയും ചൂടാണ് 'വഹജെ'ന്ന് ഖലീല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് 'വഹ്ഹാജ്' എന്നാല്‍ അതിതീവ്രതാപമുള്ളത് എന്നാവും അര്‍ഥം.24

ആകാശമാകുന്ന മേല്‍പുരയെക്കുറിച്ച് പറഞ്ഞ അല്ലാഹു ആ മേല്‍പുരയിലെ ഏറ്റവും വലിയ പ്രയോജനത്തെപ്പറ്റി അതിന്റെ മഹത്വം എടുത്തുപറഞ്ഞുകൊണ്ട് ശ്രദ്ധക്ഷണിക്കുന്നു. നാം അല്ലാത്തവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത, നന്നായി വെളിച്ചം പകര്‍ന്നുതരുന്ന നക്ഷത്തെ നാം നിങ്ങള്‍ക്കായി സംവിധാനിച്ചു. വെട്ടിത്തിളങ്ങുകയും കത്തിയെരിയുകയും ചെയ്യുന്ന സൂര്യന്‍.25
ആകാശത്തെക്കുറിച്ച് പറഞ്ഞതിന്റെ അനുബന്ധമായി അതില്‍ ജനങ്ങള്‍ കാണുന്ന ഏറ്റവും വലിയവസ്തുവായ സൂര്യനെ എടുത്തു പറയുന്നു. സൂര്യന്റെ സൃഷ്ടിപ്പും അതിന്റെ സവിശേഷതകളും ഒരേസമയം ഗുണപാഠ പ്രധാനമാണ്. സൂര്യന്റെ ചൂടും പ്രകാശവും ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്നു.

'സിറാജ്' എന്നാല്‍ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന വിളക്ക്. എണ്ണ ഒഴിച്ച ഒരു പാത്രം. എണ്ണയില്‍, കൂട്ടിപ്പിരിച്ച ഒതു തുണിത്തുണ്ടം. വിളക്കുതിരി എന്നു പേര്. എണ്ണയുള്ളേടത്തോളം വിളക്കുതിരി കത്തിക്കൊണ്ടിരിക്കുന്നു. കത്തിത്തിളങ്ങുന്ന വിളക്ക് എന്നത് ഉപമാലങ്കാരപ്രയോഗമാണ്. ഉപമാലങ്കാരത്തിന്റെ ഉദ്ദേശ്യം ഉപമാനത്തിന്റെ വിശേഷണത്തെ മനുഷ്യ മനസ്സുകളിലേക്ക് അടുപ്പിക്കുകയാണ്. വളരെ കുറഞ്ഞ അറബികള്‍ മാത്രമേ വിളക്കുകള്‍ കത്തിച്ചിരുന്നുള്ളൂ. രാത്രിയിലെ ഏറ്റവും വലിയ പ്രകാശം ഈ വിളക്കുകളായിരുന്നു. രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും സന്യാസിമാരുടെ മഠങ്ങളിലും മറ്റും മാത്രമാണ് വിളക്കുകള്‍ ഉപയോഗിച്ചിരുന്നത്. പ്രശസ്ത അറബിക്കവി ഇംറുല്‍ഖൈസിന്റെ കവിതയിലെ 'പുരോഹിതന്റെ വിളക്കുകള്‍' (മസ്വാബീഹു റാഹിബിന്‍) എന്ന പ്രയോഗം ശ്രദ്ധേയമാണ്. (നൂഹ് 16-ന്റെ വ്യാഖ്യാനം).
'സൂര്യനെ അവന്‍ വെളിച്ചമാക്കി' (യൂനുസ് 5) എന്നാണ് മറ്റൊരു പ്രയോഗം. സൂര്യന്റെ വെളിച്ചവും താപവും സ്വതസിദ്ധമാണ്. വിളക്കിന്റെ പ്രകാശം വീടകങ്ങളില്‍ നിറയുകയും വെള്ളിപ്പാത്രങ്ങള്‍ പോലുള്ളവയില്‍ തിളങ്ങി പ്രതിഫലിക്കുകയും ചെയ്യുന്നതുപോലെ, സൂര്യപ്രകാശം ഭൂമിയിലേക്കും ചന്ദ്രനിലേക്കും പ്രസരിക്കുന്നു.
വഹജ്, വഹ്ജ് എന്നാല്‍ ശക്തിയായി കത്തുക എന്നര്‍ഥം. സിറാജി(വിളക്കി)നെ 'വഹ്ഹാജ്' എന്ന് വിശേഷിപ്പിക്കുമ്പോള്‍ ശക്തമായി പ്രകാശിക്കുന്നത് എന്നാണര്‍ഥം, അല്ലാതെ, എരിയുന്ന വിളക്ക് എന്നല്ല.

'ഖലഖ്‌നാ' (നാം സൃഷ്ടിച്ചു) എന്നു പറയാതെ 'ജഅല്‍നാ' (നാം ആക്കി) എന്ന് പ്രയോഗിച്ചത് 'കത്തിത്തിളങ്ങുന്ന വിളക്ക്' എന്നത് സൂര്യന്റെ അവസ്ഥയായതിനാലാണ്. 'ഖല്‍ഖ്' (സൃഷ്ടിപ്പ്) എന്ന് പ്രയോഗിക്കുക ആ സ്വഭാവം സ്വത്വസവിശേഷതയാകുമ്പോഴാണ്.
നൂഹ് 15,16 അല്‍ഫുര്‍ഖാന്‍ 61 എന്നീ സൂക്തങ്ങളുടെ മാതൃകയില്‍, ശക്തമായ ഏഴുവാനങ്ങളില്‍ നാം നിങ്ങള്‍ക്ക് കത്തിത്തിളങ്ങുന്ന വിളക്ക് ഉണ്ടാക്കിത്തന്നു, അഥവാ കത്തിജ്വലിക്കുന്ന വിളക്ക് ഉണ്ടാക്കിത്തന്നു. 'ഫീഹിന്ന, ഫീഹാ' (അവയില്‍, അതില്‍) എന്നതിന്റെ വിവക്ഷ ആകാശത്തില്‍ എന്നോ രാശികളില്‍ എന്നോ ആകാം. രാശികള്‍ എന്നാല്‍ ആകാശത്തിലെ രാശികള്‍ എന്നാകാം.

'സിറാജ്' എന്നത് വര്‍ഗനാമമാണ്. ആ വര്‍ഗത്തിലെ ഒന്നുമാത്രമാകാം ഉദ്ദേശ്യം. അതായത്, സൂര്യനോ ചന്ദ്രനോ.26

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: സൂര്യന്‍ നാലാം ആകാശത്തിലാണ്. അതിന്റെ പുറഭാഗം നമ്മുടെ നേരെയാണ്. അതിന്റെ ജ്വാലകള്‍ മുകളിലേക്ക് കത്തിയെരിയുന്നു.27

'ജഅല്‍നാ' എന്നതില്‍ നിര്‍ണയം, ശരിപ്പെടുത്തല്‍ എന്നീ ആശയങ്ങള്‍ ഉണ്ട്. 'ജഅല' നിയമ നിര്‍മാണത്തിനും ഉപയോഗിക്കും. അല്‍ മാഇദ 48,103 ഉദാഹരണം.28

സിറാജ് എന്നത് സൃഷ്ടികള്‍ക്ക് അനിവാര്യമായ പ്രകാശം എന്ന അനുഗ്രഹത്തെയും വഹ്ഹാജ് എന്നത് ചൂടിനെയും അതിന്റെ പ്രയോജനങ്ങളെയും ഉദ്ദേശിച്ചുകൊണ്ടാണ്.29
ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്നാവശ്യമായ ചൂടും വെളിച്ചവും നല്‍കുന്ന സൂര്യനാണ് വിളക്ക് എന്നതിന്റെ വിവക്ഷ. സമുദ്രങ്ങളില്‍നിന്ന് ജലം ബാഷ്പീകരിച്ച് മേഘങ്ങളായി രൂപാന്തരപ്പെടാന്‍ സഹായിക്കുന്നതും സൂര്യനാണ്.30

ഭൂമിയുടേതിനേക്കാള്‍ 330,000 മടങ്ങ് പിണ്ഡവും ഭൂമിയേക്കാള്‍ 109 മടങ്ങ് വലുപ്പവുമുള്ള സൂര്യന്‍ പലരീതികളില്‍ ജൈവലോകത്തിന് ഊര്‍ജം പകരുന്നുണ്ട്. ആരോഗ്യ പൂര്‍ണമായ ശരീരത്തിന്നാവശ്യമായ വൈറ്റമിന്‍ ഡി ഇതില്‍ പ്രധാനമാണ്. തലച്ചോറ്, കണ്ണ്, അസ്തി മുതലായവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സൂര്യപ്രകാശം സഹായിക്കുന്നു. ശ്വാസകോശങ്ങളെ മെച്ചപ്പെടുത്തുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കുന്നു. ഉറക്കത്തിന് സഹായിക്കുന്നു. ശോകം മാറ്റുന്നു. ബാക്ടീരിയകളെ നശിപ്പിക്കുന്നു. വന്‍കുടല്‍, അണ്ഡാശയം, പാന്‍ക്രിയാസ്, പ്രോസ്‌റ്റേറ്റ് മുതലായവയെ ബാധിക്കുന്ന കാന്‍സറുകളെ ചെറുക്കാന്‍ സൂര്യപ്രകാശം സഹായിക്കുന്നു. എക്‌സിമാ, സോറിയാസിസ്, മഞ്ഞപ്പിത്തം, Acne Vulgarsi (ചര്‍മരോഗം) സന്ധിവേദനകള്‍, വയറുകാളിച്ച, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗം, Lupus erythematossu എന്നിവക്ക് ശമനം നല്‍കുന്നു. മുടി കൊഴിച്ചില്‍ തടയാനുള്ള പ്രതിരോധ ശേഷി നല്‍കുന്നു. സൂര്യപ്രകാശമേല്‍ക്കാത്ത മത്സ്യങ്ങളേക്കാള്‍ സൂര്യപ്രകാശമേല്‍ക്കുന്ന മത്സ്യങ്ങള്‍ക്ക് വളര്‍ച്ച കൂടുതലാണ്. ഇതര ജീവജാലങ്ങള്‍ അവക്കാവശ്യമായ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നു.
സസ്യലോകത്ത് നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ ആധാരം തന്നെ സൂര്യപ്രകാശമാണല്ലോ. പകല്‍ സമയങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന സസ്യങ്ങളാണല്ലോ മനുഷ്യര്‍ക്ക് വേണ്ട ആഹാരമൊരുക്കുന്നത്. കാലാവസ്ഥാ വൈവിധ്യവല്‍ക്കരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് സൂര്യനാണ്.

വിയര്‍പ്പൊഴുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ക്കു പകരം സൂര്യപ്രകാശം നന്നായി ഏല്‍ക്കണമെന്ന് ഉമര്‍(റ), അസര്‍ബൈജാനിലായിരുന്ന തങ്ങള്‍ക്ക് കത്തയച്ചതായി അബൂ ഉസ്മാന്‍ പറഞ്ഞതായി ഖതാദ ഉദ്ധരിക്കുന്നു. കത്തിലെ വാചകം ഇങ്ങനെ:
وعليكم بالشمس فإنّها حمّام العرب 'നിങ്ങള്‍ വെയിലുകൊള്ളണം, അത് അറബികളുടെ കുളിമുറിയാണ്' (മുസ്‌നദ് അഹ് മദ് 1/43) ഡോക്ടര്‍മാര്‍ വിധിച്ചാല്‍ മാത്രം നടക്കുകയും പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ പോയി പണം നല്‍കി വെയിലുകായുകയും ചെയ്യുന്ന ഇന്നത്തെ അലസന്മാര്‍ ഇതേപ്പറ്റി ചിന്തിക്കണം. 

കുറിപ്പുകൾ
1. المفردات في غريب القرآن
2. تفسير الطبرى
3. تفسيربن كثير
4. فتح البيان للقنوجي
5. تفسير السّعدي
6. تفسير ابن الجوزي
7. تفسير الآلوسي
8. تفسير الرّازي
9. نظم الدرر للبقاعبى
10. تفسير الجلالين
11. تفسير مكّي
12. تفسير ابن عاشور
13. تفسير ابن عطيّة
14. تفسير ابن السّعود
15. فى ظلال القرآن
16. مفردات الرّاغب
17. تفسير ابن كثير
18. تفسير القرطبى
19. تفسيرالبغوي
20. تفسير الماوردي
21. تفسير الثعالبي
22. فتح البيان
23. تفسير الآلوسي
24. تفسير الرّازي
25. نظم الدّرر
26. التحرير والتنوير لإبن عاشور
27. تفسير بن عطيّة
28. تفسير ابن السّعود
29. تفسير السّعدي
30. في ظلال القرآن

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top